കേരളത്തിലെ 14 ജില്ലകളിലൊന്നും പ്രസ്തുത ജില്ലയുടെ ആസ്ഥാനമായ മുനിസിപ്പല്‍ പട്ടണവും. കൊല്ലം പട്ടണം ഉള്‍ക്കൊള്ളുന്ന താലൂക്കിനും ഇതേ പേരുതന്നെയാണുള്ളത്. വടക്കേ അക്ഷാംശം 8° 45' മുതല്‍ 9° 27' വരെയും കിഴക്കേ രേഖാംശം 76°29' മുതല്‍ 77° 17' വരെയും വ്യാപിച്ചുകിടക്കുന്ന കൊല്ലം ജില്ലയുടെ വിസ്തീര്‍ണം 2518.18 ച.കി.മീ ആണ്. ജനസംഖ്യ: 2,629,703(2011).
വിസ്തീര്‍ണം കണക്കാക്കുമ്പോള്‍ കേരളത്തിലെ ജില്ലകളില്‍ മൂന്നാം സ്ഥാനത്തും ജനസംഖ്യാനുപാതപ്രകാരം ഒന്നാംസ്ഥാനത്തും നിന്നിരുന്ന കൊല്ലം, കിഴക്കന്‍ഭാഗങ്ങള്‍ പുതുതായി രൂപംകൊണ്ട പത്തനംതിട്ട ജില്ലയില്‍ ഉള്പ്പെടുത്തപ്പെട്ടതിനെത്തുടര്ന്ന് വ്യാപ്തിയിലും ജനസംഖ്യയിലും പിന്തള്ളപ്പെട്ടു. സംസ്ഥാനത്തിലെ 560 കി.മീ. വരുന്ന കടലോരത്തില്‍ 41.84 കി.മീ. ദൂരം ഈ ജില്ലയ്ക്കുള്ളിലാണ്. കേരളത്തിലെ ധാതുമണല്‍ നിക്ഷേപങ്ങളുടെ കലവറയെന്ന നിലയില്‍ അതിപ്രാധാന്യമര്‍ഹിക്കുന്ന പ്രദേശമാണ് ഈ തീരമേഖല. ജനസാന്ദ്രത: 1056 ച.കി.മീ.
ഭരണപരമായി കരുനാഗപ്പള്ളി, കുന്നത്തൂര്‍, പത്തനാപുരം, കൊട്ടാരക്കര, കൊല്ലം എന്നീ അഞ്ചു താലൂക്കുകളായി കൊല്ലം ജില്ല വിഭജിക്കപ്പെട്ടിരിക്കുന്നു. മൊത്തം 104 വില്ലേജുകളാണ് ഈ ജില്ലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലയിലെ 70 പഞ്ചായത്തുകളെ 11 സാമൂഹിക വികസനബ്ലോക്കുകളായി തിരിച്ചിരിക്കുന്നു. കൊല്ലം കോര്‍പ്പറേഷനും പരവൂര്‍, പുനലൂര്‍, കരുനാഗപ്പള്ളി എന്നിവ മുനിസിപ്പാലിറ്റികളുമാണ്. മൂന്ന് ലോക്സഭാമണ്ഡലങ്ങളായി ക്രമീകരിച്ചിട്ടുള്ള 11 നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ജില്ലയിലുള്ളത്. ഇപ്പോഴത്തെ നിലയ്ക്ക് വിസ്തീര്‍ണത്തില്‍ സംസ്ഥാനത്തെ ജില്ലകളില്‍ അഞ്ചാംസ്ഥാനവും ജനസംഖ്യയില്‍ ഏഴാം സ്ഥാനവുമാണ് കൊല്ലം വഹിക്കുന്നത്.
ആസ്ഥാനമായ കൊല്ലം പട്ടണത്തെ ആശ്രയിച്ചാണ് താലൂക്കിനും ജില്ലയ്ക്കും ഇപ്പോഴത്തെ പേര് സിദ്ധിച്ചിട്ടുള്ളത്. പുരാതനമായ കൊല്ലംപട്ടണം ചരിത്രരേഖകളില്‍ പല പേരുകളിലാണ് പരാമര്‍ശിച്ചു കാണുന്നത്. 'കോസ്മോസ്'എന്ന പ്രാചീന ഗ്രന്ഥ(6-ാം ശ.)ത്തില്‍ ഇതിനെ 'മലെ' എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. സുലൈമാന്‍ (851) 'കൗലംമലെ' എന്നും ബഞ്ചമിന് (1166) 'ചുലം' എന്നും ചീനര്‍ 'ക്യൂലന്' എന്നും അബുള്ഫിദ (1273) 'കൊയ് ലന്', 'കൊയ് ലൂര്' എന്നിങ്ങനെയും റഷീദുദ്ദീന്‍ (1300), വാസിഫ് (1210) എന്നിവര്‍ 'കുലം' എന്നും ഡെറിക്പുരോഹിതന് (1322) 'കൊലബം', 'കൊലംബിയോ' എന്നീ പേരുകളിലും ജോര്‍ഡാനസ് (1328) 'കൊലംബം' എന്നും മാര്‍പ്പാപ്പയായിരുന്ന ജോണ്‍ XXII-ാമന്‍ ക്രൈസ്തവരായ നഗരവാസികളെ അഭിസംബോധനചെയ്തെഴുതിയ ലിഖിത(1330)ത്തില്‍ 'കൊളംബോ' എന്നും ഇബ്നുബത്തൂത്ത (1343) 'കൗലം' എന്നും ജോണ്‍ മരിഗ്നോലി (1348) 'കൊലംബം' എന്നും നിക്കോളോ കോണ്ടി (1430) 'കൊലോയെന്' എന്നും വര്‍ത്തേമ (1510) 'കോലോന്' എന്നും ബാര്‍ബോസ (1516) 'കൗലം' എന്നും സമേരിയേ റമൂസിയോ 'കൊലര്' എന്നും എംബോലി 'കോലം' എന്നുമാണ് കൊല്ലം പട്ടണത്തെ പരാമര്‍ശിച്ചിട്ടുള്ളതെന്ന് കെ.പി. പദ്മനാഭമേനോന്‍ കേരളചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
കൊല്ലം എന്ന പേരിന്റെ നിഷ്പത്തിയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. നഗരപ്രാന്തത്തിലുണ്ടായിരുന്ന അഗാധജലാശയത്തെ ആസ്പദമാക്കി കൊളം (കുളം) എന്ന പേരു ലഭിക്കുകയും കാലക്രമേണ കൊല്ലം എന്ന തദ്ഭവരൂപം പ്രചാരത്തിലെത്തുകയും ചെയ്തുവെന്നുമാണ് ഒരു വാദം. ഉന്നതതടം എന്ന് അര്‍ഥം വരുന്ന കൊലു എന്ന പദത്തിലൂടെ കൊല്ലം എന്ന പേരു വന്നെന്നും അഭിപ്രായമുണ്ട്. കോ(രാജാവ്)യുടെ ഇല്ലമാണ് കൊല്ലമായിത്തീര്ന്നതെന്നാണ് മറ്റൊരു മതം. ഈ പട്ടണത്തില്‍ നടന്ന കുപ്രസിദ്ധമായ കൂട്ടക്കൊലയെ ആസ്പദമാക്കി നിലവില്‍ വന്ന പേരാണെന്ന വാദവും ഉണ്ട്. മധ്യഭാരതത്തിലെ കോലാപുരി(ഇപ്പോഴത്തെ കോലാപൂര്‍)യില്‍ നിന്നു പ്രവസിച്ച് ഈ പ്രദേശത്ത് പാര്‍പ്പുറപ്പിച്ച ആര്യബ്രാഹ്മണര്‍ (8-ാശ.) തങ്ങളുടെ അധിവാസത്തിന് കൊല്ലപുരി എന്നു പേരിട്ടതാകാം. ചീനഭാഷയില്‍ കൊയ് ലന്, കൊലംബം എന്നീ പദങ്ങള്‍ വിപണി എന്നര്‍ഥം ദ്യോതിപ്പിക്കുന്നു. പുരാതനകാലത്ത് ചീനരുമായി ഉറ്റ വാണിജ്യബന്ധം പുലര്‍ത്തിയിരുന്ന ഈപ്രദേശം പില്ക്കാലത്ത് നഗരാധിവാസമായി വളര്‍ന്നപ്പോള്‍ മേല്പറഞ്ഞ പദങ്ങളുമായി ബന്ധം കല്പിക്കാവുന്ന ഒരു പേര് പട്ടണത്തിനു ലഭിച്ചതാകാനുള്ള സാധ്യതയും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. കൊല്ലവര്‍ഷം എന്ന പേരില്‍ പ്രചരിതമായ നാള്വഴിക്രമത്തിന്റെ ഉപജ്ഞാപനം ഈ പട്ടണത്തില്‍ നിന്നായതുമൂലം ഇന്നത്തെ പേരുണ്ടായതാണെന്ന ശക്തമായ അഭിപ്രായവും നിലവിലുണ്ട്.
പഴയതിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ ഭരണവ്യവസ്ഥപ്രകാരം രണ്ടു റവന്യൂ ഡിവിഷനുകളാണുണ്ടായിരുന്നത്. ഇവയില്‍ തെക്കേഡിവിഷന്റെ ആസ്ഥാനം കൊല്ലം ആയിരുന്നു. ഓരോ ഡിവിഷനും ദിവാന് പേഷ്കാര്‍ എന്ന പദവിയിലുള്ള പ്രത്യേകോദ്യോഗസ്ഥന്റെ ഭരണാധികാരത്തിലായിരുന്നു. പില്ക്കാലത്ത് തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ ആസ്ഥാനമായി മൂന്നു ഡിവിഷനുകളുണ്ടാവുകയും ഓരോന്നിന്റെയും ഭരണം ഓരോ ഡിവിഷന് പേഷ്കാരെ ഏല്പിക്കുകയും ചെയ്തു. തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് ഒരു സംസ്ഥാനമായിത്തീര്‍ന്ന(1949)പ്പോഴാണ് കൊല്ലത്തിന് ജില്ലാപദവി കൈവന്നത്. ഇക്കാലത്ത് ജില്ലയുടെ വ്യാപ്തി 4,36,736 ച.കി.മീ, ആയിരുന്നു. കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട, കുന്നത്തൂര്‍, പത്തനംതിട്ട, കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചേര്‍ത്തല എന്നീ പന്ത്രണ്ടു താലൂക്കുകള്‍ കൊല്ലം ജില്ലയുടെ ഭാഗമായി ഉണ്ടായിരുന്നു. 1956-ല്‍ സംസ്ഥാന പുനര്‍വിഭജനത്തെത്തുടര്‍ന്ന് ചെങ്കോട്ട താലൂക്ക് വേര്‍പെട്ട് അന്നത്തെ മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിത്തീര്‍ന്നു. അതോടൊപ്പം തിരുവല്ല താലൂക്ക് തിരുവല്ല, ചെങ്ങന്നൂര്‍ എന്നിങ്ങനെ രണ്ടു താലൂക്കുകളായി വിഭജിക്കപ്പെടുകയും ചെയ്തു. 1957 ആഗ.17-നു ആലപ്പുഴ ജില്ല നിലവില്‍വന്നതോടെ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല എന്നീ താലൂക്കുകള്‍ കൊല്ലം ജില്ലയില്‍ നിന്നു വേര്‍പെടുത്തപ്പെട്ടു. പത്തനംതിട്ട ജില്ലയുടെ രൂപവത്കരണ(1983 ജൂണ്‍ 9)ത്തോടുകൂടി പത്തനംതിട്ടതാലൂക്കും മറ്റേതാനും ഭാഗങ്ങളും നഷ്ടമായി.
വലിപ്പത്തില്‍ എട്ടാം സ്ഥാനം | |
ജില്ലാ ആസ്ഥാനം | കൊല്ലം |
ജില്ലാ രൂപീകരണം | 1949 ജൂലൈ 1 |
വിസ്തീര്‍ണം | 2,491 ച.കി.മീ |
നിയമസഭാ മണ്ഡലങ്ങള്‍ | 11 (കരുനാഗപ്പള്ളി, കുന്നത്തൂര്‍ (എസ്.സി.), ചവറ, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ |
താലൂക്കുകള്‍ | 5 (കരുനാഗപ്പള്ളി, കുന്നത്തൂര്‍, പത്തനാപുരം, കൊട്ടാരക്കര, കൊല്ലം) |
വില്ലേജുകള്‍ | 104 |
കോര്‍പ്പറേഷനുകള്‍ | 1 കൊല്ലം |
നരഗസഭകള് | 3 (പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി) |
ബ്ലോക്ക് പഞ്ചായത്തുകള്‍ | 11 |
ഗ്രാമപഞ്ചായത്തുകള്‍ | 70 |
ജനസംഖ്യ (2011) | 26,29,703 |
പുരുഷന്മാര് | 12,44,815 |
സ്ത്രീകള്‍ | 13,84,888 |
സ്ത്രീപുരുഷ അനുപാതം | 1,113/1000 |
സാക്ഷരത | 93.77% |
പ്രധാന നദികള്‍ | കല്ലടയാര്‍, ഇത്തിക്കരയാറ്, അച്ചന്‍കോവില്‍, പള്ളിക്കലാറ് |
കായലുകള്‍ |
അഷ്ടമുടി, പരവൂര്‍, ഇടവ, നടയറ |
കൊല്ലത്തിന്റെ പേരുണ്ടായതിനെപ്പറ്റിയുള്ള വാദങ്ങള്‍ പലതാണ്. പ്രധാനവാദങ്ങള്‍ ഇവയാണ്. കൊല്ലവര്‍ഷാരംഭത്തില്‍ നിന്നാണ് കൊല്ലം ഉണ്ടായത്. "കുളം' കൊല്ലമായി. ഉയര്‍ന്ന സ്ഥലം എന്ന അര്‍ത്ഥത്തില്‍ "കോലില്‍' നിന്നും കൊല്ലം ഉണ്ടായി. ചൈനീസ് ഭാഷയിലെ വിപണി എന്നര്‍ത്ഥം വരുന്ന "ക്വയിലോണ്‍'ല്‍ നിന്നും കൊല്ലം ഉണ്ടായി. കൊല്ലവര്‍ഷാരംഭത്തിന് സാക്ഷിയായ നഗരമാണ് കൊല്ലം.
കൊല്ലം കണ്ടവന് ഇല്ലംവേണ്ട; കൊച്ചി കണ്ടവന് അച്ചി (ഭാര്യ) വേണ്ട...' എന്ന പാട്ട് ഇന്നും പഴമക്കാര്‍ ഓര്‍ക്കുന്നുണ്ട്. അത്രയ്ക്ക് മനോഹരമായിരുന്നിരിക്കണം ഒരുകാലത്തെ കൊല്ലം. ഒരുകാലത്ത് അറബികള്‍, പേര്‍ഷ്യന്‍സ്, ഗ്രീക്കുകാര്‍, ചീനക്കാര്‍, റോംകാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കച്ചവടക്കാര്‍ ഇവിടെ വ്യാപാരത്തിന് എത്തിയിട്ടുള്ളതായി പറയുന്നു. കൊല്ലത്തുള്ള ചിന്നക്കട. മുമ്പ് ചീനക്കടയായിരുന്നുവെന്നും അഭിപ്രായം ഉണ്ട്. ചിനച്ചട്ടി, ചിനഭരണി തുടങ്ങിയ പല സാധനങ്ങളും ചൈനക്കാര്‍ ഇവിടെ കൊണ്ടുവന്ന വിറ്റിട്ടുള്ളതില്‍ ചിലതാണ്. വിശ്വസഞ്ചാരിയായ മാര്‍ക്കോപോള ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ചൈനയിലെ ഭരണാധികാരി കുബ്ളഖാന്റ പ്രതിനിധിയായിട്ടാണ് മാര്‍ക്കോപോള ഇവിടെയെത്തിയത്. എ.ഡി. 52ല്‍ ക്രിസ്തുശിഷ്യനായ സെന്റ് തോമസ് കേരളത്തില്‍ എത്തിയതായും അദ്ദേഹം സ്ഥാപിച്ച പള്ളികളില്‍ ഒന്ന് ഇവിടെയാണെന്നും വിശ്വസിക്കുന്നു. ഒരുകാലത്ത് വേണാടിന്റെ തലസ്ഥാനമായിരുന്നു കൊല്ലം. പിന്നീട് ദേശിങ്ങനാട് രാജ്യത്തിന്റെ ആസ്ഥാനമായി. വേണാടിന്റെ സ്വരൂപങ്ങളില്‍ ഒന്നായ ഇളയടത്ത് സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു കൊട്ടാരക്കര. കുരുമുളക് ഉള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വലിയ കലവറയായിരുന്നു കൊല്ലം. അതുകൊണ്ടുതന്നെ പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ പോര്‍ട്ടുഗീസുകാരുടേയും പിന്നീട് ഡച്ചുകാരുടേയും ഇംഗ്ലീഷുകാരുടേയും ശ്രദ്ധ ഇവിടം പിടിച്ചുപറ്റി. ആദ്യം എത്തിയത് പോര്‍ട്ടുഗീസുകാരാണ്. പോര്‍ട്ടുഗീസുകാര്‍ ഇവിടെ നിര്‍മ്മിച്ച കോട്ടയുടേയും പണ്ടികശാലയുമാണ് തങ്കശ്ശേരി. അതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും ഉണ്ട്. പോര്‍ട്ടുഗീസുകാരില്‍ നിന്നും തങ്കശ്ശേരി ഡച്ചുകാരും അവരില്‍ നിന്നും ഇംഗ്ലീഷുകാരും പിടിച്ചെടുത്തു. സ്വാതന്ത്ര്യലബ്ധി വരെ ഇത് ഇംഗ്ലീഷ് ഭരണപ്രദേശമായിരുന്നു.
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ആണ് കൊല്ലം (ദേശിങ്ങനാട്), കൊട്ടാരക്കര (ഇളയടത്ത് സ്വരൂപം) തുടങ്ങിയ സ്ഥലങ്ങള്‍ ആക്രമിച്ച് കീഴ്പ്പെടുത്തിയത്. അവ പിന്നെ തിരുവിതാംകൂറിന്റെ ഭാഗമായി. കൊല്ലം നഗരത്തിന്റെ വികസനത്തിന് വേലുത്തമ്പി ദളവയുടെ സേവനം വലുതാണ്. അദ്ദേഹം പുതിയ ചന്തകള്‍ സ്ഥാപിച്ച്, മദ്രാസില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നും കച്ചവടക്കാരെ ക്ഷണിച്ചുവരുത്തി താമസിപ്പിച്ചു. 1811 റസിഡന്റ് മണ്‍റോയ്ക്കുവേണ്ടി പണിയിപ്പിച്ചതാണ് ആശ്രാമം എന്ന സ്ഥലത്തെ കൊല്ലം റസിഡന്‍സി. ആതര്‍ എന്ന എന്‍ജിനീയര്‍ ആണ് ഇതിന് നേതൃത്വം കൊടുത്തത്. റസിഡന്റിന്റെ ആസ്ഥാനം, ദിവാന് കച്ചേരി, അപ്പീല്‍കോടതി തുടങ്ങിയവയെല്ലാം ആദ്യം കൊല്ലത്തായിരുന്നു. 1803 മുതല്‍ 1830 വരെ ഇംഗ്ലീഷ് പട്ടാളം തമ്പടിച്ചിരുന്നത് കൊല്ലം കന്റോണ്മെന്റിലാണ്. സ്വാതി തിരുനാളിന്റെ കാലത്തോടെയാണ് ദിവാന് കച്ചേരി തലസ്ഥാനത്തേക്ക് മാറ്റിയത്. തിരുവനന്തപുരത്ത് നായര്‍ ബ്രിഗേഡ് ശക്തി പ്രാപിച്ചതോടെ ഇംഗ്ലീഷ് പട്ടാളം പിരിച്ചുവിട്ടു.
ലോകത്ത് ഏറ്റവും വലിയ മുളകുകണ്ടെത്തിയ സ്ഥലം എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ള പട്ടാഴി കൊല്ലത്താണ്. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ തെന്മല, ജലസേചനപദ്ധതിയായ കല്ലട, കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട കായല്‍, വേലുത്തമ്പി ദളവ ഇംഗ്ലീഷുകാര്‍ക്കെതിരെ വിളംബരം നടത്തിയ കുണ്ടറ, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന അഷ്ടമുടിക്കായല്‍, പ്രസിദ്ധങ്ങളായ കൊട്ടാരക്കര ഗണപതിക്ഷേത്രം, അച്ചന്‍കോവില്‍, കുളത്തുപ്പുഴ, ആര്യങ്കാട് ശാസ്താംക്ഷേത്രങ്ങള്‍, ഓച്ചിറയിലെ പരബ്രഹ്മക്ഷേത്രം, ഇംഗ്ലീഷുകാരുടെ കാലത്ത് തീര്‍ത്ത് പുനലൂരിലെ തൂക്കുപാലം, നീണ്ടകര മത്സ്യബന്ധന തുറമുഖം തുടങ്ങിയവയെല്ലാം കൊല്ലത്താണ്. തിരുവിതാംകൂര്‍ റസിഡന്റും ദിവാനുമായിരുന്നു കേണല്‍ മണ്‍റോയുടെ പേരില്‍ അറിയപ്പെടുന്ന മണ്‍റോ തുരുത്ത് സാമൂഹ്യപരിഷ്കര്‍ത്താവും അധ്യാത്മിക നേതാവുമായ ചട്ടമ്പിസ്വാമിയുടെ സമാധിസ്ഥലമായ പന്മന ആശ്രമം, മാതാ അമൃതാനന്ദമയി ദേവിയുടെ ആശ്രമം ആയ വള്ളിക്കാവ് തുടങ്ങിയവയും കൊല്ലത്താണ്.
തേവള്ളിയിലെ കൊട്ടാരം. |
പന്മന ആശ്രമം |
ക്വയിലോണ്‍ ബ്രിഡ്ജ് |
ഗസ്റ്റ് ഹൗസും. |
|||||
കൊല്ലം റെയില്‍വേ ആശുപത്രി |
കൊല്ലം എന്‍ജിന്‍ഹൗസ്സ് |
തെന്മല ആര്‍ച്ച്ബ്രിഡ്ജ് | ||||||
|
|
|
|
ജില്ലാ ആസ്ഥാനമായ കൊല്ലം പട്ടണം തിരുവനന്തപുരത്തിന് 71 കി.മീ. വടക്ക് അഷ്ടമുടിക്കായലിന്റെ തെക്കുപടിഞ്ഞാറേ ഓരത്തിനെ തൊട്ടുരുമ്മി കടലോരം വരെ വ്യാപിച്ച് സ്ഥിതിചെയ്യുന്നു. നാഷണല്‍ ഹൈവേ 47, റെയില്‍പ്പാത, പശ്ചിമതീരകനാല്വ്യൂഹം എന്നിവയിലൂടെ തിരുവനന്തപുരവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാഷണല്‍ ഹൈവേ കൂടാതെ തിരുവനന്തപുരം വരെ എത്തുന്ന തീരദേശറോഡും പൂര്‍ത്തിയായിട്ടുണ്ട്. വടക്ക് ആലപ്പുഴ, കൊച്ചി തുടങ്ങിയ കേന്ദ്രങ്ങളുമായി നാഷണല്‍ ഹൈവേമൂലവും ചങ്ങനാശ്ശേരി, അടൂര്‍ തുടങ്ങിയ സ്ഥലങ്ങളുമായി ഹൈവേയില്‍ നിന്നു പിരിയുന്ന റോഡുകളിലൂടെയും ബന്ധിക്കപ്പെട്ടിരിക്കുന്നു. കൊല്ലത്തുനിന്നും കിഴക്കോട്ട് ചെങ്കോട്ടയിലേക്കു പോകുന്ന റോഡ് കൊട്ടാരക്കരയില്‍ വച്ച് എം.സി. റോഡുമായി ബന്ധപ്പെടുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായും തിരുവനന്തപുരം, കന്യാകുമാരി, തിരുനെല്‍വേലി എന്നിവിടങ്ങളുമായും തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും പ്രമുഖകേന്ദ്രങ്ങളുമായും കൊല്ലം പട്ടണത്തിന് റെയില്‍ബന്ധം ഉണ്ട്. ചിരപുരാതനകാലം മുതല്‍ക്ക് ഒരു വ്യാപാരകേന്ദ്രമായി അറിയപ്പെട്ടിരുന്ന ഈ പട്ടണത്തിന്റെ പ്രാധാന്യം ഇന്നും അന്യൂനമായി തുടര്‍ന്നു പോരുന്നു. ചെറുതും വലുതുമായ അനേകം വ്യവസായശാലകള്‍ ഈ പട്ടണത്തിലുണ്ട്. റെയില്‍ ജങ്ഷന് എന്ന നിലയില്‍ ചരക്കുകള്‍ കയറ്റിയിറക്കുന്നതിനുള്ള ഒന്നാന്തരം സൗകര്യങ്ങള്‍ കൊല്ലം പട്ടണത്തിന്റെ വ്യാവസായിക-വാണിജ്യ വളര്‍ച്ചയെ പ്രവൃദ്ധമാക്കുന്നു. കശുവണ്ടി വ്യവസായത്തിന്റെ കേന്ദ്രമാണ് ഈ പട്ടണം.
1921-ല്‍ മുന്‍സിപ്പല്‍ പട്ടണമെന്ന പദവി നേടിയതിനെത്തുടര്‍ന്ന് കൊല്ലത്തിന് നാനാവിധത്തിലുള്ള പുരോഗതി ഉണ്ടായിട്ടുണ്ട്. സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ ഇതിന് അഭൂതപൂര്‍വമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യാനന്തരകാലത്ത് വിദ്യാഭ്യാസരംഗത്തുണ്ടായ വളര്‍ച്ച കൊല്ലം പട്ടണത്തെ വിവിധ വിദ്യാലയ കേന്ദ്രമായി മാറ്റിയിരിക്കുന്നു. ശ്രീനാരായണകോളജ്, ശ്രീനാരായണ വനിതാകോളജ്, ഫാത്തിമ മാതാ നാഷണല്‍ കോളജ്, ടി.കെ.എം. കോളജ് തുടങ്ങിയവയാണ് നഗരത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
മലബാര്‍തീരത്തെ ആദ്യകാല കൈസ്തവകേന്ദ്രങ്ങളിലൊന്നാണ് കൊല്ലം. നഗരത്തിന്റെ ഇന്നത്തെ രീതിയിലുള്ള വളര്‍ച്ചയ്ക്ക് ആരംഭംകുറിച്ചത് സപീര്‍ ഈശോ എന്ന സിറിയന്‍ വര്‍ത്തകനായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. 9-ാം ശതകത്തിലാണ് പട്ടണത്തിന്റെ രൂപരേഖ നിര്‍ണയിക്കപ്പെട്ടത്. ഇതിനും ഏറെക്കാലം മുമ്പു തന്നെ വാണിജ്യപരമായി പ്രശസ്തി നേടിക്കഴിഞ്ഞിരുന്നു. 1902-ല്‍ തങ്കശ്ശേരിയിലെ ദീപസ്തംഭം (45 മീ.) നിര്‍മിച്ചു. ഒരു തുറമുഖമെന്ന നിലയില്‍ കൊല്ലത്തിനുണ്ടായിരുന്ന പ്രാധാന്യത്തിലേക്കാണ് ഇതു സൂചന നല്‍കുന്നത്. 'കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട' എന്ന ചൊല്ല് ഈ പട്ടണത്തിന്റെ ഐശ്വര്യസമൃദ്ധിക്ക് സാക്ഷ്യം വഹിക്കുന്നു. ചിന്നക്കടയിലെ മുസ്ലിംപള്ളി, പുള്ളിച്ചിറയിലെ ക്രിസ്ത്യന്‍പള്ളി, ആനന്ദവല്ലീശ്വരംക്ഷേത്രം, തേവള്ളിക്കൊട്ടാരം തുടങ്ങിയ പ്രൗഢസുന്ദരങ്ങളായ വാസ്തുശില്പങ്ങളും നഗരത്തിനുണ്ടാകുന്ന പ്രാമാണികത വിളിച്ചോതുന്നു. കേരളപ്പിറവിക്കുശേഷം കൊല്ലത്തിന്റെ പ്രാധാന്യത്തിന് മാന്ദ്യം സംഭവിച്ചു. തുറമുഖമെന്ന നിലയില്‍ ഉണ്ടായിരുന്ന പ്രാതിനിധ്യം നീണ്ടകരയുടെ വളര്‍ച്ചയോടെ അവഗണിക്കപ്പെട്ടു. പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടി, ഓട്, കൈത്തറി എന്നിവയ്ക്ക് നേരിടേണ്ടിവന്ന ദുരവസ്ഥകള്‍ പട്ടണത്തിന്റെ സമ്പദ്ഘടനയ്ക്ക് ഉലച്ചിലുണ്ടാക്കി. എറണാകുളം-തിരുവനന്തപുരം ബ്രോഡ്ഗേജ്പാത നിലവില്‍ വന്നതിലൂടെ ചരക്കുഗതാഗതത്തിലേര്പ്പെട്ട മാറ്റവും കൊല്ലം പട്ടണത്തെ ബാധിച്ചിരിക്കുന്നു. അതേയവസരം ഈ പട്ടണം ജില്ലാ ആസ്ഥാനം, വിദ്യാഭ്യാസകേന്ദ്രം, സംസ്കാരകേന്ദ്രം എന്നീ നിലകളില്‍ സര്വതോന്മുഖമായ പുരോഗതി ആര്‍ജിച്ചു വരികയുമാണ്. കൊല്ലം പട്ടണത്തിന്റെ ഇപ്പോഴത്തെ വിസ്തീര്‍ണം 2,492 ച.കി.മീ. ആണ്. ജനസംഖ്യ: 26,29,703 (2011).
കേരളത്തിലെ പൊതുവായ ഭൂപ്രകൃതിയനുസരിച്ചുള്ള മലനാട്, ഇടനാട്, തീരപ്രദേശം എന്നീ മൂന്നു ഭൂഭാഗങ്ങളും കൊല്ലം ജില്ലയില്‍ കാണാം. കടല്‍ത്തീരത്തോടനുബന്ധിച്ചുള്ള സമതലപ്രദേശം ക്രമേണ ചരിഞ്ഞുയര്ന്ന് ഇടനാട്ടിലെ കുന്നിന് ചുവടുകളില്‍ ലയിക്കുന്നു. നെടുനാളായുള്ള നീരൊഴിക്കിന്റെയും തന്മൂലമുള്ള അപരദന (erosion)പ്രക്രിയയുടെയും ഫലമായി വിണ്ടു കീറപ്പെട്ട് നിരപ്പായ താഴ്വാരങ്ങളും അവയ്ക്കിടയിലായി എഴുന്നുനില്ക്കുന്ന കുന്നുകളും നിറഞ്ഞ് 80 മുതല്‍ 600 വരെ മീ. ഉയരത്തില്‍ കിടക്കുന്ന പ്രദേശങ്ങളാണ് ഇടനാട്. ഇതിനും കിഴക്ക് പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകളാണുള്ളത്. പത്തനാപുരം താലൂക്കിലാണ് മലനാടിന്റെ തനതായ രൂപം ദൃശ്യമാകുന്നത്. ഈ താലൂക്കില്‍പ്പെട്ട മുതിരമല (1219മീ.) ആണ് കൊല്ലം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം; അച്ചന്‍കോവില്‍ (623മീ.), നെടുമ്പാറ(1040 മീ.), കോട്ട (695 മീ.), ആയിരവല്ലി (616 മീ.), പാടിക്കാട്ട് (993 മീ.) എന്നീ മലകളാണ് ഉയരത്തില്‍ മുന്നിട്ടു നില്ക്കുന്ന ഇതരഭാഗങ്ങള്‍. ഇവയെല്ലാംതന്നെ പത്തനാപുരം താലൂക്കിലാണ്. ഈ താലൂക്കിന്റെ കിഴക്കേ അതിര്‍ത്തിയിലുളള ആര്യങ്കാവുചുരം സഹ്യപര്‍വതം താണ്ടി തമിഴ്നാട്ടിലേക്കു പോകുവാനുള്ള പാത ഒരുക്കുന്നു. കൊല്ലം മധുര മീറ്റര്‍ഗേജ് റെയില്‍പ്പാത കടന്നുപോകുന്നത് ആര്യങ്കാവു പാതയിലൂടെയാണ്. ഏതാനും തുരങ്കങ്ങളുടെ സഹായത്തോടെയാണ് ഈ പാത നിര്‍മിച്ചിട്ടുള്ളത്. 40 കി.മീ. ദൂരത്തോളം മലമടക്കുകളിലൂടെ കടന്നുപോകുന്ന ഈ പാതയിലെ ഏറ്റവും വലിയ തുരങ്കത്തിന് 1.2കി.മീ. നീളമുണ്ട്.
സെന്റ് തോമസ് സ്ഥാപിച്ച പള്ളികളിലൊന്ന് കൊല്ലത്തായിരുന്നുവെന്ന വിശ്വാസം ഒഴിച്ചാല്‍ 1-ാം ശതകത്തിനും 8-ാം ശതകത്തിനും ഇടയ്ക്കുളള കാലഘട്ടത്തില്‍ കൊല്ലത്തെപ്പറ്റി സുവ്യക്തമായ പരാമര്‍ശങ്ങളൊന്നും കാണുന്നില്ല. 9-ാം ശതകത്തിനു മുമ്പുള്ള കൊല്ലത്തെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ ഇപ്പോഴും വിവാദവിഷയമായിത്തന്നെ നിലകൊള്ളുന്നു. എന്നാല്‍ 9-ാം ശതകത്തിന്റെ ആരംഭത്തോടുകൂടി കൊല്ലം നഗരം രാഷ്ട്രീയമായും വ്യാപാരസംബന്ധമായും പ്രാധാന്യം ആര്ജിച്ചിരുന്നതായി വ്യക്തമാക്കുന്ന തെളിവുകള്‍ ലഭ്യമാണ്. ഇക്കാലത്ത് വേണാട് രണ്ടാംചേരരാജ്യത്തിന്റെ ഭാഗം മാത്രമേ ആയിരുന്നുള്ളുവെങ്കിലും കൊല്ലം, ചൈനയും അറേബ്യയുമായി വമ്പിച്ചതോതില്‍ വ്യാപാരം നടത്തിവന്ന ഒരു തുറമുഖമെന്ന നിലയില്‍ പ്രസിദ്ധമായിരുന്നു.
825-ല്‍ കൊല്ലവര്‍ഷം ആരംഭിച്ചത് കേരളരാജാവായ ചേരമാന്‍ പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തേക്കു പോയതിന്റെ ഓര്മയ്ക്കായിട്ടാണെന്ന പാരമ്പര്യവിശ്വാസം ഇന്ന് സ്വീകാര്യമല്ലാതായിട്ടുണ്ട്. വേണാട്ടു രാജാവായ ഒരു ഉദയമാര്‍ത്താണ്ഡവര്‍മയാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്ന ശങ്കുണ്ണിമേനോന്റെ പ്രസ്താവവും ഇപ്പോള്‍ ആദരിക്കപ്പെടുന്നില്ലെങ്കിലും 'കൊല്ലം തോന്റിയ' (കൊല്ലം ഉണ്ടായ) വര്‍ഷത്തെപ്പറ്റി ശാസനങ്ങളില്‍ കാണുന്ന പരാമര്‍ശങ്ങള്‍ കൊല്ലം നഗരവും കൊല്ലവര്ഷവുമായുള്ള ബന്ധത്തെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്.
കൊല്ലം നഗരത്തെപ്പറ്റി വ്യക്തമായ വിവരം നല്കുന്ന ഒരു ശാസനമാണ് 849-ലെ തരിസാപ്പള്ളി ചെപ്പേടുകള്‍. ചേരരാജാവായ സ്ഥാണുരവിയുടെ അഞ്ചാംഭരണവര്ഷത്തില് 'വേണാട്ടുടയ' അയ്യനടികള്‍ തിരുവടികള്‍ കുരക്കേണിക്കൊല്ലത്തെ തരിസാപ്പള്ളിക്കും പള്ളിവക കച്ചവടസംഘത്തിനും നല്കിയ ദാനമാണ് ചെപ്പേടിലെ വിഷയം. തരിസാപ്പള്ളി ചെപ്പേടുകള്‍ കേരളചരിത്രത്തില്‍ കൃത്യമായി കാലനിര്‍ണയം നടത്തുന്നതിന് സഹായിക്കുന്ന ഒരു പ്രധാനരേഖയാണ്. വേണാട്ടധിപന് ചേരരാജാവിന്റെ സാമന്തനും കൊല്ലം വേണാടിന്റെ തലസ്ഥാനവും ഒരു സുപ്രധാന കച്ചവടകേന്ദ്രവും ആയിരുന്നുവെന്ന് ഈ രേഖ തെളിയിക്കുന്നു. നോ. തരിസാപ്പള്ളി ശാസനങ്ങള്‍
കൊല്ലവര്‍ഷം 3-ാം ശതകത്തില്‍ നടന്ന ചേര-ചോള യുദ്ധങ്ങളില്‍ ചേരരാജ്യത്തിന്റെ തെക്കേയറ്റത്തെ പ്രധാന നഗരമെന്ന നിലയില്‍ കൊല്ലത്തിന് പല രൂക്ഷമായ ആക്രമണങ്ങളും നേരിടേണ്ടിവന്നു. എന്നാല്‍ ചേരരാജ്യത്തിന്റെ അസ്തമയത്തോടുകൂടി കൊല്ലം നഗരത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയാണുണ്ടായത്. പാശ്ചാത്യ-പൗരസ്ത്യരാജ്യങ്ങളുമായുണ്ടായിരുന്ന വ്യാപാരബന്ധം കാരണം 13-ാം ശതകത്തില്‍ കോഴിക്കോട് പ്രശസ്തിയിലേക്കുയരുന്നതുവരെ കൊല്ലം നഗരം സുപ്രസിദ്ധമായിരുന്നു. 9-ാം ശതകം മുതല്‍ ലഭിച്ചിട്ടുള്ള അറബിസഞ്ചാരികളുടെ വിവരണങ്ങളിലെല്ലാം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായിട്ടാണ് കൊല്ലത്തെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളത്. അറബി സഞ്ചാരിയായ സുലൈമാന്‍ (851) മസ്ക്കത്തില്‍ നിന്ന് അറബിക്കപ്പലുകള്‍ കൊല്ലത്തേക്കുപോയിരുന്നു എന്നും അവിടെയെത്താന്‍ ഒരുമാസം വേണ്ടിയിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ചീനക്കപ്പലുകള്‍ അടുത്തിരുന്ന പശ്ചിമേന്ത്യയിലെ ഏക തുറമുഖം കൊല്ലമായിരുന്നു എന്നും അവയോരോന്നും തുറമുഖക്കൂലിയായി 1000 ദിര്‍ഹം നല്‍കിയിരുന്നു എന്നും മറ്റുള്ള കപ്പലുകള്‍ ഒന്നു മുതല്‍ പത്തു ദിര്‍ഹം വരെ മാത്രമേ കൂലി നല്കിയിരുന്നുള്ളൂ എന്നും സുലൈമാന്‍ ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നു. ഇബ്നുസ ഈദിന്റെ അഭിപ്രായത്തില്‍ കുരുമുളകുനാട്ടിലെ അവസാനത്തെ പട്ടണമായിരുന്നു കൊല്ലം. അതൊരു ഉള്‍ക്കടലിന്റെ തീരത്താണ് സ്ഥിതിചെയ്തിരുന്നത്. 'ഇന്ത്യയിലെ വലിയ പട്ടണങ്ങളില്‍ ഒന്നാണ് കൊല്ലം. ഈ പട്ടണത്തില്‍ പ്രസിദ്ധരായ വൈദ്യന്മാരെ കാണുന്നു. ചീനപിഞ്ഞാണങ്ങള്ക്കു തുല്യമായ പാത്രങ്ങള്‍ ഇവിടെ ഉണ്ടാക്കുന്നു. ഈ പ്രദേശത്ത് 50 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള തേക്കു വൃക്ഷങ്ങല് വളരുന്നു' എന്ന് അല്‍-ഖസ്വീനി (1203-83) രേഖപ്പെടുത്തിയിട്ടുണ്ട്.
ചൈനാചക്രവര്ത്തിയായിരുന്ന കുബ്ളാഖാന്റെ രാജധാനിയില്‍ നിന്നു മടങ്ങുന്ന വഴി മാര്‍ക്കോപോളോ (1290) കൊല്ലം നഗരം സന്ദര്‍ശിക്കുകയുണ്ടായി. 'കൊല്ലം നഗരവാസികള്‍ വിഗ്രഹാരാധകരാണ്; അവരുടെയിടയില്‍ കുറച്ചു ക്രിസ്ത്യാനികളും ജൂതന്മാരും താമസിക്കുന്നു; അവരുടെ രാജാവ് സ്വതന്ത്രനാണ്; നല്ല തരത്തിലുള്ള ചപ്പങ്ങവും (ലവങ്ഗം) ഇഞ്ചിയും നീലവും ഇവിടെ നിന്നും ലഭിക്കുന്നു; ചൈന, അറേബ്യ, ലെവാന്റ് എന്നീ സ്ഥലങ്ങളില്‍ നിന്നുമുള്ള വ്യാപാരികള്‍ ഇവിടെ വരുന്നു; അവരുടെ ഇറക്കുമതിയില്‍ നിന്നും കയറ്റുമതിയില്‍നിന്നും (നഗരത്തിന്) വമ്പിച്ച ലാഭം ഉണ്ടാവുന്നുണ്ട്; അവരുടെയിടയില്‍ വളരെ നല്ല ജ്യോതിഷികളും വൈദ്യന്മാരുമുണ്ട്; ശരീരത്തിന്റെ മധ്യഭാഗത്ത് ഒരു തുണിക്കഷണമല്ലാതെ അവര്‍-സ്ത്രീകളും പുരുഷന്മാരും-യാതൊന്നും ധരിക്കുന്നില്ല' എന്ന് അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ കാണുന്നു.
1324-ല്‍ കൊല്ലം സന്ദര്‍ശിച്ച ജോര്‍ഡാനസ് പാതിരിയും കൊല്ലത്തെ വമ്പിച്ച വ്യാപാരത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ജോര്‍ഡാനസ് കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെപ്പറ്റിയും പൂര്‍ണമായ മതസ്വാതന്ത്ര്യത്തെപ്പറ്റിയും സൂചിപ്പിച്ചിരിക്കുന്നു. അതിനുശേഷം കൊല്ലം സന്ദര്‍ശിച്ച ഇബ്നു ബതൂത്ത 'ഭംഗിയുള്ള വിപണികളും ധനികരായ വ്യാപാരികളും ഉള്ള മലബാറിലെ നഗരങ്ങളില്‍ ഒന്ന് എന്നാണ് കൊല്ലം നഗരത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ചൈനയുമായുള്ള വ്യാപാരം തുടര്‍ന്നു നടത്തിയിരുന്ന പശ്ചിമേന്ത്യയിലെ രണ്ടു തുറമുഖങ്ങളില്‍ ഒന്നായിരുന്നു കൊല്ലം.
ചൈനയുമായുള്ള കച്ചവടത്തില്‍ പ്രധാന സാരഥ്യം വഹിച്ചത് കേരളീയരും അറബികളും ചോഴന്മാരുമാണ്. 414-ല്‍ ഫാഹിയാന്‍ എന്ന ചീന തീര്ഥാടകന് ജാവയില്‍ നിന്നു ക്യാന്ടനിലേക്കു കപ്പലില്‍ പോകുമ്പോള്‍ അതിലെ യാത്രക്കാരില്‍ അധികംപേരും കൊല്ലത്തുകാരായിരുന്നുവെന്നു പറഞ്ഞുകാണുന്നു. കേരളീയര്‍ക്കു വ്യാപാരത്തിലുണ്ടായിരുന്ന താത്പര്യത്തിന് അത് സാക്ഷ്യംവഹിക്കുന്നു. ദക്ഷിണേന്ത്യയിലും സിലോണിലും നിന്ന് അസംഖ്യം ബുദ്ധഭിക്ഷുക്കള്‍ മതപ്രചാരണാര്ഥം സമുദ്രമാര്‍ഗമായി ചൈനയില്‍ എത്തി താമസമുറപ്പിച്ചതായി രേഖകള്‍ പറയുന്നു. അപ്രകാരം പോയവരില്‍ ഒരാളായ വജ്രബോധി കേരളീയനാണെന്ന് ചില തെളിവുകളുടെ വെളിച്ചത്തില്‍ സര്‍ദാര്‍ കെ.എം. പണിക്കര്‍ പ്രസ്താവിച്ചിരിക്കുന്നു. കൊല്ലത്തുനിന്നു പതിവായി ചീനയിലേക്കു കപ്പലുകള്‍ പോയിക്കൊണ്ടിരുന്നു. അതില്‍ ഒന്നിലായിരിക്കണം വജ്രബോധി 8-ാം ശതകത്തില്‍ ക്യാന്‍ടനില്‍ എത്തിയത്. ബൗദ്ധാഗമത്തിലെ മന്ത്രസമ്പ്രദായമെന്ന ശാഖ ചൈനയില്‍ സ്ഥാപിച്ചത് ഈ മഹാനായിരുന്നു. ചീനസന്ന്യാസികളും സഞ്ചാരികളും ഇന്ത്യയിലെത്തിയിരുന്നത് സമുദ്രമാര്ഗമായിട്ടാണെന്നും കാണുന്നു. ഇറ്റ്സിങ്ങിനെ തുടര്‍ന്നുവന്ന അറുപത് ചീന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ക്യാന്‍ടനില്‍ നിന്നും കപ്പല്‍ കയറി പാലം പോങ്ങിലെത്തിയശേഷം പിന്നീടും സമുദ്രയാത്ര ചെയ്ത് സിലോണിലും ദക്ഷിണേന്ത്യയിലും എത്തിച്ചേരുകയാണുണ്ടായത്. ക്യാന്ടന് മുതല്‍ കൊല്ലം വരെയുള്ള മാര്‍ഗത്തെക്കുറിച്ചു മാത്രമേ ചീനാനാവികര്ക്ക് അറിവുണ്ടായിരുന്നുള്ളൂ.
എ.ഡി. മുന്നൂറിനോടടുപ്പിച്ച് ക്യാന്‍ടനില്‍ ഒരു അറബിക്കച്ചവടസംഘം സ്ഥിരതാമസമാക്കിയിരുന്നതായി കാണുന്നു. കൊല്ലംവരെ ചീനാനാവികര് ധാരാളമായി വരുന്നതുകണ്ട് അങ്ങോട്ടുള്ള വാണിജ്യത്തിലും അവര്‍ മത്സരിക്കാനിടയാകുമെന്ന ഭയം കൊണ്ടാണെന്നു തോന്നുന്നു അറബികള്‍ ശരിയായ വിവരം അവര്‍ക്കു നല്‍കാതിരുന്നത്. ചീനരുടെ ധാരാളമായുള്ള പോക്കുവരവിന്റെ ഫലമായി കൊല്ലം നഗരത്തിലെ വാണിജ്യത്തിന്റെ പ്രധാന പങ്ക് അവര്‍ക്കായി മാറി. കൊല്ലത്ത് ചീനരുടെ പണ്ടകശാലയും കേന്ദ്രവും സ്ഥാപിച്ചതായി ആയിടയ്ക്കുള്ള സഞ്ചാരികളുടെ വിവരണങ്ങളില്‍ നിന്നു മനസ്സിലാക്കാം. അവയുടെ മേല്‍നോട്ടം വഹിക്കാന്‍ അതതു കാലങ്ങളില്‍ 'ചീനത്തു' നിന്ന് ആളുകള്‍ വന്നിരുന്നു. കൊല്ലത്തെ കച്ചവടക്കാരുടെ ഒരു സംഘം ചീനത്തും ചെന്നു താമസിച്ചിരുന്നുവെന്നു വിശ്വസിക്കാം. ചീനക്കപ്പലുകള്‍ നിശ്ചിത കാലങ്ങളില്‍ കൊല്ലത്തെത്തുമെന്നും കേരളോത്പന്നങ്ങള് കയറ്റി മടങ്ങുമെന്നും വന്നതോടുകൂടി കൊല്ലത്തിന്റെ പ്രാധാന്യം വര്‍ധിച്ചു. കിഴക്കന്‍ കച്ചവടം അടക്കിഭരിച്ചിരുന്ന ചീനരുടെ കാലത്ത് കൊല്ലം നഗരത്തിന്റെ ഐശ്വര്യം ഉച്ചകോടിയിലെത്തി.
ഒമ്പതാം ശതകത്തിന്റെ ആദ്യപാദത്തില്‍ ചൈന വരെ സഞ്ചരിച്ച സുലൈമാന്‍, പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ അന്നത്തെ പ്രധാന തുറമുഖമായ സിറാഫില്നിന്നു തിരിക്കുന്ന വന്‍തരം ചീനക്കപ്പലുകള്‍ കൊല്ലം സന്ദര്‍ശിക്കാതെ പോകാറില്ലെന്നു പ്രസ്താവിച്ചിരിക്കുന്നു. പതിനാലാം ശതകംവരെ അഭംഗുരമായി പുലര്‍ത്തിപ്പോന്ന കൊല്ലം-ചൈന ബന്ധം അറബികളുടെ ആധിപത്യത്തോടെ ശിഥിലമായി.
1505-ല്‍ കേരളം സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരിയായ ലുഡോവികോ ഡി വാര്‍തേമ കൊല്ലത്തെപ്പറ്റി ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: 'ഈ രാജ്യത്ത് നല്ലൊരു തുറമുഖമുണ്ട്. (ധാരാളമായി) ധാന്യങ്ങള്‍ ഇവിടെ വിളയുന്നില്ലെങ്കിലും, കോഴിക്കോട്ടേതുപോലെ പഴങ്ങളും വളരെയധികം കുരുമുളകും ഉണ്ടാകുന്നുണ്ട്. കൊല്ലം നഗരത്തില്‍ ധാരാളം ഹിന്ദുക്കളും മുസ്ലിങ്ങളും സെന്റ് തോമസ് ക്രിസ്ത്യാനികളും താമസിക്കുന്നു. ഇവരില്‍ നിരവധി ധനികരായ വ്യാപാരികളുണ്ട്. അവര്‍ സ്വന്തം കപ്പലുകള്‍ വഴി ചോഴമണ്ഡലം, സിലോണ്‍, ബംഗാള്‍, മലാക്കാ, സുമാട്രാ, പെഗു എന്നീ സ്ഥലങ്ങളുമായി കച്ചവടം നടത്തുന്നു' എന്ന് 1514-ല്‍ ദുവാര്‍തെ ബാര്‍ബോസ രേഖപ്പെടുത്തിയിരിക്കുന്നു.
വിദേശസന്ദര്‍ശകരുടെ ദൃഷ്ടിയില് ഇത്രയധികം പ്രാധാന്യം അര്‍ഹിച്ചിരുന്ന കൊല്ലം നഗരം മധ്യശതകങ്ങളില്‍ വേണാടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. 1253 മുതല്‍ 1299 വരെയുള്ള കാലഘട്ടം കൊല്ലത്തിന്റെ ചരിത്രത്തില്‍ കുഴപ്പങ്ങളുടേതായിരുന്നു. ഈ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനായ ഭരണാധികാരിയായ ജയസിംഹന് ഒരു നല്ല യോദ്ധാവുകൂടിയായിരുന്നു. കൊല്ലത്തിന്റെ ദേശിംഗനാട് (ജയസിംഹനാട്) എന്ന പേരുതന്നെ ഈ ഭരണാധികാരിയെ അനുസ്മരിപ്പിക്കുന്നു. ഇദ്ദേഹത്തിന്റെയും പട്ടമഹിഷിയായ ഉമാദേവിയുടെയും പുത്രനായിരുന്നു വേണാട്ടുരാജാക്കന്മാരുടെ കൂട്ടത്തില്‍ അതിപ്രസിദ്ധനായ രവിവര്‍മകുലശേഖരന്‍ (1299-1311). തെക്കേ ഇന്ത്യയിലെ അന്നത്തെ കുഴഞ്ഞുമറിഞ്ഞ സാഹചര്യം ഉപയോഗപ്പെടുത്തി ഇദ്ദേഹം പാണ്ഡ്യരാജ്യം ആക്രമിക്കുകയും കാഞ്ചീപുരം വരെയുള്ള സ്ഥലങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു.
1501-ല്‍ പോര്‍ച്ചുഗീസ് കപ്പിത്താനായ കബ്രാള്‍ കൊച്ചി സന്ദര്‍ശിച്ച അവസരത്തില്‍ കൊല്ലം ഭരിച്ചിരുന്ന റാണി അയാളെ കൊല്ലത്തേക്കു ക്ഷണിക്കുകയുണ്ടായി. എന്നാല്‍ കബ്രാള്‍ ആ ക്ഷണം സ്വീകരിക്കാതെ ധൃതിയില്‍ തിരിച്ചു പോവുകയാണുണ്ടായത്. 1502-ല്‍ വാസ്കോ ദ ഗാമ രണ്ടാം പ്രാവശ്യം കേരളം സന്ദര്‍ശിച്ചപ്പോള്‍ കൊല്ലത്തേക്ക് രണ്ടു കപ്പലുകള്‍ അയയ്ക്കുകയുണ്ടായി. കുരുമുളകും മറ്റ് സുഗന്ധദ്രവ്യങ്ങളും നിറച്ച് ആ കപ്പലുകള്‍ വളരെ വേഗം മടങ്ങിപ്പോയി. അല്‍ബുക്കര്‍ക്കിന്റെ കാലത്ത് ഈ സാധനങ്ങള്‍ വാങ്ങി ശേഖരിക്കാനായി കൊല്ലത്ത് ഒരു ഡിപ്പോ സ്ഥാപിക്കുകയുണ്ടായി. 1517 ഫെബ്രുവരിയില്‍ കൊല്ലം നഗരവാസികള്‍ പോര്‍ച്ചുഗീസ് ആക്രമങ്ങള്‍ക്കെതിരായി അവരുടെ കോട്ട ഉപരോധിച്ചുവെങ്കിലും അതു പരാജയപ്പെടുകയാണുണ്ടായത്. 1543-ല്‍ പോര്‍ച്ചുഗീസുകാര്‍ തേവലക്കര ക്ഷേത്രം ആക്രമിച്ച് വളരെയേറെ ധനം കൊള്ളയടിച്ചു.
പതിനേഴാം ശതകത്തില്‍ ബ്രിട്ടീഷുകാരുടെയും ഡച്ചുകാരുടെയും എതിര്‍പ്പിന്റെ ഫലമായി പോര്‍ച്ചുഗീസ് ശക്തി തകര്‍ന്നു. പോര്‍ച്ചുഗീസ് അധിനിവേശ പ്രദേശങ്ങളെല്ലാം ഡച്ചുകാര്ക്കധീനമായി. 1658-ല്‍ കൊല്ലംകോട്ട ഡച്ചുകാര്‍ പിടിച്ചുവെങ്കിലും അവര്‍ക്കത് ഉപേക്ഷിക്കേണ്ടിവന്നു. 1661-ല്‍ കൊല്ലംകോട്ട അവര്‍ വീണ്ടും പിടിച്ചെടുത്തു. കൊല്ലം റാണി ഡച്ചുകാരുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം പോര്‍ച്ചുഗീസ് കോട്ടയും പ്രദേശങ്ങളും ഡച്ചുകാരുടെ അധീനതയിലായിരിക്കുമെന്നും രാജ്യത്തുണ്ടാവുന്ന കുരുമുളകും മറ്റും ഡച്ചു കമ്പനിക്കു തന്നെ നല്‍കാമെന്നും സമ്മതിച്ചിരുന്നു.
1695-ല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി അഞ്ചുതെങ്ങില്‍ കോട്ട കെട്ടിയതോടുകൂടി ഡച്ചുകാരും ഇംഗ്ലീഷുകാരുമായുള്ള മത്സരം അതിരൂക്ഷമായി. 1723-ല്‍ ഇംഗ്ലീഷ് കമ്പനിയും തിരുവിതാംകൂറുമായി ഉണ്ടാക്കിയ സന്ധിപ്രകാരം തിരുവിതാംകൂറിലെ ഇടപ്രഭുക്കന്മാര്ക്കെതിരായി രാജാവിനെ സഹായിക്കാന്‍ കമ്പനിക്കാര് സന്നദ്ധരായി. ഇംഗ്ലീഷ് കമ്പനിയുടെ സഹായത്തോടുകൂടിയാണ് മാര്‍ത്താണ്ഡവര്‍മ (1729-58) തിരുവിതാംകൂറിലെ അക്രമികളായ ഇടപ്രഭുക്കന്മാരെ അമര്‍ച്ച വരുത്തിയതും രാജ്യവിസ്തൃതി കൂട്ടിയതും.
ഇതിനിടയില്‍ ദേശിംഗനാട്ടു തായ് വഴിയിലെ രാജകുടുംബം ഡച്ചുകാരും കായംകുളം സ്വരൂപവുമായിച്ചേര്ന്ന് വേണാടുസ്വരൂപത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1731-ല്‍ ദേശിംഗനാട്ടിലെ ഉണ്ണിക്കേരളവര്‍മ കീഴ്നടപ്പിനു വിപരീതമായി കായംകുളം സ്വരൂപത്തില്‍നിന്നും ഒരു രാജകുമാരനെ ദത്തെടുത്തു. അതിനുപുറമേ വേണാട്ടില്‍ ചേര്‍ന്ന കിഴക്കേ കല്ലട പിടിച്ചടക്കുകയും ചെയ്തു. തിരുവിതാംകൂര്‍ സൈന്യം കൊല്ലം ആക്രമിച്ചുവെങ്കിലും ശക്തമായ പ്രത്യാക്രമണം നേരിടാന്‍ കഴിയാതെ പിന്തിരിഞ്ഞു. രണ്ടാമത്തെ ആക്രമണത്തില്‍ കൊല്ലം സൈന്യത്തെ തോല്പിച്ച് രാജാവിനെ ബന്ധനസ്ഥനാക്കി തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയും ദേശിംഗനാട് തിരുവിതാംകൂറിനോട് ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ കൊല്ലം രാജാവ് ബന്ധനത്തില്‍നിന്നു രക്ഷപ്പെട്ട് കായംകുളം രാജാവിന്റെയും ഡച്ചുകാരുടെയും സഹായത്തോടുകൂടി തിരുവിതാംകൂര്‍ സൈന്യത്തെ തോല്പിച്ചു. നീണ്ടുനിന്ന ഒരു യുദ്ധത്തിനുശേഷം മാത്രമേ ദേശിംഗനാടിനെ തോല്പിക്കുവാന് തിരുവിതാംകൂറിനു കഴിഞ്ഞുള്ളൂ. 1742-ല്‍ മാന്നാര്‍ സന്ധിപ്രകാരം യുദ്ധം അവസാനിച്ചുവെങ്കിലും 1746-ല്‍ കായംകുളം പിടിച്ചടക്കുന്നതുവരെ സമാധാനം സ്ഥാപിക്കപ്പെട്ടില്ല. പിന്നീട് ദേശിംഗനാട് വേണാടിനോട് ചേര്‍ക്കപ്പെട്ടു.
ബ്രിട്ടീഷുകാര്‍ക്കെതിരായി വേലുത്തമ്പി നയിച്ച കലാപം (1809) തുടങ്ങിയത് കമ്പനിപ്പട്ടാളം താവളമടിച്ചിരുന്ന കൊല്ലത്തെ ഉപരോധിച്ചുകൊണ്ടായിരുന്നു. കമ്പനിപ്പട്ടാളത്തിനെതിരായി തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങള്‍ വിജയിച്ചില്ല. നീണ്ടകര, അയത്തില്‍, ആശ്രാമം, തട്ടാമല എന്നീ സ്ഥലങ്ങളില്വച്ചുണ്ടായ സംഘട്ടനങ്ങളിലെല്ലാം തിരുവിതാംകൂര്‍ സൈന്യം പരാജയമടയുകയാണുണ്ടായത്. അതിനുശേഷം ഉമ്മിണിത്തമ്പി കൊല്ലത്തു പാളയമടിച്ചിരുന്ന കമ്പനിപ്പട്ടാളത്തിനെതിരായി നടത്തിയ ഉപജാപങ്ങളും വിജയിച്ചില്ല.
കൊല്ലത്തുതന്നെ തുടര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഹജൂര്‍ കച്ചേരി സ്വാതിതിരുനാളിന്റെ കാലത്ത് (1830-ല്‍) തിരുവനന്തപുരത്തേക്കു മാറ്റി. ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് (1859-ല്‍) തിരുവിതാംകൂറിനെ പദ്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, ചേര്‍ത്തല എന്ന് നാലു ഡിവിഷനുകളായി തിരിച്ചപ്പോള്‍ കൊല്ലം പട്ടണം ഒരു ഡിവിഷന്റെ ആസ്ഥാനമായിത്തീര്‍ന്നു.
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ കൊല്ലം അതിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വേണാടിന്റെ തലസ്ഥാനമെന്ന നിലയില്‍ ഈ പട്ടണം പണ്ഡിതന്മാരുടെയും കവികളുടെയും മറ്റു കലാകാരന്മാരുടെയും വിഹാരരംഗമായിരുന്നു. രവിവര്‍മ കുലശേഖരന്റെ കാല(1299-1311)ത്ത് ഇത് ദക്ഷിണഭാരതത്തിലെ അനേകം പ്രശസ്ത പണ്ഡിതന്മാരെയും കലാകാരന്മാരെയും ആകര്‍ഷിച്ചിരുന്നു. സമുദ്രബന്ധനും കവിഭൂഷണനും അക്കാലത്ത് ഇവിടെ ജീവിച്ചിരുന്ന പ്രസിദ്ധകവികളായിരുന്നു. രവിവര്‍മ കുലശേഖരന് പ്രദ്യുമ്നാഭ്യുദയം എന്ന ഒരു ഉത്കൃഷ്ട സംസ്കൃതനാടകത്തിന്റെ കര്‍ത്താവുകൂടിയായിരുന്നു. ശുകസന്ദേശം, ഉണ്ണുനീലിസന്ദേശം തുടങ്ങി മയൂരസന്ദേശം വരെയുള്ള നിരവധി കാവ്യങ്ങളില്‍ കൊല്ലത്തിന്റെ മനോഹര വാങ്മയചിത്രങ്ങള്‍ കാണുന്നുണ്ട്. ശുകസന്ദേശത്തില്‍ കോളംബ(കൊല്ലം)ത്തിന്റെ അന്യദേശാതിശായിയായ ഐശ്വര്യസമൃദ്ധിയെപ്പറ്റി വര്‍ണിക്കുന്നു. മയൂരസന്ദേശത്തിലും കൊല്ലം നഗരത്തിന്റെ സര്‍വാതിശായിയായ സൗഭാഗ്യാതിരേകത്തെയും 'കൊല്ലം കണ്ടാലില്ലം വേണ്ട' എന്ന ചൊല്ലിന്റെ അന്വര്ഥതയെയും വര്‍ണിക്കുന്നതു ശ്രദ്ധേയമാണ്. നാട്യകലയുടെ പാരമ്യമെന്നു ലോകമൊട്ടുക്കു വാഴ്ത്തപ്പെടുന്ന കഥകളിയുടെ ഗര്‍ഭഗൃഹമായ കൊട്ടാരക്കരയും കൊല്ലം ജില്ലയുടെ ഭാഗംതന്നെയാണ്. കഥകളിയുടെ പൂര്‍വരൂപമായ രാമനാട്ടത്തിന്റെ ഉപജ്ഞാതാവായി പ്രകീര്‍ത്തിതനായ കൊട്ടാരക്കരത്തമ്പുരാനെന്നപോലെ സംഗീതസാഹിത്യാദി കലകള്‍ക്ക് കനത്ത സംഭാവനകള്‍ നല്കി കൈരളിയെ ഉപാസിച്ച കെ.സി. കേശവപ്പിള്ള, പരവൂര്‍ കേശവനാശാന്‍, ഈ.വി. കൃഷ്ണപിള്ള, സി.വി. കുഞ്ഞുരാമന്, ലളിതാം
ജില്ലയിലെ ശിലാഘടനയിലെ കാലാനുക്രമികമായ തുടര്‍ച്ച ചുവടേ ചേര്‍ത്തിരിക്കുന്നു. ഏറ്റവും താഴത്തെ അടരുകള്‍ ആര്‍ക്കിയന്‍ (archean) കല്പത്തിലെ ഗ്രാനൈറ്റുകളും നയ്സു(gneiss)കളുമാണ്. ഈ കല്പത്തിലേതായ മറ്റിനം ശിലകളില്‍ പൈറോക്സിന്‍ ഗ്രാനുലൈറ്റ്, ചാര്‍ണക്കൈറ്റ് നയ്സ്, ഗാര്‍ണറ്റ്-കോര്‍ഡിയറൈറ്റ് നയ്സ്, ഗാര്‍ണറ്റ്-സിലിമനൈറ്റ് നയ്സ്, കാള്ക്-ഗ്രാനുലൈറ്റ് എന്നിവ ഉള്‍പ്പെടുന്നു. മേല്പറഞ്ഞ ശിലകളുടെ അടരുകളിലേക്ക് തുളച്ചുകയറിയ രീതിയില്‍ കാണപ്പെടുന്ന ഡോളറൈറ്റ് ഡൈക്കുക(dyke)ളും സുലഭമാണ്. തെക്കു പടിഞ്ഞാറു ദിശയില്‍ നമിക്കുന്ന അക്ഷതലങ്ങളോടുകൂടിയ സമനതിക വലന (iso-clinal folder)ങ്ങളുടെ ഒരു ശ്രേണിയായി പരിഗണിക്കാവുന്ന വിധത്തിലാണ് ആര്‍ക്കിയന്‍ സ്തരങ്ങളുടെ മൊത്തത്തിലുള്ള കിടപ്പ്. ഇവയ്ക്കു മുകളിലായി കൊല്ലം വ്യൂഹ(Quilon series)ത്തിലും വര്‍ക്കല(varkalli)വ്യൂഹത്തിലുംപെട്ട അടരുകളാണുള്ളത്. ഇവയില്‍ കൊല്ലം വ്യൂഹത്തിലെ ശിലാപടലങ്ങളില്‍ മുഖ്യമായും ചുണ്ണാമ്പുകല്ല്, മണല്‍, കളിമണ്ണ് തുടങ്ങിയവയും കടല്‍ ജീവികളുടെ അവശിഷ്ടങ്ങളുമാണ് കാണപ്പെടുന്നത്. വര്‍ക്കല വ്യൂഹം കളിമണ്ണുകലര്‍ന്ന ചുണ്ണാമ്പുകല്ല്, പ്രത്യേകയിനം കളിമണ്ണുകള്‍, കരിമയ കളിമണ്ണ്, ലിഗ്നൈറ്റിന്റെ നേരിയ പടലങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ജില്ലയിലൊട്ടാകെയും ഉപരിപടലങ്ങള്‍ അപക്ഷയത്തിനു വിധേയമായി ലാറ്ററൈറ്റ് അടരുകളായി മാറിയിരിക്കുന്നു. കുന്നുകളുടെ ചരിവുകളിലും ഉപരിഭാഗങ്ങളിലുമാണ് ഇവ സാരമായ അളവില്‍ അട്ടിയിട്ടുകാണുന്നത്. കുന്നുകള്‍ക്കിടയിലെ നിരന്ന ഭാഗങ്ങളിലും ചരിവ് കുറഞ്ഞ താഴ്വാരങ്ങളിലും എക്കല്‍ മണ്ണിനാണ് പ്രാമുഖ്യം. കടലോരത്ത് തീരമണ്ണ് സാമാന്യം നല്ല കനത്തില്‍ അടിഞ്ഞുകാണുന്നു.
കല്ലടയാറും ഇത്തിക്കരയാറുമാണ് ഈ ജില്ലയിലെ പ്രധാനനദികള്‍. കുളത്തൂപ്പുഴ, ചെത്തൂര്ണി, കല്‍ത്തുരുത്തി എന്നീ പേരുകളിലറിയപ്പെടുന്ന മൂന്നു പുഴകള്‍ സംഗമിച്ചാണ് കല്ലടയാറായിത്തീരുന്നത്. പ്രധാന പോഷക നദിയായ കുളത്തൂപ്പുഴയാറ് പാപനാശം മലകളുടെ ഭാഗമായ കരിമല (1524 മീ.)യില്‍ നിന്നുമാണ് ഉദ്ഭവിക്കുന്നത്. മറ്റു രണ്ട് ഉപനദികളാല് പോഷിപ്പിക്കപ്പെട്ട് വടക്കുപടിഞ്ഞാറു ദിശയിലൊഴുകുന്ന ഈ ആറ് കാലങ്കുന്ന് എന്ന സ്ഥലത്തുവച്ച് ചെത്തൂര്ണിയുമായി ചേരുന്നു. കൊല്ലം-ചെങ്കോട്ടറോഡിന് സമീപത്തുള്ള പരപ്പാറില്വച്ചാണ് കല്ത്തുരുത്തിയാറിന്റെ സംഗമം. ചെത്തൂര്ണിയാറും കല്‍ത്തുരുത്തിയാറും ജലസമൃദ്ധങ്ങളായ അനേകം തോടുകളാല് പോഷിപ്പിക്കപ്പെട്ട നിലയിലാണ് പ്രധാനനദിയില് ലയിക്കുന്നത്. ഊര്ക്കുന്ന് എന്ന സ്ഥലം വരെ വടക്കുപടിഞ്ഞാറ് ദിശയില്‍ത്തന്നെ ഒഴുകുന്ന നദി പടിഞ്ഞാറോട്ട് തിരിഞ്ഞ് മുക്കടവിലെത്തുകയും ചിറ്റാര്‍ എന്ന പോഷകനദിയെ ലയിപ്പിച്ചശേഷം പത്തനാപുരം വരെ വീണ്ടും വടക്കുപടിഞ്ഞാറു ദിശ സ്വീകരിക്കുകയും ചെയ്യുന്നു. പത്തനാപുരത്തു നിന്നും പടിഞ്ഞാറോട്ടൊഴുകി ഏനാത്തെത്തുന്ന നദിയുടെ പിന്നീടുള്ള ഭാഗം തെക്കുപടിഞ്ഞാറു ദിശയിലാണ്; 120 കി.മീ. നീളമുള്ള ഈ നദിയുടെ പതനം അഷ്ടമുടിക്കായലിലാണ്. ഈ നദീമാര്‍ഗത്തില്‍ അനേകം വെള്ളച്ചാട്ടങ്ങളുണ്ട്; ഇവയില്‍ മീന്മുട്ടിയും ഒറ്റക്കല്ലും പ്രസിദ്ധങ്ങളാണ്. കല്ലട നദീതടത്തിന്റെ വിസ്തീര്‍ണം 1535 ച.കി.മീ. ആണ്; ഈ പ്രദേശം പത്തനാപുരം, കുന്നത്തൂര്‍, കൊട്ടാരക്കര എന്നീ താലൂക്കുകളില്‍ വ്യാപിച്ചിരിക്കുന്നു. പുനലൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നീ പട്ടണങ്ങളെ തഴുകിയാണ് കല്ലടയാറിന്റെ ഗതി. കല്ലടയാറിനു കുറുകെ പുനലൂരിലുള്ള തൂക്കുപാലം അതിന്റെ അപൂര്‍വസൃഷ്ടി മൂലം സവിശേഷതയര്ഹിക്കുന്നതാണ്. പരപ്പാര്‍, ഏനാത്ത്, കുന്നത്തൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനപ്പെട്ട മറ്റു പാലങ്ങള്‍. കല്ലടനദീജലപദ്ധതി പ്രാവര്‍ത്തികമായതോടെ ഈ ആറ്റിലെ ജലത്തിലെ സിംഹഭാഗവും ജലസേചനത്തിന് ഉപയോഗപ്പെട്ടു തുടങ്ങിയിരിക്കുന്നു.
കല്ലടയാറുമായി തട്ടിച്ചുനോക്കുമ്പോള്‍ നന്നേ ചെറിയ പുഴയാണ് ഇത്തിക്കരയാറ്. 56 കി.മീ. നീളമുള്ള ഈ പുഴയുടെ പ്രഭവം 285 മീ. മാത്രം ഉയരമുള്ള മടത്തൂരിക്കുന്നുകളില് നിന്നാണ്; തുടക്കത്തില്‍ വടക്കുപടിഞ്ഞാറുദിശയിലും, അല്പദൂരം പടിഞ്ഞാറായും ഒടുവില്‍ തെക്കുപടിഞ്ഞാറേക്കും ഒഴുകി പരവൂര്‍ കായലില്‍ ലയിക്കുന്ന ഇത്തിക്കരയാറിന്റെ തടവിസ്തൃതി 691 ച.കി.മീ. ആണ്. കൊട്ടിയം, ചാത്തന്നൂര്‍, ചടയമംഗലം, ആയൂര്‍ എന്നീ പട്ടണങ്ങളും കാര്‍ഷികപ്രധാനങ്ങളായ വയലാ, പാമ്പീറ, തിരുവാംഭാഗം, ആറ്റൂര്‍കോണം, ആദിച്ചനല്ലൂര്‍ തുടങ്ങിയ വില്ലേജുകളും ഇത്തിക്കരയാറിന്റെ തടപ്രദേശത്തില്‍ ഉള്‍പ്പെട്ടവയാണ്.
നദീതടങ്ങളിലെ ചരിവു പ്രദേശങ്ങളില്‍ ലാറ്ററൈറ്റ് സങ്കലിതമായ ചെമ്മണ്ണും നിരന്ന ഭാഗങ്ങളിലും താണനിലങ്ങളിലും ചെമ്മണ്ണ് എക്കല്കളിമണ്ണുകലര്ന്ന പശിമരാശിമണ്ണ് എന്നിവയിലൊന്നോ, സങ്കരമോ ആയുണ്ടായ മണ്ണും കാണപ്പെടുന്നു. കുന്നിന് തടങ്ങളിലും ചരിവുകളിലും ലാറ്ററൈറ്റ് മണ്ണിനാണു പ്രാമുഖ്യമുള്ളത്.
ജില്ലയിലെ നാല്പത്തിരണ്ടോളം കി.മീ. നീളത്തിലുള്ള തീരമേഖലയില്‍ ഉടനീളം നൈസര്‍ഗികമോ മനുഷ്യനിര്‍മിതമോ ആയ തോടുകളിലൂടെ പരസ്പരം ബന്ധപ്പെട്ട ചെറുതും വലുതുമായ കായലുകള്‍ കാണാം. ഇവയില്‍ അഷ്ടമുടിക്കായലാണ് ഏറ്റവും വലുത്. പേരു സൂചിപ്പിക്കുന്നതുപോലെ എട്ട് പിരിവുകളായി അനിയതാകൃതിയില് വ്യാപിച്ചു കിടക്കുന്ന ഈ ജലാശയത്തിന്റെ മൊത്തം വിസ്തീര്‍ണം 32 ച.കി.മീ. ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. ഏറ്റവും കൂടിയ നീളം 16 കിലോമീറ്ററും വീതി 11.2 കിലോമീറ്ററുമാണ്. വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്ന ശാഖകളുടെ ശരാശരി വീതി 3.2 കി.മീ. ആണ്. കല്ലടയാറിന്റെ പതനത്തിനു പടിഞ്ഞാറുള്ള വിസ്തൃതമായ പ്രദേശം പ്രായേണ ചതുപ്പു നിലമാണ്. നീണ്ടകര അഴിയിലൂടെ അഷ്ടമുടിക്കായലും കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. അഴിമുഖത്തിനു കിഴക്കായി കായലിനു കുറുകെ നിര്‍മിച്ചിട്ടുള്ള പാലത്തിന് 408 മീ. നീളമുണ്ട്. ഈ പാലത്തിലൂടെയാണ് N.H-47 കടന്നുപോകുന്നത്. നൈസര്‍ഗിക സൗകുമാര്യങ്ങളാല് അനുഗൃഹീതമായ നീണ്ടകര അഴിമുഖം ഒന്നാംകിട മത്സ്യബന്ധന തുറമുഖമായി വികസിച്ചിരിക്കുന്നു. അഷ്ടമുടിക്കായലിന്റെ സവിശേഷതകളിലൊന്ന് ജലാതിര്‍ത്തി തൂക്കായുള്ള കുന്നിന്ചരിവുകളിലാണെന്നതാണ്. ഈ കുന്നിന് പുറങ്ങളെ ഇടിച്ചുതാഴ്ത്തി കായലിന്റെ ആഴം കുറഞ്ഞ അരികുകളെ നികത്തിയെടുത്ത് കൃഷിനിലങ്ങളായി മാറ്റുന്ന സമ്പ്രദായം വ്യാപകമായി നിലവിലിരിക്കുന്നു. 1969-നുശേഷം അഷ്ടമുടിക്കായലിന്റെ നല്ലൊരു ഭാഗം ഇമ്മാതിരി നികത്തിയെടുക്കപ്പെട്ടിട്ടുള്ളതായി അടുത്തകാലത്ത് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു (Nayar et al, 1987).
താരതമ്യേന വ്യാപ്തി കുറഞ്ഞതാണ് കൊല്ലത്തിനു തെക്കുള്ള പരവൂര്‍ കായല്‍. ഇതിന്റെ വടക്കേശാഖയായ ഇരവിപുരം കായല്‍ തോടുമാര്ഗം അഷ്ടമുടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പരവൂര്‍ കായലിന്റെ മധ്യഭാഗം അഗാധവും തന്മൂലം ദുര്‍ഗമവുമാണ്. കടലുമായി ബന്ധപ്പെട്ടിരുന്നത് പരവൂര്‍ പൊഴിയിലൂടെയായിരുന്നു. ഇപ്പോള്‍ ഒരു കൃത്രിമത്തോടിലൂടെ നിരന്തര ബന്ധം സുസാധ്യമാക്കിയിരിക്കുന്നു. പരവൂര്‍ കായലിന്റെ തീരങ്ങളും വ്യാപകമായ നികത്തിയെടുക്കലിന് വിധേയമായിട്ടുണ്ട്.
പരവൂര്‍ കായലിനു തെക്കുള്ള ജലാശയങ്ങള്‍ ഇടവാ-നടയറക്കായല് എന്ന പൊതുവായ പേരിലാണ് അറിയപ്പെടുന്നത്. ഈ ജലപ്പരപ്പിന്റെ വടക്കേപകുതിമാത്രമാണ് കൊല്ലം ജില്ലയുടെ പരിധിയില്‍പ്പെടുന്നത്.
സംസ്ഥാനത്തിലെ ഏറ്റവും വലിയ ശുദ്ധജലത്തടാകമായ ശാസ്താംകോട്ടക്കായല് കൊല്ലം ജില്ലയിലാണ്. കല്ലട നദീതടത്തിന്റെ വലത്തേപകുതിയില് കൊല്ലം പട്ടണത്തിന്റെ 16 കി.മീ. വടക്കു കിഴക്കായി കിടക്കുന്ന ഈ ജലാശയം വടക്കും പടിഞ്ഞാറും കിഴക്കും ഭാഗങ്ങളില്‍ ഉയര്‍ന്ന കുന്നുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. കിഴക്കുഭാഗത്ത് ഉദ്ദേശം 1.6 കി.മീ നീളം വരുന്ന ഒരു വരമ്പാണുള്ളത്. ഈ ഭാഗം ഇപ്പോള്‍ സംരക്ഷിതമാണ്. 3.69 ച.കി.മീ. വിസ്തീര്‍ണമുള്ള ശാസ്താംകോട്ടക്കായലിന്റെ ഏറ്റവും കൂടിയ ആഴം 14.32 മീ. ആണ്. ഗണനീയമായ ഏതെങ്കിലും നീരൊഴുക്കിനാല്‍ പോഷിപ്പിക്കപ്പെടാത്ത സാഹചര്യത്തില്‍ ഈ തടാകത്തിലെ ജലസഞ്ചയത്തിനു നിദാനം ഭൂജലം പ്രവഹിപ്പിക്കുന്ന ഊറ്റുറവകളാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
ഉയര്‍ന്ന താപനിലയിലും നല്ല വര്ഷപാതവുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഈ ജില്ലയില്‍ ഉള്ളത്. മാര്‍ച്ച് മുതല്‍ മേയ് അന്ത്യംവരെ നീണ്ടു നില്ക്കുന്ന വേനല്ക്കാലത്തെത്തുടര്ന്ന് കാലവര്‍ഷം (ഇടവപ്പാതി) അനുഭവപ്പെടുന്നു.ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ തുലാവര്‍ഷക്കാലത്തും സാമാന്യമായ തോതില്‍ മഴ ലഭിക്കാറുണ്ട്. ശരാശരി താപനിലയാകട്ടെ 27°C -ഉം വാര്‍ഷിക വര്‍ഷപാതത്തിന്റെ ശരാശരിതോത് 250 സെന്റിമീറ്ററും ആണ്.
അമിതമായ മാനവികോപഭോഗംമൂലം ഭൂമിയുടെ ശരാശരി പ്രകൃതിക്കുപോലും മാറ്റം വന്നിട്ടുള്ള പശ്ചാത്തലത്തില്‍ നൈസര്‍ഗിക സസ്യജാലം ഏറെക്കുറെ നാമാവശേഷമായ സ്ഥിതിയാണ് ഇന്നുള്ളത്. പത്തനാപുരം താലൂക്കിലെ വനപ്രദേശത്തു മാത്രമാണ് കേരളത്തിന്റെ സവിശേഷതയായിരുന്ന പച്ചച്ചാര്ത്തുകള് തനതായ രീതിയില്‍ ദൃശ്യമായിട്ടുള്ളത്. മലഞ്ചരിവുകളില്‍ മഴക്കാടുകള്‍ ഇപ്പോഴും അവശേഷിച്ചിട്ടുണ്ട്. പാലി, വെള്ളപ്പയിന്,പുന്ന, വെള്ളകില്, ആഞ്ഞിലി, ചുരുളി, പൂതംകൊല്ലി, തെള്ളിപ്പയിന്‍, തമ്പകം, കുളമാവ്, ചെങ്കുറിഞ്ഞി, പെരുമരം തുടങ്ങിയ 45 മീറ്ററിലേറെ ഉയരത്തില്‍ വളരുന്ന വൃക്ഷങ്ങള്‍ മഴക്കാടുകളില്‍ സുലഭമാണ്. തഴച്ചുവളരുന്ന ഈറക്കാടുകളും ചൂരല്‍ക്കാടുകളും ഈ വനങ്ങളുടെ സാമ്പത്തിക പ്രാധാന്യം ഇരട്ടിപ്പിക്കുന്ന നൈസര്‍ഗിക സസ്യങ്ങളാണ്. ഈയിനം വനങ്ങളിലെ നന്നേ നേരിയ അംശം മാത്രമേ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളൂ. പത്രപാതിവനങ്ങളാണ് മറ്റൊരിനം സസ്യജാലം. വേനല്‍ക്കാലത്ത് ഉയരത്തില്‍ വളരുന്ന വൃക്ഷങ്ങള്‍ ഇലകൊഴിയുകയും കീഴ്പ്പടര്പ്പുകള് ഭാഗികമായി ഉണങ്ങുകയും ചെയ്യുന്നുവെന്നതാണ് ഈ വനങ്ങളുടെ പ്രത്യേകത. ഈട്ടി, പുല്ലമരുത്, വെന്തേക്ക്, തേമ്പാവ്, ചടച്ചി, മഞ്ഞക്കടമ്പ്, ഇലവ്, പൂപ്പാതിരി, വേങ്ങ, മഴുക്കാഞ്ഞിരം, കടമ്പ് തുടങ്ങി സമ്പത്പ്രധാനങ്ങളായ വൃക്ഷങ്ങളും സാമാന്യമായതോതില്‍ തേക്കും ഈ വനങ്ങളില്‍ കാണപ്പെടുന്നു.
ജില്ലയിലെ ഇടനാടുപ്രദേശവും അടുത്തകാലം വരെ തുറന്ന വനങ്ങളായി വിശേഷിപ്പിക്കാവുന്ന അളവില്‍ വൃക്ഷനിബിഡമായിരുന്നു. പാതിരി, പൂപ്പാതിരി, ഞാറ, കനല, കാഞ്ഞിരം, ചാര്, ആഞ്ഞിലി, ഇലവ്, മഞ്ചാടി, പേഴ്, കൊന്ന, കടമരം, താന്നി, തേമ്പാവ്, കറുവാ, വേങ്ങ, പിണറ്, ഉതി, വഴന, വട്ട തുടങ്ങിയ വിവിധയിനം വൃക്ഷങ്ങളും കുറുന്തോട്ടി, കടലാടി, ശതാവരി തുടങ്ങിയ ഔഷധികളും മുളങ്കൂട്ടങ്ങളും തെച്ചി, തൂശിമുല്ല, തുമ്പ, ശവംനാറി, അവില്‍പ്പൊരി തുടങ്ങിയ ചെടികളും കൈതക്കൂട്ടങ്ങളും ഇപ്പോള്‍ ഏതാണ്ട് വംശനാശത്തെ അഭിമുഖീകരിച്ചുകഴിഞ്ഞിരിക്കുന്നു. വീട്ടുവളപ്പുകളില്‍ പ്രത്യേകിച്ച് തൊടികളില്‍ മാവ്, പ്ലാവ്, ശീമപ്ലാവ്, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും ആഞ്ഞിലി, ഇലവ്, പെരുമരം തുടങ്ങിയ തടിയിനങ്ങളും സംരക്ഷിതമായ നിലയില്‍ വളരുന്നു. പുല്‍വര്‍ഗങ്ങളില്‍ മിക്കവയും നശിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കാപ്പി, ഏലം, ഗ്രാമ്പു, കൊക്കോ തുടങ്ങിയവയും മരച്ചീനിയും പുതുതായി പ്രാധാന്യം നേടിയ കൃഷികളാണ്. റബ്ബറിനാണ് ഏറ്റവും പ്രിയം. മലഞ്ചരിവുകളിലെ കാടുവെട്ടിത്തെളിച്ച് റബ്ബര്‍ പിടിപ്പിക്കുന്ന സമ്പ്രദായം സാര്‍വത്രികമായിട്ടുണ്ട്. റബ്ബര്‍ക്കൃഷി തീരസമതലത്തിലേക്കും അതിക്രമിച്ചിരിക്കുന്നു. തെങ്ങ്, കവുങ്ങ് എന്നിവയും നെല്ലുമാണ് മുന്തിയ വിളകള്‍. കരിമ്പ് അല്പമായ തോതില്‍ കൃഷി ചെയ്യപ്പെടുന്നു. ചേന, ചേമ്പ്, കാച്ചില് തുടങ്ങിയ കിഴങ്ങു വര്‍ഗങ്ങളും പയറിനങ്ങളും എള്ളും, സാമാന്യമായ തോതില്‍ ഉത്പാദിതമാവുന്ന വിളകളാണ്. ഇഞ്ചിക്കൃഷിയും ധാരാളമായി നടന്നുവരുന്നു. ഏറെ പ്രചാരത്തിലിരുന്ന വാഴക്കൃഷി ഇപ്പോള്‍ മാന്ദ്യത്തിലാണ്. ഇടനാടുപ്രദേശത്ത് സാധാരണയായി കണ്ടുവരുന്ന വൃക്ഷങ്ങളില്‍ മുരിങ്ങ, മുരിക്ക്, പൂവരശ് എന്നിവയും ഉള്‍പ്പെടുന്നു. ഇവ തീരപ്രദേശത്തും സമൃദ്ധമാണ്. തീരസമതലത്തിലെ വെള്ളം വാര്‍ന്നുപോകുന്നതിനു സൗകര്യമുള്ള എല്ലായിടത്തും ഇടനാടന്‍ സസ്യ പ്രകൃതി തുടര്‍ന്നുകാണാം. കായലോരങ്ങളിലും കടല്‍ത്തീരങ്ങളിലും തെങ്ങിനാണ് മുന്‍തൂക്കം. ഇവിടങ്ങളില്‍ ഏകമാത്ര കൃഷിസമ്പ്രദായമാണ് തുടര്‍ന്നു വരുന്നത്. മുരിക്ക്, പൂവരശ് എന്നീ വൃക്ഷങ്ങളും എരിക്ക്, ചക്രമൊള്ളി, കടലാവണക്ക് തുടങ്ങിയ ചെടികളും കൈതക്കൂട്ടങ്ങളുമാണ് തീരപ്രദേശത്തെ എടുത്തുപറയാവുന്ന സസ്യങ്ങള്‍. ജലാശയങ്ങളുടെയും പുഴ-തോടുകളുടെയും അരികില്‍ സമൃദ്ധമായി വളര്‍ന്നുകാണുന്ന ഒരു മരമാണ് ഒതളം. മുന്‍കാലത്ത് ധാരാളമുണ്ടായിരുന്ന മുളവര്‍ഗങ്ങള്‍ പാടേ ഉന്മൂലനാശം ചെയ്യപ്പെട്ടിരിക്കുന്നു.
മുന്‍കാലത്ത് പശ്ചിമഘട്ടപ്രദേശത്തെ വനങ്ങളില്‍ കടുവ, പുലി, തുടങ്ങിയ ഹിംസ്രമൃഗങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നു. ഇപ്പോള്‍ ഇവ നന്നേ വിരളമാണ്. അപൂര്‍വമായെങ്കിലും ശേഷിച്ചിട്ടുള്ളത് പുള്ളിപ്പുലികളാണ്. കാട്ടുപൂച്ച, മരപ്പട്ടി, വെരുക്, ചെങ്കീരി, കുറുനരി, ഹരിണവര്‍ഗങ്ങള്‍, അളുങ്ക്, കാട്ടുപന്നി, നച്ചെലി, മുയല് തുടങ്ങിയ ജീവികളാണ് സാധാരണയായി കാണപ്പെടുന്ന മൃഗങ്ങള്‍. വളരെ വിരളമായി കരടി, ചെന്നായ്, മുള്ളന്‍പന്നി തുടങ്ങിയവയെയും കാണാം. മേല്പറഞ്ഞവയിലെ നരഭോജികളാല്ലാത്ത ഇനങ്ങളൊക്കെയും ഇടനാട്ടിലെ കാടുകളില്‍പ്പോലും സമൃദ്ധമായുണ്ടായിരുന്നവയാണ്. ഇവയുടെ സംഖ്യ ഇത്രകണ്ട് ലോപിച്ചത് വന്‍തോതിലുള്ള വനനശീകരണവും അതോടനുബന്ധിച്ചുള്ള വേട്ടയാടലും മൂലമാണ്. ജില്ലയില്‍ സാര്വത്രികമായുണ്ടായിരുന്ന ശതക്കണക്കിനുള്ള പക്ഷിവര്‍ഗങ്ങളും ഇപ്പോള്‍ അപ്രത്യക്ഷങ്ങളായിരിക്കുന്നു. കൊല്ലം ജില്ലയിലെ വളര്‍ത്തു മൃഗങ്ങളില്‍ കാലിവര്ഗങ്ങള്, ആട്, പന്നി, മുയല് എന്നിവ ഉള്‍പ്പെടുന്നു. കോഴി വളര്‍ത്തലും സാമാന്യമായി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.
കൃഷി.
സാമാന്യം ഫലപുഷ്ടിയുള്ള 2,94,261 ഹെക്ടര്‍ കൃഷിനിലങ്ങള്‍ കൊല്ലം ജില്ലയിലുണ്ട്. നെല്ല്, മരച്ചീനി, തെങ്ങ്, റബ്ബര്‍, കുരുമുളക്, ഏത്തവാഴ, കശുമാവ് എന്നിവയാണ് പ്രധാന വിളകള്‍. ചേന, കാച്ചില്, ചേമ്പ് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും ധാരാളമായി കൃഷിചെയ്യപ്പെടുന്നു. മാവ്, പ്ളാവ്, ശീമപ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും സമൃദ്ധമാണ്. കായ്കറിവര്ഗങ്ങളും വെറ്റിലയും സാമാന്യമായതോതില്‍ കൃഷിചെയ്യുന്നു. ജില്ലയിലെ പ്രവൃത്തിയെടുക്കുന്ന ജനങ്ങളില്‍ 70 ശതമാനം കൃഷികാര്യങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
തെങ്ങിന്‍തോപ്പുകളുടെ മൊത്തം വിസ്തീര്‍ണം 81,765 ഹെക്ടറായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇവ കൂടാതെ നെല്‍വയലുകളിലെ വരമ്പുകളിലും കായല്‍ നികത്തിയെടുത്ത ചിറനിലങ്ങളിലും കുന്നിന് ചരിവുകളില്‍ മറ്റിനം വൃക്ഷങ്ങളുമായി ഇടകലര്‍ത്തിയും തെങ്ങുകൃഷി നടത്തുന്നുണ്ട്. പ്രതിവര്‍ഷം ശരാശരി 34.4 കോടി തേങ്ങ കൊല്ലം ജില്ലയില്‍നിന്നു ലഭിച്ചു വരുന്നു. ഇതിന്റെ അളവ് ഇപ്പോള്‍ നന്നേ കുറഞ്ഞിട്ടുണ്ട്. ഉദ്ദേശം 2,34,639 ഹെക്ടര്‍ സ്ഥലം വിനിയോഗിച്ച് കൃഷിചെയ്യപ്പെടുന്ന നെല്ല്, തെങ്ങ്, മരച്ചീനി, റബ്ബര്‍, കുരുമുളക് എന്നീ അഞ്ച് പ്രധാന വിളകളില്‍ നിന്നുള്ള മതിപ്പുപ്രതിവര്ഷവരുമാനം 213.39 കോടി രൂപയാണ്. അഞ്ചലിനടുത്ത് ഭാരതീപുരത്ത് 4000 ഹെക്ടര്‍ പ്രദേശം എണ്ണപ്പനത്തോട്ടമായി മാറ്റിയെടുത്തിട്ടുണ്ട്. സംസ്ഥാന ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള എണ്ണപ്പന വികസന കോര്‍പ്പറേഷന്റെ ഉടമയിലുള്ളതാണ് ഈ തോട്ടം.
കല്ലട, പമ്പ എന്നീ ജലസേചനപദ്ധതികളില്‍ നിന്നു കൊല്ലം ജില്ലയിലെ കൃഷി നിലങ്ങള്‍ക്ക് വളരെയേറെ നേട്ടമുണ്ടാകുന്നുണ്ട്. 1953-ല്‍ പണിയാരംഭിച്ച ഈ രണ്ടു പദ്ധതികളും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. കല്ലട ജലസേചനപദ്ധതി സംസ്ഥാന ഗവണ്മെന്റ് എറ്റെടുത്തു പണിതീര്‍ത്ത ബഹുമുഖ പദ്ധതികളില്‍ ഏറ്റവും വലുതാണ്. കൊല്ലം ജില്ലയില്‍ മാത്രമല്ല, അയല്‍ ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ക്കൂടി ജലസേചനസൗകര്യമെത്തിക്കുവാന് ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. തെന്മല അണക്കെട്ടിലെ ജലം ഉപയോഗിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ഒരു ഉപപദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നു. പരപ്പാറിലെ 335 മീ. നീളത്തിലുള്ള അണക്കെട്ടാണ് കല്ലടപദ്ധതിയിലെ പ്രധാന ഭാഗം. ഈ അണക്കെട്ടിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തിന് തറനിരപ്പില്‍ നിന്ന് 81 മീ. പൊക്കമുണ്ട്. അണകെട്ടിച്ചെറുത്ത് സൃഷ്ടിച്ചിട്ടുള്ള കൃത്രിമജലാശയത്തില്‍ നിന്നുള്ള നിയന്ത്രിതമായ ജലനിര്‍ഗമനം ഒറ്റക്കല്‍ എന്ന സ്ഥലത്തെ പ്രത്യേക സംവിധാനത്തിലൂടെയാണ്. ഇവിടെ നിന്ന് വലത്തും ഇടത്തും പാര്‍ശ്വങ്ങളിലേക്ക് വെള്ളമൊഴുകുന്ന രണ്ടു കനാലുകളുള്ളതില് വലത്തേ കനാലിന് 69 കിലോമീറ്ററും ഇടത്തേതിന് 58 കിലോമീറ്ററും നീളമുണ്ട്. ഈ കനാലുകളിലൂടെ 68,000 ഹെക്ടര്‍ കൃഷിനിലങ്ങളിലെ ജലസേചനം നിര്‍വഹിക്കപ്പെടുന്നു. പമ്പാജലസേചനപദ്ധതിയുടെ പ്രയോജനം ജില്ലയിലെ ഏതാനും ഭാഗങ്ങളില്‍ മാത്രമേ ലഭിക്കുന്നുള്ളൂ.
കൊല്ലം താലൂക്കിലെ പെരുങ്കുളം ഏലാവികസനം, പോളച്ചിറ കായല്‍ റിക്ലമേഷന്‍, ഇത്തിക്കര ഏലാവികസനം, കുന്നത്തൂര്‍ താലൂക്കിലെ പടിഞ്ഞാറേ കല്ലട പദ്ധതി എന്നിവയാണ് ഈ ജില്ലയിലെ പണിതീര്‍ന്നുവരുന്ന ഇടത്തരം ജലസേചനപദ്ധതികള്‍. ഇവയിലൂടെ ജലസേചനസൗകര്യം ലഭിച്ച കൃഷിനിലങ്ങള്‍ ഉള്‍പ്പെടെ കൊല്ലം ജില്ലയില്‍ മൊത്തം 7,980 ഹെക്ടര്‍ ഭൂമി ജലസേചിതമായിത്തീര്ന്നിട്ടുണ്ട്.
കാലിവളര്‍ത്തല്‍.
പശുപരിപാലനരംഗത്ത് കേരളത്തിലെ ജില്ലകളില്‍ കൊല്ലം ഒന്നാം സ്ഥാനത്താണ്. ഏതാണ്ട് 26,000 ഉഴവു മൃഗങ്ങളും അത്രയും തന്നെ എരുമകളും 2,01,000 പശുക്കളും 2,03,000 ആടുകളും ഉള്‍പ്പെടുന്നതാണ് ജില്ലയിലെ കാലിസമ്പത്ത്. കോഴി, താറാവ് എന്നിവയുടെ മൊത്തം എണ്ണവും താരതമ്യേന വര്‍ധിച്ചിട്ടുണ്ട്. കറവമാടുകളുടെ എണ്ണം പ്രതിവര്‍ഷം 5 ശതമാനം വച്ച് വര്‍ധിച്ചുവരുന്നതായി കണ്ടിരിക്കുന്നു. ജില്ലയിലൊട്ടാകെ 65 ക്ഷീരവ്യവസായ സഹകരണസംഘങ്ങളുണ്ട്. ശീതീകരണസംവിധാനം മൂന്നിടത്ത് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കൊല്ലം, കൊട്ടാരക്കര, ഏരൂര്‍ എന്നിവിടങ്ങളിലാണ് ഈ പ്ലാന്റുകള്‍. ദിനംപ്രതി 3,34,000 ലിറ്റര്‍ പാല് ലഭിക്കുന്നതായാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്. കൊല്ലം ജില്ലയില്‍ 9 മൃഗാശുപത്രികളും 40 മൃഗചികിത്സാകേന്ദ്രങ്ങളും 250 കൃത്രിമഗര്ഭാധാന കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചുവരുന്നു.
മത്സ്യസമ്പത്ത്.
ജില്ലയിലെ സമ്പദ്ഘടന നിര്‍ണയിക്കുന്നതില്‍ അതിപ്രധാനമായ ഒരു സ്ഥാനമാണ് സമുദ്രോത്പന്നങ്ങള്ക്കുള്ളത്. കടലോരത്തെ എല്ലാഭാഗങ്ങളിലും മത്സ്യബന്ധനം നടക്കുന്നുണ്ടെങ്കിലും നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളിലാണ് മീന്പിടിത്തകേന്ദ്രങ്ങള്. മത്സ്യത്തൊഴിലാളികളുടെ 23 കേന്ദ്രങ്ങള്‍ (തുറകള്‍) ആണ് കൊല്ലം ജില്ലയുടെ കടലോരമേഖല ഉള്‍ക്കൊള്ളുന്നത്. ഇവയില്‍ പ്രധാനപ്പെട്ടവ ചെറിയഴീക്കല്‍, ആലപ്പാട്, പണ്ടാരത്തുരുത്ത്, പുത്തന്‍തുറ, നീണ്ടകര, തങ്കശ്ശേരി, ഇരവിപുരം, പരവൂര്‍ എന്നിവിടങ്ങളിലാണ്. ഉദ്ദേശം 23,000 ആളുകള്‍ മത്സ്യബന്ധനത്തിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്നു. കടല്‍ത്തീരത്തു നിന്നും ഉള്ളിലേക്ക് മാറി കായലോരങ്ങളിലായി സ്ഥിതിചെയ്യുന്ന 24 മത്സ്യത്തൊഴിലാളികേന്ദ്രങ്ങളും ഈ ജില്ലയിലുണ്ട്. നീണ്ടകരയില്‍ നോര്‍വേയുടെ സാങ്കേതികസഹകരണത്തോടെ വികസിപ്പിച്ചിട്ടുള്ള മത്സ്യബന്ധനത്തുറമുഖം മീന്‍പിടിത്തബോട്ടുകളുടെ യന്ത്രവത്കരണത്തിലും ആഴക്കടല്‍ മീന്‍പിടിത്തം വികസിപ്പിക്കുന്നതിലും വലുതായ ആക്കം നല്കിയിരിക്കുന്നു. ജില്ലയിലെ ശരാശരി മത്സ്യലബ്ധി വര്‍ഷംതോറും 15 ശതമാനം വീതം വര്‍ധിക്കാനും ഈ തുറമുഖത്തിന്റെ വികസനം ഹേതുവായിട്ടുണ്ട്. ഒരുവര്‍ഷം ശരാശരി 85,275 ടണ്‍ മത്സ്യം ലഭിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ മൊത്തം സമുദ്രോത്പന്നങ്ങളിലെ മൂന്നിലൊരുഭാഗം കൊല്ലം ജില്ലയില്‍ നിന്നാണ് ലഭിക്കുന്നത്. ഈ ജില്ലയില്‍ 93 മത്സ്യോത്പാദന സംഘങ്ങളും രണ്ടു വായ്പാസംഘങ്ങളും ഒരു മത്സ്യവിപണനസംഘവും സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
വ്യവസായങ്ങള്‍.
ജില്ലയില്‍ വന്‍കിടയോ ഇടത്തരമോ ആയ 16 വ്യവസായശാലകളുള്ളതില് രണ്ടെണ്ണം കേന്ദ്രഗവണ്മെന്റിന്റെ നിയന്ത്രണത്തിലാണ്. ഇന്ത്യന്‍ റെയര്‍ എര്ത്സ്, കൊല്ലം; പാര്‍വതീ മില്‍സ് എന്നിവയാണ് അവ. കേരള സിറാമിക്സ്, കുണ്ടറ; ട്രാവന്‍കൂര്‍ പ്ലൈവുഡ്സ്, പുനലൂര്‍; കേരളാ ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി, കുണ്ടറ; കേരളാ പ്രിമോ പൈപ്പ് ഫാക്ടറി, ചവറ; കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, കൊല്ലം; യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് കൊല്ലം; കേരള അഗ്രോ ഫ്രൂട്ട് പ്രോഡക്ട്സ്, പുനലൂര്‍ എന്നിവയാണ് സംസ്ഥാനഗവണ്മെന്റിന്റെ ഉടമയിലുള്ള വ്യവസായങ്ങള്‍. സ്വകാര്യ ഉടമയിലും സഹകരണാടിസ്ഥാനത്തിലുമുള്ള പ്രധാനവ്യവസായങ്ങള്‍ പുനലൂര്‍ പേപ്പര്‍മില്‍സ്, പുനലൂര്‍ അലുമിനിയം ഇന്‍ഡസ്ട്രീസ്, കുണ്ടറ; ലക്ഷ്മിസ്റ്റാര്ച്ച് ഫാക്ടറി കുണ്ടറ; ഹാരിസന്സ് ആന്‍ഡ് ക്രോസ് ഫീല്‍ഡ് (ഇന്ത്യാ) ലിമിറ്റഡ് കൊല്ലം; തോമസ് സ്റ്റീഫന്‍ ആന്‍ഡ് കമ്പനി, കൊല്ലം; കേരളാ ബാക്കേഴ്സ് ലിമിറ്റഡ് ഫ്ളവര്‍ കോ യൂണിറ്റ്, പരവൂര്‍; കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ്, ചാത്തന്നൂര്‍ എന്നിവയാണ്. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചെറുകിട വ്യവസായങ്ങളുടെ എണ്ണം 2,813 ആണ്.
ഏതാണ്ട് 1,50,000 ആളുകള്‍ക്ക് തൊഴില്‍നല്‍കുന്ന കശുവണ്ടിവ്യവസായമാണ് ജില്ലയിലെ ഏറ്റവും മുന്തിയ വ്യവസായം. ചെറുതും വലുതുമായ 157 കശുവണ്ടി ഫാക്ടറികളില്‍ 27 എണ്ണത്തിന്റെ നിയന്ത്രണം ഗവണ്മെന്റുടമയിലുള്ള കശുവണ്ടി വികസന കോര്പ്പറേഷന് എറ്റെടുത്തിരിക്കുന്നു. ലോകവിപണിയിലെ മാന്ദ്യംമൂലം പ്രിയംകുറഞ്ഞതിനെത്തുടര്ന്ന് കശുവണ്ടിവ്യവസായം ഒരു സംരക്ഷിതവ്യവസായമായി മാറിയിരിക്കുന്നു. ഈ രംഗത്തെ തൊഴിലാളികളില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്.
കൈത്തറി നെയ്ത്ത്, കയര്‍, കളിമണ്ണും തടിയും ഉപയോഗിച്ചുള്ള കരകൗശല വസ്തുനിര്‍മാണം തുടങ്ങിയവയാണ് മറ്റു ചെറുകിട വ്യവസായങ്ങള്‍.
ഇല്‍മനൈറ്റ്, റൂട്ടൈല്‍, സിര്‍ക്കണ്‍, മോണോസൈറ്റ് എന്നിവ സമ്പന്നമായ തോതില്‍ അടങ്ങിയിരിക്കുന്ന ധാതുമണലിന്റെ ശുദ്ധീകരണം ജില്ലയിലെ മുന്തിയ വ്യവസായമാണ്. ചവറയ്ക്കടുത്തുള്ള ടൈറ്റാനിയം ഫാക്ടറി ഈ രംഗത്തെ അത്യാധുനിക യന്ത്രസംവിധാനങ്ങളുള്ള സ്ഥാപനമാണ്. കൊല്ലന്തോറും ഒരു ലക്ഷം ടണ്‍ ഇല്‍മനൈറ്റ് മണല്‍ കയറ്റുമതി ചെയ്തുവരുന്നു.
ഇത്തിക്കര, മുഖത്തല, അഞ്ചാലുംമൂട്, ചവറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, ഓച്ചിറ, ചിറ്റുമല, കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം, അഞ്ചല്‍, വെട്ടിക്കവല എന്നീ 13 സാമൂഹിക വികസന ബ്ലോക്കുകളാണ് കൊല്ലം ജില്ലയിലുള്ളത്. ഇവയില്‍ അഞ്ചല്‍ ബ്ലോക്കിനാണ് ഏറ്റവും കൂടുതല്‍ വിസ്തൃതി. ഈ ബ്ലോക്കിലെ 98,535 ഹെക്ടര്‍ പ്രദേശത്ത് 43,668 ഹെക്ടര്‍ വനഭൂമിയും ഉള്‍പ്പെടുന്നു.
ജില്ലയിലെ സാക്ഷരതാശതമാനം 93.77 (2012) ആണ്. 490 പ്രൈമറി സ്കൂളുകളും 208 അപ്പര്‍ പ്രൈമറി സ്കൂളുകളും 272 ഹൈസ്കൂളുകളുമുള്ള കൊല്ലം ജില്ലയില്‍ ആര്‍ട്സ്-സയന്‍സ് വിഭാഗത്തില്‍പ്പെട്ട 16 കോളജുകളും പ്രവര്‍ത്തിച്ചുവരുന്നു. ടി.കെ.എം. എന്‍ജിനീയറിങ് കോളജ്, കാര്‍മല റാണി ട്രെയിനിങ് കോളജ്, പത്തനാപുരത്തെ മൗണ്ട് ടേബര്‍ ട്രെയിനിങ് കോളജ്, ബേബിജോണ്‍ മെമ്മോറിയല്‍ ഗവ. കോളജുള്‍പ്പെടെ ഒട്ടനവധി എന്‍ജിനീയറിങ് കോളജുകള്‍, എഴുകോണ്‍, പുനലൂര്‍, കൊട്ടിയം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ പോളിടെക്നിക് കോളജുകള്‍, ചന്ദനത്തോപ്പ്, രാമന്‍കുളങ്ങര എന്നിവിടങ്ങളിലെ ഐ.ടി.ഐ., മൂന്നു മെഡിക്കല്‍ കോളജുകള്‍, രണ്ട് ലോ കോളജുകള്‍, നഴ്സിങ് കോളജുകള്‍, ബി.എഡ്, ഹോട്ടല്‍മാനേജ്മെന്റ്, എം.ബി.എ. തുടങ്ങിയ കോഴ്സുകള്‍ നടത്തുന്ന നിരവധി കോളജുകളും ജില്ലയെ വിദ്യാഭ്യാസ ഔന്നത്യത്തിലേക്കു നയിക്കുന്നു.
കൊല്ലം നഗരത്തിലെ ജില്ലാ ആശുപത്രി ഉള്‍പ്പെടെ ഇരുന്നൂറില്‍പ്പരം ആതുര ശ്രുശ്രൂഷാകേന്ദ്രങ്ങള് സര്‍ക്കാര്‍ ഉടമയില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഒരേ സമയം നാലായിരത്തോളം രോഗികളെ കിടത്തിചികിത്സിപ്പിക്കുവാനുള്ള സൗകര്യമാണ് ഈ ആശുപത്രികളില്‍ മൊത്തമായുള്ളത്. അത്യാധുനിക സൗകര്യങ്ങളുള്ള പ്രശസ്തിപെറ്റ നിരവധി ആശുപത്രികള്‍ സ്വകാര്യ ഉടമയില്‍ കൊല്ലം പട്ടണത്തിലും മറ്റു ജനപഥങ്ങളിലുമായി പ്രവര്‍ത്തിച്ചുവരുന്നു. ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാരീതികളെ അവലംബിച്ചുള്ള നിരവധി ചികിത്സാകേന്ദ്രങ്ങളും ഈ ജില്ലയില്‍ കാണാം.
നാഷണല്‍ ഹൈവേ 47-ലെ 57.4 കി.മീ. ദൂരം കൊല്ലം ജില്ലയിലൂടെയാണു കടന്നുപോകുന്നത്. മെയിന്‍ സെന്‍ട്രല്‍, കൊല്ലം-ചെങ്കോട്ട, പുനലൂര്‍-പാലാ-മൂവാറ്റുപുഴ തുടങ്ങിയ പ്രധാന റോഡുകളിലെ മൊത്തം 266.5 കി.മീ. ഈ ജില്ലയ്ക്കുള്ളിലാണ്. കൊല്ലം ജില്ലയില്‍ ഒട്ടാകെ 1552.096 കി.മീ. റോഡുകളുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. 81.28 കി.മീ. ദൈര്‍ഘ്യമുള്ള കൊല്ലം-കഴുത്തുരുത്തി ദേശീയപാത 208, 744 എന്ന നമ്പരായി പുനഃക്രമീകരിച്ചിട്ടുണ്ട്. കേരളാസ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്പ്പറേഷന് കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളിലെ ഡിപ്പോകളില്‍ നിന്നും ജില്ലയിലും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ബസ് സൗകര്യം ഉറപ്പു വരുത്തിയിരിക്കുന്നു; മിക്ക കേന്ദ്രങ്ങളില്‍ നിന്നും സ്വകാര്യ സര്‍വീസുകളും ധാരാളമായി നടന്നു വരുന്നു. പൊതുവേ മെച്ചപ്പെട്ട ഗതാഗത സൗകര്യമാണ് ജില്ലയെമ്പാടുമുള്ളത്.
കൊല്ലം ജില്ലയ്ക്കുള്ളില്‍ 132കി.മീ. റെയില്പ്പാതയുളള്ളതില് 51 കി.മീ. ബ്രോഡ്ഗേജും 81 കി.മീ. മീറ്റര്ഗേജുമാണ്. 1904-ല്‍ ആണ് റെയില്‍വേ ലൈന്‍ (മീറ്റര്‍ഗേജ്) കൊല്ലം പട്ടണത്തിലെത്തിയത്. തിരുവനന്തപുരത്തുനിന്ന് ഷൊര്ണ്ണൂരിലേക്കു പോകുന്നതാണ് ബ്രോഡ്ഗേജ് പാത. പരവൂര്‍, മയ്യനാട്, കൊല്ലം, പെരിനാട്, മണ്‍റോതുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവയാണ് ഈ പാതയിലെ പ്രധാന സ്റ്റേഷനുകള്‍. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം, ബംഗളൂരു, ചെന്നൈ, ന്യൂഡല്‍ഹി, ജമ്മുതാവി, അഹമ്മദാബാദ്, മുംബൈ, ഗുവാഹത്തി എന്നീ കേന്ദ്രങ്ങളിലേക്കു പോകുന്ന എല്ലാ തീവണ്ടികളും കൊല്ലം പട്ടണം സ്പര്‍ശിക്കുന്നു; തിരിച്ച് കന്യാകുമാരി, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്കും ട്രെയിന്‍ സൗകര്യമുണ്ട്. പുനലൂര്‍-ചെങ്കോട്ട വഴി വിരുതുനഗറിലേക്കും തുടര്‍ന്ന് മധുര, തിരുച്ചിറപ്പള്ളി, വില്ലുപുരം എന്നിവിടങ്ങളിലൂടെ ചെന്നൈയിലേക്കും പോകുന്ന മീറ്റര്‍ഗേജ് പാത കൊല്ലത്തു നിന്നുമാണ് ആരംഭിക്കുന്നത്. കുണ്ടറ, കൊട്ടാരക്കര, തെന്മല, ആര്യങ്കാവ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് ഈ പാതയുടെ ഗതി. ഈ പാത ബ്രോഡ്ഗേജ് ആക്കുന്നതിനുള്ള പണി നടക്കുകയാണ് (2012). തമിഴ്നാട്ടിലെ പ്രധാന കേന്ദ്രങ്ങളുമായി നേരിട്ടു വ്യാപാരബന്ധം പുലര്‍ത്തുന്നത് സുകരമാക്കിത്തീര്ക്കുന്ന ഈ പാത കൊല്ലംപട്ടണത്തിന്റെ ഉന്നമനത്തില്‍ അതിപ്രധാനമായ പങ്കു വഹിക്കുന്നു.
തിരുവനന്തപുരം മുതല്‍ ഹോസ്ദുര്‍ഗ് വരെ ജലഗതാഗതം സാധ്യമാക്കുന്ന പശ്ചിമതീര കനാല്വ്യൂഹത്തിലെ സുപ്രധാന കേന്ദ്രമാണ് കൊല്ലം. അവഗണനമൂലം ഈ ജലപാതയില്‍ പല ഭാഗങ്ങളും സഞ്ചാരയോഗ്യമല്ലാതായിത്തീര്ന്നിരിക്കുന്ന ഇന്നത്തെ അവസ്ഥയിലും കൊല്ലം ജലഗതാഗതകേന്ദ്രമായി വര്‍ത്തിക്കുന്നു. അഷ്ടമുടിക്കായലിന്റെ മറുകരയിലുള്ള കേന്ദ്രങ്ങളിലേക്കും വടക്ക് ആലപ്പുഴ വരെയും ബോട്ട് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുതിരപ്പറമ്പ്, ഗുഹാനന്ദപുരം, ആയിരം തെങ്ങ്, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ് സര്‍ക്കാര്‍ ബോട്ട് സര്‍വീസുകളുള്ളത്. സ്വകാര്യഉടമയിലുള്ള സര്‍വീസുകളും ധാരാളമായുണ്ട്.
ജില്ലയിലെ തുറമുഖങ്ങള്‍ നീണ്ടകരയും കൊല്ലവുമാണ്. ഇതില്‍ കൊല്ലം പ്രായേണ അവഗണിക്കപ്പെട്ട അവസ്ഥയിലാണ്. നീണ്ടകര മത്സ്യബന്ധനതുറമുഖം, സമുദ്രോത്പന്ന വിപണനകേന്ദ്രം എന്നീ നിലകളില്‍ പ്രവൃദ്ധമായിവരുന്നു.
ടെലിഫോണ്‍, ടെലിവിഷന്‍ തുടങ്ങിയ വാര്‍ത്താവിനിമയ മാധ്യമങ്ങളും പോസ്റ്റല്‍ സൗകര്യങ്ങളും ജില്ലയൊട്ടാകെ വ്യാപിച്ചിരിക്കുന്നു. കൊല്ലം പട്ടണത്തില്‍ നിന്ന് ഇന്ത്യയിലെ പ്രമുഖ കേന്ദ്രങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്നതിനുള്ള ട്രങ്ക്ഡയല് വ്യവസ്ഥ പ്രാവര്‍ത്തികമായിട്ടുണ്ട്.
ജില്ലാതലസ്ഥാനമായ കൊല്ലം പട്ടണത്തില്‍ നിന്ന് ഒരു ദിനപത്ര(ജനയുഗം)വും സായാഹ്നപത്രങ്ങളും പ്രസിദ്ധീകരിച്ചുവരുന്നു. മലയാളത്തിലെ എണ്ണപ്പെട്ട സാംസ്കാരിക പ്രസിദ്ധീകരണങ്ങളില്‍ ചിലത് ഈ ജില്ലയില്‍ നിന്നാണ് പുറപ്പെടുന്നത്. ഇവയില്‍ എട്ടു വാരികകളും മൂന്ന് ദ്വൈവാരികകളും മൂന്ന് മാസികകളും ഉള്‍പ്പെടുന്നു.
പുനലൂരിനു 80 കി.മീ. കിഴക്കായുള്ള അച്ചന്‍കോവിലിലെ പഴക്കമുള്ള ശാസ്താക്ഷേത്രത്തിലെ മണ്ഡലപൂജയ്ക്കും അതിനോടനുബന്ധിച്ചുള്ള തേരോട്ടത്തിനും മകരമാസത്തിലെ രേവതിനാളില്‍ ആഘോഷിക്കപ്പെടുന്ന പുഷ്പാഭിഷേകത്തിനും ജനലക്ഷങ്ങള്‍ എത്തിച്ചേരാറുണ്ട്. വനമധ്യത്തിലുള്ള ഈ ക്ഷേത്രം എണ്ണപ്പെട്ട തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ്. പുനലൂരിന് 13 കി.മീ. തെക്കുള്ള അഞ്ചല്‍, രണ്ടാഴ്ചയിലൊരിക്കല്‍ കൂടുന്ന കന്നുകാലിചന്തയ്ക്കും പന്ത്രണ്ടു സംവത്സരങ്ങള്‍ കൂടുമ്പോള്‍ നടത്തപ്പെടുന്ന ഭഗവതിക്ഷേത്രത്തിലെ മുടിയുത്സവത്തിനും പ്രസിദ്ധമാണ്. ജില്ലയുടെ കിഴക്കരികിലെ മലമടക്കുകളില്‍ കൊല്ലത്തു നിന്നു 93 കി.മീ. ദൂരത്തായി സ്ഥിതിചെയ്യുന്ന മറ്റൊരു തീര്‍ഥാടനകേന്ദ്രമാണ് ആര്യങ്കാവ്. ഇവിടെയുള്ള ശാസ്താക്ഷേത്രത്തിലും ഡിസംബര്‍(ധനു) മാസത്തിലെ മണ്ഡലപൂജ, തൃക്കല്യാണം എന്നീ ഉത്സവക്കാലത്ത് ജനസഹസ്രങ്ങള്‍ എത്തിച്ചേരാറുണ്ട്. ആര്യങ്കാവിനടുത്തുള്ള പാലരുവി വെള്ളച്ചാട്ടവും ഒട്ടനവധി സന്ദര്‍ശകരെ ആകര്‍ഷിച്ചു വരുന്നു. ജില്ലയിലെ പത്തനാപുരം താലൂക്കിലെ മനോഹരമായ ഒരു മലമ്പ്രദേശമാണ് തെന്മല. കൊല്ലത്തുനിന്നും 62 കി.മീ. അകലെയാണ് തെന്മല സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ ആദ്യമായി ഇക്കോടൂറിസം നടപ്പിലാക്കിയത് ഇവിടെയാണ്. 1999 ഡിസംബറിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കല്ലടയാറ്റിനു കുറുകെ നിര്‍മിച്ചിരിക്കുന്ന ഉരുക്കുകയറുകളില്‍ തൂങ്ങിക്കിടക്കുന്ന നടപ്പാലം, മരങ്ങളുടെ മുകളിലൂടെ നിര്‍മിച്ചിരിക്കുന്ന നടപ്പാത തുടങ്ങിയവ ഇവിടത്തെ സവിശേഷതകളാണ്.
കൊല്ലം പട്ടണത്തിന് 34 കി.മീ. വടക്ക് നാഷണല്‍ ഹൈവേയിലുള്ള ഓച്ചിറ പരിപാവനമായി കരുതിപ്പോരുന്ന പരബ്രഹ്മ ആസ്ഥാനമാണ്. ഇവിടെ പ്രത്യേക ക്ഷേത്രമോ ആരാധനാവിഗ്രഹമോ ഇല്ല. വൃശ്ചികമാസത്തിലെ പന്ത്രണ്ടുവിളക്കു മഹോത്സവമാണ് ഏറ്റവും വലിയ വിശേഷം. നാനാജാതിമതസ്ഥരായ ജനലക്ഷങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരു സ്ഥലമാണിവിടം. മിഥുനമാസം ഒന്നിന് അരങ്ങേറുന്ന ഓച്ചിറക്കളി ഐതിഹ്യാധിഷ്ഠിതവും പ്രസിദ്ധവുമാണ്.
കൊട്ടാരക്കരയിലെ മഹാഗണപതിക്ഷേത്രവും ഏഴുശതാബ്ദത്തിലേറെ പഴക്കമുള്ള മാര്‍ത്തോമാ പള്ളിയും പ്രമുഖങ്ങളായ ആരാധനാലയങ്ങളാണ്. കുളത്തൂപ്പുഴയിലെ ശാസ്താക്ഷേത്രം മേടമാസത്തിലെ വിഷുവുത്സവത്തിലൂടെ പുകഴുറ്റതായിരിക്കുന്നു. ചവറയ്ക്കടുത്തുള്ള കൊറ്റംകുളങ്ങരയാണ് മറ്റൊരു പുണ്യസ്ഥലം. മീനമാസത്തിലെ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ വിളക്കെടുപ്പിന് പെണ്‍വേഷം കെട്ടി താലപ്പൊലിയെടുക്കുന്നത് അഭീഷ്ടസിദ്ധിക്ക് ഏറ്റവുംപറ്റിയ അനുഷ്ഠാനമായി വിശ്വസിക്കപ്പെട്ടുപോരുന്നു. മയ്യനാട് ഒരു ക്ഷേത്രസമുച്ചയമാണെന്നു തന്നെ പറയാം. ഇവിടെയുള്ള ഒമ്പതുക്ഷേത്രങ്ങളില്‍ ഏറ്റവും പ്രമുഖം ഉമയനല്ലൂരിലെ സുബ്രഹ്മണ്യക്ഷേത്രമാണ്. ആദിശങ്കരന് പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഇവിടത്തേത് എന്നു വിശ്വസിക്കപ്പെടുന്നു.
പത്തനാപുരത്തെ പള്ളിയും പുനലൂരിനു 10 കി.മീ. പടിഞ്ഞാറ് കുന്നിക്കോട്ടുള്ള പച്ചിലക്കുന്ന് കബറുമാണ് കൊല്ലം ജില്ലയിലെ മുസ്ലിം തീര്‍ഥാടനകേന്ദ്രങ്ങള്‍.
ചുണ്ണാമ്പുകല്ല്.
കൊല്ലം പട്ടണത്തിന് 8 കി.മീ. വടക്ക്കിഴക്കായുള്ള പടപ്പാക്കരയിലും പരവൂര്‍, മയ്യനാട് എന്നിവിടങ്ങളിലും ചുണ്ണാമ്പുകല്‍ നിക്ഷേപങ്ങളുണ്ട്. അഷ്ടമുടിക്കായലിന്റ ഓരത്തായി സ്ഥിതിചെയ്യുന്ന പടപ്പാക്കര കുന്നിലാണ് ഏറ്റവും മികച്ച നിക്ഷേപം. 42 മുതല്‍ 46 വരെ ശതമാനം ചുണ്ണാമ്പ് (CaCo3) ഉള്‍ക്കൊള്ളുന്ന ഈ നിക്ഷേപങ്ങള്‍ 1 മുതല്‍ 1.5 വരെ മീ. കനത്തിലുള്ള അട്ടികളായി കാണപ്പെടുന്നു.
അഭ്രം.
പുനലൂരിന് വടക്ക് കിഴക്കുള്ള കാക്കപ്പൊന്നയ്യം എന്ന സ്ഥലത്തു നിന്ന് ഫ്ളോഗപൈറ്റ് ഇനത്തില്‍പ്പെട്ട അഭ്രം ലഭിച്ചു വരുന്നു. മാലിന്യങ്ങള്‍ കലര്‍ന്ന് ഇരുണ്ടനിറത്തിലുള്ള ഈ ധാതു വൈയവസായിക പ്രാധാന്യം അര്‍ഹിക്കുന്നില്ല. ഈ നിക്ഷേപത്തോടനുബന്ധിച്ച് നിക്കലിന്റെ അയിരായ പൈറോഹോട്ടൈറ്റ് നേരിയ തോതില്‍ കണ്ടു വരുന്നു; ഖനനസാധ്യമായ അളവില്‍ ലഭിക്കുന്നില്ല.
കളിമണ്ണ്.
കുണ്ടറയിലെ പലഭാഗത്തും ചീനമണ്ണിന്റെ സമ്പന്നനിക്ഷേപങ്ങളുണ്ട്. ഏറ്റവും മുഖ്യമായ നിക്ഷേപം 18 മീറ്ററോളം ഉയരമുള്ള ഒരു കുന്നിന്റെ അടിവാരത്തായി അവസ്ഥിതമായിരിക്കുന്നു. 30 മീറ്ററോളം വരുന്ന ടെര്‍ഷ്യറി അടരുകള്‍ക്കിടയില്‍ ശരാശരി 8 മുതല്‍ 10 വരെ മീ. കനത്തില്‍ അട്ടിയിട്ടിട്ടുള്ള ഈ നിക്ഷേപത്തിന്റെ അളവ് മൊത്തം 7.5 ലക്ഷം ടണ്ണായി കണക്കാക്കിയിരിക്കുന്നു. 2.5 ലക്ഷം ടണ്‍ മുന്തിയയിനം ചീനമണ്ണ് ഉത്പാദിപ്പിക്കാന്പോന്ന ഈ കനത്ത നിക്ഷേപം ഏതാനും ദശാബ്ദങ്ങളായി ഖനനവിധേയമാണ്. ചാത്തന്നൂരിലും സാമാന്യം ശുദ്ധമായ കളിമണ്ണ് ലഭ്യമാണ്. അഞ്ചാറുമീറ്റര്‍ കനത്തിലുള്ള മണല്ക്കട്ടികള്ക്കിടയില് ഒന്നു മുതല്‍ അഞ്ചുവരെ മീ. കനത്തിലുള്ള അടരുകളായാണ് കളിമണ്ണിന്റെ അവസ്ഥിതി. മൊത്തം 80,000 ടണ്‍ നിക്ഷേപമുള്ളതായി കണക്കാക്കിയിരിക്കുന്നു.
ബോക്സൈറ്റ്.
ചിറ്റവട്ടം മുതല്‍ അദിക്കാട്ടുകുളങ്ങര-ആദിച്ചനല്ലൂര്‍ വരെയുള്ള പ്രദേശത്ത് അങ്ങിങ്ങായി ബോക്സൈറ്റ് സഞ്ചയങ്ങള് കണ്ടെത്തിയിട്ടുണ്ട്. കുന്നിന്പുറങ്ങളില് കടുപ്പമേറിയ ലാറ്ററൈറ്റുകളുമായി ഇടകലര്‍ന്ന രൂപത്തിലാണ് ബോക്സൈറ്റ് സഞ്ചിയങ്ങള് അവസ്ഥിതമായിരിക്കുന്നത്. ഇരുമ്പിന്റെ കലര്പ്പനുസരിച്ച് മങ്ങിയ വെള്ളമുതല്‍ കടും തവിട്ടു വരെ നിറങ്ങളില്‍ കാണപ്പെടുന്നു; പൊതുവേ മാലിന്യം കുറഞ്ഞതാണ്. 48 മുതല്‍ 50 വരെ ശതമാനം അലുമിനിയം ഓക്സൈഡ് (Al2O3) അടങ്ങിയിട്ടുള്ള 26.4 ലക്ഷം ടണ്‍ ബോക്സൈറ്റ് ഈ പ്രദേശത്തുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു.
ഇല്‍മനൈറ്റ്, മോണസൈറ്റ്. ചവറ കേന്ദ്രീകരിച്ച് ജില്ലയിലെ തീരപ്രദേശത്ത് ഇല്‍മനൈറ്റ്, മോണസൈറ്റ് ധാതുക്കള്‍ സമ്പന്നമായുള്ള മണല്‍ നിക്ഷേപങ്ങളുണ്ട്. ഇവ സാമാന്യമായ തോതില്‍ ഖനനം ചെയ്തുവരുന്നു.
അവസാനം പരിഷ്കരിച്ചത് : 3/12/2020
ആലപ്പുഴ - ജില്ലാ ചരിത്രം
കോട്ടയം ജില്ലാ ചരിത്രവും കൂടുതൽ വിവരങ്ങളും
കണ്ണൂർ ജില്ല ചരിത്രവും കൂടുതൽ വിവരങ്ങളും
എറണാകുളം ജില്ല - ചരിത്രവും കൂടുതൽ വിവരങ്ങളും