অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്ത്രീകളുടെ ആരോഗ്യം

സ്ത്രീകള്‍ക്ക് മികച്ച വിദ്യാഭ്യാസനിലവാരം കൈവരിക്കാനായ സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ സാമൂഹികവും സാമ്പത്തികവുമായി നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇവിടത്തെ സ്ത്രീകള്‍ക്കായി. ഏറെക്കുറെ രോഗങ്ങളെപ്പറ്റി ബോധവതികളാകാനും ഉയര്‍ന്ന വിദ്യാഭ്യാസം അവരെ പ്രാപ്തരാക്കി. കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും കേരളത്തിലെ സ്ത്രീകള്‍ ഏറെ മുന്നിലാണ്. എന്നിട്ടും സ്വന്തം ആരോഗ്യകാര്യങ്ങളില്‍ സ്ത്രീകള്‍ കാണിക്കുന്ന അലംഭാവം അവരെ ഗുരുതരമായ രോഗാവസ്ഥകളിലേക്കാണ് നയിക്കുന്നത്. സ്ത്രീരോഗികളുടെ എണ്ണത്തിലുണ്ടായ വന്‍വര്‍ധന ആശങ്കയോടെ മാത്രമേ കാണാനാകൂ.


സ്ത്രീരോഗികളുടെ എണ്ണത്തെ കൂട്ടുന്ന പ്രധാനഘടകങ്ങള്‍

1) പ്രകടമാകുന്ന രോഗലക്ഷണങ്ങളെ തീര്‍ത്തും അവഗണിക്കുന്ന തെറ്റായ പ്രവണത സ്ത്രീകളില്‍ കൂടുതലാണ്. 2) രോഗം കണ്ടെത്തിയാല്‍ത്തന്നെ ചികിത്സയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കുക. 3) പോഷകഭക്ഷണവും പ്രഭാതഭക്ഷണവും ഒഴിവാക്കുക. 4) ചെറുപ്പംമുതല്‍ വ്യായാമത്തിന് പ്രാധാന്യം നല്‍കാതിരിക്കുക. 5) മാനസികസമ്മര്‍ദം 6) ആരോഗ്യകരമല്ലാത്ത ഫാസ്റ്റ്ഫുഡ്, റെഡി ടു ഈറ്റ് വിഭവങ്ങള്‍ ശീലമാക്കുക. 7) വിശ്രമമില്ലായ്മ  തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും സ്ത്രീരോഗികളുടെ എണ്ണത്തെ ഉയര്‍ത്തുന്നത്. ബാല്യം, കൌമാരം, യൌവനം, വാര്‍ധക്യം എന്നീ നാലുഘട്ടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ശാരീരിക–മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്.


നിഷ്കളങ്കതയുടെ ബാല്യം

നിഷ്കളങ്കതയുടെ നിറകുടമായ ബാല്യം ഇന്ന് ഏറെ ഗൌരവത്തോടെയാണ് കടന്നുപോകുന്നത്. കുട്ടിത്തം മാറാതെതന്നെ ആര്‍ത്തവാഗമനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെ ഇന്നവള്‍ക്ക് നേരിടേണ്ടിവരുന്നു. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമക്കുറവുമാണിതിനു പ്രധാനമായും വഴിയൊരുക്കുന്നത്. ചിട്ടപ്പെടുത്താതെയുള്ള പഠനശീലങ്ങളും വീട്ടിലെ അരക്ഷിതാവസ്ഥയും കുട്ടികളില്‍ മറവിക്കും മനഃസമ്മര്‍ദത്തിനും ഇട വരുത്തുന്നു.

പരിഹാരങ്ങള്‍

കുട്ടികളുടെ ഭക്ഷണം പോഷകംനിറഞ്ഞതാവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. പോഷകഭക്ഷണം എന്നതുകൊണ്ട് വിലകൂടിയ ഭക്ഷണം എന്നര്‍ഥമില്ല. തവിടോടുകൂടിയ ധാന്യങ്ങള്‍, മുട്ട, പയര്‍ വര്‍ഗങ്ങള്‍, ഈന്തപ്പഴം, എള്ളുണ്ട, വെണ്ണ, നെയ്യ്, ഇലക്കറികള്‍, ചെറുമത്സ്യങ്ങള്‍, നാടന്‍കോഴിയിറച്ചി, പച്ചക്കറികള്‍, പഴങ്ങള്‍ ഇവ ഉള്‍പ്പെട്ട നാടന്‍ ഭക്ഷണശീലങ്ങള്‍ കുട്ടികള്‍ക്ക് മതിയായ പോഷണം നല്‍കും. ഓടിക്കളിച്ചു വളരുന്ന കുട്ടികളില്‍ ഹോര്‍മോണ്‍ വ്യതിയാനംമൂലമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല.

