വിസ്തൃതിയില്‍ ഒമ്പതാം സ്ഥാനം | |
ജില്ലാ രൂപീകരണം | 1957 ജനുവരി 1 |
വിസ്തീര്‍ണം | 2,344 ച.കി.മീ. |
നിയമസഭാ മണ്ഡലങ്ങള്‍ | 13 (പേരാമ്പ്ര, കൊടുവള്ളി, കുന്ദമംഗലം, തിരുവമ്പാടി, കോഴിക്കോട്നോര്‍ത്ത്, കോഴിക്കോട്സൗത്ത്, കൊയിലാണ്ടി, കുറ്റ്യാടി, നാദാപുരം, വടകര, ബേപ്പൂര്‍, ബാലുശ്ശേരി (എസ്.സി.), ഏലത്തൂര്‍) |
റവന്യൂ ഡിവിഷനുകള്‍ | 1 |
താലൂക്കുകള്‍ | 3 (കോഴിക്കോട്, കൊയിലാണ്ടി, വടകര) |
വില്ലേജുകള്‍ | 117 |
കോര്‍പ്പറേഷനുകള്‍ | 1 കോഴിക്കോട് |
നഗരസഭകള്‍ | 2 (വടകര, കൊയിലാണ്ടി) |
ബ്ലോക്ക് പഞ്ചായത്തുകള്‍ | 12 |
ഗ്രാമപഞ്ചായത്തുകള്‍ | 75 |
ജനസംഖ്യ (2011) | 30,89,543 |
പുരുഷന്മാര് | 14,73,028 |
സ്ത്രീകള്‍ | 16,16,515 |
ജനസാന്ദ്രത | 1318/ച.കി.മീ. |
സ്ത്രീപുരുഷ അനുപാതം | 1097/1000 |
സാക്ഷരത | 95.24% |
നദികള്‍ |
കല്ലായി, കുറ്റയാടി, ചാലിയാര്‍, കോരപ്പുഴ
|
കോഴിക്കോടിന് ആ പേരുവരാന്‍ കാരണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും നിഗമനങ്ങളും ഉണ്ട്. "കോഴി കൂവിയാല്‍ കേള്‍ക്കുന്ന അത്ര ചെറിയ സ്ഥലം' എന്നതില്‍ നിന്നാണ് പേര് വന്നതെന്നാണ് പ്രധാന ഐതിഹ്യം. "കോയില്‍' എന്ന വാക്കാണ് കോഴിയായതെന്നും അതും കോടും കൂടി ചേര്‍ന്നാണ് പേരുവന്നതെന്നും വേറൊരു അഭിപ്രായം. വിദേശങ്ങളില്‍ നല്ല വിപണിയുണ്ടായിരുന്ന പരുത്തി തുണിയായ "കാലിക്കോ' എന്നതില്‍ നിന്നാണ് കോഴിക്കോട് ഉണ്ടായതെന്നും അഭിപ്രായം ഉണ്ട്.
ആധുനിക ലോകചരിത്രത്തിന്റെ 'ഗേറ്റ്-വെ' എന്നുവിശേഷിപ്പിക്കാവുന്ന സ്ഥലമാണ്. ലോകചരിത്രത്തില്‍ വലിയൊരു അധ്യായത്തിനാണ് കോഴിക്കോട് സാക്ഷിയായത്. 1498ല്‍ പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡിഗാമയും സംഘവും യൂറോപ്പില്‍ നിന്നും കടലിലൂടെ ഇന്ത്യയില്‍ ആദ്യമായി എത്തിയത് കോഴിക്കോട് ആണ്. 1498ല്‍ എത്തിയ ഈ സംഘം യൂറോപ്പും ഏഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന കണ്ണിയായിരുന്നു. അതോടെയാണ് ഏഷ്യന്‍ രാജ്യങ്ങളുടെ അധിനിവേശത്തിന്റെ തുടക്കം. പിന്നീട് അങ്ങോട്ട് ഏഷ്യന്‍ രാജ്യങ്ങളില്‍ പലതും യൂറോപ്പ്യന്മാരുടെ പിടിയിലായി. സാമ്രാജ്യത്വ സ്ഥാപനവും ഘോരയുദ്ധങ്ങളും വിപ്ലവങ്ങളും കണ്ടുപിടിത്തങ്ങളുമായി നൂറ്റാണ്ടുകള്‍ കടന്നുപോയി. 20ാം നൂറ്റാണ്ടുവരെ യൂറോപ്പ്യന്മാരുടെ ഈ മേധാവിത്വം ഏഷ്യന്‍ മണ്ണില്‍ നിലനിന്നു.
പോര്‍ട്ടുഗീസുകാര്‍ വരുമ്പോള്‍ കോഴിക്കോട് സാമൂതിരിയായിരുന്നു കേരളത്തിലെ പ്രധാന രാജാവ്. സഹസ്രാബ്ദങ്ങളായി വിദേശരാജ്യങ്ങളുമായി കച്ചവടബന്ധം ഉണ്ടായിരുന്ന കോഴിക്കോട് അന്ന് സമ്പന്നമായ തുറമുഖമായിരുന്നു. വിഖ്യാതരായ എത്രയോ സഞ്ചാരികള്‍ കോഴിക്കോട് സന്ദര്‍ശിക്കുകയും അവിടത്തെ തുറമുഖത്തെപ്പറ്റി എഴുതുകയും ചെയ്തിട്ടുണ്ട്. ഇബന് ബതൂത്ത (1342-1347), മഹ്വാന്‍ (15ാം നൂറ്റാണ്ട്), അബ്ദുള്‍ റസാക്ക് (1442), നിക്കോളൊ കോണ്ടി (1444) തുടങ്ങിയവര്‍ ഇതില്‍പ്പെടും. പോര്ട്ടുഗീസുകാര്ക്കുശേഷം ഡച്ചുകാരും, ഇംഗ്ലീഷുകാരും എല്ലാം കോഴിക്കോട്ടുവഴിയാണ് കേരളത്തില്‍ പ്രവേശിച്ചത്. അവസാനം മൈസൂര്‍ ആക്രമണത്തിന്റെ പ്രധാന ഇരയായതിനും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തന്ത്രത്തിലൂടേയും ചതിയിലൂടേയും കേരളം പിടിച്ചെടുക്കുന്നതിന് സാക്ഷിയായതും കോഴിക്കോട് ആണ്. ഇംഗ്ലീഷുകാര്‍ കേരളത്തിന്റെ ഒരു ഭാഗത്ത് നേരിട്ട് ഭരണം ഉറപ്പിച്ചത് കോഴിക്കോട് ആസ്ഥാനമാക്കിയാണ്. സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശവുമായി മഹാത്മാഗാന്ധി ആദ്യമായി കാല്കുത്തിയത് (1920) കോഴിക്കോട്ടാണ്. ഇംഗ്ലീഷുകാര്‍ക്ക് എതിരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ കേരളത്തിന്റെ ഈറ്റില്ലവും കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു.
ലോകപ്രശസ്തമായ മരകപ്പല് നിര്‍മ്മാണകേന്ദ്രമായ ബേപ്പൂര്‍, സാമൂതിരി രാജാക്കന്മാരുടെ പിന്തലമുറക്കാരുടെ കൊട്ടാരങ്ങള്‍, ഇംഗ്ലീഷുകാര്‍ തീര്‍ത്ത പഴയകാലത്തെ മനോഹരമായ കെട്ടിടങ്ങള്‍, ഒരുകാലത്ത് ലോകപ്രശസ്ത തടിവില്പന കേന്ദ്രമായ കല്ലായി, വടക്കന്‍പാട്ടുകളിലെ ധീരനായ തച്ചോളി ഒതേനന്റെ ജന്മസ്ഥലമായ വടകര, കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങല്‍, ഓട് വ്യവസായത്തിന് പേരുകേട്ട ഫറൂക്ക്, പഴശ്ശിരാജ മ്യൂസിയം എന്നിവ കോഴിക്കോട്ടാണ്. കൊയിലാണ്ടിയിലെ തിരുവങ്ങൂരിനടുത്തുള്ള നരസിംഹ പാര്‍ഥസാരഥി ക്ഷേത്രം, കൊല്ല (വടക്കന്‍)ത്തുള്ള പിഷാരി കാവുക്ഷേത്രം, നഗരത്തിലെ ശ്രീകണ്ഠേശ്വരം, തളി, തിരുവണ്ണൂര്‍, വരയ്ക്കല്‍, ബൈരാഗി, ബിലാത്തികുളം മുതലായ ക്ഷേത്രങ്ങളും കുറ്റിപ്പുറം പഴയപള്ളി, കൊയിലാണ്ടി പള്ളി, ആംഗ്ലിക്കല്‍ ബാസല്‍ മിഷന് പള്ളികള്‍ എന്നീ ആരാധനാലയങ്ങളും കോഴിക്കോട് ഉണ്ട്. തുഷാരഗിരി വെള്ളച്ചാട്ടം, പെരുവണ്ണാമൂഴി അണക്കെട്ട്, ബേപ്പൂര്‍ തുറമുഖം, കാപ്പാട് കടല്‍ത്തീരം, എന്നിവ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ബേപ്പൂര്‍ തുറമുഖം |
പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡിഗാമ |
കല്ലായിപുഴ |
കോഴിക്കോട് വാസ്ഗോഡി ഗാമ ആദ്യം ഇറങ്ങിയ കാപ്പാട് കടപ്പുറം |
കോഴിക്കോട് മാനാഞ്ചിറ കുളം |
കോഴിക്കോട്ഒരു മഴക്കാല ദൃശ്യം |
കോഴിക്കോട്ഒരു മഴക്കാല ദൃശ്യം |
കോഴിക്കോട് തുറമുഖം പഴയ ദൃശ്യം |
തലശ്ശേരി ഒരു പഴയ ദൃശ്യം |
കോഴിക്കോട് തുറമുഖം |
കോഴിക്കോട് തുറമുഖം |
കൊട്ടാരം എന്നര്‍ത്ഥമുള്ള “കോയില്‍”, എന്ന പദവും, കോട്ടകള്‍ നിറഞ്ഞ സ്ഥലം എന്നര്‍ത്ഥമുള്ള “കോട്” എന്ന പദവും സംയോജിച്ചുണ്ടായ “കോയില്‍ക്കോട്” എന്ന പ്രയോഗത്തില്‍ നിന്നാണ് കോഴിക്കോട് എന്ന സ്ഥലനാമം ഉണ്ടായതെന്ന് പ്രഗത്ഭരായ ചില ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നു. പില്ക്കാലത്ത് ബ്രിട്ടീഷുകാരിലൂടെ പ്രചാരം സിദ്ധിച്ച “കാലിക്കറ്റ്” എന്ന പ്രയോഗം കോഴിക്കോട് എന്നതിന്റെ അറബിരൂപമായിരുന്നു. കോഴിക്കോട് തലസ്ഥാനമാക്കിയായിരുന്നു പുരാതന കേരളത്തിലെ സാമൂതിരിയുടെ നാട്ടുരാജ്യം നിലനിന്നിരുന്നത്. പില്ക്കാലത്ത് ഭാരതത്തിന്റെ വിധിയാകെ മാറ്റിമറിക്കുമാറ്, 1498-ല്‍ വാസ്കോ ഡ ഗാമ എന്ന പോര്‍ച്ചുഗീസ് നാവികന് കോഴിക്കോട് കാപ്പാട് കടല്‍ത്തീരത്ത് കാലുകുത്തിയതോടെയാണ് യൂറോപ്യന്‍ ശക്തികള്‍ നമ്മുടെ രാജ്യത്തെ വരുതിയിലാക്കുന്നതിന് തുടക്കമിട്ടത്. പുരാതനകാലം മുതല്‍ അറബികളും ചീനക്കാരും കോഴിക്കോടുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്നു. പഴയ ബ്രിട്ടീഷ് മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലയുടെ ആസ്ഥാനവും കോഴിക്കോടായിരുന്നു. കേരളസംസ്ഥാന രൂപീകരണത്തിനു ശേഷം മലബാറിനെ വിഭജിച്ച് കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകള്‍ രൂപീകരിച്ചു. വിഭജിക്കപ്പെട്ട ജില്ലകള്‍ പിന്നീട് വീണ്ടും വിഭജിക്കപ്പെടുകയും മലപ്പുറം, കാസര്‍ഗോട്, വയനാട് തുടങ്ങിയ ജില്ലകള്‍ പുതുതായി രൂപം കൊള്ളുകയും ചെയ്തു. വടക്കുഭാഗത്ത് കണ്ണൂര്‍ ജില്ല വരേയും, കിഴക്കുഭാഗത്ത് വയനാട്, മലപ്പുറം എന്നീ ജില്ലകള്‍ വരേയും, തെക്കുഭാഗത്ത് മലപ്പുറം ജില്ല വരേയും, പടിഞ്ഞാറുഭാഗത്ത് അറബിക്കടല്‍ വരേയും വ്യാപിച്ചുകിടക്കുന്ന കോഴിക്കോട് ജില്ലയ്ക്ക് 2344 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടകര, തൂണേരി, കുന്നുമ്മല്‍, തോടന്നൂര്‍, മേലടി, പേരാമ്പ്ര, ബാലുശ്ശേരി, പന്തലായനി, ചേളന്നൂര്‍, കൊടുവള്ളി, കുന്നമംഗലം, കോഴിക്കോട് എന്നിങ്ങനെ 12 ബ്ളോക്കുപഞ്ചായത്തുകളാണ് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 12 ബ്ളോക്കുകളിലായി 75 ഗ്രാമപഞ്ചായത്തുകളും 117 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. കോഴിക്കോട് കോര്‍പ്പറേഷനും, വടകര, കൊയിലാണ്ടി എന്നിങ്ങനെ 2 മുനിസിപ്പാലിറ്റികളുമാണ് ജില്ലയിലെ നഗരസഭകള്‍. കോഴിക്കോട്, വടകര, കൊയിലാണ്ടി എന്നിങ്ങനെ മൂന്ന് താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. കോഴിക്കോട് ജില്ലാപഞ്ചായത്തില്‍ ആകെ 27 ഡിവിഷനുകളുണ്ട്. ഭൂപ്രകൃതി അനുസരിച്ച് ഈ ജില്ലയെ മണല്‍ നിറഞ്ഞ തീരപ്രദേശം, പാറകള്‍ നിറഞ്ഞ കുന്നിന്‍പ്രദേശം, ഇടനിലം എന്നിങ്ങനെ പ്രധാനമായും മൂന്നായി തരം തിരിക്കാം. കോഴിക്കോട് ജില്ലയ്ക്ക് 80 കിലോമീറ്റര്‍ കടല്‍ത്തീരമുണ്ട്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. ആകാശവാണി നിലയവും, മെഡിക്കല്‍ കോളേജും, അന്താരാഷ്ട്ര വിമാനത്താവളവും, തുറമുഖവും, സര്‍വ്വകലാശാലയുമെല്ലാമുള്ള നഗരമാണ് കോഴിക്കോട്.
ചരിത്രം
പുരാതന കേരളത്തിലെ പ്രബലമായ നാട്ടുരാജ്യമായിരുന്നു സാമൂതിരിയുടെ കോഴിക്കോട്. മാനവേദന്, വിക്രമന് എന്നീ രണ്ടു സഹോദരന്മാരാണ് സാമൂതിരിരാജവംശം സ്ഥാപിച്ചത്. സൈനികബലം കൊണ്ട് ദേശങ്ങള്‍ പിടിച്ചടക്കി രാജാക്കന്മാരായ ഇവര്‍ ക്ഷത്രിയവംശത്തില്‍ ജനിച്ചവരായിരുന്നില്ല. വള്ളുവക്കോനാതിരിയെ തറപറ്റിച്ച് മാമാങ്കത്തിന്റെ രക്ഷാധികാരിയായി മാറിയതോടെയാണ് മലബാറിന്റെ സമ്പൂര്‍ണ്ണാധികാരം സാമൂതിരിമാരുടെ കൈപ്പിടിയിലാകുന്നത്. പുരാതനകാലം മുതല്‍ അറബികളും ചീനക്കാരും കോഴിക്കോടുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. കുരുമുളകിന്റേയും മറ്റു മലഞ്ചരക്കുകളുടെയും അതിവിപുലമായ വ്യാപാരകേന്ദ്രങ്ങളും പണ്ടകശാലകളും പുരാതന കോഴിക്കോട് നഗരത്തിലുണ്ടായിരുന്നു. മലഞ്ചരക്കുകള്‍ വാങ്ങിച്ചുകൂട്ടുന്നതിന് എത്തിയിരുന്ന അറബികളും ചീനക്കാരുമായ വിദേശവ്യാപാരികളെ കൊണ്ട് ഇവിടുത്തെ തെരുവുകള്‍ തിങ്ങിനിറഞ്ഞിരുന്നു. സത്യസന്ധരും, ഇവിടുത്തുകാരുമായി നല്ല ബന്ധം വച്ചു പുലര്‍ത്തിയിരുന്നവരുമായ അറബികള്‍ക്ക് പരമ്പരാഗതമായി ഈ നാടുമായുണ്ടായിരുന്ന വ്യാപാരബന്ധത്തെ തകര്‍ത്തുകൊണ്ടാണ് പോര്‍ച്ചുഗീസുകാര്‍ ഇവിടെ പിടിമുറുക്കിയത്. അതുവരെ സമ്പല്സമൃദ്ധമായ ചരിത്രമാണ് കോഴിക്കോടിനുള്ളത്. ഭാരതത്തിന്റെ വിധിയാകെ മാറ്റിമറിക്കുമാറ്, 1498-ല്‍ വാസ്കോ ഡ ഗാമ എന്ന പോര്‍ച്ചുഗീസ് നാവികന് കോഴിക്കോട് കാപ്പാട് കടല്‍ത്തീരത്ത് കാലുകുത്തിയതോടെയാണ് യൂറോപ്യന്‍ ശക്തികള്‍ നമ്മുടെ രാജ്യത്തെ വരുതിയിലാക്കുന്നതിന് തുടക്കമിട്ടതും. വ്യാപാരാവശ്യത്തിനായി കോഴിക്കോട്ടെത്തിയ പോര്‍ച്ചുഗീസുകാര്‍ കോഴിക്കോടിനേയും കൊച്ചിയെയും തമ്മിലടിപ്പിച്ചുകൊണ്ട് കച്ചവടാനുകൂല്യകരാറുകള്‍ സമ്പാദിച്ചെടുക്കുകയും ക്രമേണ ഇവിടെ ആധിപത്യമുറപ്പിക്കുകയുമായിരുന്നു. അക്കാലം മുതല്ക്കാണ് യൂറോപ്യന്‍ ശക്തികള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വന്നെത്തിയതും ഏറ്റവുമൊടുവില്‍ ബ്രിട്ടന്റെ ആധിപത്യത്തിന് കീഴിലേക്ക് ഈ രാജ്യം വഴുതിവീഴുന്നതും. വടക്കന്‍ പാട്ടുകളിലെ വീരനായകനായ തച്ചോളി ഒതേനന് ജനിച്ച തച്ചോളി മാണിക്കോത്ത് വീട് കോഴിക്കോട്ടാണ്. വടക്കന്‍പാട്ടു ചരിതത്തിലെ സംഭവപരമ്പരകള്‍ അരങ്ങേറിയ പ്രദേശങ്ങളെല്ലാം തന്നെ ഈ ജില്ലയിലെ വടകര താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് ലോകത്തിലെ തന്നെ രണ്ടാമത്തെ തടിവ്യാപാരകേന്ദ്രമായിരുന്നു കോഴിക്കോട് നഗരപ്രാന്തത്തിലെ കല്ലായി. കൂട്ടിക്കെട്ടിയ നിലയിലും അല്ലാതെയും കോഴിക്കോടിന്റെ സമൃദ്ധിയുടെ അടയാളമായി കണ്ണെത്താദൂരത്തോളം കല്ലായിപുഴയില്‍ നിറഞ്ഞുകിടന്നിരുന്ന പടുകൂറ്റന്‍ തടികള്‍ ഇന്ന് ഗതകാലസ്മൃതികള്‍ മാത്രം. 1903-ല്‍ സ്വാതന്ത്ര്യ സമരകാലത്ത് കോഴിക്കോട് സംഘടിക്കപ്പെട്ട രാഷ്ട്രീയ സമ്മേളനത്തെ തുടര്‍ന്ന് ദേശീയകോണ്‍ഗ്രസ്സിന്റെ മലബാറിലെ ആസ്ഥാനമായി കോഴിക്കോട് മാറി. 1915-ല്‍ മലബാറില്‍ വ്യാപകമായിരുന്ന കുടിയാന് പ്രക്ഷോഭം ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ജനവികാരം തിരിക്കുന്നതില്‍ ഏറെ സഹായകമായി. 1917 ജനുവരിയിലായിരുന്നു ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കികൊണ്ട് പ്രകടനവും പൊതുയോഗവും കോഴിക്കോട്ട് ആദ്യമായി നടന്നത്. 1939-ല്‍ രൂപീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകത്തിന്റെ സിരാകേന്ദ്രം കോഴിക്കോട് നഗരമായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം 19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയോടുകൂടിയാണ് കോഴിക്കോട്ടാരംഭിച്ചത്. ബേസല്‍ ഇവാഞ്ചലിക്കല്‍ മിഷന് കല്ലായിയില്‍ സ്ഥാപിച്ച സ്കൂളാണ് ഇവിടുത്തെ ആദ്യത്തെ വിദ്യാലയം. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ആസ്ഥാനം കോഴിക്കോടിനടുത്ത് തേഞ്ഞിപ്പലത്താണ്. ഗവ:ആര്‍ട് & സയന്‍സ് കോളേജ്, ഫാറൂഖ് കോളേജ്, ദേവഗിരി സെന്റ് ജോസഫ് കോളേജ്, പ്രോവിഡന്‍സ് വിമന്‍സ് കോളേജ്, റൊഫത്തുള്‍ ഉള്-അം-അറബിക് കോളേജ്, ക്രിസ്ത്യന്‍ കോളേജ്, പേരാമ്പ്ര, കൊയിലാണ്ടി, കോടഞ്ചേരി, മൊകേരി തുടങ്ങിയ സ്ഥലങ്ങളിലെ ഗവ:കോളേജുകള്‍, മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ്, നഴ്സിംഗ് കോളേജ്, ഗവ:ഹോമിയോ കോളേജ്, റീജണല്‍ എഞ്ചിനീയറിംഗ് കോളേജ്, ഗവ:ലോ കോളേജ് തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഡിസ്ട്രിക്ട് സെന്‍ട്രല്‍ ലൈബ്രറിയാണ് കോഴിക്കോട്ടെ പഴക്കമേറിയതും പുസ്തകശേഖരത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്നതുമായ വായനശാല. കേരളപത്രിക, കേരളം, കേരള സഞ്ചാരി, ഭാരതവിലാസം തുടങ്ങിയ മലയാള പത്രങ്ങള്‍ 1893-ന് മുമ്പായി കോഴക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. മാപ്പിളപാട്ടുകളും, ഒപ്പനയും ഈ നാട്ടിലെ പാരമ്പര്യ കലാരൂപങ്ങളാണ്. ലളിതകലാ അക്കാദമി ഈ ജില്ലയില്‍ സ്ഥിതിചെയ്യുന്നു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ്, മലബാര്‍ സ്പിന്നിംഗ് മില്‍സ്, ഹിന്ദുസ്ഥാന്‍ ലിവര്‍, കോമണ്‍വെല്‍ത്ത് വീവിംഗ് ഫാക്ടറി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വ്യവസായ സ്ഥാപനങ്ങള്‍. ഓട് വ്യവസായവും, വെസ്റ്റ് ഹില്ലിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റും എടുത്തുപറയത്തക്കതാണ്. ദേശീയപാത-17, 213, 210 എന്നിവ ഈ ജില്ലയിലൂടെ കടന്നുപോകുന്നു. തളിക്ഷേത്രം, തിരുവന്നൂര്‍ക്ഷേത്രം, ആഴകൊടിക്ഷേത്രം, ബിലാത്തിക്കുളം ക്ഷേത്രം, ഭൈരംഗിമഠം ക്ഷേത്രം, ലോകനാര്‍കാവ് ക്ഷേത്രം, മേപ്പയ്യൂര്‍ ദുര്‍ഗ്ഗാക്ഷേത്രം, തിരുവിലങ്ങാട് ക്ഷേത്രം തുടങ്ങിയവയാണ് പ്രസിദ്ധമായ ഹൈന്ദവ ആരാധനാലയങ്ങള്‍. നാദാപുരംപള്ളി, കുട്ടിച്ചിറ, മുസ്ലീംപള്ളി, സി.എസ്.ഐ പള്ളി, മണ്ണാചിറ തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ആരാധനാലയങ്ങള്‍. പഴശ്ശിരാജ മ്യൂസിയം, രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ആര്‍ട്ട് ഗാലറി, ബേപ്പൂര്‍ ഇരുമ്പു നിര്‍മ്മാണശാല, കോഴക്കോട് ബീച്ച്, കുറ്റ്യാടി ഡാം, ബാണാസുര കൊടുമുടി, മന്നാര്‍ചിറ, മാനാഞ്ചിറ സ്ക്വയര്‍, പ്ലാനെറ്റേറിയം, പെരുവണ്ണാമൂഴിയിലെ മുതലവളര്‍ത്തല്‍ കേന്ദ്രം, കടലുണ്ടി പക്ഷിസങ്കേതം, കാപ്പാട് വാസ്ഗോ ഡ ഗാമ സ്മാരകം, തുഷാരിഗിരി വെള്ളച്ചാട്ടം എന്നിവയാണ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ആകര്ഷണകേന്ദ്രങ്ങള്.
അവസാനം പരിഷ്കരിച്ചത് : 3/12/2020
കൊല്ലം - ജില്ലാ ചരിത്രം
കണ്ണൂർ ജില്ല ചരിത്രവും കൂടുതൽ വിവരങ്ങളും
ആലപ്പുഴ - ജില്ലാ ചരിത്രം
എറണാകുളം ജില്ല - ചരിത്രവും കൂടുതൽ വിവരങ്ങളും