2015-16 സെപ്റ്റംബര്‍ 17 വരെ എം.എസ്.എം.ഇ.ഡി ഭാഗം –II അനുസരിച്ച് മെമ്മോറാണ്ടം ഫയല്‍ ചെയ്ത പുതിയ സംരംഭകരുടെ എണ്ണം 7705 ആണ്. ഇതില്‍ രജിസ്റ്റര്‍ ചെയ്ത 301 എം.എസ്.എം.ഇ കള്‍ (3.9 ശതമാനം) എസ്.സി വിഭാഗത്തിലെ സംരംഭകരും 31 (0.4 ശതമാനം) എസ്.ടി വിഭാഗക്കാരും, 1805 പേര്‍ (23.42 ശതമാനം) വനിതകളുമാണ്. ഇക്കാലയളവിലെ മൊത്തം നിക്ഷേപം 1,29,356.95 ലക്ഷം രൂപയും, തൊഴില്‍ സൃഷ്ടിച്ചത് 45407 എണ്ണവും ഉല്പന്ന സേവനമൂല്യങ്ങളുടെ ആകെ തുക 3,38,001.30 ലക്ഷം രൂപയുമാണ്.2015 സെപ്റ്റംബര്‍ 17 വരെയുളള കണക്കുപ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ചെറുകിട/എം.എസ്.എം.ഇ കളുടെ ആകെ എണ്ണം 2,57,466 ആണ്. ഇതില്‍ 3.84 ശതമാനം ചെറുകിട വ്യവസായങ്ങളുടെയും/എം.എസ്.എം.ഇ കളുടെയും നടത്തിപ്പ് പട്ടികജാതിക്കാരും,0.72 ശതമാനം പട്ടികവര്‍ഗ്ഗക്കാരും ബാക്കി 24.97 ശതമാനം വനിതാ സംരംഭകരുമാണ്. ഇക്കാലയളവിലെ മൊത്തം നിക്ഷേപം 17,98,646.38 ലക്ഷവും ഉല്പാദിപ്പിച്ച സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം 67,65,143.93 ലക്ഷവും ആകെ സൃഷ്ടിച്ച തൊഴിലുകളുടെ എണ്ണം 13,18,666 ഉം ആണ്.ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയുളള ഇ.എം- ഭാഗം IIന്റെ വിതരണം 2015 സെപ്റ്റംബര്‍ 18 ന് നിര്‍ത്തുകയും ഉദ്യോഗ് ആധാര്‍ വഴിയുളള ഓൺലൈൻ രജിസ്ട്രേഷന്‍ ആരംഭിക്കുകയും ചെയ്തു. ഇതനുസരിച്ച് 2015 സെപ്റ്റംബര്‍ 18 മുതല്‍ 2016 മാര്‍ച്ച് 31 വരെ ഉദ്യോഗാധാറിലൂടെ സമര്‍പ്പിച്ച മെമ്മോറാണ്ടത്തിന്റെ ആകെ എണ്ണം 11317 ആണ്. ഇതില്‍ തൊഴില്‍ ശാലകള്‍ക്കും യന്ത്ര സംവിധാനങ്ങള്‍ക്കുമായി 1,90,735 ലക്ഷം രൂപ വിനിയോഗിച്ചു.
2011-12 മുതല് 2014-15 വരെ ഈ മേഖലയിലെ നിക്ഷേപം ആപേക്ഷികമായി 9.73 ശതമാനം കണ്ട് വർദ്ധിച്ചു.ഇക്കാലയളവിൽ നിക്ഷേപ തോത് ക്രമാനുഗതമായി വര്‍ദ്ധിക്കുന്ന പ്രവണതയാണ് സൂചിപ്പിക്കുന്നത്. 2013-14 ലെ ഉല്പാദന മൂല്യം 25 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ലഭ്യമായ തൊഴിലിന്റെ അളവ് ഇക്കാലയളവില്‍ ഏകദേശം സ്ഥിരമായിരുന്നു. 2013-14 ല്‍ ഉൽപ്പാദനവും തൊഴിൽ സൃഷ്ടിക്കലും പരാമവതിയിലായിരുന്നു.
2011-12 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ എം.എസ്.എം.ഇ കളുടെ വളർച്ചാ നിരക്ക് നേരിയ തോതിൽ വര്‍ദ്ധനവ് കാണിക്കുന്നു. എന്നാല്‍ 2015-16 കാലയളവിലെ 2015 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള മാസങ്ങളില്‍ 10.95 ശതമാനത്തിന്റെ നിരക്ക് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. അതായത് 2014 സെപ്റ്റംബറിലെ 6944ല്‍ നിന്നും 2015 സെപ്റ്റംബര്‍ ആകുമ്പോഴേക്കും 7705 ആയി വര്‍ദ്ധിച്ചു (ചിത്രം 3.10).
കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സൃഷ്ടിച്ച തൊഴിലിന്റെ വളര്‍ച്ച നിരക്ക് ചിത്രം 3.11 ല്‍ കാണിച്ചിരിക്കുന്നു. 2012-13 മുതല് 2013-14 വരെ സൃഷ്ടിച്ച തൊഴിലിന്റെ എണ്ണം കൂടുതലാണ്. എന്നാല്‍ 2014-15 ല്‍ ഇത് 4.88 ശതമാനം കണ്ട് കുറയുകയുണ്ടായി. എന്നാല്‍ 2015-16 വര്‍ഷങ്ങളിലെ 2015 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള കണക്കില്‍ 14.5 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് 2014 സെപ്റ്റംബര്‍ ലെ 39651 ല്‍ നിന്നും 2015 സെപ്റ്റംബര്‍ ആകുമ്പോഴേക്കും 45407 ആയി വര്‍ദ്ധിച്ചു .
അവസാനം പരിഷ്കരിച്ചത് : 2/15/2020