കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ വായ്പയിനത്തില്‍ ജൂണ്‍ 2015 ലെ 2,52,104 കോടി രൂപയെ അപേക്ഷിച്ച് 2,82,556 കോടി രൂപ നല്‍കിയിട്ടുണ്ട്. വായ്പ നല്‍കുന്നതില്‍ ഒന്നാം സ്ഥാനത്ത് സ്വകാര്യ ബാങ്കുകളാണ്. 2015 ജൂണ്‍ മാസം വിതരണം നടത്തിയ 70542 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 81258 കോടി രൂപയാണ് (28.76) സ്വകാര്യ ബാങ്കുകള്‍ വായ്പാ വിതരണം നടത്തിയിട്ടുള്ളത്. 2016 സാമ്പത്തിക വര്‍ഷത്തില്‍ ദേശസാല്‍കൃത ബാങ്കുകള്‍ നല്‍കിയ വായ്പാ തുക 78,815 കോടി രൂപയാണ്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പും സഹകരണബാങ്കുകളും യഥാക്രമം 65,342 കോടി രൂപയും 45,004 കോടി രൂപയുമാണ് വിതരണം ചെയ്തിട്ടുള്ളത്. അഡ്വാന്‍സിന്റെ വാര്‍ഷിക വളര്‍ച്ചയില്‍ 34.88 ശതമാനം വളര്‍ച്ചാ നിരക്കില്‍ സഹകരണ ബാങ്കുകളാണ് ഒന്നാം സ്ഥാനത്ത്. സ്വകാര്യ ബാങ്കിന്റെയും ഗ്രാമീണ ബാങ്കിന്റേയും വാര്‍ഷിക വളര്‍ച്ച നിരക്ക് യഥാക്രമം 15.19 ശതമാനം 14.39 ശതമാനം എന്ന നിരക്കിലാണ്. അഡ്വാന്‍സ് നല്‍കുന്നതിലുള്ള സ്റ്റേറ്റ് ബാങ്ക്ഗ്രൂപ്പിന്റെ വളര്‍ച്ചാ നിരക്ക് 5.05 ശതമാനവും ദേശസാല്‍കൃത ബാങ്കിന്റേത് 4.55 ശതമാനവും മാത്രമാണ്.
ബാങ്ക് ഗ്രൂപ്പ് തിരിച്ചുള്ള കാര്‍ഷിക വായ്പയുടെ വിതരണം സൂചിപ്പിക്കുന്നത് 2015 ല്‍ കാര്‍ഷിക വായ്പ 60,162 കോടി രൂപയായിരുന്നത് 61,837 കോടി രൂപയായി ഉയര്‍ന്നതായാണ്. മുന്‍ വര്‍ഷത്തെ ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് ശതമാനം വ്യത്യാസത്തില്‍ 24 ശതമാനത്തില്‍ നിന്നും 22 ശതമാനമായി താഴുകയാണുണ്ടായത്. ബാങ്ക്ഗ്രൂപ്പ് തിരിച്ചുള്ള കണക്ക് സൂചിപ്പിക്കുന്നത് മൊത്തം അഡ്വാന്‍സിന്റെ ഏറ്റവും കൂടുതല്‍ ഭാഗം കാര്‍ഷിക വായ്പയായി നല്‍കുന്നത് ഗ്രാമീണ ബാങ്കുകളാണ് (59 ശതമാനം). ദേശസാല്‍കൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും യഥാക്രമം 28 ശതമാനവും 13 ശതമാനവുമാണ് കാര്‍ഷിക വായ്പയായി നല്‍കിയത്. എന്നിരുന്നാലും മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്‍ഷിക വായ്പയുടെ വളര്‍ച്ചാ നിരക്കിന്റെ വ്യത്യസ്ത ചിത്രമാണ് തെളിയുന്നത്. ദേശസാല്‍കൃത ബാങ്കുകളുടെയും സ്റ്റേറ്റ് ബാങ്കുകളുടെയും കാര്‍ഷിക മേഖലയിലുള്ള വായ്പയുടെ വളര്‍ച്ചാ നിരക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കീഴ്പ്പോട്ടാണ്.
അവസാനം പരിഷ്കരിച്ചത് : 3/3/2020