ഭൂമിയിലെ ജൈവവ്യവസ്ഥയെ നശിച്ചുപോകാതെ നിലനിര്‍ത്തുന്നതില്‍ സുപ്രധാനപങ്കുവഹിക്കുന്ന ഒരു അത്ഭുത പ്രതിഭാസമത്രേ. യഥാര്‍ത്ഥത്തില്‍, Precipitation എന്നറിയപ്പെടുന്ന, വായുവിലടങ്ങിയിരിക്കുന്ന നീരാവി ജലമായിമാറി ഭൂമിയില്‍ തിരികെയെത്തുന്ന കുറേ പ്രതിഭാസങ്ങളില്‍ സുപ്രധാനമായ ഒന്നാണ് മഴ.
സമുദ്ര ജലം എപ്പോഴും നീരാവിയി മാറുന്നുണ്ട്, എന്നാല്‍ അതെല്ലാം മഴയായി ദിവസവും ഭൂമിയില്‍ പതിക്കാത്തതെന്തുകൊണ്ട്? മഴക്കോള് ഉണ്ടെങ്കിലും ചിലപ്പോള്‍ മഴ പെയ്യാതെ അവ ഒഴിഞ്ഞുപോകുന്നതെന്തുകൊണ്ട്? മണ്‍സൂണ്‍ കൃത്യമായി ഒരു കാലയളവില്‍ എല്ലാവര്‍ഷവും ഉണ്ടാകുന്നതെങ്ങനെ? ഭൂമിയിലെ എല്ലാ സ്ഥലങ്ങളിലും ഒരേപോലെ മഴ ലഭിക്കാത്തതെന്തുകൊണ്ടാണ്? അതിരാവിലേ തുടങ്ങി നിര്‍ത്താതെ പെയ്യുന്ന ഇടവപ്പാതിയും, ഉച്ചയ്ക്കുശേഷം പൊടുന്നനേ ആരംഭിച്ച്, മിന്നലിന്റെയും, കാറ്റിന്റേയും അകമ്പടിയോടെ ആര്‍ത്തലച്ചു പെയ്യുന്ന തുലാവര്‍ഷവും തമ്മിലുള്ള വ്യത്യാസമെന്ത്? ഇങ്ങനെ മഴയെപ്പറ്റി ചോദിക്കാനാണെങ്കില്‍ നൂറുകൂട്ടം ചോദ്യങ്ങള്‍.
ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് ഏറ്റവും അത്യന്താപേക്ഷിതമായ ഘടകങ്ങള്‍ ഏതൊക്കെ എന്നു ചോദ്യത്തിന് "വായുവും ജലവും" എന്ന ഉത്തരം ആര്‍ക്കും അറിയാവുന്നതാണ്. ശ്വസിക്കുവാന്‍ വായുവും കുടിക്കുവാന്‍ വെള്ളവും എന്ന രണ്ട് പ്രാഥമിക കര്ത്തവ്യങ്ങള്മാത്രമല്ല ഈ രണ്ടു മാധ്യമങ്ങള്‍ക്ക് ജൈവസന്ധാരണത്തിനായി നല്കുവാനുള്ളത്. ഭൂമുഖത്തെ കാലാവസ്ഥ ഇന്നത്തെ അനുകൂല സാഹചര്യങ്ങളില്‍ നില നിര്‍ത്തുന്നത് ഈ വായുമണ്ഡലമാണ്. ലളിതമായി പറഞ്ഞാല്‍ വായു മണ്ഡലത്തിലെ കാറ്റിന്റെ ഗതിവിഗതികളാണ് ഒരു സ്ഥലത്തെ കാലാവസ്ഥ ചൂടോ, മഴയോ, മഞ്ഞോ, തണുപ്പോ എന്നു നിശ്ചയിക്കുന്നത്.
ഭൂമിയിലെ ജലം തുടര്‍ച്ചയായ ഒരു ചാക്രിക ചലനത്തില്‍ (cyclic movement - hydrologic cycle) ഏര്‍പ്പെട്ടിരിക്കുന്നു. സമുദ്രത്തിലെയും മറ്റു ജലാശയങ്ങളിലേയും ജലം സൂര്യതാപത്താല്‍ നീരാവിയായിമാറി വായുവിനോടു കലരുന്നു. അന്തരീക്ഷവായുവിലെ ഈ നീരാവി അനുകൂല സാഹചര്യങ്ങളില്‍ ജലകണങ്ങള്ളായി മാറി, മഞ്ഞായും, മഴയായും, ആലിപ്പഴവര്ഷമായും, ഹിമപാതമായും (forms of precipitation) വീണ്ടും ഭൂമിയില്‍ പതിക്കുന്നു. ഈ ജലത്തിന്റെ ഒരു ഭാഗം ഭൂമിയിയിലെ ജൈവവ്യസ്ഥിതിയുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുനു, ബാക്കി തിരികെ സമുദ്രത്തിലേക്ക് തന്നെ എത്തുന്നു. ചുരുക്കത്തില്‍, ഹിമം, ജലം, നീരാവി ഇതിലേതെങ്കിലും ഒരു രൂപത്തില്‍, ഒരിക്കലും അവസാനിക്കാത്ത - അവസാനിക്കാന്‍ പാടില്ലാത്ത - ഒരു ചാക്രിക സംവിധാനത്തിലൂടെ ജലത്തിന്റെ ഈ ചലനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
മഴയുണ്ടാകുന്നതെങ്ങനെ എന്നു മനസ്സിലാക്കുന്നതിന് ഭൂമിയുടെ അന്തരീക്ഷത്തെപ്പറ്റി അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. നമുക്ക് കാണാന്‍ സാധിക്കാത്ത, എന്നാല്‍ അതിന്റെ ചലനങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്ന ഈ വായു മണ്ഡലം, ഭൂമിക്കു ചുറ്റുമുള്ള ഒരു വാതക കവചമാണ്. ഏകദേശം 11 കിലോമീറ്റര്‍ ഉയരം വരെയുള്ള വായുമണ്ഡലമാണ് ഏറ്റവും "കട്ടിയേറിയ" ഭാഗം. അതിനു മുകളില്‍ 100 മുതല്‍ 120 കിലോമീറ്ററുകളോളം ഉയരത്തില്‍ വായുമണ്ഡലത്തിന്റെ സാന്നിധ്യം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ള ഈ വായു സമുദ്രത്തെ, ഒരു കഷ്ണം കേക്ക് മുറിക്കുന്നതുപോലെ, ഒരു മീറ്റര്‍ നീളംxഒരു മീറ്റര്‍ വീതി, 110 കിലോമീറ്റര്‍ ഉയരം എന്നിങ്ങനെയുള്ള ഒരു കഷ്ണമായി മുറിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. ആ കഷ്ണത്തിന്റെ ഭാരം ഏകദേശം 10 ടണ്‍ ആയിരിക്കും! ഇത്രയും ഭാരത്തിന്റെ വലിയൊരംശം "തലയില്‍ വാഹിച്ചുകൊണ്ടാണ്" നാമോരോരുത്തരും ജീവിക്കുന്നത് എന്നറിയുമ്പോഴാണ് അത്ഭുതം തോന്നുക.
വായുമണ്ഡലത്തെ ഒരു സമുദ്രത്തോട് ഉപമിക്കുകയുണ്ടായല്ലോ? നമുക്കറിയാവുന്ന, ജലം കൊണ്ടു നിറഞ്ഞ സമുദ്രത്തിന്റെ (ജലാശയത്തിന്റെ) ചില പ്രത്യേകതകള്‍, വായു സമുദ്രത്തിനും ഉണ്ട്. അവ ലളിതമായി മനസ്സിലാക്കുവാന്‍ ഈ ഉദാഹരണങ്ങള്‍ സഹായമാവും. കിണറില്‍ നിന്ന് ഒരു തൊട്ടി വെള്ളം കോരുന്നു എന്നിരിക്കട്ടെ. കോരിമാറ്റിയ ജലത്തിന്റെ സ്ഥാനത്തേക്ക് ചുറ്റുവട്ടത്തുനിന്നും ഉടനടി ജലം വന്ന് നിറയും - നാം കാണുകപോലും ചെയ്യുന്നതിനു മുമ്പ്. അതുപോലെ വായു മണ്ഡലത്തിലും സംഭവിക്കുന്നു. ഒരുസ്ഥലത്തെ വായു മുകളിലേക്കുയര്‍ന്നാല്‍, മറ്റൊരിടത്തേക്ക് സഞ്ചരിച്ചാല്‍, ആ സ്ഥാനത്തേക്ക് ചുറ്റുപാടും നിന്നുള്ള വായു വന്ന് നിറയും.
സമുദ്രത്തില്‍ ജലപ്രവാഹങ്ങള്‍ ഉള്ളതുപോലെ വായു മണ്ഡലത്തിലും "പ്രവാഹങ്ങള്‍" ഉണ്ട് എന്നതാണ് രണ്ടാമത്തെ പ്രത്യേകത. ഈ പ്രവാഹങ്ങളെ നാം "കാറ്റ്" എന്നു വിളിക്കുന്നു.
ഒരു പാത്രത്തിലെ ജലത്തെ ചൂടാക്കിയാല്‍, ചൂടായ വെള്ളം മുകള്ത്തട്ടിലേക്കുയരുകയും, പകരം തണുത്തജലം മുകള്‍ത്തട്ടില്‍നിന്നും ആ ഭാഗത്തേക്ക് എത്തിച്ചേരുകയും ചെയ്യും. ഇതേ പ്രതിഭാസം വായുമണ്ഡലത്തിലും നടക്കുന്നുണ്ട്. (പക്ഷേ വായുമണ്ഡലത്തെ മുഴുവനായി ഒരു പാത്രത്തിലെ ജലമായി കരുതരുതേ!) ഭൂതലത്തോട് തൊട്ടടുത്തുള്ള ചൂടായ വായു കുമിളകള്‍ പോലെ അന്തരീക്ഷത്തിലേക്ക് ഉയരും. പകരം തണുത്തവായു അതിനു തൊട്ടു മുകളില്‍നിന്നോ (താരതമ്യേന തണുത്ത വശങ്ങളില്‍നിന്നോ) ആ സ്ഥാനത്തേക്കെത്തും. ഈ രീതിയിലുള്ള വായൂചലനങ്ങളാണ് കാറ്റിനും, തന്മൂലം കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും കാരണമാകുന്നത്.
സമുദ്രനിരപ്പില്‍നിന്നും മുകളിലേക്ക് പോകുന്തോറും അന്തരീക്ഷതാപനില കുറഞ്ഞുവരുന്നു. അതുകൊണ്ടാണ് മൂന്നാര്‍, ഊട്ടി, കൊഡൈക്കനാല്‍ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ നല്ല തണുപ്പുള്ള കാലാവസ്ഥയും, അതിലും ഉയരമുള്ള ഹിമാലയന്‍ പര്‍വ്വതനിരകളില്‍ മഞ്ഞ്പാളികളും കാണപ്പെടുന്നത്. വിമാനങ്ങളില്‍ സഞ്ചരിച്ചിട്ടുള്ളവര്‍ അതിലെ സ്ക്രീനില്‍ തെളിഞ്ഞുവരുന്ന താപ- മര്‍ദ്ദ -വേഗത-ദൂര വിവരങ്ങളടങ്ങിയ ഡാറ്റാ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. വിമാനം സഞ്ചരിക്കുന്ന 36000 അടി ഉയരത്തില്‍ (ഏകദേശം പത്തുകിലോമീറ്റര്‍), പുറത്തെ താപനില മൈനസ് 40 ഡിഗ്രി സെല്‍ഷ്യസ് ആണ്.
