കുട്ടികളില്‍ ഹൃദ്രോഗ സാധ്യതയുണ്ട്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന് അറിഞ്ഞാല്‍ ഏത് മാതാപിതാക്കളാണ് തളര്‍ന്നുപോകാത്തത്. ഹൃദയസംബന്ധമായ തകരാറുകള്‍ കണ്ടെത്താനും ചികിത്സിക്കാനുമുള്ള നൂതനരീതികള്‍ ഇന്നുണ്ട്. രോഗലക്ഷണങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും മാതാപിതാക്കളുടെ ആശങ്കകളും അവയ്ക്കുള്ള ഉത്തരവും.
പ്രധാനമായും രണ്ടു രീതിയിലാണ് ഹൃദ്രോഗം കുട്ടികളില്‍ കണ്ടുവരുന്നത്. ജന്മനാലുള്ളതും അല്ലാത്തവയും. ഭൂരിഭാഗവും ജന്മനായുള്ള ഹൃദയവൈകല്യങ്ങള്‍ക്കൊണ്ടുള്ളവയാണ്. ഹൃദയഭിത്തിയിലുള്ള ദ്വാരങ്ങള്‍ (എ.എസ്.ഡി. - വി.എസ്.ഡി.), അടയാത്ത ഹൃദയധമനികള്‍, ഹൃദയധമനികളുടെ ചുരുങ്ങല്‍ (എം.എസ്.ടി.എസ്.പി.എസ്), സ്ഥാനം തെറ്റിയ ഹൃദയധമനികള്‍, ഹൃദയപേശികളെ ബാധിക്കുന്ന അണുബാധകള്‍, ഹൃദയപേശികളുടെ അസാധാരണമായ വികാസങ്ങള്‍, ഹൃദയാവരണത്തിനു സംഭവിക്കുന്ന വീക്കം, വാതപ്പനിയുടെ കൂടെ വരുന്ന ഹൃദയത്തകരാറുകള്‍ തുടങ്ങിയവയാണ് ജന്മനാല്‍ കുട്ടികളില്‍ ഹൃദയത്തെ ബാധിക്കുന്ന തകരാറുകള്‍.
പാരമ്പര്യം ഹൃദ്രോഗത്തിന് പലഘടകങ്ങളില്‍ ഒന്നുമാത്രമാണ്. എന്നാല്‍ ജന്മവൈകല്യമുള്ള കുട്ടികളുള്ളവര്‍, മാസം തികയാതെ പ്രസവിച്ച കുട്ടികള്‍ എന്നിവര്‍ക്ക് ഹൃദയവൈകല്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
കുട്ടിക്ക് ജന്മനാ നീലനിറം, അസാധാരണമായ ഹൃദയമിടിപ്പും അണപ്പും, പാല്‍ കുടിക്കാനുള്ള ബുദ്ധിമുട്ട്, ഹൃദയമിടിപ്പില്‍ വ്യതിയാനങ്ങളുണ്ടാവുക, അസാധാരണമായ രക്തസമ്മര്‍ദം ഇവയൊക്കെയാണ് കുട്ടികളില്‍ കണ്ടുവരുന്ന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍.
എക്‌സ്‌റേ, ഇ.സി.ജി., ഇക്കോടെസ്റ്റ് തുടങ്ങിയവയിലൂടെ കൃത്യമായി രോഗനിര്‍ണയം നടത്തി ഹൃദയവൈകല്യങ്ങള്‍ കണ്ടെത്താം.
ഹൃദയവൈകല്യങ്ങള്‍ കുട്ടികളില്‍ അപകടങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നാല്‍ കുട്ടിക്ക് നീലനിറം, തൂക്കക്കുറവ്, വളര്‍ച്ചക്കുറവ്, ബുദ്ധിവികസിക്കാതിരിക്കുക, ശ്വാസതടസം, നെഞ്ചുവേദന, ഹൃദയാഘാതം, ഹൃദയപേശികള്‍ക്ക് അണുബാധ തുടങ്ങിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.
ഏതു വൈകല്യമാണ്, എത്ര ഗുരുതരമാണ്, എത്രാം വയസില്‍ കണ്ടെത്തുന്നു എന്നിവ ആശ്രയിച്ചാണ് ചികിത്സ നിര്‍ണ്ണയിക്കുന്നത്. നൂതന ശസ്ത്രക്രിയാമാര്‍ഗങ്ങള്‍ ഇന്നുണ്ട്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍വരെ ഇന്ന് നടത്തിവരുന്നു. കോയിന്‍ ക്ലോഷര്‍, ബലൂണ്‍ ആന്‍ജിയോ പ്ലാസ്റ്റി എന്നിവയൊക്കെ നൂതന ശസ്ത്രക്രിയ മാര്‍ഗങ്ങളാണ്.
ഹൃദയവൈകല്യങ്ങള്‍ ഒഴിവാക്കാനുള്ള ചില മുന്‍കരുതലുകള്‍.
a. ഗര്‍ഭകാലത്ത് അനാവശ്യ മരുന്നുകള്‍ ഒഴിവാക്കുക.
b .പോഷകാഹാരം കഴിക്കുക, അമിതാഹാരം ഒഴിവാക്കുക.
c. മാസം തികയാതെയുള്ള പ്രസവം സംഭവിക്കാതെ സൂക്ഷിക്കുക.
d. കൗമാരപ്രായക്കാരായ പെ ണ്‍കുട്ടികള്‍ പ്രതിരോധകുത്തിവയ്പുകള്‍ എടുക്കുക.
ഗര്‍ഭകാലത്ത് കണ്ടുവരുന്ന പ്രമേഹം അമ്മയിലും കുഞ്ഞിലും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പ്രമേഹരോഗിക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ജന്മവൈകല്യങ്ങളുള്ള കുഞ്ഞ് ജനിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗര്‍ഭകാല പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതാണ് ഉത്തമം.
ലക്ഷണങ്ങളിലൂടെ കുട്ടികളിലെ ഹൃദയവൈകല്യം മാതാപിതാക്കള്‍ക്ക് തിരിച്ചറിയാനാവും. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കണം. ഹൃദയവൈകല്യമുള്ള കുട്ടികളെ മറ്റു കുട്ടികളില്‍നിന്നും അകറ്റി നിര്‍ത്തരുത്.
ഹൃദയവൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ തമ്മില്‍ സംഘങ്ങള്‍ രൂപീകരിക്കുക. ഇതുവഴി പ്രശ്‌നങ്ങള്‍ പരസ്പരം തുറന്നു സംസാരിക്കാന്‍ കഴിയും. ഗവണ്‍മെന്റ് തലത്തിലുള്ള ചികിത്സാസഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും നേടിയെടുക്കാവുന്നതാണ്.
കടപ്പാട്: ഡോ. സിസ്റ്റര്‍. ബ്രിജിറ്റ
പീഡിയാട്രീഷന്‍
മേരിഗിരി ഹോസ്പിറ്റല്‍, ഭരണങ്ങാനം
അവസാനം പരിഷ്കരിച്ചത് : 2/26/2020