অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എഞ്ചിനീയറിംഗ്

എന്‍ജിനീയറിങ്ങിലെ വേറിട്ട വഴികള്‍

 

പതിവ് കോഴ്സുകള്‍ ഒഴിവാക്കി വേറിട്ട വഴി തെരഞ്ഞെടുത്താല്‍ എന്‍ജിനീയറിങ്  പഠനത്തില്‍ സാധ്യതകള്‍ ഉറപ്പാക്കാം. എന്നാല്‍ ഇത്തരം കോഴ്സുകളെ കുറിച്ച് അധികപേര്‍ക്കും വേണ്ടത്ര ധാരണയില്ളെന്നതാണ് സത്യം. ടെക്സ്റ്റൈല്‍ എന്‍ജിനീയറിങ്, ഡെയറി സയന്‍സ് ആന്‍ഡ് ടെക്നോളജി, ലതര്‍ ടെക്നോളജി എന്നിവ അത്തരം ചില കോഴ്സുകളാണ്. ഈ കോഴ്സുകളുടെ വിവരങ്ങളും സാധ്യതകളും അറിയാം. 
ടെക്സ്റ്റൈല്‍ എന്‍ജിനീയറിങ്
കേരളത്തിലില്ലാത്തതും എന്നാല്‍, പഠിച്ചിറങ്ങിയാലുടന്‍ ജോലി ലഭിക്കുന്നതുമായ ബ്രാഞ്ചാണിത്. മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ കൂടുതല്‍ കോളജുകള്‍ തമിഴ്നാട്ടിലാണ്. നല്ല മാര്‍ക്കുണ്ടെങ്കില്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ പി.എസ്.ജി കോളജില്‍ ചേരാം. 60 സീറ്റാണുള്ളത്. തുടര്‍ന്ന് കോയമ്പത്തൂരിലെ കേന്ദ്ര സര്‍ക്കാറിന്‍െറ കീഴിലെ ദേശീയ സ്ഥാപനമായ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ഓഫ് ടെക്സ്റ്റൈല്‍ ആന്‍ഡ് മാനേജ്മെന്‍റില്‍ എം.ബി.എ എടുക്കാം. വന്‍കിട ടെക്സ്റ്റൈല്‍ മില്ലുകളില്‍ മാനേജരാകാന്‍ കഴിയും. അധികം മത്സരമില്ലാത്ത ഈ മേഖല കരിയര്‍ ഭദ്രമാക്കുമെന്നുറപ്പാണ്. ഈ സ്ഥാപനത്തില്‍ ബി.എസ്സി (ടെക്സ്റ്റൈല്‍) കോഴ്സും ലഭിക്കും. മൂന്നുവര്‍ഷ കോഴ്സാണിത്.  
ഡെയറി സയന്‍സ് ആന്‍ഡ് ടെക്നോളജി
ലോകത്തെ ഏറ്റവും വലിയ ക്ഷീരോല്‍പാദന രാജ്യമാണ് ഇന്ത്യ. ഉല്‍പന്നങ്ങളുടെ വിറ്റുവരവിലും മുന്നിലാണ്. ആധുനികവത്കരണത്തില്‍ പിറകിലേക്കുപോയ ഈ വ്യവസായം ഇന്ന് ആധുനികവത്കരണത്തിന്‍െറ പാതയിലാണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദഗ്ധരെ ആവശ്യമുള്ള ഈ മേഖലയില്‍  പഠിച്ചിറങ്ങുന്നവര്‍ വളരെ കുറവായതിനാല്‍ എല്ലാവര്‍ക്കും പ്ളേസ്മെന്‍റ് ഉറപ്പാണ്.  കേരളത്തില്‍ എന്‍ട്രന്‍സ്വഴി പ്രവേശം ലഭിക്കും. 2015 മുതല്‍ 42 സീറ്റ് മാത്രമുണ്ടായിരുന്ന ഈ ബ്രാഞ്ചില്‍ മണ്ണുത്തി ഡെയറി സയന്‍സില്‍ 92 സീറ്റും പൂക്കോട് കാമ്പസില്‍ 40 സീറ്റും നെടുമങ്ങാട് ചെറ്റച്ചല്‍ കാമ്പസില്‍ 40 സീറ്റും അനുവദിച്ചു. എന്നാല്‍,  തൊഴില്‍ ഉറപ്പാക്കുന്ന ഈ ബ്രാഞ്ചില്‍  കഴിഞ്ഞവര്‍ഷം 26 സീറ്റ് ഒഴിഞ്ഞുകിടന്നു. ഡെയറി സയന്‍സില്‍ ഇന്ന്  ഡെയറി എന്‍ജിനീയറിങ്, ഡെയറി  മൈക്രോബയോളജി, അനിമല്‍ ന്യൂട്രീഷന്‍, ഡെയറി എക്കണോമിക്സ്, അനിമല്‍ ജനറ്റിക്സ് ആന്‍റ് മാനേജ്മെന്‍റ് എന്നിവയില്‍ സ്പെഷലൈസേഷനും പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലുണ്ട്.  പതിനായിരത്തിലധികം പേര്‍ പഠിച്ചിറങ്ങുന്ന ബ്രാഞ്ചുകളില്‍ ചേക്കേറാതെ ലിസ്റ്റില്‍ താഴെ വന്നാല്‍പോലും ചിലപ്പോള്‍ ഓപ്ഷന്‍ കൊടുത്താല്‍ ഡെയറി സയന്‍സ് ലഭിച്ചേക്കും. ദേശീയ സ്ഥാപനമായ ഹരിയാനയിലെ കര്‍ണാലിലെ നാഷനല്‍ ഡെയറി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ടെക്കും ഗവേഷണവും നടത്താം. വിദേശത്തും കരിയര്‍ ഉറപ്പാക്കാം. 
ലതര്‍ ടെക്നോളജി
ലതര്‍ ഉല്‍പന്ന കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ പരിശീലനം നേടിയ യുവാക്കളുടെ അഭാവമാണ് ഈ വ്യവസായം നേരിടുന്ന പ്രതിസന്ധി. രൂപകല്‍പനയും സാങ്കേതികവിദ്യയും കരസ്ഥമാക്കിയ ലതര്‍ ടെക്നോളജിക്കാര്‍ക്ക് പഠിച്ചിറങ്ങുമ്പോള്‍തന്നെ കരിയര്‍ ഉറപ്പാക്കാം. ലതര്‍ ടെക്നോളജിയുടെ ദേശീയ പരിശീലന സ്ഥാപനമായ സെന്‍ട്രല്‍ ലതര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബി.ടെക്, എം.ടെക്, പിഎച്ച്.ഡി ഇവ ചെയ്യാം. കാണ്‍പൂരിലെ ഹര്‍കോര്‍ട്ട് ബട്ട്ലര്‍ ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മുംബൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തുടങ്ങിയ ചുരുക്കം സ്ഥാപനങ്ങളില്‍ ബിരുദകോഴ്സുകളുണ്ട്. ജോലി ഉറപ്പാക്കാവുന്ന ഈ ബിരുദങ്ങള്‍ക്ക് വിദേശത്തും ജോലി ലഭിക്കും. 
മെക്കട്രോണിക്സ്
പൂര്‍ണമായും ഇന്‍റര്‍ ഡിസിപ്ളിനറി ശാഖ. മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയവ ചേര്‍ന്ന ശാഖയായതിനാല്‍ കരിയര്‍ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍റാണെന്ന ധാരണ തിരുത്തുക. ഈ ബ്രാഞ്ചില്‍ പഠിക്കുന്നവര്‍ക്ക് മെക്കട്രോണിക്സ് ഡിപ്ളോമക്കാരോട് മത്സരിക്കേണ്ടിവരുന്നുണ്ട്. കമ്പനികള്‍ ഡിപ്ളോമക്കാരെ പരിഗണിക്കുന്നത് കുറഞ്ഞ ശമ്പളത്തിന് മികച്ച ജോലിയാകുന്നതിനാല്‍ പ്ളേസ്മെന്‍റ് നില മെക്കട്രോണിക്സില്‍ ആകര്‍ഷകമല്ല. ഉപരിപഠനത്തിനും വന്‍ സാധ്യതയില്ല. കരിയര്‍ നില ഭദ്രമാക്കാന്‍ എം.ടെക് കൂടി ചെയ്യേണ്ടിവരും. ചില എന്‍.ഐ.ടികളില്‍ എം.ടെക് കോഴ്സുണ്ട്. ബി.ടെക് കഴിഞ്ഞും പ്ളേസ്മെന്‍റ് ലഭിക്കാത്തവര്‍ക്ക് ഹൈദ്രാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂര്‍ ഡിസൈന്‍ എന്ന ദേശീയ സ്ഥാപനത്തില്‍ വിവിധ ഷോര്‍ട്ടേം കോഴ്സുകള്‍ ചെയ്ത് കരിയര്‍ ഉറപ്പാക്കാം. എം.ടെക് മെക്കട്രോണിക്സ്,  എം.ടെക് ടൂര്‍ ഡിസൈന്‍ എന്നീ കോഴ്സുകളും വി.എല്‍.സി.ഐ, എംബഡഡ് സിസ്റ്റം തുടങ്ങിയ പ്രോഗ്രാമുകളും ലഭിക്കും. വിദേശത്തേക്കുള്ള ജോലിക്ക് കരിയര്‍ എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാമും ഇവിടെ ലഭിക്കും. മെക്കട്രോണിക്സ് എടുക്കുന്നതിന് മുമ്പ് ചിന്തിക്കുക. 
പെട്രോളിയം എന്‍ജിനീയറിങ്
ക്രൂഡ്ഓയില്‍നിന്ന് എല്‍.പി.ജി ഗ്യാസ് മുതല്‍ ഡീസലും മണ്ണെണ്ണയും തുടങ്ങി പാരഫിന്‍ വാക്സ് വരെ ഒരു ഡസനിലധികം ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യയാണ് പ്രധാനമായും പെട്രോളിയം എന്‍ജിനീയറിങ്. പഠനം മാത്രമല്ല, പെട്രോളിയം ഖനികളില്‍നിന്ന് പുറത്തെടുക്കുന്നതുമുതല്‍ വിവിധതരം പ്രോസസിങ് ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും പഠനത്തിലുണ്ട്. വിവിധതരം ഡ്രില്ലിങ് രീതികള്‍ ഡിസൈന്‍ ചെയ്യുകയും അവയെ മോണിറ്റര്‍ ചെയ്യുകയും ഇവരുടെ ജോലിയാണ്.
കേരളത്തില്‍ ഇല്ലാത്ത ബ്രാഞ്ചാണ് പെട്രോളിയം എന്‍ജിനീയറിങ്. രാജ്യത്ത് ഡെറാഡൂണിലെ യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസ് (UPES) മൂന്ന് പെട്രോളിയം സര്‍വകലാശാലകളില്‍ പഠിക്കാം. ബി.ടെക് കോഴ്സ് ചുരുക്കം ചില ഡീംഡ് സര്‍വകലാശാലകളിലും കോളജുകളിലുമുണ്ട്. ജിയോഫിസിക്സ്, ഹീറ്റ് ട്രാന്‍സ്ഫര്‍, മാസ്ട്രാന്‍സ്ഫര്‍, റിസര്‍വോയര്‍ റോക്സ് ആന്‍ഡ് ഫ്ളൂയിഡ് പ്രോപ്പര്‍ട്ടീസ്, വെല്‍ഡ്രില്ലിങ്, ഡ്രില്ലിങ് ഫ്ളൂയിഡ്സ് ആന്‍ഡ് സിമന്‍റിങ് ടെക്നിക്സ്, പെട്രോളിയം റിഫൈനിങ്, പെട്രോളിയം എക്വിപ്മെന്‍റ് ഡിസൈന്‍, പെട്രോളിയം ട്രാന്‍സ്പോര്‍ട്ടേഷന്‍,  ജിയോ കെമിസ്ട്രി തുടങ്ങിയവയാണ് പ്രധാന പഠനവിഷയങ്ങള്‍. പെട്രോളിയം എന്‍ജിനീയറിങ് കഴിഞ്ഞാല്‍ പെട്രോളിയം ആന്‍ഡ് ഗ്യാസ് മാനേജ്മെന്‍റില്‍ എം.ബി.എ ചെയ്യാം. ധന്‍ബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്‍സില്‍ വിവിധ എം.ടെക് കോഴ്സുകള്‍ക്ക് പ്രവേശം ജി.എ.ടി.ഇ വഴി  ലഭിക്കും. മഹാരാഷ്ട്രയിലും ആന്ധ്രയിലും തമിഴ്നാട്ടിലുമുള്ള ചുരുക്കം കോളജുകളില്‍ ഈ ബ്രാഞ്ച് എടുത്ത് പഠിക്കാം. ബി.ടെക് കൊണ്ട്  ഇന്ത്യയിലും വിദേശത്തും കരിയര്‍ ഉറപ്പിക്കാം.
ബയോ മെഡിക്കല്‍
ആരോഗ്യ സംരക്ഷണരംഗത്തെ സാങ്കേതിക വിദഗ്ധരാണിവര്‍. കേരളത്തിലെ ആദ്യ ബാച്ച് കൊച്ചിന്‍ യൂനിവേഴ്സിറ്റിയുടെ കീഴിലെ തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജില്‍നിന്ന് പുറത്തുവന്ന കാലത്തുള്ളത്ര ഡിമാന്‍റ് ഈ ബ്രാഞ്ചിനിപ്പോള്‍ ഇല്ല. ഉപരിപഠന സാധ്യതയും കുറഞ്ഞതോടെ കോഴ്സില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ഇലക്ട്രോണിക്സ് ആന്‍ഡ് ബയോമെഡിക്കല്‍ എന്നാക്കുകയും ചെയ്തു. ബയോമെഡിക്കല്‍ ഇന്‍ഡസ്ട്രിയില്‍ നൂതന സാങ്കേതിക വിദഗ്ധരെ വാര്‍ത്തെടുക്കാന്‍ തുടങ്ങിയ കോഴ്സ് ജോലി ഉറപ്പാക്കുമെങ്കിലും ആകര്‍ഷകമായ ശമ്പളമില്ലായ്മ പഠിച്ചിറങ്ങുന്നവരെ നിരാശരാക്കുന്നു. മാനുഫാക്ചറിങ് ആന്‍ഡ് സര്‍വിസ് കമ്പനികള്‍ സാധാരണ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ബിരുദക്കാരെയും പരിഗണിക്കുന്നതുകൊണ്ടാണിതെന്ന് പറയുന്നു. ഇന്‍റര്‍ ഡിസിപ്ളിനറി വിഷയമായതിനാല്‍ ബയോകെമിസ്ട്രി, അനാട്ടമി, ഫിസിയോളജി, പത്തോളജി ആന്‍ഡ് മൈക്രോ ബയോളജി, ബയോ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക്സ്, വി.എല്‍.സി.ഐ ഡിസൈന്‍, ഡിജിറ്റല്‍ ഇമേജ് പ്രോസസിങ്, മെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക്സ്, നാനോ ഇലക്ട്രോണിക്സ്, ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് തുടങ്ങിയവയാണ് പൊതു വിഷയങ്ങള്‍ക്കുപുറമെ പഠിക്കേണ്ടത്. ചില ഐ.ഐ.ടികളില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക് എടുക്കാന്‍ കഴിഞ്ഞാല്‍ മികച്ച പ്ളേസ്മെന്‍റ് ലഭിക്കും. സംസ്ഥാനത്ത് 180 സീറ്റാണ് ഈ ബ്രാഞ്ചിനുള്ളത്.

എന്‍ജിനീയറിങ്: ഓപ്ഷനുമുമ്പ് ഓര്‍ക്കാന്‍

എന്‍ജിനീയറിങ് എന്‍ട്രന്‍സ് ഫലം വന്നതോടെ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ഉത്കണ്ഠയേറുകയാണ്. കഴിഞ്ഞവര്‍ഷം 18,000 എന്‍ജിനീയറിങ് സീറ്റുകളാണ് വിവിധ സ്വാശ്രയ കോളജുകളിലായി ഒഴിഞ്ഞുകിടന്നത്. 2014ല്‍ ഇത് 17,000 ആയിരുന്നു. ഒരു കാര്യം ഉറപ്പ്. മാനേജ്മെന്‍റുകളുടെ ‘ചാകര’ കഴിഞ്ഞിരിക്കുന്നു. ഇനി വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രദ്ധിച്ചുമാത്രമേ കോഴ്സുകള്‍ ഉറപ്പിക്കൂ. അടിസ്ഥാന സൗകര്യവും ഫാക്കല്‍റ്റിയും എടുക്കുന്ന ബ്രാഞ്ചുകളുടെ പ്ളേസ്മെന്‍റ് ലഭ്യതയും നോക്കിയായിരിക്കണം ഓപ്ഷന്‍ കൊടുക്കേണ്ടത്. 
ജോബ് മാര്‍ക്കറ്റ്
ഏതൊരു ബ്രാഞ്ചിനെയും ആകര്‍ഷകമാക്കുന്നത് ജോബ് മാര്‍ക്കറ്റാണെന്നുപറയാം. ഏതെങ്കിലും ഒരു വര്‍ഷം റിക്രൂട്ട്മെന്‍റ് മോശമായാല്‍ ആ ബ്രാഞ്ചിന് പിന്നെ ആളുണ്ടാവില്ല. 12 സര്‍ക്കാര്‍ എയ്ഡഡ് കോളജുകളില്‍ ഏത് ബ്രാഞ്ചെടുത്താലും ഓഫ് കാമ്പസ് റിക്രൂട്ട്മെന്‍റ് വഴി കരിയര്‍ ഉറപ്പാക്കാം. എന്നാല്‍, ധാരാളം പേര്‍ ഗേറ്റ് പരീക്ഷയെഴുതി എം.ടെക് എടുക്കാന്‍ ശ്രമിക്കുന്നുണ്ട്. 
ഓരോ വര്‍ഷവും ജോബ് മാര്‍ക്കറ്റ് ഗ്രാഫില്‍ വ്യത്യാസം കാണാം. എന്നാല്‍, മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഓരോ ബ്രാഞ്ചിനും അനുയോജ്യമായ വാല്യൂ ആഡഡ് ഹ്രസ്വകാല കോഴ്സുകള്‍ വഴി കരിയര്‍ ഉറപ്പാക്കാന്‍ കഴിയും. ഇതിനൊന്നും ശ്രമിക്കാതെ ബി.ടെക് കഴിഞ്ഞാല്‍ പ്ളേസ്മെന്‍റില്ളെങ്കില്‍ നേരെ ബാങ്ക് ടെസ്റ്റ് കോച്ചിങ്ങിനല്ല പോകേണ്ടത്. വരുംകാലത്ത് ബാങ്കുകള്‍ വന്‍തോതില്‍ ജീവനക്കാരെ കുറക്കാന്‍ പോവുകയാണെന്ന് കേള്‍ക്കുന്നു. അതിനാല്‍, എന്‍ജിനീയറിങ്ങുകാര്‍ അവരുടെ മേഖലയില്‍ത്തന്നെ ജോബ് മാര്‍ക്കറ്റും സസ്റ്റയിനബിലിറ്റിയും (ജോലി സുസ്ഥിരത)കൂടി ശ്രദ്ധിക്കുന്നത് നന്ന്. കേരളത്തില്‍ അധികം സീറ്റുകളിലാത്ത കെമിക്കല്‍, മറൈന്‍, അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്, മൈനിങ് തുടങ്ങിയ കോഴ്സുകളെയും ഒപ്പം കെ.ഇ.എ.എം വഴി ലഭിക്കുന്ന ബ്രാഞ്ചുകളെയും കുറിച്ച് ഒരു വിലയിരുത്തലാണിത്. 
