ചില കുട്ടികള്‍ക്കു ശ്രദ്ധക്കുറവിന്റെ മാത്രം പ്രശ്‌നവും, വേറെ ചിലര്‍ക്കു പിരുപിരുപ്പും എടുത്തുചാട്ടവും മാത്രവും, ഇനിയും ചിലര്‍ക്ക് ഈ മൂന്നു ലക്ഷണങ്ങളും ഒന്നിച്ചും കാണപ്പെടാറുണ്ട്. പഠനത്തിലും കുടുംബജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഈ രോഗം കാരണമാവാം
അമിത ശ്രദ്ധക്കുറവും ഒരിടത്തും അടങ്ങിയിരിക്കാത്ത ശീലവും ഒരു നിയന്ത്രണവുമില്ലാത്ത പെരുമാറ്റങ്ങളും കണ്ടാല്‍ കുട്ടികളെ വഴക്കു പറയുകയല്ല വേണ്ടത്. കാരണം ഇത് എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍) എന്ന അസുഖത്തിന്റെ ലക്ഷണങ്ങളാവാം. ഈ പ്രശ്‌നങ്ങള്‍ നേരിയ തോതില്‍ മിക്ക കുട്ടികളിലും കാണാമെങ്കിലും തീവ്രത കൂടുമ്പോള്‍ മാത്രമാണ് എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളായി പരിഗണിക്കുന്നതെന്നു മാത്രം.
തലച്ചോറിലെ ചില തകരാറുകളാണ് ഇതിനു കാരണം. തെറ്റായി രോഗനിര്‍ണയം നടത്തപ്പെടുന്നതും അര്‍ഹിക്കുന്ന ചികിത്സ പലപ്പോഴും ലഭിക്കാതെ പോകുന്നതുമായ ഒരു രോഗമാണിത്.
എ.ഡി.എച്ച്.ഡി.യിലേക്കു നയിക്കുന്ന ഘടകങ്ങളെ കൃത്യമായി നിര്‍വചിക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. മറ്റു പല അസുഖങ്ങളും പോലെ എ.ഡി.എച്ച്.ഡി.ക്കു പിന്നിലും ജനിതക ഘടകങ്ങള്‍ക്കും ജീവിത സാഹചരങ്ങള്‍ക്കും പങ്കുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.
ജനിതക ഘടകങ്ങള്‍
ഇരട്ടകളില്‍ നടന്ന പല പഠനങ്ങളും വ്യക്തമാക്കുന്നത് ഒരു കുട്ടിക്ക് എ.ഡി.എച്ച്.ഡി. പിടിപെടാനുള്ള 65 മുതല്‍ 90 വരെ ശതമാനവും സാധ്യത ആ കുട്ടിയുടെ ജനിതക ഘടനയാണെന്നാണ്. എ.ഡി.എച്ച്.ഡി.യുള്ള കുട്ടികളില്‍ മൂന്നില്‍ രണ്ടുപേര്‍ക്കും ഈ അസുഖമുള്ള ഒരു ബന്ധുവെങ്കിലുമുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
എ.ഡി.എച്ച്.ഡി.യിലേക്കു നയിക്കുന്നതെന്നു വിശ്വസിക്കപ്പെടുന്ന പല ജീനുകളും തലച്ചോറിലെ കോശങ്ങളെ പരസ്പരം സംവദിക്കാന്‍ സഹായിക്കുന്ന ഡോപ്പമിന്‍, നോറെപ്പിനെഫ്രിന്‍ എന്നീ നാഡീരസങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഈ ജീനുകളുടെ എ.ഡി.എച്ച്.ഡി.ക്കു കാരണമാകുന്ന വകഭേദങ്ങള്‍ പേറുന്ന എല്ലാവര്‍ക്കും അസുഖം വരണമെന്നില്ല. മറിച്ച്, അങ്ങനെയുള്ളവര്‍ക്കു രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
മറ്റു കാരണങ്ങള്‍
ഗര്‍ഭിണികളിലെ മദ്യപാനം, പുകവലി, മാനസിക സമ്മര്‍ദം, ബെന്‍സോഡയാസെപിന്‍ വിഭാഗത്തിലെ മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ കുട്ടികളില്‍ എ.ഡി.എച്ച്.ഡി.ക്കു വഴിവെച്ചേക്കാം.
പ്രസവത്തിലുണ്ടാകുന്ന സങ്കീര്‍ണതകളും ജനനസമയത്തെ തൂക്കക്കുറവും തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളും എ.ഡി.എച്ച്.ഡി.ക്കു കാരണമാവാറുണ്ട്. ചില കീടനാശിനികളും ഭക്ഷണപദാര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന ചില കൃത്രിമ നിറങ്ങളും എ.ഡി.എച്ച്.ഡി.യുണ്ടാക്കിയേക്കാമെന്നും പഠനങ്ങള്‍ പറയുന്നു.
തലച്ചോറിന്റെ സവിശേഷതകള്‍
പ്രശ്‌നങ്ങള്‍ ശരിയായ രീതിയില്‍ പരിഹരിക്കാനും സംഭവങ്ങളുടെ കാര്യകാരണ ബന്ധങ്ങള്‍ ഉള്‍ക്കൊള്ളാനും ആത്മനിയന്ത്രണം പാലിക്കാനും കാര്യങ്ങള്‍ നന്നായി ആസൂത്രണം ചെയ്യാനുമൊക്കെ സഹായിക്കുന്നത് തലച്ചോറിലെ ഫ്രോണ്ടല്‍ ലോബ്‌സ് എന്ന ഭാഗമാണ്.
എന്നാല്‍ എ.ഡി.എച്ച്.ഡി.യുള്ള കുട്ടികളില്‍ ഇത് താരതമ്യേന ചെറുതാണ്. കുട്ടികള്‍ മുതിര്‍ന്ന് രോഗലക്ഷണങ്ങള്‍ കുറഞ്ഞുവരുന്നതിനനുസരിച്ച് വലിപ്പക്കുറവ് പതിയെ ഇല്ലാതാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
അതുപോലെ തലച്ചോറിന്റെ രണ്ടു വശങ്ങളെയും ബന്ധിപ്പിക്കുന്ന കോര്‍പ്പസ് കലോസത്തിന്റെ ഭാഗങ്ങളും ഈ കുട്ടികളില്‍ വലിപ്പക്കുറവായിരിക്കും. പരസ്പരം ബന്ധമുള്ള തലച്ചോറിലെ ലാറ്റേറല്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ്, ഡോഴ്‌സല്‍ ആന്റീരിയര്‍ സിങ്കുലേറ്റ് കോര്‍ട്ടെക്‌സ്, കോഡേറ്റ്, പ്യുട്ടാമെന്‍ എന്നീ ഭാഗങ്ങള്‍ക്കും എ.ഡി.എച്ച്.ഡി.യുമായി ബന്ധപ്പെട്ടിരിക്കുന്നു.
തലച്ചോറിലെ ഇത്തരം പ്രശ്‌നങ്ങള്‍ കുട്ടികളുടെ ഉന്മേഷം കുറയ്ക്കാം. ഇതുമൂലം സ്വയം ഉത്തേജിപ്പിക്കാന്‍ അവര്‍ പിരുപിരുപ്പും എടുത്തുചാട്ടവും കാണിക്കുന്നതാണെന്നു ചില ശാസ്ത്രജ്ഞര്‍ സമര്‍ഥിക്കുന്നുണ്ട്.
പ്രസക്തമായ കണക്കുകള്‍
മുപ്പതു കുട്ടികളുള്ള ഒരു ക്ലാസില്‍ ഒരാള്‍ക്കെങ്കിലും എ.ഡി.എച്ച്.ഡി. ഉണ്ടാവാനുള്ള സാധ്യതകളുണ്ട്. സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളില്‍ മൂന്നു മുതല്‍ ഏഴു ശതമാനം വരെ അസുഖം ബാധിച്ചേക്കാം. ആണ്‍കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യത പെണ്‍കുട്ടികളുടേതിനേക്കാള്‍ മൂന്നിരട്ടിയാണ്.
എ.ഡി.എച്ച്.ഡി. ബാധിതരില്‍ മൂന്നില്‍ രണ്ടു പേര്‍ക്ക് വിഷാദരോഗം, ഉത്ക്കണ്ഠാ രോഗങ്ങള്‍, പഠനവൈകല്യങ്ങള്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും കണ്ടുവരാറുണ്ട്.
സാധാരണയായി രോഗലക്ഷണങ്ങള്‍ തലപൊക്കിത്തുടങ്ങുന്നത് മൂന്നിനും ആറിനും ഇടയ്ക്കു പ്രായമുള്ളപ്പോഴാണ്. വലുതാകുന്നതിനനുസരിച്ച കുട്ടികളുടെ പിരുപിരുപ്പിനും എടുത്തുചാട്ടത്തിനും ശമനമുണ്ടാകുന്നു. പക്ഷേ, ശ്രദ്ധക്കുറവും അടുക്കും ചിട്ടയുമില്ലായ്മയും അറുപതു ശതമാനത്തോളം കുട്ടികളിലും മുതിര്‍ന്നാലും കുറയാതെ നില്‍ക്കാം
ലക്ഷണങ്ങള്‍
ബാല്യസഹജമായ കുസൃതി എവിടെയാണ് അവസാനിക്കുന്നത്, എ.ഡി.എച്ച്.ഡി. എന്ന രോഗം എപ്പോഴാണു തുടങ്ങുന്നത് എന്ന സംശയം കുടുംബാംഗങ്ങളെയും അധ്യാപകരെയും കുഴയ്ക്കാറുണ്ട്.
അശ്രദ്ധയുടെ വിവിധ ഭാവങ്ങള്‍
ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, മറവി അമിതമാവുക. കാര്യങ്ങളുടെ വിശദാംശങ്ങള്‍ ഗ്രഹിക്കുന്നതില്‍ ബുദ്ധിമുട്ടു നേരിടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ശ്രദ്ധക്കുറവുള്ള കുട്ടികളില്‍ പ്രകടമാണ്.
പുതിയ വിവരങ്ങള്‍ പഠിച്ചെടുക്കാനും, ശ്രദ്ധ കൊടുത്ത് അടുക്കും ചിട്ടയോടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനും ഇവര്‍ക്ക് പ്രയാസം നേരിടുന്നു. ഒരു പ്രവൃത്തി മുഴുവനാക്കാതെ വേറൊന്നിലേയ്ക്ക് കടക്കുക, സാധനസാമഗ്രികള്‍ നിരന്തരം കൈമോശം വരുത്തുക, ആസ്വാദ്യകരമല്ലാത്ത പ്രവര്‍ത്തികളിലേര്‍പ്പെടുമ്പോള്‍ പെട്ടെന്നുതന്നെ മടുക്കുക, അശ്രദ്ധ കാരണം പഠനത്തില്‍ തെറ്റുകള്‍ വരുത്തുക തുടങ്ങിയവ ഇവരുടെ രീതികളാണ്.
മറ്റു കുട്ടികളുടെ വേഗത്തിലും കൃത്യമായും കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനോ, നിര്‍ദ്ദേശങ്ങള്‍ മനസിലാക്കാനോ, ജോലികള്‍ സ്വന്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനോ ഇവര്‍ക്കു കഴിയാറില്ല.
ഏകാഗ്രത ആവശ്യമുള്ള ജോലികളില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രവണതയും ചെറിയ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍പോലും ശ്രദ്ധ തിരിഞ്ഞുപോവുക എന്ന പ്രശ്‌നവും ഈ കുട്ടികളില്‍ കാണാപ്പെടാം. എപ്പോഴും പകല്‍ക്കിനാവു കണ്ടിരിക്കുകയാണെന്നും, പറയുന്ന കാര്യങ്ങളിലൊന്നും വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നും മറ്റുള്ളവര്‍ക്ക് തോന്നാന്‍ ഇത് ഇടയാക്കാം.
ശ്രദ്ധക്കുറവിന്റെ മാത്രം പ്രശ്‌നമുള്ള കുട്ടികളില്‍ രോഗനിര്‍ണയം വൈകിപ്പോവാറുണ്ട്. അവര്‍ അടങ്ങിയൊതുങ്ങിയിരിക്കുന്നതും ബാഹ്യലക്ഷണങ്ങള്‍ പ്രകടമാക്കാത്തതുമാണ് ഇതിനു കാരണം. പഠനഭാരം കൂടുതലുള്ള മുതിര്‍ന്ന ക്ലാസുകളിലെത്തുമ്പോള്‍ ശ്രദ്ധക്കുറവുമൂലം പിന്നോക്കാവസ്ഥയിലെത്തുമ്പോഴാണ് പലപ്പോഴും രോഗം തിരിച്ചറിയപ്പെടുന്നത്.
എ.ഡി.എച്ച്.ഡി.യുള്ള കുട്ടികള്‍ക്ക് ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ പറ്റാതെ വരികയില്ല. കമ്പ്യൂട്ടറിന്റെയോ ടി.വിയുടെയോ മുമ്പില്‍ എത്രനേരം വേണമെങ്കിലും ശ്രദ്ധയോടെയിരിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. കൂടുതല്‍ മാനസികാദ്ധ്വാനം വേണ്ട പ്രവൃത്തികളില്‍ ഏകാഗ്രത പുലര്‍ത്താന്‍ കഴിയാതെ പോവുകയാണ് ചെയ്യുന്നത്.
പിരുപിരുപ്പിന്റെ വ്യത്യസ്ത മുഖങ്ങള്‍
പിരുപിരുപ്പിന്റെ പ്രശ്‌നമുള്ള കുട്ടികള്‍ ഇരിപ്പിടത്തില്‍ എപ്പോഴും ഇളകിക്കളിക്കുകയോ ഞെളിപിരികൊള്ളുകയോ ചെയ്‌തേക്കാം.നിരന്തരം ചലിച്ചുകൊണ്ടേയിരിക്കുക, എപ്പോഴും ഓടിനടക്കുക, ഇടതടവില്ലാതെ സംസാരിക്കുക, അടങ്ങിയിരുന്ന് ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരിക, ചുറ്റുപാടുമുള്ള സാധനങ്ങളില്‍ തൊടാനോ കളിക്കാനോ ശ്രമിക്കുക തുടങ്ങിയ പ്രശ്‌നങ്ങളും ഇവരില്‍ കാണപ്പെടാം.
എടുത്തുചാട്ടം പ്രകടമാകുന്ന രീതികള്‍
അക്ഷമയും വരുംവരായ്കളെക്കുറിച്ച് ചിന്തിക്കാതെയുള്ള പെരുമാറ്റങ്ങളും എടുത്തുചാട്ടമുള്ള കുട്ടികളുടെ മുഖമുദ്രയാണ്. കളികളില്‍ തങ്ങളുടെ ഊഴമെത്തുന്നതോ കിട്ടാനുള്ള കാര്യങ്ങള്‍ക്കുവേണ്ടിയോ കാത്തിരിക്കാന്‍ ഇവര്‍ക്ക് പ്രയാസമാണ്.
മുന്‍പിന്‍ നോക്കാതെ അഭിപ്രായങ്ങള്‍ പറയുക, ചോദ്യം മുഴുവനാകുന്നതിനു മുന്‍പുതന്നെ വായില്‍ വരുന്ന ഉത്തരം വിളിച്ചുപറയുക, ആവശ്യങ്ങള്‍ ഉടനടി സാധിച്ചില്ലെങ്കില്‍ ദേഷ്യപ്പെടുക, നിയന്ത്രണങ്ങളൊന്നുമില്ലാതെ വികാരങ്ങള്‍ പ്രകടിപ്പിക്കുക, മറ്റുള്ളവരുടെ സംഭാഷണങ്ങളോ ജോലിയോ തടസപ്പെടുത്തുക മുതലായ പ്രശ്‌നങ്ങളും ഇത്തരം കുട്ടികളില്‍ ഉണ്ടാകാം.
കുസൃതിയും എ.ഡി.എച്ച്.ഡി.യും
നല്ലൊരു ശതമാനം കുട്ടികളും ചില മുതിര്‍ന്നവരും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്.
എന്നാല്‍ ഒരു കുട്ടിയില്‍ ലക്ഷണങ്ങളുടെ കാഠിന്യം അവന്റെയതേ പ്രായവും വളര്‍ച്ചയുമുള്ള മറ്റ് കുട്ടികളെ അപേക്ഷിച്ച് കൂടുതലാവുക, സ്‌കൂള്‍, വീട്, സാമൂഹ്യസദസുകള്‍, കളിക്കളം എന്നിങ്ങനെ കുട്ടി ഇടപഴകുന്ന സ്ഥലങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണത്തിലെങ്കിലും പ്രകടമാവുകയും, ഇത് കുട്ടിയുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ എ.ഡി.എച്ച്.ഡി.യുടെ സൂചനയായി കണക്കാക്കാം.
ലക്ഷണങ്ങള്‍ കുട്ടിക്ക് ഏഴു വയസാവുന്നതിനു മുന്‍പേ തുടങ്ങുകയും ആറുമാസമെങ്കിലും നീണ്ടുനില്‍ക്കുകയും ചെയ്താല്‍ മാത്രമേ എ.ഡി.എച്ച്.ഡി.എന്ന് രോഗനിര്‍ണയം നടത്താറുള്ളൂ.
വിദഗ്‌ധോപദേശം തേടണം
കുട്ടിയുടെ പെരുമാറ്റ രീതികളും പ്രവര്‍ത്തനശൈലികളും സമപ്രായക്കാരില്‍നിന്ന് വിഭിന്നമാണെന്ന് തോന്നുമ്പോള്‍ തന്നെ വിദഗ്ദ്ധ പരിശോധന ലഭ്യമാക്കണം. മാതാപിതാക്കള്‍ക്ക് പ്രശ്‌നങ്ങളൊന്നും ബോദ്ധ്യപ്പെടുന്നില്ലെങ്കിലും ബന്ധുക്കള്‍, അദ്ധ്യാപകര്‍, മറ്റു കുട്ടികളുടെ മാതാപിതാക്കള്‍, കുടുംബസുഹൃത്തൃക്കള്‍ തുടങ്ങിയവര്‍ കുട്ടിയുടെ രീതികളെപ്പറ്റി നിരന്തരം സന്ദേഹങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയനാക്കുന്നതണ് നല്ലത്.
രോഗം കൃത്യമായി നിര്‍ണയിക്കാവുന്ന ഘട്ടമെത്തിയില്ലെങ്കിലും ലക്ഷണങ്ങളുടെ കാഠിന്യം രേഖപ്പെടുത്തിവയ്ക്കാനും ചെറിയ പ്രതിവിധികള്‍ നല്‍കാനും ഇത് അവസരമൊരുക്കും. എന്നാല്‍ എ.ഡി.എച്ച്.ഡി. ലക്ഷണങ്ങള്‍ മാതാപിതാക്കള്‍ വെറും കുസൃതിയായി തെറ്റിദ്ധരിക്കുന്നതും സ്വയം മാറുമെന്ന പ്രതീക്ഷയില്‍ വിലപ്പെട്ട സമയം പാഴാക്കുന്നതും സാധാരണമാണ്. അസുഖം കൂടുതല്‍ സങ്കീര്‍ണമാവാനും ചികിത്സ കൂടുതല്‍ ക്ലേശകരമാകുന്നതിനും കാലതാമസം കാരണമാകുന്നു.
ശ്രദ്ധക്കുറവ് ലഘൂകരിക്കാം
1. പല ഘട്ടങ്ങളുള്ള പ്രവൃത്തികള്‍ ചെറിയ ഭാഗങ്ങളായി വേര്‍തിരിച്ചുകൊടുക്കുക. ഇത് ഏകാഗ്രതക്ക് സഹായിക്കും.
2. സമയമെടുത്തു ചെയ്യുന്ന കാര്യങ്ങള്‍ക്ക് ചെറിയ ഇടവേളകള്‍ അനുവദിക്കുന്നതും ഫലപ്രദമാണ്.
3. കുട്ടികള്‍ പഠിക്കാനിരിക്കുമ്പോള്‍ ടി.വിയോ ശ്രദ്ധതിരിച്ചുവിടുന്ന മറ്റുപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
4. കൂടെ കളിക്കുന്നവരുടെ എണ്ണം ഒന്നോ രണ്ടോ ആയി പരിമിതപ്പെടുത്തുക. ഇത് കളിയില്‍ കൂടുതല്‍ ശ്രദ്ധകിട്ടാനും പൊട്ടിത്തെറികള്‍ ഒഴിവാക്കാനും ഉപകരിക്കും.
അടുക്കുചിട്ടയും വളര്‍ത്തിയെടുക്കാന്‍
ഉണരുന്നതു മുതല്‍ ഉറങ്ങാന്‍ പോകുന്നതുവരെ എല്ലാ ദിനചര്യകള്‍ക്കും സമയക്രമം നിശ്ചയിക്കുക. എല്ലാ ദിവസവും അത് കര്‍ശനമായി പിന്തുടരുകയും വേണം. ഹോംവര്‍ക്കിനും വിനോദങ്ങള്‍ക്കും കളികള്‍ക്കുമൊക്കെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം. ഈ ടൈംടേബിള്‍ കുട്ടിക്ക് എളുപ്പം കാണാവുന്നവിധത്തില്‍ ഒട്ടിച്ചുവയ്ക്കുക. സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് മുന്‍കൂട്ടി കുട്ടിയെ അറിയിച്ചതിനുശേഷമാകണം.
നിര്‍ദേശങ്ങള്‍ കൊടുക്കുമ്പോള്‍
കുട്ടിയോട് പറയാനുള്ള കാര്യം വ്യക്തമായി, ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിക്കുക. സംസാരിക്കുമ്പോള്‍ കുട്ടിയുടെ മുഖത്തേക്കുതന്നെ നോക്കാന്‍ ശ്രദ്ധിക്കണം. അനുയോജ്യമെങ്കില്‍ എന്താണു ചെയ്യേണ്ടതെന്നതിന് രണ്ടോ മൂന്നോ നിര്‍ദേശങ്ങള്‍ കൊടുക്കാവുന്നതാണ്. ഉച്ചത്തില്‍ പറയുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് ഓര്‍ക്കുക.
