ടൈറ്റാനിക് സിനിമ കണ്ടിട്ടുള്ളവരെല്ലാം ഓര്‍മിക്കുന്നുണ്ടാവും തുടക്കത്തിലെ ആ സീന്‍. കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന കപ്പലിനുള്ളിലേക്ക് ക്യാമറ ഘടിപ്പിച്ച ഒരു ചെറിയ യന്ത്രവാഹനം കടന്നുചെല്ലുന്നത്. സിനിമയ്ക്കുവേണ്ടിയുള്ള വെറും സെറ്റ് ആയിരുന്നില്ല അത്. യഥാര്‍ഥത്തിലെടൈറ്റാനിക്കിനെത്തന്നെയാണ് നമ്മള് 'അക്കാഡെമിക് മിസ്റ്റിസ്ലാവ് കേല്‍ഡിഷ്' എന്ന സോവിയറ്റ് പര്യവേഷണ കപ്പലില്‍നിന്ന് അയച്ച യന്ത്രവാഹനമായിരുന്നു ആഴങ്ങളിലെടൈറ്റാനിക്കിനെ നമ്മുടെ കണ്‍മുന്നിലെത്തിച്ചത്.
ടൈറ്റാനിക്കിന്റെ സംവിധായകനായ ജെയിംസ് കാമറോണാണ് റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ അനുമതിയോടെയാണ് 1996-ല്‍ തന്റെ ചിത്രത്തിനായി ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. അതിനിടെ ശാസ്ത്രജ്ഞരുടെ സംഘവും അവരുടെ പ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. ടൈറ്റാനിക്കിലെ ഇരുമ്പുനിര്‍മിത ഭാഗങ്ങളില്‍നിന്ന് തുരുമ്പിനു സമാനമായ ചില അവശിഷ്ടം കണ്ടെടുത്തതായിരുന്നു അതില്‍ പ്രധാനം. 14 വര്‍ഷ പഠനത്തിനുശേഷം അത് വെറും തുരുമ്പല്ലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. അതൊരു 'ജീവനുള്ള തുരുമ്പാ'ണത്രേ! അതായത് ഇരുമ്പിനെ തുരുമ്പാക്കിമാറ്റാന്‍ കഴിയുന്ന പുതിയൊരുതരം ബാക്ടീരിയ. ടൈറ്റാനിക്കി'ല്‍നിന്നു കിട്ടിയതെന്ന സൂചനയോടെയുള്ളതാണ് അതിന്റെ പേരും- 'ഹാലോമോണാസ് ടൈറ്റാനിക്കെ' (Halomonas titanicae)!
1912 ഏപ്രില്‍ 14നായിരുന്നു ടൈറ്റാനിക് മുങ്ങിയത്. അറ്റ്ലാന്റിക് സമുദ്രത്തില്‍, കനഡയുടെ ഭരണാതിര്‍ത്തിയിലുള്ള ന്യു ഫൌണ്ട് ലാന്‍ഡ് ദ്വീപില്‍നിന്ന് 530 കിലോമീറ്റര്‍ തെക്കുകിഴക്കായി, സമുദ്രോപരിതലത്തില്‍നിന്ന് 3.8 കിലോമീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക് ഇപ്പോഴുള്ളത്. മുങ്ങുന്നസമയത്തുണ്ടായ മര്‍ദവ്യത്യാസം കാരണം മുന്‍ഭാഗവും പിന്‍ഭാഗവും 600 മീറ്ററോളം വേറിട്ട നിലയിലാണ് ടൈറ്റാനിക്കി'ന്റെ കിടപ്പ്.
98 വര്‍ഷമായി കടലിനടിയില്‍ സ്വാഭാവിക തുരുമ്പിക്കലിനു വിധേയമാകുന്ന ടൈറ്റാനിക്കിന്റെ തുരുമ്പിക്കല്‍ പക്ഷേ സാധാരണയുള്ളതിനേക്കാള്‍ വേഗത്തിലാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ബാക്ടീരിയ അടങ്ങുന്ന സൂക്ഷ്മജീവികളുടെ സംഘമാണ് തുരുമ്പിക്കലിനെ വേഗത്തിലാക്കുന്നത്. പരസ്പര സഹകരണത്തിലൂടെ നിലനില്‍ക്കുന്ന ഈ സൂക്ഷ്മജീവികള്‍ കൃത്യനിര്‍വഹണം വേഗത്തിലാക്കാന്‍'സിംബയോട്ടിക് അസോസിയേഷന്' (Symbiotic Association) എന്ന കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ടത്രെ. ഇതിലെ ഒരംഗം മാത്രമാണ് 'ഹാലോമോണാസ് ടൈറ്റാനിക്ക' എന്ന ബാക്ടീരിയ.
മുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്കു മാത്രമല്ല അവ ഭീഷണിയാവുന്നത്. കടല്‍ജലവുമായി സമ്പര്‍ക്കത്തില്‍വരുന്നതും ഇരുമ്പുനിര്‍മിതവുമായ ഏതൊന്നിനെയും അവ നശിപ്പിക്കും. 'ടൈറ്റാനിക്ബാക്ടീരിയ'യുടെ കണ്ടെത്തലിനെ ശാസ്ത്രസമൂഹം ഇതിനാല്‍ ഗൌരവതരമായാണ് വീക്ഷിക്കുന്നത്. കനഡയിലെ ഡെല്‍ഹൌസി സര്‍വകലാശാലയിലെയും സ്പെയിനിലെ സെവില്ലാ സര്‍വകലാശാലയിലെയും ഗവേഷകരാണ് പുതിയ ഇരുമ്പുതീനി ബാക്ടീരിയയുടെ കണ്ടെത്തലിനുപിന്നില്‍. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സിസ്റ്റമാറ്റിക് ആന്‍ഡ് എവല്യൂഷണറി
തുരുമ്പിക്കലിന്റെ രസതന്ത്രം
തുരുമ്പിക്കല്‍ അഥവാ റസ്റ്റിങ്ങി (Rusting) നെ ഒരു വൈദ്യുതവിശ്ളേഷണ (Electrolysis) പ്രവര്‍ത്തനമായാണ് ശാസ്ത്രജ്ഞര്‍ വിവക്ഷിക്കുന്നത്. ഇരുമ്പിന്റെ ശുദ്ധരൂപത്തെക്കാള്‍ അതിന്റെ സങ്കരമാണ് തുരുമ്പിക്കലിന് എളുപ്പത്തില്‍ വിധേയമാവുന്നത്. ലോഹസങ്കരത്തിലെ ഇരുമ്പ്ആനോഡ് ആയി പ്രവര്‍ത്തിക്കുകയും രണ്ട് ഇലക്ട്രോണുകളെ പുറത്തുവിട്ട് ഫെറസ് അയോണ്‍'(Fe2+) ആയി മാറുകയും ചെയ്യുന്നു. ലോഹസങ്കരത്തിലെ മറ്റ് ലോഹങ്ങളായ ചെമ്പ്, വെളുത്തീയം (Tin) എന്നിവ ഈ ഇലക്ട്രോണുകളെ സ്വീകരിക്കാനുള്ള കാഥോഡ് ആയി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ വൈദ്യുതവിശ്ളേഷണ പ്രവര്‍ത്തനം പൂര്‍ണമാവുന്നു.
ഓക്സിജന്റെയും ജലാംശത്തിന്റെയും സാന്നിധ്യം ഇതിന്റെ ആക്കം വര്‍ധിപ്പിക്കുന്നതാണ്. കാരണം രണ്ടുപേര്‍ക്കുംകൂടി നാല് ഇലക്ട്രോണുകളെ സ്വീകരിക്കുന്നതിനു സാധിക്കും. ഇതിലൂടെ കൂടുതല്‍ ഇലക്ട്രോണുകളെ ഇരുമ്പില്‍നിന്ന് നീക്കംചെയ്യാം. അതിലൂടെ സൃഷ്ടിക്കുന്ന ഫെറസ് അയോണുകള്‍(Fe2+) ഫെറിക് അയോണുകളായി (Fe3+) മാറുന്നതിനിടയില്‍ അലേയമായ (ജലത്തില്‍ ലയിക്കാത്ത) സംയുക്തം സൃഷ്ടിക്കപ്പെടും. ഇതാണ് 'തുരുമ്പ്' എന്നറിയപ്പെടുന്ന ഫെറിക് ഓക്സൈഡ്(Ferric Oxide). അയോണുകളുടെ സഞ്ചാരത്തിനു പറ്റിയ ഒരു മാധ്യമം ഉണ്ടായിരിക്കുന്നത് തുരുമ്പിക്കലിന്റെ വേഗം വര്‍ധിക്കാനിടയാക്കും. ഇതാണ് ജലാംശം, ഉപ്പുകാറ്റ് തുടങ്ങിയവ തുരുമ്പിക്കല്‍ വേഗത്തിലാക്കാന്‍ കാരണം.
ഇരുമ്പുതീനി ബാക്ടീരിയയുടെ പ്രവര്‍ത്തനം
അധികമായ ലവണാംശത്തില്‍ ജീവിക്കുന്നതു കാരണം 'ഹാലോഫിലിക്' എന്നറിയപ്പെടുന്ന ബാക്ടീരിയയാണ് 'ഹാലോമോണസ് ടൈറ്റാനിക്കെ'. ലവണങ്ങള്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള കടല്‍ജലം ഒരു നല്ല 'വൈദ്യുതവിശ്ളേഷകം' അഥവാ 'ഇലക്ട്രോളൈറ്റ്' ആണ്. ഇതിലൂടെ ഇത്തരം ബാക്ടീരിയകള്‍ക്ക് തുരുമ്പിക്കലിനെ ആശ്രയിച്ച് ജീവിക്കാനുള്ള സവിശേഷമായ അവസരം ലഭിക്കുന്നു. 'തുരുമ്പ്' എന്ന ഫെറിക് ഓക്സൈഡിനെ ലേയരൂപത്തിലുള്ള ഫെറസ് ഹൈഡ്രോക്ളൈഡ്ആക്കി മാറ്റുകയാണ് ഇവ ചെയ്യുന്നത്. ഈ പ്രവര്‍ത്തനത്തിലൂടെ ഓക്സിജന്‍ പുറത്തുവരും. ഇതിനെ ഇവയ്ക്ക് മറ്റ് ഉപയോഗങ്ങള്‍ക്കായി വിനിയോഗിക്കാം.
ഫെറസ് അയോണുകള്‍ , ഫെറിക് അയോണുകളായി മാറുന്ന പ്രവര്‍ത്തനത്തിനും ഈ ബാക്ടീരിയകള്‍ കളമൊരുക്കാറുണ്ട്. മുന്‍പറഞ്ഞ പ്രവര്‍ത്തനത്തെ വിപരീതദിശയില്‍ നടത്തുന്നതിലൂടെയാണിത് (ഫെറസ് ഹൈഡ്രോക്സൈഡിനെ തിരിച്ച് ഫെറിക് ഓക്സൈഡ് ആക്കുന്നതിലൂടെ). ഇതിലൂടെ സൃഷ്ടിക്കുന്ന Fe3+ അയോണുകള്‍ക്ക് ക്ളോറിന്‍ ആറ്റവുമായി ചേര്‍ന്ന് ഫെറിക് ക്ളോറൈഡ്ആകാനാവും. ഉരുക്കി നെപ്പോലും നശിപ്പിക്കാനാവുന്ന ഇതാണ് കപ്പലുകളുടെ ഇരുമ്പുഭാഗങ്ങള്‍ക്കുള്ള മുഖ്യ ഭീഷണി.
ഷഡ്പദകീടങ്ങളെ നശിപ്പിക്കുന്നതിനായി ഇലകളില്‍ പ്രയോഗിക്കുന്ന കീടനാശിനിയാണ് (Foliar Insecticide) എന്‍ഡോസള്‍ഫാന്‍. കോളറാഡോ ബീറ്റില്‍(Colorado Beetle) ഇലചുരുട്ടിപ്പുഴുക്കള്‍ (Leaf Hoppers, Caterpillars) എന്നിവയ്ക്കെതിരെയാണ് ഇത് പ്രയോഗിക്കപ്പെടുന്നത്. തവിട്ട് നിറത്തിലുള്ള പൊടിരൂപത്തിലാണ് എന്‍ഡോസള്‍ഫാന്‍ വിപണിയിലെത്തുന്നത്. കീടങ്ങളുടെ ശരീരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിലൂടെയോ ആഹാരത്തിലൂടെ അകത്തെത്തുന്നതിലൂടെയോ ആണ് ഇതിന്റെ പ്രവര്‍ത്തനം. കീടങ്ങളുടെ നാഡീവ്യവസ്ഥ(Central Nervous Sstem) യെ തകര്‍ക്കുന്നതിലൂടെയാണ് എന്‍ഡോസള്‍ഫാന്‍ പ്രവര്‍ത്തനക്ഷമമാവുന്നത്.
എന്‍ഡോസള്‍ഫാന്റെ രാസസ്വഭാവം?
`ഓര്‍ഗാനോ ക്ലോറിന്‍ ഇന്‍ സെക്റ്റിസൈഡുകള്‍(Organo Chlorine Insecticide) എന്ന വിഭാഗത്തില്‍പ്പെടുന്ന കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. `ക്ലോറിനേറ്റഡ് സൈക്ലോഡയീന്‍ (Chlorinated Cyclodiene) എന്ന ഉപവിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇതിന്റെ വിപണനരൂപം വിവിധ ഐസോമെറ്റുകളുടെ ഒരു മിശ്രിതമാണ്. സ്വഭാവപരമായി ഇതൊരു ന്യൂറോ ടാക്സിന് (Neuro toxin) അഥവാ നാഡീവിഷമാണ്. നാഡീകോശങ്ങള്‍ എന്നറിയപ്പെടുന്ന `ന്യൂറോണു (Neurons) കളുമായി ബന്ധപ്പെട്ടാണ് ഇതിന്റെ പ്രവര്‍ത്തനം.
ഉപയോഗിക്കപ്പെടുന്ന വിളകള്‍?
ഭക്ഷ്യ-ഭക്ഷ്യേതരവിളകളില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. വൃക്ഷവിളികള്‍, ധാന്യവിളകള്‍, പച്ചക്കറികള്‍, എണ്ണക്കുരുകള്‍, കാപ്പി എന്നിവയില്‍ ഉപയോഗിക്കുന്നു. ഭക്ഷ്യേതരവിളകളില്‍ പുകയിലയും പരുത്തിയും ഉപയോഗിക്കുന്നു.
എന്‍ഡോസള്‍ഫാന്റെ ആരോഗ്യപ്രത്യാഘാതങ്ങള്‍ ?
1. ആഹാരത്തിലൂടെ ശരീരത്തിലെത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം. മുതിര്‍ന്നവരില്‍ 0.015 മില്ലി ഗ്രാമിന് അപായം വരുത്താം. കുട്ടികളില്‍ 0.0015 മില്ലിഗ്രാം മതിയാവും.(ഒരു കിലോഗ്രാം ശരീരഭാരത്തിന് എന്ന കണക്കില്‍)
2. പ്രാഥമിക ലക്ഷണങ്ങള്‍ തലവേദന, തലചുറ്റല്‍, അനിയന്ത്രിതമായ പേശീചലനങ്ങള്‍ എന്നിവയാണ്. തലച്ചോറിനെയും കേന്ദ്രനാഡീവ്യവസ്ഥയേയും ബാധിക്കുന്നതുമൂലം, ബുദ്ധി, മരവിക്കും. (Learning disabilities, Low IQ) ശാരീരിക പ്രവര്‍ത്തനങ്ങള്‍ അസാധ്യമാവും.
3. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുന്നതിലൂടെ പുരുഷന്മാരിലെ ലൈംഗീകത നശിപ്പിക്കും. ആണ്‍കുട്ടികളിലെ ലൈംഗിക വളര്‍ച്ചയെ തടയും. പെണ്‍കുട്ടികള്‍ നേരത്തെ ഋതുമതിയാവും. ഹോര്‍മോണ്‍ വ്യവസ്ഥ താറുമാറാകും.
4. വൃക്കകള്‍, കരള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ തകര് ക്കും. ചുവന്ന രക്തകോശങ്ങള്‍, വെളുത്ത രക്തകോശങ്ങള്‍ എന്നിവയെ നശിപ്പിക്കും. രക്തകോശങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടാക്കും. മുലപ്പാലിലൂടെ കുഞ്ഞുങ്ങളുടെ ശരീരത്തിലേക്കെത്തും.
5. ക്രോമസോമുകളുടെ ഘടനയില്‍ മാറ്റമുണ്ടാക്കുന്നതിലൂടെ ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും അംഗഭംഗങ്ങള്‍ക്കും കാരണമാവും. ഗര്‍ഭാവസ്ഥയ്ക്കോ അതിനുമുമ്പോ ഉള്ള എന്‍ഡോസള്‍ഫാന്‍ ബാധ ഇതിന് കാരണമാകും.
6. ജനിതകമാറ്റങ്ങള്‍ (Mutations)ക്ക് കാരണമാകുന്നതിലൂടെ അടുത്ത തലമുറയിലേക്ക് ദുരന്തങ്ങളെ എത്തിക്കും.
7. സ്തനാര്‍ബുദം, തലച്ചോറിലെ ക്യാന്‍സര്‍, രക്താര്‍ബുദം എന്നിവക്ക് കാരണമാകുന്നു.
8. ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ (Immunilogycal System)യെ തകരാറിലാക്കുന്നതിലൂടെ മറ്റ് രോഗങ്ങള്‍ വന്നുപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
പ്രതിരോധം എന്തിന്?
1. ആരോഗ്യപ്രശ്നങ്ങള്‍
2. ആഹാരശൃംഖലയില്‍ എത്തപ്പെടുന്നതിലൂടെയുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ (bio accumulation)
3. കാറ്റിലൂടെ ഏറ്റവും വേഗത്തില്‍ പരക്കുന്നത് (Long Range Air Pollution)
4. പ്രകൃതിയില്‍ കേടുകൂടാതെ ഏറെക്കാലം നിലനില്ക്കുന്നു എന്നതിനാല്‍(Presistent nature)
5. സുരക്ഷിതമായി ഉപയോഗിക്കുക എന്നത് ഏറെക്കുറെ അസാധ്യമായതിനാല്‍.
ദുരന്തങ്ങള്‍ എവിടെയൊക്കെ?
ഏഷ്യ, ലാറ്റിനമേരിക്ക, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഏറ്റവുമധികം വ്യാപകമായിട്ടുള്ളത്. അതിനാല്‍ ദുരന്തങ്ങളും ഇവിടങ്ങളിലാണ് കൂടുതല്‍. അമേരിക്കയില്‍ നിന്നും ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ കയറ്റിയയക്കുന്നത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കാണ്. ഈജിപ്ത്, മഡഗാസ്കര്‍, കസാക്കിസ്ഥാന്‍, ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്ഥാന്, സ്പെയിന്, നിക്കരാഗ്വ, കൊളംബിയ, ദക്ഷിണാഫ്രിക്ക, ഡെന്മാര്ക്ക്, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളിലെ സ്ത്രീകളിലെ മുലപ്പാലില്‍ എന്‍ഡോസള്‍ഫാന്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മരണമുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ ഇന്ത്യ, ഇന്തോനേഷ്യ, കൊളംബിയ, കോസ്റ്റോറിക്ക, ഗോട്ടിമാല, മലേഷ്യ, ഫിലിപ്പീന്‍സ്, മാലി, ന്യൂസിലന്റ്, ടര്‍ക്കി, സെനിഗര്‍, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവയാണ് മുന്നില്‍.
എന്‍ഡോസള്‍ഫാന്‍ നാള്‍വഴി:
1950 കള്‍ - എന്‍ഡോസള്‍ഫാന്‍ വികസിപ്പിക്കുന്നു.
1954 - അമേരിക്കന്‍ വില്‍പ്പനാനുമതി. `ബേയര്‍ ക്രോപ്സയന്‍സി'ന്റെ പഴയ കമ്പനി രൂപത്തിന്
2000 - ഗാര്‍ഹിക ഉപയോഗത്തിന് അമേരിക്കയില്‍ നിരോധനം.
2001 ഫെബ്രുവരി 28- കാസര്‍ഗോഡുനിന്നും ആദ്ത്തെ എന്‍ഡോസള്‍ഫാന്‍ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അന്വേഷണം നടത്തുന്നു.
2001 ഓഗസ്റ്റ് 25 - സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ നിരോധിക്കുന്നു.
2002 മാര്‍ച്ച് - കേരളത്തിലെ നിരോധനം നീക്കം ചെയ്യപ്പെടുന്നു. ആകാശമാര്‍ഗ്ഗം സ്പ്രേ ചെയ്യുന്നതിലെ നിരോധനം മാത്രം നിലനിര്‍ത്തുന്നു.
2002 ജൂലൈ - അഹമ്മദാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യൂപേഷണല്‍ ഹെല്‍ത്ത് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പഠനവിഷയമാക്കുന്നു.
2002 ഓഗസ്റ്റ് - എന്‍ഡോസള്‍ഫാന്‍ പ്രശ്നം പഠിക്കാന്‍ കേന്ദ്രഗവണ്മെന്റ് ഡുബെ (Dubey) കമ്മീഷനെ നിയോഗിക്കുന്നു.
2002 ഓഗസ്റ്റ് 12 - കേരള ഹൈക്കോടതി എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ ഉപയോഗിക്കുന്നത് വിലക്കുന്നു (മറ്റ് വിപണനനാമങ്ങളില്‍ ഉപയോഗിക്കുന്നതും).
2002 മാര്‍ച്ച് - എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമായ കീടനാശിനിയാണെന്ന് ഡുബെ കമ്മീഷന് കേന്ദ്രഗവണ്മെന്റിന് റിപ്പോര്‍ട്ട് നല്കുന്നു.
2004 സെപ്തംബര്‍ - എന്‍ഡോസള്‍ഫാന്‍ പ്രശ്നം പഠിക്കുന്നതിനായി പുതിയൊരു കമ്മീഷനെ കേന്ദ്രഗവണ്മെന്റ് നിയമിക്കുന്നു. സിഡി. മായി (CD Mayee) കമ്മീഷന് .
2004 ഡിസംബര്‍ - എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമാണെന്ന് മായീ കമ്മീഷന് റിപ്പോര്‍ട്ട് നല്കുന്നു. (റിപ്പോര്‍ട്ട് ഔദ്യോഗിക രേഖയാണെന്ന പേരില്‍ പുറത്തുവിട്ടില്ല).
2007 - എന്‍ഡോസള്‍ഫാന്‍, റോട്ടര്‍ഡാം ഉടമ്പടി രേഖയില്‍ പെടുത്തി സമ്പൂര്‍ണ്ണമായി നിരോധിക്കണമെന്ന് യൂറോപ്യന്‍ യൂണിയനും അന്താരാഷ്ട്ര സമൂഹവും.
2008 ഒക്ടോബര്‍ - റോട്ടര്‍ഡാം ഉടമ്പടിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എന്‍ഡോസള്‍ഫാന്‍ പരിഗണിക്കപ്പെടുന്നത് ഇന്ത്യ തടയുന്നു.
2008 - 2010 ഏറ്റവും ഒടുവിലായി ഓസ്ട്രേയില ഉള്‍പ്പെടെ 73 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നു.
2010 ഒക്ടോബര്‍ - ജനീവസമ്മേളനത്തില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെ പിന്താങ്ങുന്നു.
പശ്ചിമഘട്ടത്തിലെ മലരണിക്കാടുകള്‍ക്ക് ഇനി അന്താരാഷ്ട്ര പ്രശ്സ്തി. കാലത്തിന്റെ പഴമയെ കടന്നുവരുന്ന പാരമ്പര്യത്തിന്റെ പ്രകൃതിക്കാഴ്ചകളെ അടയാളപ്പെടുത്തുന്ന ലോകപൈതൃകപ്പട്ടികയില്‍ ഇടം തേടുന്നതോടെയാണിത്. ലോകത്തെവിടെയും കാണാത്ത അപൂര്‍വ്വ ജൈവസമ്പത്തിന്റെ ഈറ്റില്ലമെന്ന നിലയ്ക്കാണ് പശ്ചിമഘട്ടം അന്തര്‍ദേശീയ അംഗീകാരത്തിന്റെ ഈ പട്ടികയിലേക്കെത്തുന്നത്.
`യുണെസ്കോ'യാണ് ലോകത്തിന്റെ മുഴുവന്‍ പൈതൃകസമ്പത്തെന്ന ഉന്നതസ്ഥാനം പശ്ചമിഘട്ടത്തിന് നല്‍കുന്നത്. മാനവസംസ്കൃതിയുടെ നേര്‍ക്കാഴ്ചകളാവുന്നവയ്ക്കാണ് സാധാരണയായി ഈ സ്ഥാനം നല്‍കിവരുന്നത്. എന്നാല്‍, പശ്ചിമഘട്ടത്തിന്റെ കാര്യത്തില്‍ അത് ജൈവവൈവിധ്യത്തിന്റെ അനന്യതയ്ക്കാണ്. ഇന്ത്യയില്‍ നിന്നുള്ള അനവധി സാംസ്കാരിക ഇടങ്ങള്‍ ലോകപൈതൃകപ്പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ടെങ്കിലും ജീവവൈവിധ്യത്തിലെ അപൂര്‍വ്വതകളിലൂടെ അതില്‍ ഇടം നേടിയവ ചുരുകക്േയുള്ളൂ. 2011 ജൂലൈയില്‍ ബഹ്റിനില്‍ നടക്കുന്ന ലോകപൈതൃക സമ്മേളന(World Herotage Summit)ത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
ജീവസ്പീഷീസുകളുടെ വൈവിധ്യവും വൈപുല്യവും അടിസ്ഥാനമാവുന്നതിനാല്‍ യുണെസ്കോയുടെ നിര്‍ദ്ദേശപ്രകാരം ലോകപ്രകൃതി സംരക്ഷണ സംഘടനയായ ഐ.യു.സിഎന്നാണ് ഇതിനായുള്ള നിര്‍ണ്ണയാധികാരം. ഇതിന്റെ ഭാഗമായി ഐ.യു.സി.എന്‍ പ്രതിനിധിയായി ഒരു വിദഗ്ധസംഘം പശ്ചിമഘട്ടമേഖലയില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. മഹാരാഷ്ട്ര, ഗോവ, കര്‍ണാകട, തമിഴ്നാട് എന്നിവയടക്കം പശ്ചിമഘട്ടം കടന്നുപോവുന്ന മേഖലകളിലാകെ സഞ്ചരിച്ച അവര്‍ അവസാനം ജൈവവൈവിധ്യത്തില്‍ ഏറ്റവും സമ്പുഷ്ടമായ പശ്ചിമഘട്ടഭാഗത്തെ ഉള്‍ക്കൊള്ളുന്ന കേരളത്തിലും എത്തിച്ചേരുകയുണ്ടായി. വനംവകുപ്പുമായി സഹകരിച്ചായിരുന്നു കേരളത്തിലെ നിരീക്ഷണം.
ജന്തുവൈവിധ്യത്തിനുപുറമെ, ദൃശ്യഭംഗിയുള്ള 1500-ഓളം കാട്ടുപൂവകള്‍-ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരം ഇവിടെയുള്ളതായാണ് വിദഗ്ദസംഘത്തിന് ബോധ്യമായത്. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് നവംബര്‍ മദ്ധ്യത്തോടെ ഐ.യു.സി.എന്‍ മുമ്പാകെ സമര്‍പ്പിക്കപ്പെടും. അതിനുശേഷം യുണെസ്കോയ്ക്ക് കീഴിലെ വേള്‍ഡ് ഹെറിറ്റേജ് കമ്മീഷന് മുമ്പാകെയും ഇതനുസരിച്ചായിരിക്കും തീരുമാനം.
ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായി `ഹോട്ട്സ്പോട്ട്(Biodiversity Hotspot) എന്ന ബഹുമതി ലഭിച്ചതാണ് പശ്ചിമഘട്ടം ഉള്‍പ്പെടുന്ന ജൈവമേഖല. ഗുജറാത്തിന്റെ അതിര്‍ത്തി മുതല്‍ ഇന്ത്യയുടെ തെക്കേമുനമ്പ് വരെ നീണ്ടുനില്‍ക്കുന്ന ഇതിന്റെ തുടര്‍ച്ച ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തെ വനമേഖലയിലും കാണാനാവും. ഭൂമിശാസ്ത്രപരമായി ഒന്നായി കണക്കാക്കാവുന്ന ഇവയ്ക്കിടയില്‍ ഇന്ത്യന്‍ മഹാസമുദ്രം കടന്നുവരുന്നുവെന്നു മാത്രം. എങ്കിലും ജൈവവൈവിധ്യത്തില്‍ ഇന്ത്യന്‍ ഭാഗത്തിനുതന്നെയാണ് മുന്‍തൂക്കം.
1,60,000 ചതുരശ്രകിലോമീറ്ററാണ് പശ്ചിമഘട്ടത്തിന്റെ ആകെയുള്ള വിസ്തൃതി. 1,600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത് പടിഞ്ഞാറന്‍ തീരത്തുനിന്ന് 50 കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയാണുള്ളത്. സഹ്യാദ്രി എന്ന പേരിലും അറിയപ്പെടുന്ന ഇത് മണ്‍സൂണ്‍ മേഘങ്ങള്‍ ഡെക്കാണ് ഭൂമിയുടെ മറുഭാഗത്തേക്ക് കടക്കാതെയും തടയുകയും മഴപെയ്യിച്ച് നമ്മുടെ നാടിനെ ഹരിതാഭമാക്കുകയും ചെയ്യുന്നു. ജീവപരിസരത്തിലെ ഈ സവിശേഷതയാണ് സമൃദ്ധവും സവിശേഷവുമായ ജൈവവൈധ്യത്തിന് കാരണമായത്.
അനന്യമായ ഈ ജൈവവൈവിധ്യത്തിന്റെ പ്രധാന പ്രത്യേകത അതിലെ ജൈവികമായ തനിരൂപങ്ങളാണ്. ലോകത്തില്‍ മറ്റ് ആവാസമേഖലകളിലൊന്നും കാണപ്പെടുന്നില്ല എന്നതിനോടൊപ്പം ഒരിനത്തിന്റെ തന്നെ അനേകം `പ്രതിരൂപങ്ങളെയും ഇവിടെ കാണാം. ഒരു സ്പീഷീസിനുള്ളില്‍ അനേകം ഉപസ്പീഷീസുകള്‍ നിലനില്‍ക്കുന്ന അവസ്ഥയാണിത്. പൊതു പരിസ്ഥിതിയെന്ന വലിയലോകത്തിനുള്ളില്‍, അതിജീവനത്തിനായി, ചെറിയ തുരുത്തുകളിലായി ഒതുങ്ങിക്കഴിയാനുള്ള പ്രവണതയില്‍ നിന്നാണ് ഇവ സൃഷ്ടിക്കപ്പെടുന്നത്. `എന്‍ഡെമിസം' (Endemism) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
സൂക്ഷ്മ പരിസ്ഥിതികളുടെ ബാഹുല്യം കാരണം ഇത്തരം അനേകം ഉപസ്പീഷീസുകള്‍ പരിണാമം നേടിയിട്ടുണ്ട്. ഇവയില്‍ പലതും പില്ക്കാലത്ത് വംശനാശം നേരിടുകയും ഒന്നോ രണ്ടോ ആയി അവശേഷിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഇവയില്‍ പലതും ഇന്ന് സ്പീഷീസുകളായിത്തന്നെ പരിഗണിക്കപ്പെടുന്നുണ്ട്. `എന്‍ഡെമിക് സ്പീഷീസുകള്‍' എന്നറിയപ്പെടുന്ന ഇവയുടെ നീണ്ടനിരതന്നെ പശ്ചിമഘട്ടത്തിലുണ്ട്. ആകെയുള്ള 6,000 സസ്യസ്പീഷീസുകളില്‍ പകുതിയിലേറെയും (52%)`എന്‍ഡെമിക്' ആണെന്നാണ് കണക്ക്. ഇവയില്‍ മിക്കവയും കടുത്ത വംശനാശഭീഷണിയിലുമാണ്.
അപൂര്‍വ്വതകള്‍ കൊണ്ട് ശ്രദ്ധേയമായ അനേകം ചെടികള്‍ പശ്ചിമഘട്ടത്തിലുണ്ട്. ആയുര്‍വേദത്തില്‍ കണ്‍കണ്ട ഔഷധങ്ങളായി പറയുന്ന ഔഷധസസ്യങ്ങള്‍ക്ക് പുറമേയാണിത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന ഔഷധ സസ്യങ്ങള്‍ക്ക് പുറമെയാണിത്. ഇതിന്റെ സംരക്ഷണാര്‍ത്ഥം കേരളാ ഗവണ്മെന്റ് `കുറിഞ്ഞിമല' എന്ന പ്രത്യേകമായൊരു സംരക്ഷിതമേഖല പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രത്യേകമായ ഏതൊരു ആകര്‍ഷണവും അവകാശപ്പെടാനില്ലാത്ത മറ്റനവധി അപൂര്‍വ്വസസ്യങ്ങള്‍ വംശനാശത്തിന്റെ മുന്നില്‍ ഇപ്പോഴും പകച്ചുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്.
ഏകദേശം 250-ഓളം വരുന്ന ഓര്‍ക്കിഡുകള്‍ ഇതിലുള്‍പ്പെടുന്നു. ഇവയില്‍ 130 എണ്ണം `എന്‍ഡെമിക്' ഇനത്തില്‍പ്പെട്ടതുമാണ്. ജന്തുവര്‍ഗ്ഗത്തില്‍ ഉഭയജീവികളാണ് ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്നത്. ഇതില്‍ എണ്‍പതുശതമാനത്തിലേറെ (179 സ്പീഷീസുകള്‍) `എന്‍ഡെമിക്കു'കളാണ്. 508 പക്ഷിസ്പീഷിസുകളുളളതില്‍ 16 എണ്ണം `എന്‍ഡെമിക്' ആയുള്ളയാണെന്നാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്. ചിത്രശലഭങ്ങളില്‍ 334 എണ്ണമേ ഗവേഷകര്‍ക്ക് കണ്ടെത്താനായിട്ടുള്ളതെങ്കിലും വംശനാശം ഈ വര്‍ണ്ണക്കാഴ്ചകളെയും മായ്ച്ചുകൊണ്ടിരിക്കയാണ്. സിംഹവാലന്‍ കുരങ്ങുള്‍പ്പെടെയുള്ള 139 സസ്തനജീവികളും ആശ്രയമാക്കുന്നത് പശ്ചിമഘട്ടത്തിലെ മഴക്കാടുകളെയാണ്.
ലോകപൈതൃകപ്പട്ടികയില്‍ എത്തപ്പെടുന്നതിലൂടെ വംശനാശത്തിനെതിരെയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര സഹകരണം ലഭ്യമാകുന്നതിനുള്ള കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പൈതൃകസ്ഥാനങ്ങളുടെ സംരക്ഷണം `യൂണെസ്കോ'യുടെ കീഴിലെ `വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റി'യുടെ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ ഒന്നാകുന്നതിനാലാണിത്. ഗവണ്മെന്റ് ഏജന്‍സികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ഇതിലൂടെ ധനസഹായം ലഭിക്കുന്നതിനുള്ള അവസരമൊരുങ്ങും. ഇക്കാരണത്താല്‍ അംഗീകാരത്തോടൊപ്പം ജീവസുരക്ഷകൂടിയാണ് ലോകപൈതൃകപ്പട്ടികയിലെ പശ്ചിമഘട്ടത്തിന്റെ സ്ഥാനം വാഗ്ദാനം ചെയ്യുന്നത്.
ജനിതക വ്യതികരണം വരുത്തിയ ഭക്ഷ്യവിളകളുടെ പട്ടികയിലേക്ക് ഇന്ത്യയില്‍നിന്ന് പുതിയൊരെണ്ണംകൂടി. ജനിതക ഉരുളക്കിഴങ്ങ് (GM potato). സാധാരണ ഉരുളക്കിഴങ്ങളിലുള്ളതിനേക്കാള്‍ 60 ശതമാനം കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയതാണ് പുതിയ ജനിതകയിനം. സിംലയിലെ കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണകേന്ദ്ര(Central Potato Research Institute) മാണ് ഈ നേട്ടത്തിനു പിന്നില്‍. സുബ്രാ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് ഇത് യാഥാര്‍ഥ്യമാക്കിയത്. ഒരു ഹെക്ടറില്‍നിന്നുള്ള വിളവ് 15 മുതല്‍ 25 ശതമാനംവരെ വര്‍ധിപ്പിക്കാനും ജനിതക ഉരുളക്കിഴങ്ങിന് കഴിയും. ഇതിലൂടെ കര്‍ഷകസമൂഹത്തിന് നേരിട്ടുള്ള പ്രയോജനത്തിന് വഴിയൊരുക്കുന്നതാണ് പുതിയ കണ്ടെത്തല്‍.
ഉരുളക്കിഴങ്ങിലുള്ള പോഷകാംശം വര്‍ധിപ്പിക്കുന്നതിനായി മാറ്റിവച്ച ജീന്‍, ചീരയുടെ വംശത്തില്‍പ്പെടുന്ന `ഗ്രെയ്ന്‍ അമരാന്തസ്' (Grain Amaranthus) എന്ന ചെടിയില്‍നിന്നുമാണ്. മഹാരാഷ്ട്രാ മേഖലയില്‍ വ്യാപകമായി കൃഷിചെയ്യുന്ന ഇതിന് മറാഠിഭാഷയില്‍ `രാജ്ഗിരി' എന്നാണ് പേര്. ഇതിന്റെ വിത്തുകളാണ് ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്നത്. വിത്തുകളിലേക്ക് പ്രോട്ടീനുകളുടെ സന്നിവേശം സാധ്യമാക്കുന്ന ജീനാണ് ഇതില്‍നിന്ന് ഉരുളക്കിഴങ്ങിലേക്ക് മാറ്റിവച്ചത്. അതോടൊപ്പം ഉരുളക്കിഴങ്ങില്‍ കാണപ്പെടാത്ത ചില അവശ്യ അമിനോ അമ്ലങ്ങളും ഉരുളക്കിഴങ്ങിലേക്കെത്തിക്കാന്‍ ജീന്‍ മാറ്റത്തിനു കഴിഞ്ഞിട്ടുണ്ട്.എംഎ-1(AmA 1) എന്ന ചുരുക്കപ്പേരില്‍ അറിയുന്ന `അമരാന്ത് ആല്ബുമിന് 1' എന്ന ജീനാണ് ഉരുളക്കിഴങ്ങിലേക്ക് കടത്തിയിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പാണ് ഇതു സംബന്ധമായ പ്രാഥമിക പരീക്ഷണങ്ങള്‍ നടത്തപ്പെട്ടത്. ഇന്ത്യയില്‍ കൃഷിചെയ്തുവരുന്നജ്യോതി, സത്ലജ്, ബാദ്ഷാ, ബഹാര്‍, പുക്രാജ്, ചിപ്സോണ 1, 2 എന്നീ ഇനങ്ങളെയാണ് ജനിതകമാറ്റത്തിനായി ഉപയോഗിച്ചത്. ഇതിനുശേഷം മോഡിനഗറിലുള്ള കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണകേന്ദ്രമായി സഹകരിച്ച് അവിടെ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ചു. വിളവെടുത്ത ജനിതക-ഉരുളക്കിഴങ്ങുകള്‍ സിംലയിലെ ഗവേഷണകേന്ദ്രത്തിലെത്തിച്ച് ഭക്ഷ്യസുരക്ഷയെ സംബന്ധിക്കുന്ന പരീക്ഷണങ്ങള്‍ക്കു വിധേയമാക്കി. എലികളിലും മുയലുകളിലുമായിരുന്നു പരീക്ഷണങ്ങള്‍. ഇവയിലൂടെ ആരോഗ്യപ്രശ്നങ്ങള്‍ ഏതുമില്ലെന്ന് ബോധ്യമായതിനെത്തുടര്‍ന്നാണ് ജനിതക ഉരുളക്കിഴങ്ങ് ഇപ്പോള്‍ അരങ്ങേറ്റത്തിനെത്തുന്നത്
ഇത് ബിടി വിളയല്ല
ജനിതക ഉരുളക്കിഴങ്ങ് ആദ്യമായി അന്തര്‍ദേശീയ വിപണിയിലെത്തിച്ചത് മോണ്‍സാന്റോ കമ്പനിയായിരുന്നു. `ന്യൂലീഫ്' എന്ന പേരിലറിയപ്പെട്ട അതൊരു ബിടി വിളയായിരുന്നു. അതായത്`ബാസിലസ് തുറിഞ്ചിയെന്‍സിസ്' (Bacillus thuringiensis)എന്ന ബാക്ടീരിയയില്‍നിന്നുള്ള ജീനിനെ ഉള്‍ക്കൊള്ളുന്നത്. കീടനാശക സ്വഭാവമുള്ള ഈ ജീന്‍ അതിന്റെ പ്രവര്‍ത്തനത്തിലൂടെ ആരോഗ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് 2001 മാര്‍ച്ചില്‍ മോണ്‍സാന്റോ അതിന്റെ വില്‍പ്പന നിര്‍ത്തുകയായിരുന്നു. ഇത്തരം അപകടങ്ങളില്ലെന്ന് സാക്ഷ്യപ്പെടുത്തപ്പെട്ടതാണ് ഇന്ത്യയുടെ ജനിതക ഉരുളക്കിഴങ്ങെന്ന് ഗവേഷകസംഘം പറയുന്നു. ബിടി ജീന്‍ അടങ്ങിയിട്ടില്ല എന്നതുതന്നെയാണ് മുഖ്യമെന്ന് അവര്‍ പറയുന്നു.
ലോകത്ത് ഇന്നു കൃഷിചെയ്യുന്ന ആപ്പിള്‍ ഇനങ്ങള്‍ 7500 ഓളമുണ്ട്. ജനിതകഘടനയില്‍ അല്‍പ്പസൊല്‍പ്പം വ്യത്യാസമുള്ളതാണ് അവയെല്ലാം. ചെറിയ വ്യത്യാസങ്ങളാവുമ്പോള്‍ അവ `ഇനങ്ങള്‍' എന്ന പരിധിയിലൊതുങ്ങും. വ്യതിയാനം കൂടുതല്‍ പ്രകടമാവുമ്പോഴാണ് ഇനങ്ങള്‍ സ്പീഷീസുകളായി വേര്‍തിരിയുന്നത്. ഇങ്ങനെയുള്ള വൈജാത്യങ്ങളുടെ നീണ്ട നിരതന്നെ ആപ്പിള്‍ചെടികള്‍ക്കിടയിലുണ്ട്. പക്ഷേ, അപ്പോഴും ജനിതകസമാനതകള്‍ നൂലിഴപോലെ അവയ്ക്കിടയിലൂടെ കടന്നുപോവുന്നതു കാണാം.
ഇതിന്റെ ഉറവിടം തിരക്കിയാല്‍, അനേകം കൈവഴികളായി പിരിഞ്ഞൊഴുകുന്ന നദി, ഒരു കൈത്തോടായി മലമുകളില്‍നിന്ന് ഉത്ഭവിക്കുന്നതുപോലെ നമ്മള് ഒരൊറ്റ പൈതൃക വംശത്തിലെത്തും. തെക്കന്‍ കസാഖ്സ്ഥാനിലെ പര്‍വതനിരകളില്‍ വളരുന്ന `മാലസ് സീവേഴ്സി' (Malus sieversii) എന്ന വന്യസ്പീഷീസാണ് ഇങ്ങനെ ലോകത്തിലെ മുഴുവന്‍ ആപ്പിള്‍ വംശങ്ങളുടെയും മാതാവാകുന്നത്. ഇപ്പോള്‍ പുറത്തുവന്ന ജനിതകശ്രേണി പഠനമാണ് ധാരണകള്‍ക്കുപരിയായി ഇക്കാര്യം വെളിപ്പെടുത്തിയത്.
ആപ്പിളിനെ മനുഷ്യന് ഭക്ഷ്യാവശ്യങ്ങള്‍ക്കായി വളര്‍ത്തിത്തുടങ്ങിയിട്ട് ഏതാണ്ട് 4000 വര്‍ഷമേ ആവുന്നുള്ളു. എങ്കിലും 50 മുതല്‍ 65 ദശലക്ഷം വര്‍ഷത്തോളം പഴക്കമുള്ളതാണ് ആപ്പിളിന്റെ പരിണാമചരിത്രം. അത് ഒരു അതിജീവനത്തിന്റെ കഥകൂടിയാണ്. ഇന്നും വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ഒരു പ്രകൃതിദുരന്തം ദിനോസര്‍വംശത്തെയാകെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റിയ സമയത്തെ കടന്നുവന്നവയാണ് ആപ്പിള്‍മരങ്ങള്‍. സര്‍വനാശത്തിന്റേതായ ആ ഇടനാഴി കടക്കുന്നതിനിടയില്‍ ആപ്പിള്‍ചെടികള്‍ക്ക് ജനിതകപരമായ വലിയ മാറ്റം കൈവരികയുണ്ടായി. ഒമ്പതായിരുന്ന ക്രോമസോമുകളുടെ എണ്ണം 17 ആയതായിരുന്നു ഇത്. ഏതാണ്ട് ഇരട്ടിയോളമെത്തിയ ഈ വര്‍ധന ജീനുകളുടെ എണ്ണത്തിലും മാറ്റമുണ്ടാക്കി. പലതിന്റെയും പതിപ്പുകള്‍ സൃഷ്ടിക്കപ്പെട്ടു. അവതന്നെ മാറിയും തിരിഞ്ഞും പലയിടങ്ങളിലായി. ഇതിലൂടെയെല്ലാമാണ് 57,000 ജീനുകളുമായി ആപ്പിള്‍ ജനിതകപരമായി ഏറ്റവും സങ്കീര്‍ണമായ സസ്യങ്ങളിലൊന്നായി മാറിയത്.
രണ്ടുവര്‍ഷത്തോളമെടുത്താണ് ആപ്പിളിന്റെ ജനിതകശ്രേണി പഠനം പൂര്‍ത്തിയാക്കിയത്. 7,423 ദശലക്ഷം ഡിഎന്‍എ ഘടകങ്ങളെ, അതായത് ന്യൂക്ലിയോറ്റൈഡുകളെ ജീനുകളായി വേര്‍തിരിച്ചറിഞ്ഞുകൊണ്ടായിരുന് നു ഈ പഠനം. ഇത്രയും ബൃഹത്തായ ഒരു ജനിതകശ്രേണി സമ്പൂര്‍ണമായി പഠനവിധേയമാക്കപ്പെടുന്നതുതന്നെ ഇതാദ്യമായാണ്. 20 ഗവേഷണസ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ ശ്രമത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള എണ്‍പത്തിയഞ്ചോളം ശാസ്ത്രജ്ഞര്‍ പങ്കെടുത്തു. ഇറ്റലിയിലെ എഡ്മണ്ട് മാക് ഫൗണ്ടേഷനാ(Edmund Mc Foundation)യിരുന്നു ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വാഷിങ്ടണ്‍ സര്‍വകലാശാല ഉള്‍പ്പെടെയുള്ള അമേരിക്കന്‍ സര്‍വകലാശാലകളും സ്വകാര്യ സംരംഭകരും ഇതില്‍ പങ്കാളികളായിരുന്നു. `ഗോള്‍ഡന്‍ ഡെലിഷ്യസ്' എന്ന ഇനമാണ് ശ്രേണീപഠനത്തിനും അനുബന്ധ വിശകലനങ്ങള്‍ക്കും ഉപയോഗിച്ചത്. ഇതില്‍നിന്ന് രോഗ-കീട നിയന്ത്രണശേഷി പകരുന്ന 992 ജീനുകളെ തിരിച്ചറിയാന്‍ ഗവേഷകര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ആപ്പിള്‍കര്‍ഷകര്‍ക്ക് ഗുണകരമായ അനവധി കണ്ടെത്തലുകളിലേക്ക് വഴിതുറക്കാന്‍ ഇതു സഹായകമാവുമെന്നാണ് പ്രതീക്ഷ. `നേച്ചര്‍ ജെനിറ്റിക്സ്' എന്ന ഗവേഷണ ജേണലിലാണ് ആപ്പിളിന്റെ ജനിതകശ്രേണി പ്രസിദ്ധീകരിച്ചത്.
ഗോതമ്പിന്റെ ജനിതകരഹസ്യം ഇനി ആര്‍ക്കും
വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരുള്‍പ്പെട്ട `ഇന്റര്‍നാഷണല്‍ വീറ്റ് ജീനോം സ്വീകന്‍സിങ് കണ്‍സോര്‍ഷ്യ'ത്തിന്റെ നേതൃത്വത്തില്‍ ഗോതമ്പിന്റെ ജനിതകഘടനയും വെളിപ്പെടുത്തിയത് കഴിഞ്ഞവാരം. ലിവര്‍പൂള്‍, ബ്രിസ്റ്റള്‍ സര്‍വകലാശാലകളിലെ ഗവേഷകരും `ജോണ്‍ ഇന്‍സ് സെന്റര്‍' എന്ന ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുമാണ് ഇതിലെ മുഖ്യ പങ്കാളികള്‍. `ചൈനീസ് സ്പ്രിങ്' എന്ന ഗോതമ്പിനമാണ് ജനകിതശ്രേണിപഠനത്തിന് ഉപയോഗിച്ചത്.
അടിസ്ഥാന ക്രോമസോം സംഖ്യ (n=7) ആറുമടങ്ങായി ഇരട്ടിച്ചതരത്തിലായിരുന്നു (6n) ഗോതമ്പ് ഇനത്തിലെ ക്രോമസോമുകളുടെ എണ്ണം. അതായത് 42. `പൈറോ സീക്വന്‍സിങ്' എന്ന പുതിയ ജനിതകശ്രേണീ സങ്കേതമാണ് ഇതിന് ഉപയോഗിച്ചത്. സ്വിസ് ഔഷധനിര്‍മാണ കമ്പനിയായ റോഷേയുമായുള്ള സാങ്കേതിക സഹകരണത്തോടെയാണിത്.
ജനിതകശ്രേണി പഠനം ഇങ്ങനെ
ഒരു ജീവിയുടെ ജീനുകളുടെ ആകെത്തുകയാണ് ജീനോം. ജനിതകവിവരങ്ങളുടെ സമ്പൂര്‍ണ വായനയാണ് ജനിതകശ്രേണീ പഠനം. അനേകം അധ്യായങ്ങളുള്ള ഒരു
പുസ്തകത്തിലെന്നപോലെയാണ് ഇതില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഓരോ അധ്യായവും ഓരോ ക്രോമസോം ആണെന്നു പറയാം. ഇതിനുള്ളിലെ വാക്യങ്ങളാണ് ജീനുകള്‍. അക്ഷരങ്ങള്‍ ന്യൂക്ലിയോടൈഡുകളും. അതിനാല്‍, അക്ഷരങ്ങളെ അറിഞ്ഞാലേ വാക്കുകളിലേക്കും വാക്യങ്ങളിലേക്കും എത്താനാവു. ഇതിനായി, ഓരോ അക്ഷരവും ശരിയായ ക്രമത്തില്‍ വായിച്ചെടുക്കുന്ന പ്രവര്‍ത്തനമാണ് സീക്വന്‍സിങ്. അഡിനിന്‍, ഗ്വാനിന്‍, തൈമിന്, സൈറ്റോസിന്‍ എന്നിങ്ങനെയുള്ള ന്യൂക്ലിയോറ്റൈഡുകളുടെ ക്രമം അറിയുന്നതിലൂടെയാണ് ഇതു സാധിക്കുന്നത്
സമ്പൂര്‍ണ ജനിതകം അനാവരണംചെയ്യപ്പെട്ട ജീവികളുടെ പട്ടികയില്‍ ഏറ്റവും ഒടുവില്‍ വന്നെത്തുന്നതാണ് ടര്‍ക്കിക്കോഴി.നമ്മുടെ നാട്ടില്‍ അത്ര സാധാരണമല്ലെങ്കിലും മറ്റു രാജ്യങ്ങളില്‍ ഇറച്ചിക്ക് വന്‍തോതില്‍ ഇതിനെ വളര്‍ത്തുന്നുണ്ട്. അതോടൊപ്പം ജനിതകപരീക്ഷണങ്ങള്‍ക്കുള്ള ഒരു മാതൃകാജീവികൂടിയാണിത്. അഫ്ളാടോക്സിനുകള്‍ എന്ന പേരില്‍ പ്രകൃതിയില്‍ കാണപ്പെടുന്ന ക്യാന്‍സര്‍കാരികളായ രാസവസ്തുക്കള്‍ എങ്ങനെയാണ് ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ തകര്‍ക്കുന്നതെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്. ടര്‍ക്കിക്കോഴിയുടെ ജനിതകത്തെ ഇതിലേക്ക് വെളിച്ചംവീശാന്‍ അവര്‍ ഉപയോഗിക്കുന്നു. ഓസ്ട്രിയ, ജര്‍മനി, ബ്രിട്ടണ്, നെതര്‍ലാന്‍ഡ്, ദക്ഷിണ കൊറിയ, സ്പെയിന്, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരുടെ കൂട്ടായ്മയാണ് ഇതിനു സഹായകമാവുന്ന തരത്തില്‍ ടര്‍ക്കിക്കോഴിയുടെ മുഴുവന്‍ ജീനുകളെയും വിവേചിച്ചറിഞ്ഞത്
മികച്ച വിളവുതരുന്ന വിത്തുകളെ സൃഷ്ടിക്കുക. അല്ലെങ്കില്‍ രോഗങ്ങളെയും കീടങ്ങളെയും പ്രതിരോധിക്കാന്‍കഴിയുന്ന വിത്ത് ഉല്‍പ്പാദിപ്പിക്കുക. നാളേറെയായി കാര്‍ഷിക ശാസ്ത്രജ്ഞര്‍ മുഖ്യമായും ഈ രണ്ടു ലക്ഷ്യങ്ങളെയും അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇത്തരമൊരു വിത്തിനം വിപണിയിലെത്തിയാല്‍, കര്‍ഷകര്‍ അവ ഉപയോഗിച്ചു തുടങ്ങിയാല്‍, ഒഴിവാക്കാനാവാത്തൊരു കുഴപ്പം വന്നുചേരാറുണ്ട്. തലമുറകള്‍ കഴിയുന്തോറും വിത്തിന്റെ 'ഗുണം' കുറഞ്ഞുവരുന്ന പ്രതിഭാസമാണത്. ഇതുകാരണം കര്‍ഷകര്‍ക്ക് എപ്പോഴും പുതിയ വിത്തിനായി വിത്തുകമ്പനികളെത്തന്നെ വീണ്ടും വീണ്ടും ആശ്രയിക്കേണ്ടിവരുന്നു.
ഇതിനൊരു പരിഹാരമായി നിര്‍ദേശിക്കപ്പെട്ട പുതുസങ്കേതമാണ് 'വിത്തുകളെ ക്ളോണ്‍ ചെയ്യല്‍'. ഒരേ അച്ചില്‍ വാര്‍ത്തെടുത്തതുപോലെ ജനിതകപരമായി സമാനമായ വിത്തുകള്‍! കാര്‍ഷിക ഗുണശോഷണത്തെ ഇനി തെല്ലും ഭയപ്പെടേണ്ടെന്നു ചുരുക്കം. ഫ്രാന്‍സിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിലെ റഫേല്‍ മെര്‍സിയറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാര്‍ഷികഗവേഷണരംഗത്ത് വഴിത്തിരിവാകുന്ന ഈ കണ്ടെത്തല്‍ നടത്തിയത്.
ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി (CCMB) യിലെ ഗവേഷകരായ മോഹന്‍ പി എ മാരിമുത്തു, ജയേഷ്കുമാര്‍ എന്‍ ദാവ്ദ, ഇമ്രാന് സിദ്ദിഖി എന്നിവരും ഇതില്‍ പങ്കെടുത്തിരുന്നുവെന്നത് ഇന്ത്യക്കാര്‍ക്ക് അഭിമാനമായി കരുതാം. കാലിഫോര്‍ണിയ സര്‍വകലാശാലയായിരുന്നു ഗവേഷണത്തിലെ മറ്റൊരു പ്രവര്‍ത്തനപങ്കാളി.
വിത്ത് ക്ളോണിങ്ങ് എങ്ങനെ?
ജനിതകപരമായി സമാനമായ ജീവികളെ ഉല്‍പ്പാദിപ്പിക്കുകയാണല്ലോ ക്ളോണിങ് സങ്കേതത്തിന്റെ ലക്ഷ്യം. എന്നാല്‍, ഈ സങ്കേതം വിത്തുകളുടെ ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്നതില്‍ സാങ്കേതികമായ പല പരിമിതികളുമുണ്ട്. വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന രീതിയെ അടിസ്ഥാനമാക്കിയുള്ള പരിമിതിയാണിത്. ഒരു ചെടി പ്രത്യുല്പ്പാദനം നടത്തുന്നതിലുടെയാണ് വിത്തുകള്‍ സൃഷ്ടിക്കുന്നത്. വിത്തു മുളച്ച് വീണ്ടും ചെടിയുണ്ടാവുന്നു. അവ വിത്തുല്‍പ്പാദിപ്പിക്കുന്നു. അങ്ങനെ ആ പ്രക്രിയ തുടര്‍ന്നുപോവുന്നു.
പ്രകൃതിയില്‍ ഏറ്റവും സാര്‍വജനീനമായ പ്രത്യുല്‍പ്പാദനരീതിയാണിതെങ്കിലും ഇതിന് ചില ന്യൂനതകളുണ്ട്. പ്രത്യുല്പ്പാദനത്തില് ഏര്‍പ്പെടാനായി ലിംഗകോശങ്ങള്‍ (Gametes) സൃഷ്ടിക്കുന്ന സമയത്താണ് ഈ 'കുഴപ്പം' കടന്നുവരുന്നത്. 'മിയോസിസ്' (Meiosis) എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം കോശവിഭജനം നടത്തുന്നതിലൂടെയാണ് ലിംഗകോശങ്ങള്‍ സൃഷ്ടിക്കുന്നത്. ജീനുകളെ കുഴച്ചുമറിക്കുന്നതാണ് (ചീട്ടുകളിക്കാര്‍ ചീട്ട് ഇടകലര്‍ത്തി അടുക്കുന്നതുപോലെ) ഇതിലെ പ്രധാന ചടങ്ങ്. ഇതിലൂടെയാണ് നൂറ്റാണ്ടുകളുടെ ഗവേഷണഫലങ്ങളായ ഗുണപരമായ ജീനുകള്‍ ചിലപ്പോള്‍ നഷ്ടപ്പെട്ടുപോവുന്നത്.
പുതിയ ജീന്‍മിശ്രണങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പ്രകൃതിയുടെ സ്വയംസംവിധാനത്തെയാണ് മേല്‍പ്പറഞ്ഞ 'മിയോസിസ്' ഘട്ടം പ്രതിനിധാനംചെയ്യുന്നത്. ജീവിതസാഹചര്യങ്ങള്‍ എപ്പോഴും ഒരുപോലെയാകില്ലെന്നും അവയെ നേരിടാന്‍ സ്വയം പരിഷ്കരിക്കാനും ഓരോ ജീവിയെയും സന്നദ്ധമാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ഇക്കാരണത്താലാണ് ജീവപരിണാമം എന്നത് ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയായി കരുതപ്പെടുന്നത്. അനുഗുണമായ ജനിതകമാറ്റങ്ങളുള്ളവ അതിജീവിക്കും (Survival of the Fittest). മറ്റുള്ളവ നശിക്കും.
എന്നാല്‍ കാര്‍ഷികവിളകളുടെ കാര്യത്തില്‍, ജീന്‍മാറ്റത്തെ ഇങ്ങനെ 'ഡാര്‍വിനിസ'ത്തിന് വിട്ടുകൊടുക്കുക സാധ്യമല്ല. കാരണം, പ്രകൃതിയുടെ പകിടകളിയെക്കാള്‍ ഇവിടെ കാര്‍ഷികഗുണങ്ങളുടെ സംരക്ഷണമാണ് പ്രധാനം. അതിനായി ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ച മാര്‍ഗം 'മിയോസിസി'നെത്തന്നെ ഒഴിവാക്കുക എന്നതാണ്. മൂന്നു ജീനുകളെ നിശ്ശബ്ദമാക്കുന്നതിലൂടെ മിയോസിസിലെ 'ജീന്‍ഇടകലര്‍ത്തല്‍' ഘട്ടം വേണ്ടെന്നുവയ്ക്കാന്‍ അവര്‍ക്കുകഴിഞ്ഞു. ഫലമോ? എല്ലാത്തരത്തിലും ഒരുപോലെയായ വിത്തുകള്‍!
അരാബിഡോപ്സിസ് താലിയാന എന്ന കടുകുവര്‍ഗസസ്യത്തെയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഇതിലെ OSD1 എന്ന ജീനിനെയും 'മിയോസിസി'ലെ 'ജീന്‍മിശ്രണ'ത്തെ നിയന്ത്രിക്കുന്ന മറ്റു രണ്ട് ജീനുകളെയും നിശ്ശബ്ദമാക്കുന്നതിലൂടെയാണ് വിത്തുകളുടെ 'ക്ളോണിങ്' സാധ്യമാക്കിയത്. എന്നാല്‍, പഠനം പൂര്‍ണമായും വിജയമായിരുന്നുവെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നില്ല. 34 ശതമാനം വിത്തുകളില്‍ മാത്രമേ ജീന്‍സമാനത നേടാന്‍ അവര്‍ക്കു കഴിഞ്ഞുള്ളു. മാത്രമല്ല, നെല്ല്, ഗോതമ്പ് തുടങ്ങിയ കാര്‍ഷികവിളകളില്‍ ഈ 'വിത്തുക്ളോണിങ്' സങ്കേതം പ്രായോഗികമാവുമോ എന്നറിയാന്‍ ഇനിയും പരീക്ഷണങ്ങള്‍ ആവശ്യവുമാണ്
മംഗളൂരു നഗരത്തിലെ ഭിക്ഷാടകര്‍, സ്കൂള്‍കുട്ടികള്‍, റോഡരികിലെ ഭക്ഷ്യവില്‍പ്പനക്കാര്‍ എന്നിവരില്‍നിന്നു ശേഖരിച്ച കറന്‍സിനോട്ടുകളും നാണയങ്ങളുമാണ് പഠനവിധേയമാക്കിയത്. ആകെ 50 സാമ്പിളാണ് ശേഖരിച്ചത്. 25 നോട്ടും 25 നാണയവും. ഇതില്‍ 24 നോട്ടുകള്‍ രോഗാണുക്കളെ വഹിക്കുന്നവയായാണ് കണ്ടെത്തിയത്. നാണയങ്ങളില്‍ 21 എണ്ണവും. ഒന്നിലധികം ഇനത്തില്‍പ്പെടുന്ന ബാക്ടീരിയകള്‍ ഒരേ നോട്ടില്‍ വസിക്കുന്നതായും കണ്ടെത്തി. സ്റ്റഫൈലോകോക്കസ്, ക്ളെബിസിയെല്ല, ബാസിലസ്, ഇ.കോളൈഎന്നിവയായിരുന്നു ഇവയില്‍ പ്രധാനം. ഫംഗസുകളില്‍, ആസ്പര്‍ജില്ലസ്നൈഗര്‍ എന്ന ഇനത്തെയും.
വിവിധതരം രോഗങ്ങള്‍ക്കു കാരണമാവുന്നവയാണ് ഇവയെല്ലാം. മാത്രവുമല്ല, സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ഔഷധങ്ങളെ അതിജീവിക്കാനാവുംവിധം ഇവയെല്ലാം പ്രതിരോധശേഷ നേടിയതായും കണ്ടെത്തി. വിനിമയംചെയ്യുന്ന ഭൂരിഭാഗം കറന്‍സിനോട്ടിലും നാണയങ്ങളിലും, ഏതാണ്ട് 98 ശതമാനത്തോളം ഇത്തരത്തില്‍ 'രോഗവാഹരാ'വുന്നു എന്നാണ് പഠനം നല്കുന്ന സൂചന.
വൃത്തിഹീനമായ ചുറ്റുപാടില്‍ കറന്സിനോട്ടുകള് സൂക്ഷിക്കുന്നതും വിവിധതരത്തില്‍ മലിനീകരിക്കപ്പെട്ട കൈകള്‍ ഉപയോഗിച്ച് നോട്ടുകള്‍ കൈകാര്യംചെയ്യുന്നതുമാണ് രോഗാണുക്കള്‍ക്ക് അവയില്‍ താവളമൊരുക്കുന്നത്.
നോട്ടുകളില്‍നിന്ന് ഇവ മറ്റുമാര്‍ഗങ്ങളിലൂടെ രോഗത്തിന്റെ പകര്‍ച്ചയിലേക്കു നയിക്കുകയും ചെയ്യുന്നു. ഭക്ഷ്യശാലകളില്‍ ഭക്ഷണം പൊതിഞ്ഞുകൊടുക്കുന്നവര്‍, ഭക്ഷണം തയ്യാറാക്കുന്നവര്‍ തുടങ്ങിയവര്‍ അതേ കൈകള്‍കൊണ്ട് നോട്ടുകള്‍ സ്വീകരിക്കുന്നതും തിരിച്ചുകൊടുക്കുന്നതും അപകടത്തിനിടയാക്കുന്നു. വൃത്തിഹീനമായ വ്യക്തിജീവിതം നയിക്കുന്നവരും നോട്ടുകളിലേക്കും നാണയങ്ങളിലേക്കും രോഗാണുക്കളെ പടര്‍ത്തുന്നു. ശരീരദ്രവങ്ങളായ വിയര്‍പ്പ്, ഉമിനീര് മുതലായവയില്‍ കുതിരുന്ന നോട്ടുകള്‍ അതിലൂടെ രോഗാണുക്കളെയും സ്വന്തമാക്കുന്നു. നോട്ടിലും നാണയത്തിലും സ്പര്‍ശിച്ച കൈകള്‍ വൃത്തിയാക്കാതെ ഭക്ഷണംകഴിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു.
അത്യധികം അപകടകരമായ ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് കറന്‍സിനോട്ടുകളെ എത്തിക്കുന്നതില്‍ അവ നിര്‍മിക്കപ്പെട്ട അടിസ്ഥാനവസ്തുവിനും പ്രധാന പങ്കുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. നിലവില്‍ കടലാസ് അധിഷ്ഠിതമായാണ് ഇന്ത്യയില്‍ നോട്ടുകള്‍ നിര്‍മിക്കുന്നത്. ഇത് ഒരു ജൈവപദാര്‍ഥമായതിനാല്‍, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ക്ക് ഇതില്‍ വളരാനാവുന്നു. കാലപ്പഴക്കത്താല്‍ അടിഞ്ഞുകൂടുന്ന മറ്റ് 'അഴുക്കു'കള്‍, ഈര്‍പ്പം, ലവണാംശം എന്നിവ ചേര്‍ന്ന് നല്ലൊരു വളര്‍ച്ചാമാധ്യമവും ഇവയ്ക്കായി നോട്ടുകളില്‍ സൃഷ്ടിക്കപ്പെടുന്നു.
അതേസമയം, പ്ളാസ്റ്റിക്, മറ്റുതരം ബയോ പോളിമെറുകള്‍ എന്നിവയാല്‍ നിര്‍മിക്കപ്പെട്ട നോട്ടുകള്‍ ഇങ്ങനെ രോഗാണുവളര്‍ച്ച മാധ്യമങ്ങളായി മാറുന്നില്ലത്രെ. ഓസ്ട്രേലിയ, ബ്രിട്ടണ്, നെതര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, നൈജീരിയ, മെക്സിക്കോ, അമേരിക്ക, ബര്‍ക്കിനോ ഫാസോ, ചൈന എന്നീ രാജ്യങ്ങളിലെ കറന്‍സിനോട്ടുകളെ അധികരിച്ചു നടന്ന സമാന പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, പ്രതിരോധശേഷി തീരെ കുറവായവരില്‍ മാത്രമേ കറന്‍സിയിലൂടെയുള്ള രോഗാണുബാധ അപകടകരമാവൂ എന്നതാണ് ഗവേഷകര്‍ നല്കുന്ന സമാശ്വാസം.
കറന്‍സിനോട്ടിലെ രോഗാണുക്കള്‍
1. ആസ്പെര്‍ജില്ലസ് നൈഗര്‍ (Aspergillus niger)
2. സ്റ്റഫൈലോകോക്കസ് ഓറിയസ് (Staphylococcus aureus)
3. സ്റ്റഫൈലോകോക്കസ് എപ്പിഡെര്‍മിഡിസ് (S. epidermidus)
4. എന്ററോബാക്ടര്‍ അഗ്ളോമെറന്‍സ് (Enterobacter aglomerans)
5. എസ്ചെറൈസ്ചിയ കോളൈ (Escherschia coli )
6. ക്ളൈബ്സിയെല്ല (Klebsiella spp.)
7. ക്യൂറോബാക്ടര്‍ (Curobactor spp.)
8. സ്യൂഡോമോണാസ് (Pseudomonas spp.)
9. അസിനെറ്റോബാക്ടര്‍ (Acinetobactor spp.)
10. മൈക്രോകോക്കസ് (Micrococcus spp.)
11. സ്ട്രെപ്റ്റോകോക്കസ് (Streptococcus spp.)
12. ബാസിലസ് (Bacillus spp.)
പൊതുജനങ്ങള്‍ക്കുള്ള
സുരക്ഷാ നിര്‍ദേശങ്ങള്‍
1. നോട്ടുകള്‍ തുപ്പല്‍പുരട്ടി എണ്ണുന്ന ശീലം ഒഴിവാക്കുക.
2. ഭക്ഷ്യശാലകളില്‍ പണം കൈകാര്യംചെയ്യാനും പാചകത്തിനും വെവ്വേറെ ആള്‍ക്കാരെ നിയമിക്കുക.
3. ഒരാള്‍തന്നെ രണ്ടു കാര്യവും ചെയ്യുന്നപക്ഷം, ഭക്ഷ്യവസ്തുക്കളില്‍ തൊടുന്ന കൈവിരലുകള്‍, നോട്ടി•ല്‍ പതിയാതിരിക്കാന്‍ ശ്രദ്ധിക്കുക.
4. മുഷിഞ്ഞ നോട്ടുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ബാങ്കില്‍ സമര്‍പ്പിച്ച് മാറ്റിയെടുക്കുക.
5. വൃത്തിഹീനമായ ഇടങ്ങളില്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിക്കാതിരിക്കുക.
6. നോട്ടുകള്‍ ചുരുട്ടിമടക്കാതിരിക്കാനും അവയില്‍ അഴുക്കുപുരളാതിരിക്കാനും ശ്രദ്ധിക്കുക
'ദി മമ്മി' എന്ന ഹോളിവുഡ് ചലച്ചിത്രം പരിചയപ്പെടുത്തിയ ഭീകരതകളിലൊന്നാണ് ശരീരം തുളച്ചുകടക്കുന്ന വണ്ടുകള്‍. ചലച്ചിത്രകാരന്റെ വെറും ഭാവനയാണ് ഈ വണ്ടുകളെന്നു പറയാന്‍വയ്യ. ഈജിപ്തുകാര്‍ 'സ്കറാബ്' എന്നു വിളിച്ചിരുന്ന ഇവയ്ക്ക് അവരുടെ വിശുദ്ധപുസ്തകങ്ങളില്‍ സ്ഥാനമുണ്ട്.
എന്നാല്‍ സമഗ്രമായ പഠനത്തിനു വഴങ്ങാത്തതരത്തില്‍ വണ്ടുകള്‍ ഉള്‍പ്പെടുന്ന ഷഡ്പദങ്ങളുടെ ലോകം വളരെയേറെ വിശാലമായതിനാല്‍ ഇത്തരം അറിവുകള്‍ പലതും പുറത്തെത്തിയില്ല. ഇപ്പോള്‍, ഏറെ വൈകിയാണെങ്കിലും അങ്ങനെയൊരു ശ്രമത്തിന് ശാസ്ത്രലോകം തയ്യാറാവുകയാണ്. പുതുതായി ഷഡ്പദങ്ങളെ കണ്ടെത്തുക മാത്രമല്ല, അവയുടെ ജനിതകരഹസ്യങ്ങളുടെയും അതിലധിഷ്ഠിതമായ സവിശേഷതകളുടെയും ചുരുളഴിക്കുകയാണ് 'i5k' എന്ന ചുരുക്കപ്പേരിലറിയുന്ന ജീനോപദ്ധതിയുടെ ലക്ഷ്യം.
'5000 ഇന്‍സെക്ട് ജീനോം പ്രോജക്ട്' (5000 Insect Genome Project) എന്നതാണ് 'i5k' യുടെ പൂര്‍ണരൂപം.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 5000 ഷഡ്പദങ്ങളുടെ ജനിതകശ്രേണി വെളിപ്പെടുത്തുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യമെങ്കിലും കൃഷിയുമായി നേരിട്ടു ബന്ധപ്പെടുന്ന ഷഡ്പദകീടങ്ങള്‍ക്കാണ് മുന്‍തൂക്കം. ലോകമെമ്പാടുമുള്ള ഭക്ഷ്യവിളകള്‍ക്ക് മുഖ്യഭീഷണിയാവുന്നവയാണ് 'തണ്ടുതുരപ്പന്‍ പുഴു' മുതല്‍ കായീച്ചവരെയുള്ള ഷഡ്പദകീടങ്ങള്‍. ഭക്ഷ്യോല്‍പ്പാദനത്തിനായി വേണ്ടിവരുന്ന മുതല്‍മുടക്കിന്റെ സിംഹഭാഗവും ഇവയെ നശിപ്പിക്കാനുള്ള കീടനാശനികള്‍ക്കും അനുബന്ധ സാമഗ്രികള്‍ക്കുമായാണ് ചെലവഴിക്കുന്നത്. അതേസമയം, പ്രയോഗിക്കുന്ന കീടനാശിനികള്‍ക്കെതിരെ ഒന്നു രണ്ടു തലമുറകളുടെ ഇടവേളയ്ക്കപ്പുറം പ്രതിരോധശേഷി നേടുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. കീടനാശിനികളായി ഉപയോഗിക്കപ്പെടുന്ന മാരക രാസപദാര്‍ഥങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ മറുവശത്തും. കീടനാശിനിവിഷങ്ങള്‍ക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ശക്തമാവുകയുമാണ്. ബദല്‍മാര്‍ഗങ്ങളില്ല എന്നതാണ്, മണ്ണിനെയു മനുഷ്യനെയും ഒരുപോലെ നശിപ്പിക്കുന്ന രാസകീടനാശിനകളുടെ പ്രയോഗം നിര്‍ബാധം തുടരാന്‍ നിര്‍മാണ കമ്പനികളും ഗവണ്മെന്റുകളും ഒരേ സ്വരത്തില്‍ ഉന്നയിക്കുന്ന ന്യായവാദം. ഇതിനു പരിഹാരമായി ഷഡ്പദങ്ങളുടെ ജനീതകത്തെക്കുറിച്ചു ശേഖരിക്കുന്ന അറിവുകള്‍ ഉപയോഗിക്കുകയാണ് പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം
രണ്ടുതരത്തിലാണ് ഷഡ്പദകീടങ്ങളുടെ കാര്‍ഷികമേഖലയിലെ ആക്രമണം പ്രയോഗത്തിലെത്തുന്നത്. ഈജിപ്തുകാരുടെ സ്കറാബ്' വണ്ടുകളെപ്പോലെ സസ്യഭാഗങ്ങള്‍ തുരന്നുനശിപ്പിക്കുന്നവ അവയില്‍ ഒരു വിഭാഗമേ ആവുന്നുള്ളു. ഇത്തരത്തിലുള്ളവയുടെ ആക്രമണവും അവ വരുത്തുന്ന നാശവും നിസ്സാരമല്ലെങ്കിലും മറ്റൊരുതരം ഷഡ്പദങ്ങളാണ് കൂടുതല്‍ അപകടകരം. കാര്‍ഷികവിളസസ്യങ്ങള്‍ക്ക് വിവിധ അസുഖങ്ങള്‍ വരാന്‍ കാരണമാവുന്ന വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വാഹകരായി പ്രവര്‍ത്തിക്കുന്ന ഷഡ്പദങ്ങളാണിവ. രോഗം ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്കു പടര്‍ത്തുകയാണ് ഇവ ചെയ്യുന്നത്. 'വെക്ടറുകള്‍' (Vectors) എന്നാണ് ഇവ അറിയപ്പെടുന്നത്. മേല്‍പ്പറഞ്ഞ രണ്ടുതരം ഷഡ്പദകീടങ്ങള്‍ക്കുമെതിരായി നിലവില്‍ രാസകീടനാശിനികള്‍ മാത്രമേയുള്ളു.
ജൈവകീടനാശിനികള്‍ ചിലതിനൊക്കെയും ലഭ്യമാണെങ്കിലും അവ സംബന്ധിക്കുന്ന ഗവേഷണം ഇന്നും പാതിവഴിയിലാണ്. ഇതിന് ആക്കംകൂട്ടുന്നതരത്തില്‍, ജനിതകവിവരങ്ങളെ ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയുടെ മുഖ്യോദ്ദേശ്യം. കീടങ്ങളായി പ്രവര്‍ത്തിക്കുന്ന ഷഡ്പദങ്ങളില്‍ മാത്രം കാണുന്ന ചില ജീനുകളെ കണ്ടെത്തുകയും അവ അവയുടെ അതിജീവനവുമായി ബന്ധപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുകയും ചെയ്യുന്നതിലൂടെയാണ് ഇതു സാധ്യമാവുന്നത്. അങ്ങനെയെങ്കില്‍, അത്തരം ജീനുകളെ മാത്രം പ്രവര്‍ത്തനരഹിതമാക്കുന്ന 'ജനിതക കീടനാശിനികള്‍' നിര്‍മിക്കാനാവും. കൃഷിയിടങ്ങള്‍ക്ക് ദോഷംചെയ്യാതെ, ജൈവവൈവിധ്യത്തിന്റെ ഭാഗമാവുന്ന മറ്റു ഷഡ്പദങ്ങളെയും ജീവികളെയും സുരക്ഷിതമായി നിലനിര്‍ത്താന്‍ ഇത് അവസരമൊരുക്കും. അത്തരത്തിലുള്ള 'പരിസ്ഥിതിസൌഹൃദ കൃഷി' (Eco-friendly Agriculture) ക്ക് പാതയൊരുക്കുകയാണ് ഷഡ്പദജീനോം പദ്ധതിയുടെ ആത്യന്തികലക്ഷ്യം
ഷഡ്പദജീനോം പദ്ധതി ഒറ്റനോട്ടത്തില്‍
പുതുതായി കണ്ടെത്തുന്ന ഷഡ്പദകീടങ്ങളും ഷഡ്പദങ്ങളുമടക്കമുള്ളവയുടെ ജനിതകശ്രേണീ പഠനം അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക.
കീടനാശിനികള്‍ക്കെതിരെ പ്രതിരോധശേഷി നേടിയ കീടങ്ങളുടെ ജനിതകവ്യവസ്ഥയെ ആഴത്തില്‍ പഠിക്കുക. പ്രതിരോധശേഷി നല്കുന്ന ജീന്‍ കണ്ടെത്തുക.
തേനീച്ചകളടക്കമുള്ള നിരുപദ്രവകാരികളായ ഷഡ്പദങ്ങളെ നശിപ്പിക്കാത്ത പുതിയ കീടനാശിനികള്‍ (ജനിതകം അടിസ്ഥാനമായുള്ളവ) വികസിപ്പിക്കുക.
രോഗം പടര്‍ത്തുന്ന ഷഡ്പദങ്ങളെ (ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്തവയെയും) കണ്ടെത്തുക. അവയുടെ ജനിതകശ്രേണീ പഠനം നടത്തുക.
ഷഡ്പദകീടങ്ങളെ നശിപ്പിക്കുന്ന ഷഡ്പദങ്ങളെ (ഇവയെ 'മിത്രകീടങ്ങള്‍ എന്നാണ് വിളിക്കുന്നത്) കൂടുതലായി കണ്ടെത്തുക.
1930-കളില്‍, ശീതീകരണികളില്‍ ഉപയോഗിച്ചിരുന്ന അമോണിയപോലുള്ള വിഷവാതകങ്ങള്‍ക്കുപകരമയാണ് 'ക്ളോറോ-ഫ്ളൂറോ കാര്ബണുകള്' അരങ്ങിലെത്തിയത്. ആരോഗ്യത്തിന് ഹാനികരമല്ല എന്ന വെളിപ്പെടുത്തല്‍ അവയ്ക്ക് കൂടുതല്‍ ഉപയോഗങ്ങള്‍ നല്കി. അങ്ങനെയാണ് അവര്‍ എയര്‍കണ്ടീഷനറുകളിലേക്കും സ്പ്രേകളിലേക്കും ഒരു ചേരുവയായി കടന്നത്. അപ്രതീക്ഷിതമായാണ് അപകടരഹിതമെന്നു കരുതപ്പെട്ട 'ക്ളോറോ-ഫ്ളൂറോ കാര്‍ബണു'കള്‍ ഭൂമിയിലെ ജീവന് ഗുരുതരമായ ഭീഷണിയുയര്‍ത്തുന്ന ഒന്നായി തിരിച്ചറിയപ്പെട്ടത്.
ഷെറി റോലന്‍ഡ്, മാറിയോ മോലിന എന്നീ രണ്ടു ഗവേഷകരാണ്, 1974ല്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണപ്രബന്ധത്തിലൂടെ, ഓസോണ്‍പാളിയെ കാര്‍ന്നുതിന്നുന്നവയാണ് 'ക്ളോറോ-ഫ്ളൂറോ കാര്‍ബണു'കളെന്ന സത്യം ലോകത്തോട് വിളിച്ചുപറഞ്ഞത്. ഈ വെളിപ്പെടുത്തലിന്റെ 35-ാം വാര്‍ഷികത്തില്‍ കടന്നുവരുന്ന ഓസോണ്‍ദിനമെന്ന സവിശേഷതയും 2011-ലേതിനുണ്ട്. അതേസമയം, മൂന്നുദശാബ്ദത്തിലേറെ പിന്നിട്ടിട്ടും 'ക്ളോറോ-ഫ്ളൂറോ കാര്‍ബണു'കളുടെ ഉല്‍പ്പാദനവും ഉപഭോഗവും തെല്ലും കുറവുചെയ്യാന്‍ വികസിതരാജ്യങ്ങള്‍ തയ്യാറായിരുന്നില്ല എന്നതാണ് ഏറെ വിചിത്രം.
അതിനുപകരമായി അവര്‍ ചെയ്തത് ക്ളോറോ-ഫ്ളൂറോ കാര്‍ബണുകള്‍ക്കു ബദലായി മറ്റൊരുതരം രാസപദാര്‍ഥത്തെ കണ്ടെത്തുകയായിരുന്നു. അവയാണ് HCFC എന്ന ചുരുക്കപ്പേരിലറിയുന്ന "ഹൈഡ്രോ ക്ളോറോ-ഫ്ളൂറോ-കാര്ബണുകള്' (Hydro-Fluro Carbons-HCFC). എന്നാല്‍ നേരത്തെയുള്ളവയെക്കാള്‍ ഒരപകടം കൂടുതലായി ക്ഷണിച്ചുവരുത്തുന്നതായിരുന്നു ഇവ. അതായത് ആഗോളതാപനത്തിന് ആക്കംകൂട്ടല്‍. ഓസോണ്‍പാളിയെ നശിപ്പിക്കുക മാത്രമല്ല, 'ഹരിതഗൃഹവാതക' (Greenhouse Gases) ങ്ങളായി പ്രവര്‍ത്തിക്കുന്നതിലൂടെ ഭൌമാന്തരീക്ഷത്തിന്റെ ചൂടേറ്റുവാനും ലോക കാലാവസ്ഥയുടെ താളംതെറ്റിക്കാനും ഇവയ്ക്കു കഴിയുമെന്നു ചുരുക്കം. ഈ അപകടത്തിന്റെ പരസ്യപ്പെടുത്തല്‍കൂടിയാണ് നാളത്തെ ഓസോണ്‍ദിനം.
"ഹൈഡ്രോ-ഫ്ളൂറോ-കാര്ബണുകള്' അവയുടെ മുന്‍ഗാമികളായ 'ക്ളോറോ-ഫ്ളൂറോ-കാര്‍ബണുക'ളെക്കാള്‍ കൂടുതല്‍ അപകടകാരികളാണെന്ന തിരിച്ചറിവ്, ഏറെ വൈകിയാണെങ്കിലും എത്തിച്ചേര്‍ന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിയുടെ ഓര്‍മപുതുക്കലാണ് ഈ ദിനം. 'മോണ്ട്റിയല് പ്രോട്ടോകോള്‍' എന്നറിയപ്പെടുന്ന ഈ ഉടമ്പടി 1987 സെപ്തംബര്‍ 16നാണ് ഒപ്പുവച്ചത്. 43 രാജ്യങ്ങള്‍ ഒപ്പുവച്ച ധാരണപത്രം, രണ്ട് കാലാവധികളാണ് നിശ്ചയിച്ചിരുന്നത്. 'ക്ളോറോ-ഫ്ളൂറോ-കാര്‍ബണു'കള്‍ക്കായി 2000വും 'ഹൈഡ്രോ-ക്ളോറോ-ഫ്ളൂറോ-കാര്‍ബണു'കള്‍ക്കായി 2040ഉം. രണ്ടിന്റെയും ഉല്‍പ്പാദനവും ഉപഭോഗവും സമയബന്ധിതമായി നിര്‍ത്തണമെന്നായിരുന്നു നിര്‍ദേശം.
ഐക്യരാഷ്ട്രസഭയ്ക്കു കീഴിലെ 'യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാ' (UNEP) മിനു കീഴിലായിരുന്നു ഇതിനായുള്ള രാജ്യാന്തര നടപടികള്‍ക്കും മേല്‍നോട്ടത്തിനും രൂപരേഖയായത്. അതില്‍ ആദ്യത്തേതിന്റെ കാലാവധി 2000ത്തില്‍ അവസാനിച്ചപ്പോഴും നിര്‍ദേശങ്ങളില്‍ പലതും കടലാസില്‍ ഉറങ്ങുകയായിരുന്നു. എന്നാല്‍ ചില രാജ്യങ്ങള്‍ കരാര്‍ അനുസരിച്ച് പെരുമാറിയതിന്റെ ഗുണഫലങ്ങള്‍ 2010ല്‍ അല്‍പ്പം പ്രകടമാവുകയുണ്ടായി; ഓസോണ്‍പാളിയിലെ വിള്ളലിന്റെ വിസ്തൃതി പ്രകടമായതരത്തില്‍ ചുരുങ്ങിയതായ കണ്ടെത്തലിലൂടെ. ഈ നല്ല തുടക്കത്തെ ഒരു തുടര്‍ച്ചയായി കാണുകയും അതിനായി പ്രവര്‍ത്തിക്കുകയുമാണ് ഈ വര്‍ഷത്തെ ഓസോണ്‍ദിനം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യത്തിലും പ്രതിഫലിക്കുന്നത്. "HCFC phase-out: a unique opportunity".
ഓസോണ്പാളിയുടെ നാശംമൂലം ഭൌമാന്തരീക്ഷത്തിലേക്കെത്തുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ അമിതസാന്നിധ്യം വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ (വിവിധതരം ത്വക്ക്-കാന്‍സറുകള്‍), 'ഹൈഡ്രോ-ക്ളോറോ-ഫ്ളൂറോ-കാര്‍ബണു'കള്‍ കാരണം ഉണ്ടാകുന്ന ആഗോളതാപനത്തിന്റെ കെടുതികള്‍ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണം എങ്ങനെ ഏറ്റവും എളുപ്പത്തില്‍ നടത്താമെന്ന് ഏതൊരാള്‍ക്കും നിര്‍ദേശിക്കാം. തെരഞ്ഞെടുക്കുന്ന നിര്‍ദേശങ്ങളും പ്രചാരണോപാധികളും UNEP-യുടെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. അതിനായി സന്ദര്‍ശിക്കേണ്ടത്
വായുമലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ മുന്നില്‍.വായുമലിനീകരണത്തിന്റെ തോതിനനുസരിച്ച് രാജ്യങ്ങളെ ക്രമപ്പെടുത്തുന്ന 'എന്‍വയോണ്‍മെന്റല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്സ്' എന്ന പട്ടികയിലാണ് പാകിസ്ഥാന്, ചൈന, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവയെ കടത്തിവെട്ടി ഇന്ത്യ മുന്‍പന്തിയിലെത്തിയത്.
ഊര്‍ജാവശ്യങ്ങള്‍ക്കായി ലോകത്തില്‍ ഏറ്റവുമധികം വിറക് ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 200 ദശലക്ഷം ടണ്‍ എന്ന കണക്കിലാണ് ഇന്ത്യയിലെ വിറകുപയോഗം. എന്നാല്‍ വായുമലിനീകരണത്തിന്റെ മുഖ്യസ്രോതസ്സാവുന്നത് ഇതല്ലെന്നാണ് പഠനങ്ങള്‍ നല്കുന്ന സൂചന.
വാഹനപെരുപ്പവും പെട്രോളിയം ഇന്ധനത്തിലെ മായംചേര്‍ക്കലുമാണ് ഇതിനിടയാക്കുന്നതത്രെ.
പെട്രോള്‍, ഡീസല്‍ എന്നിവയില്‍ മായംചേര്‍ക്കലിന് ഉപയോഗിക്കുന്ന ചേരുവകള്‍, അവയുടെ ജ്വലനശേഷിയില്‍ കുറവുവരുത്തുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിലൂടെ കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡുകള്‍, ഹൈഡ്രോ കാര്ബണുകള് എന്നിവ അധികമായി പുറത്തുവരുന്നു.
മാത്രമല്ല, മണ്ണെണ്ണയില്‍ അധികമായുള്ള സള്‍ഫറിന്റെ അംശം, മലിനീകരണം കുറവുചെയ്യാന്‍ പെട്രോളില്‍ കലര്‍ത്തിയിട്ടുള്ള രാസപദാര്‍ഥങ്ങളെ നിഷ്ക്രിയമാക്കുകയും ചെയ്യുന്നു. ഇതിലൂടെ, ക്യാന്‍സറിനു കാരണമാവുന്ന ബെന്‍സീന്‍ , 'പോളി ആരോമാറ്റിക് ഹൈഡ്രോ കാര്ബണുകള്' എന്നിവ അധികമായി പുറത്തുവരുന്നു. അതോടൊപ്പം പൊടിരൂപത്തിലുള്ള കാര്‍ബണും (Particulate Carbon).ശ്വാസകോശ രോഗങ്ങളാണ് ഇവ മൂലമുള്ള മുഖ്യ അപകടം.
വാഹനപ്പെരുപ്പംമൂലം വീര്‍പ്പുമുട്ടുന്ന റോഡുകള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ വായുമലിനീകരണം വര്‍ധിക്കുന്നതിന് കാരണമാവുന്നു. ഗതാഗതക്കുരുക്കില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് നഗരപ്രദേശങ്ങളിലെ വായുമലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ കാരണമാവുന്നു. സാധാരണ പുറത്തുവരുന്ന വായുമാലിന്യങ്ങളുടെ അളവിനേക്കാള്‍ എട്ട് ഇരട്ടിയോളമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട് ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളില്‍നിന്നുള്ള പുകയും പൊടിപടലങ്ങളും സൃഷ്ടിക്കുന്നത്.
മണിക്കൂറില്‍ 20 കിലോമീറ്റര്‍ എന്നതാണ് ഇന്ത്യയിലെ നഗരറോഡുകളിലെ വാഹനങ്ങള്‍ക്ക് മറികടക്കാനാവാത്ത ശരാശരി വേഗം.സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ് എന്നിവമൂലമുള്ള മലിനീകരണമാണ് ഇതുമൂലമുള്ള ഏറ്റവും വലിയ അപകടം.
ചപ്പുചവറുകള്‍ കത്തിക്കുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെടുന്നതും വ്യവസായശാലകള്‍ മലിനീകരണമാനദണ്ഡങ്ങള്‍ പാലിക്കാത്തതും ഇന്ത്യയെ വായുമലിനീകരണത്താല്‍ ശ്വാസംമുട്ടുന്ന അവസ്ഥയിലേക്കാണ് നയിക്കുന്നത്.
യേല്‍ സര്‍വകലാശാലയും കൊളംബിയ സര്‍വകലാശാലയും സംയുക്തമായാണ് 'എന്‍വയോണ്‍മെന്റല്‍ പെര്‍ഫോമന്‍സ് ഇന്‍ഡെക്സ്' തയ്യാറാക്കുന്നത്.
ഇന്ത്യയിലെ വനഭൂമിയുടെ വിസ്തൃതി കുറയുന്നതായി റിപ്പോര്‍ട്ട്. ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ മൊത്തം വനവിസ്തൃതിയില്‍ 367 ചതുരശ്രകിലോമീറ്ററിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2009ലെ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍, വനഭൂമി ഏറ്റവും കുറഞ്ഞത് ആന്ധ്രപ്രദേശിലാണ്. 281 ചതുരശ്രകിലോമീറ്റര്‍ വനഭൂമി അവിടെ നഷ്ടമായി. പിന്നെ കുറഞ്ഞത് മണിപ്പൂരിലാണ്. 190 ചതുരശ്രകിലോമീറ്ററിന്റെ കുറവ്. നാഗാലാന്‍ഡാണ് വനഭൂമിനഷ്ടത്തില്‍ തൊട്ടുതാഴെ. 146 ചതുരശ്രകിലോമീറ്റര്‍ വനമാണ് അവിടെ നഷ്ടപ്പെട്ടത്. മിസോറം, അരുണാചല്‍പ്രദേശ്, മേഘാലയ എന്നിവയാണ് വനവിസ്തൃതിയില്‍ കുറവു നേരിട്ട മറ്റു സംസ്ഥാനങ്ങള്‍. തൊട്ടുമുമ്പത്തെ, റിപ്പോര്‍ട്ടില്‍ വര്‍ധിതമായ വനവിസ്തൃതിയില്‍ ശ്രദ്ധേയമായിരുന്ന മിസോറം, മണിപ്പുര്‍, മേഘാലയ സംസ്ഥാനങ്ങള്‍ പുറകോട്ടുപോയത് ഏറെ നിരാശപ്പെടുത്തുന്നു.
വനവിസ്തൃതി നഷ്ടമായ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. 24 ചതുരശ്രകിലോമീറ്റര്‍ വനം കേരളത്തിന് നഷ്ടമായതായി റിപ്പോര്‍ട്ട് പറയുന്നു. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവയാണ് വനഭൂമി നഷ്ടമായ മറ്റ് സംസ്ഥാനങ്ങള്‍. അതേസമയം, ഊര്‍ജിതമായ വനവല്‍ക്കരണത്തിലൂടെ മുന്‍കാലനില മെച്ചപ്പെടുത്തിയ സംസ്ഥാനങ്ങളുമുണ്ട്. 15 സംസ്ഥാനങ്ങളുള്ള ഈ പട്ടികയില്‍ പഞ്ചാബാണ് മുന്നില്‍. 100 ചതുരശ്രകിലോമീറ്ററിന്റെ വിസ്തൃതിയാണ് പഞ്ചാബിലെ വനഭൂമി രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുതാഴെ ഹരിയാനയാണ്- 14 ചതുരശ്രകിലോമീറ്റര്‍. 11 ചതുരശ്രകിലോമീറ്ററിന്റെ വിസ്തൃതി വര്‍ധനയുമായി ഹിമാചല്‍പ്രദേശാണ് മൂന്നാം സ്ഥാനത്ത്. ബാക്കിയുള്ള 12 സംസ്ഥാനങ്ങളും കൂടിച്ചേര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ വനഭൂമിയില്‍ വരുത്തിയ വിസ്തൃതിമുന്നേറ്റം 500 ചതുരശ്രകിലോമീറ്ററിന്റെതാണെന്നതും ശുഭപ്രതീക്ഷ നല്കുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്നാടാണ് നില മെച്ചപ്പെടുത്തിയതെന്ന കാര്യം ശ്രദ്ധേയമാണ്. അതേസമയം 281 ചതുരശ്രകിലോമീറ്റര്‍ വനഭൂമി നഷ്ടപ്പെടുത്തിയതിലൂടെ ഈ മേഖലയില്െ ആന്ധ്രപ്രദേശ് താഴെപോവുകയും ചെയ്തു. യൂക്കാലിമരങ്ങള്‍ വിളവെടുപ്പിനായി വന്‍തോതില്‍ വെട്ടിനശിപ്പിച്ചതാണ് ഇതിനു കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തമിഴ്നാടിനെ വനവിസ്തൃതി കണക്കില്‍ മുന്നിലെത്തിച്ചതും ഇതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പക്ഷേ, കൃത്രിമമായി വച്ചുപിടിപ്പിക്കുന്ന വൃക്ഷവിളത്തോട്ടങ്ങളെ വനഭൂമിയായി കണക്കാക്കി കണക്കില്‍ ഉള്‍ക്കൊള്ളിക്കുന്നത് അശാസ്ത്രീയമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കാരണം, ഒരേ ഇനത്തില്‍പ്പെട്ട ജനുസ്സുകളെ മാത്രം വളര്‍ത്തുന്ന കൃഷിഭൂമിയിലെ 'വനവല്‍കൃതമേഖല'കള്‍ക്ക് യഥാര്‍ഥ വനങ്ങളുടേതായ പാരിസ്ഥിതികമേന്മകളും പ്രയോജനങ്ങളും പകര്‍ന്നുതരാനാവില്ല എന്നതുതന്നെ.
എന്നാല്‍, വനഭൂമിയുടെ അളവിനെയും വിസ്തൃതിയെയും 'ദേശീയ വരുമാന ശരാശരി' (ഏൃീ ഉീാലശെേര ജൃീറൌര)യുടെ അടിസ്ഥാനമാനകങ്ങളിലൊന്നായി കണക്കാക്കേണ്ടതുണ്ടെന്ന ന്യായീകരണത്തിലൂടെയാണ് 'ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ' ഇതിനെ നീതീകരിക്കുന്നത്. 'സ്വാഭാവിക വനമേഖലയ്ക്കു പുറത്തുള്ള വൃക്ഷങ്ങള്‍' (ഠൃലല ഛൌശേെറല എീൃല ഠഛഎ) എന്ന തലക്കെട്ടിനു താഴെ ഉള്‍പ്പെടുത്തിയാണ് പുതിയ റിപ്പോര്‍ട്ടില്‍ സ്വകാര്യഭൂമിയിലെയും കൃഷിഭൂമിയിലെയും മരങ്ങളെ കണക്കിലെടുത്തിരിക്കുന്നത്. വനാധിഷ്ഠിത വ്യവസായങ്ങളുടെ അസംസ്കൃത വസ്തുക്കളായി ഇവ ഉപയോഗിക്കുന്നു എന്ന കാരണത്താലാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യയിലെ 'വനഭൂമി' പ്രദാനംചെയ്യുന്ന 'ദേശീയ വരുമാന ശരാശരി'വിഹിതം (2007-08) 29,069 കോടി രൂപയാണ്. മൊത്തം ദേശീയ ശരാശരിയുടെ 0.67 ശതമാനമാണിത്. ദേശീയ സ്ഥിതിവിവര കമീഷന് (ചമശീിേമഹ അരരീൌി ഉശ്ശശീിെ ീള ഇലിൃമഹ ടമേശേശെേരമഹ ഛൃഴമിശമെശീിേ) 2010 ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 'ദേശീയ വരുമാന ശരാശരി' 88,000 കോടി രൂപയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനുള്ള വിശദീകരണം എന്ന നിലയ്ക്കുകൂടിയാണ് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ സ്വകാര്യ വനഭൂമിയെക്കൂടി ഉള്‍പ്പെടുത്തിയത്. ഇക്കാരണത്താല്‍, ജൈവവൈവിധ്യ സുരക്ഷയുടെയോ സംരക്ഷണത്തിന്റെയോ സൂചകമായി ഈ സര്‍വേ റിപ്പോര്‍ട്ടിനെ കണക്കിലെടുക്കുക സാധ്യമല്ലെന്ന വാദവും ശക്തമാണ്.
മെച്ചപ്പെട്ടത് കണ്ടല്‍ക്കാടുകള്‍
കണ്ടല്‍വനമേഖലയുടെ വിസ്തൃതിയാണ് പുതിയ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്ന ശ്രദ്ധേയമായെരു വസ്തുത. 23.34 ചതുരശ്രകിലോമീറ്ററിന്റെ വിസ്തൃതിയാണ് രാജ്യത്തിലുടനീളമായി കണ്ടല്‍ക്കാടുകളുടേതായി ഉണ്ടായത്. 4,662 ചതുരശ്രകിലോമീറ്ററാണ് ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടല്‍വനമേഖലയുടെ വിസ്തൃതി. 2009ലെ സര്‍വേയില്‍ ഇത് 4,639 ചതുരശ്രകിലോമീറ്റര്‍ ആയിരുന്നു. 1987ല്‍ നടന്ന ആദ്യ സര്‍വേയില്‍ ഇത് 4,046 ചതുശ്രകിലോമീറ്റര്‍ ആയിരുന്നു. ഏറ്റവുമധികം കണ്ടല്‍ക്കാടുകളുള്ളത് പശ്ചിമബംഗാളിലാണ്. സുന്ദര്‍ബാന്‍ വനമേഖല ഉള്‍പ്പെടെയാണിത്. ഇപ്പോഴുള്ള 4,662 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍വനമേഖലയില്‍ പകുതിയോളവും നിലനിലക്കുന്നത് ഇവിടെയാണ്. ഒരുകാലത്ത് കണ്ടല്‍ സമൃദ്ധമായിരുന്ന ആന്‍ഡമാന്‍-നികോബാര്‍ ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന കിഴക്കന്‍തീരങ്ങള്‍, സുനാമിക്കുശേഷം ഇപ്പോള്‍ ഏറെക്കുറെ നാശോന്മുഖമാണ്. 59 സ്പീഷീസുകളില്‍പ്പെടുന്ന കണ്ടല്‍ച്ചെടികള്‍ ഇന്ത്യയിലുണ്ട്. ഇതില്‍ 14 സ്പീഷീസുകള്‍ കേരളത്തിലാണ്.
വനസര്‍വേ റിപ്പോര്‍ട്ട് ഒറ്റനോട്ടത്തില്‍
* 6,92,027 ചതുരശ്രകിലോമീറ്ററാണ് ഇന്ത്യയിലെ വനഭൂമിയുടെ മൊത്തം വിസ്തൃതി. 2009-2011 കാലയളവിലെ പഠനങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ടായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
* മധ്യപ്രദേശാണ് വനവിസ്തൃതിയില്‍ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനം. (7,77,700 ചതുരശ്രകിലോമീറ്റര്‍). അരുണാചല്‍പ്രദേശാണ് തൊട്ടുതാഴെ- 67,410 ചതുരശ്രകിലോമീറ്റര്‍.
* ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 23.81 ശതമാനം മാത്രമാണ് വനഭൂമി. വനമേഖലയുടെ ശതമാനം കൂടുതലുള്ളത് മിസോറമാണ് (90.68%). ലക്ഷദ്വീപാണ് തൊട്ടുതാഴെ (84.56%).
* രണ്ടുവര്‍ഷത്തിലൊരിക്കലാണ് വനസര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. 12-ാമത്തെ റിപ്പോര്‍ട്ടാണിത്. 1987ലേതായിരുന്നു ആദ്യറിപ്പോര്‍ട്ട്.
* ഇന്ത്യന്‍ റിമോട്ട് സെന്‍സിങ്ങ് (കഞട) സാറ്റലൈറ്റിന്റെ ജ6ഘകടട കകക സെന്‍സര്‍ ഉപയോഗിച്ചുള്ള ഉപഗ്രഹ ചിത്രങ്ങളെയാണ് സര്‍വേയ്ക്ക് ആശ്രയിച്ചത്.
* ഹൈദരാബാദ് ആസ്ഥാനമായുള്ള 'നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍' (ചഞടഇ) ആണ് ഇതിനുള്ള സാങ്കേതികസഹായം നല്‍കിയത്.
* 4,302 സംസ്ഥാനങ്ങളില്‍ ഗവേഷണസംഘങ്ങള്‍ നടത്തിയ 'ഫീല്‍ഡ് സര്‍വേ'യുടെ വിവരങ്ങളുമായി ഉപഗ്രഹചിത്രങ്ങളെ താരതമ്യം ചെയ്തതിലൂടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്തെത്തിയ നാവികസംഘം അവിടെ വിചിത്രരൂപികളായ മനുഷ്യരെ കണ്ടു. ദേഹമാസകലം രോമങ്ങളും സാമാന്യത്തിലേറെ നീളമുള്ള കൈകളുമായിരുന്നു അവരുടെ സവിശേഷത. രണ്ടുകാലില്‍ ഏണീറ്റുനിന്ന് കടല്‍ കടന്നുവരുന്നവരെ നോക്കിനിന്നിരുന്ന അവര്‍ ആഗതരെത്തിയതോടെ നാലുകാലില്‍ കാടിനുള്ളിലേക്ക് ഓടിമറഞ്ഞു.
കാര്‍ത്തേജുകാരായിരുന്ന നാവികര്‍ പക്ഷേ തങ്ങള്‍ കണ്ട ഈ അപൂര്‍വ മനുഷ്യരെക്കുറിച്ച് ലോകമാകെ പറഞ്ഞുനടന്നു.കടല്‍യാത്രയുമായി ബന്ധപ്പെട്ട പല കെട്ടുകഥകളുംപോലെ ആരും അത് വിലയ്ക്കെടുത്തില്ല. പിന്നീട് 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെയാണ് ഈ വിശേഷ മനുഷ്യര്‍ക്ക് തിരിച്ചറിയല്‍ ലഭിക്കുന്നത്.1847ല്‍ അമേരിക്കന്‍ പര്യവേക്ഷകനായ തോമസ് സ്റ്റാഗ്ടണ്‍ സാവേജ്, അവ മനുഷ്യരല്ലെന്നും ആള്‍ക്കുരങ്ങുകളാണെന്നും കണ്ടെത്തി. അവയ്ക്ക് അദ്ദേഹം നല്കിയ പേരാണ് ഗറില്ല’ (Gorilla).
പരിണാമചരിത്രത്തില്‍ എവിടെയോ മനുഷ്യരുടെ താവഴിയില്‍നിന്നു പിരിഞ്ഞുപോയ ഇവയുടെ സമ്പൂര്‍ണ ജനിതകചിത്രം ഇവിടെ ഇതള്‍വിരിയുകയാണ്. കാര്‍ത്തേജുകാര്‍ കരുതിയതുപോലെ മനുഷ്യര്‍തന്നെയാണ് ഇവരുമെന്നാണ് ജനിതകപഠനവും പറയുന്നത്. എന്നാല്‍ മനുഷ്യരുമായി രണ്ടു ശതമാനം ജീനുകളിലെ വ്യത്യാസം മാത്രമാണ് ഇവര്‍ക്കുള്ളത്. ബാക്കി 98 ശതമാനം ജീനുകളും മനുഷ്യരുടേതിനു തുല്യവും.
ജനിതകപരമായി മനുഷ്യരുമായി ഇത്രയധികം സാമ്യം എങ്ങനെ ഗറില്ലകള്‍ക്കുണ്ടായി എന്ന് അറിയണമെങ്കില്‍ 55 ദശലക്ഷം വര്‍ഷം പിന്നിലേക്കു സഞ്ചരിക്കണം. അപ്പോഴാണ് സസ്തനങ്ങളില്‍നിന്നു ബുദ്ധിപരമായി ഉയര്‍ന്ന ഒരു വിഭാഗം രൂപപ്പെട്ടുവരുന്നത്. മരത്തില്‍ കഴിഞ്ഞ ഇവര്‍ പക്ഷേ പൂര്‍ണമായും കുരങ്ങുകളായിരുന്നില്ല. അതിനാല്‍ കുരങ്ങുകള്‍ക്കു മുമ്പുള്ളത് എന്നര്ഥത്തില് പ്രോസിമിയനുകള്‍ (Prosimians) എന്നാണ് ശാസ്ത്രജ്ഞര്‍ ഇവരെ വിളിക്കുന്നത്. പിന്നെയും ദശലക്ഷം വര്‍ഷം കഴിഞ്ഞുപോവുന്നതിനിടയില്‍ സവിശേഷമായി വ്യതിയാനങ്ങളോടെ ഇവയില്‍ ചെറിയൊരു വിഭാഗം വേര്‍പിരിയാന്‍ തുടങ്ങി. ഇവയാണ് പില്ക്കാലത്ത് മനുഷ്യരുടെ തായ്വഴിയായി മാറിയ ആന്ത്രോപോയഡ്സ് (Anthropoids).
ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള ചെറുസംഘങ്ങള്‍ ഇവയ്ക്കൊപ്പം ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു ഗറില്ലകളും ചിമ്പാന്‍സികളും ഉള്‍പ്പെടുന്ന ആള്‍ക്കുരങ്ങുകള്‍ (Great Apes). പോങ്ങിഡേ (Pongidae) എന്നായിരുന്നു ഇവയുടെ കുടുംബം അറിയപ്പെട്ടിരുന്നത്. നമ്മള് മനുഷ്യരുടെ കുടുംബപ്പേര് ഹോമിനിഡേ (Hominidae) എന്നും. കുറേനാള്‍ ഒരുമിച്ചു താമസിച്ചശേഷം ഏകദേശം അഞ്ചു ദശലക്ഷം വര്‍ഷം മുമ്പാണ് മനുഷ്യവംശം ഭാഗംപിരിഞ്ഞു പോയത്. ഈ ഭാഗംവാങ്ങല്‍ അല്ലെങ്കില്‍ ജനിതകപരമായ അടുപ്പമാണ് ജീനുകളിലെ 98 ശതമാനം അടുപ്പത്തിലൂടെ ഗറില്ലകളും മനുഷ്യരും തമ്മില്‍ ഇപ്പോഴും പ്രതിഫലിക്കുന്നത്.
മുന്‍പറഞ്ഞ പരിണാമകഥകളും കഥാപാത്രങ്ങള്‍ തമ്മിലുള്ള സാമ്യവും ഫോസിലുകളുടെ താരതമ്യ പഠനത്തിലൂടെയാണ് അനാവരണം ചെയ്യപ്പെട്ടിരുന്നത്. തലയോട്ടിയുടെയും കൈ-കാല് അസ്ഥി എന്നിവയുടെ ആകൃതി, വലുപ്പം എന്നിവ അടിസ്ഥാനമാക്കി ദീര്‍ഘനാളത്തെ ഗവേഷണത്തിലൂടെയാണ് നരവംശശാസ്ത്രജ്ഞര്‍ ഇത്തരമൊരു കുടുംബ പുരാവൃത്തം വരച്ചുണ്ടാക്കിയത്. ഇതിന് വ്യക്തമായ സാധുത നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജനിതകപരമായ വിശകലന പഠനങ്ങളുടെ സാധ്യത ഇവയില്‍ പരീക്ഷിച്ചത്.
ആള്‍ക്കുരങ്ങുകളുടെ വിഭാഗത്തില്‍ ചിമ്പാന്‍സിയുടെ ജനിതകശ്രേണിയാണ് ആദ്യം വെളിപ്പെടുത്തിയത്- 2005ല്‍. ഒറാങ് ഉട്ടന്റെ ജനിതകം 2011ലും വെളിപ്പെട്ടു. ഈ രംഗത്തെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ഗറില്ലകളുടേത്. ഇവയുടെ താരതമ്യപഠനത്തിലൂടെയാണ് മനുഷ്യവംശത്തിന്റെ പരിണാമചിത്രവും ചാര്‍ച്ചപ്പെടലുകളും ഇപ്പോള്‍ അനാവരണം ചെയ്യപ്പെടുന്നത്. മനുഷ്യനുമായി പരിണാമപരമായി ഏറ്റവും അടുത്തുനില്ക്കുന്നത് ചിമ്പാന്‍സികളാണ് (99 ശതമാനം സാമ്യം). തൊട്ടടുത്ത് ഗറില്ലകള്‍ (98 ശതമാനം സാമ്യം). അതുകഴിഞ്ഞാല്‍ ഒറാങ് ഉട്ടാനുകള്‍ (97 ശതമാനം സാമ്യം).
ആള്‍ക്കുരങ്ങുകളുടെ വംശത്തിലെ എല്ലാറ്റിന്റെയും ജനിതകശ്രേണീപഠനം കഴിഞ്ഞുവെന്ന് ശാസ്ത്രജ്ഞര്‍ക്ക് പറയാമെങ്കിലും ചിമ്പാന്‍സിയുടെ അടുത്ത ബന്ധുവായ ബോണോബോ (Bonobo- Pan paniscus)യുടെ ജനിതകശ്രേണികൂടിയാണ് അനാവരണം ചെയ്യാനുള്ളത്
ഐക്യരാഷ്ട്രസഭ, 2016നെ പയറുവര്‍ഗങ്ങളുടെ വര്‍ഷ (International Year of Pulses) മായി പ്രഖ്യാപിച്ചിരിക്കുകയാണ്. പാവപ്പെട്ടവന്റെ മാംസ്യം’എന്ന പേരില്‍ പേരുകേട്ടവയാണ് പയറുവര്‍ഗങ്ങള്‍. വിലകൂടിയ മാംസം വരേണ്യവര്‍ഗത്തിന്റെ ഭക്ഷണമായപ്പോള്‍ പാവപ്പെട്ടവര്‍, പ്രത്യേകിച്ചും കൃഷിപ്പണിചെയ്തു ജീവിച്ചിരുന്നവര്‍ക്ക് പോഷകാംശങ്ങള്‍ ഉറപ്പുവരുത്തിയത് പയറുചെടികളായിരുന്നു. പയറുചെടികളുടെ വേരിലെ മുഴകള്‍ക്കുള്ളില്‍ ഒരുതരം ബാക്ടീരിയകള്‍ വളരുന്നുണ്ട്. ഇവയ്ക്ക് അന്തരീക്ഷവായുവിലെ നൈട്രജനെ ചെടികള്‍ക്ക് നേരിട്ട് വലിച്ചെടുക്കാന്‍ പാകത്തിലുള്ള നൈട്രേറ്റാക്കി മാറ്റാന്‍ കഴിയും. ഇതിലൂടെ രാസവളങ്ങളുടെ ഉപയോഗം കുറവുചെയ്യാനും അതിലൂടെ പരിസ്ഥിതിയിലുണ്ടാവുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെ ഒഴിവാക്കാനും ഇവയ്ക്ക് കഴിയും. ഇടവിളയായി പയറുവര്‍ഗങ്ങള്‍ ക്യഷിചെയ്യുന്നത് മണ്ണിന്റെ ഫലഭൂയിഷ്ടതയെ സംരക്ഷിക്കുകയും ചെയ്യും. നൈട്രജന്‍ അടങ്ങിയ രാസവളങ്ങളെ ഒഴിവാക്കുന്നത് കാലാവസ്ഥാമാറ്റത്തെ ചെറുക്കുന്നതിനും സഹായകമാവും. ഇത്തരം കാര്യങ്ങളെക്കുറിച്ചും ഭക്ഷ്യോല്‍പ്പാദനം സുസ്ഥിരമാക്കുന്നതില്‍ അതിനുള്ള പങ്കിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം.
പയറുവര്‍ഗങ്ങളെ ഏറ്റവും സുരക്ഷിതമായ മാംസ്യസ്രോതസ്സായി ഉപയോഗിക്കാനും വര്‍ഷാചരണം ലോകജനതയെ ആഹ്വാനംചെയ്യുന്നു. ലോക ഭക്ഷ്യകാര്‍ഷിക സംഘടനയെയാണ് വര്‍ഷാചരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഐക്യരാഷ്ട്രസഭ ചുമതലപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള സംസ്കൃതികളില്‍ ദാരിദ്യ്രത്തിന്റെ അതിജീവനവുമായി ബന്ധപ്പെട്ടാണ് പയറുകൃഷി വികസിച്ചത്. അതേസമയം പ്രോട്ടീന്‍ സമൃദ്ധമാണെങ്കിലും പയറുവര്‍ഗങ്ങള്‍ സമീകൃതാഹാരമായി കണക്കാക്കാവുന്ന ഒരു ഭക്ഷണവുമല്ല. ശരീരത്തിനാവശ്യമായ പ്രധാന അമിനോ അമ്ളങ്ങളില്‍ രണ്ടെണ്ണം പയറുകളിലില്ല. പയറുമാത്രം കഴിക്കുന്നവര്‍ക്ക് ഇവ കിട്ടില്ല. എങ്കിലും പയറിന്റെ ഏറ്റവും വലിയ ഗുണം, അവയില്‍ അടങ്ങിയിരിക്കുന്ന ധാന്യകങ്ങള് സങ്കീര്‍ണഘടനയുള്ളതാണ് എന്നതത്രെ. ഇവയെ ലഘുഘടനയുള്ളവയാക്കി മാറ്റിയാലേ അവയില്‍നിന്നുള്ള ഊര്‍ജത്തിന്റെ വേര്‍പെടുത്തല്‍ സാധ്യമാവൂ. ഇക്കാരണത്താല്‍ത്തന്നെ, പയറുവര്‍ഗങ്ങള്‍ കഴിച്ച ഉടനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാറില്ല. ഇതുമൂലം പ്രമേഹരോഗികള്‍ക്കുപോലും സുരക്ഷിതമായ ഭക്ഷണമൊരുക്കാന്‍ പയറിനു കഴിയും.
പയറുകഴിച്ചിട്ട് ജോലിചെയ്യാന്‍ ശ്രമിക്കുന്ന ഒരാള്‍ പെട്ടെന്ന് ക്ഷീണിക്കുകയില്ല. മാത്രമല്ല, വൈറ്റമിന്‍ ബി, ഫോളിക് ആസിഡ് തുടങ്ങിയ ജീവകങ്ങള്‍ അനുയോജ്യമായ അളവില്‍ പയറില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, സെലീനിയം, മഗ്നീഷ്യം തുടങ്ങിയ മൂലകങ്ങളും. നാരുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണവുമാണ് പയറുവര്‍ഗങ്ങള്‍. ഇത് ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു. സോയാബീനില്‍ ലിന്‍ഒലീനിക് ആസിഡ് (Linolenic acid) എന്ന കെഴുപ്പമ്ളം അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതത്തെ തടയുന്ന ഒമേഗാ–3 ഘടനയോടുകൂടിയ കെഴുപ്പമ്ളമാണിത്. കൊളസ്ട്രോളുമായി കൂടിച്ചേരുന്നതിലൂടെ രക്തത്തിലെ ദോഷകാരിയായ കൊഴുപ്പിന്റെ സാന്നിധ്യം കുറയ്ക്കാനും പയറിനു കഴിയും. പയറില്‍ അടങ്ങിയ പഞ്ചസാരകളായ റാഫിനോസ്, സ്റ്റാക്കിയോസ്, വെര്‍ബാസ്കോസ്(Raffinose, Stachyose, Verbascose) എന്നിവ വന്‍കുടലിലെ ക്യാന്‍സറിനെ തടയുമെന്ന് ജപ്പാനില്‍ നടന്ന ഗവേഷണം തെളിയിച്ചിട്ടുണ്ട്. കരിമ്പിന് പഞ്ചസാരയ്ക്കു പകരം ഇവയെ ഉപയോഗിക്കാനുള്ള ഗവേഷണം അവിടെ നടന്നുവരികയാണ്.
വ്യാവസായിക പ്രാധാന്യമുള്ള ‘എന്ജിന് ഓയില്‍’പോലെയുള്ള എണ്ണകള്‍ നിര്‍മിക്കുന്നതിനായും പയറുവര്‍ഗങ്ങള്‍ കൃഷിചെയ്യുന്നുണ്ട്. പയറുവര്ഗത്തില്പ്പെട്ട എല്ലാ ചെടികളും ലെഗൂമിനോസെ (Leguminosae) എന്ന ഒരൊറ്റ സസ്യകുടുംബത്തിലെ അംഗങ്ങളാണെങ്കിലും അതിലെ അംഗങ്ങള്‍ പരസ്പരം വ്യത്യാസപ്പെടുന്നുണ്ട്. ഉദാഹരണമായി, ലെഗൂമിനോസെ എന്ന കുടുംബത്തിലെ അംഗങ്ങളെല്ലാം ലെഗ്യൂമുകള്‍ (Legumes)എന്നാണ് അറിയപ്പെടുന്നതെങ്കിലും അവയൊന്നുംതന്നെ പള്‍സസ് (Pulses) എന്ന പേരില്‍ വിവക്ഷിക്കപ്പെടുന്ന പയറുവര്‍ഗസസ്യങ്ങളില്‍ പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. മാംസ്യത്തിന്റെയും നാരുകളുടെയും അംശം വളരെ ഉയര്‍ന്ന തോതില്‍ കാണപ്പെടുന്ന, എന്നാല്‍ കൊഴുപ്പിന്റെ അംശം വളരെ കുറവായ, പയറുവര്‍ഗ ഭക്ഷ്യവിളകളെ മാത്രമാണ് പള്‍സസ് ആയി കണക്കാക്കുന്നത്. ഔദ്യോഗികമായി ഇയര്‍ ഓഫ് പള്‍സസ്(Year of Pulses) ആണ് 2016.
ലോകത്ത് ഏറ്റവുമധികം പയറുവര്‍ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും കയറ്റുമതിചെയ്യുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ബിസി 3300നുമുമ്പേ, സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായി പഞ്ചാബിലെ രവി നദിയുടെ തടങ്ങളില്‍ ഇന്ത്യയില്‍ പയര്‍ കൃഷിചെയ്തിരുന്നു. രാജ്യത്തെ മൊത്തം ഭക്ഷ്യോല്‍പ്പാദനത്തിന്റെ 710 ശതമാനം പയറുവര്‍ഗങ്ങളാണ്. ഭക്ഷ്യവിളകളുടെ മൊത്തം കൃഷിഭൂമിയുടെ 20 ശതമാനം പയറുവര്‍ഗങ്ങള്‍ക്കായാണ് നീക്കിവച്ചിരിക്കുന്നത്. 1950–51 കാലത്ത് 19ദശലക്ഷം ഹെക്ടറായിരുന്ന പയര്‍കൃഷി2013–14ല്‍ 25 ദശലക്ഷം ഹെക്ടറായി വര്‍ധിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, കര്‍ണാടകം എന്നിവയാണ് ഏറ്റവുമധികം പയര്‍ കൃഷിചെയ്യുന്ന സംസ്ഥാനങ്ങള്‍. ചിലതരം അര്‍ബുദങ്ങളെ നിയന്ത്രിക്കാനും പ്രമേഹം, മസ്തിഷ്കാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യതയെ ലഘൂകരിക്കാനും പയറുവര്‍ഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ക്ക് കഴിയുമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്.
പയറുവര്‍ഗങ്ങളുടെ സസ്യശാസ്ത്രം
എല്ലാ പയര്‍ചെടികളും ലെഗൂമിനോസെ(Leguminosae) അഥവാ ഫാബേസിയേ(Fabaceae) എന്ന കുടുംബത്തിലെ അംഗങ്ങളാണ്. ഒരുവര്‍ഷംകൊണ്ട് ജീവിതചക്രം പൂര്ത്തിയാക്കുന്നവയാണ് പയറുചെടികള്‍. പയറുവര്‍ഗ സസ്യങ്ങളുടെ ഫലം ശാസ്ത്രീയമായി പോഡ് (Pod) എന്നാണ് അറിയപ്പെടുന്നത്. ഭക്ഷണത്തിനായി വളര്‍ത്തപ്പെടുന്ന പയറുവര്‍ഗ സസ്യങ്ങള്‍ക്ക് പൊതുവേയുള്ള പേരാണ് പള്‍സസ്(Pulses). എണ്ണക്കുരുക്കളായി വളര്‍ത്തപ്പെടുന്നവ പള്‍സസ് ആയി കണക്കാക്കപ്പെടുന്നില്ല. പയറുവര്‍ഗ സസ്യങ്ങളുടെ വേരിലെ മുഴകള്‍ക്കുള്ളില്‍ നൈട്രജന്‍ സ്ഥിരീകരണ ബാക്ടീരിയകളെ കാണാം. ഉദാ: റൈസോബിയം (Rhizobium).
കടപ്പാട്-ശാസ്ത്രവീഥി
അവസാനം പരിഷ്കരിച്ചത് : 2/15/2020
അക്കൌണ്ടന്‍സി - വിശദ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
അഗ്നി പർവതത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