കുഞ്ഞുങ്ങളും ലൈംഗികചൂഷണവും

അതീവ ഗുരുതരമായ സാമൂഹികപ്രശ്നമായി ലൈംഗികചൂഷണം ഇന്നു മാറിക്കഴിഞ്ഞു. ലൈംഗിക വൈകൃതങ്ങളും ആസക്തികളും പരീക്ഷിക്കുന്നതിനുള്ള ഇരകളായാണ് പീഡകര്‍ കുട്ടികളെ കാണുന്നത്. സുരക്ഷിതവും വിശുദ്ധവുമെന്നു കരുതുന്ന വീടിനകത്തുപോലും നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ ലൈംഗികപീഡനത്തിനിരയാകുന്നുണ്ട്. അച്ഛന്‍, അപ്പൂപ്പന്‍, അയല്‍വാസി, ബന്ധുക്കള്‍, അധ്യാപകര്‍ തുടങ്ങി കുഞ്ഞിനെ കൈപിടിച്ച് വഴികാട്ടേണ്ടവര്‍തന്നെയാണ് പലകേസുകളിലും കുഞ്ഞിന് ഭീഷണിയായി മാറുന്നത്. ആണ്‍കുട്ടികളും ഒട്ടും സുരക്ഷിതരല്ല. 
പീഡനത്തിനിരയാകുന്ന കുട്ടികളില്‍ പലതരത്തിലുള്ള ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങളുണ്ടാകാറുണ്ട്. സ്കൂളില്‍ പോകാന്‍ മടി, സംസാരിക്കുമ്പോള്‍ വിക്കല്‍, പഠനത്തില്‍ പെട്ടെന്നു താല്‍പ്പര്യം കുറയുക.

പെട്ടെന്ന് ദേഷ്യംവരിക, അപരിചിതരെ കാണുമ്പോള്‍ ഭയം, എപ്പോഴും വിഷാദം, കാരണമില്ലാതെ കരയുക, കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകളോ പാടുകളോ കാണുക.
രക്ഷിതാക്കളും അധ്യാപികയും ശ്രദ്ധിക്കണം

ചെറുപ്രായത്തില്‍ത്തന്നെ ശരീരഭാഗങ്ങള്‍ പറയാന്‍ പഠിപ്പിക്കുകയും ശരിയായി വസ്ത്രധാരണം ചെയ്യാന്‍ പഠിപ്പിക്കുകയും വേണം. * സ്വന്തം പേരും രക്ഷിതാക്കളുടെ പേരും ഫോണ്‍ നമ്പരും പറയാന്‍ പഠിപ്പിക്കുക. * സ്കൂളിലേക്കുള്ള യാത്രയില്‍ ആരൊക്കെയാണ് ഒപ്പമുണ്ടാവുക, അവരുടെ പെരുമാറ്റം എങ്ങനെ എന്നുള്ള കാര്യങ്ങള്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. എല്ലാ ദിവസവും സ്കൂളിലെയും യാത്രയുടെയും വിശേഷങ്ങള്‍ ചോദിച്ചറിയാനും ശ്രദ്ധിക്കണം. രണ്ടു മാസത്തിലൊരിക്കല്‍ സ്കൂളില്‍ പോകാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും തുറന്നുപറയത്തക്കവിധമുള്ള ഒരു സൌഹൃദാന്തരീക്ഷം കുട്ടിയുമായി ഉണ്ടാകണം എന്നത് വളരെ പ്രധാനമാണ്. * പീഡനം നടന്നെങ്കില്‍ അത് കുട്ടിയുടെ കുറ്റംകൊണ്ടല്ല എന്നു കുട്ടിയെ ബോധ്യപ്പെടുത്തണം. വീണ്ടും ഭീഷണിക്ക് വഴങ്ങരുതെന്നു പറഞ്ഞുമനസ്സിലാക്കുകയും വേണം.  നല്ല സ്പര്‍ശനം, ചീത്ത സ്പര്‍ശനം ഏതൊക്കെ എന്ന് കുട്ടിയെ തിരിച്ചറിയാന്‍ പഠിപ്പിക്കുകയും വേണം.

ആദ്യാര്‍ത്തവം ആകുലതകള്‍ ഇല്ലാതെ

ആദ്യാര്‍ത്തവം ഇപ്പോള്‍ 10–12 വയസ്സില്‍ത്തന്നെ എത്താറുണ്ട്. ഒമ്പതു വയസ്സാകുമ്പോള്‍ത്തന്നെ അമ്മമാര്‍ ആര്‍ത്തവം എന്താണെന്നും ആര്‍ത്തവത്തെ തികച്ചും സാധാരണമായി കാണണമെന്നും കുട്ടിക്ക് ലളിതമായി പറഞ്ഞുകൊടുക്കണം. കൂടാതെ സാനിട്ടറി പാഡുകളുടെയും തുണികളുടെയും ഉപയോഗം, ഉപയോഗിച്ചവയുടെ ശരിയായ നിര്‍മ്മാര്‍ജനം,  ശുചിത്വത്തിന്റെ ആവശ്യകത തുടങ്ങിയവയൊക്കെ അമ്മമാരില്‍നിന്നാണ് കുട്ടി അറിയേണ്ടത്. അമ്മയോട് എല്ലാം പറയാം എന്ന ആത്മവിശ്വാസവും കുട്ടിക്ക് ഇതിലൂടെ നേടാനാകും.  അമ്മയുടെ അഭാവത്തില്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ക്ക് സഹായിക്കാനാകും. ആര്‍ത്തവം 15 വയസിനുശേഷം വരാതിരിക്കുന്നത് ശ്രദ്ധയോടെ കാണണം.

മുതിര വേവിച്ചുടച്ച് ശര്‍ക്കരയും ജീരകപ്പൊടിയും ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ വേദന കുറയ്ക്കും.  മുതിരയോ, ഉലുവയോ ചൂടാക്കിയശേഷം തിളപ്പിച്ച ഒരു ഗ്ളാസ് വെള്ളം കുടിക്കുന്നതും ആര്‍ത്തവവേദന കുറയ്ക്കും.  രണ്ടു സ്പൂണ്‍ എള്ള് തിളപ്പിച്ച ഒരു ഗ്ളാസ് വെള്ളം ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നതും വേദന കുറയ്ക്കും.
അമിത രക്തസ്രാവം തടയാന്‍  20 ഗ്രാം ജീരകപ്പൊടി തൈരില്‍ ചാലിച്ച് കഴിക്കുക,  ഒരു കഷണം വാഴയ്ക്ക ശര്‍ക്കരയ്ക്കൊപ്പം ചതച്ച് കഴിക്കുക,  മുക്കുറ്റി ചതച്ച നീര് വെണ്ണചേര്‍ത്ത് കഴിക്കുക.അണ്ഡോല്‍പ്പാദനം ക്രമപ്പെടുത്താന്‍  മുരിങ്ങക്ക ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ശരിയായ ജീവിതരീതി ബാല്യംമുതല്‍ക്കേ.

നാടന്‍ ഭക്ഷണത്തിനും വ്യായാമത്തിനും പ്രാധാന്യം നല്‍കുന്ന ജീവിതരീതി ബാല്യംമുതല്‍ ശീലമാക്കുന്നവരില്‍ ആര്‍ത്തവപ്രശ്നങ്ങളും വന്ധ്യത തുടങ്ങിയ രോഗങ്ങളും ഉണ്ടാകാറില്ല. ആര്‍ത്തവകാലത്ത് എളുപ്പം ദഹിക്കുന്നതും എരിവും കൊഴുപ്പും പുളിയും കുറഞ്ഞ ഭക്ഷണങ്ങളാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. പഴങ്ങള്‍, ക്യാരറ്റ്, വാഴക്കൂമ്പ്, ചെറുപയര്‍, എള്ള്, മുതിര, ഉലുവ, ബീന്‍സ്, ഈന്തപ്പഴം, ഉണക്കമുന്തിരി, പാടമാറ്റിയ പാലും മോരും, തുമര, തവിടുള്ള ധാന്യങ്ങള്‍, മുരിങ്ങയില, മുരിങ്ങക്ക ഇവ ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍ മാറിമാറി പെടുത്തുന്നത് ആര്‍ത്തവസമയത്തെ രക്തനഷ്ടത്തെ പരിഹരിക്കുന്നതോടൊപ്പം വേണ്ടത്ര പോഷകവും നല്‍കും.  ആര്‍ത്തവകാലത്ത് വ്യായാമം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

കൌമാരം  ആഹ്ളാദകാലം,  പൊട്ടിത്തെറികളുടെയും

വസന്തകാലത്തേക്കുള്ള യാത്ര തുടങ്ങുന്നത് കൌമാരത്തിലാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍മൂലം ഇന്ന് 9–10 വയസ്സില്‍ത്തന്നെ കൌമാരം വന്നെത്തുകയായി. ശാരീരികമായും മാനസികമായും ഏറെ മാറ്റങ്ങള്‍ വരുന്ന പ്രായമാണിത്. ഹോര്‍മോണ്‍ ഗ്രന്ഥികള്‍ ഊര്‍ജസ്വലമാക്കുന്നതിനാല്‍ വികാരപ്രക്ഷുബ്ധമായ കാലംകൂടിയാണിത്. മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് ചതിക്കുഴികളില്‍ എളുപ്പം വീണുപോകാനിടയുള്ള പ്രായം കൌമാരമാണ്. രക്ഷിതാക്കള്‍ ഏറെ ജാഗ്രത പുലര്‍ത്തുകയും കുട്ടികളെ ശരിയായി വിലയിരുത്തുകയും വേണം. 
പെണ്‍കുട്ടികളെ സംബന്ധിച്ച് ഭാവിയില്‍ വന്ധ്യതയ്ക്കിടയാക്കുന്ന പല രോഗങ്ങളുടെയും തുടക്കം കൌമാരമാണ്. പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം ആണ് ഇവയില്‍ പ്രധാനം.  പിസിഒഎസ് ഹോര്‍മോണുകളുടെ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടാകുന്ന അവസ്ഥയാണ്. അണ്ഡവിസര്‍ജനത്തിന്റെ താളംതെറ്റിക്കുന്ന ഈ രോഗം ഭാവിയില്‍ പ്രമേഹം, ഹൃദ്രോഗം, സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ ഭാവിയില്‍ ഉണ്ടാകാനുള്ള സാധ്യത കുട്ടൂന്ന ഒരു രോഗാവസ്ഥയാണ്.

ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യം 24 ദിവസത്തില്‍ കുറയുന്നതും 40 ദിവസത്തില്‍ കൂടുന്നതും തകരാറുകളുടെ ലക്ഷണമാണ്. രണ്ടുമാസത്തിലൊരിക്കലോ ആറുമാസം കൂടുമ്പോഴോ ഉണ്ടാകുന്ന ആര്‍ത്തവം, മുഖം, മീശ, താടി, കാലുകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ അമിതമായി രോമം വളരുക, കഴുത്ത്, കൈകാല്‍മടക്കുകള്‍ ഇവയില്‍ കറുപ്പ്, ശരീരത്തിന്റെ മേല്‍ഭാഗത്ത് അമിത വണ്ണം, കറുത്തപാടുകള്‍ അവശേഷിക്കുന്ന മുഖക്കുരുക്കള്‍, തോളിനു വണ്ണംവയ്ക്കുക, താടിയുടെ ഭാഗത്ത് കൊഴുപ്പടിയുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യേക ശ്രദ്ധയോടെ കാണണം. 
ഔഷധങ്ങള്‍ക്കൊപ്പം നസ്യം, സ്വേദനം, സ്നേഹനം, അവഗാഹം, ഉത്തരവസ്തി, വസ്തി, ഉദ്വര്‍ത്തനം ഇവ നല്‍കാറുണ്ട്. ഭക്ഷണക്രമീകരണവും വ്യായാമവും ചികിത്സയുടെ ഭാഗമാണ്.

കൌമാരത്തില്‍ ഭക്ഷണവും വ്യായാമവും ശ്രദ്ധയോടെ

ഭാവിയില്‍ അമ്മയാകാന്‍വേണ്ട മുന്നൊരുക്കങ്ങള്‍ ശരീരത്തില്‍ ഏറെ നടക്കുന്ന ഘട്ടമാണ് കൌമാരം. ശരീരത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ക്ക് വേണ്ടത്ര പോഷകഭക്ഷണങ്ങള്‍ ഇവര്‍ക്ക് കൂടിയേതീരൂ. എന്നാല്‍, ഭക്ഷണശീലങ്ങളില്‍ തെറ്റായ പ്രവണത കൌമാരക്കാരില്‍ കൂടുതലാണ്. ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമതയെ കുറയ്ക്കുന്ന ഉപ്പും മധുരവും കൊഴുപ്പും കൂടിയ ഭക്ഷണങ്ങള്‍, കോള, ബര്‍ഗര്‍ തുടങ്ങിയ പോഷകമൂല്യം തീരെയില്ലാത്ത ഭക്ഷണങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍ കൌമാരക്കാരാണ്.

വന്ധ്യത, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്നതിനു പുറമെ, നാല്‍പ്പതുകളില്‍ കണ്ടിരുന്ന പല രോഗങ്ങളും ഇന്നു കൌമാരത്തില്‍ കണ്ടുതുടങ്ങാനും ഇടയാക്കി. ഓട്സ്, റാഗി, അരി, ഗോതമ്പ്, വാഴപ്പിണ്ടി, വാഴക്കൂമ്പ്, മുരിങ്ങക്ക, ക്യാരറ്റ്, മുട്ട, എള്ള്, മുതിര, പയര്‍, കായം, വെളുത്തുള്ളി, ഇലക്കറി ഇവ ഉള്‍പ്പെട്ട നാടന്‍ഭക്ഷണശീലങ്ങളാണ് കൌമാരത്തില്‍ ഉചിതം. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങളും മദ്യപാനവും കൌമാരക്കാരുടെ മാനസിക ആരോഗ്യത്തെ ഏറെ ബാധിക്കാറുള്ളതിനാല്‍ പ്രത്യേക ശ്രദ്ധയുണ്ടാകണം.

കടപ്പാട് : ഡോ. പ്രിയ ദേവദത്ത്

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate