অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എരുമരോഗങ്ങളും നിയന്ത്രണമാർഗ്ഗങ്ങളും

എരുമരോഗങ്ങളും നിയന്ത്രണമാർഗ്ഗങ്ങളും

എരുമകളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളായ കുളമ്പുരോഗം, ബ്രൂസലോസിസ്, ക്ഷയം, കുരലടപ്പന്‍, കരിങ്കാല്‍, ഐ.ബി.ആര്‍ എന്നിവ വന്‍ സന്പത്തിക നഷ്ടത്തിനിടവരുത്താറുണ്ട്. ബ്രൂസലോസിസ്, ക്ഷയം എന്നിവ പ്രധാനപ്പെട്ട ജന്തുജന്യ രോഗങ്ങളാണ്.

വിരബാധ, ബാഹ്യപരാദബാധ എന്നിവ എരുമകളില്‍ കണ്ടുവരുന്ന രോഗങ്ങളാണ്. പോഷകന്യൂനത, വന്ധ്യത എന്നിവ മൂലമുള്ള രോഗങ്ങളും പാല്‍ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന അകിടുപിത്തം, ഉപാപചയരോഗങ്ങള്‍ എന്നിവയും എരുമകളില്‍ സര്‍വസാധാരണയാണ്.

അസിഡോസിസ് (Acidosis)



അന്നജം അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കൂടിയ അളവില്‍ നല്‍കുന്നത് രോഗത്തിനിടവരുത്തും. തീറ്റ തിന്നാതിരിക്കല്‍, അയ വെട്ടാതിരിക്കല്‍, നിര്‍ജലീകരണം, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, ബോധക്ഷയം എന്നിവ പ്രകടമായ രോഗലക്ഷണങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍ എരുമ പെട്ടെന്ന് ചത്തുപോകാറുണ്ട്.

ബൈകാര്‍ബണേറ്റുകള്‍, ബെന്‍ടൊനൈറ്റുകള്‍ മുതലായവ ഇവയ്ക്കെതിരായി നല്‍കാം.


വയറുപെരുപ്പം (Bloat)



മിഥേന്‍, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവയുടെ അളവ് കൂടുന്നതാണ് വയറുപെരുപ്പത്തിന് കാരണം. പച്ചപ്പുല്ല്, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ഉയര്‍ന്ന തോതില്‍ പെട്ടെന്ന് കഴിക്കുന്നത് രോഗലക്ഷണങ്ങള്‍ക്കിടവരുത്തും. പച്ചപ്പുല്ല് ചെറുതായി ഉണക്കി നല്‍കുന്നതും വയ്ക്കോല്‍ ചേര്‍ത്ത് നല്‍കുന്നതും ആന്‍റിഫോമിങ് വസ്തുക്കള്‍, ആന്‍റി ബയോട്ടിക്കുകള്‍, അയണോഫോറുകള്‍ എന്നിവ നല്‍കുന്നതും രോഗനിയന്ത്രണത്തിന് അനിവാര്യമാണ്.

 

കുളമ്പുരോഗം (Foot and Mouth Disease, FMO)



ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന പകര്‍ച്ചവ്യാധികളിലൊന്നാണ് കുളമ്പുരോഗം. പിക്കോര്‍ണ ഇനം വൈറസുകളാണ് രോഗത്തിന് കാരണം. നാടന്‍ ഇനം കന്നുകാലികളില്‍ രോഗം കൂടുതലായും കണ്ടുവരുന്നു.

തിളപ്പിക്കുന്പോഴും, 1--2% സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചാലും വൈറസുകള്‍ നശിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഗിനി, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഒഴികെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും കുളമ്പുരോഗം കാണപ്പെടുന്നു. രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്യവസ്തുക്കള്‍, സ്രവങ്ങള്‍ എന്നിവയിലൂടെ വൈറസ് പുറത്തേക്ക് പ്രവഹിക്കും. സൂക്ഷ്മവൈറസുകളായതിനാല്‍ ഇവ വായുവില്‍കൂടി മറ്റു മൃഗങ്ങളിലെത്തി രോഗലക്ഷണമുളവാക്കും. കന്നുകുട്ടികളില്‍ 20---25% വരെ കുളമ്പുരോഗം മരണത്തിനിടവരുത്താറുണ്ട്.

എരുമകളില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ തീവ്രത കുറഞ്ഞ രീതിയിലാണ് കാണപ്പെടുന്നത്. പാലുല്‍പ്പാദനത്തില്‍ കുറവ്, തീറ്റ തിന്നാതിരിക്കല്‍, വായില്‍ നിന്നും ഉമിനീര്‍ ഒഴുക്കല്‍ എന്നിവയാണ് പൊതുവായ രോഗലക്ഷണങ്ങള്‍. കുളമ്പുകള്‍ക്കിടയില്‍ കാര്യമായ വ്രണങ്ങള്‍ കാണപ്പെടാറില്ല. രോഗാരംഭത്തില്‍ പനിയുണ്ടാകും. നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. വായ്ക്കകത്തും നാക്കിനുമുകളിലും കുമിളകളുണ്ടാകും. ഇവ പിന്നീട് പൊട്ടി വ്രണങ്ങളായിത്തീരുന്നു.

വൈറസ് രോഗമായതിനാല്‍ ഫലപ്രദമായ ചികിത്സയില്ല. രോഗലക്ഷണങ്ങള്‍നുസരിച്ചാണ് ചികിത്സ നല്‍കിവരുന്നത്. പാര്‍ശ്വ അണുബാധ ഒഴിവാക്കാന്‍ ആന്‍റിബയോട്ടിക്കുകള്‍ നല്‍കാം. കുളന്പ് 2% ആലം ലായനിയില്‍ കഴുകണം. 1-2% ഫോര്‍മാലിന്‍, സോഡിയം ഹൈഡ്രോക്സൈഡ്, 4% സോഡിയം കാര്‍ബണേറ്റ് എന്നിവ തൊഴുത്ത് കഴുകാന്‍ ഉപയോഗിക്കാം. നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി കൊണ്ട് വായ കഴുകി വായ്ക്കകത്ത് ബൊറാക്സ് ഗ്ലിസറിന്‍ തടവണം. കുളമ്പുകള്‍ക്കിടയില്‍ ഈച്ചകളെ അകറ്റാന്‍ സഹായിക്കുന്ന ലേപനങ്ങള്‍ ഉപയോഗിക്കാം.

കുളമ്പുരോഗം നിയന്ത്രിക്കുവാനുള്ള ഫലപ്രദമായ മാര്‍ഗം എരുമകളെ ജനിച്ച് 4 മാസത്തിനുശേഷം പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കുക എന്നുള്ളതാണ്. പന്നികളില്‍ കൂടിയുള്ള രോഗബാധയ്ക്ക് തീവ്രത കൂടുതലായതിനാല്‍ അവയെ കുളമ്പുരോഗത്തിനെതിരായി കുത്തിവെയ്പ്പിക്കണം. രോഗം ബാധിച്ച എരുമകളെ മാറ്റി പാര്‍പ്പിക്കാനും ശ്രദ്ധിക്കണം.

കാലിവസന്ത (Rinderpest)



ഇത് കന്നുകാലി പ്ലേഗ് എന്ന പേരിലറിയപ്പെടുന്നു. മോര്‍ബില്ലി വൈറസ് ആണ് രോഗമുണ്ടാക്കുന്നത്. രോഗത്തെ ഇന്ത്യയില്‍നിന്നും പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ശക്തമായ പനി, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗം മൂലമുള്ള മരണനിരക്ക് വളരെ കൂടുതലാണ്. രോഗനിയന്ത്രണത്തിനായി ഫലപ്രദമായ ടിഷ്യൂകള്‍ച്ചര്‍ വാക്സിന്‍ ഇന്നുണ്ട്. ഇവ 3 വര്‍ഷത്തെ രോഗപ്രതിരോധശേഷി ഉറപ്പുവരുത്തും.

മാലിഗ്നന്‍റ് കറ്ററല്‍ ഫീവര്‍ (Malignant Catarrhal Fever)



എരുമകളിലെ മാരകമായ രോഗമാണിത്. പനി, വയറിളക്കം, ലിംഫ് ഗ്രന്ഥി വീക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഹെര്‍പ്പിസ് വൈറസുകളാണ് രോഗമുണ്ടാക്കുന്നത്. എല്ലാ രാജ്യങ്ങളിലും രോഗം കണ്ടുവരുന്നു. തീറ്റ തിന്നാതിരിക്കല്‍, പാലുല്‍പ്പാദനത്തില്‍ കുറ്വ്, മൂക്കൊലിപ്പ്, ശ്വാസതടസം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. എരുമ ചിലപ്പോള്‍ ഭ്രാന്തിളകിയ മാതിരിയുള്ള രോഗലക്ഷണങ്ങള്‍, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, തളര്‍ച്ച, ബോധക്ഷയം എന്നിവ പ്രകടിപ്പിക്കാറുണ്ട്.

രോഗനിയന്ത്രണത്തിനായി എരുമകളെ ചെമ്മരിയാടില്‍ നിന്നും മാറ്റി പാര്‍പ്പിക്കണം. രോഗം ബാധിച്ച എരുമകള്‍ക്ക് പാര്‍ശ്വ അണുബാധ നിയന്ത്രിക്കാനായി ആന്‍റിബയോട്ടിക് മരുന്നുകള്‍ നല്‍കേണ്ടിവരും.

പേവിഷബാധ (Rabbies)



ലിസാജനുസ്സില്‍പ്പെട്ട റാബ്ഡോ വൈറസുകളാണ് രോഗമുണ്ടാക്കുന്നത്. പേബാധിച്ച മൃഗങ്ങളുടെ കടിയേല്‍ക്കുന്നതുവഴിയാണ് രോഗം പകരുന്നത്. വൈറസുകള്‍ നാഡിതന്തുക്കളില്‍ വളര്‍ന്നുപെരുകി തലച്ചോറിലെത്തും വായില്‍ നിന്നും ഉമിനീര്‍ ഒഴുകല്‍, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, തീറ്റ തിന്നാതിരിക്കല്‍, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെയുള്ള കരച്ചില്‍, തളര്‍ച്ച എന്നിവയാണ് പൊതുവായ രോഗലക്ഷണങ്ങള്‍.

രോഗനിയന്ത്രണത്തിനായി പൂച്ചകളെയും വളര്‍ത്തു നായ്ക്കളെയും പേവിഷബാധയ്ക്കെതിരായി കുത്തിവെയ്പ്പിക്കണം. ആദ്യകുത്തിവെയ്പ്പ് 9 ാമത്തെ ആഴചയിലും ബുസ്റ്റര്‍ഡോസ് 13ാമത്തെ ആഴ്ചയിലും നടത്താം. ഒരു വര്‍ഷത്തിനുശേഷം തുടര്‍കുത്തിവെയ്പ്പ് നടത്തണം.

എരുമകളെ പേബാധിച്ച മൃഗങ്ങളുടെ കടിയേല്‍ക്കാത്ത രീതിയില്‍ തൊഴുത്തില്‍ പാര്‍പ്പിക്കണം. കടിയേറ്റാല്‍ മുറിവ് സോപ്പും വെളളവും ഉപയോഗിച്ച് കഴുകി അണുനാശിനി ലായനി പുരട്ടണം. ഉടന്‍ തന്നെ ആന്‍റീറാബിസ് കുത്തിവെയ്പ്പുകള്‍ എടുപ്പിക്കണം. എരുമകള്‍ക്ക് ആക്രമണസ്വഭാവമുള്ളതിനാല്‍ പേ ബാധിച്ച മൃഗങ്ങളുടെ കടിയേല്‍ക്കാനുള്ള സാധ്യത കുറവാണ്.

എരുമ വസൂരി (Buffalo Pox)



ഓര്‍ത്തപോക്സ് കുടുംബത്തിലെ ബഫല്ലോ പോക്്സ് വൈറസുകളാണ് രോഗമുണ്ടാക്കുന്നത്. രോഗം എല്ലാ ഏഷ്യന്‍ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പനി, തീറ്റക്ക് രുചിക്കുറവ്, ക്ഷീണം, കണ്ണ് ചുവന്ന് വരിക എന്നീ രോഗലക്ഷണങ്ങള്‍ തുടക്കത്തില്‍ കാണാറുണ്ട്. അകിട്, മുലക്കാമ്പുകള്‍, കാലിന്‍റെ ഉള്‍വശം എന്നിവിടങ്ങളില്‍ ചെറിയ കുമിളകള്‍ കാണാം. ഇവ പിന്നീട് പൊട്ടി വ്രണങ്ങളാകും. ചിലപ്പോള്‍ പാര്‍ശ്വ അണുബാധ മൂലം അകിടുവീക്കം ഉണ്ടാകാറുണ്ട്. കന്നുകുട്ടികള്‍ പാല്‍ കുടിക്കുന്നതു മൂലം മോണകളില്‍ അണുബാധയുണ്ടാകാറുണ്ട്.

കറവ സമയത്ത് പൂര്‍ണ്ണ ശുചിത്വം പാലിക്കുന്നതും തൊഴുത്തും പരിസരവും ദിവസേന വൃത്തിയാക്കുന്നതും രോഗനിയന്ത്രണത്തിനുപകരിക്കും. പാര്‍ശ്വ അണുബാധ തടയാനുള്ള മര്‍ഗങ്ങള്‍ സ്വീകരിക്കണം.

ആന്ത്രാക്സ് (Anthrax)



മൃഗങ്ങളെയും മനുഷ്യരെയും ബാധിക്കുന്ന ജന്തുജന്യരോഗം. ബാസിലസ് ആന്ത്രാസിസ് എന്ന അണുജീവികളാണ് രോഗത്തിന് കാരണം. ഇവ അന്തരീക്ഷത്തില്‍ വിഘടിച്ച് സ്പോറുകളായിത്തീരും. കട്ടിയുള്ള പുറം കവചത്തിനുള്ളിലായതിനാല്‍ 15--20 വര്‍ഷങ്ങളോളം മണ്ണില്‍ ജീവിക്കാന്‍ കെല്‍പ്പുണ്ട്. സ്പോറുകള്‍ പ്രത്യേക വിഷാംശം ഉല്‍പ്പാദിപ്പിക്കും. സ്പോറുകള്‍ മൃഗങ്ങളുടെയോ മനുഷ്യരുടെയോ ശരീരത്തിനകത്ത് കടന്ന് പുറംകവചം മാറ്റി അണുജീവികളായി രോഗലക്ഷണം ഉളവാക്കുന്നു. അന്തരീക്ഷോഷ്മാവില്‍ സ്പോറുലേഷന്‍ നടക്കുന്നതിനാല്‍ രോഗം മൂലം ചത്ത മൃഗങ്ങളെ പോസ്റ്റ്മോര്‍ട്ടം നടത്തരുത്.

പശുക്കളെ അപേക്ഷിച്ച് എരുമകള്‍ക്ക് രോഗസദ്ധ്യത കൂടുതലാണ്. രോഗംമൂലം എരുമകള്‍ പെട്ടെന്നു ചത്തുപോകുന്നു. നാസാരന്ധ്രങ്ങളില്‍ നിന്നും ശരീരത്തിലെ മറ്റു സുഷിരങ്ങളില്‍ നിന്നും രക്തം ഊറിവരും. തീവ്രഅണുബാധയുള്ളപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ എരുമകള്‍ പെട്ടെന്ന് ചാകുന്നു. ഗര്‍ഭമലസല്‍, വയറിളക്കം, നീര്‍ക്കെട്ട്, ശ്വാസതടസം, തളര്‍ച്ച എന്നീ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്.

അസ്ക്കോളജി ടെസ്റ്റ്, രക്തസാന്പിളുകളുടെ പരിശോധന എന്നിവയിലൂടെ രോഗത്തെ തിരിച്ചറിയാം. രോഗനിയന്ത്രണത്തിനായി ആന്ത്രാക്സ് സ്പോര്‍ വാക്സിന്‍ (Anthrax spore vaccine) ഇന്ന് നിലവിലുണ്ട്. എരുമകളെ വര്‍ഷം തോറും ആന്ത്രാക്സ് രോഗത്തിനെതിരായി കുത്തിവെയ്പ്പിക്കണം. രോഗം മൂലം ചത്തമൃഗങ്ങളെ ആഴത്തില്‍ കുഴിച്ചുമൂടി മുകളില്‍ 2-3 അടുക്കുകളായി കുമ്മായം വിതറണം.

കുരലടപ്പന്‍ (Haemorhagic septicaemia)



എരുമകളില്‍ പശുക്കളെ അപേക്ഷിച്ച് രോഗബാധക്കുളള സാധ്യത 3 ഇരട്ടിയാണ്. പാസ്ചറില്ല അണുജീവികള്‍ മണ്ണില്‍ വളരെക്കാലം ജീവിക്കാന്‍ കെല്‍പ്പുള്ളവയാണ്. മഴക്കാലത്തിന്‍റെ ആരംഭത്തില്‍ തഴച്ചുവളരുന്ന ചെറുപോറലുകളില്‍ കൂടി രോഗാണുക്കള്‍ അകത്ത് കടക്കും. പനി, കീഴ്ത്താടിക്ക് ചുറ്റും നീര്, വയറിളക്കം, ശ്വാസതടസ്സം എന്നിവ പൊതുവായ രോഗലക്ഷണങ്ങളാണ്.

കുരലടപ്പനെതിരായി ഒട ആൃീവേ ഛശഹ മറഷൗ്മി േവക്സിനുകള്‍ ഇന്ന് ലഭ്യമാണ്. എരുമകളെ വര്‍ഷം തോറും ഇതിനെതിരെ കുത്തിവയ്പ്പിക്കേണ്ടതാണ്.

ബ്രൂസല്ലോസിസ് (Brucellosis)



വന്ധ്യത, ഗര്‍ഭമലസല്‍ എന്നിവയ്ക്കിടവരുത്തുന്ന ബ്രൂസല്ലോസിസ് മനുഷ്യരിലും രോഗമുണ്ടാക്കും. ഇവ ഗര്‍ഭാശയം, വൃഷണങ്ങള്‍, ലിംഫ് ഗ്രന്ഥികള്‍, സന്ധികള്‍ എന്നിവിടങ്ങളില്‍ വസിക്കുന്നവയാണ്. എരുമകളില്‍ 6 മാസത്തിനു ശേഷമാണ് ഗര്‍ഭമലസല്‍ കണ്ടുവരുന്നത്. മറുപിള്ള വീഴാന്‍ ബുദ്ധിമുട്ട്, ഗര്‍ഭാശയത്തില്‍ പഴുപ്പ് എന്നീ രോഗലക്ഷണങ്ങളും കണ്ടുവരുന്നു.

രോഗം ബാധിച്ചഎരുമകളുടെ പാലില്‍ കൂടി രോഗാണുക്കള്‍ പുറത്തേക്ക് പ്രവഹിക്കുന്നതിനാല്‍ പാലിലൂടെ മനുഷ്യരിലേക്ക് രോഗബാധയ്ക്ക് സാധ്യതയുണ്ട്. രോഗം ബാധിച്ച മൃഗങ്ങളെ കൊന്നുകളയുകയാണ് ഫലപ്രദമായ നിയന്ത്രണ മാര്‍ഗം. കന്നുകുട്ടികളില്‍ 4--8 മാസം പ്രായത്തില്‍ ബ്രൂസല്ല സ്ട്രെയിന്‍ 19 വാക്സിന്‍ ഉപയോഗിക്കാം.

രോഗബാധ ഉണ്ടെന്ന് സംശയിക്കുന്ന എരുമകളുടെ ഗര്‍ഭാശയസ്രവങ്ങള്‍, മറുപിള്ള, ഗര്‍ഭമലസിയ അവശിഷ്ടങ്ങള്‍ എന്നിവ ശ്രദ്ധയോടെ മറവുചെയ്യണം. അണുനാശക ലായനി തളിക്കുകയും വേണം.

ക്ഷയം (Tuberculosis)



പ്രധാനപ്പെട്ട ജന്തുജന്യരോഗമാണിത്. ഇടയ്ക്കിടെ പനി, തീറ്റയ്ക്ക് രുചിക്കുറവ്, ചുമ, ശരീരം ക്ഷയിക്കുക എന്നിവ പൊതുവായ രോഗ ലക്ഷണങ്ങളാണ്. ചൂട്, അണുനാശിനികള്‍ എന്നിവയെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ളവയാണ് അണുജീവികള്‍. ഇവ നേരിട്ടോ, വായുവിലൂടെയോ എരുമകളിലെത്തും. രോഗം ബാധിച്ച എരുമയുടെ പാല്‍, സ്രവങ്ങള്‍, ചാണകം, മൂത്രം, കഫം എന്നിവയിലൂടെ രോഗാണുക്കള്‍ പുറത്തുവരും. പാസ്ചറൈസേഷന്‍ പ്രക്രിയയിലൂടെ പാലിലെ രോഗണുക്കളെ നശിപ്പിക്കാം

സിംഗിള്‍ ഇന്‍ട്രാഡെര്‍മല്‍ ടെസ്റ്റ് (Single intradermal test), ഷോര്‍ട്ട് തെര്‍മല്‍ ടെസ്റ്റ് (Short thermal test), സ്റ്റോര്‍മോണ്ട് ടെസ്റ്റ് (Storemont test), എന്നിവ രോഗം തിരിച്ചറിയാനായി ഉപയോഗിച്ചുവരുന്നു.

ലിസ്റ്റീരിയോസിസ് (Listeriosis)



എന്‍സഫലൈറ്റിസ്, ഗര്‍ഭമലസല്‍, പനി, അകിടുവീക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. പ്രായകൂടുതലുള്ള എരുമകളിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്. കന്നുകുട്ടികളില്‍ 3-4 ദിവസത്തിനകം മരണം സംഭവിക്കും. നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാല്‍ എരുമകള്‍ വട്ടംചുറ്റിനടക്കും. പഴകിയ സൈലേജ് നല്‍കുന്നത് രോഗബാധക്കിടവരുത്തും. വാക്സിന്‍ വേണ്ടത്ര ഫലപ്രദമല്ല.

കന്നുകുട്ടികളിലെ വയറിളക്കം



രക്തം കലര്‍ന്നോ, അല്ലാതെയോ ഉള്ള വയറിളക്കം, ക്ഷീണം, നിര്‍ജലീകരണം, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, ന്യുമോണിയ എന്നിവ രോഗലക്ഷണങ്ങളാണ്. തീറ്റയില്‍ മാറ്റം വരുത്തുന്നതും ഇലക്ട്രോലൈറ്റുകള്‍, ആന്‍റിബയോട്ടിക്കുകള്‍ എന്നിവ നല്‍കുന്നതും കന്നുകുട്ടികളെ തൊഴിത്തില്‍ ശുചിത്വചുറ്റുപാടില്‍ സംരക്ഷിക്കുന്നതും രോഗനിയന്ത്രണത്തിന് അത്യാവശ്യമാണ്.

മുടന്തന്‍ പനി (Ephemeral fever)



വൈറസുകളുണ്ടാക്കുന്ന ഈ രോഗം സാന്‍ഡ് ഫ്ളൈ ഇനം ഈച്ചകളാണ് പരത്തുന്നത്. പനി, തീറ്റ തിന്നാതിരിക്കല്‍, വിറയല്‍, പാലുല്‍പ്പാദനം കുറയല്‍ എന്നിവ പ്രാരംഭ രോഗലക്ഷണങ്ങളാണ്. വൈറസ് കൈകാലുകളിലെ മാംസപേശികളെ ബാധിക്കുന്നതിനാല്‍ കൈകാലുകളില്‍ മാറിമാറി മുടന്ത് കാണപ്പെടും. എരുമകളിലും കിടാക്കളിലുമാണ് കൂടുതലായും രോഗം കണ്ടുവരുന്നത്. രോഗലക്ഷണങ്ങള്‍ മൂന്ന് ദിവസത്തോളം നീണ്ടുനില്‍ക്കും. തൊഴുത്തില്‍ നിന്ന് ഈച്ചകളെയും കൊതുകുകളെയും നിയന്ത്രിക്കുകയാണ് മുഖ്യ നിവാരണമാര്‍ഗം.

വിരബാധ



എരുമകള്‍ക്ക് മേച്ചില്‍ പ്രവണത കൂടുതലായതിനാല്‍ പശുക്കളെ അപേക്ഷിച്ച് വിരബാധയ്ക്കുള്ള സാധ്യത അധികമാണ്.

അസ്താരിയാസിസ്, ഫൈലേറിയസിസ്, ആംഫിസ്റ്റോമോസിസ്, ഫാഷിയോളാസിസ് മുതലായവ എരുമകളില്‍ സാധാരണയായി കാണുന്നുണ്ട്. അസ്താരിയാസിസ് എരുമക്കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. വളര്‍ച്ച മുരടിക്കല്‍, വയറിളക്കം, മലബന്ധം തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണ്. രോഗംമൂലം കന്നുകുട്ടികളില്‍ മരണനിരക്ക് കൂടുതലാണ്. പൈപ്പറാസിന്‍ അടങ്ങിയ വിരമരുന്നുകള്‍ ഇവക്കെതിരായി ഉപയോഗിക്കാം. എരുമക്കുട്ടികള്‍ക്ക് ജനിച്ച് 3, 7, 21 ദിവസങ്ങളില്‍ വിരമരുന്ന് നല്‍കണം. 6 മാസം വരെ തുടര്‍ച്ചയായി മാസത്തിലൊരിക്കല്‍ വീതവും, തുടര്‍ന്ന് ചാണക സാന്പിളുകള്‍ പരിശോധിച്ച് 2 മാസത്തിലൊരിക്കലും ബ്രോഡ്സ്പെക്ട്രം വിരമരുന്നുകള്‍ നല്‍കാം. ആംഫിസ്റ്റോമോസിസ്, ഫാഷിയോളാസിസ് എന്നിവയ്ക്കായി ഓക്സി ക്ലോയാനൈഡ് (ഛഃ്യരഹീ്യമിശറല) നല്‍കാം. ഒച്ചുകളെ വശിപ്പിക്കാനായി തുരിശുലായനി ഉപയോഗിക്കാം.

പൂപ്പല്‍ വിഷബാധ (Aflatoxicosis)



പൂപ്പല്‍ ബാധിച്ച തീറ്റ, വയ്ക്കോല്‍, പിണ്ണാക്കുകള്‍ എന്നിവയില്‍ വളരുന്ന അസ്പര്‍ജില്ലസ് (അുെലൃഴശഹഹൗ)െ പൂപ്പലുണ്ടാക്കുന്ന അഫ്ളാടോക്സിന്‍ എന്ന വിഷാംശമാണ് പൂപ്പല്‍ വിഷബാധയ്ക്ക് കാരണം. ഇവ കരളിനെയാണ് ബാധിക്കുന്നത്. തീറ്റക്ക് രുചിക്കുറവ്, ശരീരം ക്ഷയിക്കുക, വയറിളക്കം, ബോധക്ഷയം, പാലുല്‍പ്പാദനത്തില്‍ കുറവ് എന്നിവയാണ് രോഗലക്ഷണങ്ങള്‍.

നിയന്ത്രണ മാര്‍ഗങ്ങള്‍



പൂപ്പല്‍ ബാധിച്ചതോ, പഴകിയതോ, പൂപ്പലുണ്ടെന്ന് സംശയം തോന്നുന്നതോ ആയ തീറ്റ എരുമകള്‍ക്ക് നല്‍കരുത്.
തീറ്റ 6-8 മണിക്കൂര്‍ നേരം വെയിലത്ത് ഉണക്കി നല്‍കണം.
തീറ്റച്ചാക്ക് തണുത്ത കാറ്റടിക്കാത്ത മുറിയില്‍ നിലത്ത് പലക വെച്ച് ഭിത്തിയോട് സ്പര്‍ശിക്കാതെ വെയ്ക്കണം.
നനഞ്ഞ പാത്രമുപയോഗിച്ച് തീറ്റയെടുക്കരുത്.
തണുപ്പുകാലത്ത് നിലക്കടലപ്പിണ്ണാക്ക് ഒഴിവാക്കണം.

ഉപാപചയ രോഗങ്ങള്‍



എരുമകളില്‍ പ്രസവാനന്തരം ക്ഷീരസന്നി, കീറ്റോസിസ്, ഹൈപ്പോമാഗ്നി സീമിയ, സൂക്ഷ്മമൂലകങ്ങളായ ചെന്പ്, സിങ്ക് എന്നിവയുടെ ന്യൂനത മൂലമുള്ള രോഗങ്ങള്‍, ലെഡ്, സയനൈഡ്, നൈട്രേറ്റ് വിഷബാധ എന്നിവ കാണപ്പെടാറുണ്ട്. രണ്ടില്‍ കൂടുതല്‍ തവണ പ്രസവിച്ച എരുമകളില്‍ ക്ഷീരസന്നി (milk fever) കാണപ്പെടാറുണ്ട്. കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഉ എന്നിവയുടെ ന്യൂനത രോഗത്തിനിടവരുത്തും.

അന്നജത്തിന്‍റെ ഉപാപചയ തകരാറുകള്‍ കീറ്റോസിസിനിടവരുത്തും. പാല്‍ ഉല്‍പ്പാദനത്തില്‍ കുറവ്, ശരീരം ക്ഷയിക്കല്‍ എന്നീ രോഗലക്ഷണങ്ങളും ഭ്രാന്തിളകിയമാതിരിയുള്ള ലക്ഷണങ്ങള്‍, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കാറുണ്ട്. രോഗനിയന്ത്രണത്തിനായി ഡെക്ട്രോസ് (Dextrose) കുത്തിവയ്പ്പുകള്‍ നല്‍കേണ്ടിവരും.

ഉപാപചയ രോഗനിയന്ത്രണത്തിനായി പോഷകമൂല്യമേറിയ തീറ്റ, വിറ്റാമിന്‍, ധാതുലവണങ്ങള്‍, ആവശ്യത്തിന് വ്യായാമം എന്നിവ നല്‍കേണ്ടതാണ്. പച്ചപ്പുല്ല് തീറ്റയില്‍ ഉള്‍പ്പെടുത്തണം. റബ്ബറില, കപ്പയില എന്നിവ തിന്നുന്നത് സയനൈഡ് വിഷബാധക്കിടവരുത്തും. ഹൈപ്പോ ഇതിന് ഫലപ്രദമാണ്. ലെഡ് വിഷബാധ എരുമകളില്‍ മരണത്തിനിടവരുത്താറുണ്ട്. ബോധക്ഷയം, കാഴ്ചക്കുറവ് എന്നിവ പ്രധാന രോഗലക്ഷണങ്ങളാണ്.

പ്രസവസംബന്ധമായ രോഗങ്ങള്‍



ചെനയുള്ള എരുമകളില്‍ ഗര്‍ഭാശയം പ്രസവത്തിന് മുന്പോ, പ്രസവിച്ച് 4-8 മണിക്കൂര്‍റിനകമോ തള്ളി വെളിയിലേക്ക് വരാറുണ്ട്. ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ഗര്‍ഭസ്ഥ കന്നുകുട്ടിയുടെ ചലനം, ഗര്‍ഭാശയ പേശികളുടെയും ലിഗമെന്‍റുകളുടെയും ശേഷിക്കുറവ്, അണുബാധ മുതലായവ ഇവയ്ക്കിട വരുത്തും. ഗര്‍ഭാശയം വെളിയിലേക്ക് വരുന്പോള്‍ ചിലപ്പോള്‍ മൂത്രസഞ്ചിയും തള്ളി വരാറുണ്ട്. പുറത്തുവന്നഭാഗം പൊട്ടസ്യം പെര്‍മാംഗനേറ്റ് ലായനികൊണ്ട് കഴുകി എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ശ്രമിക്കണം.

പ്രസവലക്ഷണങ്ങള്‍ കണ്ടിട്ടും പ്രസവിക്കാതിരുന്നാല്‍ വിഷമപ്രസവ മാണെന്ന് അനുമാനിക്കാം. ഗര്‍ഭാശയത്തിന്‍റെ വികാസക്കുറവ്, കന്നുകുട്ടിയുടെ കിടപ്പിലുണ്ടാകുന്ന വ്യതിയാനം, ഗര്‍ഭാശയ പേശികളുടെ സങ്കോചക്കുറവ്, പോഷകന്യൂനത എന്നിവ ഇവയ്ക്കിടവരുത്തും. ഉടന്‍തന്നെ വെറ്ററിനറി ഡൊക്ടറുടെ സവനം തേടണം.

അകിടുവീക്കം (Mastitis)



കറവമാടുകളില്‍ പാലുല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന രോഗമാണ് അകിടുവീക്കം. വിവിധയിനത്തില്‍പ്പെട്ട അണുജീവികളാണ് രോഗമുണ്ടാ ക്കുന്നത്. കൂടാതെ ഫംഗസുകള്‍, വൈറസുകള്‍ എന്നിവ രോഗത്തിനിട വരുത്തും. മുലക്കാന്പിലൂടെ രോഗാണുക്കള്‍ അകത്ത് കടന്ന് രോഗലക്ഷണമുളവാക്കും. ഇന്ത്യയില്‍ എരുമയില്‍ ഒരു കറവയില്‍ 405 രൂപയുടെ നഷ്ടം അകിടുവീക്കം മൂലം ഉണ്ടാകുന്നതായി കണക്കാക്കിയിട്ടുണ്ട്.

വൃത്തിഹീനമായ ചുറ്റുപാട്, അകിടിലുണ്ടാകുന്ന മുറിവുകള്‍, വ്രണങ്ങള്‍, ക്ഷതങ്ങള്‍, അശാസ്ത്രീയകറവരീതികള്‍, ശുചിത്വബോധമില്ലാത്ത കറവക്കാരന്‍, കുറഞ്ഞ രോഗപ്രതിരോധശേഷി എന്നിവ അകിടുവീക്കം വരുത്താനുതകുന്ന ഘടകങ്ങളാണ്. അശാസ്ത്രീയ രീതിയില്‍ പാര്‍ക്കുന്ന എരുമകളിലാണ് രോഗലക്ഷണങ്ങള്‍ കൂടുതലായും കണ്ടുവരുന്നത്. രോഗലക്ഷണങ്ങളെ തീവ്രം, മന്ദം, സബ്ക്ലിനിക്കല്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. സബ്ക്ലിനിക്കല്‍ അകിടുവീക്കത്തില്‍ പാലിന്‍റെ അളവ് ക്രമമായി കുറയും. പാലിന് ഉപ്പുരസവുമുണ്ടാകും.

തീവ്ര ഗതിയിലുള്ള (Acute) അകിടുവീക്കത്തില്‍ അകിടില്‍ നീര്‍ക്കെട്ട്, തൊട്ടാല്‍ വേദന, നടക്കാന്‍ ബുദ്ധിമുട്ട്, തീറ്റയ്ക്ക് രുചിക്കുറവ്, പനി, പാലിന് നിറവ്യത്യാസം എന്നിവ കാണാം. പാല്‍, തൈര് പോലെയോ, ചാരനിറത്തിലോ കട്ടകളോടുകൂടിയോ കാണപ്പെടും. കോളിഫോം അകിടുവീക്കത്തില്‍ പനിയുണ്ടാകും. തീറ്റ തിന്നാതിരിക്കല്‍, നടക്കാന്‍ ബുദ്ധിമുട്ട്, വിറയല്‍, പാലിന് പകരം വയ്ക്കോല്‍ നിറത്തിലുള്ള ദ്രാവകം ഊറിവരുക, നീര്‍ക്കെട്ട്, കല്ലിപ്പ് മുതലായ രോഗലക്ഷണങ്ങള്‍ കാണപ്പെടും.

രോഗംമൂലം പാലുല്‍പ്പാദനശേഷി കുറയുന്നതിനാല്‍ രോഗാരംഭത്തില്‍ തന്നെ ചികിത്സ ആരംഭിക്കണം. രോഗത്തെ നിയന്ത്രിക്കാന്‍ ആന്‍റിബയോട്ടിക്ക് മരുന്നുകള്‍ നല്‍കേണ്ടിവരും. മുലക്കാന്പില്‍ ആന്‍റിബയോട്ടിക് മരുന്നുകള്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പുരട്ടുന്നത് ഉത്തമമാണ്.

രോഗനിയന്ത്രണം



തൊഴുത്തും പരിസരവും ദിവസേന അണുനാശക ലായനി തളിച്ച് വൃത്തിയാക്കണം. ഇതിനായി സോഡാക്കാരം, ബ്ലീച്ചിങ് പൗഡര്‍, കുമ്മായം എന്നിവയിലതെങ്കിലുമൊന്ന് ഉപയോഗിക്കാം.
വളക്കുഴി തൊഴുത്തിനടുത്തു തന്നെ വേണം.
തൊഴുത്ത് ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കത്തക്ക വിധത്തിലായിരിക്കണം.
തൊഴുത്തിന്‍റെ നിലം അധികം ചെരിവില്ലാതെ കോണ്‍ക്രീറ്റ് ചെയ്യണം. തൊഴുത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്ന കുഴികളുണ്ടാവരുത്.
കറവയ്ക്കുമുന്പ് അകിടും മുലക്കാമ്പുകളും നന്നായി കഴുകി തുടയ്ക്കണം.
കറവക്കാരന്‍ ശുചിത്വബോധമുള്ള ആളായിരിക്കണം. കൈയിലെ നഖങ്ങള്‍ മുറിച്ചു മാറ്റണം.
ശാസ്ത്രീയ കറവരീതികള്‍ അനുവര്‍ത്തിക്കണം. മുലക്കാമ്പുകള്‍ ഉള്ളംകൈയിലൊതുക്കി തള്ളവിരല്‍കൊണ്ട് പിഴിഞ്ഞു കറക്കാം. ഒരിക്കലും തള്ളവിരല്‍കൊണ്ട് മടക്കി പിഴിയരുത്.
വൃത്തിയുള്ള കറവപ്പാത്രങ്ങള്‍ ഉപയോഗിക്കണം.
കറവക്കുശേഷം മുലക്കാമ്പുകള്‍ നേര്‍പ്പിച്ച പോവിഡോണ്‍ അയഡിന്‍ ലായനിയില്‍ 5-10 സെക്കന്‍ഡ് നേരം മുക്കണം (ഒരു കപ്പ് വെള്ളത്തില്‍ 10 തുള്ളി വീതം). ഇത് ടീറ്റ് ഡിപ്പിങ് എന്ന പേരിലറിയപ്പെടുന്നു.
അടുത്ത പ്രസവത്തിന് മുന്പ് ക്രമമായി മാത്രമെ കറവ ഒഴിവാക്കാവൂ. ഒരിക്കലും പെട്ടെന്ന് ഒഴിവാക്കരുത്. ഇത് അകിടുവീക്കത്തി നിടവരുത്തും. ആദ്യം പാലുല്‍പ്പാദനത്തിന് നല്‍കുന്ന തീറ്റ ഒഴിവാക്കി കറവ തവണ ദീര്‍ഘിപ്പിച്ച് 2-3 ആഴ്ചകൊണ്ട് 71/2 മാസത്തില്‍ കറവ ഒഴിവാക്കണം. അവസാനത്തെ കറവയില്‍ മുഴുവന്‍ പാലും കറന്നെടുത്തശേഷം മുലക്കാമ്പുകളില്‍ 3 ആഴ്ച ഇടവിട്ട് ആന്‍റിബയോട്ടിക്ക് മരുന്നുകള്‍ കയറ്റി തടയുന്നത് അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് വറ്റുകാല ചികിത്സ (Dry con therapy) എന്ന പേരിലറിയപ്പെടുന്നു.
പാല്‍ കറക്കുന്പോള്‍ അസ്വസ്ഥത കാണിക്കുന്ന എരുമകളില്‍ മുലക്കാന്പില്‍ മുറിവുകളോ ക്ഷതങ്ങളോ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മാമിലൈറ്റിസ് (Ulcerative/Allergic mammilitis)



എരുമകളില്‍ ആദ്യത്തെ പ്രസവത്തിനുശേഷമുണ്ടാകുന്ന രോഗമാണിത്. ഒന്നോ അതിലധികമോ മുലക്കാമ്പുകള്‍ ചുവന്ന് തടിച്ചിരിക്കും. തൊട്ടാല്‍ വേദന കാണിക്കും. പ്രസവാനന്തരം മുലക്കാന്പ് പിടിക്കുന്പോള്‍ എരുമകള്‍ക്ക് ഇക്കിളി ഉണ്ടാകാറുണ്ട്. ഈ സമയത്ത് എരുമ അസ്വസ്ഥത കാണിക്കും. തുടര്‍ന്നുണ്ടാകുന്ന ക്ഷതങ്ങളാണ് ഇതിന് വഴിയൊരുക്കത്. പാലിന് നിററ്വ്യത്യാസമോ, രുചിക്കുറവോ കാണപ്പെടാറില്ല. മുലക്കാന്പിലെ നീര്‍ക്കെട്ടും കല്ലിപ്പും മൂലം അകിടുവീക്കം വരാനും സാധ്യതയുണ്ട്. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ മുലക്കാന്പ് ചുരുങ്ങി പാലുല്‍പ്പാദനം കുറയാനുള്ള സാധ്യതയുണ്ട്. പാര്‍ശ്വ അണുബാധ നിയന്ത്രിക്കാന്‍ ആന്‍റിബയോട്ടിക്ക് മരുന്നുകള്‍ നല്‍കാവുന്നതാണ്.

എരുമരോഗങ്ങള്‍

കടപ്പാട് : കേരള കാർഷിക സർവകലാശാല

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate