অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നമ്മുടെ ആരോഗ്യം

നേത്രദാനം

പ്രകൃത്യാ നമുക്ക് കിട്ടിയിട്ടുള്ള വരദാനമാണ് കാഴ്ചയുള്ള രണ്ട് കണ്ണുകള്‍. സുവ്യക്തമായ കാഴ്ചശക്തിയാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. ഈ തരത്തില്‍ കാഴ്ചശക്തിയുള്ള ഒരു വ്യക്തി വസ്തുക്കളെ തനത് രൂപത്തിലും നിറത്തിലും വ്യക്തമായി കണ്ട് ആസ്വദിക്കുന്നു. എന്നാല്‍ കാഴ്ചശക്തി നഷ്ടപ്പെട്ട ഒരാളുടെ അസ്വസ്ഥതയെപ്പറ്റി പലരും ചിന്തിക്കുകയോ, മനസ്സിലാക്കുകയോ ചെയ്യാറില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് കാഴ്ച നഷ്ടപ്പെട്ടവനെ കാഴ്ചയുടെ വിലയറിയൂ എന്ന് പറയുന്നത്. ഏകദേശം നല്ല അഞ്ചുലക്ഷം ജനങ്ങള്‍ അന്ധരായി ലോകത്തിലുള്ളതില്‍ 15 ദശലക്ഷത്തോളം അന്ധര്‍ ഇന്ത്യയിലാണ്.
വിവിധ കാരണങ്ങളാലാണ് അന്ധത ഉണ്ടാകുന്നത്. ഇതില്‍ ഏറിയപങ്കും ഒഴിവാക്കാവുന്നതോ ചിക്തിസിച്ച് മാറ്റി എടുക്കാവുന്നതോ ആണ്. ചികിത്സിച്ചു മാറ്റാവുന്ന തരം അന്ധതയാണ് നേത്രപടല അന്ധത. ഈ തരത്തില്‍ അന്ധരായിട്ടുള്ള ഒന്നര ദശലക്ഷത്തോളം ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ഇതിനുപുറമേ മുപ്പതിനായിരത്തോളം നേത്രപടല അന്ധത ഓരോ വര്‍ഷവും ഉണ്ടായികൊണ്ടിരിക്കുന്നു.
നല്ലൊരു ശതമാനം നേത്രപടല അന്ധത ബാധിച്ചിരിക്കുന്നത് കുട്ടികളിലും ചെറുപ്പക്കാരിലുമാണ്. ഇവരെ അന്ധതയില്‍നിന്ന് മോചിപ്പിക്കുവാന്‍ ഒരേ ഒരു മാര്‍ഗ്ഗം നേത്രപടലം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ആണ്. 1905 മുതല്‍ തന്നെ നേത്രപടലം മാറ്റിവെയ്ക്കല്‍ ആരംഭം കുറിച്ചിരുന്നു. ഡോക്ടര്‍ പാറ്റണ്‍ എന്ന ശസ്ത്രക്രിയാവിദഗ്ദ്ധനും ഒരു സാമൂഹ്യപ്രവര്‍ത്തകയും കൂടിയാണ് ഇതിന് തുടക്കം കുറിച്ചത്. സാമൂഹ്യപ്രവര്‍ത്തകയുടെ പ്രേരണയാല്‍ മരണാനന്തരം നേത്രദാനം ചെയ്യുവാന്‍ സമ്മതപത്രം നല്‍കുന്ന രീതി നടപ്പിലാക്കി. ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വേണ്ടി  Eye Bank എന്ന സംവിധാനം ആരംഭിച്ചു. 1948-ല്‍ ആണ് ഇന്ത്യയില്‍ വിജയകരമായി നേത്രപടലം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് തുടക്കം കുറിച്ചത്. Eye Bank Association of India രൂപീകരിച്ചു. നേത്രപടലം സംഭരിക്കുക, അതിന്റെ ഗുണമേന്മ സംരക്ഷിക്കുക, ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നിവയാണ്. ഇതിന്റെ ഉദ്ദേശ്യം ഇന്ന് ധാരാളം സംഘടനകള്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യയില്‍ ഏകദേശം ഒരുലക്ഷത്തോളം നേത്രപടലമാണ് ഒരു വര്‍ഷത്തേക്ക് ആവശ്യമായിട്ടുള്ളത് എന്നാല്‍ നമുക്ക് ലഭിക്കുന്നത് 15000 മുതല്‍ 30,000 വരെ മാത്രമാണ്. ഇതിലും എത്രയോ ഇരട്ടിലക്ഷം കണ്ണുകള്‍ ഓരോ വര്‍ഷവും മരണാനന്തരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോ നേത്രബാങ്കിലും ധാരാളം നേത്രപടല അന്ധരായിട്ടുള്ളവര്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോഴാണ് ഇങ്ങിനെ സംഭവിക്കുന്നത്.  
നമുക്ക് നമ്മുടെ കണ്ണുകള്‍ ദാനം ചെയ്യുവാന്‍ ഒരിക്കല്‍ മാത്രമാണ് അവസരമെങ്കിലും മറ്റുള്ളവരെകൊണ്ട് ധാരാളം കണ്ണുകള്‍ ദാനം ചെയ്യിപ്പിക്കുവാന്‍ അവസരമുണ്ട്. ഇതിനുവേണ്ടി നേത്രദാനത്തെ പറ്റി മനസ്സിലാക്കി പ്രതിജ്ഞയെടുത്ത് മറ്റുള്ളവരെ കൂടി ഇതിലേക്ക് സഹകരിപ്പിക്കുകയാണ് നാം ചെയ്യേണ്ടത്. നേത്രദാനം പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി വര്‍ഷാവര്‍ഷം ആഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ 8 വരെ നേത്രദാന പക്ഷാചരണമായി ആചരിച്ചുവരുന്നത് ജനങ്ങളെ ബോധവല്‍ക്കരിച്ച് പങ്കാളിക്കലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നേത്രപടല അന്ധത ഉണ്ടാകുന്നത് പ്രധാനമായും കണ്ണുകള്‍ക്ക് ഉണ്ടാകുന്ന പരുക്കുകള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യല്‍, ബാക്ടീരിയ, വൈറസ്, ഫംഗല്‍ എന്നിവ മൂലമുണ്ടാകുന്ന അണുബാധ, ആസിഡ്, ആല്‍ക്കലി മുതലായ രാസവസ്തുക്കള്‍ കൊണ്ടുള്ള പൊള്ളല്‍, വിറ്റാമിന്‍ എ മുതലായ പോഷകങ്ങളുടെ കുറവ്, ജന്മനായുള്ള നേത്രപടല അന്ധത, ചില ഓപ്പറേഷനുകളുടെ അനന്തരഫലം എന്നിവയാണ്.
ഭാഗ്യവശാല്‍ നേത്രപടല അന്ധത, നേത്രപടലം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചുകിട്ടാവുന്നതാണ്. ചില പ്രത്യേക രോഗം പിടിപെട്ടതൊഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം നേത്രദാനം ചെയ്യാവുന്നതാണ്. പ്രമേഹം, ആസ്ത്മ, ഉയര്‍ന്ന ബ്ലഡ് പ്രഷര്‍, ക്ഷയരോഗം, കണ്ണട ധരിക്കുന്ന ആളുകള്‍, തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ എന്നിവരുടെ നേത്രപടലം മാറ്റിവെയ്ക്കല്‍ ഉപയോഗിക്കാവുന്നതാണ്. ഈ നേത്രപടലങ്ങള്‍ സുതാര്യമായിരിക്കണമെന്ന് മാത്രം. പ്രായമോ, ലിംഗഭേദമോ ഇതിന് ബാധകമല്ല വ്യത്യസ്ത മതവിഭാഗങ്ങള്‍ നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 
ഹെപ്പറ്റൈറ്റിസ്, എയിഡ്‌സ്, എന്‍സെഫലയ്റ്റിസ്, പേപ്പട്ടി വിഷബാധ, രക്തത്തിലുണ്ടാവുന്ന അണുബാധ (സെപ്റ്റിസീമിയ), റെറ്റിനോബ്ലാസ്റ്റേമ, ലുക്കീമിയ, ലിംഫോമ ശരീരത്തില്‍ പടര്‍ന്നു പിടിച്ച ക്യാന്‍സര്‍ മുതലായവ കൊണ്ട് മരിച്ച വ്യക്തിയുടെ നേത്രം ചികിത്സയ്ക്കായി ഉപയോഗിക്കാറില്ല. നേത്രദാനം സമ്മതപത്രം നല്‍കുന്നത് ജീവിച്ചിരിക്കുമ്പോഴാണെങ്കിലും പ്രാവര്‍ത്തികമാക്കുന്നത് മരണശേഷം മാത്രമാണ്.
ഒരു വ്യക്തി മരണപ്പെട്ടാല്‍ കഴിയുന്നതും വേഗത്തില്‍ അതായത് 4 മുതല്‍ 6 മണിക്കൂറിനകം കണ്ണുകള്‍ എടുത്തുമാറ്റേണ്ടതാണ്. നേത്രദാനം 5 ചെയ്ത വ്യക്തി മരണപ്പെട്ടാല്‍ കണ്‍പോളകള്‍ അടച്ചുവച്ച് ശുദ്ധജലത്തില്‍ നനച്ച പഞ്ഞി കണ്‍പോളകള്‍ക്ക് മുകളില്‍ വെയ്ക്കാവുന്നതാണ്. മുറിയില്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കരുത്.  മരണവിവരം ഉടനെ തന്നെ അടുത്തുള്ള നേത്രബാങ്കില്‍ കുടുംബക്കാരോ, സുഹൃത്തുക്കളോ, സന്നദ്ധസംഘടനാപ്രവര്‍ത്തകരോ കഴിയുന്ന വേഗത്തില്‍ വിവരം വ്യക്തമായ വഴി അറിയിച്ചുകൊണ്ട് അറിയിക്കണം. പരിചയം സിദ്ധിച്ച നേത്രബാങ്ക് ജീവനക്കാര്‍ മരണപ്പെട്ട വ്യക്തിയുടെ വീട്ടില്‍ എത്തി നേത്രഗോളം/ നേത്രപടലം എടുത്ത് മാറ്റുകയാണ് ചെയ്യുന്നത്. കേവലം 20 മിനിറ്റുകൊണ്ട് ചെയ്തു തീര്‍ക്കാവുന്ന ഈ പ്രവര്‍ത്തി മുന്‍ ശവസംസ്‌ക്കാര ചടങ്ങുകള്‍ക്ക് യാതൊരു താമസവും വരുന്നില്ല. എടുത്തുമാറ്റിയ നേത്രഗോളത്തിനു പകരം പ്ലാസ്റ്റിക് നേത്രഗോളങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനാല്‍ മൃതശരീരത്തിന് യാതൊരു വ്യത്യാസവും കാണുകയില്ല. നേത്രഗോളം മുഴുവനായി മാത്രം എടുത്തുമാറ്റി എം.കെ. മീഡിയ എന്ന രാസലായനിയില്‍ കൊണ്ടുപോകുന്ന രീതിയും നിലവിലുണ്ട്. നേത്രബാങ്കില്‍ ഈ നേത്രപടലത്തെ വിശദമായി പരിശോധിച്ച് നേത്രപടല അന്ധത ബാധിച്ച ആളെ മുറപ്രകാരം വിളിച്ചുവരുത്തി നേത്രപടലം വച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു മരണപ്പെട്ട വ്യക്തിയില്‍ നിന്നും രണ്ട് അന്ധര്‍ക്ക് ഈ തരത്തില്‍ കാഴ്ച ലഭിക്കുന്നു.
പൂര്‍ണ്ണ കാഴ്ചയുള്ള നമ്മള്‍ കാഴ്ച നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യകര്‍മ്മമാണ് നേത്രദാനം പ്രായോഗികമാക്കല്‍. വര്‍ഷത്തില്‍ ഒരുലക്ഷം നേത്രപടലം ലഭിക്കുകയാണെങ്കില്‍ നമ്മുടെ നാട്ടിലെ നേത്രപടല അന്ധത പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയും.

ഹെര്‍പിസ് രോഗം

പൗരാണിക കാലം മുതല്‍ക്കു തന്നെ മനുഷ്യരില്‍ കണ്ടുവന്നിരുന്ന ഒരു രോഗാവസ്ഥയാണ് ഹെര്‍പ്പിസ്. 18-ാം നൂറ്റാണ്ടില്‍ റോമന്‍ പണ്ഡിതനായ ഹെറോഡോട്ടസ് ആണ് ഈ രോഗത്തെ ആദ്യമായി വിവരിച്ചത്. ഹെര്‍പ്പിസ് എന്ന പദത്തിന്റെ അര്‍ത്ഥം ഇഴയുക എന്നാണ്. ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങളായ ചെറിയ കുമിളകള്‍ ചര്‍ത്തിന്റേയോ ശ്ലേഷ്മസ്തരത്തിന്റേയോ ഒരു ഭാഗത്തുനിന്ന് മറ്റു ഭാഗത്തേക്ക് വ്യാപിക്കുന്നതുകൊണ്ടാണ് ഈ പേരില്‍ അറിയപ്പെടുന്നത്. രണ്ടുതരം വൈറസുകളാണ് ഈ രോഗത്തിന് കാരണമായിട്ടുള്ളത്. HSV I ഉം HSV II ഉം ഇതില്‍ HSV I ചുണ്ടുകളിലും വായ്ക്കകത്തും രോഗമുണ്ടാക്കുന്നു. ഒടഢ കക പ്രധാനമായും ഒരു ലൈംഗിക രോഗമാണ്, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് ഈ രോഗം പകരുന്നത്. വേദനസുരതം അഥവാ ഓറല്‍ സെക്‌സ് വഴി ചുണ്ടുകളില്‍ നിന്ന് ലൈംഗികാവയവങ്ങളിലേക്ക് രോഗം പകരാം, അതായത് HSV I ഉം ലൈംഗികാവയവങ്ങളെ ബാധിക്കുന്ന ഹെര്‍പ്പിസ് രോഗത്തിന് കാരണമാവാം. 
അവയവങ്ങളെ ബാധിക്കുന്ന ഹെര്‍പ്പിസ് രോഗത്തിന് കാരണമാവാം. ഇന്ന് വൈറസ് മൂലമുള്ള ലൈംഗിക രോഗങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ലൈംഗികാവയവങ്ങളെ ബാധിക്കുന്ന ഹെര്‍പ്പിസ് (ജനൈറ്റല്‍ ഹെര്‍പ്പിസ് ആണ്). ചുണ്ട്, വായ, കണ്ണുകള്‍, ലൈംഗികാവയവങ്ങള്‍ എന്നിവയാണ് ഈ രോഗം സാധാരണയായി ബാധിക്കുന്നതെങ്കിലും സ്വവര്‍ഗ രതിക്കാരില്‍ ശരീരത്തിന്റെ ഏതു ഭാഗത്തേയും ഈ രോഗം ബാധിക്കാം. ലോകത്തിലെ 85% പേരും HSV I വൈറസിനെതിരെയുള്ള ആന്റിബോഡി വാഹകരാണ്. ഇവരില്‍ എല്ലാവരും രോഗലക്ഷണം പ്രകടമാക്കണമെന്നില്ലെങ്കില്‍ കൂടി, മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള വാഹകരായി ഇവര്‍ വര്‍ത്തിക്കുന്നുണ്ട്. ലൈംഗികാവയവങ്ങളെ ബാധിക്കുന്ന ഹെര്‍പ്പിസ്, എച്ച്.ഐ.വി അണുബാധക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ HIV, ഹെര്‍പ്പിസ് ബാധ എന്നിവ ഒരേസമയം ഉണ്ടാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. എച്ച്.ഐ.വി പോസിറ്റീവ് ആയ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ഹെര്‍പ്പിസ് പകരാനുള്ള സാധ്യത എച്ച്.ഐ.വി ബാധിതനല്ലാത്ത ഒരാളേക്കാള്‍ മൂന്നിരട്ടിയാണ്. 
രോഗലക്ഷണങ്ങള്‍
ഹെര്‍പ്പിസ് ബാധിതനായ എല്ലാവരും രോഗലക്ഷണങ്ങള്‍ പ്രകടമാക്കണമെന്നില്ല. ആദ്യമായി ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരില്‍ പലപ്പോഴും രോഗാവസ്ഥ ഗുരുതരമായിരിക്കും. ചുണ്ട്, നാവ്, വായ്ക്കകത്തെ ശ്ലേഷ്മസ്തരം, തൊണ്ട, കണ്ണ് എന്നിവയില്‍ ചെറുകുമിളകള്‍ കാണാം. ഇവ പൊട്ടുകയും വ്രണങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. ചിലപ്പോള്‍ വായ തുറക്കാന്‍ കഴിയാതെയും ഉമിനീര് പോലും ഇറക്കാന്‍ വയ്യാതെയും രോഗി ബുദ്ധിമുട്ടിയേക്കാം. ഇതുകൂടാതെ അതിശക്തമായ പനി, തലവേദന, ശരീരവേദന, കഴുത്തിലെ കയലവീക്കം എന്നിവയും അനുഭവപ്പെടാം.
ലൈംഗികാവയവങ്ങളെ ബാധിക്കുന്ന ഹെര്‍പ്പിസ് രോഗത്തില്‍ കുമിളകളോടൊപ്പം പനി, കഴലവീക്കം, മൂത്രതടസ്സം, നടുവേദന, വെള്ളപോക്ക് എന്നിവയും ഉണ്ടാകാം. ഗര്‍ഭിണികളില്‍ ഗര്‍ഭം അലസുന്നതിനോ, ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച മുരടിക്കുന്നതിനോ, നവജാത ശിശുവിനെ ഈ രോഗം ബാധിക്കുന്നതിനോ കാരണമായേക്കാം. ഉചിതമായ ചികിത്സയിലൂടെ രോഗവിമുക്തി നേടാമെങ്കിലും, ചികിത്സ മൂലം വൈറസ് ഒരിക്കലും നശിക്കുന്നില്ല. രോഗാണു നാഡീകോശത്തില്‍ ഉറങ്ങിക്കിടക്കുകയും ശരീരം ക്ഷീണിച്ചിരിക്കുന്ന സമയത്ത് രോഗലക്ഷണങ്ങള്‍ വീണ്ടും പ്രകടമാക്കുകയും ചെയ്യുന്നു. ഇപ്രകാരം വീണ്ടും രോഗബാധിതനാവുമ്പോള്‍ രോഗലക്ഷണങ്ങള്‍ ഗൗരവതരമാകണമെന്നില്ല. ഇങ്ങനെ വര്‍ഷത്തില്‍ പലതര്‍ക്കവും ആവര്‍ത്തിച്ചേക്കാം. പനി, അമിതമായ ചൂട്, തണുപ്പ് മാസമുറയോടനുബന്ധിച്ച എന്നീ വേളകളില്‍ ഇങ്ങനെ വീണ്ടും വീണ്ടും രോഗലക്ഷണങ്ങള്‍ രോഗി പ്രകടമാക്കാം. ഇങ്ങനെ രോഗം ആവര്‍ത്തിക്കുമ്പോള്‍ പലപ്പോഴും കുമിളകള്‍ പ്രകടമാകണമെന്നില്ല. വിട്ടുമാറാത്ത നടുവേദനയായോ, വെള്ളപോക്കായോ, ഉദ്ധാരണശേഷിക്കുറവായോ ലൈംഗികാവയവങ്ങള്‍ ചുണ്ടുകള്‍ എന്നിവിടങ്ങളിലുള്ള സ്പര്‍ശന ശേഷിക്കുറവായോ രോഗലക്ഷണങ്ങള്‍ പ്രകടമാക്കാം.