സിവില്‍ എന്‍ജിനീയറിങ്
അടിസ്ഥാന എന്‍ജിനീയറിങ് ശാഖ. അണക്കെട്ടുകള്‍, റോഡുകള്‍, ഫൈ്ള ഓവറുകള്‍, അണ്ടര്‍പാസുകള്‍, പാലങ്ങള്‍, ശുദ്ധജല വിതരണ പൈപ്പുകള്‍ സ്ഥാപിക്കല്‍, വേസ്റ്റ് മാനേജ്മെന്‍റ് തുടങ്ങിയവയെല്ലാം സിവില്‍ എന്‍ജിനീയര്‍മാരാണ് ചെയ്യുക. സര്‍ക്കാര്‍ സര്‍വിസില്‍ ഏറ്റവും കൂടുതല്‍ ഒഴിവുള്ളതും സിവിലുകാര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം സിവിലും മെക്കാനിക്കലും മിക്ക കോളജുകളിലും പൂര്‍ണമായും പ്രവേശം നടന്നുവെന്നു പറയാം. ഉപരിപഠന സാധ്യത കൂടുതലുള്ളതും സിവില്‍ ബ്രാഞ്ചിന് ഗുണകരമാകും. കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്‍റ്, സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡിസൈന്‍, ജിയോ ടെക്നിക്കല്‍ എന്‍ജിനീയറിങ്, അര്‍ബന്‍ ഡിസൈന്‍, ടണല്‍ ഡിസൈന്‍ എന്നിവയില്‍ സ്പെഷലൈസ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇന്ത്യയിലും വിദേശത്തും ജോലി ലഭിക്കും. 
മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍
മെക്കാനിക്കല്‍ അടിസ്ഥാനശാഖയാണെങ്കിലും ഓട്ടോമൊബൈല്‍ അടുത്തകാലത്താണാരംഭിക്കുന്നത്. രണ്ടിനും കേരളത്തില്‍ വന്‍ ഡിമാന്‍റാണ്. ഓട്ടോമൊബൈലിന് മികച്ച കാമ്പസുകളിലെല്ലാം പ്ളേസ്മെന്‍റ് ലഭിക്കും. ചുരുക്കം സ്വാശ്രയ കോളജുകളിലും സര്‍ക്കാര്‍/എയ്ഡഡ് കോളജുകളിലും പ്ളേസ്മെന്‍റ് നില ഏറക്കുറെ ഭദ്രമാണ്. ഓഫ് കാമ്പസ് ഇന്‍റര്‍വ്യൂ വഴിയും അനേകം പേര്‍ക്ക് ജോലി ലഭിക്കുന്നു. 
ജര്‍മനി, ജപ്പാന്‍, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ ഓട്ടോമൊബൈല്‍ കമ്പനികള്‍ ഇന്ത്യയില്‍ വാഹന നിര്‍മാണ ശാലകള്‍ ആരംഭിച്ചതോടെ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയില്‍ അനേകം മിടുക്കര്‍ക്ക് ജോലി ഉറപ്പിക്കാം. എങ്കിലും ഓപ്ഷന്‍ കൊടുക്കുന്നവര്‍ മികച്ച അടിസ്ഥാന സൗകര്യമുള്ള സ്ഥാപനങ്ങള്‍ക്കുവേണം മുന്‍ഗണന കൊടുക്കാന്‍. പെണ്‍കുട്ടികള്‍ക്കും ധൈര്യമായി പഠിച്ച് ജോലി കണ്ടത്തൊന്‍ കഴിയും. ഉപരിപഠന സാധ്യതയും ധാരാളം. 
ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്
ഇലക്ട്രോണിക്സിന്‍െറയും ഇലക്ട്രിസിറ്റിയുടെയും മാഗ്നറ്റിസത്തിന്‍െറയും പഠനം. ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുണ്ടായിരുന്ന ബ്രാഞ്ചാണിതെങ്കിലും 2015ലെ ഓപ്ഷന്‍ പൂര്‍ത്തിയായപ്പോള്‍ ചില കോളജുകളില്‍ പ്രവേശം 50 ശതമാനംപോലും പൂര്‍ത്തിയായില്ല. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള ശാഖയാണെന്ന അറിവും ഒരു കാരണമായേക്കാം. കോളജുകളുടെ എണ്ണം വര്‍ധിച്ചതനുസരിച്ച് തൊഴില്‍രംഗം വളരാതിരുന്നതും കാരണമാകും. 
ഓട്ടോമേഷന്‍, റോബോട്ടിക്സ്, റിന്യൂവബ്ള്‍ എനര്‍ജി എന്നിവയെല്ലാം സ്പെഷലൈസ് ചെയ്ത് ഉപരിപഠനം നടത്താന്‍ കഴിയുന്നതിന് സഹായകരമാകുന്ന ബ്രാഞ്ചും ഇതുതന്നെ. സര്‍ക്കാര്‍ സര്‍വിസില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലും റെയില്‍വേയിലും ധാരാളം തൊഴിലവസരങ്ങള്‍ ഈ ബ്രാഞ്ചുകാര്‍ക്കിപ്പോഴുമുണ്ട്. 
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍
ന്യൂജനറേഷന്‍ മുഖമുണ്ടായിരുന്ന ഈ ബ്രാഞ്ചിനോട് റിക്രൂട്ടര്‍മാര്‍ താല്‍പര്യക്കുറവ് കാണിക്കാന്‍ തുടങ്ങിയതാണ് വിനയായതെന്ന് പറയുന്നു. മൂന്നു വര്‍ഷമായി അത്ര ആകര്‍ഷകമല്ലാത്ത കോഴ്സാണിത്. എന്നാല്‍, തിരുവനന്തപുരത്തെ സി.ഇ.ടി ഉള്‍പ്പെടെ ഗവണ്‍മെന്‍റ് കോളജുകളിലും അടിസ്ഥാന സൗകര്യമുള്ള സ്വാശ്രയ കാമ്പസുകളിലും പ്രവേശം പൂര്‍ണമാണ്. കാലഘട്ടത്തിന് ആവശ്യമായ ബ്രാഞ്ചാണിതെന്ന കാര്യത്തില്‍ സംശയമില്ല. സ്വകാര്യ കമ്പനികളിലും കോര്‍പറേറ്റുകളിലും കമ്യൂണിക്കേഷന്‍ കമ്പനികളിലും വന്‍ ജോലി സാധ്യതയുണ്ടിപ്പോഴും. 
എം.ടെക് എടുക്കുന്നവര്‍ക്ക് ഇന്‍സ്ട്രുമെന്‍േറഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, എംബഡഡ് സിസ്റ്റം, സിഗ്നല്‍ പ്രോസസിങ്, ഒപ്റ്റിക്കല്‍ ഫൈബര്‍ കമ്യൂണിക്കേഷന്‍, പവര്‍ ഇലക്ട്രോണിക്സ് എന്നിവ സ്പെഷലൈസ് ചെയ്യാം. രാജ്യത്തെ എന്‍.ഐ.ടികളിലും ഐ.എ.ടികളിലും അനുയോജ്യമായ വിഷയത്തില്‍ എം.ടെക് എടുക്കാം. 
മൈനിങ് ടെക്നോളജി
ലോകത്ത് ഇരുമ്പിന്‍െറയും മൈക്കയുടെയും കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. കോപ്പര്‍, അലൂമിനിയം, ബോക്സൈറ്റ് എന്നിവയിലും ഇന്ത്യ മുന്നില്‍ത്തന്നെ. മൈനിങ് എന്‍ജിനീയറിങ്ങില്‍ അധികം ബിരുദധാരികള്‍ ഇന്ന് ഇന്ത്യയില്‍ പഠിച്ചിറങ്ങുന്നില്ല. കേരളത്തില്‍ ഇല്ലാത്ത ഈ ബ്രാഞ്ച് പക്ഷേ കരിയര്‍ ഉറപ്പിക്കാവുന്നതാണ്. 
മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, യു.പി, രാജസ്ഥാന്‍, കര്‍ണാടക, ആന്ധ്രപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം ഖനികളുള്ളത്. ഇന്ത്യയിലെ ചുരുക്കം കോളജുകളില്‍ നിന്നു ഇറങ്ങുന്നവരില്‍ അധികം പേരും പ്രവൃത്തി പരിചയത്തിനുശേഷം വിദേശത്ത് ജോലിക്കുപോകുന്നുണ്ട്. ഗള്‍ഫിലും ഉത്തരാഫ്രിക്കയിലും മികച്ച ശമ്പളമാണിവര്‍ക്ക്. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് വഴി ധന്‍ബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈനിങ്ങില്‍ ബി.ടെക്കും തുടര്‍ന്ന് വിവിധ ബ്രാഞ്ചുകളില്‍ എം.ടെക് ചെയ്യാനും കഴിയും. ബി.ടെക് എടുക്കാന്‍ കര്‍ണാടകയില്‍ കോളജുകളുണ്ട്. ഫസ്റ്റ്ക്ളാസ് മൈന്‍ മാനേജര്‍, മൈനിങ് സര്‍വേയര്‍, അനലിസ്റ്റ്, പ്രോസസിങ് മാനേജര്‍, റിസര്‍ച്ച് ഹെഡ് എന്നീ നിലകളില്‍ ജോലി ഉറപ്പിക്കാം. ഗേറ്റ് വഴി എം.ടെക് ചെയ്യാനും കഴിയും. 
എയറോനോട്ടിക്കല്‍/എയറോസ്പേസ്
കേരളത്തില്‍ അഞ്ചു കോളജുകളിലാണ് എയ്റോനോട്ടിക്കല്‍ കോഴ്സുള്ളത്. പഠിച്ചിറങ്ങിയാലുടന്‍ ജോലി ലഭിക്കുന്ന കോഴ്സാണെന്ന തെറ്റിദ്ധാരണ ഈയിടെ മാറിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഓപ്ഷന്‍ ഘട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ ചിത്രം വ്യക്തമാക്കുന്നതാണിത്. എയ്റോസ്പേസ് എന്‍ജിനീയറിങ്ങിന് തുല്യമായ ബ്രാഞ്ചല്ല എയ്റോനോട്ടിക്കല്‍ എന്നറിയണം. ഐ.ഐ.ടികളിലാണ് മികച്ച എയ്റോസ്പേസ് ബ്രാഞ്ചുകളുള്ളത്. റോക്കറ്റ് സാങ്കേതിക വിദ്യകൂടി ഉള്‍പ്പെടുന്നതാണ് എയ്റോസ്പേസ്. എന്നാല്‍, എയര്‍പ്ളെയിനുകളുടെ രൂപകല്‍പനയും പ്രവര്‍ത്തനഘടനയുമാണ് എയ്റോനോട്ടിക്കലിലെ വിഷയം. ഹെലികോപ്ടര്‍ സാങ്കേതിക വിദ്യയും ഇതില്‍വരും. മിസൈല്‍, സ്പേസ്ഷട്ടില്‍ തുടങ്ങിയവയുടെ അതിനൂതന സാങ്കേതിക വിദ്യയുടെ വിശദമായ പഠനപരിശീലനമാണ് എയ്റോസ്പേസ് എന്‍ജിനീയറിങ്. ഉപരിപഠന സാധ്യതയും ഈ ബ്രാഞ്ചില്‍ അധികമില്ല എന്നതും ഈ ബ്രാഞ്ചിനെ ആകര്‍ഷകമല്ലാതാക്കുന്നു. എന്നാല്‍, ജെ.ഇ.ഇ അഡ്വാന്‍സ്ഡ് വഴി ഐ.ഐ.ടികളില്‍ എയ്റോസ്പേസ് പഠിക്കുന്നവര്‍ക്കെല്ലാം വിദേശത്തും ഇന്ത്യയിലും പ്ളേസ്മെന്‍റ് ലഭിക്കുന്നുണ്ടെന്നുകൂടി അറിയണം. 
അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്
കേരള എന്‍ട്രന്‍സ് വഴി മാത്രം കേരളത്തിലെ ഏക കോളജായ കേളപ്പജി കാര്‍ഷിക സാങ്കേതിക കോളജില്‍ 49പേര്‍ക്കാണ് ഈ ബ്രാഞ്ചില്‍ പ്രവേശം. പഠിച്ചിറങ്ങുന്ന എല്ലാവര്‍ക്കും പ്ളേസ്മെന്‍റ് ലഭിക്കുമെന്നുണ്ടെങ്കിലും ആദ്യറാങ്കുകാര്‍ ഓപ്ഷന്‍ കൊടുക്കാന്‍ മടിച്ചുനില്‍ക്കുന്നു. പ്രാധാന്യം മനസ്സിലാക്കി വിദ്യാര്‍ഥികള്‍ അടുത്തകാലത്തായി ഈ ബ്രാഞ്ചിനായി മുന്നോട്ട് വരുന്ന കാഴ്ച ശ്രദ്ധേയമാണ്. ഉപരിപഠന സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം പ്ളേസ്മെന്‍റ് ലഭിക്കുമെന്ന് കാര്‍ഷികസര്‍വകലാശാല പറയുന്ന ഈ കോഴ്സിന് മെക്കാനിക്കല്‍, സോയില്‍ സയന്‍സ്, എന്‍വയണ്‍മെന്‍റല്‍ സയന്‍സ്, പ്ളാന്‍റ് ബയോളജി, അനിമല്‍ സയന്‍സ്, ഡയറി സയന്‍സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയെല്ലാം ചേര്‍ന്ന രസകരമായ ഇന്‍റര്‍ഡിസിപ്ളിനറി ശാഖയാണ്. ഡിസൈന്‍ ഓഫ് മെഷീന്‍സ്, എനര്‍ജി കണ്‍സര്‍വേഷന്‍, ക്രോപ് പ്രൊഡക്ഷന്‍, വാട്ടര്‍ കണ്‍സര്‍വേഷന്‍, ഫാം ഓപറേഷന്‍സ് ആന്‍ഡ് സേഫ്റ്റി എര്‍ഗോണമിക്സ് തുടങ്ങിയ വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആകെ 520 സീറ്റുകള്‍ മാത്രമേയുള്ളു. കേരളത്തിലും പുറത്തും വിവിധ സ്പെഷാലിറ്റികളില്‍ എം.ടെക് എടുത്താല്‍ ഫാക്കല്‍റ്റിയായും വന്‍ കമ്പനികളിലും ഗവണ്‍മെന്‍റ് ഏജന്‍സികളിലും മികച്ച കരിയര്‍ ലഭിക്കും. പഠിച്ചിറങ്ങുന്നവര്‍ കുറവായ ഈ ബ്രാഞ്ച് ധൈര്യമായി എടുക്കാം.                
ഫോണ്‍: 9446192825

പോളികളില്‍ എഞ്ചിനീയറിങ് പഠിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍ പോളിടെക്നിക് കോളജുകളിലും മറ്റും 2016-17 വര്‍ഷത്തെ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ളോമ കോഴ്സുകളില്‍ പ്രവേശത്തിന് സമയമായി. ഇതുസംബന്ധിച്ച് ഒൗദ്യോഗിക വിജ്ഞാപനം താമസിയാതെ ഉണ്ടാവും. 10 കഴിഞ്ഞ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് എന്‍ജിനീയറിങ് പഠനത്തിന് വഴിയൊരുക്കുന്ന പാഠ്യപദ്ധതിയാണിത്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടെക്നീഷ്യന്മാരായും ജൂനിയര്‍ എന്‍ജിനീയറായും മറ്റും തൊഴില്‍ ലഭിക്കും.  ആറ് സെമസ്റ്ററുകളായാണ് കോഴ്സ് നടത്തുന്നത്. എന്‍ജിനീയറിങ് ഡിപ്ളോമക്കാര്‍ക്ക് ലാറ്ററല്‍ എന്‍ജിനീയറിങ് ബി.ടെക് കോഴ്സിന് ചേരാം. എന്‍ജിനീയറിങ് എന്‍ട്രന്‍സ് എഴുതി ബി.ടെക് പ്രവേശം നടത്താം. 
സാങ്കേതിക വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍ പോളിടെക്നിക് കോളജുകളിലേക്കുള്ള പ്രവേശം ജില്ലാ അടിസ്ഥാനത്തിലായിരിക്കും. വിവിധ ജില്ലകളിലേക്ക് ഒറ്റ അപേക്ഷ മതി. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്. ഗവണ്‍മെന്‍റ്/എയ്ഡഡ് പോളിടെക്നിക്കുകളിലെ റെഗുലര്‍ സീറ്റുകള്‍ക്കും സ്വാശ്രയ സ്ഥാപനത്തിലെ ഗവണ്‍മെന്‍റ് സീറ്റുകള്‍ക്കും ശ്രവണ വൈകല്യമുള്ളവര്‍ക്കായുള്ള പ്രത്യേക ബാച്ചിലേക്കും പരിഗണന ലഭിക്കും. എന്നാല്‍, മാനേജ്മെന്‍റ് സീറ്റുകളിലേക്കുള്ള പ്രവേശത്തിന് അതത് പോളിടെക്നിക് കോളജില്‍ പ്രത്യേകം അപേക്ഷ നല്‍കണം. എന്‍.സി.സി, സ്പോര്‍ട്സ് ക്വോട്ട സീറ്റുകളിലേക്കും പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്. ഒൗദ്യോഗിക വിജ്ഞാപന പ്രകാരം പ്രസിദ്ധപ്പെടുത്തുന്ന പ്രോസ്പെക്ടസിലെ നിര്‍ദേശങ്ങള്‍ പാലിച്ചുവേണം അപേക്ഷാ സമര്‍പ്പണം നടത്തേണ്ടത്. 
ഡിപ്ളോമ കോഴ്സുകളെ എന്‍ജിനീയറിങ്/ടെക്നോളജി, കമേഴ്സ്യല്‍ പ്രാക്ടീസ്/മാനേജ്മെന്‍റ് ഡിപ്ളോമ എന്നിങ്ങനെ രണ്ടു സ്ട്രീമുകളായി വിഭജിച്ചിട്ടുണ്ട്. സീറ്റുകളെയും തരംതിരിച്ചിട്ടുണ്ട്. സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്നിക് കോളജുകളിലെ മെറിറ്റ് സീറ്റുകള്‍, സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ ഗവണ്‍മെന്‍റ് മെറിറ്റ് സീറ്റുകള്‍, എയ്ഡഡ്/സ്വാശ്രയ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകള്‍ എന്നിങ്ങനെയാണത്.  
സാമുദായിക സംവരണത്തിനു പുറമെ ശാരീരിക വൈകല്യമുള്ളവര്‍ക്കും ടി.എച്ച്.എസ്.എല്‍.സി, ഐ.ടി.ഐ/ കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ യോഗ്യതയുള്ളവര്‍ക്കും സീറ്റുകളില്‍ അഡ്മിഷനായി സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംവരണാനുകൂല്യമുള്ള മറ്റു വിഭാഗങ്ങളുടെ വിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ടാവും.
ജില്ലയിലെ ഓപണ്‍ മെറിറ്റില്‍ 60 ശതമാനം സീറ്റുകളിലും എസ്.ഇ.ബി.സി/പട്ടികജാതി/വര്‍ഗം എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് സംവരണ ചട്ടങ്ങള്‍ പാലിച്ച് 40 ശതമാനം സീറ്റുകളിലും പ്രവേശം നല്‍കും.
പ്രവേശ യോഗ്യത: എസ്.എസ്.എല്‍.സി/ടി.എച്ച്.എല്‍.സി/തുല്യപരീക്ഷ വിജയിച്ച് ഉപരിപഠനത്തിന് അര്‍ഹത നേടിയവര്‍ക്ക് പോളിടെക്നിക് കോളജ് പ്രവേശത്തിന് അര്‍ഹതയുണ്ട്. ഗണിതം, ഇംഗ്ളീഷ്, സയന്‍സ് വിഷയങ്ങളോടെ യോഗ്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് എന്‍ജിനീയറിങ്/ടെക്നോളജി, കമേഴ്സ്യല്‍ പ്രാക്ടീസ്/മാനേജ്മെന്‍റ് ഡിപ്ളോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. എന്നാല്‍ ഗണിതം, ഇംഗ്ളീഷ് വിഷയങ്ങളോടെ യോഗ്യതാ പരീക്ഷ പാസായവര്‍ക്ക് കമേഴ്സ്യല്‍ പ്രാക്ടീസ്/മാനേജ്മെന്‍റ് ഡിപ്ളോമ കോഴ്സുകള്‍ക്ക് മാത്രമേ പരിഗണനയുള്ളൂ. യോഗ്യതാ പരീക്ഷ രണ്ടിലധികം പ്രാവശ്യം എഴുതി വിജയിച്ചവരെ പ്രവേശത്തിന് പരിഗണിക്കുന്നതല്ല. സേ പരീക്ഷ, ബെറ്റര്‍മെന്‍റ് എന്നിവയെ ചാന്‍സായി പരിഗണിക്കില്ല. CBSE/ICSE അപേക്ഷകര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാര്‍ക്ക്/ഗ്രേഡിന് പകരം സയന്‍സിന്‍െറ മാര്‍ക്ക്/ഗ്രേഡായിരിക്കും പരിഗണിക്കപ്പെടുക.
പോളിടെക്നിക് കോളജ് പ്രവേശം സംബന്ധിച്ച സമഗ്ര വിവരങ്ങള്‍ www.polyadmission.org എന്ന വെബ്സൈറ്റിലാവും ലഭ്യമാവുക. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവും ഇതേ വെബ്സൈറ്റിലേക്ക് യഥാസമയം നടത്താവുന്നതാണ്. അപേക്ഷകര്‍ വിവിധ സ്ഥാപനങ്ങള്‍/പ്രോഗ്രാമുകളിലേക്കുള്ള ഓപ്ഷനുകള്‍ മുന്‍ഗണനാക്രമത്തില്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്. ഓരോ ജില്ലയിലുമുള്ള പരമാവധി പ്രോഗ്രാമുകളിലേക്കും ഓപ്ഷന്‍ നല്‍കാന്‍ സാധിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചതിനുശേഷം ലഭിക്കുന്ന അപേക്ഷാഫോറം അപേക്ഷകന്‍െറയും രക്ഷിതാവിന്‍െറയും ഒപ്പോടുകൂടി ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ഓഫിസില്‍ നിശ്ചിത ഫീസോടുകൂടി അവസാന തീയതിക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് ട്യൂഷന്‍ വേവര്‍ പദ്ധതിപ്രകാരം സംവരണം ലഭിക്കും.
സെലക്ഷന്‍
എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/തത്തുല്യ പരീക്ഷയുടെ ഗ്രേഡിങ്ങിനെ അടിസ്ഥാനമാക്കിയാണ് അപേക്ഷകരെ തെരഞ്ഞെടുക്കുന്നത്. വിശദയമായ തെരഞ്ഞെടുപ്പ് രീതി പ്രോസ്പെക്ടസിലുണ്ടാവും. വിവിധ ജില്ലകളിലേക്കുള്ള പ്രവേശ റാങ്ക്ലിസ്റ്റ് തയാറാക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. 
പോളിടെക്നിക് കോളജ് പ്രവേശത്തിനുള്ള കേന്ദ്രീകൃത അലോട്മെന്‍റ്, അപേക്ഷകര്‍ സമര്‍പ്പിച്ച ഓപ്ഷന്‍/റീ ഓപ്ഷനുകളെ അടിസ്ഥാനമാക്കി ഏകജാലക സംവിധാനത്തില്‍ നടത്തുന്നതായിരിക്കും. സീറ്റ് അലോട്മെന്‍റ് ജില്ലാ അടിസ്ഥാനത്തിലാണ്. അപേക്ഷകര്‍ പ്രവേശം ആഗ്രഹിക്കുന്ന കോഴ്സ്/കോളജുകളിലേക്ക് മാത്രം ഓപ്ഷനുകള്‍ നല്‍കാന്‍ ശ്രദ്ധിക്കണം. അലോട്മെന്‍റ് ലഭിച്ചതിനുശേഷം നിശ്ചിത തീയതികളില്‍ പ്രവേശം നേടിയിരിക്കണം. അലോട്മെന്‍റ് സംബന്ധിച്ച വിവരങ്ങള്‍ www.polyadmission.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ആദ്യ അലോട്മെന്‍റിനുശേഷം സീറ്റുകള്‍ ഒഴിവുവരുന്ന സാഹചര്യത്തില്‍ നോഡല്‍ പോളിടെക്നിക് കോളജുകളില്‍ നടക്കുന്ന കൗണ്‍സലിങ് ബ്രാഞ്ചു മാറ്റം/സ്ഥാപന മാറ്റം ലഭിക്കുന്നതിന് കൗണ്‍സലിങ്ങില്‍ പങ്കെടുക്കേണ്ടതാണ്. കൗണ്‍സലിങ് സമയത്തും അപേക്ഷകര്‍ക്ക് റീ ഓപ്ഷന്‍ നല്‍കാന്‍ സാധിക്കും.
സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകളിലെ സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് കഴിഞ്ഞ വര്‍ഷംവരെ 750 രൂപയാണ്. എന്നാല്‍, സ്വാശ്രയ സ്ഥാപനങ്ങളിലെ ഗവണ്‍മെന്‍റ് സീറ്റുകളിലെ വാര്‍ഷിക ട്യൂഷന്‍ ഫീസ് 22,500 രൂപയാണ്. വാര്‍ഷിക കുടുംബവരുമാനം ഒരുലക്ഷം രൂപയില്‍ കുറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാകും. ട്യൂഷന്‍ ഫീ വേവര്‍ പദ്ധതിപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് ഇളവ് ലഭിക്കും.
പോളികളും സീറ്റുകളും
ജില്ലാതല ഗവണ്‍മെന്‍റ്/എയ്ഡഡ് പോളിടെക്നിക് കോളജുകളും ലഭ്യമായ ബ്രാഞ്ചുകളും സീറ്റുകളും ചുവടെ: 
തിരുവനന്തപുരം: സെന്‍ട്രല്‍ പോളിടെക്നിക് കോളജ്,  വട്ടിയൂര്‍കാവ് -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, ടെക്സ്റ്റൈല്‍ ടെക്നോളജി, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് -60 സീറ്റുകള്‍ വീതം. ആകെ  360 സീറ്റുകള്‍. 
വിമന്‍സ് പോളിടെക്നിക് കോളജ് കൈമനം -ഇലക്ട്രോണിക്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്‍േറഷന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് -60 സീറ്റുകള്‍ വീതം.  ബധിര വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ 15 സീറ്റുകള്‍ ലഭിക്കും. ആകെ 255 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, നെയ്യാറ്റിന്‍കര -ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്‍േറഷന്‍ (50 സീറ്റുകള്‍ വീതം), ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വീതം), കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ ബിസിനസ് മാനേജ്മെന്‍റ് (50 സീറ്റ്) ആകെ 270 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ് നെടുമങ്ങാട് -കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് -60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, ആറ്റിങ്ങല്‍ -മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് -60 സീറ്റുകള്‍ വീതം. ആകെ 240 സീറ്റുകള്‍.
കൊല്ലം: ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, പുനലൂര്‍ -ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ് -60 സീറ്റുകള്‍ വീതം. ആകെ 180 സീറ്റുകള്‍. ശ്രീനാരായണ പോളിടെക്നിക് കോളജ്, കൊട്ടിയം  -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് -60 സീറ്റുകള്‍ വീതം. ആകെ -240 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, ഏഴുകോണ്‍ -മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍സ്, കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് -60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍.
പത്തനംതിട്ട: ഗവ. പോളിടെക്നിക് കോളജ്, വെണ്ണിക്കുളം -സിവില്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബെല്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് -60 സീറ്റുകള്‍ വീതം, ആകെ 240 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, അടൂര്‍ -മെക്കാനിക്കല്‍, ആര്‍ക്കിടെക്ചര്‍, പോളിമര്‍ ടെക്നോളജി 60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍. എന്‍.എസ്.എസ് പോളിടെക്നിക് കോളജ് പന്തളം -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് -60 സീറ്റുകള്‍ വീതം, ആകെ 300 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, വെള്ളച്ചിറ -ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ബയോമെഡിക്കല്‍ എന്‍ജിനീയറിങ് -60 സീറ്റുകള്‍ വീതം. ആകെ 180 സീറ്റുകള്‍. 
ആലപ്പുഴ: ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ് ചേര്‍ത്തല. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഇന്‍സ്ട്രുമെന്‍േറഷന്‍, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് -60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍. കാര്‍മല്‍ പോളിടെക്നിക് കോളജ്, ആലപ്പുഴ -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് 60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍. വിമന്‍സ് പോളിടെക്നിക് കോളജ്, കായകുളം -ഇലക്ട്രോണിക്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമേഴ്സ്യല്‍ പ്രാകടീസ് 60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍.
കോട്ടയം: ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ് നാട്ടകം. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, പോളിമര്‍ ടെക്നോളജി, കമേഴ്സ്യല്‍ പ്രാക്ടീസ് -60 സീറ്റുകള്‍ വീതം, ആകെ 360 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, പാല -ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്‍േറഷന്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് -60 സീറ്റുകള്‍ വീതം, ആകെ 240 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, കടുത്തുരുത്തി -ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് -60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍.
ഇടുക്കി -ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, മുട്ടം. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് -60 സീറ്റുകള്‍ വീതം, ആകെ 300 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, വണ്ടിപ്പെരിയാര്‍, കുമളി -ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വീതം), ബിസിനസ് മാനേജ്മെന്‍റ് (40), ആകെ 160 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, നെടുങ്കണ്ടം - ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് - 60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, പുരപ്പുഴ - കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി - 60 സീറ്റുകള്‍ വീതം, ആകെ 120 സീറ്റുകള്‍. 
എറണാകുളം: ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, കളമശ്ശേരി -സിവില്‍ (40 സീറ്റ്), മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ (50 സീറ്റുകള്‍ വീതം), കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ 60 സീറ്റുകള്‍ വീതം, ആകെ 360 സീറ്റുകള്‍. വിമന്‍സ് പോളിടെക്നിക് കോളജ്, എറണാകുളം -ആര്‍കിടെക്ചര്‍ (30), ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60) സീറ്റു വിതം, കമേഴ്ഷ്യല്‍ പ്രാക്ടീസ് (50), ആകെ 200 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക്  കോളജ്, കോതമംഗലം -സിവില്‍ (30), മെക്കാനിക്കല്‍ (50), ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വീതം), ആകെ 200 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, പെരുമ്പാവൂര്‍ -മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വീതം), ആകെ 180 സീറ്റുകള്‍. 
തൃശൂര്‍: മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വീതം), ആകെ 300 സീറ്റുകള്‍. ശ്രീരാമ ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, തൃപ്രയാര്‍ -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വീതം), ആകെ 300 സീറ്റുകള്‍. ത്യാഗരാജാര്‍ പോളിടെക്നിക് കോളജ്, അളഗപ്പനഗര്‍ -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, 70 സീറ്റുകള്‍ വീതം, ആകെ 210 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, കൊരട്ടി -ഇന്‍സ്ട്രുമെന്‍േറഷന്‍, ടെക്സ്റ്റൈല്‍ ടെക്നോളജി, പോളിമര്‍ ടെക്നോളജി 60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, കുന്ദംകുളം -ടൂള്‍ ആന്‍ഡ് ഡൈ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് 60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍, വിമന്‍സ് പോളിടെക്നിക് കോളജ്, തൃശൂര്‍ -ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമേഴ്സ്യല്‍ പ്രാക്ടീസ് 60 സീറ്റുകള്‍ വിതം, ആകെ 180 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, ചേലക്കര -ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ്, സിവില്‍, മെക്കാനിക്കല്‍ 60 സീറ്റുകള്‍ വീതം, ആകെ 300 സീറ്റുകള്‍. 
പാലക്കാട്: ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, പാലക്കാട് -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഇന്‍സ്ട്രുമെന്‍േറഷന്‍, ഇലക്ട്രിക്കല്‍ 90 സീറ്റുകള്‍ വീതം, ആകെ 360 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്‍റിങ് ടെക്നോളജി, ഷൊര്‍ണൂര്‍ -ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വീതം), പ്രിന്‍റിങ് ടെക്നോളജി (70 സീറ്റുകള്‍). ആകെ 190 സീറ്റുകള്‍. 
മലപ്പുറം: ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, പെരിന്തല്‍മണ്ണ -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് (60 സീറ്റുകള്‍ വീതം), ആകെ 240 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, തിരൂരങ്ങാടി -ഇലക്ട്രോണിക്സ്, ഇലക്¤്രടാണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീറിങ്  (60 സീറ്റുകള്‍ വീതം), ആകെ 180 സീറ്റുകള്‍, എസ്.എസ്.എം പോളിടെക്നിക് കോളജ്, തിരൂര്‍ -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍  ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍  (60 സീറ്റുകള്‍ വീതം), ആകെ 360 സീറ്റുകള്‍. വിമന്‍സ് പോളിടെക്നിക് കോളജ്, കോട്ടക്കല്‍ -ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്‍േറഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ (60 സീറ്റുകള്‍ വീതം), കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് ആന്‍ഡ് ബിസിനസ് മാനേജ്മെന്‍റ് (40) സീറ്റുകള്‍, ആകെ 220 സീറ്റുകള്‍. 
കോഴിക്കോട്: ഗവണ്‍മെന്‍റ് പോളിടെക്നിക്  കോളജ്, കോഴിക്കോട് -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, കെമിക്കല്‍, കമ്പ്യൂട്ടര്‍ എന്‍ജിനീറിങ്, ടൂള്‍ ആന്‍ഡ് ഡൈ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വീതം), ആകെ 360 സീറ്റുകള്‍. വിമന്‍സ് പോളിടെക്നിക് കോളജ്, കോഴിക്കോട് -ഇലക്ട്രോണിക്സ് (60), കമേഴ്സ്യല്‍ പ്രാക്ടീസ് (50), ആകെ 110 സീറ്റുകള്‍. 
കണ്ണൂര്‍: ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, കണ്ണൂര്‍ - സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, ടെക്സ്റ്റൈല്‍ ടെക്നോളജി (60 സീറ്റുകള്‍ വീതം), വുഡ് ആന്‍ഡ് പേപ്പര്‍ ടെക്നോളജി (40), ആകെ 340 സീറ്റുകള്‍. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, മട്ടന്നൂര്‍ -മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്‍േറഷന്‍ (60 സീറ്റുകള്‍ വീതം), ആകെ 180 സീറ്റുകള്‍, റെസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളജ്, പയ്യന്നൂര്‍ -ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്‍േറഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വിതം), കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്‍റ് (50), ആകെ 230 സീറ്റുകള്‍. 
വയനാട്: ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, മീനങ്ങാടി -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് (60 സീറ്റുകള്‍ വീതം), ആകെ 240 സീറ്റുകള്‍ -ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, മേപ്പാടി -ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് (50 സീറ്റുകള്‍ വീതം), ആകെ 150 സീറ്റുകള്‍. 
കാസര്‍കോട്: ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, കാസര്‍കോട് -മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വിതം), ആകെ 240 സീറ്റുകള്‍. സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജ്, കാഞ്ഞങ്ങാട് -സിവില്‍, മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ 60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍. ഇ.കെ.എന്‍.എം ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ്, തൃക്കരിപ്പൂര്‍ -ഇലക്ട്രോണിക്സ് (61), കമ്പ്യൂട്ടര്‍ എന്‍ജിനീറിങ് (60), കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്‍റ് (40), ബയോമെഡിക്കല്‍ എന്‍ജിനീയറിങ് (60), ആകെ 220 സീറ്റുകള്‍.

സ്വകാര്യസ്ഥാപനങ്ങളും ബ്രാഞ്ചുകളും സീറ്റുകളും വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്

എന്‍ജിനീയറിങ്ങിലെ പുത്തന്‍ ശാഖകള്‍

എന്‍ജിനീയറിങ് പഠനത്തില്‍ പുതിയ ശാഖകളുടെ വരവ് ശ്രദ്ധേയമാണ്. പരമ്പരാഗത ബ്രാഞ്ചുകളെ ഉപേക്ഷിച്ച് പുത്തന്‍ ബ്രാഞ്ചുകള്‍ തെരഞ്ഞെടുത്താല്‍ മുന്നിലുള്ളത് അവസരങ്ങളുടെ വിശാലലോകമാണ്. എം.എസ്സി മാത്രമുണ്ടായിരുന്ന പല കോഴ്സുകളിലും ഇപ്പോള്‍ എന്‍ജീനിയറിങ് ബിരുദം നേടാം. ഫുഡ് എന്‍ജിനീയറിങ്, പ്രിന്‍റിങ് ടെക്നോളജി, പോളിമര്‍ എന്‍ജിനീയറിങ് എന്നിവ ഇക്കൂട്ടത്തില്‍ പ്രധാനമാണ്. 
ഫുഡ് എന്‍ജിനീയറിങ്/ഫുഡ് ടെക്നോളജി
ഇന്ത്യയില്‍ പ്രതിവര്‍ഷം 18 ശതമാനം വളര്‍ച്ചയാണ് സംസ്കരിച്ച ഭക്ഷ്യധാന്യ ഉല്‍പന്നവിപണി രേഖപ്പെടുത്തുന്നത്. വസ്ത്രം കഴിഞ്ഞാല്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ രണ്ടാംസ്ഥാനം ഭക്ഷ്യോല്‍പന്നങ്ങള്‍ക്കാണ്. അടുത്തകാലംവരെ എം.എസ്സി തല കോഴ്സുകള്‍ മാത്രമായിരുന്നു ഈ വിഷയത്തിലുണ്ടായിരുന്നത്. ബി.ടെക് ഇന്‍ ഫുഡ് ടെക്നോളജി ആദ്യമായി കേരളത്തില്‍ ആരംഭിച്ചത് കൊല്ലം ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലായിരുന്നു. 2011ല്‍ മലപ്പുറം ജില്ലയിലെ തവനൂരിലെ കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലെ കേളപ്പജി കോളജിലും ഫുഡ് എന്‍ജിനീയറിങ്ങില്‍ ബി.ടെക് ആരംഭിച്ചു. ഇവിടെ കെ.ഇ.എ.എം വഴിയാണ് പ്രവേശം-40 സീറ്റുകള്‍.
പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം മികച്ച ഫുഡ് പ്രോസസിങ് കമ്പനികളില്‍ ജോലി ലഭിക്കുന്നു. ഫുഡ് പ്രോസസിങ് മെഷീനുകള്‍ നിര്‍മിക്കുന്ന വന്‍ കമ്പനികളിലും അവസരങ്ങളുണ്ട്. പ്രോഡക്ട് ഡെവലപ്മെന്‍റ്, ടെക്നിക്കല്‍ മാനേജ്മെന്‍റ്, ഹൈജീന്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി എന്നീ വിവിധ മേഖലകളുള്ള നിര്‍മാണക്കമ്പനികളിലും ഇവര്‍ക്ക് വന്‍ ഡിമാന്‍ഡാണ്. വന്‍ കമ്പനികളിലെ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് വിഭാഗത്തിലും ജോലി ലഭിക്കും. ഇന്ത്യയിലും വിദേശത്തും വന്‍സാധ്യതയുള്ള രംഗമാണിത്.
ഉപരിപഠനം നടത്തുന്നവര്‍ക്കായി മികച്ച ദേശീയസ്ഥാപനവും ഈ ബ്രാഞ്ചിലുണ്ട്. ഹരിയാനയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ് ആന്‍ഡ് മാനേജ്മെന്‍റ് എന്ന ലോകപ്രശസ്ത സ്ഥാപനത്തില്‍ ഫുഡ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്, ഫുഡ് പ്രോസസിങ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്‍റ്, ഫുഡ് പ്ളാന്‍റ് ഓപറേഷന്‍സ് ആന്‍ഡ് മാനേജ്മെന്‍റ്, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍, ഫുഡ് സപൈ്ള ചെയിന്‍ മാനേജ്മെന്‍റ് എന്നിവയില്‍ എം.ടെക് എടുക്കാം. 
തമിഴ്നാട്ടിലെ തഞ്ചാവൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ് പ്രോസസിങ് ടെക്നോളജി എന്ന സ്ഥാപനത്തിലും ഇവര്‍ക്ക് എം.ടെക് ചെയ്യാം. രണ്ടു സ്ഥാപനങ്ങളിലും എല്ലാവര്‍ക്കും പ്ളേസ്മെന്‍റ് ഉറപ്പാണ്.
ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്
എന്‍ജിനീയറിങ് ലിസ്റ്റില്‍ ആദ്യം വരുന്നവര്‍ക്കാണ് ഈ ബ്രാഞ്ചില്‍ പ്രവേശം. കാരണം തിരുവനന്തപുരത്തെ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ മാത്രമാണ് ഈ ബ്രാഞ്ചുള്ളത്. മനുഷ്യവിഭവശേഷിയും മെറ്റീരിയല്‍സും ഫലപ്രദമായി ഉപയോഗിച്ച് വ്യവസായങ്ങളെയും കമ്പനികളെയും മികവുറ്റതാക്കാന്‍ പരിശീലിപ്പിക്കുന്ന രംഗമാണിത്. കമ്പനികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഇവരുടെ സേവനം വലുതാണ്. അടിസ്ഥാനവിഷയങ്ങള്‍ക്ക് പുറമേ വര്‍ക് സ്റ്റഡി ആന്‍ഡ് എര്‍ഗണോമിക്സ്, സപൈ്ള ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്‍റ്, അഡ്വാന്‍സ്ഡ് ഓപറേഷന്‍ റിസര്‍ച്, ക്വാളിറ്റി എന്‍ജിനീയറിങ്, റിലയബിലിറ്റി എന്‍ജിനീയറിങ്, ക്രിയേറ്റിവിറ്റി ആന്‍ഡ് പ്രോഡക്ട് ഡെവലപ്മെന്‍റ് തുടങ്ങിയ വിഷയങ്ങളെല്ലാം പാഠ്യപദ്ധതിയിലുണ്ട്.
കേരളത്തില്‍ ഇതേ ബ്രാഞ്ചില്‍ എം.ടെക് കോഴ്സുകള്‍ വിവിധ സ്വാശ്രയ കോളജുകളിലുണ്ട്. മറ്റുചില ബ്രാഞ്ചുകളിലുള്ളവര്‍ക്കും ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക് ചെയ്യാം. വിവിധ എന്‍.ഐ.ടികളിലും ഐ.ഐ.ടികളിലും എം.ടെക് ചെയ്യാനും കഴിയും. എം.ടെക് കഴിഞ്ഞാല്‍ ഇന്ത്യയിലും വിദേശ കമ്പനികളിലും മികച്ച പ്ളേസ്മെന്‍റുറപ്പിക്കാം.
പ്രിന്‍റിങ് ടെക്നോളജി
പ്രിന്‍റിങ്ങിലും പാക്കേജിങ് ടെക്നോളജിയിലും നടത്തുന്ന പുത്തന്‍ കണ്ടത്തെലുകള്‍ ഏതൊരുല്‍പന്നത്തിന്‍േറയും നിര്‍മാണത്തിലും മാര്‍ക്കറ്റിങ്ങിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണിന്ന്. കേരളത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലാണ് ഈ ബ്രാഞ്ചുള്ളത്. അത്യാധുനിക പ്രിന്‍റിങ് മെഷീനുകളുടെ രൂപകല്‍പന, പ്രിന്‍റിങ് ഉല്‍പന്നങ്ങളുടെ നിര്‍മാണം, ഡിജിറ്റലൈസേഷന്‍ ഓഫ് പ്രിന്‍റിങ്, പാക്കേജിങ് ടെക്നോളജി, മാനേജ്മെന്‍റ് എന്നിവയെല്ലാം പഠനവിഷയങ്ങള്‍. കെ.ഇ.എ.എം റാങ്കില്‍ താഴെ വരുന്നവര്‍ക്കും ഈ ബ്രാഞ്ച് ലഭിച്ചേക്കാം.
പ്രിന്‍റിങ് മെഷീന്‍ നിര്‍മാണ കമ്പനികള്‍, വന്‍ പത്രസ്ഥാപനങ്ങള്‍, പാക്കേജിങ് ഇന്‍ഡസ്ട്രി എന്നിവയില്‍ ജോലി ലഭിക്കും. കേരളത്തിന് പുറത്താകും മികച്ചജോലികള്‍. വിദേശത്തും ജോലി ലഭിക്കും. ഉപരിപഠനം നടത്തുന്നവര്‍ക്ക് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഹരിയാനയിലെ സൊമാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റിലും എം.ടെക് ചെയ്യാം.
മറൈന്‍ എന്‍ജിനീയറിങ്
പ്രോമിസിങ് കരിയര്‍ എന്ന് ധൈര്യമായി പറയാവുന്ന രംഗമാണിന്ന് മറൈന്‍ പഠനം. മറൈന്‍ വിഷയത്തിലെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പോലും കരിയര്‍ ഉറപ്പാക്കുമെങ്കില്‍ ബി.ടെക് ബിരുദം മികച്ചശമ്പളവും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ കൊച്ചിന്‍ സര്‍വകലാശാലയിലെ മറൈന്‍ കോഴ്സുള്‍പ്പെടെ 50ഓളം സ്ഥാപനങ്ങളില്‍ മാരിടൈം കോഴ്സുകള്‍ പഠിക്കാം. 
ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്‍െറ അംഗീകാരവും ചെന്നൈ ആസ്ഥാനമായുള്ള മാരിടൈം യൂനിവേഴ്സിറ്റിയുടെ അംഗീകാരവും പഠിക്കുന്ന സ്ഥാപനത്തിനുണ്ടോ എന്ന് പരിശോധിക്കണം. മികച്ച സ്ഥാപനങ്ങളില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കുവീതം പ്ളസ് ടുവിനുള്ളവര്‍ക്കേ അപേക്ഷിക്കാന്‍ കഴിയൂ. കെ.ഇ.എ.എം എന്‍ട്രന്‍സ് വഴി ഈ കോഴ്സില്‍ പ്രവേശമില്ല. കുസാറ്റില്‍ മറൈന്‍ എന്‍ജിനീയറിങ്ങും നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ടെക്നോളജി എന്ന കോഴ്സുമുണ്ട്. തമിഴ്നാട്ടില്‍ മാരിടൈം കോഴ്സുകള്‍ക്കായി ഡീംഡ് യൂനിവേഴ്സിറ്റിയുമുണ്ട്.
മികച്ച കോഴ്സുകള്‍ മാരിടൈം സര്‍വകലാശാല അതിന്‍െറ വിവിധ സെന്‍ററുകളില്‍ നടത്തുന്നു. സര്‍വകലാശാലയുടെ പ്രത്യേക എന്‍ട്രന്‍സ് വഴിയാണ് പ്രവേശം. എന്നാല്‍, ചുരുക്കം സ്വാശ്രയ കോളജുകളില്‍ ഈ കോഴ്സ് പ്രവേശം ലഭിക്കും. പ്ളേസ്മെന്‍റ് ലഭ്യത പരിശോധിച്ചുവേണം പ്രവേശം ഉറപ്പാക്കാന്‍.
പോളിമര്‍ എന്‍ജിനീയറിങ്
വളര്‍ന്നുവരുന്ന റബര്‍/പ്ളാസ്റ്റിക് ഉല്‍പന്നങ്ങളുടെ വ്യവസായസാധ്യത കണ്ടുതുടങ്ങിയ ബി.ടെക് ബ്രാഞ്ചാണിത്. കോട്ടയത്തെ തൊടുപുഴയിലുള്ള എം.ജി സര്‍വകലാശാലയുടെ യൂനിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങിലാണ് ഈ കോഴ്സുള്ളത്. വിവിധ വ്യവസായശാലകളില്‍ തൊഴില്‍ ലഭിക്കുമെങ്കിലും വിദ്യാര്‍ഥികള്‍ പൊതുവേ ഈ ബ്രാഞ്ചിനോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്. മികച്ച കമ്പനികള്‍ സി.ഐ.പി.ഇ.ടി പോലുള്ള സ്ഥാപനത്തെ ആശ്രയിക്കുന്നതാകാം കാരണം.
അപൈ്ളഡ് ഇലക്ട്രോണിക്സ്
തിരുവനന്തപുരത്തെ സി.ഇ.ടി, കോഴിക്കോട് ഗവണ്‍മെന്‍റ് എന്‍ജിനീയറിങ് കോളജ്, എല്‍.ബി.എസ് കോളജ് തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളൊഴിച്ചാല്‍ കഴിഞ്ഞവര്‍ഷം മുതല്‍ അപൈ്ളഡിന് സീറ്റുകള്‍ ഒഴിയാന്‍തുടങ്ങി. പ്ളേസ്മെന്‍റുറപ്പാക്കാവുന്ന ഈ സ്ഥാപനങ്ങളില്‍ ഈ ബ്രാഞ്ചിന്‍െറ നില ഭദ്രമാണ്. പേര് സൂചിപ്പിക്കുംപോലെ ഇന്‍സ്ട്രുമെന്‍േറഷന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് പഠനം. ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ ടെസ്റ്റിങ്, മെഷര്‍മെന്‍റ് മേക്കിങ്, കണ്‍ട്രോള്‍ എന്നിവയാണ് ഫോക്കസ് ചെയ്യുന്നത്. 2015ല്‍ 950 സീറ്റുകളില്‍ 225 സീറ്റുകളില്‍ മാത്രമാണ് ഈ ബ്രാഞ്ചില്‍ പ്രവേശം നടന്നത്. ഈവര്‍ഷവും കാര്യമായ മാറ്റംവരാന്‍ സാധ്യതയില്ല. അടിസ്ഥാനസൗകര്യവും പ്ളേസ്മെന്‍റ് സൗകര്യവുമുള്ള കാമ്പസുകളില്‍ ഈ ബ്രാഞ്ച് എടുക്കാം. എം.ടെകില്‍ ഇന്‍സ്ട്രുമെന്‍േറഷന്‍ എടുത്ത് മികച്ച കരിയര്‍ ഉറപ്പാക്കാന്‍ കഴിയും. പവര്‍ ഇലക്ട്രോണിക്സിലും ഇവര്‍ക്ക് ജോലിതേടാം.
മെറ്റലര്‍ജി/മെറ്റീരിയല്‍ സയന്‍സ്
സംസ്ഥാനത്ത് അവസാനംവന്ന കോഴ്സാണ് മെറ്റീരിയല്‍ സയന്‍സ് എന്ന മെറ്റലര്‍ജി. കോട്ടയം ജില്ലയിലെ ഒരു സ്വാശ്രയകോളജില്‍ മാത്രമാണീ കോഴ്സ് ഇപ്പോഴുള്ളത്. വിവിധയിനം ലോഹങ്ങളുടേയും ലോഹസങ്കര സാങ്കേതിക ശാസ്ത്രവുമാണ് വിഷയം. ടണ്‍കണക്കിന് ഭാരമുള്ള ഉപകരണങ്ങളുണ്ടാക്കാനുള്ള ലോഹക്കൂട്ടുകള്‍ ഇവര്‍ നിര്‍മിക്കുന്നു. 
മെറ്റീരിയല്‍ കാരക്ടറൈസേഷന്‍, മെക്കാനിക്കല്‍ ബിഹേവിയര്‍ ഓഫ് മെറ്റീരിയല്‍സ്, അയണ്‍ ആന്‍ഡ് സ്റ്റീല്‍ മേക്കിങ്, ഹീറ്റ് ട്രീറ്റ്മെന്‍റ് ഓഫ് മെറ്റല്‍സ്, ഡിഫ്യൂഷന്‍ ഇന്‍ സോളിഡ്സ്, ഇന്‍ഡസ്ട്രിയല്‍ മാനേജ്മെന്‍റ് എന്നിവയാണ് അടിസ്ഥാനവിഷയങ്ങള്‍ക്ക് പുറമേ പഠിക്കേണ്ടത്. വന്‍ കമ്പനികളില്‍ പ്രോസസ് എന്‍ജിനീയര്‍, സ്ട്രെക്ചറല്‍ അനാലിസിസ് എന്‍ജിനീയര്‍, മെറ്റീരിയല്‍ സയന്‍റിസ്റ്റ്, മെറ്റലര്‍ജിസ്റ്റ്, ക്വാളിറ്റി മാനേജര്‍ എന്നീ തസ്തികകളില്‍ ജോലി ലഭിക്കും. തിരുവനന്തപുരത്തെ llSTല്‍ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ സയന്‍സിലും മെറ്റീരിയല്‍ എന്‍ജിനീയറിങ്ങിലും എം.ടെക് കോഴ്സുണ്ട്. 
കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
ഐ.ടിയും കമ്പ്യൂട്ടറുമില്ലാതെ ഇനി ലോകത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. താല്‍പര്യമുള്ളവര്‍ക്ക് ബി.ടെക് കഴിഞ്ഞ് എം.ടെകില്‍ സൈബര്‍ സെക്യൂരിറ്റി, വി.എല്‍.എസ്.ഐ ഡിസൈന്‍, ഡാറ്റാ സയന്‍സ് മേഖലയിലേക്ക് പോകാം. ഡാറ്റാ അനലിസ്റ്റ്, ഡാറ്റാ മൈനര്‍ എന്നീ തസ്തികയില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ലോകത്ത് 15 ലക്ഷം ഒഴിവുകളാണുണ്ടാവുന്നത്. ഐ.ടിയും കമ്പ്യൂട്ടര്‍ സയന്‍സും കഴിഞ്ഞവര്‍ക്കായി ധാരാളം വാല്യൂ ആഡഡ് കോഴ്സുകള്‍ വിദേശ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍വഴി നടത്തുന്നുണ്ട്. ഇത്തരം കോഴ്സുകളും ജോലി ഉറപ്പാക്കും. ഇന്ത്യയില്‍ വ്യാപിക്കുന്ന ഇ-കോമേഴ്സ് വിപണിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പരിശീലനം കഴിയുന്നവര്‍ക്ക് ജോലി ലഭിക്കും. ഇന്ന് ഏതൊരു വ്യവസായത്തിനും ഐ.ടി വിദഗ്ധനെ ആവശ്യമുണ്ട്. ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സും ഐ.ടിയും ഒഴിവാക്കേണ്ട.
ബയോടെക്നോളജി
ബയോ കെമിക്കല്‍ ആന്‍ഡ് ബയോടെക്നോളജി കോഴ്സ് വിപ്ളവകരമായ തുടക്കമായിരുന്നെങ്കിലും കരിയര്‍സാധ്യതകളെ പ്രതീക്ഷിച്ചപോലെ ഉയര്‍ത്തിയില്ല. എന്‍.ഐ.ടികളില്‍പോലും വലിയ ഡിമാന്‍ഡില്ലാത്ത കോഴ്സിന് പ്രിയം കുറയുമെന്ന് പറയേണ്ടതില്ല. വലിയ താല്‍പര്യമില്ളെങ്കില്‍ ഈ ബ്രാഞ്ചില്‍ കരിയര്‍ ഉറപ്പാക്കാന്‍ പ്രയാസമാണ്. ചില ഐ.ഐ.ടികളിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും ഉപരിപഠനം നടത്താന്‍ കഴിയുമെങ്കില്‍ കരിയര്‍ ഉറപ്പാക്കാം. കേരളത്തില്‍ അഞ്ചു കോളജുകളിലാണ് ഈ ബ്രാഞ്ചുള്ളത്. ആലപ്പുഴ ജില്ലയിലെ കോളജില്‍ എം.ടെക് ചെയ്യാന്‍ സൗകര്യമുണ്ടെങ്കിലും കരിയര്‍ കണ്ടത്തെുക ശരാശരി വിദ്യാര്‍ഥികളെ സംബന്ധിച്ച് വെല്ലുവിളിയാണ്.
എംപ്ളോയബിലിറ്റി സ്കില്‍
ബി.ടെക് പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ എംപ്ളോയബിലിറ്റി സ്കില്‍കൂടി (തൊഴില്‍ നിപുണത) ആര്‍ജിക്കേണ്ടത് ഇന്നത്തെ കാലത്ത് കരിയര്‍ ഉറപ്പാക്കാന്‍ ആവശ്യമാണ്. ബി.ടെക്കില്‍ നേടുന്ന മാര്‍ക്ക് മാത്രം പരിഗണിച്ചല്ല കമ്പനികള്‍ പ്ളേസ്മെന്‍റ് നല്‍കുന്നത്. പഠിക്കുന്ന വിഷയത്തിലെ നിപുണതക്ക് പുറമേ തീരുമാനമെടുക്കാനുള്ള കഴിവും ഇച്ഛാശക്തിയും ആശയസമ്പുഷ്ടതയും കമ്യൂണിക്കേഷന്‍ സ്കില്ലുമെല്ലാം കോര്‍പറേറ്റുകള്‍ പരിഗണിക്കും.  ഇതിലൊന്നും മികവുകാട്ടാതെ പ്ളേസ്മെന്‍റ് ലഭിക്കാതെവരുമ്പോള്‍ പഠിച്ചവിഷയത്തിന്‍െറ കുറ്റമായി വ്യാഖ്യാനിക്കാതിരിക്കുക. മികച്ച എന്‍ജിനീയര്‍മാര്‍ ഒരു രാജ്യത്തിന്‍െറ സമ്പത്താണെന്നും മറക്കേണ്ട.

കടപ്പാട്- മാധ്യമം ഓണ്‍ലൈന്‍.കോം

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate