കുട്ടികളുടെ ശുചിത്വത്തില്‍ മാതാപിതാക്കള്‍ വേണ്ടത്ര ശ്രദ്ധ നല്‍കാത്തത് രോഗം ക്ഷണിച്ചു വരുത്തും. അതുകൊണ്ട് കുട്ടികളെ എപ്പോഴും വൃത്തിയായി സംരക്ഷിക്കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരഘടന അനുസരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശുചിത്വം ചെറിയ പ്രായത്തില്‍ വളരെ ആവശ്യമാണ്.
ശുചിത്വക്കുറവ് കൊണ്ട് കുട്ടികളില്‍ പൊതുവേ കണ്ടു വരുന്ന രോഗങ്ങളിലൊന്നാണ് മൂത്രത്തില്‍ പഴുപ്പ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മൂത്രത്തില്‍ പഴുപ്പിനുള്ള സാധ്യതയുണ്ടെങ്കിലും ഒരു വയസിനു ശേഷം പെണ്‍കുട്ടികളിലാണ്് രോഗസാധ്യത കൂടുതല്‍.
കുട്ടികളില്‍ ഉണ്ടാകുന്ന പല രോഗങ്ങളില്‍ അതീവ ഗൗരവത്തോടെ കാണേണ്ട രോഗമാണ് മൂത്രത്തില്‍ പഴുപ്പ്. കുട്ടികളില്‍ ഉണ്ടാകുന്ന മൂത്രത്തില്‍ പഴുപ്പില്‍ നല്ലൊരു ശതമാനവും ബാക്ടീരിയ മൂലം ഉണ്ടാകുന്നതാണ്.
ഒരു വയസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മൂത്രത്തില്‍ പഴുപ്പ് ഒരുപോലെ വരാനിടയുണ്ട്്. എന്നാല്‍ ഒരു വയസിനു ശേഷം ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്കായിരിക്കും ഈ രോഗം കൂടുതലുണ്ടാകാന്‍ സാധ്യത.
പെണ്‍കുട്ടികളുടെ ശരീരഘടനയിലുള്ള വ്യത്യാസം തന്നെയാണ് ഇതിനു പ്രധാന കാരണം. ചെറുപ്പത്തില്‍ വളരെ ഗൗരവപൂര്‍വം കാണേണ്ട രോഗമാണിത്. ശുചിത്വക്കുറവ് കൊണ്ട് കുട്ടികളിലുണ്ടാകുന്ന അണുബാധയാണ് പ്രധാന രോഗകാരണം.
കുട്ടികളുടെ ശുചിത്വത്തില്‍ മാതാപിതാക്കള്‍ വേണ്ടത്ര ശ്രദ്ധ നല്‍കാത്തത് രോഗം ക്ഷണിച്ചു വരുത്തും. അതുകൊണ്ട് കുട്ടികളെ എപ്പോഴും വൃത്തിയായി സംരക്ഷിക്കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ശരീരഘടന അനുസരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശുചിത്വം ചെറിയ പ്രായത്തില്‍ വളരെ ആവശ്യമാണ്. പനി, ഛര്‍ദി, അടിവയറ്റില്‍ വേദന തുടങ്ങിയവയാണ് പൊതുവായ ലക്ഷണങ്ങള്‍.
വൈറസുകള്‍ കാരണവും രോഗമുണ്ടാകാമെങ്കിലും അതിനുള്ള സാധ്യത പൊതുവേ കുറവായിരിക്കും. വളരെ അപൂര്‍വമായി മാത്രമായിരിക്കും ഫംഗസുകള്‍ മൂലം രോഗമുണ്ടാകുന്നത്.
