ശുദ്ധജലം കേരളത്തിലെ ഏറ്റവും പ്രധാന വിഭവ ദാരിദ്ര്യമായി മാറിക്കൊണ്ടിരിക്കുന്നു. ഓരോ വർഷം കഴിയുംതോറും കൂടുതൽ ശക്തമാകുന്ന വരൾച്ച, അതിരൂക്ഷമായ കാലാവസ്ഥാമാറ്റത്തിന്റെ പിടിയിൽ നമ്മുടെ നാട് ഞെരിഞ്ഞമരുന്നതിനെ അനുദിനം ഓർമ്മിപ്പിക്കുന്നു. എന്നാൽ കേരളത്തിലെ ജലക്ഷാമത്തിനു കാരണം മഴകുറയുന്നതല്ല എന്നു നാം മനസ്സിലാക്കണം. അതു നമ്മുടെ തെറ്റായ ജലവിനിയോഗ രീതികൾ കൊണ്ടാണ്. ഈ അവസരത്തിലാണ് എത്രയോ നൂറ്റാണ്ടുകളായി നാം നിർമ്മിച്ച കിണറുകൾ, കുളങ്ങൾ എന്നിവയുടെ പ്രാധാന്യം തിരിച്ചറിയുന്നത്. ചെറുതും അതിനാൽതന്നെ പാരിസ്ഥിതികമായി അതിലോലവുമായ ഈ ആവാസവ്യവസ്ഥകൾ തെറ്റായ വിനിയോഗ രീതികളിലൂടെ നാം തകിടം മറിച്ചതു തിരുത്തുകവഴി വലിയ ഒരളവുവരെ മഴയില്ലാത്ത മാസങ്ങളിൽ നമുക്കു ജലക്ഷാമത്തെ പ്രതിരോധിയ്ക്കാം. കേരളത്തിൽ ജലസുരക്ഷയെക്കുറിച്ചു ചിന്തിയ്ക്കുമ്പോൾ അതിനുവേണ്ടി വലിയ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ചാണ് നാം ആദ്യം ചിന്തിയ്ക്കുക. പക്ഷേ, നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ ലളിതവും, ചെലവു കുറഞ്ഞതുമായ ചെറിയ തിരുത്തലുകൾക്കുള്ള പ്രാധാന്യം നാം കാര്യമായി എടുക്കാറില്ല. ഓരോ ഗ്രാമവും അടിസ്ഥാനമാക്കി, അതതു ഗ്രാമവാസികളെ പങ്കാളികളാക്കിക്കൊണ്ട് ജലവിഭവസംരക്ഷണ-വിനിയോഗ സമ്പ്രദായം ഈ രാജ്യത്തു നിലനിന്നിരുന്നു. ജലവിഭവം നിലനിൽക്കുന്ന വിധം ഉപയോഗിക്കുവാനും, മഴയുടെ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക ക്ലേശങ്ങൾ ഏറ്റവും കുറഞ്ഞ തോതിലേക്ക് പിടിച്ചുനിർത്തുവാനും സഹായകമായിരുന്നു. എന്നാൽ, കേന്ദ്രീകൃത പദ്ധതികളുടെ വരവോടെ സ്വാഭാവികമായും പരമ്പരാഗതമായി പരിചരണം ലഭിച്ചിരുന്ന പലതിനും പ്രാധാന്യം കുറഞ്ഞു. അവ കൊണ്ടുനടക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങളും ഇല്ലാതെയായി. പൈപ്പിലൂടെ ജലം ലഭിയ്ക്കുന്നു എന്നു വന്നതോടെ കിണറുകളെ നാം ശ്രദ്ധിക്കാതായി. വിസ്തൃതമായ ജലസേചന പ്രദേശത്തോടും, ദീർഘമായ തോട് ശൃംഖലകളോടുംകൂടിയ വൻ അണക്കെട്ടുകൾ വന്നതോടെ കുളങ്ങൾക്ക് പരിചരണം ലഭിയ്ക്കാതായി. കേരളത്തിൽ മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും മഴക്കാലത്തു ലഭിക്കുന്ന ജലം എത്രതന്നെ കുറച്ചായാലും അവ ശേഖരിച്ച് വിവിധ മാർഗ്ഗങ്ങളിൽകൂടി ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങി ഭൂഗർഭജലം സമ്പുഷ്ടമാക്കുവാനും, കുടിവെള്ളക്ഷാമം ലഘൂകരിക്കുന്നതിനും സഹായിക്കുന്ന നിരവധി സംവിധാനങ്ങളുണ്ടായിരുന്നു. അവിടെയൊക്കെ മഴയുടെ കുറവും അനിശ്ചിതത്വവുമായിരുന്നു ഇത്തരം ജലസംഭരണ രീതികൾ അവലംബിയ്ക്കുവാൻ ജനങ്ങളെ പ്രേരിപ്പിച്ചത്. മഹാരാഷ്ട്രയിൽ പാറ്റ്സ് (Pats), മധ്യപ്രദേശിൽ ഹവേലി (Haveli), ഉത്തർഖണ്ഡിൽ ഗൾസ് (Guls), ഹിമാചൽപ്രദേശിൽ കുൾസ് (Kuls), രാജസ്ഥാനിൽ ജലാറസ് (Jhalaras), നാഗാലാന്റിൽ സാബോ (Zabo), ഒറീസയിൽ കാടസ് (Kadas) തുടങ്ങിയ പേരുകളിൽ കണ്ടുവരുന്നതൊക്കെയും വിവിധതരത്തിലുള്ള ജലസംഭരണ-സംരക്ഷണ രീതികളാണ്. വികേന്ദ്രീകൃതമായ ഇത്തരം ജലസംഭരണികൾ, കേരളത്തിലെ കിണറുകളുടെയും കുളങ്ങളുടെയും സ്ഥാനത്ത് അതതു സംസ്ഥാനങ്ങളിൽ അവരവരുടെ നാട്ടറിവും നാടൻ കഴിവുകളും അടിസ്ഥാനമാക്കി നിർമ്മിച്ചവയാണ്. പ്രാദേശികമായി കുടിവെള്ളക്ഷാമ പരിഹാരത്തിനും, ഭൂഗർഭജല സംഭരണത്തിനും, അന്തരീക്ഷത്തിലെ ആർദ്രത നിലനിർത്തുന്നതിനും, പ്രാദേശിക ജൈവവൈവിധ്യപരിപാലനത്തിനും ഇത്തരം ജലസ്രോതസ്സുകൾ വഹിയ്ക്കുന്ന പാരിസ്ഥിതികധർമ്മം പലപ്പോഴും അതിന്റെ പൂർണ്ണ അർത്ഥത്തിൽ നാം തിരിച്ചറിയുന്നില്ല. കേരളത്തിലെ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം ജലസ്രോതസ്സുകളുടെ പ്രാധാന്യം മനസ്സിലാക്കുവാൻ ഈ സംസ്ഥാനത്തിന്റെ ജലവിഭവ ബജറ്റ് ഒന്നു പരിശോധിക്കുന്നത് നല്ലതാണ്. ഈ ബജറ്റിലെ കണക്കുകൾക്ക് ഒട്ടേറെ പരിമിതികളുണ്ട്. എങ്കിലും അവ ശ്രദ്ധേയമാണ്. ലഭ്യതയും ഡിമാൻഡും തമ്മിലുള്ള നില 12 മാസം അടങ്ങിയ ഒരു വർഷം എന്ന അടിസ്ഥാനത്തിൽ പരിശോധിച്ചാൽ നമുക്ക് ഡിമാന്റിലും അ ധികം വെള്ളമുണ്ട് എന്നു കാണാം. അതായത്, വെള്ളത്തിന്റെ കാര്യത്തിൽ നമുക്ക് മിച്ചമാണ്. പക്ഷേ, വേനൽക്കാലത്ത് കമ്മി. കാലാടിസ്ഥാനത്തിലുള്ള ഈ വൈരുദ്ധ്യമാണ് നമ്മുടെ കുടിവെള്ള പ്രശ്നത്തിന്റെ കാതൽ. ഒരു കൊല്ലത്തെ ആകെ മഴയിൽനിന്നും കാലവർഷക്കാലം, തുലാവർഷക്കാലം, വേനൽക്കാലം എന്നീ മൂന്നു കാലങ്ങൾ ഓരോന്നിലും ലഭിയ്ക്കുന്ന മഴവെള്ളത്തിന്റെ അനുപാതത്തിലും ഒരുകൊല്ലത്തെ ആകെ ഡിമാന്റിൽ ഓരോ കാലത്തും വേണ്ട വെള്ളത്തിന്റെ അനുപാതത്തിലും ഉള്ള പ്രകടമായ വ്യത്യാസങ്ങൾ ശ്രദ്ധേയമാണ്. ഇത് വേനൽക്കാലത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ കാരണങ്ങളിലേക്ക് വിരൽചൂണ്ടുന്നു. ആകെ മഴയുടെ ആറു ശതമാനം മാത്രം ലഭിയ്ക്കുന്ന വേനൽക്കാലത്താണ്, ഒരു കൊല്ലത്തെ ആവശ്യത്തിന്റെ 50 ശതമാനവും വേണ്ടിവരുന്നത്. നേരെമറിച്ച് കാലവർഷക്കാലത്ത് ഒരു കൊല്ലത്തിലെ ആകെ ആവശ്യത്തിന്റെ 11 ശതമാനം മാത്രം വെള്ളം വേണ്ടപ്പോൾ ലഭിയ്ക്കുന്നത് ആകെ ലഭ്യതയുടെ 68 ശതമാനവും! കേരളത്തിൽ ശരാശരി 3,000 മി.മീ. മഴ ലഭിയ്ക്കുന്നുണ്ടെങ്കിലും അതിന്റെ അധിക ഭാഗവും കേവലം നാലു മാസങ്ങൾക്കുള്ളിലാണ് പെയ്തു തീരുന്നത്. മണിക്കൂർ അടിസ്ഥാനത്തിൽ ഒരു വർഷത്തിൽ 100 മണിക്കൂർ മാത്രമാണ് മഴ ലഭിയ്ക്കുന്നത്. ബാക്കി 8660 മണിക്കൂറും മഴയില്ല. എന്നാൽ 1,000 മി.മീ. ൽ താഴെ മാത്രം മഴ ലഭിയ്ക്കുന്ന വടക്കൻ യൂറോപ്പിൽപോലും കുടിവെള്ളക്ഷാമം രൂക്ഷമല്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. ഇതിനുകാരണം അവിടെ ഏതാണ്ട് 12 മാസവും തുടർച്ചയായി അൽപമായിട്ടാണെങ്കിലും മഴ ലഭിയ്ക്കുന്നു എന്നതാണ്. ഈ സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും കൂടി പശ്ചാത്തലം കണക്കിലെടുത്തുകൊണ്ട് ഇന്നുവരെ അനുഭവിച്ച കുടിവെള്ള ക്ഷാമത്തേക്കാൾ അതിരൂക്ഷമായവയാണ് ഇനി വരാനിരിയ്ക്കുന്ന വേനൽക്കാലങ്ങൾ എന്ന് ഓർക്കണം. ആ വേനൽക്കാലങ്ങളിൽ നമ്മുടെ കിണറുകൾ, കുളങ്ങൾ എന്നീ ജലവിഭവശേഷിയുടെ വികേന്ദ്രീകൃത കണ്ണികളുടെ പ്രാധാന്യം അനന്യസാധാരണമെന്ന് തിരിച്ചറിയണം. ഇത്തരം പൊതു ജലസ്രോതസ്സുകളെ സംരക്ഷിക്കുവാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റി നാം ഏറെ വാചാലരാകാറുണ്ടെങ്കിലും അനുദിനം കേരളമൊട്ടാകെ പൊതുകുളങ്ങൾ കിണറുകൾ എന്നിവ നാമാവശേഷമാവുകയാണ്. ഇതിനു പ്രധാനകാരണം ‘പൊതു’ എന്നത് എല്ലാവരുടെയും ആണെന്നുള്ളതുകൊണ്ട് സാധാരണ മലയാളിയ്ക്ക് അതു സംരക്ഷിക്കാൻ സ്വതസിദ്ധമായ ഒരു താത്പര്യക്കുറവുണ്ട്. ഈ പശ്ചാത്തലത്തിലാണ് തൃശ്ശൂർ ജില്ലയിലെ കൊരട്ടി പഞ്ചായത്തും അടുത്തുള്ള എസ്.സി.എം.എസ്. കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ സെന്റർ ഫോർ സസ്റ്റെയ്നബിൾ വാട്ടർ ടെക്നോളജി ആന്റ് മാനേജ്മെന്റും (ജലഗവേഷണ വിഭാഗം) ചേർന്നു നടത്തുന്ന ഈ പഞ്ചായത്തിലെ ജലസ്രോതസ്സുകളെ തിട്ടപ്പെടുത്തുന്നതിനും സംരക്ഷണത്തിനും വേണ്ടിയുള്ള കാലാവസ്ഥാ വ്യതിയാന അതിജീവനപദ്ധതി ശ്രദ്ധയാകർഷിക്കുന്നത്. കൊരട്ടി അതിപുരാതന കാലംമുതൽക്കേ ജനവാസമുള്ള ഒരു പ്രദേശമണ്. അതുകൊണ്ടുതന്നെ ഈ പഞ്ചായത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കുളങ്ങളും കിണറുകളും ധാരാളമുണ്ട്. പഞ്ചായത്തിന്റെ പരിധിയിൽ പുഴയുടെ സാന്നിദ്ധ്യമില്ലാത്തതുകൊണ്ട് വ്യാപകമായി കൃഷിയ്ക്കും കുടിവെള്ളത്തിനും ജനങ്ങൾ ഇത്തരം ജലസ്രോതസ്സുകളെ മാത്രമാണ് നൂറ്റാണ്ടുകളായി ആശ്രയിച്ചിരുന്നത്. പൈപ്പുവെള്ളത്തിന്റെ വരവോടെ വലിയ പൊതുകിണറുകൾ പോലും കുപ്പത്തൊട്ടികൾ മാത്രമായി. ഇത്തരം 63 വലിയ പൊതുകിണറുകളാണ് മേൽപറഞ്ഞ പഠനസർവ്വേയുടെ ഭാഗമായി തിട്ടപ്പെടുത്തിയത്. ഇന്ന് പഞ്ചായത്ത് മാസംതോറും ഒന്നരലക്ഷം രൂപയാണ് പൊതു ടാപ്പുകളിൽ നിന്നുള്ള ജല ഉപയോഗത്തിന്റെ പേരിൽ അടയ്ക്കുന്നത്. എന്നാൽ ടാപ്പുകളിൽ നിന്നും ജനത്തിന് ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല എന്ന പരാതി മാത്രം മിച്ചം. ഈ അവസ്ഥ രൂക്ഷമാകുമ്പോഴാണ് പഞ്ചായത്തിലെതന്നെ അവഗണിക്കപ്പെട്ട ജലസ്രോതസ്സുകൾ എന്തുകൊണ്ട് പുനരുജ്ജീവിപ്പിച്ചുകൂടാ എന്ന ലക്ഷ്യം മുന്നോട്ടുവച്ച എസ്.സി.എം.എസ്. എഞ്ചിനീയറിങ്ങ്് കോളേജിലെ ജലഗവേഷണവിഭാഗം ഈ പഠനം പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയത്. മേൽപ്പറഞ്ഞ സർവ്വേയിൽ കണ്ടെത്തിയ ചില കിണറുകൾ വൃത്തിയാക്കി അവയിലേക്ക് അടുത്തുള്ള കെട്ടിടങ്ങളുടെ മുകളിൽ നിന്നും ശേഖരിക്കുന്ന വെള്ളം ഇറക്കി. ഈ മഴവെള്ളം ഇറങ്ങുന്നത് കിണറ്റിൽ എന്തു മാറ്റമാണ് ഉണ്ടാക്കുന്നത് എന്നറിയുവാൻ അടുത്തു തന്നെയുള്ള മറ്റൊരു കിണറിൽ മഴവെള്ളം ഇറക്കാതെയുള്ള മാറ്റം കൃത്യമായി മോണിറ്റർ ചെയ്തുവരുന്നു. 1000 ചതുരശ്ര അടിയുള്ള മേൽക്കൂരയിൽനിന്നും ശരാശരി 3000 മി.മീ. മഴ ലഭിക്കുന്ന കേരളത്തിൽ ഒരു വർഷത്തിൽ 2.5 ലക്ഷം ലിറ്റർ ജലമാണ് കിണറിൽ എത്തുന്നത്. എന്നാൽ എല്ലാ കിണറുകളിലും ഈ മാറ്റം ഒരുപോലെ ആകണമെന്നില്ല. കിണർ ഉറവ (Aquifer) യുടെ സ്വഭാവം, അത് എങ്ങനെ മുകളിൽ നിന്നുള്ള മഴവെള്ളം ഇറക്കുന്നതിനോട് പ്രതികരിക്കുന്നു, ആ പ്രദേശത്തെ പാറയുടെ ചരിവ്, ഭൂഗർഭസ്വഭാവം എന്നിങ്ങനെ നിരവധി കാരണങ്ങൾ ഇതുപോലെ മഴവെള്ളം കിണറ്റിലേക്കിറങ്ങുന്നതിനെ സ്വാധീനിക്കും. അതുകൊണ്ട് ഈ പഠനത്തിന്റെ ഭാഗമായി മേൽപ്പറഞ്ഞ വസ്തുതകളെ അടിസ്ഥാനമാക്കി പഞ്ചായത്തിലെ കിണറുകളിൽ മേൽക്കൂരയിൽനിന്നും മഴവെള്ളം ഇറക്കുമ്പോൾ ഉണ്ടാകുന്ന ശുദ്ധജലവലയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ഉറവ എങ്ങനെ അതിനോടു പ്രതികരിക്കുന്നു എന്നതിനെക്കുറിച്ചും നടത്തപ്പെടുന്ന ഗവേഷണ-നിരീക്ഷണഫലങ്ങൾ കൊരട്ടി പഞ്ചായത്തിനുമാത്രമല്ല, കേരളത്തിനു മൊത്തമായാണ് പ്രയോജനപ്പെടുക. സാധാരണയായി മേൽക്കൂരയിൽനിന്നും മഴവെള്ളം കിണറിലേക്ക് ഇറക്കിക്കഴിഞ്ഞാൽ പിന്നെ നാം അതിനെപ്പറ്റി ചിന്തിയ്ക്കാറില്ല. പക്ഷേ, മേൽപ്രതിപാദിച്ച രീതിയിലുള്ള പഠനം ഒരു കാലാവസ്ഥാ വ്യതിയാന അതിജീവന പദ്ധതിയായി ഈ സംസ്ഥാനത്തിനു പ്രയോജനം ചെയ്യും. ജലസേചന കനാലുകളുടെ വരവോടെ കേരളത്തിൽ പതിനായിരക്കണക്കിന് കുളങ്ങൾ ശ്രദ്ധയില്ലാതെയായിട്ടുണ്ട്. ചാലക്കുടി റിവർ ഡൈവർഷൻ സ്കീമിന്റെ കനാൽ കൊരട്ടി പഞ്ചായത്തിലൂടെ കൃഷിക്ക് ജലം നൽകുന്നതുവഴി 10,000 ക്യു.മീറ്ററിൽ കൂടുതൽ ജലസംഭരണശേഷിയുള്ള ഒരു ഡസനിലേറെ പൊതുകുളങ്ങൾ പൂർണ്ണമായി അവഗണിക്കപ്പെട്ടു. പക്ഷേ, 1970-കളിൽ ആഴ്ചയിൽ മൂന്നു ദിവസം വീതം കനാലിലൂടെ വെള്ളം വന്നിരുന്നത് ഇന്ന് 20 ദിവസം കൂടുമ്പോൾ ഒന്നോ രണ്ടോ തവണ എന്നായി കുറഞ്ഞു. കുറേക്കാലമായി ശ്രദ്ധയില്ലാതെ കിടന്ന കുളങ്ങൾ ചെളിയടിഞ്ഞ്, ജലസംഭരണശേഷി തീരെ കുറഞ്ഞ്, കയ്യേറ്റവും അശ്രദ്ധയുംമൂലം പാരിസ്ഥിതികമായി പരിതാപകരമാവുകയും ചെയ്തു. മുൻപ് ഇത്തരം കുളങ്ങളിൽനിന്നും എല്ലാ വർഷവും എടുക്കുന്ന ചെളി കൃഷിക്ക് ആവശ്യമായിരുന്നു. രാസവളത്തിന്റെ അതിപ്രസരവും നെൽകൃഷി തീരെ കുറഞ്ഞതും കാരണം ഇന്ന് കുളങ്ങളുടെ പരിപാലനം ശ്രദ്ധിക്കപ്പെടുന്നില്ല. അങ്ങനെ അവ ആഴം കുറഞ്ഞ ജലസംഭരണികളാകുന്നു. മേൽപ്പറഞ്ഞ പഠനത്തിന്റെ ഭാഗമായി നടത്തിയ സർവ്വേയിൽ കൊരട്ടി പഞ്ചായത്തിൽമാത്രം കണ്ടെത്തിയ 53 വലിയ പൊതുകുളങ്ങളെ സംരക്ഷിച്ച് ചെളി നീക്കം ചെയ്തു അവയിലെ കയ്യേറ്റം ഒഴിപ്പിച്ച് ജലസുരക്ഷയുടെ ഭാഗമായി പുനരുജ്ജീവിപ്പിക്കുന്ന ശ്രമത്തിലാണ് കൊരട്ടി പഞ്ചായത്ത്. ജലസുരക്ഷ എന്നാൽ ജലത്തിന്റെ സംഭരണം കൂടുന്നതുമാത്രമല്ല ഗുണനിലവാരം മെച്ചപ്പെടുത്തുന്നതുകൂടിയാണ്. അതിനായി എസ്.സി.എം.എസ്. കോളേജിലെ പാരിസ്ഥിതിക എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർത്ഥികൾ കൊരട്ടി പഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്തിലെ 190 ജലസ്രോതസ്സുകളിലെ ജലം ശേഖരിച്ച് പഞ്ചായത്തുതല ജല ഗുണനിലവാര അറ്റ്ലസ് തയ്യാറാക്കി. ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം പ്രയോജനപ്പെടുത്തി ഈ 190 ജലസ്രോതസ്സുകളിൽ നിശ്ചിത കാലയളവിൽ വരുന്ന മാറ്റങ്ങൾ അപ്പപ്പോൾത്തന്നെ രേഖപ്പെടുത്തുന്നതാണ്. അപൂർവ്വം ചിലയിടങ്ങളിൽ അമിത അളവിൽ ഇരുമ്പ് കണ്ടെത്തിയതിനുപുറമെ 90 ശതമാനം ജലസ്രോതസ്സുകളിലും കോളീഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കാണുന്നതായും പഠനം കണ്ടെത്തി. സോഡിയം ഹൈപോക്ലോറൈറ്റ് രണ്ടു മി.ഗ്രാം ഒരു ലിറ്ററിന് എന്ന അനുപാതത്തിൽ ഉപയോഗിക്കുമ്പോഴും കുടിവെള്ളം തിളപ്പിക്കുമ്പോഴും കോളിഫോം ബാക്ടീരിയ പൂർണ്ണമായും ഇല്ലാതാകുന്നതായി കണ്ടു. പഞ്ചായത്തുതലത്തിലുള്ള ഒരു ജലസേന കൊരട്ടിയിൽ ഇതിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ടു. ഈ ജലസേനയിലെ ഓരോ അംഗത്തിനും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള വിദഗ്ധപരിശീലനം എസ്.സി.എം.എസ്. എഞ്ചിനീയറിങ്ങ് കോളേജിലെ ജലഗവേഷണവിഭാഗം നൽകി. ജലസേനയിലെ അംഗങ്ങളാണ് ഇന്ന് ജലഗുണനിലവാര പരിശോധന നടത്തുന്നത്. ഇതിനു പുറമേ മേൽപറഞ്ഞ പഠന-പരിരക്ഷണപദ്ധതിയുടെ ഭാഗമായി പരിശീലനം സിദ്ധിച്ച ജലസേന അംഗങ്ങൾ മേൽക്കൂരയിൽ നിന്നുള്ള മഴവെള്ള സംഭരണം, ജലസാക്ഷരത, പൊതു കുളങ്ങളുടെ പരിപാലനം എന്നിവയ്ക്ക് പഞ്ചായത്തിൽ ചുക്കാൻ പിടിക്കുന്നു. നാം നേരിടാൻ പോകുന്ന വേനൽക്കാലത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തെ പ്രതിരോധിക്കുവാനും ജലസുരക്ഷ ഉറപ്പുവരുത്തുവാനും ഒരു പഞ്ചായത്ത് നടത്തുന്ന കാലാവസ്ഥാ വ്യതിയാന അതിജീവന പദ്ധതിയാണിത്. നാം വലിയ പ്രാധാന്യം നൽകാത്ത കിണറുകൾ, കുളങ്ങൾ എന്നിവയ്ക്ക് കേരളത്തിലെ പശ്ചാത്തലത്തിൽ പ്രാദേശികമായ ജലസുരക്ഷക്ക് എന്തുമാത്രം സംഭാവന ചെയ്യുവാനാകും എന്നതിന്റെ തിരിച്ചറിവാണിത്. ദന്തഗോപുരങ്ങളിലിരിക്കാതെ അതിനുവേണ്ട സാങ്കേതിക സഹായം നൽകുന്നതിന് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എത്ര വലിയ പങ്ക് വഹിക്കാനാവും എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണിത്. ഈ രണ്ട് സ്ഥാപനങ്ങളും കൈകോർക്കുമ്പോൾ സാധാരണ ജനത്തിന് ലഭിക്കുന്ന പ്രയോജനങ്ങൾ അനന്തമാണ്. കറുകുറ്റി എസ്.സി.എം.എസ്. കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ജലഗവേഷണവിഭാഗം തലവനാണ് ലേഖകൻ.
