വേനല്‍ക്കാലത്താണ് മുടി നല്ല വേഗത്തില്‍ വളരുന്നത്. ഈ സമയം സ്പാ ട്രീറ്റ്‌മെന്റും പ്രോട്ടീന്‍ ട്രീറ്റ്‌മെന്റും നല്‍കിയാല്‍ മുടിയുടെ ആരോഗ്യം ഗണ്യമായി കൂടും. പാര്‍ലറില്‍ എന്തു ചികിത്സകള്‍ ചെയ്താലും പിന്നാലെ വീട്ടിലും സംരക്ഷണം നല്‍കിയാലേ ഗൂണമുണ്ടാവൂ. മുടിക്ക് ആരോഗ്യം കൂട്ടാന്‍ വീട്ടില്‍ നല്‍കാം ഹെയര്‍ ഫൂഡ് ട്രീറ്റ്‌മെന്റ്.
ഒരു സ്പൂണ്‍ ഒലിവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും മിശ്രിതമാക്കുക. ഇതു മുടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാംപൂ അല്ലെങ്കില്‍ താളി ഉപയോഗിച്ച് കഴുകിക്കളയുക. അതിനു ശേഷം അല്‍പം ഓട്‌സ്, രണ്ടു സ്പൂണ്‍ തേങ്ങാപ്പാല്‍, രണ്ടു സ്പൂണ്‍ കറ്റാര്‍വാഴയുടെ നീര്, ഒരു സ്പൂണ്‍ ഉലുവാപ്പൊടി, അര സ്പൂണ്‍ കറുത്ത എള്ള്, ഒരു സ്പൂണ്‍ ഉണക്കനെല്ലിക്ക പൊടിച്ചത് ഇവ ചേര്‍ത്തരച്ച് മുടിയിലും ശിരോചര്‍മത്തിലും നന്നായി തേച്ചുപിടിപ്പിക്കുക. അഞ്ചു മിനിറ്റ് ആവി കൊള്ളിച്ചതിനു ശേഷം ഇരുപതു മിനിറ്റ് വിശ്രമിക്കാം. ഇനി ഷാംപൂ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. മുടിക്കു മൃദുത്വവും ആരോഗ്യവും കൈവരുന്നത് അറിയാന്‍ കഴിയും.
വേനലില്‍ മുടിയിലെ എണ്ണമയം വര്‍ധിക്കും. ഇത് അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമായി കലര്‍ന്ന് മുടിയിലെ താരന്‍ ശല്യം കൂടാന്‍ ഇടയുണ്ട്. മുടിയിലെ എണ്ണമയം കുറച്ച് ആരോഗ്യം വര്‍ധിപ്പിക്കാന്‍ കഴിയും.
നാലു സ്പൂണ്‍ ലാവണ്ടര്‍ ഓയില്‍, ഒരു ടീസ്പൂണ്‍ വിനാഗിരി, ഒരു ടീസ്പൂണ്‍ വെള്ളം ഇവ നന്നായി മിക്‌സ് ചെയ്തതിനു ശേഷം മുടിയില്‍ മസാജ് ചെയ്യുക. അര മണിക്കൂറിനു ശേഷം ചെറുചൂടുവെള്ളം കൊണ്ട് കഴുകാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ആവര്‍ത്തിച്ചാല്‍ അമിതമായ എണ്ണമയം മൂലം മുടിയിലെ താരന്‍ വര്‍ധിക്കുന്നത് ഒഴിവാക്കാം.
വേനലില്‍ മുടി അമിതമായി വരണ്ട് പൊട്ടിപ്പോകുന്നത് ഒഴിവാക്കാന്‍ ഇതാ വീട്ടില്‍ കൊടുക്കേണ്ട പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ്. ഒരു ടേബിള്‍ സ്പൂണ്‍ ഹെയര്‍ കണ്ടീഷണര്‍, ഒരു ടീസ്പൂണ്‍ ബീറ്റ്‌റൂട്ട് അരച്ചത്, ഒരു ടീസ്പൂണ്‍ ഗ്ലിസറിന്‍, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ ആവണക്കെണ്ണ, രണ്ടു ടീസ്പൂണ്‍ വീര്യം കുറഞ്ഞ ഷാംപൂ ഇവ നന്നായി മിക്‌സ് ചെയ്ത് മുടിയില്‍ പുരട്ടി പതിനഞ്ചു മിനിറ്റ് ഇരിക്കുക. ഇനി അല്‍പം ആവി കൊള്ളിച്ച ശേഷം അര മണിക്കൂര്‍ വിശ്രമിക്കാം. മുടി കഴുകി ഉണക്കുമ്പോള്‍ തിളക്കവും മൃദുത്വവും കൂടുന്നത് അറിയാന്‍ കഴിയും.
ഉറങ്ങുംമുമ്പ് മുടി ബ്രഷ് ചെയ്യുന്നത് നല്ലതാണോ?
ഉറങ്ങും മുമ്പ് പല്ലകലമുള്ള ചീപ്പോ ഹെയര്‍ ബ്രഷോ ഉപയോഗിച്ച് മുടി നന്നായി ചീകി കെട്ടിവയ്ക്കാം. രാത്രികാലത്ത് മുടി കൂടുതല്‍ വളരും. ചീകുന്നത് രക്തയോട്ടം കൂട്ടി മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തും. എന്നാല്‍ നനഞ്ഞ മുടി ചീകുന്നത് വിപരീതഫലം ചെയ്യും.
അവസാനം പരിഷ്കരിച്ചത് : 3/12/2020