കുട്ടികളിലെ മൂത്രത്തില്‍ പഴുപ്പിന് പ്രധാന കാരണം ശുചിത്വക്കുറവാണ്. കുട്ടികളെ സംബന്ധിച്ച് ശരീരം സ്വയം വൃത്തിയാക്കാന്‍ അവരെക്കൊണ്ടാകില്ല. മുതിര്‍ന്നവര്‍ അത് മനസിലാക്കി ശരീരം വൃത്തിയാക്കി കൊടുക്കേണ്ടതുണ്ട്. രാവിലെയും വൈകുന്നേരവും കുട്ടികളുടെ ശുചിത്വം ഉറപ്പുവരുത്തണം.
ദിവസങ്ങള്‍ മാത്രം പ്രായമായ കുട്ടികള്‍ക്കുവരെ ഡയപ്പര്‍ ഉപയോഗിക്കുന്ന രീതിയാണിന്നുള്ളത്. മണിക്കൂറുകളോളം ഒരേ ഡയപ്പര്‍ ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളില്‍ അണുബാധയ്ക്ക് ഇടയാക്കും.
ദീര്‍ഘനേരം മൂത്രം ഡയപ്പറില്‍ തങ്ങി നില്‍ക്കുന്നത് ബാക്ടീരിയ ഉണ്ടാകാനിടയാക്കും. നനഞ്ഞിരിക്കുന്ന ഡയപ്പറില്‍ ധാരാളം ബാക്ടീരിയ പോലുള്ള അണുക്കള്‍ ഉണ്ടാകും. ഇവ മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകാന്‍ കാരണമാകും.
കുട്ടികളുടെ അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇറുകിയ വസ്ത്രങ്ങളാകരുത് തിരഞ്ഞെടുക്കുന്നത്. ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും അണുബാധയക്ക് കാരണമാകാം.
കുട്ടികള്‍ക്ക് ധാരാളം വെള്ളം കുടിക്കാന്‍ നല്‍കുക. ആവശ്യത്തിന് വെള്ളം കുടിക്കാത്തതും മൂത്രത്തില്‍ പഴുപ്പിനിടയാക്കും. കുട്ടികളിലെ മലബന്ധവും മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകാനുള്ള കാരണങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്.
വയറ്റില്‍ നിന്നും പോകാന്‍ തടസങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുക. മലബന്ധത്തിനിടയാക്കുന്ന ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. വയറ്റില്‍ നിന്നും പോകാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
മൂത്രത്തില്‍ പഴുപ്പ് ശരിയായി ചികിത്സിച്ചാല്‍ പരിഹരിക്കാവുന്ന രോഗമാണ്. ചികിത്സാ കാലയളവിലും ചികിത്സയ്ക്ക് ശേഷവും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നു മാത്രം. കുട്ടികള്‍ക്ക് പനി വന്നാലുടന്‍ ആശങ്കപ്പെടേണ്ടതില്ല.
മൂത്രത്തില്‍ പഴുപ്പിന്റെ ലക്ഷണമായ പനിയുണ്ടെങ്കിലും കുട്ടിയെ കുളിപ്പിക്കാവുന്നതാണ്. രാവിലെയും വൈകുന്നേരവും കുഞ്ഞിനെ കുളിപ്പിക്കുന്നതില്‍ തെറ്റില്ല. തലയില്‍ എണ്ണ പുരട്ടുന്നത് ഒഴിവാക്കണമെന്നേയുള്ളൂ.
ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ദീര്‍ഘനേരം ഒരേ ഡയപ്പര്‍ ഉപയോഗിക്കരുത്. അമ്മമാരുടെ ജോലിത്തിരക്കുകളോ, സൗകര്യമോ അനുസരിച്ച് ഡയപ്പര്‍ മാറ്റുന്ന രീതി പാടില്ല. ഇടയ്ക്കിടെ കുട്ടിയുടെ ഡയപ്പര്‍ പരിശോധിക്കുക.
നനവുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡയപ്പര്‍ മാറ്റുക. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യുക. മലമൂത്രവിസര്‍ജനത്തിനു ശേഷം എപ്പോഴും ശരീരം നന്നായി കഴുകി വൃത്തിയാക്കുക.
ഡയപ്പര്‍ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കുക. ഒരിക്കല്‍ മൂത്രത്തില്‍ പഴുപ്പ് ഉണ്ടായി ചികിത്സിച്ചതുകൊണ്ട്, വീണ്ടും രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ചിലരില്‍ മുതിര്‍ന്നതിനു ശേഷം മൂത്രത്തില്‍ പഴുപ്പ് കണ്ടുവരാറുണ്ട്. ഇ കോളൈ വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയയിലൂടെ രോഗം വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്.
കുട്ടികളില്‍ മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുന്നത് പൂര്‍ണമായും തടയുകയെന്നത് സ്വീകാര്യമല്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വരാനുള്ള സാധ്യത ഒരു പരിധി വരെ നിയന്ത്രിക്കാനാകും.
കുഞ്ഞുങ്ങള്‍ക്ക് ആറ് മാസം പ്രായമാകുന്നതുവരെ എങ്കിലും മുലപ്പാല്‍ നല്‍കുക. കൃത്യമായി മുലപ്പാല്‍ നല്‍കുന്നത് കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധശക്തി വര്‍ധിക്കാന്‍ സഹായിക്കും.
കുഞ്ഞുങ്ങളിലുണ്ടാകുന്ന മലബന്ധവും തടയാനാകും. പെണ്‍കുട്ടികളുടെ ശരീരഘടന അനുസരിച്ച് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതുകൊണ്ട് തന്നെ പെണ്‍കുട്ടികളുടെ ജനനേന്ദ്രിയ ഭാഗങ്ങള്‍ വൃത്തിയായി സുക്ഷിക്കുക. മലമൂത്രവിസര്‍ജനത്തിനു ശേഷം നന്നായി സ്വകാര്യഭാഗങ്ങള്‍ കഴുകുക.
സ്വകാര്യഭാഗങ്ങള്‍ കഴുകുമ്പോള്‍ പുറകില്‍നിന്നും പുറകിലേക്ക് കഴുകി വൃത്തിയാക്കുക. പുറകില്‍നിന്നും മുമ്പിലേക്ക് കഴുകുമ്പോള്‍ അണുക്കള്‍ മൂത്രദ്വാരത്തിലേക്ക് പ്രവേശിക്കാന്‍ ഇടയാകും.
മൂത്രദ്വാരത്തിലൂടെ അണുക്കള്‍ പ്രവേശിക്കുന്നത് ഇത്തരത്തില്‍ കുറയ്ക്കാനാകും. ധാരാളം വെള്ളം കുഞ്ഞുങ്ങള്‍ക്ക് നല്‍കുക. അവര്‍ വെള്ളം കുടിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടത് അമ്മയുടെ ഉത്തരവാദിത്വമാണ്. കുഞ്ഞുങ്ങള്‍ കൃത്യമായ ഇടവേളകളില്‍ മൂത്രമൊഴിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതുണ്ട്.
ആവശ്യസമയങ്ങളില്‍ മൂത്രമൊഴിക്കാത്തതും ദീര്‍ഘനേരം മൂത്രം പിടിച്ചു വയ്ക്കുന്നതും അണുബാധയുണ്ടാകാന്‍ കാരണമാകും. നൈലോണ്‍ അല്ലെങ്കില്‍ സിന്തറ്റിക് തുണികള്‍ കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ ഒഴിവാക്കുക. കോട്ടണ്‍ തുണികള്‍ക്കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക.
മൂത്രത്തില്‍ പഴുപ്പിന്റെ ചികിത്സാരീതിയുടെ ആദ്യഘട്ടം മൂത്രം പരിശോധനയാണ്. മൂത്രം പരിശോധിച്ച് രോഗസാധ്യത തോന്നിയാല്‍ മൂത്രം കള്‍ച്ചര്‍ ചെയ്യും. രോഗമുണ്ടോ എന്നു ഉറപ്പിക്കുന്നതിനു വേണ്ടിയാണ് കള്‍ച്ചര്‍ ചെയ്യുന്നത്. കള്‍ച്ചര്‍ ചെയ്ത പരിശോധനാ ഫലത്തെ ആശ്രയിച്ചാണ് മുന്നോട്ടുള്ള ചികിത്സ. പ്രായമനുസരിച്ച് ചികിത്സ പല വിഭാഗങ്ങളായിട്ടായിരിക്കും.
ഒരു വയസ് വരെ പ്രായമുളളവര്‍, ഒരു വയസ് മുതല്‍ അഞ്ച് വയസ് വരെ പ്രായമുള്ളത്, അഞ്ച് വയസിനു മുകളില്‍ പ്രായമുള്ളവര്‍ എന്നിങ്ങനെ. മൂത്രം കള്‍ച്ചര്‍ ചെയ്ത് നെഗറ്റീവ് ആണെങ്കില്‍ മറ്റു പ്രശ്‌നങ്ങളില്ല.
അതേ സമയം മൂത്രം പരിശോധിച്ച് പോസിറ്റീവാണ് ഫലമെങ്കില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ് വേണ്ടി വരും. വൃക്ക, മൂത്രദ്വാരം, മൂത്രാശയം എന്നിവയ്ക്ക് ജന്മന വൈകല്യമുണ്ടോ എന്നറിയുന്നതിനു വേണ്ടി സ്‌കാനിങ് ചെയ്യും. ജന്മനാ വൈകല്യമുണ്ടായതിന്റെ കാരണം കണ്ടുപിടിക്കാനാണ് അള്‍ട്രാ സൗണ്ട് സ്‌കാനിങ്. ജന്മനായുള്ള വൈകല്യം മൂത്രത്തില്‍ പഴുപ്പിന് കാരണമാകാം.
കിഡ്‌നിക്ക് പ്രശ്‌നമുള്ളത് കൊണ്ട് ഇടയ്ക്കിടെ മൂത്രത്തില്‍ പഴുപ്പുണ്ടാകാം. ഇടവിട്ട് മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുമ്പോള്‍ അത് കിഡ്‌നിയെ ദോഷമായി ബാധിക്കാനുമിടയാകും.
അള്‍ട്രാ സൗണ്ട് സ്‌കാനിങിലൂടെ തടസമുണ്ടെന്നു കണ്ടാല്‍ എംസിയു ചികിത്സ നല്‍കാറാണുള്ളത്. എംസിയു ടെസ്റ്റ് കഴിയുമ്പോള്‍ വൈകല്യം എന്താണെന്നു തിരിച്ചറിയാനാകും. അഞ്ച് ഗ്രേഡുകളായി ഇവ തരം തിരിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള ചികിത്സയായിരിക്കും നല്‍കുക.
1. കുളിരോട് കൂടിയ പനി
2. ഛര്‍ദ്ദി
3. അടിവയറ്റില്‍ വേദന
4. മൂത്രം പോകുമ്പോള്‍ വേദന അനുഭവപ്പെടുക
5. മൂത്രം പോകുന്നതിന്റെ എണ്ണം കൂടുക
6. മൂത്രത്തിന്റെ അളവ് കുറയുക
7. ക്ഷീണം അനുഭവപ്പെടുക
8. അടിവയറ്റിലെ വേദനയോടൊപ്പം നടുവുവേദന അനുഭവപ്പെടുക.
9. അസ്വസ്ഥത പ്രകടിപ്പിക്കുക
10. സാധാരണ രീതിയില്‍ നിന്നും വിപരീതമായി കിടക്കയില്‍ മൂത്രമൊഴിക്കുക
11. അറിയാതെ മൂത്രം പോകുക
ഡോ. കെ. എസ് രാജന്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷന്‍
കരിപ്പാല്‍ ഹോസ്പിറ്റല്‍, കോട്ടയം
അവസാനം പരിഷ്കരിച്ചത് : 5/10/2020