കേന്ദ്രനികുതിയില്‍ നിന്നുള്ള വിഹിതവും കേന്ദ്രം നല്‍കുന്ന ഗ്രാന്റ് ഇന്‍ എയ്ഡും കൂടിച്ചേര്‍ന്നതാണ് കേന്ദ്രവിഹിത കൈമാറ്റം. ധനകാര്യ കമ്മീഷനുകളുടെ ശുപാര്‍ശകള്‍ പ്രകാരമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട കേന്ദ്രനികുതി വിഹിതവും ഗ്രാന്റ് ഇന്‍ എയ്ഡും തീരുമാനിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് 2015-16 മുതല്‍ 2019-2020 വരെ ലഭിക്കുന്ന കേന്ദ്രനികുതി വിഹിതം 42 ശതമാനമാണ്. കഴിഞ്ഞ രണ്ട് ധനകാര്യ കമ്മീഷനുകളായ 13ഉം 14ഉം ധനകാര്യ കമ്മീഷനുകളുടെ വിഹിത ഘടന യഥാക്രമം 30.5 ശതമാനവും 32 ശതമാനവുമായിരുന്നു. പതിമൂന്നാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സംസ്ഥാനവിഹിതമായ 2.34 ശതമാനത്തില്‍ നിന്ന് പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത് 2.5 ശതമാനമാണ്.
2015-16 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തിന്റെ റവന്യൂ കമ്മി നികത്തുന്നതിന് പതിനാലാം ധനകാര്യ കമ്മീഷന്‍ 9519 കോടി രൂപ ശുപാര്‍ശ ചെയ്തു. 2015-16ല്‍ 4640 കോടി രൂപയും 2016-17ല്‍ 3350 കോടി രൂപയും കമ്മി ഗ്രാന്റായി സംസ്ഥാനത്തിന് ലഭിച്ചു. 2017-18ല്‍ 1529 കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2013-14 മുതല്‍ കേന്ദ്രവിഹിതകൈമാറ്റത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. കേന്ദ്രവിഹിത കൈമാറ്റത്തില്‍ 2014-15ല്‍ കേന്ദ്രനികുതിയും ഗ്രാന്റ് ഇന്‍ എയ്ഡും ഉള്‍പ്പെടെ 15434.28 കോടി ലഭിച്ചപ്പോള്‍ 2015-16ല്‍ ഇത് 21612.02 കോടി രൂപയായി 40.03 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇതേ കാലയളവില്‍ കേന്ദ്രനികുതി വിഹിതം 12690.67 കോടി രൂപ ലഭിച്ച് 60.11 ശതമാനം വര്‍ദ്ധനവ് കാണിക്കുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക ആവശ്യങ്ങള്‍ക്കും മറ്റ് പരിപാടികള്‍ നടത്തുന്നതിനുമായി പതിനാലാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകള്‍ ശുപാര്‍ശ ചെയ്തുവെങ്കിലും 2014-15ല്‍ ലഭിച്ച 7507.99 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോല്‍ 2015-16ല്‍ കേന്ദ്രത്തില്‍ നിന്നും ലഭിച്ച ആകെ ഗ്രാന്റ് 8921.35 കോടി രൂപയാണ്. പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം റവന്യൂ കമ്മി നികത്തുന്നതിനുള്ള ഗ്രാന്റായ 4640 കോടി ലഭിച്ചതാണ് ഈ വര്‍ദ്ധനവിന് കാരണം.
അവസാനം പരിഷ്കരിച്ചത് : 2/16/2020