തെക്കേ അതിർത്തിയിൽനിന്നും വടക്കേ അറ്റംവരെ യാത്രാനുകൂലമായ ജലപാതയും അങ്ങിങ്ങ് ശുദ്ധജലതടാകങ്ങളും, കായലുകളും, സമൃദ്ധിക്ക് പര്യായമായി കരുതാവുന്ന കോൾനിലങ്ങളും മൂന്ന് പൂ വരെ കൃഷി ചെയ്യാനുതകുന്ന നെൽപ്പാടങ്ങളും, ഇതിനെല്ലാമുപരിയായി ചരിത്രവും, ഇതിഹാസവുമായി ഏതെങ്കിലുമൊരുതരത്തിൽ ഇണപിരിയാനാവാത്തവിധം ബന്ധപ്പെട്ടു കിടക്കുന്ന നാൽപ്പത്തിനാലു നദികളുടേയും തണ്ണീർ സമുച്ചയമുണ്ടായിരുന്ന, അതിവിദൂരമല്ലാത്ത ഭൂതകാല ഭൂമിശാസ്ത്ര പശ്ചാത്തലം ഓർമ്മയിൽ കരുതിവേണം തണ്ണീർത്തടങ്ങളുടെ വർത്തമാന സ്ഥിതിയും ധർമ്മവും ഭാവിയും ചർച്ച ചെയ്യേണ്ടത്. തണ്ണീരും-തളിരും ജീവിതത്തോട് ചേർത്തുവെച്ച, ശാസ്ത്ര നിർവ്വചനങ്ങൾക്കപ്പുറത്തുള്ള ഉഭയ-ബന്ധം, അത് അതിജീവനത്തിന്റെ മാത്രമല്ല പരസ്പരാശ്രയത്വത്തിന്റെയും ഉത്തമദൃഷ്ടാന്തങ്ങൾ അല്ലെങ്കിൽ മാതൃകകളായിരുന്നു. ചൂഷണത്തിന്റെ ആധുനിക ‘ഇക്കോളജി ഡവലപ്പ്മെന്റ്’ മാതൃകകൾക്കപ്പുറത്തുള്ള ഇത്തരം അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന മാതൃകകൾ, ജീവികളെ മാത്രമല്ല, അവയുടെ സ്വാഭാവിക പരിണാമത്തിന് വിധേയമാകാനുള്ള ജൈവീക അവകാശത്തെയും, നിലനിൽപ്പിനുള്ള ആവാസവ്യവസ്ഥയെയും ഒരുപോലെ സംരക്ഷിച്ചുപോന്നു. സാംസ്ക്കാരികവും, ചരിത്രപരവും, ഒരു പരിധിക്കപ്പുറം മതപരവും, ഒരുപക്ഷേ, ദുർഗ്രാഹ്യവുമായ നിയന്ത്രണങ്ങൾക്കു വിധേയമായ വിഭവ വിനിയോഗമാർഗ്ഗങ്ങളാണ് പക്വത പ്രാപിച്ചുവരുന്നു എന്നു പറയുന്ന ജനാധിപത്യ സമൂഹത്തിന് ചെയ്യാനാവാത്ത പരിസ്ഥിതി-സംരക്ഷണം എന്ന ധർമ്മം നിർവ്വഹിച്ചുപോന്നത്. എത്രയൊക്കെ ദൗർബല്യങ്ങളുള്ള ഒരു ജനതയാണ് നമുക്ക് പിന്നിലുണ്ടായതെന്നു സമ്മതിച്ചാൽപോലും പരിസ്ഥിതി സംരക്ഷണം പൗരധർമ്മമായി കരുതിയിരുന്നു എന്നുവേണം അനുമാനിക്കാൻ. മഹത്തായ ഇത്തരം ഇക്കോളജീയ മാതൃകകൾക്ക് മേലാണ് നാം വികസനം കെട്ടിപ്പടുത്തത്. വികസനത്തിന്റെ കുതിപ്പിൽ സമൃദ്ധിയുടെ കോൾനിലങ്ങളും, തടാകങ്ങളും, വയലുകളും നികന്നപ്പോൾ അന്യംനിന്നുപോകുന്ന മത്സ്യങ്ങളുടേയും, ഉഭയ-ഉരഗ ജീവികളുടേയും കണക്കുകൾ തിട്ടപ്പെടുത്താൻ മെനക്കെട്ടില്ല, ആരും. ദുരന്തങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. കിണറുകൾ വറ്റുന്നതുവരെയും, കുടിവെള്ളം മലിനമാകുന്നതുവരെയും, നാം ചില കോണുകളിൽനിന്നും വന്ന ശ്രദ്ധാപൂർവ്വമായ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടേയിരുന്നു. ഒരളവുവരെ ആസൂത്രിതമായ ഇത്തരം തണ്ണീർത്തട കയ്യേറ്റങ്ങൾ ഇപ്പോഴും വൻ പ്രതിഷേധങ്ങൾക്കു നടുവിലും തുടരുന്നു എന്നത് ഭാവിയെക്കുറിച്ച് ഒരാശങ്കയും ഇല്ലാത്തവരുടെ നടുവിലാണ് നാം ജീവിക്കുന്നതെന്ന് ഒരിക്കൽകൂടി വ്യക്തമാക്കുന്നു. ഇത്തരമൊരു പാരിസ്ഥിതിക പ്രതിസന്ധിയിൽനിന്നാണ് തണ്ണീർത്തടങ്ങളെയും മത്സ്യസമ്പത്തിനെയും കുറിച്ച് ചർച്ചചെയ്യുന്നത്.
റാംസർ കൺവെൻഷനോടുകൂടിയാണ് തണ്ണീർത്തടങ്ങളുടെ മൂല്യത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ബോധവാൻമാരാ
കുന്നതും സംരക്ഷണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നതും. തണ്ണീർത്തടങ്ങളെ ഒരു നിർവ്വചനത്തിന്റെ പരിധിയിലേക്കൊതുക്കുക ദുഷ്ക്കരമെങ്കിലും പ്രായോഗിക സിദ്ധിയുള്ള ഒരു നിർവ്വചനം അവർ മുന്നോട്ടുവച്ചിരുന്നു. ഉപ്പുവെള്ളം ഉൾപ്പെടെ കായലോ, ശുദ്ധജലമോ, ഒഴുകുന്നതോ, നിശ്ചലമോ, സ്ഥിരമോ, താൽക്കാലികമോ, കൃത്രിമമോ, സ്വാഭാവികമോ, ചതുപ്പോ ഏതുമാവട്ടെ, ജലനിരപ്പ് വേലിയിറക്കത്തിൽ ആറുമീറ്ററിൽ താഴെയാണെങ്കിൽ അത്തരം തടങ്ങളെ തണ്ണീർത്തടങ്ങൾ എന്നു വിളിക്കാവുന്നതാണ്. ദ്വീപുകളിലും, കടലോരങ്ങളിലും, തീരദേശങ്ങളിലും ആറു മീറ്ററിൽ കൂടുതലാണ് ജലനിരപ്പെങ്കിലും അവയെയും തണ്ണീർത്തടങ്ങളായി പരിഗണിക്കാം.
ഭാരതസർക്കാർ 2010-ൽ പുറത്തിറക്കിയ തണ്ണീർത്തട ഭൂപടപ്രകാരം കേരളത്തിലെ ഉൾനാടൻ തണ്ണീർത്തടങ്ങളുടെ വിസ്തൃതി 1,17,122 ഹെക്ടറും തീരദേശ തണ്ണീർത്തടങ്ങളുടെ വിസ്തൃതി 40,876 ഹെക്ടറും, ചെറുതണ്ണീർത്തടങ്ങളുടെ വിസ്തൃതി 2,592 ഹെക്ടറുമാണ്. മേൽ കണക്കു പ്രകാരം കേരളത്തിന്റെ ആകെ തണ്ണീർത്തട വിസ്തൃതി 160,590 ഹെക്ടറാണ്. ഏറ്റവും കൂടുതൽ തണ്ണീർത്തടങ്ങളുള്ളത് ആലപ്പുഴ ജില്ലയിലും (26,079 ഹെക്ടർ), രണ്ടാമതായി എറണാകുളം ജില്ലയിലും (25,065 ഹെക്ടർ), പിന്നെ കൊല്ലം ജില്ലയിലുമാണ് (13,703 ഹെക്ടർ).
കേരളത്തിലെ തണ്ണീർത്തടത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ് വേമ്പനാട് കായൽ. ഏകദേശം 65 ഇനം മത്സ്യങ്ങൾ വേമ്പനാട്ട് കായലിൽ ഉള്ളതായി പഠനങ്ങൾ വ്യക്തമാക്കുന്നു. കാളാഞ്ചി, കുട്ടൻ, നങ്ക്, നച്ചിറ, കണമ്പ്, ആറ്റുചൂഢൻ, ചട്ടിത്തലയൻ, കൂരി, പ്രാഞ്ഞിൽ തുടങ്ങി ദ്വിതീയ ശുദ്ധജലമത്സ്യങ്ങൾ ഇവിടെ കണ്ടുവരുന്നു. അഞ്ചു നദീപ്രവാഹങ്ങളെ ഏറ്റുവാങ്ങുന്ന വേമ്പനാട്ട് കായലിൽ ഭൂരിഭാഗവും ശുദ്ധജല മത്സ്യങ്ങളാണ്. മഞ്ഞക്കൂരി, കരിമീൻ, പള്ളത്തി, വരാൽ, ചേറൻ, കല്ലട, കണഞ്ഞോൻ, വാലേക്കൊടിയൻ, വയമ്പ്, കുറുവ, അറിഞ്ഞിൽ, കാരി തുടങ്ങിയവയൊക്കെ സമീപകാലത്തെ ഓർമ്മിക്കുവാൻ മാത്രമായി നിലനിൽക്കുന്നുവെന്നാണ് പഠനങ്ങളിൽ നിന്നും മനസ്സിലാകുന്നത്. കേരളത്തിന്റെ സമീപകാല ചരിത്രരേഖകളിൽ വേമ്പനാട്ട് കായലിന്റെ വിസ്തൃതിയേയും, മത്സ്യസമ്പത്തിനേയുംകുറിച്ച് പരാമർശങ്ങളുണ്ട്. ആറ്റുകൊഞ്ചും, കക്കയും സുലഭമായിരുന്നുവത്രേ അരനൂറ്റാണ്ടുമുമ്പ്. ഒരു മനുഷ്യായുസ്സിന്റെ പകുതികൊണ്ട് മത്സ്യസമ്പത്ത്, പുനഃസൃഷ്ടിക്കാനാവാത്തവിധം നാം കൊയ്തെടുത്തു. വിപണിയില്ലാത്ത മത്സ്യങ്ങളുടെ വംശനാശം ഉറപ്പുവരുത്തി നിയമങ്ങൾ ഭേദിച്ചുകൊണ്ടുള്ള നിരന്തരമായ കയ്യേറ്റങ്ങൾക്കും വിനോദസഞ്ചാരം മൂലമുള്ള പാർശ്വഫലങ്ങൾക്കും വിവിധ സ്രോതസ്സുകളിൽ നിന്നുള്ള മാലിന്യ വിസർജ്ജനത്തിനും ഇരയായി ശുഷ്കവും അതിജീവനത്തിന് ശേഷിയില്ലാത്തവിധം തകർന്നുകൊണ്ടിരിക്കുന്നതുമായ ആവാസവ്യവസ്ഥയെയാണ് വേമ്പനാട്ടുകായൽ ഇന്ന് പ്രതിനിധാനം ചെയ്യുന്നത്. ഒരു തണ്ണീർത്തടം എങ്ങനെ ഇല്ലാതാക്കാം എന്നു പഠിക്കുവാൻ വേമ്പനാട്ടുകായൽ സന്ദർശിച്ചാൽ മാത്രം മതിയാകും.
സന്തുലിത വിഭവ വിനിയോഗത്തിന് ഉത്തമമാതൃകയായിരുന്നു വേമ്പനാട്ട് കായൽ. പ്രജനനകാലങ്ങളിൽ മത്സ്യബന്ധനം സ്വയം നിയന്ത്രിച്ചും പ്രകൃത്യായുള്ള പ്രജനന കേന്ദ്രങ്ങൾ സംരക്ഷിച്ചും, കൃത്രിമമായി പ്രജനനകേന്ദ്രങ്ങൾ ഒരുക്കിയും, വിനാശകരമായ മത്സ്യബന്ധന രീതികൾ അവലംബിക്കാതെയും പൈതൃകമായ മത്സ്യസമ്പത്തിനെ അവർ സംരക്ഷിച്ചുപോന്നു. ഉത്തരവാദിത്വ മത്സ്യബന്ധനം ശാസ്ത്രജ്ഞർ പറഞ്ഞു തുടങ്ങുന്നതിനുമുമ്പേ പ്രയോഗത്തിൽ വരുത്തിയ ഒരു കാർഷിക സമൂഹമായിരുന്നു വേമ്പനാട്ട് കായലിന്റെ കാവൽക്കാർ. ജൈവസമ്പത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് ആശങ്കയില്ലാത്തവിധം ആധുനികവൽക്കരിക്കപ്പെട്ടുപോയ കർഷകസമൂഹം വേമ്പനാട്ട് കായലിന്റെ ചരിത്രത്തിൽനിന്ന് പാഠങ്ങൾ പഠിച്ചേ മതിയാകൂ.
വിശാലമായ വേമ്പനാട്ട് കായൽപോലെ കേരളത്തിന്റെ മത്സ്യസമ്പത്തിന്റെ സൂക്ഷിപ്പുകാരാണ് നമ്മുടെ നെൽപ്പാടങ്ങൾ. മത്സ്യസമ്പത്തിനെ നിലനിർത്തുന്നതിൽ നെൽപ്പാടങ്ങളുടെ പങ്ക് പരിശോധിക്കുവാൻ ഈ ലേഖകൻ ഒരു പഠനം നടത്തുകയുണ്ടായി. തൃശ്ശൂർ ജില്ലയിലെ അന്നമനട പഞ്ചായത്തിലെ മുപ്പൂവ് കൃഷി ചെയ്തിരുന്ന വെണ്ണിപ്പാടം, അന്നമനടപ്പുഴ (ചാലക്കുടിപ്പുഴ താഴെയെത്തുമ്പോൾ അന്നമനടപ്പുഴയെന്നാണറിയപ്പെടുന്നത്) യുമായും, കരിക്കാട്ട് ചാൽ, ചിറയംചാൽ എന്നീ ചെറുതടാകങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. 1,021 മീറ്റർ ചുറ്റളവുള്ള ചിറയംചാലും, 1,808.9 മീറ്റർ ചുറ്റളവുള്ള കരിക്കാട്ട്ചാലും ഇവിടുത്തെ ശുദ്ധജല മത്സ്യങ്ങളുടെ വേനൽക്കാല വസതിയാണ്. വരാൽ, ചേറൻ, വാള, കരിമീൻ, പള്ളത്തി, വട്ടോൻ, കല്ലട, പൂളോൻ, വാലേക്കൊടിയൻ, കുറുവ, ഉരുളൻപരൽ, ചുട്ടിപ്പരൽ, മാനത്തുകണ്ണി, കരിങ്കണ, മഞ്ഞാരകൻ, കല്ലാരകൻ, ചില്ലൻകൂരി, വയമ്പ്, മലിഞ്ഞീൻ, കോലാൻ, മുതുക്കി, കാരി, മുഷി തുടങ്ങിയ 40-ഓളം മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയാണ്. വേനൽക്കാല മത്സ്യബന്ധനം തകൃതിയായി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.
കേരളത്തിൽ കാലവർഷാരംഭത്തോടെ നടക്കുന്ന മത്സ്യബന്ധനത്തെയാണ് ഊത്ത എന്നുപറയുന്നത്. ഇടവപ്പാതിയുടെ ആരംഭത്തിൽതന്നെ മത്സ്യങ്ങൾ അണ്ഡവുമായി പ്രജനനകേന്ദ്രം തേടി, കൂട്ടത്തോടെ ഉയർന്നയിടങ്ങളായ നെൽപ്പാടങ്ങളിലേക്ക് കയറുന്നു. വാള, മഞ്ഞക്കൂരി, കുറുവ, ഉരുളൻ പരൽ, പാറപ്പരൽ തുടങ്ങിയവ പുഴയിൽനിന്നും, വേനൽക്കാല വസതിയിൽനിന്നും, നെൽപ്പാടവുമായി ബന്ധിപ്പിക്കുന്ന തോടുകളിലൂടെ ഇരച്ചുകയറുന്നു. നെൽപ്പാടങ്ങളിലെ മനുഷ്യരുടെ കാൽപ്പാദങ്ങളുടെ പാടുകളും, വരമ്പിനോട് ചേർന്ന ഇടങ്ങളുമാണ് സുരക്ഷിത പ്രജനന കേന്ദ്രങ്ങൾ. ഇവിടെ ഇണചേരലും അണ്ഡവിക്ഷേപവും വിജയിച്ചാൽ, കുഞ്ഞുങ്ങൾ നെൽപ്പാടങ്ങളിൽ വളരുന്നു. തിരുവാതിര ഞാറ്റുവേലയ്ക്കു വന്ന വെള്ളം തിരുവോണം കഴിഞ്ഞ് ഇറങ്ങുന്ന മുറയ്ക്ക് പ്രായമെത്തിയ കുഞ്ഞുങ്ങളും പുഴയിലേക്കും വേനൽക്കാല വസതികളിലേക്കുമുള്ള യാത്ര ആരംഭിക്കുന്നു. ഈ പ്രജനന കാലത്ത് ഉത്സവപ്രതീതിയായിരിക്കും നെൽപ്പാടങ്ങളിൽ. രാത്രിയാവുന്നതോടെ ടോർച്ചും വിളക്കുകളുമായി ആധുനിക മുറയിലും പരമ്പരാഗതരീതിയിലും മത്സ്യബന്ധനം നടത്തുന്നു. 25 ഹെക്ടറിൽ താഴെ വിസ്തീർണ്ണമുള്ള ഈ നെൽപ്പാടങ്ങളിൽനിന്നും അനുബന്ധ പ്രജനന ദേശാന്തരഗമനപാതകളിൽനിന്നും 2011 മെയ് 29 മുതൽ ജൂൺ 04 വരെയുള്ള പരിമിത ദിവസങ്ങൾക്കുള്ളിൽ പിടിച്ചുകിട്ടിയത് 1,182.29 കി.ഗ്രാം മത്സ്യമാണ്. മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിക്കുന്നതിനും ഉത്പാദിപ്പിക്കുന്നതിനും നെൽപ്പാടങ്ങളുടെ പങ്ക് ഈ കണക്കിൽനിന്നും വ്യക്തമാകുന്നതാണ്. മത്സ്യങ്ങളോടൊപ്പംതന്നെ ഉഭയ ജീവികളുടെയും പ്രജനനകേന്ദ്രങ്ങളാണ് നെൽപ്പാടങ്ങൾ.
