ഭക്ഷണരീതിയുടെയും ജീവിതശൈലിയുടെയും തകരാര്‍ ഗര്‍ഭാശയമുഴയുടെ വര്‍ധനവിന് കാരണമായിട്ടുണ്ട്. ഫൈബ്രോയിഡ് അഥവാ ഗര്‍ഭാശയ മുഴ എന്നത് പ്രത്യക്ഷത്തില്‍ അപകടകാരിയല്ലാത്ത ഒരു രോഗാവസ്‌ഥയാണ് .
സ്‌ത്രീകളില്‍ ഗര്‍ഭാശയ മുഴ വര്‍ധിച്ചുവരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭക്ഷണരീതിയുടെയും ജീവിതശൈലിയുടെയും തകരാര്‍ ഗര്‍ഭാശയമുഴയുടെ വര്‍ധനവിന് കാരണമായിട്ടുണ്ട്.
ഫൈബ്രോയിഡ് അഥവാ ഗര്‍ഭാശയമുഴ എന്നത് പ്രത്യക്ഷത്തില്‍ അപകടകാരിയല്ലാത്ത ഒരു രോഗാവസ്‌ഥയാണ്. എന്നാല്‍ പലപ്പോഴും ഇത് അര്‍ബുദമാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
ഈ മുഴകള്‍ ഗര്‍ഭാശയത്തിന്റെ ഭിത്തികളില്‍ രൂപപ്പെടുകയും ക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിതെളിക്കുകയും ചെയ്യാം. ഗര്‍ഭാശയ മുഴമൂലം ജീവിതം ദുസഹമായി തീര്‍ന്നിട്ടുള്ള നിരവധി സ്‌ത്രീകളുണ്ട്.
ഗര്‍ഭാശയമുഴകള്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നതായി കണ്ടുവരുന്നു. അടിവയറ്റിലെ വേദന, നടുവേദന, ആര്‍ത്തവകാലത്തെ അമിത രക്‌തസ്രാവം എന്നിവ അവയില്‍ പ്രധാനമാണ്.
ഇതിനു പുറമെ ഗര്‍ഭാശയം അതിനോട് തൊട്ടുകിടക്കുന്ന മൂത്രസഞ്ചി, മലാശയം എന്നീ ആന്തരികാവയവങ്ങളില്‍ മര്‍ദം ചെലുത്തി തുടര്‍ച്ചയായി മൂത്രാശങ്ക, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കുന്നു.
ഈ പ്രശ്‌നങ്ങള്‍ ഓരോന്നും ഭൂരിഭാഗം സ്‌ത്രീകളുടെയും ദൈനംദിന ജീവിതം ദുസഹമാക്കാന്‍ കാരണമായേക്കാം.
ഗര്‍ഭാശയ മുഴയ്‌ക്ക് പരമ്പരാഗതമായി ചെയ്‌തുപോരുന്ന ചികിത്സാ രീതി ശസ്‌ത്രക്രിയയാണ്. എന്നാല്‍ ആധുനിക വൈദ്യശാസ്‌ത്ര രംഗത്തെ നൂതന ചികിത്സാരീതികള്‍ ശസ്‌ത്രക്രിയ കൂടാതെ മുഴ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്.
ശസ്‌ത്രക്രിയയെക്കാള്‍ ലളിതവും സുരക്ഷിതവുമാണ് ഈ രീതികള്‍. ഇത്തരം രീതികളില്‍ പ്രധാനപ്പെട്ടതാണ് യുട്ടറൈന്‍ ഫൈബ്രോയ്‌ഡ് എംബോളൈസേഷന്‍ അഥവാ യു.എഫ്.ഇ. ഗര്‍ഭാശയ മുഴകളിലേക്ക് രക്‌തം കൊണ്ടുവരുന്ന ധമനികളെ തടസപ്പെടുത്തി ക്രമേണ അവയെ ശോഷിപ്പിക്കുക എന്നതാണ് ഇതിന്റെ രീതി.
എക്‌സ്റേയുടെ സഹായത്തോടെ രക്‌തധമനികളിലേക്ക് ഒരു നേരിയ ട്യൂബ് അഥവാ കത്തീറ്റര്‍ കടത്തി അതിലൂടെ പോളിവിനൈല്‍ ആല്‍ക്കഹോളിന്റെ ചെറിയ തരികള്‍ കടത്തിവിടുകയാണ് ഈ രീതിയില്‍ ചെയ്യുന്നത്.
ഇത് ധമനികളിലെ രക്‌തയോട്ടം തടയുകയും തത്‌ഫലമായി മുഴകളെ സങ്കോചിപ്പിക്കുകയും ചെയ്യുന്നു. 1999 ല്‍ ഡോ. രവീനയും, ഡോ. ഹെര്‍ബെടിയുവും സംയുക്‌തമായാണ് ഈ ചികിത്സാ സമ്പ്രദായത്തിന് തുടക്കം കുറിച്ചത്.
ലോകമെമ്പാടും രണ്ടു ലക്ഷത്തോളം സ്‌ത്രീകള്‍ ഈ ചികിത്സാരീതിയുടെ ഗുണഭോക്‌താക്കളായിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഗര്‍ഭാശയ മുഴകള്‍ കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും പ്രസവം നിര്‍ത്താനാഗ്രഹിക്കുന്നവര്‍ക്കുമാണ് ഈ രീതി ഏറ്റവും പ്രയോജനകരം.
ഈ ചികിത്സാരീതിയുടെ ഏറ്റവും പ്രധാന നേട്ടം ഇത് ലോക്കല്‍ അനസ്‌തേഷ്യയുടെ മാത്രം സഹായത്തോടെ ചെയ്യാമെന്നതാണ്. മാത്രമല്ല ആശുപത്രിയില്‍ ചെലവഴിക്കേണ്ടിവരുന്നതാകട്ടെ മൂന്ന് മുതല്‍ നാലു ദിവസം മാത്രവും.
ഇവരില്‍ വീണ്ടും ഗര്‍ഭാശയമുഴകള്‍ ഉണ്ടാവുക എന്നത് അത്യന്തം വിരളമായ അവസ്‌ഥയാണെന്ന് അടുത്ത കാലത്തു നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഈ ചികിത്സാമാര്‍ഗം വളരെ സുരക്ഷിതമാണെങ്കില്‍ കൂടി ഏതൊരു വൈദ്യചികിത്സാ രീതിയെയും പോലെ ഇതിലും പ്രശ്‌നങ്ങള്‍ക്ക് സാധ്യത സാധ്യത ഉണ്ടെന്നതും അറിഞ്ഞിരിക്കേണ്ടതാണ്.
ചുരുക്കം സ്‌ത്രീകളില്‍ ചികിത്സാനന്തരം വേദന, പനി, കോച്ചിവലിക്കല്‍, യോനീസ്രാവം, അണുബാധ എന്നീ പ്രശ്‌നങ്ങളില്‍ ചിലത് കാണാറുണ്ട്. ചില സ്‌ത്രീകള്‍ക്ക് ചികിത്സ കഴിഞ്ഞ് രണ്ടാഴ്‌ചയോളം ക്ഷീണം അനുഭവപ്പെടാറുണ്ട്.
എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും മൂന്നോ, നാലോ ദിവസത്തിനുള്ളില്‍ ജോലി ചെയ്‌ത് തുടങ്ങാന്‍ സാധിക്കും. എങ്കിലും ഡോക്‌ടറുടെ നിര്‍ദേശം ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതുണ്ട്.
വളരെ ചുരുക്കം പേരില്‍ മുഴകള്‍ സങ്കോചിക്കാത്ത അവസ്‌ഥ ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് ഈ രീതി പാടില്ല. മറിച്ച് ശസ്‌ത്രക്രിയതന്നെ വേണ്ടിവരും. ഗര്‍ഭിണികള്‍ക്കും ഗര്‍ഭാശയാര്‍ബുദമുള്ളവര്‍ക്കും ഈ ചികിത്സാരീതി അഭികാമ്യമല്ല.
കോണ്‍ട്രാസ്‌റ്റ് ഡൈയോട് അലര്‍ജിയുള്ളവര്‍, അനിയന്ത്രിതമായ രക്‌തസ്രാവമുള്ളവര്‍, മൂത്രാശയസംബന്ധമായ രോഗങ്ങളുള്ളവര്‍ എന്നിവരും ഈ രീതി അവലംബിക്കാതിരിക്കുന്നതാണ് നല്ലത്.
ഡോ. ശക്‌തിപാര്‍വതി ഗോപാലകൃഷ്‌ണന്‍
കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ റാഡിയോളജിസ്‌റ്റ്
മെഡിക്കല്‍ ട്രസ്‌റ്റ് ഹോസ്‌പിറ്റല്‍,
കൊച്ചി
അവസാനം പരിഷ്കരിച്ചത് : 5/26/2020