അടുത്തതായി പരിചയപ്പെടേണ്ടത് അന്തരീക്ഷ മര്‍ദ്ദം എന്താണെന്നതാണ്. എന്താണ് ന്യൂനമര്‍ദ്ദം, ഉച്ചമര്‍ദ്ദം തുടങ്ങിയ വാക്കുകള്‍ സൂചിപ്പിക്കുന്നത്? മേല്‍പ്പറഞ്ഞ "വായു കേക്ക് കഷ്ണത്തിന്റെ" ഉദാഹരണത്തില്‍, വായുവിന്റെ ഭാരം ഭൂതലത്തിലും അന്തരീക്ഷത്തിലുമുള്ള എല്ലാ വസ്തുക്കളിലും അനുഭവപ്പെടുന്നുണ്ടെന്നു പറഞ്ഞല്ലോ? ഇങ്ങനെ, ഒരു നിശ്ചിത സ്ഥലത്ത് (area) അനുഭവപ്പെടുന്ന വായു സമ്മര്‍ദ്ദത്തെയാണ് അന്തരീക്ഷ മര്‍ദ്ദം എന്നു വിളിക്കുന്നത്. ഇത് സമുദ്രനിരപ്പില്‍ 14.7 psi (psi = pounds per square inch) എന്നു കണക്കാക്കിയിരിക്കുന്നു. ഒരു ഏകദേശക്കണക്കില്‍ പറഞ്ഞാല്‍, ഒരു ഒരു രൂപ നാണയത്തിന്റെ അത്രയും വട്ടത്തില്‍ 14.7 പൗണ്ട് (6.68 kg) ഭാരം വച്ചാലുള്ള അവസ്ഥ. അന്തരീക്ഷത്തില്‍ ഭൂമിയില്‍നിന്നു മുകളിലേക്ക് പോകുന്തോറും അന്തരീക്ഷമര്‍ദ്ദം കുറയുന്നു. കേക്ക് കഷ്ണം താഴെ നിന്നും രണ്ടുകിലോമീറ്റര്‍ മുകളില്‍ വച്ചു മുറിക്കുന്നു എന്നിരിക്കട്ടെ. ബാക്കി മുകളിലേക്കുള്ള ഭാഗത്തിന്റെ ഭാരം ആദ്യമുണ്ടായിരുന്ന കഷ്ണത്തേക്കാള് കുറവായിരിക്കുമല്ലോ? അപ്പോള്‍ രണ്ടുകിലോമീറ്റര്‍ ഉയരത്തില്‍ ഇരിക്കുന്ന ഒരു വസ്തുവില്‍ അനുഭവപ്പെടുന്ന വായുവിന്റെ ഭാരം, ഭൂതലത്തില്‍ സ്ഥിതിചെയ്യുന്ന ഒരു വസ്തുവിന്റെമേല്‍ അനുഭവപ്പെടുന്നത്ര ഉണ്ടാവില്ല. അതിനാല്‍ അവിടെ മര്‍ദ്ദം കുറവാണ് എന്നു സാരം.
മേഘങ്ങള്‍ പലരൂപത്തില്‍ കാണപ്പെടുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ? ഒരു നാടപോലെ നീണ്ട്, തൂവല്‍ പോലെ മൃദുലമായ വശങ്ങളോടുകൂടിയവ, ചെറിയമേഘശകലങ്ങള്‍ നിരത്തി ഉണങ്ങാനിട്ടപോലെ കാണപ്പെടുന്നവ, ഇടവപ്പാതി എത്തുമ്പോഴേക്കും ആകാശം മുഴുവന്‍ നിറഞ്ഞ് നിര്‍ത്താതെ മഴപെയ്യിക്കുന്നവ, തുലാവര്‍ഷകാലത്ത് പെട്ടന്ന് ഇരുണ്ടുമൂടി, കാറ്റിന്റേയും ഇടിയുടേയും അകമ്പടിയോടെ കറുത്തിരുണ്ട് വരുന്നവ എന്നിങ്ങനെ പലതരത്തില്‍പ്പെട്ട മേഘങ്ങളെ നാം കണ്ടിട്ടുണ്ട്. ഇവയേയൊക്കെ പ്രത്യേകരീതിയില്‍ തരംതിരിച്ചാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ വിളിക്കുന്നത്.
അന്തരീക്ഷവായുവിലുള്ള നീരാവി ഘനീഭവിച്ച് ഹിമകണങ്ങള്‍, ജലകണങ്ങള്‍, മഴ, മഞ്ഞ് ഇവയിലേതെങ്കിലും ഒരു രൂപത്തിലായിമാറുന്ന പ്രക്രിയയെയാണ് Precipitation എന്നു പറയുന്നത്. എല്ലാ മേഘങ്ങളും, ഇവയിലേതെങ്കിലും ഒരു രൂപത്തിലുള്ള ജലതന്മാത്രകള്‍ വഹിച്ചിരിക്കുന്നു. മേഘങ്ങളെ അവയുടെ രൂപത്തിന്റെ (shape) അടിസ്ഥാനത്തിലും അവ സ്ഥിതിചെയ്യുന്ന ഉയരത്തിന്റെ (altitude) അടിസ്ഥാനത്തിലും തരം തിരിച്ചിരിക്കുന്നു. ഓരോ ഇനങ്ങളേയും സൂചിപ്പിക്കുന്ന പേരും ഉണ്ട്.
രൂപത്തിന്റെ അടിസ്ഥാനത്തില്‍, പ്രധാനമായും മൂന്നു പേരുകളില്‍ ഇവ അറിയപ്പെടുന്നു.
സ്ട്രാറ്റസ് (stratus) - ഒരു പാളിപോലെ കാണപ്പെടുന്നു, കൃത്യമായ അരികുകളില്ല
ക്യുമുലസ് (cumulus) - ഒരു കൂന, കൂമ്പാരം പോലെ കാണപ്പെടുന്നു. കൃത്യമായ അരികുകള്‍ ഉണ്ട്
സീറസ് (cirrus) - നാട, നാര്, തൂവല്‍ തുടങ്ങിയ ആകൃതിയില്‍, വളരെ മൃദുവായി തോന്നുന്ന അരികുകള്‍ ഉണ്ടായിരിക്കും
ഇനി ഇവയോരോന്നും ആകാശവിതാനത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ കാണപ്പെടുന്നു എന്നു നോക്കാം.