ഈ മത്സ്യബന്ധനത്തിന് അനുകൂലമായ ഉപകരണങ്ങൾ ഉണ്ടാക്കുന്നതിൽ നിപുണത കൈവരിച്ച ഒരു പരമ്പരാഗത കർഷകസമൂഹം ഇന്നും ഇവിടെയുണ്ട്. അടിച്ചിൽ, ചാട്ടം, വാളക്കൂട്, ഒറ്റൽ തുടങ്ങിയ, തികച്ചും കരവിരുതും, കൃത്യതയും, സൂക്ഷ്മതയും ചേർത്ത് നിർമ്മിക്കുന്ന, വൈദഗ്ധ്യം നിറഞ്ഞുനിൽക്കുന്ന മത്സ്യബന്ധനോപകരണങ്ങൾ മെനയുന്ന കർഷകർ ജൈവിക സമ്പന്നമായ നെൽപ്പാടങ്ങളിലെ ഉണർത്തുപാട്ടുകൾ കൂടി ഓർത്തെടുക്കുന്നവരാണ്. അവർ പറയും: ‘സമൃദ്ധമായ ഊത്ത, അതും, ഇടവപ്പാതിക്കും തുലാവർഷത്തിനും. മീൻ പിടിച്ച് മതിയായവരും, മതിമറന്നവരുമാണ് ഞങ്ങൾ’. ഇന്ന് തുലാവർഷത്തിലെ ഊത്ത അന്യം നിന്നുപോയി!
ഊർജ്ജിത കൃഷി-കീടനാശിനിയും വളപ്രയോഗവും മുൻനിർത്തിയുള്ള കൃഷിരീതികൾ വൻതോതിൽ മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമായി. മഞ്ഞാരകനും മഞ്ഞവരയൻകൂരിയും, മുഴിയും അന്യം നിന്നു തുടങ്ങിയിരിക്കുന്നു. വിദേശിയായി വന്ന് നെൽപ്പാടങ്ങൾ കീഴടക്കുകയും അറിഞ്ഞോ അറിയാതെയോ ജൈവശൃംഖലയുടെ ഭാഗമാവുകയും ചെയ്ത ഞവണിക്ക (ിെമശഹ) ഈ നെൽപ്പാടങ്ങളിൽ അന്ത്യംകണ്ടു തുടങ്ങിയിരിക്കുന്നു. കൃഷി ലാഭകരമല്ലെന്നു വന്നതോടെ കൃഷിചെയ്യാതെ തരിശായ നെൽപ്പാടങ്ങളിൽ വിദേശ കളകൾ തഴച്ചുപൊന്തി. കൃത്യമായി ഒരുക്കിയ വരമ്പുകളിൽ സമൃദ്ധമായി കണ്ടിരുന്ന ബ്രഹ്മി തുടങ്ങിയ സസ്യങ്ങൾ അപൂർവ്വമായി ത്തുടങ്ങിയിരിക്കുന്നു.
ഊർജ്ജിത കൃഷിക്ക് അനിവാര്യമായ യന്ത്രവൽക്കരണം നെൽപ്പാടങ്ങളിൽ വഴികൾ നിർമ്മിക്കുന്നതിനു കാരണമായി. ഇത്തരം റോഡുകൾ പലതും നെൽപ്പാടങ്ങളെ പകുത്താണ് നിർമ്മിച്ചത്. ഇത്തരം റോഡുകൾ മത്സ്യങ്ങളുടെ ദേശാന്തരഗമനത്തേയും, പ്രജനനത്തെയും സാരമായി ബാധിച്ചു. നെൽപ്പാടങ്ങൾ വൻതോതിൽ നികത്തുന്നതിനുള്ള ഉൽപ്രേരകമായി ഈ റോഡുകൾ മാറി എന്നതാണ് മറ്റൊരു ദുരന്തം.
നിരന്തരമായ ഭീഷണികൾക്കു നടുവിലാണ് ഓരോതുണ്ട് നെൽപ്പാടങ്ങളും. ഈ ഭീഷണികൾക്കു നടുവിൽ നിന്നുമാണ് ഓരോ ഇഞ്ചു നെൽപ്പാടവും മത്സ്യസമ്പത്തിനെ പുനരുജ്ജീവിപ്പിക്കുന്നത് എന്നോർക്കണം. വരുംതലമുറ ഒരു പക്ഷേ, എവിടെയെങ്കിലും ഇതുപോലെ രേഖപ്പെടുത്തിയ പേരുകൾ കണ്ട് ഏതു മത്സ്യമെന്നും എങ്ങനെയിരിക്കുമെന്നും ചോദിച്ചുപോയാൽ ഇവയൊക്കെ സമൃദ്ധമായി ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നു നിർവ്വികാരമായ ഉത്തരം പറഞ്ഞൊഴിയാം നമുക്ക്. അല്ലെങ്കിൽ ഇവയൊന്നുമില്ലാത്ത ഒരു ലോകത്ത് ജീവിക്കുവാൻ അവരെ പരിശീലിപ്പിക്കാം.
കേരള ജൈവവൈവിധ്യ ബോർഡിൽ
മുൻ ശാസ്ത്രജ്ഞനും കേരളത്തിലെ മത്സ്യ സമ്പത്തിനെക്കുറിച്ച് വളരെയധികം
പഠനങ്ങൾ നടത്തിയിട്ടുള്ള ആളുമാണ് ലേഖകൻ.
കുറച്ചേറെ വർഷങ്ങളായി കേരളത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണല്ലോ നമ്മൾ നേരിടുന്ന ജലക്ഷാമം. ദേശീയ ശരാശരിയിലും വളരെയധികം മഴ കിട്ടുന്ന കേരളം പോലൊരു സ്ഥലത്തെന്തേ ഇത്രയധികം വരൾച്ചാ വറുതികൾ? മഴപെയ്തൊഴിഞ്ഞ് ഏറെക്കഴിയുന്നതിനു മുൻപേ തന്നെ വരൾച്ചയുടെ കെടുതികൾ തുടങ്ങുകയായി. ഈ ദുരിതത്തെ അതിജീവിക്കാൻ എന്തുകൊണ്ട് നമുക്ക് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും പരിഹാരങ്ങളും ഉണ്ടാകുന്നില്ല? ടാപ്പുകളും കിണറുകളും വറ്റുമ്പോൾ മാത്രം ഉണ്ടാക്കപ്പെടുന്ന താൽക്കാലിക പരിഹാരക്രിയകൾ എത്രമാത്രം, അല്ലെങ്കിൽ എത്ര നാളത്തേക്ക് നമ്മെ രക്ഷിക്കും?
2012ൽ കേരളത്തിൽ ലഭിച്ച മഴയുടെ കണക്ക് നോക്കുക. ശരാശരിയിലും 23 ശതമാനം കുറവ്. ജൂൺ ഒന്നുമുതൽ സെപ്തംബർ മുപ്പത് വരെയുള്ള സമയത്ത് തിമിർത്തുപെയ്യേണ്ട തെക്കുപടിഞ്ഞാറൻ കാലവർഷം ചതിച്ചപ്പോൾ കാലാവസ്ഥാ വിദഗ്ധരും കർഷകരും സർക്കാരുമൊക്കെ പ്രതീക്ഷിച്ചതും പ്രാർത്ഥിച്ചതുമെല്ലാം തുലാവർഷം (രണ്ടാംഘട്ട മൺസൂൺ) കനിയുമെന്നാണ്. എന്നാൽ ആ പ്രതീക്ഷയും തകർന്നടിഞ്ഞു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാവർഷമഴയിൽ വന്ന കുറവ് 35 ശതമാനം. സംസ്ഥാനത്തെ 14 ജില്ലകളിൽ ഒന്നിൽപ്പോലും സാധാരണ കിട്ടാറുള്ള മഴ ലഭിച്ചില്ല. ഫലം, മുഴുവൻ ജില്ലകളേയും ഈ വർഷം വരൾച്ചബാധിതമായി പ്രഖ്യാപിക്കേണ്ടിവന്നു.
ജലദൗർലഭ്യം സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ഒരു യാഥാർത്ഥ്യമായിക്കഴിഞ്ഞു. ഭൂഗർഭ ജലവും ഉപരിതല ജലസ്രോതസ്സുകളും (കിണറുകൾ, കുളങ്ങൾ, പുഴകൾ, ശുദ്ധജല തടാകങ്ങൾ) ഒരുപോലെ പിൻവലിയുന്നു. യഥാർത്ഥത്തിൽ ഇത് പെട്ടെന്നുണ്ടായ സ്ഥിതിവിശേഷമല്ല മറിച്ച്, കാലങ്ങളായുള്ള ദുരുപയോഗത്തിന്റെ ഫലമായുണ്ടായ അവസ്ഥയാണ്. വനങ്ങളുടേയും നദികളുടെ ഉറവിടങ്ങളുടേയും സാന്നിദ്ധ്യം കൊണ്ട് ജലസമൃദ്ധമായിരുന്ന പശ്ചിമഘട്ടമലനിരകളിലെ ഉയർന്ന പ്രദേശങ്ങളിലെ പഞ്ചായത്തുകൾ പോലും ഇന്ന് കടുത്ത ജലക്ഷാമം നേരിടുന്നു. ഇവിടെയാണ് അതീവപ്രാധാന്യമുള്ള ഒട്ടേറെ ചോദ്യങ്ങൾ ഉയരുന്നത്. ഒരുകാലത്ത് അധികജലമുണ്ടായിരുന്ന കേരളം എങ്ങനെയാണ് ഒരു വരൾച്ചബാധിത സംസ്ഥാനമായത്? ജലക്ഷാമം എന്നത് വേനൽ കടുക്കുമ്പോഴും കിണറുകളും കുളങ്ങളും പുഴകളും വറ്റിവരളുമ്പോഴും മാത്രം ആലോചിക്കേണ്ട പ്രശ്നമാണോ? വരൾച്ചയും ജലദൗർലഭ്യവും നേരിടാൻ കേരളം കൈക്കൊള്ളുന്ന നടപടികൾ പ്രശ്നത്തിന്റെ അടിസ്ഥാന കാരണങ്ങൾക്ക് പരിഹാരമാണോ?
ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ആദ്യം പരിശോധിക്കേണ്ടത് കേരളത്തിലെ സർക്കാരുകൾ എങ്ങനെയാണ് ആവർത്തിച്ചുണ്ടാകുന്ന വരൾച്ചയും ജലക്ഷാമവും നേരിടാൻ ശ്രമിക്കുന്നതെന്നാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജലക്ഷാമം പരിഹരിക്കാനെന്ന പേരിൽ കാലങ്ങളായി ചെയ്യുന്ന സ്ഥിരം ഏർപ്പാടുകളുണ്ട്. ഓരോവർഷവും ഡസൻ കണക്കിന് കുടിവെള്ള പദ്ധതികൾ കമ്മീഷൻ ചെയ്യും. വറ്റിവരളുന്ന നദികളും തടയണകളും കേന്ദ്രീകരിച്ചായിരിക്കും ഇതിൽമിക്കതും. കോട്ടയം ജില്ലാപഞ്ചായത്ത് ഈ വർഷം കുടിവെള്ളപദ്ധതികൾക്കായി രണ്ടര കോടി രൂപയാണ് മാറ്റിവച്ചത്. കുടിവെള്ള പൈപ്പുകൾ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതികളും ഇതിൽപ്പെടും. കുടിവെള്ളപദ്ധതികൾ തുടങ്ങാനും തടയണകൾ നിർമിക്കാനും ഓരോ വർഷവും സംസ്ഥാന ബജറ്റിലും വൻതുക വകയിരുത്താറുണ്ട്. ഈ സാമ്പത്തിക വർഷം 400 കോടി രൂപയാണ് ഈയിനത്തിൽ മാറ്റിവച്ചത്.
റവന്യൂ വകുപ്പിന്റെ റിവർ മാനേജ്മെന്റ് ഫണ്ടിൽ (നദീപരിപാലന നിധി) നിന്ന് പരമാവധി തുക സംഘടിപ്പിച്ച് ചെക്ക് ഡാമുകൾ നിർമിച്ചുകൂട്ടാനാണ് പുഴയോര പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടേയും ശ്രമം. 2012 ജൂൺ 26ന് നിയമസഭയിൽ സർക്കാർ നൽകിയ വിവരമനുസരിച്ച് കോഴിക്കോട് ജില്ലയിലെ കല്ലായിപ്പുഴയുടെ പുനരുജ്ജീവനത്തിനെന്ന പേരിൽ മൂന്നര കോടി രൂപ അനുവദിച്ചു. അതേവർഷം ജൂലൈ 16ന് സഭയിൽ തന്നെ നൽകിയ മറ്റൊരുത്തരത്തിൽ ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ തടയണകൾ
നിർമ്മിക്കാൻ 90 ലക്ഷത്തിലധികം രൂപ അനുവദിച്ചതായും വ്യക്തമാക്കുന്നു. നദികളിൽ നിന്ന് മണൽ വാരാൻ അനുവദിക്കുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കിട്ടുന്ന റവന്യൂവരുമാനം സ്വരുക്കൂട്ടിയാണ് റിവർ മാനേജ്മെന്റ് ഫണ്ട് ഉണ്ടാക്കുന്നത്. 2001ലെ കേരള നദീതീര സംരക്ഷണത്തിന്റെയും മണൽവാരൽ നിയന്ത്രണത്തിന്റെയും നിയമങ്ങളനുസരിച്ച് നദികളുടെ പുനരുജ്ജീവനത്തിനും പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമാണ് ഈ ഫണ്ട് ഉപയോഗിക്കേണ്ടത്.
കുടിവെള്ള ക്ഷാമം നേരിടാൻ വർഷങ്ങളായി സർക്കാരുകൾ ചെയ്യുന്ന മറ്റൊരു താൽക്കാലിക മാർഗമാണ് ജലസേചനപദ്ധതികളിൽ നിന്നുള്ള വെള്ളം നഗരങ്ങളിലേയും പട്ടണങ്ങളിലേയും കുടിവെള്ള വിതരണത്തിനായി തിരിച്ചുവിടുന്നത്. ഉദാഹരണത്തിന് പാലക്കാട് പട്ടണം മലമ്പുഴയിലേയും കണ്ണൂർ പഴശ്ശിയിലേയും തൃശൂർ പീച്ചിയിലേയും തിരുവനന്തപുരം നഗരം പേപ്പാറയിലേയും ജലസേചന പദ്ധതികളെ ആശ്രയിച്ചാണ് കുടിവെള്ള ആവശ്യങ്ങളുടെ ഏറിയ പങ്കും നിറവേറ്റുന്നത്. എറണാകുളം ജില്ലയിൽപ്പെട്ട ഭൂതത്താൻകെട്ടിലെ പെരിയാർ വാലി ജലസേചന പദ്ധതിയും സമീപ പഞ്ചായത്തുകളിലെ കുടിവെള്ളവിതരണം ലക്ഷ്യമിട്ടുകൂടിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്
വേനലാകുമ്പോൾ കുടിവെള്ളമെത്തിക്കാനായി തദ്ദേശഭരണസ്ഥാപനങ്ങൾ പദ്ധതി വിഹിതത്തിൽ നിന്ന് വൻതുകയാണ് ചെലവിടുന്നത്. മറ്റ് മേഖലകൾക്കും ആവശ്യങ്ങൾക്കും വകയിരുത്തിയ പണം പോലും കുടിവെള്ളത്തിനായി മാറ്റിച്ചെലവഴിക്കുന്നതും സാധാരണയാണ്. സ്വകാര്യ ഏജൻസികളെയടക്കം, ലഭ്യമായ എല്ലാ സ്രോതസ്സുകളേയും അധികൃതർ ഉപയോഗപ്പെടുത്തുന്നു. എന്നാൽ സ്വകാര്യ ഏജൻസികൾ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഒരു പരിശോധനയും നടത്താറില്ല. അവർ എവിടെ നിന്നാണ് വെള്ളമെടുക്കുന്നതെന്നോ ജലസ്രോതസ്സിന്റെ അവസ്ഥയെന്താണെന്നോ മിക്ക നഗരസഭകൾക്കും മുനിസിപ്പാലിറ്റികൾക്കും പഞ്ചായത്തുകൾക്കും അറിയുകയുമില്ല. തിരുവനന്തപുരത്തും കൊച്ചിയിലും അടിക്കടി കുടിവെള്ള പൈപ്പുകൾ തകരുന്നതിൽ സ്വകാര്യ എജൻസികൾ ഉൾപ്പെട്ട കുടിവെള്ള മാഫിയയ്ക്ക് പങ്കുണ്ടോയെന്ന സംശയവും ശക്തമാണ്. വെള്ളമൂറ്റി വിറ്റ് തടിച്ചുകൊഴുക്കുന്ന ഇത്തരം സ്ഥാപനങ്ങൾ പ്രാദേശിക രാഷ്ട്രീയ നേതാക്കളേയും ജനപ്രതിനിധികളേയും സംബന്ധിച്ചിടത്തോളം പൊന്മുട്ടയിടുന്ന താറാവാണ്.
നദികളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് കുടിവെള്ളവിതരണം നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി, ഓരോ വർഷവും താഴുന്ന ജലനിരപ്പാണ്. വെള്ളം കുറയുന്തോറും പമ്പുകളുടെ ഫുട്ട് വാൽവുകൾ വീണ്ടും വീണ്ടും താഴേക്കിറക്കും. മിക്കയിടങ്ങളിലും ഇവ ഇപ്പോൾ നദികളുടെ അടിത്തട്ടിലെത്തിക്കഴിഞ്ഞു. കുടിവെള്ളത്തിനായി നദികളേയും പുഴകളേയും ആശ്രയിക്കുന്ന അതേ നഗരങ്ങളും പട്ടണങ്ങളും തങ്ങളുടെ മാലിന്യങ്ങൾ തള്ളാൻ അതേ നദികളെ ഉപയോഗിക്കുന്നു എന്ന വിരോധാഭാസം കൂടി ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല. വൻ നഗരങ്ങളായ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും മുതൽ തൊടുപുഴയും മൂവാറ്റുപുഴയും ആലുവയും ചാലക്കുടിയും പട്ടാമ്പിയും പോലുള്ള പട്ടണങ്ങൾ വരെ ദിവസേന ടൺ കണക്കിന് മാലിന്യങ്ങളാണ് പുഴകളിൽ തള്ളുന്നത്. ഇതിനു പുറമേ എടുക്കാവുന്നതിലുമപ്പുറം മണലൂറ്റിയും തീരവും തടവും വരെ കയ്യേറിയും നദികളെ കൊല്ലാക്കൊല ചെയ്യുകയും ചെയ്യുന്നു.
വെള്ളം കിട്ടുന്നില്ലെന്ന് വിലപിക്കുന്ന പുഴയോര പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അനുവദനീയമായതിന്റെ എത്രയോ ഇരട്ടി മണൽ അനധികൃതപാസുകൾ വഴിയും അല്ലാതെയും കടത്തിക്കൊണ്ടുപോകാൻ ഒത്താശ ചെയ്യുന്നു. പെരിയാറിൽ നിന്ന് ഒരു വർഷം എടുക്കാവുന്ന മണലിന്റെ അളവ് 19178 മെട്രിക് ടൺ ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ കടത്തുന്നത് ഇതിന്റെ മുപ്പതിരട്ടിയിലേറെയും. അതായത് വർഷം ആറ് ലക്ഷം മെട്രിക് ടണ്ണോളം. ഇതിനൊക്കെ പുറമേയാണ് കുഴൽക്കിണറുകളുടെ വ്യാപനം ഉയർത്തുന്ന പ്രശ്നങ്ങൾ. ഓരോ ദിവസവും നൂറുകണക്കിന് കുഴൽക്കിണറുകളാണ് സംസ്ഥാനത്ത് രൂപമെടുക്കുന്നത്. അനുമതിയോടെയും അല്ലാതെയും. ഇത് നിയന്ത്രിക്കേണ്ട സംസ്ഥാന ഗ്രൗണ്ട് വാട്ടർ ബോർഡാകട്ടെ, ഒരുവർഷം എത്ര കുഴൽക്കിണറുകൾ അനുവദിക്കാം എന്ന കാര്യത്തിൽ പരിധി വച്ചിട്ടുമില്ല.
കുടിവെള്ളം കിട്ടാക്കനിയാകുകയും അന്തരീക്ഷ താപനില കുതിച്ചുയരുകയും ചെയ്യുമ്പോൾ പഴി മുഴുവനും ഉപഭോക്താക്കളുടേയും പ്രകൃതിയുടേയും മേൽ കെട്ടിവയ്ക്കാനാണ് സർക്കാരുകൾ ശ്രമിക്കുന്നത്. ഉപഭോഗം വർധിച്ചതും മഴക്കുറവും തീർച്ചയായും സ്വാധീനിച്ചിരിക്കാം. പക്ഷേ, സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും മുട്ടുശാന്തിക്കായി സ്വീകരിക്കുന്ന നടപടികളിൽ കാതലായ പുനർവിചിന്തനം ആവശ്യമല്ലേ? താൽക്കാലിക നടപടികൾ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ഏതെങ്കിലുമൊരു കാലത്ത് അധികാരികൾ തിരിച്ചറിയും എന്ന വ്യാമോഹത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കാൻ ഇനിയും നമുക്കാകുമോ?
എന്താണ് അടിസ്ഥാന പ്രശ്നം?
പ്രതിവർഷം 3000 മില്ലീമീറ്റർ മഴ, 44 നദികൾ, 66 ലക്ഷം കിണറുകൾ, സമൃദ്ധമായ വന സമ്പത്ത്, കാലാവസ്ഥ നിയന്ത്രിയ്ക്കുന്ന പശ്ചിമഘട്ടത്തിന്റെ കാവൽ. എന്നിട്ടും കേരളം എങ്ങനെയാണ് ഇതുപോലെ അന്ധാളിപ്പിക്കുംവിധം ജലദരിദ്രമായത്. വരൾച്ചയും ജലക്ഷാമവും നേരിടാൻ ഇതുവരെ പ്രയോഗിച്ചിരുന്ന താൽക്കാലികമാർഗങ്ങളുമായി ഇനിയും മുന്നോട്ടുപോയാൽ കേരളത്തിന്റെ ഭാവി ഇരുട്ടിലാകുമെന്ന കാര്യത്തിൽ സംശയമില്ല. കുടിവെള്ള പ്രശ്നം ആഴത്തിൽ വേരോടിക്കഴിഞ്ഞുവെന്ന യാഥാർത്ഥ്യം അംഗീകരിക്കാനും അഭിമുഖീകരിക്കാനും സർക്കാരും ബന്ധപ്പെട്ട ഏജൻസികളും തയാറാകേണ്ടിയിരിക്കുന്നു. അത്തരമൊരു തിരിച്ചറിവിന് സന്നദ്ധമായെങ്കിൽ മാത്രമേ ഫലപ്രദവും നിലനിൽക്കുന്നതുമായ പരിഹാരമാർഗങ്ങൾ ആലോചിച്ച് കണ്ടെത്താനും കഴിയൂ.
ഇടവപ്പാതിയും കാലവർഷവും കൊണ്ടുവരുന്ന മഴവെള്ളം സംഭരിച്ചു നിർത്തുകയും ഭൂഗർഭജല സമ്പത്ത് റീചാർജ്ജ് ചെയ്യുകയും ചെയ്തിരുന്ന പ്രകൃതിദത്ത സംവിധാനങ്ങളാണ് പുഴകളും തടാകങ്ങളും കുളങ്ങളും കിണറുകളുമെല്ലാം. ഇവയെ യാതൊരു ആലോചനയുമില്ലാതെ നശിപ്പിക്കുകയും മൂടുകയും ചെയ്യുന്നിടത്താണ് കുടിവെള്ള പ്രശ്നത്തിന്റെ കാതൽ. ഈ പ്രശ്നത്തെ വിശാലമായ അർത്ഥത്തിലാണ് കൈകാര്യം ചെയ്യേണ്ടത്. എന്നാൽ നദീതടങ്ങൾ പോലെ വിപുലമായ മേഖലകളെ അടിസ്ഥാനപ്പെടുത്തി പരിഹാരമാർഗങ്ങൾ ആലോചിക്കുന്നതിന് പകരം താൽക്കാലിക പരിഹാരം കൊണ്ട് ജലദൗർലഭ്യം തരണംചെയ്യാനാണ് ഇപ്പോഴും സർക്കാരുകളുടെ ശ്രമം.
സർക്കാരുകൾ തിരിച്ചറിയാതെ പോകുന്ന ചില പ്രധാന വരൾച്ചാ, ജലക്ഷാമ സൂചകങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം:
പശ്ചിമ ഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികളുടേയും കൈവഴികളുടേയും ഉറവിടങ്ങൾ വടക്കുകിഴക്കൻ കാലവർഷം കഴിഞ്ഞാലുടൻ വരണ്ടുണങ്ങുന്നു. പശ്ചിമഘട്ട വനങ്ങളിലെ ജലസംഭരണ കേന്ദ്രങ്ങൾ നശിക്കുന്നതിന്റേയും മഴ പെയ്തുവരുന്ന വെള്ളം നിലനിർത്താൻ അവയ്ക്ക് കഴിയാതെ പോകുന്നതിന്റേയും പ്രത്യക്ഷ സൂചകമാണിത്. ദീർഘകാലമായി തുടരുന്ന വനനശീകരണവും ആവാസവ്യവസ്ഥയുടെ ശിഥീലീകരണവുമാണ് ഈ ദുസ്ഥിതിയിലേക്ക് നയിച്ചത്. ഇതിനൊപ്പം അണക്കെട്ടുകളും വെള്ളം വഴിതിരിച്ചുവിടലും കൂടിയാകുമ്പോൾ വേനലിൽ സംസ്ഥാനത്തെ നദികൾ പൂർണമായി വറ്റി വരളുന്നു.
വേനൽക്കാലത്ത് മിക്ക നദികളും സമുദ്രത്തിലെത്തും മുമ്പ് ഒഴുക്കുനിലയ്ക്കുന്നു. പുഴകളിൽ ഓരു വെള്ളം ക്രമാതീതമായി കയറുന്നു. ഉത്തരകേരളത്തിലെ ചെങ്കൽ കുന്നുകളിൽ നിന്നുത്ഭവിക്കുന്ന ചെറിയ നദികളൊന്നാകെ കാലവർഷം കഴിഞ്ഞാലുടൻ നീരൊഴുക്ക് വളരെ കുറഞ്ഞ അവസ്ഥയിലാകും. ഭാരതപ്പുഴയിലും പെരിയാറിലും പമ്പയിലും ചാലക്കുടിപ്പുഴയിലും ഓരോ വർഷവും ഉപ്പുരസം ക്രമാതീതമായി ഏറുകയാണ്.
കുടിവെള്ള വിതരണത്തെ ബാധിക്കും വിധം നദീജലത്തിന്റെ ഗുണനിലവാരം കുറയുന്നു. അണക്കെട്ടുകളും തടയണകളും പണിത് നദികളുടെ ഒഴുക്കു നഷ്ടപ്പെടുത്തുകയും ഗതി തിരിച്ചുവിടുകയും ചെയ്യുന്നതുവഴി അവയുടെ സ്വയം ശുദ്ധീകരിക്കാനുള്ള കഴിവ് ഇല്ലാതാകുന്നതുകൊണ്ടാണ് ഈയവസ്ഥയുണ്ടായത്. ഉറവിടം മുതൽ സമുദ്രം വരെ ഒഴുകിയെത്തുകയും കടന്നു പോകുന്ന സ്ഥലങ്ങളിലെ മുഴുവൻ ആവാസവ്യവസ്ഥകളേയും സമ്പുഷ്ടമാക്കുകയും ചെയ്യുന്ന ഏക സ്രോതസ്സാണ് നദികൾ. ഇത്തരത്തിൽ പുഷ്ടിപ്പെടുന്ന, വനങ്ങളും തീരങ്ങളും സമതലങ്ങളും ചതുപ്പുകളും ഒക്കെ ഉൾപ്പെട്ട ഈ ആവാസവ്യവസ്ഥകൾ തിരിച്ച് നദിയുടെ ഒഴുക്കിനേയും സമ്പുഷ്ടമാക്കുന്നു. എന്നാൽ ഒഴുക്ക് മുറിയുകയും സ്വാഭാവികമായ ഇടങ്ങളിൽ നിന്ന് വഴിമാറ്റപ്പെടുകയും ചെയ്യുന്നതോടെ കായലുകളും മറ്റ് ജലാശയങ്ങളുമായുള്ള നദികളുടെ ബന്ധം നഷ്ടപ്പെടുകയും സ്വയം ശുദ്ധീകരണത്തിനുള്ള സാധ്യതകൾ അടയുകയും ചെയ്യുന്നു.
ഭൂഗർഭ ജലനിരപ്പും പുഴകളുടെ ജലനിരപ്പും താഴുന്നതിന്റെ സൂചന, ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനെക്കാൾ വളരെക്കുറവാണ് റീചാർജ് ചെയ്യപ്പെടുന്നത് എന്നാണ്. നദീതടഭൂമി ഉപയോഗിക്കുന്നതിലെ നാശോന്മുഖമായ മാറ്റങ്ങളാണ് ഈ റീചാർജ് കുറയാനുള്ള കാരണം (മണലൂറ്റൽ, അശാസ്ത്രീയമായ കാർഷിക രീതികൾ, ഒറ്റവിള കൃഷികൾ തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ മാത്രം).
വ്യത്യസ്ത വിളകൾ കൃഷി ചെയ്തിരുന്ന തോട്ടങ്ങളും പറമ്പുകളും പാടങ്ങളുമെല്ലാം റബറും തെങ്ങും കവുങ്ങും കശുമാവും പോലുള്ള ഒറ്റ വിളകൾക്ക് വഴിമാറിയതോടെ മണ്ണിലെ ഈർപ്പം നഷ്ടമാകുകയും ഈ പ്രദേശങ്ങളിലെ താപനില ഗണ്യമായി ഉയരുകയും ചെയ്തു. റബർ തോട്ടങ്ങളുടെ വിസ്തൃതി കഴിഞ്ഞ 30 വർഷത്തിനിടെ 5 ലക്ഷം ഹെക്ടറായാണ് ഉയർന്നത്. മണ്ണിലെ ജലാംശം പിടിച്ചുനിർത്താനോ ഭൂമിയിലേക്ക് വെള്ളം കിനിഞ്ഞിറങ്ങാൻ വഴിയൊരുക്കാനോ ഇത്തരം നാണ്യവിളകൾക്ക് ഒട്ടും കഴിവില്ല. 1980ന് ശേഷം ഇത്തരത്തിൽ പരിവർത്തനം ചെയ്യപ്പെട്ട കൃഷിഭൂമിയിൽ ഏറെയും ഉയർന്ന പ്രദേശങ്ങളിലെ നെൽപ്പാടങ്ങളായിരുന്നു എന്നത് ജലശോഷണത്തിന് ആക്കം കൂട്ടുകയും ചെയ്തു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചതുപ്പുനിലങ്ങളാൽ അനുഗൃഹീതമായ പ്രദേശമാണ് കേരളം. പ്രകൃതിദത്തമായ ജലസംഭരണികളും സ്വാഭാവിക ജലശുദ്ധീകരണ സംവിധാനവുമാണ് ചതുപ്പുകളും പാടങ്ങളും. ഭൂഗർഭ ജലനിരപ്പ് ഉയർത്തി നിർത്തുന്നതിൽ ഇവ നിർണായക പങ്ക് വഹിക്കുന്നു. എന്നാൽ 1970ൽ 8 ലക്ഷം ഹെക്ടർ ചതുപ്പുകളും പാടങ്ങളും ഉണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ അതിന്റെ അളവ് വെറും 2 ലക്ഷം ഹെക്ടറായി ചുരുങ്ങിയിരിക്കുന്നു. വികസനത്തിന്റേയും നഗരവൽക്കരണത്തിന്റേയും പേരിലുള്ള ഭൂമി നികത്തലാണ് ഈയവസ്ഥയ്ക്ക് വഴിയൊരുക്കിയത്.
വ്യാപകമായ കുന്നിടിക്കലും പാറപൊട്ടിക്കലും ഭൂമിയിലേക്ക് ജലം ഊറിയിറങ്ങുന്നതിനുള്ള സ്വാഭാവിക മാർഗങ്ങൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ചെമ്മൺ കുന്നുകളിൽ ഖനനം വ്യാപകമായതോടെയാണ് വടക്കേ മലബാറിലെ പ്രധാന ജലസംഭരണ മാർഗങ്ങളിലൊന്നായ സുരംഗങ്ങൾ നാശോന്മുഖമായത്.
ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പോലെ ഭൂഗർഭ ജലനിരപ്പ് താഴുന്നു. വേനലിൽ കിണറുകൾ വറ്റിവരളുന്നത് സ്ഥിരമായി. നഗരവൽക്കരണത്തിന്റെ പേരിൽ കുളങ്ങളും തോടുകളും കിണറുകളും നികത്തുന്നത് ശുദ്ധജല ലഭ്യതയെ സാരമായി ബാധിച്ചു. ഇതോടെയാണ് കുടിവെള്ളത്തിനായി എല്ലായിടത്തും പൈപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥ വന്നത്.
എക്കലും ചെളിയും അടിഞ്ഞ് ജലസംഭരണികൾ നികരുന്നു. വനപ്രദേശങ്ങളിലെ മാറ്റങ്ങളാണ് ഇതിനും വഴിയൊരുക്കിയത്. കേരള എഞ്ചിനീയേഴ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്തെ പേപ്പാറ ഡാമിൽ നടത്തിയ പരിശോധനയിൽ എക്കലടിഞ്ഞ് അണക്കെട്ടിന്റെ സംഭരണശേഷി 12 ശതമാനം കുറഞ്ഞതായി കണ്ടെത്തി. മറ്റ് അണക്കെട്ടുകളിലേയും സ്ഥിതി വ്യത്യസ്തമല്ല. സംഭരണശേഷി കുറഞ്ഞതോടെ വേനൽക്കാലങ്ങളിൽ താഴേക്കുള്ള ഒഴുക്ക് കുറയുകയും ജലലഭ്യത നാമമാത്രമാകുകയും ചെയ്തു.
വർത്തനമാന മലയാളം വിവാദത്തോടെ ചർച്ച ചെയ്യുന്ന വിഷയമാണല്ലോ പരിസ്ഥിതി സംരക്ഷണവും വികസനവും. പുതിയ വികസനനയങ്ങളുടെ തെറ്റും ശരിയും തെരയുന്നതിനു മുൻപ് പരിസ്ഥിതി വിഷയങ്ങളിൽ കേരളീയർ ഒരു പുതിയ സംസ്കാരം ഉണ്ടാക്കിയെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
നാടിന്റെ വികസനം ആവശ്യമാണെന്നുള്ളതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നതു തന്നെയാണ് പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളും. ഭൂമിശാസ്ത്രപരമായ കേരളത്തിന്റെ പ്രത്യേകത ഒന്നുകൊണ്ടുമാത്രം അതിലോലമായ നമ്മുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സാമാന്യജനങ്ങളും ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും കൈകോർത്ത് നീങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
കേരളത്തിലെ വനപ്രദേശങ്ങളും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതുപോലെ തന്നെ സംരക്ഷിക്കപ്പെടേണ്ട ഭൂപ്രദേശങ്ങളാണ് തണ്ണീർത്തടങ്ങളും നെൽവയലുകളും. സഹസ്രാബ്ദങ്ങളായി നാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അതിപ്രധാനമായ പങ്കുവഹിക്കുന്ന ഈ ഭൂവിഭാഗങ്ങൾ വികസനത്തിന്റെ മറവിൽ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുവാനുള്ള ശ്രമത്തെ എതിർത്തു തോൽപ്പിച്ചേ മതിയാവൂ.
രാജ്യാന്തരതലത്തിൽ ഇന്ത്യയുൾപ്പെടെ പല ലോകരാജ്യങ്ങളും തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിൽ അതീവ താല്പര്യം കല്പ്പിച്ചു നല്‍കിയിട്ടുണ്ട്. 1971-ൽ ഇറാനിലെ റാംസാർ എന്ന സ്ഥലത്തു വെച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യയടക്കം നൂറോളം രാജ്യങ്ങൾ പങ്കെടുത്തു. ഈ രാജ്യങ്ങളിലെ തലവന്മാർ ചേർന്ന് തണ്ണീർത്തടങ്ങളുടെ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ലോകത്തെമ്പാടുമുള്ള ചെറുതും വലുതുമായ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനുവേണ്ടി അന്താരാഷ്ട്ര ഉടമ്പടി ഉണ്ടാക്കുകയും അത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ ഉടമ്പടിയാണ് പിന്നീട് ‘റാംസാർ’ ഉടമ്പടി എന്ന് അറിയപ്പെട്ടു തുടങ്ങിയത്. ആ സമ്മേളനത്തിൽ പങ്കെടുത്ത ലോക നേതാക്കൾ എല്ലാം തന്നെ അതതു രാജ്യങ്ങളിലെ അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീർത്തടങ്ങൾ കണ്ടെത്തുമെന്നും അവ സംരക്ഷിക്കപ്പെടാനുള്ള പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുമെന്നും ധാരണയുണ്ടാക്കുകയുണ്ടായി. ഇതിൻ പ്രകാരം ഇത്തരത്തിൽ കണ്ടെത്തിയ തണ്ണീർത്തടങ്ങളുടെ സ്ഥായിയായതും ശരിയായതുമായ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ഈ ഭൂവിഭാഗത്തെ ആശ്രയിച്ചു നിലനിൽക്കുന്ന ജീവജാലങ്ങളുടെയും മനുഷ്യരുടെയും സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. നമ്മുടെ രാജ്യത്തെ പ്രധിനിധീകരിച്ച് പ്രകൃതിസ്നേഹിയായ ഇന്ദിരാഗാന്ധി ആയിരുന്നു സമ്മേളനത്തിൽ പങ്കെടുത്തത്.
ഈ ഉടമ്പടിയനുസരിച്ച് തണ്ണീർത്തടങ്ങൾ കണ്ടെത്തുന്നതിനും തരംതിരിക്കുന്നതിനും ചില സൂചകങ്ങളും മാനദണ്ഡങ്ങളും ഉണ്ട്. അതനുസരിച്ച് നമ്മുടെ നാട്ടിൽ കാണപ്പെടുന്ന തണ്ണീർത്തടങ്ങളെ താഴെപറയുന്ന പ്രകാരം നിർവ്വചിക്കാം. ഏതൊരു ചതുപ്പുപ്രദേശം, അതായത് അത് സ്വാഭാവികമാവാം, മനുഷ്യനിർമ്മിതമാവാം, സ്ഥായിയായ ആവാസവ്യവസ്ഥ ആവാം അല്ലെങ്കിൽ താല്കാലികമാവാം(മഴക്കാലത്ത് മാത്രം), അതിലെ ജലം ഒഴുകുന്നതോ കെട്ടിക്കിടക്കുന്നതോ ആവാം. ഇനി അതിലെ ജലം ഉപ്പുള്ളതോ, ശുദ്ധജലമോ അതുമല്ലെങ്കിൽ ഓരുജലമോ ആവാം.
ഇതുകൂടാതെ സമുദ്രത്തിൽ ആറു മീറ്റർ വരെ ആഴമുള്ള പ്രദേശങ്ങളും തണ്ണീർത്തടങ്ങളുടെ നിർവ്വചനത്തിൽ ഉൾപ്പെടുന്നു. റാംസാർ കൺവെൻഷൻ വളരെ വിശാലവും വ്യക്തവും ആയ ഒരു നിർവ്വചനമാണ് തണ്ണീർത്തടങ്ങൾക്ക് നൽകിയിട്ടുള്ളത്. ഈ നിർവ്വചനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ഏകദേശം പത്തുതരം തണ്ണീർത്തടങ്ങൾ കാണപ്പെടുന്നുണ്ട്. ആഴം കുറഞ്ഞ കടൽത്തീരങ്ങൾ, കടലോരകുന്നുകളും പാറകളും, കടൽത്തീരങ്ങൾ, ശുദ്ധജല തടാകങ്ങൾ, ഉപ്പുവെള്ള തടാകങ്ങൾ, റിസർവ്വോയറുകൾ, ചതുപ്പുവനങ്ങൾ, കണ്ടൽവനങ്ങൾ, നെൽവയലുകളും കോൾപ്പാടങ്ങളും എന്നിവയാണിവ. ഇത്തരത്തിലുള്ള പ്രദേശങ്ങളുടെ പാരിസ്ഥിതികസാമ്പത്തിക സാമൂഹിക പ്രാധാന്യം ലോകജനതക്ക് മുന്നിൽ കൊണ്ടുവരുന്നതിന് ഏറെ സഹായം നൽകിയ ഒന്നായിരുന്നു ‘റാംസാർ കൺവെൻഷൻ’.
ഈ ഭൂവിഭാഗങ്ങൾക്ക് ഇത്രയേറെ പാരിസ്ഥിതിക പ്രാധാന്യം എന്തുകൊണ്ട് എന്നുള്ള ചോദ്യത്തിനുത്തരം ലഭിക്കാൻ നമ്മുടെ ചുറ്റുപാടുകളിലേക്ക് ഒന്ന് ശ്രദ്ധ തിരിച്ചാൽ എളുപ്പം മനസ്സിലാക്കാം. അതതു പ്രദേശങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിൽ തണ്ണീർത്തടങ്ങളുടെ പങ്ക് നിസ്സീമമാണ്. ഉദാഹരണത്തിന് കൊല്ലം ജില്ലയിലെ സിംഹഭാഗം ജനങ്ങൾക്കും കുടിവെള്ളം നൽകുന്നത് ശാസ്താംകോട്ട കായലാണ്.
വർഷക്കാലത്ത് ലഭിക്കുന്ന മഴവെള്ളം ശേഖരിച്ച് ഭൂഗർഭജലനിരപ്പ് ഉയർത്തുന്നത് ഈ നീർത്തടങ്ങളാണ്. നീർത്തടങ്ങളുടെ അടുത്തുള്ള കിണറുകളിലും കുളങ്ങളിലും വേനൽക്കാലങ്ങളിൽ പോലും കാണപ്പെടുന്ന ജലലഭ്യത ഇത് തെളിയിക്കുന്നു. പുഴകളിൽ നിന്നും, നെൽപ്പാടങ്ങളിൽ നിന്നും അമിതമായി മണ്ണെടുക്കുന്ന പ്രദേശങ്ങളിൽ വേനലിൽ കാണപ്പെടുന്ന ജലക്ഷാമം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്.
ഇതേ പ്രവർത്തനം കൊണ്ടുതന്നെ വർഷക്കാലങ്ങളിൽ വെള്ളപ്പൊക്കം തടയുവാനും ഈ ഭൂവിഭാഗം നമ്മെ സഹായിക്കുന്നു. മഴക്കാലത്ത് അമിതമായി ഒഴുകിയെത്തുന്ന ജലം ശേഖരിച്ച് നാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിച്ചുനിർത്തിയിരുന്നതും നമ്മുടെ നാട്ടിലെ തോടുകളും, കുളങ്ങളും വയലേലകളുമായിരുന്നുവെന്ന് നമ്മുടെ പൂർവികരെങ്കിലും മനസ്സിലാക്കിയിട്ടുണ്ട്. തോടുകളുടെയും, കുളങ്ങളുടേയും നാശംകൊണ്ടു മഴക്കാലങ്ങളിലുണ്ടാവുന്ന വെള്ളപ്പൊക്കവും ജലജന്യരോഗങ്ങളും നമ്മുടെ നാട്ടിലെ സാമൂഹിക പ്രശ്നങ്ങളായിട്ട് കാലങ്ങളേറെയായി.
ഇത്തരത്തിലുള്ള നീർപ്രദേശങ്ങൾ മഴക്കാലത്തെ വെള്ളപ്പൊക്കം തടയുവാനുള്ള കവചങ്ങളായും വേനൽക്കാലത്ത് നാടിനാകമാനം ജീവജലം നൽകുന്ന ജലസംഭരണികളായും നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നു. ഇത്തരത്തിലുള്ള ഭൂവിഭാഗങ്ങൾ വികസനവിപ്ലവമെന്ന മറവിൽ നശിപ്പിക്കപ്പെടുന്നത് കണ്ണുമടച്ച് കണ്ടുനിൽക്കുവാൻ കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർക്കും ജനപ്രധിനിധികൾക്കും സാധിക്കാവതല്ല. നാടിന്റെ പൊതുവായ വികസനത്തിനും പരിസ്ഥിതി സുരക്ഷക്കും ഈ നാട്ടിലെ നീർത്തടങ്ങൾ സംരക്ഷിച്ചേ മതിയാവൂ.
നമ്മുടെ നാട്ടിലെ തീരപ്രദേശങ്ങളിലെയും കായൽ പ്രദേശങ്ങളിലെയും പ്രധാന വിഷയങ്ങളിലൊന്നാണല്ലോ ഓരുജലം. കടൽത്തീരങ്ങളിലെയും കായൽത്തീരങ്ങളിലെയും തണ്ണീർത്തടങ്ങളുടെ ശോഷണവും നാശവും ആണ് ഇതിനു മുഖ്യകാരണമായി കണ്ടെത്തിയിട്ടുള്ളത്. തണ്ണീർത്തടങ്ങളുടെ ഏറ്റവും വലിയ സേവനങ്ങളിലൊന്ന് അവ അതത് പ്രദേശത്തെ ‘വൃക്ക’ കളായി പ്രവർത്തിക്കുന്നു എന്നുള്ളതാണ്. വൃക്ക നമ്മുടെ ശരീരത്തിലെത്തുന്ന ജലത്തിലെയും ഭക്ഷണത്തിലെയും വിഷാംശങ്ങൾ അരിച്ചെടുത്ത് ശരീരത്തെ ശുദ്ധിയാക്കുന്നതുപോലെയുള്ള പ്രവർത്തനമാണ് തണ്ണീർത്തടങ്ങൾ നിർവ്വഹിക്കുന്നത്. ഇവിടങ്ങളിൽ വളരുന്ന കണ്ടലുൾപ്പെടെയുള്ള ജലസസ്യങ്ങൾ അന്തരീക്ഷത്തിലെ കാർബൺ ഉപയോഗിക്കുക വഴി കാലാവസ്ഥാ നിയന്ത്രണത്തിൽ പരമപ്രധാനമായ ഒരു പങ്കാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്.
ഇതുവരെ നാം ചർച്ച ചെയ്തതിനുമപ്പുറം തണ്ണീർത്തടങ്ങളുടെ സാമ്പത്തികവും സാമൂഹികവും ആയ വസ്തുതകളെക്കുറിച്ചും നമുക്കൊന്നാലോചിക്കാം. ഇത്തരത്തിലുള്ള നമ്മുടെ അറിവ് പരിമിതമാണെങ്കിലും കേരള കാർഷിക സർവ്വകലാശാല തൃശൂർ, പൊന്നാനി കോൾ നിലങ്ങളിൽ നടത്തിയ ഒരു പഠനം വെളിവാക്കുന്നത് പതിനാറായിരത്തോളം ഹെക്ടർ വരുന്ന ഈ കോൾപ്രദേശങ്ങൾ, കൃഷി മത്സ്യബന്ധനം മൃഗ പരിപാലനം എന്നീ ഭൂവിനിയോഗരീതികളിലൂടെ സൃഷ്ടിക്കുന്നത് ഇരുപത്തഞ്ചു ലക്ഷത്തോളം വാർഷിക തൊഴിൽ ദിനങ്ങളാണെന്നാണ്. തൊഴിൽരാഹിത്യം മൂലവും ഭക്ഷ്യക്കമ്മികൊണ്ടും പൊറുതി മുട്ടുന്ന കേരളത്തിലെ ജനങ്ങളോട് ഈ നീർത്തടങ്ങളും കോൾനിലങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇനിയും ആവർത്തിച്ച് പറയേണ്ടതില്ലെന്ന് കരുതുന്നു.
നമുക്കേവർക്കും അറിവുള്ളതുപോലെ കേരളത്തിൽ ദേശാടനത്തിനെത്തുന്ന പക്ഷിവർഗ്ഗങ്ങളിൽ ഏകദേശം മുപ്പത്തഞ്ചുശതമാനവും ദേശാടനക്കാലം ചെലവഴിക്കുന്നത് കേരളത്തിലെ ഇത്തരത്തിലുള്ള തണ്ണീർത്തടങ്ങളിൽ ആണെന്ന് ഇവിടങ്ങളിൽ നടന്ന സർവേകൾ തെളിയിക്കുന്നു. ഇത്തരത്തിൽ 1991 മുതൽ ഇവിടങ്ങളിൽ നടന്ന ശാസ്ത്രീയമായ കണക്കെടുപ്പുകളിൽ നിന്നുമാണ് വർഷം തോറും ഇരുപതിനായിരത്തിൽ കൂടുതൽ പക്ഷികളും വരി ഇരണ്ട, ചിന്നമുണ്ടി എന്നീ പക്ഷിയിനങ്ങളുടെ ലോകത്താകമാനമുള്ള എണ്ണത്തിന്റെ ഒരു ശതമാനത്തിലധികം ഈ തണ്ണീർത്തടങ്ങളിലായി കാണപ്പെടുന്നു എന്ന് ലോകത്തിന് മനസ്സിലായത്. അന്താരാഷ്ട്രീയമായി അംഗീകരിക്കപ്പെട്ട റാംസാർ ഉടമ്പടി പ്രകാരം എതൊരു പ്രദേശത്ത് ഒരു പക്ഷിയിനത്തിന്റെ ലോകത്താകമാനമുള്ള എണ്ണത്തിന്റെ ഒരുശതമാനം കാണപ്പെടുന്നുവോ അതല്ലെങ്കിൽ ഏതൊരു പ്രദേശത്ത് തുടർച്ചയായി ഇരുപതിനായിരത്തിൽ കൂടുതൽ പക്ഷികളെ കണ്ടെത്തുന്നുവോ ആ പ്രദേശത്തെ ‘റാംസാർ’ പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് തീരുമാനിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിൽ ഈ പ്രദേശങ്ങളിൽ നടന്നിട്ടുള്ള സർവേകളിൽ ചിലതിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഒരാളെന്നുള്ള നിലയ്ക്ക് ഈ പ്രദേശങ്ങളുടെ പാരിസ്ഥിതികവും സാമൂഹികവും ആയ പ്രാധാന്യം നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതുകൂടാതെ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കുന്ന തണ്ണീർത്തടങ്ങളും ഒരു പ്രദേശത്തിന്റെ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതുമായ തണ്ണീർത്തടങ്ങളുമെല്ലാം ‘റാംസാർ’ പ്രദേശങ്ങളുടെ സൂചകങ്ങൾ ആണ്. ഇത്തരത്തിൽ ഇന്ത്യയിൽ ഇന്നേവരെ പ്രഖ്യാപിക്കപ്പെട്ട റാംസാർ പ്രദേശങ്ങളിൽ മൂന്നെണ്ണം കേരളത്തിൽ നിന്നുള്ളവയാണ്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തടാകം, കൊല്ലം ജില്ലയിലെ തന്നെ അഷ്ടമുടിക്കായൽ, കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂർ, മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വേമ്പനാട്ടുകായലും കോൾനിലങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങളും ആണ് ഇവ. അടുത്തകാലത്ത് വേമ്പനാട്ടു കായൽ പ്രദേശങ്ങളും കോൾനിലങ്ങളും രണ്ട് വ്യത്യസ്ത റാംസാർ പ്രദേശങ്ങളാക്കി മാറ്റിയതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിലവിൽ നാല് റാംസാർ പ്രദേശങ്ങളുണ്ട്.
ഇത്തരത്തിലെല്ലാം അതീവ പാരിസ്ഥിതിക പ്രാധാന്യം ലോകം കൽപ്പിച്ചുനൽകിയിട്ടുള്ള പ്രദേശങ്ങളുടെ സംരക്ഷണം സർക്കാരുകൾ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല, അതാതു പ്രദേശങ്ങളുടെ ചുറ്റുവട്ടങ്ങളിൽ താമസിക്കുന്ന ജനങ്ങളും ജാഗരൂകരായെങ്കിലെ യഥാർത്ഥ തലത്തിലുള്ള വികസനവും സംരക്ഷണവും ഈ പ്രദേശങ്ങളിൽ നടപ്പാവുകയുള്ളൂ. എല്ലാ പരിധികളും ലംഘിച്ച് നടപ്പിലാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ഏതൊരു പ്രദേശത്തിന്റെയും നാശത്തിനു കാരണമായിത്തീരുന്നത് എന്നുള്ള കാര്യം പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാൽ കേന്ദ്രസർക്കാർ കോൾനിലങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 435 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിനുമുൻപ് പാരിസ്ഥിതിക ആഘാത പഠനം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കോൾനിലങ്ങളും തണ്ണീർത്തടങ്ങളും ഒരു പ്രത്യേക ആവാസവ്യവസ്ഥയാണെന്നുള്ള തിരിച്ചറിവുണ്ടായാൽ മാത്രമേ ഈ പദ്ധതിയുടെ ലക്ഷ്യം സാധാരണക്കാരായ നമ്മുടെ കർഷകർക്ക് ഗുണകരമായി ഭവിക്കുകയുള്ളൂ എന്നുകൂടി പ്രബുദ്ധമലയാളനാട് മനസ്സിലാക്കേണ്ടണ്ടതുണ്ടണ്ട്.
കേരളത്തില്‍ 44 നദികളുണ്ട്. 16 കിലോമീറ്റര്‍ നീളമുള്ള മഞ്ചേശ്വര് നദി മുതല്‍ 244 കിലോമീറ്റര്‍ നീളമുള്ള പെരിയാര്‍ വരെയുള്ള നദികളാണ് അല്ലെങ്കില്‍ നദികളുടെ ഗണത്തില്‍പ്പെടുത്താവുന്നവയാണ് നമുക്കുള്ളത്. ഏതാണ്ട് സമാനരീതിയിലുള്ള നിലനില്പു ഭീഷണിയാണ് എല്ലാ നദികളും നേരിടുന്നത്. വൃഷ്ടിപ്രദേശത്തിന്റെ വ്യാപകമായ നശീകരണം, അനധികൃത കയ്യേറ്റങ്ങള്‍, മണല്‍ക്കൊള്ള, നഗരമാലിന്യങ്ങള്‍, അറവ്-കോഴിമാലിന്യങ്ങള്‍, കക്കൂസ്മാലിന്യങ്ങള്‍, വ്യവസായമാലിന്യങ്ങള്‍ ഇങ്ങനെ ഒരു നദിയിലേക്ക് എന്തൊക്കെ വരാന്‍ പാടില്ലാത്തതാണോ അതെല്ലാം ബോധപൂര്‍വ്വം നിക്ഷേപിച്ചുകൊണ്ട് കുടിവെള്ളത്തെ ഇല്ലാതാക്കാനുള്ള വ്യാപകമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കേണ്ട ഭരണകൂടമാകട്ടെ കുറ്റകരമായ അനാസ്ഥ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാകട്ടെ 73, 74 ഭരണഘടനാ ഭേദഗതികളിലൂടെ തങ്ങള്‍ക്ക് ലഭിച്ച അധികാരങ്ങള്‍ വേണ്ടവിധം വിനിയോഗിക്കാതെ നദിയെ മരണത്തിലേക്ക് തള്ളിവിടുന്നു. നദിക്ക് ഒരു നാഥനില്ലാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഭരണകൂടം എത്രയും പെട്ടെന്ന് നദികള്‍ക്കായി ഒരു അതോറിറ്റി പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്.
ഇത്രയധികം നദികള്‍ ഉണ്ടെങ്കിലും കാലവര്‍ഷം പിന്നിട്ടാല്‍ കേരളം കുടിവെള്ളത്തിനായി നെട്ടോട്ടമോടും. നമ്മുടെ ആളോഹരി കുടിവെള്ള ലഭ്യത രാജസ്ഥാനിലേക്കാള്‍ താഴെയാണെന്ന് അറിയുമ്പോഴാണ് ജലപ്പെരുമയുടെ ഇല്ലായ്മ മനസ്സിലാവുന്നത്. എങ്കിലും ഉള്ള നദികള്‍ അതിന്റെ പവിത്രതയോടുകൂടി സംരക്ഷിക്കാന്‍ മലയാളികളും അവരെ ഭരിക്കുന്നവരും ഒട്ടും തല്പരരല്ല എന്നിടത്താണ് പ്രശ്നത്തിന്റെ ഗൗരവം കിടക്കുന്നത്. നേരത്തെ പറഞ്ഞതുപോലെ എല്ലാ നദികളുടേയും പ്രശ്നങ്ങള്‍ ഏതാണ്ട് സമാനമാണെങ്കിലും പെരിയാറിന്റെ പ്രശ്നങ്ങള്‍ പ്രത്യേകമായി പറയാനാണ് ഇവിടെ ശ്രമിക്കുന്നത്.
പെരിയാര്‍:
പെരിയാര്‍ നദി (പൂര്‍ണ്ണാനദി) പശ്ചിമഘട്ടത്തിലെ മൂന്ന് വ്യത്യസ്തങ്ങളായ സ്ഥലങ്ങളില്‍ നിന്ന് ഉത്ഭവിച്ച് ഒഴുകുന്നു. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ശിവഗിരിക്കുന്നുകളിലുള്ള ചൊക്കാംപെട്ടി മല, പാച്ചിമല, കാളിമല, സുന്ദരമല, നാഗമല, കോമല, വള്ളിമല എന്നീ ഏഴ് മലകളില്‍ നിന്ന് ഉത്ഭവിക്കുന്നു. വിവിധ മലകളില്‍ നിന്ന് നീരരുവിയായി ഉത്ഭവിക്കുന്ന പെരിയാറിന്റെ പോഷകനദിയായ മുല്ലയാര്‍ ഏകദേശം 48 കി.മീ. താഴോട്ട് സഞ്ചരിച്ച് മുല്ലപ്പെരിയാര്‍ ഡാം പ്രദേശത്ത് എത്തുന്നു. 1895-ല്‍ നിര്‍മ്മിച്ചതാണ് മുല്ലപ്പെരിയാര്‍ ഡാം. ഈ ഡാമിന്റെ ജലസംഭരണിയാണ് പെരിയാര്‍ തടാകം. അതിന്റെ ചുറ്റുമാണ് പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പെരിയാറിന്റെ പോഷകനദികള്‍ ഒലിച്ചിറങ്ങുന്നത് ഒരു കാലത്ത് നിത്യഹരിത വനമേഖലകളായിരുന്ന പ്രദേശങ്ങളില്‍ നിന്നാണ്. ഈ ഭാഗങ്ങള്‍ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമായിരുന്നു. പെരിയാറിലെ ജലത്തിന്റെ ഔഷധ ഗുണത്തിന് കാരണവും ഇതായിരുന്നു. പോഷകനദികളുമായി യോജിച്ച് താഴോട്ടൊഴുകുന്ന പെരിയാര്‍ ഇടുക്കി ജലസംഭരണിയില്‍ ചെന്നു ചേരുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയുടെ ആര്‍ച്ച് ഡാം ഇവിടെ പെരിയാറ്റിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. പെരിയാറിന്റെ ഈ ശാഖ ഇടുക്കി അണക്കെട്ട് വന്നതോടെ താഴോട്ട് ഒഴുകാതെയായി. അണക്കെട്ട് വരുന്നതിനു മുമ്പ് 400 മീറ്ററിലധികം വീതിയില്‍ ഒഴുകിയിരുന്ന പുഴ അണക്കെട്ടിനു താഴെ ഏകദേശം കരിമ്പന്‍ വരെ പത്ത് മീറ്ററിനു താഴെ വീതിയില്‍ നേരിയ ജലപ്രവാഹമായി ഒഴുകുന്നതായി കാണാം. പുഴ മുമ്പൊഴുകിയിരുന്ന പ്രദേശം ഇന്ന് ആളുകള്‍ കയ്യേറി തെങ്ങ്, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങള്‍ നട്ടുവളര്‍ത്തിയിരിക്കുന്നു. ഇവിടെ പച്ചക്കറികൃഷികളും ആരംഭിച്ചിരിക്കുകയാണ്. ഇടുക്കി ജലസംഭരണിക്കുവേണ്ടി നിര്‍മ്മിച്ചിട്ടുള്ള മറ്റു രണ്ട് അണക്കെട്ടുകളാണ് ചെറുതോണിയും, കുളമാവും. കുളമാവില്‍ നിന്ന് ഇടുക്കി ജലസംഭരണിയിലുള്ള ജലത്തെ ടണല്‍ വഴി മൂലമറ്റത്ത് കൊണ്ടുവന്ന് വൈദ്യുതി ഉത്പാദനത്തിനുശേഷം മൂവാറ്റുപുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. ഇതുമൂലം പെരിയാറ്റിലൂടെ ഒഴുകേണ്ട ജലത്തിന്റെ വലിയൊരു പങ്ക് തിരിച്ചെടുക്കാനാവാത്ത വിധം മൂവാറ്റുപുഴയിലൂടെ ഒഴുകുന്നു.
പശ്ചിമഘട്ടത്തിലെ മൂന്നാര്‍, പൊന്മുടി ഭാഗങ്ങളാണ് പെരിയാറിന്റെ രണ്ടാമത്തെ ഉത്ഭവസ്ഥാനം. മൂന്നാറിലെ കണ്ണന്‍ദേവന്‍ എസ്റ്റേറ്റുകളിലെ ചെറിയ അരുവികളില്‍ നിന്നും വെള്ളച്ചാട്ടങ്ങളില്നിന്നുമാണ് പെരിയാറിന് ഒഴുകാന്‍ ജലം ലഭിക്കുന്നത്.
പെരിയാറിന്റെ മൂന്നാമത്തെ ഉത്ഭവം ദേവികുളം താലൂക്കിലെ ആനമലയില്‍ നിന്നാണ്. പ്രധാനപ്പെട്ട രണ്ടു പോഷക നദികള്‍ ഇടമലയാറും പൂയ്യംകുട്ടിയാറുമാണ്. പാച്ചിയാര്‍, ആനക്കുളം പുഴ, കരിന്തിരിയാര്‍, മേലാശ്ശേരിപ്പുഴ, മണിമലയാര്‍, കല്ലാര്‍ എന്നീ ചെറുനദികള്‍ ചേര്‍ന്നാണ് പൂയ്യംകുട്ടിയാര് ഉത്ഭവിക്കുന്നത്. ആനമലയാറും മറ്റു നിരവധി അരുവികളും ചേര്‍ന്നാണ് ഇടമലയാര്‍ രൂപം പ്രാപിക്കുന്നത്. ഇടമലയാറിലെ ജലം അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. വൈദ്യുതി ഉത്പാദനത്തിനുശേഷം താഴോട്ടൊഴുകുന്ന ഇടമലയാര്‍ കൂട്ടിക്കലില്‍ വെച്ച് പൂയ്യംകുട്ടി നദിയുമായി ചേര്‍ന്ന് കുട്ടംപുഴ നദിയായി പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ട് ജലസംഭരണി പ്രദേശത്ത് എത്തിച്ചേരുന്നു. പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ട് ജലസംഭരണിയുടെ കരയിലാണ് പ്രസിദ്ധമായ തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ പെരിയാര്‍ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ഉത്ഭവിച്ച് താഴോട്ടൊഴുകി പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ട് ജലസംഭരണിയില്‍ സംഗമിക്കുന്നു. പി.വി.ഐ.പി. (പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്ട്) ജലസംഭരണിയാണ് പെരിയാറ്റിലെ ഏറ്റവും വലിയ ജലസേചന പദ്ധതി.
പെരിയാറിന്റെ മരണം
പൂര്‍ണമാകുന്നു
പെരിയാറിന്റെ മരണം എറെക്കുറെ പൂര്‍ണമായിക്കഴിഞ്ഞിരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ പെരിയാറില്‍ ആരംഭം കുറിച്ച അണക്കെട്ട് നിര്‍മ്മാണം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും 15 എണ്ണത്തോളമായി വര്‍ദ്ധിച്ച് അതിന്റെ പാരമ്യതയില്‍ എത്തിയിരിക്കുന്നു. നദി എന്നാല്‍ ഒഴുകുന്ന അവസ്ഥ എന്ന കാഴ്ചപ്പാടില്‍ നിന്ന് തടാക രൂപത്തില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയായിരിക്കുന്നു. കൊച്ചി കായലിലേക്ക് (വേമ്പനാട്) ആറോളം നദികള്‍ (പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍, മൂവാറ്റുപുഴ, പെരിയാര്‍) എത്തിച്ചേരുന്നുണ്ടെങ്കിലും ഒഴുകിയെത്തുന്ന ജലത്തിന്റെ എഴുപതു ശതമാനവും പെരിയാറിന്റെ സംഭാവനയാണ്. പെരിയാറിന്റെ ഒഴുക്കും ജലസമൃദ്ധിയും തന്നെയായിരുന്നു വേമ്പനാട് കായലിന്റെ ചൈതന്യത്തിനു കാരണം. പെരിയാറിലെ ശുദ്ധജലം വന്നുചേര്‍ന്ന് കായല്‍ ജലത്തെ നേര്‍പ്പിച്ച് സൃഷ്ടിക്കുന്ന സമശീതോഷ്ണമായ അവസ്ഥയിലാണ് മത്സ്യങ്ങള്‍ പ്രജനനം നടത്തുന്നതും കായല്‍പ്രദേശം ഒരു ഹാച്ചറിയായി പ്രവര്‍ത്തിക്കാന്‍ സജ്ജമാകുന്നതും. വര്‍ദ്ധിച്ച മലിനീകരണവും ശോഷിച്ച നീരൊഴുക്കും വേമ്പനാട് കായലിന്റെ പ്രതാപത്തെ ഇല്ലാതാക്കിയിരിക്കുന്നു. ഉള്‍നാടന്‍ മത്സ്യമേഖലയില്‍ വറുതി അനുഭവപ്പെടുന്നു. അതോടൊപ്പം പെരിയാര്‍ വഴി എത്തിച്ചേരുന്ന വ്യവസായ മാലിന്യങ്ങളില്‍ വന്‍തോതില്‍ ലെഡ്, സിങ്ക്, കാഡ്മിയം, മാംഗനീസ്, നിക്കല്‍, കോപ്പര്‍, ക്രോമിയം, കോബാള്‍ട്ട് തുടങ്ങിയ ഘനലോഹങ്ങള്‍ അടങ്ങിയിട്ടുള്ളതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തെ അപേക്ഷിച്ച് 20 മുതല്‍ 25 ഇരട്ടി ഇത്തരം മാലിന്യങ്ങള്‍ വേമ്പനാട് കായലിലും മറ്റും വര്‍ദ്ധിച്ചതായി കാണുന്നു. ഇത് പെരിയാറില്‍ നിന്നും 40 കിലോമീറ്റര്‍ പ്രദേശത്തേക്ക് വ്യാപിച്ചതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ മറ്റ് കായല്‍ മേഖലയെ അപേക്ഷിച്ച്, ഉദാഹരണത്തിന് ഗംഗാ നദീതടം, മുംബൈ ഹാര്‍ബര്‍ തുടങ്ങിയവയെ അപേക്ഷിച്ച് കൊച്ചി കായലിലും പരിസര പ്രദേശത്തും ഘനലോഹ സാന്നിദ്ധ്യം പത്തിരട്ടി കൂടുതലായി കാണപ്പെടുന്നു. പെരിയാറിലും വേമ്പനാട് കായലിലും ഉണ്ടായിരുന്ന എഴുപതോളം സൂക്ഷ്മജീവികളില്‍ മിക്കവാറും ഈ പ്രദേശത്ത് ഇപ്പോള്‍ കാണാനേയില്ല. പല പ്രദേശങ്ങളും ഡെഡ് സോണുകളായി മാറിക്കഴിഞ്ഞു. ഉള്ള ജീവികളാകട്ടെ ഏറ്റവും കൂടുതല്‍ മലിനീകരിക്കുന്ന മേഖലകളില്‍ കാണുന്ന പോളിക്കേറ്റ്സ് (ജീഹ്യരവമലലേ)െ എന്ന വിഭാഗത്തില്‍പെടുന്ന ജീവികളുമാണ്. പുഴയിലും കായലിലും സെഡിമെന്റില് കാണപ്പെടുന്ന കക്കയുള്പ്പെടെ പതിനൊന്നോളം ജീവജാലങ്ങള്‍ പ്രദേശത്തു നിന്ന് തീര്‍ത്തും ഇല്ലാതായി.
ഇതിനര്‍ത്ഥം സമീപഭാവിയില്‍ത്തന്നെ കൊച്ചികായല്‍ അടക്കമുള്ള ഉള്‍നാടന്‍ മത്സ്യമേഖല ഒന്നാകെ ജലജീവികള്‍ ഇല്ലാതായി ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കടുത്ത പട്ടിണിയിലേക്കും വറുതിയിലേക്കും എത്തിച്ചേരുമെന്നു തന്നെയാണ്. ഏതാനും ആയിരം സംഘടിത വ്യവസായ തൊഴിലാളികള്‍ക്കുവേണ്ടി പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ അന്നവും, നമ്മുടെ പൂര്‍വ്വികര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചു കൈമാറിയ പരിപാവനമായ ആവാസവ്യവസ്ഥയും എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയെങ്കിലും നിയന്ത്രിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്നാണ് ഈ പഠനങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത്.
പെരിയാറിലെ കീടനാശിനികളും ഘനലോഹങ്ങളും
കേരളാ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നേതൃത്വത്തില്‍ പെരിയാറില്‍ നിന്നു ശേഖരിച്ച വെള്ളത്തിന്റെയും, സെഡിമെന്റിന്റെയും (ഊറല്‍) സാമ്പിളുകളില്‍ എന്‍ഡോസള്‍ഫാനും ഡി.ഡി.റ്റി.യും ഉള്‍പ്പെടെയുള്ള കീടനാശിനികളുടെയും ഇരുമ്പ്, ലെഡ്, സിങ്ക്, കോപ്പര്‍, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങളുടെയും അധികരിച്ച സാന്നിദ്ധ്യം കണ്ടെത്തി. കൂടാതെ നദിയുടെ പി.എച്ച്. നിലവാരം 1.5 മുതല്‍ 5.5 വരെയും വ്യത്യസ്തമായ നിലകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാത്സ്യം, സള്‍ഫേറ്റ്, സള്‍ഫൈഡ്, ഫഌറൈഡ്, ക്ലോറൈഡ്, അമോണിക് നൈട്രജന്‍ എന്നിവ അധികരിച്ച തോതില്‍ പെരിയാറില്‍ കണ്ടെത്തി. ജലത്തില്‍ അമോണിക് നൈട്രജന്റെ സാന്നിദ്ധ്യം പാടില്ലാത്തതാണ്. എന്നാല്‍ 38.36 മുതല്‍ 70 മി.ഗ്രാം വരെ രേഖപ്പെടുത്തി. ഒരിക്കല്‍ പോലും അമോണിക് നൈട്രജന്റെ സാന്നിദ്ധ്യം പെരിയാറില്‍ 1.4 മി.ഗ്രാമില്‍ താഴെ രേഖപ്പെടുത്തിയിട്ടില്ല. ഇത് പെരിയാറില്‍ തുടര്‍ച്ചയായി നടക്കുന്ന മത്സ്യക്കുരുതിയുടെ കാരണങ്ങളിലേക്കാണ് കൊണ്ടെത്തിക്കുന്നത്. പെരിയാറില്‍ ഓക്സിജന്റെ കുറവാണ് മത്സ്യക്കുരുതിക്ക് കാരണമെന്ന് ആവര്‍ത്തിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്ന മലിനീകരണ നിയന്ത്രണബോര്‍ഡിലെ ഉദ്യോഗസ്ഥരും ട്രേഡ്യൂണിയന്‍ നേതാക്കളും ഇത്തരം രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടില്ല എന്ന് നടിക്കുകയാണ്. ഒരിക്കല്‍ പോലും പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിയുടെ യഥാര്‍ത്ഥ വസ്തുത കണ്ടുപിടിക്കാനുള്ള ശാസ്ത്രീയമായ അന്വേഷണം മലിനീകരണ നിയന്ത്രണബോര്‍ഡ് നടത്തിയിട്ടില്ല. പെരിയാറില്‍ നിന്ന് ശേഖരിച്ച ഊറല്‍ സാമ്പിളുകളില്‍ കോപ്പറും ലെഡും സിങ്കും ഇരുമ്പും പരിധിക്കു വളരെ മുകളിലായിരുന്നു. അതുപോലെ തന്നെ കാഡ്മിയവും ഉയര്‍ന്ന അളവില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനര്‍ത്ഥം പെരിയാറിന്റെ മരണം പൂര്‍ണമാകുന്ന തരത്തിലേക്ക് മലിനീകരണത്തിന്റെ തോത് മാറുന്നു എന്നുതന്നെയാണ്.
2009-2010-ല്‍ കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് & ടെക്നോളജി & എന്‍വയണ്‍മെന്റ് എന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം പെരിയാറില്‍ നടത്തിയ പഠനം ഞെട്ടിക്കുന്ന വിവരങ്ങളാണ് പങ്കുവയ്ക്കുന്നത്. പെരിയാറിന്റെ ഉത്ഭവം മുതല്‍ താഴെ വരെ പഠനവിധേയമാക്കിയപ്പോള്‍ എല്ലാ മേഖലയും ഗുരുതരമായ വെല്ലുവിളി നേരിടുന്നതായി കണ്ടെത്തി. പെരിയാറില്‍ പല സ്ഥലത്തും കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. നദിയുടെ ആരോഗ്യം തീരെ മോശമായതായും പഠനത്തില്‍ എടുത്തു പറയുന്നു. സൂക്ഷ്മജീവികളുടെ ഏറ്റക്കുറച്ചിലുകളും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വര്‍ദ്ധിച്ച തോതിലുള്ള കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യവും പഠനത്തില്‍ കണ്ടെത്തി. 35-ഓളം സാമ്പിളുകള്‍ പെരിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുകയുണ്ടായി, ഇതില്‍ നിന്നും പെരിയാറിന്റെ താഴെ ഭാഗത്തെ ജലത്തിന്റെ രാസ ഭൗതികഘടന പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. ഏറ്റവും പ്രധാനമായി നദിയില്‍ നിറം മാറ്റം ഉണ്ടായപ്പോഴും മത്സ്യങ്ങള്‍ ചത്തു പൊങ്ങിയപ്പോഴും നടത്തിയ എമര്‍ജന്‍സി സര്‍വ്വേയുടെ ഭാഗമായി ശേഖരിച്ച സാമ്പിളുകളില്‍ ഘനലോഹങ്ങളുടെ സാന്നിദ്ധ്യം അധികരിച്ച തോതില്‍ കണ്ടെത്തി. മാത്രമല്ല വ്യവസായ സ്ഥാപനങ്ങള്‍ നദിയിലേക്ക് നേരിട്ട് വിഷമാലിന്യങ്ങള്‍ തള്ളുന്നതാണ് നിറംമാറ്റത്തിനും മത്സ്യകുരുതിക്കും കാരണമെന്നും നിരീക്ഷിക്കുകയുണ്ടായി. പെരിയാറിലെ ജലത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കായി മൂന്ന് അംഗീകൃത സങ്കേതങ്ങള്‍ ഉപയോഗിക്കുകയുണ്ടായി. – തിവാരി & മിശ്ര വാട്ടര്‍ ക്വാളിറ്റി ഇന്‍ഡെക്സ്, സി.സി.എം.ഇ. വാട്ടര്‍ ക്വാളിറ്റി ഇന്‍ഡെക്സ്, എന്‍.എസ്.പി. വാട്ടര്‍ ക്വാളിറ്റി ഇന്‍ഡെക്സ് എന്നീ സങ്കേതങ്ങള്‍ ഉപയോഗിച്ചു നടത്തിയ ജലഗുണനിലവാര പരിശോധനയിലും പെരിയാറിലെ ജലം ശാസ്ത്രീയവും കാര്യക്ഷമമായും സംസ്ക്കരിച്ചേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും പറയുന്നു.
പെരിയാറിലെ ജലത്തിലും ചെളിയിലും അടങ്ങിയിട്ടുള്ള മലിനീകരണ വസ്തുക്കളെ സംബന്ധിച്ച് നടത്തിയ പഠനത്തില്‍ ഉയര്‍ന്നതോതില്‍ ആണവ വികിരണ വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ജലത്തിന് മീതെ വളരുന്ന ചിലതരം ചെടികളിലും വേരുകളിലും ആണവവികിരണ വസ്തുക്കളുടെ അധികരിച്ച സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ 2009-ല്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് ഐ.ആര്.ഇ. കമ്പനിയ്ക്കു താഴെ പെരിയാറില്‍ നിന്ന് ശേഖരിച്ച സാമ്പിളില്‍ തോറിയവും യുറേനിയവും കണ്ടെത്തിയിട്ടുണ്ട്. പുഴയിലേക്ക് നിരന്തരം റേഡിയോ വികിരണ മാലിന്യങ്ങള്‍ തള്ളുന്നുവെന്നതിന്റെ തെളിവാണിത്.
ഭാരതപ്പുഴയും പെരിയാറും കേരളത്തിലെ മറ്റെല്ലാ നദികളും അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നിലനില്പ് ഭീഷണി മണല്‍ക്കൊള്ള തന്നെയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ മണല്‍ ഖനനം ചെയ്തെടുക്കുമ്പോള്‍ നദിയുടെ അടിത്തട്ട് പൊട്ടി നദിയുടെ ജലശുദ്ധീകരണ ശേഷി പൂര്‍ണമായും നഷ്ടമാകുന്നു. അതോടൊപ്പം അനിയന്ത്രിതമായ തോതില്‍ പുഴയിലേക്ക് എത്തിച്ചേരുന്ന നഗരമാലിന്യങ്ങള്‍ മറ്റൊരു പ്രധാന ഭീഷണിയാണ്. കൂടാതെ ആശുപത്രി മാലിന്യങ്ങളും നദിയുടെ ആവാസവ്യവസ്ഥയെ പൂര്‍ണമായും നശിപ്പിക്കുന്നു. ഇത്തരത്തില്‍ നിരവധി പാരിസ്ഥിതിക പ്രതിസന്ധികള്‍ അഭിമുഖീകരിച്ചുകൊണ്ട് എത്രകാലം ഈ നദികള്‍ നിലനില്‍ക്കുമെന്ന് പറയാനാകില്ല. ഒരു കാര്യം തീര്‍ച്ചയാണ്, വരുന്ന 10 വര്‍ഷത്തിനുള്ളില്‍ കുടിക്കാനുള്ള ശുദ്ധജലം കേരളത്തില്‍ അപൂര്‍വവും ഏറ്റവും വിലപിടിപ്പുള്ള വസ്തുവുമായി തീരും.
പെരിയാറിനെ മാലിന്യമുക്തമാക്കുന്നതിനുവേണ്ടി വളരെയധികം പ്രവര്‍ത്തിച്ചിട്ടുള്ള പരിസ്ഥിതിപ്രവര്‍ത്തകനാണ് ലേഖകന്‍.
1970-എഴുപതുകള്‍ മുതല്ക്കു തന്നെ ഗൗരവമായ ശ്രദ്ധ കൊടുക്കേണ്ട ഒന്നായി നിലനില്‍ക്കുന്ന പ്രശ്നമാണ് ആഗോള ജലപ്രതിസന്ധി. 21-ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകം കാണാന്‍ പോകുന്ന യുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയുള്ളതായിരിക്കും എന്ന ആശങ്ക ദശകങ്ങള്‍ക്കു മുമ്പേ ഉടലെടുത്തിരുന്നു. ആ ആശങ്കയ്ക്ക് ആധാരമായ സംഗതികളുടെ ഇന്നത്തെ അവസ്ഥ പരിശോധിക്കുമ്പോള്‍ മനസ്സിലാവുക പ്രശ്ന പരിഹാരം ഇന്നും വിദൂരതയിലാണെന്നാണ്. ഒരു ചെറിയ ഭേദഗതിയോടെ ആ ആശങ്ക ഇന്നും നിലനില്ക്കുന്നു: ജലത്തിനായി ഇന്ന് യുദ്ധം ചെയ്യുന്നത് ദരിദ്രനാണ്. അവന്റെ പട്ടിണിയും യാതനയും പതിന്മടങ്ങ് വര്‍ദ്ധിക്കാന്‍ ഒരു പ്രധാന കാരണം ഇന്ന് ജലപ്രതിസന്ധി കൂടിയാണ്.
തുടക്കം ഇരുപതാം ശതകത്തില്‍
പ്രതിസന്ധിയുടെ ഘടകങ്ങള്‍: മനുഷ്യോപയോഗത്തിനുള്ള ജലത്തിന്റെ ദൌര്‍ലഭ്യവും അതിന്റെ മലിനീകരണവുമാണ് ഈ പ്രതിസന്ധിയിലെ പ്രധാന ഘടകങ്ങള്‍. ഭൂമിയുടെ ജലസമ്പത്ത് നിശ്ചിതമാണ്, അത്് കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ലഭ്യതയുടെ പ്രശ്നങ്ങളാണിവിടെ പ്രതിസന്ധി തീര്‍ക്കുന്നത്.
ലോകജനസംഖ്യയില്‍ നൂറ് കോടിയിലധികം ആളുകള്‍ക്ക് ശുദ്ധമായ കുടിവെള്ളം എന്ന ലക്ഷ്യം അപ്രാപ്യമായി തീര്‍ന്നിരിക്കുന്നു ഇന്ന്. ഭൂഗര്‍ഭജലത്തിന്റെ അമിത ഊറ്റിയെടുക്കല്‍ ക്യഷിയ്ക്കാവശ്യമായ ജലത്തിന്റെ ദൗര്‍ലഭ്യം സ്യഷ്ടിക്കുന്നു.
ജലമലിനീകരണം പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുന്നു. ഉള്ള ജലസ്രോതസ്സുകള്‍ തന്നെ മലിനമാകുന്ന അവസ്ഥ. ലോകത്ത് ഇന്ന് നടക്കുന്ന മരണങ്ങളില്‍ വലിയ പങ്കും ജലജന്യരോഗങ്ങള്‍ മൂലമോ ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം മൂലമോ ആണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് ലോകജനസംഖ്യയെ ബാധിക്കുന്ന രോഗങ്ങളുടെ 88 ശതമാനവും അശുദ്ധജലത്തിന്റെ ഉപയോഗവും ശുചിയായി ജീവിക്കാനാവശ്യമായ ജലത്തിന്റെ ഇല്ലായ്മയും മൂലമുള്ളതാണ്. വികസ്വര, ദരിദ്രരാഷ്ട്രങ്ങളിലെ സ്ത്രീകളെല്ലാവരും ചേര്‍ന്ന് നിത്യവും ജലശേഖരണത്തിനായി 20 കോടി മണിക്കൂര്‍ ചെലവഴിക്കുന്നു
ദരിദ്രരാഷ്ട്രങ്ങള്‍ മാത്രമല്ല ഈ പ്രതിസന്ധിയുടെ പിടിയില്‍ അമരാന്‍ പോകുന്നത്. യൂറോപ്പിലെയും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെയും വികസിതരാഷ്ട്രങ്ങള്‍ക്കും ഇത് ഒരു വെല്ലുവിളിയായി നിലനില്ക്കുന്നു. അമേരിക്കയിലെ ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ച് നഗരജനസംഖ്യ ഇപ്പോഴത്തെ നിലയില്‍ വര്‍ദ്ധിച്ചാല്‍ വരും വര്‍ഷങ്ങളില്‍ അവിടുത്തെ വന്‍ നഗരങ്ങള്‍ മിക്കവയും ജലക്ഷാമത്തിന്റെ പിടിയിലാകും.
ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ക്യഷിയാവശ്യത്തിനായി പമ്പുകള്‍ ഉപയോഗിച്ച് നടത്തുന്ന വന്‍തോതിലുള്ള വെള്ളമൂറ്റല്‍ ആ രാജ്യങ്ങളുടെ ജലനിരപ്പില്‍ വലിയ കുറവുണ്ടാക്കുമെന്നും ഭാവിയില്‍ ഇത് രൂക്ഷമായ ജലദൌര്‍ലഭ്യത്തിനു കാരണമാകും എന്ന് കരുതപ്പെടുന്നു. ഇതേ പ്രശ്നം പാകിസ്ഥാന്, ഇറാന്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളെയും കാത്തിരിക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ 300 കോടി ജനങ്ങളെങ്കിലും ഗുരുതരമായ ജലക്ഷാമത്തിനു ഇരയാകും എന്ന് അന്താരാഷ്ട്ര സംഘടനകള്‍ പറയുന്നു.
അപ്രത്യക്ഷമായേക്കാവുന്ന നദികള്‍
യു.എന്‍ കാലാവസ്ഥാ റിപ്പോര്‍ട്ട് അനുസരിച്ച് വലിയൊരു ദുരന്തം 2035 ഓടെ ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ്, ചൈന, നേപ്പാള്‍, മ്യാന്മാര് തുടങ്ങിയ രാജ്യങ്ങളെക്കാത്തിരിക്കുന്നു. ആഗോളതാപനം ഈ നിലയില്‍ തുടര്‍ന്നാല്‍ ഈ രാജ്യങ്ങളിലെ ജലലഭ്യതയുടെ വലിയ സ്രോതസ്സുകളായ വന്‍നദികളുടെ ഉറവയായ ഹിമാലയന്‍ ഗ്ലേസിയറുകള്‍ അപ്രത്യക്ഷമാകും എന്നതാണാ ദുരന്തം. അങ്ങിനെ വന്ന്്് ഗംഗ, സിന്ധു, ബ്രഹ്മപുത്ര, യാംഗ്ട്സി, മെക്കോംഗ് തുടങ്ങിയ ഭീമന് നദികള്‍ ഇല്ലാതായാല്‍ ഈ രാഷ്ട്രങ്ങളുടെ അവസ്ഥ എന്താകും? ഇന്ത്യയില്‍ മാത്രം ഗംഗാനദിയെ ആശ്രയിച്ച് ജീവിക്കുന്ന ആളുകളുടെ എണ്ണം 50 കോടിയാണ്.
ജലപ്രതിസന്ധി മനുഷ്യനെ മാത്രമല്ല ജൈവമണ്ഡലത്തെ ഒട്ടാകെ ബാധിക്കും. ജലത്തിന്റെ ഇല്ലാതാകല്‍ ഇല്ലാതാക്കിക്കളയുന്നത് വനങ്ങളെയും അവയില്‍ പാര്‍ക്കുന്ന പക്ഷി മ്യഗാദികളെയും കൂടിയാണ്.
ജലത്തിന്റെ രാഷ്ട്രീയം
ജലപ്രതിസന്ധി പലപ്പോഴും പ്രാദേശിക ജനവിഭാഗങ്ങള്‍ തമ്മിലോ രാഷ്ട്രങ്ങള്‍ തമ്മിലോ പരസ്പര പോരാട്ടത്തിലും കലാശിക്കുന്നു. രാഷ്ട്രങ്ങളുടെ അതിര്‍ത്തികളിലൂടെ ഒഴുകുന്നതും നിരന്തരമായ പരസ്പര സ്പര്‍ദ്ധയ്ക്കും പോരാട്ടത്തിനും കാരണമാകുന്നതുമായ 250 ലധികം നദികള്‍ ലോകത്തിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അന്തര്‍ദേശീയ ജലതര്‍ക്കങ്ങളെ പരിഹരിക്കാന്‍ 'ഹെത്സിങ്കി ചട്ടങ്ങള്‍' എന്ന പേരില്‍ അന്താരാഷ്ട്രനിയമം നിലവിലുണ്ടെങ്കിലും പലപ്പോഴും പ്രശ്നം ഈ ചട്ടങ്ങളുടെ വരുതിയില്‍ നില്‍ക്കാതെ പോകുന്നു.
ചില പ്രശ്നങ്ങളിലെങ്കിലും രാജ്യങ്ങള്‍ തമ്മില്‍ സ്വതവേയുള്ള അതിര്‍ത്തിത്തര്‍ക്കങ്ങളുടെ ഭാഗമായും ജലത്തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നു. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളിലെ ജലത്തിന്റെ അവകാശത്തിന്മേല് ഇറാന്, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് വര്‍ഷങ്ങളുടെ വയസ്സുണ്ട്. അവ പലപ്പോഴും പരസ്പരയുദ്ധത്തിന്റെ വക്കില്‍ വരെ കൊണ്ടെത്തിച്ചിട്ടുണ്ട് ആ രാജ്യങ്ങളെ. 1974-ല്‍ സിറിയ യൂഫ്രട്ടീസില്‍ നിര്‍മ്മിച്ചു കൊണ്ടിരുന്ന ഡാം തകര്‍ക്കാന്‍ ഇറാഖ് സേന സിറിയന്‍ അതിര്‍ത്തി കടന്ന സംഭവം ഇത്തരത്തിലുള്ള ഒന്നാണ്.
സമാനമായ തര്‍ക്കങ്ങള്‍ എല്ലാ ഭൂഖണ്ഡങ്ങളിലും അരങ്ങേറിയിട്ടുണ്ട്, മിക്കവയും ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഹംഗറിയും ചെക്കോസ്ലോവാക്യയും തമ്മില്‍ ഉടലെടുത്ത തര്‍ക്കം, തെക്ക്,വടക്കന്‍ കൊറിയകള്‍ തമ്മിലുള്ളത്, ഇസ്രായേലും പാലസ്തീനും തമ്മിലുള്ളത്, ഈജിപ്തും എത്യോപ്യയും തമ്മിലുള്ളത് എന്നിങ്ങനെ തുടരുന്നു അവ. മിക്കവയും മധ്യസ്ഥ ശ്രമങ്ങളിലൂടെയും മറ്റും തീര്‍ക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണമാണെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നു.
പരിഹാരമാര്‍ഗങ്ങള്‍ വിദൂരതയിലോ?
പ്രശ്നം ഗുരുതരം എന്ന് എല്ലാവരും തിരിച്ചറിയുന്നു, പക്ഷെ പരിഹാരം ആരുടെ കയ്യിലുമില്ല. ഭൂമി മുഴുവന്‍ പരന്നുകിടക്കുന്ന സമുദ്രജലത്തെ ശുദ്ധീകരിച്ച് ഉപയോഗിക്കാന്‍ ഊര്‍ജ്ജം വേണം, വലിയ പണച്ചെലവ് നേരിടുന്ന മാര്‍ഗം. ദരിദ്ര രാജ്യങ്ങള്‍ക്ക് തികച്ചും അസാധ്യമായ ഒന്ന്. ഒരിക്കല്‍ ഉപയോഗിച്ച ജലത്തെ വീണ്ടും ശുദ്ധിയാക്കി ഉപയോഗിക്കുന്ന മാര്‍ഗത്തിനും പണച്ചെലവേറെയാണ്. ഇവയൊക്കെ സമ്പന്ന രാജ്യങ്ങള്‍ക്ക് മാത്രമേ സാധ്യമാകൂ. ഇസ്രായേല്‍, സിംഗപ്പൂര്‍, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നെങ്കിലും അവരുടെ ആവശ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ഇത്തരത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുള്ളു.
നിര്‍ദ്ദേശിക്കപ്പെടുന്ന മറ്റൊരു പരിഹാരമായ ഭൂഗര്‍ഭജലത്തിന്റെ ഉപയോഗ നിയന്ത്രണം എന്നത് ക്യഷിയെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ പല രാജ്യങ്ങള്‍ക്കും സ്വീകാര്യമല്ലാത്ത ഒന്നാണ്.
എല്ലാ രാജ്യങ്ങളും തങ്ങളുടെ പരിസ്ഥിതിയെ, പ്രത്യേകിച്ച് നീര്‍ത്തടങ്ങള്‍, നദീസ്രോതസ്സുകള്‍ എന്നിവയെ സംരക്ഷിക്കുകയും അതു വഴി ജലത്തിന്റെ സ്വാഭാവികമായ ശേഖരിക്കപ്പെടലും ഒഴുക്കും വര്‍ദ്ധിക്കുകയും ചെയ്താല്‍ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കും എന്ന് പാരിസ്ഥിതികമായ പരിഹാരങ്ങളെക്കുറിച്ച് നടത്തപ്പെട്ട പഠനങ്ങള്‍ പറയുന്നു. കൂടാതെ ജനസംഖ്യാ വര്‍ദ്ധനവ് പിടിച്ചു നിര്‍ത്തുന്നത് പ്രശ്നപരിഹാരത്തെ വലിയ തോതില്‍ സഹായിക്കും എന്നതും തീര്‍ച്ചയാണ്.
ലോക ജലസഹകരണ വര്‍ഷം
ജലപ്രതിസന്ധിയുടെ ഗുരുതരാവസ്ഥ ലോകത്തെ ബോധ്യപ്പെടുത്തുന്നതിനും പ്രശ്നപരിഹാരത്തിനാവശ്യമായ നയരൂപീകരണം അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനുമായാണ് ഐക്യരാഷ്ട്ര സംഘടന, 2013 ലോക ജലസഹകരണ വര്‍ഷം ആയി ആചരിക്കാന്‍ തീരുമാനിച്ചത്. 2010 ല്‍ ആയിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. കൂടാതെ 2013 മാര്ച് 22 ലോക ജലദിനമായി ആചരിക്കാനും തീരുമാനിക്കപ്പെട്ടു. ഈ ഒരു വര്‍ഷം ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനെക്കുറിച്ചും പരിപാടികള്‍ ലോകവ്യാപകമായി നടക്കും. പോഷകസംഘടനയായ 'യുനെസ്കോ' യുടെ നേത്യത്വത്തിലാണ് പരിപാടികള്‍ നടക്കുക. ജലപ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി പരസ്പരസഹകരണത്തിന്റെ പുതിയ പാതകള്‍ തേടേണ്ടതുണ്ട് എന്നതാണ് വര്‍ഷാചരണത്തിന്റെ സന്ദേശം.
ഇക്കഴിഞ്ഞ മാസം ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഈ പ്രശ്നം സജീവ ചര്‍ച്ചയ്ക്ക് വിധേയമാകുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ദാവോസും മുന്നോട്ട് വെക്കുന്നത് പുതിയൊരു സഹകരണ പദ്ധതിയാണ്. കൊക്കാ കോള, പെപ്സികോ തുടങ്ങി ജലം ഏറെ ഉപയോഗിക്കുന്ന ബഹുരാഷ്ട്രകമ്പനികളും ഗവണ്മെന്റുകളും എന്‍.ജി.ഓ.കളും ചേര്‍ന്നുള്ള പുതിയ സഹകരണ പരീക്ഷണം. എന്നാല്‍ ഇത്തരം 'പാര്‍ട്ണര്‍ഷിപ്പ്' പരിപാടികള്‍ ദരിദ്രരാഷ്ട്രങ്ങള്‍ക്ക് എന്തു നല്‍കും എന്ന കാര്യത്തില്‍ ആശങ്കകള്‍ ഉയരുകയും ചെയ്യുന്നുണ്ട്.
വരും ദശകങ്ങള്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ നിര്‍ണ്ണായകമാണെന്നും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ മാലോകരില്‍ ഏറ്റവും നിസ്വരായവര്‍' വെള്ളം കിട്ടാതെ മരിക്കുന്ന' സ്ഥിതി വന്നു ചേരുമെന്നും ഉള്ള അറിവിലേക്ക് ഉണരേണ്ടത് ഇന്ന് ഓരോ മനുഷ്യന്റെയും ആവശ്യമായി വന്നിരിക്കുന്നു.
പ്രതിവര്‍ഷം ശരാശരി 3,100 മില്ലിമീറ്ററില്‍പരം മഴ ലഭിക്കുന്ന കേരളത്തില്‍ കാലക്ഷേപം നടത്തുന്ന മലയാളി, കേരളത്തില്‍ കുടിവെള്ളം കിട്ടാനില്ലെന്ന പരാതിയുമായി നടക്കുകയാണ്. ഇത്രകണ്ട് മഴ കിട്ടുന്ന മലയാളിയുടെ നാട്ടില്‍ കുടിവെള്ളമില്ലെന്ന് പറയുന്നത് ഭൂഷണമല്ല. കുടിവെള്ള ക്ഷാമം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന സാന്ത്വനം അര്‍ഥശൂന്യമാണ്. ഭൂമിയുടെ ഉള്ളില്‍ ജലത്തിന്റെ സ്രോതസ്സുകളില്ലെന്നും മഴയാണ് വന്‍കരകളിലെ ജലസ്രോതസ്സെന്നും തിരിച്ചറിയുകയാണ് നാം ആദ്യം ചെയ്യേണ്ടത്. ഓരോ പൗരനും സുരക്ഷിതമായ തോതില്‍ കഴിയുന്നിടത്തോളം മഴവെള്ളത്തെ അത് പതിക്കുന്ന സ്ഥാനങ്ങളില്‍ത്തന്നെയുള്ള മണ്‍പാളികളിലേക്ക് ക്രമമായ തോതില്‍ നയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുകയാണ് ഈ അവസ്ഥയില്‍ വേണ്ടത്. ചരിഞ്ഞ ഭൂപ്രതലത്തിലൂടെയുള്ള ഒഴുക്ക് വിനാശകാരിയാണ്. മേല്‍മണ്ണിനെയും ഫലപുഷ്ടിയെയും കൊള്ളയടിച്ചുകൊണ്ടുപോകുന്ന ഓരോ ഒഴുക്കും ഭൂമിയുടെ ജലാഗിരണധാരണശേഷിയെ ഇല്ലാതാക്കുകയും അതിനെ മരുഭൂമിയാക്കുകയും ചെയ്യും. നമ്മുടെ പരിസരങ്ങളില്‍ ഇപ്രകാരം മരുഭൂമികള്‍ രൂപപ്പെടുകയാണ്. പ്രതല ഒഴുക്കിനെ നിയന്ത്രിക്കുകയും ഭൗമാന്തര്‍ജലചംക്രമണ വ്യവസ്ഥകളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടുമാത്രമേ നമുക്ക് ഈ ജലക്ഷാമം പരിഹരിക്കാനാകൂ. എത്രയോ വര്‍ഷമായി നാം വിവിധപദ്ധതികളിലൂടെ ജലസംരക്ഷണം നടത്തുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ എത്ര തൊഴില്‍ദിനങ്ങള്‍ മഴവെള്ളസംരക്ഷണത്തിനായി നാം വിനിയോഗിച്ചു? എത്ര ധനം ഇതിനൊക്കെയായി നാം ചെലവഴിച്ചു? ഒന്നും വേണ്ടവിധമായിരുന്നില്ല എന്നല്ലേ ഇപ്പോഴത്തെ കേരളത്തിന്റെ ജലക്ഷാമം സാക്ഷ്യപ്പെടുത്തുന്നത്? മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ സര്‍ഗശേഷികള്‍ നമ്മുടെ മഴയെ പ്രയോജനപ്പെടുത്താനായി ഉപയോഗപ്പെടുത്തണം. പ്രകൃതിയിലെ സ്വാഭാവിക സംവിധാനങ്ങളെ മഴവെള്ളസംരക്ഷണാര്‍ഥം സ്ഥായിയായി ശക്തിപ്പെടുത്താനും നാളിതുവരെ നാം നടപ്പാക്കിയ ജലസംരക്ഷണപ്രവര്‍ത്തനങ്ങളിലെ വിടവുകള്‍ നികത്താനും അവ വിനിയോഗിക്കപ്പെടണം. ഈ പദ്ധതി നമ്മുടെ ജലസുരക്ഷയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും ശക്തമായ അടിത്തറയാകണം. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ജലസംരക്ഷണപദ്ധതികളെല്ലാം മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ പങ്കിടാനാകുന്ന ശേഷികളെയെല്ലാം പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കണം. ഭൂപ്രതലത്തിലെ സ്വാഭാവികമായ നദീതട, വാട്ടര്‍ഷെഡ് സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ജലസംരക്ഷണയജ്ഞം നമുക്ക് ഏറ്റെടുക്കേണ്ടിയിരിക്കുന്നു. മേല്‍മണ്ണിന്റെ സംരക്ഷണമാണ്, ഫലപ്രദമായ ജലസംരക്ഷണത്തിന്റെ ശക്തമായ ഉപാധി. അങ്ങനെയൊരു സമീപനംമാത്രമേ നമുക്ക് ജലസുരക്ഷ പ്രദാനംചെയ്യൂ. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കപ്പുറം മുതലെങ്കിലും നല്ല ഫലങ്ങള്‍ ലഭിച്ചുതുടങ്ങണമെങ്കില്‍ ഇപ്പോഴേ നാം അതിന് ശ്രമിച്ചുതുടങ്ങണം. ഓരോ പ്രദേശത്തും നമുക്ക് ലഭിക്കുന്ന മഴയുടെ പകുതിയെങ്കിലും മഴപതിക്കുന്ന സ്ഥാനത്ത് വെച്ചുതന്നെയോ സമീപസ്ഥാനങ്ങളില്‍വെച്ചോ ഭൂപ്രതലത്തിലെ മണ്‍പാളികളിലൂടെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ സഹായകമായ തോതില്‍ വെള്ളത്തിന്റെ ഉപരിതലഒഴുക്കിനെ നിയന്ത്രിച്ചുനിര്‍ത്തുക എന്നതാണ് ജലക്ഷാമം സ്ഥായിയായി പരിഹരിക്കുന്നതിനുള്ള അടിസ്ഥാന ഉപായം. ചരിവുള്ള ഭൂപ്രതലങ്ങളിലെ പ്രതല ഒഴുക്കിന്റെ തോതിനെയും പ്രവേഗത്തെയും വരുതിയിലാക്കാനും പ്രതല ഒഴുക്കുവഴിയുള്ള മഴവെള്ളത്തിന്റെ ക്രമാതീതമായ നഷ്ടം പ്രാദേശികാടിസ്ഥാനത്തില്‍ത്തന്നെ തടയുന്നതിനും സഹായകമായ സംരക്ഷണഘടനകളുടെ സമഗ്ര 'ജലസംരക്ഷണജാലിക' ഓരോ തുണ്ട് ഭൂമിയിലും സജ്ജീകരിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. പുല്‍വരമ്പുകള്‍, ചെറിയ മണ്‍വരമ്പുകള്‍, മണ് തിടിലുകള്‍, കയ്യാലകള്‍, സംരക്ഷണഭിത്തികള്‍, ചാലുകള്‍ ഇടമുറിഞ്ഞ ചാലുകള്‍, വൃക്ഷത്തടങ്ങള്‍, മണ്‍പണകള്‍, പാത്തികള്‍, പുല്‍മെത്തകള്‍, സസ്യവേലികള്‍, മഴക്കുഴികള്‍, കല്ലുകൊണ്ടുള്ള ചെറുതും വലുതുമായ കയ്യാലകള്‍ എന്നിവയുടെ സഹായത്തോടെ ഇത് സാധ്യമാക്കാം. ഇവയില്‍നിന്ന് ഓരോ തുണ്ട് ഭൂമിയിലേക്കും അനുയോജ്യമായവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇപ്രകാരത്തിലുള്ള സജ്ജീകരണങ്ങളെ അതിജീവിച്ച് സമീപത്തുള്ള ചെറുതും വലുതുമായ ഒഴുക്കുചാലുകളില്‍ എത്തുന്ന വെള്ളത്തിന്റെ ഒഴുക്കിനെ മന്ദീഭവിപ്പിക്കാനുതകുന്ന തരത്തിലുള്ള ഘടനകള്‍ അവയില്‍ നിര്‍മിക്കുകയാണ് അനുബന്ധമായി ചെയ്യേണ്ടത് (എന്നാല്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പലപ്പോഴും ഒഴുക്കിന്റെ തോത് വര്‍ധിക്കാനിടയാക്കുന്ന തരത്തില്‍ ചാലുകളുടെ ആഴവും വീതിയും കൂട്ടുകയാണ് ചെയ്തുവരുന്നത്.) തീരേ ആഴംകുറഞ്ഞ വളരെ ചെറിയ മഴക്കുഴികള്‍ ഉപയോഗയോഗ്യതയും പ്രവര്‍ത്തനക്ഷമതയും പരിശോധിക്കാതെ വ്യാപകമായി ഉണ്ടാക്കുന്ന രീതി പരിമിതപ്പെടുത്തുകയും മഴവെള്ളം സമാഹൃതമായി ഒഴുകിയെത്തുന്ന സ്ഥാനങ്ങള്‍ കണ്ടെത്തി അത്തരം സ്ഥാനങ്ങളില്‍ വേണ്ടത്ര വലിപ്പമുള്ള മഴക്കുഴികള്‍ നിര്‍മിക്കുകയുമാണ് വേണ്ടത്. സാധാരണസ്ഥിതിയില്‍ ഇത്തരം കുഴികള്‍ക്ക് ഒരു ഘനമീറ്റര്‍ മുതല്‍ അഞ്ച് ഘനമീറ്റര്‍ വരെ വലിപ്പമാകാം. കൂടാതെ, ചെറുതും വലുതുമായ പാതകളിലൂടെയും മൈതാനങ്ങളിലൂടെയും ഒഴുകിവരുന്ന മഴവെള്ളത്തെ ശേഖരിക്കാനാവശ്യമായ വലിപ്പത്തോടുകൂടിയ സാമാന്യം വലിപ്പമുള്ള മഴവെള്ളക്കുഴികളും യുക്തമായ സ്ഥാനങ്ങളില്‍ നിര്‍മിക്കാന്‍ ശ്രദ്ധിക്കണം. എല്ലാതരം മഴക്കുഴികളിലും ശേഖരിക്കപ്പെടുന്ന എക്കല്‍ കാലാകാലങ്ങളില്‍ ശേഖരിച്ച് (മഴക്കുഴികള്‍ ഇല്ലായിരുന്നെങ്കില്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകുമായിരുന്ന അമൂല്യമായ ഒരു വിഭവമാണിത്) ബന്ധപ്പെട്ട പരിസരഭൂമിയില്‍ വിതറാനും ശ്രദ്ധിക്കണം. എന്നാല്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ വളരെ ശാസ്ത്രീയമായ പരിശോധനയ്ക്കുശേഷംമാത്രമേ ഏറ്റെടുക്കാവൂ. വാട്ടര്‍ഷെഡ്ഡ് തത്ത്വങ്ങള്‍ക്ക് അനുസൃതമായി മേല്പറഞ്ഞ മണ്ണ്, ജല സംരക്ഷണപ്രവൃത്തികളെ സമഞ്ജസിപ്പിക്കാന്‍കഴിഞ്ഞാല്‍ നമ്മുടെ വിജയം ശാശ്വതവും അഭൂതപൂര്‍വവുമായിരിക്കും. മേല്പറഞ്ഞ പ്രവൃത്തികളൊക്കെ മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയില്‍ ഏറ്റെടുത്ത് വിജയകരമായി ചെയ്യാന്‍ കഴിയുന്നവയാണ്. വെള്ളക്കെട്ടുമൂലം പ്രശ്നങ്ങളില്ലാത്ത സ്ഥാനങ്ങളിലൊരിടത്തും ചാലുകളുടെ ആഴവും വീതിയും കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെത്തന്നെ, കാട്ടുപടര്‍പ്പുകളും സസ്യാവശിഷ്ടങ്ങളും കത്തിച്ചുകളയുന്നതും തരിശുപറമ്പുകള്‍, പൊതുസ്ഥലങ്ങള്‍, തോടുകളുടെ വശങ്ങള്, റോഡുകളുടെ പാര്‍ശ്വങ്ങള്‍ എന്നിവിടങ്ങളിലുള്ള സസ്യങ്ങളെ കിളച്ച് മണ്ണിളക്കി നശിപ്പിക്കുന്നതും നിയന്ത്രിക്കണം. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ സസ്യവൈവിധ്യത്തെയും മണ്ണിന്റെ പോഷകശേഷിയെയും ഇല്ലാതാക്കും. ഭൂതാപന വര്‍ധനയ്ക്ക് ആക്കംകൂട്ടുകയും ചെയ്യും. അസൗകര്യമായി കാണപ്പെടുന്ന കാട്ടുപടര്‍പ്പുകളും കളകളും വെട്ടുകത്തികളോ കത്രികകളോ ഉപയോഗിച്ച് മണ്ണിന് ഇളക്കംതട്ടാത്തവിധം മുറിച്ച് നീക്കംചെയ്യുകയും അത്തരം അവശിഷ്ടങ്ങളെ കമ്പോസ്റ്റ്നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്. ഓരോ ഭൂമിയിലെയും പ്രാദേശികസ്ഥിതികളുടെ അടിസ്ഥാനത്തില്‍ ആവശ്യമാകുന്ന എല്ലാ പ്രവൃത്തികളും നടപ്പാക്കാന്‍ വേണ്ടിവരുന്ന ചെലവ് ഭൂവുടമകള്‍ക്ക് സ്വന്തമായി കണ്ടെത്താന്‍ പ്രയാസമായിരിക്കും. സംഘടിത മനുഷ്യാധ്വാനത്തിനാണ് ഈ ചെലവിന്റെ 70 ശതമാനത്തിലേറെ ആവശ്യമായി വരുന്നത്. ഭൂവുടമകള്‍ക്ക് ഇക്കാര്യത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതിന്റെ ഒരു പ്രധാനകാരണവും ഇതാണ്. എന്നാല്‍, ഈ പ്രതിസന്ധിയൊക്കെ മറികടക്കാനുള്ള വഴികള്‍ തൊഴിലുറപ്പുപദ്ധതിയില്‍ ഉണ്ട്. കേരളത്തിന്റെ ഭൂഘടനയുടെ പശ്ചാത്തലത്തില്‍ ജലസംരക്ഷണത്തിന് ഉപകാരപ്പെടുന്നതാണ് 'വാട്ടര്‍ഷെഡ്ഡ് അധിഷ്ഠിത ജലസംരക്ഷണ സമീപനം'. വെള്ളത്തിന്റെ സ്വതഃസിദ്ധമായ ചലനപ്രകൃതങ്ങളെ സ്ഥായിയായ ജലലഭ്യതയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് സമതലങ്ങളിലുള്ളവയൊഴികെയുള്ള എല്ലാ വാട്ടര്‍ഷെഡ്ഡുകളും തുറന്നുതരുന്നത്. ഓരോ വാട്ടര്‍ഷെഡ്ഡും സ്വാഭാവികവും ലളിതവുമായ ഒരു പാരിസ്ഥിതിക സ്വയംപര്യാപ്തത നിലനിര്‍ത്താന്‍ പാകത്തിലുള്ള ഘടനാവിശേഷങ്ങളുള്ള ഒരു ആവാസവ്യവസ്ഥയാണ്. അതില്‍ മനുഷ്യന് വരുത്തിയ തിരുത്തലുകളും മാറ്റങ്ങളും ഉണ്ടാക്കിയ വൈകല്യങ്ങള്‍ ക്രമേണ പരിഹരിക്കുകയും ഓരോ വാട്ടര്‍ഷെഡ്ഡിന്റെയും സ്വാഭാവികമായ 'വാട്ടര്‍ ഷെഡ്ഡിങ്' പ്രക്രിയ (നീര്‍മറി പ്രക്രിയ) പുനഃസ്ഥാപിക്കുകയും ചെയ്തുകൊണ്ട് കേരളത്തിലെ ജലക്ഷാമം സ്ഥായിയായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നാം നടത്തേണ്ടത്. സംസ്ഥാനത്തെ ഓരോ ഗ്രാമപ്പഞ്ചായത്തും അതിന്റെ പരിധിയില്‍വരുന്ന എല്ലാ വാട്ടര്‍ഷെഡ്ഡുകളുടെയും സമഗ്രവികസനത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞിട്ടുള്ളതിനാല്‍ കേരളത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള കര്‍മപരിപാടികള്‍ ഏറ്റെടുക്കുന്നതിന് ഫലപ്രദമായ സാഹചര്യങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ത്തന്നെ സജ്ജമായിരിക്കയാണ്. ചെയ്യേണ്ടത് ചെയ്യുകയാണിപ്പോള്‍ വേണ്ടത്. ഗ്രാമസഭകളും പ്രാദേശിക ഭരണകൂടങ്ങളും ഇതിനാവശ്യമായ സന്നാഹങ്ങളൊരുക്കാന്‍ മുന്‍കൈ എടുക്കണം. ഗ്രാമസഭാതലത്തില്‍ ജലസംരക്ഷണ ക്ലബ്ബുകള്‍, സംഘങ്ങള്‍ എന്നിവ രൂപവത്കരിക്കുക, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മഴവെള്ളസംരക്ഷണം സംബന്ധിച്ച് ബോധവത്കരണം നടത്തുക, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുന്ന പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം സംഘടിപ്പിക്കുക, ഗ്രാമസഭാതലത്തില്‍ ജലസംരക്ഷണ സന്ദേശയാത്രകള്‍ സംഘടിപ്പിക്കുക, മഴവെള്ളസംരക്ഷണസന്ദേശങ്ങളടങ്ങിയ കലണ്ടറുകള്‍/കാര്‍ഡുകള്‍ ഓരോ വീട്ടിലും എത്തിക്കുക, ലോക ഭൂജല ദിനാചരണം ഉചിതമായും വിപുലമായ പങ്കാളിത്തത്തോടെയും സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കാന് ഗ്രാമപ്പഞ്ചായത്തുകള്‍ കൂടുതല്‍ ശ്രദ്ധിക്കണം....
കേരളം നദികളുടെ നാടാണ്. സഹ്യപര്‍വ്വത നിരകളില്‍ നിന്നും ചെറുതും വലുതുമായ 44 നദികള്‍ ഉത്ഭവിക്കുന്നു. ഇതില്‍ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നു. കേരളീയ ജീവിതത്തിന്റെ ആത്മാവ് ഈ 44 നദികളും അവയുടെ 900-ത്തില്‍ അധികം വരുന്ന പോഷക നദികളുമാണ്. മനുഷ്യസംസ്കാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ എന്നും നദീ തീരങ്ങളും ജലസ്രോതസ്സുകളുടെ സമീപപ്രദേശങ്ങളുമായിരുന്നു. അനുസ്യൂതം ഒഴുകുന്ന ജലവും അടിത്തട്ടിലെ മണലും ജലജീവികളും പുഴയോരസസ്യങ്ങളും ഈ ജൈവ ആവാസവ്യവസ്ഥയുടെ അവിഭാജ്യഘടകങ്ങളാണ്. സഹ്യപര്‍വ്വത നിരകളിലെ മലകളും ഇടനാട്ടിലെ കുന്നുകളും താഴ്വരകളും നീര്‍ത്തടങ്ങളും നെല്‍വയലുകളും 34 കായലുകളും 590 കിലോമീറ്റര്‍ നീളം വരുന്ന സമുദ്രതീരവും ചേര്‍ന്നതാണ് കേരളം. കേരളത്തിലെ നദികളുടെ വൃഷ്ടിപ്രദേശം 2873921 ച. കി. മീ. ആണ്. 728730 ലക്ഷം ഘനമീറ്റര്‍ വെള്ളം ഈ നദികളിലൂടെ പ്രതിവര്‍ഷം ഒഴുകുന്നു. ഇതിനെല്ലാം പുറമെ ആറുമാസക്കാലം പെയ്തിറങ്ങുന്ന മഴ കേരളത്തിലെ കാലാവസ്ഥയെ എന്നും സുഖകരമാക്കുന്നു. കേരളത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് ഒരുകോടി ഇരുപതുലക്ഷം ലിറ്റര്‍ വെള്ളം ഒരു വര്‍ഷം മഴയായി പെയ്തിറങ്ങുന്നു.
ഈ നദികളെല്ലാം തന്നെ മരിച്ചുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളിലെ ഭൗമപ്രവര്‍ത്തനത്തിന്റെ ഫലമായി രൂപം കൊണ്ടതാണ് നദികളിലെ മണല്‍. ശരാശരി 15 അടി ഘനത്തില്‍ കാണപ്പെടുന്ന ഈ മണല്‍ നിക്ഷേപം നദിയുടെ മജ്ജയും മാംസവുമാണ്. മണലില്ലാത്ത നദികള്‍ വെറും അസ്ഥിപഞ്ജരമാണ്. നദീതടത്തിലെ ജലവിതാനം നിയന്ത്രിക്കുക, മത്സ്യങ്ങള്‍ തുടങ്ങി ശുദ്ധജലജീവികളേയും ജല സസ്യങ്ങളേയും പോറ്റിവളര്‍ത്തുക, നീരൊഴുക്ക് ക്രമപ്പെടുത്തുക തുടങ്ങിയ ജോലികളെല്ലാം നിര്‍വ്വഹിക്കുന്നത് ഈ മണല്‍ നിക്ഷേപമാണ്. യാതൊരു തത്വദീക്ഷയുമില്ലാതെ മണല്‍ ഖനനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ താമസിയാതെ കേരളം ഒരു ഊഷരഭൂമിയായി മാറും. നദികളുടെ ജീവന് കാത്തു സംരക്ഷിക്കുന്ന മണല്‍ വാരിത്തീര്‍ക്കുന്നതിന് പുറമെ നിരന്തരമായി മാലിന്യം നിക്ഷേപിച്ച് നദികളെയും നമ്മുടെ സ്വന്തം ജീവനേയും നാം അപകടപ്പെടുത്തുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട തടാകവും അഷ്ടമുടിക്കായലും വേമ്പനാട് കോള്‍നിലവും രാജ്യാന്തരപ്രാധാന്യം ഉള്ളവയാണ്. 151250 ഹെക്ടര്‍ വിസ്തൃതിയില്‍ ആലപ്പുഴ , കോട്ടയം, എറണാകുളം ജില്ലകളിലായി വേമ്പനാട് കായല്‍ വ്യാപിച്ചുകിടക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ നീര്‍ത്തടമാണിത്. മണിമല , മീനച്ചില്‍, പമ്പ , അച്ചന്‍കോവില്‍, മൂവാറ്റുപുഴ എന്നിവ ഉള്‍പ്പെടെ പത്തോളം നദികള്‍ ഇതില്‍ വന്നുചേരുന്നു. വെള്ളപ്പൊക്കം നിയന്ത്രിച്ചും കുടിവെള്ള സ്രോതസ്സുകള്‍ നിലനിര്‍ത്തിയും മനുഷ്യജീവിതത്തെ ഈ കായല്‍ സഹായിക്കുന്നു. 373 ഹെക്ടറില്‍ സ്ഥിതി ചെയ്യുന്ന ശാസ്താംകോട്ട തടാകം കൊല്ലം ജില്ലയിലെ കുടിവെള്ള സ്രോതസ്സും ശുദ്ധജല മത്സ്യങ്ങളുടെ ആവാസ സ്ഥാനവുമാണ്. 61400 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ആഴമേറിയ കായലാണ് അഷ്ടമുടിക്കായല്‍. ഈ കായലുകളെല്ലാം വറ്റിവരണ്ടുകൊണ്ടിരിക്കുന്നു.
നീര്‍പ്പക്ഷികള്‍, മത്സ്യങ്ങള്‍, സസ്ത്നികള്‍, ഉരഗങ്ങള്‍, സസ്യങ്ങള്‍, സൂക്ഷ്മജീവികള്‍ തുടങ്ങിയ ജൈവസമ്പത്തിന്റെ വിസ്മയ ലോകമാണ് തണ്ണീര്‍ത്തടങ്ങള്‍. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുവാന്‍ 1971-ല്‍ രൂപീകൃതമായ റംസര്‍ ഉടമ്പടി അതീവപ്രധാനമാണ്. ലോകത്തിലെ 163 രാജ്യങ്ങള്‍ ഇതില്‍ ഒപ്പുവച്ചിട്ടുണ്ട്. സ്വിറ്റ്സര്‍ലന്റിലെ ഗ്ലാന്റ് ആസ്ഥാനമായ റംസര്‍ പ്രസ്ഥാനം തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍ ഈ മൂന്നുകായലുകളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 2065 തണ്ണീര്‍ത്തടങ്ങളാണ് റംസര്‍ പട്ടികയിലുള്ളത്. ഇതില്‍ 26 എണ്ണം ഇന്ത്യയിലാണ്. ഈ തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുവാനുള്ള ബാദ്ധ്യത ലോകരാഷ്ട്രങ്ങളെല്ലാം ഏറ്റെടുത്തിട്ടുള്ളതാണ്.
മനുഷ്യശരീരത്തില്‍ രക്തമെന്നതുപോലെ ഭൂമിയുടെ ശരീരത്തില്‍ സദാ ചംക്രമണം ചെയ്തുകൊണ്ടിരിക്കുന്നത് നദികളാണ്. രക്തം അശുദ്ധമാവുകയോ കുറയുകയോ ഒഴുക്കു തടയപ്പെടുകയോ ചെയ്താല്‍ നാം രോഗികളായി തീരുന്നു. ഭൂമിയുടെ ഗതിയും അതു തന്നെയാണ്. രോഗം മൂര്‍ദ്ധന്യദശയെ പ്രാപിക്കുമ്പോള്‍ ജീവികള്‍ മരിക്കുന്നത് പോലെ ഭൂമിയും മരിക്കുക തന്നെ ചെയ്യും. എല്ലാ സംസ്കാരവും നദീതീരങ്ങളിലാണ് ആവിര്‍ഭവിക്കുകയും പുഷ്പിക്കുകയും ചെയ്തിട്ടുള്ളത്. നദികളോടൊപ്പം നാഗരികതകളും മണ്ണടിയുന്നു. മനുഷ്യന് ഉള്‍പ്പെടെ സകല ജീവജാലങ്ങളും ജലത്തില്‍ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. നമ്മുടെ ശരീരത്തില്‍ 70 ശതമാനവും ജലമാണ്.
അമ്മയുടെ ഉദരത്തിലാകുമ്പോള്‍ മനുഷ്യന്റെ കുഞ്ഞ് 90 ശതമാനവും ജലരൂപത്തിലാണ്. ഗര്‍ഭപാത്രത്തിലെ ദ്രാവകത്തില്‍ കിടന്നാണ് നാം വളരുന്നത്. നാം ജീവിക്കുന്ന ഭൂമിയിലും 70 ശതമാനം ജലം തന്നെയാണ്. മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ ജീവികള്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്ന ശാസ്ത്രജ്ഞന്മാര് ആദ്യം നോക്കുന്നത് അവിടെ ജലം ഉണ്ടോ എന്നാണ്. വായയും നാവും സദാ ഉമിനീരുകൊണ്ട് നനഞ്ഞിരിക്കുമ്പോള്‍ മാത്രമേ നമുക്ക് സംസാരിക്കുവാനും ആഹാരം കഴിക്കുവാനും ആവുകയുള്ളൂ. നമ്മുടെ രണ്ടുകണ്ണുകളിലും നാസാദ്വാരങ്ങളിലും ചെവിക്കകത്തും ഒരു നിശ്ചിതയളവില്‍ ജലാംശം ഉള്ളപ്പോള്‍ മാത്രമേ അവ പ്രവര്‍ത്തിക്കുകയുള്ളൂ.
നദികളെ സ്വന്തം മാതാവായി കരുതിയവരാണ് ഇന്ത്യക്കാര്‍. ക്രൈസ്തവര്‍ കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നത് ജലത്തിലാണ്. മുസ്ലിംകള് നമസ്കാരത്തിന് വേണ്ടി അംഗശുദ്ധി വരുത്തുന്നത് ജലംകൊണ്ടാണ്. പുണ്യം കിട്ടുവാന്‍ നദികളില്‍ സ്നാനം ചെയ്യുന്ന സ്വഭാവമാണ് ഭാരതീയ പാരമ്പര്യം. ക്ഷേത്രക്കുളങ്ങള്‍ തൊട്ട് മഹാകുംഭമേള വരെയുള്ള ഭക്തന്മാരുടെ പ്രയാണം പുണ്യജലം തേടിയുള്ളതാണ്.
ഹജ്ജിന് പോകുന്നവര്‍ മടങ്ങിയെത്തുന്നത് സംസം ജലവുമായിട്ടാണ്. ജലത്തിന്റെ മാഹാത്മ്യം പറഞ്ഞറിയിക്കുവാന്‍ സാദ്ധ്യമല്ലാത്തവിധം വിസ്തൃതമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ജീവന്റെ ആധാരം ജലമാണ്. കടലും നദികളും കായലുകളും കുളങ്ങളും മഴയുമൊക്കെ യഥാവിധി നിലനില്ക്കുകയും തുടരുകയും ചെയ്യുമ്പോള്‍ മാത്രമേ ജീവന് നിലനില്ക്കുകയുള്ളൂ. ഇത്രയും മഹത്തായ ജലം മലിനമാകുമ്പോള്‍ ശുദ്ധീകരിച്ച് വീണ്ടും നമുക്ക് തിരിച്ചു നല്‍കുന്നത് പ്രകൃതിയാണ്. ഭൂമിയിലെ പാഴ്ജലം പൂര്‍ണ്ണമായി ശുദ്ധീകരിക്കുവാന്‍ കോടാനുകോടി ഡോളര്‍ ചെലവാക്കിയാലും നമുക്കാകില്ല. പ്രകൃതി അത് ഭംഗിയായി നിറവേറ്റുന്നു. പ്രകൃതിക്ക് നാശം വരുത്തിയാല്‍ പിന്നെ ശുദ്ധജലമോ ജീവിതമോ നമുക്ക് അന്യമായിത്തീരും.
യാതൊരു തത്വദീക്ഷയുമില്ലാതെ മണല്‍ ഖനനം ചെയ്യുന്നതും മലിനവസ്തുക്കളും വിഷവസ്തുക്കളും നദികളിലേക്ക് വലിച്ചെറിയുന്നതും കാരണം നമ്മുടെ നദികള്‍ക്കെല്ലാം ഏറെ നാശം സംഭവിച്ചിരിക്കുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഈ നടപടി അവസാനിപ്പിക്കേണ്ടതുണ്ട്. പാരിസ്ഥിതിക ദുരന്തത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കുവാന്‍ നടന്നുവരുന്ന അനേകം പരിശ്രമങ്ങളില്‍ ഇന്ത്യയും കേരളവും പങ്കുചേരേണ്ടതുണ്ട്. പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ പശ്ചിമഘട്ട വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഈ രംഗത്ത് ഒരു പുതിയ അദ്ധ്യായമാണ്.
ഹരിത രാഷ്ട്രീയത്തിന്റെ ഭരണഘടനയായി അതിനെ കാണേണ്ടതുണ്ട്. എന്തു ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നാലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിച്ചു നടപ്പിലാക്കുകയാണ് വേണ്ടത്. മഹാരാഷ്ട്രയിലെ സിന്ധ്ദുര്‍ഗ് ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകള്‍ തങ്ങളുടെ ഭൂപ്രദേശങ്ങളെ പാരിസ്ഥിതിക വിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയിട്ടുണ്ട്. വികസനവും പരിസ്തിതിയും ആരോഗ്യകരമായി സമന്വയിപ്പിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പക്ഷത്തുനില്ക്കാന് രാഷ്ട്രീയ കക്ഷികള്‍ക്ക് വേണ്ടത്ര കഴിഞ്ഞിട്ടില്ല. പ്രാദേശിക രാഷ്ട്രീയത്തെ തന്നെ ഇന്ന് നിയന്ത്രിക്കുന്നത് മണല്‍ മാഫിയകളാണ്.
കേരളത്തിലെ 1000 ഗ്രാമപഞ്ചായത്തുകളിലും ഇതര നഗരസഭാപ്രദേശങ്ങളിലും ഈ മാഫിയക്ക് ശക്തമായ വേരുകളുണ്ട്. വിവിധ പാര്‍ട്ടികളില്‍പ്പെട്ട അനേകം രാഷ്ട്രീയ പ്രവര്‍ത്തകരും പ്രാദേശിക ഭരണ നേതൃത്വവും ജനപ്രതിനിധികളും അനേകായിരം ഉദ്യോഗസ്ഥന്മാരും മണല്‍ഖനന മാഫിയയുടെ കണ്ണികളാണ്. ഒരു പാര്‍ട്ടിയും ഈ ഗൂഢസംഘത്തിന്റെ പിടിയില്‍ അകപ്പെടാത്തതായി ഉണ്ടാകില്ല. നഗരങ്ങള്‍ ഓരോ ദിവസവും ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ കുന്നുകൂട്ടിയും നദികളിലേക്ക് വലിച്ചെറിഞ്ഞും കേരളീയര്‍ സ്വന്തം ആയുസ്സിന്റെ നീളം കുറക്കുകയാണ്.
ഈ സാഹചര്യത്തില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനം പ്രാധാന്യമേറിയതും സന്ദര്‍ഭോചിതവുമാണ്. പ്രകൃതിയിലേക്കുള്ള മടക്കവും പരിസ്ഥിതി സംരക്ഷണവും തങ്ങളുടെ അജണ്ടയായി ഏറ്റെടുത്ത ആദ്യ രാഷ്ട്രീയ കക്ഷി മുസ്ലിംലീഗാണ്. കാലാവസ്ഥാവ്യതിയാനം പോലുള്ള ദുരന്തങ്ങള്‍ പതുക്കെയാണ് സഞ്ചരിക്കുന്നത് എങ്കിലും ഭൂമിയിലെ ആവാസവ്യവസ്ഥയെ തന്നെ തകര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. കായലുകളും പുഴകളും ഇതര തണ്ണീര്‍ത്തടങ്ങളും നെല്‍ വയലുകളും വറ്റി വരളുന്നു. കൊടുങ്കാറ്റും സുനാമിയു പേമാരിയും ഭൂകമ്പവും ഉല്‍ക്കാപതനവും ആശങ്കാജനകമാണ്. വന്യമൃഗങ്ങള്‍ കാടുകള്‍ ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്നു.
മൃഗങ്ങള്‍ക്ക് ഭൂമിയില്‍ സമാധാനത്തോടെ ഇരപിടിച്ചും ഉല്ലസിച്ചും യഥേഷ്ടം മേഞ്ഞുനടന്നു ജീവിക്കുവാനുള്ള അവകാശമുണ്ട്. വന്യജീവികളുടെ വാസസ്ഥലങ്ങള്‍ മനുഷ്യന് നിരന്തരമായി കൈയ്യേറുന്നതുകൊണ്ടാണ് അത്തരം ജീവജാലങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത്. നാമാകട്ടെ അവയെ കൊന്നൊടുക്കുന്നു. പറവകള്‍ക്കാകാശവും പാമ്പുകള്‍ക്ക് മാളവും നഷ്ടപ്പെട്ടിരിക്കുന്നു. ജലത്തില്‍ ജലജീവികളായ മത്സ്യങ്ങള്‍ക്കും സസ്യങ്ങള്‍ക്കും അവയുടെ വാസസ്ഥലവും നഷ്ടമായിക്കഴിഞ്ഞു. ദുരാഗ്രഹിയായ മനുഷ്യന് ഭൂമിയെ മാത്രമല്ല ഇതര ഗ്രഹങ്ങളേയും കീഴ്പ്പെടുത്തുവാനുള്ള ശ്രമത്തിലാണ്. പക്ഷിമൃഗാദികളും സസ്യലതാദികളും ഇടകലര്‍ന്ന് മനുഷ്യരോടൊപ്പം എന്നെന്നുമുണ്ടാകണം. ഈ പ്രപഞ്ചവും അതിലെ സകല ജീവജാലങ്ങളേയും സൃഷ്ടിച്ചത് ഒരേയൊരു ദൈവമാണ്.
അവസാനം പരിഷ്കരിച്ചത് : 6/13/2020
ഊർജ്ജ സംരക്ഷണ അറിവുകളെ കുറിച്ചുള്ള വിവരങ്ങൾ
മനുഷ്യരാശി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പ്...
ഊർജ്ജ സംരക്ഷണത്തെ സംബന്ധിക്കുന്ന വിവരങ്ങൾ
ഊർജ്ജ സംരക്ഷണത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