രോഗം ചിലപ്പോള്‍ മൂര്‍ച്ഛിക്കുകയും അത് തലച്ചോറിനെ ബാധിച്ച് മെനിഞ്ചൈറ്റിസ്, എന്‍കഫലൈറ്റിസ് എന്നിവ ബാധിക്കുക മൂലം രോഗി ഗുരുതരാവസ്ഥയിലാവുകയും ചെയ്യാം. ചിലപ്പോള്‍ കുമിളകള്‍ ശരീരത്തെ ആകമാനം ബാധിച്ചേക്കാം. കണ്ണുകളെ ബാധിക്കുന്ന ഹെര്‍പ്പിസ് ചിലപ്പോള്‍ കാഴ്ചയെപ്പോലും ബാധിച്ചേക്കാം.
രോഗനിര്‍ണ്ണയം
രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്. രോഗനിര്‍ണ്ണയം സാങ്ക് (Tzanck Smear) സ്മിയര്‍ പരിശോധനയിലൂടെയും രോഗനിര്‍ണ്ണയം സാധ്യമാണ് ഇത് കൂടാതെ ജഇഞ, കള്‍ച്ചര്‍ എന്നിവയിലൂടെയും രോഗനിര്‍ണ്ണയം നടത്താവുന്നതാണ്. ലൈംഗികാവയവങ്ങളില്‍ അസുഖം ബാധിച്ചവര്‍, HIV, സിഫിലസ്, ഷാക്രോയിഡ് എന്നീ രോഗങ്ങള്‍ ബാധിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.
ത്തുടങ്ങിയിട്ടില്ല. എന്നിരുന്നാലും ഹെര്‍പ്പിസിനെതിരെയുള്ള പോരാട്ടത്തില്‍ ഈ വാക്‌സിനുകള്‍ മനുഷ്യരാശിക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം.

മരുന്നുകള്‍

അറിയാതെ മരുന്നുകള്‍ കഴിച്ചു പോയാല്‍
മരുന്നുകള്‍ അറിയാതെ കഴിച്ചുപോവുന്നത് പലപ്പോഴും ജീവന്‍ തന്നെ അപകടത്തിലാക്കാനിടയുണ്ട്. കുട്ടികള്‍, വൃദ്ധജനങ്ങള്‍, കാഴ്ച കുറഞ്ഞവര്‍, മന്ദബുദ്ധികള്‍ എന്നിവര്‍ മരുന്ന് മാറിക്കഴിച്ചു പോവാനിടയുണ്ട്. അതിനു പുറമേ മരുന്ന് വിഷമായിത്തീരുന്ന സന്ദര്‍ഭങ്ങള്‍ (Drug positions) ഇവയാണ്.
-ഫാര്‍മസിയില്‍ നിന്ന് സ്വയം വാങ്ങുകയോ ഡോക്ടറുടെ കുറിപ്പനുസരിച്ച് വാങ്ങുകയോ ചെയ്യുന്ന മരുന്നുകള്‍ നിര്‍ദ്ദിഷ്ഠ ഡോസിലധികം കഴിച്ചുപോവുക.
-മരുന്നുകളുടെ അമിതോപയോഗം (Drug Abuse)
-മറ്റു മരുന്നുകളുമായി ഉണ്ടാവുന്ന പ്രതിപ്രവര്‍ത്തനം (Drug Interactions)
-ആത്മഹത്യാശ്രമത്തിന്റെ ഭാഗമായി കൂടുതലളവില്‍ മരുന്നു കഴിക്കുക.
മരുന്നുകള്‍ ഗുളികയുടെയോ ദ്രാവകത്തിന്റെയോ രൂപത്തില്‍ കഴിക്കുന്നതിനു പുറമേ ഇഞ്ചക്ഷനായി എടുക്കുകയോ വാതകരൂപത്തില്‍ ശ്വസിക്കുകയോ ചെയ്യാനിടയുണ്ട്. ചുമയ്ക്കുള്ള മരുന്നുകള്‍, ഉറക്കഗുളികകള്‍, മാംസപേശികളുടെ വേദന മാറാന്‍ പുറമേ പുരട്ടുന്ന ലേപനങ്ങള്‍, ജലദോഷത്തിനും തലവേദനയ്ക്കും പുരട്ടുന്ന ലേപനങ്ങള്‍, ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്കുകള്‍, ഹൃദ്രോഗം, വേദന, മാനസികരോഗം, അപസ്മാരം, വയറ്റിലെ രോഗങ്ങള്‍, അലര്‍ജി എന്നിവയ്ക്കുള്ള മരുന്നുകള്‍ എന്നിങ്ങനെ മരുന്നുകളുടെ തരമനുസരിച്ച് ലക്ഷണങ്ങള്‍ പലതായിരിക്കും.
1. ആസ്പിരിന്‍: ആസ്പിരിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ (Salieylates) കൂടുതല്‍ കഴിച്ചാല്‍ വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, ചെവിയില്‍ മൂളുന്ന ശബ്ദം, ദീര്‍ഘനിശ്വാസം, ആശയക്കുഴപ്പം, തലചുറ്റല്‍, ബോധക്കേട് എന്നിവയുണ്ടാവാം.
2. പാരസെറ്റമോള്‍ (Acetaminophen)
ഈ ഗുളിക കൂടുതല്‍ കഴിച്ചുപോയാല്‍ ആദ്യം കാര്യമായ ലക്ഷണമൊന്നും ഉണ്ടാവില്ല. പിന്നീട് ഓക്കാനം, ഛര്‍ദ്ദി, വയറുവേദന എന്നിവ ഉണ്ടാവാം. മൂന്നുദിവസത്തിനകം കരളിന് തകരാറു സംഭവിക്കുന്നു. കരളിന്റെ കോശങ്ങള്‍ നശിച്ചുപോവുന്നത് ശരിയാക്കാന്‍ കഴിയില്ല.
3. നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യുന്ന മരുന്നുകള്‍.
ഉദാ. Babbiturates, Ben Zoohiazepiries
ഇത്തരം ഗുളികകളും ഉറക്കഗുളികകളും കഴിച്ചാല്‍ ഉറക്കം തൂങ്ങല്‍, അലസത, ശ്വാസോച്ഛ്വാസം കുറയുക, അബോധാവസ്ഥ എന്നിവയുണ്ടാവാം. ശക്തി കുറഞ്ഞതും താളം തെറ്റിയതും അസാധാരണമായി വേഗം കൂടിയതോ കുറഞ്ഞതോ ആയതുമായ നാഡിമിടിപ്പ് ഇതിന്റെ മറ്റൊരു ലക്ഷണമാണ്.
4. നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്ന മരുന്നുകള്‍ 
ഉദാ. ആംഫിറ്റമിന്‍, എല്‍.എസ്.ഡി.,കൊക്കൈയിന്‍(ഇഞ്ചക്ഷനായി എടുക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നു)
ലക്ഷണങ്ങള്‍: മരുന്നു കഴിച്ച വ്യക്തി വേഗം ദേഷ്യപ്പെടുകയും പ്രകോപ്പിക്കപ്പെടുകയും ചെയ്യുന്നു. പെരുമാറ്റം അസാധാരണമായ വിയര്‍പ്പ്, കൈകളില്‍ വിറയല്‍ എന്നിവ കാണാം. കൃഷ്ണമമണി വികസിച്ചിരിക്കും.
5. മരുന്നുകള്‍
ഉദാ. Morphine, Heroine ഇവ അധികവും ഇഞ്ചക്ഷന്റെ രൂപത്തിലെടുക്കപ്പെടുന്നു.
ആശയക്കുഴപ്പം, അലസത, അബോധാവസ്ഥ എന്നിവയുണ്ടാവാം. കൃഷ്ണമണി ചുരുങ്ങിയിരിക്കും. ശ്വാസോച്ഛ്വാസം മെല്ലെയായി പെട്ടെന്നു നിന്നേക്കാം. ചര്‍മ്മത്തില്‍ ഇഞ്ചക്ഷന്‍ വെച്ച അടയാളം ചിലപ്പോള്‍ പഴുത്തിരിക്കാം.
കുട്ടികള്‍ അറിയാതെ മരുന്നു കഴിച്ചാല്‍
ചെറിയ കുട്ടികള്‍, പ്രത്യേകിച്ചും മുട്ടുകുത്തിയിഴയുകയോ പിച്ചവെച്ചു നടക്കുകയോ ചെയ്യുന്ന കുഞ്ഞുങ്ങള്‍ കിട്ടുന്നതെന്തും വായിലിടുന്നതു കാണാം. മുതിര്‍ന്നവരുടെ ഗുളികകളും മറ്റു മരുന്നുകളും ലേപനങ്ങളും കുഞ്ഞുങ്ങള്‍ വിഴുങ്ങുകയോ നടക്കുകയോ ചെയ്താല്‍ കുഞ്ഞുങ്ങളുടെ ജീവന്‍ അപകടമാണ്. നിലത്തുവീണു കിടക്കുന്ന ഒരു ഗുളിക കഴിച്ചാല്‍പ്പോലും കുട്ടി മരിച്ചുപോയേക്കാം. ആദ്യം ലക്ഷണമൊന്നും കാണില്ലെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കാം.