ഇതില്‍ കാണിച്ചിരിക്കുന്നതുപോലെ ഭൂതലത്തില്‍നിന്നും മുകളിലേക്ക് അന്തരീക്ഷത്തെ മൂന്നു വ്യത്യസ്ത മേഖലകളായി കാലാവസ്ഥാ നിരീക്ഷകര്‍ തിരിച്ചിരിക്കുന്നു. സമുദ്രനിരപ്പില്‍നിന്നും ഏകദേശം 2 കിലോമീറ്റര്‍ വരെയുള്ള ഭാഗത്തെ നിമ്നതലം (lower level) എന്നും ആ ഭാഗത്ത് രൂപംകൊള്ളുന്ന മേഘങ്ങളെ low level clouds എന്നും വിളിക്കുന്നു. അതിനുമുകളില്‍ 6 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഭാഗത്തെ മധ്യതലം (mid level) എന്നും ആ ഭാഗത്ത് കാണപ്പെടുന്ന മേഘങ്ങളെ mid level clouds എന്നും വിളിക്കുന്നു. ആറുമുതല്‍ ഏകദേശം 13 കിലോമീറ്റര്‍ വരെയുള്ള വായുമണ്ഡലത്തെ ശീര്‍ഷതലം(high level) എന്നും ആ ഭാഗത്തെ കാണപ്പെടുന്ന മേഘങ്ങളെ high level clouds എന്നും വിളിക്കുന്നു.
ചിത്രത്തില്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കു പരിചയമുള്ള പല മേഘരൂപങ്ങളെയും അവ സ്ഥിതിചെയ്യുന്ന തലങ്ങളെയും എളുപ്പം മനസ്സിലാകും. മേഘങ്ങളുടെ പേരുകള്‍ക്ക് രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കും. ഒന്നാമത്തെ ഭാഗം ആ മേഘം ഏതു തലത്തിലാണ് കാണപ്പെടുന്നതെന്നും, രണ്ടാമത്തെ ഭാഗം ആ മേഘത്തിന്റെ രൂപത്തെയും കുറിക്കുന്നു. ഉദാഹരണങ്ങള്‍ "ആള്‍ട്ടോ-ക്യുമുലസ്", "സിറോ-ക്യുമുലസ്"https://static.vikaspedia.in/media_vikaspedia/ml/images/energy/d2ad30d3fd38d4dd25d3fd24d3f/d05d28d4dd24d30d40d15d4dd37d02-1/2.png"സിറോ" (cirro) എന്നും മധ്യതല മേഘങ്ങളുടെ പേരിനൊപ്പം"ആള്‍ട്ടോ" (alto) എന്നും സൂചിപ്പിച്ചിരിക്കും. ഏറ്റവും താഴെയുള്ള നിമ്നതലമേഘങ്ങളുടെ പേരിനൊപ്പം ഇത്തരത്തില്‍ ഉയരം സൂചിപ്പിക്കുന്ന വാക്കുകള്‍ ഉണ്ടാവില്ല; അവയുടെ രൂപം മാത്രമേ പറയാറുള്ളൂ. മനസ്സിലാവാന്‍ പ്രയാസമുണ്ടോ? വിഷമിക്കേണ്ട. താഴെപ്പറയുന്ന ഫോട്ടോകള്‍ കണ്ടുകഴിയുമ്പോള്‍ ഇത് എളുപ്പം മനസ്സിലാവും.
ഇനി യഥാര്‍ഥ മേഘചിത്രങ്ങളിലേക്ക്. അന്തരീക്ഷത്തിന്റെ ഏറ്റവും മുകള്‍ത്തട്ടില്‍നിന്ന് നമുക്ക് ആരംഭിക്കാം. ആകാശത്തിന്റെ മുകള്‍ത്തട്ടിലായി മിനുമിനുത്തൊരു സില്‍ക്ക് ഷാള്‍ പോലെ, നാടകെട്ടിയതുമാതിരിയുള്ള മേഘങ്ങളെ കണ്ടിട്ടില്ലേ? താഴെയുള്ള ചിത്രം ശ്രദ്ധിക്കൂ. ഇവയാണ് "സിറസ്" (cirrus) എന്നറിയപ്പെടുന്ന മേഘങ്ങള്‍.
"സിറസ്" എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ത്ഥം curly, നാരുപോലെയുള്ള എന്നൊക്കെയാണ്. നിശ്ചലമായി, ഒരേസ്ഥലത്ത് കുറേയേറെനേരം ഇവയുണ്ടാവും, സൂര്യന് ഉയര്ന്നതലങ്ങളില് നില്ക്കുമ്പോള് തൂവെള്ളനിറത്തിലായിരിക്കും ഇവ കാണപ്പെടുക. അന്തരീക്ഷത്തിന്റെ ശീര്‍ഷമേഘലയില്‍ (high level) മാത്രമേ ഇവയെ കാണുകയുള്ളൂ. ഭൗമാന്തരീക്ഷത്തില്‍ മുകളിലേക്കു പോകുന്തോറും ഊഷ്മാവ് കുറഞ്ഞുവരുന്നു സിറസ് മേഘങ്ങള്‍ കാണപ്പെടുന്ന 6 കിലോമീറ്ററിനും മുകളിലുള്ള മേഖലയിലെ താപനില -40°C യ്കും താഴെയാണ്. മൈനസ് 40 എന്നു പറഞ്ഞാല്‍ ജലം തണുത്ത് ഐസായിമാറുന്ന പൂജ്യം ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ 40 ഡിഗ്രി താഴെ എന്നര്‍ത്ഥം. ഇത്രയും വലിയ കൊടുംതണുപ്പില്‍ വായുവിലുള്ള ജലബാഷ്പം ജലകണങ്ങളായല്ല, ഐസ് ക്രിസ്റ്റലുകളായിത്തന്നെയാണ് കാണപ്പെടുന്നത്.
