ഉല്‍ക്കകള്‍ എന്ന മലയാളം വാക്കിന് തുല്യമായ ഇംഗ്ലീഷ് പദങ്ങള്‍ അന്വേഷിച്ചാല്‍ asteroids, meteors, meteorites എന്നിങ്ങനെ പല വാക്കുകള്‍ കിട്ടും. എന്നാല്‍ ഇംഗ്ലീഷില്‍ ഈ പറഞ്ഞ വാക്കുകള്‍ എല്ലാം വ്യക്തമായ പരസ്പരവ്യത്യാസം ഉള്ള വസ്തുക്കളെയാണ് സൂചിപ്പിക്കുന്നതും. ഇവിടത്തെ കണ്ഫ്യൂഷന് ആദ്യം ഒഴിവാക്കിയിട്ട് നമുക്ക് മുന്നോട്ട് പോകാം. വ്യത്യസ്ഥ വസ്തുക്കള്‍ക്കെല്ലാം പൊതുവേ മലയാളത്തില്‍ ഉല്‍ക്ക എന്ന ആ ഒറ്റ പേരാണ് ഉപയോഗിക്കുന്നത് . ചൊവ്വയുടെയും വ്യാഴത്തിന്റെയും ഓര്‍ബിറ്റുകള്‍ക്ക് ഇടയില്‍ സൂര്യനെ വലം വെക്കുന്ന ലക്ഷക്കണക്കിന് വരുന്ന ചെറു ബഹിരാകാശ വസ്തുക്കള്‍ ആണ് asteroids എന്നക്ഷുദ്രഗ്രഹങ്ങള്‍/ഛിന്നഗ്രഹങ്ങള്‍. ഇവരില്‍ ചിലത് മറ്റ് ഗ്രഹങ്ങളുടെയോ മറ്റോ ഗുരുത്വാകര്ഷണത്തിന് വിധേയമായി കൂട്ടം വിട്ടു ഭൂമിയ്ക്ക് നേരെ വന്നെന്ന് വരാം. ഇങ്ങനെ ഒരു ഛിന്നഗ്രഹമോ മറ്റേതെങ്കിലും അന്യവസ്തുവോ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പാഞ്ഞുകയറി, ഘര്‍ഷണം മൂലം കത്തി ബാഷ്പീകരിക്കപ്പെടുമ്പോ അതിനെ നമ്മള് meteor എന്ന് വിളിക്കും. വളരെയധികം പ്രഭയോടെ കത്തുന്ന ഇവ ഒരു പന്തം പോലെ ആകാശത്തു പാഞ്ഞു പോകുന്ന രീതിയില്‍ കാണപ്പെടും. ഇതിനെയാണ് നമ്മള് നാടന്‍ ഭാഷയില്‍ കൊള്ളിയാന്‍ അല്ലെങ്കില്‍ കൊള്ളിമീന്‍ (shooting star) എന്നൊക്കെ വിളിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ കയറുന്ന ഏതാണ്ട് എല്ലാ meteors-ഉം അന്തരീക്ഷത്തില്‍ വെച്ചു കത്തിത്തീരുകയാണ് പതിവ്. താരതമ്യേന വലിപ്പം കൂടിയ അപൂര്‍വം ചിലവ മാത്രം, പൂര്‍ണമായും കത്തി നശിക്കാതെ ഭൂമിയില്‍ വന്ന് പതിക്കും. അതിനെയാണ് meteorite എന്ന് വിളിക്കുന്നത്. എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അങ്ങ് ദൂരെ ഊര്‍ട്ട് മേഘങ്ങളില്‍ നിന്നോ മറ്റോ വരെ ഉല്‍ക്കകള്‍ എത്തിച്ചേരാം. ചുരുക്കത്തില്‍ ആസ്റ്ററോയിഡ് ബെല്‍റ്റില്‍ നിന്നോ പുറത്തു നിന്നോ ഭൂമിയ്ക്ക് നേരെ വരുന്ന ബാഹ്യാകാശവസ്തുക്കളാണ് ഉല്‍ക്കകള്‍ എന്ന് വിളിക്കപ്പെടുന്നത്.
ഒരു ബാഹ്യാകാശ കൂട്ടിയിടിയുടെ പ്രത്യാഘാതങ്ങള്‍
നമ്മുടെ റോഡുകളില്‍ നടക്കുന്ന രണ്ടു വാഹനങ്ങളുടെ കൂട്ടിയിടി എത്രത്തോളം ഭീകരമാണ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. സ്വഭാവികമായും രണ്ട് ആകാശവസ്തുക്കള് തമ്മിലുള്ള (ഇവിടെ അതിലൊന്ന് ഭൂമിയാണ്) കൂട്ടിയിടി അതിനെക്കാള്‍ ഒക്കെ പലമടങ്ങ് ശക്തമാണ്. ഈ കൂട്ടിയിടിയിലേക്ക് നയിക്കുന്നത് അവ രണ്ടും തമ്മിലുള്ള ഗുരുത്വാകര്‍ഷണം ആണെന്നതും അത് അടുത്ത് വരുംതോറും കൂടുതല്‍ ശക്തമാകും എന്നതും ഓര്‍ക്കണം. അടുത്തിടെ വരെയുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് നമ്മുടെ ഭൂമി പണ്ട് കാലത്ത് ഇത്തരം ഇടികള്‍ ഒരുപാട് ഏറ്റുവാങ്ങിയിട്ടുണ്ട് എന്നാണ്. കൂട്ടിയിടി എന്ന് കേള്‍ക്കുമ്പോ മനസ്സില്‍ വരുന്ന ഒരു 'ആഘാതം ഏല്‍പ്പിക്കലിനും' അപ്പുറമാണ് ഒരു ഉല്‍ക്കാപതനത്തിന്റെ അനന്തരഫലങ്ങള്‍. ഒരു ഉദാഹരണം എന്ന രീതിയില്‍ 1 km വലിപ്പവും വെള്ളത്തെക്കാള്‍ 2.5 മടങ്ങ് സാന്ദ്രതയും (density) ഉള്ള ഒരു ഉല്‍ക്ക സെക്കന്റില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയില്‍ പതിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ഇത്തരം ഒരു കൂട്ടിയിടിയുടെ ഫലങ്ങള്‍ ഒരേ സമയം പല രൂപത്തിലാവും ഭൂമി അഭിമുഖീകരിക്കുക. അത് നമുക്കൊന്ന് പരിശോധിക്കാം.
1. പൊട്ടിത്തെറി
നമ്മള് പരിഗണിക്കുന്ന ഉല്‍ക്കയുടെ പിണ്ഡം കണക്ക് കൂട്ടാവുന്നതെ ഉള്ളുവല്ലോ. കോടിക്കണക്കിനു ടണ്‍ വരും അത്. വേഗത കൂടി പരിഗണിച്ചാല്‍ അത് ഭൂമിയിലേക്ക് കൊണ്ട് വരുന്ന ഗതികോര്‍ജ്ജം എത്ര വരും എന്ന് കണക്കാക്കാം. കൂട്ടിയിടി കഴിഞ്ഞു ഈ ഉല്‍ക്ക നിശ്ചലാവസ്ഥയില്‍ എത്തുമ്പോഴേക്കും, ഊര്‍ജ്ജസംരക്ഷണ നിയമം (First law of thermodyanamics) അനുസരിച്ചു ഈ ഊര്‍ജ്ജം മൊത്തം ഏതെങ്കിലും രീതിയില്‍ വീതിക്കപ്പെടണമല്ലോ. അത് വന്നുപതിക്കുന്ന സ്ഥലത്ത്, അത് കരയിലോ വെള്ളത്തിലോ ആകാം, അപ്പോ കോണ്ടാക്ടില് വരുന്ന വസ്തുക്കളിലേക്കും അവിടന്ന് ചുറ്റുപാടിലേക്കും വീതിക്കപ്പെടുന്ന ഈ ഭീമന് ഊര്‍ജ്ജം ഒരു വലിയ പൊട്ടിത്തെറിയ്ക്ക് തുല്യമാണ്. നമ്മുടെ ഉദാഹരണത്തിലെ ഉല്‍ക്കയുടെ കാര്യം കണക്ക് കൂട്ടിയാല്‍ അത് ഉണ്ടാക്കുന്ന പൊട്ടിത്തെറിയുടെ ശക്തി ഏതാണ്ട് 60,000 TNT മെഗാ ടണ്‍ വരും (1TNT megaton=4.2× 1015Joules). ഇന്നുള്ള ഏറ്റവും പ്രഹരശക്തിയുള്ള ആണവ ബോംബ് പോലും 50-100 TNT മെഗാ ടണ്‍ ശക്തിയുള്ള സ്ഫോടനമാണ് ഉണ്ടാക്കുന്നത് എന്നോര്‍ക്കുമ്പോഴാണു ഇത് എത്രത്തോളം മാരകമാണ് എന്ന് മനസ്സിലാവുക. റിക്ടര്‍ സ്കെയിലില്‍ ഏതാണ്ട് 10 രേഖപ്പെടുത്തുന്ന ഒരു ഭൂകമ്പത്തിന് തുല്യമാണ് ഇത്.
കൂട്ടിയിടി നടക്കുന്നതിന് തൊട്ട് മുന്‍പ് തന്റെ വഴിയിലുള്ള അന്തരീക്ഷവായുവിനെ ഉല്‍ക്ക വശങ്ങളിലേക്ക് തള്ളിമാറ്റുമല്ലോ. കൂട്ടിയിടി നടക്കുന്ന impact site-നു മുകളില്‍ ഏതാനം മിനിറ്റുകളോളം അന്തരീക്ഷം ഉണ്ടാവില്ല. ഈ ഒരു ചെറിയ സമയത്ത്, പൊട്ടിത്തെറിയുടെ ഭാഗമായി ഉണ്ടാകുന്ന ബാഷ്പീകരിക്കപ്പെട്ട ഉല്‍ക്കാശീലയും പൊടിപടലങ്ങളും (കടലിലാണ് വീഴുന്നതെങ്കില്‍ ജലബാഷ്പവും) ഈ അന്തരീക്ഷദ്വാരത്തിലൂടെ പുറത്തേക്ക് തള്ളപ്പെടും. കൂട്ടിയിടി നടന്ന് രണ്ട് മിനിറ്റുകള്‍ക്കുളില്‍ കോടാനുകോടി ടണ്‍ സ്ഫോടനാവശിഷ്ടങ്ങള്‍ ഏതാണ്ട് 100 km ചുറ്റളവിലേക്ക് തെറിയ്ക്കും. ഇനി കൂട്ടിയിടി നടക്കുന്നത് കടലില്‍ ആണെങ്കില്‍, വശങ്ങളിലേക്ക് തള്ളപ്പെടുന്ന വെള്ളം impact site-ലേക്ക് തിരിച്ച് വരുന്ന നിമിഷം പൊട്ടിത്തെറി ഉണ്ടാക്കിയ കനത്ത ചൂടില്‍ പൊടുന്നനെ ബാഷ്പീകരിക്കപ്പെടുകയും steam explosion എന്ന പ്രതിഭാസത്തിലേക്ക് കൂടി നയിക്കുകയും ചെയ്യാം.
ഒരു ഉല്‍ക്കാപതനത്തിന്റെ മുഖമുദ്ര എന്ന് പറയാവുന്നത് ഗര്‍ത്തങ്ങളുടെ (Craters) രൂപീകരണമാണ്. ഇടിയുടെ ആഘാതത്തില്‍, അത് കരയിലായാലും കടലിലായാലും, ഭൌമോപരിതലം കുഴിഞ്ഞുപോകുകയും പതിക്കുന്ന ഉല്‍ക്കയുടെ ഊര്‍ജത്തിന് ആനുപാതികമായ വിസ്താരമുള്ള ഒരു ഗര്‍ത്തം രൂപം കൊള്ളുകയും ചെയ്യും. 1 km വലിപ്പമുള്ള ഉല്‍ക്ക ഏതാണ്ട് 20 km വ്യാസമുള്ള ഒരു ഗര്‍ത്തമാകും രൂപപ്പെടുത്തുക. അതായത് ഏതാണ്ട് തിരുവനന്തപുരം നഗരത്തിന്റെ വലിപ്പമുള്ള ഒരു കുഴി! (ഗര്‍ത്തത്തിന്റെ വ്യാസം=(കൂട്ടിയിടിയുടെ ഊര്‍ജ്ജം)(1/3.4)/106.77എന്നൊരു സമവാക്യം ഉണ്ട്)
2. സുനാമി
ഭൂമിയുടെ പ്രതലവിസ്തീര്‍ണത്തിന്റെ 75% ഉം കടലാണെന്ന് നമുക്കറിയാം. സ്വാഭാവികമായും ബാഹ്യാകാശത്തുനിന്നും ഭൂമിയ്ക്ക് നേരെ വരുന്ന ഒരു ഉല്‍ക്ക കടലില്‍ പതിക്കാനാണ് സാധ്യത കൂടുതല്‍. ഇതിനെ തുടര്‍ന്നുണ്ടാകുന്ന steam explosion-ന്റെ കാര്യം നമ്മള് നേരത്തെ കണ്ടല്ലോ. ഉല്‍ക്കയാല്‍ വശങ്ങളിലേക്ക് ശക്തമായി തള്ളപ്പെടുന്ന വെള്ളം വലിയ സുനാമിത്തിരകള്‍ക്ക് രൂപം കൊടുക്കും. ഇതിന്റെ ഉയരവും കൂട്ടിയിടിയുടെ ഊര്‍ജ്ജത്തിന് ആനുപാതികമായിരിക്കും. നമ്മുടെ 1 km വലിപ്പമുള്ള ഉല്‍ക്ക അതിന്റെ impact site-ല്‍ നിന്നും 1000 km അകലെ പോലും ഏതാണ്ട് 20 m ഉയരമുള്ള സുനാമിത്തിര ഉണ്ടാക്കും എന്ന് കണക്കാക്കാന്‍ കഴിയും. 300 km ദൂരെയാണെങ്കില്‍ അത് 43 m-ഓളം ഉയരും. കഴിഞ്ഞില്ല, ഇത് കൂട്ടിയിടിയുടെ ആഘാതത്തില്‍ ഉണ്ടാകുന്ന സുനാമിയുടെ കാര്യം മാത്രമേ ആകുന്നുള്ളൂ. നേരത്തെ പറഞ്ഞ steam explosion ന്റെ ഫലമായി വേറെയും സുനാമികള്‍ ഉണ്ടാകും. ഒപ്പം, കൂട്ടിയിടിയുടെ ഫലമായുണ്ടാകുന്ന ഭൂവല്‍ക്കചലനവും കൂടുതല്‍ തിരകള്‍ ഉണ്ടാക്കും. അങ്ങനെ വളരെ സങ്കീര്‍ണ്ണമായ പാറ്റേണില്‍ ഉള്ള ഒരു സുനാമി പരമ്പര ആണ് ഉല്‍ക്കാപതനത്തെ തുടര്‍ന്നു ഉണ്ടാവുക.
3. ആഗോള തീപിടുത്തങ്ങള്‍
കൂട്ടിയിടി സമയത്ത് അന്തരീക്ഷത്തില്‍ ഉണ്ടാവുന്ന ദ്വാരത്തിലൂടെ പുറത്തേക്ക് തെറിക്കുന്ന സ്ഫോടനാവശിഷ്ടങ്ങളെ കുറിച്ച് നമ്മള് പറഞ്ഞല്ലോ. ഇവ അന്തരീക്ഷത്തിലൂടെ പാഞ്ഞുപോകുമ്പോള്‍ ഘര്‍ഷണം മൂലം വീണ്ടും ചൂട് പിടിക്കും. ഈ പദാര്‍ത്ഥങ്ങള്‍ ചൂടാവുമ്പോ വളരെയധികം ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ പുറപ്പെടുവിക്കും. ഇത് ആഗോളതലത്തില്‍ അന്തരീക്ഷതാപനില കൂടാന്‍ കാരണമാവുകയും തുടര്‍ന്നു വ്യാപകമായ തീപിടുത്തങ്ങളിലേക്ക് (പ്രത്യേകിച്ചു കാട്ടുതീ) നയിക്കുകയും ചെയ്യാം. ഇതുണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങള്‍ തുടര്‍ന്നും.
4. ആസിഡ് മഴകള്‍
കൂട്ടിയിടിയുടെ ഫലമായുള്ള ഷോക്ക് വേവിലും തുടര്‍ന്നുള്ള അന്തരീക്ഷത്തിന്റെ പുനഃക്രമീകരണത്തിലും ഉണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങള്‍ നൈട്രജനും ഓക്സിജനും ചേര്‍ന്ന് നൈട്രജന്‍ ഓക്സൈഡുകളുടെ രൂപീകരണത്തിലേക്ക് നയിക്കും. ഇവ ജലബാഷ്പവുമായി ചേര്‍ന്ന് ആസിഡ് മഴകള്‍ക്ക് കാരണമാകുന്നു. കൂട്ടിയിടിയെ തുടര്‍ന്നുള്ള ഒരു വര്‍ഷത്തോളം ഈ പ്രതിഭാസം തുടരും. ഈ ആസിഡ് മഴകള്‍ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ പലതാണ്- ചെടികള്‍ നശിക്കും, ഭൂവല്‍ക്കശിലകള്‍ ദ്രവിക്കും, ഓസോണ്‍ പാളി നശിക്കും, അങ്ങനെപോകുന്നു അവ.
5. ആഗോള താപവ്യതിയാനങ്ങള്
ഏറ്റവും ദൂരവ്യാപകമായ പ്രത്യാഘാതം ഇതാണ്. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടാകുന്ന പൊടിപടലങ്ങളും തുടര്‍ന്നുണ്ടായ ആഗോള തീപിടുത്തങ്ങള്‍ പുറന്തള്ളുന്ന കരിയും അന്തരീക്ഷത്തില്‍ നിറയും. ഇവ മാസങ്ങളോളം അവിടെ തങ്ങി നിന്ന് സൂര്യപ്രകാശത്തെ മറയ്ക്കും. നമ്മുടെ ആത്യന്തിക ഊര്‍ജ്ജ ശ്രോതസ്സായ സൂര്യന് മറയ്ക്കപ്പെടുന്നതിന്റെ ഫലം ഊഹിക്കാമല്ലോ അല്ലേ? സസ്യങ്ങളുടെ പ്രകാശസംശ്ലേഷണം നിലയ്ക്കും, അതോടെ ഭക്ഷ്യശൃംഖല തകരും. ആഗോളതലത്തില്‍ അന്തരീക്ഷതാപനില താഴ്ന്ന് ഒരു ഹ്രസ്വകാല ശൈത്യം നിലവില്‍ വരും. ഇതിനെ Impact Winter എന്ന് വിളിക്കും. ഇത് അല്പ നാളത്തേയ്ക്ക് മാത്രമേ ഉണ്ടാവൂ, അത് കഴിഞ്ഞാല്‍ ഫലം നേരെ തിരിയും. അന്തരീക്ഷത്തിലേയ്ക്ക് തള്ളപ്പെട്ടിരിക്കുന്ന കരിയില്‍ നിന്നുണ്ടാവുന്ന കാര്‍ബണ്‍ ഡയോക്സൈഡും ജലബാഷ്പവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഗ്രീന്‍ ഹൌസ് പ്രഭാവം കാരണം താപനില കൂടാന്‍ തുടങ്ങും. ചെടികള്‍ നശിച്ചു പോയതിനാല്‍ ഈ കാര്‍ബണ്‍ ഡയോക്സൈഡ് വളരെ കാലം അന്തരീക്ഷത്തില്‍ തന്നെ നിലനില്ക്കുകയും വളരെ കാലം ഈ ചൂടന്‍ കാലാവസ്ഥ തുടരുകയും ചെയ്യും.
ഇത്രയും ബഹുമുഖങ്ങളായ അനന്തരഫലങ്ങളാണ് ഒരു കൂട്ടിയിടിയെ തുടര്‍ന്നുണ്ടാവുക. 10 km-ഓളം വലിപ്പമുള്ള ഒരു ഉല്‍ക്കയ്ക്ക് ഭൂമിയിലെ ഒട്ടുമിക്ക ജീവിവര്‍ഗത്തെയും പൂര്‍ണമായി പറിച്ചു കളയുവാനുള്ള സംഹാരശക്തി ഉണ്ടാവും. ഏതാണ്ട് 65 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അത്തരമൊരു കൂട്ടിയിടിയിലാണ് ദിനോസറുകള്‍ ഉള്‍പ്പടെ കുറെ ഏറെ ജീവികളുടെ കൂട്ട വംശനാശം (Mass extinction) ഉണ്ടായത് എന്നാണ് ഇന്ന് പ്രബലമായ ഒരു സിദ്ധാന്തം. നേരത്തെ നമ്മള് കണ്ട കാര്യങ്ങളെല്ലാം ഇങ്ങനെ ഒരു സര്‍വസംഹാരം സംഭവ്യമാണ് എന്ന് അടിവരയിട്ട് പറയുന്നുണ്ട്.
എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്കുള്ള സാധ്യത മുന്‍പ് ഉണ്ടായിരുന്നതിനെക്കാള്‍ അല്പം പോലും ഇപ്പോള്‍ കൂടുതല്‍ ഇല്ല എന്ന് ഈ അവസരത്തില്‍ നമ്മള് ഓര്‍ക്കണം. സ്ഥാപിത ലക്ഷ്യങ്ങളോടെയുള്ള കുപ്രചരണങ്ങളും കെട്ടുകഥകളും അവഗണിക്കണം. ഇത്തരം അപകടങ്ങളെ നേരിടാന്‍ മോശമല്ലാത്ത പല തയ്യാറെടുപ്പുകളും മനുഷ്യര്‍ ഇതിനകം ചെയ്തിട്ടുണ്ട്. NASA- യുടെ Near Earth Object (NEO) പ്രോഗ്രാം ഉള്‍പ്പടെയുള്ള ചില ഏജന്‍സികള്‍ ഇത്തരം അപകടങ്ങള്‍ മുന്‍കൂട്ടി അറിയുവാനുള്ള നിരീക്ഷണങ്ങളില്‍ വ്യാപൃതരാണ്. നമുക്ക് നേരെ വരുന്ന ഉല്‍ക്കകളെ വഴി തിരിച്ച് വിടുന്നതിനായി വളരെ സിമ്പിളായത് മുതല്‍ അത്യധികം സങ്കീര്‍ണ്ണമായത് വരെയുള്ള നിരവധി പദ്ധതികള്‍ നമ്മള് ആസൂത്രണം ചെയ്തിട്ടുണ്ട്. നേരത്തെ അറിയുന്ന പക്ഷം, അവയിലേക്ക് ബഹിരാകാശവാഹനങ്ങളെ അയച്ചു അവയില്‍ അണുബോംബ് സ്ഥാപിച്ചു അവയെ പൊട്ടിത്തെറിപ്പിച്ച് ദിശാമാറ്റം ഉണ്ടാക്കാന്‍ സാധിയ്ക്കും. റോബോട്ടിക് ലാന്‍ഡറുകള്‍ ഉപയോഗിച്ച് ഉള്‍ക്കയില്‍ ത്രസ്റ്റര്‍ റോക്കറ്റുകള്‍ പിടിപ്പിച്ച് ദിശ തിരിച്ചുവിടാനുള്ള സാങ്കേതികവിദ്യയ്ക്കും സാധ്യതയുണ്ട്. ഗ്രാവിറ്റി ട്രാക്ടര്‍ എന്ന് വിളിക്കുന്ന വലിയ ബഹിരാകാശ പേടകങ്ങള്‍ ഉപയോഗിച്ച് ഒരു ഉല്‍ക്കയെ വലിച്ചു ദിശ തെറ്റിച്ച് വിടാന്‍ പോലും നമുക്ക് പദ്ധതികള്‍ ഉണ്ട്. ഇതിനായി നമുക്ക് നേരെ വരുന്ന വസ്തുക്കളുടെ കൃത്യമായ സഞ്ചാരപഥം നേരത്തെ കണക്കുകൂട്ടാന്‍ കഴിയണം എന്നേയുള്ളൂ.
ജ്യോതിശാസ്ത്രജ്ഞര്‍ക്കും രാത്രിയാകാശത്തെ പ്രണയിക്കുന്ന വാനംനോക്കികള്‍ക്കും ഒരുപോലെ ഉത്സാഹജനകമായ കാര്യമാണ് വാല്‍നക്ഷത്രങ്ങളുടെ വരവ്. മുഖ്യകാരണം അവര്‍ രാത്രിയാകാശത്തെ സ്ഥിരസാന്നിധ്യമല്ല, വല്ലപ്പോഴും വിരുന്ന് വരുന്ന അതിഥികളാണ് എന്നത് തന്നെ. അവരുടെ ഓരോ വരവിലും അവരെ കാണാനും പഠിക്കാനും ലോകമെങ്ങുമുള്ള ജ്യോതിശാസ്ത്രപ്രേമികള്‍ ആവേശഭരിതരാണ്. ഈ വര്‍ഷം PANSTARRS, ISON എന്നിങ്ങനെ രണ്ടു വാല്‍നക്ഷത്രങ്ങളാണ് നമ്മെ സന്ദര്‍ശിക്കുന്നത് എന്നതിനാല്‍ തന്നെ 2013 വാല്‍നക്ഷത്രങ്ങളുടെ വര്‍ഷമാണ് എന്നാണ് പറയപ്പെടുന്നത്.
എന്താണ് ഒരു വാല്‍നക്ഷത്രം?
പേര് കേട്ടാല്‍ തോന്നുന്ന പോലെ വാലുള്ള നക്ഷത്രങ്ങളേ അല്ല വാല്നക്ഷത്രങ്ങള്. നക്ഷത്രങ്ങളുടേതായ ഒരു പ്രത്യേകതയും അവയ്ക്കില്ല. ആ പേര് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായതിനാല്‍ 'ധൂമകേതുക്കള്‍' എന്ന ഇവരുടെ 'സ്കൂളില്‍ പേര്' ആണ് ഇവിടെ നമ്മള് കൂടുതലും ഉപയോഗിയ്ക്കുക. ഗ്രഹങ്ങളെയോ ക്ഷുദ്രഗ്രഹങ്ങളെയോ ഒക്കെ പോലെ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ബഹിരാകാശവസ്തുക്കള്‍ തന്നെയാണ് ധൂമകേതുക്കളും എന്നിരിക്കിലും അവയെ വ്യത്യസ്തരാക്കുന്ന ചില പ്രത്യേകതകള്‍ ഉണ്ട
അടിസ്ഥാനപരമായി ഒരു അഴകിയ രാവണന് ആണ് ധൂമകേതു. നമ്മള് ഇവിടെ നിന്ന് കാണുന്നതൊക്കെ വെറും 'ഷോ' മാത്രം! വളരെ ചെറിയ ഒരു മര്‍മം (ന്യൂക്ലിയസ്) മാത്രമാണ് ഒരു ധൂമകേതുവിന്റെ ശരീരം. അതിനു 100 മീറ്റര്‍ മുതല്‍ ഏതാണ്ട് 40 കിലോമീറ്റര്‍ വരെ വലിപ്പമുണ്ടാവാം. ഗോളാകൃതി പ്രാപിക്കാന്‍ മാത്രമുള്ള പിണ്ഡം ഇല്ലാത്തതുകൊണ്ട് മിക്കവാറും നിയതമായ ഒരു രൂപം ഇവയ്ക്കുണ്ടാവില്ല. ഐസും പൊടിപടലങ്ങളും പാറക്കഷണങ്ങളുമൊക്കെ ചേര്‍ന്നതാണ് ഇത്. ഐസ് എന്ന് പറയുമ്പോ തണുത്തുറഞ്ഞ ജലമാണ് മുഖ്യമെങ്കിലും കാര്‍ബണ്‍ ഡയോക്സൈഡ്, അമോണിയ, മീതെയിന്‍ തുടങ്ങിയവയും ഇക്കൂട്ടത്തില്‍ പെടും. പ്രതിഫലനശേഷി വളരെ കുറഞ്ഞ ഈ ന്യൂക്ലിയസ് മിക്കവാറും ഭൂമിയില്‍ നിന്നും അദൃശ്യമായിരിക്കും.
