ആശുപത്രിയില്‍ വച്ച് നടക്കുന്ന പ്രസവങ്ങളുടെ എണ്ണത്തിലും പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.
ഒരു ജനതയുടെ ആരോഗ്യരംഗത്തെ മുന്നേറ്റത്തെക്കുറിച്ചറിയാനുള്ള ഏറ്റവും നല്ല സൂചികയായി പറയുന്നത് ഒരു വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് അഥവാ ഇന്‍ഫന്റ് മോര്‍ട്ടാലിറ്റി റേറ്റ് (ഐ.എം.ആര്‍) ആണ്. അതായത് ഓരോ ആയിരം ജനങ്ങള്‍ക്കും എത്ര കുട്ടികള്‍ മരിക്കുന്ന എന്ന കണക്ക്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 37 ഉം കേരളത്തില്‍ 6 ഉം ആണത്. കേരളത്തിലെ ഐഎംആര്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. ആശുപത്രിയില്‍ വച്ച് നടക്കുന്ന പ്രസവങ്ങളുടെ എണ്ണത്തിലും പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.
ചുരുങ്ങിയ സൗകര്യങ്ങള്‍ വച്ച് ഇത്രയും വലിയ നേട്ടമുണ്ടാക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ചിരിക്കുന്നത് ജനങ്ങളുടെ സാക്ഷരതയാണ്.
എങ്കിലും പണ്ട് മുതലേ ശീലിച്ച് പോരുന്ന ചില അബദ്ധ ധാരണകളും ആചാരങ്ങളും മാറ്റുവാന്‍ ഇപ്പോഴും പലര്‍ക്കും മടിയാണ്. നവജാതശിശുക്കളുടെ (ജനിച്ച ശേഷമുള്ള ആദ്യത്തെ 28 ദിവസങ്ങള്‍ വരെയാണ് നവജാതശിശു എന്നു പറയുന്നത്) പരിചരണത്തില്‍ ഇത്തരത്തിലുള്ളവ അല്‍പം കൂടുതലാണെന്ന് കാണാം.
ജനിച്ചയുടനെ മധുരം (പഞ്ചസാര വെള്ളം, തേന്‍ മുതലായവ) നല്‍കുക, പൊക്കിളില്‍ വെള്ളം തൊടിയിക്കാതിരിക്കുക, ശോധനയ്ക്കായി ഉരമരുന്ന് നല്‍കുക തുടങ്ങിയവ അവയില്‍ ചിലതാണ്. അവ മാറ്റിയെടുക്കേണ്ടത് ആവശ്യമാണ്.
മുതിര്‍ന്നവരില്‍ കാണുന്ന ചില രോഗലക്ഷണങ്ങള്‍ കുട്ടികളില്‍ സാധാരണവും മുതിര്‍ന്നവരില്‍ കാണുന്ന ചില സാധാരണ കാര്യങ്ങള്‍ കുട്ടികളില്‍ രോഗലക്ഷണവുമാകാം. ഇവ തിരിച്ചറിയേണ്ടതും വളരെ അത്യാവശ്യമാണ്.
പ്രശ്‌നമില്ലാത്തവ
- ശരീരത്തില്‍ അങ്ങിങ്ങായി കൊതുക് കടിച്ച പോലുള്ള ചുവന്ന് തടിച്ച പാടുകള്‍.
- കണ്ണിന് മഞ്ഞനിറം
- മൂക്കിന് തുമ്പിലെ വെളുത്ത കുത്തുകള്‍
- വായയുടെ ഉള്ളിലായി മുകള്‍ ഭാഗത്ത് കാണുന്ന വെള്ള കുത്തുകള്‍
- എക്കിള്‍
- തുമ്മല്‍
- ഞെളിപിരി
- കുറുകുന്ന ശബ്ദം (പ്രത്യേകിച്ച് രാത്രിയിലും വെളുപ്പിനും കേള്‍ക്കുന്നവ)
- പൊക്കിളില്‍ നിന്നും രക്തം പൊടിയല്‍
- പാല്‍ തികട്ടല്‍
- പകലുറക്കം, രാത്രി കരച്ചില്‍
- പെണ്‍കുട്ടികളില്‍ ചെറിയ രക്തസ്രാവം
- ആണ്‍കുട്ടികളില്‍ മൂത്രത്തില്‍ പിങ്ക് നിറം
- മുലഞെട്ടില്‍ കല്ലിപ്പ്
- മലമൂത്ര വിസര്‍ജനത്തിന് മുന്‍പും ശേഷവുമുള്ള കരച്ചില്‍
- രണ്ടാമത്തെ ആഴ്ചയോടു കൂടി ആരംഭിച്ച് രണ്ടോ മൂന്നോ ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന വയറിളക്കം
- മൂന്നോ നാലോ ആഴ്ചകള്‍ പ്രായമായ ശേഷം 2- 3 ദിവസം മലം പോകാതിരിക്കല്‍
- ബിസിജി എടുത്ത ഭാഗത്ത് കാണുന്ന തടിപ്പ് (ഏകദേശം 4 ആഴ്ചകള്‍)
പ്രശ്‌നമുള്ളവ
- ചൂട് 36.5 ഡിഗ്രി സെല്‍ഷ്യസ് (97.5 ഫാരെന്‍ഹീറ്റ്) കുറവ് അല്ലെങ്കില്‍ 37.5 ഡിഗ്രി സെല്‍ഷ്യസില്‍ (99.5 ഫാരെന്‍ഹീറ്റ്) കൂടുതല്‍
- അരയ്ക്ക് താഴേക്ക് കാണുന്ന മഞ്ഞനിറം
- പഴുപ്പ് നിറഞ്ഞ പോലുള്ള കുരുക്കള്‍
- അപസ്മാരം
- സാധാരണയില്‍ കൂടുതലുള്ള ഉറക്കം/ കരച്ചില്‍
- പാല്‍ കുടിക്കാനുള്ള മടി
- ചുമ
- വേഗത്തിലുള്ള ശ്വാസതാളം
- ആയാസകരമായ ശ്വാസമെടുപ്പ്
- ദിവസത്തില്‍ 6-8 തവണയില്‍ കുറവു മൂത്രം
- കണ്ണില്‍ പീള കെട്ടല്‍
- പൊക്കിളില്‍ പഴുപ്പ്
ഇവയില്‍ ഏതെങ്കിലും കണ്ടാലുടനെ ഡോക്ടറെ കാണിക്കേണ്ടതാണ്.
പൊതുകാര്യങ്ങള്‍
മുലയൂട്ടല്‍
- ആറ് മാസം വരെ മുലപ്പാല്‍ മാത്രം നല്‍കുക (വെള്ളം, തേന്‍ മുതലായവയൊന്നും നല്‍കരുത്)
- കുഞ്ഞ് ആവശ്യപ്പെടുന്നതനുസരിച്ച് പാല്‍ നല്‍കുക (ഏകദേശം 10 തവണ, രാത്രിയില്‍ കൂടുതല്‍ ആവശ്യപ്പെടും)
- പാല്‍ കൊടുത്തതിനു ശേഷം പുറകില്‍ നന്നായി തട്ടികൊടുക്കുക, തലഭാഗം അല്‍പം ഉയര്‍ത്തി വച്ച് ഉറക്കുക
- മ്മയ്ക്ക് ആവശ്യത്തിന് വിശ്രമവും ഉറക്കവും, വെള്ളവും ഭക്ഷണവും ഉറപ്പാക്കുക
- അമ്മ സൗകര്യപ്രദമായി ചാരിയിരുന്ന് പാല്‍ നല്‍കുക. പാല്‍ നല്‍കുമ്പോള്‍ കുഞ്ഞിനോട് സംസാരിക്കുകയോ പാട്ടുപാടുകയോ ആവാം
- രണ്ട് വയസ് വരെയെങ്കിലും മുലപ്പാല്‍ നല്‍കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- കുഞ്ഞിന്റെ തലയും ഉടലും ഒരേ രീതിയിലായിരിക്കണം
- കുഞ്ഞിന്റെ തലയും ഉടലും ഒരുപോലെ താങ്ങണം
- കുഞ്ഞിന്റെ ഉടല്‍ അമ്മയ്ക്ക് നേരെ തിരിഞ്ഞിരിക്കണം
- കുഞ്ഞിന്റെ ഉടല്‍ അമ്മയോട് ചേര്‍ന്നിരിക്കണം
- കുഞ്ഞിന്റെ താടി മുലയിലമര്‍ന്നിരിക്കണം
- കുഞ്ഞിന്റെ താഴത്തെ ചുണ്ട് മലര്‍ന്നിരിക്കണം
- കുഞ്ഞിന്റെ വായ നല്ലതുപോലെ തുറന്നിരിക്കണം
- അമ്മയുടെ മുലഞെട്ടിന് ചുറ്റുമുള്ള ഭാഗം പരമാവധി കുഞ്ഞിന്റെ വായിലായിരിക്കണം
കുഞ്ഞ് നല്ലതുപോലെ പാല്‍ കുടിക്കുന്നതിന്റെ ലക്ഷണങ്ങള്‍
- കുടിക്കുമ്പോള്‍ കവിള്‍ പുറത്തേക്ക് ചാടിയിരിക്കും
- വലിച്ച് കുടിക്കുന്നതിനിടയില്‍ പാലിറക്കുവാനായി ഇടയ്ക്കിടെ കുടി നിര്‍ത്തും
- മുലയൂട്ടല്‍ വേദനരഹിതമായിരിക്കും
കുഞ്ഞിന് നല്ലതുപോലെ പാല്‍ ലഭിക്കുന്നതിന്റെ ലക്ഷണങ്ങള്‍
- ദിവസത്തില്‍ 6-8 തവണയെങ്കിലും മൂത്രമൊഴിക്കും
- പാല്‍ കുടിച്ച് കഴിഞ്ഞാല്‍ 2- 3 മണിക്കൂര്‍ ഉറങ്ങും
- ജനിച്ച് രണ്ടാഴ്ചയാകുമ്പോഴേക്കും ജനനസമയത്തെ തൂക്കത്തിലേക്ക് തിരിച്ചെത്തും
കുഞ്ഞിന് ലഭിക്കുന്ന ഗുണങ്ങള്‍
- എല്ലാ പോഷകങ്ങളുമടങ്ങിയിട്ടുള്ള ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്ന ഭക്ഷണം
- മെച്ചപ്പെട്ട ബുദ്ധി വളര്‍ച്ച
- കുറവ് അണുബാധ സാധ്യത
- ഉറയ്ക്കാത്ത മലം
- കൂടുതല്‍ വൈകാരിക ബന്ധം
- പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയ സംബന്ധിയായ അസുഖങ്ങള്‍, അമിതവണ്ണം, അലര്‍ജി, മുതലായവയില്‍ നിന്നുള്ള സംരക്ഷണം
അമ്മയ്ക്കുള്ള ഗുണങ്ങള്‍
- ഗര്‍ഭാശയം ചുരുങ്ങാനും രക്തസ്രാവം കുറയ്ക്കുവാനും സഹായിക്കും
- തടി കുറയ്ക്കുവാന്‍ സഹായിക്കും
- ഉടനെയുള്ള ഗര്‍ഭധാരണത്തില്‍ നിന്നുമുള്ള സംരക്ഷണം
- സ്തനാര്‍ബുദത്തില്‍ നിന്നും അണ്ഡാശയ അര്‍ബുദത്തില്‍ നിന്നും സംരക്ഷണം
- ജോലിയും സമയവും ലാഭം
നവജാത ശിശുക്കള്‍ക്ക് അമ്മയുടെ സ്‌നേഹത്തിന്റെ ചൂടാണ് വേണ്ടത്. അശ്രദ്ധകൊണ്ട് പല ആരോഗ്യപ്രശ്‌നങ്ങളും കുഞ്ഞുങ്ങള്‍ക്ക് വരാമെന്നിരിക്കെ ഏറ്റവും നല്ല പരിചരണമായിരിക്കണം അവര്‍ക്ക് നല്‍കേണ്ടത്.
കടപ്പാട് : ഡോ. തോമസ് രഞ്ജിത്
കണ്‍സള്‍ട്ടന്റ് പീഡിയാട്രിഷന്‍
സൈമര്‍ കൊച്ചിന്‍ ഹോസ്പിറ്റല്‍, കൊച്ചി