അതിനാല്‍ സിറസ് മേഘങ്ങള്‍ ഐസ് ക്രിസ്റ്റലുകള്‍ തന്നെയാണ്, വളരെ നേരിയവ. അതുകൊണ്ടാണ് സൂര്യപ്രകാശത്തില്‍ തട്ടിത്തിളങ്ങി അവ തൂവെള്ളനിറത്തില്‍ കാണപ്പെടുന്നത്. ഉദയാസ്തമന വേളകളില്‍ ചുവപ്പുനിറത്തിലും ചാരനിറത്തിലും, സൂര്യപ്രകാശത്തിന്റെ നിറവ്യത്യാസമനുസരിച്ച് ഇവയുടെ നിറവും മാറും.
മറ്റുചില അവസരങ്ങളില്‍, ആകാശം "കൊത്തിക്കിളച്ചിട്ടതുമാതിരി" മേഘശകലങ്ങള്‍ നിരത്തിയിട്ടിരിക്കുന്നതുപോലെ കണ്ടിട്ടില്ലേ? താഴെയുള്ള ചിത്രം നോക്കൂ. ഇംഗ്ലീഷുകാര്‍ ഇതിനെ (mackerel sky) അഥവാ "മീന്‍ചെതുമ്പല്‍ പോലെയുള്ള ആകാശം" എന്നു പറയും.
ഈ മേഘങ്ങളും ശീര്‍ഷതലത്തിലാണ് (high level) സ്ഥിതിചെയ്യുന്നത്. ഉള്ളില്‍ ഐസ് ക്രിസ്റ്റലുകള്‍ തന്നെ. പക്ഷേ ആകൃതിക്ക് വ്യത്യാസമുണ്ട് - ചെറിയ കൂനകള്‍ / കൂമ്പാരങ്ങളാണിവ - "ക്യുമുലസ്" ആകൃതി. അപ്പോള്‍ ഇവയുടെ പേര് എങ്ങനെ പറയാം? ശീര്‍ഷതലത്തിലായതിനാല്‍ "സിറോ" എന്ന് പേരിന്റെ ആദ്യ ഭാഗം. കൂമ്പാരം പോലെയായതിനാല്‍ "ക്യുമുലസ്" എന്ന് രണ്ടാം ഭാഗം. അപ്പോള്‍ മുഴുവന്‍ പേര് "സിറോ-ക്യുമുലസ് (cirro-cumulus).
സിറോ-ക്യുമുലസ് മേഘങ്ങള്‍ക്കിടയില്‍ നിഴല്‍ ഉണ്ടാവില്ല എന്നത് അവയുടെ പ്രത്യേകതയാണ്.
ചില പകല്‍സമയങ്ങളിലും, നിലാവുള്ള ചില രാത്രികളിലും സൂര്യന് (രാത്രിയെങ്കില്‍ ചന്ദ്രന്) ചുറ്റും ഒരു പ്രഭാവലയം കാണാം. തെക്കന്‍ കേരളത്തില്‍ ഇതിന് "കുടവളച്ചില്‍" എന്നാണ് പറയുന്നത്. ഇത് എങ്ങനെയാണ് രൂപപ്പെടുന്നതെന്നറിയാമോ? മറ്റൊരുതരം സിറോ (high level) മേഘങ്ങളാണ് ഇതുണ്ടാക്കുന്നത്. മൂടല്‍മഞ്ഞുപോലെ ശീര്‍ഷതലത്തില്‍ ഒരു പാളിയായി കാണപ്പെടുന്ന മേഘങ്ങളിലെ ഐസ് ക്രിസ്റ്റലുകളില്‍, സൂര്യപ്രകാശം പതിക്കുമ്പോള്‍, പ്രകാശം അതിന്റെ വര്‍ണ്ണങ്ങളായി വേര്‍പിരിയുന്നു - ഒരു പ്രിസത്തില്‍ സംഭവിക്കുന്നതുപോലെ. താഴെനിന്നും നോക്കുമ്പോള്‍ വൃത്താകൃതിയില്‍ ഒരു പ്രത്യേക വ്യാസത്തില്‍ ഇതൊരു വളയമായി സൂര്യനു ചുറ്റും കാണപ്പെടുന്നു. താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഇത്തരമൊരു ചെറുവളയം പ്രത്യക്ഷപ്പെടുന്നതു കാണാം.
ഇനി ഈ മേഘങ്ങള്‍ക്ക് പേരുനല്‍കുന്നതെങ്ങനെ എന്നു നോക്കാം. ഈ മേഘങ്ങള്‍ high level clouds ആയതുകൊണ്ട് "സിറോ" എന്ന വാക്ക് ഉയരത്തെ സൂചിപ്പിക്കാനായി കൊടുക്കുന്നു. അടുത്തതായി, ഈ മേഘങ്ങളുടെ രൂപം നാടപോലെയോ, കൂമ്പാരം പോലെയോ അല്ല, പിന്നെയോ ഒരു പാളിപോലെ (മഞ്ഞുപോലെ) "സ്ട്രാറ്റസ്" ആണ്. അപ്പോള്‍ ഇത്തരം മേഘങ്ങളുടെ പേര് "സിറോ-സ്ട്രാറ്റസ്" (cirro-stratus).
ശീര്‍ഷമേഘലയില്‍ കാണപ്പെടുന്ന മൂന്നുതരം മേഘങ്ങളെയും നാം പരിചയപ്പെട്ടുകഴിഞ്ഞു. ഇനി മധ്യമേഖലയിലേക്ക് കടക്കാം.
ഭൂതലത്തില്‍ നിന്നും രണ്ടുകിലോമീറ്ററിനു മുകളില്‍ ആറുകിലോമീറ്റര്‍ വരെയുള്ള അന്തരീക്ഷമേഖലയാണ് ഇത് എന്നു പറഞ്ഞുവല്ലോ. ഇവിടെ രണ്ടുതരം മേഘങ്ങളാണ് കാണപ്പെടുന്നത്. ചെറിയ കൂമ്പാരങ്ങളും (cumulus) മൂടല്‍മഞ്ഞുപാളിപോലെയുള്ള സ്ട്രാറ്റസ് മേഘങ്ങളും.
മധ്യപാളിയിലെ മേഘങ്ങളുടെ പേരിനോടൊപ്പം ഉയരം സൂചിപ്പിക്കാനായി "ആള്‍ട്ടോ" എന്ന വാക്കാണ് ചേര്‍ക്കുന്നത്. അപ്പോള്‍ ഈ മേഘങ്ങളെ യഥാക്രമം ആള്‍ട്ടോ ക്യുമുലസ് എന്നും ആള്‍ട്ടോ സ്ട്രാറ്റസ്എന്നും വിളിക്കാം.
ആള്‍ട്ടോ ക്യുമുലസ് മേഘങ്ങളും ആകാശം കൊത്തിയിളക്കിമാതിരിയാണ് കാണപ്പെടുന്നത്. പക്ഷേ സിറോക്യുമുലസുകളേക്കാള്‍ വലിയ കഷണങ്ങളായിരിക്കും എന്നു മാത്രം. താഴെക്കൊടുത്തിരിക്കുന്ന ഫോട്ടോ നോക്കൂ.
മേഘങ്ങള്‍ക്കിടയില്‍ ചാരനിറത്തിലുള്ള നിഴലുകള്‍ ശ്രദ്ധിക്കുക. ഇതാണ് സിറോ-ക്യുമുലസ് മേഘങ്ങളുമായി ഇവയ്ക്കുള്ള വ്യത്യാസം.
ചിലദിവസങ്ങളില്‍ സൂര്യബിംബത്തെ പ്രകാശം കുറഞ്ഞ ഒരു ഗോളമായി നഗ്നനേത്രങ്ങളാല്‍ കാണാന്‍ സാധിക്കുമല്ലോ? ആള്‍ട്ടോ മേഖലയില്‍ കാണപ്പെടുന്ന സ്ട്രാറ്റസ് (മഞ്ഞുപോലെയുള്ള) മേഖങ്ങളാണ് സൂര്യപ്രകാശത്തെ ഈ അവസരങ്ങളില്‍ തടയുന്നത്. ഈ മേഖലയിലുള്ള മേഘങ്ങളും ഐസ് ക്രിസ്റ്റലുകളാല്‍ നിര്‍മ്മിതമാണ്, ജലത്തുള്ളികളല്ല. വിമാനത്തില്‍നിന്നും എടുത്ത ഒരു ഫോട്ടോ താഴെക്കൊടുക്കുന്നു. ഇതില്‍ മൂടല്‍മഞ്ഞുപോലെ കാണപ്പെടുന്നത് ആള്‍ട്ടോ സ്ട്രാറ്റസ് (alto stratus) മേഘങ്ങളാണ്.
ഇനി നിമ്നതലമേഖങ്ങളെ (low level clouds) പരിചയപ്പെടാം.ഭൂതലത്തില്‍നിന്നും പരമാവധി രണ്ടു കിലോമീറ്റര്വരെഉയരത്തിലാണ് ഇവ കാണപ്പെടുന്നത്. ഇവിടെയുള്ളമേഘങ്ങളെയാണ് നമുക്ക് ഏറ്റവും പരിചയമുള്ളവ.
മഴമേഘങ്ങളും ഈ മേഖലയില്‍ മാത്രമാണ് കാണപ്പെടുന്നത്. ഇവിടെയും മേഖങ്ങളുടെ ആകൃതിക്കനുസരിച്ച് ക്യുമുലസ് (കൂമ്പാരം പോലെ), സ്ട്രാറ്റസ് (മൂടല്‍മഞ്ഞുപോലെ) എന്നു തന്നെയാണ് പേരുനല്കുന്നത്. എന്നാല്‍ ഉയരം സൂചിപ്പിക്കുന്ന വാക്കുകള്‍ പേരിനോടൊപ്പം ഉണ്ടാവില്ല.
ഈ മേഖലയിലുള്ള മേഘങ്ങളുടെ പേരിനോടൊപ്പം "നിംബോ" (nimbo) എന്ന വാക്ക് ഉണ്ടെങ്കില്‍ അവ മഴമേഘങ്ങളാണെന്ന് അര്‍ത്ഥം. രണ്ടുവിധത്തിലുള്ള മഴമേഘങ്ങളേയുള്ളൂ. 1 നിംബോ സ്റ്റ്രാറ്റസ്, 2 നിംബൊ ക്യുമുലസ് (ഇവയെ ക്യുമുലോ നിംബസ് എന്നും വിളിക്കാറുണ്ട്). ഈ മേഖലയിലുള്ള മേഘങ്ങളുടെ ഫോട്ടോകള്‍ ഇനി കാണാം.
ഇവയാണ് ക്യുമുലസ് മേഘങ്ങള്‍. വെളുത്ത് ഉരുണ്ട പഞ്ഞിക്കെട്ടുകള്‍പോലെ ആകാശത്തിന്റെ താഴ്ന്ന തലങ്ങളില്‍ ഇവ മഴക്കാലത്തോടടുത്ത സമയങ്ങളില്‍ കാണപ്പെടും. കേരളത്തില്‍ വളരെ സാധാരണമാണിവ. നീലാകാശത്ത്, വ്യക്തമായ അതിരുകളോടുകൂടിയാണ് ഇവ കാണപ്പെടുന്നത്.
supersaturated ആയ വായുവിലെ നീരാവി ഘനീഭവിച്ച് ജലകണങ്ങളായി മാറിയവയാണ് ഈ മേഖങ്ങള്‍. ഇവയക്കുള്ളിലെ വായുപ്രവാഹത്തിനനുസരിച്ച് ഇവയുടെ ആകൃതി മാറിക്കൊണ്ടേയിരിക്കും. അനുകൂല സാഹചര്യങ്ങളില്‍ ഇവയ്ക്ക് മഴമേഘങ്ങളായി മാറാന്‍ സാധിക്കും. എങ്കിലും ഒറ്റയായി കാണപ്പെടുമ്പോള്‍ തെളിഞ്ഞകാലാവസ്ഥയായിരിക്കു ഉണ്ടായിരിക്കുക.
താഴെയുള്ള ഫോട്ടോ നോക്കൂ. ഇവയാണ് സ്ട്രാറ്റസ് മേഘങ്ങള്‍
സ്ട്രാറ്റസ് മേഘ്ങ്ങളും ജലകണികകള്‍ തന്നെയാണ്. എന്നാല്‍ ക്യുമുലസ് മേഖങ്ങളെപ്പോലെ ഇവയ്ക്ക് വ്യക്തമായ അതിരുകളുണ്ടാവില്ല. ആകാശം മുഴുവന്‍ "മേഘാവൃതമായിരിക്കും" എന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറയുമ്പോള്‍ ഇത്തരം മേഘങ്ങളെപ്പറ്റിയാണ് പറയുന്നത്.
സ്ട്രാറ്റസ് മേഘങ്ങള്‍ അനുകൂല സാഹചര്യങ്ങളില്‍ മഴക്കാറുകളായി മാറും. അപ്പോള്‍ ഇവയെ നിംബോ സ്ട്രാറ്റസ് (nimbo-stratus) എന്നു വിളിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന രണ്ടു ഫോട്ടോകള്‍ ഇത്തരം സ്ട്രാറ്റസ് മേഘങ്ങളുടേതാണ്.
കേരളത്തില്‍ ഇടവപ്പാതി മഴക്കാലത്ത് ഇത്തരം മേഖപാളികളെ കാണാവുന്നതാണ്.ഇങ്ങനെപെയ്യുന്ന മഴയോടൊപ്പം കാറ്റോ ഇടിമിന്നലോ ഉണ്ടാവില്ല.ഹൈറേഞ്ച് മേഖലയിലുള്ളവര്‍ക്ക് നേരിയ സ്ട്രാറ്റസ് മേഘങ്ങള്‍, മഴക്കാറില്ലാതെതന്നെ പെട്ടന്നുണ്ടാവുന്നചാറ്റല്മഴയായുംഅനുഭവപ്പെടാറുണ്ട്. സ്ട്രാറ്റസ് മേഘങ്ങളില്‍ ഉദയാസ്തമനവേളകളിലെ ചുവന്ന സൂര്യപ്രകാശം പതിക്കുമ്പോഴാണ് “ചെമ്മാനം” കാണപ്പെടുന്നത്.
അടുത്തയിനം മേഘങ്ങളാണ് ക്യുമുലോ-നിംബസ് മേഘങ്ങള്‍. മേഘങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിപ്പമേറിയ ഇനം ഇതാണ്. അന്തരീക്ഷത്തിന്റെ താഴേത്തട്ടില്‍നിന്നാരംഭിച്ച് ഇവയുടെ മേലറ്റം സീറസ് മേഖല (13 kilometer) വരെ ഉയരത്തില്‍ എത്താം! ഒരു വലിയ മേഘത്തൂണ് പോലെയാണ് ഇവ കാണപ്പെടുക. ഇവയുടെ മുകളറ്റം വളരെ ഉയരത്തില്‍ പടര്‍ന്നുകയറുന്ന ശക്തമായ കാറ്റായി കാണാവുന്നതാണ്. താഴെയുള്ള ചിത്രം നോക്കുക.
തുലാമഴയുടെ സമയത്തും, കാലവര്‍ഷത്തില്‍ വലിയ കാറ്റോടുകൂടിയ മഴയുണ്ടാകുമ്പോഴും ഈ മേഘങ്ങളെ കാണാവുന്നതാണ്.ശക്തമായ മഴയും,കാറ്റും, ഇടിയും, ചിലപ്പോഴൊക്കെ ആലിപ്പഴ വര്‍ഷവും ഈ മേഘങ്ങളുടെ പ്രത്യേകതയാണ്. ഈ മേഘത്തിനുള്ളില്‍ ശക്തിയേറിയ വായുപ്രവാഹം ഒരു കൊടുങ്കാറ്റ് പോലെ (updraft) ഉണ്ടാകുന്നുണ്ട്. ഈ മേഘങ്ങളുടെ താഴെത്തട്ടില്‍ ജലകണങ്ങളും, മുകളറ്റത്ത് ഐസ്ക്രിസ്റ്റലുകളുമാണുണ്ടാവുക. ഇവയില്‍ നടക്കുന്ന വ്യത്യസ്ത പ്രതിഭാസങ്ങള്‍ അടുത്ത പോസ്റ്റില്‍ പറയാം. ഈ മേഘങ്ങള്‍ക്ക് വളരെകട്ടിയുള്ളതിനാല്‍ (10 കിലോമീറ്റര്‍വരെ കനം!) സൂര്യപ്രകാശത്തെ അവ ഗണ്യമായി തടഞ്ഞുനിര്‍ത്തുന്നു. അതിനാലാണ് ഈ മഴമേഘങ്ങളുടെ അടിഭാഗം കറുത്തിരുണ്ട് കാണപ്പെടുന്നത്.
അല്പം ചരിത്രം: 1802 ല്‍ ലാമര്‍ക്ക് (Lamarck) ആദ്യമായി മേഘങ്ങള്‍ക്ക് പേരിടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. 1803 ല്‍ ലൂക്ക് ഹോവാര്‍ഡ് (Luke Howard) മേഘരൂപങ്ങള്‍ക്ക് ലാറ്റിന്‍ പേരുകള്‍ നിര്‍ദ്ദേശിച്ചു. 1887 ല്‍ ആബെര്‍ കോംബി, ഹില്‍ഡിബ്രാന്റ്സണ്‍ (Abercromby and Hildebrandson) എന്നീ ശാസ്ത്രജ്ഞരാണ് ഇന്നത്തെ രീതിയില്‍ ഉയരവും, ആകൃതിയും അടിസ്ഥാനമാക്കി മേഘങ്ങള്‍ക്ക് പേരുനല്‍കുന്ന പദ്ധതി ആവിഷ്കരിച്ചത്.
കാലാവസ്ഥാ റിപ്പോര്‍ട്ടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു ഏകകമാണ് (unit) ഇത്ര മില്ലിമീറ്റര്‍*, അല്ലെങ്കില്‍ ഇത്ര സെന്റീമീറ്റര്‍* മഴപെയ്തു എന്നത്. ഉദാഹരണത്തിന്, ഇന്നലെ (July 17, 2007) വടക്കന്‍ കേരളത്തിലെ ചില സ്ഥലങ്ങളില്‍ 27 സെന്റീമീറ്റര്‍ മഴ ലഭിച്ചു. അതിന്റെ അനന്തരഫലങ്ങളും ന്യൂസ് ചാനലുകള്‍ കാണിക്കുകയുണ്ടായി - വലിയ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടലുകള്‍, വീടുകള്‍ക്കുള്ളില്‍ വരെ വെള്ളം കയറാന്‍ തക്കവിധം സര്‍വ്വത്ര പ്രളയം. എങ്ങനെയാണ് മഴ മില്ലീമീറ്ററിലും സെന്റീമീറ്ററിലും അളക്കുന്നത്? എത്ര വെള്ളം ഉയര്‍ന്നു എന്നാണോ ഈ അളവില്‍ പറയുന്നത്? അല്ല.
ഒരു പ്രദേശത്ത് എത്ര അളവ് മഴ ലഭിച്ചു എന്നത് അളക്കുവാനുപയോഗിക്കുന്ന ഉപകരണമാണ് മഴ മാപിനി അഥവാ standard rain gauge. നൂറു വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇത് ഉപയോഗത്തിലെത്തിയത്. വളരെ ലളിതമാണ് ഇതിന്റെ പ്രവര്‍ത്തന തത്വം. ഒരു ഫണല്‍, അതില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു കുഴല്‍ (cylinder) ഇത്രയുമാണ് മഴമാപിനിയുടെ പ്രധാന ഭാഗങ്ങള്‍. (ചിത്രം നോക്കുക).
ഫണലിന്റെ വായ്വട്ടത്തിന്റെ (diameter) പത്തിലൊന്ന് വായ്വട്ടമായിരിക്കും സിലിണ്ടറിന്റെ വായ്വട്ടം. ഉദാഹരണം, ഫണലിന്റെ വായ 10 സെന്റീമീറ്റര്‍ വലിപ്പത്തിലാണെങ്കില്‍ കുഴലിന്റെ വായ്വട്ടം അതിന്റെ പത്തിലൊന്ന്, അതായത് ഒരു സെന്റീമീറ്റര്‍, വലിപ്പത്തിലായിരിക്കും. ചെറിയ അളവിലുള്ള വര്‍ഷപാതം പോലും കൃത്യമായി അളക്കുന്നതിനായിട്ടാണ് ഇങ്ങനെ പെരുപ്പിച്ച ഒരു അളവ് (exaggerated scale) ഉപയോഗിക്കുന്നത്.
അളവു കുഴലിന്റെ പാര്‍ശ്വത്തില്‍ മുകളിലേക്കുള്ള ഉയരം മില്ലീമീറ്ററില്‍ രേഖപ്പെടുത്തിയിരിക്കും. ചിത്രത്തില്‍ കാണുന്ന കുഴലിന് 250 മില്ലിമീറ്റര്‍ ഉയരമുണ്ട്, അതായത് ഈ മാപിനിക്ക് 25 മില്ലീമീറ്റര്‍ (2.5 സെന്റീമീറ്റര്‍) മഴ അളക്കുവാന്‍ സാധിക്കും (കാരണം കുഴലില്‍ കാണുന്ന അളവിന്റെ പത്തിലൊന്നായിരിക്കുമല്ലോ ഫണലില്‍ വീണ ജലപാതം). അപ്പോള്‍ അതില്‍ കൂടുതല്‍ മഴപെയ്താലോ? അതിനുവേണ്ടിയുള്ള സംവിധാനമാണ് മാപിനിയുടെ പുറംചട്ടക്കുഴല്‍. 25 മില്ലീമീറ്ററില്‍ കൂടുതല്‍ മഴപെയ്താല്‍, കുഴലിലെ വെള്ളം മുകളറ്റത്തുള്ള ഒരു ദ്വാരം വഴി (overflow) പുറത്തെ വലിയ കുഴലില്‍ ശേഖരിക്കപ്പെടും, ഇങ്ങനെ ശേഖരിക്കപ്പെടുന്ന വെള്ളം, മഴയ്ക്കുശേഷം, ചെറിയകുഴലുപയോഗിച്ച് അളന്നുതിട്ടപ്പെടുത്താമല്ലോ?
തുറസ്സായ ഒരു സ്ഥലത്താണ് മഴ അളക്കുന്നതിനായി മഴമാപിനി വയ്ക്കേണ്ടത്. മരങ്ങളില്‍നിന്നും, കെട്ടിടങ്ങളില്‍നിന്നും മറ്റുമുള്ള വെള്ളം ഫണലില്‍ പതിക്കാനിടവരരുത്. ഈ രീതിയിലുള്ള മഴമാപിനി കൂടാതെ, Tipping bucket gauge, weighing precipitation gauge, optical gauge എന്നീയിനം മാപിനികളും ഉപയോഗത്തിലുണ്ട്. ഒരു മണിക്കൂറോളം തോരാതെപെയ്യുന്ന ഒരു മഴ ഏകദേശം പത്തുപതിനഞ്ചു മില്ലീമീറ്ററോളം വരും - ഇതൊരു ഏകദേശക്കണക്കാണ്, കൃത്യമല്ല.
അവസാനം പരിഷ്കരിച്ചത് : 6/30/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
ഇ-മാലിന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ
അന്തരീക്ഷത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