অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വൈദ്യശാസ്ത്രം

വൈദ്യശാസ്ത്രം

അംഗവൈകല്യങ്ങള്‍

Mutilation deformation

അവയവങ്ങള്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കാത്തതുകൊണ്ടോ ഛേദിക്കപ്പെടുന്നതുകൊണ്ടോ രോഗഫലമായോ ശരീരത്തിനുണ്ടാകുന്ന രൂപവൈകല്യം. ഇത് ഒന്നോ അതിലധികമോ അവയവങ്ങളെ ബാധിക്കാം.

രൂപവൈകല്യങ്ങളെ പ്രധാനമായി രണ്ടായി തരംതിരിക്കാം.

(I) ജന്‍മനായുള്ളവ (II) ജനനാനന്തരം ഉണ്ടാകുന്നവ.

I. ജന്‍മനായുള്ള രൂപവൈകല്യങ്ങള്‍.

ജന്‍മനായുള്ള ചില പ്രധാന രൂപവൈകല്യങ്ങളുടെ വിവരണം താഴെ ചേര്‍ക്കുന്നു.

ഒട്ടിച്ചേര്‍ന്ന ഇരട്ടക്കുട്ടികള്‍ അഥവാ സയാമീസ് ഇരട്ടകള്‍ (Conjoined twins). ഈ ഇരട്ടക്കുട്ടികളുടെ മുന്‍ഭാഗമോ പിന്‍ഭാഗമോ പൂര്‍ണമായോ ഭാഗികമായോ ഒട്ടിച്ചേര്‍ന്നിരിക്കാം. ശരീരത്തിനുള്ളിലെ അവയവങ്ങള്‍ രണ്ടു കുട്ടികള്‍ക്കും വെവ്വേറെയുണ്ടെങ്കില്‍ ഈ കുട്ടികളെ ശസ്ത്രക്രിയ ചെയ്തു വേര്‍പെടുത്താവുന്നതാണ്. ചിലപ്പോള്‍ പ്രധാനപ്പെട്ട ശരീരാവയവങ്ങള്‍ രണ്ടു കുട്ടികള്‍ക്കുംകൂടി ഒന്നുമാത്രമേ കാണുകയുള്ളു. ഇങ്ങനെയുള്ള ഇരട്ടക്കുട്ടികള്‍ക്ക് വെവ്വേറെയുള്ള ജീവിതം അസാധ്യമാണ്.

ഒട്ടിച്ചേര്‍ന്ന ഇരട്ടക്കുട്ടികള്‍

അനെന്‍സെഫാലി (Anen-cephaly). തലയോടിന്റെ മുകള്‍ഭാഗം ഇല്ലാതിരിക്കുകയും തലച്ചോറ് വളര്‍ച്ച പ്രാപിക്കാതിരിക്കുകയും ചെയ്യുന്ന മാരകമായ ഒരു രൂപവൈകല്യമാണിത്.

അനെന്‍സെഫാലി

ക്രേനിയോബൈഫിഡം (Craniobifidum). തലയോടിലെ എല്ലുകള്‍ പൂര്‍ണമായി യോജിക്കാതിരിക്കുന്ന ഒരു അവസ്ഥയാണിത്. തലയോടിലെ വിടവില്‍ കൂടെ തലച്ചോറ് പുറത്തേക്ക് തള്ളിവരികയും ചെയ്യാറുണ്ട്. തലച്ചോറിന്റെ ബാഹ്യാവരണം മാത്രം പുറത്തേക്കു തള്ളിയാല്‍ അതിന് മെനിന്‍ജോസീല്‍ (meningocele) എന്നും, തലച്ചോറിന്റെ ഭാഗം കൂടിയുണ്ടെങ്കില്‍ അതിന് മെനിന്‍ജോഎന്‍സെഫലോസീല്‍ (Meningoence-phalocele) എന്നും പറയുന്നു.

ഇനെന്‍സെഫാലി (Inencephaly). തലയോടിന്റെ പുറകിലുള്ള വിടവ് കഴുത്തിലെ കശേരുക്കളെ ബാധിക്കുക മൂലമുണ്ടാകുന്ന രൂപവൈകല്യം.

സ്പൈനാ ബൈഫിഡാ (Spina bifida). കശേരുക്കളുടെ പിന്‍ഭാഗം യോജിക്കാതിരിക്കുന്ന അവസ്ഥ. ഇത് ഒന്നോ അതിലധികമോ കശേരുക്കളെ ബാധിക്കാവുന്നതാണ്. ഈ വിടവില്‍ക്കൂടി തലച്ചോറിന്റെ ആവരണം പുറത്തേക്കുവരാവുന്നതാണ് (meningocele). കൂടുതല്‍ മാരകമായ അവസ്ഥകളില്‍ സുഷ്മ്നെതന്നെ പുറത്തേക്ക് വരികയും (myelocele) ചെയ്യും.

ഹൈഡ്രോസെഫാലസ് (Hydrocephalus).

ഹൈഡ്രോസൈഫാലസ്

മസ്തിഷ്കമേരുദ്രവത്തിന്റെ (Cerebrospinal fluid) ശരിയായ സംക്രമണത്തിനു തടസ്സം നേരിടുമ്പോള്‍ ഈ വൈകല്യം ഉണ്ടാകുന്നു. സാധാരണയായി ഈ തടസ്സം അക്വിഡക്റ്റ് ഒഫ് സില്‍വിയസില്‍ (Aqueduct of silvius) ആണ് ഉണ്ടാകുന്നത്. കുട്ടിയുടെ തല വളരെ വലുതാവുകയും കണ്ണുകള്‍ കുഴിഞ്ഞിരിക്കുകയും ചെയ്യുന്നത് ഇതിന്റെ ലക്ഷണങ്ങളാണ്.

ഡൗണ്‍സ് സിന്‍ഡ്രോം (Down'sb Syndrome). മുന്‍കാലങ്ങളില്‍ മംഗോളിസം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ ജനിതക രോഗമുളള വ്യക്തികളില്‍ എല്ലാ കോശങ്ങളിലും 46 നുപകരം 47 ക്രോമസോമുകളുണ്ടായിരിക്കും. ഈ അധിക ക്രോമസോം 21-ാമത്തെ ജോടിയിലാണ് കാണുന്നത്. ഡൌണ്‍സ് സിന്‍ഡ്രോം ഉള്ള വ്യക്തികളുടെ തല സാമാന്യത്തിലും ചെറുതും ഉരുണ്ട് പരന്നതും ആണ്. വലുപ്പം കുറഞ്ഞ വായിലൂടെ നാക്ക് പുറത്തേക്ക് തള്ളിയിരിക്കുന്നത് സാധാരണമാണ്. തലച്ചോറിന്റെ വളര്‍ച്ച അപൂര്‍ണമായതുകൊണ്ട് ഈ കുട്ടികളില്‍ ബുദ്ധിമാന്ദ്യം ഉണ്ടാകാറുണ്ട്. പ്രായമായ സ്ത്രീകളുടെ കടിഞ്ഞൂല്‍പ്രസവത്തിലുളള കുട്ടികളിലാണ് ഈ വൈകല്യം കൂടുതലായി കണ്ടുവരുന്നത്.

മാര്‍ഫന്‍സ് സിന്‍ഡ്രോം (Marfan's syndrome). അസ്ഥി, കണ്ണ്, ഹൃദയം, രക്തക്കുഴലുകള്‍ എന്നീ അവയവങ്ങളില്‍ വൈകല്യങ്ങള്‍ ഉളവാക്കുന്ന ഈ ജനിതകരോഗത്തെപറ്റി ആദ്യമായി വിവരിച്ചത് മാര്‍ഫന്‍ എന്ന ശാസ്ത്രജ്ഞനാണ് (1896). ഉയരംകൂടിയ ശരീരപ്രകൃതി, നീളംകൂടിയ കൈകാലുകള്‍, മാംസപേശികളുടെ ശക്തിക്കുറവ്, കണ്ണിലെ കാചത്തിന്റെ സ്ഥാനംതെറ്റല്‍, വലിയ രക്തധമനികളില്‍ വീക്കം ഇവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

ഹൃദയവൈകല്യങ്ങള്‍. ഹൃദയത്തിലെ അറകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തിയില്‍ വിടവുണ്ടാകുക (inter-artrial and inter-ventricular septal defects), പ്രധാന രക്തധമനികളുടെ ഉദ്ഭവത്തില്‍ വ്യത്യാസമുണ്ടാകുക (transposition of great vessels), ഗര്‍ഭസ്ഥശിശുവിലുള്ള ഡക്റ്റസ് ആര്‍ടീരിയോസസ് എന്ന രക്തധമനി ജനനശേഷം അപ്രത്യക്ഷമാകാതിരിക്കുക (patent ductus arteriosis), മഹാധമനിയുടെ ഒരു ഭാഗം ചുരുങ്ങിയിരിക്കുക (coarctation of the Aorta), ഹൃദയത്തിലെ വാല്‍വുകളുടെ എണ്ണത്തിലോ സ്ഥാനത്തിനോ വ്യത്യാസമുണ്ടാകുക എന്നിവയാണ് ഹൃദയത്തെ ബാധിക്കുന്ന പ്രധാന വൈകല്യങ്ങള്‍.

അസ്ഥിവൈകല്യങ്ങള്‍. എല്ലുകളുടെ വളര്‍ച്ചയിലുള്ള അപാകതകൊണ്ട് എല്ലുകള്‍ വേഗം പൊട്ടിപ്പോകുന്ന ഓസ്റ്റിയോജെനിസിസ് ഇംപെര്‍ഫെക്റ്റ(Osteogenisis imperfecta)യും അക്കോണ്‍ഡ്രോപ്ളാസിയ(Achondroplasia)യും ആണ് പ്രമുഖ ജന്മസിദ്ധ അസ്ഥിവൈകല്യങ്ങള്‍. അക്കോണ്‍ഡ്രോപ്ളാസിയ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. എല്ലുകളുടെ വളര്‍ച്ചയെ ബാധിക്കുന്ന ഒരു വൈകല്യമാണ് ഇത്. കൈകാലുകള്‍ വളരെ ചെറുതായിരിക്കുക, തല കൈകാലുകളെ അപേക്ഷിച്ചു വലുപ്പം കൂടിയിരിക്കുക, മൂക്കു പതിഞ്ഞിരിക്കുക ഇവയാണ് പ്രധാന ലക്ഷണങ്ങള്‍.

കൈകാലുകളുടെ വളര്‍ച്ചയില്‍ വേറെയും പല വൈകല്യങ്ങളും ഉണ്ടാകാം. ജന്മനാല്‍ ഒന്നോ അതിലധികമോ കൈകാലുകള്‍ ഇല്ലാതിരിക്കുന്ന അവസ്ഥയ്ക്ക് എമീലിയ (Amelia) എന്നും കാലുകള്‍ രണ്ടും ഒട്ടിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയ്ക്ക് സിരോണോമീലിയ (Sironomelia) എന്നും പറയുന്നു. രണ്ടു കാലുകള്‍ക്കുപകരം നടുവില്‍ ഒരു കാല്‍ മാത്രം ഉണ്ടായിരിക്കുന്ന സ്ഥിതിവിശേഷമാണ് മോണോമീലിയ (Monomelia).

പോളീഡാക്റ്റിലി

പാദങ്ങള്‍ വളഞ്ഞിരിക്കുന്ന അവസ്ഥയ്ക്ക് ടാലിപസ് (Talipes) എന്നു പറയുന്നു. ഇതു പലവിധത്തില്‍ ഉണ്ടാകാവുന്നതാണ്.

സിന്‍ഡാക്റ്റിലി

കൈകളിലോ കാലുകളിലോ സാധാരണയില്‍ കൂടുതല്‍ വിരലുകളുണ്ടാകുന്ന പോളിഡാക്റ്റിലി വളരെ സാധാരണയായി കണ്ടുവരുന്ന ഒരു വൈകല്യമാണ്. ഒരു അഭംഗിക്കു കാരണം എന്നതില്‍ കവിഞ്ഞ് ഇതിനു വലിയ പ്രാധാന്യമില്ല. വിരലുകള്‍ തമ്മില്‍ യോജിച്ചിരിക്കുന്ന അവസ്ഥയ്ക്ക് സിന്‍ഡാക്റ്റിലി എന്നു പറയുന്നു. വിരലുകളുടെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കും. കുറുകിയ കൈകാല്‍വിരലുകള്‍ ഉണ്ടാകുന്ന ബ്രാക്കി ഫലാന്‍ജി മറ്റൊരു സാധാരണ വൈകല്യമാണ്.

ദഹനേന്ദ്രിയവൈകല്യങ്ങള്‍. അന്നനാളത്തിന്റെയോ കുടലിന്റെയോ ഏതെങ്കിലും ഭാഗം പൂര്‍ണ വളര്‍ച്ച പ്രാപിക്കാതിരിക്കാറുണ്ട്. ഇതിന് അട്രീസിയ (Atresia) എന്നു പറയുന്നു. കടിഞ്ഞൂല്‍ കുട്ടികളിലുണ്ടാകുന്ന ഒരു വൈകല്യം ആമാശയത്തിന്റെ ഒരു ഭാഗം ചുരുങ്ങിപ്പോകുക എന്നതാണ് (congenital pyloric stenosis). എപ്പോഴുമുള്ള ഛര്‍ദി ഇതിന്റെ ഒരു പ്രധാനലക്ഷണമാണ്. വന്‍കുടലിന്റെ ഒരു ഭാഗം വളരെ വലുതായിരിക്കുന്ന അവസ്ഥയ്ക്ക് മെഗാകോളന്‍ (megacolon) എന്നു പറയുന്നു. ഇതും ജന്‍മനാ ഉണ്ടാകുന്ന ഒരു വൈകല്യമാണ്. ഗര്‍ഭസ്ഥശിശുവിലെ വിറ്റെലോ-ഇന്റസ്റ്റൈനല്‍ ഡക്ട് (vitello-Intestinal duct) ജനിച്ചതിനുശേഷവും അപ്രത്യക്ഷമാകാതിരുന്നാല്‍ മെക്കല്‍സ്ഡൈവേര്‍ട്ടിക്കുലം (Meckel's diverticulam) എന്ന വൈകല്യം ഉണ്ടാകുന്നു. സാധാരണയായി കണ്ടുവരുന്ന മറ്റൊരു ദഹനേന്ദ്രിയവൈകല്യമാണ് മലദ്വാരം അടഞ്ഞിരിക്കുന്ന അവസ്ഥ (Imperforate anus).

വൃക്കകളുടെ വൈകല്യങ്ങള്‍. ചില കുട്ടികളില്‍ വൃക്കകള്‍ രണ്ടും ഒന്നിച്ചു കൂടിയിരിക്കുന്നതായി കാണാം. ഇതിനെ ഹോഴ്സ് ഷൂ കിഡ്നി (horse shoe kidney) എന്നു പറയുന്നു. ഒരു വൃക്കയില്‍നിന്നും ഒന്നിലധികം മൂത്രക്കുഴലുകള്‍ ഉദ്ഭവിക്കുന്നതാണ് വേറൊരു വൈകല്യം. മൂത്രാശയം പുറത്തേയ്ക്കു കാണുന്ന അവസ്ഥയ്ക്ക് എക്ടോപിയ വെസിക്ക (ectopia vesica) എന്നു പറയുന്നു.

കണ്ണ്, വായ ഇവയുടെ വൈകല്യങ്ങള്‍. കണ്ണുകള്‍ ഇല്ലാതിരിക്കുക, ചെറുതായിരിക്കുക, കണ്ണിന്റെ കാചം വെളുത്തിരിക്കുക, കണ്‍പോളകളില്ലാതിരിക്കുക ഇവയാണ് കണ്ണിനെ ബാധിക്കുന്ന വൈകല്യങ്ങള്‍. ചുണ്ടുകള്‍ക്കുണ്ടാകുന്ന ഒരു പ്രധാന വൈകല്യമാണ് മുയല്‍ച്ചുണ്ട് (മുച്ചിറി). ഗര്‍ഭസ്ഥശിശുവില്‍ അഞ്ചുഭാഗങ്ങളായി രൂപംപ്രാപിക്കുന്ന മുഖത്തിന്റെ ചില ഭാഗങ്ങള്‍ തമ്മില്‍ കൂടിച്ചേരാതെവരുമ്പോഴാണ് മുയല്‍ച്ചുണ്ട് ഉണ്ടാകുന്നത്. ഒരു വശത്തു മാത്രമായോ രണ്ടു വശത്തുമായോ ഈ വൈകല്യം ഉണ്ടാകാം. മുച്ചിറിയുടെ പിളര്‍പ്പു പൂര്‍ണമായോ അല്പമായോ ഉണ്ടാകാവുന്നതാണ്. പൂര്‍ണമായ പിളര്‍പ്പുള്ള കുട്ടികളുടെ മൂക്ക് പരന്നും നാസികാദ്വാരം വായോടുചേര്‍ന്നും ഇരിക്കും. ഇങ്ങനെയുള്ള പല കുട്ടികളുടെയും അണ്ണാക്കും പിളര്‍ന്നിരിക്കും (Cleft Palate). ഇവര്‍ ആഹാരം കഴിക്കുമ്പോള്‍ അതിലൊരംശം മൂക്കില്‍കൂടി പുറത്തേക്കു വരിക സാധാരണയാണ്. വായുടെ വലിപ്പം അധികമാകുക, നാക്കിന്റെ അടിഭാഗം വായുമായി കൂടിച്ചേരുക (tongue tie) ഇവയാണ് വായില്‍ ഉണ്ടാകാറുള്ള വൈകല്യങ്ങള്‍.

വൈകല്യകാരണങ്ങള്‍. ജന്‍മനായുള്ള വൈകല്യങ്ങളുടെ കാരണങ്ങള്‍ പലതാണ്. ഇവയെ രണ്ടായി തരംതിരിക്കാം.

(i) ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ (genetic abnormalities), (ii) ഭ്രൂണത്തിന്റെ ചുറ്റുമുള്ള പരിതഃസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങള്‍.

(i) ജീനുകളിലുണ്ടാകുന്ന വ്യതിയാനംകൊണ്ട് ഉണ്ടാകുന്നവ: കൈയിലോ കാലിലോ സാധാരണയില്‍ കൂടുതല്‍ വിരലുകള്‍ ഉണ്ടാകുക, വിരലുകള്‍ തമ്മില്‍ യോജിച്ചിരിക്കുക, നീളം കുറഞ്ഞ വിരലുകള്‍ ഉണ്ടാകുക, മാര്‍ഫന്‍സ് സിന്‍ഡ്രോം, അക്കോണ്‍ഡ്രോപ്ളാസിയ ഇവ ഇതിനുദാഹരണങ്ങളാണ്.

(ii) ഭ്രൂണത്തിന്റെ ചുറ്റുമുള്ള പരിതഃസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങള്‍: അമ്മയുടെ പ്രായം ഒരു പ്രധാന ഘടകമാണ്. ജന്‍മനായുള്ള വൈകല്യങ്ങള്‍ വളരെ പ്രായം കുറഞ്ഞതും പ്രായം കൂടിയതുമായ സ്ത്രീകളുടെ കുട്ടികളിലാണ് കാണുന്നത് (അതായത് 15 വയസ്സിനു താഴെയും 40 വയസ്സിനു മുകളിലും). ഡൌണ്‍സ് സിന്‍ഡ്രോം ഇതിനൊരുദാഹരണമാണ്. ഗര്‍ഭസമയത്ത് അമ്മയ്ക്കുണ്ടാകുന്ന രോഗങ്ങള്‍ ആണ് മറ്റൊന്ന് ഇതില്‍ പ്രധാനപ്പെട്ടത് ജര്‍മന്‍ മീസില്‍സ് (German measles) എന്ന വൈറസ്രോഗമാണ്. ഗര്‍ഭമുണ്ടായി ആദ്യത്തെ 3 മാസത്തില്‍ ഈ രോഗമുണ്ടാവുകയാണെങ്കില്‍ ഹൃദയം, കണ്ണ്, മൂക്ക്, ചെവി, പല്ല് ഇവയുടെ വൈകല്യങ്ങള്‍ കുട്ടികളിലുണ്ടാകുന്നു. ഇതു കൂടാതെ മറ്റു പല വൈറസ്രോഗങ്ങളും ജന്‍മനായുള്ള വൈകല്യങ്ങള്‍ക്ക് കാരണമായി പറയാറുണ്ട്. ചികിത്സയ്ക്കായോ മറ്റു വിധത്തിലോ ഗര്‍ഭിണികള്‍ ഏല്ക്കുന്ന അണുപ്രസരം കുട്ടികളില്‍ അംഗവൈകല്യം ഉണ്ടാക്കുന്നതിന് കാരണമാണ്. ഗര്‍ഭിണികള്‍ അനാവശ്യമായി എക്സ്റേപരിശോധനയ്ക്കു വിധേയരാകരുത് എന്നു പറയുന്നത് ഇതുകൊണ്ടാണ്. ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളില്‍ അണുബോംബില്‍നിന്നുമുള്ള അണുപ്രസരമേറ്റ സ്ത്രീകളുടെ കുട്ടികളില്‍ അംഗവൈകല്യങ്ങള്‍ സാധാരണയില്‍ കൂടുതല്‍ കാണുന്നു. സ്ത്രീകള്‍ ഗര്‍ഭകാലത്ത് ഔഷധങ്ങള്‍, മയക്കുമരുന്നുകള്‍ ഇവ കഴിക്കുന്നത് കുട്ടികളില്‍ അംഗവൈകല്യം ഉണ്ടാകുന്നതിനു കാരണമാകുന്നു. ഉദാഹരണം താലിഡോമൈഡ് (Thali-domide) എന്ന ഔഷധമാണ്. ഇതു വളരെ വികൃതമായ വൈകല്യങ്ങള്‍ക്ക് (ഉദാ. കൈകാലുകളില്ലാത്ത കുട്ടികള്‍) കാരണമാകാം. എല്‍.എസ്.ഡി. (L.S.D), മരിജുവാന (Marijuana) എന്നിവ പതിവായി ഉപയോഗിക്കുന്ന സ്ത്രീകളുടെ കുട്ടികളില്‍ ശരീരവൈകല്യങ്ങള്‍ കൂടുതലായി കണ്ടുവരുന്നു.

അമ്മയുടെ രക്തത്തിലെ ഓക്സിജന്‍ അമിതമായി കൂടുകയോ കുറയുകയോ ചെയ്യുന്ന അവസ്ഥ ജന്‍മനായുള്ള വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. ഗര്‍ഭിണിയുടെ ആഹാരത്തിലെ മാംസ്യത്തിന്റെയും ജീവകങ്ങളുടെയും കുറവ് കുട്ടികളില്‍ അംഗവൈകല്യം ഉണ്ടാകുന്നതിനുള്ള മറ്റൊരു കാരണമായി പറയാറുണ്ട്.

II. ജനനാനന്തരം ഉണ്ടാകുന്ന വൈകല്യങ്ങള്‍. കുഷ്ഠം, സിഫിലിസ് ഇവയാണ് അംഗവൈകല്യത്തിനു നിദാനമായ പ്രധാനരോഗങ്ങള്‍. കുഷ്ഠരോഗം മൂലം കൈകാലുകളുടെ വിരലുകള്‍ അടര്‍ന്നുപോകുകയോ കൈകാലുകള്‍ക്കോ മൂക്കിനോ വൈകല്യങ്ങള്‍ ഉണ്ടാവുകയോ ചെയ്യാം. സിഫിലിസ് എന്ന രോഗംകൊണ്ട് പല്ലുകള്‍, മൂക്ക്, അസ്ഥികള്‍ ഇവയ്ക്കു വൈകല്യങ്ങള്‍ ഉണ്ടാകാം. തീപ്പൊള്ളല്‍ അംഗവൈകല്യത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ്. തീപ്പൊള്ളല്‍കൊണ്ടുണ്ടാകുന്ന പരുക്കുകള്‍ ഉണങ്ങുമ്പോള്‍ പൊള്ളലേറ്റ ശരീരഭാഗങ്ങള്‍ ചുരുങ്ങി വികൃതമായിത്തീരുന്നു.

സൌന്ദര്യവര്‍ധനവിനുവേണ്ടിയും മതപരമോ ആരോഗ്യപരമോ ആയ കാരണങ്ങള്‍ക്കു വേണ്ടിയും ശിക്ഷാസമ്പ്രദായം എന്ന നിലയിലും അംഗവൈകല്യം വരുത്താറുണ്ട്. അംഗവികലനം ഒരു ശിക്ഷയായി പല നിയമപദ്ധതികളും അംഗീകരിച്ചിരുന്നു. കളവിന് കൈ വെട്ടിക്കളയുക, കണ്ണു കുത്തിപ്പൊട്ടിക്കുക, ചില ദുഷ്കര്‍മങ്ങള്‍ക്ക് വിരല്‍ ചെത്തിക്കളയുക, ചൂടുവയ്ക്കുക മുതലായവ ഇതില്‍ പെടും.

ഒരു ചികിത്സാമാര്‍ഗമായി അംഗവികലനം നടത്തുന്നത് പ്രധാനമായി മൂന്നു തരത്തിലുളള രോഗങ്ങള്‍ക്കാണ്.

(i) അര്‍ബുദം: ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് അര്‍ബുദം ബാധിച്ചാല്‍ ഒരു ചികിത്സാമാര്‍ഗമെന്ന നിലയില്‍ അര്‍ബുദം ബാധിച്ച ശരീരഭാഗത്തെ ശസ്ത്രക്രിയ മൂലം നീക്കം ചെയ്യന്നു. ഉദാ. കൈകാലുകള്‍, സ്തനം, ആമാശയം, പുരുഷലിംഗം ഇവയില്‍ അര്‍ബുദരോഗമുണ്ടാകുമ്പോള്‍ ആ ഭാഗം മുഴുവനായി വിഛേദിച്ചു കളയുന്നു (നോ: അര്‍ബുദം).

(ii) രക്തധമനികള്‍ക്ക് ഉണ്ടാകുന്ന ചില രോഗങ്ങള്‍: ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തസംക്രമണം നിലയ്ക്കുകയും ആ ഭാഗം മരവിച്ച് ഉപയോഗശൂന്യമായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ആ ഭാഗം മുറിച്ചുകളയുക പതിവാണ്. ഉദാ. ഗാന്‍ഗ്രീന്‍ ഉണ്ടാകുമ്പോള്‍ കാലുകളുടെയോ കൈകളുടെയോ വിരലുകളോ കൈകാലുകള്‍തന്നെയുമോ മുറിച്ചുകളയാറുണ്ട്. ത്രോംബോ അന്‍ജൈറ്റിസ് ഒബിളിറ്ററന്‍സ് (Thrombo angitis obiliterans) ആര്‍ടീരിയോസ്ക്ളീറോട്ടിക് ഗാന്‍ഗ്രീന്‍ (Arterios-clerotic gangrene) എന്നീ രോഗങ്ങള്‍ക്കാണ് ഇതു സാധാരണയായി ചെയ്തുവരുന്നത്.

(iii) അപകടങ്ങള്‍ മൂലമുണ്ടാകുന്ന വലിയ മുറിവുകള്‍: അപകടങ്ങള്‍ മൂലം കൈകാലുകളിലെ എല്ലുകളോ, മാംസപേശികളോ ചതഞ്ഞരഞ്ഞു പോകുകയും രക്തധമനികള്‍ പൊട്ടിപ്പോവുകയും ചെയ്താല്‍ അത് ചികിത്സിച്ചു സുഖമാക്കുക പ്രയാസമാണ്. രോഗിയുടെ മരണത്തിനുതന്നെയും കാരണമാകാം; ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയചെയ്ത് ഈ ഭാഗങ്ങള്‍ മാറ്റുക അത്യന്താപേക്ഷിതമാണ്.

അകാലജനനം

Preterm birth

ഗര്‍ഭകാലം പൂര്‍ത്തിയാകുന്നതിനുമുമ്പ് ഉണ്ടാകുന്ന ജനനം. മനുഷ്യരില്‍ ഗര്‍ഭകാലം 280 ദിവസം (40 ആഴ്ച) ആണ്. 37 ആഴ്ചയ്ക്ക് മുന്‍പ് ജനിക്കുന്നതിനു അകാല ജനനം എന്നു പറയാവുന്നതാണ്. ഇങ്ങനെ ജനിക്കുന്ന ശിശുക്കള്‍ക്കു പ്രായേണ 2,500 ഗ്രാമില്‍ (5.1/2 റാത്തല്‍) കുറവായിരിക്കും തൂക്കം. ഈ ശിശുക്കള്‍ക്ക് ഗര്‍ഭാശയത്തിനു വെളിയിലുള്ള പരിസ്ഥിതിയുമായി ഇണങ്ങിച്ചേരാനുള്ള കഴിവ് കുറവായിരിക്കും. ലോകത്ത് ഇന്ന് നടക്കുന്ന പ്രസവങ്ങളില്‍ 7-12 ശ.മാ. വരെ അകാല ജനനങ്ങളാണ്.

അകാലജനനകാരണങ്ങള്‍. മാതാവിന്റെ പ്രായം 20ല്‍ താഴെയോ 35-ന് മുകളിലോ ആണെങ്കില്‍ അകാലജനനത്തിനുള്ള സാധ്യത കൂടുതലാണ്. ഒരേ പ്രസവത്തില്‍ ഒന്നിലേറെ ശിശുക്കള്‍ ഉണ്ടാകുമ്പോഴും ഇത് സാധാരണമാണ്. രണ്ടു വര്‍ഷത്തില്‍ ഒന്നിലേറെ പ്രസവം ഉണ്ടാകുമ്പോഴും ആറു വര്‍ഷത്തിലേറെ ഇടവിട്ടു പ്രസവം ഉണ്ടാകുമ്പോഴുമാണ് അകാലജനനത്തിനു കൂടുതല്‍ സാധ്യത. രക്തക്കുറവ്, താഴ്ന്ന ജീവിതനിലവാരം, പോഷകാഹാരക്കുറവ്, പുകവലി, മയക്കു മരുന്നുകളുടെ ഉപയോഗം, പ്രമേഹം, രക്താതിസമ്മര്‍ദം, രക്തസ്രാവം ഇവയെല്ലാം അകാലജനനത്തിനു ഹേതുവാകാറുണ്ട്.

ഗര്‍ഭിണിയുടെ ശരീരത്തില്‍ ശക്തിയായ ഇളക്കം തട്ടുമ്പോള്‍ ശര്‍ഭാശയത്തിലെ ആമ്നിയോട്ടിക് മെമ്പ്രെയിന്‍ (Amniotic memberane) പൊട്ടി ആമ്നിയോട്ടിക് ഫ്ളൂയിഡ് (A.fluid) എന്ന ദ്രാവകം നഷ്ടപ്പെടുന്നു. ഇക്കാരണത്താല്‍ പ്രസവം ത്വരിതപ്പെടുകയും ശിശുക്കള്‍ അകാലത്തു ജനിക്കുകയും ചെയ്യുന്നു.

കാലില്‍ നീര്, രക്തസമ്മര്‍ദത്തിന്റെ വര്‍ധനവ്, ഇടയ്ക്കിടക്കു രക്തംപോക്ക് (Antepartum haemorrhage) തുടങ്ങിയ അസുഖങ്ങള്‍ ബാധിക്കുന്നതിന്റെ ഫലമായി പ്രസവം ത്വരിതപ്പെടുകയും അകാലജനനം ഉണ്ടാവുകയും ചെയ്യുന്നു. ശ്രോണീമേഖല വേണ്ടവിധത്തില്‍ വികാസം പ്രാപിക്കാത്തവരില്‍ (contracted pelvis) ഗര്‍ഭം പൂര്‍ത്തിയാകാനനുവദിക്കാതെ പ്രസവം ത്വരിതപ്പെടുത്തുന്നതിന്റെ (Induction) ഫലമായും അകാലജനനം ഉണ്ടാകുന്നു. ഗര്‍ഭാശയത്തിന്റെ വളര്‍ച്ചയില്‍ ഉള്ള പോരായ്മകള്‍, ഗര്‍ഭാശയ മുഴകള്‍, ഗര്‍ഭാശയമുഖത്തു ചെയ്യുന്ന ചില ശസ്ത്രക്രിയകള്‍, ഗര്‍ഭാശയത്തിലും യോനിയിലുമുള്ള അണുബാധ എന്നിവയും ശക്തമായ കാരണങ്ങളാണ്.

പ്രീ എക്ളാംപ്ടിക് ടോക്സീമിയ (Pre Eclamptic toxemia), അനീമിയ (Anaemia), ആക്സിഡെന്റല്‍ ഹെമറേജ് (Accidental haemorhage), എക്ലാംപ്സിയ (Eclampsia), ഹൃദ്രോഗങ്ങള്‍, ഇന്‍ഫെക്റ്റീവ് ഹെപ്പാറ്റൈറ്റിസ് (Infective hepatitis), യൂറിനറി ഇന്‍ഫെക്ഷന്‍ (Chronic renal disease), റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍ (Respiratory Infection), ഹൈഡ്രാമ്നിയോസ്, അപസ്മാരം (Epilepsy), പ്രമേഹം (Diabetes), തൈറോടോക്സിക്കോസിസ് (Thyrotoxicosis), ക്ഷയം മുതലായ രോഗങ്ങളുള്ളവര്‍ക്ക് ഗര്‍ഭം പൂര്‍ത്തിയാക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. അതിനാല്‍ പ്രസവം വിദഗ്ധമായി ത്വരിതപ്പെടുത്തേണ്ടിവരും. അങ്ങനെയും അകാലജനനം സംഭവിക്കാം.

അകാലജനനം പ്രവചിക്കാനുള്ള മാര്‍ഗങ്ങള്‍. അകാല ജനനത്തിന് സാധ്യതയുണ്ടോ എന്നറിയാന്‍ പല പരിശോധനകളും ഉണ്ട്. അള്‍ട്രാസൌണ്ട് സ്കാനിംഗ് (Ultrasound scanning) വഴി ഗര്‍ഭാശയകവാടത്തിന്റെ നീളവും വികാസവും അളക്കുക, ഗര്‍ഭാശയത്തിന്റെ സങ്കോചവികാസങ്ങള്‍ (contractions) പ്രത്യേക ഉപകരണം കൊണ്ട് മനസ്സിലാക്കുക, യോനീ സ്രവത്തില്‍ ഫീറ്റല്‍ ഫൈബ്രോനെക്റ്റിന്‍ (Foetal Fibronectin), സൈറ്റോകൈനുകള്‍ (Cyto kines), ഇന്റര്‍ ലൂട്ടിന്‍ (Inter leutin) തുടങ്ങിയ വസ്തുക്കള്‍ ഉണ്ടോ എന്നുള്ള പരിശോധന തുടങ്ങിയ പല മാര്‍ഗങ്ങളും അകാലജനനത്തിന്റെ സാധ്യത കണ്ടുപിടിക്കാന്‍ സഹായിക്കും. എന്നാല്‍ ഈ പരിശോധനകളൊന്നും തന്നെ 100 ശ.മാ. വിശ്വാസയോഗ്യമല്ല.

അകാലജനിതശിശു. ശിശുവിന്റെ തൊലി വളരെ നേര്‍മയുള്ളതായിരിക്കും. ശരീരത്തില്‍ 'ലാനുഗോ' (Lanugo) എന്നു പറയപ്പെടുന്ന രോമം ധാരാളം ഉണ്ടായിരിക്കും. തൊലി ചുക്കിച്ചുളിഞ്ഞിരിക്കും. ശിശു മിക്കവാറും അനങ്ങാതെ കിടന്നുറങ്ങും. തൂക്കവും നീളവും കുറവായതിനാല്‍ തലയോടിന്റെ വലിപ്പം കുറഞ്ഞിരിക്കും. ശ്വാസകോശങ്ങള്‍, വൃക്കകള്‍, കരള്‍ ഇവയ്ക്കു വേണ്ടത്ര വളര്‍ച്ച ലഭിക്കാത്തതിനാല്‍ ദേഹത്തിന്റെ താപനില നിലനിര്‍ത്താനും രോഗങ്ങള്‍ തടയാനുമുള്ള ശേഷി കുറഞ്ഞിരിക്കും. അകാലജനിത ശിശുക്കളെ പരിമിതമായ ആരോഗ്യ സംരക്ഷണസൌകര്യം മാത്രമുള്ള വീടുകളില്‍വച്ച് ശുശ്രൂഷിച്ചാല്‍ പോരാ. ഇതിനുവേണ്ടി പ്രധാന ആശുപത്രികളിലെല്ലാം പ്രത്യേകം ഇന്‍കുബേറ്ററുകള്‍ സജ്ജമായിരിക്കും.

അകാലജനിതശിശുക്കള്‍

ഇന്‍കുബേറ്ററില്‍ വളര്‍ത്തുമ്പോള്‍ ശിശുവിന്റെ ശരീരത്തിലെ താപം നിലനിര്‍ത്തുക, പോഷകാംശങ്ങള്‍ അടങ്ങിയ ഭക്ഷണം ക്രമമനുസരിച്ച് കൊടുക്കുക, രോഗസംക്രമണം തടയുക തുടങ്ങിയവയാണ് പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ജനനത്തിനുശേഷം 24 മുതല്‍ 48 മണിക്കൂര്‍ വരെ ഒന്നും കൊടുക്കേണ്ടതില്ല. ചിലപ്പോള്‍ ചില ശിശുക്കള്‍ കരയുകയും കൈവിരല്‍ കുടിക്കാന്‍ നോക്കുകയും മുലപ്പാല്‍തനിയെ

ഇന്‍കുബേറ്റര്‍

നുകര്‍ന്നു കുടിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നപക്ഷം, അമ്മയുടെ പാല്‍ ബ്രെസ്റ്റ് പമ്പ് (Breast pump) ഉപയോഗിച്ച് എടുത്തു ശിശുവിന് ഡ്രോപ്പര്‍കൊണ്ടു കൊടുക്കാവുന്നതാണ്. ചില കുട്ടികള്‍ക്കു പാല്‍ കൊടുക്കുന്നതിന്റെ ഫലമായി ശ്വാസംമുട്ടല്‍ വന്നു മരണത്തിനിടയാകാറുണ്ട്. ഭക്ഷണത്തില്‍ കാല്‍സ്യം, ഫോസ്ഫറസ്, ജീവകം സി, കെ എന്നിവ അത്യാവശ്യമാണ്. പശുവിന്‍പാലും വെള്ളവും തുല്യമായി ചേര്‍ത്തു നാലാമത്തെ ദിവസം രണ്ടോ നാലോ മണിക്കൂര്‍ ഇടവിട്ടു കൊടുക്കാം. റ്റ്യൂബ് വഴിയാണെങ്കില്‍ 4 മണിക്കൂര്‍ ഇടവിട്ടുമാത്രം കൊടുത്താല്‍മതി. വലിച്ചുകുടിക്കാത്ത ശിശുക്കള്‍ക്കു പിപ്പറ്റും വലിച്ചു കുടിക്കുന്ന ശിശുക്കള്‍ക്ക് കുപ്പിയും ഉപയോഗിക്കാം. ശിശുവിനു പൂര്‍ണവളര്‍ച്ചയില്ലാത്തതിനാല്‍ താപം നിലനിര്‍ത്തുന്നതിന് കൃത്രിമമായി 36.88°c ചൂട് ഇന്‍കുബേറ്ററിനകത്ത് ഉണ്ടാക്കിയിരിക്കണം. താപം നിലനിര്‍ത്താന്‍ ചൂടുവെള്ളം നിറച്ച കുപ്പികള്‍ പ്രധാനമായി ശിശുക്കളുടെ കിടക്കയുടെ പ്രത്യേക അറകളില്‍ സൂക്ഷിക്കാനുള്ള സജ്ജീകരണം ഉണ്ടായിരിക്കണം. 50-60 ശ.മാ. ആര്‍ദ്രതയും വേണം. ശിശുവിന്റെ ശരീരത്തിന്റെ തൂക്കം വര്‍ധിക്കുന്നതോടെ ഇന്‍കുബേറ്ററിലെ ആര്‍ദ്രതയും താപവും കുറയ്ക്കാം.

ശിശുവിനു ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയാത്തതിനാല്‍ ഓക്സിജന്‍ നിയന്ത്രിതമായി കൊടുക്കണം. അനിയന്ത്രിതമായി ഓക്സിജന്‍ കൊടുക്കുന്നതായാല്‍ ശിശുവിനു പിന്നീട് റിട്രോപ്ളാസെന്റല്‍ ഫൈബ്രോപ്ളാസിയ (Retroplacental fibroplasia) എന്ന രോഗം കണ്ണിനകത്തുണ്ടാകാനിടയുണ്ട്. ശിശുവിനെ വളരെ നേരിയ ഉടുപ്പു ധരിപ്പിക്കണം. ഫ്ളാനല്‍കൊണ്ടോ കമ്പിളികൊണ്ടോ ഉള്ള ഒറ്റവസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതാണ് നല്ലത്. രോഗമുള്ള ശിശുക്കളെ മാറ്റി പ്രത്യേക ഇന്‍കുബേറ്ററില്‍ കിടത്തി ശുശ്രൂഷിക്കണം. 2 കി.ഗ്രാമോളം തൂക്കമുള്ള ശിശുക്കളെ കുളിപ്പിക്കാം. അതില്‍ കുറഞ്ഞവരെ തുണിമുക്കി തുടയ്ക്കുന്നതാണ് നല്ലത്. 2000 യൂണിറ്റ് ജീവകം ഡി-യും 50 മി.ഗ്രാം ജീവകം സി-യും 50 മി.ഗ്രാം ജീവകം എ-യും പാലില്‍ പാകത്തിനു ചേര്‍ത്തുകൊടുക്കണം. ജീവകം കെ കുത്തിവയ്ക്കാം; പ്രസവിച്ച ഉടനെ 1-2 മി.ഗ്രാം കൊടുക്കാവുന്നതാണ്. മുമ്മൂന്നു മണിക്കൂര്‍ ഇടവിട്ട് ശിശുവിനെ എടുത്ത് വശം മാറ്റി കിടത്തേണ്ടതാവശ്യമാണ്. ഭക്ഷണം റ്റ്യൂബ് വഴി കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിദഗ്ധ പരിചരണത്തിനു വിധേയരായി പൂര്‍ണവളര്‍ച്ച പ്രാപിക്കുന്ന ശിശുക്കള്‍ ചൊടിയും ചുറുചുറുക്കമുള്ളവരായി വളരുന്നു. ഒരു ചെറിയ ശ.മാ. കുഞ്ഞുങ്ങള്‍ക്ക് വളര്‍ന്നു കഴിഞ്ഞിട്ടും ചിലപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

അകാലജനനം എങ്ങനെ തടയാം. അമ്മമാരുടെ ആരോഗ്യം സംരക്ഷിക്കുകയും രോഗങ്ങള്‍ ചികിത്സിക്കുകയും ചെയ്താല്‍ അകാലജനനം ഒരു പരിധിവരെ തടയാം. പ്രസവവേദന തുടങ്ങിയാല്‍ തന്നെ കുറച്ചു മണിക്കൂറുകളോ ദിവസങ്ങളോ വരെ അകാല ജനനം തടയാന്‍ ഉതകുന്ന മരുന്നുകള്‍ ഉണ്ട്. ഐസോക്സുപ്രിന്‍ (Isoxsuprin), ടെര്‍ബ്യുടലിന്‍ (terputalin), റിടോഡ്രിന്‍ (retodrin) തുടങ്ങിയവയാണ് ഈ മരുന്നുകള്‍. അകാലജനനം 72 മണിക്കൂര്‍ മുതല്‍ 1 ആഴ്ച വരെ നീട്ടിക്കൊണ്ടു പോകാന്‍ ഈ മരുന്നുകള്‍ ഉപകരിക്കും.

അക്യുപങ്ചര്‍

Acupunture

സ്വബോധാവസ്ഥയിലിരിക്കുന്ന രോഗികളില്‍ നിര്‍ദിഷ്ട സ്ഥാനങ്ങളില്‍ സൂചികള്‍ കുത്തിയിറക്കി വേദനാശമനമുണ്ടാക്കുന്ന ചൈനീസ് ചികിത്സാപദ്ധതി. ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍ അടുത്തകാലത്തു പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ പദ്ധതി ചൈനയില്‍ 2,000-ലേറെ വര്‍ഷങ്ങളായി പ്രയോഗത്തിലുണ്ട്. നിസ്സാരമായ വേദനകള്‍ മാറ്റാന്‍ ആസ്പിരിന്‍ ഗുളികകള്‍ കഴിക്കുന്നതുപോലെ വേദന ശമിപ്പിക്കുന്നതിനായി ശരീരത്തില്‍ അവിടവിടെയായി ചൈനയിലെ കുട്ടികള്‍പോലും അന്യോന്യം സൂചിപ്രയോഗങ്ങള്‍ നടത്താറുണ്ടെന്നു പറയപ്പെടുന്നു.

ചരിത്രം. ചൈനയില്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട വൈദ്യശാസ്ത്രഗ്രന്ഥം ഹുവാങ്ടി എന്ന ചൈനീസ് ചക്രവര്‍ത്തി എഴുതിയ ഹുവാങ്ടി നീച്ചിംഗ് (Huangdi Neiching) ആണ്. 2400 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇത് പ്രസിദ്ധീകൃതമായത്. അന്നുവരെ അറിയപ്പെട്ടിരുന്ന എല്ലാ വൈദ്യശാസ്ത്രമേഖലകളെപ്പറ്റിയും സവിസ്തരം പ്രതിപാദിക്കുന്ന പ്രസ്തുത ഗ്രന്ഥത്തില്‍ അക്യൂപങ്ചറിനെപ്പറ്റിയും വിവരിച്ചിരിക്കുന്നു. ഈ പുസ്തകത്തില്‍ 9 ഇനം സൂചികളെപ്പറ്റിയും 365 ശരീര ബിന്ദുക്കളെപ്പറ്റിയും സൂചിപ്പിച്ചിട്ടുണ്ട്. പാശ്ചാത്യവൈദ്യശാസ്ത്രത്തിന്റെ സ്വാധീനം ചൈനയില്‍ ഉണ്ടായത് 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലാണ്. ഇതോടെ അക്യൂപങ്ചറിന്റെ മേല്ക്കോയ്മ അസ്തമിക്കാന്‍ തുടങ്ങി. കാലക്രമത്തില്‍ അക്യൂപങ്ചറിസ്റ്റുകള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് ഒതുങ്ങിക്കൂടി. 1949-ല്‍ കമ്യൂണിസ്റ്റ് വിജയത്തോടെ പാശ്ചാത്യ വൈദ്യശാസ്ത്രം ചൈനയിലെ വര്‍ധിച്ച ആവശ്യങ്ങള്‍ക്കു മതിയാവില്ലെന്നു ബോധ്യമാവുകയും പുരാതനവും പരമ്പരാഗതവുമായ ചികിത്സാക്രമങ്ങള്‍ പുനരുദ്ധരിക്കപ്പെടുകയും ചെയ്തു.

അക്യുപങ്ചറിന് ഉപയോഗപ്പെടുത്തുന്ന 'മെറിഡിയനുകള്‍

മര്‍ദ്ദബിന്ദുക്കള്‍ രേഖപ്പെടുത്തിയിട്ടുള്ള ഓടുകൊണ്ട് നിര്‍മ്മിതമായ അക്യൂപങ്ചര്‍ മാതൃക.യോങ്ഷെങ് ചക്രവര്‍ത്തി(ഭ.കാ.1723-35)യുടെ രാജമുദ്രയോടുകൂടിയ നാലു ലിഖിതങ്ങള്‍ അടങ്ങുന്ന ഒരു പേടകത്തിലാണ് ഇത്

അക്യൂപങ്ചര്‍ യിന്-യാങ് (Yin Yang) സിദ്ധാന്തത്തില്‍ അധിഷ്ഠിതമാണ്. മനുഷ്യശരീരം നശീകരണം (destruction), പുനരുദ്ഭവം (regeneration) എന്നീ രണ്ടു വിരുദ്ധശക്തികളുടെ പരസ്പര സന്തുലനത്തില്‍ അധിഷ്ഠിതമാണെന്നാണ് പുരാതന ചൈനീസ് വൈദ്യശാസ്ത്രം സങ്കല്പിക്കുന്നത്. ഈ നശീകരണ-പുനരുദ്ഭവപ്രക്രിയകളെയാണ് യിന്‍, യാങ് എന്നീ വാക്കുകള്‍കൊണ്ട് വിവക്ഷിക്കുന്നത്. ഇതോടൊപ്പം ജലം (water), തടി (wood), അഗ്നി (fire), ലോഹം (metal), ഭൂമി (Earth) എന്നിവയും ബന്ധപ്പെട്ടിരിക്കുന്നു.

പുരാതന ചൈനീസ് വൈദ്യശാസ്ത്രം മനുഷ്യശരീരത്തിനുള്ളിലെ അവയവങ്ങളെ സാങ് (tsang: ഖരം) എന്നും, ഫൂ (fu: പൊള്ള) എന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. ഹൃദയം, കരള്‍, പ്ളീഹ, ശ്വാസകോശം, വൃക്കകള്‍ എന്നിവ സാങ് കളാണ്. ഇവയോടൊപ്പം ഹൃദയാവരണ(pericardium)ത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. അങ്ങനെ ശരീരത്തില്‍ മൊത്തം ആറ് സാങ് കളുണ്ട്. അതുപോലെ പൊള്ളയായ ആറ് അവയവങ്ങളുമുണ്ട്: ആമാശയം, വന്‍കുടല്‍, ചെറുകുടല്‍, പിത്താശയം (gall bladder), മൂത്രാശയം (urinary bladder) എന്നിവയും 'സാഞ്ചിയാവോ' (sanchiao) എന്ന ഒരു പ്രത്യേകഭാഗവും. ആമാശയത്തിന്റെ ജഠരാഗമിയംഗം (cardiac end), ആമാശയത്തിന്റെ ഉള്‍വശം, മൂത്രവാഹിനി(ureter)യുടെ പുറംഭാഗം എന്നീ മൂന്നു ഭാഗങ്ങളുളള ആന്തരാവയവങ്ങളുടെ ഒരു സഞ്ചയമാണ് സാഞ്ചിയാവോ. ചൈനീസ് വിശ്വാസക്രമമനുസരിച്ച് ആറ് അവയവങ്ങള്‍ യിന്‍ വര്‍ഗത്തിലും ബാക്കി ആറെണ്ണം യാങ് വര്‍ഗത്തിലും ഉള്‍പ്പെടുന്നു. ഈ പന്ത്രണ്ടെണ്ണവും പരസ്പര ബന്ധമുള്ള ഇണകളാണുതാനും. ഉദാഹരണത്തിന് വൃക്ക യിന്‍ വര്‍ഗത്തിലും മൂത്രാശയം യാങ് വര്‍ഗത്തിലും വരുന്ന ഇണ-അവയവങ്ങളാണ്. ഇവിടെയാണ് ശരീരത്തിന്റെ ഉപരിഭാഗത്തുള്ളതും വിവിധ അവയവങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തുന്നതുമായ ചാലുകളുടെ (meridians) പ്രാധാന്യം നിലകൊള്ളുന്നത്. പ്രധാനപ്പെട്ട പന്ത്രണ്ട് അവയവങ്ങളെ തമ്മില്‍ ബന്ധിക്കുന്ന പന്ത്രണ്ട് മെറിഡിയനുകളുണ്ട്. ഇവയെക്കൂടാതെ രണ്ട് അപ്രധാന മെറിഡിയനുകളെയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പതിനാല് മെറിഡിയനുകള്‍ക്കും നിശ്ചിത വഴിത്താരകളുമുണ്ട്. ഈ വഴിത്താരകളിലാണ് അക്യുപങ്ചറുമായി ബന്ധപ്പെട്ട മര്‍ദബിന്ദുക്കള്‍ സ്ഥിതിചെയ്യുന്നത്. ആധുനികശരീരശാസ്ത്രമനുസരിച്ച് ഇവയെ തിരിച്ചറിയാന്‍ പ്രയാസമാണ്. ഇപ്രകാരമുള്ള 700 ബിന്ദുക്കളുണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. (ചിലരുടെ അഭിപ്രായത്തില്‍ 1,000 ബിന്ദുക്കള്‍ വരും). ഈ ബിന്ദുക്കളെയെല്ലാം ചികിത്സാവിധികള്‍ക്കായി ഉപയോഗപ്പെടുത്തുന്നില്ല.

വേദനാശമനത്തിനു മാത്രം ഉപകരിച്ചിരുന്ന ഈ ചികിത്സാവിധി വൈദ്യശാസ്ത്രത്തില്‍ ആധുനികകാലത്ത് അനസ്തേഷ്യ (Anaesthesia) വിഭാഗത്തിലേക്കും പ്രവേശിച്ചു തുടങ്ങിയിരിക്കുന്നു. ഓരോ ചാലുകളിലെയും പ്രത്യേക ബിന്ദുക്കളില്‍ സൂചിപ്രയോഗം നടത്തുമ്പോള്‍, അതിനോടു യാതൊരു ബന്ധവുമില്ലെന്ന് വിശ്വസിക്കപ്പെടുന്ന വിദൂരസ്ഥമായ മറ്റൊരു കേന്ദ്രത്തില്‍ വേദന ശമിക്കുന്നു എന്ന ഈ സിദ്ധാന്തം ശരീരക്രിയാപരമായി തെളിയിക്കാന്‍ സാധ്യമല്ല. ഉപരിപ്ളവമായ വീക്ഷണത്തില്‍ ഏതാനും സൂചികള്‍ ചര്‍മോപരിഭാഗത്തുകൂടി കുത്തിയിറക്കപ്പെടുകയാണ് ഇതിന്റെ പരിപാടി; ഇതുവഴി സ്വബോധാവസ്ഥയിലുള്ള രോഗികള്‍ വേദനയില്‍നിന്നു വിമുക്തരാവുന്നു.

സൂചികള്‍. സൂചികള്‍ പല വണ്ണത്തിലും വലുപ്പത്തിലുമുണ്ട്. 2 മുതല്‍ 20 വരെ സെ.മീ. നീളമുള്ള സൂചികള്‍ സര്‍പിലാകൃതിയിലുള്ള (spiral) ചെമ്പുകമ്പികളില്‍ ഉറപ്പിച്ചിരിക്കും. ഇതിന്റെ അഗ്രഭാഗത്തുള്ള ദ്വാരത്തില്‍ വൈദ്യുതി പ്രവേശിപ്പിക്കാനുള്ള സംവിധാനങ്ങളുണ്ട്. ശസ്ത്രക്രിയയ്ക്കു ഏകദേശം 20-30 മിനിട്ടുകള്‍ക്കുമുമ്പ് പ്രസ്തുത സൂചികള്‍ രോഗികളില്‍ പ്രയോഗിക്കപ്പെടും. ഇപ്രകാരം ശരിയായ സ്ഥാനം കണ്ടുപിടിച്ചശേഷം നിര്‍ദിഷ്ട സ്ഥാനങ്ങളില്‍ 'മരവിപ്പ്' അനുഭവപ്പെട്ടോ എന്നറിയാനുള്ള പരിശോധന നടത്തുന്നു. പൂര്‍ണമായും വേദനാരഹിതമായെന്നു ബോധ്യംവന്നശേഷം ശസ്ത്രക്രിയ ആരംഭിക്കാവുന്നതാണ്. മരവിപ്പ് അനുഭവപ്പെടാത്തപക്ഷം സ്ഥാനം മാറ്റിക്കുത്തും; കുറഞ്ഞ വോള്‍ട്ടതയിലും ആംപിയറിലും (ampere) വൈദ്യുതി സൂചിയിലേക്കു പ്രവേശിപ്പിച്ച ശേഷം ശസ്ത്രക്രിയാവേളയില്‍ സൂചികള്‍ ആവശ്യാനുസരണം മെല്ലെ ചലനവിധേയമാക്കുന്നത് അക്യുപങ്ചര്‍ ക്രിയ നടത്തുന്ന ആളിന്റെ ജോലിയാണ്; ഈ പ്രക്രിയ ശസ്ത്രക്രിയാവസാനം വരെ തുടരുകയും ചെയ്യും.

വളരെ മിനുസവും മൂര്‍ച്ചയും ചൂടുമുള്ള സൂചികളാണ് മുന്‍കാലങ്ങളില്‍ പ്രയോഗിച്ചുവന്നിരുന്നത്; 'സെവന്‍സ്റ്റാര്‍ നീഡില്‍' (sevenstar needle) എന്ന പ്രത്യേക സൂചികളുമുണ്ട്. നഗ്നപാദരായ ചൈനീസ് വൈദ്യന്‍മാര്‍ ഉപയോഗിച്ചിരുന്നത് നീളമുള്ളതും വണ്ണംകൂടിയതുമായ സൂചികളായിരുന്നു. സൂചിയിറക്കിയശേഷം അതില്‍ തിരികത്തിച്ചു ചൂടുപിടിപ്പിക്കുന്ന സമ്പ്രദായവും നിലവിലിരുന്നു. പല രോഗങ്ങളുടെയും ചികിത്സാവിധി സൂചികളുടെ ചില പ്രത്യേകബിന്ദുക്കളെ ആശ്രയിച്ചിരിക്കും. നിശ്ചിതമായ ആഴത്തില്‍ ശരീരത്തില്‍ കുത്തിയിറക്കുന്ന സൂചികളുടെ പ്രഭാവം അനുഭവപ്പെടുന്നതിനായി അവ ഒന്നുമുതല്‍ നാലു സെക്കണ്ടുവരെ പ്രയോഗിക്കപ്പെടുന്നു

അക്യുപങ്ചറിലെ സൂചിപ്രയോഗം

പ്രാചീന കാലത്ത് പിയെന്‍ (pien) എന്നറിയപ്പെട്ടിരുന്ന കല്ലുകൊണ്ടുണ്ടാക്കിയ സൂചികളാണ് ഉപയോഗിച്ചുപോന്നിരുന്നത്. കാലക്രമേണ കല്ലുമാറ്റി മുളയും ചെമ്പും കൊണ്ടുള്ള സൂചികളും പ്രചാരത്തില്‍വന്നു. ഇപ്പോള്‍ പരിഷ്കരിച്ച് സ്റ്റീല്‍, വെള്ളി, സ്വര്‍ണം എന്നീ ലോഹങ്ങളാല്‍ നിര്‍മിതമായ സൂചികള്‍ അക്യുപങ്ചറിന് ഉപയോഗിച്ചുവരുന്നു. സൂചികള്‍ ചൂടുപിടിപ്പിച്ചോ വൈദ്യുതീകരിച്ച ശേഷമോ നിര്‍ദിഷ്ടസ്ഥാനങ്ങളില്‍ ചര്‍മോപരിഭാഗത്തുകൂടി കുത്തിയിറക്കുന്നു. ഇതിലേക്കുള്ള ഓരോ ചാലിലും ഏതാണ്ട് 350 മര്‍മസ്ഥാനങ്ങളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഉദ്ദിഷ്ടസ്ഥാനങ്ങളില്‍ വേദനാശമനത്തിനായി പ്രസ്തുത സൂചികള്‍ ആവശ്യാനുസരണം തിരഞ്ഞെടുത്തു പ്രയോഗിക്കും.

ഉദാഹരണമായി ആമാശയവ്രണങ്ങളുടെ വേദന ശമിപ്പിക്കുന്നതിനായി കാലിനു താഴെയും ഉടലിനു മുകളിലുമുള്ള പേശികളില്‍ സൂചിപ്രയോഗം നടത്തുന്നു. പിള്ളവാതത്തിനായി (Rheumatism) ഇപ്രകാരം പത്ത് ആഴ്ചകള്‍ നീണ്ടുനില്ക്കുന്ന പ്രത്യേക സൂചിചികിത്സാസമ്പ്രദായം തന്നെ ചൈനയില്‍ നിലവിലുണ്ട്. അതുപോലെ തന്നെ വാതത്തിനും (ഞവലൌാമശോ) ഇതേ ചികിത്സാക്രമം പാലിക്കാറുണ്ട്. ഉദരവിഛേദനം (Gastrectomy), ശ്വാസകോശം മുറിച്ചുനീക്കല്‍ (Lobectomy), സിസേറിയന്‍ (Caeserian section) മുതലായ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ രോഗികളെ മോഹാലസ്യപ്പെടുത്താതെ അക്യുപങ്ചര്‍ മുഖേന ഇന്ന് ചൈനയില്‍ നടത്താറുണ്ട്.

ആധുനികകാലം. അക്യുപങ്ചര്‍ എന്ന 'നാടന്‍' ചികിത്സാരീതിയെ ശാസ്ത്രീയമായി ആവിഷ്കരിച്ചത് 1958-നുശേഷമാണ്. ശരീരത്തില്‍ ഇതിലേക്കായി കൂടുതല്‍ കൂടുതല്‍ പുതിയ ബിന്ദുക്കള്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമം ചൈനയിലെ സൈനികാശുപത്രികളില്‍ ആരംഭിച്ചതായി കാണാം. അനസ്തേഷ്യശാസ്ത്രത്തിലും ശസ്ത്രക്രിയാ ശാസ്ത്രത്തിലും അക്യുപങ്ചര്‍ ഒരു നൂതനപന്ഥാവുതന്നെ വെട്ടിത്തുറന്നു. ശസ്ത്രക്രിയാപ്രതലങ്ങള്‍ വേദനാരഹിതമാക്കപ്പെടുന്നുവെങ്കിലും സ്പര്‍ശനശക്തിയും താപനിലയറിയാനുള്ള ശക്തിയും ഈ പ്രക്രിയയില്‍ നശിക്കുന്നില്ല. വിലയേറിയ ആധുനിക ബോധഹരണി ഉപകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അക്യുപങ്ചര്‍ സൂചികള്‍ക്കു തുച്ഛമായ വിലയേയുള്ളു.

തൊറാസിക് സര്‍ജറിക്കായി (Thorasic surgery) അക്യുപങ്ചര്‍ ചെയ്യുന്നത് മേല്‍ക്കൈയിലാണ്. പരിശീലനം സിദ്ധിച്ച അക്യുപങ്ചര്‍ പ്രയോക്താക്കള്‍ നേര്‍ത്ത സൂചികള്‍ ചര്‍മത്തില്‍ അനായാസമായി കുത്തിയിറക്കിയശേഷം ശസ്ത്രക്രിയാവേളയില്‍ അവ മെല്ലെ തിരിച്ചുകൊണ്ടിരിക്കും. രോഗിയുടെ പരിപൂര്‍ണമായ സഹകരണം ഇതിനാവശ്യമാണ്. അതിലേക്കായി രോഗികള്‍ക്ക് കാലേകൂട്ടി ചില പ്രത്യേക നിര്‍ദേശങ്ങളും പരിശീലനങ്ങളും നല്കാറുണ്ട്. സാധാരണ ജനറല്‍ അനസ്തേഷ്യ കൊടുത്തു ബോധംകെടുത്തിയശേഷം ഉണ്ടാകാനിടയുളള ഛര്‍ദി മുതലായ പ്രതികരണങ്ങള്‍ അക്യുപങ്ചറിനുശേഷമുണ്ടാകുന്നില്ല.

ജപ്പാനിലും യു.എസ്സിലും ഇംഗ്ളണ്ടിലും ഇന്ന് പരീക്ഷണാര്‍ഥം അക്യുപങ്ചര്‍-അനസ്തേഷ്യരീതി പ്രചാരത്തില്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഇതിന്റെ പിന്നിലുള്ള നിഗൂഡമായ ശാസ്ത്രസത്യങ്ങള്‍ ചൈനക്കാര്‍ക്കൊഴികെ മറ്റാര്‍ക്കും അറിയാന്‍പാടില്ല. ഗവേഷണവിധേയമായ ഈ വിഷയം ശരീരശാസ്ത്രം നിര്‍വചിച്ചിട്ടുള്ള പല വസ്തുതകളും തിരുത്തിയെഴുതിയെന്നിരിക്കും.

ഇന്ത്യയില്‍ മുംബൈയിലും കൊല്‍ക്കത്തയിലും മറ്റും ഈ പദ്ധതി പലരിലും വിജയകരമായി പ്രയോഗിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ജപ്പാനിലെ ഒസാകാ സര്‍വകലാശാലയിലെ അനസ്തേഷ്യ പ്രൊഫസറായ മാസയോഷി ഹൈഡോവിന്റെ അഭിപ്രായത്തില്‍ ചില സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാവുന്ന ഒരു തരം അനസ്തേഷ്യ ആണ് അക്യുപങ്ചര്‍. എന്നാല്‍ ഇത് നിലവിലിരിക്കുന്ന മറ്റു അനസ്തെറ്റിക് സമ്പ്രദായങ്ങളെക്കാള്‍ മെച്ചപ്പെട്ടതല്ല. രോഗികളിലെ വ്യക്തിപരമായ വേദന സംവേദന വ്യത്യാസം ഈ സമ്പ്രദായത്തെ പരമാവധി ഉപയോഗപ്രദമാക്കുന്നതില്‍ വിലങ്ങുതടിയാകാറുണ്ട്.

എല്ലാ ശസ്ത്രക്രിയകളും അക്യുപങ്ചര്‍ വഴി നടത്താമെന്നു തോന്നുന്നില്ല; പ്രത്യേകിച്ചും അടിയന്തിര ശസ്ത്രക്രിയകള്‍. ഈ സമ്പ്രദായത്തിലും ശസ്ത്രക്രിയയ്ക്കു മുമ്പായി രോഗികളുടെ മാനസികവിഭ്രാന്തി കുറയ്ക്കുന്നതിന് പെത്തഡിന്‍ (Pethedine), മോര്‍ഫിന്‍ (Morphin) തുടങ്ങിയ ബാര്‍ബിറ്റുറേറ്റുകള്‍ (Barbiturates) കൊടുക്കാറുണ്ട്. ശസ്ത്രക്രിയയ്ക്കുശേഷം ഉണ്ടാകുന്ന വേദനകള്‍ക്കും ചൈനക്കാര്‍ അക്യുപങ്ചര്‍ ഉപയോഗിക്കുന്നു. രോഗികളും ഡോക്ടര്‍മാരുമായുള്ള പരിപൂര്‍ണ സഹകരണവും രോഗിയുടെ ആത്മധൈര്യവും ഇവിടെ അനിവാര്യമാണ്.

തലവേദനയ്ക്കു പരിഹാരമായി വളരെയധികം ഉപയോഗിച്ചുവരുന്ന ഒരു ചികിത്സാവിധിയാണ് അക്യുപങ്ചര്‍. പുരാതന ചികിത്സയുടെ പരിഷ്കരിച്ച സംവിധാനക്രമമാണ് ഇന്നത്തെ അക്യുപങ്ചര്‍ ചികിത്സകള്‍. വൈദ്യുത പ്രചോദനം ഉപയോഗിച്ച് സംവേദന സ്ഥാനങ്ങള്‍ കണ്ടുപിടിക്കുന്ന സമ്പ്രദായം ആധുനിക ശാസ്ത്രത്തിന്റെ തണലില്‍ വളര്‍ന്നതാണ്. 0.63 സെ.മീ. നീളമുള്ള 'ക്യാറ്റ്ഗട്ടി'ന്റെ (Catgut) പല കഷണങ്ങള്‍ ദ്വാരമുള്ള സൂചിക്കകത്തുകൂടി കടത്തി ശോഷിച്ച മാംസപേശികള്‍ക്കുള്ളില്‍ നിക്ഷേപിച്ചശേഷം പത്ത് ആഴ്ചകളോളം നീണ്ടുനില്ക്കുന്ന പിള്ളവാതചികിത്സയും നടത്താറുണ്ട്.

പരമ്പരാഗതമായ അക്യുപങ്ചര്‍ വളര്‍ന്നുവികസിച്ച ചൈനയിലെ മെഡിക്കല്‍ കോളജുകളിലെ പഠനക്രമത്തിലും ഇപ്പോള്‍ അക്യുപങ്ചര്‍ ഉള്‍ പ്പെടുത്തിയിട്ടുണ്ട്. വേദനയകറ്റുവാന്‍ മാത്രം ഉപയോഗിച്ചുവന്നിരുന്ന ചികിത്സാരീതി എന്തുകൊണ്ട് വേദനയില്ലാതെ ശസ്ത്രക്രിയകള്‍ നടത്തുന്നതിന് ഉപയോഗിച്ചുകൂടാ എന്ന വാദത്തിന്റെ ഫലമായാണ് അക്യുപങ്ചര്‍ അനസ്തേഷ്യയിലേക്കു കടന്നുവന്നത്. പരീക്ഷണാര്‍ഥം നടത്തിയ പല ശസ്ത്രക്രിയകളും വിജയം കൈവരിച്ചു; സൂചികള്‍ ഇറക്കാനുള്ള പുതിയ ബിന്ദുക്കള്‍ കണ്ടുപിടിക്കപ്പെട്ടു; അക്യുപങ്ചര്‍ ചികിത്സകളില്‍ വിവരിച്ചിരുന്ന പല പഴയ ബിന്ദുക്കളില്‍നിന്നും വ്യത്യസ്തമായ ചില മര്‍മങ്ങളും നിശ്ചയിക്കപ്പെട്ടു. കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുവേണ്ടി, നിഘണ്ടു നോക്കി വാക്കുകളുടെ അര്‍ഥം മനസ്സിലാക്കുന്നതുപോലെ പ്ളാസ്റ്റിക് മോഡലുകളില്‍ സൂചികേന്ദ്രങ്ങള്‍ അടയാളപ്പെടുത്തി അക്യുപങ്ചര്‍ എന്ന 'കല' വിപുലീകൃതമാക്കപ്പെട്ടു.

മിക്ക ബിന്ദുക്കളും ഉപരിതല-സംവേദകനാഡി(superficial sensory nerve)കളോടു ചേര്‍ന്നു പോകുന്നതായികാണാം. 1958-ല്‍ ആരംഭിച്ച അക്യുപങ്ചര്‍-അനസ്തേഷ്യ വിപുലമായ തോതില്‍ പ്രയോഗിക്കാനാരംഭിച്ചത് 1968-നുശേഷം മാത്രമാണ്. അസ്ഥികളിലെ ശസ്ത്രക്രിയകള്‍, യോനിദ്വാരംവഴിയുള്ള ഗര്‍ഭപാത്രശസ്ത്രക്രിയകള്‍ എന്നിവയൊന്നും അക്യുപങ്ചര്‍ ഉപയോഗിച്ചു നടത്താന്‍ കഴിയില്ല. വേദനാശമനം മാത്രം നല്‍കുന്ന ഈ പ്രക്രിയയെ അനസ്തേഷ്യ എന്നു വിളിക്കുന്നതു ശരിയല്ല; അനാല്‍ജെസിയ (analgesia) - വേദനാഹരണം - എന്നു പറയുന്നതായിരിക്കും ശരി.

വിവിധ അക്യുപങ്ചര്‍ രീതികള്‍.

അക്യുപങ്ചര്‍ ബിന്ദുക്കളില്‍ കുത്തിനിര്‍ത്തിയ സൂചിയുടെ തലപ്പത്ത് ഉണങ്ങിയ ഔഷധസസ്യകമ്പുകള്‍ (moxa) പുകയ്ക്കുന്ന മോക്സിബസ്റ്റ്യന്‍ (moxibustion) രീതി (ചിത്രം a) തണുപ്പും മരവിപ്പും മാറ്റി ഊര്‍ജസ്വലതയേകുന്നതിന് ഫലപ്രദമാണ്.ജലദോഷം, ബ്രോങ്കൈറ്റിസ്, വാതം എന്നിവയുടെ അക്യുപങ്ചര്‍ ചികിത്സയ്ക്ക് ഗ്ളാസ്, ലോഹം, തടി, മുള എന്നിവ കൊണ്ടുണ്ടാക്കിയ കപ്പുകള്‍ ചൂടാക്കി സവിശേഷ സ്ഥാനങ്ങളില്‍ കമഴ്ത്തി വെയ്ക്കുന്ന കപ്പിങ് (cupping) സമ്പ്രദായവും (ചിത്രം b) സമീപകാലത്ത് പ്രയോജനപ്പെടുത്തി വരുന്നു.

മര്‍ദബിന്ദുക്കള്‍ ഉത്തേജിപ്പിക്കുന്ന വിദ്യുത് അക്യുപങ്ചര്‍ (Electro Accupunture), (ചിത്രം c) ശക്തികുറഞ്ഞ ലേസര്‍ രശ്മികള്‍ പുറപ്പെടുവിക്കുന്ന പേന പോലെയുള്ള ചെറു ഉപകരണങ്ങള്‍ മെറിഡിയനുകളിലൂടെ ചലിപ്പിക്കുന്ന ലേസര്‍ അക്യുപങ്ചര്‍ (Laser Accupunture) എന്നിവ ആധുനിക അക്യുപങ്ചര്‍ രീതികളാണ്. മര്‍ദബിന്ദുക്കളില്‍ അള്‍ട്രാസോണിക-ശബ്ദ- പ്രകാശ തരംഗങ്ങള്‍ ഉപയോഗിക്കുന്ന രീതികളും ഫലപ്രദമാണ്.

അഗദതന്ത്രം

ആയുര്‍വേദത്തിലെ വിഷചികിത്സാവിഭാഗം. അഷ്ടാംഗഹൃദയത്തിലെ ശല്യം, ശലാക്യം, കായചികിത്സ, ഭൂതവിദ്യ, കൌമാരഭൃത്യം, അഗദതന്ത്രം, രസായനതന്ത്രം, വാജീകരണതന്ത്രം എന്നീ എട്ട് അംഗങ്ങളില്‍ ആറാമത്തേതാണിത്.

അഗദജം എന്ന പദത്തിന്റെ അര്‍ഥം ഗദ(രോഗ)ത്തെ ഇല്ലാതാക്കുന്നത്, അതായത് ഔഷധം എന്നാണ്. (നാസ്തിഗദോ അസ്മാദ് അനേന വാ), 'ഗദം' എന്ന ശബ്ദത്തിന് രോഗമെന്നാണു പ്രസിദ്ധാര്‍ഥമെങ്കിലും അത് വിഷശബ്ദത്തിന്റെ പര്യായവുമാണ് (രാജനിഘണ്ടു). ജന്തുക്കള്‍, സസ്യങ്ങള്‍, ധാതുദ്രവ്യങ്ങള്‍ എന്നിവ വഴിയും മറ്റു പല പ്രകാരത്തിലും ജീവികളില്‍ വിഷബാധയുണ്ടായാല്‍ അവയെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളെയും അവയ്ക്കുള്ള ചികിത്സാവിധികളെയും പ്രതിപാദിക്കുന്നതാണ് ഈ തന്ത്രം. "അഗദതന്ത്രം നാമ സര്‍പ്പകീടലൂതാ മൂഷികാദിദഷ്ട വിഷജ്ഞാനാര്‍ഥം വിവിധവിഷസംയോഗോപശമനാര്‍ഥം ച' എന്നു സുശ്രുതന്‍ (സൂ. അ. 1/14) ഈ തന്ത്രത്തിന്റെ ഉദ്ദേശ്യം എടുത്തു പറഞ്ഞിരിക്കുന്നു. ആയുര്‍വേദത്തിലെ പ്രാമാണിക മൂലഗ്രന്ഥങ്ങളായ സുശ്രുതസംഹിത, ചരകസംഹിത, അഷ്ടാംഗഹൃദയം, ഹാരീതസംഹിത, അഷ്ടാംഗസംഗ്രഹം, ഭാവപ്രകാശം, വാസവരാജീയം, ശാര്‍ങ്ഗധരസംഹിത എന്നിവയിലെല്ലാം ഈ തന്ത്രം ഉള്‍പ്പെട്ടു കാണാം. സുശ്രുതത്തിലെ കല്പസ്ഥാനം മുഴുവന്‍, ചരകം ചികിത്സാസ്ഥാനത്തിലെ 23-ാം അധ്യായം, അഷ്ടാംഗസംഗ്രഹം ഉത്തരതന്ത്രത്തില്‍ 40 മുതല്‍ 48 വരെയുള്ള അധ്യായങ്ങള്‍ അഷ്ടാംഗഹൃദയം ഉത്തരസ്ഥാനത്തില്‍ 35 മുതല്‍ 38 വരെയുള്ള അധ്യായങ്ങള്‍, ഹാരീതസംഹിത മൂന്നാം സ്ഥാനത്തില്‍ 53-ാം അധ്യായം, ഭാവപ്രകാശം ചികിത്സാസ്ഥാനം 57-ാം അധ്യായം, വാസവരാജീയത്തില്‍ 21-ഉം, 22-ഉം പ്രകരണങ്ങള്‍ -- ഇവയെല്ലാം അഗദതന്ത്രപ്രതിപാദകങ്ങളാണ്. ഈ പ്രമാണിക ഗ്രന്ഥങ്ങളില്‍ അഷ്ടാംഗഹൃദയത്തിലെ അഗദതന്ത്രത്തെ ആസ്പദമാക്കിയുള്ള ചികിത്സാരീതിക്കാണ് കേരളത്തില്‍ അധികം പ്രചാരമുള്ളത്. ഇതിനുപുറമേ, അഗദതന്ത്രത്തെ മാത്രം പുരസ്കരിച്ചുള്ള നാരായണീയം, സാരസംഗ്രഹം, ഉഡ്ഡീശം, ഉല്‍പ്പലം, ഹരമേഖല, ലക്ഷണാമൃതം, കാലവഞ്ചനം എന്നീ സംസ്കൃത ഗ്രന്ഥങ്ങളും, ജ്യോത്സ്നിക, ചന്ദ്രിക, ചിത്രാരൂഢം, പ്രയോഗസമുച്ചയം, വിഷവൈദ്യപ്രവേശിക, സര്‍വഗരളപ്രമോചനം, ഗൌളീശാസ്ത്രം, കാലവഞ്ചനം എന്നീ മലയാള ഗ്രന്ഥങ്ങളും തമിഴ്പ്പടി എന്ന തമിഴ് കൃതിയും കേരളത്തില്‍ പ്രചാരത്തിലുണ്ട്. ഇവയില്‍ സംസ്കൃതഗ്രന്ഥങ്ങള്‍ മുഴുവന്‍ കേരളീയര്‍തന്നെ നിര്‍മിച്ചതാണെന്നു പറഞ്ഞുകൂടാ.

വിഷവിദ്യ.

മന്ത്രപ്രയോഗംകൊണ്ടു വിഷമിറക്കുന്ന ഒരു ക്രിയാപാരമ്പര്യവും കേരളത്തില്‍ പ്രചാരത്തിലുണ്ട്. 'വിഷവിദ്യ' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഔഷധപ്രയോഗം കൊണ്ടുമാത്രം ചികിത്സിക്കുന്ന രീതിയെ 'വിഷചികിത്സ' എന്നു വിളിച്ചുവരുന്നു. ചരകസുശ്രുതാദി ഗ്രന്ഥങ്ങളില്‍ ഉള്ള വിഷചികിത്സയാണ് അഗദതന്ത്രം; രോഗിയെ സമാധാനിപ്പിക്കേണ്ട ചില സന്ദര്‍ഭങ്ങളില്‍ അതിനുവേണ്ടി മന്ത്രം ജപിച്ച് വെള്ളം തളിക്കാന്‍ അതില്‍ ഉപദേശിക്കാതിരുന്നിട്ടില്ലെന്നുമാത്രം; ഔഷധപ്രയോഗത്തോടുകൂടിയേ അങ്ങനെ ചെയ്യാന്‍ വിധിച്ചിട്ടുള്ളു. അഷ്ടാംഗഹൃദയത്തില്‍ (ഉ.അ. 36/70),

'സീതാ വൈഗന്ധികാദ്രാക്ഷാ പയസ്യാമധുകം മധു

പാനം സമന്ത്രഃപൂതാംബുപ്രോക്ഷണം സാന്ത്വഹര്‍ഷണം'

(പഞ്ചസാര, പെരുങ്കുരുമ്പവേര്, മുന്തിരിങ്ങ, അടപതിയന്‍ കിഴങ്ങ്, ഇരട്ടിമധുരം ഇവ പൊടിച്ച് തേന്‍ ചേര്‍ത്ത് സേവിപ്പിക്കുകയും സിദ്ധമന്ത്രങ്ങള്‍ ജപിച്ചു ശുദ്ധമാക്കിയ വെള്ളം തളിക്കുകയും നല്ല വാക്കുകള്‍കൊണ്ടു സമാധാനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും വേണം) എന്ന് 'സര്‍പ്പാംഗാഭിഹത'ത്തിനും 'ശങ്കാവിഷ'ത്തിനും പ്രതിവിധി നിര്‍ദേശിച്ചിട്ടുള്ളത് ഇതിനുദാഹരണമാണ്.

അടിസ്ഥാന പ്രമാണങ്ങള്‍.

ത്രിദോഷ-ത്രിധാതുവാദം, സപ്തധാതുസിദ്ധാന്തം, രസ-ഗുണ-വീര്യ-വിപാക-പ്രഭാവ സിദ്ധാന്തം തുടങ്ങിയ ആയുര്‍വേദത്തിന്റെ മൗലികതത്ത്വങ്ങള്‍ തന്നെയാണ് അഗദതന്ത്രത്തിന്റെയും അടിസ്ഥാനപ്രമാണങ്ങള്‍. 'നിജം' എന്നും 'ആഗന്തുകം' എന്നും രോഗത്തെ രണ്ടായി വിഭജിച്ചിട്ടുള്ളതില്‍ വിഷവികാരങ്ങളെ ആഗന്തുകവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

അഗദതന്ത്രത്തില്‍ വിഷോത്പത്തിയെപ്പറ്റി രസകരമായ ഒരു പുരാണ കഥയുണ്ട്. ദേവന്മാരും അസുരന്മാരും കൂടി അമൃതിനായി സമുദ്രം കടഞ്ഞപ്പോള്‍ അതു ലഭിക്കുന്നതിനുമുമ്പ് ഭീഷണാകൃതിയായ ഒരു പുരുഷന്‍ സമുദ്രത്തില്‍ നിന്നുപൊങ്ങി. അവനെകണ്ടു ദേവാസുരാദികള്‍ വിഷാദിച്ചു; വിഷാദകാരനായ അവനെ വിഷം എന്നു വിളിച്ചു. ബ്രഹ്മാവ് കോപത്തോടെ ഹുംകാരംകൊണ്ട് അവനെ നിഷ്കാസനം ചെയ്തു. അവനാകട്ടെ ഭയപ്പെട്ട് അപ്പോഴത്തെ ശരീരം വെടിഞ്ഞ് സര്‍വജനങ്ങളെയും ചതിക്കാനായി സ്ഥാവരങ്ങളും ജംഗമങ്ങളുമായ ശരീരങ്ങളില്‍ പോയി ഒളിച്ചു. സസ്യങ്ങളിലും ധാതുദ്രവ്യങ്ങളിലും സ്ഥാവരവിഷരൂപത്തിലും സര്‍പ്പലൂതാദികളില്‍ ജംഗമവിഷരൂപത്തിലും. ഈ കഥ വിഷത്തിന്റെ ഭീഷണവും വഞ്ചകവുമായ സ്വഭാവത്തെ വ്യക്തമാക്കുന്നു. 'വിയോജിപ്പിക്കുന്നു' (വിഷ്ണാതി-ശരീരത്തില്‍നിന്നു പ്രാണനെ) എന്നും, "വ്യാപിക്കുന്നു(വേഷതി) എന്നും അര്‍ഥമുള്ള 'വിഷ'ധാതുവില്‍നിന്നാണ് വിഷശബ്ദത്തിന്റെ നിഷ്പത്തി എന്നു ശബ്ദകല്പദ്രുമത്തില്‍ കാണുന്നു. വിഷാദിപ്പിക്കുന്നു എന്നതുകൊണ്ട് വിഷസംജ്ഞ ഉണ്ടായി എന്നാണ് ആയുര്‍വേദഗ്രന്ഥങ്ങളില്‍ കാണുന്നത്. (ഹിംസിക്കുക, പീഡിപ്പിക്കുക എന്നര്‍ത്ഥമുള്ള 'സദ്'ധാതുവിനോടുകൂടി 'വി' എന്ന ഉപസര്‍ഗം ചേര്‍ന്നുണ്ടായ രൂപമാണ് വിഷാദം).

വിഷവിഭജനം.

അകൃത്രിമം, കൃത്രിമം എന്നിങ്ങനെ വിഷത്തിന് സാമാന്യേന രണ്ടു വിഭാഗം കല്പിച്ചിരിക്കുന്നു. കൃത്രിമ വിഷത്തിനു 'ഗരം' എന്നും പേരുണ്ട്. പ്രകൃതിവസ്തുക്കളില്‍നിന്നു സ്വാഭാവികമായി ഉണ്ടാകുന്നവ അകൃത്രിമങ്ങളും വിവിധ ദ്രവ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്നവ കൃത്രിമങ്ങളുമാണ്. അകൃത്രിമത്തെ സ്ഥാവരം എന്നും ജംഗമം എന്നും രണ്ടായി വിഭജിച്ചിട്ടുണ്ട്. വൃക്ഷലതാദികളുടെ വേര്, ഇല, പൂവ്, കായ്, തേന്‍, പാല്‍, കാതല്‍, കറ, കിഴങ്ങ് എന്നിവയും ഫേനാശ്മം, ഹരിതാലം എന്നീ ധാതുദ്രവ്യങ്ങളും സ്ഥാവരവിഷത്തിനും, സര്‍പ്പം, എലി, തേള്‍, ചിലന്തി, കീരി, പൂച്ച, തവള, കുരങ്ങ്, പേപ്പട്ടി, കുറുക്കന്‍, അരണ, ഗൌളി, ഓന്ത്, കടന്നല്‍, അട്ട, തേരട്ട, തൊട്ടാരട്ടി, വേട്ടാളന്‍, മത്സ്യം, നരി, സിംഹം, മുതലായവ സാമാന്യേന ജംഗമ വിഷത്തിനും ആസ്പദങ്ങളാണ്.

'സര്‍പ്പാഃകീടോന്ദുരാ ലൂതാ

വൃശ്ചികാ ഗൃഹഗോധികാഃ

ജളൗകാ മത്സ്യമാണ്ഡൂകാഃ

കണഭാഃ സകൃകണ്ടകാഃ

ശ്വസിംഹവ്യാഘ്രഗോമായു-

തരക്ഷുനകുലാദയഃ

ദംഷ്ട്രിണോ യേ വിഷം തേഷാം

ദംഷ്ട്രോത്ഥം ജംഗമം മതം' (ച. ചി. 23/9-10)

ഈ ജംഗമങ്ങളുടെ നോട്ടം, നിശ്വാസം, പല്ല്, മൂത്രം, ശുക്ളം, പുരീഷം, ഉമിനീര്‍, ശവം തുടങ്ങിയ 16 വിഷാധിഷ്ഠാനങ്ങളെ സുശ്രുതത്തിലും അഷ്ടാംഗസംഗ്രഹത്തിലും എണ്ണിപ്പറഞ്ഞിട്ടുണ്ട്. കൃത്രിമവിഷം (ഗരം) അല്പവീര്യങ്ങളും വിരുദ്ധവീര്യങ്ങളുമായ വിവിധ വസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കപ്പെടുന്നതാണ്. വശീകരണം മുതലായവയാണ് അതിന്റെ ഉദ്ദേശ്യം. മലയാളത്തില്‍ 'കൈവിഷം' എന്നു വിളിക്കപ്പെടുന്നതും ഇതുതന്നെ.

'സ്ഥാവരം ജംഗമം ചേതി

വിഷം പ്രോക്തമകൃത്രിമം

കൃത്രിമം ഗരസംജ്ഞം തു

ക്രിയതേ വിവിധൌഷധൈഃ' (അ. ഹൃ. ഉ.35/5)

ഗരം അകത്തു പെട്ടാല്‍ ഉണ്ടാകുന്ന വിഷാദപ്രധാനങ്ങളായ ലക്ഷണങ്ങളെയും അവയ്ക്കുള്ള പ്രതിവിധികളെയും അതില്‍ വിവരിച്ചിട്ടുണ്ട്.

സ്ഥാവരവിഷദ്രവ്യങ്ങളില്‍ മൂലവിഷങ്ങള്‍ (മൂലത്തില്‍=വേരില്‍-വിഷമുള്ളവ) 8; പത്രവിഷങ്ങള്‍ 5; ഫലവിഷങ്ങള്‍ 12; പുഷ്പവിഷങ്ങള്‍ 7; തോല്‍, കാതല്‍, കറ എന്നിവയില്‍ വിഷമുള്ളവ 5; ക്ഷീരവിഷങ്ങള്‍ 3; വിഷമുള്ള ധാതുദ്രവ്യങ്ങള്‍ 2; കന്ദ (കിഴങ്ങ്) വിഷങ്ങള്‍ 13 എന്നിങ്ങനെ 55 സ്ഥാവരവിഷാധിഷ്ഠാനങ്ങളെ സുശ്രുതന്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. കണവീരം, കുന്നി, കരിഞ്ചണ, മേന്തോന്നി, എന്നിവ വേരില്‍ വിഷമുള്ളവയ്ക്കും വത്സനാഭി, സര്‍ഷപം എന്നിവ കന്ദവിഷദ്രവ്യങ്ങള്‍ക്കും ഉദാഹരണങ്ങളാണ്. ഓരോ വര്‍ഗവും ശരീരത്തില്‍ സാമാന്യേന എന്തെന്തു ലക്ഷണങ്ങള്‍ ഉളവാക്കും എന്ന് വെവ്വേറെ എടുത്തുപറഞ്ഞിരിക്കുന്നു (സു. കല്പം അ. 2). കന്ദവിഷങ്ങള്‍ വളരെ തീക്ഷ്ണങ്ങളാണ്. അവയിലോരോന്നും ശരീരത്തിലേറ്റാലുണ്ടാകുന്ന വ്യത്യസ്തലക്ഷണങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്.

വിഷത്തിന്റെ ഗുണധര്‍മങ്ങള്‍.

വിഷത്തെ മരണത്തിന്റെയും അമൃതത്തെ ജീവിതത്തിന്റെയും പ്രതീകങ്ങളായാണ് സങ്കല്പിച്ചുവരാറുള്ളത്. ശരീരത്തിലെ ഓജസ്സിനെ വിഷം ക്ഷയിപ്പിക്കുന്നു; അമൃതം വര്‍ധിപ്പിക്കുന്നു. ഓജസിന്റേതിന് വിപരീതമായ ഗുണധര്‍മങ്ങളാണ് വിഷത്തിനുള്ളത്. വിഷങ്ങള്‍ക്കെല്ലാം മാരകസ്വഭാവമുള്ള 10 ഗുണധര്‍മങ്ങള്‍ എടുത്തുപറഞ്ഞിരിക്കുന്നു. (i) രൂക്ഷത; (ii) തീക്ഷണത; (iii) സൂക്ഷ്മത- (എല്ലാ സൂക്ഷ്മധാത്വംശങ്ങളിലേക്കും കടന്നു ചെല്ലുവാനുള്ള കഴിവ്); (iv) ഉഷ്ണത്വം; (v) വ്യവായിത്വം (ശരീരമാകെ വേഗം വ്യാപിക്കുന്ന സ്വഭാവം); (vi) വികാശിത്വം (ദോഷധാതുമലങ്ങളെ ക്ഷയിപ്പിക്കാനുള്ള കഴിവ്); (vii) ആശുകാരിത്വം (സ്വധര്‍മം വേഗം നടത്താനുള്ള കഴിവ്); (viii) വൈശദ്യം (പ്രതിരോധങ്ങളെ ജയിച്ചു സ്വഗുണധര്‍മങ്ങളെ നിലനിര്‍ത്താനുള്ള കഴിവ്); (ix) ലാഘവം - കനക്കുറവ് (പ്രതിവിധികളില്‍നിന്ന് രക്ഷപ്പെടുവാനുള്ള സാമര്‍ഥ്യം -- ദുശ്ചികിത്സ്യത ഇതുകൊണ്ടുണ്ടാകുന്നു); (x) അപാകിത്വം (ധാത്വഗ്നി പാകം കൊണ്ടും മറ്റും പരിണമിച്ച് രൂപാന്തരപ്പെടാതിരിക്കല്‍). ഇവയില്‍ അപാകിത്വം എന്നതിനു പകരം, അനിര്‍ദേശ്യരസം (നാവിന്‍മേല്‍ തട്ടിയാല്‍ ഇന്നതെന്ന് വ്യക്തമാവാത്ത രസത്തോടുകൂടിയത്) എന്ന ഗുണധര്‍മത്തെ ചരകന്‍ കല്പിച്ചിരിക്കുന്നു. രൂക്ഷതകൊണ്ടു വാതത്തെയും ഉഷ്ണത്വംകൊണ്ടു പിത്തത്തെയും സൂക്ഷ്മത്വംകൊണ്ടു രക്തത്തെയും പ്രകോപിപ്പിക്കുകയും അവ്യക്ത രസത്വം കൊണ്ടു കഫത്തെയും ആന്തരികരസത്തെയും ദുഷിപ്പിക്കുകയും ചെയ്യുന്നു.

'ലഘു രൂക്ഷമാശു വിശദം

വ്യവായി തീക്ഷണം വികായി സൂക്ഷ്മം ച

ഉഷ്ണമനിര്‍ദേശ്യരസം

ദശഗുണമുക്തം വിഷം തജ്ഞൈ-

രൗക്ഷ്യാത് വാതമശൈത്യാത്

പിത്തം സൗക്ഷ്മ്യാദസൃക് പ്രകോപയതി

കഫമവ്യക്തരസത്വാ-

ദന്നരസാം ശ്ചാനുവര്‍ത്തതേ ശീഘ്രം' (ച.ചി.അ.2333)

ഇപ്രകാരം മറ്റു ഗുണധര്‍മങ്ങളും ശരീരത്തില്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ദൂഷീവിഷം.

അകൃത്രിമവും കൃത്രിമവുമായ ഏതു വിഷവും ചികിത്സകൊണ്ടും മറ്റും അല്പം ശമിച്ച് അതിനു വീര്യഹാനി സംഭവിക്കുമെങ്കിലും മേല്‍പ്പറഞ്ഞ ദശഗുണധര്‍മങ്ങളോടുകൂടി ശരീരത്തില്‍ അവശേഷിക്കുകയാണെങ്കില്‍ അതിനു ദൂഷിവിഷം എന്നുപറയും. കാലാന്തരത്തില്‍ അതും ശരീരനാശകമാണ്. 'നഞ്ഞുനാനാഴി വേണ്ടാ' എന്നുണ്ടല്ലോ. കാലപ്പഴക്കം, വിഷഘ്നങ്ങളായ ഔഷധങ്ങള്‍ (അഗദങ്ങള്‍), തീയേല്ക്കല്‍, കാറ്റുതട്ടിയൊ വെയില്‍കൊണ്ടൊ ഉണങ്ങല്‍- എന്നിവകൊണ്ടെല്ലാം വിഷത്തിനു സ്വയം വീര്യം കുറഞ്ഞുപോകും; ശരീരത്തില്‍ അതിന്റെ പ്രഭാവവും കുറയും. ഇങ്ങനെ വീര്യം കുറഞ്ഞതെല്ലാം ദൂഷീവര്‍ഗത്തില്‍പ്പെടുന്നു. വിഷഗുണങ്ങള്‍ കുറഞ്ഞതോതിലെ ഉള്ളു എന്നതുകൊണ്ട് ശരീരത്തില്‍ ഏറ്റാല്‍ അതു മാരകമാകുന്നില്ല; സ്വയം നശിക്കുകയൊ പുറംതള്ളപ്പെടുകയൊ ചെയ്യുന്നുമില്ല. ദൂഷീ വിഷം ഉണ്ടായാലുള്ള സാമാന്യലക്ഷണങ്ങളെയും, ആമാശയ പക്വാശയാദിസ്ഥാനങ്ങളില്‍ അതു വര്‍ത്തിക്കുമ്പോഴത്തെ വ്യത്യസ്തലക്ഷണങ്ങളെയും അവയ്ക്കുള്ള പ്രതിവിധികളെയും തന്ത്രത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കിഴക്കന്‍ കാറ്റ്, അജീര്‍ണം, ശൈത്യം, മഴക്കാറ്, പകലുറക്കം, അപഥ്യാഹാരം എന്നിവകൊണ്ട് ദൂഷീവിഷം വികാരം പ്രാപിച്ച് സ്വയം ദുഷിക്കുകയും ധാതുക്കളെ ദുഷിപ്പിക്കുകയും ചെയ്യുന്നു. ദൂഷീവിഷം എന്ന പേര്‍ തന്നെ ഇതുകൊണ്ടുണ്ടായതാണ്.

അന്നപാനങ്ങള്‍, പല്ലുതേക്കാനും നാവു വടിക്കാനുമുള്ള ഉപകരണങ്ങള്‍, എണ്ണ, ചീപ്പ്, മെഴുക്കിളക്കാനുള്ള വസ്തുക്കള്‍, കുളിക്കാനുള്ള വെള്ളം, കുറിക്കൂട്ട്, പൂമാല, വസ്ത്രം, കിടക്ക, കുപ്പാനയം, ആഭരണം, പാദരക്ഷ, പാദപീഠങ്ങള്‍, ആനപ്പുറത്തെ അമ്പാരി, കുതിരപ്പുറത്തെ ജീനി, നസ്യത്തിനും ധൂമത്തിനും (ഔഷധപ്പുകയേല്പിക്കല്‍) മറ്റുമുള്ള സാമഗ്രികള്‍ - മനുഷ്യന്‍ സാധാരണയായി ഉപയോഗിച്ചുവരാറുള്ള ഇത്തരം വസ്തുക്കളോരോന്നും വിഷലിപ്തമായാല്‍ അതിന്റെ ഉപയോഗംകൊണ്ടു ശരീരത്തിലുണ്ടാകാവുന്ന ഉപദ്രവങ്ങളും അവയ്ക്കുള്ള പ്രതിവിധികളും സുശ്രുതം കല്പസ്ഥാനത്തില്‍ വിവരിച്ചിരിക്കുന്നു.

സര്‍പ്പവിഷം.

ജംഗമവിഷങ്ങളില്‍ സര്‍പ്പവിഷമാണ് ഏറ്റവും മാരകമായിട്ടുള്ളത്. ദര്‍വീകരന്‍ (മൂര്‍ഖന്‍), മണ്ഡലി, രാജിലന്‍ എന്നിങ്ങനെ സര്‍പ്പങ്ങളെ സാമാന്യേന മൂന്നായി ആയുര്‍വേദത്തില്‍ തിരിച്ചിരിക്കുന്നു. ഈ മൂന്നും ജാതിനിയമങ്ങള്‍ നോക്കാതെ പരസ്പരം ഇണചേരുമെന്നും വ്യന്തരന്‍ എന്നൊരു വര്‍ഗമുണ്ടാവുമെന്നുമൊരു സങ്കല്പമുണ്ട്. ഇവയ്ക്കോരോന്നിനും അവാന്തരവിഭാഗങ്ങളും വളരെയേറെയുണ്ട്. സുശ്രുതം കല്പസ്ഥാനത്തില്‍ അവയിലോരോന്നിന്റെയും പേരുകൂടി എടുത്തുപറഞ്ഞിരിക്കുന്നു. വിഷത്തിന്റെയും പാമ്പുകളുടെയും സ്വഭാവങ്ങളെയും വിഷം ശരീരത്തിലേറ്റാല്‍ വാതാദികളില്‍ ഏതേതിന്നാണ് വികാരാധിക്യം വരിക എന്ന വസ്തുതയെയും അടിസ്ഥാനമാക്കിയാണ് ഈ വര്‍ഗവിഭജനം. മൂര്‍ഖന്റെ വിഷം രൂക്ഷഗുണപ്രധാനവും എരിവു രസമുള്ളതും താരതമ്യേന അധികം ഉഷ്ണവുമാണ്; മണ്ഡലിവിഷത്തിന് പുളിരസവും ഉഷ്ണത്വവും ഉണ്ടാകും; രാജിലവിഷം മധുരവും താരതമ്യേന ശീതവുമാണ്. മൂര്‍ഖവിഷം വാതത്തെയും മണ്ഡലിവിഷം പിത്തത്തെയും രാജിലവിഷം കഫത്തെയും കോപിപ്പിക്കുന്നു.

'ദര്‍വീകരാ മണ്ഡലിനോ

രാജീമന്തസ്തഥൈവ ച

സര്‍പ്പാ യഥാക്രമം വാത-

പിത്തശ്ളേഷ്മ പ്രകോപണാഃ' (ചി.അ. 23-124)

വ്യന്തരന്റെ വിഷസ്വഭാവം സങ്കീര്‍ണവും സമ്മിശ്രവുമായിരിക്കും. വിവിധസര്‍പ്പങ്ങളില്‍ നിന്നും വിഷമേറ്റവനുണ്ടാകുന്ന ലക്ഷണങ്ങള്‍ വിവരിച്ചിട്ടുള്ളതില്‍നിന്ന് ഏതുതരം സര്‍പ്പമാണ് കടിച്ചതെന്നു വിവേചിച്ചറിയാനും ത്രിദോഷസിദ്ധാന്തം, രസ-ഗുണ-വീര്യ-വിപാക-പ്രഭാവസിദ്ധാന്തം മുതലായവയെ അടിസ്ഥാനമാക്കി അഗദങ്ങളെ തിരഞ്ഞെടുത്തു വേണ്ട പ്രതിവിധികള്‍ ചെയ്യാനും കഴിയുന്നു. കടിച്ച സ്ഥലത്തുനിന്നു ചോര കുത്തിക്കളയുക (രക്തമോക്ഷണം), കടിവായ് പൊള്ളിക്കുക, പുറമേ മരുന്നുകള്‍ പുരട്ടുക, നസ്യം ചെയ്യിക്കുക, കണ്ണിലെഴുതുക മുതലായവയെല്ലാം സന്ദര്‍ഭാനുസരണം ചെയ്യാന്‍ വിധിച്ചിട്ടുള്ള ക്രിയാരീതികളാണ്. ദൂഷീവിഷം, ഗരം എന്നിവയ്ക്കുള്ള ചികിത്സയില്‍ ഛര്‍ദി, വിരേചനം മുതലായ ശോധനകര്‍മങ്ങള്‍ക്കും പ്രാധാന്യം കല്പിച്ചിരിക്കുന്നു.

ശങ്കാവിഷം.

പ്രകൃത്യാ മനഃശക്തി കുറഞ്ഞവര്‍ക്കു ചിലപ്പോള്‍ വിഷബാധയേറ്റു എന്ന തോന്നല്‍ അടിസ്ഥാനരഹിതമായി ഉണ്ടാകാം. പാദസ്പര്‍ശം ഉണ്ടായാല്‍ തന്നെ സര്‍പ്പം കടിച്ചുവെന്ന തോന്നലും ഭയവും ഉത്ക്കണ്ഠയും തുടര്‍ന്നു സ്പര്‍ശമുണ്ടായ ഭാഗത്തു വീക്കവും മറ്റും ഉണ്ടായേക്കും. ഇതിന് "സര്‍പ്പാംഗാഭി ഹതം എന്നാണ് സാങ്കേതിക സംജ്ഞ; ശങ്കാവിഷം എന്നും പറഞ്ഞുവരുന്നു. ഇതിനു പുറമേ ഛര്‍ദി, മോഹാലസ്യം, തളര്‍ച്ച, അതിസാരം എന്നിവകൂടിയും ഉണ്ടാകാറുണ്ട്. മറ്റു പല പ്രകാരത്തിലും ശങ്കാവിഷമുണ്ടാകാം. ഇതിനുള്ള ചികിത്സയില്‍ മന്ത്രപ്രയോഗത്തോടുകൂടിയ സാന്ത്വനങ്ങള്‍ക്കു സവിശേഷപ്രാധാന്യം കല്പിച്ചിരിക്കുന്നു.

വിഷോപയോഗീയം.

ചില പ്രത്യേക ഘട്ടങ്ങളില്‍ വിഷചികിത്സക്കിടയില്‍ ശക്തിയുള്ള ചില സ്ഥാവര ജംഗമവിഷങ്ങളെത്തന്നെ ഒരു നിശ്ചിത മാത്രയില്‍ പ്രതിവിഷമെന്ന നിലയില്‍ ഔഷധത്വേന പ്രയോഗിക്കുവാന്‍ വിധിച്ചിട്ടുണ്ട്. ഈ പ്രകരണത്തെ മാത്രമായി ഒരു പ്രത്യേകാധ്യായത്തില്‍ വിവരിച്ചു കാണുന്നത് വാഗ്ഭടന്റെ അഷ്ടാംഗസംഗ്രഹത്തിലാണ് (ഉത്തര തന്ത്രം അ. 48). 'വിഷോപയോഗീയം' എന്നാണ് ആ അധ്യായത്തിന്റെ പേര്. സര്‍പ്പവിഷത്തെപ്പോലും ഇപ്രകാരം പ്രയോഗിക്കുവാന്‍ വിധിയുണ്ട്. സ്ഥാവര വിഷങ്ങളുടെ കൂട്ടത്തില്‍ കന്ദവിഷങ്ങളിലൊന്നായ 'വത്സനാഭി'യെ ഇത്തരം പ്രതിവിഷങ്ങള്‍ക്കു ഒരു ഉദാഹരണമായെടുക്കാം.

ആയുര്‍വേദത്തിലെ അഗദതന്ത്രത്തിന് കേരളത്തിന്റെ സംഭാവന വമ്പിച്ചതാണ്. കാടുകളും കുറ്റിക്കാടുകളും മലയിടുക്കുകളും (സ്ഥാവരജംഗമവിഷാധിഷ്ഠാനങ്ങള്‍) നിറഞ്ഞ കേരളത്തിന്റെ ഭൂപ്രകൃതിയാകാം അതിനു പ്രേരകം; ഇവിടത്തെ സസ്യൌഷധസമൃദ്ധി അതിനു സഹായകവുമായി.

അഗ്നിമാന്ദ്യം

Dyspepsia

ആമാശയത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതെയാകുകയും പചനപ്രക്രിയയ്ക്ക് മാന്ദ്യം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥ.

നന്നായി ചവച്ചരയ്ക്കാതെ കഴിക്കുന്ന ഭക്ഷണം, അനവസരത്തിലുള്ള ഭക്ഷണശീലം, പുകവലി, മദ്യപാനം എന്നിവയോടൊപ്പം ഉത്കണ്ഠാകുലമായ മാനസികാവസ്ഥ ഇവയെല്ലാം പചന പ്രക്രിയയെ വികലമാക്കും. ഉപവാസം, ഉറക്കമിളക്കല്‍, വീര്യം കൂടിയ ഔഷധങ്ങളുടെ നിരന്തരോപയോഗം, കുടലിലെ അന്തഃസ്രാവങ്ങളുടെ ക്രമക്കേടുകള്‍, പിത്തസഞ്ചിയിലുണ്ടാകുന്ന രോഗങ്ങള്‍ ഇവയെല്ലാം കൊണ്ട് അഗ്നിമാന്ദ്യം ഉണ്ടാകാം.

ഭക്ഷണം കഴിച്ചാലുടന്‍ അസ്വസ്ഥത തോന്നുക, മേല്‍വയറുവീര്‍പ്പ്, ഉദരഭാഗത്ത് എന്തോ നിറഞ്ഞിരിക്കുന്നതുപോലുളള വീര്‍പ്പുമുട്ടല്‍, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ ഇവയെല്ലാം അഗ്നിമാന്ദ്യം അഥവാ ദഹനമാന്ദ്യത്തിന്റെ ഫലമായി ഉണ്ടാകാറുണ്ട്.

ജഠരാഗ്നി (ദഹനശക്തി)യുടെ അനോരോഗ്യകരമായ അവസ്ഥമാറ്റത്തക്കവിധം അഗ്നിദീപ്തിയുണ്ടാക്കുന്ന ഔഷാധാഹാരവിഹാരങ്ങള്‍ ശീലിക്കുന്നതോടൊപ്പം അജീര്‍ണഹരമായ ചികിത്സയും ചെയ്യേണ്ടതാണ്.

അഡ്രിനാലിന്‍, നോര്‍അഡ്രിനാലിന്‍

Adrenaline,Noradrenalin

അഡ്രിനല്‍ ഗ്രന്ഥിയുടെ (അധിവൃക്കഗ്രന്ഥി) മെഡുല്ലയില്‍ നിന്നു (adrenal medulla) സ്രവിക്കുന്ന രണ്ടു ഹോര്‍മോണുകള്‍. ഇവയ്ക്കു യഥാക്രമം 'എപ്പിനെഫ്രിന്‍', 'നോര്‍എപ്പിനെഫ്രിന്‍' എന്ന് വേറെ ഓരോ പേരുകൂടിയുണ്ട്.

ഒലിവര്‍, ഷേഫര്‍ എന്നിവര്‍ ചേര്‍ന്ന് 1894-ല്‍ അഡ്രിനല്‍ മെഡുല്ലയുടെ നിഷ്കര്‍ഷത്തിന് (extract) രക്തസമ്മര്‍ദം വര്‍ധിപ്പിക്കാന്‍ നല്ല കഴിവുണ്ടെന്നു തെളിയിച്ചു. ആല്‍ഡ്രിച്ച്, തക്കമീനേ എന്നിവര്‍ 1901-ല്‍ നിഷ്കര്‍ഷത്തിലുള്ള രാസപദാര്‍ഥങ്ങളുടെ സംയോഗം കണ്ടുപിടിച്ചു. ആദ്യം കണ്ടുപിടിച്ചതും പഠനവിധേയമായതും 'അഡ്രിനാലിന്‍' എന്ന ഹോര്‍മോണ്‍ ആയിരുന്നു. ടൈറോസിനില്‍ (tyrosine) നിന്നാണ് ഇത് ഉദ്ഭൂതമാകുന്നതെന്നു തെളിഞ്ഞു. രണ്ടാമതായിട്ടാണ് 'നോര്‍അഡ്രിനാലിന്‍' എന്ന ഒരു ഹോര്‍മോണുകൂടി നിഷ്കര്‍ഷത്തിലുണ്ടെന്നു മനസ്സിലായത്.

രചനയിലെന്നപോലെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളിലും ഇവയ്ക്കു തമ്മില്‍ വളരെ സാദൃശ്യമുണ്ട്. അഡ്രിനല്‍ മെഡുല്ലയില്‍ നോര്‍അഡ്രിനാലിന്റെ 1-5 ഇരട്ടിയോളം അഡ്രിനാലിന്‍ ഉണ്ടായിരിക്കും. ജന്തുവര്‍ഗത്തിന്റെയും വയസ്സിന്റെയും വ്യത്യാസങ്ങള്‍ ഈ അനുപാതത്തെ ബാധിക്കുന്നതാണ്. അനുകമ്പി-നാഡിസമൂഹമാണ് അഡ്രിനല്‍ മെഡുല്ലയിലെ ഹോര്‍മോണ്‍-ഉത്പാദനത്തെ നിയന്ത്രിക്കുന്നത്. നോര്‍അഡ്രിനാലിന്റെ പ്രവര്‍ത്തനത്തെയും രചനയെയും പറ്റി ഏറ്റവും പ്രധാനമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയ ഫൊണ്‍ യൂളര്‍ (Von Euler) എന്ന വൈജ്ഞാനികന് വൈദ്യശാസ്ത്രത്തിനും ശരീരക്രിയാശാസ്ത്രത്തിനുമുള്ള നോബല്‍ സമ്മാനം 1970-ല്‍ ലഭിക്കുകയുണ്ടായി.

പ്രവര്‍ത്തനം. ബാഹ്യലോകത്തുനിന്നും സ്വശരീരത്തില്‍നിന്നും ഉണ്ടാകുന്ന എല്ലാത്തരം സമ്മര്‍ദങ്ങളെയും (stress) ചെറുത്തുനില്ക്കുവാനുള്ള ശക്തി ഒരു ജന്തുവിനു പ്രദാനം ചെയ്യുന്നത് അഡ്രിനല്‍ ഗ്രന്ഥിയും അനുകമ്പി നാഡിവ്യൂഹവും ചേര്‍ന്നാണ്. ഒരു പ്രതിരോധമുറയുടെ ആദ്യഭാഗമെന്ന നിലയില്‍ ചുറ്റുപാടും നല്ലവണ്ണം കാണാനായി അഡ്രിനാലിന്‍ കൃഷ്ണമണികളെ വികസിപ്പിക്കുകയും കാഴ്ച ശക്തിപ്പെടുത്തുകയും ചെയ്യും. ആ സംരംഭത്തില്‍ സഹായിക്കാനായി ദഹനേന്ദ്രിയരക്തധമനികളുടെ വ്യാസം ചുരുക്കുകയും പ്ളീഹയുടെ വലുപ്പം കുറയ്ക്കുകയും തദ്വാരാ ധാരാളം രക്തം ടിഷ്യൂകളിലേക്കും ഹൃദയത്തിലേക്കും പായിക്കുകയും ചെയ്യും. ഗ്ളൈക്കൊജന്‍-തന്‍മാത്രകളെ വിയോജിപ്പിച്ച് ഗ്ളൂക്കോസ് നിര്‍മിക്കുക കാരണം അത് രക്തത്തില്‍ പഞ്ചസാരയുടെ അളവു വര്‍ധിപ്പിക്കുന്നു (hyperglycemia). കൂടുതല്‍ രക്തം പ്രദാനം ചെയ്യുന്നതുകൊണ്ടും ഊര്‍ജത്തിനാവശ്യമായടെ പഞ്ചസാര ധാരാളമായി നല്കുന്നതുകൊണ്ടും അതു മാംസപേശികളുടെ കൃത്യനിര്‍വഹണത്തിന് ഏറ്റവും പറ്റിയ വ്യവസ്ഥ സൃഷ്ടിക്കുന്നതാണ്. എതിരാളിയുമായി ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ ചില ജന്തുക്കളില്‍ (ഉദാ. പൂച്ച) രോമം എഴുന്നു നില്ക്കുവാന്‍ കാരണം അഡ്രിനാലിന്റെ പ്രവര്‍ത്തനമാണ്. വിസര്‍ജനപ്രക്രിയയെ നിയന്ത്രിക്കുന്നതിനും ഈ ഹോര്‍മോണിനു കഴിവുണ്ട്. ശാരീരികവും മാനസികവുമായ സമ്മര്‍ദങ്ങള്‍ക്കു വിധേയമാകുന്ന അവസരങ്ങളിലെല്ലാം അഡ്രിനാലിന്‍, നോര്‍അഡ്രിനാലിന്‍ എന്നിവ ശരീരത്തില്‍ ധാരാളമായി ഉത്പാദിപ്പിക്കപ്പെടും. ചുരുക്കത്തില്‍ അഡ്രിനല്‍ ഗ്രന്ഥിയും അനുകമ്പി നാഡിസമൂഹവും ചേര്‍ന്നുണ്ടാക്കുന്ന ഒരു വ്യവസ്ഥിതിവിശേഷമാണ് ജന്തുക്കളുടെ ഒരു വലിയ ആത്മരക്ഷോപായകേന്ദ്രം.

ഈ രണ്ടു ഹോര്‍മോണുകള്‍ക്കും ഏതാണ്ടു സമാനമായ പ്രവര്‍ത്തനരീതിയാണു കണ്ടുവരുന്നതെങ്കിലും അവയുടെ പ്രവര്‍ത്തനശക്തി വ്യത്യസ്തസന്ദര്‍ഭങ്ങളില്‍ അത്യന്തം വിഭിന്നങ്ങളാണ് (പട്ടിക). പട്ടിക

മേല്‍പറഞ്ഞതില്‍നിന്ന് ഈ രണ്ടു ഹോര്‍മോണുകളും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലും രക്തചംക്രമണസ്ഥിതി കാത്തുസൂക്ഷിക്കുന്നതിനും കാര്യമായ പങ്കു വഹിക്കുന്നുണ്ടെന്നു തെളിയുന്നു. ആകയാല്‍ രക്തസമ്മര്‍ദം കുറയുന്ന അവസരങ്ങളിലെല്ലാം ഈ ഹോര്‍മോണുകള്‍ ഔഷധങ്ങളായി ഉപയോഗിക്കാം. ഹൃദയമിടിപ്പു വര്‍ധിപ്പിക്കുവാനും കൊറോണറി ധമനികളിലൂടെ പ്രവഹിക്കുന്ന രക്തത്തിന്റെ അളവു കൂട്ടുവാനും ഇവയ്ക്കു കഴിവുണ്ടെങ്കിലും മാംസപേശികളിലേയും ത്വക്കിലേയും ധമനികളെ വികസിപ്പിക്കുവാനുള്ള പ്രവണതയും കൂടിയുള്ളതുകൊണ്ട് അഡ്രിനാലിന്റെ പ്രവര്‍ത്തനം ക്ഷണികമാണ്. നേരേ മറിച്ച് ഈ ധമനികളെ സങ്കോചിപ്പിക്കുവാനുള്ള പ്രവണതയുള്ളതുകൊണ്ട് നോര്‍അഡ്രിനാലിന്‍ രക്തസമ്മര്‍ദം പെട്ടെന്നു താഴുന്ന സന്ദര്‍ഭങ്ങളില്‍ ചികിത്സിക്കുന്നതിനു കൂടുതല്‍ യോജിച്ചതായിത്തീരുന്നു.

ശ്വാസകോശക്കുഴലുകളെ വികസിപ്പിക്കുവാന്‍ കഴിവുള്ളതുമൂലം അഡ്രിനാലിന്‍ ആസ്ത്മാരോഗത്തിനു പ്രതിവിധിയായി പലപ്പോഴും കുത്തിവയ്ക്കാറുണ്ട്. ത്വക്കിലൂടെ കുത്തിവെച്ചാല്‍ ഫലം അധികനേരത്തേക്കു കാണും - വിശേഷിച്ചും എണ്ണയില്‍ അലിയിച്ചശേഷം കുത്തിവയ്ക്കുകയാണെങ്കില്‍. ആന്റിജന്‍-ആന്റിബോഡി സംഘട്ടനങ്ങളില്‍നിന്ന് ഉദ്ഭൂതമാകുന്ന എല്ലാ ദുര്‍ഘടങ്ങള്‍ക്കും ഈ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതു വളരെ ഫലപ്രദമായിരിക്കും. ഇതിനോടു രചനാസാദൃശ്യമുള്ള രാസവസ്തുക്കളും (ഉദാ. എഫെഡ്രിന്‍) പകരമായി ഉപയോഗിച്ചുവരുന്നു. വായിലൂടെ കഴിക്കാമെന്നതാണ് ഈ പകരക്കാര്‍ക്കുള്ള മെച്ചം.

ടൈറോസിന്‍ എന്ന അമിനൊ അമ്ളത്തില്‍നിന്നാണ് അഡ്രിനലിനുകള്‍ നിര്‍മിക്കപ്പെടുന്നത്. കാറ്റിക്കോള്‍ എന്ന യൌഗികം ടൈറോസിന്‍ തന്‍മാത്രയിലെ ഒരു അടിസ്ഥാനഘടകമാണ്. ആകയാല്‍ ഈ ഹോര്‍മോണുകളെ കാറ്റിക്കോളമിനുകള്‍ എന്നും വിളിക്കുന്നു. ഇവ എളുപ്പത്തില്‍ ഓക്സീകരണവിധേയമായതുകൊണ്ടു വായുവില്‍ തുറന്നുവച്ചാല്‍ നിര്‍വീര്യമായിപ്പോകും. ഇരുമ്പിന്റെയും ക്രോമിയത്തിന്റെയും ലവണങ്ങളുമായിച്ചേര്‍ന്ന് ഇവ പ്രത്യേകതരത്തിലുള്ള നിറങ്ങള്‍ പ്രകടമാക്കും. പ്രത്യേകസാഹചര്യത്തില്‍ ഓക്സിജനുമായിച്ചേരാന്‍ ഇവയ്ക്കു സാധിച്ചാല്‍ അഡ്രിനൊക്രോമുകള്‍ എന്ന വര്‍ണവസ്തുക്കള്‍ ലഭ്യമാകും. ഈ വക രാസപരിണാമങ്ങളുടെ അടിസ്ഥാനത്തിലാണ് രക്തത്തില്‍ ഈ ഹോര്‍മോണുകളുടെ അളവുകള്‍ കണ്ടുപിടിക്കുന്നത്. മൂത്രത്തിലൂടെ ഗ്ളൂക്കൊറോണൈഡുകളുടെ രൂപത്തില്‍ ഇവ ദേഹത്തില്‍നിന്നു പുറംതള്ളപ്പെടുന്നു.

അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍

Adreno cortical hormones

അഡ്രിനല്‍ ഗ്രന്ഥിയുടെ കോര്‍ട്ടെക്സില്‍നിന്നു സ്രവിക്കുന്ന ഹോര്‍മോണുകള്‍. അഡ്രിനല്‍ കോര്‍ട്ടെക്സിന്റെ പ്രവര്‍ത്തനം നഷ്ടപ്പെട്ടാല്‍ മരണം സുനിശ്ചിതമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആകയാല്‍ അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ ജീവസന്ധാരണത്തിന് അത്യാവശ്യമാണെന്നു വന്നുകൂടുന്നു. ഈ ഗ്രന്ഥിയില്‍നിന്ന് ക്രിയാശേഷിയുള്ള നിഷ്കര്‍ഷങ്ങള്‍ (extracts) ലഭ്യമാക്കുവാന്‍ സാധിച്ചത് 1930-നു ശേഷം മാത്രമാണ്. അടുത്തകാലംവരെ ഈ നിഷ്കര്‍ഷങ്ങള്‍ക്കു 'കോര്‍ട്ടിന്‍' എന്നാണു പറഞ്ഞിരുന്നത്. ഈ നിഷ്കര്‍ഷങ്ങളുടെ ശരീരക്രിയാത്മകപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ ഒരു ഹോര്‍മോണ്‍ മാത്രമല്ല ഉള്ളതെന്നു മനസ്സിലായി. ഏകദേശം 40 ക്രിസ്റ്റലാകൃതിയുള്ള ഭിന്നപദാര്‍ഥങ്ങള്‍ ഇവയില്‍നിന്നു പൃഥക്കരിച്ചെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായി അഞ്ചെണ്ണത്തിനു മാത്രമേ മനുഷ്യശരീരത്തില്‍ പ്രവര്‍ത്തനശക്തി കാണുന്നുള്ളു. 11-ഡിഹൈഡ്രോകോര്‍ട്ടിക്കോസ്റ്റിറോണ്‍ (A), കോര്‍ട്ടിക്കോ സ്റ്റിറോണ്‍ (B), കോര്‍ട്ടിസോണ്‍ (C), ഹൈഡ്രോകോര്‍ട്ടിസോണ്‍ അഥവാ കോര്‍ട്ടിസോള്‍ (D), ആല്‍ഡോസ്റ്റിറോണ്‍ അഥവാ ഇലക്ട്രോ കോര്‍ട്ടിന്‍ (E) എന്നിവയാണ് അവ.

ഈ ഹോര്‍മോണുകളുടെ അടിസ്ഥാനഘടകം സ്റ്റിറോള്‍-വലയമാണെന്നു കാണാം. 11-ാം നമ്പര്‍ കാര്‍ബണ്‍ അണുവിലും 17-ാം നമ്പര്‍ കാര്‍ബണ്‍ അണുവിലും ഉള്ള ഗ്രൂപ്പുകളുടെ കാര്യത്തിലാണ് സാരമായ വ്യതിയാനങ്ങള്‍ കാണുന്നത്. ഈ ലഘുവായ മാറ്റങ്ങള്‍ അവയുടെ പ്രവര്‍ത്തനരീതികളില്‍ മര്‍മപ്രധാനമായ വ്യത്യാസം വരുത്തുന്നുമുണ്ട്.

പ്രവര്‍ത്തനരീതിയുടെ അടിസ്ഥാനത്തില്‍ അഡ്രിനൊകോര്‍ട്ടിക്കല്‍ ഹോര്‍മോണുകളെ മൂന്നു വിഭാഗങ്ങളായിത്തിരിക്കാം.

1. ഗ്ളൂക്കോ കോര്‍ട്ടിക്കോയ്ഡുകള്‍. കോര്‍ട്ടിസോണ്‍, കോര്‍ട്ടിസോള്‍ എന്നിവ ഉദാഹരണങ്ങള്‍. കാര്‍ബൊഹൈഡ്രേറ്റ് ഉപാപചയത്തിലും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിലും ഇവ ശ്രദ്ധിക്കുന്നു. ഇവ പ്രോട്ടീനുകളില്‍നിന്നും കൊഴുപ്പുകളില്‍നിന്നും ഗ്ളൂക്കോസ് സൃഷ്ടിച്ച് രക്തത്തില്‍ പഞ്ചസാരയുടെ അളവു വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് ഇവയുടെ പ്രവര്‍ത്തനം ഇന്‍സുലിന്റേതിന്നു വിപരീതമാണ്.

2. മിനറാലോകോര്‍ട്ടിക്കോയ്ഡുകള്‍. ആല്‍ഡോസ്റ്റിറോണ്‍, ഡിഓക്സി കോര്‍ട്ടിക്കോസ്റ്റിറോണ്‍ എന്നിവ ഉദാഹരണങ്ങള്‍. ശരീരത്തിലുള്ള സോഡിയം, പൊട്ടാസിയം എന്നീ ലോഹ-അയോണുകളേയും ജലാംശത്തേയും ഇവ നിയന്ത്രിക്കുന്നു. പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന എ.സി.റ്റി.എച്ച്. എന്ന ഹോര്‍മോണിന് ആല്‍ഡോസ്റ്റിറോണിനെ മാത്രം സ്വാധീനിക്കുവാന്‍ കഴിവില്ല. സോഡിയം ദേഹത്തില്‍ ചുരുങ്ങിയാല്‍ പ്രസ്തുത ഹോര്‍മോണ്‍ അധികമായും, അധികമായാല്‍ ഇതു ചുരുക്കമായും കോര്‍ട്ടെക്സില്‍നിന്ന് ഉണ്ടാകുന്നു.

3. ലൈംഗികഹോര്‍മോണുകളുടെ പ്രഭാവമുള്ളവ. അഡ്രിനല്‍ കോര്‍ട്ടെക്സില്‍നിന്നു ഘടനയിലും പ്രവര്‍ത്തനത്തിലും ലൈംഗികഹോര്‍മോണുകളോടു സാദൃശ്യമുള്ള ചില ഹോര്‍മോണുകളും ഉദ്ഭവിക്കുന്നുണ്ട്. അഡ്രിനൊസ്റ്റിറോണ്‍ ഒരു ഉദാഹരണമാണ്. ഷണ്ഡീകൃത മൃഗങ്ങളുടെ മൂത്രത്തില്‍ ലൈംഗികഹോര്‍മോണുകള്‍ കാണുന്നതിനാല്‍ അവയുടെ ഉദ്ഭവസ്ഥാനം അഡ്രിനല്‍ കോര്‍ട്ടെക്സ് ആണെന്ന് അനുമാനിക്കാം.

അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ക്കു വേറെയും ചില കഴിവുകള്‍ ഉണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഉദാഹരണമായി സന്ധിവീക്കം മുതലായ കൊലാജന്‍-രോഗങ്ങളേയും ചില അലര്‍ജിക് അവസ്ഥകളേയും ചികിത്സിക്കുന്നതിന് ഇവ ഉപയോഗിക്കാം. രോഗശമനരീതി എപ്രകാരമാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

അടുത്തകാലത്ത് അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ സംശ്ളേഷണം ചെയ്യപ്പെട്ടിട്ടുണ്ട്. സംരചനയില്‍ അല്പസ്വല്പവ്യത്യാസങ്ങള്‍ വരുത്തി (ഉദാ. ഹാലജന്‍ ചേര്‍ക്കല്‍) കൂടുതല്‍ വീര്യവും പ്രത്യേകനിര്‍ദിഷ്ടത്വവും (specificity) പ്രദര്‍ശിപ്പിക്കുന്ന പദാര്‍ഥങ്ങളും നിര്‍മിക്കപ്പെട്ടിരിക്കുന്നു. ഫ്ളൂറോ കോര്‍ട്ടിസോണ്‍ ഒരു ദൃഷ്ടാന്തമാണ്.

ഉത്പാദനം. അഡ്രിനല്‍ കോര്‍ട്ടെക്സില്‍ താരതമ്യേന ധാരാളമായിത്തന്നെ കൊളസ്റ്റിറോള്‍, അസ്കോര്‍ബിക് അമ്ളം എന്നിവ കാണുന്നുണ്ട്. ഗ്രന്ഥിയില്‍ എ.സി.റ്റി.എച്ച്.-ന്റെ ഉത്തേജനം ഉണ്ടാകുമ്പോള്‍ ഈ രണ്ടിന്റെയും അളവില്‍ സാരമായ കുറവ് ഉണ്ടാകുന്നു. സ്റ്റിറോയ്ഡ് ഹോര്‍മോണിന്റെ മുഖ്യമായ ഒരു മുന്നോടിയാണ് കൊളസ്റ്റിറോള്‍. അസ്കോര്‍ബിക് അമ്ളത്തിന്റെ പങ്ക് ഇവിടെ എന്താണെന്ന് ഇനിയും മുഴുവന്‍ വ്യക്തമായിട്ടില്ല. കൊളസ്റ്റിറോള്‍ വഴി ആദ്യമായി ഉണ്ടാകുന്നത് പ്രഗ്നിനൊലോണ്‍ എന്ന പദാര്‍ഥമാണ്.

ഇതില്‍ 17-ാമത്തെ കാര്‍ബണ്‍ അണുവില്‍ നടത്തുന്ന ഹൈഡ്രോക്സിലീകരണം വഴി ലൈംഗിക ഹോര്‍മോണുകള്‍ ഉണ്ടാകുന്നു. പിന്നീടു വിവിധ കാര്‍ബണ്‍ അണുക്കളില്‍ നടക്കുന്ന ഹൈഡ്രോക്സിലീകരണം വഴിയും കാര്‍ബണ്‍ അണുവിനോടു ഘടിപ്പിച്ചിട്ടുള്ള ചങ്ങലകള്‍ എടുത്തുകളയുന്നതു വഴിയും ആണ് മറ്റുള്ള അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ സൃഷ്ടിക്കപ്പെടുന്നത്.

നിയന്ത്രണം.

അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ ശരീരത്തെ വിവിധ സമ്മര്‍ദങ്ങളില്‍നിന്നു രക്ഷിക്കുവാന്‍ അത്യന്താപേക്ഷിതമാണ്. ഇതിലടങ്ങിയിട്ടുള്ള വിവിധ പ്രക്രിയകളെ സെലിയി (Selye) എന്ന ശാസ്ത്രജ്ഞന്‍ വിശേഷിപ്പിക്കുന്നത് 'അലാറം പ്രവര്‍ത്തനം' എന്നാണ്. അതിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടാകുന്ന അഡ്രിനാലിന്‍ എന്ന

ഹോര്‍മോണ്‍ ശരീരത്തിലെ വിവിധ കലകളെ ഉത്തേജിപ്പിക്കുന്നു. തത്ഫലമായി പിറ്റ്യൂറ്ററിഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന അഡ്രിനൊ കോര്‍ട്ടിക്കോട്രോപ്പിക് ഹോര്‍മോണ്‍ ആണ് അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകളുടെ അളവു നിയന്ത്രിക്കുന്നത്. ഇതില്‍ ഒരേ ഒരു അപവാദം ആല്‍ഡോസ്റ്റിറോണിന്റെ ഉത്പാദനം മാത്രമാണെന്നും അതിന്റെ നിര്‍മാണം നിയന്ത്രിക്കുന്നതു രക്തത്തിലെ സോഡിയം അയോണുകളുടെ അളവാണെന്നും മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ആല്‍ഡോസ്റ്റിറോണ്‍ നിര്‍മാണത്തില്‍ വൃക്കയില്‍നിന്നുണ്ടാകുന്ന ആന്‍ജിയോടെന്‍സിന്‍ (angiotensin) എന്ന പോളിപെപ്റ്റൈഡിനും പങ്കുണ്ട്. നോ: അന്തസ്സ്രാവികള്‍; അഡ്രിനൊ കോര്‍ട്ടിക്കോട്രോപ്പിക് ഹോര്‍മോണ്‍; അഡ്രിനാലിന്‍ നോര്‍ അഡ്രിനാലിന്‍

അഡ്രിനൊ കോര്‍ട്ടിക്കോട്രോപ്പിക് ഹോര്‍മോണ്‍

Adreno corticotrophic hormone

പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന ഹോര്‍മോണുകളില്‍ ഒന്ന്. ഈ ഗ്രന്ഥി അനേകം ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നുണ്ട്. അവയില്‍ നാലെണ്ണം ട്രോപ്പിക് ഹോര്‍മോണുകളാണ്. 'ഉത്തേജിപ്പിക്കുന്നത്' എന്നാണ് 'ട്രോപ്പിക്' എന്ന വാക്കിനര്‍ഥം. മറ്റു പല അന്തസ്സ്രാവിഗ്രന്ഥികളെയും ഉത്തേജിപ്പിക്കുന്നതു (stimulating) കൊണ്ടാണ് ഇവയ്ക്കു ട്രോപ്പിക് ഹോര്‍മോണുകള്‍ എന്നു പേര്‍ ലഭിച്ചിട്ടുള്ളത്. ആ നാലില്‍ ഒന്നാണ് എ.സി.റ്റി.എച്ച്. എന്ന ചുരുക്കപ്പേരുകൊണ്ട് സാമാന്യമായി അറിയപ്പെടുന്ന അഡ്രിനൊ കോര്‍ടിക്കോട്രോപ്പിക് ഹോര്‍മോണ്‍. ഇതിന്റെ കാര്യമായ സ്വാധീനശക്തി അഡ്രിനല്‍ ഗ്രന്ഥികളിലാണ് പ്രകടമായിക്കാണുന്നത്. അഡ്രിനല്‍ കോര്‍ട്ടെക്സില്‍നിന്നുള്ള ഹോര്‍മോണ്‍സ്രാവത്തെ ഇത് ഉത്തേജിപ്പിക്കുന്നു (ഉദാ. കോര്‍ട്ടിസോണ്‍സ്രാവം). പന്നി, ആട് എന്നിവയുടെയും മനുഷ്യന്റെയും പിറ്റ്യൂറ്ററി ഗ്രന്ഥികളില്‍നിന്ന് എ.സി.റ്റി.എച്ച്.-നെ ശുദ്ധമായ അവസ്ഥയില്‍ വേര്‍പെടുത്തിയെടുത്തിട്ടുണ്ട്.

പിറ്റ്യൂറ്ററിയില്‍ ആല്‍ഫാ, ബീറ്റാ എന്നിങ്ങനെ രണ്ടുതരം സെല്ലുകളുണ്ട്. ട്രോപ്പിക് ഹോര്‍മോണുകള്‍ പൊതുവേ ബീറ്റാസെല്ലുകളിലാണു നിര്‍മിതമാകുന്നതെന്നു വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും എ.സി.റ്റി.എച്ച്.-ന്റെ കാര്യത്തില്‍ അന്തിമമായ തെളിവ് ഇനിയും കിട്ടിയിട്ടില്ല. 39 അമിനൊ അമ്ളങ്ങള്‍ കോര്‍ത്തിണക്കിയ ഒരു പോളിപെപ്റ്റൈഡിന്റെ സംരചനയാണ് ഇതിനുള്ളത്. ഇതിന്റെ ത. ഭാ. ഏകദേശം 4500 ആണ്. കൊളസ്റ്റിറോളിനെ സ്റ്റിറോയ്ഡല്‍ ഹോര്‍മോണുകളാക്കി മാറ്റുക എന്നതാണ് ശരീരത്തില്‍ ഇതിന്റെ ഏറ്റവും പ്രധാനമായ പ്രവര്‍ത്തനം. അമിനൊ അമ്ളങ്ങളില്‍നിന്നു യൂറിയയുടെ ഉത്പാദനം കുറയ്ക്കുക എന്നുള്ളതാണ് പ്രോട്ടീന്‍ ഉപാപചയത്തില്‍ ഇതിന്റെ മുഖ്യമായ പങ്ക്. അഡിപ്പോസ് ടിഷ്യൂവില്‍നിന്നു സ്വതന്ത്ര കൊഴുപ്പ് അമ്ളങ്ങളുടെ (free fatty acids) ഉത്പാദനം വര്‍ധിപ്പിക്കലും ഇതിന്റെ മറ്റൊരു പ്രവര്‍ത്തനമായി കരുതപ്പെടുന്നു. ശരീരത്തില്‍ എ.സി.റ്റി.എച്ച്. കുത്തിവെച്ചാല്‍ രക്തത്തിലുള്ള ഗ്ളൂക്കോസിന്റെ അംശം കുറഞ്ഞും ഹൈപോഗ്ളൈസീമിയ എന്ന അവസ്ഥ ഉണ്ടാകുന്നു.

ഒരു ജീവി ഏതെങ്കിലും ഒരു സമ്മര്‍ദത്തിനു (ഉദാ. ഭയം, രക്തസ്രാവം) വിധേയമാകുമ്പോള്‍ ശരീരത്തില്‍ ഉടനടി ഉണ്ടാകുന്ന ജീവശാസ്ത്രപരമായ പരിണാമങ്ങളുടെ പ്രാരംഭം എ.സി.റ്റി.എച്ച്. -ന്റെ സ്രാവമാണ്. സ്രവിച്ചയുടന്‍തന്നെ ഇത് അഡ്രിനല്‍ ഗ്രന്ഥിയുടെ കോര്‍ട്ടെക്സില്‍ എത്തിച്ചേര്‍ന്ന് അതിനെ ഉത്തേജിപ്പിക്കുകയും അതില്‍നിന്ന് ആല്‍ഡോസ്റ്റിറോണ്‍ ഒഴികെ മറ്റെല്ലാ ഹോര്‍മോണുകളെയും വേണ്ട അളവില്‍ സ്രവിപ്പിക്കുകയും ചെയ്യുന്നു. എ.സി.റ്റി.എച്ച്. കുത്തിവെച്ചാല്‍ അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകളുടെ (ആല്‍ഡോസ്റ്റിറോണ്‍ ഒഴികെ) അളവു വര്‍ധിച്ചുകാണുന്നു എന്നത് ഇതിനു തെളിവാണ്. തന്‍മൂലം പല സമ്മര്‍ദരോഗങ്ങള്‍ക്കും (ഉദാ. എക്സിമ, ഗാസ്റ്റ്രിക് അള്‍സര്‍) ഈ ഹോര്‍മോണ്‍ കുത്തിവെയ്ക്കാവുന്നതാണ്. അതുകൂടാതെ വാതപ്പനി, സന്നിപാതം, രക്തത്തില്‍ ശ്വേതാണുക്കളുടെ വര്‍ധനവ്, രക്തത്തില്‍ ജനനാലുള്ള ഗ്ളൂക്കോസിന്റെ കുറവ് എന്നിങ്ങനെ പല രോഗങ്ങളെയും ഇതുകൊണ്ടു ചികിത്സിക്കാറുണ്ട്. ചില രോഗങ്ങളെ താത്ക്കാലികമായിട്ടാണെങ്കിലും പെട്ടെന്നു തടഞ്ഞു നിര്‍ത്തുവാന്‍ ഇതിനു കഴിവുള്ളതുകൊണ്ട് അവയെക്കുറിച്ചു പഠിക്കുവാന്‍ ഇതു കുത്തിവെയ്ക്കാവുന്നതാണ്.

വിദഗ്ധമായ വൈദ്യോപദേശമനുസരിച്ചു മാത്രമെ എ.സി.റ്റി.എച്ച്. കൊണ്ടു ചികിത്സ നടത്താവൂ. ഈ ഹോര്‍മോണ്‍ അമിതമായാല്‍ മുഖം, കൈകള്‍, കാലടികള്‍ എന്നീ സ്ഥാനങ്ങളില്‍ തവിട്ടു നിറം വന്നുചേരും. മുഖം വീര്‍ക്കും. തൊലിക്കു നിറം പകരും. തലമുടി ധാരാളം വളരും. സ്ത്രീകള്‍ക്കാണെങ്കില്‍ താടിയും മീശയും വരും. പുരുഷന്‍മാരുടെ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടും. എല്ലുകളിലെ ലോഹാംശം കുറയും. ദീര്‍ഘകാലം ചികിത്സയില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടിട്ടുണ്ട്. ക്ഷയരോഗികള്‍ക്കും മറ്റു സാംക്രമികരോഗങ്ങള്‍ ഉള്ളവര്‍ക്കും ഈ ഹോര്‍മോണ്‍ കൊണ്ടു ചികിത്സ നടത്തിക്കൂടാ.

അണുതൈലം

നസ്യം ചെയ്യുവാന്‍ മാത്രമായി പ്രത്യേകം വിധിച്ചിട്ടുള്ള ഒരു തൈലം. അണുതൈലംകൊണ്ടുള്ള നസ്യം ശിരോരോഗശമനത്തിനു നല്ലതാണ്. രോഗം ഇല്ലാത്തവര്‍ക്കും ഈ തൈലനസ്യംകൊണ്ട് ഗുണങ്ങള്‍ ലഭിക്കുമെന്ന് ആചാര്യന്‍ വിധിച്ചിരിക്കുന്നു.

തയ്യാറാക്കുന്നവിധം. അടപൊതിയന്‍കിഴങ്ങ്, ഇരുവേലി, ദേവതാരം, മുത്തങ്ങാക്കിഴങ്ങ്, ഇലവര്‍ങം, രാമച്ചം, നറുനീണ്ടിക്കിഴങ്ങ്, ചന്ദനം, മരമഞ്ഞള്‍ത്തൊലി, അതിമധുരം, കുഴിമുത്തങ്ങ, അകില്‍, ശതാവരിക്കിഴങ്ങ്, കണ്ടകാരിച്ചുണ്ടവേര്, ചെറുവഴുതിനവേര്, ചിറ്റീന്തല്‍വേര്, ഓരിലവേര്, മൂവിലവേര്, വിഴാലരിപ്പരിപ്പ്, വെള്ളക്കൊട്ടം, ഏലത്തരി, അരേണുകം, താമരയല്ലി, കുറുന്തോട്ടിവേര് ഇവ ഓരോന്നും തുല്യ അളവില്‍ എടുത്ത് ഇവയുടെ നൂറിരട്ടി ദിവ്യജലത്തില്‍ (മഴ പെയ്യുമ്പോള്‍ തറയില്‍ വീഴാതെ എടുക്കുന്ന ജലം) കഷായമാക്കി വറ്റിച്ചു പത്തില്‍ ഒന്ന് ആകുമ്പോള്‍ അതില്‍നിന്നും പത്തില്‍ ഒരു ഭാഗം കഷായം എടുത്തു സമം എണ്ണയുംചേര്‍ത്തു കാച്ചി മന്ദപാകത്തില്‍ അരിക്കണം; ഇങ്ങനെ ബാക്കി ഭാഗവും ആവര്‍ത്തനക്രമത്തില്‍ തൈലം ചേര്‍ത്ത് അരിച്ചെടുക്കണം. ഒടുവിലത്തെ ഭാഗത്തില്‍ തൈലത്തിനു സമമായി ആട്ടിന്‍പാലുകൂടി ചേര്‍ത്തു കാച്ചി മന്ദപാകത്തില്‍തന്നെ അരിച്ചെടുക്കേണ്ടതാണ്.

അനസ്തേഷ്യ

Anaesthesia

സംവേദനശക്തി നഷ്ടപ്പെടുന്ന അവസ്ഥ. സാധാരണയായി ശസ്ത്രക്രിയ ചെയ്യുമ്പോള്‍ വേദന അറിയാതിരിക്കുന്നതിന് ഈ അവസ്ഥ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ തലച്ചോറിന്റയോ സുഷുമ്നയുടെയോ ചില രോഗങ്ങള്‍ മൂലവും ഈ അവസ്ഥ ഉണ്ടാകാം. ഈ അവസ്ഥയുണ്ടാക്കുന്ന പ്രക്രിയയ്ക്കും അനസ്തേഷ്യ എന്ന പദം ഉപയോഗിക്കാറുണ്ട്. ഔഷധചികിത്സകൊണ്ടു പ്രയോജനം കിട്ടാത്ത സന്നിയെ നിയന്ത്രിക്കുന്നതിന് അനസ്തേഷ്യ ഉപയോഗിക്കുന്നു. അനസ്തേഷ്യ നല്കിയാല്‍ പേശികള്‍ക്കു പൂര്‍ണമായ അയവും relaxation) ശക്തിക്ഷയവും ഉണ്ടാകുന്നു. ചില ഉദരരോഗങ്ങളില്‍ അനസ്തേഷ്യ കൊടുത്തു പേശികള്‍ക്ക് അയവ് ഉണ്ടാക്കിയാല്‍ മാത്രമേ രോഗനിര്‍ണയനം സാധ്യമാവുകയുള്ളു.

ചരിത്രം.

പ്രാചീനകാലം മുതല്‍ വേദന ഇല്ലാതാക്കുന്നതിനുള്ള ഒരു ഔഷധത്തിനുവേണ്ടി മനുഷ്യന്‍ അന്വേഷണം നടത്തിക്കൊണ്ടിരുന്നു. 1846-ല്‍ സര്‍ വില്യം ഐ.ജി. മോര്‍ട്ടണ്‍ രോഗികള്‍ക്ക് ഈഥര്‍ (Ether) നല്കി ശസ്ത്രക്രിയാസമയത്തെ വേദന ഇല്ലാതാക്കാമെന്നു തെളിയിക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് ഒലിവര്‍ ഹോംസ് ഇതിന് 'അനസ്തേഷ്യ' എന്നു പേരു നല്കി (ഒ. 16, 1846). 1800-ല്‍ത്തന്നെ ഹംഫ്രി ഡേവി നൈട്രസ് ഓക്സൈഡിന്റെ നിശ്ചേതക സ്വഭാവങ്ങള്‍ മനസ്സിലാക്കുകയും ശസ്ത്രക്രിയ വേദനാരഹിതമാക്കുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഹോറേസ് വെല്‍സ് നൈട്രസ് ഓക്സൈഡ് ഉപയോഗിച്ചു വേദന ഇല്ലാതാക്കി തന്റെ പല്ല് എടുപ്പിക്കുകയുണ്ടായി. എങ്കിലും ഹംഫ്രി ഡേവിയുടെ നിര്‍ദേശങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല. 1846-ല്‍ റോബിന്‍സണ്‍ എന്നൊരു ദന്തവൈദ്യനും ലിസ്റ്റര്‍ എന്നൊരു സര്‍ജനും ആദ്യമായി ഈഥര്‍ നല്കി ഇംഗ്ളണ്ടില്‍ ഒരു ശസ്ത്രക്രിയ നടത്തി. ഇതേത്തുടര്‍ന്ന് ശസ്ത്രക്രിയകള്‍ക്ക് ഈഥര്‍ നല്കുക എന്നത് ഒരു പതിവായിത്തീര്‍ന്നു. 1847-ല്‍ സര്‍ ജെയിംസ് വൈ. സിംപ്സണ്‍ ആദ്യമായി ഗര്‍ഭിണികള്‍ക്ക് പ്രസവസമയത്ത് അനസ്തേഷ്യ നല്കി. ക്രമേണ ഇതൊരു പതിവായി മാറി. ഇതേ വര്‍ഷത്തില്‍ തന്നെ ഇദ്ദേഹം ക്ളോറോഫോമിന്റെ അനസ്തറ്റിക് സ്വഭാവങ്ങള്‍ കണ്ടുപിടിക്കുകയും വെളിപ്പെടുത്തുകയും ചെയ്തു. 1860-67-ല്‍ അമേരിക്കയില്‍ നൈട്രസ്ഓക്സൈഡ് പ്രചാരത്തില്‍ വന്നു. സ്ഥാനിക അനസ്തേഷ്യ (Local Anesthesia) ആദ്യമായി ഉപയോഗിച്ചത് 1884-ല്‍ കാള്‍ കെല്ലര്‍ ആണെന്നു കരുതപ്പെടുന്നു.

അനസ്തേഷ്യ നല്കുന്ന ഡോക്ടറെ അനസ്തറ്റിസ്റ്റ് (Anesthetist) അഥവാ അനസ്തേഷ്യോളജിസ്റ്റ് (Anaesthesiologist) എന്ന് പറയുന്നു; അനസ്തേഷ്യ ഉണ്ടാക്കുന്ന ഔഷധങ്ങളെ അനസ്തറ്റിക് ഔഷധങ്ങള്‍ (നിശ്ചേതകങ്ങള്‍) എന്നും. ആധുനിക രീതിയിലുള്ള ശസ്ത്രക്രിയയില്‍ അനസ്തറ്റിസ്റ്റിന് പ്രമുഖമായ ഒരു പങ്കാണുള്ളത്.

വകഭേദങ്ങള്‍. അനസ്തേഷ്യ പലതരത്തിലുണ്ട്. ശസ്ത്രക്രിയയ്ക്കുവേണ്ടി നല്കുന്ന അനസ്തേഷ്യ നാലായി തരം തിരിയ്ക്കാം. - ജനറല്‍ അനസ്തേഷ്യ, റീജിയനല്‍ അനസ്തേഷ്യ (Regional), ലോക്കല്‍ അനസ്തേഷ്യ (സ്ഥാനിക അനസ്തേഷ്യ), മയക്കം (sedation).

രോഗിയെ പൂര്‍ണമായി ബോധം കെടുത്തുകയാണ് ജനറല്‍ അനസ്തേഷ്യയില്‍ ചെയ്യുന്നത്. ഒപ്പം പേശികള്‍ക്ക് പൂര്‍ണമായ ശക്തിക്ഷയവും അയവും ഉണ്ടാക്കുന്നു. ഇതിനുവേണ്ടി തലച്ചോറിലെ കോശങ്ങളെ തളര്‍ത്തുന്നു. റീജിയനല്‍ അനസ്തേഷ്യയില്‍ ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്തേയ്ക്കു പോകുന്ന ഒരുകൂട്ടം നാഡികളെയാണ് മരവിപ്പിക്കുന്നത്. ഇതുമൂലം അത്രയും ഭാഗത്ത് സംവേദനശേഷി ഇല്ലാതാവും. പക്ഷേ രോഗിയുടെ ബോധം കെടുകയില്ല. സ്ഥാനിക അനസ്തേഷ്യയില്‍ (Local) ശരീരത്തിലെ വളരെ കൃത്യമായ ഒരു ഭാഗം മാത്രമാണ് താത്ക്കാലികമായി മരവിപ്പിക്കുക. തൊലിക്കു താഴെ മരുന്നു കുത്തിവച്ച് ഇത് സാധ്യമാക്കാവുന്നതാണ്.

സുഷുമ്നാ നാഡി, നാഡീ വ്യവസ്ഥ, മസ്തിഷ്കമൂലം, സെറിബ്രല്‍ കോര്‍ട്ടക്സ് എന്നിവയെയാണ് അനസ്തേഷ്യാ മരുന്നുകള്‍ ബാധിക്കുന്നത്. മസ്തിഷ്ക മൂലവും നാഡീവ്യവസ്ഥയും തളരുന്നതോടെ രോഗിയുടെ ബോധം നശിക്കും. സുഷുമ്നാ നാഡി തളരുമ്പോള്‍ ശരീരത്തിന്റെ ചലനശേഷി നഷ്ടമാവും.

ജനറല്‍ അനസ്തേഷ്യ

നിശ്വസനം (Inhalitation). അനസ്തറ്റിക് ഔഷധങ്ങളെ ശ്വസിപ്പിച്ചാണ് ഈ അവസ്ഥ ഉണ്ടാക്കിയെടുക്കുന്നത്. വാതകങ്ങളോ ലയനസ്വഭാവമുളള മറ്റു ഔഷധങ്ങളോ ആണ് ഇതിനുപയോഗിക്കുന്നത്. ഒരു കുഴലിലൂടെ ശ്വസനനാളിയിലേക്കു നിശ്ചേതക ഔഷധങ്ങള്‍ നല്കുകയാണ് പതിവ്. ഔഷധങ്ങളിലുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡിനെ നീക്കം ചെയ്യാന്‍ സോഡാക്കാരം (Soda lime) അവയില്‍ ചേര്‍ക്കാറുണ്ട്.

അനസ്തേഷ്യ സംബന്ധിച്ച ആവശ്യങ്ങള്‍ക്ക് 1844 മുതല്‍ നൈട്രസ് ഓക്സൈഡാണ് ഉപയോഗിച്ചിരുന്നത്. 1847-ല്‍ ക്ളോറോഫോം പ്രചാരത്തില്‍ വന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തേയും ശ്വസനപ്രക്രിയയേയും തടസ്സപ്പെടുത്താനുള്ള സാധ്യത ക്ളോറോഫോമിനു കൂടുതലാണ്. അതുകൊണ്ട് ക്ളോറോഫോം ഇപ്പോള്‍ ഉപയോഗിക്കാറില്ല. ഒരു അനസ്തറ്റിക്കായി ഉപയോഗിച്ചിരുന്ന ഈഥൈല്‍ ക്ളോറൈഡ് (Ethyl chloride) ക്ളോറോഫോമിന്റെ ദോഷഫലങ്ങള്‍ പ്രകടിപ്പിക്കുക കാരണം പില്ക്കാലങ്ങളില്‍ ശരീരത്തിന്റെ ഉപരിതലത്തെ മരവിപ്പിക്കാനുള്ള ഒരു ഔഷധമായാണ് ഉപയോഗിക്കുന്നത്. ശ്വസന അനസ്തേഷ്യയില്‍ ഡൈ-ഈഥൈല്‍ ഈഥര്‍ (Diethyl ether) പ്രാധാന്യം അര്‍ഹിക്കുന്നു. 1923-ല്‍ എഥിലീന്‍ എന്നൊരു സ്ഫോടകവാതകം ഉപയോഗത്തില്‍ വന്നു. നൈട്രസ് ഓക്സൈഡിനെക്കാള്‍ ശക്തി കൂടിയ വാതകമാണിത്. ഇതിനോടൊപ്പം ധാരാളം ഓക്സിജനും ഉപയോഗിക്കാം. 1934-ല്‍ സൈക്ളോപ്രൊപ്പയിന്‍ (Cyclopropane) പ്രചാരത്തില്‍ വന്നു. കൂടുതല്‍ ശക്തവും സ്ഫോടനാത്മകവുമായ ഒരു വാതകമാണിത്. ഇതിന്റെകൂടെ കൂടുതല്‍ ഓക്സിജന്‍ ഉപയോഗിക്കാനും കഴിയും.

1950-നുശേഷം ഹാലോത്തെയിന്‍ (Halothane) എന്ന ഒരൌഷധം ഉപയോഗിക്കപ്പെട്ടുവരുന്നു. നിറമില്ലാത്തതും നല്ല മണമുള്ളതുമായ ഇത് സ്ഫോടകശക്തിയുള്ളതല്ല. ഇതും കുറ്റമറ്റതെന്നു പറയാന്‍ വയ്യ. ഇപ്പോള്‍ പ്രചാരത്തിലുള്ള വാതകരൂപത്തിലുള്ള അനസ്തെറ്റിക് മരുന്നുകള്‍ സെവാ ഫ്ളൂറേന്‍ (ടല്മളSevaflurane) എന്‍ഫ്ളൂറേന്‍ (Enflurane) ഈസോഫ്ളൂറേന്‍ (Isoflurane) ഡെസ്ഫ്ളൂറേന്‍ (Desflurane) എന്നിവയാണ്.

മലാശയ അനസ്തേഷ്യ ( Rectal Anaesthesia). മലാശയത്തിലൂടെ അനസ്തറ്റിക് ഔഷധങ്ങള്‍ നല്കി അബോധാവസ്ഥ സൃഷ്ടിക്കാന്‍ കഴിയും. ഈഥര്‍, ബ്രോമിത്താള്‍ (Bromethol), പാരാല്‍ഡിഹൈഡ് (Paraldehyde), ബാര്‍ബിറ്റുറേറ്റുകള്‍ (Barbiturates) എന്നീ ഔഷധങ്ങള്‍ ഈ ആവശ്യത്തിനുപയോഗിക്കുന്നു.

അന്തഃസിരീയ അനസ്തേഷ്യ (Intravenous Anaesthesia). അന്തഃസിരീയമായി നിശ്ചേതക ഔഷധങ്ങള്‍ കുത്തിവച്ചാണ് ഇത് സാധിക്കുന്നത്. രക്തത്തിലേക്കു നേരിട്ട് ഔഷധങ്ങളെ കടത്തിവിടുന്ന ഈ രീതി യുദ്ധകാലാവസരങ്ങളില്‍ വളരെ പ്രയോജനമുള്ളതായി തെളിഞ്ഞിട്ടുണ്ട്. തയോപെന്റാള്‍ (Thiopental), ബാര്‍ബിറ്റുറേറ്റുകള്‍ (Barbiturates), കെറ്റാമിന്‍ (Ketamine), ഇറ്റോമിഡേറ്റ് (Etomidate), മീതോഹെക്സിറ്റാള്‍ (Methohexital), പ്രോപോഫോള്‍ (Propofol) എന്നിവയാണ് പ്രധാനമായും ഇതിന് ഉപയോഗിക്കുന്നത്.

സ്ഥാനിക അനസ്തേഷ്യ. സ്ഥാനിക അനസ്തേഷ്യയില്‍ പല ഔഷധങ്ങളും ഉപയോഗിക്കാറുണ്ടെങ്കിലും ഇവയില്‍ പ്രധാനമായത് പ്രൊകേയിന്‍ ഹൈഡ്രോക്ളോറൈഡ് (Procaine hydrochloride) ആണ്.ഇതിനായി ബ്ളൂപിവാക്കേയ്നും (Bupivacaine) ഉപയോഗിക്കാറുണ്ട്. സ്ഥാനിക നിശ്ചേതക ഔഷധങ്ങളില്‍ പെനിസിലിന്‍ കൂട്ടിക്കലര്‍ത്താറുണ്ട്. രോഗമുള്ള ശരീരഭാഗത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള ഒരു നടപടിയാണിത്.

ബ്ളോക്ക്. ദേഹത്തിന്റെ ഏതെങ്കിലും ഭാഗത്ത് അനസ്തറ്റിക് ഔഷധങ്ങള്‍ കുത്തിവയ്ക്കുന്നതിന്റെ ഫലമായി ഞരമ്പുകളുടെ സംവേദനശക്തി തടയുന്നു; ഇതിനെ 'ബ്ളോക്ക്' (Block) എന്നു പറയുന്നു. ബ്ളോക്കുകള്‍ പലതരത്തിലുണ്ട്. നട്ടെല്ലിലെ സ്പൈനല്‍ കനാലില്‍ അവസാനഭാഗത്ത് ഔഷധങ്ങള്‍ കുത്തിവച്ച് അനസ്തേഷ്യ ഉണ്ടാക്കുന്നതിനെ കോഡല്‍ അനസ്തേഷ്യ (Caudal anaesthesia) എന്നു പറയുന്നു. പ്രസവക്ളേശങ്ങളിലാണ് ഇതു സാധാരണയായി കൊടുക്കുന്നത്. കുട്ടികളുടെ ശസ്ത്രക്രിയകളില്‍ കോഡല്‍ എപ്പിഡ്യൂറല്‍ (caudal epidural) അനസ്തേഷ്യയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്.

സ്പൈനല്‍ കനാലിലെ സ്പൈനല്‍ ദ്രവത്തില്‍ സ്ഥാനിക ഔഷധങ്ങള്‍ കുത്തിവച്ചാണ് സ്പൈനല്‍ അനസ്തേഷ്യ ഉണ്ടാക്കുന്നത്. ഇതു രോഗിക്കു ബോധക്ഷയം ഉണ്ടാക്കുന്നില്ല. ഇതിനായി ലിഗ്നോകെയിന്‍ (Lignocaine), ബപിവാറീകയിന്‍ എന്നിവയാണ് സാധാരണയായി ഉപയോഗിയ്ക്കുന്നത്.

സ്പൈനല്‍ കനാലിന്റെ തൊട്ടടുത്തുളള സ്ഥലത്ത് നിശ്ചേതക ഔഷധങ്ങള്‍ കുത്തിവച്ചാണ് എപ്പിഡ്യൂറല്‍ അനസ്തേഷ്യ (epidural anesthesia) ഉണ്ടാക്കുന്നത്.

ത്വക്കിലെ നാഡികളുടെ സംവേദനശക്തി നഷ്ടപ്പെടുത്തുന്ന തരം അനസ്തേഷ്യയാണ് പെരിഫെറല്‍ അനസ്തേഷ്യ (Peripheral anaesthesia)

ശീതീകരണം. തൊലിപ്പുറത്ത് ഐസ്കട്ടകള്‍വച്ചു തണുപ്പിക്കുക വഴി അനസ്തേഷ്യ സാധിച്ചെടുക്കുന്ന രീതിയാണിത്. ഇതിനു ക്രയോ (cryo) അനസ്തേഷ്യ എന്നു പറയുന്നു.

സ്ഥാനിക അനസ്തേഷ്യയുടെ പ്രധാന ഉപയോഗം ദന്ത വൈദ്യത്തിലാണ്. പല്ലെടുക്കുമ്പോള്‍ വേദന അനുഭവപ്പെടാതിരിക്കാന്‍ വേണ്ടി പല്ലിലേക്കുള്ള നാഡികള്‍ മരവിപ്പിക്കാന്‍ ഈ മാര്‍ഗം ഉപയോഗപ്പെടുത്തുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഏതുതരം അനസ്തേഷ്യയാണ് രോഗിക്കു നല്കേണ്ടതെന്നുള്ളത് രോഗത്തെയും രോഗിയുടെ പ്രായം, മറ്റ് അസുഖങ്ങള്‍ (ആസ്ത്മ, പ്രമേഹം, രക്തസമ്മര്‍ദം) മരുന്നുകളുടെ അലര്‍ജി തുടങ്ങിയവയെയും ആശ്രയിച്ചിരിയ്ക്കും. വിദഗ്ധനും പരിചയസമ്പന്നനുമായ അനസ്തറ്റിസ്റ്റാണ് ശ്രമകരമായ ഈ തീരുമാനം എടുക്കേണ്ടത്. കൊടുത്തു തുടങ്ങാനും നിയന്ത്രിക്കാനും എളുപ്പമുള്ളതും ശരീരത്തില്‍നിന്നു പെട്ടെന്നു വിസര്‍ജിക്കപ്പെടുന്നതുമായിരിക്കണം ഉപയോഗിക്കപ്പെടുന്ന ഔഷധങ്ങള്‍; മാംസപേശികള്‍ക്കു നല്ല അയവും ലാഘവവും നല്കുകയും വേണം. തയോപെന്റത്തോള്‍ സോഡിയം (Thiopenathol sodium), നൈട്രസ് ഓക്സൈഡും ഓക്സിജനും (Nitrous oxide plus Oxygen) കലര്‍ന്ന മിശ്രിതം തുടങ്ങിയവ നിശ്ചേതക ഔഷധങ്ങള്‍ മാംസപേശികളെ ലാഘവപ്പെടുത്തുന്നില്ല. സെക്കനാള്‍ സോഡിയം (Seconal sodium), കുറാറെ (Curare) സക്സിനല്‍ കോളിന്‍ (Succinyl choline), വെക്കുറോണിയം (Vecuronium), പാന്‍കുറോണിയം (Pancuronium), അട്രാക്യൂറിയം (Atracurium) എന്നിവയാണ് ഇപ്പോള്‍ പ്രചാരത്തിലുള്ള മരുന്നുകള്‍. ഔഷധങ്ങള്‍ പേശികളെ ലാഘവപ്പെടുത്തുന്നതിനാല്‍ അവ മേല്പറഞ്ഞ നിശ്ചേതക ഔഷധങ്ങളോടൊപ്പം ഉപയോഗിക്കുന്നു. കുറാറെ വേഗത്തില്‍ നല്കുമ്പോഴും മാത്ര (dose) കൂട്ടികൊടുക്കുമ്പോഴും ശ്വസനം മന്ദീഭവിക്കുന്നതിനും, ചിലപ്പോള്‍ നിലച്ചു പോകാനും ഇടയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ കൃത്രിമമായ ശ്വാസോച്ഛ്വാസവും നിയോസ്റ്റിഗ്മിനും (Neostigmine) നല്കേണ്ടതുണ്ട്.

അനസ്തേഷ്യകൊണ്ടു പല സങ്കീര്‍ണതകളും ഉണ്ടാകാറുണ്ട്. ശ്വസനേന്ദ്രിയങ്ങളില്‍ക്കൂടി നല്കുന്ന ജനറല്‍ അനസ്തേഷ്യയ്ക്കു സാധാരണയായി ഉപയോഗിക്കുന്ന ഈഥര്‍, എഥിലീന്‍, സെക്ളോപ്രൊപ്പേയിന്‍ എന്നിവ പെട്ടെന്നു തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തേക്കാം. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് നൈട്രസ് ഓക്സൈഡ് (Nitrous Oxide) ഹാലോത്തേന്‍ (Halothane) എന്നിവയും ഓക്സിജനും കൂടിയാണ്. ഇതു കൂടുതല്‍ സുരക്ഷിതമാണ്. ഹാലോത്തേന്‍, ഐസോഫ്ളൂറേന്‍ (Isoflurane) എന്നിവ നിശ്ചിത അളവില്‍ ആവശ്യാനുസരണം ഉപയോഗിക്കാനായി വേപ്പറൈസറുകള്‍ (Vaporiser) നിലവിലുണ്ട്. വാതകരൂപത്തിലുള്ള അനസ്തറ്റിക് ഔഷധങ്ങള്‍ നല്കുമ്പോള്‍ ഒരു സിലിണ്ടറില്‍നിന്നുമാണ് ശ്വസിക്കുന്നതിനുള്ള സഞ്ചിയിലേക്കു വാതകം വരുന്നത്. ഈ വാതക പ്രവാഹത്തിന്റെ അളവ് ഒരു പ്രത്യേകയന്ത്രം നിയന്ത്രിക്കുന്നു. ഇതിനെ ബോയില്‍സ് യന്ത്രം (Boyle's machine) എന്ന് പറയുന്നു. വേപ്പറൈസറുകള്‍ ബോയില്‍സ് യന്ത്രവുമായി ബന്ധപ്പെടുത്തിയാണ് മരുന്നുകള്‍ നല്കുന്നത്. ഇപ്പോള്‍ കമ്പ്യൂട്ടറുകളാല്‍ നിയന്ത്രിതമായ ബോയില്‍സ് യന്ത്രങ്ങള്‍ നിലവിലുണ്ട്. ഓക്സിജന്‍ സിലിണ്ടറിലെ ഓക്സിജന്റെ അഭാവം തക്കസമയത്ത് അറിഞ്ഞില്ലെങ്കില്‍ രോഗി ശ്വാസംമുട്ടി മരിക്കാനിടയുണ്ട്. അതുപോലെ സിലിണ്ടറിലെ വാല്‍വുകളും അടപ്പുകളും തെറിച്ചുപോവുകയാണെങ്കില്‍ അതിനകത്തുള്ള വാതകങ്ങള്‍ വളരെ വേഗത്തില്‍ ശ്വസനവായുവില്‍ പ്രവേശിച്ച് അപകടം ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരം അപകടങ്ങള്‍ നിയന്ത്രിക്കാനും മുന്നറിയിപ്പ് തരാനും തടയാനുമുള്ള എല്ലാവിധ ആധുനിക സംവിധാനങ്ങളും ഇപ്പോഴുള്ള അനസ്തേഷ്യാ യന്ത്രങ്ങള്‍ക്കുണ്ട്.

സ്ഥാനിക അനസ്തറ്റിക് ഔഷധങ്ങള്‍ നല്കുമ്പോള്‍ അവ രക്തവാഹികള്‍ക്കുള്ളില്‍ പ്രവേശിക്കാതെ സൂക്ഷിക്കേണ്ടതാണ്. അങ്ങനെ സംഭവിച്ചാല്‍ അതു ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും; രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. ചിലര്‍ക്ക് സ്ഥാനിക അനസ്തേഷ്യ കൊടുത്താല്‍ ശരീരത്തില്‍ അലര്‍ജി സംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ചിലപ്പോള്‍ സ്ഥാനിക അനസ്തറ്റിക്കിനോടൊപ്പം എപ്പിനെഫ്രിനും (epinephrine) കൊടുക്കുന്നു.

ശസ്ത്രക്രിയയുടെ തലേദിവസം രോഗിക്ക് സുഖനിദ്ര, ശാരീരികവും മാനസികവുമായ വിശ്രമം എന്നിവ ലഭിക്കുന്നതിനായി ശമകൌഷധങ്ങള്‍ (tranquilizers) കൊടുക്കാറുണ്ട്; ശസ്ത്രക്രിയയ്ക്കു തൊട്ടുമുമ്പും ശമകൌഷധങ്ങള്‍ കൊടുക്കുന്നു.

അനാറ്റമി

Anatomy

ശരീരഘടനയെയും ശരീരത്തിലെ കോശങ്ങളുടെ സംവിധാനത്തെയുംപറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖ. അനാ, റ്റെമ്നീന്‍ (Ana temnein) എന്നീ ഗ്രീക് പദങ്ങളില്‍നിന്നാണ് അനാറ്റമി എന്ന സംജ്ഞയുടെ ഉദ്ഭവം (Ana = Up: temnein = to cut). ഘടനാപരമായ വ്യത്യാസങ്ങളാണ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കു പശ്ചാത്തലം സൃഷ്ടിക്കുന്നത്. വൈദ്യശാസ്ത്രപഠനത്തിനെന്നതുപോലെ ജന്തുശാസ്ത്രപഠനങ്ങള്‍ക്കും അതതു ജന്തുക്കളുടെ ശരീരഘടന അഥവാ 'അനാറ്റമി' അറിഞ്ഞേ മതിയാകൂ. ശാസ്ത്രീയ ജീവശാസ്ത്രപഠനത്തിന്റെ നാന്ദിയാണ് അനാറ്റമിയിലുള്ള ശിക്ഷണം.

ആരംഭം

ആത്മീയവിശ്വാസങ്ങളിലും മന്ത്രവാദസങ്കല്പങ്ങളിലും നിന്ന് ശരീരശാസ്ത്രം വ്യത്യസ്തമാണെന്നു മനുഷ്യന്‍ മനസിലാക്കിയതോടുകൂടി അനാറ്റമിയുടെ പ്രാരംഭം കുറിക്കപ്പെട്ടു. അഥര്‍വവേദത്തിലും പ്രാചീന ഈജിപ്തിലെ ലിഖിതങ്ങളിലും അനാറ്റമിയെപ്പറ്റിയുള്ള ആദ്യസൂചനകള്‍ കാണാം. അരിസ്റ്റോട്ടലിന്റെയും ലിയോണാര്‍ഡോ ഡാവിഞ്ചിയുടെയും നിഗമനങ്ങളില്‍ അനാറ്റമി ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നു. ഗാലന്‍ എന്ന ഗ്രീകോ-റോമന്‍ ശാസ്ത്രജ്ഞന്‍ (130-200) ആണ് അനാറ്റമിക്ക് ആദ്യമായി ഒരു ശാസ്ത്രത്തിന്റെ പദവി നല്കിയത്. അവിടുന്നിങ്ങോട്ടുള്ള ശ.-ങ്ങളില്‍ അനാറ്റമിയെപ്പറ്റി ആധികാരികമായ പുസ്തകങ്ങളും നിഗമനങ്ങളും ഉണ്ടായിരുന്നുവെങ്കിലും ജന്തുക്കളെയും ശവശരീരത്തെയും കീറിമുറിച്ച് (dissection) അവയുടെ അവയവഘടന മനസ്സിലാക്കുക എന്ന തത്ത്വം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നില്ല. (ബി.സി. 335-280 വരെ ജീവിച്ചിരുന്ന ഹിറോഫിലിസും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ഇറാസിസ്റ്റ്രാറ്റസും ഇപ്രകാരമുള്ള പഠനങ്ങള്‍ നടത്തിയിരുന്നു.)

എട്ടും ഒന്‍പതും ശ.-ങ്ങളില്‍ ആണ് 'ഡിസെക്ഷന്‍' വഴി അനാറ്റമി പഠിക്കുക എന്നുള്ള പരിപാടി നടപ്പിലാക്കപ്പെട്ടത്. പിന്നെയും ഒരു മൂന്നു നാലു ശ.-ങ്ങളോളം ശവശരീരങ്ങള്‍ (അവ ദിവ്യമാണെന്നുള്ളതുകൊണ്ട്) അനാറ്റമി പഠനത്തിനു ലഭ്യമായിരുന്നില്ല. അക്കാലങ്ങളിലെ യൂറോപ്യന്‍ ചരിത്രത്തില്‍, ശവശരീരം ലഭിക്കുവാന്‍ വേണ്ടി ശ്മശാനങ്ങള്‍ കവര്‍ച്ചചെയ്ത് വൈഷമ്യങ്ങള്‍ സഹിച്ചിരുന്നവരെപ്പറ്റി ധാരാളം പരാമര്‍ശങ്ങളുണ്ട്. പിന്നീട് വിവിധ രാജ്യങ്ങളില്‍ നിയമപ്രാബല്യം മൂലം (Anatomy Acts) ഇത്തരം പരീക്ഷണങ്ങളും പഠനോപാധികളും സര്‍വസാധാരണമായി. അനാറ്റമിയില്‍ ലഭിച്ച അറിവാണ് വില്യം ഹാര്‍വി (1578-1657) എന്ന ഇംഗ്ളീഷ് ഭിഷഗ്വരന് രക്തസംക്രമണത്തെപ്പറ്റിയുമുള്ള അടിസ്ഥാന വിവരം നല്കിയത്. മൊത്തമായ ശരീരഘടനയെപ്പറ്റി (അതായത് അസ്ഥികൂടം, മാംസപേശികള്‍, അവയവങ്ങള്‍, രക്തധമനികള്‍, ഞരമ്പുകള്‍ എന്നിവയെപ്പറ്റി) ഉള്ള സാമാന്യമായ അറിവല്ലാതെ ഈ അവയവങ്ങള്‍ക്ക് നിദാനമായ കോശങ്ങളെപ്പറ്റിയോ അവയുടെ രൂപത്തെപ്പറ്റിയോ അന്നും ശരിക്ക് അറിവുണ്ടായിത്തുടങ്ങിയിരുന്നില്ല. 1866-ല്‍ ലൂവന്‍ഹോക്ക് സൂക്ഷ്മദര്‍ശിനി കണ്ടുപിടിച്ചതോടുകൂടി കോശങ്ങളുടെ ഘടനയെപ്പറ്റി നിരീക്ഷണ ഗവേഷണ പരമ്പരകള്‍ ആരംഭിച്ചു. ഇന്നു ലോകത്തിലെ നിരവധി ഗവേഷണ-പഠന സ്ഥാപനങ്ങളിലായി അനാറ്റമിയുടെ വിവിധ അവാന്തരവിഭാഗങ്ങളില്‍ പഠനം നടത്തുന്ന ഒട്ടേറെ ശാസ്ത്രജ്ഞരും പ്രവര്‍ത്തകരും ഉണ്ട്.

അവാന്തരവിഭാഗങ്ങള്‍

എല്ലുകളുടെയും അസ്ഥികൂടത്തിന്റെയും ഘടനയെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ (Osteology) വളരെ പഴക്കമുള്ളതും ലളിതവുമാണ്. ഈ ശാഖയിലുള്ള പരിജ്ഞാനം അനാറ്റമി പഠനത്തിനു കൂടിയേ തീരൂ. മറ്റ് അവയവങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ (മാംസപേശികള്‍, ദഹനേന്ദ്രിയ വ്യവസ്ഥ തുടങ്ങിയവ) പ്രായേണ സരളമാണ്. ഇതിന്റെ ഉപവകുപ്പുകള്‍ ധഉദാ. ഞരമ്പുകളെയും മസ്തിഷ്കത്തെയും സംബന്ധിച്ച പഠനം (Neuro-Anatomy), ജന്തുശരീരം എങ്ങനെ രൂപമെടുക്കുന്നു എന്നും അതിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും വിവിധ ഘട്ടങ്ങള്‍ ഏതെല്ലാമാണെന്നും പ്രതിപാദിക്കുന്ന ഭ്രൂണവിജ്ഞാനീയം (Embryology), ഭ്രൂണവിജ്ഞാനീയത്തിന്റെ ശാഖകളായ ജനിതകം (Genetics), ക്രോമസോം (Chromosome) തുടങ്ങിയവയപ ഇന്നു പ്രത്യേകം ശാസ്ത്ര വിഷയങ്ങളായിട്ടുണ്ട്. സൂക്ഷ്മദര്‍ശിനിയുടെ കണ്ടുപിടിത്തത്തിനുശേഷം രൂപംകൊണ്ട അനാറ്റമിയുടെ ഒരു പ്രമുഖ ശാഖയാണ് 'ഊതികം' (ഊതികവിജ്ഞാനം-Histology); തന്മാത്രാതലത്തില്‍ നടക്കുന്ന പ്രതികരണങ്ങളെ പഠിക്കുന്ന ശാസ്ത്രമാണ് മോളിക്കുലാര്‍ അനാറ്റമി (Molecular Anatomy).

അനാറ്റമി പഠനം

അനാറ്റമി പഠിക്കുന്നത് ജന്തുശരീരത്തെയും (ജീവനുള്ള ജന്തുക്കളെ മയക്കിയതിനുശേഷം ഉപയോഗിക്കാം) മനുഷ്യശവത്തെയും കീറിമുറിച്ച് അവയവങ്ങളുടെയും കോശങ്ങളുടെയും സ്ഥിതി മനസ്സിലാക്കിയിട്ടാണ്. ഇതിനായി പലവിധ രാസവസ്തുക്കളും പരിരക്ഷകദ്രവ്യങ്ങളായി (preservatives) ഉപയോഗിക്കാറുണ്ട്. ഫോര്‍മലിന്‍ (Formalin) ഇതില്‍ പ്രധാനമാണ്. രക്തക്കുഴലുകളെ പ്രത്യേകമായി മനസ്സിലാക്കുവാന്‍ അവയിലൂടെ റെഡ് ലെഡ് (Red lead) കലര്‍ന്ന ഒരു ദ്രാവകം വലിയ മര്‍ദത്തില്‍ കടത്തിവിടാറുണ്ട്. ഇപ്രകാരം പാകപ്പെടുത്തിയ ശവശരീരം കീറിമുറിച്ച് അവയവങ്ങളുടെ ഘടനയും അവ തമ്മിലുള്ള ബന്ധവും മനസ്സിലാക്കുകയും അവയവങ്ങളെ സ്പര്‍ശിക്കുമ്പോള്‍ ഉള്ള സംവേദനങ്ങള്‍ ഓര്‍മയില്‍ ഉറപ്പിക്കുകയും വേണം. ഇപ്രകാരമുള്ള ശരീരഘടനയുടെ ഒരു മാനസിക ചിത്രം ഭാവിയിലുള്ള അനാറ്റമി പഠനത്തിനും ശസ്ത്രക്രിയാപാടവത്തിനും അനിവാര്യമായ ഒരു പശ്ചാത്തലോപാധിയാണ്. ഡിസെക്ഷന്‍ പഠനത്തിന് കണ്ണിങ്ങാമിന്റെ, മൂന്നു വാല്യങ്ങളുള്ള, ഒരു ആധികാരികഗ്രന്ഥമുണ്ട്.

അനാറ്റമി എന്ന ശാസ്ത്രം

അഭ്യൂഹങ്ങളില്‍ നിന്നും അനുമാനങ്ങളില്‍നിന്നും അനാറ്റമിയെ ഒരു തികഞ്ഞ ശാസ്ത്രശാഖയായി രൂപാന്തരപ്പെടുത്തുവാന്‍ ചിരപ്രയത്നം ചെയ്ത ശാസ്ത്രജ്ഞരുടെ ഒരു നീണ്ട പരമ്പരതന്നെയുണ്ട്: ഹിപ്പോക്രറ്റീസ് (ബി.സി. 460-377), ഗാലന്‍, ചരകന്‍, സുശ്രുതന്‍, ലസ്സാറോ സ്പലന്‍സാനി (1729-99) തുടങ്ങിയവര്‍. ഇവര്‍ക്കു പുറമേ 17-18 ശ.-ങ്ങളില്‍ വേറെയും ഒട്ടേറെ ശാസ്ത്രജ്ഞര്‍ അനാറ്റമിക്ക് അമൂല്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഇംഗ്ളണ്ടിലെ സര്‍ ജോണ്‍ ഹണ്ടര്‍ (1728-93) എന്ന ശസ്ത്രക്രിയാവിദഗ്ധന്റെ പേരിനോടുചേര്‍ത്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ നാമകരണം ചെയ്തിരിക്കുന്നു. പിയര്‍ മേരി (Pierre Marie), ബ്രോക്കാ (Broca), ബെറ്റ്സ് (Betz), ബ്രോഡ്മാന്‍ (Brodman), പെന്‍ഫീല്‍ഡ് (Penfield), ഷെറിങ്ടണ്‍ (Sherrington) എന്നിവര്‍ മസ്തിഷ്കത്തെയും ഞരമ്പുകളെയുംപറ്റി ധാരാളം ഗവേഷണപഠനങ്ങള്‍ നടത്തിയവരാണ്. ഇരുപത്തി ഒന്നു വയസ്സുവരെ മാത്രം ജീവിച്ചിരുന്ന തോമസ് ഗ്രേ രചിച്ച ഗ്രന്ഥമാണ് ഇന്നും അനാറ്റമിയുടെ 'ബൈബിള്‍.'

സൂക്ഷ്മദര്‍ശിനിയുടെ കണ്ടുപിടിത്തവും ഹിസ്റ്റോളജിയും

ലൂവന്‍ഹോക്ക് സൂക്ഷ്മദര്‍ശിനി കണ്ടുപിടിച്ചതോടുകൂടിയാണ് കോശങ്ങളെപ്പറ്റിയുള്ള പഠനം സാധ്യമായത്. ഈ പുതിയ ഉപകരണം ശാസ്ത്രജ്ഞര്‍ക്ക് കോശങ്ങളെപ്പറ്റിയുള്ള വിപുലമായ ഒരു പഠനപരമ്പര ആരംഭിക്കാനും 'ഊതികവിജ്ഞാനീയം' എന്ന ശാസ്ത്രശാഖയ്ക്കു രൂപം നല്കാനും പ്രേരണ നല്കി. കോശങ്ങളുടെ സാമാന്യ പഠനത്തില്‍നിന്ന് ആരംഭിച്ച ഈ ശാഖ കോശങ്ങളുടെ വിവിധഭാഗങ്ങളെയും അവയില്‍ ഉണ്ടാകുന്ന വൈകല്യങ്ങളെയും കുറിച്ചു പഠനം നടത്തുകയും അതിലൂടെ രോഗംനിര്‍ണയിക്കുകയും ചെയ്യുന്നു. 1950-കാലത്ത് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് കണ്ടുപിടിക്കപ്പെട്ടതോടുകൂടി സൂക്ഷ്മ വസ്തുക്കളെപ്പോലും 'കാണുവാനും' അങ്ങനെ ഊതികവിജ്ഞാനീയത്തെ സജീവവും മൂര്‍ത്തവും ആയ ശാസ്ത്രശാഖയായി ഉയര്‍ത്തുവാനും സാധിച്ചു.

തുലനാത്മക അനാറ്റമി

1859-ല്‍ ഡാര്‍വിന്‍ ഒറിജിന്‍ ഒഫ് സ്പീഷീസ് (Origin of Species) എന്ന ഗ്രന്ഥം രചിച്ചതോടുകൂടി ശാസ്ത്രജ്ഞര്‍ക്ക് പുതിയ ഒരു കാഴ്ചപ്പാടുണ്ടാകുകയും ജീവലോകം മുഴുവനും പരസ്പരബന്ധമുള്ളതാണെന്ന് സംശയാതീതമാംവിധം തെളിയുകയും ചെയ്തു. ഇത് തുലനാത്മക അനാറ്റമിക്കു വഴിതെളിച്ചു. വെള്ളത്തില്‍ ജീവിച്ചിരുന്ന ആദ്യകാലത്തെ ഏകകോശജീവിക്ക് വെറും പ്രസരണംവഴി വേണ്ട ആഹാരങ്ങളും ശുദ്ധവായുവും ലഭിക്കാനും, വിസര്‍ജനവസ്തുക്കളെയും അംഗാരാമ്ളത്തെയും പുറത്തുവിടാനും സാധ്യമായി. ജീവികള്‍ ബഹുകോശങ്ങളും സങ്കീര്‍ണങ്ങളും ആയതോടുകൂടി മേല്പറഞ്ഞ കൃത്യങ്ങള്‍ക്ക് ഒരു ദ്രാവകവും അതിനെ പമ്പുചെയ്യാന്‍ ഒരു ഉപകരണവും വേണ്ടിവന്നു. ഉയര്‍ന്നതരം ജന്തുക്കളില്‍ കാണുന്ന രക്തത്തിന്റെ പരിണാമവും ഹൃദയമാകുന്ന പമ്പിന്റെ സങ്കീര്‍ണതയും (ഉദാഹരണമായി മത്സ്യത്തിനു രണ്ടും, തവളയ്ക്ക് മൂന്നും, മനുഷ്യന് നാലും അറകളുള്ള ഹൃദയമാണുള്ളത്) മറ്റും തുലനാത്മക അനാറ്റമിയിലെ രസാവഹമായ വസ്തുതകളാണ്. നാഡീവ്യൂഹത്തിMailന് ഒരു ഗാംഗ്ളിയന്‍ (ganglion) മാത്രമുള്ള താണതരം ജീവികളില്‍നിന്നും മനുഷ്യനിലെത്തിയപ്പോള്‍ ലക്ഷോപലക്ഷം കോശങ്ങളുള്ള മനുഷ്യസിരാസമൂഹമായിത്തീരുന്നു.

ഭ്രൂണശാസ്ത്രം

Embryology

ഭ്രൂണാവസ്ഥയില്‍ എല്ലാ ജീവികളുടെയും ശരീരഘടന ഏകദേശം ഒരേ രൂപത്തിലാണ്. ഭ്രൂണത്തിന്റെ വളര്‍ച്ചയെപ്പറ്റി സൂക്ഷ്മപഠനം നടത്തുന്നത് അനാറ്റമി തത്ത്വങ്ങള്‍ മനസ്സിലാക്കുവാന്‍ ഉപയോഗപ്രദമാണെന്നതിനു പുറമേ പരമ്പരാഗതങ്ങളായ രോഗങ്ങളുടെ നിദാനം നിര്‍ണയിക്കുന്നതിനു സഹായകവുമാണ്.

ശരീരഘടനയും വിവിധ അംഗവ്യൂഹങ്ങളും

മനുഷ്യനുള്‍പ്പെടെ, നട്ടെല്ലുള്ള ജീവികളില്‍ ചില പ്രധാന അംഗവ്യൂഹങ്ങളുണ്ട്. ഏതാണ്ട് സാമാന്യരൂപമുള്ള കോശങ്ങളാല്‍ നിര്‍മിക്കപ്പെട്ട ഈ അംഗവ്യൂഹങ്ങളുടെ ഘടനാ സ്വഭാവവും പ്രവര്‍ത്തനക്ഷമതയും ഈ അംഗവ്യൂഹങ്ങള്‍ തമ്മിലുള്ള സമന്വയനവും ആണ് ജന്തുശരീരത്തെ പ്രവര്‍ത്തനക്ഷമമാക്കിത്തീര്‍ക്കുന്നത്. ശാരീരികമായി ഈ വ്യൂഹങ്ങളെ പത്തു വിഭാഗങ്ങളായി തിരിക്കാം.

അസ്ഥി വ്യൂഹം

Skeletal system

ശരീരത്തിന്റെ പ്രധാന ആധാരമാണ് അസ്ഥിവ്യൂഹം. കൈകാലുകളിലെ നീണ്ട എല്ലുകള്‍, കൈപ്പടത്തിലെയും കാലിലെയും ചെറിയ എല്ലുകള്‍, നട്ടെല്ല്, അവയോട് ഘടിപ്പിച്ചിട്ടുള്ള വാരിയെല്ലുകള്‍, തലയോട് എന്നിവ അടങ്ങിയതാണ് ഈ വ്യവസ്ഥ. മനുഷ്യരുടെ എല്ലുകള്‍ പരിണാമസിദ്ധാന്തത്തിനു തെളിവുകള്‍ നല്കുന്നു. എല്ലുകളുടെ പഠനത്തില്‍നിന്നും ലിംഗഭേദങ്ങളും, വ്യക്തിയുടെ വയസ്സും നിര്‍ണയിക്കാം. നോ: അസ്ഥി; അസ്ഥികൂടരോഗങ്ങള്‍; അസ്ഥിപഞ്ജരം

പേശീ വ്യൂഹം

Muscular system

മനുഷ്യശരീരത്തില്‍ രണ്ടു തരത്തിലുള്ള പേശികള്‍ കാണാം. മൃദുപേശികള്‍ സ്വയം പ്രവര്‍ത്തനക്ഷമമാണ്. ഈ വിഭാഗത്തിലുള്ളവയാണ് ദഹനേന്ദ്രിയ വ്യവസ്ഥയിലെയും മൂത്രാശയത്തിലെയും പേശികള്‍. അസ്ഥികൂടത്തോടുബന്ധിപ്പിച്ചിരിക്കുന്ന പേശികളെല്ലാം രേഖിതവും (striated) നാഡികളുടെ പ്രവര്‍ത്തനംകൊണ്ടു ചലിക്കുന്നവയും ആണ്. രക്തസംക്രമണ വിഭാഗത്തില്‍പ്പെട്ട ഹൃദയപേശികള്‍ ഇവയുടെ മധ്യവര്‍ത്തിയും രണ്ടുവിഭാഗത്തിലെയും ചില പ്രവണതകള്‍ കാണിക്കുന്നവയും ആണ്. നോ: പേശീവ്യൂഹം

ദഹനേന്ദ്രിയ വ്യൂഹം

Digestive system

വായ്, ഗ്രസനി (Pharynx), അന്നനാളി (Oesophagus), ആമാശയം, ചെറുകുടല്‍, വന്‍കുടല്‍, ഗുദം എന്നിവയാണ് ഈ വ്യൂഹത്തിലെ മുഖ്യഘടകങ്ങള്‍. ദഹനേന്ദ്രിയത്തില്‍ സ്രവങ്ങള്‍ പതിപ്പിക്കുന്ന ഗ്രന്ഥികളും (ഉദാ. യകൃത്ത്, ആഗ്നേയഗ്രന്ഥി) ഈ വിഭാഗത്തില്‍പ്പെടും. നോ: അന്നനാളി; ആമാശയം; ദഹനേന്ദ്രിയ വ്യൂഹം

ശ്വസനേന്ദ്രിയ വ്യൂഹം

Respiratory system

താണതരം ജന്തുക്കള്‍ ജലജീവികളായതിനാല്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട ശ്വസനവ്യൂഹം ഗില്ലു(gill)കളായിരുന്നു. ഉദാ. മത്സ്യങ്ങള്‍. എന്നാല്‍ നട്ടെല്ലുള്ള ജീവികള്‍ കരയില്‍ വാസമുറപ്പിച്ചതോടുകൂടി കൂടുതല്‍ സങ്കീര്‍ണമായ ഒരു വ്യവസ്ഥിതി വേണ്ടിവന്നു. മൂക്ക്, ശ്വാസനാളം (trachea), ശ്വാസനാളത്തിന്റെ രണ്ടു ശാഖകളായ ശ്വസനികള്‍ (bronchus) എന്നിവ ചെറിയ ശാഖോപശാഖകളായി അവസാനിക്കുന്നത് ശ്വാസകോശങ്ങളിലാണ്. ശ്വാസകോശങ്ങളെ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് നിരവധി മടക്കുകളായി അല്‍വിയോളസ്സുകള്‍ (alveolus) സംഘടിപ്പിച്ചിട്ടുണ്ട്. ശ്വാസകോശങ്ങളെ ആവരണം ചെയ്യുന്ന പുപ്ഫുസാവരണത്തിന് (pleura) രണ്ടു സ്തരങ്ങള്‍ (membranes) ഉണ്ട്. ഇവയുടെ അന്തരാളം 'നിര്‍വാത' (vacuum) മാണ്. വാരിയെല്ലുകളുടെയും പ്രാചീരത്തിന്റെയും (diaphragm) പ്രവര്‍ത്തനംകൊണ്ടാണ് ശ്വാസോച്ഛ്വാസങ്ങള്‍ നടക്കുന്നത്. നോ: ശ്വാസകോശങ്ങള്‍, ശ്വസനേന്ദ്രിയവ്യൂഹം

രക്തസംക്രമണ വ്യൂഹം

Circulatory system

ഹൃദയമാകുന്ന പമ്പും, അതിനോടു ഘടിപ്പിച്ചിട്ടുള്ളതും അടച്ചുകെട്ടിയതുമായ നാളികളോടുകൂടിയ ഒരു സംവഹനവ്യൂഹവും ആണ് ഇതിന്റെ ഘടകങ്ങള്‍. ശുദ്ധവായു അടങ്ങിയ രക്തം ഉള്‍ക്കൊള്ളുന്ന ധമനികളും (artery), കാര്‍ബണ്‍ ഡൈ ഓക്സൈഡ് ലയിച്ച രക്തം ഒഴുകുന്ന സിരകളും (vein) രക്തസംക്രമണവ്യൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണ്. ലസികാവ്യൂഹവും ഈ വ്യൂഹത്തിന്റെ ഒരുഭാഗം തന്നെ. നോ: ഹൃദയം, രക്തം, ധമനികള്‍, സിരകള്‍, രക്തസംക്രമണ വ്യൂഹം

വിസര്‍ജനേന്ദ്രിയ വ്യൂഹം

Excretory system

ഓരോ ശരീരഖണ്ഡത്തിലും ഉണ്ടായിരുന്ന ആദിമവിസര്‍ജനാവയവങ്ങള്‍ ഒന്നിച്ചു ചേര്‍ന്നുണ്ടായ രണ്ടു വൃക്കകളാണ് സസ്തനികളുടെ പ്രധാന വിസര്‍ജനാവയവങ്ങള്‍. ഇവ രക്തത്തില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന മൂത്രം, വൃക്കനാളികള്‍വഴി മൂത്രാശയത്തില്‍ എത്തുകയും അവിടെനിന്ന് മൂത്രമാര്‍ഗത്തിലൂടെ (urethra) പുറംതള്ളപ്പെടുകയും ചെയ്യും. നോ: വൃക്ക, വിസര്‍ജനേന്ദ്രിയ വ്യൂഹം

ചര്‍മം

Skin

മുഖ്യവിസര്‍ജനാവയവം വൃക്കയാണെങ്കിലും പല വിസര്‍ജനവസ്തുക്കളെയും പുറംതള്ളുവാന്‍ കെല്പുള്ള ഒരാവരണമാണ് ചര്‍മം. ഈ പ്രവര്‍ത്തനത്തിനു പുറമേ ശരീത്തിനു കെട്ടുറപ്പു നല്കുവാനും ശരീത്തിന്റെ ശീതോഷ്ണനില കാത്തുസൂക്ഷിക്കുവാനും ചര്‍മത്തിനു കഴിവുണ്ട്. ചര്‍മഗ്രന്ഥികള്‍ (സ്വേദം സൃഷ്ടിക്കുന്നവ ഉള്‍പ്പെടെ), തൂവല്‍, രോമം, കൊമ്പ്, നഖങ്ങള്‍ എന്നിവയെല്ലാം ചര്‍മത്തിന്റെ അവാന്തരാവയവങ്ങളാണ്. ശീതോഷ്ണനില കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കുറയുന്നതോടെ രോമം നഷ്ടപ്പെടാനുള്ള പ്രവണത ചര്‍മത്തിനുണ്ട്. നോ: ചര്‍മം

അന്തഃസ്രാവീ വ്യൂഹം

Endocrine system

1903-ല്‍ ഏണസ്റ്റ് സ്റ്റാര്‍ലിങ് (1866-1927) ഹോര്‍മോണുകള്‍ കണ്ടുപിടിച്ചതിനുശേഷമാണ് അന്തഃസ്രാവികളെപ്പറ്റി അറിയാനിടയായത്. ശരീര പ്രവര്‍ത്തനങ്ങളെ വളരെയേറെ നിയന്ത്രിക്കുവാന്‍ കഴിവുള്ള ഈ വ്യവസ്ഥിതിയെപ്പറ്റി വിപുലമായ പഠനങ്ങള്‍വഴി വളരെയേറെ വിവരങ്ങള്‍ പിന്നീട് ലഭിച്ചിട്ടുണ്ട്. പിറ്റ്യൂട്ടറി, തൈറോയ്ഡ്, പാരാതൈറോയ്ഡുകള്‍, പാന്‍ക്രിയാസിലെ ഐലറ്റ്സ് ഒഫ് ലാംഗര്‍ഹാന്‍സ്, അധിവൃക്കഗ്രന്ഥികള്‍, ലൈംഗിക ഗ്രന്ഥികള്‍ എന്നിവയാണ് പ്രധാന അന്തഃസ്രാവികള്‍. നോ: അന്തഃസ്രാവികള്‍

നാഡീ വ്യൂഹം

Nervous system

മസ്തിഷ്കത്തിന്റെ വിവിധഭാഗങ്ങളും, മസ്തിഷ്കത്തില്‍ നിന്നുദ്ഭൂതമാകുന്ന 12 ജോഡി മസ്തിഷ്ക തന്ത്രികളും സുഷുമ്നാനാഡിയും (spinal cord) അതില്‍നിന്നു ബഹിര്‍ഗമിക്കുന്ന 31 ജോഡി സുഷുമ്നാ-തന്ത്രികളും അടങ്ങിയതാണ് ഇത്. വിവിധ തരത്തിലുള്ള സംവേദനങ്ങളെ ഉള്‍ക്കൊള്ളുവാനും അവയെ സിരാകേന്ദ്രങ്ങളിലും അവിടെനിന്നുള്ള ആജ്ഞകളെ മോട്ടോര്‍ ഞരമ്പുകളിലൂടെ പ്രാന്തപ്രദേശങ്ങളിലും എത്തിക്കാനും ഈ വ്യൂഹത്തിനു കഴിവുണ്ട്. ഇവയുടെ പ്രവര്‍ത്തനം കൊണ്ടാണ് മാംസപേശീപ്രവര്‍ത്തനവും പ്രതികരണ പ്രവര്‍ത്തനങ്ങളും സാധ്യമാകുന്നത്. കേന്ദ്രസിരാവ്യൂഹത്തിനു പുറമേ, ഒരു സ്വയംപ്രവര്‍ത്തക (Automatic) സിരാവ്യൂഹവും ജന്തുക്കളില്‍ കാണാം. നോ: അനുമസ്തിഷ്കം, മസ്തിഷ്കം, നാഡീവ്യൂഹം

പ്രത്യുത്പാദനേന്ദ്രിയ വ്യൂഹം

Reproductive system

വൃഷണം, അണ്ഡാശയം എന്നീ പ്രാഥമികാവയവങ്ങള്‍ക്കു പുറമേ സ്ത്രീപുരുഷ ലക്ഷണങ്ങളെ പ്രകടമാക്കുന്ന അവയവങ്ങളും ആകാരവിശേഷങ്ങളും ചേര്‍ന്നതാണ് ഈ വ്യവസ്ഥ. സസ്തനികളൊഴിച്ചുള്ളവയെല്ലാം മുട്ടയില്‍കൂടി പുതിയ തലമുറയെ സൃഷ്ടിക്കുന്നു; സസ്തനികളിലാകട്ടെ മാതാവിലാണ് ഭ്രൂണങ്ങള്‍ രൂപംകൊള്ളുന്നതും വളരുന്നതും. ഇതിനാവശ്യമായ ഗര്‍ഭാശയവും മറ്റ് അവയവങ്ങളും ഈ വിഭാഗത്തില്‍പ്പെടുത്താം.

അനൈച്ഛിക ചേഷ്ട

Reflex Action

ഒരു ബാഹ്യചോദനയ്ക്ക് വിധേയമായുണ്ടാകുന്ന അനൈച്ഛിക പേശീപ്രവര്‍ത്തനം. ഏതെങ്കിലും ഇന്ദ്രിയത്തില്‍നിന്നും ഒരു ആവേഗം (impulse) കേന്ദ്രനാഡീവ്യൂഹത്തില്‍ എത്തുകയും അവിടെ നിന്ന് ആ പ്രത്യേക അവയവത്തിലേക്ക് മറ്റൊരാവേഗം തിരിച്ചു ചെല്ലുകയും ചെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിചേഷ്ടയാണ് അനൈച്ഛികചേഷ്ട.

റിഫ്ളെക്സ് ആര്‍ക് :1.അസോസിയേ​ഷന്‍ ന്യൂറോണ്‍ 2.സൈനാപ്സ് 3.സെന്‍സറി നാ‍‍ഡികോശം 4.സെന്‍സറി ആക്സോണ്‍ 5.ബോധേന്ദ്രിയം 6.മോട്ടോര്‍ നാ‍ഡികോശം 7. മോട്ടോര്‍ ആക്സോണ്‍ 8.പേശി

ഇതിന് നാല് ഘട്ടങ്ങളുള്ളതായി കാണാം: (1) ബോധേന്ദ്രിയം അഥവാ 'ഗ്രാഹിഅവയവം' (receptor organ) ബാഹ്യചോദനയെ സ്വീകരിക്കുന്നു. (2) അഭിവാഹി (afferent) നാഡീതന്ത്രികള്‍ വഴി കേന്ദ്രനാഡീവ്യൂഹത്തിലേക്ക് അഭിവാഹി ആവേഗങ്ങള്‍ അയയ്ക്കുന്നു; (3) കേന്ദ്രനാഡീവ്യൂഹത്തില്‍ നിന്നും അവയവങ്ങളി(effector organ)ലേക്ക് അപവാഹി (efferent) ആവേഗങ്ങള്‍ അയക്കപ്പെടുന്നു; (4) 'ഇഫക്റ്റോര്‍' (effector) അവയവത്തിന്റെ പ്രതിചേഷ്ട.

ഏറ്റവും ലളിതമായ ഒരു അനൈച്ഛികചേഷ്ടയ്ക്ക് കുറഞ്ഞതു 3 ന്യൂറോണു(നാഡീകോശം)കളെങ്കിലും ഉണ്ടായിരിക്കും: (1) അഭിവാഹി ന്യൂറോണ്‍ - ബോധേന്ദ്രിയത്തില്‍ നിന്നും ഡോഴ്സല്‍ റൂട്ട് ഗാങ്ഗ്ളിയണി(Dorsal root ganalion)ലെത്തിച്ചേരുന്ന നാഡീകോശം; (2) അസോസിയേഷന്‍ ന്യൂറോണ്‍ -- സുഷുമ്നാനാഡിയിലെ ധൂസരദ്രവ്യ (grey matter)ത്തില്‍ കാണുന്ന ബഹുധ്രുവിയായ(mutipolar) നാഡീകോശം; (3) അപവാഹിന്യൂറോണ്‍ - ധൂസരദ്രവ്യത്തില്‍ കാണുന്ന ഈ നാഡീകോശത്തിന്റെ ആക്സോണ്‍, ഇഫക്റ്റോര്‍ അവയവത്തില്‍ കടന്നിരിക്കും. സുഷുമ്നാനാഡി കേന്ദ്രമായി ഒരു റിഫ്ളെക്സ് ആര്‍ക്ക് ഇപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്: -- കാലില്‍ ഒരുസൂചികൊണ്ടു കുത്തുന്നു എന്നിരിക്കട്ടെ. ഇത് അവിടത്തെ ഒരു സ്പര്‍ശനേന്ദ്രിയത്തെ പ്രചോദിപ്പിക്കുന്നു; അതില്‍നിന്നുണ്ടാകുന്ന ഒരാവേഗം ഡോഴ്സല്‍ റൂട്ട് ഗാങ്ഗ്ളിയണിലെ അഭിവാഹി ന്യൂറോണിലെത്തിച്ചേരുന്നു. ഇവിടെനിന്നും ആ ആവേഗം ധൂസരദ്രവ്യത്തിന്റെ ഡോഴ്സല്‍ ഹോണില്‍ (Dorsal horn) എത്തുന്നു. അസോസിയേഷന്‍ ന്യൂറോണിലേക്ക് ആവേഗങ്ങള്‍ പകര്‍ന്നുകൊടുക്കപ്പെടുന്നത് ഇവിടെവച്ചാണ്. തത്ഫലമായി നിര്‍ദേശങ്ങള്‍ ഇഫക്റ്റോര്‍ അവയവത്തിലെത്തുകയും കാലിലെ പേശികളുടെ ചലനം മൂലം കാല്‍ വലിക്കുകയും ചെയ്യുന്നു. ഒരു സെക്കന്റിന്റെ അംശം മാത്രം മതിയാവുന്നത്ര വേഗതയിലാണ് ഈ പ്രവര്‍ത്തനം നടക്കുക. ഈ പ്രവര്‍ത്തനങ്ങളോടൊപ്പംതന്നെ അസോസിയേഷന്‍ ന്യൂറോണിന്റെ മറ്റു ശാഖകള്‍ തലച്ചോറിലേക്കും ആവേഗങ്ങളയ്ക്കുന്നു. സൂചികൊണ്ടു കുത്തുമ്പോള്‍ വേദനയുണ്ടാകുന്നു എന്നു മനസ്സിലാകുന്നത് ഈ ആവേഗങ്ങള്‍ സ്വീകരിച്ചശേഷമുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം മൂലമാണ്. ഇക്കാരണത്താല്‍ പലപ്പോഴും കാല്‍ മാറ്റിക്കഴിഞ്ഞശേഷമാകും നാം ആ സംഭവത്തെപ്പറ്റി അറിയുകതന്നെ. അപ്പോള്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ മറ്റു പ്രവൃത്തികള്‍ക്ക് തലച്ചോറ് നിര്‍ദേശം നല്കിയെന്നു വരാം. എന്നാല്‍ അനൈച്ഛികചേഷ്ടയ്ക്ക് ഇവിടെയുള്ള പ്രാധാന്യം അടിയന്തിരസ്വഭാവമുള്ളതാണ്. അപകടകരമായ ഒരു സാഹചര്യത്തില്‍നിന്നും വളരെ പെട്ടെന്നു രക്ഷ നേടുവാന്‍ ഈ പ്രവൃത്തി സഹായിക്കുന്നു.

അന്തഃസ്രവവിജ്ഞാനീയം

Endocrinology

അന്തഃസ്രാവികളെയും കലകളെയും അവ സ്രവിക്കുന്ന ഹോര്‍മോണുകളെയും കുറിച്ചു പ്രതിപാദിക്കുന്ന വിജ്ഞാനശാഖ.

കശേരുകികള്‍.

പിറ്റ്യൂറ്ററി.

കശേരുകികളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന അന്തഃസ്രാവി പിറ്റ്യൂറ്ററി(Pituitary)യാണ്. ഇത് ഒന്‍പത് പ്രധാന ഹോര്‍മോണുകള്‍ സ്രവിക്കുന്നു. മുന്‍പിറ്റ്യൂറ്ററി (അഡിനോഹൈപ്പോഫൈസിസ്)യുടെ ഒരു ഭാഗമായ പാഴ്സ് ഇന്റര്‍മീഡിയ (pars intermedia) സ്രവിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്റര്‍മെഡിന്‍. ഇത് ചര്‍മത്തിലുള്ള മെലനോഫോറുകളെ (melanophores) വികസിപ്പിച്ച് തൊലിക്ക് പൊതുവേ ഒരു കറുപ്പുനിറം നല്കുന്നു. ചില സമയത്ത് ഇത് മെലാനിന്‍ (melanin) ഉത്പാദിപ്പിക്കുകയും ചെയ്യാറുണ്ട്. ഇന്റര്‍മെഡിന്റെ പ്രക്രിയ കൂടുതല്‍ പ്രകടമായി കാണുന്നത് ഉഭയജീവികളില്‍ (amphibia) ആണ്.

അഡിനോഹൈപ്പോഫൈസിസിന്റെ ഭാഗമായ പാഴ്സ്ഡിസ്റ്റാലിസ് (pars distalis) ആറു ഹോര്‍മോണുകള്‍ സ്രവിക്കുന്നു. ഇവയില്‍ ഒന്നാമത്തേതായ വളര്‍ച്ചാഹോര്‍മോണ്‍ അഥവാ സൊമാറ്റോട്രോപ്പിന്‍ (STH) വളര്‍ച്ചയെ (പ്രത്യേകിച്ച് എല്ലുകളുടേയും മാംസപേശികളുടേയും) ഉത്തേജിപ്പിക്കുകയും നൈട്രജന്‍ വിസര്‍ജനം കുറയ്ക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലുള്ള ഗ്ളൂക്കോസിന്റെ അളവ് കൂട്ടുന്ന (ഹൈപ്പര്‍ഗ്ളൈസീമിയ) ഗ്ളൂക്കഗോണ്‍ (glucagon) എന്ന ഹോര്‍മോണ്‍ സ്രവിക്കാന്‍ പാന്‍ക്രിയാസിലെ ആല്‍ഫാ കോശങ്ങളെ (alpha cells) ഉത്തേജിപ്പിക്കുന്നു.

പാഴ്സ് ഡിസ്റ്റാലിസ് സ്രവിക്കുന്ന അഡ്രിനോ കോര്‍ട്ടിക്കോ ട്രോപ്പിക്ക് ഹോര്‍മോണ്‍ (ACTH) അഡ്രിനല്‍ കോര്‍ട്ടക്സിനെ (adrenal cortex) ഉത്തേജിപ്പിച്ച് അതിന്റെ കോശങ്ങളെ വലുതാക്കുകയും അതില്‍നിന്ന് കൂടുതല്‍ ഹോര്‍മോണ്‍ സ്രവിപ്പിക്കുകയും ചെയ്യുന്നു. എ.സി.റ്റി.എച്ചിന്റെ രക്തത്തിലേക്കുള്ള പ്രവാഹം ഒരു പുനര്‍നിവിഷ്ഠ പ്രക്രിയ (Feed back process) വഴി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. രക്തത്തില്‍ അഡ്രിനോ കോര്‍ട്ടിക് ഹോര്‍മോണിന്റെ അളവു കൂടുമ്പോള്‍ പിറ്റ്യൂറ്ററിയില്‍നിന്നുള്ള എ.സി.റ്റി.എച്ചിന്റെ പ്രവാഹം കുറയുന്നു; അതുപോലെതന്നെ മറിച്ചും. എ.സി.റ്റി.എച്ചിന്റെ പ്രവാഹം കുറയുന്നതോടൊപ്പം അഡ്രിനോ കോര്‍ട്ടിക് ഹോര്‍മോണിന്റെ അഥവാ ഹോര്‍മോണുകളുടെ രക്തത്തിലേക്കുള്ള പ്രവാഹവും കുറയുന്നു. അസാധാരണമായുള്ള പ്രചോദനങ്ങളും എ.സി.റ്റി.എച്ചിന്റെ സ്രവണത്തെ ഉത്തേജിപ്പിക്കാറുണ്ട്. മത്സ്യങ്ങളില്‍ എ.സി.റ്റി.എച്ചിന്റെ മറ്റൊരു കര്‍ത്തവ്യം മെലാനിന്‍ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയെന്നതാണ്.

പാഴ്സ് ഡിസ്റ്റാലിസില്‍നിന്നുള്ള മൂന്നാമത്തെ ഹോര്‍മോണാണ് തൈറോട്രോപ്പിക് ഹോര്‍മോണ്‍ (Thyroid Stimulating Hormone-TSH). ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ വളര്‍ച്ചയേയും തൈറോക്സിന്റെ (thyroxine) സ്രവണത്തേയും പ്രോത്സാഹിപ്പിക്കുന്നു. രക്തത്തിലുള്ള തൈറോക്സിന്റെ അളവു കൂടുമ്പോള്‍ റ്റി.എസ്.എച്ചിന്റെ സ്രവണം നിലയ്ക്കുന്നു. പിറ്റ്യൂറ്ററിയില്‍നിന്നുള്ള റ്റി.എസ്.എച്ചിന്റെ സ്രവണത്തില്‍ ഒരു ന്യൂറോ-എന്‍ഡോക്രൈന്‍ മെക്കാനിസം കൂടി ഉള്ളതായി അറിവായിട്ടുണ്ട്. അന്തരീക്ഷത്തിന്റെ ചൂടു കുറയുമ്പോള്‍ ഹൈപ്പോതലാമസ്-ഹൈപ്പോഫൈസിയല്‍ പാത, മീഡിയന്‍ എമിനന്‍സ്, ഹൈപ്പോഫൈസിയല്‍ പോര്‍ട്ടല്‍ സിസ്റ്റം ഇവ വഴി അഡിനോഹൈപ്പോഫൈസിസിലേക്ക് റ്റി.എസ്.എച്ച്. സ്രവണത്തിനാവശ്യമായ പ്രചോദനം അയയ്ക്കുകയും തത്ഫലമായി തൈറോക്സിന്റെ അളവ് രക്തത്തില്‍ കൂടുകയും ചെയ്യുന്നു.

പാഴ്സ് ഡിസ്റ്റാലിസ് സ്രവിക്കുന്ന മറ്റൊരു ഹോര്‍മോണാണ് ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ (FSH). ഇത് അണ്ഡാശയത്തിലുള്ള (ovary) ഫോളിക്കിളുകളുടേയും പുരുഷബീജത്തെ (sperm) ഉത്പാദിപ്പിക്കുന്ന ട്യൂബുകളുടേയും വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. ഒരു പുനര്‍നിവിഷ്ഠ പ്രക്രിയവഴിയാണ് ഇതിന്റേയും സ്രവണം നിയന്ത്രിക്കപ്പെട്ടിട്ടുള്ളത്. രക്തത്തിലുള്ള ലൈംഗിക ഹോര്‍മോണുകളുടെ (sex hormones) അളവു കൂടുന്നതോടെ എഫ്.എസ്.എച്ചിന്റെ സ്രവണം നിലയ്ക്കുന്നു. പക്ഷികളില്‍ ഒരു നൂറോ-എന്‍ഡോക്രൈന്‍ റിഫ്ളക്സ് മൂലമാണ് എഫ്.എസ്.എച്ചിന്റെ സ്രവണനിയന്ത്രണം. പകലിന്റെ ദൈര്‍ഘ്യം കൂടുമ്പോള്‍ കണ്ണിലുള്ള സംവേദക കേന്ദ്രങ്ങള്‍ക്ക് (sensory centre) കൂടുതല്‍ പ്രചോദനം ലഭിക്കുന്നു. ഈ പ്രചോദനങ്ങള്‍ ഹൈപോതലാമസ്-മീഡിയന്‍ എമിനന്‍സ് വഴി എഫ്.എസ്.എച്ച്. സ്രവിക്കുന്ന കോശങ്ങളില്‍ എത്തുകയും അവ ഹോര്‍മോണ്‍ സ്രവിക്കുകയും ചെയ്യുന്നു.

പാഴ്സ് ഡിസ്റ്റാലിസില്‍ നിന്നുള്ള മറ്റൊരു ഹോര്‍മോണായ ലൂട്ടിനൈസിങ് ഹോര്‍മോണും എല്‍.എച്ച്. അന്തരാളീകോശങ്ങളെ പ്രചോദിപ്പിക്കുന്ന ഐ.സി.എസ്.എച്ച്. (interstitial cell stimulating hormone-ICSH)-ഉം ഒന്നുതന്നെയാണെന്നു കരുതപ്പെടുന്നു. പിറ്റ്യൂറ്ററി എടുത്തുമാറ്റിയ സസ്തനികളില്‍ എല്‍.എച്ച്. ജനനഗ്രന്ഥികളിലെ അന്തരാളീ കോശങ്ങളുടെ നിലനില്പിനു സഹായകമാകുന്നു. മാത്രമല്ല എല്‍.എച്ച്. അണ്ഡോത്സര്‍ഗത്തെ (ovulation) പ്രേരിപ്പിക്കുകയും അണ്ഡാശയഫോളിക്കിളിനെ ലൂട്ടിനൈസ് ചെയ്യുകയും ചെയ്യുന്നു. പക്ഷികളില്‍ എല്‍.എച്ചിന് തൂവലുകളുടെ വര്‍ണവിതാനത്തില്‍ ഒരു പങ്കുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. എല്‍.എച്ചിന്റെ സ്രവണത്തെ ഈസ്ട്രജന്‍ (oestrogen) പ്രചോദിപ്പിക്കുന്നു. ഒരു ന്യൂറോ-എന്‍ഡോക്രൈന്‍ റിഫ്ളക്സ് മൂലവും എല്‍.എച്ച്. സ്രവിപ്പിക്കാന്‍ കഴിയുമെന്നു സ്ഥാപിച്ചിട്ടുണ്ട്. മുയലുകളില്‍ സംയോഗം നടക്കുമ്പോഴുണ്ടാകുന്ന പ്രചോദനം തലച്ചോറിലേക്ക് ചെല്ലുന്നു. ഇതിന്റെ ഫലമായി എല്‍.എച്ച് രക്തത്തിലേക്ക് പ്രവഹിക്കുകയും അണ്ഡോത്സര്‍ഗം നടക്കുകയും ചെയ്യുന്നു. അണ്ഡത്തിന്റെ സേകസാധ്യത ഇതിനാല്‍ ഉറപ്പിക്കപ്പെടുന്നു. ലാക്ടോജനിക് ഹോര്‍മോണ്‍ (ലൂട്ടിയോ ട്രോപ്പിക് ഹോര്‍മോണ്‍ എല്‍.റ്റി.എച്ച്. അഥവാ മാമോട്രോപ്പിക് ഹോര്‍മോണ്‍ എം.എച്ച് പാഴ്സ് ഡിസ്റ്റാലിസില്‍നിന്നുദ്ഭവിക്കുന്ന പ്രധാനപ്പെട്ട വേറൊരു ഹോര്‍മോണാണ്. ഇത് സ്തനങ്ങളില്‍ ക്ഷീരോത്പാദനത്തെ പ്രചോദിപ്പിക്കുന്നു. കോര്‍പ്പസ് ലൂട്ടിയത്തില്‍നിന്ന് പ്രോജിസ്റ്ററോണ്‍ സ്രവിക്കുന്നതും ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായാണ്. കരയില്‍ ജീവിക്കുന്ന സാലമാന്‍ഡറുകളില്‍ പ്രായപൂര്‍ത്തിയായവ പ്രദര്‍ശിപ്പിക്കുന്ന 'വാട്ടര്‍ഡ്രൈവ്' അഥവാ വെള്ളത്തിലേക്കുള്ള പാച്ചില്‍ ഈ ഹോര്‍മോണ്‍ മൂലമാകുന്നു. ഹൈപ്പോതലാമസാണ് എല്‍.റ്റി.എച്ചിന്റെ സ്രവണത്തെ നിയന്ത്രിക്കുന്നത്.

ഓക്സിടോസിനും പ്രതിമൂത്രസംവര്‍ധക ഹോര്‍മോണും (Anti diuretic Hormone- എ.ഡി.എച്ച്.) ആണ് പിറ്റ്യൂറ്ററി (ന്യൂറോഹൈപ്പോഫൈസിസ്)യില്‍നിന്ന് പുറപ്പെടുന്ന രണ്ടു പ്രധാനപ്പെട്ട ഹോര്‍മോണുകള്‍. ഇവ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ തലച്ചോറില്‍ ഹൈപ്പോതലാമസിനുള്ളിലായി സ്ഥിതി ചെയ്യുന്നു. ഈ ഹോര്‍മോണുകള്‍ നാലു വ്യത്യസ്ത രൂപങ്ങളില്‍ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ലൈസിന്‍ വാസോപ്രസിന്‍, ആര്‍ജിനിന്‍ വാസോപ്രസിന്‍ എന്നിവ എ.ഡി.എച്ചിന്റെ രണ്ടു രൂപങ്ങളും, ഓക്സിടോസിനും ആര്‍ജിനിന്‍ വാസോടോസിനും ഓക്സിടോസിന്റെ രണ്ടു രൂപങ്ങളുമാണ്. ഇവയെല്ലാം തന്നെ രക്തസമ്മര്‍ദത്തെ പലവിധത്തില്‍ ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. ഓരോ ജന്തുവിഭാഗത്തിലും ഇവയുടെ പ്രവര്‍ത്തനരീതി വ്യത്യസ്തമാണ്. ഓക്സിടോസിന് സ്തനങ്ങളില്‍നിന്ന് പാല് പുറത്തേക്കു പ്രവഹിപ്പിക്കാനുള്ള കഴിവുകൂടി ഉണ്ട്. പ്രസവത്തിലും അണ്ഡാശയനാളികളില്‍കൂടി മുന്‍പോട്ടുള്ള പുംബീജചലനത്തിലും ഓക്സിടോസിനു പങ്കുണ്ടെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

തൈറോയ്ഡ്

അയഡിന്‍ ശേഖരിക്കുകയും അതിനെ ടൈറോസിന്‍ എന്ന അമിനോ അമ്ളവുമായി യോജിപ്പിച്ച് തൈറോക്സിന്‍ അഥവാ തൈറോയ്ഡ് ഹോര്‍മോണ്‍ സംശ്ളേഷണം ചെയ്യുകയും ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോക്സിന്റെ ഉത്പാദനത്തെ പിറ്റ്യൂറ്ററി നിയന്ത്രിക്കുന്നത് തൈറോട്രോപ്പിക് ഹോര്‍മോണ്‍ വഴിയാണ്. തൈറോക്സിന്‍ വാല്‍മാക്രികളില്‍ രൂപാന്തരണത്തിന് വേഗത കൂട്ടുന്നു; കലകളിലാകട്ടെ ഇത് വിഭേദനത്തെ (differentiation) ഉദ്ദീപിപ്പിക്കുന്നു. ചര്‍മത്തില്‍ തൈറോക്സിന്റെ പ്രവര്‍ത്തനമണ്ഡലം വളരെ വിപുലമാണ്. ഇത് ഉറയുരിക്കലിനു (moulting) പ്രേരണ നല്കുകമാത്രമല്ല ചര്‍മത്തിലെ കോശവിഭജന(mitosis)ത്തിന്റെ തോത് ഉയര്‍ത്തുകയും തൂവലുകളുടേയും രോമത്തിന്റെയും വളര്‍ച്ചയേയും വര്‍ണവിതാനത്തേയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും രക്തയോട്ടത്തെ വിപുലീകരിക്കുകയും കൂടി ഇതു ചെയ്യുന്നുണ്ട്. നാഡീവ്യൂഹത്തെ ഇതു വളരെയധികം ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. വലുപ്പത്തില്‍ മാത്രമല്ല കോശവിഭജനത്തിന്റെ തോതിലും കാര്യമായ ഉയര്‍ച്ച തൈറോക്സിന്‍ ഉളവാക്കുന്നു. കൂടാതെ ഈ ഹോര്‍മോണ്‍ അമിത മൂത്രവിസര്‍ജനത്തെ (ഡൈയൂറോസിസ്) പ്രോത്സാഹിപ്പിക്കുകയും ഉപാപചയത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

പാരാതൈറോയ്ഡ്

പാരാതൈറോയ്ഡ് ഉത്പാദിപ്പിക്കുന്ന പാരാത്തോര്‍മോണ്‍ കാല്‍സ്യത്തിന്റേയും ഫോസ്ഫറസിന്റേയും ഉപാപചയത്തെ നിയന്ത്രിക്കുന്നു. രക്തത്തില്‍ ഈ ഹോര്‍മോണിന്റെ അളവു കൂടുമ്പോള്‍ എല്ലുകളിലുള്ള കാല്‍സ്യം ഫോസ്ഫേറ്റില്‍നിന്ന് കാല്‍സ്യം ചോര്‍ത്തിയെടുക്കപ്പെടും. അങ്ങനെ രക്തത്തിലുള്ള കാല്‍സ്യത്തിന്റെ അളവു കൂടുകയും അധികമുണ്ടാകുന്ന ഫോസ്ഫേറ്റ് വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. കുടലില്‍ ഇത് ആഹാരത്തിലൂടെ വരുന്ന കാല്‍സ്യത്തെ കൂടുതലായി വലിച്ചെടുക്കാന്‍ പ്രേരണ നല്കുന്നു.

പാന്‍ക്രിയാസ് (ആഗ്നേയഗ്രന്ഥി)

പാന്‍ക്രിയാസിലുള്ള ആല്‍ഫാ, ബീറ്റാ കോശങ്ങള്‍ യഥാക്രമം ഗ്ളൂക്കഗോണ്‍, ഇന്‍സുലിന്‍ എന്നീ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നു. പാന്‍ക്രിയാസ് മുഴുവനായി എടുത്തുമാറ്റുകയോ അല്ലെങ്കില്‍ ബീറ്റാ കോശങ്ങളെ നശിപ്പിക്കുകയോ ചെയ്താല്‍ പ്രമേഹം ഉണ്ടാകുന്നു. ഹൈപ്പര്‍ഗ്ളൈസീമിയ (രക്തത്തിലുള്ള ഗ്ളൂക്കോസിന്റെ അളവ് അമിതമായി വര്‍ധിക്കുന്നത്), ഗ്ളൈക്കോസ്യൂറിയ (ഗ്ളൂക്കോസ് വിസര്‍ജനം), കരളില്‍ ഗ്ളൈക്കോജന്‍ശോഷണം, ഗ്ളൈക്കോജിനിസിസിന്റെ കുറവ്, ഗ്ളൂക്കോനിയോജെനിസിസില്‍ (പ്രോട്ടീനില്‍നിന്നും കാര്‍ബോഹൈഡ്രേറ്റിന്റെ ഉത്പാദനം) ഉള്ള താഴ്ച, ശ്വസനത്തോതിലുള്ള കുറവ് എന്നിവ ഇതേത്തുടര്‍ന്നു കാണപ്പെടുന്നു. സാധാരണ ജീവികളോ പാന്‍ക്രിയാസ് മുറിച്ചുമാറ്റിയവയിലോ ഇന്‍സുലിന്‍ കടത്തിവിട്ടാല്‍ ഹൈപ്പോഗ്ളൈസീമിയ (രക്തത്തില്‍ ഗ്ളൂക്കോസിന്റെ അളവ് കുറയുന്നത്) മാത്രമല്ല ഫലം; കരളില്‍ ഗ്ളൈക്കോജെനിസിസും ഗ്ളൈക്കോനിയോജെനിസിസും കൂടുകയും ശ്വസനത്തോത് വര്‍ധിക്കുകയും ചെയ്യുന്നു. ഇത് മാംസപേശികളിലുള്ള ഗ്ളൈക്കോജനെ കരളിലെ ഗ്ളൈക്കോജനെപ്പോലെ ബാധിക്കുന്നില്ല. നേരെമറിച്ചുള്ള ഒരു അനുഭവമാണ് ഗ്ളൂക്കഗോണ്‍ കടത്തിവിട്ടാലുണ്ടാകുക. രക്തത്തിലുള്ള ഗ്ളൂക്കോസിന്റെ അളവ് കൂടുകയും കരളിലുള്ള ഗ്ളൈക്കോജന്‍ കുറയുകയും ചെയ്യുന്നു. മാംസപേശികളിലുള്ള ഗ്ളൈക്കോജന്‍ നിക്ഷേപത്തെ ഇത് ഒട്ടുംതന്നെ ബാധിക്കുന്നില്ല. ഇന്‍സുലിന്റേയും ഗ്ളൂക്കഗോണിന്റേയും രക്തത്തിലേക്കുള്ള പ്രവാഹത്തെ നിയന്ത്രിക്കുന്നത് രക്തത്തിലുള്ള ഗ്ളൂക്കോസിന്റെ ഏറ്റക്കുറച്ചിലാണ്.

അണ്ഡാശയം

ഈസ്ട്രജന്‍ പ്രധാനമായും അണ്ഡാശയത്തിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് അണ്ഡനാളത്തിന്റേയും ഗര്‍ഭപാത്രത്തിന്റേയും നിലനില്പിനും പ്രചോദനത്തിനും അത്യാവശ്യമാകുന്നു. ഈസ്ട്രജന്റെ ഉത്തേജനം ലഭിച്ചിട്ടുള്ള ഗര്‍ഭപാത്രത്തിന്‍മേല്‍ ഓക്സിടോസിന് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയും. സസ്തനികളില്‍ യോനീകോശങ്ങളുടെ വളര്‍ച്ചയിലും സ്തരിത എപ്പിത്തീലിയത്തിന്റെ (stratified epithelium) നിര്‍മാണത്തിലും ഈസ്ട്രജന് നിര്‍ണായക സ്വാധീനമുണ്ട്. പ്രായപൂര്‍ത്തിക്കൊത്തു പ്രത്യക്ഷപ്പെടുന്ന സ്ത്രൈണസ്വഭാവങ്ങളുടെ രൂപീകരണത്തിലും ഈസ്ട്രജനു പങ്കുണ്ട്. ചില ജന്തുവര്‍ഗങ്ങളില്‍ ഈസ്ട്രജന്‍ അഡ്രിനല്‍ ഗ്രന്ഥിയുടെ അമിതമായ വളര്‍ച്ചയ്ക്കു കാരണമാകുന്നു. ഈസ്ട്രജന്റെ തുടര്‍ച്ചയായുള്ള പ്രവാഹം പിറ്റ്യൂറ്ററിയിലെ ഗൊണാഡോട്രോപ്പിനുകളുടെ സ്രവണത്തെ തടയുന്നു.

കോര്‍പ്പസ് ലൂട്ടിയം

പ്ളാസന്റ. പ്രോജസ്റ്ററോണ്‍ പോലുള്ള യൌഗികങ്ങളായ ജെസ്റ്റജനുകള്‍ കോര്‍പ്പസ് ലൂട്ടിയം, പ്ളാസന്റ എന്നിവയില്‍നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു. ഇവയെ കൂട്ടായി 'ഗര്‍ഭഹോര്‍മോണുകള്‍' എന്നു വിളിക്കാം. ഗര്‍ഭിണികളില്‍ പ്രോജസ്റ്ററോണ്‍ (progesterone) ഗര്‍ഭപാത്രത്തിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഗര്‍ഭപാത്രത്തിന്റെ മാംസപേശീവലയമായ മയോമെട്രിയത്തിന് ഓക്സിടോസിനോടുള്ള സംവേദനക്ഷമത ഇതുമൂലം കുറയുന്നു. മാത്രമല്ല എല്‍.എച്ച്.-ന്റെ സ്രവണത്തേയും അണ്ഡോത്സര്‍ഗത്തേയും പ്രോജസ്റ്ററോണ്‍ തടയുകയും ചെയ്യും.

അണ്ഡാശയം, കോര്‍പ്പസ് ലൂട്ടിയം, ഗര്‍ഭപാത്രത്തിലെ എന്‍ഡോമെട്രിയം, പ്ളാസന്റ തുടങ്ങിയവകളില്‍നിന്നു സ്രവിക്കുന്ന റിലാക്സിന്‍ മറ്റൊരു ഗര്‍ഭഹോര്‍മോണായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത് ജഘന സ്നായു(pubic ligament)വിനെ അയവുള്ളതാക്കുകയും ജഘന സംധാന(P.symphysis)ത്തില്‍നിന്ന് എല്ലിനെ നിര്‍മാര്‍ജനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ മറ്റുപല ഹോര്‍മോണുകളോടും ഒത്തുനിന്നുകൊണ്ട് റിലാക്സിന്‍ സ്തനഗ്രന്ഥികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും, ഗര്‍ഭപാത്രത്തില്‍ ചില മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുന്നു.

വൃഷണം

വൃഷണം ഉത്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട ആന്‍ഡ്രോജനാണ് ടെസ്റ്റോസ്റ്റിറോണ്‍ (testosterone). വൃഷണത്തിന്റേയും സഹായകഗ്രന്ഥികളുടേയും പ്രവര്‍ത്തനത്തിനും പ്രൌഢലൈംഗികഭാവങ്ങളുടെ നിലനില്പിനും ഇത് ആവശ്യമാണ്. കൂടാതെ ഇവയ്ക്ക് പുംബീജോത്പാദനത്തിലും പ്രേരണ ചെലുത്താന്‍ കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. പരീക്ഷണാര്‍ഥം സ്ത്രീകളില്‍ ആന്‍ഡ്രോജനുകള്‍ കടത്തിവിട്ടാല്‍ പുരുഷ ലിംഗസ്വഭാവങ്ങള്‍ പ്രത്യക്ഷപ്പെടും; പ്രജനന വ്യൂഹത്തില്‍ പുരുഷസമാനാവയവങ്ങളുടെ വളര്‍ച്ചയ്ക്കും ഇത് വഴിതെളിക്കും. ആന്‍ഡ്രോജന്‍, പ്രോട്ടീന്‍ സങ്കലനത്തെ സഹായിക്കുന്നുവെന്നും കരുതപ്പെടുന്നു.

അഡ്രിനല്‍

കോര്‍ട്ടിക്കോയ്ഡ് ഹോര്‍മോണുകളായ ഗ്ളൂക്കോകോര്‍ട്ടിക്കോയ്ഡും മിനറലോ കോര്‍ട്ടിക്കോയ്ഡും അഡ്രിനല്‍ കോര്‍ട്ടക്സില്‍ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഗ്ളൂക്കോകോര്‍ട്ടിക്കോയ്ഡുകള്‍ പലതരമുണ്ട്. അവയില്‍ പ്രധാനം കോര്‍ട്ടിസോള്‍, കോര്‍ട്ടിസോണ്‍, കോര്‍ട്ടിക്കോസ്റ്റിറോണ്‍ എന്നിവയാണ്. ആല്‍ഡോസ്റ്റീറോണും ഡി-ഓക്സികോര്‍ട്ടിക്കോസ്റ്റിറോണുമാണ് പ്രധാനപ്പെട്ട മിനറലോ കോര്‍ട്ടിക്കോയ്ഡുകള്‍. ഇവകൂടാതെ ആന്‍ഡ്രജനുകളും ഈസ്ട്രജനുകളും പ്രോജസ്റ്റിറോണും അഡ്രിനല്‍ ഗ്രന്ഥിയില്‍നിന്ന് വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഇവയില്‍ അവസാനത്തേത് അഡ്രിനോ കോര്‍ട്ടിക്കല്‍ സ്റ്റീറോയ്ഡുകള്‍ ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന ഒരു ഉപോത്പന്നം മാത്രമാണ്.

അഡ്രിനല്‍ഗ്രന്ഥി എടുത്തുമാറ്റിയാല്‍ രക്തത്തിലുള്ള സോഡിയം ക്ളോറൈഡിന്റേയും ബൈകാര്‍ബണേറ്റിന്റേയും അളവ് കുറയുകയും പൊട്ടാസ്യം വര്‍ധിക്കുകയും ചെയ്യും. സോഡിയവും അതിനോടൊപ്പം ജലവും അമിതമായി വിസര്‍ജിക്കപ്പെടുന്നതിനാല്‍ രക്തത്തിനു കട്ടികൂടുന്നു. ബൈകാര്‍ബണേറ്റിന്റെ അമിതമായ നഷ്ടം രക്തത്തെ അമ്ളീകരിക്കുകയും ചെയ്യും. ഈ കുറവുകള്‍ മിനറലോ കോര്‍ട്ടിക്കോയ്ഡുകള്‍ കടത്തിവിട്ടു പരിഹരിക്കാവുന്നതേയുള്ളു. മറിച്ച് ഗ്ളൂക്കോകോര്‍ട്ടിക്കോയ്ഡുകള്‍ സോഡിയത്തിന്റേയും വെള്ളത്തിന്റേയും വിസര്‍ജനത്തെ തടയുകയോ സഹായിക്കുകയോ ചെയ്തേക്കാം. ആല്‍ഡോസ്റ്റീറോണ്‍ സോഡിയത്തെ നിലനിര്‍ത്തുകയും പൊട്ടാസ്യത്തെ വൃക്കയില്‍കൂടി വിസര്‍ജിപ്പിക്കുകയും ചെയ്യുന്നു.

ചില കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ ഗ്ളൂക്കോനിയോജനിക്കുകളാണ്; അഡ്രിനല്‍ കോര്‍ട്ടക്സിന് ലിംഗഹോര്‍മോണിനെപ്പോലെ പ്രവര്‍ത്തിക്കാനും കഴിയും. കോര്‍ട്ടിക്കോയ്ഡുകള്‍ക്ക് സംയോജനകലയില്‍ പ്രേരണ ചെലുത്താനുള്ള കഴിവുമുണ്ട്. അവ കൊളാജന്‍ (collagen), മ്യൂക്കോപ്രോട്ടീന്‍ മാട്രിക്സ് (matrix) എന്നിവയുടെ ശിഥിലീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു.

ഗ്ളൂക്കോ കോര്‍ട്ടിക്കോയ്ഡുകളുടെ സ്രവണത്തെ നിയന്ത്രിക്കുന്നത് പിറ്റ്യൂറ്ററിയിലെ എ.സി.റ്റി.എച്ച്.-ഉം അഡ്രിനല്‍ കോര്‍ട്ടക്സും കൂടി ചേര്‍ന്നുള്ള ഒരു നെഗറ്റീവ് പുനര്‍നിവിഷ്ഠ പ്രക്രിയ മുഖേനയാണ്. അതേസമയം ആല്‍ഡോസ്റ്റിറോണിന്റെ സ്രവണം കോശത്തിനു പുറത്തുള്ള ദ്രവത്തിന്റെ അളവും പൊട്ടാസ്യത്തിന്റെ സാന്ദ്രതയും അനുസരിച്ചായിരിക്കും. പൊട്ടാസ്യത്തിന്റെ അളവ് കൂടുമ്പോള്‍ ആല്‍ഡോസ്റ്റിറോണിന്റെ സ്രവണത്തിലും വര്‍ധനവുണ്ടാകുന്നു. പൈനിയല്‍ ഗ്രന്ഥിയില്‍നിന്നുള്ള ഒരു എപ്പിതലാമിക് ഘടകവും മിനറലോ കോര്‍ട്ടിക്കോട്രോപ്പിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഊഹിക്കപ്പെടുന്നു.

അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ ക്രോമാഫിന്‍ കോശങ്ങളില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. അഡ്രിനാലിന്‍ രക്തവാഹിനികളെ വികസിപ്പിക്കുക മാത്രമല്ല ഹൃദയത്തില്‍നിന്നുള്ള രക്തത്തിന്റെ പ്രവാഹത്തെ ത്വരിപ്പിക്കുകകൂടി ചെയ്യുന്നു. കൂടാതെ അഡ്രിനാലിനും നോര്‍ അഡ്രിനാലിനും രക്തസമ്മര്‍ദത്തെ ഉയര്‍ത്തുന്നതായി കണ്ടിട്ടുണ്ട്. നോര്‍ അഡ്രിനാലിന്‍ ഈ കര്‍ത്തവ്യം നിറവേറ്റുന്നത് രക്തവാഹിനികളെ സങ്കോചിപ്പിച്ചുകൊണ്ടും, അഡ്രിനാലിന്‍ ഹൃദയത്തില്‍നിന്നുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തികൊണ്ടുമാണ്. ഇവ രണ്ടും കരളിലേയും മാംസപേശികളിലേയും ഗ്ളൈക്കോജനോലിസിസ് പ്രോത്സാഹിപ്പിക്കുന്നതു നിമിത്തം രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ പട്ടിണികിടക്കുന്ന ജന്തുക്കളില്‍പ്പോലും മാംസപേശികളില്‍ അഡ്രിനാലിന്‍ നിമിത്തമുള്ള ഗ്ളൈക്കോജനോലിസിസ് ഉണ്ടാകുന്നതും ലാക്ടേറ്റും ഗ്ളൂക്കോസും ഉത്പാദിപ്പിക്കപ്പെടുന്നതും കണ്ടിട്ടുണ്ട്. അതേസമയം ഇവയുടെ കരളില്‍ ഈ ലാക്ടേറ്റ് ഉപയോഗിച്ച് ഗ്ളൈക്കോജെനിസിസ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന് ഓക്സിജന്റെ ഉപയോഗവും ചൂടും വര്‍ധിക്കുന്നു.

പൈനിയല്‍

അഡ്രിനല്‍ കോര്‍ട്ടക്സിനെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകത്തിനു പുറമേ വളരെ ശക്തിയുള്ള ഒരു ക്രോമറ്റോഫോറോട്രോപ്പിന്റെ കൂടി ഉത്പാദനകേന്ദ്രമാണ് പൈനിയല്‍ ഗ്രന്ഥി. മെലാടോണിന്‍ എന്ന ഈ വര്‍ണകചോദകഘടകം തവളയുടെ ചര്‍മത്തിലുള്ള മെലാനിനെ സങ്കോചിപ്പിക്കുന്നു.

അകശേരുകികള്‍

1917-ല്‍ കോപ്പെക് എന്ന ശാസ്ത്രജ്ഞനാണ് നട്ടെല്ലില്ലാത്ത ജീവികളിലും ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്. ഷഡ്പദങ്ങളില്‍ എക്ഡൈസിയല്‍ ഗ്രന്ഥി (പടം പൊഴിക്കല്‍ ഗ്രന്ഥി) എക്ഡൈസോണ്‍ എന്നു വിളിക്കപ്പെടുന്ന ഒരു മോള്‍ട്ട് ഹോര്‍മോണ്‍ സ്രവിപ്പിക്കുന്നു. മുഖ്യമായി രണ്ടുതരത്തിലുള്ള എക്ഡൈസോണുകളാണ് ഉള്ളത്: ആല്‍ഫാ എക്ഡൈസോണും ബീറ്റാ എക്ഡൈസോണും. ഇവയില്‍ ആദ്യത്തേതാണ് കൂടുതല്‍ വീര്യമുള്ള ഹോര്‍മോണ്‍. പ്രായപൂര്‍ത്തിയാകാത്ത ഷഡ്പദങ്ങളില്‍ എക്ഡൈസോണ്‍ കടത്തിവിട്ടാല്‍ അത് പടംപൊഴിക്കലിനേയും പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രമുണ്ടാകുന്ന സ്വഭാവങ്ങളുടെ വളര്‍ച്ചയേയും പ്രോത്സാഹിപ്പിക്കുന്നു. ലാര്‍വകളില്‍ ഇത് ഉറയുരിക്കലിനെ പ്രചോദിപ്പിച്ച് ലാര്‍വല്‍ ഇന്‍സ്റ്റാറിന്റെ അവസാനം കുറിക്കുന്നു. പ്യൂപ്പയില്‍ ഈ ഹോര്‍മോണ്‍ ഉറയുരിക്കലിനെ മാത്രമല്ല, വിഭേദനത്തേയും ഉദ്ദീപിപ്പിക്കുന്നു. അണ്ഡാശയത്തിന്റെയും വൃഷണത്തിന്റെയും പ്രാഥമിക വളര്‍ച്ചയ്ക്ക് ഇത് ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. എക്ഡൈസിയല്‍ ഗ്രന്ഥിയെ പ്രചോദിപ്പിക്കുന്നത് തലച്ചോറിലെ പാഴ്സ് ഇന്റര്‍ സെറിബ്രാലിസിലുള്ള ചില നാഡീസ്രവകോശങ്ങള്‍ (neuro secretory cells) സ്രവിക്കുന്ന എക്ഡൈസോട്രോപ്പിനാണ്. എക്ഡൈസിയല്‍ ഗ്രന്ഥിയെ പ്രചോദിപ്പിക്കാന്‍ മാത്രമല്ല, എക്ഡൈസോണിന്റെ ഉത്പാദനം തുടര്‍ന്നുപോകുന്നതിനും ഈ ഹോര്‍മോണ്‍ ആവശ്യമാണ്. മിക്കവാറും എല്ലാ ഷഡ്പദങ്ങളിലും പ്രായപൂര്‍ത്തിയാകുന്നതോടൊപ്പം എക്ഡൈസിയല്‍ ഗ്രന്ഥിയും അപ്രത്യക്ഷമാകുന്നു.

ഷഡ്പദങ്ങളിലെ മറ്റൊരു അന്തഃസ്രാവിയാണ് ജുവനൈല്‍ ഹോര്‍മോണിന്റെ (ജെ.എച്ച്.) ഉത്പാദനകേന്ദ്രമായ കോര്‍പ്പസ് അലാറ്റം (Corpus allatum). എക്ഡൈസോണിനോടു ചേര്‍ന്ന് ജൂവനൈല്‍ ഹോര്‍മോണ്‍ നിര്‍ദിഷ്ട കോശങ്ങള്‍ക്ക് എക്ഡൈസോണിനോടുള്ള പ്രതികരണത്തില്‍ മാറ്റം വരുത്തുന്നു. ജെ.എച്ചിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യക്തമായി കാണുന്നത് അധിചര്‍മകോശങ്ങളിലാണ്. രക്തത്തിലുള്ള എക്ഡൈസോണിന്റേയും ജെ.എച്ചിന്റെയും അളവ് കൂടുമ്പോള്‍ ഉണ്ടാകുന്ന പടം പൊഴിക്കല്‍ ഒരു ലാര്‍വാ ദശയില്‍നിന്ന് മറ്റൊരു ലാര്‍വാ ദശയിലേക്ക് നയിക്കുന്നു. എന്നാല്‍ ജെ.എച്ചിന്റെ അളവ് കുറയുകയും എക്ഡൈസോണിന്റെ അളവ് കൂടുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഉറയുരിക്കല്‍ ലാര്‍വയില്‍നിന്ന് പ്യൂപ്പയെ ഉണ്ടാക്കുന്നു. പ്യൂപ്പയില്‍നിന്നു പ്രായപൂര്‍ത്തിയായ ഷഡ്പദത്തിലേക്കുള്ള ഉറയുരിക്കലാകട്ടെ ജെ.എച്ചിന്റെ അഭാവത്തില്‍, അതായത് എക്ഡൈസോണിന്റെ മാത്രം സാന്നിധ്യത്തില്‍, നടക്കുന്നു. ഇവ കൂടാതെ ജെ.എച്ചിന് പ്രോതൊറാസിക് അഥവാ മോള്‍ട്ട് ഗ്രന്ഥിയെ പ്രചോദിപ്പിക്കുന്ന ഒരു കര്‍ത്തവ്യംകൂടി നിശാശലഭങ്ങളില്‍ ഉള്ളതായി അറിവുണ്ട്. പ്രായപൂര്‍ത്തിയായ ഷഡ്പദങ്ങളില്‍ കോര്‍പ്പസ് അലാറ്റം ഒരു ഗൊണാഡോട്രോപ്പിക് ഹോര്‍മോണ്‍ സ്രവിക്കുന്നു. ജെ.എച്ച്.-ഉം ഗൊണാഡോട്രോപ്പിക് ഹോര്‍മോണും ഒന്നുതന്നെയെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ഷഡ്പദങ്ങളുടെ ഓരോ ജീവിതദശയിലും അത് ഓരോ തരത്തിലുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നുവെന്നു മാത്രം. ലാര്‍വാദശയില്‍ ശരീരത്തിന്റെ പൊതുവേയുള്ള വളര്‍ച്ചയേയും പ്രൌഢദശയില്‍ പ്രത്യുത്പാദനേന്ദ്രിയങ്ങളുടെ വളര്‍ച്ചയേയും ഇത് സഹായിക്കുന്നു. പെണ്‍ ഷഡ്പദങ്ങളില്‍ ജെ.എച്ച്., അണ്ഡാശയത്തിന്റെ വളര്‍ച്ചയ്ക്കും മുട്ടയില്‍ പീതകം സങ്കലനം ചെയ്തു സംഭരിക്കുന്നതിനും അത്യാവശ്യമാണെന്നു കണ്ടിട്ടുണ്ട്. ഗാലേറിയാ മെലോനല്ലാ എന്ന 'മെഴുക് നിശാശലഭ'ത്തില്‍ ഏതുതരത്തിലുള്ള കൊക്കൂണാണ് എന്നതുപോലും രക്തത്തിലുള്ള ജെ.എച്ചിന്റെ അളവിനെ ആശ്രയിച്ചിരിക്കും. ചില ശലഭങ്ങളില്‍ സംയോഗം, ഡയാപ്പോസ്, ഫെറോമോണുകളുടെ ഉത്പാദനം എന്നിവയെല്ലാംതന്നെ ജെ.എച്ചിന്റെ നിയന്ത്രണത്തിലാണ്. എക്ഡൈസോണിനെ പോലെ തന്നെ ജെ.എച്ചിന്റെ സ്രവണത്തേയും നിയന്ത്രിക്കുന്നത് തലച്ചോറിലെ നാഡീസ്രവകോശങ്ങളില്‍നിന്നു പുറപ്പെടുന്ന മറ്റൊരു ആക്ടിവേഷന്‍ ഹോര്‍മോണായ അലാറ്റോ ട്രോപ്പിക് ഹോര്‍മോണ്‍ ആണെന്ന് കരുതപ്പെടുന്നു. കോര്‍പ്പസ് അലാറ്റത്തിന്റെ നിയന്ത്രണം നാഡീസ്രവത്തെക്കാള്‍ നാഡീചോദകങ്ങള്‍ക്കനുസൃതമായാണെന്നും രക്തത്തിലെ പ്രോട്ടീന്‍ മെറ്റബൊളൈറ്റുകള്‍ക്ക് അലാറ്റത്തിന്റെ നിയന്ത്രണത്തില്‍ പങ്കുണ്ടാകാമെന്നും അഭിപ്രായമുണ്ട്.

ക്രസ്റ്റേഷ്യകളിലുള്ള 'Y' അവയവം ഷഡ്പദങ്ങളിലെ എക്ഡൈസിയല്‍ ഗ്രന്ഥിക്കു തുല്യമാണ്. ഇത് പടം പൊഴിക്കലിനെ പ്രചോദിപ്പിക്കുന്ന ഒരു മോള്‍ട്ട് ഹോര്‍മോണായ 'ക്രിസ്റ്റെക്ഡൈസോണ്‍' ഉത്പാദിപ്പിക്കുന്നു. ഇതിന്റെ സ്രവണത്തെ തടയുന്നത് സൈനസ് ഗ്രന്ഥിയില്‍ നിന്നു പുറപ്പെടുന്ന മോള്‍ട്ട് ഇന്‍ഹിബിറ്റിങ് ഹോര്‍മോണാണ്. മോള്‍ട്ട് ഹോര്‍മോണ്‍ ഉറയുരിക്കലിനോടൊപ്പം തന്നെ നഷ്ടപ്പെട്ടുപോയ കാലുകളുടെ പുനരുത്പാദനത്തെയും പ്രോത്സാഹിപ്പിക്കുന്നു. അണ്ഡാശയത്തിന്റേയും വൃഷണത്തിന്റേയും പ്രാരംഭവളര്‍ച്ചയ്ക്കും ശലഭങ്ങളിലെന്നപോലെ ക്രസ്റ്റേഷ്യകളിലും ഈ ഹോര്‍മോണ്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണ്. ക്രസ്റ്റേഷ്യകളില്‍ പലതും പ്രൌഢദശയിലും ഉറയുരിക്കല്‍ തുടര്‍ന്നു കൊണ്ടുപോകുന്നതിനാല്‍ 'Y' അവയവം ഒരിക്കലും അപ്രത്യക്ഷമാകുന്നില്ല.

ക്രസ്റ്റേഷ്യകളിലെ ആന്‍ഡ്രോജനിക് ഗ്രന്ഥി പുരുഷ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇതില്‍നിന്ന് ഉദ്ഭവിക്കുന്ന ആന്‍ഡ്രോജനിക് ഹോര്‍മോണ്‍ ലൈംഗിക ലക്ഷണങ്ങള്‍ക്കു മാത്രമല്ല പുരുഷന്റെ പ്രത്യേകതരം പെരുമാറ്റങ്ങള്‍ക്കുപോലും കാരണമാകുന്നു. ഈ ഗ്രന്ഥിയുടെ സ്രവണത്തെ നിയന്ത്രിക്കുന്നത് സൈനസ് ഗ്രന്ഥി വഴി പുറത്തുവരുന്ന ഗൊണാഡ് ഇന്‍ഹിബിറ്റിങ് ഹോര്‍മോണ്‍ എന്ന നാഡീസ്രവഘടകം ആണ്.

കശേരുകികളിലേയും അകശേരുകികളിലേയും വിവിധ അന്തഃസ്രാവികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളേയും അവയുടെ ഉദ്ഭവസ്ഥാനം, അവ വിവിധ ശാരീരിക പ്രക്രിയകളില്‍ വരുത്തിത്തീര്‍ക്കുന്ന ഫലങ്ങള്‍, അവയുടെ രാസഘടന എന്നിവയേയും സംക്ഷിപ്തമായി പട്ടികയില്‍ വിവരിക്കുന്നു.

അന്തഃസ്രാവികള്‍

ഹോര്‍മോണുകളെ സംശ്ളേഷണം ചെയ്ത് രക്തത്തിലേക്ക് സ്രവിപ്പിക്കുന്ന ഗ്രന്ഥികള്‍. എന്‍ഡോണ്‍, ക്രൈനീന്‍ എന്നീ ഗ്രീക് പദങ്ങളില്‍ നിന്നാണ് എന്‍ഡോക്രൈന്‍-അന്തഃസ്രാവി-എന്ന വാക്കിന്റെ ഉദ്ഭവം. 'അകത്ത്' (within) എന്നാണ് എന്‍ഡോണ്‍ (Endon) എന്ന വാക്കിന്റെ അര്‍ഥം; ക്രൈനീന്‍ (Krinein) എന്നതിന് 'വേര്‍പെടുത്തുക' (to seperate) എന്നും. 'ആന്തരികസ്രവണം' നടത്തുന്നവ എന്നാണ് ഈ വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. നാളീരഹിത ഗ്രന്ഥികളായ ഇവയില്‍നിന്നുണ്ടാകുന്ന സ്രവങ്ങള്‍ നേരിട്ട് രക്തത്തില്‍ ലയിക്കുകയോ അല്ലെങ്കില്‍ ആമാശയംപോലെ പൊള്ളയായ ഏതെങ്കിലും അവയവത്തിനുള്ളില്‍ വീഴുകയോ ചെയ്യുന്നു. പരിണാമഗതിയില്‍ പ്രത്യക്ഷമായവയാണ് അന്തഃസ്രാവികളും അവയുടെ സ്രവങ്ങളും. 'ഹോര്‍മോണ്‍' എന്നറിയപ്പെടുന്ന ഈ സ്രവങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കിടയില്‍ 'സന്ദേശവാഹക'രായി (chemical messngers) വര്‍ത്തിക്കുന്നു. ഉത്തേജിപ്പിക്കുക എന്നര്‍ഥമുള്ള 'ഓര്‍മാവോ' (Ormao) എന്ന ഗ്രീക് പദത്തില്‍നിന്നാണ് 'ഹോര്‍മോണി'ന്റെ ഉദ്ഭവം. എന്നാല്‍ ഇപ്പോള്‍ ഈ വാക്ക് ഉത്തേജകാരികളും (excitatory) നിരോധകാരികളുമായ (inhibitory) എല്ലാ സ്രവങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കപ്പെടുന്ന ഒരു പൊതുനാമമായി തീര്‍ന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഹോര്‍മോണുകള്‍ കൂടുതലും ഉത്തേജകാരികളെന്നതിനേക്കാള്‍ നിരോധകാരികളായാണ് പ്രവര്‍ത്തിക്കുക (ഉദാ. കുടലിലെ മൃദുപേശികളില്‍ അഡ്രിനലിന്‍ പ്രവര്‍ത്തനം).

അന്തഃസ്രാവികളുടെ പൊതുസ്വഭാവങ്ങള്‍

വളരെ ചെറിയ അവയവങ്ങളാണിവ. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു മനുഷ്യനില്‍ കാണപ്പെടുന്ന അന്തഃസ്രാവികളില്‍ ഏറ്റവും വലുത് തൈറോയ്ഡ് ഗ്രന്ഥിയാണ്. തൈറോയ്ഡ് ഹോര്‍മോണിന്റെ കൂടിയ തോതിലുള്ള സാന്നിധ്യമാണ് തൈറോയ്ഡിന്റെ അസാധാരണ വലുപ്പത്തിന് കാരണമായി പറയപ്പെടുന്നത്. എന്നാല്‍ വളര്‍ച്ചയുടെ പ്രാരംഭഘട്ടങ്ങളില്‍ അഡ്രിനല്‍ കോര്‍ട്ടക്സ് ആണ് ഏറ്റവും വലുത്; ഏറ്റവും ചെറുത് പാരാതൈറോയ്ഡുകളും.

അന്ത:സ്രാവികള്‍ -മനുഷ്യനില്‍: 1.പൈനിയല്‍ ഗ്രന്ഥി 2.പിറ്റ്യൂറ്ററി 3.പാരാതൈറോയ്ഡ് 4.തൈറോയ്ഡ് 5.തൈമസ് 6.അഡ്രിനല്‍ ഗ്രന്ഥി 7.പാന്‍ക്രിയാസ് 8.അണ്ഡാശയം (സ്ത്രീകളില്‍)9.പ്ളാസന്റ (ഗര്‍ഭിണികളില്‍) 10.വൃഷണം(പുരുഷന്മാരില്‍)

ഏത് കലയില്‍നിന്ന് രൂപമെടുക്കുന്നു എന്നതിനെ ആധാരമാക്കി അന്തഃസ്രാവികളെ മൂന്നു തരത്തില്‍ പെടുത്തിയിരിക്കുന്നു: എപ്പിത്തീലിയത്തില്‍നിന്നും ഉണ്ടാകുന്നവ (ഇവയ്ക്ക് ഉദ്ഭവസ്ഥാനവുമായി എപ്പോഴും ബന്ധമുണ്ടായിരിക്കും. ഉദാ. നാക്കിന്റെ ഉള്ളറ്റ (base) വുമായി ബന്ധമുള്ള തൈറോയ്ഡ് ഗ്രന്ഥി); ജനനാംഗ-കടകത്തില്‍ (genital ridge) നിന്നും ഉദ്ഭവിക്കുന്നവ; നാഡീവ്യൂഹത്തില്‍നിന്നും ജന്മമെടുക്കുന്നവ. നാഡീവ്യൂഹത്തില്‍-നിന്നും ഉണ്ടാകുന്നവയൊഴിച്ചുള്ള എല്ലാ ഗ്രന്ഥികളുടേയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് രക്തത്തില്‍ ലയിച്ചിട്ടുള്ള ഹോര്‍മോണുകളോ പ്ളാസ്മയുടെ ഘടകങ്ങളോ ആണ്. മിക്കവാറും എല്ലാ ഹോര്‍മോണുകളും പ്രോട്ടീനുകളോ പെപ്റ്റൈഡുകളോ അമിനോ അമ്ളങ്ങളോ ആണ്; അപൂര്‍വമായി മാത്രം സ്റ്റീറോയ്ഡുകളും. ഇവയുടെ പ്രവര്‍ത്തനം എപ്പോഴും വളരെ വ്യാപകമായിരിക്കും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്ന ഒരു പ്രത്യേക കലയായിരിക്കും ഇതിന്റെ പ്രവര്‍ത്തനമണ്ഡലം എന്നതാണ് ഇതിനുള്ള കാരണം (ഉദാ. അസ്ഥികളില്‍ പ്രവര്‍ത്തിക്കുന്ന പാരാതൈറോയ്ഡ് ഹോര്‍മോണുകള്‍). പല കലകളുടേയും അവയവങ്ങളുടേയും ഏകോപിച്ചുള്ള സമകാലികപ്രവര്‍ത്തനം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളിലും ഹോര്‍മോണിന്റെ വ്യാപക പ്രവര്‍ത്തനക്ഷമത കൂടിയേ കഴിയൂ (ഉദാ. രക്തത്തിലുള്ള ഗ്ളൂക്കോസിന്റെ അളവ് വ്യത്യസ്തപ്പെടുത്തുന്നതിനാവശ്യമായ കരളിന്റേയും മറ്റവയവങ്ങളുടേയും ഏകോപിച്ചുള്ള പ്രവര്‍ത്തനം). പിറ്റ്യൂറ്ററി, തൈറോയ്ഡ്, പാരാതൈറോയ്ഡ്, എപ്പിഫൈസിസ്, ഐലറ്റ്സ് ഒഫ് ലാങ്ങര്‍ഹാന്‍സ്, ജനനഗ്രന്ഥികള്‍ എന്നിവ പ്രധാന അന്തഃസ്രാവികളില്‍ ചിലതു മാത്രമാണ്.

പിറ്റ്യൂറ്ററി

ഉയര്‍ന്ന കശേരുകികളില്‍ ഇത് തലയോട്ടിയിലുള്ള സ്ഫീനോയ്ഡ് (sphenoid) എല്ലിലെ സെല്ലടൂസിക്കായില്‍ സ്ഥിതി ചെയ്യുന്നു. ഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ ഇത് രണ്ടു സ്ഥാനങ്ങളില്‍ നിന്ന് പ്രത്യക്ഷപ്പെടുന്നതായി കാണാം. ന്യൂറോഹൈപ്പോഫൈസിസ് (Neurohypophysis) ആയി രൂപപ്പെടുന്ന ഭാഗം തലച്ചോറിന്റെ ഒരു ഭാഗമായ ഇന്‍ഫണ്ടിബുലത്തിന്റെ (Infundibulam) കീഴ്ത്തട്ടില്‍നിന്നും, അഡിനോഹൈപ്പോഫൈസിസ് ആയിത്തീരുന്ന ഭാഗം (റാത്ത്കീസ് പൌച്ച്) വായിലെ ചര്‍മത്തില്‍ നിന്നും ഉദ്ഭവിക്കുന്നു. തുടര്‍ന്നുള്ള വളര്‍ച്ചയില്‍ സസ്തനികളില്‍ അഡിനൊഹൈപ്പോഫൈസിസ് മൂന്നു വ്യത്യസ്തഭാഗങ്ങളുള്ള ഒരു ഗ്രന്ഥിയായി രൂപാന്തരപ്പെടുന്നു. ഈ ഭാഗങ്ങള്‍ പാഴ്സ് ഇന്റര്‍മീഡിയ (pars intermedia), പാഴ്സ് ട്യൂബറാലിസ് (P.tuberalis), പാഴ്സ് ഡിസ്റ്റാലിസ് (P.distalis) എന്നിവയാണ്. ന്യൂറോഹൈപ്പോഫൈസിസില്‍ മാത്രം മീഡിയം എമിനന്‍സ്, പാഴ്സ് നെര്‍വോസാ (P.nervosa) എന്നീ രണ്ട് ഉപവിഭാഗങ്ങളുണ്ട്.

പിറ്റ്യൂറ്ററി ഗ്രന്ഥി : 1.കോര്‍പ്പസ് കലോസം2.6പിറ്റ്യൂറ്ററി ഗ്രന്ഥയുടെ പശ്ചാത് ഭാഗം 3.പിറ്റ്യൂറ്ററി ഞെട്ട് 4,7.അഗ്ര പിറ്റ്യൂറ്ററി 5.മധ്യപാളി

ഉയര്‍ന്ന കശേരുകികളില്‍ റാത്ത്കീസ്പൌച്ച് അതിന്റെ ആരംഭം മുതല്ക്കുതന്നെ ഇന്‍ഫണ്ടിബുലത്തോട് മുട്ടി നില്ക്കുന്നു. മത്സ്യങ്ങളിലും ആംഫിബിയകളിലും ഈ 'പൌച്ച്' ഒരു കട്ടിവളര്‍ച്ച മാത്രമാണ്. മധ്യഭാഗം ഇടുങ്ങി രണ്ടുപാളികള്‍ ഉണ്ടാകുന്നു. വായുടെ സമീപത്തായുള്ള മുഖപാളി(oral lobe)യും വായില്‍നിന്നു മാറി സ്ഥിതിചെയ്യുന്ന ഒരു അപമുഖപാളി(aboral lobe)യും ആണിവ. തുടര്‍ന്ന് ഇടുങ്ങിയ ഭാഗത്തിനു സമീപത്തായി രണ്ടുവശത്തും ഓരോ പാര്‍ശ്വപാളികള്‍ പുറത്തേക്കു വളരുന്നു. അപമുഖപാളിയാണ് ഇന്‍ഫണ്ടിബുലത്തെ ആദ്യമായി സ്പര്‍ശിക്കുന്നത്. ഈ ഭാഗം പിന്നീട് പാഴ്സ് ഇന്റര്‍മീഡിയയായി രൂപാന്തരപ്പെടുന്നു. അപമുഖപാളിയുടെ ബാക്കിയും മുഖപാളിയും ചേര്‍ന്ന് പാഴ്സ് ഡിസ്റ്റാലിസും രൂപം പ്രാപിക്കുന്നു. റാത്ത്കീസ് പൌച്ചിനെ വായുമായി ബന്ധിക്കുന്ന ചര്‍മം കൊണ്ടുള്ള ഞെട്ടും ചില ജീവികളില്‍ പാഴ്സ് ഡിസ്റ്റാലിസിന്റെ ഒരു ഭാഗമായിത്തീരാറുണ്ട്.

ന്യൂറോഹൈപ്പോഫൈസിസിന്റെ ഒരു ഭാഗമായ മീഡിയന്‍ എമിനന്‍സും അഡിനോഹൈപ്പോഫൈസിസും ഒന്നിച്ച് ഒരേ രക്തവാഹിനികളില്‍നിന്നും രക്തം പങ്കിടുന്നു. ന്യൂറോഹൈപ്പോഫൈസിസിന്റെ ബാക്കി ഭാഗം പാഴ്സ് നെര്‍വോസയായിത്തീരുന്നു.

പല ശാഖകളായി പിരിഞ്ഞ് ചങ്ങലരൂപത്തില്‍ കോര്‍ത്തിണക്കിയ കോശങ്ങള്‍ ചേര്‍ന്നതാണ് അഡിനോഹൈപ്പോഫൈസിസ്. ഇവയുടെ ഇടയ്ക്ക് സൈനുസോയിഡുകളും കാണാം. എല്ലാ കശേരുകികളിലും അഡിനോഹൈപ്പോഫൈസിസില്‍ അകിഡോഫില്‍, സെയ്ഡോഫില്‍, ക്രോമോഫോസ് എന്നീ മൂന്നുതരം കോശങ്ങള്‍ കണ്ടുവരുന്നു. കോശങ്ങള്‍ക്കു കൊടുത്തിരിക്കുന്ന ഈ പേരുകള്‍ അവ ഏതു നിറത്തോട് കൂടുതല്‍ ചേര്‍ച്ച കാണിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചാണ്. പൊതുവേ സെയ്ഡോഫിലുകളെ തൈറോട്രോപ്പിക് ഹോര്‍മോണിന്റെ സ്രവണവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അഡിനോഹൈപ്പോഫൈസിസില്‍ നിന്നു മാത്രം ഏഴു ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു: പാഴ്സ് ഇന്റര്‍മീഡിയയില്‍നിന്നുള്ള ഇന്റര്‍മെഡിന്‍, പാഴ്സ്ഡിസ്റ്റാലിസില്‍നിന്നുള്ള വളര്‍ച്ച ഹോര്‍മോണ്‍, അഡ്രിനോകോര്‍ട്ടിക്കോട്രോപ്പിക് ഹോര്‍മോണ്‍ (ACTH) തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ (TSH), ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ (FSH), ലൂട്ടിനൈസിങ് ഹോര്‍മോണ്‍ (LH), ലൂട്ടിയോ ട്രോപ്പിക് ഹോര്‍മോണ്‍ (LTH). എന്നാല്‍ ഓരോ പ്രത്യേക ഹോര്‍മോണും സ്രവിക്കുന്ന കോശങ്ങള്‍ ഏതൊക്കെയാണെന്ന് ഇപ്പോഴും വ്യക്തമല്ല.

നാഡീതന്തുക്കളുടെ ടെര്‍മിനലുകളും ഗ്ളൈയാ കോശങ്ങളും രക്തവാഹിനികളും ഉള്‍ക്കൊണ്ട ഒരു ഭാഗമാണ് ന്യൂറോ ഹൈപ്പോഫൈസിസ്. ഹൈപ്പോതലാമസിലെ നാഡീസ്രവകോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്രവത്തരികള്‍ ഹൈപ്പോത്തലാമോ - ഹൈപ്പോഫൈസിയല്‍ പാതവഴി ന്യൂറോഹൈപ്പോഫൈസിസിലെ നാഡീതന്തുക്കളുടെ ടെര്‍മിനലുകളില്‍ എത്തുകയും അവിടെനിന്ന് രക്തത്തില്‍ കലരുകയും ചെയ്യുന്നു. നാല് പ്രധാന ഹോര്‍മോണുകളെ ഇതില്‍നിന്ന് വേര്‍തിരിച്ചെടുത്തിട്ടുണ്ട്: ലൈസിന്‍ വാസോപ്രസിന്‍, ആര്‍ജിനിന്‍ വാസോപ്രസിന്‍, ഓക്സിടോസിന്‍, ആര്‍ജിനിന്‍ വാസോടോസിന്‍ എന്നിവ. നോ: അന്തഃസ്രവവിജ്ഞാനീയം

തൈറോയ്ഡ്

അയഡൈഡിനെ ശേഖരിക്കുകയും അതിനെ തൈറോക്സിനാക്കി മാറ്റുകയും ചെയ്യുന്ന ഒരു അവയവം. സൈക്ളോസ്റ്റോമുകളിലും (cyclostomes) ടീലിയോസ്റ്റുകളിലും (teleosts) ഇത് ഒരു ഗ്രന്ഥിയായി രൂപം പ്രാപിച്ചിട്ടില്ല. തരുണാസ്ഥി മത്സ്യങ്ങളില്‍ ഇത് ഗ്രസനിക്ക് അഭിമുഖമായി ഒരു ഡിസ്കിന്റെ ആകൃതിയില്‍ സ്ഥിതി ചെയ്യുന്നു. ആംഫിബീയകളില്‍ തൈറോയ്ഡ് ഗ്രന്ഥി ഹയോയ്ഡ് കാര്‍ട്ടിലേജിനോട് ചേര്‍ന്ന് ഇരട്ടയായി കാണുന്നു. ഇഴജന്തുക്കളിലും സസ്തനികളിലും ശ്വാസനാളത്തില്‍ കുറുകെയായോ ഇരുവശങ്ങളില്‍ സ്ഥിതിചെയ്യുന്ന ഓരോ പാളികളും അവയെ തമ്മില്‍ ഘടിപ്പിക്കുന്ന നടുവിലുള്ള ഒരു ചെറിയ ഇസ്ത്മസും (isthmus) കൂടിചേര്‍ന്നോ കാണപ്പെടുന്നു. എന്നാല്‍ പക്ഷികളില്‍ വട്ടത്തിലുള്ള രണ്ടു പാളികളുടെ രൂപത്തില്‍ ശ്വാസനാളത്തിന്റെ ഇരുവശങ്ങളിലായാണ് ഇതു സ്ഥിതി ചെയ്യുന്നത്.

A.തൈറോയ്ഡ് ഗ്രന്ഥി: ഗ്രന്ഥിയുടെ സ്ഥാനം ലാറിന്‍ക്സ് പാരാതൈറോയ്ഡ് 3.തൈറോയ്ഡ് 4.ട്രക്കിയ B.തൈറോയ്ഡ്ഗ്രന്ഥിയും3.പാരാ തൈറോയ്ഡ്ഗ്രന്ഥിയും (2)Cതൈറോയ്ഡ്ഗ്രന്ഥിടെ ഒരുഛേദം 1,2.ക്യൂബോയ്ഡല്‍ കോശങ്ങള്‍ 3.തൈറോയ്ഡ് ഹോര്‍മോണുകള്‍

തൈറോയ്ഡ് ഗ്രന്ഥി ഗ്രസനിയുടെ കീഴ്ത്തട്ടില്‍നിന്ന് വളരുന്നു. ആദ്യമായി ഇത് ഒരു പോക്കറ്റിന്റെ രൂപത്തിലോ അഥവാ കട്ടിയുള്ള കലയായോ പ്രത്യക്ഷപ്പെടുന്നു. പിന്നീട് അടിയില്‍ നടുവിലായി ഒന്നാമത്തെയോ രണ്ടാമത്തെയോ വിസറല്‍ പൌച്ചുകളോടനുബന്ധിച്ച് വളരുന്നു.

കശേരുകികളില്‍ കാണുന്ന ഓരോ തൈറോയ്ഡ് ഗ്രന്ഥിയും അനേകം ചെറിയ ഫോളിക്കിളുകള്‍ ചേര്‍ന്നതാണ്. ഓരോ ഫോളിക്കിളും അകം പൊള്ളയായതും ഗോളാകൃതിയിലുള്ളതുമായ ഒരടുക്ക് എപ്പിത്തീലിയ കോശങ്ങള്‍കൊണ്ട് രൂപീകൃതമാണ്. ഓരോ ഫോളിക്കിളിനുള്ളിലും കൊളോയ്ഡ് നിറഞ്ഞ ഒരു ഭാഗമുണ്ട്. ഫോളിക്കിളിനെ ചുറ്റി ധാരാളം രക്തക്കുഴലുകളും കാണപ്പെടുന്നു. ഫോളിക്കിളുകളിലുള്ള എപ്പിത്തീലിയ കോശങ്ങള്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനമനുസരിച്ച് മാറ്റങ്ങള്‍ കാണിക്കുന്നു. നീളംകുറഞ്ഞ സ്ക്വാമസ് എപ്പിത്തീലിയം (squamous epithelium) പ്രവര്‍ത്തനംകുറഞ്ഞ ഗ്രന്ഥിയുടെയും, ഉയരം കൂടിയ കോളമ്നാര്‍ എപ്പിത്തീലിയം അതിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥിയുടെയും ലക്ഷണങ്ങളായി കരുതപ്പെടുന്നു. ഫോളിക്കിളുകളുടെ ഉള്ളിലുള്ള കൊളോയ്ഡിലും ഗ്രന്ഥിയുടെ മാറ്റങ്ങള്‍ കാണാവുന്നതാണ്.

പാരാതൈറോയ്ഡ്

പാരാത്തോര്‍മോണ്‍ സ്രവിക്കുന്ന ഗ്രന്ഥി. സസ്തനികളില്‍ ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പുറത്ത് ഒട്ടിച്ചേര്‍ന്നു കാണുന്നു. മത്സ്യങ്ങളിലും പരിണാമപരമായി താഴ്ന്ന ജന്തുക്കളിലും പാരാതൈറോയ്ഡ് ഗ്രന്ഥികള്‍ കാണാറില്ല. മനുഷ്യരിലും മറ്റു മിക്ക സസ്തനികളിലും ആംഫീബിയകളിലും നാലെണ്ണം കാണാറുണ്ടെങ്കിലും എലികളില്‍ ഇവ രണ്ടെണ്ണമായി ചുരുങ്ങിയിരിക്കുന്നു. ഫാരിന്‍ജിയല്‍ (pharyngeal) പൌച്ചുകളുടെ അറ്റത്തുനിന്നുമാണ് ഇവ പ്രത്യക്ഷപ്പെടുന്നത്.പക്ഷികളിലും സസ്തനികളിലും പല ശാഖകളായി പിരിഞ്ഞ് ചരടിന്റെ രൂപത്തില്‍ ഒന്നിനോടൊന്നു ചേര്‍ന്ന കോശങ്ങളും അവയ്ക്കിടയില്‍ കൂടി വലപോലുള്ള ക്യാപ്പിലറികളും ചേര്‍ന്ന ഘടനയാണുള്ളത്.

പൈനിയല്‍ അപ്പാരറ്റസ്

പൈനിയല്‍ അഥവാ എപ്പിഫൈസിസ് തലച്ചോറിലെ മൂന്നാമത്തെ വെന്‍ട്രിക്കിളിന്റെ ഉപരിഭാഗത്ത് സ്ഥിതിചെയ്യുന്നു. ഇതില്‍ എപ്പെന്‍സൈമാ, ഗ്ളൈയാ, നാഡീകോശങ്ങള്‍ തുടങ്ങി പലതരം കോശങ്ങള്‍ ഒരു സമ്മിശ്രരൂപത്തില്‍ കാണുന്നു. ഘടനയില്‍ ഇതിന് ഇഴജന്തുക്കളുടെ മൂന്നാം കണ്ണിനോട് സാദൃശ്യമുണ്ട്. ഇത് ഒരു തെര്‍മോസ്റ്റാറ്റായി (thermostat) പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ആല്‍ഡോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിനെ സ്രവിപ്പിക്കാന്‍ അഡ്രിനല്‍ മെഡുലയെ പ്രചോദിപ്പിക്കുന്ന ഒരു വസ്തുവും ഇതില്‍ സംഭരിച്ചിരിക്കുന്നെന്ന് കരുതപ്പെടുന്നു. ഒരു ക്രൊമാറ്റോഫോറോട്രോപ്പിനും ഇതില്‍നിന്ന് വേര്‍തിരിച്ചെടുത്തിട്ടുണ്ട്.

പാന്‍ക്രിയാസ്

ഇന്‍സുലിന്‍, ഗ്ളൂക്കഗോണ്‍ എന്നീ ഹോര്‍മോണുകള്‍ സ്രവിക്കുന്ന ഗ്രന്ഥി. പാന്‍ക്രിയാസിന്റെ ബഹുഭൂരിഭാഗവും അഡിനൈ എന്നറിയപ്പെടുന്ന ഗോളാകൃതിയിലുള്ള കോശസമൂഹങ്ങള്‍ നിറഞ്ഞതാണ്. ഓരോ അഡിനൈയും ഓരോ കുഴലില്‍ക്കൂടി സ്രവിക്കുന്നു. ഇവയ്ക്കിടയിലായി അതിസൂക്ഷ്മവും കുഴലുകളാല്‍ ഘടിപ്പിക്കപ്പെട്ടിട്ടില്ലാത്തതുമായ ഒരു പ്രത്യേക ടിഷ്യു കാണാം. ഇതിനെ ഐലറ്റ്സ് ഒഫ് ലാങ്ങര്‍ഹാന്‍സ് (islets of langerhans) എന്ന് വിളിക്കുന്നു. ഇതില്‍ ശാഖോപശാഖകളായി പിരിഞ്ഞ ചരടുകളുടെ രൂപത്തില്‍ കോശങ്ങളെ അടുക്കിയിരിക്കുന്നു. ഇവയ്ക്കിടയിലായി ധാരാളം രക്തക്കുഴലുകളും സൈനുസോയ്ഡുകളും കാണാം. ഐലറ്റ്സില്‍ രണ്ടുതരം കോശങ്ങളുണ്ട്: ഗ്ളൂക്കഗോണ്‍ സ്രവിക്കുന്ന ആല്‍ഫാകോശങ്ങളും ഇന്‍സുലിന്‍ സ്രവിക്കുന്ന ബീറ്റാ കോശങ്ങളും.

പാന്‍ക്രിയാസ് :(1.ഡുയോഡിനം 2.പാന്‍ക്രിയാസ്)

കുടലിന്റെ താഴെയും മുകളിലുമുള്ള ഭിത്തികളില്‍നിന്ന് രണ്ട് വ്യത്യസ്ത (rudiments) ആദ്യാവശേഷങ്ങളായി പാന്‍ക്രിയാസ് ആദ്യം പ്രത്യക്ഷപ്പെടുന്നു. ഈ ആദ്യാവശേഷങ്ങള്‍ പല ശാഖകളായി വളര്‍ന്ന് കുഴലുകളുടെ ഒരു വ്യൂഹം സൃഷ്ടിച്ച് പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നു. കുടലിന്റെ മുകള്‍ഭിത്തിയില്‍നിന്ന് വളര്‍ന്ന ശാഖയുടെ കുഴല്‍ അപ്രത്യക്ഷമാകും. ഇങ്ങനെയുണ്ടായ കോശങ്ങളുടെ കൂട്ടങ്ങളില്‍ ചിലത് അവയുടെ ചെറുകുഴലുകള്‍വഴി സംഘടിക്കപ്പെട്ട് എക്സോക്രൈന്‍ അഡിനൈ ആയി രൂപാന്തരപ്പെടുന്നു. എന്നാല്‍ മറ്റുചിലത് കുഴലുകൊണ്ടുള്ള അവയുടെ ബന്ധം നഷ്ടപ്പെടുത്തുകയും ഐലറ്റ്സ് ഒഫ് ലാങ്ങര്‍ഹാന്‍സ് ആയിത്തീരുകയും ചെയ്യുന്നു.

ജനനഗ്രന്ഥി

Gonad

ജനനേന്ദ്രിയങ്ങളുടെ പ്രസവാനന്തരവളര്‍ച്ചയെ നിയന്ത്രിക്കുന്ന സ്റ്റീറോയ്ഡ് (steroid) ഹോര്‍മോണുകള്‍ സ്രവിക്കുന്ന ഒരു ഗ്രന്ഥി. അണ്ഡാശയം സാധാരണയായി ഇരട്ടയാണ്. സസ്തനികളില്‍ ഇതിന് അഞ്ചു വ്യത്യസ്ത ഭാഗങ്ങളുണ്ട്: ജെര്‍മിനല്‍ എപ്പിത്തീലിയം, ഫോളിക്കിളുകള്‍, കോര്‍പ്പസ് ലൂട്ടിയം, ഇന്റര്‍സ്റ്റീഷ്യല്‍ സെല്ലുകള്‍, ഓവേറിയന്‍ സ്ട്രോമാ. ജെര്‍മിനല്‍ എപ്പിത്തീലിയത്തില്‍ നിന്ന് പ്രൈമോര്‍ഡിയല്‍ (primordial) ഫോളിക്കിളുകള്‍ ഉദ്ഭവിക്കുന്നു. ഓരോ ഫോളിക്കിളിലും ഗ്രാനുലോസാ കോശങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ഊഗോണിയം (oogonium) ഉണ്ടായിരിക്കും. ഫോളിക്കിളിനെ മൂടിയിരിക്കുന്ന സംയോജകകല രണ്ട് അട്ടികളുള്ളതായി തീരുന്നു. ഇവയെ തീക്കാ ഇന്റേണാ എന്നും തീക്കാ എക്സ്റ്റേണാ എന്നും വിളിക്കുന്നു. ഗ്രാനുലോസാ കോശങ്ങളുടെ മധ്യത്തില്‍ ദ്രവം കൊണ്ടുനിറഞ്ഞ ആന്ത്രം എന്ന ഒരു ഗഹ്വരം പ്രത്യക്ഷപ്പെടുന്നു. ഫോളിക്കിള്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കുമ്പോള്‍ അണ്ഡോത്സര്‍ഗം നടക്കും. ഇങ്ങനെ പൊട്ടിപ്പോയ ഫോളിക്കിള്‍ കോര്‍പ്പസ് ലൂട്ടിയമായി രൂപാന്തരപ്പെടുന്നു. ഇത് വിവിധ കാലയളവുകളില്‍ നിലനില്ക്കുന്നു. അണ്ഡാശയഫോളിക്കിള്‍ ഈസ്ട്രജനും, കോര്‍പ്പസ് ലൂട്ടിയം പ്രോ ജസ്റ്ററോണും ഈസ്ട്രജനും ഉത്പാദിപ്പിക്കുന്നു. തീക്കാ ഇന്റേണാകോശങ്ങള്‍ പ്രോ-ഈസ്ട്രജന്‍ ഉത്പാദിപ്പിക്കുന്നതായി കരുതപ്പെടുന്നു. ഇതിനെ ഗ്രാനുലോസാ കോശങ്ങള്‍ ഈസ്ട്രജനായി രൂപപ്പെടുത്തുന്നു. ഇതു കൂടാതെ ഹൈപ്പര്‍ എപ്പിത്തീലോയ്ഡ് കോശങ്ങളുടെ ഒരു കൂട്ടം അണ്ഡാശയ ആന്‍ഡ്രജന്‍ ഉത്പാദിപ്പിക്കുന്നു. മറ്റൊരു അണ്ഡാശയ ഹോര്‍മോണാണ് റിലാക്സിന്‍. ഇത് ഗര്‍ഭഹോര്‍മോണായി കണക്കാക്കപ്പെടുന്നു.

പ്രത്യുത്പാദനാവയവങ്ങള്‍ (സ്ത്രീ):1.ഫല്ലോപ്പിയന്‍ നാളി 2.അണ്ഡാശയം 3.ഗര്‍ഭാശയം 4.മേരുദണ്ഡ് 5.ബ്ളാഡര്‍ 6.മൂത്രമാര്‍ഗം 7.യോനി 8.സര്‍വിക്സ് 9.മലാഷയം 10.ഗുദം

അണ്ഡാശയം: (1.പുടകം 2.കോര്‍പ്പസ് ലൂട്ടിയം)

അന്തരാളീകോശങ്ങള്‍ വൃഷണങ്ങളിലെ പുംബീജോത്പാദനക്കുഴലുകളുടെ ഇടയില്‍ കാണപ്പെടുന്ന സംയോജകകലയാണ്. ഇവ ഒരു സ്റ്റീറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ പുംബീജോത്പാദനത്തോടനുബന്ധിച്ച കോശങ്ങളും ഹോര്‍മോണ്‍ തന്നെ സ്രവിക്കുന്നതായി അറിവുണ്ട്. ലൈംഗികശേഷിയുള്ള സസ്തനികളില്‍ വൃഷണങ്ങള്‍ ഉദരത്തിനുതാഴെ ഉറയുടെ രൂപത്തിലുള്ള വൃഷണകോശങ്ങളിലാണ് കാണുന്നത്. എന്നാല്‍ പക്ഷികളിലും ഇഴജന്തുക്കളിലും ലൈംഗിക വ്യാപാരങ്ങളിലേര്‍പ്പെടാത്ത സസ്തനികളിലും വൃഷണങ്ങള്‍ ഉദരത്തിനുള്ളില്‍ സ്ഥിതിചെയ്യുന്നു. ഇവ പല ആന്‍ഡ്രജനുകളും സ്രവിക്കുന്നു. ഇവയില്‍ പ്രധാനം ടെസ്റ്റോസ്റ്റിറോണ്‍ ആണ്.

പ്രത്യുത്പാദനാവയവങ്ങള്‍ (പുരുഷന്‍): 1.ജംഘനാസ്ഥി 2.വാസ് ഡെഫറന്‍സ് 3.ബ്ളയിഡ് സൈനസ് 4.ശിശ്നം 5.മൂത്രമാര്‍ഗം 6.സെമിഫെറസ് റ്റ്യൂബ്യൂള്‍ഡ് 7.വൃഷണം 8.മൂത്രവാഹിനി 9.മേരുദണ്ഡ് 10.ബ്ളാഡര്‍ 11. ശുക്ളാശയം 12.പ്രോസ്റ്റേറ്റ് ഗ്രന്ഥി 13.മലാശയം 14.കൂപ്പേര്‍സ് ഗ്രന്ഥി 15.ഗുദം 16.എപ്പിഡിഡിമിസ് 17.വാസാ എഫറന്‍ഷ്യ 18.വൃഷ്ണസഞ്ചി

വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കശേരുകികളുടെ ജനനഗ്രന്ഥികളില്‍ രൂപവ്യത്യാസങ്ങളില്ല. വൃഷണത്തിന്റെ ആദ്യഭാഗം ജനനഗ്രന്ഥിയിലെ മെഡുലയുടെ ഉള്‍ഭാഗത്തു നിന്നും അണ്ഡാശയം പുറത്തെ കോര്‍ട്ടക്സില്‍നിന്നും വളരുന്നു.

വൃഷണം ഒരുഛേദം: 1.അന്ത:സ്രാവീകോശങ്ങള്‍ 2.ശുക്ളാണു-ഉത്പാദതകകേോശങ്ങള്‍

പുരുഷബീജവാഹികളായ വുള്‍ഫിയന്‍ കുഴലുകള്‍ മീസോനെഫ്രിക് കുഴലുകളില്‍നിന്നും, അണ്ഡാശയനാളികളായ മുള്ളേറിയന്‍ കുഴലുകള്‍ അതിനു സമാന്തരമായും വളരുന്നു. സ്ത്രീകളില്‍ വൃഷണങ്ങളുടെയും അതിനോടനുബന്ധിച്ച കുഴലുകളുടെയും വളര്‍ച്ചയെ തടഞ്ഞുകൊണ്ടാണ് അണ്ഡാശയത്തിന്റെയും അണ്ഡാശയനാളികളുടെയും വളര്‍ച്ച നടക്കുന്നത്. അതുപോലെതന്നെ പുരുഷനില്‍ അണ്ഡാശയത്തിന്റെയും മുള്ളേറിയന്‍ കുഴലുകളുടെയും വളര്‍ച്ച നശിക്കുകയും വൃഷണങ്ങളുടെയും വുള്‍ഫിയന്‍ കുഴലുകളുടെയും വളര്‍ച്ച പുരോഗമിക്കുകയും ചെയ്യുന്നു.

പ്ളാസന്റ

Placenta

മാതാവിനെയും ഭ്രൂണത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇത് ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്ന ഒരു അന്തഃസ്രാവിയായും പ്രവര്‍ത്തിക്കുന്നുണ്ട്.

കോറിയോണും ഗര്‍ഭപാത്രത്തിന്റെ ഭിത്തിയും കൂടിച്ചേര്‍ന്നാണ് പ്ളാസന്റ ആദ്യമായി രൂപപ്പെടുന്നത്. പിന്നീട് ഇതിനോടൊപ്പം അലന്റോയ് കൂടി ഒന്നിച്ചു ചേര്‍ന്ന് കൊറിയോ - അലന്റോയ്ക് പ്ളാസന്റായായിത്തീരുന്നു. പല സസ്തനികളിലും പ്ളാസന്റയുടെ വിവിധ അട്ടികള്‍ ഒന്നൊന്നായി അപ്രത്യക്ഷമാകുകയും അവസാനം ഭ്രൂണകോശങ്ങള്‍ മാതാവിന്റെ രക്തത്തില്‍ സ്വതന്ത്രമായി മുങ്ങിക്കിടക്കുകയും ചെയ്യുന്നു.

പ്ളാസന്റയില്‍നിന്ന് ഉത്ഭവിക്കുന്ന ഗൊണാഡോട്രോപ്പിനുകളാണ് ഹ്യൂമന്‍ കോറിയോണ്‍ ഗൊണാഡോട്രോപ്പിന്‍, പ്രെഗ്നന്റ് മെയര്‍ സിറം ഗൊണാഡോട്രോപ്പിന്‍, ഹ്യൂമന്‍ പ്ളാസന്റ ലാക്ടൊജന്‍ എന്നിവ. ഇവ വിവിധ സസ്തനികളില്‍ കണ്ടുവരുന്നു.

അഡ്രിനല്‍

അഡ്രിനല്‍ ഗ്രന്ഥിയും ഒരു ഛേദവും: 1.അഡ്രിനല്‍ ഗ്രന്ഥി 2.വൃക്കകള്‍ 3.അധോമഹാസിര 4.വൃക്കാനാളി 5.അയോര്‍ട്ട C.അഡ്രിനല്‍ ഗ്രന്ഥിയുടെ കോര്‍ട്ടക്സ് M.അ.ഗ്രന്ഥിയുടെ മെഡുല a,b,c,d കോര്‍ട്ടക്സിലെ കോശങ്ങള്‍ e.മെഡുലയിലെ കോശങ്ങള്‍

സസ്തനികളിലും പക്ഷികളിലും വൃക്കകളുടെ മുന്‍ഭാഗത്തോടു ചേര്‍ന്ന് ഇത് കാണപ്പെടുന്നു. ഇതിന് രണ്ടുഭാഗങ്ങളുണ്ട്: കോര്‍ട്ടക്സ് അഥവാ ഇന്റര്‍റീനല്‍, മെഡുല അഥവാ ക്രോമാഫിന്‍ കോശങ്ങള്‍. ഇന്റര്‍റീനല്‍ കോശങ്ങള്‍ പൊതുവേ കൊഴുപ്പു നിറഞ്ഞവയാണ്. എന്നാല്‍ ചില സമയങ്ങളില്‍ കൊഴുപ്പ് തീരെ ഇല്ലാതെയും കണ്ടിട്ടുണ്ട്. ഇതിലും കോശങ്ങള്‍ ചരടിന്റെ രൂപത്തില്‍ അടുക്കിയിരിക്കുന്നു. ഉയര്‍ന്ന സസ്തനികളില്‍, ഇവിടെ മൂന്നു മണ്ഡലങ്ങള്‍ കാണാം: സോണാ റെറ്റിക്കുലാരിസ് (zona reticularis), സോണാ ഫാസിക്കുലേറ്റ (z.fasciculata), സോണാ ഗ്ളോമറുലോസാ (z.glomerulosa) രക്തസമൃദ്ധമായ സൈനസോയ്ഡുകള്‍ മെഡുലയെയും കോര്‍ട്ടക്സിനെയും വലയം ചെയ്തിരിക്കുന്നു. ജനിച്ച ഉടനെയുള്ള കുട്ടികളുടെ കോര്‍ട്ടക്സിന്റെ ഉള്‍ഭാഗത്ത് വളരെ വിസ്തൃതമായ ഒരു ഭാഗമുണ്ട്. ഇതിനെ ജുവനൈല്‍ കോര്‍ട്ടക്സ് എന്നു വിളിക്കുന്നു. കുട്ടി വളരുന്നതോടൊപ്പം ഇത് അപ്രത്യക്ഷമാകുന്നത് കാണാം. ചില സ്പീഷീസില്‍ സോണാ ഗ്ളോമറുലോസായുടെയും സോണാ ഫാസിക്കുലേറ്റയുടെയും ഇടയ്ക്ക് സോണാ ഇന്റര്‍മീഡിയാ എന്നൊരു ഭാഗമുണ്ട്. ഇതില്‍നിന്ന് കോശങ്ങള്‍ വര്‍ധിച്ച് സോണാ ഗ്ളോമറുലോസായിലേക്കും കോര്‍ട്ടക്സിന്റെ ഉള്‍ഭാഗത്തേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. മിനറലോ കോര്‍ട്ടിക്കോയ്ഡ് ഹോര്‍മോണുകള്‍ സോണാ ഗ്ളോമറുലോസായില്‍നിന്നും ഗ്ളൂക്കോകോര്‍ട്ടിക്കോയ്ഡുകള്‍ സോണാ ഫാസിക്കുലേറ്റയില്‍നിന്നും ആന്‍ഡ്രോജനിക് കോര്‍ട്ടിക്കോയ്ഡുകള്‍ കോര്‍ട്ടിക്കല്‍ സോണിന്റെ ഉള്‍ഭാഗത്തുനിന്നും ഉദ്ഭവിക്കുന്നതായി കരുതുന്നു. ഇന്റര്‍റീനല്‍ ടിഷ്യു പ്രോനെഫ്രിക്കിലുള്ള സീലോമിക് എപ്പിത്തീലിയത്തില്‍നിന്ന് ആവിര്‍ഭവിക്കുന്നു.

ക്രോമാഫിന്‍ ബോഡി

മിക്ക സസ്തനികളിലും ഇന്റര്‍റീനല്‍ കല ക്രോമാഫിന്‍ കലയെ ആവരണം ചെയ്തിരിക്കുന്നതായി കാണാം. ക്രോമാഫിന്‍ കല അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ എന്നീ രണ്ട് ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നു. ഇതിലെ കോശങ്ങള്‍ ന്യൂറല്‍ ക്രെസ്റ്റിലെ (neural crest) എക്റ്റോഡേമില്‍നിന്ന് ഉദ്ഭവിക്കുന്നു.

കോര്‍പ്പസ് അലാറ്റം

ഷഡ്പദങ്ങളില്‍ കാണുന്ന ഒരു അന്തഃസ്രാവി. സാധാരണയായി ഇത് ഒറ്റയായോ ഇരട്ടയായോ, ഗോളാകൃതിയില്‍ അയോര്‍ട്ടയുടെ അടിഭാഗത്തോ ഇരുവശങ്ങളിലോ ആയി കാണപ്പെടുന്നു. ഡിപ്റ്റിറയില്‍ (diptera) ഇത് മോതിരഗ്രന്ഥിയോട് ചേര്‍ന്നുകാണുന്നു. മോതിരഗ്രന്ഥിയില്‍ കോര്‍പ്പസ് അലാറ്റം മുകളിലും ഹൈപ്പോസെറിബ്രല്‍നാഡീകന്ദത്തോടു ചേര്‍ന്ന് കോര്‍പ്പസ് കാര്‍ഡിയാക്കം താഴെയും, എക്ഡൈഷ്യല്‍ ഗ്രന്ഥികള്‍ (ecdysial glands) ഇരുവശത്തുമായി അയോര്‍ട്ടയെ വലയം ചെയ്തും സ്ഥിതിചെയ്യുന്നു. പ്രവര്‍ത്തനരഹിതമായ കോര്‍പ്പസ് അലാറ്റത്തില്‍ ന്യൂക്ളിയസുകള്‍ കൂട്ടംകൂട്ടമായി ചേര്‍ന്നുകാണാം. ഓരോ ന്യൂക്ളിയസിനെയും ചുറ്റി നന്നേ കുറച്ച് സൈറ്റോപ്ളാസമേ ഉണ്ടാകൂ. മാത്രമല്ല സെല്‍മെംബ്ളെയ്നുകള്‍ വളരെയധികം മടക്കുകളും ചുളിവുകളും കലര്‍ന്നതാണ്. അവ അടുത്ത കോശങ്ങളുടെ ചര്‍മങ്ങളുമായി വിരല്‍കോര്‍ത്ത രീതിയില്‍ വിന്യസിക്കപ്പെട്ടിരിക്കും. ഗ്രന്ഥി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ കോശചര്‍മങ്ങള്‍ നിവരുകയും മൈറ്റോകോണ്‍ഡ്രിയകളുടെയും സ്രവത്തരികളുടെയും എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുകയും ചെയ്യുന്നു. മാത്രമല്ല നാഡീസ്രവത്തരികളും കോര്‍പ്പസ് അലാറ്റത്തിനുള്ളില്‍ കണ്ടിട്ടുണ്ട്. അവസാനത്തേത് ഒരുപക്ഷേ കോര്‍പ്പസ് അലാറ്റത്തിനകത്തുകൂടി കടന്നുപോകുന്ന നാഡികള്‍ക്കുള്ളില്‍ കാണുന്നവയാകാന്‍ ഇടയുണ്ട്. പാറ്റകളില്‍ അണ്ഡാശയ ചക്രത്തിനോടൊപ്പം കോര്‍പ്പസ് അലാറ്റത്തിന്റെ പ്രവര്‍ത്തനത്തിലും മാറ്റങ്ങള്‍ കാണുന്നു.

ഈ ഗ്രന്ഥി മാന്‍ഡിബുലാര്‍ ഖണ്ഡത്തിന്റെയും മാക്സിലറി ഖണ്ഡത്തിന്റെയും ഇടയ്ക്ക് ചര്‍മത്തിലുള്ള ഒരു മടക്കില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. ഇത് ജുവനൈല്‍ ഹോര്‍മോണ്‍ എന്ന ഒരു ഹോര്‍മോണ്‍ സ്രവിക്കുന്നു.

എക്ഡൈഷ്യല്‍ ഗ്രന്ഥി

ഷഡ്പദങ്ങളിലെ മോള്‍ട്ട് ഹോര്‍മോണായ എക്ഡൈസോണ്‍ (ecdysone) സ്രവിക്കുന്നത് ഈ ഗ്രന്ഥിയാണ്. ഇത് സ്ഥിതിചെയ്യുന്ന ശരീരഭാഗത്തിന്റെ വ്യത്യാസമനുസരിച്ച് പ്രോതൊറാസിക് ഗ്രന്ഥി, തൊറാസിക് ഗ്രന്ഥി, പെരിട്രക്കിയല്‍ ഗ്രന്ഥി, വെന്‍ട്രല്‍ ഗ്രന്ഥി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഏടെറിഗോട്ടാ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഷഡ്പദങ്ങളില്‍ ഉറയുരിക്കല്‍ കഴിഞ്ഞയുടനെ ഈ ഗ്രന്ഥി ചെറുതായും കോശങ്ങളിലെ സൈറ്റോപ്ളാസം ഒരേ തരമായും കാണുന്നു. ഉറയുരിക്കലിനു പ്രാരംഭമായി കോശങ്ങള്‍ വലുതാകുകയും സൈറ്റോപ്ളാസത്തില്‍ രിക്തികകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഓഡോണേറ്റയിലും എഫിമെറോപ്റ്റെറയിലും ഈ ഗ്രന്ഥിയെ തലയുടെ പിന്‍ഭാഗത്ത് അടിവശത്തെ ചര്‍മവുമായി ബന്ധിച്ചിരിക്കുന്നു. ചെറിയ നിംഫുകളില്‍ ഇത് ചെറുതും കൃത്യമായ ആകൃതിയോടുകൂടിയതുമാണ്. പക്ഷേ, നിംഫുദശയുടെ അവസാനകാലങ്ങളില്‍ ഇവയെ വലുതായും കൃത്യമായ ആകൃതിയില്ലാതെയും കാണുന്നു. പാറ്റകളില്‍ ഇതിന് 'X' ആകൃതിയാണുള്ളത്. പരന്ന ചരടിന്റെ രൂപത്തില്‍ പ്രധാന നാഡിയുടെ ഉപരിഭാഗത്ത് പറ്റിച്ചേര്‍ന്നു കാണപ്പെടുന്നു. ഈ ഓരോ പരന്ന ചരടും, സ്ട്രയേറ്റഡ് മാംസപേശികളും പ്രോതൊറാസിക് നാഡീകന്ദത്തില്‍നിന്നുള്ള നാഡിയും ശ്വാസക്കുഴലുകളും ഗ്രന്ഥികോശങ്ങളും കൂടി ചേര്‍ന്നതാണ്. നിംഫുകളില്‍ ഇന്റര്‍ മോള്‍ട്ടിന്റെ മധ്യത്തില്‍ പെട്ടെന്ന് ക്രമഭംഗം മുഖേന കോശങ്ങളുടെ എണ്ണം പെരുകുന്നു ഗ്രില്ലോറ്റാല്‍പ്പായില്‍ തണ്ടോടുകൂടിയ സഞ്ചിയുടെ രൂപത്തില്‍ ഈ ഗ്രന്ഥി പ്രത്യക്ഷപ്പെടുന്നു. പൊതുവേ മിക്ക ഷഡ്പദങ്ങളിലും കൃത്യമായ രൂപത്തോടുകൂടിയോ അല്ലാതെയോ ഇത് ചരടുരൂപത്തിലാണ് കാണുന്നത്. ഡിപ്റ്റിറയില്‍ ഇത് മോതിരഗ്രന്ഥി അഥവാ വൈസ്മാനിയന്‍ റിങ്ങിനോടു ചേര്‍ന്നു കാണപ്പെടുന്നു. മിക്കവാറും എല്ലാ ഷഡ്പദങ്ങളിലും പ്രായപൂര്‍ത്തിയാകുന്നതോടൊപ്പം ഈ ഗ്രന്ഥിയും അപ്രത്യക്ഷമാകുന്നു. ഇലക്ട്രോണ്‍ സൂക്ഷ്മദര്‍ശിനി ഉപയോഗിച്ചുള്ള പഠനങ്ങളില്‍നിന്നും ഗ്രന്ഥിക്കുള്ളിലായി ധാരാളം ചെറിയ ശാഖകളായി തിരിഞ്ഞ ചാലുകള്‍ ഉള്ളതായി വ്യക്തമായിട്ടുണ്ട്. ഈ ചാലുകള്‍ ഒരുപക്ഷേ പുറമെയുള്ള ചര്‍മങ്ങളുടെ ഉള്ളിലേക്കുള്ള ഒടിവുകളും ചുളിവുകളുമാകാം. എന്തായാലും ഇവ കോശങ്ങളുടെ ഇടയ്ക്കായിട്ടാണ് കണ്ടുവരാറുള്ളത്. കൂടാതെ അന്തഃസ്രവത്തരികള്‍ വഹിക്കുന്ന നാഡികളുടെ ടെര്‍മിനലുകളും കണ്ടിട്ടുണ്ട്. കോശങ്ങളുടെ ന്യൂക്ളിയസിനകത്ത് ന്യൂക്ളിയോലസുകള്‍ തെളിഞ്ഞു കാണാം. തലയുടെ പിന്‍ഭാഗത്തിന്റെ അടിവശത്തായി കാണുന്ന ചര്‍മത്തില്‍ നിന്നാണ് ഈ ഗ്രന്ഥി ഉദ്ഭവിക്കുന്നത്.

Y-അവയവം

Y-Organ

ക്രസ്റ്റേഷ്യകളുടെ മോള്‍ട്ട് ഗ്രന്ഥിയാണിത്. ഷഡ്പദങ്ങളിലെ എക്ഡൈഷ്യല്‍ ഗ്രന്ഥിക്കു സമമായി കരുതപ്പെടുന്നു. ഇത് ചര്‍മത്തില്‍നിന്നുദ്ഭവിക്കുകയും ആന്റനല്‍ ഖണ്ഡത്തിന്റെയോ മാക്സിലറി ഖണ്ഡത്തിന്‍യോ ഇരുവശങ്ങളിലായി കാണപ്പെടുകയും ചെയ്യുന്നു. ഇത് മോള്‍ട്ട് ഹോര്‍മോണായ ക്രസ്റ്റെക്ഡൈസോണ്‍ ഉത്പാദിപ്പിക്കുന്നു. ക്രസ്റ്റേഷ്യകള്‍ ഭൂരിഭാഗവും Y-അവയവം ജീവാവസാനം വരെ നിലനിര്‍ത്തുന്നു. പ്രവര്‍ത്തനരഹിതമായ ഗ്രന്ഥിയുടെ കോശങ്ങള്‍ വൃത്താകൃതിയിലും ക്രമമായും കാണുന്നു. ഇവയില്‍ ന്യൂക്ളിയസ് വളരെ ചെറുതും സൈറ്റോപ്ളാസം ഏകതാനവുമാണ്. ഉറയുരിക്കലിന്റെ ആരംഭത്തില്‍ ന്യൂക്ളിയസിനും സൈറ്റോപ്ളാസത്തിനും ഉണ്ടാകുന്ന മാറ്റങ്ങളില്‍നിന്ന് സ്രവണക്രമം അതിയായി വര്‍ധിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. ചെറിയ നാഡികളും ഗ്രന്ഥിയുടെ ഉള്ളില്‍ കണ്ടിട്ടുണ്ട്. Y-അവയവം പറിച്ചുമാറ്റിയാല്‍ ഉറയുരിക്കല്‍ നിന്നു പോകുകയും അത് വീണ്ടും ശരീരത്തിനുള്ളില്‍ ചെലുത്തിയാല്‍ ഉറയുരിക്കാനുള്ള കഴിവ് വീണ്ടുകിട്ടുകയും ചെയ്യുന്നു. സ്രവത്തരികള്‍ ഇന്നുവരെ ഗ്രന്ഥിയുടെ കോശങ്ങള്‍ക്കുള്ളില്‍ കണ്ടിട്ടില്ല. എന്നാല്‍ അവയില്‍ അതിസൂക്ഷ്മങ്ങളായ ചില അന്തര്‍ഭൂതവസ്തുക്കള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ആന്‍ഡ്രോജനിക് ഗ്രന്ഥി

ക്രസ്റ്റേഷ്യകളില്‍ പ്രാഥമികവും ദ്വിതീയവും സ്വഭാവികവുമായ എല്ലാ പുരുഷലിംഗസ്വഭാവങ്ങള്‍ക്കും കാരണമായ പുരുഷഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ഒരു ഗ്രന്ഥി. ആംഫീപോഡുകളില്‍ ഈ ഗ്രന്ഥി ചുരുണ്ടുകൂടിയ ചരടുകള്‍ പോലെ പിരമിഡിന്റെ ആകൃതിയില്‍ ക്രമീകരിച്ചും പുംബീജവാഹിനികളോട് പറ്റിച്ചേര്‍ന്നും കാണുന്നു. പക്ഷേ പല ക്രസ്റ്റേഷ്യകളിലും ഈ ഗ്രന്ഥി പുരുഷ ജനനേന്ദ്രിയത്തിന്റെ പല സ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു. ചിലതില്‍ വൃഷണങ്ങളോട് ചേര്‍ന്നും മറ്റു ചിലതില്‍ സെമിനല്‍ വെസിക്കിളിനോടു പറ്റിച്ചേര്‍ന്നും വേറെ ചിലതില്‍ മേല്പറഞ്ഞപോലെ വാസ് ഡെഫറന്‍സിനോട് പറ്റിയും കാണപ്പെടുന്നു. കോശങ്ങളുടെ ക്രമീകരണത്തിലുള്ള വ്യത്യാസമനുസരിച്ച് ഈ ഗ്രന്ഥിയെ നാലായി തരം തിരിച്ചിരിക്കുന്നു: സാധാരണ ചരടുകള്‍ പോലെ കോര്‍ത്തിണക്കിയവ, പല ശാഖകളായി പിരിഞ്ഞ ചരടുകള്‍ പോലെ കോശങ്ങള്‍ സംവിധാനം ചെയ്തവ, പത്തിയുടെ ആകൃതിയില്‍ കോശങ്ങള്‍ ചേര്‍ത്തവ, ഗോളാകൃതിയില്‍ സംയുക്ത കോശപാളിയുടെ സ്വഭാവമുള്ളവ. മുതിര്‍ന്ന ഞണ്ടുകളില്‍ ഒന്നിനോട് ഒന്നുചേര്‍ന്ന് ചരടുകള്‍ പോലെ ഒരു സെ.മീ. ഓളം നീളത്തില്‍ വാസ്ഡെഫറന്‍സിന്റെ പുറത്ത് ഏറ്റവും പിന്നിലായി ഈ ഗ്രന്ഥി കാണപ്പെടുന്നു. വയല്‍ ഞണ്ടില്‍ (പാരാടെല്‍ ഫ്യൂസാ) ഒഴികെ മറ്റൊന്നിലും ഇന്നുവരെ സ്രവത്തരികള്‍ ഈ ഗ്രന്ഥിയുടെ കോശങ്ങളില്‍ കണ്ടിട്ടില്ല. മേല്പറഞ്ഞ ഞണ്ടില്‍ സ്രവത്തരികള്‍ ബേസോഫിലിക് രൂപത്തില്‍ ആദ്യം പ്രത്യക്ഷപ്പെടുകയും ഗ്രന്ഥി കാലികമാറ്റങ്ങള്‍ കാണിക്കുകയും ചെയ്യുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.

അന്ധത

Blindness

വസ്തുക്കളുടെ നിറം, സ്വഭാവം, ആകൃതി മുതലായവ കാണാന്‍ കഴിയാതിരിക്കുന്ന അവസ്ഥ. അന്ധത പ്രധാനമായും രണ്ടുതരത്തിലുണ്ട്: ജന്മസിദ്ധ വൈകല്യങ്ങള്‍ ഉളവാക്കുന്ന അന്ധതയും ജനനാന്തരം ഉണ്ടാകുന്ന അന്ധതയും. ഗ്ളോക്കോമ, തിമിരം, ദൃഷ്ടിപടല(retina)ത്തിനുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയാണ് അന്ധതയുടെ പ്രധാനകാരണങ്ങള്‍.

ജന്മസിദ്ധവൈകല്യങ്ങള്‍ ഉളവാക്കുന്ന അന്ധത

ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്നു മാസങ്ങളില്‍ മാതാവിനെ ബാധിക്കുന്ന ജര്‍മന്‍ മീസില്‍സ് അഥവാ റുബെല്ല ശിശുവിന്റെ നേത്രകാചം അതാര്യമാക്കി അന്ധതയുളവാക്കുന്നു.

വിവിധ ഉപാപചയ തകരാറുകളും നേത്രരൂപീകരണത്തിലെ വൈകല്യങ്ങളും ജന്മസിദ്ധ അന്ധതയ്ക്ക് കാരണമാകാറുണ്ട്.

തിമിരം

പ്രമേഹരോഗികളായ ചില സ്ത്രീകളുടെ കുട്ടികളില്‍ ജന്മനാ തിമിരം ഉള്ളതായി കണ്ടുവരുന്നു. ഇത്തരത്തിലുള്ള അന്ധത ശസ്ത്രക്രിയമൂലം മാറ്റാവുന്നതാണ്.

റെറ്റിനോബ്ളാസ്റ്റോമ

Retinoblastoma

ക്രോമസോമല്‍ വൈകല്യം മൂലം ശിശുക്കളില്‍ ഉണ്ടാകുന്ന ഈ രോഗത്തിനു കാരണം ദൃഷ്ടി പടലത്തിന്റെ മസ്തിഷ്കാനുബന്ധ കലകളില്‍ (neurogolia) ഉണ്ടാകുന്ന ട്യൂമറാണ്. ജനിക്കുമ്പോള്‍തന്നെ ഈ രോഗം ഉണ്ടെങ്കില്‍ പോലും രണ്ടു വയസ്സാകുന്നതോടുകൂടി മാത്രമേ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുള്ളു. മിക്കവാറും ഒരു കണ്ണിലേ രോഗം ഉണ്ടാകാറുള്ളു. രോഗിയുടെ ശ്വേതമണ്ഡലം (കോര്‍ണിയ) വലുതായിവരികയും അത് പൂച്ചയുടെ കണ്ണുപോലെ മഞ്ഞനിറമാവുകയും തുടര്‍ന്ന് കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു. കണ്ണിനകത്ത് വലിവ് വര്‍ധിക്കുന്നതിന്റെ ഫലമായി കോര്‍ണിയ ഉന്തിവരുന്നതിന് ബുഫ്താല്‍മോസ് (Buphthalmos) എന്നു പറയുന്നു. കാളയുടെ കണ്ണുപോലെ തോന്നിക്കുന്നതിനാല്‍ ഇതിനെ ഓക്സ്-ഐ (Ox-Eye) എന്നും വിളിക്കാറുണ്ട്. രോഗം ബാധിച്ച കണ്ണ് ശസ്ത്രക്രിയമൂലം എടുത്തുകളഞ്ഞശേഷം എക്സ്റേ-തെറാപ്പി നടത്താവുന്നതാണ്. വ്യാധി തലച്ചോറിനകത്തേക്കു വ്യാപിക്കുന്നതിനാല്‍ ഒരു കണ്ണ് എടുത്തുകളഞ്ഞാലും വീണ്ടും മറ്റേ കണ്ണില്‍ രോഗം ബാധിക്കാനിടയുണ്ട്. നാലുവര്‍ഷത്തിനകം ഈ രോഗം വീണ്ടും വരാതിരുന്നാല്‍ രോഗം മാറിയെന്ന് അനുമാനിക്കാം. ഗുരുതരമായി ഈ രോഗം ബാധിച്ചാല്‍ സാധാരണഗതിയില്‍ ഒരു വര്‍ഷം തികയുന്നതിനുമുന്‍പ് രോഗി മരിക്കാനിടയുണ്ട്.

റിട്രോലെന്റല്‍ ഫൈബ്രോപ്ളാസിയ

Retrolental Fibroplasia

കണ്ണിനകത്തെ കാചത്തിന്റെ (lens) പിന്‍ഭാഗത്ത് പോറലുകള്‍ വീണ് കാഴ്ച നഷ്ടപ്പെടുന്ന രോഗം. അകാലജനിത (premature) ശിശുക്കള്‍ക്ക് അനിയന്ത്രിതമായി ഓക്സിജന്‍ കൊടുക്കുന്നതുകൊണ്ട് അവരുടെ കണ്ണുകളില്‍ ഈ രോഗമുണ്ടാകുന്നു. ഇങ്ങനെയുള്ള ശിശുക്കളില്‍, ജനിച്ച് 1മ്മ മാസത്തിനുള്ളില്‍ കണ്ണിനകത്തെ രക്തക്കുഴലുകള്‍ വലുതായി വരുന്നു.

അണുബാധ

മാതാവിന് സിഫിലിസ്, ഗൊണോറിയ എന്നീ രോഗങ്ങളുണ്ടെങ്കില്‍ ശിശുവിനും ഈ രോഗങ്ങള്‍ ഉണ്ടാകും. ജന്മനാ ഉണ്ടാകുന്ന സിഫിലിസിനോടനുബന്ധിച്ച് ശ്വേതമണ്ഡലത്തില്‍ അണുബാധയുണ്ടാകും. അതു ബാധിച്ച് കണ്ണില്‍ ചുവപ്പും പഴുപ്പും വരികയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യും. ഗര്‍ഭകാലത്ത് അമ്മയ്ക്ക് ഈ രോഗങ്ങള്‍ക്കുള്ള ചികിത്സ ചെയ്താല്‍ ഈ അസുഖം ഒഴിവാക്കാനാവും. കുട്ടികളിലുള്ള ചികിത്സ സാധാരണ ഫലപ്രദമല്ല.

ജനനാനന്തരം ഉണ്ടാകുന്ന അന്ധത

ജന്മനാ സിഫിലിസ് ബാധിച്ചിരിക്കുന്ന ചില കുട്ടികള്‍ക്ക് പത്തുപന്ത്രണ്ടു വയസ്സാകുമ്പോള്‍ കോര്‍ണിയയുടെ അകത്തു വെള്ളനിറം വരുന്നതിന് ഇന്റര്‍സ്റ്റീഷ്യല്‍ കെരറ്റൈറ്റിസ് എന്നു പറയുന്നു. പെനിസിലിന്‍ കുത്തിവയ്ക്കുന്നതുകൊണ്ട് രോഗശാന്തിയുണ്ടാകും. കോര്‍ണിയല്‍ ഗ്രാഫ്റ്റിങ് ചെയ്യുന്നപക്ഷം കാഴ്ച വീണ്ടെടുക്കുകയും ചെയ്യാം.

പോഷകാഹാരങ്ങളുടെ അഭാവത്താലും അന്ധതയുണ്ടാകാറുണ്ട്. രാത്രി കാഴ്ചയുണ്ടായിരിക്കാന്‍ ജീവകം-എ വളരെ അത്യാവശ്യമാണ്. കണ്ണിന്റെ ശ്വേതമണ്ഡലത്തില്‍ ശല്കങ്ങള്‍ ഉണ്ടാകുന്നതിന് കെരറ്റോ മലേഷ്യ എന്നും അതു കോര്‍ണിയയിലേക്കു വ്യാപിക്കുമ്പോള്‍ അവയെ ബിറ്റോട്സ് സ്പോട്സ് എന്നും പറയുന്നു. മുലകുടി മാറുന്നതോടെ മുലപ്പാലിനുപകരം ധാരാളം പശുവിന്‍പാല്‍ കൊടുക്കാതെ പകരം കപ്പ, ചോറ് മുതലായവ മാത്രം ആഹാരമായി കൊടുക്കുമ്പോള്‍ ജീവകം-എ വേണ്ടത്ര ലഭിക്കാതെ വരികയും തന്‍മൂലം കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു. പാല്‍, മുട്ട, മീനെണ്ണ മുതലായവ ആഹാരമായി കൊടുത്താല്‍ ആരംഭത്തില്‍ തന്നെ ഈ രോഗം തടയാം.

മസൂരിരോഗം

ഉഷ്ണമേഖലാരാജ്യങ്ങളില്‍ അന്ധതയ്ക്കുള്ള ഒരു പ്രധാനകാരണം മസൂരിരോഗമാണ്. മസൂരിരോഗം മൂലം കോര്‍ണിയയിലും കുമിളകള്‍ ഉണ്ടാകുന്നു. തത്ഫലമായി കോര്‍ണിയയുടെ തൊലി ഇളകിപ്പോകുന്നു; സുതാര്യത നഷ്ടപ്പെടുകയും കാഴ്ചയ്ക്ക് തകരാറു സംഭവിക്കുകയും ചെയ്യും. പകര്‍ച്ചവ്യാധി ഉണ്ടാകാതിരിക്കാനുള്ള കുത്തിവയ്പ് എടുക്കുന്നതാണിതിനുള്ള പ്രതിവിധി. മസൂരിരോഗനിര്‍മാര്‍ജന പദ്ധതിമൂലം ഇന്ന് ഇത്തരം അന്ധത വളരെ വിരളമായിട്ടുണ്ട്.

ട്രക്കോമ

കണ്‍പോളകള്‍, ശ്വേതമണ്ഡലം, നേത്രവൃതി എന്നിവയിലുണ്ടാകുന്ന വൈറല്‍ ബാധ. ക്ളമീഡിയ ട്രക്കോമാറ്റിസ് (Chlamydia Trachomatis) എന്ന വൈറസാണ് രോഗകാരണം. കണ്‍പോളയ്ക്കകത്തും നേത്രവൃതിയിലും ധാരാളം കുരുക്കളുണ്ടാകുന്നു. കണ്ണിനകത്തെ രക്തക്കുഴലുകള്‍ ചുവന്നു തടിച്ചുവരികയും കണ്ണിനു വലിയ വേദന അനുഭവപ്പെടുകയും ചെയ്യും. സള്‍ഫോണാമൈഡ് ചികിത്സയാണ് പ്രതിവിധി. രോഗശുശ്രൂഷയുടെയും ചികിത്സയുടെയും അഭാവത്തില്‍ ഇത് അന്ധതയ്ക്ക് കാരണമാകും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും ജലദൌര്‍ലഭ്യമുള്ളതുമായ സ്ഥലങ്ങളിലാണ് ഈ രോഗം അധികവും കണ്ടുവരുന്നത്. നോ: ട്രക്കോമ

രക്തസമ്മര്‍ദം

അതിരക്തസമ്മര്‍ദം മൂലം ദൃഷ്ടിപടലത്തിനു ക്ഷതമേല്‍ക്കാനും കണ്ണിനകത്തെ രക്തക്കുഴലുകള്‍ പൊട്ടാനും സാധ്യതയുണ്ട്. തത്ഫലമായി ചിലപ്പോള്‍ കാഴ്ച നിശ്ശേഷം ഇല്ലാതായിത്തീരുന്നു.

തിമിരം

നേത്രകാചം അതാര്യമാകുന്ന അവസ്ഥയാണിത്. മധ്യവയസ്സാകുന്നതോടെ കാചത്തിന്റെ സുതാര്യത പല കാരണങ്ങളാലും നഷ്ടപ്പെടാം. അതുകൊണ്ട് കാഴ്ചയ്ക്കു മാന്ദ്യം സംഭവിക്കുന്നു. ശരീരത്തിന്റെ ആരോഗ്യം അനുസരിച്ച് കാഴ്ചക്കുറവില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നു. തിമിരം പൂര്‍ണമാകുമ്പോള്‍ കാചം ശസ്ത്രക്രിയമൂലം മാറ്റിയാല്‍ കാഴ്ചവീണ്ടും ലഭിക്കുന്നതാണ്. പ്രമേഹബാധയുള്ളവരുടെ കണ്ണുകള്‍ക്കാണ് തിമിരം വേഗത്തില്‍ ബാധിക്കുന്നത്. മദ്യം, പുകയില, ചായ, കാപ്പി എന്നീ പദാര്‍ഥങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നതിന്റെ ഫലമായും കാഴ്ച നഷ്ടപ്പെടാം.

ഗ്ളോക്കോമ

Glaucoma

അന്ധതയുടെ ഒരു പ്രധാന കാരണം ഗ്ളോക്കോമ എന്ന രോഗമാണ്. കണ്ണിനകത്തെ മര്‍ദം നിയന്ത്രിച്ചു നിര്‍ത്തുന്നത് നേത്രോദ (aqueous humour) ത്തിന്റെ മര്‍ദമാണ്. നേത്രോദത്തിലുണ്ടാകുന്ന മര്‍ദവര്‍ധനവിനനുസൃതമായി നേത്രമജ്ജ(vitreous humour)യിലും മര്‍ദ വര്‍ധനവുണ്ടാകുന്നു. തത്ഫലമായി ദൃഷ്ടി പടലത്തിനും നേത്രനാഡി (optic nerve) ക്കും ക്ഷതം ഉണ്ടാകുകയും കാഴ്ചശക്തി കുറയുകയും ചെയ്യുന്നു. തീവ്ര ഗ്ളോക്കോമ (acute glaucoma) പെട്ടന്നുണ്ടാകുന്ന ഒരു സ്ഥിതിവിശേഷമാണ്. തീക്ഷ്ണമായ വേദനയോടൊപ്പം കാഴ്ചയ്ക്ക് മങ്ങലും അനുഭവപ്പെടുന്നു. പ്രകാശത്തെ വലയം ചെയ്ത് മഴവില്‍ വര്‍ണങ്ങള്‍ കാണുന്നതായും തോന്നും. അടിയന്തിര ചികിത്സ ലഭിക്കാതിരുന്നാല്‍ അന്ധത ബാധിക്കാനിടയുണ്ട്.

കാഴ്ച ക്രമേണ കുറഞ്ഞുവരുന്ന ക്രോണിക് ഗ്ളോക്കോമയ്ക്കു തുടക്കത്തില്‍ വലിയ വേദന ഉണ്ടാകുകയില്ല. കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് ഇടയ്ക്കിടയ്ക്കു കണ്ണട പുതുക്കേണ്ടിവരും. ക്രമേണ പാര്‍ശ്വവീക്ഷണം ഇല്ലാതായി കാഴ്ച ഒരു കുഴലില്‍കൂടി നോക്കിയാലുള്ള രൂപത്തില്‍ കുറയുന്നു. കണ്ണിന്റെ വലിവ് വര്‍ധിക്കുകയും കാഴ്ച വീണ്ടും കുറയുകയും ചെയ്യും. രോഗം നേരത്തെ കണ്ടുപിടിച്ചാല്‍ പ്രത്യേകതരം ശസ്ത്രക്രിയകള്‍കൊണ്ട് രോഗത്തിനു കുറെയൊക്കെ ശമനമുണ്ടാക്കാം.

ദൃഷ്ടിപടല വിയോജനം

Retinal detachment

പെട്ടെന്നുള്ള അന്ധതയ്ക്ക് മറ്റൊരു കാരണമാണിത്. കൊറോയ്ഡ് (choroid) എന്ന ആവരണത്തില്‍ നിന്നു ദൃഷ്ടിപടലം വേര്‍പ്പെട്ടു പോകുന്നു. തലയ്ക്കോ കണ്ണിനോ പെട്ടെന്നുണ്ടാകുന്ന ആഘാതം മൂലമോ ഹ്രസ്വദൃഷ്ടി മൂലമോ ഇത് സംഭവിക്കാം. ശസ്ത്രക്രിയയാണ് പ്രതിവിധി.

മെലനോമ

മെലനോമ എന്ന മാരകമായ അര്‍ബുദം കണ്ണിനകത്ത് ഉണ്ടാകാറുണ്ട്. കണ്ണിനകത്തെ വിവിധ ഭാഗങ്ങളായ കോറോയ്ഡ്, സീലിയറി ബോഡി, ഐറിസ് എന്നിവിടങ്ങളില്‍ ഈ രോഗം ഉണ്ടാകാം. ഒരു മൊട്ടുപോലെ ആരംഭിക്കുന്ന അര്‍ബുദം ഒരു ചെറിയ കൂണുപോലെ വളര്‍ന്ന് ദൃഷ്ടിപടല വിയോജനം ഉണ്ടാകുന്നു.

ധമനീവൈകല്യങ്ങള്‍

കണ്ണുകളിലെ രക്തക്കുഴലുകളുടെ അന്യൂറിസം, കവേര്‍ണസ് സൈനസ് ത്രോംബോസിസ് (Cavernous sinus thrombosis) എന്നീ ധമനീവൈകല്യങ്ങള്‍ ഉണ്ടാകുമ്പോള്‍ കണ്ണ് അടയ്ക്കാന്‍ കഴിയാത്തനിലയില്‍ പുറത്തേക്കു തള്ളിനില്ക്കുന്നു. കണ്ണിനു വലിയ വേദനയും വലിവും അനുഭവപ്പെടുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യും. കണ്ണിലെ സിരകളെയോ കരോട്ടിഡ് ധമനിയേയോ കെട്ടിവയ്ക്കുന്ന ശസ്ത്രക്രിയകൊണ്ട് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാവുന്നതാണ്.

സിംപതെറ്റിക് ഒഫ്താല്‍മിയ

നേത്രകാചത്തിന് ക്ഷതം ഉണ്ടാകുന്നതിന്റെ ഫലമായി കാചത്തിനകത്തെ പ്രോട്ടീന്‍ പുറത്തുപോകുന്നു. ക്ഷതം കൊണ്ട് കാചത്തിലെ പ്രോട്ടീന്‍ പുറത്തുവന്നു രോഗമില്ലാത്ത കണ്ണിനകത്തു പ്രതിപ്രവര്‍ത്തനം ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി രണ്ടു കണ്ണിലേയും കാഴ്ച നഷ്ടപ്പെടുന്നു. ഇതിന് സിംപതെറ്റിക് ഒഫ്താല്‍മിയ (Sympathetic Ophthalmia) എന്നു പറയും.

ക്ഷതം പറ്റുന്നതിന്റെ ഫലമായി കണ്ണിന്റെ അകത്തുള്ള ഭാഗങ്ങള്‍ക്കും വിവിധ കലകള്‍ക്കും ശോഥം സംഭവിക്കുക പതിവാണ്. തത്ഫലമായി അന്ധത ഉണ്ടാകാവുന്നതാണ്. ശസ്ത്രക്രിയവഴി ആ കണ്ണ് എടുത്തുമാറ്റാത്തപക്ഷം ഈ സ്ഥിതിവിശേഷം മറ്റേ കണ്ണിലേക്കുകൂടി പടരുവാനും കൂടുതല്‍ ഗുരുതരമായ ഫലങ്ങള്‍ ഉളവാക്കുവാനും ഇടയുണ്ട്.

അപകടങ്ങള്‍ മൂലമുണ്ടാകുന്ന ക്ഷതങ്ങള്‍

മൂര്‍ച്ചയുള്ള വസ്തുക്കള്‍ കൊണ്ട് കണ്ണിന് അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ചില ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അശ്രദ്ധ മൂലം കണ്ണിനകത്ത് കുത്തി മുറിവേല്‍ക്കാനിടയുണ്ട്. നെല്ലു കുത്തുകാര്‍ക്കിടയില്‍ നെല്‍ക്കതിര്‍ കണ്ണിനകത്ത് തുളച്ചു കയറി അപകടം ഉണ്ടാകുന്നത് സാധാരണമാണ്. ഇങ്ങനെയുണ്ടാകുന്ന മുറിവുകളില്‍ അണുബാധയുണ്ടായി കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനിടയുണ്ട്. ഇതിനുള്ള ചികിത്സ വൈകുന്തോറും കാഴ്ച കിട്ടാനുള്ള സാധ്യത കുറയുന്നു.

വര്‍ണാന്ധത

Color blindness

ചുവപ്പ്, മഞ്ഞ, നീല എന്നീ നിറങ്ങള്‍ തിരിച്ചറിയുവാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്. കോണു(cone)കളുടെ പ്രവര്‍ത്തനംകൊണ്ടാണ് വര്‍ണങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്നത്. ചുവപ്പ്, പച്ച, നീല നിറങ്ങള്‍, കോണ്‍ കോശങ്ങളിലെ മൂന്നു വ്യത്യസ്ത വര്‍ണകങ്ങളെ പ്രതിപ്രവര്‍ത്തനത്തിനു വിധേയമാക്കുന്നതാണ് വര്‍ണക്കാഴ്ച ലഭ്യമാക്കുന്നത്. ജന്മനാ ഈ വര്‍ണകങ്ങള്‍ ഇല്ലാതെ വരികയോ ഏതെങ്കിലും വിധത്തില്‍ ഇവയ്ക്ക് വൈകല്യങ്ങള്‍ ഉണ്ടാവുകയോ ചെയ്യുന്നതിന്റെ ഫലമാണ് വര്‍ണാന്ധത.

ചുവപ്പും പച്ചയും തിരിച്ചറിയാതിരിക്കുന്ന അവസ്ഥയാണ് അധികമായി കണ്ടുവരുന്നത്. ഇതിനെ ശോണ-ഹരിതാന്ധത (Red-green Blindness) എന്നു പറയുന്നു. നീലയും മഞ്ഞയും തിരിച്ചറിയാതിരിക്കുന്ന അവസ്ഥയുമുണ്ട്. പല വര്‍ണങ്ങളിലുള്ള അനേകം കാര്‍ഡുകളില്‍ നിന്ന് ചുവപ്പു കാര്‍ഡും പച്ചക്കാര്‍ഡും തിരഞ്ഞെടുപ്പിച്ചാണ് (Ishihara's test) വര്‍ണാന്ധത ഉണ്ടോ ഇല്ലയോ എന്നു പരിശോധിക്കുന്നത്.

പുരുഷന്മാരില്‍ ആണ് അധികവും വര്‍ണാന്ധത കണ്ടുവരുന്നത്. സ്ത്രീകളില്‍ വളരെ വിരളമായേ ഇതു കണ്ടുവരുന്നുള്ളു. വര്‍ണാന്ധത ലിംഗസഹലഗ്നം (sex-linked) ആണെന്നു കരുതപ്പെടുന്നു.

അന്നനാളി

Oesophagus

ജന്തുക്കളുടെ തൊണ്ടയില്‍ തുടങ്ങി ആമാശയത്തിന്റെ ജഠരാഗമിദ്വാരത്തില്‍, (Cardiac orifice) അവസാനിക്കുന്നതും ആഹാരസാധനങ്ങള്‍ കടന്നുപോകുന്നതുമായ പേശീനാളി. ഏകദേശം 23-30 സെ.മീ. നീളവും 2 സെ.മീ. വ്യാസവും ഉള്ള പേശീനിര്‍മിതമായ ഈ കുഴലിന് ശ്ളേഷ്മസ്തരത്തിന്റെ ഒരാവരണമുണ്ട്. അന്നനാളി ആമാശയവുമായി സന്ധിക്കുന്ന ഭാഗത്തെ ഹയാറ്റസ് (Hiatus) എന്നു പറയുന്നു. ഇതിന് ഏകദേശം 1.6 സെ.മീ. വ്യാസം വരും. തൊണ്ടയോട് ചേര്‍ന്നഭാഗം അല്പം പരന്നു ഇടുങ്ങിയിരിക്കുന്നു. നെഞ്ചിനകത്തുള്ള മറ്റു ശരീരഭാഗങ്ങളായ മഹാധമനീചാപത്തിനും (aortic arch) ഇടത്തെ ശ്വസനിക്കും (left bronchus) പിന്നില്‍ കൂടിയാണ് അന്നനാളി ആമാശയത്തിലേക്കെത്തുന്നത്. അതു പിന്നീട് പ്രാചീര(diaphragm)ത്തിലുള്ള ജഠരാഗമീദ്വാരത്തിലൂടെ കടന്ന് ആമാശയവുമായി യോജിക്കുന്നു.

അന്നനാളിയുടെ ഉള്‍ഭിത്തി ഉള്ളിലേക്ക് തള്ളി നാളീവ്യാസത്തെ ചുരുക്കാറുണ്ട്. ഭക്ഷണം കടന്നുപോകുമ്പോള്‍ മാത്രമേ ഉള്ളിലെ നാളി വേണ്ടത്ര തുറക്കുകയുള്ളു. ബേരിയം മീല്‍ എക്സ്-റേ (Barium Meal X-ray) ഉപയോഗിച്ച് അന്നനാളിയുടെ ചലനരീതിയും രോഗബാധമൂലം ഉണ്ടാകുന്ന വ്യതിയാനങ്ങളും മനസ്സിലാക്കാവുന്നതാണ്. കട്ടിയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ അന്നനാളിയിലൂടെ നിയന്ത്രിത രീതിയിലേ നീങ്ങുകയുള്ളു. ഭക്ഷണപദാര്‍ഥങ്ങള്‍ മഹാധമനീചാപത്തിനടുത്തുള്ള നേര്‍ത്ത ഭാഗത്ത് കുറച്ചുനേരം നില്ക്കുന്നു. ഈ നിയന്ത്രിത രീതിക്ക് അവരോധപ്രക്രിയയെന്നു പറയാം. അന്നനാളിയില്‍ ഭക്ഷണം പ്രവേശിച്ച് ഏഴു നിമിഷത്തിനുശേഷമേ ആമാശയത്തിലെത്തുകയുള്ളൂ. വൃത്താകൃതിയില്‍ വലയം ചെയ്തിരിക്കുന്ന മാംസപേശികളുടെ (Cricopharyngeous muscle) അവരോധശേഷി കാരണം അന്നനാളിയുടെ ആദ്യഭാഗം പ്രത്യേകിച്ചും അടഞ്ഞിരിക്കും. അത് ശ്വസിക്കുന്ന വായു ആമാശയത്തിനകത്തേക്കു കടക്കാതിരിക്കാന്‍ സഹായിക്കുന്നു.

ആമാശയത്തില്‍നിന്നും ഭക്ഷണം അന്നനാളിയിലേക്കു തികട്ടി വരാതിരിക്കാന്‍ അന്നനാളിയും ആമാശയവും യോജിക്കുന്നിടത്ത് ചില പ്രത്യേക സംവിധാനങ്ങളുണ്ട്. ആമാശയത്തിലേക്ക് അന്നനാളി അവസാനിക്കുന്നത് കുറച്ച് ഇടത്തോട്ട് ചരിഞ്ഞാണ്. അന്നനാളിയില്‍ വൃത്താകാരത്തില്‍ വലയം ചെയ്തിരിക്കുന്ന മാംസപേശികള്‍ക്കും അവരോധശേഷിയുണ്ട്. അതിനാല്‍ ആമാശയത്തിലെ വിവിധ സ്രവങ്ങളും ഭക്ഷണപദാര്‍ഥങ്ങളും അന്നനാളിയിലേക്കു കയറാതിരിക്കുവാന്‍ സഹായിക്കുന്നു.

ഘടന. അന്നനാളിയുടെ മധ്യത്തിലായി നാളിക്കു (lumen) ചുറ്റും പല നിരകളായി വിവിധതരം കലകള്‍കൊണ്ട് നിര്‍മിതമായ ഒരു ശ്ളേഷ്മവലയമുണ്ട്. അതിനു ചുറ്റും മ്യൂക്കസ് അസിനികകള്‍ (mucous accinii), ലസികാ ഗ്രന്ഥികള്‍ (lymph glands), ലസികാവാഹിനികള്‍ (lymphatic channel) ധമനികള്‍ (arteries), സിരകള്‍ (veins), വാസകല (adipose tissue) എന്നിവ ചേര്‍ന്ന എരിയോള സ്തരം (areolar tissue) കാണപ്പെടുന്നു. ഇതിനെ ആവരണം ചെയ്തുകൊണ്ട് വര്‍ത്തുള (circular) അനുദൈര്‍ഘ്യ (longitudinal) പേശികളാല്‍ നിര്‍മിതമായ ഒരു വലയവും ഉണ്ട്. ബാഹ്യ ആവരണം നാരുപേശിക(tissue adventities)ളടങ്ങിയതാണ്. അതിനുള്ളിലായി നാഡികളും (nerves), സിരികകളും (arteriole), ധമനികളും, ലോമികകളും ഉണ്ട്.

അധോതൈറോയ്ഡ് (inferior thyroid artery), ജത്രുക (gastric artery), ശ്വസനി, ഇടത്തെ ജഠരാഗമി (left cardiac artery), അധോമധ്യഛദം, അയോര്‍ട്ട എന്നീ ധമനികള്‍ അന്നനാളിയിലേക്കു രക്തം എത്തിക്കുന്നു. വാഗസും (vagus nerve) അനുകമ്പാതന്ത്രികളും (sympathetic nerve) അന്നനാളിയുമായി ബന്ധപ്പെട്ട പ്രധാന നാഡികളാണ്.

അന്നനാളീരോഗങ്ങള്‍. അന്നനാളിയെ വിവിധതരം രോഗങ്ങള്‍ ബാധിക്കാറുണ്ട്.

1. ജന്മനായുള്ള വൈകല്യങ്ങള്‍. അന്നനാളി ആമാശയത്തിനകത്തേക്കു തുറക്കുന്നതിനുപകരം ഇടയ്ക്കുവച്ചു രണ്ടായി മുറിഞ്ഞു മുകളിലത്തെ ഒരറ്റം ശ്വാസനാളിയുടെ ഉള്ളിലേക്കു തുറക്കുന്ന അവസ്ഥയാണ് ഏറ്റവും പ്രധാന വൈകല്യം. ശിശുവിന് ഭക്ഷണം കഴിക്കാനോ, ശ്വസിക്കാനോ കഴിയാതാകുന്ന മാരകമായ ഒരവസ്ഥയാണിത്. അന്നനാളി ആമാശയത്തിലേക്കു തുറക്കാതെ രണ്ടായി മുറിഞ്ഞ് രണ്ടറ്റങ്ങളും ഉരുണ്ട് തമ്മില്‍ യോജിക്കാതെ വേര്‍തിരിഞ്ഞും കാണാം. വിദഗ്ധ പരിശോധനവഴി ഈ അവസ്ഥ കണ്ടുപിടിച്ച് ശസ്ത്രക്രിയവഴി രണ്ടറ്റങ്ങളും യോജിപ്പിച്ചു ശരിയാക്കാവുന്നതാണ്. ചിലപ്പോള്‍ സാധാരണയില്‍നിന്നും വ്യത്യസ്തമായി അന്നനാളിക്കു വേണ്ടത്ര വിസ്താരം ഇല്ലാതെ വരികയും ഒരു നേരിയ കുഴലിന്റെ രൂപത്തിലായി കാണപ്പെടുകയും ചെയ്യും. അന്നനാളിയുടെ ചില ഭാഗങ്ങള്‍ വിസ്താരമേറിയതും മറ്റു ചില ഭാഗങ്ങള്‍ വളരെ ഇടുങ്ങിയതും ആയ അവസ്ഥയും കാണാറുണ്ട്. അന്നനാളിയുടെ നീളം ചിലപ്പോള്‍ വളരെ കുറഞ്ഞിരിക്കുകയും ചെയ്യും.

ഇത്തരം വൈകല്യങ്ങളുള്ള ശിശുക്കള്‍ ജനിക്കുമ്പോള്‍ നീലനിറം ആയിരിക്കും. ശ്വാസോച്ഛ്വാസത്തിന് പ്രയാസം ഉണ്ടാകും. ഈ ശിശുക്കള്‍ക്ക് പാലോ വെള്ളമോ കൊടുത്താല്‍ ഉടനെ ശ്വാസംമുട്ടലും ഛര്‍ദിയും അനുഭവപ്പെടുന്നു. പലപ്പോഴും അടിയന്തിരശസ്ത്രക്രിയ വേണ്ടിവരാറുണ്ട്.

2. അന്നനാളിയിലുണ്ടാകുന്ന പഴുപ്പ്. കാര്‍ബോളിക് അമ്ളം, കാസ്റ്റിക് സോഡ എന്നീ രാസവസ്തുക്കള്‍ കഴിക്കുന്നതിന്റെ ഫലമായി അന്നനാളിയുടെ ശ്ളേഷ്മവലയം (mucous layer) അടര്‍ന്ന് പഴുപ്പു പിടിക്കുന്നു. കൂടുതല്‍ ഛര്‍ദിക്കുക മൂലവും ആമാശയത്തിലെ ഉപദ്രവകാരികളായ അമ്ളങ്ങള്‍ തികട്ടി അന്നനാളിയില്‍ കടന്നുകൂടുക മൂലവും അന്നനാളിക്കകത്തു പഴുപ്പ് ഉണ്ടാകുന്നു. പഴുപ്പ് വര്‍ധിക്കുന്നതിന്റെ ഫലമായി മാംസപേശികള്‍ ചുരുങ്ങി അന്നനാളിയുടെ പ്രവര്‍ത്തനശേഷി നഷ്ടപ്പെടുന്നു. മൊണീലിയ ആല്‍ബിക്കന്‍സ് എന്ന രോഗാണു വായ്ക്കകത്തുണ്ടാക്കുന്ന രോഗം ചിലപ്പോള്‍ അന്നനാളിയിലേക്കും ആമാശയത്തിലേക്കും വ്യാപിക്കാറുണ്ട്. ഇതുമൂലം ശ്ളേഷ്മവലയത്തിനുമീതെ കട്ടത്തൈരിന്റെ ആകൃതിയില്‍ കട്ടിപിടിക്കുന്നു. ശയ്യാവലംബികളായ ചില രോഗികളില്‍ ആമാശയരസങ്ങള്‍ അന്നനാളിക്കകത്തേക്ക് തികട്ടുന്നതിന്റെ ഫലമായി അന്നനാളിയുടെ ഭിത്തിയില്‍ ദ്വാരം വീണ് ആമാശയരസവും ആമാശയത്തിനകത്തുള്ള ഭക്ഷണസാധനങ്ങളും നെഞ്ചിനകത്തുള്ള പാര്‍ശ്വഗുഹ(pleural space)യിലേക്കും പെരിട്ടോണിയല്‍ സ്പേസിലേക്കും കടക്കുന്നു. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. ഇതുമൂലം വിശപ്പില്ലായ്മയും നെഞ്ചുവേദനയും ഉണ്ടാകുന്നു. പഴുപ്പും രക്തവും ഛര്‍ദിക്കാറുണ്ട്. പനി, വിറയല്‍ മുതലായവയും ഉണ്ടാകുന്നു.

ലഹരിപദാര്‍ഥങ്ങള്‍ അമിതമായി ഉപയോഗിക്കുക, നെഞ്ചിനകത്തെ മറ്റ് അവയവങ്ങള്‍ അന്നനാളിയിലേക്ക് ഉന്തി നില്ക്കുക, ഛര്‍ദി, ക്ഷയം, ആക്റ്റിനോമൈക്കോസിസ്, സിഫിലിസ് എന്നീ രോഗങ്ങള്‍ അന്നനാളിയെ ബാധിക്കുക തുടങ്ങിയ സ്ഥിതിയിലും പഴുപ്പുണ്ടാകാറുണ്ട്.

3. ധമനീവൈകല്യങ്ങള്‍. അന്നനാളിയിലെ ആമാശയത്തിലേക്കു തുറക്കുന്ന ഭാഗത്തിലെ രക്തക്കുഴലുകള്‍ തടിച്ച് കനം വച്ചു വീര്‍ക്കാറുണ്ട്. കരളിലെ രക്തക്കുഴലുകളില്‍ സമ്മര്‍ദം വര്‍ധിക്കുന്നതിന്റെ ഫലമായി അന്നനാളിയിലെ രക്തക്കുഴലുകള്‍ തടിക്കുകയും രക്തക്കുഴലുകള്‍ പൊട്ടി രക്തം ഛര്‍ദിക്കാന്‍ ഇടയാവുകയും ചെയ്യാം. മില്ലര്‍ അബട്ട് ട്യൂബ് (വായു ഘടിപ്പിച്ചിരിക്കുന്ന ഒരു ഉപകരണം) ഉപയോഗിച്ച് ഈ തടിച്ച രക്തക്കുഴലുകളില്‍ രക്തം അമിതമായി എത്തിച്ചേരുന്നത് താത്കാലികമായി തടയാനാവും.

അന്നനാളിയിലെ മാംസപേശികള്‍ക്ക് കനം കുറവാണെങ്കില്‍ ക്രമേണ ആ ഭാഗം വീര്‍ത്ത് സഞ്ചിപോലെയാകുകയും അതില്‍ ഭക്ഷണസാധനങ്ങള്‍ കുമിഞ്ഞുകൂടുകയും ചെയ്യും. ഇത് നെഞ്ചിനകത്ത് വേദനയ്ക്കും തടസ്സത്തിനും കാരണമാകുന്നു.

4. കാന്‍സര്‍. അന്നനാളിയെ കാന്‍സര്‍ എന്ന രോഗവും ബാധിക്കാറുണ്ട്. അന്നനാളിയുടെ വായ്ക്കടുത്തുള്ള ഭാഗത്താണ് സ്ത്രീകള്‍ക്ക് പൊതുവേ ഈ രോഗം അധികമായി കാണുന്നത്. പുരുഷന്‍മാരില്‍ താഴത്തെ അറ്റത്താണ് അന്നനാളിയെ ബാധിക്കുന്ന കാന്‍സര്‍ കാണപ്പെടുക. സ്പിരിറ്റ്, ആല്‍ക്കഹോള്‍, വെറ്റില, പുകയില എന്നിവയുടെ വര്‍ധിച്ച ഉപയോഗവും പുകവലിയും ഇതിന് കാരണമായി ചൂണ്ടിക്കാട്ടാറുണ്ട്. ഈ രോഗം പെട്ടെന്നു ചുറ്റുമുള്ള അവയവങ്ങളിലേക്കു പടര്‍ന്ന് മാരകമായ അവസ്ഥയായിത്തീരുന്നു. നാഡികളും മാംസപേശികളും തമ്മിലുള്ള പൊരുത്തമില്ലായ്മയുടെ ഫലമായി കാര്‍ഡിയോസ്പാസം എന്ന രോഗവും ഉണ്ടാകുന്നു.

ഫൈബ്രോമ (Fibroma), ലൈപ്പോമ (Lipoma) എന്നീ വ്യാധികളും അന്നനാളിയെ ബാധിക്കാറുണ്ട്.

അവസാനം പരിഷ്കരിച്ചത് : 3/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate