പോളിയോ, അഞ്ചാംപനി പോലുള്ള രോഗങ്ങള്‍ രോഗപ്രതിരോധ മരുന്നുകളിലൂടെ നമ്മുടെ നാട്ടില്‍നിന്ന് അപ്രത്യക്ഷമാക്കാന്‍ കഴിഞ്ഞത് വാക്‌സിനുകള്‍ വ്യാപകമായതോടെയാണ്.
രോഗങ്ങളില്‍നിന്ന് സംരക്ഷിക്കാനായി കുട്ടികള്‍ക്കു നല്‍കുന്ന പ്രത്യേകതരം ഔഷധങ്ങളാണ് പ്രതിരോധ വാക്‌സിനുകള്‍.
കുഞ്ഞിന്റെ സമ്പൂര്‍ണ ആരോഗ്യത്തിന് പ്രതിരോധ വാക്‌സിനുകള്‍ നിര്‍ബന്ധമായും നല്‍കണം. ഇക്കാര്യത്തില്‍ ഡോക്‌ടറുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ വാക്‌സിനുകള്‍ നല്‍കുന്നതിനോട് വിമുഖത കാണിക്കാറുണ്ട്.
പ്രസവം കഴിഞ്ഞ് ആശുപത്രി വിട്ടുകഴിഞ്ഞല്‍ പിന്നീട് ആശുപത്രിയുടെ പടി ചവിട്ടാത്തവരുണ്ട്. ഇത് കുട്ടികളുടെ ആരോഗ്യകരമായ ഭാവിക്ക് ഉചിതമല്ല. പ്രതിരോധ വാക്‌സിനുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടതില്ല എന്നു വാദിക്കുന്നവരുമുണ്ട്.
എന്നാല്‍ ഇത് തെറ്റായ വിശ്വാസമാണ്. കുഞ്ഞിന്റെ കരച്ചിലും മറ്റ് ബുദ്ധിമുട്ടുകളും കാണാന്‍ കഴിയാതെ പ്രതിരോധ വാക്‌സിനുകള്‍ സൗകര്യപൂര്‍വം ഒഴിവാക്കുന്നവരില്‍ അഭ്യസ്‌ഥവിദ്യരുമുണ്ട്. ഇതെല്ലാംതന്നെ കുഞ്ഞിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാനിടയുണ്ട്. വാക്‌സിനുകള്‍ പറഞ്ഞ സമയത്തുതന്നെ എടുക്കാന്‍ യാതൊരു കാരണവശാലും മറക്കരുത്.
പോളിയോ, അഞ്ചാംപനി പോലുള്ള രോഗങ്ങള്‍ രോഗപ്രതിരോധ മരുന്നുകളിലൂടെ നമ്മുടെ നാട്ടില്‍നിന്ന് അപ്രത്യക്ഷമാക്കാന്‍ കഴിഞ്ഞത് വാക്‌സിനുകള്‍ വ്യാപകമായതോടെയാണ്. രോഗങ്ങളില്‍നിന്ന് സംരക്ഷിക്കാനായി കുട്ടികള്‍ക്കു നല്‍കുന്ന പ്രത്യേകതരം ഔഷധങ്ങളാണ് പ്രതിരോധ വാക്‌സിനുകള്‍.
അതിനാല്‍ നവജാത ശിശുക്കള്‍ മുതല്‍ പ്രായമായ കുട്ടികള്‍ക്കുവരെ ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന കാലയളവില്‍ ഇത് കൊടുക്കുക. എപ്പോഴെങ്കിലും കൊടുത്താല്‍ മതിയല്ലോ എന്ന ചിന്താഗതി മാറണം. കുഞ്ഞിനെ മാരകരോഗങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും.
വൈറസ്, ബാക്‌ടീരിയ എന്നിവമൂലം ഉണ്ടാകുന്ന രോഗങ്ങളായഅഞ്ചാംപനി, പോളിയോ, വില്ലന്‍ചുമ, ഡിഫ്‌ത്തീരിയ എന്നിവയില്‍ ഏതെങ്കിലും കുട്ടിയുടെ ശരീരത്തെ ബാധിക്കുമ്പോള്‍ അവരുടെ ശരീരത്തില്‍ രോഗാണുക്കള്‍ക്കെതിരായി ആന്റിബോഡികള്‍ ഉണ്ടാകുന്നു.
ഈ ആന്റിബോഡികള്‍ രോഗബാധയില്‍നിന്ന് കുട്ടിയെ സംരക്ഷിക്കുന്നു. നിര്‍വീര്യമാക്കപ്പെട്ട വൈറസിന്റെയോ ബാക്‌ടീരിയയുടെയോ മറ്റ് വസ്‌തുക്കളുടെയോ ചെറിയ ഒരുഅംശം ഓരോ പ്രതിരോധ മരുന്നിലും അടങ്ങിയിട്ടുണ്ട്.
കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കുമ്പോള്‍ അതിനോടുള്ള പ്രതിപ്രവര്‍ത്തനത്താല്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ ആ പ്രത്യേക രോഗത്തെ ചെറുത്തുനിര്‍ത്തുന്നു.
എന്നാല്‍ ഈ മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന അണുക്കള്‍ കുഞ്ഞില്‍ രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് ഭയക്കേണ്ട. രോഗങ്ങളുണ്ടാക്കുന്നതിലും കുറഞ്ഞ അളവില്‍ മാത്രമാണ് ഈ മരുന്നുകളില്‍ അണുക്കള്‍ അടങ്ങിയിരിക്കുന്നത്.
എന്തുകൊണ്ടാണ് വാക്‌സിനുകള്‍ നല്‍കുന്നതിന് പ്രായപരിധി നിര്‍ണയിക്കുന്നത്? പല അമ്മമാരുടെ ഉള്ളിലും ഇങ്ങനെയൊരു സംശയം തോന്നിയേക്കാം. വില്ലന്‍ ചുമ, ക്ഷയം, പോളിയോ തുടങ്ങിയ രോഗങ്ങള്‍ ചെറിയ പ്രായത്തിലേ കുഞ്ഞുങ്ങളെ ബാധിക്കാം.
എന്നാല്‍ ടൈഫോയിഡ് പോലുള്ള രോഗങ്ങള്‍ പ്രായം കൂടുന്നതനുസരിച്ചാണ് പിടിപ്പെടുന്നത്. ഓരോ കാലഘട്ടത്തിലും കുട്ടികളെ രോഗങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താനാണ് പ്രതിരോധമരുന്നുകള്‍ക്ക് സമയക്രമം രൂപപ്പെടുത്തിയിരിക്കുന്നത്.
വിവിധ ആശുപത്രികളില്‍ പ്രതിരോധ ചികിത്സയ്‌ക്കു നിശ്‌ചയിക്കുന്ന സമയക്രമത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ സംഭവിച്ചേക്കാം. അത് സ്വാഭാവികം മാത്രമാണ്. അതുപോലെ പുതിയ പ്രതിരോധ മരുന്നുകളുടെ കണ്ടുപിടിത്തവും പഴയമരുന്നുകളുടെ ഉപയോഗക്രമവും പരിഗണിച്ച് കാലാനുസൃതമായ മാറ്റം വരുത്തേണ്ടതായും വരാറുണ്ട്.
കുഞ്ഞ് അമ്മയുടെ ഉള്ളില്‍ ജന്മമെടുക്കുമ്പോള്‍തന്നെ രോഗപ്രതിരോധത്തിനുള്ള ചെറുത്തുനില്‍പ്പ് തുടങ്ങണം. അത് അവര്‍ക്ക് കിട്ടുന്നത് അമ്മയിലൂടെയാണ്. ഗര്‍ഭകാലത്ത് ടെറ്റനസ്, ടോക്‌സോയിഡിന്റെ രണ്ടു ഡോസ് എന്നിവ നല്‍കാറുണ്ട്.
അതുവഴി അമ്മയുടെ ശരീരത്തില്‍ ഉല്‌പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ ഗര്‍ഭസ്‌ഥശിശുവിന്റെ ശരീരത്തിലേക്കും വ്യാപിക്കുന്നു. അതിനാല്‍ കുഞ്ഞ് ജനിച്ചശേഷം ഏതാനും ആഴ്‌ചകള്‍ ടെറ്റനസ്‌ബാധയില്‍നിന്നുള്ള സംക്ഷണം കിട്ടുന്നുണ്ട്. പിന്നീട് മൂന്ന് ഡോസ് ഡി.പി.ടി നല്‍കുന്നതിലൂടെ ദീര്‍ഘകാല സംരക്ഷണവും ലഭിക്കുന്നു.
ചില വാക്‌സിനുകള്‍ ഒന്നിലധികം ആവര്‍ത്തി നല്‍കാറുണ്ട്. ഒരു ഡോസ് നല്‍കുന്നതിലൂടെ രോഗപ്രതിരോധത്തിന് ആവശ്യമായത്ര അളവില്‍ ആന്റിബോഡി ഉല്‌പാദിപ്പിക്കപ്പെടണമെന്നില്ല. അതിനാലാണ് വീണ്ടും വാക്‌സിന്‍ ആവര്‍ത്തിക്കേണ്ടിവരുന്നത്.
ചില വാക്‌സിനുകള്‍ മൂന്ന് ആവര്‍ത്തികളായി നല്‍കി പ്രതിരോധശക്‌തി വീണ്ടെടുത്താലും ബൂസ്‌റ്റര്‍ ഡോസ് നല്‍കി വീണ്ടും ശക്‌തിപ്പെടുത്തേണ്ടതായും വരാം. ഒരു വര്‍ഷമോ അതില്‍കൂടുതലോ ഇടവേളകളിലാണ് ബൂസ്‌റ്റര്‍ ഡോസ് നല്‍കുക. ഇതിലൂടെ കുട്ടിക്ക് തുടര്‍ച്ചയായ സംരക്ഷണം ലഭിക്കുന്നു.