''ഇങ്ങനെ ചെയ്യരുത്..'' ''അങ്ങനെ ചെയ്യരുത്'' എന്നൊക്കെ കല്‍പ്പിക്കുന്നതിനേക്കാള്‍ നല്ലത് എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പറഞ്ഞുകൊടുക്കുന്നതാണ്.
അതുപോലെ ''വൃത്തിയായി ആഹാരം കഴിക്ക്'' എന്നിങ്ങനെ വ്യക്തമല്ലാത്ത ആജ്ഞകളെക്കാള്‍ ഫലം ചെയ്യക ''ആഹാരം പ്ലേറ്റില്‍നിന്ന് പുറത്തുവീഴാതെ ശ്രദ്ധിക്ക്'' എന്ന കൃത്യമായ നിര്‍ദ്ദേശങ്ങളാണ്.
പെരുമാറ്റ ദൂഷ്യങ്ങള്‍ക്ക് 'ടൈം ഔട്ട് '
നശീകരണസ്വഭാവം, ശാരീരിക ഉപദ്രവം, മോശമായ വാക്കുകളുടെ ഉപയോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ടൈം ഔട്ട് നല്ല പ്രതിവിധിയാണ്. മൂര്‍ച്ചയുള്ള വസ്തുക്കള്‍, മരുന്നുകള്‍, വൈദ്യുതോപകരണങ്ങള്‍ തുടങ്ങിയ കുട്ടി അപകടമുണ്ടാക്കുന്ന വസ്തുക്കളില്ലാത്ത മുറി ടൈം ഔട്ടിനായി തെരഞ്ഞെടുക്കാം.
ഈ മുറിയില്‍ കളിപ്പാട്ടങ്ങള്‍, കഥാപുസ്തകങ്ങള്‍ തുടങ്ങിയവയും ഉണ്ടാകരുത്. കുട്ടി ദുസ്സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ''ഇനി ആവര്‍ത്തിച്ചാല്‍ പതിനഞ്ചുമിനിട്ട് മുറിയില്‍ അടച്ചിടും'' എന്ന് ഒറ്റത്തവണ നിര്‍ദേശം കൊടുക്കണം. എന്നിട്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുക.
പിന്നീട് കുട്ടി ദുസ്വഭാവം പുറത്തെടുക്കുമ്പോള്‍ മുന്നറിയിപ്പൊന്നും കൂടാതെ ടൈം ഔട്ട് മുറിയില്‍ അടയ്‌ക്കേണ്ടതാണ്.പലതവണ ടൈം ഔട്ട് ഉപയോഗിച്ചാലേ പെരുമാറ്റങ്ങളില്‍ മാറ്റം കണ്ടു തുടങ്ങൂ. ആദ്യത്തെ ഒന്നുരണ്ടു തവണ ടൈം ഔട്ട് നടപ്പാക്കുമ്പോള്‍ കുട്ടി ശക്തമായി പ്രതികരിക്കുന്നുണ്ടെങ്കില്‍ അവഗണിച്ചുതള്ളണം.
കുടുംബാംഗങ്ങളുടെ മാനസികാരോഗ്യം
കുട്ടികളെ വളര്‍ത്തുന്നതിലെ പിഴവുകളോ ഗാര്‍ഹികാന്തരീക്ഷത്തിലെ അസ്വാരസ്യങ്ങളോ എ.ഡി.എച്ച്.ഡി.ക്ക് കാരണമാകുന്നില്ല. കുട്ടിയുടെ പെരുമാറ്റങ്ങളോട് സമചിത്തതയോടെ മാത്രം പ്രതികരിക്കുക.എ.ഡി.എച്ച്.ഡി. യുടെ ചികിത്സകളെക്കുറിച്ച്, കഴിയുന്നത്ര അറിവ് സമ്പാദിക്കണം.
ഇതിന് ശാശ്വതപരിഹാരം കണ്ടെത്തിയിട്ടില്ല. പരസ്യങ്ങളില്‍ ആകൃഷ്ടരായി തട്ടിപ്പുചികിത്സകളില്‍ അകപ്പെട്ട് സമ്പത്തും മനസമാധാനവും നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക.
സ്‌കൂളില്‍ പറയാമോ?
സ്‌കൂളില്‍ ചേര്‍ക്കുമ്പോഴോ പുതിയ ക്ലാസിലേക്ക് പ്രവേശിക്കുമ്പോഴോ അസുഖ വിവരം അദ്ധ്യാപകരോട് പറയണം. പിന്നീട് പ്രശ്‌നങ്ങളുണ്ടാവുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. കുട്ടിയുടെ പ്രശ്‌നങ്ങള്‍, അതിനുള്ള പ്രതിവിധികള്‍ ഇവയൊക്കെ അദ്ധ്യാപകരുമായി പങ്കുവയ്‌ക്കേണ്ടതാണ്.
അധ്യാപകരുടെ അറിവ്
1. എ.ഡി.എച്ച്.ഡി. എന്ന രോഗത്തെക്കുറിച്ച് ഏകദേശധാരണ അദ്ധ്യാപകര്‍ക്ക് ഉണ്ടായിരിക്കണം.
2. രോഗലക്ഷണങ്ങള്‍ കുട്ടി മനപൂര്‍വം ചെയ്യുന്ന വികൃതികളായി കണക്കാക്കരുത്. തലച്ചോറിനുള്ള പ്രതിഫലനം മാത്രമായി കാണുക. അപ്പോഴേ അദ്ധ്യാപകര്‍ക്ക് ഇത്തരം കുട്ടികളെ ഉള്‍ക്കൊള്ളാനും ഫലപ്രദമായി പഠിപ്പിക്കുവാനും കഴിയൂ.
3. സ്‌കൂള്‍ നിയമങ്ങള്‍ ഒരുപോലെ നടപ്പാക്കുക.
4. ക്ലാസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നത്ര അടുക്കും ചിട്ടയും കൊടുക്കുക.
5. കുട്ടിയുടെ കഴിവിനും പഠനശൈലിക്കും യോജിച്ച അദ്ധ്യാപനരീതികള്‍ ഉപയോഗിക്കുക.
6. അസുഖക്കാരെന്നരീതിയില്‍ പെരുമാറാതിരിക്കാനും, അസുഖത്തെയും ചികിത്സയെയും സംബന്ധിച്ച് മറ്റു കുട്ടികളുടെ മുമ്പില്‍വച്ച് പരാമര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം.
7. ക്ലാസില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ അതിനു പിന്നില്‍ എ.ഡി.എച്ച്.ഡി.യുള്ള കുട്ടിയാവും എന്ന മുന്‍വിധികള്‍ ഒഴിവാക്കുക.
8. ഇവരെ മുന്‍ ബെഞ്ചുകളില്‍ ഇരുത്തുന്നത് ശ്രദ്ധ സഹപാഠികളിലേക്ക് തിരിഞ്ഞുപോവുന്നത് തടയാന്‍ സഹായിക്കും.
9. വാതിലുകളുടെയോ ജനലുകളുടെയോ അരികില്‍ ഇരുത്തുന്നതും ഇരിപ്പിടം ഇടയ്ക്കിടെ മാറ്റുന്നതും ഒഴിവാക്കേണ്ടതാണ്.
10. നന്നായി പഠിക്കുന്ന കുട്ടികളെ എ.ഡി.എച്ച്.ഡി.യുള്ള കുട്ടികളുടെ ചുറ്റുമിരുത്തുന്നത് പഠനനിലവാരം ഉയര്‍ത്താന്‍ സഹായിക്കും.
മാതാപിതാക്കള്‍ ഓര്‍ത്തിരിക്കാന്‍
1. മോശമായ പ്രവൃത്തികള്‍ക്ക് കുറ്റപ്പെടുത്തുന്നതിന്റെ അഞ്ചിരട്ടി നല്ല പെരുമാറ്റങ്ങള്‍ക്ക് അഭിനന്ദിക്കണം.
2. കുട്ടികളുടെ ചെറിയ ചെറിയ വികൃതികള്‍ അവഗണിക്കുക.
3. അടിപോലുള്ള ശാരീരിക ശിക്ഷകള്‍ രോഗത്തിന് മാറ്റം ഉണ്ടാക്കില്ല. വഴക്കു പറഞ്ഞാലും ശ്രദ്ധക്കുറവുള്ള കുട്ടികളുടെ തലച്ചോറില്‍ എത്തുന്നില്ലെന്നും ഓര്‍ക്കുക.
4. കുഴപ്പങ്ങള്‍ തിരിച്ചറിയാന്‍ ശ്രദ്ധക്കുറവുകാരണം കുട്ടിക്കു കഴിയാതെ വരാം. അതിനാല്‍ കാര്യകാരണബന്ധങ്ങള്‍ മുതിര്‍ന്നവര്‍ മനസിലാക്കി കൊടുക്കണം.എ.ഡി.എച്ച്.ഡി.യുള്ള പല കുട്ടികളും കലാകായികരംഗങ്ങളില്‍ മികവു പുലര്‍ത്തുന്നവരായിരിക്കും. ഇവരെ പ്രോത്സാഹിപ്പിക്കുന്നത് ആത്മാഭിമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഡോ. ഷാഹുല്‍ അമീന്‍
സൈക്യാട്രിസ്റ്റ്
സെന്റ് തോമസ് ഹോസ്പിറ്റല്‍, ചങ്ങനാശേരി
കുട്ടികള്‍ എപ്പോഴും വ്യത്യസ്ത സ്വഭാവക്കാരായിരിക്കും. ചിലര്‍ മനസ്സില്‍ എല്ലാം പൂട്ടിവയ്ക്കും. ചിലര്‍ എളുപ്പം മറ്റുളളവരുമായി അടുക്കും. ചില കുട്ടികള്‍ നാണിച്ചുനില്‍ക്കും. വളരെ ശ്രദ്ധിച്ചേ സംസാരിക്കൂ.
നാണം കൂടുതലുളള കുട്ടിക്ക് എന്തോ കുഴപ്പമുണ്ടെന്ന് കരുതാതെ, അതവന്റെ സ്വഭാവത്തിന്റെ പ്രത്യേകതയായി കണ്ട് ബുദ്ധിപൂര്‍വ്വം നാണം കുറച്ചെടുക്കാനാണ് ശ്രമിക്കേണ്ടത്. മറ്റുളളവര്‍ തന്നെ എങ്ങനെ വിലയിരുത്തും എന്ന ഉത്കണ്ഠമൂലം മുന്നോട്ട് വരാനും മുഖത്ത് നോക്കാനും സംസാരിക്കാനും കഴിയാതെ പോകുന്ന അവസ്ഥയാണ് നാണം. ഇത് കുഞ്ഞുന്നാളിലേ ഉണ്ടാകാം.
നാണംകുണുങ്ങികള്‍ വളരെക്കുറച്ചും പതിഞ്ഞ സ്വരത്തിലും മാത്രമേ സംസാരിക്കൂ. വളര്‍ന്നുവരുന്ന ചുറ്റുപാടിനും ഇതിലൊരു പ്രധാന പങ്കുണ്ട്. അച്ഛനമ്മമാരുമായി സ്‌നേഹത്തോടെയും സ്വാതന്ത്രത്തോടെയും തുറന്നു സംസാരിക്കാത്ത കുട്ടികളില്‍ നാണം കൂടുതലാവും.
നാണം മാറ്റാന്‍ ചെയ്യേണ്ടത്:
1 . നാണമോ സഭാകമ്പമോ ഒട്ടുമില്ലാത്ത മിടുക്കരായ കുട്ടികളുമായി ചങ്ങാത്തമുണ്ടാക്കുക.
2 . വിവിധ സാമൂഹ്യസാഹചര്യങ്ങളിലുളള ആളുകളുമായി ഇടപെടാനുളള അവസരം നല്‍കുക.
3 . കളിയാക്കലും കുറ്റപ്പെടുത്തലും നേരിടാനവസരം നല്‍കുക.
4 . അതിഥികള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ എന്നിവരോട് സംസാരിക്കാന്‍ പരിശീലനം നല്‍കുക.
5 . നാണിച്ചുനില്‍ക്കുന്നതിനെ ചൊല്ലി കളിയാക്കാതിരിക്കുക, ശിക്ഷിക്കാതിരിക്കുക.
ദഹനക്കേട്, വയറിളക്കം, ഛര്‍ദി, അതിസാരം, ബികോംപ്ലക്സിന്റെ കുറവ് എന്നിവയെല്ലാം സാധാരണയായി കണ്ടുവരുന്ന വയറു വേദനയുടെ കാരണങ്ങളാണ്. നവജാതശിശുക്കളിലും വയറു വേദന സാധാരണമാണ്.
കുട്ടികളില്‍ പലകാരണങ്ങള്‍ കൊണ്ട് വയറു വേദന ഉണ്ടാകാം. പ്രായത്തിനനുസരിച്ചും വയറു വേദനയുടെ സ്വഭാവമനുസരിച്ചും കാരണങ്ങള്‍ വ്യത്യാസപ്പെടുന്നു. മഞ്ഞപ്പിത്തം മുതല്‍ ഡെങ്കിപ്പനി വരെ വയറു വേദനയോടെ ആരംഭിക്കാം.
അതു കൊണ്ട് വയറു വേദനയെ അത്ര നിസാരമായി തള്ളിക്കളയാനാവില്ല. വയറു വേദനയ്ക്ക് ചില വകഭേദങ്ങളുണ്ട്. പെട്ടെന്ന് വരുന്ന വയറു വേദന, സ്ഥിരമായിട്ടുള്ള വയറുവേദന അതികഠിനമായ വയറുവേദന ഇങ്ങനെയെല്ലാം വയറുവേദന വ്യത്യാസപ്പെട്ടിരിക്കുന്നു.
ദഹനക്കേട്, വയറിളക്കം, ഛര്‍ദി, അതിസാരം, ബികോംപ്ലക്സിന്റെ കുറവ് എന്നിവയെല്ലാം സാധാരണയായി കണ്ടുവരുന്ന വയറു വേദനയുടെ കാരണങ്ങളാണ്. നവജാതശിശുക്കളിലും വയറു വേദന സാധാരണമാണ്.
എന്നാല്‍ എല്ലാ വയറു വേദനയെയും നിസാരമായി കരുതരുത്. പ്രത്യേകിച്ച് കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന വയറുവേദന. തീരെ ചെറിയ കുഞ്ഞുങ്ങളില്‍ മുലപ്പാല്‍ കുടിച്ചതിനു ശേഷം ഗ്യാസ് തട്ടി കളയാതിരുന്നാല്‍ വയറുവേദനയും ഛര്‍ദിയും ഉണ്ടാകാം. എന്നാല്‍ പരിശോധന കൂടാതെ രോഗനിര്‍ണയം നടത്തരുത്.
ഒരു വയസില്‍ താഴെപ്രായമുള്ള കുഞ്ഞുങ്ങളില്‍ കുടലു കുരുക്കം അല്ലെങ്കില്‍ കുടലു മറിച്ചില്‍ ഉണ്ടാകാം. കുടലു മറിച്ചില്‍ ഉണ്ടാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് അസഹ്യമായ വേദന അനുഭവപ്പെടുന്നു.
ചില കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുന്നതും കാണാം. കുഞ്ഞുങ്ങള്‍ ഭയന്നുകരയുന്നതു പോലെ ഉച്ചത്തില്‍ കരയുന്നത് കുടലു കുരുക്കം മൂലമാകാം. ഈ ഭാഗത്തെ രക്തയോട്ടം നിലയ്ക്കുന്നതാണ് ഇതിലെ അപകടാവസ്ഥ. സ്‌കാനിങ്ങിലൂടെ ഇത് കണ്ടെത്താം. ചില കേസില്‍ സര്‍ജറി വേണ്ടി വരുന്നു. മറ്റു ചികിത്സകളും കുടല്‍ കുരുക്കത്തിനുണ്ട്.
മുന്നും നാലും വയസുള്ള കുട്ടികളിലാണ് ഫങ്ഷണല്‍ ഡയറിയ സാധാരണ കണ്ടുവരുന്നത്. ഭക്ഷണം കഴിച്ചാല്‍ ഉടനെ വയറു വേദന വരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പെട്ടെന്ന് ഉണ്ടാകുന്നതും സഹിക്കാന്‍ കഴിയാത്തതുമായ വയറു വേദന നിസാരമാക്കരുത്.
ഫങ്ഷണല്‍ പെയിന്‍ സ്‌കൂള്‍ കുട്ടികളിലും ഉണ്ടാകാറുണ്ട്. ആറു വയസു മുതല്‍ എട്ട്, ഒന്‍പത് വയസു വരെ സാധാരണ കുട്ടികളില്‍ ഫങ്ഷണല്‍ അബ്‌ഡോമിനല്‍ പെയിന്‍ കണ്ടു വരാറുണ്ട്.
ആമാശയത്തില്‍ അമിതമായി അമ്ലാംശം നിറയുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നമാണ് അസിഡിറ്റി. ഗ്യാസ് ട്രബിള്‍, വായുകോപം എന്നിങ്ങനെ പല പേരുകളില്‍ ഈ അവസ്ഥ അറിയപ്പെടുന്നു.
ദഹനത്തെ സഹായിക്കുവാനായി ആമാശയം ഹൈഡ്രോക്ലോറിക് ആസിഡ് എന്ന അമ്ലം സ്രവിപ്പിക്കുന്നു. അമ്ലം പൊതുവെ ശരീരകോശങ്ങള്‍ക്ക് അപകടകാരിയാണെങ്കിലും ആമാശയത്തിന്റെ ഉള്‍വശം ഇതിനെ ചെറുക്കാന്‍ പൊതുവെ സജ്ജമാണ്.
അമ്ലത്തിന്റെ അളവ് കൂടുമ്പോഴോ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് പോരായ്മ ഉണ്ടാകുമ്പോഴോ അസിഡിറ്റി പ്രത്യക്ഷപ്പെടുന്നു. ശരിയായ ചികിത്സ ലഭിക്കാതിരുന്നാല്‍ വ്രണങ്ങളുണ്ടാകുവാനും രക്തസ്രാവമുണ്ടാകുവാനും സാധ്യത ഉണ്ട്. ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് വയറു വേദന.
ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതചര്യകളും കൊണ്ടുതന്നെ അസിഡിറ്റിയെ ഇല്ലാതാക്കാനാകും. കുട്ടികള്‍ ചെറുപ്പം മുതലെ കൃത്യസമയത്ത് ഭക്ഷണം കഴിച്ച് ശീലിക്കണം. ഒന്നിച്ച് വയര്‍ നിറച്ച് കഴിക്കുന്നതിനു പകരം മൂന്നോ നാലോ മണിക്കൂര്‍ ഇടവിട്ട് അല്പാല്‍പമായി കഴിക്കുക.
കാപ്പി, ചായ, ചോക്‌ലേറ്റ്, കൊഴുപ്പു കൂടുതലുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണം. ഉള്ളി, തക്കാളി, എരിവ്, പുളി, മസാലകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുക. പയര്‍, കിഴങ്ങ്, പരിപ്പ് മുതലായവയും ദഹിക്കാന്‍ പ്രയാസമുള്ളവയായതിനാല്‍ മിതമായി മാത്രം കഴിക്കുക. ആഹാരം കഴിച്ച ഉടനെ കിടക്കരുത്.
കുട്ടികളിലെ വയറുവേദനയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ദഹനക്കേടാണ്. വിശപ്പില്ലായ്മ, വയര്‍ വീര്‍ക്കുക, പുളിച്ചു തികട്ടല്‍ തുടങ്ങിയ പല ലക്ഷണങ്ങളോടൊപ്പം വയറു വേദനയും ഉണ്ടാകുന്നു.
കുട്ടിക്ക് തുടര്‍ച്ചയായ ദഹനക്കേട് കാണപ്പെടുന്നുണ്ടെങ്കില്‍ മറ്റെന്തെങ്കിലും ഗുരുതരമായ അസുഖമുണ്ടോ എന്ന് പരിശോധിച്ചു നോക്കണം. അതായത് പെപ്റ്റിക് അള്‍സര്‍, ആമാശയ കാന്‍സര്‍, പിത്താശയ കല്ല് തുടങ്ങിയവ ഉണ്ടോ എന്ന് കണ്ടെത്തണം.
പിത്താശയത്തില്‍ കല്ലുകള്‍ വയറുവേദനയ്ക്ക് കാരണമാകാറുണ്ട്. കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പിത്തരസം കൊഴുപ്പുകള്‍, കൊളസ്‌ട്രോള്‍, ലവണങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ്. പിത്തരസത്തിന്റെ ഘടനയില്‍ വരുന്ന ചില മാറ്റങ്ങളാണ് കല്ലുകള്‍ ഉണ്ടാകാന്‍ കാരണം.
കൊളസ്‌ട്രോളും മറ്റ് ലവണങ്ങളും ചേര്‍ന്നാണ് ഈ കല്ലുകള്‍ ഉണ്ടാകുന്നത്. കൊഴുപ്പു അധികമുള്ള ഭക്ഷണശീലം ഈ രോഗം ക്ഷണിച്ചു വരുത്തുന്നു. പിത്താശയനാളികളില്‍ എന്തെങ്കിലും തടസം നേരിട്ട് പിത്താശയത്തിലെ പിത്തരസം കൂടുതല്‍ സമയം കെട്ടിക്കിടക്കുന്നതും ഇതിന് കാരണമാകാം.
പിത്താശയത്തില്‍ രൂപപ്പെടുന്ന ചെറിയ കല്ലുകള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. പ്രകടമായ ലക്ഷണങ്ങളൊന്നും എല്ലാവരിലും കണ്ടെന്നു വരില്ല. എന്നാല്‍ ഈ കല്ലുകള്‍ വളരെ വലുതാകുമ്പോഴോ, ചെറിയ കല്ലുകള്‍ക്ക് സ്ഥാനഭ്രംശം വന്ന് പിത്തനാളികളില്‍ കടന്ന് തടസം സൃഷ്ടിക്കപ്പെടുയോ ചെയ്താല്‍ ഉദരത്തിന്റെ മുകള്‍ ഭാഗത്തായി വേദന അനുഭവപ്പെടാം.
കൂടാതെ ഛര്‍ദി, ദഹനക്കേട്, ഓക്കാനം എന്നിവയും ഉണ്ടാകാം. പിത്താശയക്കല്ലുകള്‍ മൂലം ഇടയ്ക്കിടെ വരുന്ന കടുത്ത വയറുവേദനയെ ബിലിയറി കോളിക് എന്നു പറയുന്നു. കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചാലുടനെയാണ് സാധാരണ ഈ വേദന അനുഭവപ്പെടുന്നത്.
ശക്തമായ വയറു വേദനയാണ് ഈ രോഗത്തിന്റെ പ്രധാനലക്ഷണം. ഉദരത്തിന് മുകള്‍വശത്തായാണ് വേദന തുടങ്ങുന്നത്. പിന്നീട് പുറക് വശത്തേയ്ക്ക് പടരും. ഒപ്പം ഓക്കാനം, ഛര്‍ദി, പനി എന്നിവയും കാണും. വളരെ ശക്തമായ എന്‍സൈമുകളുടെ കലവറയാണ് പാന്‍ക്രിയാസ്.
ആഹാരത്തെ മാത്രമല്ല ശരീരത്തിലെ കോശങ്ങളെയും ദഹിപ്പിക്കുവാന്‍ ഇവയ്ക്കു കഴിയും. ഈ ഗ്രന്ഥിക്ക് നീര്‍ക്കെട്ടും വീക്കവും ഉണ്ടാകുമ്പോള്‍ ഇത്തരം എന്‍സൈമുകള്‍ ഗ്രന്ഥിക്ക് പുറത്ത് കടക്കുകയും വളരെ ഗുരുതരമായ അക്യൂട്ട് പാന്‍ക്രിയാറ്റൈറ്റിസ് ഉണ്ടാകുകയും ചെയ്യുന്നു.
രക്തത്തിലെ പാന്‍ക്രിയാറ്റിക് എന്‍സൈമുകളുടെ അളവ് നിര്‍ണ്ണയിക്കുക. സി.റ്റി സ്‌കാന്‍, എം. ആര്‍.ഐ സ്‌കാന്‍ എന്നീ പരിശോധനകളാല്‍ രോഗം സ്ഥിരീകരിക്കാം.
വന്‍കുടലിന്റെ ആരംഭസ്ഥലത്തായി സ്ഥിതി ചെയ്യുന്ന പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലാത്ത ചെറിയ ഒരു പാര്‍ശ്വനാളിയാണ് അപ്പന്റിക്‌സ്.
ദഹിക്കാത്ത ആഹാര സാധനങ്ങളോ മറ്റോ കേറി ഈ നാളിയുടെ ഉള്‍വശം അടയുകയും തുടര്‍ന്ന് നീര്‍ക്കെട്ടും അണുബാധയും ഉണ്ടാകുമ്പോഴാണ് അപ്പന്റിസൈറ്റിസ് ഉണ്ടാകുന്നത്.
അതിശക്തമായ വയറു വേദന, പനി, ഛര്‍ദില്‍, വയറിളക്കം തുടങ്ങിയവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. തുടക്കത്തില്‍ വേദന മറ്റേതെങ്കിലും ഭാഗത്തായിരിക്കുമെങ്കിലും പിന്നീട് മേല്‍ പറഞ്ഞ ഭാഗത്തായി കേന്ദ്രീകരിക്കുകയാണ് പതിവ്.
പലപ്പോഴും അടിയന്തിര ശസ്ത്രക്രീയ ആവശ്യമായി വരുന്ന ഈ രോഗം ശ്രദ്ധിക്കപ്പെടാതെ പോയാല്‍ അപ്പന്റിക്‌സ് പിളരുകയും പെ രിറ്റോണൈറ്റിസ് എന്ന സങ്കീര്‍ണ്ണതയ്ക്ക് കാരണമാവുകയും ചെയ്യും.
ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് അണുബാധ നിയന്ത്രിക്കേണ്ടതായി വരും. വയറിന്റെ താഴെ വലതു വശത്തായി അനുഭവപ്പെടുന്ന വയറു വേദനയാണ് അപ്പന്റിസൈറ്റിസിന്റെ പ്രധാന ലക്ഷണം.
വയറുവേദനയോടെ ആരംഭിക്കുന്ന ചെറുതും വലുതുമായ രോഗങ്ങള്‍ നിരവധിയാണ്. യാഥാസമയം വയറുവേദനയുടെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.
ഗോതമ്പ്, ബാര്‍ലി, വരക്, ഓട്‌സ് എന്നീ ധാന്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഗ്ലൂട്ടന്‍ എന്ന മാംസ്യത്തോടുള്ള അമിതമായ പ്രതികരണം ചെറുകുടലിനുള്ളില്‍ കേടു വരുന്നതാണ് സീലിയാക് രോഗത്തിന്റെ പ്രത്യേകത.
തുടര്‍ന്ന് ആഹാരസാധനങ്ങളുടെ ശരിയായ ദഹനവും ആഗീരണവും നടക്കാതാവുകയും ദഹനക്കേട്, വയറു വേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടുകയും ചെയ്യാം. സാധാരണയായി ഒരു വയസില്‍ താഴെയുള്ള കുട്ടികളിലാണ് രോഗാരംഭം.
ഗ്ലൂട്ടന്‍ ഒഴിവാക്കിയുള്ള ഭക്ഷണക്രമമാണ് ചികിത്സ. എന്‍ഡോസ്‌കോപ്പി വഴി ചെറുകുടലിലെ ബയോപ്‌സിയെടുക്കുകയാണ് രോഗനിര്‍ണ്ണയ മാര്‍ഗം.
സാധാരണയായി ചെറുകുടലില്‍ ധാരാളമായി കാണപ്പെടുന്ന വില്ലൈകളുടെ അഭാവം ഈ രോഗത്തിന്റെ പ്രത്യേകതയാണ്. പലപ്പോഴും ഈ രോഗം പാരമ്പര്യമായി കാണപ്പെടുന്നു.
ഡോ. മേരി പ്രവീണ്‍
പീഡിയാട്രീഷന്‍, ആലപ്പുഴ
പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ഇന്നും പലരും അജ്ഞരാണ്. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാരകമായ
അസുഖങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും വേണ്ടിയാണ് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നത്.
ഇന്നത്തെ കുഞ്ഞുങ്ങള്‍ നാളത്തെ നാടിന്റെ വാഗ്ദാനമാണ്. അവര്‍ക്കു വേണ്ടി, നമ്മുടെ രാജ്യത്തിനു വേണ്ടി അവരുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രതിരോ ധ കുത്തിവയ്പ്പുകളെക്കുറിച്ച് ഇന്നും പലരും അജ്ഞരാണ്.
കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാരകമായ അസുഖങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും വേണ്ടിയാണ് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നത്.
നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ അനുസരിച്ച് ബി.സി.ജി, ഒ.പി.വി, ഹെപ്പറ്റൈറ്റിസ് ബി, ഡി.ടി ആന്‍ഡ് പി, മീസില്‍സ്, ഹിബ് വാക്‌സിന്‍ എന്നിവ നല്‍കുന്നു. ഐ.എ.പി ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍, കൂടുതല്‍ വാക്‌സിനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടായി തരം തിരിക്കാം
1. റെക്കമെന്‍ഡഡ് വാക്‌സിന്‍സ്
1. ബി.സി.ജി (റ്റി.ബി യ്ക്ക് എതിരായിട്ടുള്ളത്)
2. ഒ.പി.വി/ഐ.പി.വി (പോളിയോയ്ക്ക് എതിരെയുള്ളത്)
3. ഹെപ്പറ്റൈറ്റിസ് ബി (മഞ്ഞപ്പിത്തത്തിന്)
4. ഹിബ് (എച്ച് ഇന്‍ഫ്‌ളുവന്‍സയ്ക്ക് എതിരെയുള്ളത്)
5. പി.സി.വി (ന്യൂമോകോക്കല്‍ വാക്‌സിന്‍)
6. മീസില്‍സ് (മീസില്‍സിന് എതിരെയുള്ളത്)
7. റോട്ടാവൈറസ് (റോട്ടാവൈറസിന് എതിരെയുള്ളത്)
8. എം.എം.ആര്‍ (മീസല്‍സ്, മംസ്, റുബെല്ലാ)
9. ഹെപ്പറ്റൈറ്റിസ് എ (ഹെപ്പറ്റെറ്റിസ് എ യ്‌ക്കെതിരെ)
10. വാരിസെല്ലാ (ചിക്കന്‍പോക്‌സിന് എതിരെയുള്ളത്)
11. ടൈഫോയിഡ് (ടൈഫോയിഡിന് എതിരെയുള്ളത്)
12. എച്ച്.പി.വി (സെര്‍വിക്കല്‍ കാന്‍സറിന് എതിരെയുള്ളത്)
2. സ്‌പെഷല്‍ വാക്‌സിന്‍സ് (പ്രത്യേക സാഹചര്യത്തില്‍ കൊടുക്കാവുന്നവ)
1. യെല്ലോ ഫീവര്‍
2. ജാപ്പനീസ് എന്‍സിഫലൈറ്റിസ്
3. റാബിസ് (പേവിഷബാധ)
4. കോളറ
5. ഇന്‍ഫ്‌ളുവന്‍സാ വാക്‌സിന്‍
6. മെനിന്‍ജോ കോക്കല്‍ വാക്‌സിന്‍
7. ന്യൂമോകോക്കല്‍ പോളിസാക്കറൈഡ് വാക്‌സിന്‍
മേല്‍പറഞ്ഞ വാക്‌സിനുകള്‍ കുട്ടികള്‍ക്ക് അതാതു കാലയളവില്‍ നല്‍കേണ്ടതാണ്. വാക്‌സിനുകള്‍ എടുക്കാന്‍ കാലതാമസം നേരിട്ടാല്‍ എത്രയും പെട്ടെന്ന് ഒരു പീഡിയാട്രീഷനെ കാണുകയും വിട്ടുപോയ വാക്‌സിനുകള്‍ യഥാക്രമം എടുക്കുകയും ചെയ്യണം.
കുട്ടികള്‍ക്ക് വാക്‌സിനുകള്‍ എടുക്കാന്‍ പോകുമ്പോള്‍ പീഡിയാട്രീഷനെ കണ്ട് കുഞ്ഞിന്റെ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ച അതാത് പ്രായത്തിനൊത്ത വിധമുണ്ടെന്ന് ഉറപ്പു വരുത്തണം. ഇപ്പോള്‍ എല്ലാ ആശുപത്രികളിലും 'വെല്‍ ബേബി ക്ലിനിക്' പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടെ വാക്‌സിനേഷന്‍ എടുക്കുന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമവും ശരീരവളര്‍ച്ചയും പരിശോധിക്കുകയും അത് ക്രമത്തില്‍ വാക്‌സിനേഷന്‍ കാര്‍ഡില്‍ അടയാളപ്പെടുത്തുകയും ചെയ്യണം.
ഇത് കുഞ്ഞിന്റെ വളര്‍ച്ചയില്‍ ഏറ്റവും വിലപ്പെട്ട സര്‍ട്ടിഫിക്കറ്റാണ്. ഇപ്പോള്‍ ധാരാളം കോമ്പിനേഷന്‍ വാക്‌സിനുകളുണ്ട്. മാതാപിതാക്കള്‍ ഇവയെപ്പറ്റി മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്കായി 'പ്രീ ഡിസ് ചാര്‍ജ് കൗണ്‍സിലിംങ്' (ഡിസ് ചാര്‍ജ് ചെയ്യുന്നതിന് മുമ്പ്) നല്‍കിവരുന്നുണ്ട്. പ്രധാനമായും കുട്ടികളുടെ വാക്‌സിനേഷനെപ്പറ്റി പറഞ്ഞു കൊടുക്കുന്നു. അതിനുശേഷം മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ 'വെല്‍ ബേബി ക്ലിനിക്കില്‍' പ്രതിരോധ കുത്തിവയ്പിനായി കൊണ്ടുവരാറുണ്ട്.
പ്രായം പ്രതിരോധ മരുന്നുകള്‍
ജനന സമയം - ബി.സി.ജി, ഒ.പി.വി ഒ, ഹെപ്പറ്റെറ്റിസ് ബി1
6-8 - ആഴ്ച- ഡി.ടി പി1 / ഡി.ടിന്റ പി1/ , ഒ.പി.വി1 / ഐ.പി.വി1, ഹിബ്1, റോട്ടാ വൈറസ്, ഹെപ്പറ്റെറ്റിസ് ബി 2, പി.സി.വി1
10-14 - ആഴ്ച - ഡി.ടി പി.ടി 2 /, ഡി.ടിന്റ പി2 /, ഒ.പി.വി 2 /, ഐ.പി.വി 2, ഹിബ് 2, പി.സി.വി 2, റോട്ടാവൈറസ് 2
14-200 - ആഴ്ച - ഡി.ടിന് പി.ടി 3 /, ഡി.ടിന്റ പി3 /, ഒ.പി.വി 3 /, ഐ.പി.വി 3, ഹിബ് 3, പി.സി.വി 3, റോട്ടാവൈറസ് 3
6 മാസം - ഹെപ്പറ്റെറ്റിസ് ബി
9 മാസം - മീസില്‍സ്
12 മാസം - ഹെപ്പറ്റെറ്റിസ് എ 1
15 മാസം - എം.എം.ആര്‍, വാരിസെല്ലാ
18 മാസം - ഡി.ടിന്ദ പി ബി1 /, ഡി.ടിന്റ പി ബി1 /, ഒ.പി.വി 4 /, ഐ.പി.വി. ബി, ഹിബ് ബി 1, പി.സി. വി ബൂസ്റ്റര്‍
21 മാസം - ഹെപ്പറ്റെറ്റിസ് എ 2, വാരിസെല്ലാ 2
2 വയസ് - ടൈഫോയിഡ് 2
10-12 വയസ് - ടി.ഡി.എ.പി / ടി.ഡി, എച്ച്.പി.വി
ഡോ. പ്രമീളാ ജോജി
കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷന്‍
കിംസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം
അവസാനം പരിഷ്കരിച്ചത് : 1/28/2020