ശിരസ്സില്‍ നീളമുളള തൂവല്‍ക്കിരീടം ചൂടിയ കോക്ടെയിലിന് ഒരു രാജകുമാരന്റെ എടുപ്പാണ്. കാഴ്ചക്കാരെ രസിപ്പിക്കുന്ന ചേഷ്ടകളും ഓമനത്തം നിറഞ്ഞ ഭാവങ്ങളുമൊക്കെയാണ് കോക്ടെയിലിനെ വളര്‍ത്തു പക്ഷികള്‍ക്കിടയിലെ താരമാക്കുന്നത്. വളരെ ശാന്ത സ്വാഭാവികളായ ഈ പക്ഷികള്‍ എല്ലാവരോടും പെട്ടന്നിണങ്ങുന്നവരുമാണ്. ആണ്‍പക്ഷികള്‍ ചൂളമടിക്കാരെന്ന നിലയില്‍ പ്രശസ്തരാണ്. പ്രിയപ്പെട്ടവരെ കണ്ടാല്‍ ഇവ നീട്ടി ചൂളമടിച്ച് തുടങ്ങും. കൂടുതല്‍ സംസാരപ്രിയരും ആണ്‍പക്ഷികള്‍ തന്നെ. അത്യാവശ്യം വാക്ചാതുരിയൊക്കെ പ്രകടമാക്കുകയും ചെയ്യുന്നവരാണ് ആണുങ്ങള്. എങ്കിലും പൊതുവെ പതിയെ ചിലച്ചു ശബ്ദമുണ്ടാക്കുന്നതാണ് ഇവയുടെ സ്വഭാവം. അതു കൊണ്ടു തന്ന ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് അനുയോജ്യമായ വളര്‍ത്തു പക്ഷിയായിരിക്കും കോക്ടെയ്ലുകള്‍.
ഇരു കണ്ണുകളുടേയും വശങ്ങളിലുളള ഓറഞ്ച് പുളളികളാണ് കോക്ടെയ്ലുകളെ ശ്രദ്ധേയരാക്കുന്നത്. വെളള, ചാരനിറം, മഞ്ഞ തുടങ്ങിയ വിവിധ നിറങ്ങളിലുളള കോക്ടെയ്ലുകളുണ്ട്. 10 മുതല്‍ 14 വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്. പ്രായപൂര്‍ത്തിയായ ഒരു പക്ഷിക്ക് 90 ഗ്രാം ഭാരവും, 30- 33 സെന്റീ മീറ്റര്‍ നീളവും ഉണ്ടായിരിക്കും.
ഓസ്ട്രേലിയയാണ് കോക്ടെയിലിന്റെ ജന്മദേശം. എപ്പോഴും എന്തെങ്കിലും കടിച്ചു കൊണ്ടിരിക്കണമെന്ന നിര്‍ബന്ധമുളളതു കൊണ്ട്, പെട്ടന്ന് പൊട്ടിപ്പോകാത്ത പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളോ കട്ടിയുളള കടലാസ് കഷ്ണങ്ങളോ ഇവയ്ക്കു നല്‍കാം. എന്തു കിട്ടിയാലും കടിക്കുമെന്നുളളതു കൊണ്ട് സൂക്ഷിക്കണം. ഇലക്ട്രിക് ഉപകരണങ്ങളോ സിങ്ക്, ലെഡ്, തുരുമ്പ് എന്നിവയുളള ലോഹങ്ങളോ ഒക്കെ ചവയ്ക്കാനിടയായാല്‍ അത് ഇവയുടെ ജീവന് നഷ്ടമാകുന്നതിനിടയാക്കും.
ഇടയ്ക്കിടെ കൂട്ടില്‍ നിന്നും പുറത്തേക്കു പറന്ന് നിലത്തേക്കും മറ്റും വന്നിരിക്കാനുളള പ്രവണത ഈ പക്ഷികള്‍ക്കുണ്ട്. എന്നാല്‍ വീട്ടില്‍ നായയോ പൂച്ചയോ തുടങ്ങിയ മറ്റ് വളര്‍ത്തു മൃഗങ്ങളുണ്ടെങ്കില്‍ പ്രത്യേകം കരുതല്‍ വേണം. പെണ്‍പക്ഷി എപ്പോഴും പെട്ടന്നാരുടേയും ശ്രദ്ധയില്‍ പെടാത്ത ഇടമായിരിക്കും കൂടുകൂട്ടാനായി തെരഞ്ഞെടുക്കുക. പ്രത്യേകിച്ചും ആണ് പക്ഷിയുടെ സാന്നിദ്ധ്യമുളളത് അവ തീരെ ഇഷ്ടപ്പെടുകയില്ല. അതിനുളള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ ശ്രദ്ധ വേണം.
ഡസ്റ്റി ബേഡ്
കോക്ടെയ്ലുകള്‍ ഡസ്റ്റി ബേഡ്സ് എന്നാണറിയപ്പെടുന്നത്. കാരണം, ഇവയുടെ ശരീരത്തില്‍ നിന്ന് ഒരു തരം വെളുത്ത പൊടി പുറന്തളളുന്നുണ്ട്. മറ്റുളള പക്ഷികളും ഇങ്ങനെ ചെയ്യാറുണ്ടെങ്കിലും കോക്ടെയ്ലുകളുടെ ശരീരത്തില്‍ നിന്നാണ് കൂടുതലുണ്ടാകുന്നത്. അവ വന്നിരിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലും ഇത് പറ്റിപ്പിടിക്കും. ആസ്ത്മ പോലെയുളള രോഗങ്ങളുളളവര്‍ക്ക് ഇത് അലര്‍ജിയുണ്ടാക്കും. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒരിക്കലും കോക്ടെയ്ലിനെ വാങ്ങരുത്. ഏതിനം പക്ഷിയെ വാങ്ങുന്നതിനു മുമ്പും ഡോക്ടറുടെ ഉപദേശം തേടുക.
കൂടൊരുക്കുമ്പോള്‍
കളിപ്പാട്ടങ്ങളും ഭക്ഷണപ്പാത്രങ്ങളുമൊക്കെ വയ്ക്കേണ്ടതിനാല്‍ സാമാന്യം വലിയ കൂട് തന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക. വലിയ വാതിലുകളാണ് നല്ലത്. കാരണം ഇടയ്ക്കിടെ പുറത്തേക്കു പോകാനും വരാനും ചെറിയ വാതിലുകള്‍ ബുദ്ധിമുട്ടുണ്ടാക്കും. ഉച്ചത്തിലുളള ശബ്ദവും മറ്റും കേട്ടാല്‍ കോക്ടെയ്ലുകള്‍ ഭയചകിതരാകും. എവിടെയെങ്കിലും ഒളിക്കാന്‍ ശ്രമിക്കും. അതുകൊണ്ട് കൂടിനുളളില്‍ ഒളിയിടമൊരുക്കാന് മറക്കേണ്ട.
ഫ്രഷ് പച്ചക്കറികളും ധാന്യങ്ങളുമൊക്കെ കോക്ടെയിനു പ്രിയമാണ്. കൂടാതെ പഴങ്ങള്‍, വിത്തിനങ്ങള്‍, ചെറുപ്രാണികള്‍ ഇവയൊക്കെ ചേര്‍ന്ന ഒരു മെനു നിങ്ങളുടെ കോക്ടെയിലിന് തയ്യാറാക്കിയാല്‍ അവ 20 വര്ഷത്തിനുമേല് ജീവിക്കും. അത് സമയം പോഷകം കുറഞ്ഞ ആഹാരം, യഥാസമയത്ത് അവയുടെ കൂടു വൃത്തിയാക്കാതിരിക്കല്‍, ആരോഗ്യകാര്യങ്ങളില്‍ മതിയായ ശ്രദ്ധ നല്കാതിരിക്കല് ഇതെല്ലാം കോക്ടെയ്ലുകളുടെ ആയുസ്സ് അഞ്ചു വര്‍ഷമായി ചുരുക്കും എന്നറിയുക. ചിലപ്പോഴത് ഒരു വര്‍ഷമാകാനും സാധ്യതയുണ്ട്.
വര്‍ഷം തോറും മൃഗഡോക്ടറുടെ അടുത്തു കൊണ്ടു പോയി ചെക്കപ്പു നടത്താനും രക്തപരിശോധന നടത്താനും മറക്കരുത്.
ചിറകുകളില്‍ ഏഴു നിറങ്ങള്‍ ചേരുന്ന വര്‍ണ്ണഭംഗി കൊണ്ട് ‘ചിറകുളള മഴവില്ല്’ എന്നറിയപ്പെടുന്ന പക്ഷിയാണ് മക്കൗ (Macaw) അഥവാ പഞ്ചവര്‍ണ്ണക്കിളി. അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലാണ് തത്ത കുടുംബത്തില്‍ പെട്ട ഇവയെ കാണപ്പെടുന്നത്. തല മുതല്‍ വാലുവരെ 3 അടി നീളമുളള മക്കൗവാണ് തത്തകുടുംബത്തില് വച്ച് ഏറ്റവും നീളം കൂടിയ ഇനം. ചിറകുകള് തമ്മിലുളള നീളം 2.5 അടിയാണ്.