വിവിധതരം മരുന്നുകള്‍ കുഞ്ഞുങ്ങളിലുണ്ടാക്കുന്ന ലക്ഷണങ്ങള്‍ ഇപ്രകാരമാണ്.
1. ആസ്പിരിന്‍
ഗുളികകളേക്കാള്‍ അപകടകാരിയാണ് ദ്രാവകരൂപത്തിലുള്ള ആസ്പിരിന്‍.
ലക്ഷണങ്ങള്‍: ഓക്കാനം, ഛര്‍ദ്ദി, വിയര്‍പ്പ്, ബോധക്കേട് കുട്ടി മരിച്ചുപോവാനുമിടയുണ്ട്.
2. ഹൃദ്രോഗ ഗുളികകള്‍:
ഹൃദ്രോഗത്തിനും രക്താതിസമ്മര്‍ദ്ദത്തിനും മറ്റും നല്‍കുന്ന മരുന്നുകള്‍ (ഉദാ.Diltiazern, Amlodipine) 
ലക്ഷണങ്ങള്‍: രക്തസമ്മര്‍ദ്ദം അപകടകരമായ രീതിയില്‍ കുറയുക, ഹൃദയമിടിപ്പ് കുറയുക, അപസ്മാരം എന്നിവ ഉണ്ടാവാനും കുട്ടി മരിക്കാനുമിടയുണ്ട്. ലക്ഷണങ്ങള്‍ ചിലപ്പോള്‍ 14 മണിക്കൂറിനുശേഷമായിരിക്കും കാണുക.
3. Narcotic മരുന്നുകള്‍
ഉദാ. Methacodone, Oxycodone
കടുത്ത വേദന മാറാന്‍ നല്‍കുന്ന opiate വിഭാഗത്തില്‍പ്പെട്ട ഗുളികകളും പാരസെറ്റമോള്‍ പോലുള്ള വേദനാസംഹാരികളും അറിയാതെ കഴിച്ചുപോകുന്നതാണ് മരുന്നു കഴിച്ചുപോവുന്ന കുട്ടികള്‍ മരിക്കാന്‍ ഏറ്റവുമധികം കാരണം. ഇത്തരം മരുന്നുകള്‍ ഉയര്‍ന്ന തോതില്‍ കഴിച്ചാല്‍ കുട്ടിക്ക് ഹൃദയസ്തഭനം വരാം.
ലക്ഷണങ്ങള്‍: ഉറക്കം തൂങ്ങല്‍, അലസത, ശ്വാസോച്ഛ്വാസം പെട്ടെന്നു നില്‍ക്കുന്നതുകൊണ്ട് മരണം.
4. വിഷാദരോഗത്തിനുള്ള മരുന്നുകള്‍
ഉദാ. Imipramine, Amitriptyline
വിഷാദരോഗം, ദീര്‍ഘകാലവേദന, മൈഗ്രേന്‍ എന്നിവയ്ക്ക് ഇത്തരം മരുന്നുകള്‍ കൊടുക്കാറുണ്ട്.
ലക്ഷണങ്ങള്‍: അപസ്മാരം, ഹൃദയമിടിപ്പ്, ക്രമം തെറ്റുക, ഉറക്കം തൂങ്ങല്‍, രക്തസമ്മര്‍ദ്ദം കുറയുക, ബോധക്കേട്.
ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് 6 മണിക്കൂറിനുശേഷമായിരിക്കാം.
5. പ്രമേഹത്തിനുള്ള മരുന്നുകള്‍
Sulphonylurea വിഭാഗത്തില്‍പ്പെട്ട Gliniparide, Glibendamide Glipizide തുടങ്ങിയ മരുന്നുകള്‍ കുട്ടികള്‍ കഴിച്ചാല്‍ മരിച്ചു പോവാനിടയുണ്ട്.
ലക്ഷണങ്ങള്‍: രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമാതീതമായി കുറയുന്നതിന്റെ ലക്ഷണങ്ങള്‍, അപസ്മാരം, ഉറക്കംതൂങ്ങല്‍, ആശയക്കുഴപ്പം, തലവേദന പിന്നീട് അബോധാവസ്ഥയുണ്ടായി തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോയാല്‍ മരണവും സംഭവിക്കാം. ലക്ഷണങ്ങള്‍ കാണുന്നത് ചിലപ്പോള്‍ 1 മുതല്‍ 6 വരെ മണിക്കൂറുകള്‍ക്കു ശേഷമാവാം. ഇത്തരം മരുന്നുകള്‍ കുട്ടി കഴിച്ചുവെന്നു മനസ്സിലായാല്‍ ഉടനെ പഞ്ചസാരയോ ഗ്ലൂക്കോസോ കൊടുത്താല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കാം.
6. കണ്ണിലോ ചെവിയിലോ ഒഴിക്കുന്ന മരുന്നുകള്‍, മൂക്കിലടിക്കുന്ന സ്‌പേ തുടങ്ങിയവ
ഇത്തരം മരുന്നുകള്‍ കുട്ടി കഴിച്ചുപോയാല്‍ ബി.പി കുറയുക, ഉറക്കം തൂങ്ങല്‍, അബോധാവസ്ഥ എന്നിവ ഉണ്ടാവാം.
7. ലേപനങ്ങള്‍
ജലദോഷം, തലവേദന എന്നിവയ്ക്ക് ചര്‍മ്മത്തില്‍ പുരട്ടാനുപയോഗിക്കുന്ന വിക്‌സ്, വേപ്പറബ്, ടൈഗര്‍ ബാം തുടങ്ങിയ ലേപനങ്ങളില്‍ കര്‍പ്പൂരം അടങ്ങിയിട്ടുണ്ട്. ഇവ വിഴുങ്ങുകയോ നക്കിത്തിന്നുകയോ ചെയ്യുന്ന കുട്ടികളുടെ ജീവന്‍ അപകടത്തിലായേക്കാം.
ലക്ഷണങ്ങള്‍: 10 മുതല്‍ 20 മിനിട്ടിനുള്ളില്‍ ലക്ഷണങ്ങള്‍ കാണാം. അസ്വസ്ഥത, പെട്ടെന്ന് അപസ്മാരത്തിന്റെ ഇളക്കങ്ങള്‍ (ഏകദേശം ഒരു ടീസ്പൂണ്‍ വിക്‌സ് തിന്നശേഷം കുട്ടിക്ക് 10 മിനിട്ടിനുള്ളില്‍ അപസ്മാരം വരിക), ചുണ്ടിനു ചുറ്റും നീലനിറം, അബോധാവസ്ഥ, ശ്വാസോച്ഛ്വാസം പെട്ടെന്നു നില്‍ക്കുന്നതിനാല്‍ മരണം എന്നിവയുണ്ടാവാം. കുട്ടിയുടെ ശ്വാസത്തിനു കര്‍പ്പൂരത്തിന്റെ മണമുണ്ടെങ്കില്‍ ലക്ഷണത്തിനു കാത്തുനില്‍ക്കാതെ കുട്ടിയെ ഉടനെ ആസ്പത്രിയിലെത്തിക്കണം.
-മരുന്ന് അറിയാതെ കഴിച്ചുപോയ വ്യക്തിക്ക് ബോധമുണ്ടെങ്കില്‍ സൗകര്യമുള്ള രീതിയില്‍ കിടത്തി സമാധാനിപ്പിക്കുക. എന്താണു കഴിച്ചതെന്നു ചോദിച്ചു മനസ്സിലാക്കുക. മരുന്നുകഴിച്ചത് മുതിര്‍ന്നയാളാണെങ്കിലും കുട്ടിയാണെങ്കിലും താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:-
-ഒരിക്കലും ഛര്‍ദ്ദിപ്പിക്കാന്‍ ശ്രമിക്കരുത്.
-ഉടനെത്തന്നെ അടിയന്തിര വൈദ്യസഹായം കിട്ടാനായി ഡോക്ടറെയും ആംബുലന്‍സിനെയും വിവരമറിയിക്കുക.
-ഡോക്ടറും ആംബുലന്‍സും എത്താന്‍ കാത്തിരിക്കുന്ന സമയത്ത് വ്യക്തിയുടെ അടുത്ത് കഴിച്ച മരുന്നിന്റെ കാലിക്കുപ്പിയോ സ്ട്രിപ്പോ ടിന്നോ ഉണ്ടോ എന്നു നോക്കണം. ഉണ്ടെങ്കില്‍ അത് മരുന്നേതാണെന്നു കണ്ടുപിടിക്കാന്‍ സഹായിക്കും.
-മരുന്നുകഴിച്ച വ്യക്തിയെ/കുട്ടിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. ബോധനില, നാഡിമിടിപ്പ്, ശ്വാസോച്ഛ്വാസം എന്നിവ നിരീക്ഷിക്കുക. പ്രഥമശുശ്രൂഷ നല്‍കുന്നയാള്‍ ശ്രദ്ധിക്കേണ്ടത് രണ്ടു കാര്യങ്ങളാണ്. മരുന്നുകഴിച്ച വ്യക്തിയുടെ/കുട്ടിയുടെ ശ്വാസോച്ഛ്വാസവും രക്തപ്രവാഹവും ശരിയായ നിലനിര്‍ത്തുക, കഴിയുന്നതും വേഗം ആസ്പത്രിയിലേക്കു മാറ്റുക.
-ഛര്‍ദ്ദിക്കുന്നുണ്ടെങ്കില്‍ ചെരിച്ചു കിടത്തുക (Recovery Position) ഛര്‍ദ്ദിയുടെ സാമ്പിളുകള്‍ എടുത്തുവെക്കണം. ആസ്പത്രിയിലേക്കു കൊണ്ടുപോവുമ്പോള്‍ കൂടെ ഛര്‍ദ്ദിയുടെ സാമ്പിളുകളും മരുന്നിന്റെ കാലിക്കുപ്പിയും മറ്റും കൊടുത്തയക്കണം. ഏതുതരം മരുന്നു കഴിച്ചുവെന്നു കണ്ടുപിടിക്കാന്‍ ഇത് സഹായകമായിരിക്കും.
ശ്വാസതടസ്സമോ ബോധക്കേടോ ഉണ്ടെങ്കില്‍ ശ്വാസനാളം തുറക്കുന്ന തരത്തില്‍ താടി ഉയര്‍ത്തി തല പുറകോട്ടാക്കുക.
-ശ്വാസോച്ഛ്വാസം നിന്നിട്ടുണ്ടെങ്കില്‍ കൃത്രിമശ്വാസോച്ഛ്വാസവും ആവശ്യമെങ്കില്‍ ഹൃദയോത്തേജനവും നല്‍കുക. സ്ഥിതി ശരിയാവുന്നതുവരെ, അല്ലെങ്കില്‍ ഡോക്ടര്‍ എത്തുന്നതുവരെ പുനരുജ്ജീവനം തുടരുക.
ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
- ഛര്‍ദ്ദിപ്പിക്കാന്‍ ശ്രമിക്കരുത്.
- ഒരു മരുന്നും കൊടുക്കരുത്.
- ഉപ്പുവെള്ളം, നാരങ്ങവെള്ളം എന്നിവയൊന്നും കൊടുക്കരുത്.
- കഴിക്കാനോ കുടിക്കാനോ ഒന്നുംതന്നെ കൊടുക്കരുത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പഴയ മരുന്നുകള്‍ ഒരിക്കലും സൂക്ഷിച്ചുവെക്കരുത്. അവയുടെ ശക്തി നശിച്ചുപോവുമെന്നു മാത്രമല്ല ചിലപ്പോള്‍ സാന്ദ്രത കൂടി അപകടകാരിയായിത്തീരാനും സാദ്ധ്യതയുണ്ട്. നിറവും കട്ടിയും മാറിയ ഗുളികകള്‍ പ്രത്യേകിച്ചും സ്ട്രിപ്പുനുള്ളില്‍ ഒട്ടിപ്പിടിച്ചതു പോലെ തോന്നുന്നവ), പഴയ കഫ്‌സിറപ്പ്, ചെവിയിലോ കണ്ണിലോ ഒഴിക്കുന്ന മരുന്നുകള്‍, ഓയിന്റ്‌മെന്റുകള്‍ തുടങ്ങിയവ നശിപ്പിച്ചു കളയണം. അവ കുട്ടികളുടെ കൈയെത്തുന്ന സ്ഥലത്ത് എറിഞ്ഞു കളയാന്‍ പാടില്ല.

കുഞ്ഞുങ്ങളുടെ ന്യൂ ഇയര്‍

പുതുവത്സരം തുടങ്ങുവാന്‍ ഇനി ഏതാനും ദിവസങ്ങളേ ഉള്ളൂ. അനിത അത് മറന്നുപോയി. ഓര്‍മ്മിച്ചത് വേറെ ആരും അല്ല; സ്വന്തം മകന്‍ തന്നെ. വീടിനകത്ത് അച്ഛനും മകനും തമ്മില്‍ ചര്‍ച്ച നടക്കുന്നു ന്യൂ ഇയര്‍ എങ്ങിനെ ആഘോഷിക്കണം? ന്യൂഇയര്‍ പാര്‍ട്ടി ഹോട്ടലില്‍ പോയി ആഘോഷിക്കണോ, ക്ലബ്ബില്‍ പോകണമോ, അതോ വീട്ടില്‍ സ്വന്തക്കാരുമായി കൊണ്ടാടണോ? അനിത ചിന്തയിലാണ്ടു. കാലം മാറിപ്പോയി. തന്റെ കുട്ടിക്കാലത്ത് ഇങ്ങിനെയൊരു ചോദ്യമോ, ചര്‍ച്ചയോ ഉണ്ടാകുമായിരുന്നില്ലല്ലോ. പെട്ടെന്ന് അനിതയുടെ ചിന്തയെ തടസ്സിപ്പെടുത്തിക്കൊണ്ട് മോന്‍ ഓടി വന്നു. അമ്മയുടെ അഭിപ്രായം എന്താണ്? ''അച്ഛന്റെയും മോന്റെയും ഇഷ്ടം തന്നെ എന്റെ ഇഷ്ടം.'' മറുപടി കേട്ട പാതി, കേള്‍ക്കാത്ത പാതി മകന്‍ അച്ഛന്റെയടുത്തേയ്ക്ക് ഓടിമറഞ്ഞു. അനിത വീണ്ടും അനിതയുടെ ലോകത്തായി. മോന്റെയും അച്ഛന്റെയും ഇഷ്ടത്തിനു വിഘ്‌നം നില്‍ക്കുന്നില്ല. പക്ഷേ, തികച്ചും വ്യത്യസ്തതരത്തിലുള്ളതാക്കണം ഇനി വരാന്‍ പോകുന്ന ന്യൂഇയര്‍. നല്ലൊരു അമ്മയാകണം. നല്ലതുപോലെ മോനെ വളര്‍ത്തി മിടുക്കനാക്കാന്‍ വേണ്ടതെല്ലാം ചെയ്യണം. എന്നാലും സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ കുറെയേറെ ന്യൂഇയര്‍ റസല്യൂഷനുകള്‍ എടുത്തിട്ട് അത് പാലിക്കാതെയും ഇരിക്കില്ല. ഇടയ്ക്കിടെ അവലോകനം നടത്തും, എന്തൊക്കെ; ചെയ്തില്ല എന്നത്. തുടര്‍ന്ന് ലിസ്റ്റ് എഴുതി. ലിസ്റ്റില്‍ ആദ്യം വന്നത് എല്ലാ അമ്മമാരെ പോലെയും മോന് പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങിപ്പിക്കണം എന്ന തീരുമാനമായിരുന്നു. അതിനുവേണ്ടി എന്തൊക്കെ തയ്യാറെടുപ്പുകള്‍ ചെയ്യണം? അനിത ചോദ്യവുമായി എന്നെ സമീപിച്ചു. അനിതയുടെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മോന്‍ വീട്ടില്‍ ചോദിക്കുമ്പോള്‍ എല്ലാ ചോദ്യവും പറയും, എഴുതും. പക്ഷേ പരീക്ഷയ്ക്ക് എഴുതില്ല. മാര്‍ക്കു കാണുമ്പോള്‍ പഠിപ്പിച്ചു വിട്ട അമ്മയ്ക്ക് സങ്കടം വരും. ഇത് മാറ്റുവാന്‍ അമ്മ എന്ന നിലയില്‍ അനിത എന്തൊക്കെ ചെയ്യണം?
ചില കുട്ടികള്‍ ഇങ്ങിനെയാണ്. ക്ലാസില്‍ എങ്ങനെയാണ് പരീക്ഷ ഇടുന്നത്? ടീച്ചര്‍ ചോദ്യപേപ്പര്‍ കൊടുക്കും. അല്ലെങ്കില്‍ ബോര്‍ഡില്‍ ചോദ്യങ്ങള്‍ എഴുതിയിടും. അതുനോക്കി ഉത്തരം എഴുതണം. വീട്ടിലും അതുപോലെ ശീലം വളര്‍ത്തണം. അതായത് സ്‌കൂളില്‍ എങ്ങനെയാണോ ചെയ്യുന്നത് അതുപോലെ ചെയ്യിപ്പിക്കുവാന്‍ ശ്രമിക്കണം. വീട്ടിലും ഒരു ചോദ്യപേപ്പര്‍ അമ്മയ്ക്ക് തയ്യാറാക്കാം. ഇല്ലെങ്കില്‍ ചുമരില്‍ തൂക്കുവാന്‍ പറ്റുന്ന തരത്തിലുള്ള ബോര്‍ഡ് വാങ്ങി, തൂക്കി അതില്‍ ചോദ്യങ്ങള്‍ എഴുതണം. പിന്നെ സ്‌കൂളിലേത് എന്നപോലെ നിശ്ചിത സമയത്തില്‍ ഉത്തരം എഴുതി നല്‍കാന്‍ പരിശീലിപ്പിക്കണം. അമ്മ അടുത്ത് ഇരിക്കരുത്. വീട്ടില്‍ ചില അമ്മമാര്‍ കുട്ടികളുടെ ശ്രദ്ധ മാറിപോകും എന്നുപറഞ്ഞ് കുട്ടിയുടെ തൊട്ടടുത്ത് ഇരുന്ന് എഴുതിപ്പിക്കും. ഇതില്‍ കാര്യമില്ല. അമ്മയുടെ തൊട്ടടുത്തിരുന്ന് എഴുതി ശീലിച്ച കുട്ടി ക്ലാസില്‍ കുട്ടികളുടെ നടുവിലിരുന്ന് ഒറ്റയ്ക്ക് ചിന്തിച്ച് എഴുതുവാന്‍ പ്രാപ്തി നേടില്ല. പക്ഷേ ഒട്ടും തനിയെ ഇരുന്ന് എഴുതി ശീലിക്കാത്ത കുട്ടിയാണെങ്കില്‍ ആദ്യം കൂടെ ഇരുത്തിയിട്ട് പിന്നെ പതിയെപതിയെ മാറണം. എങ്കിലേ കുട്ടി തനിച്ച് എഴുതുവാന്‍ പ്രാപ്തി നേടുകയുള്ളൂ. കൂടാതെ ഓരോ പാഠഭാഗവും കഴിഞ്ഞ് പരീക്ഷവരും എന്ന് നമുക്ക് അറിയാവുന്നതാണല്ലോ. അതിനുവേണ്ട തയ്യാറെടുപ്പുകളും വീട്ടില്‍ നടത്തണം. ഓരോ പാഠഭാഗവും പഠിക്കുമ്പോള്‍ തന്നെ പ്രയാസമുള്ള വാക്കുകള്‍, സ്‌പെല്ലിങുകള്‍ അടിവരയിട്ടു പഠിക്കണം. ഓരോ പാഠവും വായിച്ചിട്ട് ചോദ്യങ്ങള്‍ കാണാതെ എഴുതണം. കുട്ടിയെക്കൊണ്ടു തന്നെ തനിയെ തിരുത്തിക്കുകയും ആവാം. അതുപോലെ തന്നെ വീട്ടില്‍ പരീക്ഷ നടത്തുമ്പോള്‍ പഠിച്ച ഉടനെ നടത്തരുത്. കാരണം സ്‌കൂളില്‍ ചിലപ്പോള്‍ പരീക്ഷ ഉച്ചയ്ക്കു ശേഷം ആയിരിക്കും. അങ്ങനെയാണെങ്കില്‍ അതും നമുക്കു ശീലിപ്പിക്കണ്ടേ? പഠിച്ച് കുറച്ചുകഴിഞ്ഞ് എഴുതുവാന്‍ പറഞ്ഞാല്‍ ലോങ്‌ടേം മെമ്മറി ഉണ്ടോ എന്നു നമുക്ക് പരിശോധിക്കുകയും ആവാം. ഇതൊക്കെ ചെയ്താലും കുട്ടി ചിലപ്പോള്‍ മാര്‍ക്ക് വാങ്ങിയില്ലെന്നു വരും. അശ്രദ്ധ കാട്ടിയെന്ന് വരും.  സമചിത്തയോടെ വേണം കുട്ടിയെ കൈകാര്യം ചെയ്യുവാന്‍. 
അമ്മയുടെ അമിത ആകാംക്ഷ കുട്ടിയെ ചിലപ്പോള്‍ വേറെ ചില സ്വഭാവദൂഷ്യത്തിലേക്ക് വഴിതെളിക്കാം. അതായത് മാര്‍ക്കു കുറഞ്ഞുപോയാല്‍ അമ്മയെ കാണിക്കാന്‍ വിഷമിച്ച് പേപ്പര്‍ ഒളിപ്പിച്ചു വയ്ക്കുന്ന പ്രകൃതത്തിലേക്ക് വീണുപോകുന്നവരും ഉണ്ട്. പിന്നെ ഞാന്‍ അനിതയോടു പറഞ്ഞു, മാര്‍ക്ക് വാങ്ങേണ്ടത് ആവശ്യമായ കാര്യം തന്നെ. പഠിക്കണം, പക്ഷേ അതോടൊപ്പം തന്നെ പുതുവത്സരത്തില്‍ കുഞ്ഞിനെ കൂടുതല്‍ ഉത്തരവാദിത്വമുള്ള കുട്ടിയാക്കി വളര്‍ത്തുവാനുള്ള തയ്യാറെടുപ്പുകളും ചെയ്യണം. വീടിന്റെ ഒരു മുറി എങ്കിലും നല്ലതുപോലെ വൃത്തിയായി തൂത്തുവൃത്തി യാക്കുവാനും, സ്വന്തമായി തുണി അടുക്കിവെക്കുവാനും, കഴിച്ച പാത്രം കഴുകിവയ്ക്കുവാനും, തുണികള്‍ മടക്കിവയ്ക്കുവാനും, എടുത്ത സാധനങ്ങള്‍ എടുത്ത സ്ഥലത്തുതന്നെ വയ്ക്കുവാനും, ചെടികള്‍ നനയ്ക്കുവാന്‍ സഹായിക്കുവാനും ഒക്കെ അനിത കുട്ടിയെ കൂടെ കൂട്ടുക. ചെറുതിലെ ജോലി ചെയ്തു ശീലിപ്പിക്കുവാന്‍ നമുക്ക് എളുപ്പമാണ്. നമുക്ക് സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ എളുപ്പമാണ്. വലുതായിക്കഴിഞ്ഞാല്‍ പ്രയാസമായി വരും. അതുപോലെ അന്യരെ സഹായിക്കുവാനും പ്രാപതരാക്കണം. കൊച്ചു കൊച്ചു സഹായങ്ങള്‍ മോന്റെ ഇഷ്ടപെട്ടവര്‍ക്കു വേണ്ടി ചെയ്യിപ്പിക്കുക. അനുമോദനങ്ങളും കൊടുക്കണം. എല്ലാത്തിലും ഉപരിയായി സമയബോധമുള്ള പൗരനാക്കി വളര്‍ത്തണം. അതിനുവേണ്ടി, മോന്‍ ഓരോ കാര്യവും ചെയ്യുമ്പോള്‍ എത്ര സമയം എടുത്തുവെന്ന് ക്ലോക്ക് നോക്കുവാന്‍ പറയണം. അപ്പോഴെ മോന്‍, ടി.വി. നോക്കി ആഹാരം കഴിക്കുമ്പോഴും, അല്ലാതെ കഴിക്കുമ്പോഴും ഉള്ള സമയലാഭം അറിയുകയുള്ളൂ. ടി.വി. കാണുവാനും, കളിക്കുവാനും ഒക്കെയുള്ള സമയം മോന്‍ തന്നെ നിശ്ചയിക്കട്ടെ. സമയത്തിന്റെ വിലയും, പ്രാധാന്യവും ചെറുപ്പത്തിലേ മനസ്സിലാക്കി വളര്‍ത്തിയാല്‍ വലുതാകുമ്പോള്‍ കുട്ടികള്‍ വെറുതെ സമയം പാഴാക്കില്ല. മാത്രവുമല്ല ഒരു സ്ഥലത്തും ലേറ്റാവുകയുമില്ല.
അതുപോലെ പുതുവത്സരത്തില്‍ വായനയും എല്ലാവരും വര്‍ദ്ധിപ്പിക്കണം. ടി.വി.യും കളികളും എല്ലാം വേണം പക്ഷേ അതോടൊപ്പെം വായനയും പ്രോത്സാഹിപ്പിക്കണം. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന് നാം വായനാദിനത്തില്‍ പ്രതിജ്ഞ എടുത്താല്‍ പോര. അതു നാം ഈ പുതുവത്സരത്തില്‍ പ്രാവര്‍ത്തികമാക്കുകയും വേണം. ഇതിനെല്ലാം ഉപരിയായി എല്ലാത്തരം ജോലികളും സ്വന്തമായി ചെയ്യാന്‍ ചെറുപ്പത്തിലേ മക്കളെ ശീലിപ്പിച്ചാല്‍ മക്കള്‍ വലുതാകുമ്പോള്‍ എല്ലാത്തരം ജോലികളെയും അവര്‍ മാനിക്കും. മാത്രമല്ല ജോലി ചെയ്യുന്നവരെ ബഹുമാനിക്കുവാനും പഠിക്കും. ചുരുക്കത്തില്‍ അവനവനില്‍ സന്തോഷം തോന്നുന്നുണ്ടെങ്കില്‍ അതിനായി അന്യരെ ആശ്രയിക്കേണ്ടതായി വരില്ല. മനസ്സില്‍ എളിമ എപ്പോഴും കാത്തു സൂക്ഷിക്കുവാന്‍ ചെറുപ്പത്തിലെ നിഷ്‌കര്‍ഷിക്കണം. മേനി നടിക്കുവാന്‍ പാടില്ല എന്നും ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കണം. വാക്കിലൂടെയും വേഷത്തിലൂടെയും പെരുമാറ്റത്തിലൂടെയും സ്വയം വലുപ്പം നടിക്കുവാന്‍ പാടുള്ളതല്ല എന്നും അങ്ങനെ ചെയ്യുമ്പോഴാണ് നമുക്ക് നുണ പറയേണ്ടിവരുന്നതെന്ന് പറയണം. അങ്ങനെ നുണ പറയുമ്പോള്‍ നമുക്ക് ഓരോരോ പ്രശ്‌നങ്ങള്‍ വരും. ചുരുക്കത്തില്‍ അവനവന്റെ പരിമിതികളെ തുറന്നു സമ്മതിക്കുക. മറ്റൊരാളായി സമൂഹത്തില്‍ നടിക്കാതിരിക്കുക. ഇല്ലാത്തത് ഉണ്ടെന്ന് നടിക്കുന്നതു മൂലമുണ്ടാകുന്ന ഗുരുതര പ്രശ്‌നങ്ങള്‍ ഇങ്ങനെ ഒഴിവാക്കാം.
ഏറ്റവും പ്രധാനമായി പുതുവത്സരത്തില്‍ നമുക്ക് വേണ്ടത് ശാന്തമായ എന്നാല്‍, ഉണര്‍വ്വോടു കൂടിയ മനസ്സാണ്. ക്ഷോഭിച്ച മനസ്സുമായി ഇരുന്നാല്‍ നമുക്ക് ജ്ഞാനം നേടാന്‍ പറ്റുകയില്ല. ''ജ്ഞായതേ അനേനതുതിജ്ഞാനം'' എന്തിനേയെങ്കിലും അറിയുവാനായി പ്രയോജനപ്പെടുത്തുന്ന മാര്‍ഗമാണ് ജ്ഞാനം. ഓരോ നിമിഷവും നാം ജ്ഞാനം സമ്പാദിക്കുവാന്‍ വേണ്ടി യജ്ഞിക്കുക. നമുക്ക് പുതുവത്സരം ആനന്ദകരം ആകും. തീര്‍ച്ച.

ഗര്‍ഭാരംഭദശയിലെ രക്തസ്രാവം

ഗര്‍ഭിണിയാണെന്ന് ആദ്യമായി അറിഞ്ഞു കഴിഞ്ഞാല്‍ പിറക്കാനിരിക്കുന്ന കുഞ്ഞിന് ഒരു പ്രശ്‌നവും ഉണ്ടാകരുതേയെന്ന് അമ്മ വളരെയേറെ ആഗ്രഹിക്കും.
പക്ഷെ ആരംഭത്തില്‍ തന്നെ രക്തസ്രാവമുണ്ടായാലോ? ഇതുമൂലം തന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം അമ്മയ്ക്ക് എപ്പോഴും ഉണ്ടാകാം.
എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ഗര്‍ഭാശയത്തില്‍ bleeding ഉണ്ടാകുന്നത്?
പല കാരണങ്ങള്‍ മൂലം ഗര്‍ഭാരംഭത്തില്‍ രക്തസ്രാവം ഉണ്ടാകാം. ഇപ്പോഴത്തേ ഗര്‍ഭവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മൂലവും ഗര്‍ഭവുമായി ബന്ധപ്പെടാത്ത കാര്യങ്ങള്‍ മൂലവും bleeding ഉണ്ടാകാം. ഉദാഹരണത്തിന് ഗര്‍ഭാശയമുഖത്തെ കുരുപ്പ്, ചെറിയ മാംസവളര്‍ച്ച (polyp), യോനിയിലെ ഞരമ്പുപിടച്ചു കിടക്കല്‍ (Varicose veins), ഗര്‍ഭാശയ ഗള ക്യാന്‍സര്‍ (Cervical Cancer) തുടങ്ങിയവ.
ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട് രക്തസ്രാവം ഉണ്ടാകുന്നത് ഏതൊക്കെ അവസരങ്ങളിലാണ്?
ഗര്‍ഭം അലസിപ്പോകല്‍ (Abortion), ഗര്‍ഭാശയത്തിന് പുറത്തുള്ള ഗര്‍ഭം (Ectopic Pregnancy), മുന്തിരിക്കുല ഗര്‍ഭം (Vesicular mole) തുടങ്ങിയ അവസ്ഥകളിലാണ് ഇങ്ങനെ ഗര്‍ഭാരംഭ ദശയില്‍ രക്തം പോകുന്നത്. ചിലപ്പോള്‍ സാധാരണ ഗര്‍ഭം ഉറയ്ക്കുന്ന സമയത്തും ചെറിയ തോതില്‍ രക്തസ്രാവം ഉണ്ടാകും. ഇത് ചികിത്സ കൂടാതെ തനിയേ നിന്നുകൊള്ളും.
ഗര്‍ഭമലസല്‍ അത്ര സാധാരണമാണോ?
സാധാരണ 10% ഗര്‍ഭവും തനിയേ അലസിപ്പോകാറുണ്ട്. ആദ്യത്തെ ഇരുപത് ആഴിചകളില്‍ തനിയേ അലസിപ്പോകുന്നതിനെയാണ് Abortion എന്നു പറയുന്നത്. ഗര്‍ഭമലസല്‍ കൂടുതലായും ആദ്യത്തെ രണ്ടുമാസത്തിനുള്ളില്‍ തന്നെ സംഭവിക്കുന്നു.
ചിലര്‍ അനവസരത്തില്‍ ഉണ്ടാകുന്നതും അനാവശ്യമായ ഗര്‍ഭം അലസിപ്പിച്ചുകളയാറുണ്ട്. ഇത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി (Medical Termination of Pregnancy)യുടെ പരിധിക്കുള്ളില്‍ വരുന്നു.
Abortion ന്റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്? 
65% abortion കളും ജനിതകവൈകല്യങ്ങള്‍ മൂലം സംഭവിക്കുന്നു. ചിലപ്പോള്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, വൈറല്‍ പനി, അനിയന്ത്രിതമായ പ്രമേഹരോഗം, തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവൈകല്യം തുടങ്ങിയവയിലും ഇങ്ങനെ സംഭവിക്കാം. 
ചിലര്‍ക്ക് കൂടെക്കൂടെ ഗര്‍ഭം അലസിപ്പോകാറുണ്ടല്ലോ? എന്തുകൊണ്ടാണിത്?
മൂന്നോ, അതില്‍ കൂടുതലോ തവണ ഗര്‍ഭം അലസിപ്പോകുന്നതിനെ ഹാബിറ്റുവല്‍ അബോര്‍ഷന്‍ (Habitual abortion) എന്നുപറയുന്നു. 
മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ രക്തത്തില്‍ ആന്റി ഫോസ്‌ഫോലൈപിഡ് ആന്റിബോഡി (antiphospholipid antibody) യുടെ അളവ് ഒരു നിശ്ചിത അളവില്‍ കൂടുതലുള്ളവര്‍ക്കും, മാതാപിതാക്കളുടെ ജനിതക പ്രശ്‌നങ്ങള്‍ മൂലവും ഹാബിറ്റുവല്‍ അബോര്‍ഷന്‍ ഉണ്ടാകാം.
ഗര്‍ഭാശയഗളത്തിലെ പേശികള്‍ക്ക് ക്ഷതം സംഭവിച്ച് പെട്ടെന്ന് ഗര്‍ഭാശയമുഖം വികസിച്ചും കൂടെക്കൂടെ അബോര്‍ഷന്‍ ഉണ്ടാകാം. ഇതിന് സെര്‍വൈക്കല്‍ ഇന്‍കോമ്പിറ്റന്‍സ് (Cervical incompetence) എന്നു പറയുന്നു. ഇത് ഗര്‍ഭിണിയായ ശേഷം ആദ്യത്തെ മൂന്നുമാസത്തിന് ശേഷമാണ് സംഭവിക്കുന്നത്.
എന്തൊക്കെയാണ് ഗര്‍ഭമലസലിന്റെ ലക്ഷണങ്ങള്‍?
മാസമുറ തെറ്റിക്കഴിഞ്ഞ് രക്തസ്രാവം, ചെറിയ തോതിലുള്ള വയര്‍വേദന തുടങ്ങിയവയാണ് സാധാരണ അനുഭവപ്പെടുക. ഡഹൃേമീൌിറ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധനയിലൂടെ മാത്രമേ ഗര്‍ഭസ്ഥശിശുവിന് എന്തെങ്കിലും കുഴപ്പമുണ്ടോ, ഈ ഗര്‍ഭം മുമ്പോട്ടുപോകാനുള്ള സാധ്യത എത്രമാത്രമാണ് എന്നൊക്കെ മനസ്സിലാക്കാന്‍ പറ്റുകയുള്ളൂ.
Ultrasound scanning ല്‍ ചിലര്‍ക്ക് കുഞ്ഞിന്റെ ഹൃദയത്തുടിപ്പും വളര്‍ച്ചയുമൊക്കെ സാധാരണപോലെ ഉണ്ടാകും; ഇതാണ് Threatend abortion (ത്രെട്ടന്റ് അബോര്‍ഷന്‍). ചിലര്‍ക്ക് നേരത്തേ ഉണ്ടായിരുന്ന ഗര്‍ഭലക്ഷണങ്ങള്‍ - ഛര്‍ദ്ദി, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവ നിന്നുപോയതായി പറയും. വിദഗ്ധപരിശോധനയില്‍ കുട്ടിയ്ക്ക് ചലനമില്ലായ്മയും വലുപ്പക്കുറവും കാണും; ഇതിന് missed  (മിസ്ഡ്) Abortion എന്നു പറയും.
ചിലര്‍ വീട്ടില്‍ വച്ചു തന്നെ രക്തക്കട്ടയോടൊപ്പം കുഞ്ഞിന്റെ ഭാഗങ്ങളും പോയതായിപ്പറയും, ഇങ്ങനെയുള്ളവര്‍ക്ക് വിദഗ്ധപരിശോധന നടത്തി ഗര്‍ഭം മുഴുവനായി പുറത്തുപോയി എന്നുറപ്പാക്കണം; ഇല്ലെങ്കില്‍ ഗര്‍ഭാശയത്തില്‍ അണുബാധ, അനിയന്ത്രിതമായ രക്തസ്രാവം തുടങ്ങിയവ ഉണ്ടാകും. ഗര്‍ഭാശയത്തില്‍ ചലനമില്ലാതെ കിടക്കുകയും കുഞ്ഞിന്റെ ഭാഗങ്ങള്‍ മുഴുവനായി പുറത്തുപോയിട്ടുമില്ലെങ്കിലും ചെറിയ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍ ഇത് മുഴുവനായി എടുത്തുകളയും.
ഗര്‍ഭമലസലിനോടൊപ്പം പനി സാധാരണയായി കാണാറുണ്ടോ? 
അബോര്‍ഷനോടൊപ്പമുള്ള പനി അണുബാധയുടെ ലക്ഷണമാണ്. ഇതോടൊപ്പം വേദന, ദുര്‍ഗന്ധത്തോടുകൂടിയ യോനിസ്രവം ഇവയുമുണ്ടാകാം; ഇതിന് Septic abortion (സെപ്റ്റിക്ക്) എന്നു പറയും. അടിയന്തിര ചികിത്സകിട്ടേണ്ട അവസ്ഥയാണിത്. ഇതുമൂലം ഗര്‍ഭാശയ സംബന്ധമായ അവയവങ്ങളുടെ നീര്‍ക്കെട്ട്, ഭാവിയില്‍ വന്ധ്യത എന്നിവയും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം.
ഒരിക്കല്‍ അബോര്‍ഷനായാല്‍ വീണ്ടും സാധാരണ ഗര്‍ഭം ഉണ്ടാകാന്‍ സാധ്യതയുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. ഒരു പ്രാവശ്യം ഗര്‍ഭം അലസിയതുകൊണ്ട് വീണ്ടും അങ്ങനെയാകണമെന്നില്ല. മൂന്ന് തവണ അബോര്‍ഷനായവര്‍ക്കുപോലും വീണ്ടും ഒരു സാധാരണ പ്രെഗ്നന്‍സി ആകാനുള്ള സാധ്യത 65-75% വരെയാണ്.
ഗര്‍ഭാരംഭ ദശയില്‍ രക്തസ്രാവമുണ്ടാകാനുള്ള മറ്റു കാരണങ്ങള്‍ എന്തൊക്കെയാണ്?
Bleeding ഉണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണം Ectopic Pregnancy (എക്‌റ്റോപ്പിക്ക് പ്രെഗ്നന്‍സി) ആണ്. ഗര്‍ഭാശയത്തിന് പുറത്ത് വളരുന്ന ഗര്‍ഭമാണിത്. സാധാരണ ഗതിയില്‍ Fallopian Tube ല്‍ (അണ്ഡവാഹിനിക്കുഴല്‍) അണ്ഡവും ബീജവും സംയോജിച്ചശേഷം 3-4 ദിവസത്തിനുള്ളില്‍ ഭ്രൂണം പതിയേ ഗര്‍ഭാശയത്തിലെത്തി അവിടെ പറ്റിപ്പിടിച്ചു വളരുന്നു. എന്നാല്‍ ഗര്‍ഭാശയ സംബന്ധമായ അവയവങ്ങളിലെ നീര്‍ക്കെട്ട്, Tubal Surgery, കൂടുതല്‍ നാളത്തെ വന്ധ്യതാചികിത്സ എടുത്തവര്‍ തുടങ്ങിയവരില്‍ ൗേയല ന്റെ ചലനം കുറഞ്ഞ് ഭ്രൂണം ഗര്‍ഭാശയത്തിലെത്താതെ Fallopian Tube ല്‍ തന്നെ വളരാനുള്ള സാധ്യതയേറെയാണ്; പക്ഷെ ഒരു പരിധിക്കപ്പുറം Fallopian Tube ന് ഭ്രൂണത്തെ താങ്ങാനാവുകയില്ല; അങ്ങനെ Fallopian Tube പൊട്ടി രോഗി അത്യാസന്നനിലയിലെത്തുന്നു.
Ectopic Pregnancy ആരംഭ ദശയില്‍ത്തന്നെ തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്; വൈകും തോറും രോഗിയുടെ നില ഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങും.
എന്താണ് Ectopic Pregnancy യുടെ ലക്ഷണം?
20 - 30 വയസ്സുള്ള സ്ത്രീകളിലാണ് Ectopic Pregnancy സാധാരണയായി കാണപ്പെടുന്നത്. മാസമുറ തെറ്റിയവരില്‍ bleeding, കൊളുത്തിപ്പിടിക്കുന്ന വേദന, ചിലപ്പോള്‍ ബോധക്ഷയം തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍.
എന്താണിതിന്റെ ചികിത്സ?
വിദഗ്ധ ശരീരപരിശോധന, രക്തത്തിലെ Human Chorionic Gonadotropin (H.C.G) എന്ന Hormone ന്റെ അളവ്, Ultrasound Scanning തുടങ്ങിയ ടെസ്റ്റുകള്‍ മൂലം Ectopic Pregnancy നേരത്തേ കണ്ടുപിടിക്കാം. രോഗിയുടെ അപ്പോഴത്തെ ആരോഗ്യ നില, tube പൊട്ടി ഭ്രൂണം പുറത്താണോ (ruptured ectopic), tube പൊട്ടാതെ ഭ്രൂണം ഉള്ളില്‍ തന്നെ ഇരിക്കുന്ന അവസ്ഥ (unruptured ectopic pregnency) യാണോ, തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി, മരുന്നുകള്‍, താക്കോല്‍ ദ്വാര ശസ്ത്രക്രിയ, വയര്‍ തുറന്നുള്ള ശസ്ത്രക്രിയ മുതലായ ചികിത്സാരീതികള്‍ ഡോക്ടര്‍ നിശ്ചയിക്കും.
ഒരു തവണ Ectopic pregnency വന്നവര്‍ക്ക് വീണ്ടും വരാനുള്ള സാധ്യതയുണ്ടോ?
Ectopic pregnency വീണ്ടും വരാനുള്ള സാധ്യത 5% ആണ്. ഇതേ കാരണം കൊണ്ടുതന്നെ അടുത്തതവണ മാസമുറ തെറ്റിയ ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് സാധാരണ ഗര്‍ഭമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
മുന്തിരിക്കുലഗര്‍ഭം (vesicular mole) മൂലവും പ്രാരംഭത്തില്‍ രക്തസ്രാവം ഉണ്ടാകുമോ?
ഗര്‍ഭാരംഭദശയില്‍ രക്തസ്രാവം ഉണ്ടാകാനുള്ള മറ്റൊരുകാരണം മുന്തിരിക്കുല ഗര്‍ഭം (vesicular mole) ആണ്. ഇത് കൂടുതലും കൗമാരക്കാരിലും, 35 വയസ്സിനുമുകളിലും വരുന്ന ഒരു പ്രത്യേകതരം ഗര്‍ഭമാണ്. ഗര്‍ഭാശയം മുഴുവനും മുന്തിരിക്കുലപോലുള്ള കലകള്‍ കൊണ്ട് നിറഞ്ഞിരിക്കും. സാധാരണ മാസമുറ തെറ്റി 8 ആഴ്ചയ്ക്കുശേഷം bleeding ഉം ഇതോടൊപ്പം മുന്തിരിപോലുള്ള കലകള്‍ പുറത്തേയ്ക്ക് പോകുകയും ചെയ്യും. ഗര്‍ഭാശയത്തിനുള്ളിലെ കലകളില്‍ നിന്ന് കൂടുതലായി hormone ഉണ്ടായി അതിന്റെ ഫലമായി ഗര്‍ഭലക്ഷണങ്ങള്‍ - ഛര്‍ദ്ദിയും മറ്റസ്വസ്ഥതകളും കൂടുതലായി കാണുകയും ചെയ്യും. ചിലര്‍ക്ക് ഇതോടൊപ്പം അണ്ഡാശയമുഴയും കാണാം.
മുന്തിരിക്കുല ഗര്‍ഭത്തിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയാണ്?
ഇതിന്റെ Complications ആയി അമിതരക്തസ്രാവം, അണുബാധ, രോഗം ഗര്‍ഭാശയത്തിലേക്കാഴ്ന്നിറങ്ങുക, choreocarcianoma (കോറിയോ കാഴ്‌സിനോമ) എന്ന പ്രത്യേകതരം ക്യാന്‍സര്‍ തുടങ്ങിയവ ഉണ്ടാകാം.
Vesicular Mole (മുന്തിരിക്കുലഗര്‍ഭം)ന് എന്താണ് ചികിത്സ?
Bleeding കണ്ടയുടന്‍ തന്നെ ഡോക്ടറെ സമീപിച്ച് വിദഗ്ധപരിശോധന നടത്തിയാല്‍ രോഗം നേരത്തേ കണ്ടുപിടിക്കാനാകും. Blood ഏര്‍പ്പാടാക്കിയതിനുശേഷം suction apparatus ന്റെ സഹായത്തോടെ ശസ്ത്രക്രിയ ചെയ്താണ് മുന്തിരിക്കുല ഗര്‍ഭം നീക്കുന്നത്. ഇതിന് ശേഷം Hormone test ഉം Scanning ഉം നോര്‍മല്‍ ആകുന്നതു വരെ ചെയ്യണം. സാധാരണ ശസ്ത്രക്രിയയ്ക്ക് ശേഷം ആറാഴ്ചയ്ക്കുള്ളില്‍ നോര്‍മല്‍ ആകണം. ഹോര്‍മോണ്‍ നോര്‍മല്‍ ആകാന്‍ വൈകുന്നവര്‍ക്ക് anticanurous (Cancer ന് എതിരെയുള്ള) Medicine ആവശ്യമായി വന്നേക്കാം. ഇങ്ങനെയുള്ളവര്‍ ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അടുത്ത ഗര്‍ഭം രണ്ടുവര്‍ഷത്തേയ്ക്ക് തടയണം.
ഗര്‍ഭാരംഭ ദശയിലെ bleeding ന് വേണ്ടവിധം പ്രാധാന്യവും ശ്രദ്ധയും കൊടുത്ത് ഡോക്ടറുടെ വിദഗ്ധ ഉപദേശവും ചികിത്സയും തേടിയാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനാകും.

കടപ്പാട്-http:our-health.in

അവസാനം പരിഷ്കരിച്ചത് : 5/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate