സംസ്ഥാനത്ത്, ഉന്നത വ്യവസായ നിക്ഷേപ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് 1961 ല്‍ ആരംഭിച്ച കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ അഥവാ കെ.എസ്.ഐ.ഡി.സി. സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിനും സാമ്പത്തിക വികസനത്തിനും അടിസ്ഥാനമായ പലതന്ത്രപ്രധാ ന വ്യവസായ പശ്ചാത്തല പദ്ധതികളും കെ.എസ്.ഐ.ഡി.സി ആരംഭിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് സംരംഭകത്വ വികസനം നടപ്പിലാക്കുന്നതിലും കെ.എസ്.ഐ.ഡി.സി വളരെ പ്രധാന പങ്ക് വഹിക്കുന്നു. കെ.എസ്.ഐ.ഡി.സി യുടെ 2014-15, 2015-16, 2016-17 വര്‍ഷങ്ങളിലെ പദ്ധതി തുകയും ചെലവ് വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു.
ക്രമ നം. | വര്‍ഷം | ലഭിച്ച തുക | ചിലവ് |
1 | 2014-15 | 50.04 | 0.00 |
2 | 2015-16 | 74.01 | 64.96 |
3 | 2016-17* (ഒക്ടോബര്‍ 2016 വരെ) | 87.52 | 10.96 |
2015-16 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ക്കായി കെ.എസ്.ഐ. ഡി. സി 2069.62 കോടി രൂപ മൂലധന നിക്ഷേപത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 76.65 കോടി രൂപ പ്രത്യക്ഷ ടേം ലോണ്‍ സഹായവും 10 കോടി ഷെയര്‍ കാപ്പിറ്റല്‍ സഹായവുമാണ്. ഇവയിലൂടെ 10000 പേര്‍ക്ക് നേരിട്ടും പരോക്ഷമായും തോഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാലയളവില്‍ 67.76 കോടി രൂപ വിതരണം ചെയ്യുകയും 118.36 കോടി രൂപ മുതലും പലിശയും ഉള്‍പ്പെടെ തിരിച്ചടവ് ഉള്ളതായും കോര്‍പ്പറേഷന്‍ രേഖപ്പെടുത്തുന്നു. 2015-16 ല്‍ കോര്‍പ്പറേഷന്റെ ഓപ്പറേറ്റിംഗ് ലാഭം 49.98 കോടി രൂപയായിരുന്നു. ഇത് കോര്‍പ്പറേഷന്റെ ചരിത്രത്തിലെ ഒരു റെക്കോര്‍ഡ് തുകയാണ്. മെറ്റല്‍, കെമിക്കല്‍, ഹോസ്പിറ്റാലിറ്റി, റബ്ബര്‍, പശ്ചാത്തലം എന്നീ മേഖലകളിലെ പദ്ധതികള്‍ക്കാണ് 2015-16 ല്‍ കോര്‍പ്പറേഷന്‍ പ്രധാനമായും തുക നല്‍കിയത്. 2015-16 വര്‍ഷത്തെ കെ.എസ്.ഐ.ഡി സി യുടെ ഭൌതികവും സാമ്പത്തികവുമായ നേട്ടങ്ങളുടെ വിശദാംശങ്ങള്‍ അനുബന്ധം 3.13 ല്‍ ചേര്‍ത്തിരിക്കുന്നു. 2016 ഒക്ടോബര്‍ വരെ കെ.എസ്.ഐ.ഡി.സി വിവിധ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളില്‍ അനുവദിച്ച സ്ഥലം സംബന്ധമായ വിവരങ്ങള്‍ അനുബന്ധം 3.14 ല്‍ നല്കിയിരിക്കുന്നു.
വിദ്യാര്‍ത്ഥി സമൂഹത്തിലെ യുവ സംരംഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കെ.എസ്.ഐ.ഡി.സി യുവ സംരംഭകത്വ സമ്മേളനം നടത്തുകയുണ്ടായി. കൂടാതെ വൈ.ഇ.എസ്.സി.എ.എന്‍ (യെസ്-കാന്‍) 2015 നായി ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ പ്രോഡക്ട്, ഇന്‍ഡസ്ട്രി റൌണ്ട് റ്റേബിള്‍ (ഐ.എസ്.ഐ.ആര്‍.റ്റി), ഇന്ത്യ പ്രൈവറ്റ് ഇക്വറ്റി ആന്റ് വെഞ്ച്വര്‍ ക്യാപിറ്റല്‍ അസോസിയേഷന്‍ (ഐ.വി.സി.എ) എന്നിവരുമായി കൈകോര്‍ക്കുകയുണ്ടായി. കൂടാതെ കെ.എസ്.ഐ.ഡി.സി ആദ്യമായി ഒരു വിമന്‍ ഇന്‍കുബേഷന്‍ സെന്റര്‍ ചങ്ങനാശ്ശേരിയിലെ അസംപ്ഷന്‍ കോളേജില്‍ ആരംഭിക്കുകയും ചെയ്തു.
കെ.എസ്.ഐ.ഡി.സി യുടെ കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം വ്യവസായ വളര്‍ച്ച കേന്ദ്രങ്ങളില്‍ (ഐ.ജി.സി കള്‍) പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. യുവാക്കളെ തൊഴിലന്വേഷകരില്‍ നിന്നും തൊഴില്‍ദാതാക്കളായി മാറ്റി അവരില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിനായി എയ്ഞ്ചല്‍ ഫണ്ട് / സീഡ് ഫണ്ട് എന്നു പേരുളള ഒരു പ്രത്യേക സാമ്പത്തിക സഹായ പദ്ധതിയ്ക്ക് കെ.എസ്.ഐ.ഡി.സി ആരംഭം കുറിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍പെടുത്തി 18 പുതിയ സംരംഭങ്ങള്‍ക്കായി ഇതുവരെ 366 ലക്ഷം രൂപയുടെ സഹായം അനുവദിച്ചിട്ടുണ്ട്. 2015-16 ല്‍ പല ഘട്ടങ്ങളായി വിതരണം ചെയ്ത തുക 110.50 ലക്ഷം രൂപയാണ്. കൊച്ചിയിലെ കാക്കനാട്ടുളള ഇന്‍ഫോപാര്‍ക്കില്‍ 4500 ചതുരശ്രമീറ്റര്‍ സ്ഥലത്ത് 120 സീറ്റ് ഇന്‍കുബേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പാലക്കാട് 34 ഏക്കര്‍ സ്ഥലത്തായി കെ.എസ്.ഐ.ഡി.സി ഒരു ലൈറ്റ് എന്‍ജിനീയറിംഗ് വ്യവസായ പാര്‍ക്ക് വികസിപ്പിച്ചിട്ടുണ്ട്. പ്രസ്തുത പാര്‍ക്കിന്റെ ഒന്നും രണ്ടും ഘട്ട പശ്ചാത്തലവികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
അവസാനം പരിഷ്കരിച്ചത് : 6/19/2020