50 വര്‍ഷം ശരാശരി ആയുസ് ദൈര്‍ഘ്യമുള്ള ഇവയുടെ ബുദ്ധി സാമര്‍ത്ഥ്യം പേരുകേട്ടതാണ്. സംസാരിക്കാനും എന്തു തന്ത്രങ്ങളും വളരെ പെട്ടന്ന് പഠിച്ചെടുക്കാനും പ്രത്യേക കഴിവാണ് മക്കൗവിന്, ഒപ്പം മനം മയക്കുന്ന സൗന്ദര്യവും. ഇവയുടെ ഒച്ചയുണ്ടാക്കാനുളള കഴിവും എടുത്തു പറയേണ്ടതാണ്. ഇതൊക്കെ തന്നെയാണ് മക്കൗവിനെ വീട്ടിലെ ഓമനയാക്കുന്നത്. പക്ഷേ മക്കൗവുകള്‍ എണ്ണത്തില്‍ കുറവായതിനാല്‍ എല്ലാവരും ഇപ്പോള്‍ സങ്കരയിനം മക്കൗവുകളെയാണ് വളര്‍ത്തുന്നത്. സങ്കരയിനം മക്കൗവുകള്‍ മറ്റു മക്കൗവുകളില്‍ നിന്ന് നിറത്തിലും ജനിതക ഘടനയിലും മാത്രമാണ് വത്യാസം കാണിക്കുന്നത്.
വീട്ടിലേക്ക് കൊണ്ടു വരുമ്പോള്‍
ഇങ്ങനെയൊക്കെയാണെങ്കിലും മക്കൗവിനെ വീട്ടില്‍ വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങളൊക്കെ പ്രത്യേകം ശ്രദ്ധിക്കണം. ഏറെ ശ്രദ്ധിക്കേണ്ടത് ഇവയുടെ ചുണ്ടുകളെയാണ്. വളരെ ബലിഷ്ഠങ്ങളായ ചുണ്ടുകള്‍ കൊണ്ട് ഒരു കൊത്തു കിട്ടിയാലുളള കഥ പറയണോ? ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ ഒരു കൊത്തു മതി. അതു കൊണ്ട് ഒരു പരിധിയില്‍ കൂടുതലുളള അടുപ്പം വേണ്ടെന്നര്‍ത്ഥം. നിങ്ങള്‍ക്ക് പക്ഷികളെ വളര്‍ത്തി പരിചയമില്ലെങ്കില്‍ മക്കൗവിനെ ആദ്യം തന്നെ വാങ്ങാതിരിക്കുന്നതാണ് നല്ലത്. മറ്റു പക്ഷികളെ വളര്‍ത്തി പരിചയിച്ചാല്‍ മക്കൗവിനെ ‘കൈകാര്യം’ ചെയ്യുക എളുപ്പമാകും. വേറൊന്ന് ചുമലുകളിലിരുത്തി ഓമനിക്കാതിരിക്കുക എന്നതാണ്. ഇടയ്ക്ക് ആക്രമണകാരികളായേക്കാമെന്നുളളതു കൊണ്ട് ഇര ചിലപ്പോള്‍ നിങ്ങളായേക്കും.
മക്കൗവിനെ എപ്പോഴും ആക്ടീവാക്കാന്‍ ശ്രദ്ധിക്കണം. അതിനായി നൃത്തം ചെയ്യാനും സംസാരിക്കാനുമൊക്കെ പരിശീലനം നല്‍കുക. എപ്പോഴും എന്തെങ്കിലും കടിക്കാന്‍ വേണം ഇവയ്ക്ക്. ദിവസവും അല്പനേരം അവയോടൊപ്പം ചെലവഴിക്കുകയും വേണം. ഇത്രയുമൊക്കെ ശ്രദ്ധിച്ചാല്‍ മക്കൗ നിങ്ങളുടെ അടുത്ത ചങ്ങാതിയാകുമെന്നുറപ്പാണ്.
മഴവില്ലു വിരിഞ്ഞ പോലെ അഴകേഴും മേനിയിലണിഞ്ഞ മാന്‍ഡറിനെ കണ്ടാല്‍ കണ്ണിമയ്ക്കാതെ നിങ്ങള്‍ നോക്കി നില്‍ക്കുമെന്നുറപ്പാണ്. അത്രയ്ക്കുണ്ട് ഇവയുടെ രൂപഭംഗി. കിഴക്കനേഷ്യയിലാണ് മാന്ഡറിന് താറാവുകളെ കണ്ടു വരുന്നത്. എങ്കിലും നോര്‍ത്ത് അമേരിക്കന്‍ വുഡ് ഡക്കുമായി അടുത്ത ബന്ധമുണ്ട് മാന്ഡറിന്. തെക്ക്-കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ പ്രണയത്തിന്റേയും വിവാഹത്തിന്റേയും പ്രതീകമായാണ് ജനങ്ങള്‍ ഇവയെ കാണുന്നത്- വിശേഷിച്ചും ചൈന, ജപ്പാന്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളില്‍. വിവാഹ സമ്മാനമായും മാന്ഡറിന് ഇണകളെ കൊടുക്കാറുണ്ടിവിടെ!
മാന്‍ഡറിനുകള്‍ തന്റെ ഇണയോട് ഏറ്റവും വിശ്വസ്തതയുളളവരാണ്. ഇണയെ ജീവനു തുല്യം സ്നേഹിക്കുന്ന ഇവര്‍ക്ക് ഇണയുടെ മരണം സഹിക്കാനാവില്ല. പങ്കാളിയെ നഷ്ട്പ്പെട്ട മാന്ഡറിന് അധികം വൈകാതെ തന്നെ മരണത്തിനു കീഴടങ്ങും. ഇതുകൊണ്ടാണത്രേ ഇവയെ അനശ്വരപ്രണയത്തിന്റെ പ്രതീകമായി സങ്കല്‍പ്പിക്കുന്നത്. പൊതുവെ സൗമ്യ സ്വഭാവക്കാരായ ഇവര്‍ ശാന്തമായ അന്തരീക്ഷത്തില്‍ ജീവിക്കാനാണിഷ്ടപ്പെടുന്നത്.
ആണിനേയും പെണ്ണിനേയും തിരിച്ചറിയാന്‍ പ്രയാസമില്ല. ആണ്‍താറാവിന്റെ നെഞ്ചിന് പര്‍പ്പിള്‍ നിറമായിരിക്കും, ഒപ്പം രണ്ടു വെളുത്ത നീണ്ട വരകളുമുണ്ടാകും. പെണ്താറാവിനാകട്ടെ കണ്ണിനു ചുറ്റും വെളുത്ത വളയങ്ങളുണ്ട്. പ്രകൃതി ആണിനു തന്നെയാണ് സൗന്ദര്യം വാരിക്കോരി നല്‍കിയിരിക്കുന്നത്. ഏപ്രില്‍-മെയ് മാസങ്ങളിലാണ് മാന്ഡറിന് മുട്ടകളിടുക. ഒരു തവണ ഒന്‍പതു മുതല്‍ പന്ത്രണ്ട് മുട്ടകളിടും. 20 വര്‍ഷമാണ് ഇവയുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം.
മാന്‍ഡറിനെ വീട്ടിലേക്ക് കൂട്ടുമ്പോള്‍
നായയേയോ പൂച്ചയേയോ വളര്‍ത്തുന്നതുപോലെയല്ല, മാന്‍ഡറിനെ വാങ്ങുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഒന്നാമതായി അവയ്ക്കനുയോജ്യമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്നതാണ്. ഏറെ സമയവും തുറസ്സായ ചുറ്റുപാടില്‍ കഴിയാനാഗ്രഹിക്കുന്നവരാണ് ഇവര്‍. പല തരത്തിലുളള പ്രാണികളും കീടങ്ങളുമാണ് മാന്ഡറിനുകളുടെ ആഹാരം. അവയ്ക്ക് യഥേഷ്ടം ആഹാരം ലഭിക്കുന്നതിന് ചെറിയൊരു പൂന്തോട്ടം സജ്ജീകരിക്കാവുന്നതാണ്. ഇത് പ്രാണികളെ ആകര്‍ഷിക്കാന്‍ സഹായിക്കും.
ഏകാന്തത ഇഷ്ടപ്പെടാത്തവരാണ് മാന്‍ഡറിനുകള്‍.
അതുകൊണ്ട് അവയെ ഒരിക്കലും തനിച്ച് വളര്‍ത്തരുത്. ഇവ എപ്പോഴും ശ്രദ്ധിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ശ്രദ്ധിക്കുന്നില്ല എന്നു തോന്നിയാല്‍ നിങ്ങളുടെ കാല് പാദങ്ങളില്‍ കടിച്ച് ശ്രദ്ധയാകര്‍ഷിക്കാന്‍ വരെ മാന്‍ഡറിനുകള്‍ മുതിരും. ഈ സ്നേഹപ്രകടനത്തെ കരുതിയിരിക്കുക. അല്പനേരം അവയോടൊപ്പം ചെലവഴിക്കുക.
ആഴ്ചയിലൊരു ദിവസം ഇവയുടെ പരിചരണത്തിനായി നീക്കി വെയ്ക്കുക. വീടും പരിസരവും വൃത്തികേടാക്കുന്നതു കൊണ്ട് ഇത്തിരി ചീത്തപ്പേരും ഇവര്‍ക്ക് ഇല്ലാതില്ല. പരിസരവും നന്നായി ശുചിയാക്കാന്‍ ശ്രദ്ധിക്കണം.
എസ്കീ ഒരു കൊച്ചു സുന്ദരന്‍
കണ്മഷിയെഴുതിയതുപോലുളള കണ്ണുകളും തൂവെളള നിറമുളള മേനിയുമൊക്കെയായി ഒരു സുന്ദരക്കുട്ടനാണ് കക്ഷി. ജര്‍മ്മനിയാണ് ജന്മ ദേശമെങ്കിലും അമേരിക്കക്കാരുടെ ഉറ്റ ചങ്ങാതിയാണിവന്. അമേരിക്കന്‍ സ്പിറ്റ്സ്, ജര്‍മ്മന്‍ സ്പിറ്റ്സ് എന്നീ പേരുകള്‍ ഇവയ്ക്കുണ്ടെങ്കിലും എസ്കീ എന്ന ചെല്ലപ്പേരിലാണ് അറിയപ്പെടുന്നത്.
അമേരിക്കയില്‍ ഇവര്‍ പേരെടുത്തത് സര്‍ക്കസ് അഭ്യാസി എന്ന നിലയിലാണ്. സര്‍ക്കസിലെ ഏതഭ്യാസവും നല്ല മെയ് വഴക്കത്തോടെ ഇവര്‍ കാണിക്കും. അടവുകളും എളുപ്പം പഠിക്കും. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമാണ് ഇവര്‍ യുദ്ധത്തില്‍ പങ്കെടുത്തത്. അതോടെ എസ്കീയുടെ വില്പനയും കൂടി.
ആകാരം കൊണ്ട് ചെറിയവനെങ്കിലും, ധീരനായ ഒരു കാവല്‍ നായയാണ് ഇവന്. അതേ സമയം മുന്‍പിന്‍ ചിന്തിക്കാതെയുളള ആക്രമണം ഇവരുടെ ഭാഗത്തു നിന്ന് ഉണ്ടാകാറുമില്ല. വിവേക ബുദ്ധിയോടെ പെരുമാറുന്ന ഇവര്‍ കുട്ടികളുടെ ഉറ്റ ചങ്ങാതിയാണ്. അങ്ങേയറ്റം യജമാന സ്നേഹം കാണിക്കുന്ന ഇവര്‍ വീട്ടുകാരുടെ കൂടെ എപ്പോഴും കഴിയാന്‍ ഇഷ്ടപ്പെടുന്നവരാണ്. യജമാന സ്നേഹം അധികമാകുന്നതിന്റെ ചില പ്രശ്നങ്ങളും ഇവര്‍ കാണിക്കാറുണ്ട്. അതുപോലെ വീട്ടില്‍ ഒറ്റയ്ക്കായിപ്പോയാലും ഇവര്‍ വല്ലാതെ അസ്വസ്ഥരാകും.
വലിപ്പം അനുസരിച്ച് ഇവ ടോയ്, മിനിയേച്ചര്‍, സ്റ്റാന്‍ഡേഡ് എന്നിങ്ങനെയാണ് അറിയപ്പെടുന്നത്.
ടോയ് : ഉയരം 22-30 cm / ഭാരം 3-5 kg
മിനിയേച്ചര്‍ : ഉയരം 30-40 cm / ഭാരം 5-8 kg
സ്റ്റാന്‍ഡേഡ് : ഉയരം 40-50 cm / ഭാരം 8-16 kg
ഏകദേശം 12 മുതല്‍ 15 വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്. തടി കൂടുന്നതാണ് ഈ നായ്ക്കളുടെ പ്രധാന പ്രശ്നം. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ഇല്ലെങ്കില്‍ ഇവര്‍ പൊണ്ണത്തടിയന്മാരായിപ്പോകും.
പൊതുവെ ആരോഗ്യമുളള ഇനമാണെങ്കിലും അലര്‍ജികളും മറ്റും ഇവയ്ക്ക് പിടിപെടാറുണ്ട്. പല്ലുകള്‍ക്ക് രോഗബാധയുണ്ടാകുന്നതും പതിവാണ്. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ മൃഗഡോക്ടറെ കാണിച്ച് ചെക്കപ്പ് നടത്തേണ്ടതാണ്.
‘ക്യാറ്റ് വാക്ക്’ ചെയ്യുന്ന സുന്ദരികള്‍ക്ക് മാത്രമല്ല ഡയറ്റ്, ‘നടക്കുന്ന ക്യാറ്റിനും’ അതിന്റേതായ ഒരു ഡയറ്റ് ഉണ്ട്. പൂച്ച പ്രേമികള്‍ അവര്‍ വീട്ടില്‍ ഉണ്ടാക്കിക്കൊടുക്കുന്ന ‘ക്യാറ്റ് ഫുഡ്ഡി’ല്‍ ആവശ്യമായ ഘടകങ്ങള്‍ ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് നിങ്ങളുടെ പൂച്ചയുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
വീട്ടില്‍ ഉണ്ടാക്കിക്കൊടുക്കുന്ന ഭക്ഷണം ചിലപ്പോള്‍ നമ്മള് അറിയാതെ നമ്മുടെ വളര്‍ത്തുപൂച്ചയുടെ ആരോഗ്യത്തെ ബാധിക്കുന്നു. ‘നാച്ചുറലായി’ ഇര പിടിക്കുമ്പോള്‍ കിട്ടുന്ന ഘടകങ്ങളായ കാല്‍സ്യവും ഫോസ്ഫറസും നമ്മള് കൊടുക്കുന്ന ഭക്ഷണത്തില്‍ ആനുപാതികമായി ഉണ്ടാവണം. അല്ലാതെ വരുമ്പോള്‍ അത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
കൊടുക്കുന്ന മത്സ്യത്തിന്റെ അളവ് കുറയുന്നത് പൂച്ചയുടെ കാഴ്ചയെ ബാധിക്കുന്നു. ഹൃദയ സംബന്ധിയായ രോഗങ്ങള്‍ ഉണ്ടാക്കുന്നു. മരണത്തിനും കാരണമായേക്കാം.
പച്ച മത്സ്യം അധികമായി കൊടുക്കുന്നത് പേശികളുടെ ബലക്കുറവിന് കാരണമാകുന്നു. തലച്ചോറിനേയും ഇത് ബാധിക്കുന്നു.
അത് പോലെ ശുദ്ധമായ വെള്ളം ആവശ്യത്തിനു കൊടുക്കണം. ഭക്ഷണത്തില്‍ നിന്നും ജലാംശങ്ങള്‍ ലഭിക്കുമെങ്കിലും പൂച്ചയുടെ ആരോഗ്യത്തിന് അത് മതിയാവുകയില്ല.
ചുരുക്കിപ്പറഞ്ഞാല്‍ പൂച്ചക്കും ഒരു ഫുഡ് കോഡുണ്ടെന്ന് സാരം.
ചന്തമേറിയ കുഞ്ഞുശരീരമുളള കാനറീസ് പക്ഷികള്‍, അവയുടെ ശബ്ദമാധുരികൊണ്ട് പേരുകേട്ടവരാണ്. ഏകദേശം പതിനേഴാം നൂറ്റാണ്ട് മുതല്‍ തന്നെ കാനറിക്കുരുവികളെ ഓമനിച്ചു വളര്‍ത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. സ്പാനിഷ് കോടതികളിലും ഇംഗ്ലണ്ടിലെ രാജകൊട്ടാരങ്ങളിലും ഇവയെ വളര്‍ത്തിയിരുന്നു എന്നറിയുമ്പോള്‍ മനസ്സിലാകുമല്ലോ ഈ കുഞ്ഞിക്കുരുവി അത്ര നിസ്സാരക്കാരല്ല എന്ന്. ആദ്യമൊക്കെ പണക്കാരുടെയും സമൂഹത്തിലെ മറ്റ് ഉന്നതരുടേയും വസതികളിലും മാത്രമേ ഇവയെ വളര്ത്തിയിരുന്നുളളു എങ്കിലും പിന്നീട് കാനറിക്കുരുവികളെ എല്ലാവരും വളര്‍ത്തിത്തുടങ്ങി.
കാനറികള്‍ മൂന്നു വിഭാഗമുണ്ട്. കളര്‍ കാനറീസ്, ടൈപ്പ് കാനറീസ്, സോങ് കാനറീസ് എന്നിവയാണവ. മഞ്ഞ, ഓറഞ്ച്, തവിട്ട്, കറുപ്പ്, വെളള, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറക്കൂട്ടുകളില്‍ കാണാമിവയെ. കാനറികള്‍ പാട്ടുകാരാണെങ്കിലും അവ ഒറ്റയ്ക്കാണെങ്കില്‍ പാടുകയില്ല. ഇണയുണ്ടെങ്കിലേ പാടൂ, ഇണയെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് അവ ഇങ്ങനെ പാടുന്നതെന്നോര്‍ക്കുക. അതുകൊണ്ട് ഇണക്കുരുവികളെ മാത്രം വാങ്ങുവാന്‍ ശ്രദ്ധിക്കണം. വേനല്‍ കാനറികള്‍ക്ക് മോള്‍ട്ടിംഗ് (molting- പഴയ തൂവലുകള്‍ പൊഴിഞ്ഞ് പുതിയവ വരുന്ന സമയം) സീസണാണ്. ആ സമയത്ത് അവ പാടാറില്ല.
കൂടൊരുക്കുമ്പോള്‍ ശ്രദ്ധിക്കണം, അവയ്ക്ക് പറക്കാന്‍ സൗകര്യമുളള തരത്തില്‍ സാമാന്യം വലിപ്പമേറിയ കൂടുകളായിരിക്കണം ഒരുക്കേണ്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര് വളര്‍ത്തുന്ന കാനറി ഇനങ്ങള്‍ അമേരിക്കന്‍ സിംഗര്‍ (സോംഗ് കാനറി), ബോര്‍ഡര്‍ ഫാന്‍സി (ടൈപ്പ് കാനറി), റെഡ് ഫാക്ടര്‍ (കളര്‍ കാനറി) എന്നിവയാണ്.
സത്യമാണു കേട്ടോ, ആളു ശരിക്കും പൂമ്പാറ്റയെപ്പോലെ തന്നെയാണ്. പൂമ്പാറ്റയുടെ ചിറകുപോലെ വലിയ തൊങ്ങലുളള (നീളം കൂടിയ രോമം) ചെവികളാണ് ഇവയെ ‘പൂമ്പാറ്റ നായ’ യാക്കിയത്. ഫ്രഞ്ചില്‍ പാപ്പിലോണിന്റെ അര്‍ത്ഥം പൂമ്പാറ്റ എന്നുതന്നെ. കണ്ടാല്‍തന്നെ ഒന്നെടുത്ത് ഉമ്മ വെക്കാന്‍ തോന്നുന്ന മുഖപ്രകൃതമാണിതിന്. മനോഹരമായ ചെവികള്‍ക്കിടയിലെ കുഞ്ഞുമുഖവും കറുത്ത കണ്ണുകളും ആരും നോക്കി നിന്നുപോകും.
ഫ്രാന്‍സ് ആണ് ഇവയുടെ സ്വദേശം. വാലിന്റെ ഭംഗി കാരണം ഇവരെ സ്ക്വിറല്‍ (അണ്ണാന്)നായ എന്നും വിളിക്കാറുണ്ട്. ലോകത്തെ ഏറ്റവും ബുദ്ധിമാന്മാരായ നായ്ക്കളുടെ ഇടയിലാണ് ടോയ് ഗ്രൂപ്പില്‍പ്പെട്ട ഇവരുടെ സ്ഥാനം. കുട്ടികളുടെ ഉറ്റ ചങ്ങാതിമാരാണിവര്‍. വലിപ്പക്കുറവായതുകൊണ്ട് കുട്ടികള്‍ എടുത്തെറിയുകയോ മറ്റോ ചെയ്യാനുളള സാധ്യതയുളളതിനാല്‍ മുതിര്‍ന്നവര്‍ കൂടെയില്ലാതെ ഇവയെ കുട്ടികളുടെ അടുത്ത് നിര്‍ത്തരുത്.
ഇത്തിരിക്കുഞ്ഞന്മാരാണെങ്കിലും നല്ല കായികശേഷിയുളളവരാണിവര്. അതുകൊണ്ടു തന്നെ ദിവസേന നടത്തം നിര്‍ബന്ധമാണ്. നടത്തം മുടങ്ങിയാല്‍ ഇവര്‍ ചില്ലറ അതിക്രമങ്ങളും കാണിക്കും. ദേഹത്ത് സമൃദ്ധമായി രോമമുണ്ടെങ്കിലും ചൂട് താങ്ങുന്നപോലെ തണുപ്പ് താങ്ങാനാകില്ല. തണുപ്പുണ്ടെങ്കില് ഇവരെ പുറത്തിറക്കാതിരിക്കുന്നതാണ് നല്ലത്. രണ്ടുമുതല്‍ അഞ്ചു കിലോഗ്രാം വരെ മാത്രം ഭാരമുളള ഇവരുടെ ആയുസ്സ് 12 മുതല്‍ 15 വര്‍ഷം വരെയാണ്.
ചില്ലറ ദൂഷ്യങ്ങളും ഇവര്‍ക്കില്ലാതില്ല. രാത്രി ചെറിയ ശബ്ദം കേട്ടാല്‍ പോലും നിര്‍ത്താതെ കുരയ്ക്കും. യജമാനന് എത്തി സമാധാനിപ്പിച്ചാലും കാര്യമില്ല. അതുപോലെ തനിച്ചാകുന്നതും ഇവര്‍ സഹിക്കില്ല.
വലിയ വൃത്തിക്കാര്‍ കൂടിയാണ് ഇവര്‍. നായക്കളില്‍ സ്ഥിരമുളള ഒരു വല്ലാത്ത ഗന്ധം ഇവയ്ക്കില്ല. ദിവസേനയുളള ബ്രഷിങും നിര്‍ബന്ധമാണ്.
കുറഞ്ഞ മുതല്‍ മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ഏത് കാലാവസ്ഥയിലും എപ്പോള്‍ വേണമെങ്കിലും വിരിയിച്ചെടുക്കാവുന്നതാണ് കാടമുട്ടകള്‍.
കാടമുട്ടകള്‍ അടവയ്ക്കാനായ് ശേഖരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പേരില്‍ത്തന്നെ ഒരു ചൈനക്കാരന് സ്റ്റൈല്‍ ഉള്ളവനാണിവന്‍. വടക്കന്‍ ചൈനയാണ് സ്വദേശം. അവിടെ പഫി ലയണ്‍ ഡോഗ് എന്നര്‍ത്ഥം വരുന്ന സോങ്ഷി ക്വാന്‍ എന്നാണിവന് അറിയപ്പെടുന്നത്. പ്രശസ്ത മനശാസ്ത്രജ്ഞ നായിരുന്ന സിഗ്മണ്ട് ഫ്രോയിഡിന് ജോ-ഫി എന്ന് പേരുള്ള ഒരു ചൌ ചൌ ഉണ്ടായിരുന്നു.
ചെന്നായയില്‍ നിന്നുരുത്തിരിഞ്ഞ ലോകത്തെ ആദ്യ ഇനമാണ് ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. 9 മുതല്‍ 15 വര്‍ഷം വരെ ജീവിക്കുന്ന ഈ ഇനത്തിന്റെ ഭാരവും ഉയരവും ഇപ്രകാരമാണ്.
ആണ് |
പെണ് |
|
ഭാരം |
25 – 32 കിലോഗ്രാം |
48 – 56 സെന്റിമീറ്റര്‍ |
ഉയരം |
20 – 27 കിലോഗ്രാം |
46 – 51 സെന്റിമീറ്റര്‍ |
പ്രത്യേകതകള്‍
വീട്ടിനുള്ളില്‍ കഴിഞ്ഞ് കൂടാന്‍ ആഗ്രഹിക്കുന്ന ചൌ ചൌ വിശ്വസ്തനാണ്. കൃത്യമായ പരിശീലനം ഇല്ലെങ്കില്‍ അപരിചിതരോട് അക്രമണോത്സുകമായി പെരുമാറിക്കളയും. ഭക്ഷണ ക്രമീകരണം നിര്‍ബന്ധമാണ്. പ്രോട്ടീന്‍ അടങ്ങിയ ആഹാരമാണ് കൊടുക്കേണ്ടത്. അമിതഭാരം ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടാക്കും എന്നതിനാല്‍ ഭക്ഷണം പ്രത്യേകം ശ്രദ്ദിക്കേണ്ടതാണ്.
കടപ്പാട്-channellife.in
അവസാനം പരിഷ്കരിച്ചത് : 1/11/2022
ഈ പ്രദേശങ്ങളിൽ കാണപ്പെടുന്ന അപൂർവ പക്ഷികളെ കുറിച്ച...
ഇന്ത്യന്‍ കന്നുകാലിയിനങ്ങള്‍
കവപ്പശുക്കളിലെ അകിടുവീക്കം
കൂടുതല്‍ വിവരങ്ങള്‍