ധൂമകേതുവിന്റെ നമ്മള് കാണുന്ന ഭാഗം അതിന്റെ വാല് അല്ലെങ്കില്‍ കോമ ആണ്. ധൂമകേതുവിന്റെ ശരീരം മിക്കവാറും തണുത്തുറഞ്ഞ വാതകങ്ങള്‍ ആണല്ലോ. അവ സൂര്യനോട് അടുത്ത് വരുമ്പോ സൌരവികിരണങ്ങള്‍ ഏറ്റ് ബാഷ്പീകരിക്കപ്പെടും. ഇത് ന്യൂക്ലിയസ്സിനു ചുറ്റും ഒരു വാതകഅന്തരീക്ഷത്തിന് രൂപം നല്‍കും. കോമ എന്ന് വിളിക്കുന്ന ഈ അന്തരീക്ഷമാണ് ഭൂമിയില്‍ നിന്നു നോക്കുമ്പോ മിക്കവാറും നമ്മള് കാണുക
ന്യൂക്ലിയസ് ഒരു കുഞ്ഞനായിരുന്നു എങ്കിലും കോമയ്ക്കു പലപ്പോഴും സൂര്യനെക്കാളും വലിപ്പം ഉണ്ടാവും. ഈ വാതകമണ്ഡലം സൂര്യനില്‍ നിന്നുള്ള സൌരക്കാറ്റിന്റെ പ്രഭാവം കൊണ്ട് സൂര്യന് എതിര്‍ദിശയിലേക്ക് തള്ളപ്പെടുകയും ഒരു വാലിന് രൂപം കൊടുക്കുകയും ചെയ്യുന്നു. ഇതാണ് ധൂമകേതുവിനെ വാല്‍നക്ഷത്രം എന്ന് പണ്ടുള്ളവര്‍ വിളിക്കാന്‍ കാരണമായ 'വാല്'
സത്യത്തില്‍ രണ്ടുതരം വാലുകള്‍ ഒരു ധൂമകേതുവില്‍ കാണപ്പെടാം. കോമായിലെ പൊടിപടലങ്ങളെ സൌരക്കാറ്റ് പിന്നിലേക്ക് പറത്തുക വഴി ഉണ്ടാകുന്ന ധൂളീവാലും (Dust tail) സൂര്യനില്‍ നിന്നുള്ള ചാര്‍ജിത കണങ്ങളുടെ പ്രഭാവം കൊണ്ട് അയണീകരിക്കപ്പെട്ട വാതകങ്ങള്‍ ചേര്‍ന്ന് രൂപം കൊള്ളുന്ന പ്ലാസ്മാ വാലും (Ion tail). ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരത്തെക്കാള്‍ നീളമുള്ള വാലുകള്‍ പോലും പല ധൂമകേതുക്കള്‍ക്കും രൂപം കൊള്ളാറുണ്ട്. മിക്കവാറും നീലയോ നീല കലര്‍ന്ന പച്ചയോ നിറമുള്ള പ്ലാസ്മാവാലിന്റെ രൂപീകരണത്തില്‍ സൌരക്കാറ്റും സൂര്യന്റെ കാന്തികമണ്ഡലവും പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നതിനാല്‍ തന്നെ ഇതിന്റെ ദിശ എപ്പോഴും സൂര്യന് നേരെ എതിരെ ആയിരിയ്ക്കും. എന്നാല്‍ വെള്ളയോ ഇളം മഞ്ഞയോ നിറത്തിലുള്ള ധൂളീവാല്‍ മിക്കവാറും അതിന്റെ ഓര്‍ബിറ്റില്‍ തന്നെ അല്പം വളഞ്ഞതായിട്ടാകും കാണപ്പെടുക. ഇവിടെ ഒരു കാര്യം മനസ്സിലാക്കിക്കാണുമല്ലോ, വാല്‍നക്ഷത്രത്തിന്റെ വാല് എപ്പോഴും അതിന്റെ പിന്നില്‍ തന്നെ ആയിരിക്കണം എന്നില്ല. അവ എപ്പോഴും സൂര്യന് പ്രതിമുഖമായിരിക്കും എന്നതിനാല്‍, സൂര്യനില്‍ നിന്നും അകന്ന് പോകുന്ന ഒരു വാല്‍നക്ഷത്രത്തിന് മുന്പിലായിരിക്കും വാല് കാണപ്പെടുക
നീളം കൂടിയ ദീര്‍ഘവൃത്താകൃതി ഉള്ളതാണ് മിക്കവാറും ധൂമകേതുക്കളുടെ ഓര്‍ബിറ്റ്. അതുകൊണ്ട് തന്നെ സ്വന്തം പ്രദക്ഷിണകാലത്തിന്റെ വളരെ കുറച്ചു സമയത്തേക്ക് മാത്രമേ അവ സൂര്യനോട് അടുത്ത് വരുന്നുള്ളൂ. അപ്പോള്‍ മാത്രമാണു അവര്‍ക്ക് കോമ രൂപം കൊള്ളുന്നതും നമുക്ക് കാണാന്‍ കഴിയുന്നതും. അങ്ങനെയാണ് അവര്‍ നമ്മുടെ വീട്ടില്‍ വല്ലപ്പോഴും മാത്രം വിരുന്ന് വരുന്ന വിശിഷ്ടാതിഥികള്‍ ആവുന്നത്
എന്നാല്‍ ഇവര്‍ ചുമ്മാ ഇവിടെ വന്ന് സുഖസന്ദര്‍ശനം കഴിഞ്ഞു മടങ്ങുകയാണ് പതിവ് എന്ന് കരുതരുത് കേട്ടോ. സൌരയൂഥത്തിലെ പല ഗ്രഹങ്ങളുടെയും സഞ്ചാരപഥങ്ങളെ മുറിച്ച് കടക്കും വിധമാണ് ഇവയുടെ സഞ്ചാരം. മാത്രമല്ല ഗ്രഹങ്ങളുടെ പരിക്രമണതലത്തില്‍ (Orbital plane) ആയിരിക്കില്ല താനും ഇവയില്‍ മിക്കതിന്റെയും പരിക്രമണം. സൂര്യന്റേയും മറ്റ് ഗ്രഹങ്ങളുടെയും ഗുരുത്വമണ്ഡലങ്ങളുമായുള്ള മല്‍പ്പിടുത്തത്തില്‍ ഓരോ വരവിലും സ്വന്തം ഭാരത്തിന്റെ 1-2% വരെ വാതകങ്ങളും ശിലാധൂളികളും ഇവര്‍ക്ക് നഷ്ടമാകും. ഇത് ആവര്‍ത്തിക്കുക വഴി ചിലപ്പോള്‍ ധൂമകേതു മൊത്തത്തില്‍ ശിഥിലമായി എന്നും വരാം. ഇങ്ങനെ വാല്നക്ഷത്രങ്ങള് കൈവിടുന്ന പദാര്‍ഥങ്ങളാണ് പലപ്പോഴും ഗ്രഹാന്തരപ്രദേശങ്ങളില്‍ തങ്ങിനിന്ന് ഉള്‍ക്കാവര്‍ഷത്തിന് (Meteor shower) കാരണമാകുന്നത്. ഉദാഹരണത്തിന് വർഷംതോറും ആഗസ്റ്റ് 9-നും 13-നും ഇടയ്ക്ക് ഉണ്ടാകാറുള്ള പെഴ്സീഡ് (Perseid) ഉൽക്കാവർഷത്തിന്റെ ഉറവിടം 2007 ആഗസ്റ്റില്‍ വന്നുപോയ സ്വിഫ്റ്റ്-ടട്ടിൽ (Swift-Tuttle) ധൂമകേതുവാണ്
ധൂമകേതുക്കളുടെ ഉറവിടത്തെ കുറിച്ച് ഇന്നും കൃത്യമായ ഒരു ചിത്രം നമുക്കില്ല. സൌരയൂഥത്തിന്റെ വരാന്ത എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തില്‍ നെപ്റ്റ്യൂണിന്റെ ഓര്‍ബിറ്റിനും പിന്നില്‍ 30 AU മുതല്‍ 50 AU (ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ശരാശരി ദൂരമാണ് Astronomical Unit അല്ലെങ്കില്‍ AU എന്ന ദൂര അളവായി ജ്യോതിശാസ്ത്രത്തില്‍ ഉപയോഗിക്കുന്നത്) വരെയുള്ള ഭാഗത്ത് കാണുന്ന കുയ്പ്പര്‍ ബെല്‍റ്റില്‍ (Kuiper belt) നിന്നും സൂര്യനില്‍ നിന്നും ഏതാണ്ട് ഒരു പ്രകാശവര്‍ഷം ദൂരെ സൌരയൂഥത്തെ പൊതിഞ്ഞു നില്ക്കുന്ന മേഘപടലമായ ഊര്‍ട്ട് മേഘങ്ങളില്‍ (Oort Cloud) നിന്നുമാണ് ഇവ വരുന്നത് എന്ന ആശയത്തിനാണ് ഇന്ന് പരക്കെ അംഗീകാരം കിട്ടിയിട്ടുള്ളത്.
മഞ്ഞും പാറക്കഷണങ്ങളും പൊടിപടലങ്ങളും ചേര്‍ന്ന അനേകകോടി ആകാശവസ്തുക്കളുടെ തറവാടാണു കുയ്പ്പര്‍ ബെല്‍റ്റും ഊര്‍ട്ട് മേഖലയും. ഇവിടങ്ങളില്‍ സ്വസ്ഥമായി അലഞ്ഞുതിരിഞ്ഞുകൊണ്ടിരുന്ന വസ്തുക്കളില്‍ ചിലത് സൌരയൂഥത്തിലെ ഭീമന് ഗ്രഹങ്ങളുടെയോ സമീപനക്ഷത്രങ്ങളുടെയോ സൂര്യന്റെ തന്നെയോ ഗുരുത്വാകര്ഷണത്തിന് വിധേയമായി സൂര്യന്റെ നേര്‍ക്ക് തള്ളപ്പെടാം. ഇങ്ങനെ വഴി തെറ്റി സൌരയൂഥത്തിന്റെ ഉള്ളിലേയ്ക്ക് കടക്കുന്ന ഇവ മറ്റ് ഗ്രഹങ്ങളുടെ ഗുരുത്വപ്രഭാവം കാരണം വീണ്ടും പഥവ്യത്യാസത്തിന് വിധേയമാവുകയും സൂര്യനില്‍ പതിക്കാതെ അതിനെ ദീര്‍ഘവൃത്താകാരമായ ഓര്‍ബിട്ടില്‍ ചുറ്റാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇങ്ങനെയാണ് ധൂമകേതുക്കള്‍ നമ്മുടെ അടുത്തേക്ക് വരുന്നത് എന്നാണ് ഇതുവരെയുള്ള നിഗമനം.
പ്രദക്ഷിണകാലത്തിന്റെ ദൈര്‍ഘ്യം കണക്കിലെടുത്ത് ഇവയെ ഹ്രസ്വകാല ധൂമകേതുക്കള്‍ (200 വര്‍ഷത്തില്‍ താഴെ) എന്നും ദീര്‍ഘകാല ധൂമകേതുക്കള്‍ (200 വര്‍ഷത്തില്‍ കൂടുതല്‍) എന്നും രണ്ടായി തിരിക്കാറുണ്ട്. ഹ്രസ്വകാലധൂമകേതുക്കളുടേത് താരതമ്യേന ശരാശരി ദീര്‍ഘവൃത്താകൃതിയുള്ള ഓര്ബിറ്റുകള് ആണ്. ഇവ കുയ്പ്പര്‍ ബെല്‍റ്റില്‍ നിന്നും വരുന്നതായി കണക്കാക്കപ്പെടുന്നു. മറിച്ച് ദീര്‍ഘകാല ധൂമകേതുക്കളുടെ ഉറവിടമായി കണക്കാക്കപ്പെടുന്നത് ഊര്‍ട്ട് മേഖലയാണ്. ഇവയ്ക്ക് വളരെ നീണ്ട ദീര്‍ഘവൃത്ത ഓര്ബിറ്റുകള് ആണുള്ളത്. പൊതുവേ മൂന്നേകാല്‍ വര്‍ഷം മുതല്‍ 10,00,000 വർഷം വരെ പ്രദക്ഷിണകാലം ഉള്ള ധൂമകേതുക്കള്‍ ഉണ്ടെങ്കിലും ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ട് എന്നെന്നേക്കുമായി പോയി മറയുന്ന ധൂമകേതുക്കളും ഉണ്ട്. അത്തരത്തില്‍ ഒന്നാണ് C/2011 L4 (PANSTARRS).
നമ്മളെ സന്ദര്‍ശിക്കുന്ന വിശിഷ്ടനായ ധൂമകേതുവാണ് C/2011 L4 എന്ന ഔദ്യോഗികനാമത്തില്‍ അറിയപ്പെടുന്ന പാന്‍സ്റ്റാഴ്സ് (PANSTARRS). ഇത് ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒന്നാണ്, ഇനി ഒരു വരവുണ്ടാകില്ല. ഹവായിയിലെ മൌയീ ദ്വീപില്‍ സജ്ജീകരിച്ചിരിക്കുന്ന Panoramic Survey Telescope and Rapid Response System (Pan-STARRS) എന്ന ടെലിസ്കോപ്പ് സംവിധാനം ഉപയോഗിച്ച് 2011 ജൂണ്‍ മാസത്തിലാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്. ഒരു വര്‍ഷം കൊണ്ട് ഇതിന്റെ തിളക്കം ഏതാണ്ട് 150 മടങ്ങ് വര്‍ദ്ധിക്കുകയുണ്ടായി. 2012 ജനുവരി ആയപ്പോഴേക്കും അതിന്റെ തിളക്കം വീണ്ടും ശ്രദ്ധേയമായി വര്‍ദ്ധിച്ചിരുന്നു എങ്കിലും പിന്നീട് അപ്രതീക്ഷിതമായി അതിന്റെ തിളക്കം കുറയാന്‍ തുടങ്ങിയത് വാനനിരീക്ഷകരെ അല്‍പ്പം നിരാശരാക്കി എന്ന് തന്നെ പറയണം.
പക്ഷേ ഈ വിരുന്നുകാരന്റെ വരവ് എന്നിട്ടും നമുക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നുണ്ട്. അങ്ങ് ദൂരെ ഊര്‍ട്ട് മേഖലയില്‍ നിന്നും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ യാത്ര ചെയ്തു വരുന്ന ഇദ്ദേഹം ഇപ്പൊഴും നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാണ് എന്നത് തന്നെ കാരണം. അത് സൂര്യനോട് ഏറ്റവും അടുത്ത് ചെന്ന മാര്‍ച്ച് 10-നായിരുന്നു ഇതിന് ഏറ്റവും തിളക്കം. പക്ഷേ അത് സൂര്യന്റെ പ്രഭയില്‍ മുങ്ങിപ്പോയിരുന്നു. സൂര്യനില്‍ നിന്നും ഇത് പതിയെ അകന്ന് തുടങ്ങുന്നതോടെ, മാര്‍ച്ച് 12നു് ഇത് പരമാവധി പ്രഭയോടെ നമുക്ക് ദൃശ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താഴെ കൊടുക്കുന്ന, NASA പ്രസിദ്ധീകരിച്ച ചിത്രത്തില്‍ ചന്ദ്രനെ അടിസ്ഥാനമാക്കി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ പാന്സ്റ്റാഴ്സിനെ കണ്ടുപിടിക്കാനുള്ള സൂചനകള്‍ കാണാം.
കറുത്ത വാവിനോട് അടുത്ത ദിവസങ്ങളില്‍ ചന്ദ്രന് സൂര്യന് അസ്തമിച്ച് അല്പ നേരം കഴിയുമ്പോള്‍ തന്നെ അസ്തമിക്കുമെന്നും പിന്നീടുള്ള ദിവസങ്ങളില്‍ ചന്ദ്രാസ്തമയം വൈകിയാല്‍ പോലും പാന്‍സ്റ്റാഴ്സ് സൂര്യനില്‍ നിന്നും അകലുന്നതിനാല്‍ തിളക്കം കുറഞ്ഞുവരുമെന്നും ഓര്‍ക്കുമല്ലോ. പടിഞ്ഞാറന്‍ ചക്രവാളം കാണാന്‍ കഴിയും വിധം ഉയരമുള്ള ഒരു സ്ഥലം നിരീക്ഷണത്തിന് കൂടുതല്‍ അനുയോജ്യമായിരിക്കും. മാത്രമല്ല, ധൂമകേതുവിന്റെ വാല് ഒരു ബൈനോക്കുലറിന്റെയോ ചെറിയ ടെലിസ്കോപ്പിന്റെയോ സഹായത്തോടെ മാത്രമേ വ്യക്തമായി കാണുവാന്‍ കഴിയൂ എന്നതും ശ്രദ്ധിയ്ക്കുക. മാര്‍ച്ച് മാസം അവസാനത്തോടെ പാന്‍സ്റ്റാഴ്സ് കാണാന്‍ കഴിയാത്ത വിധം സൂര്യനില്‍ നിന്നും അകന്ന് പോയിരിക്കും
ജസ്റ്റിന് ജോസഫ്
ഉല്‍ക്കകളും ബാഹ്യാകാശധൂളികളും സൂക്ഷ്മഉല്‍ക്കകളും മറ്റുമായി 15000 ടണ്‍ ദ്രവ്യം ഓരോ വര്‍ഷവും ഭൗമാന്തരീക്ഷത്തിലെത്തുന്നു എന്നാണ് കണക്ക്
ഉത്ക്കകള്‍ പലപ്പോഴും കൗതുകത്തെക്കാളേറെ ഭീതിയോടെ നിരീക്ഷിക്കപ്പെട്ടിരുന്ന ആകാശചാരികളാണ്. ഭൂമിയുടെ വിദൂര അന്തരീക്ഷത്തില്‍ കാണപ്പെടുന്ന കൊള്ളിമീനുകളുടെ ( meteor ) മിന്നലാട്ടം കണ്ടിരിക്കാന്‍ കൗതുകമുണ്ടെങ്കിലും ഇങ്ങടുത്തെത്തുന്ന തീഗോളങ്ങള്‍ ( fire balls ) ഭൂമിയിലേക്കിറങ്ങി വരുമ്പോള്‍ ഒരുപക്ഷേ, അത് ശരിക്കും തീക്കളിയായെന്നും വരാം.
ആറര കോടി വര്‍ഷംമുമ്പ് ഭൂമിയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ദിനോസറുകള്‍ ഉന്മൂലനം ചെയ്യപ്പെട്ടത് ശക്തമായ ഉല്‍ക്കാപതനം മൂലമാണെന്നതിനുള്ള തെളിവുകള്‍ അവയുടെ ഫോസിലുകളില്‍ തന്നെയുണ്ട്.
എങ്കിലും ഉല്‍ക്കകള്‍ ദുരന്തങ്ങളുടെയും ദുശ്ശകുനങ്ങളുടെയും അടയാളങ്ങളായി കണക്കാക്കപ്പെട്ടു പോന്നിരുന്ന പുരാതന കാഴ്ചപ്പാടില്‍നിന്ന് പുറത്തുകടക്കാന്‍ ഉല്‍ക്കകളെക്കുറിച്ചുള്ള പഠനവും ശാസ്ത്രത്തിന്റെ വളര്‍ച്ചയും ഏറെ സഹായകമായിട്ടുണ്ട്. ഉല്‍ക്കമഴ പോലുളള പ്രതിഭാസങ്ങള്‍ നിരീക്ഷിക്കാനും ആസ്വദിക്കാനും ആളുകളേറുന്നുവെന്നത് അതിന്റെ പ്രതിഫലനമാണ്.
എന്താണ് ഉല്‍ക്കകള്‍
ഭൗമാന്തരീക്ഷം കട്ടിയേറിയതാണ്. അതിലൂടെ അതിവേഗം ഇരമ്പിപ്പായുന്ന വസ്തുവിന് ശക്തമായ ഘര്‍ഷണം നേരിടേണ്ടിവരും. ഭൂമിയുടെ അന്തരീക്ഷവുമായി ഉരസുമ്പോഴുണ്ടാകുന്ന താപം വസ്തുവിനെ വെണ്ണീറാക്കാന്‍ പോന്നത്ര തീവ്രമാണ്.
ബാഹ്യാകാശത്ത് ( Outer Space ) കൂടി അലഞ്ഞുതിരിയുന്ന ചില ലഘുഗ്രഹശകലങ്ങള്‍, പൊട്ടിച്ചിതറിയ ധൂമകേതുക്കളുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവ ഭൂമിയുടെ ആകര്‍ഷണത്തിലകപ്പെട്ട് ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നു. പാറയും ലോഹങ്ങളുമടങ്ങിയ ഈ ദ്രവ്യശകലങ്ങളാണ് ഉല്‍ക്കകള്‍ (Meteoroids). സൗരയൂഥത്തിന്റെ ഉത്ഭവകാലത്തുതന്നെ സൗരകുടുംബത്തിലെ അംഗങ്ങളാണവര്‍.
ഭൂമിയോടടുക്കുന്തോറും അന്തരീക്ഷത്തിന്റെ കട്ടികൂടുന്നതുകൊണ്ടുതന്നെ, ഭൗമോപരിതലത്തിലേക്ക് പാഞ്ഞടുക്കുന്ന ഈ ചെറുകഷണങ്ങള്‍ നേരിടുന്ന ഘര്‍ഷണം വര്‍ധിക്കുന്നു അതികഠിനമായ ഉരസലില്‍ ചുട്ടുപഴുത്ത് അവ ആവിയായിത്തീരുന്നു.
ഇങ്ങനെ ഉല്‍ക്കകള്‍ എരിഞ്ഞൊടുങ്ങുമ്പോഴുണ്ടാകുന്ന തിളക്കമാണ് പ്രകാശമാനമായ രേഖകളായി ആകാശത്ത് തെളിഞ്ഞുകാണുന്നത്. നിമിഷനേരംകൊണ്ട് മിന്നിമറയുന്ന ഈ പ്രകാശരേഖകളെ നാം കൊള്ളിമീനുകള്‍ എന്ന് വിളിക്കുന്നു. ആ കാഴ്ചയ്ക്ക് എന്തുകൊണ്ടും ചേരുന്ന പേര് തന്നെ!
ഉല്‍ക്കകള്‍ ഇപ്രകാരം വേഗത്തില്‍ ചുട്ടുപഴുക്കാന്‍ ഒരു കാരണം കൂടിയുണ്ട്. ധ്രുതഗതിയില്‍ അന്തരീക്ഷത്തിലൂടെ പായുന്ന ഉല്‍ക്കയ്ക്ക് ഉയര്‍ന്ന ഗതികോര്‍ജ്ജം ( Kinetic Energy ) ആണുള്ളത്. പോകുന്നവഴിയില്‍ തള്ളിയമരുന്ന വായുവിന് വശങ്ങളിലേക്ക് ചിതറാന്‍ പോലും സാവകാശമില്ലാത്തവിധം വേഗത്തിലാണ് ഉല്‍ക്കയുടെ യാത്ര. അതുകൊണ്ടുതന്നെ അതിന്റെ വഴിയിലുള്ള വായൂമര്‍ദ്ദം ഉയരുകയും ചൂടുപിടിക്കുകയും ചെയ്യുന്നു. ഒരു സൈക്കിള്‍ പമ്പുപയോഗിച്ച് വളരെ വേഗം ടയറില്‍ കാറ്റുനിറയ്ക്കുമ്പോള്‍ പമ്പിന്റെ അറ്റം ചൂടുപിടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. അതുപോലെ ഘര്‍ഷണം കൊണ്ടുണ്ടാകുന്ന ചൂടിനൊപ്പം ഇപ്രകാരം ഉണ്ടാകുന്ന മര്‍ദ്ദം ( Atmospheric ram pressure ) ഉല്‍ക്കകളുടെ എരിഞ്ഞൊടുങ്ങലിന്റെ വേഗം കൂട്ടുകയും പ്രകാശതീവ്രത വര്‍ധിപ്പിക്കുകയും ചെയ്യും.
ക്ഷുദ്രഗ്രഹങ്ങളെ ( asteroids ) അപേക്ഷിച്ച് ചെറിയ ദ്രവ്യശകലങ്ങളാണ് ഉല്‍ക്കകള്‍. ലക്ഷക്കണക്കിന് ഉല്‍ക്കകള്‍ ദിവസവും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുന്നുണ്ട്. പക്ഷേ അവയെയെല്ലാം നമുക്ക് കാണാന്‍ കഴിയുന്നില്ല. ഏകദേശം 80 മുതല്‍ 120 കിലോമീറ്റര്‍ ഉയരത്തിലാണ് ഉല്‍ക്കകള്‍ ദൃശ്യമാകുന്നത്. ഏറിയ പങ്കും ഈ ഉയരത്തിലെത്തുന്നതിനുമുമ്പ് തന്നെ എരിഞ്ഞമര്‍ന്നിട്ടുണ്ടാകും.
എന്നാല്‍ വലുപ്പമേറിയ ചില ഉല്‍ക്കകള്‍ അന്തരീക്ഷത്തില്‍ കത്തിത്തീരാതെ ഭൂമിയില്‍ പതിക്കുന്നു. ഇവയെയാണ് ഉല്‍ക്കാശിലകള്‍ എന്നു വിളിക്കുന്നത്. നന്നെ ചെറിയ ഉല്‍ക്കകളെ സൂക്ഷ്മ ഉല്‍ക്കകള്‍ ( micrometeoroids ) എന്നാണ് വിളിക്കുന്നത്.
ഉല്‍ക്കകളും ബാഹ്യാകാശധൂളികളും സൂക്ഷ്മഉല്‍ക്കകളും മറ്റുമായി 15000 ടണ്‍ ദ്രവ്യം ഓരോ വര്‍ഷവും ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നുണ്ട്.
അഗ്നിഗോളം (Fireball )
സാധാരണ കാണുന്നതിലും തിളക്കമേറിയ ഉല്‍ക്കകളാണ് അഗ്നിഗോളങ്ങള്‍. കൂടുതല്‍ പ്രകാശമാനമായ അഗ്നിഗോളങ്ങള്‍ ബൊളൈഡുകള്‍ ( Bolide ) എന്നറിയപ്പെടുന്നു.
അഗ്നിഗോളങ്ങളും ബൊളൈഡുകളും പൊതുവില്‍ ഒന്നുതന്നെയായിട്ടാണ് വിവക്ഷിക്കപ്പെടുന്നതെങ്കിലും, മൈനസ് നാലോ അതിലധികമോ കാന്തിമാനമുള്ളവയെയാണ് അഗ്നിഗോളങ്ങളായി കരുതുക. ബൊളൈഡുകളാവട്ടെ മൈനസ് 14 നും അതിന് മുകളിലും കാന്തിമാനമുള്ള അഗ്നിഗോളങ്ങളാണ്.
കഴിഞ്ഞായാഴ്ച കേരളത്തില്‍ കണ്ടത് ഒരു ബൊളൈഡായിരുന്നെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. മൈനസ് 17 ലും അധികം പ്രകാശപൂരിതമായ ഉല്‍ക്കകള്‍ സൂപ്പര്‍ ബൊളൈഡുകളായും അറിയപ്പെടുന്നു.
വലിയ ഉല്‍ക്കകളോ ബൊളൈഡുകളോ കത്തുമ്പോള്‍ ദൃശ്യമാകുന്ന പ്രകാശം ഉല്‍ക്കയുടെ ലോഹക്കൂട്ടും അത് സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ചുടുവായുവിലൂടെ തന്മാത്രകള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് മഞ്ഞനിറത്തില്‍ കത്തുന്ന ഒരു ഉല്‍ക്കയുടെ പ്രധാനഘടകം ഇരുമ്പാണെന്ന് മനസ്സിലാക്കാം.
ഉല്‍ക്കാപതനത്തിന്റെ ആഘാതം
ഭൂമിയിലേക്ക് പതിക്കുന്ന ഒട്ടുമിക്ക ഉല്‍ക്കകളെയും നമ്മുടെ അന്തരീക്ഷകവചം തന്നെ പ്രതിരോധിക്കുന്നതായി നാം കണ്ടു. ഭൗമോപരിതലത്തിന്റെ ഭൂരിഭാഗം സമുദ്രവും മരുഭൂമിയുമൊക്കെയായതുകൊണ്ട് ഉല്‍ക്കാപതനം പലപ്പോഴും മനുഷ്യനെ ബാധിക്കാറില്ല.
എന്നാല്‍, ഉയര്‍ന്ന പിണ്ഡമുള്ള ഉല്‍ക്കകള്‍ക്കു മുമ്പില്‍ അന്തരീക്ഷം നല്കുന്ന പ്രതിരോധം മതിയാവണമെന്നില്ല. അതുകൊണ്ടുതന്നെ ഉല്‍ക്കാപതനത്തിന്റെ ആഘാതം ചിലപ്പോഴെങ്കിലും അതിഭയാനകമായ ചിത്രവും സൃഷ്ടിച്ചിട്ടുണ്ട്.
ഉല്‍ക്കകള്‍ ഉഗ്രശേഷിയോടെ ഭൗമോപരിതലത്തെ ഉഴുതുമറിച്ചതിന്റെ അവശേഷിപ്പുകള്‍ ഭൂമിയുടെ പല ഭാഗങ്ങളിലായി ഇന്നും കാണാം. അത്തരത്തില്‍ രൂപപ്പെട്ട ഏറ്റവും വലിയ ഉല്‍ക്കാഗര്‍ത്തങ്ങളാണ് അമേരിക്കയിലെ അരിസോണയിലുള്ള ഉല്‍ക്കാഗര്‍ത്തം. ബാരിങര്‍ ഗര്‍ത്തം എന്നറിയപ്പെടുന്ന ഈ കിടങ്ങിന് 1.186 കിലോമീറ്റര്‍ വ്യാസവും 170 മീറ്റര്‍ ആഴവുമുണ്ട്.
ഈ ഉല്‍ക്കാഗര്‍ത്തം രൂപപ്പെട്ടിട്ട് ഏകദേശം 50,000 വര്‍ഷങ്ങളായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഭീമന് ഉല്ക്കാപതനങ്ങള് ഭൂമികുലുക്കത്തിനും കടലില്‍ പതിക്കുന്നവ സുനാമിക്കും കാരണമായേക്കാം.
ചന്ദ്രനിലും, ഗ്രഹങ്ങളായ ബുധന്‍, ശുക്രന്, ചൊവ്വ തുടങ്ങിയവയിലും ഉല്‍ക്കാപതനമുണ്ടാകാറുണ്ട്. ഇവയുടെ ഉപരിതലഘടന രൂപപ്പെടുത്തുന്നതില്‍ ഭൂമിയിലേതെന്നപോലെ തന്നെ ഉല്‍ക്കാപതനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഉല്‍ക്കയുടെ പ്രഹരം ഏറ്റവുമധികം ഏല്ക്കേണ്ടിവരുന്ന ഗ്രഹമാണ് ബുധന്‍. ബുധന്‍ അന്തരീക്ഷമില്ലാത്തതാണിതിന് കാരണം.
ഉല്‍ക്കാശിലകള്‍ (Meteorites)
ഭൂമിയിലെത്തുന്ന ഉല്‍ക്കാവശിഷ്ടങ്ങളാണ് ഉല്‍ക്കാശിലകള്‍. ഉല്‍ക്കാശിലകളെ മൂന്ന് വിഭാഗമായിട്ടാണ് തരംതിരിച്ചിട്ടുള്ളത്. ഇരുമ്പും നിക്കലും തീരെയടങ്ങാത്ത പാറക്കഷണങ്ങലാണ് ഉല്‍ക്കാശിലകളില്‍ സര്‍വ്വസാധാരണമായത്. 93 ശതമാനം ഉല്‍ക്കകളും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്.
ഇരുമ്പിനോടൊപ്പം 5 മുതല്‍ 10 ശതമാനം വരെ നിക്കലും ചേര്‍ന്നവയാണ് രണ്ടാമത്തെ ഇനം. ലഭ്യമായിട്ടുള്ള ഉല്‍ക്കാശിലകളില്‍ 5 ശതമാനത്തോളം ശിലകളും ഇത്തരത്തിലുള്ളവയാണ്. മൂന്നാമത്തെ വിഭാഗം നിക്കല്‍, ഇരുമ്പ് കൂട്ടിനൊപ്പം പാറയും ചേര്‍ന്നവയാണ്. ഇത്തരം ഉല്‍ക്കാശിലകള്‍ വളരെ ദുര്‍ലഭമാണ്.
അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ക്കിടയിലായി ആയിരക്കണക്കിന് ഉല്‍ക്കാശിലകള്‍ കണ്ടെത്തിയിട്ടുണ്ട്. ഹിമപാളികളുടെ അടിയിലകപ്പെട്ടിരിക്കുന്നതുകൊണ്ട് കാര്യമായ രാസമാറ്റങ്ങളൊന്നും സംഭവിക്കാതെ അവ കാലങ്ങളോളം കിടന്നുവെന്നത് ശാസ്ത്രലോകത്തിന് നേട്ടമായി.
1984 ല്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് കണ്ടെടുത്ത ഒരു ഉല്‍ക്കയില്‍ നടത്തിയ പഠനങ്ങളില്‍ അതിന്റെ ഉത്ഭവം ചൊവ്വയിലാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. ഉല്‍ക്കാശിലകളിലെ ചില അടയാളങ്ങള്‍ മൈക്രോഫോസിലുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതായും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ചന്ദ്രനില്‍ നിന്നുള്ള ചില സാമ്പിളുകളുടെ അതേ രാസഘടനയുള്ള ചെറിയ ഉല്‍ക്കാശിലകളും അന്റാര്‍ട്ടിക്കയില്‍ നിന്ന് കണ്ടെത്തുകയുണ്ടായി.
ഉല്‍ക്കാശിലകളുടെ പഠനം എന്തിന് ?
ഉല്‍ക്കാശിലകളെക്കുറിച്ചുള്ള പഠനമാണ് മീറ്റിയറിട്ടിക്സ് (Meteoritics ). ചന്ദ്രനില്‍ നിന്ന് ആദ്യസാമ്പിളുകള്‍ ലഭിക്കുന്നതിനുമുമ്പ് ഭൗമേതരവസ്തുക്കളുടെ ഏക സ്രോതസ്സ് ഉല്‍ക്കാശിലകളായിരുന്നു.
സൗരയൂഥത്തിന്റെ ഉല്പത്തിക്ക് മുമ്പ് തന്നെയുള്ള നക്ഷത്രധൂളികള്‍ ചില ഉല്‍ക്കാശിലകള്‍ ഉല്‍ക്കൊള്ളുന്നുണ്ട്. ഇത് നക്ഷത്രങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് വിപുലമാക്കും. സൗരയൂഥത്തിന്റെ പ്രായവും അതിന്റെ പൊതുരാസഘടനയും തിരിച്ചറിയാനിത് സഹായിക്കും. വിവിധതരത്തിലുള്ള ഉല്‍ക്കാശിലകളുടെ പഠനം സൗരയൂഥത്തിന്റെ ഉല്‍പ്പത്തിയിലേക്കും പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കും പുതിയജാലകങ്ങള്‍ തുറക്കും.
ജീവന്റെ ആദ്യകണങ്ങള്‍ ഭൂമിയിലേക്ക് എത്തിച്ചത് ഉല്‍ക്കകളാകാം എന്ന നിഗമനം പ്രബലമാണ്. അതുകൊണ്ടുതന്നെ ജീവന്റെ ചരിത്രം അന്വേഷിക്കുമ്പോള്‍ ഉല്‍ക്കകളെക്കുറിച്ചുള്ള പഠനം മാറ്റിനിര്‍ത്താനാവുന്നതല്ല.
ബാഹ്യാകാശത്തേക്കയച്ച ഒരു സ്പേസ് ക്യാപ്സൂളിനെ തിരിച്ച് ഭൂമിയിലേക്കെത്തിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് പ്രാഥമിക ധാരണ നല്‍കുന്നതാണ് ഉല്‍ക്കാനിരീക്ഷണവും പഠനവും. ഭൗമാന്തരീക്ഷത്തിന്റെ ഘര്‍ഷണാധിക്യം തിരിച്ചറിയാന്‍ ഉല്‍ക്കകളുടെ പഠനം സഹായകമാകും.
ഉല്‍ക്കാശിലകള്‍ അഗ്നിപര്‍വ്വതങ്ങളില്‍ നിന്നുണ്ടാകുന്ന ശിലകളാണെന്ന് പരക്കെ വിശ്വസിച്ചു പോന്നിരുന്ന ഒരുകാലത്ത് അവയെക്കുറിച്ച് സൂക്ഷ്മപഠനം നടത്തുകയും അവയുടെ ഭൗമേതര ഉല്‍പ്പത്തി ആദ്യമായി ലോകത്തിന് വെൡപ്പെടുത്തുകയും ചെയ്ത ഏണസ്റ്റ് ക്ലാഡ്നി എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് മീറ്റിയറിട്ടിക്സിന്റെ പിതാവായി അറിയപ്പെടുന്നത്. 1797 ലാണ് അദ്ദേഹം തന്റെ പഠനം പ്രസിദ്ധീകരിച്ചത്.
1803 ല്‍ ഫ്രാന്‍സിലെ ലേഗിള്‍ എന്ന സ്ഥലത്ത് പതിച്ച ഉല്‍ക്കാശിലയെ പഠിച്ച് അതിന്റെ ഭൗമേതര ഉല്‍പ്പത്തി സ്ഥിരീകരിക്കാന്‍ ശാസ്ത്രജ്ഞനായ ഴാങ് ബാപ്റ്റിസ്റ്റ് ബയോട്ടും മുന്നോട്ടുവന്നു.
ഉല്‍ക്കമഴ (Meteor shower)
മേഘാവൃതമല്ലാത്ത ഒരു സാധാരണരാത്രിയില്‍ മാനത്തേക്ക് ഏറെ നേരം നോക്കിയിരുന്നാല്‍ ചുരുക്കം ചില ഉല്‍ക്കകളെ കാണാനായേക്കും. എന്നാല്‍ ഓരോ വര്‍ഷവും ചിലയവസരങ്ങളില്‍ ചില പ്രത്യേക ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ഉല്‍ക്കവര്‍ഷിക്കപ്പെടുന്നത് കാണാം.
സൂര്യന് സമീപത്തു കൂടികടന്നുപോകുന്ന വാല്നക്ഷത്രങ്ങള് പുറന്തള്ളുന്ന പദാര്‍ത്ഥങ്ങളാണ് ഇത്തരം ഉല്‍ക്കാപതനത്തിന് കാരണമാകുന്നത്. വാല് നക്ഷത്രത്തിന്റെ ഭ്രമണപഥത്തിന്റെ ദിശയില്‍ ഭൂമി കടന്നുപോകുന്ന അവസരത്തില്‍ കേന്ദ്രീകൃതമായ ഉല്‍ക്കാപതനം ഉണ്ടാകുന്നു. തുടര്‍ച്ചയായ പതനമെന്ന നിലയിലാണ് അവയെ ഉല്‍ക്കമഴയെന്ന് വിശേഷിപ്പിക്കുന്നത്.
ലിയോനിഡ് എന്നറിയപ്പെടുന്ന ഉല്‍ക്കമഴ വളരെ ശ്രദ്ധേയമായ ഒന്നാണ്. ചിങ്ങരാശിയുടെ ( Leo Constallation ) ഭാഗത്തുനിന്നാണ് ഉല്‍ക്കകള്‍ പ്രത്യക്ഷമാവുക. ലിയോനിഡ് എന്നറിയപ്പെടുന്നതിതുകൊണ്ടാണ്. ടെമ്പല്‍ടേര്‍ട്ടില്‍ ( Tempel-Turtle ) എന്ന വാല്‍നക്ഷത്രം പുറന്തള്ളുന്ന പദാര്‍ത്ഥങ്ങളാണ് ഈ ഉല്‍ക്കമഴയ്ക്ക് കാരണമാകുന്നത്. നവംബര്‍ പകുതിയോടെയാണ് ഇത് ദൃശ്യമാവുക.
ഡിസംബറിലെ ജെമിനിഡ്സ് (മിഥുനരാശി), ഒക്ടോബര്‍ മാസത്തില്‍ ദൃശ്യമാകുന്ന ഓറിയനിഡ്സ് (വേട്ടക്കാരന് രാശി) തുടങ്ങിയവ അതാത് നക്ഷത്രഗണങ്ങള്‍ക്ക് സമീപം വീക്ഷിക്കാവുന്ന ഉല്‍ക്കാവര്‍ഷങ്ങളാണ്.
വലേറി ജാമിസണും ലിസ്ഏല്‍സും എഡിറ്റ് ചെയ്ത് ന്യൂസയന്റിസ്റ്റ് പുറത്തിറക്കിയ 'മരിക്കും മുമ്പ് ചെയ്യേണ്ട നൂറ് കാര്യങ്ങള്‍' ( '100 Things to do Before You Die' ) എന്ന ചെറിയ പുസ്തകത്തില്‍, മരിക്കുന്നതിന് മുമ്പ് ചെയ്തിരിക്കേണ്ട ഒന്നാണ് ഒരു 'ഉല്‍ക്കശില കണ്ടെത്തുക'യെന്നതും എന്ന് പറയുന്നു.
മീറ്റര്‍ വേവ് ലെങ്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയാണ് ജിഎംആര്‍ടി. പൂനെയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള നാരായണന്‍ഗോണ്‍ഗ്രാമത്തിലാണ് ജിഎംആര്‍ടി സ്ഥാപിച്ചിട്ടുള്ളത്. ലോകത്തിന്റെ നാനാഭാഗത്ത്നിന്നുമുള്ള നിരവധി ജ്യോതിശാസ്ത്രജ്ഞര്‍ ജിഎംആര്‍ടിയുടെ സഹായത്തോടെ ഗാലക്സികളെ കുറിച്ചും സൗരപ്രതിഭാസത്തെ കുറിച്ചുമുമെല്ലാമുള്ള പഠനങ്ങള്‍ നടത്തുന്നുണ്ട്.
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ റേഡിയോ ദൂരദര്‍ശിനിയായ വിഎല്‍എ(Very Large Array)യുടെ മൂന്നിരട്ടി കളക്ടിങ് ഏരിയയുണ്ട് ജിഎംആര്‍ടിക്ക്. അനുബന്ധ ഉപകരണങ്ങള്‍ എട്ട് മടങ്ങ് സംവേദനക്ഷമമാണ്. 25 കിലോമീറ്റര്‍ വീതം നീളമുള്ള കരങ്ങളില്‍ 'Y' ആകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന 30 ഡിഷ് ആന്റിനകള്‍, ഓരോ ആന്റിനയിലുംസ്വതന്ത്രമായി തിരിയുന്ന നാല് വീതം റിസീവറുകള്‍, ഡിഷിന്റെ വ്യാസമാകട്ടെ 45 മീറ്ററുമാണ്. ആറ് വ്യത്യസ്ഥ ഫ്രീക്വന്‍സി ബാന്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന (38,153,233,327,610,1420 MHz) ജിഎംആര്‍ടിയുടെ കളക്ടിങ് ഏരിയാ 60750 ച.മീറ്ററാണ്. മുംബയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ(TIFR) ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്ട്രോഫിസിക്സ് (NCRA) ആണ് ദൂരദര്‍ശനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും എന്‍ജിനീയര്‍മാരുടെയും സവിശേഷ സൃഷ്ടിയായ സ്മാര്‍ട്ട് ( Stretch Mesh Attached to Rope Trussess-SMART) സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചിട്ടുള്ള സ്റ്റീല്‍ വയറുകളുപയോഗിക്കുന്ന റേഡിയോ ആന്റിനകള്‍ഇന്ത്യയിലെ കാലാവസ്ഥക്ക് തികച്ചും അനുയോജ്യമാണ്.
ട്രാന്‍സിയന്‍സ്( അതിവേഗത്തില്‍ അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഖഗോ ്രപതിഭാസ്ക്കങ്ങളെ കുറിച്ചുള്ള പഠനം), ഗാലക്സി രൂപീകരണം, പള്‍സാറുകളെയുംന്യൂട്രോണ്‍ താരങ്ങളെയും കുറിച്ചുള്ള പഠനം, റേഡിയോ ഗാലക്സികളായ ബ്ലേയ്സറുകളെ കുറിച്ചുള്ള പഠനം, സൂപ്പര്‍നോവാ സ്ഫോടനം, സൗരപ്രതിഭാസങ്ങള്‍ എന്നിവയെല്ലാം ജിഎംആര്‍ടിയുടെ പരിധിയില്‍ വരും. പൂനെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സ്(IUCAA) ജിഎംആര്‍ടിക്ക് സമീപമാണ്.
ഐയുക്ക ഗിരാവലി ഒബ്സര്‍വേറ്ററി (IGO)
പൂനെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സിന്റെ (IUCAA) നിയന്ത്രണത്തിലുള്ളതും ദൃശ്യപ്രകാശം ആധാരമാക്കി പവര്‍ത്തിക്കുന്നതുമായ (Optical Observatory ) ദൂരദര്‍ശിനിയാണ് ഐയുക്ക ഗിരാവലി ഒബ്സര്‍വേറ്ററി(IGO). പൂനെയില്‍ നിന്ന് 80 കി.മീ ദൂരെ പൂനെ-നാസിക് ഹൈവേയിലുള്ള ഗിരാവലി ഗ്രാമത്തിലാണ് ഈ നിരീക്ഷണ കേന്ദ്രമുള്ളത്. ഐയുക്കയിലെ ശാസ്ത്രജ്ഞര്‍ക്കും ഗവേഷക വിദ്യാര്‍ഥികള്‍ക്കും വിവിധ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വേണ്ടിയാണ് ഈദൂരദര്‍ശിനി സ്ഥാപിച്ചിട്ടുള്ളത്. ഐയുക്ക കാംപസിന് സമീപമാണ് ദൂരദര്‍ശിനിയുള്ളത്. നിര്‍മാണത്തിനുള്ള ഫണ്ട് നല്‍കിയത് യൂണിവേഴ്സിറ്റി ഗ്രാന്റ് കമീഷനാണ്. ഐയുക്കയിലെ ശാസ്ത്രജ്ഞരാണ് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. 2006 ഫെബ്രുവരി 14ന് നിര്‍മാണം പൂര്‍ത്തിയായ ഒബ്സര്‍വേറ്ററിയുടെ ഉദ്ഘാടനം 2006 മെയ് 13ന് പ്രൊഫ. യാഷ്പാല് നിര്‍വഹിച്ചു. 2006 നവംബര്‍ മുതല്‍ ഗിരാവലി ഒബ്സര്വേറ്ററിയില് സ്ഥിരമായി ആകാശ നിരീക്ഷണം നടക്കുന്നുണ്ട്.
200 സെന്റീമീറ്റര്‍ വ്യാസമുള്ള മുഖ്യദര്‍പ്പണമാണ് ഈ ഒപ്റ്റിക്കല്‍ ദൂരദര്‍ശിനിയുടെ പ്രധാന സവിഷേത. സെക്കന്‍ഡറി മീററിന്റെ വ്യാസം 62 സെന്റീമീറ്ററാണ്. ഐയുക്കയില്‍ നിര്‍മിച്ച ഐയുക്ക ഫെയിന്റ് ഒബ്ജക്ട് സ്പേക്ട്രോഗ്രാഫ് ആന്‍ഡ് ക്യാമറ(IFOSC)യാണ് ദൂരദര്‍ശിനിയിലെ പ്രധാന അനുബന്ധ ഉപകരണം. വളരെ ഉയര്‍ന്ന ചുമപ്പ്നീക്കം (Doppler shifting) പ്രദര്‍ശിപ്പിക്കുന്ന വളരെ മങ്ങിയ ഖഗോള പിണ്ഡങ്ങളുടെ വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ ഈ ഉപകരണത്തിന് കഴിയും. കൂടാതെ 1340x1300 പിക്സലുള്ള ഒരു പ്രിന്‍സ്ടണ്‍ സിസിഡി(PI-CCD) ക്യാമറയും ഈ ദൂരദര്‍ശിനിയിലുണ്ട്.
വൈശാഖൻ തമ്പി
കടപ്പാട് : www.aastro.in
അവസാനം പരിഷ്കരിച്ചത് : 6/29/2020
മഴയെയും മേഘങ്ങളെയും കുറിച്ചുള്ള വിശദ വിവരങ്ങൾ
അന്തരീക്ഷത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
ഇ-മാലിന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