1. കുട്ടിക്ക് യഥാസമയം പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീടത് നല്‍കാതിരിക്കരുത്. ഒരു ഡോക്‌ടറെ സമീപിച്ച് മരുന്ന് നല്‍കാന്‍ അനുയോജ്യമായ സമയക്രമം മനസിലാക്കണം.
2. ഒരു ഡോസ് നല്‍കി അടുത്ത ഡോസ് നല്‍കാന്‍ മറന്നുപോയാലും ആദ്യം മുതല്‍ ആവര്‍ത്തിക്കേണ്ടിവരും എന്നു കരുതിയിരിക്കരുത്. ആദ്യത്തെ ഡോസ് ആവര്‍ത്തിക്കാതെതന്നെ ഇത് നല്‍കാവുന്നതാണ്.
3. കുട്ടിക്ക് ചെറിയ പനിയോ ജലദോഷമോ ചുമയോ ഉണ്ടെന്നുകരുതി പ്രതിരോധ മരുന്നുകൊടുക്കാതിരിക്കരുത്.
4. ശക്‌തമായ പനിയോ മറ്റ് രോഗങ്ങളോ ഉണ്ടെങ്കില്‍ ഡോക്‌ടറുടെ നിര്‍ദേശമനുസരിച്ച് മാത്രം പ്രതിരോധ ചികിത്സ നല്‍കുക.
പ്രതിരോധ ചികിത്സയോട് കുഞ്ഞിന്റെ ശരീരം പ്രതികരിക്കാറുണ്ട്. മരുന്ന് ഫലപ്രദമായെന്നുള്ളതിനുള്ള തെളിവാണിത്. കുഞ്ഞിന്റെ അസ്വസ്‌ഥതകളിലൂടെ അമ്മയ്‌ക്കിത് മനസിലാക്കാന്‍ സാധിക്കുന്നതാണ്.
ബി. സി.ജി , ഡി.പി.ടി , മീസില്‍സ് വാക്‌സിന്‍, എം.എം.ആര്‍ വാക്‌സിന്‍
1. ബി. സി.ജി ലക്ഷണങ്ങള്‍
കുഞ്ഞിന്റെ ഇടതു തോളിന്റെ താഴ്‌ഭാഗത്ത് ഒറ്റ ഡോസായി കുത്തിവയ്‌ക്കുന്നു. വേദനയോ പനിയോ മറ്റ് അസ്വസ്‌ഥതകളോ ഉടനെ ഉണ്ടാകുന്നില്ല. 4-6 ആഴ്‌ചയ്‌ക്കുശേഷം കുത്തിവച്ച ഭാഗത്ത് ചെറിയ കുമിള പ്രത്യക്ഷപ്പെടുന്നു. എട്ടാഴ്‌ചക്കാലം കുമിളയുടെ വലിപ്പത്തിന് വ്യത്യാസം ഉണ്ടാകാം. 12 ആഴ്‌ചയ്‌ക്കുശേഷം കുമിള ചുരുങ്ങി അവിടെ ഒരു അടയാളം പ്രത്യക്ഷപ്പെടുന്നു.
2. ഡി.പി.ടി ലക്ഷണങ്ങള്‍
കുത്തിവച്ച ഭാഗത്ത്‌വീക്കവും വേദനയും ഉണ്ടാകുന്നു. പനിയും ഉണ്ടാകാറുണ്ട്. 1-2 ദിവസം ഇത് നീണ്ടുനില്‍ക്കാം.
3. മീസില്‍സ് വാക്‌സിന്‍ ലക്ഷണങ്ങള്‍
ചില കുട്ടികളില്‍ വാക്‌സിന്‍ കൊടുത്ത് 5-6 ദിവസത്തിനുശേഷം മുഖത്തും ശരീരത്തും നേരിയ തടിപ്പും ചെറിയ ചൂടും അനുഭവപ്പെടാം. ഇത് തനിയെ ശമിക്കുന്നതാണ്.
4. എം.എം.ആര്‍ വാക്‌സിന്‍ ലക്ഷണങ്ങള്‍
വാക്‌സിനെടുത്ത് 10 ദിവസത്തിനുശേഷം മുഖത്തിനിരുവശത്തും കാതുകള്‍ക്കു ചുറ്റുമുള്ള ഗ്രന്ഥികള്‍ക്കും ചെറിയ വീക്കം ഉണ്ടാകാനിടയുണ്ട്. ഇത് തനിയെ ശമിക്കുന്നതാണ്.
അവസാനം പരിഷ്കരിച്ചത് : 2/19/2020