തലച്ചോറിലെ വൈദ്യുതി പ്രവാഹത്തിന്‍റെ തോതിലുള്ള വ്യത്യാസത്തിനനുസരിച്ച് ശരീരം പ്രകടിപ്പിക്കുന്ന മാറ്റങ്ങളാണ് അപസ്മാരം. ഇത് പ്രേതബാധമൂലമാണെന്ന് ഇപ്പോഴും കരുതുന്ന ആളുകളുണ്ട്. ഇത് ശരീരത്തെ മുഴുവനും ബാധിക്കുന്നതോ ഏതെങ്കിലും ഒരു ഭാഗത്തെ ബാധിക്കുന്നതോ ആകാം. അപൂർവ അവസരങ്ങളിൽ സാധാരണ കാണുന്നതുപോലെ ശരീരത്തിെൻറ ചലനത്തെ ബാധിക്കാതെ മറ്റുവിധത്തിലും ഇത് കണ്ടുവരാറുണ്ട്.
കുട്ടികളിലാണ് അപസ്മാര രോഗം കൂടുതൽ. 60 വയസ്സ് കഴിഞ്ഞവരിലും ഇത് കണ്ടുവരാറുണ്ട്. കുട്ടികളിലെ തലച്ചോറിെൻറ പ്രവർത്തനത്തിെൻറ പ്രത്യേകതമൂലമാണ് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതലായി രോഗം കാണാൻ കാരണം.
കുട്ടികളിൽ കാണുന്നത് ഒരു പ്രധാനതരത്തിലുള്ള അപസ്മാരരോഗമാണ്. പനിയുടെ കൂടെയുണ്ടാകുന്ന ഞെട്ടൽ. അഞ്ചു ശതമാനം കുട്ടികളിൽ വരെ ഇത് കാണാം. ഇതിൽ 30 ശതമാനത്തിൽപരം കുട്ടികളിൽ ഒന്നിൽകൂടുതൽ തവണ ഈ ഞെട്ടൽ കാണാം. ഇത് അപസ്മാരംപോലെ തോന്നാമെങ്കിലും സാധാരണയായി ഇത് അപസ്മാര രോഗമായി മാറാറില്ല. കുട്ടികളുടെ തലച്ചോറിെൻറ വളർച്ച പൂർത്തിയാവുന്നതിനാൽ അഞ്ചുവയസ്സിനുശേഷം ഈ രോഗം കാണാറില്ല.
അപസ്മാരരോഗം വന്ന കുട്ടിയെ ഒരു വശത്തേക്ക് തിരിച്ചുകിടത്തണം. മുഖവും വായയും മൂടാതെ ശ്രദ്ധിക്കണം. പറ്റുമെങ്കിൽ പനിയുടെ മരുന്ന് വായിലൂടെയോ മലദ്വാരത്തിലൂടെയോ വെക്കാം. ഇളംചൂടുവെള്ളത്തിൽ ശരീരം മുഴുവൻ ഒരു തോർത്തുമുണ്ടുകൊണ്ട് തുടച്ചാൽ പനി പെട്ടെന്ന് കുറക്കാൻ സാധിക്കും.
സാധാരണയായി പനികൊണ്ടുള്ള ഞെട്ടലിന് സ്ഥിരമായി മരുന്ന് കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരം കുട്ടികൾക്ക് രക്തക്കുറവ് ഉണ്ടെങ്കിൽ അതിന് മരുന്ന് കൊടുത്താൽ അപസ്മാരം വരാനുള്ള സാധ്യത കുറവായി കാണുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
അപസ്മാരംപോലെ തോന്നിക്കുന്ന മറ്റുപല രോഗാവസ്ഥകളിൽ 20 ശതമാനം വരെ കുട്ടികളെ അപസ്മാരരോഗികളായി തെറ്റിദ്ധരിച്ച് ചികിത്സിക്കാറുണ്ട്. അതുപോലെത്തന്നെ ചില പ്രത്യേകതരം അപസ്മാര രോഗങ്ങൾ കുട്ടികളുടെ സ്വഭാവവ്യതിയാനം, പഠിക്കാനുള്ള മടിയായി കരുതി ചികിത്സിക്കാതെ വെറുതെവിടാറുമുണ്ട്. ഉദാഹരണത്തിന്, നാല്–എട്ട് വയസ്സിലുള്ള കുട്ടികളുടെ പ്രത്യേക തരത്തിലുള്ള അപസ്മാരം പലപ്പോഴും ക്ലാസിൽ ശ്രദ്ധക്കുറവും പഠിക്കാനുള്ള മടിയുംമൂലമാണെന്ന് മാതാപിതാക്കളും അധ്യാപകരും തെറ്റിദ്ധരിക്കാറുണ്ട്.
അപസ്മാരരോഗം സാധാരണയായി കുട്ടിയുടെ ബുദ്ധിവളർച്ചയെ ബാധിക്കാറില്ല. ബുദ്ധിവളർച്ചയിലെ മാറ്റങ്ങൾ കൂടുതലായും തലച്ചോറിെൻറ വളർച്ചയുടെ അപാകതകൾകൊണ്ടായിരിക്കാം. അപസ്മാര രോഗത്തിെൻറ മരുന്ന് കഴിക്കുമ്പോൾ തുടക്കത്തിൽ അൽപം ക്ഷീണം അനുഭവപ്പെടാം. ഇപ്പോൾ വിപണിയിൽ ഇത്തരം പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകളും ലഭ്യമാണ്.
കുട്ടിയുടെ നവജാതകാലം (ജനിച്ച ദിവസം മുതൽ 28 ദിവസം വരെ) അപസ്മാര രോഗത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. സുഗമമായ പ്രസവം, ആവശ്യമായ തൂക്കം (2.5–4 കി.ഗ്രാം), പ്രസവിച്ച ഉടനെയുള്ള ശിശുവിെൻറ കരച്ചിൽ, സാധാരണ തോതിൽ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് തുടങ്ങിയവ ഉറപ്പുവരുത്തണം. മെച്ചപ്പെട്ട നവജാതശിശു പരിപാലനംകൊണ്ട് ഇത്തരത്തിലുള്ള അപസ്മാരരോഗം ഗണ്യമായി കുറഞ്ഞുവരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. യഥാസമയം കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം. അഞ്ചാംപനി തുടങ്ങിയ പ്രതിരോധ കുത്തിവെപ്പുകൾ തലച്ചോറിനെ ബാധിക്കുന്ന മാരകമായ അസുഖങ്ങളിൽനിന്ന് സംരക്ഷണം നൽകുകയും അവമൂലമുണ്ടാകുന്ന അപസ്മാരം (Secondary Epilepsy) കുറക്കുകയും ചെയ്യും.
കടപ്പാട്: ഡോ. ടി.എം.ആനന്ദകേശവന്‍
അവസാനം പരിഷ്കരിച്ചത് : 5/29/2020