অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാലിത്തീറ്റകള്‍

കന്നുകാലികള്‍, ആടുകള്‍, പന്നികള്‍ എന്നിവയ്‌ക്ക്‌ സാധാരണയായി കൊടുത്തുവരുന്ന തീറ്റകള്‍. സാന്ദ്രിത കാലിത്തീറ്റകള്‍, പരുഷാഹാരങ്ങള്‍ എന്നിങ്ങനെ ഇവയെ രണ്ടായി വിഭജിക്കാം. ഊര്‍ജസാന്ദ്രത കൂടിയ തീറ്റകളാണ്‌ സാന്ദ്രിതകാലിത്തീറ്റകള്‍. ഊര്‍ജസാന്ദ്രത കുറഞ്ഞതും അസംസ്‌കൃതനാരിന്റെ അളവ്‌ കൂടുതല്‍ ഉള്ളവയുമാണ്‌ പരുഷാഹാരങ്ങള്‍. ഉദ്ദേശം 18 ശതമാനത്തില്‍ കുറഞ്ഞ അസംസ്‌കൃതനാരുള്ള കാലിത്തീറ്റകളെ സാന്ദ്രിത കാലിത്തീറ്റകളായും 18 ശതമാനത്തില്‍ കൂടുതല്‍ അസംസ്‌കൃതനാരുള്ള കാലിത്തീറ്റകളെ പരുഷാഹാരങ്ങളായും കണക്കാക്കുന്നു. സാന്ദ്രിത കാലിത്തീറ്റകള്‍. വിത്തുകളെയും ധാന്യങ്ങളെയും അവയുടെ ഉപോത്‌പന്നങ്ങളെയും ആണ്‌ സാന്ദ്രിത കാലിത്തീറ്റകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ധാന്യങ്ങള്‍.

നെല്ല്‌, ഗോതമ്പ്‌, ബാര്‍ലി, കൂവരക്‌, ബജ്‌റ, ജോവര്‍, ചോളം എന്നിവയാണ്‌ പ്രധാന ധാന്യാഹാരങ്ങള്‍. ശരാശരി 6070 ശതമാനം ധാന്യകവും 4 ശതമാനത്തോളം കൊഴുപ്പും 810 ശതമാനത്തോളം അസംസ്‌കൃത നാരും ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്നു. ഇവയില്‍ അസംസ്‌കൃതമാംസ്യം 10 ശതമാനത്തോളം കാണാറുണ്ടെങ്കിലും അവ മെച്ചപ്പെട്ടതല്ല. ലൈസില്‍ തുടങ്ങിയ ഒഴിച്ചുകൂടാന്‍പാടില്ലാത്ത അമ്ലങ്ങള്‍ കുറവായതുകൊണ്ട്‌ ധാന്യമാംസ്യങ്ങള്‍ ജൈവഗുണത്തില്‍ മികച്ചവയല്ല. എന്നാല്‍ ധാന്യങ്ങള്‍ തീറ്റയായി കൊടുക്കുമ്പോള്‍ മേല്‌പറഞ്ഞ കമ്മി നികത്താന്‍ പയറുവര്‍ഗങ്ങളും മറ്റും ചേര്‍ത്തുകൊടുക്കാവുന്നതാണ്‌. ധാതുലവണമായ കാത്സ്യം ധാന്യങ്ങളില്‍ തുലോം കുറവായിരിക്കുമ്പോള്‍ ഫോസ്‌ഫറസ്‌, പൊട്ടാസ്യം എന്നിവ തൃപ്‌തികരമായ തോതില്‍ത്തന്നെ ഉണ്ടായിരിക്കും. ജീവകംഇയും ധാന്യങ്ങളില്‍ ധാരാളമുണ്ട്‌. ചോളമൊഴിച്ചുള്ള ധാന്യങ്ങളില്‍ ജീവകംഎ തീരെ ഇല്ലെന്നുതന്നെ പറയാം. ധാന്യാഹാരങ്ങളില്‍നിന്ന്‌ ഊര്‍ജവും പോഷകമൂല്യങ്ങളും കന്നുകാലികള്‍ക്കു ലഭ്യമാകും. മാംസാവശ്യത്തിന്‌ മൃഗങ്ങളെ കൊഴുപ്പിക്കാന്‍ അവയ്‌ക്ക്‌ ധാന്യാഹാരങ്ങള്‍ കൂടുതല്‍ നല്‌കുന്നു.


പയറുവര്‍ഗങ്ങള്‍.

കടല, മുതിര, ഉഴുന്ന്‌, ചെറുപയര്‍, തുവരപ്പയര്‍, വന്‍പയര്‍, കേസരിപ്പയര്‍ എന്നിവയാണ്‌ പയറുവര്‍ഗത്തില്‍പ്പെട്ട സാന്ദ്രിതാഹാരങ്ങള്‍. പയറുകളില്‍ 2030 ശതമാനത്തോളം മാംസ്യം (പ്രാട്ടീന്‍) അടങ്ങിയിരിക്കുന്നു. അതിനുപുറമേ 50 ശതമാനത്തോളം ധാന്യകവും 56 ശതമാനത്തോളം അസംസ്‌കൃതനാരും, 3 ശതമാനത്തോളം ധാതുലവണങ്ങളും ഉണ്ടായിരിക്കും. മാംസ്യം കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഗന്ധകം അടങ്ങിയിട്ടുള്ള അമിനോ അമ്ലങ്ങളായ മെത്തിയോണിന്‍, സിസ്റ്റിന്‍ എന്നിവ കമ്മിയായതുകൊണ്ട്‌ ഇവയുടെ ജൈവഗുണം മെച്ചപ്പെട്ടവയല്ല. ധാതുലവണമായ കാത്സ്യം കുറവാണെങ്കിലും ഫോസ്‌ഫറസ്‌ കൂടുതലായി കാണപ്പെടുന്നു. പയറുകളില്‍ ജീവകം ഡി യും ജീവകം ബി യും മെച്ചപ്പെട്ട നിലയില്‍ അടങ്ങിയിട്ടുണ്ട്‌. അതുപോലെതന്നെ മുളപ്പിച്ച പയറില്‍ ജീവകംസിയും കൂടുതലായിട്ടുണ്ട്‌.

എണ്ണക്കുരുക്കള്‍.

നിലക്കടല, എള്ള്‌, ലിന്‍സീഡ്‌, പരുത്തിക്കുരു, സോയാബീന്‍ എന്നിവയാണ്‌ പ്രധാന എണ്ണക്കുരുക്കളായ കാലിത്തീറ്റകള്‍. കൊഴുപ്പ്‌ ധാരാളം അടങ്ങിയിട്ടുള്ളവയാണ്‌ ഇവ. മേല്‌പ്പറഞ്ഞവയില്‍ 1740 ശതമാനം വരെ മാംസ്യം അടങ്ങിയിരിക്കുന്നതിനാല്‍ അവയും മാംസ്യപ്രധാനമായ കാലിത്തീറ്റകളാണ്‌. ചില അമിനോ അമ്ലങ്ങള്‍ കുറഞ്ഞ തോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ അവയുടെ മാംസ്യവും ജൈവഗുണം കുറഞ്ഞതാണ്‌. ജീവകങ്ങളും ധാതുലവണങ്ങളും തുലോം കുറവാണ്‌. ഈ ഇനത്തില്‍ പരുത്തിക്കുരു മാത്രമേ അതേപടി കാലിത്തീറ്റയായി ഉപയോഗിച്ചുവരുന്നുള്ളൂ. അതില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പില്‍ പൂരിത കൊഴുപ്പമ്ലങ്ങളാണ്‌ കൂടുതലുള്ളത്‌. അപൂരിത കൊഴുപ്പമ്ലങ്ങള്‍ കുറവായതിനാല്‍ പാലിലും ശരീരത്തിലുമുള്ള കൊഴുപ്പിന്റെ സാന്ദ്രത കൂട്ടാന്‍ പരുത്തിക്കുരു തീറ്റയായി നല്‌കുന്നത്‌ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്‌. ധാന്യഉപോത്‌പന്നങ്ങള്‍. അരിയുടെ തവിട്‌, ഒരു പ്രധാന ധാന്യഉപോത്‌പന്നമാണ്‌. ഉമികുറഞ്ഞ നല്ലയിനം തവിടില്‍ 13 ശതമാനത്തോളം മാംസ്യവും 13 ശതമാനം കൊഴുപ്പും 15 ശതമാനം അസംസ്‌കകൃതനാരും ഉണ്ടായിരിക്കും. തവിട്‌ തീറ്റയായി നല്‌കുമ്പോള്‍ ഉമി അധികം കലര്‍ന്നിരിക്കാന്‍ പാടില്ല. ധാതുലവണങ്ങള്‍ വിശിഷ്യ, കാല്‍സിയം വളരെ കുറവായിരിക്കുമെങ്കിലും ഫോസ്‌ഫറസ്‌ കൂടുതലായി അടങ്ങിയിരിക്കും. മിക്ക ജീവകങ്ങളും തവിടില്‍ കുറഞ്ഞതോതിലേ കാണപ്പെടുന്നുള്ളൂ. അരിയുടെ തവിടിനെക്കാള്‍ പോഷകഗുണത്തില്‍ മെച്ചപ്പെട്ടതാണ്‌ ഗോതമ്പിന്റെ തവിട്‌. ഇതില്‍ മാംസ്യത്തിന്റെ അളവ്‌ 1518 ശതമാനം വരെയും കൊഴുപ്പ്‌ 3 ശതമാനവും അസംസ്‌കൃതനാര്‌ 10 ശതമാനവും ധാതുലവണങ്ങള്‍ 6 ശതമാനവും അടങ്ങിയിരിക്കുന്നു. ഗോതമ്പിന്റെ തവിടില്‍ അസംസ്‌കൃതനാര്‌ അരിയുടെ തവിടിലുള്ളതിനേക്കാള്‍ കുറവാണ്‌.

പയറുപോത്‌പന്നങ്ങള്‍.

ഉഴുന്നിന്റെ തവിട്‌, വന്‍പയറിന്റെ ഉമി, നിലക്കടലയുടെ ഉമി, കടലഉമി എന്നിവ ഇത്തരത്തിലുള്ള കാലിത്തീറ്റകളാണ്‌. അവയിലെല്ലാം തന്നെ അസംസ്‌കൃതനാരിന്റെ അളവ്‌ കൂടുതലായിരിക്കും. പയറുമികളില്‍ അടങ്ങിയിരിക്കുന്ന പയറുപരിപ്പിന്റെ തോത്‌ അനുസരിച്ചാണ്‌ ഇവയുടെ പോഷകഗുണം നിശ്ചയിക്കുന്നത്‌.

എണ്ണവിത്തുപോത്‌പന്നങ്ങള്‍.

എണ്ണവിത്തുകളില്‍നിന്ന്‌ എണ്ണ എടുത്തശേഷം അവശേഷിക്കുന്ന പിണ്ണാക്ക്‌ സുപ്രധാനമായ കാലിത്തീറ്റയാണ്‌. നിലക്കടലപ്പിണ്ണാക്ക്‌, എള്ളിന്‍പിണ്ണാക്ക്‌, പരുത്തിക്കുരുപ്പിണ്ണാക്ക്‌ എന്നിവയാണ്‌ സാധാരണയായി കന്നുകാലികള്‍ക്ക്‌ നല്‌കിവരുന്നത്‌. എണ്ണപിഴിഞ്ഞെടുക്കുന്ന രീതിയെ ആസ്‌പദമാക്കി കൊഴുപ്പുരഹിതം, എക്‌സ്‌പ്പെല്ലര്‍ എന്നു രണ്ടുതരത്തില്‍ പിണ്ണാക്കുണ്ട്‌.

എക്‌സ്‌പ്പെല്ലര്‍ നിലക്കടലപ്പിണ്ണാക്കില്‍ മാംസ്യം 4550 ശതമാനം വരെ കാണപ്പെടുന്നു. കൊഴുപ്പുരഹിത നിലക്കടലപ്പിണ്ണാക്കില്‍ മാംസ്യം 5055 ശതമാനം വരെ അടങ്ങിയിട്ടുണ്ട്‌. നിലക്കടലപ്പിണ്ണാക്കില്‍ അപൂരിതകൊഴുപ്പമ്ലങ്ങള്‍ കൂടുതലുണ്ട്‌. ആയതിനാല്‍ കൂടിയ അളവില്‍ നിലക്കടലപ്പിണ്ണാക്ക്‌ നല്‌കിയാല്‍ പാലിലെയും ശരീരത്തിലെയും കൊഴുപ്പിന്റെ സാന്ദ്രത കുറയാന്‍ സാധ്യതയുണ്ട്‌. കന്നുകാലികള്‍ക്ക്‌ ഒരു നല്ല മാംസ്യാഹാരമാണ്‌ നിലക്കടലപ്പിണ്ണാക്ക്‌.

മറ്റൊരു പ്രധാന കാലിത്തീറ്റയായ എള്ളിന്‍പിണ്ണാക്കില്‍ 3040 ശതമാനം വരെ മാംസ്യം അടങ്ങിയിട്ടുണ്ട്‌. ധാതുലവണങ്ങളായ ഫോസ്‌ഫറസും കാത്സ്യവും ഇതില്‍ കൂടുതലായി കാണപ്പെടുന്നു. നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള തേങ്ങാപ്പിണ്ണാക്കില്‍ മേല്‌പറഞ്ഞവയെ അപേക്ഷിച്ച്‌ മാംസ്യത്തിന്റെ അളവ്‌ കുറവാണ്‌. പക്ഷേ ഉള്ള മാംസ്യം ജൈവഗുണത്തില്‍ മികച്ചതാണ്‌. അപൂരിതകൊഴുപ്പമ്ലങ്ങള്‍ കുറവും പൂരിതകൊഴുപ്പമ്ലങ്ങള്‍ കൂടുതലും ഉള്ളതിനാല്‍ തേങ്ങാപ്പിണ്ണാക്ക്‌ തീറ്റയായി നല്‌കുമ്പോള്‍ പാലില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ കട്ടി കൂടുന്നതിനിടയാകുന്നു.

തൊണ്ടു നീക്കിയശേഷം എണ്ണയെടുക്കുന്ന (ഡികോര്‍ട്ടിക്കേറ്റ്‌) പരുത്തിക്കുരുപ്പിണ്ണാക്കില്‍ അസംസ്‌കൃതനാരിന്റെ അംശം കുറവായിരിക്കുമെങ്കിലും കൂടുതല്‍ മാംസ്യം അടങ്ങിയിരിക്കുന്നു. കുറഞ്ഞ അളവില്‍ മാത്രമേ ഈ പിണ്ണാക്ക്‌ കന്നുകാലികള്‍ക്ക്‌ കൊടുക്കുവാന്‍ പാടുള്ളൂ. ഇന്ത്യയില്‍ മറ്റുപല സംസ്ഥാനങ്ങളിലും കടുക്‌ പിണ്ണാക്ക്‌, സോയപ്പിണ്ണാക്ക്‌, സൂര്യകാന്തിപ്പിണ്ണാക്ക്‌ എന്നിവ കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്‌. ജന്തുജന്യ കാലിത്തീറ്റകള്‍. എല്ലുപൊടി, മീന്‍പൊടി, രക്തപ്പൊടി, ഇറച്ചിക്കഷണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അവയില്‍ മിക്കവയും മാംസ്യം കൂടുതലുള്ളവയാണ്‌. കന്നുകാലിത്തീറ്റകള്‍ എന്ന നിലയില്‍ അവയ്‌ക്കു പ്രാധാന്യമില്ലെങ്കിലും പന്നിക്ക്‌ തീറ്റയായിക്കൊടുക്കാന്‍ ഇവ ഉപയോഗയോഗ്യമാണ്‌.

ധാതുലവണപൂരിതമായ ഒരു വസ്‌തുവാണ്‌ എല്ലുപൊടി. അതില്‍ 30 ശതമാനം കാല്‍സിയവും 15 ശതമാനം ഫോസ്‌ഫറസും അടങ്ങിയിട്ടുണ്ട്‌. കാലിത്തീറ്റയില്‍ ഇതുചേര്‍ക്കുന്നത്‌ നല്ലതാണ്‌. ജൈവഗുണങ്ങളോടുകൂടിയ മാംസ്യം ധാരാളം അടങ്ങിയിട്ടുള്ള ഒരു തീറ്റയാണ്‌ മീന്‍പൊടി. ഇതില്‍ 60 ശതമാനത്തോളം മാംസ്യവും 10 ശതമാനത്തോളം കൊഴുപ്പും 25 ശതമാനത്തോളം ധാതുക്കളും അടങ്ങിയിരിക്കുന്നു. കോഴിത്തീറ്റ, പന്നിത്തീറ്റ എന്നിവയില്‍ 5 മുതല്‍ 10 ശതമാനം വരെ മീന്‍പൊടി ചേര്‍ക്കാറുണ്ട്‌. ഇറച്ചിക്കഷണങ്ങള്‍ പന്നികള്‍ക്ക്‌ തീറ്റയായി നല്‌കാം.

മൊളാസസ്‌.

പഞ്ചസാര വ്യവസായത്തിന്റെ ഒരു ഉപോത്‌പന്നമാണ്‌ മൊളാസസ്‌. കാലിത്തീറ്റകളുടെ രുചിവര്‍ധിപ്പിക്കുവാന്‍ ഇത്‌ ചേര്‍ക്കാവുന്നതാണ്‌. പരുഷാഹാരങ്ങള്‍. അസംസ്‌കൃതനാര്‌ ഉദ്ദേശം 18 ശതമാനത്തില്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള കാലിത്തീറ്റകളാണ്‌ പരുഷാഹാരങ്ങള്‍. സാധാരണയായി ജലാംശം കൂടുതലുള്ള തീറ്റകളാണ്‌ ഇവ. ജലാംശം കുറഞ്ഞവയെ ശുഷ്‌കപരുഷാഹാരമെന്നും കൂടിയവയെ സരസപരുഷാഹാരമെന്നും പറയുന്നു. ഉണങ്ങിയ പുല്ല്‌, വൈക്കോല്‍ എന്നിവ ആദ്യത്തെ തരത്തില്‍പ്പെട്ടവയും സാധാരണ പുല്ലുകള്‍, ഇലകള്‍, ചെടികള്‍ എന്നിവ രണ്ടാമത്തെ തരത്തില്‍പ്പെട്ടവയും ആകുന്നു. ഗിനിപ്പുല്ല്‌, നേപ്പിയര്‍പുല്ല്‌ തുടങ്ങിയവ സരസപരുഷാഹാരങ്ങളാണ്‌. ഇത്തരം നല്ലയിനം പുല്ലുകള്‍ നട്ടുപിടിപ്പിച്ച്‌ തീറ്റയായിനല്‌കാം. അവ പുഷ്‌പിക്കുന്നതിനുമുമ്പ്‌ പോഷകഗുണങ്ങള്‍ കൂടിയവയായിരിക്കും. ശുഷ്‌കപദാര്‍ഥാടിസ്ഥാനത്തില്‍ പുല്ലുകളില്‍ 8 ശതമാനത്തോളം മാംസ്യവും 0.5 മുതല്‍ 2 ശതമാനംവരെ കൊഴുപ്പും അടങ്ങിയിരിക്കാറുണ്ട്‌; ജീവകംഎ (കരോട്ടിന്‍) ധാരാളമായി കാണപ്പെടുന്നു. പുല്ലു കുറവായ വേനല്‍ക്കാലത്തേക്കായി ഹേ, സൈലേജ്‌ എന്നീ രൂപങ്ങളിലാക്കി പുല്ലു സൂക്ഷിക്കാം.

ധാന്യച്ചെടികള്‍.

ധാന്യച്ചെടികളെയും കാലിത്തീറ്റകളായി ഉപയോഗിക്കാം. പച്ചയായിത്തന്നെ അരിഞ്ഞുകൊടുക്കുകയോ സൈലേജ്‌, ഹേ എന്നീ രൂപത്തിലാക്കി നല്‌കുകയോ ചെയ്യാം. പയറുചെടികള്‍. ലൂസോണ്‍, ബര്‍സിം (Berseem), വന്‍പയര്‍, ചെറുപയര്‍, കലപ്പഗോണിയം എന്നിവ കാലിത്തീറ്റകളായി ഉപയോഗിക്കാം. മാംസ്യം ധാരാളമുള്ളവയാണ്‌ പയറുചെടികള്‍. കാത്സ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്‌. ഫോസ്‌ഫറസിന്റെ അളവു കുറവാണെങ്കിലും ജീവകങ്ങളുടെ കാര്യത്തില്‍ ഇവ മെച്ചപ്പെട്ടവയാണ്‌. പുല്ലുകളെ അപേക്ഷിച്ച്‌ പയറുചെടികളില്‍ പോഷകമൂല്യം കൂടുതലായി അടങ്ങിയിട്ടുണ്ട്‌. ഇലകള്‍. വിവിധതരം വൃക്ഷങ്ങളുടെ ഇലകള്‍ കന്നുകാലികള്‍ക്കു തീറ്റയായി കൊടുക്കാവുന്നതാണ്‌. ആടുകള്‍ക്ക്‌ പ്രത്യേകിച്ചും മരങ്ങളുടെ ഇലകളാണ്‌ തീറ്റയായി നല്‌കാറുള്ളത്‌. അസംസ്‌കൃതനാരിന്റെ അളവ്‌ പുല്ലുകളെ അപേക്ഷിച്ച്‌ ഇവയില്‍ കുറവും മാംസ്യത്തിന്റെ അളവ്‌ കൂടുതലും ആയിരിക്കും. കാത്സ്യവും കൂടുതലായി അടങ്ങിയിരിക്കും.

വേരുകളും കിഴങ്ങുകളും.

കിഴങ്ങുവര്‍ഗങ്ങളായ മരച്ചീനി, കാച്ചില്‍, മധുരക്കിഴങ്ങ്‌ എന്നിവ കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്‌. അസംസ്‌കൃതനാര്‌ കുറച്ചുമാത്രം അടങ്ങിയിട്ടുള്ള ഇവയില്‍ ജലാംശം കൂടുതലായിട്ടുണ്ട്‌. മരച്ചീനിയില്‍ 9 ശതമാനത്തോളം ധാന്യകം അടങ്ങിയിരിക്കുന്നതിനാല്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ ഉതകുന്ന ഒരു കാലിത്തീറ്റയാണിത്‌. കാലിത്തീറ്റസമ്മിശ്രത്തില്‍ മരച്ചീനിപ്പൊടി കലര്‍ത്തി കൊടുക്കാവുന്നതാണ്‌.

വൈക്കോല്‍.

കന്നുകാലികള്‍ക്കു സാധാരണയായി കൊടുത്തുവരുന്ന പരുഷാഹാരമാണ്‌ വൈക്കോല്‍. കേരളത്തില്‍ സാധാരണയായി നെല്ലിന്റെ വൈക്കോലാണ്‌ നല്‌കാറുള്ളതെങ്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ റാഗി, മെയ്‌സ്‌, ജോവര്‍ എന്നിവയുടെ വൈക്കോലുകളും നല്‌കാറുണ്ട്‌. ഗുണനിലവാരം വളരെ കുറഞ്ഞവയാണ്‌ വൈക്കോലുകള്‍. ജീവകങ്ങള്‍ വളരെ കുറവാണ്‌. വൈക്കോലുകളില്‍ അടങ്ങിയിട്ടുള്ള അസംസ്‌കൃതനാര്‌ ദഹനസാധ്യത കുറഞ്ഞതാണ്‌. ഇവയില്‍ ധാതുലവണമായ കാത്സ്യവും വളരെ കുറച്ചേയുളളൂ. വൈക്കോലില്‍ അടങ്ങിയിട്ടുള്ള ഓക്‌സലേറ്റുകള്‍ ഉള്ള കാത്സ്യം പോലും ശരീരത്തിലേക്ക്‌ ലഭ്യമാവാറില്ല. ഇതില്‍ അടങ്ങിയിട്ടുള്ള മാംസ്യം ദഹനഗുണം കുറഞ്ഞതാണ്‌. വൈക്കോല്‍ തീറ്റയായി നല്‌കിയാല്‍ വയറുനിറയ്‌ക്കാമെന്നല്ലാതെ കന്നുകാലികള്‍ക്ക്‌ പോഷകഗുണങ്ങളൊന്നും തന്നെ ലഭ്യമാകുന്നില്ല. വൈക്കോല്‍മാത്രം പരുഷാഹാരമായി നല്‌കാതെ പച്ചപ്പുല്ലോ പയറുചെടികളുടെ ഇലകളോ കൂടെ ഇലയോടൊപ്പം കൊടുക്കേണ്ടതാണ്‌.

ഉണക്കിയ പുല്ല്‌.

ഇത്‌ "ഹേ' എന്ന്‌ അറിയപ്പെടുന്നു. പച്ചപ്പുല്ല്‌ ധാരാളമായി ലഭ്യമാകുന്ന കാലാവസ്ഥയില്‍ അവ വളരെ കുറച്ചുമാത്രം കിട്ടാന്‍ സാധ്യതയുള്ള കാലത്തേക്ക്‌ ഉണക്കി സൂക്ഷിക്കാവുന്നതാണ്‌. പയറുവര്‍ഗച്ചെടികളും ഇത്തരത്തില്‍ ഉണക്കി സൂക്ഷിക്കാം. മേല്‌പറഞ്ഞ ചെടികള്‍ പുഷ്‌പിക്കുന്നതിനുമുമ്പ്‌ അരിഞ്ഞെടുത്ത്‌ വെയിലത്തിട്ടുണക്കി മഴനനയാത്തവിധത്തില്‍ സൂക്ഷിക്കണം. നല്ലതരം ഹേയില്‍ ജലാംശം 24 ശതമാനത്തില്‍ കുറവായിരിക്കും. 10 ശതമാനത്തോളം മാംസ്യം ഉണ്ടായിരിക്കുകയും ചെയ്യും. മേല്‌പറഞ്ഞ കാലിത്തീറ്റകള്‍ക്കു പുറമേ മരച്ചീനിയില, റബ്ബര്‍ക്കുരു, പഞ്ഞിക്കുരു, പുളിങ്കുരു, മരച്ചീനിത്തോട്‌, കൈതച്ചണ്ടി എന്നിവയും ചില അവസരങ്ങളില്‍ കാലിത്തീറ്റയായി നല്‌കാറുണ്ട്‌. തീറ്റകൊടുക്കല്‍. ഓരോതരം വളര്‍ത്തുമൃഗങ്ങള്‍ക്കും അവയുടെ ഉപയോഗയോഗ്യതയെ ആസ്‌പദമാക്കി തീറ്റകള്‍ നല്‌കേണ്ടതാണ്‌. അതായത്‌ പശുക്കള്‍ക്ക്‌ ക്ഷീരോത്‌പാദനത്തിനുവേണ്ടിയും ആടുകള്‍ക്ക്‌ ക്ഷീരോത്‌പാദനത്തിനും മാംസോത്‌പാദനത്തിനുവേണ്ടിയും കോഴികള്‍ക്ക്‌ മുട്ടയുത്‌പാദനത്തിനും മാംസോത്‌പാദനത്തിനും വേണ്ടിയും പ്രത്യേകം ഉള്ള തീറ്റകളാണ്‌ നല്‌കേണ്ടത്‌.

കന്നുകാലികള്‍.

അവയ്‌ക്ക്‌ പ്രതിദിനം നല്‌കുന്ന തീറ്റയെ സംരക്ഷണറേഷന്‍, ഉത്‌പാദനറേഷന്‍ എന്ന്‌ രണ്ടായി തിരിക്കാം. ശരീരത്തൂക്കമനുസരിച്ച്‌ സംരക്ഷണറേഷന്‍ ദിനംപ്രതി താഴെപ്പറയുന്ന അളവില്‍ നല്‌കാവുന്നതാണ്‌.

ശരീരത്തൂക്കം ഖരാഹാരമിശ്രിതം പരുഷാഹാരം കി.ഗ്രാം കി.ഗ്രാം കി.ഗ്രാം 1. 200300 11.25 2025 2. 300400 11.50 2530 3. 400450 1.752.00 3035

സംരക്ഷണാവശ്യത്തിന്‌ ഉദ്ദേശം ഒന്നരകിലോഗ്രാം ഖരാഹാരമിശ്രിതമെങ്കിലും കൊടുത്തിരിക്കണം. കറവയുള്ള പശുക്കളിലാകട്ടെ സംരക്ഷണറേഷനു പുറമേ ഉത്‌പാദനറേഷനും നല്‌കേണ്ടതുണ്ട്‌. ഓരോ മൂന്നു കിലോഗ്രാം പാലുത്‌പാദനത്തിനു (ദിനംപ്രതി) ഒരു കിലോഗ്രാം എന്ന തോതില്‍ ഖരാഹാരമിശ്രിതം കൂടുതലായി കൊടുക്കണം. അതായത്‌ ഒന്നര കിലോഗ്രാം ഖരാഹാരമിശ്രിതം സംരക്ഷണറേഷനായി നല്‌കേണ്ട പശു അഞ്ചു കിലോഗ്രാം പാല്‍ ഉത്‌പാദിപ്പിക്കുന്നു എങ്കില്‍ രണ്ടര കിലോഗ്രാം ആകെ ഖരാഹാരമിശ്രിതം കൊടുക്കേണ്ടതാണ്‌. അതിനു പുറമേ പരുഷാഹാരവും ആവശ്യാനുസരണം കൊടുക്കണം. ഗര്‍ഭമുള്ള പശുക്കള്‍ക്കു ഗര്‍ഭകാലം അധികരിക്കുന്നതിനോടുകൂടി ഒന്നുമുതല്‍ ഒന്നര കിലോഗ്രാം കൂടുതല്‍ ഖരാഹാരമിശ്രിതം കൊടുക്കണം. കന്നുകുട്ടികള്‍ക്ക്‌ 4 മുതല്‍ 6 ആഴ്‌ച പ്രായമുള്ളപ്പോള്‍ മുതല്‍ ഖരാഹാരമിശ്രിതം കൊടുത്തുതുടങ്ങേണ്ടതാണ്‌. 4 മുതല്‍ 6 ആഴ്‌ച പ്രായമുള്ളപ്പോള്‍ ഖരാഹാരമിശ്രിതം 50 ഗ്രാമില്‍ തുടങ്ങി, ക്രമേണ വര്‍ധിപ്പിച്ച്‌ 6 മാസമാകുമ്പോള്‍, ഒരു കിലോഗ്രാംവരെ ആക്കിത്തീര്‍ക്കേണ്ടതാണ്‌. 6 മാസം കഴിഞ്ഞാല്‍ 300 കിലോഗ്രാം ശരീരത്തൂക്കം ആകുന്നതുവരെ വളര്‍ച്ചയ്‌ക്കു സഹായകമാകത്തക്കവിധം ഖരാഹാരമിശ്രിതത്തിന്റെ തോത്‌ വര്‍ധിപ്പിച്ച്‌ 2.75 കിലോഗ്രാം വരെ കൊടുക്കുന്നതാണ്‌ ഉത്തമം.

പണിക്കാളകള്‍ക്കാകട്ടെ 2.5 മുതല്‍ 4 കിലോഗ്രാം വരെ ഖരാഹാരമിശ്രിതം അധ്വാനഭാരവും ശരീരത്തൂക്കവും അനുസരിച്ച്‌ ദിവസവും കൊടുക്കേണ്ടതാണ്‌. വിത്തുകാളകള്‍ക്ക്‌ 3 മുതല്‍ 3.5 കിലോഗ്രാം വരെ ഖരാഹാരമിശ്രിതം ദിനംപ്രതി കൊടുക്കണം. ഖരാഹാരമിശ്രിതം വിവിധ തീറ്റകള്‍ കലര്‍ത്തി നിര്‍മിക്കാമെങ്കിലും തയ്യാറാക്കപ്പെട്ട രീതിയില്‍ വിപണിയില്‍ ലഭ്യമായ കാലിത്തീറ്റകള്‍ മേല്‌പറഞ്ഞ അളവുകളില്‍ നല്‌കാം. ഒരു ഖരാഹാരമിശ്രിതത്തിന്റെ ചേരുവ താഴെ കൊടുക്കുന്നു.

1. കടലപ്പിണ്ണാക്ക്‌ 2 5 ശ. മാ.

2. എള്ളിന്‍പിണ്ണാക്ക്‌ 10ശ. മാ.

3. അരിത്തവിട്‌ 27ശ. മാ.

4. കപ്പ 20ശ. മാ.

5. ചോളം 10ശ. മാ.

6. ധാതുമിശ്രിതം 1.5ശ. മാ.

7. കറിയുപ്പ്‌ 1.5ശ. മാ.

ആടുകള്‍.

കന്നുകാലികളെപ്പോലെത്തന്നെ ആടുകള്‍ക്ക്‌ ഖരാഹാരങ്ങളും പരുഷാഹാരങ്ങളും ആവശ്യമാണ്‌. പ്രായത്തിനനുസൃതമായി താഴെപ്പറയുന്ന തോതില്‍ തീറ്റ സാധനങ്ങള്‍ ആടുകള്‍ക്ക്‌ നല്‌കേണ്ടതുണ്ട്‌. 15 ദിവസം പ്രായമാകുന്നതുവരെ പ്രത്യേകിച്ച്‌ പരുഷാഹാരങ്ങളോ ഖരാഹാരങ്ങളോ നല്‌കേണ്ടതില്ല. എന്നാല്‍ 16 ദിവസം പ്രായമാകുമ്പോള്‍ മുതല്‍ ചെറിയതോതില്‍ ഖരാഹാരവും പരുഷാഹാരവും നല്‌കാവുന്നതാണ്‌.

പ്രായം ഖരാഹാരം പരുഷാഹാരം ഗ്രാം കി.ഗ്രാം 16 മുതല്‍ 30 ദിവസം വരെ 50 30 മുതല്‍ 60 ദിവസം വരെ 100 0.25 61 മുതല്‍ 90 ദിവസം വരെ 150 0.5 91 മുതല്‍ 120 ദിവസം വരെ 200 0.5 5 മുതല്‍ 6 മാസം 250 0.75 7 മുതല്‍ 12 മാസം 300400 11.5 പ്രായപൂര്‍ത്തിയായ ആട്‌ 400 2.000 മുട്ടന്‍ 500 2.000 ഗര്‍ഭമുള്ള ആട്‌ 600 3.000

കറവയുള്ള ആടുകള്‍ക്ക്‌ ദിനംപ്രതി മൂന്നു കിലോഗ്രാം പരുഷാഹാരവും 400 ഗ്രാം ഖരാഹാരവും സംരക്ഷണറേഷനായും ഉത്‌പാദിപ്പിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 400 ഗ്രാം ഖരാഹാരം കൂടുതലായും നല്‌കണം. പശുക്കളുടെ കാര്യത്തിലേതുപോലെ തയ്യാറാക്കപ്പെട്ട കാലിത്തീറ്റകള്‍ ആടുകള്‍ക്കു ഖരാഹാരമായി നല്‌കാം. ആടുകള്‍ക്കു കൊടുക്കാവുന്ന ഒരു ഖരാഹാരമിശ്രിതത്തിന്റെ ചേരുവ താഴെ കൊടുത്തിരിക്കുന്നു.

1. കടലപ്പിണ്ണാക്ക്‌ 25 ശ. മാ.

2. തേങ്ങാപ്പിണ്ണാക്ക്‌ 10 ശ. മാ.

3. അരിത്തവിട്‌ 22 ശ. മാ.

4. കപ്പ 10 ശ. മാ.

5. ചോളം 15 ശ. മാ.

6. മുതിര 15 ശ. മാ.

7. ധാതുമിശ്രിതം 1.5 ശ. മാ.

8. ഉപ്പ്‌ 1.5 ശ. മാ.

ആടുകള്‍ക്കു ഇലകള്‍ മാത്രമേ പരുഷാഹാരമായി കൊടുക്കാവൂ എന്ന്‌ പരക്കെ ധാരണയുണ്ടെങ്കിലും നട്ടുവളര്‍ത്തിയ പുല്ലുകളും പയറുവര്‍ഗച്ചെടികളും വാഴയില തുടങ്ങിയവയും പരുഷാഹാരമായി നല്‌കാം. പന്നികള്‍. താഴെപ്പറയുന്ന തോതില്‍ പന്നികള്‍ക്ക്‌ ദിവസവും തീറ്റ നല്‌കേണ്ടതാണ്‌.

പന്നി

പന്നിയുടെ    തരം    ഖരാഹാരം പരുഷാഹാരം  കി.ഗ്രാം കി.ഗ്രാം

1 പ്രസവിക്കാത്ത വലിയ പന്നി 2 12

2. വളരുന്ന പെണ്‍പന്നി 2 2.25 12

3. ഗര്‍ഭമുള്ള പന്നി 2 2.25 12

4. ആണ്‍പന്നി 2.25 (ഓരോ) 100 കി.ഗ്രാം ശരീരത്തൂക്കത്തിനും) 12

 

പന്നികള്‍ക്ക്‌ കൊടുക്കാവുന്ന ഒരു ഖരാഹാരമിശ്രിതം താഴെ കൊടുത്തിരിക്കുന്നു.

  • 1. കടലപ്പിണ്ണാക്ക്‌    25 ശ. മാ.
  • 2. ചോളം  32 ശ. മാ.
  • 3. തേങ്ങാപ്പിണ്ണാക്ക്‌    27 ശ. മാ.
  • 4. മീന്‍പൊടി 15 ശ. മാ.
  • 5. അരിത്തവിട്‌  25 ശ. മാ.
  • 6. ധാതുമിശ്രിതം    1 ശ. മാ.
  • 7. വിറ്റാമിന്‍എ      1 കിലോഗ്രാം തീറ്റയ്‌ക്കു 2000 യൂണിറ്റ്‌

 

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate