പരീക്ഷയുമായി ബന്ധപ്പെട്ട് മക്കള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ മാതാപിതാക്കള്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍
Liju Sunil Vachaparambil M.A., MS (Counseling & Psychotherapy)
വടക്കന്‍ കേരളത്തിലെ ഒരു സ്കൂളിലെ മിടുക്കിയായ വിദ്യാര്‍ത്ഥിനി സുചിത്ര മോഹന്‍ ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യത്തേത്തുടര്‍ന്നാണ്. അവളുടെ മാതാപിതാക്കള്‍ക്കും കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും അതൊരു ഷോക്കായിരുന്നു. കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ അവള്‍ തയ്യാറെടുത്തു കൊണ്ടിരുന്ന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയേക്കുറിച്ചുള്ള ഉത്കണ്ഠയുള്‍പ്പെടെ നിരവധി പ്രശ്നങ്ങളായിരുന്നു.
വര്‍ധിച്ച ഹൃദയമിടിപ്പോടെയല്ലാതെ പരീക്ഷകള്‍ നേരിടാന്‍ കഴിയുന്ന കുട്ടികള്‍ വളരെ വിരളമാണെന്ന് കാണാം. അധികം പേരും ഇത്തരം സമ്മര്‍ദ്ദങ്ങളെ എങ്ങനെയൊക്കെയോ അതിജീവിക്കുന്നു. എന്നാല്‍ സങ്കടകരമായ കാര്യം സുചിത്രയെപ്പോലെയുള്ള ചിലര്‍ക്ക് അതിന് സാധിക്കുന്നില്ലെന്നതാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പരീക്ഷാസമ്മര്‍ദ്ദം മൂലം നടന്ന കൗമാര ആത്മഹത്യകള്‍ നിരവധിയാണ്. തന്‍റെ വര്‍ഷാവസാന പരീക്ഷ തുടങ്ങുന്ന ദിവസമാണ് മൈസൂര്‍ സ്വദേശിയായ ശങ്കര്‍ വീടിന്‍റെ ടെറസില്‍ നിന്ന് ചാടിയത്. എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റില്‍ ഉയര്‍ന്ന റാങ്ക് കിട്ടാത്തതിനേത്തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ നിന്നുള്ള മാലിനി എന്ന പതിനേഴുകാരി സ്വന്തം മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചു.
പരീക്ഷക്കാലത്ത് കുട്ടികള്‍ക്കുണ്ടാവുന്ന അമിതസംഘര്‍ഷം കുറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മന:ശാസ്ത്രജ്ഞര്‍ പറയുന്നത് കാലം കഴിയുന്തോറും ഇത്തരം പ്രശ്നങ്ങള്‍ കൂടി വരികയാണെന്നാണ്.
തിരുവനന്തപുരം സ്വദേശിയായ സാംസണ്‍ ജോണ്‍ എന്ന കൗണ്‍സിലറുടെ അനുഭവത്തില്‍ അനാരോഗ്യകരമായ മത്സരങ്ങളുടെയും പരീക്ഷപ്പേടിയുടെയും സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് കഷ്ടപ്പെടുകയാണ് ഇന്നത്തെ കുട്ടികള്‍. ഭീകരമായ ഉത്കണ്ഠ, ഭക്ഷണത്തോടുള്ള വിരക്തി മുതലായ പ്രശ്നങ്ങള്‍ മുതല്‍ആത്മഹത്യവരെയെത്തുന്നു പരീക്ഷയുടെ സമ്മര്‍ദ്ദഫലങ്ങള്‍.
അതിതീവ്രമായ ഉത്കണ്ഠകൊണ്ട് കഷ്ടപ്പെടുന്ന കുട്ടികളുടെ അനുഭവത്തിന് നല്ലൊരു ഉദാഹരണമാണ് സോനാ ശ്രീധര്‍ എന്ന വിദ്യാര്‍ത്ഥിനി. അവള്‍ പറയുന്നു: “എന്‍ട്രന്‍സ് പരീക്ഷക്കുള്ള തീവ്രപരിശീലനത്തിലായിരുന്നു ഞാന്‍. എന്നാല്‍ റിവിഷന്‍ സമയം എങ്ങനെ ക്രമീകരിക്കണമെന്ന് വിവേകത്തോടെ ചിന്തിക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. കൂടുതലൊന്നും പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ദിവസം മുഴുവന്‍ മുറിക്കുള്ളില്‍ അടച്ചിരുന്ന് വായിക്കുകയായിരുന്നു ഞാന്‍. ചെറിയൊരു ഇടവേള, ഒരല്പം ശുദ്ധവായു തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ പോലും മറന്ന് പഠനം മാത്രം എന്ന ഒരു ഭ്രാന്തമായ തീരുമാനത്തിലായിപ്പോയ ദിവസങ്ങള്‍. ഇങ്ങനെയൊക്കെയായിട്ടും എന്‍റെ തലയിലൊന്നും കയറിയില്ല. ഞാന്‍ എന്നെത്തന്നെ തോല്പിച്ചതു പോലെയായി. ആവശ്യത്തിന് പഠിക്കാത്തതിന് സ്വയം ശിക്ഷ ഏറ്റ് വാങ്ങിയത് പോലെ. എന്‍റെ പേടി കൂടിക്കൂടി വന്നു. എനിക്ക് അലറിക്കരയണമെന്ന് തോന്നിപ്പോയി. കണക്ക് പരീക്ഷയുടെ തലേന്ന് ഈ അവസ്ഥ അതിഭീകരമായി. മറിക്കുന്ന ഓരോ പേജും എനിക്കൊന്നുമറിയില്ലെന്ന ഭയപ്പെടുത്തുന്ന സത്യം എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ‘എനിക്കൊന്നുമറിയില്ല’ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഞാന്‍ എന്നോ-ടുതന്നെ പറഞ്ഞു. ഈ ഭ്രാന്ത് കൂടി കൂടി അവസാനം കിടപ്പുമുറിയിലെ ജനലിലൂടെ തല പുറത്തേക്കിട്ട് ഞാന്‍ അലറിക്കരഞ്ഞു. എങ്ങനെയൊക്കെയോ എഴുതിയ ആ പരീക്ഷയ്ക്ക് 70% മാര്‍ക്ക് എനിക്ക് കിട്ടി”.
ഇപ്പോള്‍ 20 വയസുള്ള സോന മന:ശാസ്ത്രം ഐഛിക വിഷയമായി ബിരുദത്തിന് പഠിക്കുന്നു. പഠിക്കാന്‍ തന്‍റെ മേല്‍ ആരും സമ്മര്‍ദ്ദം ചെലുത്തിയിരുന്നില്ല എന്നാണ് സോന ഇപ്പോള്‍ മനസിലാക്കുന്നത്. സത്യത്തില്‍ തന്‍റെ അമ്മ കമല, തന്നെ പിന്തുണച്ചിട്ടുമുണ്ട്. വേണ്ടത്ര ഇടവേളയെടുത്ത് പഠിക്കാനേ ഉപദേശിച്ചിട്ടുള്ളൂ എന്ന് സോന ഓര്‍ക്കുന്നു. “ആ സമ്മര്‍ദ്ദം എന്‍റെ തന്നെ സൃഷ്ടിയായിരുന്നു”, അവള്‍ പറയുന്നു. “ഉയര്‍ന്ന റാങ്ക് കിട്ടിയില്ലെങ്കില്‍ അത് തോല്‍വിക്ക് തുല്യമാകുമെന്ന് എനിക്ക് തന്നെ തോന്നി. ഞാന്‍ പഠിച്ച പരിശീലന കേന്ദ്രത്തിലെ സാഹചര്യങ്ങളും ഒരളവുവരെ അതിന് കാരണമായി”.
കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി രൂപീകരിക്കപ്പെട്ട ‘സ്റ്റുഡന്റ്സ് ഹെല്‍പ്പ് ലൈന്‍’ പ്രവര്‍ത്തകര്‍ പറയുന്നത് ഈ സംഘടന രൂപീകരിച്ചതിന് ശേഷം ഏറ്റവുമധികം ഫോണ്‍ വിളികള്‍ വന്നത് ഈ കഴിഞ്ഞ വര്‍ഷമാണെന്നാണ്. 2011 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 1200ലധികം കുട്ടികള്‍ കൗണ്‍സലര്‍മാരോട് സംസാരിച്ചു. ഇത് തൊട്ട് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 30% കൂടുതലാണ്. വിളിച്ചവരിലധികവും 15നും 18നുമിടയില്‍ പ്രായമുള്ളവരായിരുന്നു. ആണ്‍കുട്ടികളുടെ എണ്ണത്തിന്‍റെ അഞ്ചിരട്ടിയാണ് വിളിച്ച പെണ്‍കുട്ടികളുടെ എണ്ണം. ഭയവും അമിതഭാരവും മടുപ്പും ഇവരുടെ പ്രശ്നങ്ങളാണ്. ഇവര്‍ കരുതുന്നത് തങ്ങളുടെ ഭാവി മുഴുവന്‍ പരീക്ഷയുടെ ഫലത്തെ ആശ്രയിച്ചാണെന്നാണ്. അതുകൊണ്ട് തന്നെ ഈ പരീക്ഷകളില്‍ ജയിക്കാനുള്ള സമ്മര്‍ദ്ദം അവര്‍ക്ക് താങ്ങാന്‍ കഴിയാത്തതായി മാറുന്നു.
ഹെല്‍പ്പ് ലൈനിലെ കൗണ്‍സലര്‍മാരിലൊരാളായ അബ്ദുള്‍ അസീസിന്‍റെ അഭിപ്രായത്തില്‍ കുടുംബത്തില്‍ നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് പരീക്ഷപ്പേടി താങ്ങാവുന്നതിലും അപ്പുറത്താകും. “ഞങ്ങള്‍ക്ക് ലഭിക്കുന്ന ഫോണ്‍ വിളികള്‍ വലിയ മഞ്ഞുമലയുടെ ഉപരിതലം മാത്രമേ ആകുന്നുള്ളൂ”, അദ്ദേഹം പറയുന്നു. ഉയര്‍ന്ന മാര്‍ക്ക് കിട്ടുന്ന സമര്‍ത്ഥരായ കുട്ടികള്‍ക്കാണ് പരീക്ഷാസമ്മര്‍ദ്ദം ഏറ്റവും കൂടുതല്‍ ഉണ്ടാകാനുള്ള സാധ്യത എന്നാണ് അസീസ് വിശ്വസിക്കുന്നത്. എന്നാല്‍, ഇത് ദൂരീകരിക്കാന്‍ മാതാപിതാക്കള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനാകും.
കുട്ടികള്‍ നന്നായി പഠിക്കണമെന്ന ആഗ്രഹത്തിനും അവര്‍ക്ക് അമിതഭാരമുണ്ടാകരുത് എന്ന തീരുമാനത്തിനുമിടയിലെ സന്തുലനം എവിടെയായിരിക്കണമെന്ന് കണ്ടെത്താന്‍ രക്ഷിതാക്കള്‍ക്കും സഹായം ആവശ്യമാണ്. കഴിവിന്‍റെ പരമാവധി ശ്രമിക്കുക എന്നതാണ് പ്രധാനം എന്ന് മാത്രമേ കുട്ടികളോട് ആവര്‍ത്തിക്കാവൂ. പഠിക്കേണ്ട പാഠങ്ങള്‍ കുട്ടികളെ തളര്‍ത്തുന്നു എന്ന് തിരിച്ചറിയുമ്പോള്‍ അവ ചെറിയ ചെറിയ ഭാഗങ്ങളാക്കി തിരിച്ച് നല്ലൊരു റിവിഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ മാതാപിതാക്കള്‍ അവരെ സഹായിക്കണം. റിവിഷന്‍ സമയത്തെ മറ്റൊരു പ്രധാന സഹായമാണ് ചെറിയ നേട്ടങ്ങള്‍ക്കുപോലും പ്രോത്സാഹനവും പ്രതിസമ്മാനവും കൊടുക്കുക എന്നത്. പഠിച്ചു മടുത്തെങ്കില്‍ കുറച്ചു സമയം അവര്‍ക്ക് താല്‍പര്യമുളള ടിവി പ്രോഗ്രാം കാണാന്‍ അവരെ അനുവദിക്കാം. ഇക്കാര്യത്തില്‍ മറ്റുള്ള കുടുംബാംഗങ്ങള്‍ക്ക് താല്‍പര്യമുള്ള ചാനലുകളേക്കാള്‍ പ്രാധാന്യം കുട്ടികളുടെ താല്‍പര്യത്തിന് കൊടുക്കണം.
“കൗമാരപ്രായം എല്ലാംകൊണ്ടും ഒരു പ്രത്യേക കാലമാണ്” അസീസ് പറയുന്നു: “ഹോര്‍മോണുകളുടെ പ്രവര്‍ത്തനം അതിശക്തമായ കാലം. കുട്ടികള്‍ ഇടയ്ക്കിടെ വിഷാദരും, കോപിഷ്ഠരുമായെന്നിരിക്കും. ഈ കാലഘട്ടത്തില്‍ മുറി വൃത്തിയായി സൂക്ഷിക്കാത്തതിനും മറ്റും അവരെ കൂടുതല്‍ ശാസിച്ചിട്ട് കാര്യമില്ല. പരീക്ഷക്കാലം അവരെ സംബന്ധിച്ച് ഒരു പ്രശ്നകാലമാണെന്ന് തിരിച്ചറിയുക. ജീവിതത്തില്‍ പരീക്ഷയുള്‍പ്പെടെയുള്ള ഭൂരിഭാഗം കാര്യങ്ങള്‍ക്കും രണ്ടാമതൊരു അവസരം ലഭിക്കുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക. പരീക്ഷാഫലമെന്തായാലും അവരോടുള്ള നിങ്ങളുടെ സ്നേഹത്തിന് ഒരു കുറവും വരില്ലെന്ന് അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക”.
ഡല്‍ഹി സ്വദേശിനിയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മാലിനി സുധീറിന്‍റെ അഭിപ്രായത്തില്‍ പരീക്ഷാസംഘര്‍ഷങ്ങള്‍ ഇന്ന് അനുദിനം കൂടിക്കൊണ്ടേയിരിക്കുകയാണ്. നല്ല റിസല്‍ട്ട് കിട്ടണമെന്ന ആഗ്രഹത്തില്‍ കഴിയുന്ന അധ്യാപകര്‍ കുട്ടികളുടെ സംഘര്‍ഷങ്ങള്‍ കൂട്ടുകയേയുള്ളൂ. ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്ന തലമുറയാണ് ഇപ്പോഴത്തേത്. പറയാന്‍ പറ്റും. മാലിനി പറയുന്നു, “മാറിക്കൊണ്ടിരിക്കുന്ന തൊഴിലുകളുടെ സ്വഭാവം മാതാപിതാക്കളെത്തന്നെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. പണ്ടത്തേതുപോലെ സുരക്ഷിതമായ ജോലി പലര്‍ക്കുമില്ല. മാതാപിതാക്കളുടെ ഇത്തരം ഉത്കണ്ഠകള്‍ കുട്ടികളെ സ്വാധീനിക്കും. മാതാപിതാക്കളുടെ ഉത്കണ്ഠകളുടെ പ്രതിഫലനം കുട്ടികളിലുണ്ടാകുമെന്നതില്‍ സംശയമില്ല.”
പരിശ്രമിക്കുക എന്നതാണ് പ്രധാനം; അല്ലാതെ പരീക്ഷാഫലമല്ലെന്ന് കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം. കുട്ടികളുടെ ആത്മാഭിമാനം വളര്‍ത്താന്‍ ഇത് വളരെയേറെ സഹായിക്കും.
റ്റാനിയ സ്കറിയയ്ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. മകളുടെ ആത്മവിശ്വാസം വളര്‍ത്താനും, അവളെ പിന്തുണയ്ക്കാനും എത്ര ശ്രമിച്ചിട്ടും പരീക്ഷക്കാലത്ത് ഇതൊന്നും ഫലം കണ്ടില്ല. റ്റാനിയ പറയുന്നു: “ഞാനോര്‍ക്കുന്നു, അവളുടെ പ്രായത്തില്‍ സാധാരണ പരീക്ഷകളില്‍ കെമിസ്ട്രിക്കും, ബയോളജിക്കും ഞാന്‍ ഒന്നാമതായിരുന്നു. എന്നാല്‍, ഫൈനല്‍ പരീക്ഷയ്ക്ക് പേടിച്ച് വിറച്ച് ഈ രണ്ടു വിഷയങ്ങളിലും ഞാന്‍ തോറ്റു. ചിലപ്പോള്‍ ഇത്തരം ഉത്ക്കണ്ഠകള്‍ പാരമ്പര്യമായി കിട്ടുന്നതാണ്. ഇവയെ അംഗീകരിക്കാനും നമുക്ക് ശീലിച്ചേ മതിയാവൂ.”
രക്ഷാമാര്‍ഗ്ഗം
റിവിഷനുള്ള സമയം ഇനിയും താമസിച്ചിട്ടില്ലായെന്ന് പറഞ്ഞധൈര്യം പകരുക.
നന്നായി പഠിക്കാന്‍ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യാം.
മാനസികാവസ്ഥ തുറന്നു പറയാന്‍ പ്രോത്സാഹിപ്പിക്കുക.
പരീക്ഷാഫലം എന്തുതന്നെയായാലും നിങ്ങളവരെ സ്നേഹിക്കുമെന്ന് ഉറപ്പുവരുത്തുക.
പരീക്ഷ കഴിഞ്ഞ് അവധിക്കാലത്ത് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക
പഠനത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ അധ്യാപകരുമായി ബന്ധപ്പെടാന്‍ പ്രോത്സാഹിപ്പിക്കുക.
നല്ലതും ആരോഗ്യദായകവുമായ ഭക്ഷണം നല്‍കുക
പതിവായ ദിനചര്യ പാലിക്കുക; എന്നാല്‍ അമിത കാര്‍ക്കശ്യം അരുത്.
പരീക്ഷ പ്രധാനപ്പെട്ടതാണ് എന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമല്ല
പരീക്ഷയെന്ന് മനസിലാക്കി കൊടുക്കണം.
പരീക്ഷാസമ്മര്‍ദ്ദം
ഏകദേശം പകുതിയോളം വിദ്യാര്‍ത്ഥികള്‍ വിവിധതരം മാനസിക സമ്മര്‍ദ്ധത്തിനടിപ്പെടുന്നു. പരീക്ഷാസമ്മര്‍ദ്ദം കുട്ടികളില്‍ ഉളവാക്കുന്ന പരിണിത ഫലങ്ങള്‍.
കുട്ടികളോട് സംസാരിക്കാം
കുട്ടികളുടെ മനസ് ഒരു ലോകമാണ്. ആ ലോകത്തിലേക്ക് കടക്കണമെങ്കില്‍ മനസ്സ് തുറന്ന് സംസാരിക്കണം. മുതിര്‍ന്നവരോട് സംസാരിക്കുന്നതുപോലെയല്ല കുട്ടികളോടുള്ള സംസാരം. അവരുടെ ചിന്ത, ഭാഷ, ഭാവന, രസങ്ങള്‍ ഇവയെല്ലാം മനസ്സിലാക്കിയാലേ കുഞ്ഞുമനസ്സില്‍ ഇടം നേടാനാകൂ. കുട്ടികളോടുള്ള ആശയവിനിമയം മെച്ചപ്പെടുത്താനുള്ള ഒട്ടനേകം വഴികള്‍ പരിചയപ്പെടുത്തുന്നതാണ് ഈ ലക്കം. കുട്ടികളുടെ മനസ്സിലേക്ക് നടന്നിറങ്ങാന്‍ തയ്യാറായിക്കൊള്ളൂ….
എങ്ങനെ സംസാരിക്കണം?
മാതാപിതാക്കളും കുട്ടികളുമായുള്ള സംസാരം ഏറെ പ്രധാനപ്പെട്ടതാണ്. ആശയങ്ങള്‍ പങ്കുവെക്കുന്നതിനും കുട്ടികളുമായുള്ള ബന്ധം ദൃഢമാക്കുന്നതിനും അവരെ കൂടുതല്‍ അടുത്തറിയുന്നതിനും അവരുടെ വികാരങ്ങള്‍ മനസ്സിലാക്കുന്നതിനും മൂല്യങ്ങളും വിശ്വാസങ്ങളും പ്രതീക്ഷകളും അവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കുട്ടികളുമായുള്ള ആശയവിനിമയം.
കുട്ടികളുടെ സ്വഭാവരീതികള്‍
കുട്ടികളുമായുള്ള സംഭാഷണം പലപ്പോഴും സമ്പൂര്‍ണ്ണമായി ഫലപ്രദമാകാറില്ല. അതിനുകാരണം സംസാരിക്കുമ്പോള്‍ പല മാതാപിതാക്കളും ഒട്ടേറെ തെറ്റായ രീതികള്‍ പിന്‍തുടരുന്നതാണ്. തങ്ങളുടെ കുട്ടികളെ പ്രായപൂര്‍ത്തിയായ വ്യക്തികളായി പരിഗണിച്ചാണ് പല മാതാപിതാക്കളും അവരോട് സംസാരിക്കുന്നത്. ഈ നിലപാട് ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. കുട്ടികളും പ്രായപൂര്‍ത്തിയായ വ്യക്തികളും ചിന്തിക്കുന്ന രീതിയിലും സംസാരിക്കുന്ന രീതിയിലും കാര്യമായ വ്യത്യാസം ഉണ്ടെന്ന് മനസ്സാലാക്കിയാല്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. നിങ്ങളുടെ കുട്ടിയോട് സംസാരിക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
കുട്ടികള്‍ ചിന്തിക്കുന്ന രീതി
പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് എല്ലാക്കാര്യങ്ങളെക്കുറിച്ചും യുക്തിസഹമായി ചിന്തിക്കാന്‍ കഴിയും. തങ്ങളുടെ സംസാരത്തിനിടെ അമൂര്‍ത്തമായ ആശയങ്ങള്‍ അവതരിപ്പിക്കാനും അത്തരം ആശയങ്ങള്‍ വ്യക്തമായി മനസ്സിലാക്കാനും മുതിര്‍ന്നവര്‍ക്ക് സാധിക്കും. എന്നാല്‍ കുട്ടികളെ സംബന്ധിച്ച് (പ്രത്യേകിച്ച് 2 മുതല്‍ 7 വയസു വരെയുള്ള പ്രായത്തില്‍) വളരെ പ്രാഥമികമായ ചിന്താകഴിവുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇതിനെ പ്രീലോജിക്കല്‍ ഘട്ടമെന്നോ മാജിക്കല്‍ ഘട്ടമെന്നോ പറയാം.കാര്യങ്ങളെ യുക്തിസഹമായി കാണുന്നതിനുള്ള മാനസിക വളര്‍ച്ച കുട്ടികള്‍ക്ക് ഉണ്ടായിരിക്കില്ല.
കാര്യങ്ങളെ കാര്യകാരണ സഹിതം വിലയിരുത്തുന്നതിനുള്ള കഴിവ് കുട്ടികള്‍ കാലക്രമേണയേ ആര്‍ജ്ജിക്കുകയുള്ളൂ. സ്കൂള്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കും. എങ്കിലും അമൂര്‍ത്തമായ ആശയങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കില്ല. കൗമാരപ്രായത്തില്‍ എത്തുമ്പോള്‍ മാത്രമേ യുക്തിചിന്തയും കാര്യകാരണ സഹിതം കാര്യങ്ങളെ വിലയിരുത്താനുള്ള കഴിവും കുട്ടികള്‍ ആര്‍ജ്ജിക്കൂ.
കുട്ടികള്‍ സംസാരിക്കുന്ന രീതി
മുതിര്‍ന്നവരുടെ സംസാരരീതിയുമായി താരതമ്യം ചെയ്താലേ കുട്ടികളുടെ രീതി മനസ്സിലാകുകയുള്ളൂ. ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ മുതിര്‍ന്ന ഒരു വ്യക്തിക്ക് എളുപ്പത്തില്‍ സാധിക്കും. സംഭാഷണത്തിന്‍റെ സാഹചര്യത്തിനനുസരിച്ച് വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് പെട്ടെന്ന് സാധിക്കും. അതുകൊണ്ടുതന്നെ, മുതിര്‍ന്നവര്‍ പലപ്പോഴും ഭാഷ വ്യംഗാര്‍ത്ഥത്തിലോ പരോക്ഷമായോ പ്രയോഗിക്കാറുണ്ട്. മുതിര്‍ന്നവര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഇത്തരം പരോക്ഷമായ അര്‍ത്ഥമുള്ള വാക്കുകളും വ്യംഗാര്‍ത്ഥ പ്രയോഗങ്ങളും അവര്‍ക്ക് മനസ്സിലാക്കാനാവും. അതിനുള്ള കഴിവ് മുതിര്‍ന്നവര്‍ക്കുണ്ടാകും.
ഭൂരിപക്ഷം കുട്ടികളും ഏകദേശം രണ്ട് വയസ് ആകുമ്പോഴാണ് ആദ്യമായി ഭാഷ ഉപയോഗിക്കാന്‍ ആരംഭിക്കുന്നത്. ആദ്യത്തെ 5 വര്‍ഷം (ഏകദേശം 7 വയസുവരെ) കുട്ടികള്‍ വാക്കുകളുടെ പ്രത്യക്ഷമായ അര്‍ത്ഥം മാത്രമാണ് മനസ്സിലാക്കുന്നത്. അതായത്, അവര്‍ കേള്‍ക്കുന്ന വാക്കുകളുടെ ശരിയായ അര്‍ത്ഥം, വാച്യാര്‍ത്ഥം എന്താണോ, അത് മാത്രമാണ് അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുക.
പരോക്ഷമായ അര്‍ത്ഥങ്ങളോ, വ്യംഗാര്‍ത്ഥങ്ങളോ, അമൂര്‍ത്തമായ ആശയങ്ങളോ മനസ്സിലാക്കാന്‍ കഴിയില്ല. തങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും കഴിയുന്നതുമായ വസ്തുക്കളുടെ (പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിഷയമായവയുടെ) പേരുകള്‍ മാത്രമാണ് കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുക.
8 മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് അല്‍പ്പം കൂടി യുക്തിസഹമായി ചിന്തിക്കാനാവും. എങ്കിലും പരോക്ഷമായ അര്‍ത്ഥവും അമൂര്‍ത്തമായ ആശയങ്ങളും മനസ്സിലാക്കാനുള്ള കഴിവ് 12 വയസുമുതല്‍ മാത്രമേ ആര്‍ജ്ജിക്കുകയുള്ളൂ.
സമയത്തെക്കുറിച്ചുള്ള ബോധം
മുതിര്‍ന്ന വ്യക്തികളും കുട്ടികളും സമയത്തെക്കുറിച്ച് ചിന്തിക്കുന്നത് ഏറെ വ്യത്യസ്തമായാണ്. ഭാവിയെക്കുറിച്ചുള്ള ചിന്തകളും ലക്ഷ്യങ്ങളും മുന്നില്‍ കണ്ടുകൊണ്ടാണ് മുതിര്‍ന്നവര്‍ പലപ്പോഴും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അതേ സമയം, കുട്ടികള്‍ അപ്പപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമാകും ചിന്തിക്കുക. തന്റെ ഇപ്പോഴുള്ള ഒരു ആഗ്രഹം ഭാവിയിലെ മറ്റൊരു മികച്ച ആഗ്രഹസാഫല്യത്തിനായി മാറ്റിവെക്കുന്നതിനുള്ള കഴിവ് കുട്ടികള്‍ക്ക് സ്വായത്തമായിട്ടുണ്ടാവില്ല. ഇതിനെ ഡിലേഡ് ഗ്രാറ്റിഫിക്കേഷന്‍ (delayed gratification) എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ദീര്‍ഘകാലത്തേക്കുള്ള ലക്ഷ്യങ്ങളേക്കാള്‍ പെട്ടെന്ന് നേടിയെടുക്കാവുന്ന ലക്ഷ്യങ്ങളാവും കുട്ടികളുടെ മനസ്സില്‍ ഉണ്ടാവുക.
സംഭാഷണത്തിന്‍റെ പൊതു നിയമങ്ങള്‍
ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ നിങ്ങളുടെ കുട്ടിയോട് സംസാരിക്കുമ്പോള്‍ നിങ്ങളുടെ ലക്ഷ്യം അവന്റെ ബൗദ്ധികവും വൈകാരികവുമായ വളര്‍ച്ചയായിരിക്കണം. കുട്ടിയുമായി ഫലപ്രദമായ ആശയവിനിമയം സാധ്യമാക്കാന്‍ അതിനുയോജിച്ച അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. അതായത് കുട്ടിക്ക് ഭയമില്ലാതെ നിങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യവും അടുപ്പവും വളര്‍ത്തിയെടുക്കുക. എന്തും തുറന്നുപറയാന്‍ കുട്ടികള്‍ക്ക് സാധിക്കണം. കുട്ടികളുമായുള്ള ഫലപ്രദമായ ആശയവിനിമയത്തിന് സഹായിക്കുന്ന ചില പൊതുമാര്‍ഗ്ഗ രേഖകള്‍ താഴെ പറയുന്നു:
താല്‍പര്യം കാണിക്കുക
കുട്ടിയുടെ സംസാരത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുകയാണ് ആദ്യപടി. അവന്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയും, അതിന് മറുപടി പറയുകയും ചെയ്യുക. അതിനായി സംസാരിക്കുന്ന കുട്ടിയുടെ നിലവാരത്തിലേക്ക് താണുനില്ക്കുകയും അവന്‍റെ കണ്ണുകളില്‍ നോക്കി സംസാരിക്കുകയും ചെയ്യണം.
ലളിതമായ ഭാഷ ഉപയോഗിക്കുക
കുട്ടിയോട് സംസാരിക്കുമ്പോള്‍ അവന് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ സംസാരിക്കുക. നിങ്ങളുടെ യുക്തിസഹമായ ചിന്തകളും അമൂര്‍ത്തമായ ആശയങ്ങളും കുട്ടിക്ക് മനസ്സിലാക്കാന്‍ കഴിയുമെന്ന് കരുതരുത്. ചെറിയ കുട്ടികളോട് സംസാരിക്കുമ്പോള്‍ ഏറ്റവും ലളിതമായ വാക്കുകളും ചെറിയ വാചകങ്ങളും ഉപയോഗിക്കണം.
സൗമ്യമായി സംസാരിക്കുക
ചിന്താശേഷിയിലും സംസാരശേഷിയിലും മാത്രമല്ല എല്ലാക്കാര്യങ്ങളിലും കുട്ടിയേക്കാള്‍ കഴിവുള്ളവരാണ് നിങ്ങള്‍. അതിനാല്‍, അവനോട് സംസാരിക്കുമ്പോള്‍ വളരെ സൗമ്യമായി കാര്യങ്ങള്‍ പറയുക. കുട്ടിയുടെ പരിചയക്കുറവും നിഷ്കളങ്കതയും മനസ്സിലാക്കി സംസാരിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളേയും പ്രസ്താവനകളേയും അംഗീകരിക്കാന്‍ കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തരുത്. അതവനില്‍ ഭീതി ജനിപ്പിക്കും. നിങ്ങളോട് സംസാരിക്കാനുള്ള അവന്‍റെ സ്വാതന്ത്ര്യം കുറച്ചുകളയും.
സംസാരം തടസ്സപ്പെടുത്താതിരിക്കുക
കുട്ടികളുടെ ചിന്താശേഷിയും സംസാരശേഷിയും പൂര്‍ണ്ണമായും വികസിച്ചിട്ടില്ലാത്തിനാല്‍ അവര്‍ പറയുന്ന പലകാര്യങ്ങളും “സെന്‍സിബിള്‍” ആയിക്കൊള്ളണമെന്നില്ല. കുട്ടികള്‍ സംസാരിക്കുമ്പോള്‍ ഒരു വിഷയത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുകയും പലകാര്യങ്ങളെക്കുറിച്ച് ഒരേ സമയം പറയുകയും ചെയ്യും. അതുകൊണ്ട് ഇടയ്ക്കുകയറി അവന്റെ സംസാരം തടസ്സപ്പെടുത്തരുത്. നിങ്ങളോട് കുട്ടി സംസാരിക്കുന്നു എന്നതാണ് പ്രധാനം. അത് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുക.
പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കണമോ?
കുട്ടിയുമായി സംസാരിക്കുമ്പോള്‍ ചില കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടാകും. ചില സാഹചര്യങ്ങളില്‍ കുട്ടിയുടെ ചെറിയ പ്രശ്നങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള ഉത്തരം ലളിതമായി അവര്‍ക്ക് പറഞ്ഞുകൊടുക്കാം. എന്നാല്‍ പലപ്പോഴും പ്രശ്നപരിഹാരത്തിനുള്ള വഴി ആലോചിച്ചു കണ്ടെത്താന്‍ കുട്ടിക്ക് തന്നെ അവസരം നല്‍കുകയാണ് നല്ലത്.
തനിക്ക് നേരിടേണ്ടി വന്ന ഒരു പ്രശ്നത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ കുട്ടിക്ക് അതിന്റെ പോംവഴികള്‍ പറഞ്ഞു കൊടുക്കുന്നതിനുപകരം അവനോട് ചോദ്യങ്ങള്‍ ചോദിക്കുക. ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെ കൂടുതല്‍ ചിന്തിക്കാനും സംസാരിക്കാനുമുള്ള പ്രചോദനം കുട്ടിക്ക് ലഭിക്കുന്നു. ഉദാഹരണത്തിന് സ്കൂളില്‍ കുട്ടിക്ക് നേരിടേണ്ടി വന്ന ഒരു പ്രശ്നത്തെക്കുറിച്ച് നിങ്ങളുടെ കുട്ടി നിങ്ങളോട് പറഞ്ഞു എന്നിരിക്കട്ടെ. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍, നിനക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്ന് കുട്ടിയോട് ചോദിക്കുക.
ചില കാര്യങ്ങള്‍ കുട്ടി നിങ്ങളോട് പറയുന്നത് അക്കാര്യം പങ്കുവെക്കാനുള്ള താല്‍പര്യം കൊണ്ടു മാത്രമായിരിക്കും. ഓരോ ചെറിയ പ്രശ്നങ്ങള്‍ക്കും കാരണം കണ്ടുപിടിക്കാനും അവ പരിഹരിക്കാനും ശ്രമിച്ചാല്‍ പിന്നീട് ഒരു കാര്യവും കുട്ടി നിങ്ങളുമായി പങ്കുവെച്ചെന്നുവരില്ല.
പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുക
മുതിര്‍ന്നവരെപ്പോലെ തന്നെ പ്രധാനപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച് സംസാരിക്കേണ്ടത് കുട്ടികളുടെയും ആവശ്യമാണ്. മയക്കുമരുന്ന്, ലൈംഗികത, മരണം, ദൈവം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഈ വിഷയങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണ അവരില്‍ ഉണ്ടാകാന്‍ ഉപകരിക്കും.
ഈ വിഷയങ്ങളെ സംബന്ധിച്ച്, ശരിയായ അവബോധം കുട്ടികള്‍ക്ക് നല്‍കിയില്ലെങ്കില്‍ മറ്റ് കേന്ദ്രങ്ങളില്‍ നിന്നും കുട്ടികള്‍ അവ സ്വായത്തമാക്കാന്‍ ശ്രമിക്കും. ഇത്തരം അറിവുകള്‍ ശരിയായിക്കൊള്ളണമെന്നില്ല.
ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ കുട്ടികള്‍ക്ക് മനസിലാകുന്ന ലളിതമായ ഭാഷ ഉപയോഗിക്കുക. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം വിഷയങ്ങളെക്കുറിച്ച് കുട്ടി തന്നെ ചോദിച്ചെന്നിരിക്കാം.
സംസാരം എപ്പോള്‍ നിര്‍ത്തണം?
കൂടുതല്‍ സംസാരിക്കാതിരിക്കുക എന്നതാണ് പ്രമാണം. ഏത് വിഷയവും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പറഞ്ഞ് തീര്‍ക്കുക; അതല്ലെങ്കില്‍ അക്കാര്യത്തിലുള്ള കുട്ടിയുടെ താല്‍പര്യം നഷ്ടപ്പെടും. നിങ്ങള്‍ക്ക് ഒത്തിരി പറയാനുണ്ടാവും. എന്നാലും അത് മറ്റൊരു അവസരത്തിലേക്ക് മാറ്റിവയ്ക്കുക.
എല്ലാ സംഭാഷണങ്ങളും ഗൗരവമായിരിക്കണമെന്നില്ല. തമാശയും കളിചിരിയും ഉള്‍ക്കൊള്ളിച്ച രസകരമായ സംഭാഷണങ്ങളാണ് കൂടുതല്‍ ഫലപ്രദം. അത്തരം സംഭാഷണങ്ങള്‍ കുട്ടിയുമായി ദൃഢമായ ഒരു ആത്മബന്ധം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. കുട്ടികളിലെ നര്‍മ്മബോധം വളര്‍ത്താനും ഇത് ഉപകരിക്കും. വളരെ രസകരമായും തമാശയായും തോന്നിയ ചില സന്ദര്‍ഭങ്ങളെക്കുറിച്ച് കുട്ടിയോട് സംസാരിക്കുക. സമാനമായ സംഭവങ്ങള്‍ പറയാന്‍ കുട്ടിയെയും പ്രോത്സാഹിപ്പിക്കുക.
സംസാരം മെച്ചപ്പെടുത്താം
കുട്ടികളുമായുള്ള സംസാരം എളുപ്പമാക്കാനുള്ള വഴികള്‍
കുട്ടികളോട് സംസാരിക്കുക ഒരു കലയാണ്. അത് സ്വായത്തമാക്കിയാല്‍ നല്ലൊരു രക്ഷിതാവാകാനുള്ള ആദ്യ കഴിവ് നിങ്ങള്‍ നേടിയെന്നര്‍ത്ഥം. നിങ്ങള്‍ കുട്ടിയോട് സംസാരിക്കുന്ന രീതി മാതൃകയാക്കിയാണ് അവന്‍ മറ്റുള്ളവരോട് സംസാരിക്കുന്നത്. കുട്ടികളുമായി ഫലപ്രദമായി സംസാരിക്കുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍.
ആയിരിക്കുന്നപോലെ അംഗീകരിക്കുക
കുട്ടിയെ, അവന്‍റെ സ്വഭാവസവിശേഷതകളോടും കൂടിത്തന്നെ നിങ്ങള്‍ അംഗീകരിക്കുന്നു എന്ന ബോധം അവന് ഏറെ ആത്മവിശ്വാസവും മന:സംതൃപ്തിയും നല്‍കും. തനിക്ക് ശരിയായ അംഗീകാരം ലഭിക്കുന്നുണ്ടെന്ന ബോധം എല്ലാക്കാര്യങ്ങളും തുറന്നുപറയാന്‍ അവനെ പ്രേരിപ്പിക്കും. ഉദാഹരണത്തിന് ഈ സംഭാഷണം ശ്രദ്ധിക്കൂ.
മനു: “അമ്മേ, എനിക്ക് തനിയെ ഉറങ്ങാന്‍ പേടിതോന്നുന്നു.”
ഇതിനോട് രണ്ടു തരത്തില്‍ പ്രതികരിക്കാം. “നിനക്ക് നാണമില്ലേ, ഇത്ര വലിയ കുട്ടിയായിട്ടും ചെറിയ കുഞ്ഞുങ്ങളെപ്പോലെ പെരുമാറാന്‍. തനിയെ ഉറങ്ങുന്നതില്‍ പേടിക്കാനൊന്നുമില്ല”.
“എനിക്ക് മനസ്സിലായി മോനെ. നിന്‍റെ മുറിയിലെ ചെറിയ ബള്‍ബ് ഞാനിട്ടു തരാം. മുറിയുടെ കതക് തുറന്നിട്ടേക്കാം. പേടിക്കണ്ട”.
ഇതില്‍ ഏതായിരിക്കും കുട്ടിയെ അംഗീകരിച്ചുകൊണ്ടുള്ള സംഭാഷണം?
ശ്രദ്ധ പിടിച്ചുപറ്റുക
ചെറിയ കുട്ടികള്‍ക്ക് ഒര സമയം ഒന്നിലധികം കാര്യങ്ങളില്‍ ശ്രദ്ധിക്കാനാവില്ല. കുട്ടിയുമായി സംസാരിക്കുന്നതിനു മുമ്പ് പേര് വിളിച്ച് അവരുടെ ശ്രദ്ധ നേടിയശേഷം സംഭാഷണം ആരംഭിക്കുക. ഉദാഹരണം
“ജിതിന്‍….. (കുട്ടി അവന്‍ ചെയ്യുന്ന പ്രവൃത്തി നിര്‍ത്തി നിങ്ങളുടെ മുഖത്തേക്ക് നോക്കുന്നതുവരെ കാത്തിരിക്കുക) അത്താഴം 15 മിനിറ്റിനുള്ളില്‍ തയ്യാറാവും”
പ്രോത്സാഹന വാക്കുകള്‍
സംഭാഷണത്തിനിടയില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന പ്രോത്സാഹജനകമായ ചിലവാക്കുകള്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നുസംസാരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കും. അവര്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നു എന്ന തോന്നല്‍ അവരിലുണ്ടാക്കാന്‍ ഇത്തരം വാക്കുകള്‍ക്ക് സാധിക്കും.
ഉദാ.. “ഓ… അതു ശരി. ഉം… ശരിക്കും?, എന്നിട്ട്….. ഒന്നു കൂടി പറയൂ”- ഇത്തരം വാക്കുകള്‍ നിങ്ങളുടെ സംസാരത്തില്‍ കൂടുതലായി ഉപയോഗിക്കുക.
ശ്രദ്ധയോടെ കേള്‍ക്കുക
കുട്ടി പറയുന്നത് കേള്‍ക്കുക. അറ്റ് പ്രവൃത്തികള്‍ ചെയ്യുന്നതോടൊപ്പം കുട്ടിയോട് സംസാരിക്കുന്നത് നല്ലതല്ല. പത്രം വായിക്കുന്നതിനിടയിലൊ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലൊ വീട് വൃത്തിയാക്കുന്നതിനിടയിലൊ കുട്ടികളുടെ സംസാരം ശ്രദ്ധയോടെ കേള്‍ക്കുന്നത് ബുദ്ധിമുട്ടായിരിക്കും.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കുട്ടി പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അഭിനയിക്കരുത്. നിങ്ങള്‍ തിരക്കിലാണെങ്കില്‍, അത് വിശദീകരിച്ചിട്ട് കുട്ടിക്ക് സംസാരിക്കാനായി മറ്റൊരു സമയം അനുവദിക്കുക.
‘അരുതുകളുടെ’ ഉപയോഗം കുറയ്ക്കുക
കുട്ടികളുമായി സംസാരിക്കുമ്പോള്‍ പല മാതാപിതാക്കളും, അത് ചെയ്യരുത്, ഇത് ചെയ്യരുത്, അത്പാടില്ല എന്ന രീതിയിലുള്ള വാക്കുകളാണ് ഉപയോഗിക്കാറുള്ളത്. അതിനു പകരം എന്തെല്ലാം ചെയ്യാം എന്നതിനെക്കുറിച്ച് കുട്ടിയോട് പറയുക. ഈയൊരു സംസാരരീതി ശീലിക്കാന്‍ മാതാപിതാക്കള്‍ക്കും ബോധപൂര്‍വ്വമായ പരിശീലനം ആവശ്യമാണ്.
മാതാപിതാക്കള്‍ സാധാരണയായി കുട്ടികളോട് പറയുന്ന ചില (അരുതുകള്‍) ഈ വാക്കുകള്‍ തന്നെ എങ്ങിനെ പോസിറ്റീവായി പറയാമെന്ന് ശ്രദ്ധിക്കുക.
കതക് വലിച്ച് അടക്കരുത്- (കതക് മെല്ലെ അടക്കൂ… പ്ലീസ്). മേശയുടെ പുറത്ത് വരക്കരുത്- (നീഈ പുസ്തകത്തില്‍ വരച്ചോളൂ)
കുറ്റപ്പെടുത്താതെ സംസാരിക്കാം
തന്‍റെ സ്വഭാവമോ പെരുമാറ്റമോ മറ്റുള്ളവര്‍ക്ക് എങ്ങിനെയാണ് അനുഭവപ്പെടുന്നതെന്ന് പലപ്പോഴും കുട്ടികള്‍ക്ക് അറിയാന്‍ കഴിയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ‘എനിക്ക് നിന്‍റെ സ്വഭാവം/പെരുമാറ്റം മോശമായി തോന്നി’ എന്നു പറയുമ്പോള്‍, കുട്ടിക്ക് അക്കാര്യം എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനാവും.
രണ്ടു സാധ്യതകള്‍ ശ്രദ്ധിക്കുക ‘എനിക്ക് ഇവ അടുക്കിവെക്കാന്‍ നിന്‍റെ സഹായം വേണം’, (നീ എല്ലാം വലിച്ചു വാരി ഇട്ടിരിക്കുന്നു.) ഇതില്‍ ആദ്യത്തേതായിരിക്കും കൂടുതല്‍ സ്വീകാര്യമായ രീതി.
ലളിതമായ നിര്‍ദ്ദേശങ്ങള്‍
ചെറിയ കുട്ടികള്‍ക്ക്, ഒരേ സമയം ഒന്നിലധികം നിര്‍ദ്ദേശങ്ങള്‍ ഓര്‍മ്മിക്കാനാവില്ല. മൂന്ന് വയസ്സുള്ള കുട്ടിയോട്, “നിന്‍റെ മുറിയില്‍ പോയി ഡ്രസ് മാറ്റി കളിപ്പാട്ടങ്ങള്‍ എടുത്തുവെച്ച് നായ്ക്കുട്ടിയെ പുറത്താക്കി കതകടക്കൂ” എന്നു പറഞ്ഞാല്‍ അവസാനം പറഞ്ഞകാര്യം മാത്രമേ മിക്കവാറും കുട്ടി ചെയ്യുള്ളൂ. കഴിവതും ചെറിയ വാക്യങ്ങള്‍ ഉപയോഗിക്കുക. കുട്ടികള്‍ തമ്മിലുള്ള സംസാരരീതി ശ്രദ്ധിച്ച് പഠിക്കുക.
ഇഷ്ടമുള്ള വാഗ്ദാനങ്ങള്‍
രണ്ടോ മൂന്നോ വയസായ കുട്ടിയോട് ഒരു കാര്യം ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ ആ കാര്യം നന്നായി ചെയ്താല്‍ അവന് എന്തെങ്കിലും ചെറിയ സമ്മാനങ്ങളോ ഇഷ്ടപ്പെട്ട കാര്യങ്ങളോ നല്‍കാമെന്ന് സമ്മതിക്കുക. സാധാരണഗതിയില്‍ നിരാകരിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളായിരിക്കണം. ഉദാഹരണം- “വേഗം പോയി പല്ലുതേച്ച് വരൂ. എന്നാല്‍ ഞാന്‍ കഥ വായിച്ചുതരാം”
നിര്‍ദ്ദയമായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക
ദയയില്ലാത്ത വാക്കുകള്‍ കുട്ടികളോട് പറയരുത്. അത്തരം വാക്കുകള്‍, അവരുടെ സംസാരത്തെ തടസ്സപ്പെടുത്തും. ഉദാഹരണം ‘നീ കൊച്ചു കുട്ടികളെപ്പോലെ പെരുമാറുന്നു’, ‘എനിക്ക് നിന്നെക്കുറിച്ച് ലജ്ജ തോന്നുന്നു’, ‘നീ ഒരു ചീത്തക്കുട്ടിയാണ്.’
തന്‍റെ വ്യക്തിത്വത്തെക്കുറിച്ച് കുട്ടികളില്‍ മോശമായ ഒരു കാഴ്ചപ്പാട് സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം വാക്കുകള്‍ സഹായിക്കൂ. അതേ സമയം നല്ല വാക്കുകള്‍ സന്തോഷം തരുന്നവയാണ്. ആത്മവിശ്വാസം വളര്‍ത്താനും, നല്ല സ്വഭാവം വളര്‍ത്തിയെടുക്കുന്നതിനും സഹായിക്കും. നല്ല വാക്കുകള്‍ സ്നേഹവും ബഹുമാനവും പങ്കുവയ്ക്കുന്നവയാണ്.
നിങ്ങളുടെ കുട്ടി പാല്‍പ്പാത്രം തട്ടി താഴെ ഇട്ടെന്നു കരുതുക. നിങ്ങള്‍ എങ്ങിനെയാവും പ്രതികരിക്കുക. “നീയെന്ത് വികൃതിയാണ് കാണിച്ചത്. എല്ലാ നീ വൃത്തികേടാക്കിയില്ലേ?” ഈ വാക്കുകള്‍ കുട്ടിയുടെ മനസ്സിനെ മുറിവേല്‍പ്പിക്കും.
അതേ സമയം, നിങ്ങളുടെ മറുപടി ഇങ്ങിനെയാണെങ്കിലോ, “ദാ ഈ തുണികൊണ്ട്, നിലത്തുവീണ പാല്‍ തുടച്ചു വൃത്തിയാക്കൂ”- എന്നു പറഞ്ഞാല്‍ കുട്ടിക്ക് അത് ഏറെ ആശ്വാസകരമാവും.
നല്ലവാക്കുകളുടെ ഉദാഹരണങ്ങള്‍:
“മേശ വൃത്തിയാക്കുന്നതില്‍ എന്നെ സഹായിച്ചതിന് നന്ദി”
“പാത്രങ്ങള്‍ നീ നന്നായി കഴുകി വൃത്തിയാക്കിയല്ലോ, വളരെ നല്ലത്”
“നിന്‍റെ ഡ്രസ് നീ ഹാങ്ങറില്‍ വൃത്തിയായി തൂക്കിയല്ലോ, കൊള്ളാം.”
മാതാപിതാക്കളുടെ നല്ല സംസാരം കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും സ്വന്തം കഴിവിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഉപകരിക്കും. ഇതിലൂടെ മറ്റുള്ളവരുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കാനും കുട്ടികള്‍ക്ക് സാധിക്കും. നല്ല ആശയവിനിമയങ്ങളിലൂടെ ഉയര്‍ന്ന ആത്മാഭിമാനമുള്ള, അന്യരുടെ വികാരങ്ങളെ ബഹുമാനിക്കുന്ന, ഉത്തമ പൗരന്മാരായി കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയും.
സംസാരം പ്രോത്സാഹിപ്പിക്കാന്‍
കുട്ടിയുമായി സംസാരിക്കുമ്പോള്‍ മാതാപിതാക്കള്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ട ചില പ്രയോഗങ്ങള്‍ താഴെ കൊടുക്കുന്നു. ഇത്തരം വാക്കുകള്‍ കൂടുതല്‍ തുറന്ന് സംസാരിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കും.
ഞാന്‍ അത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ച് കൂടുതല്‍ പറയൂ.
പറഞ്ഞോളൂ; ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.
നീ അതിനെക്കുറിച്ച് എന്താണ് കരുതുന്നത്?
അതിനെക്കുറിച്ച് സംസാരിക്കാന്‍ നിനക്ക് ഇഷ്ടമാണോ?
ഇതല്ലാതെ, മറ്റ് എന്തിനെയെങ്കിലും കുറിച്ച് സംസാരിക്കാന്‍ നിനക്ക് ആഗ്രഹമുണ്ടോ?
അത്, വളരെ രസകരമാണല്ലോ
ഹായ്….കൊള്ളാമല്ലോ!
എനിക്ക് ഇഷ്ടപ്പെട്ടു.
അത് ഒന്നു കൂടി വിശദമായി പറയൂ.
പരസ്പരം പ്രോത്സാഹിപ്പിക്കാനും പഠിപ്പിക്കാനും ഉള്ള ശ്രമമാണ് ആവശ്യം. ഇത്തരം സംഭാഷണങ്ങളില്‍ വളരെ ഗൗരവകരമായ സമീപനമല്ല ആവശ്യം. മറിച്ച് വളരെ ഹൃദ്യമായി, നര്‍മ്മരസത്തോടെ കുട്ടികളോട് സംസാരിക്കുക. വിമര്‍ശനവും ഒഴിവാക്കുക.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിന് വ്യത്യസ്തമായ ഉദ്ദേശ്യങ്ങളുണ്ട്. സംസാരത്തിന്‍റെ ഉദ്ദേശ്യം എന്താണ് എന്നതിനെ അനുസരിച്ചാണ് അതിന്‍റെ വിജയവും പരാജയവും വിലയിരുത്തപ്പെടുന്നത്.
ചില സന്ദര്‍ഭങ്ങളില്‍ ആശയങ്ങളും അറിവും പങ്കുവെക്കുക ആയിരിക്കും സംസാരത്തിന്‍റെ ഉദ്ദേശ്യം. മറ്റ് ചില സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനാവും ആശയവിനിമയം നടത്തുക. ചിലപ്പോള്‍ കുട്ടികളോട് എന്തെങ്കിലും പ്രവൃത്തികള്‍ ചെയ്യാന്‍ ആവശ്യപ്പെടാനുള്ള സംഭാഷണമാവാം. ഈ ലേഖനത്തില്‍ വ്യത്യസ്തമായ നാലുതരം സംസാരരീതികളും അവ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതും നമുക്ക് കാണാം.
വിവരം കൈമാറാനുള്ള സംസാരം
ആദ്യത്തേത് വിവരങ്ങള്‍ കൈമാറാനുള്ള സംഭാഷണമാണ്. പ്രത്യേക വിവരങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാനായുള്ള സംസാരമാണ് മാതാപിതാക്കളുടെ സംഭാഷണത്തില്‍ ഏറിയ പങ്കും. ഈ തരത്തിലുള്ള സംസാരം പലപ്പോഴും വളരെ ചുരുങ്ങിയതും കാര്യമാത്ര പ്രസക്തവുമായിരിക്കും. ഈ ഉദാഹരണം ശ്രദ്ധിക്കൂ.
ജ്യോതിസ്: “അച്ഛാ, എപ്പോഴാണ് ഇന്ന് വൈകിട്ട് വീട്ടില്‍ തിരിച്ചെത്തുക.”?
അച്ഛന്‍: “സാധാരണവരാറുള്ള സമയത്ത് തന്നെ. എന്താ ചോദിച്ചത്?”
ജ്യോതിസ്: “എനിക്കിന്ന് ബാസ്ക്കറ്റ് ബോള്‍ പ്രാക്ടീസ് ഉണ്ട് വൈകിട്ട് 5.30ന്. എന്നെ അങ്ങോട്ട് കൊണ്ടു പോയാക്കമോ?.”
അച്ഛന്‍: “എവിടെയാണ് പ്രാക്ടീസ്?”
ജ്യോതിസ്: “ബിഷപ് പാര്‍ക്കില്‍”
അച്ഛന്‍: “ശരി; ഞാന്‍ നിന്നെ അവിടെ കൊണ്ടുവിടാം. ഞാന്‍ 5 മണി ആവുമ്പോഴേക്കും വീട്ടിലെത്താം. പ്രാക്ടീസിനു പോകുന്നതിനു മുന്‍പ് ഹോംവര്‍ക്ക് ചെയ്തു തീര്‍ക്കാന്‍ നോക്കണം.”
ജ്യോതിസ്: ശരി.
ഫലപ്രദമായ ഒരു സംഭാഷണമാണ് നാം മുകളില്‍ കണ്ടത്. തങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് പരസ്പരം അറിയിക്കാനും അതിനുള്ള മാര്‍ക്ഷം കണ്ടെത്താനും ഇരുവര്‍ക്കും സാധിച്ചു. ശരിയായി കാര്യങ്ങള്‍ അറിയുന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരം സംസാരം ഫലപ്രദമായിരിക്കും. എന്നാല്‍ കാര്യങ്ങളെ ക്കുറിച്ച് വ്യക്തമായി ധാരണയില്ലാത്ത സന്ദര്‍ഭങ്ങളില്‍ തനിക്ക് അക്കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് കുട്ടിയോട് പറയുക. ശരിയായ വിവരം ലഭിക്കാന്‍ ആരെ സമീപിക്കണമെന്നും കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക.
അറിവ് നേടാനുള്ള സംഭാഷണം
പരസ്പരം വിവരങ്ങള്‍ പങ്കുവെക്കുക എന്നതിനപ്പുറം, പുതിയതായി ചില കാര്യങ്ങള്‍ പഠിക്കുന്നതിനു വേണ്ടിയും ആശയവിനിമയം ഉപകരിക്കും. ആദ്യം സൂചിപ്പിച്ച സംസാരരീതിയില്‍ നിന്നും വ്യത്യസ്തമാണ് ഈ ശൈലി. അറിവ് പങ്കുവെക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും സഹായിക്കുന്ന സംസാരരീതിയുടെ സവിശേഷതകള്‍ ശ്രദ്ധിക്കാം.
വിവരം കൈമാറാനുള്ള സംസാരത്തെക്കാള്‍ കൂടുതല്‍ സമയം ഇതിനാവശ്യമാണ്. ഇത്തരം സംഭാഷണങ്ങള്‍ക്ക് കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കുക; അല്ലെങ്കില്‍ അവയ്ക്കായി പ്രയോജനപ്രദമായ സമയം കണ്ടെത്തുക. ശ്രദ്ധിക്കുകയും പ്രതികരിക്കുകയും ചെയ്യുക. ഇത്തരം സംഭാഷണത്തില്‍ കുട്ടിയോ, മാതാപിതാക്കളോ കൂടുതല്‍ ആധിപത്യം പുലര്‍ത്താന്‍ പാടില്ല. ഇരുകൂട്ടരും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നു എന്നതിനാല്‍ പരസ്പരം ശ്രദ്ധിച്ചും പ്രതികരിച്ചും സംസാരം ഫലപ്രദമാക്കുക.
സംസാരം അതിന്‍റെ വഴിക്ക് മുന്നോട്ടു നീങ്ങാന്‍ അനുവദിക്കുക.
ഒരു വിഷയത്തെക്കുറിച്ച് വിവിധ ആശയങ്ങള്‍ പ്രകടിപ്പിക്കാനും, അവയെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ശ്രമിക്കണം. സംഭാഷണത്തെ ഒരു പ്രത്യേക ദിശയില്‍ കൊണ്ടുപോകാന്‍ നിര്‍ബന്ധം പിടിക്കരുത്.
പരസ്പരം പ്രോത്സാഹിപ്പിക്കാനും പഠിക്കാനും ഉള്ള ശ്രമമാണ് ആവശ്യം. ഇത്തരം സംഭാഷണങ്ങളില്‍ വളരെ ഗൗരവകരമായ സമീപനമല്ല ആവശ്യം. മറിച്ച് വളരെ ഹൃദ്യമായി, നര്‍മ്മരസത്തോടെ കുട്ടികളോട് സംസാരിക്കുക.
വികാരങ്ങള്‍ പങ്കുവെക്കുന്ന സംഭാഷണം
തങ്ങളുടെ വികാരങ്ങള്‍ പങ്കുവെക്കാനായി കുട്ടികള്‍ അച്ഛനമ്മമാരോട് സംസാരിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍, നിങ്ങളുടെ കുട്ടിയുടെ വികാരങ്ങള്‍ മനസിലാക്കുകയും അവര്‍ക്ക് മാനസികമായ പിന്തുണ നല്‍കുകയും ഏത് സാഹചര്യത്തിലാണ് കുട്ടിക്ക് അത്തരം വികാരങ്ങള്‍ ഉണ്ടായതെന്ന് പരിശോധിക്കുകയും വേണം. പല മാതാപിതാക്കളും കുട്ടിയുടെ വികാരങ്ങളെ നിഷേധിക്കുകയും കുറ്റം അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഈ ഉദാഹരണം ശ്രദ്ധിക്കുക.
ജാസ്മിന്‍: “അമ്മേ, എനിക്ക് സ്കൗട്സിന് ചേരാന്‍ ഇഷ്ടമില്ല.”
അമ്മ: “ഓ… അങ്ങിനെ പറയല്ലേ. സ്കൗട്ടിന്‍റെ മീറ്റിങ്ങുകള്‍ ഏറെ രസകരമാണ്.”
ജാസ്മിന്‍: “കുട്ടികളില്‍ ആരും എന്നെ പങ്കാളിയായി തെരഞ്ഞെടുക്കുന്നില്ല.”
അമ്മ: “ഓ.. അതു കാര്യമാക്കണ്ട. പെണ്‍കുട്ടികള്‍ക്കെല്ലാം നിന്നെ ഇഷ്ടമാണ്.”
ഇവിടെ, ജാസ്മിന്‍റെ യഥാര്‍ത്ഥ വികാരങ്ങളെ നിഷേധിക്കാനാണ് അമ്മ ശ്രമിച്ചത്. അതിനു പകരം, ജാസ്മിന്‍റെ മനസിലുള്ള ആശങ്കകളെ നന്നായി മനസ്സിലാക്കി, അവളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍അമ്മക്ക് സാധിക്കുമായിരുന്നു. ഇത് ശ്രദ്ധിക്കൂ.
ജാസ്മിന്‍: “അമ്മേ, എനിക്ക് സ്കൗട്സിന് ചേരാന്‍ ഇഷ്ടമില്ല.”
അമ്മ: “എന്തുപറ്റി ?
ജാസ്മിന്‍: കളികളില്‍, ആരും എന്നെ പങ്കാളിയായി തെരഞ്ഞെടുക്കുന്നില്ല.”
അമ്മ: “നിന്നെ കളിക്കാന്‍ ആരും കൂട്ടാത്തതില്‍ എനിക്ക് സങ്കടമുണ്ട്. ഇന്നത്തെ മീറ്റിങ്ങില്‍ എന്താണ് ഉണ്ടായത്? എന്തെങ്കിലും സംഭവിച്ചോ?”
ജാസ്മിന്‍: “ഉവ്വ്, എനിക്ക് ആഷ്ലിയുടെ കൂടെ കളിക്കാനായിരുന്നു ഇഷ്ടം. പക്ഷേ
അവള്‍, ഞാന്‍ ചെല്ലുന്നതിന് മുമ്പേ, മരിയയുമായി കളിക്കാന്‍ തുടങ്ങി. പിന്നീട് എനിക്ക് അമന്‍ഡയുടെ കൂടെ കളിക്കേണ്ടി വന്നു. അവളാണെങ്കില്‍ വല്ലാത്ത ശല്യക്കാരിയാണ്.”
അമ്മ: “നീ അവളോട് നന്നായിട്ടല്ലേ പെരുമാറിയത്?”
ജാസ്മിന്‍: “അതെ.”
അമ്മ: “ഇത് ആദ്യമായിട്ടാണോ നിനക്ക് ഇങ്ങിനെ ഉണ്ടായത്? ഇതിനുമുമ്പ് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടോ?”
ജാസ്മിന്‍: “ഈ വര്‍ഷം ഒരു തവണ മാത്രമേ ഞാന്‍ ആഷ്ലിയുടെ കൂടെ കളിച്ചിട്ടുള്ളൂ.” സാധാരണയായി, ഞാനും മീനയുമാണ് പാര്‍ട്ണര്‍മാരാകുന്നത്. ഇന്ന് അവള്‍ ക്ലാസില്‍ വന്നില്ല.
അമ്മ: “ഓ അതു ശരി. നീ ആഗ്രഹിച്ചതുപോലെ ഇന്ന് കാര്യങ്ങള്‍ നടന്നില്ല. ഏതായാലും ഇന്ന് അമന്‍ഡയുടെ പാര്‍ട്ണര്‍ ആയി നീ കളിച്ചതു നന്നായി. നീ അവളോട് നന്നായി പെരുമാറിയതും കൊള്ളാം. അമന്‍ഡക്ക് നല്ല കൂട്ടുകാരെന്നുമില്ല അല്ലേ?”
രണ്ടാമത്തെ, സംസാരരീതിയില്‍ കാര്യങ്ങള്‍ എല്ലാം തുറന്നു പറയാന്‍ ജാസ്മിന്‍ തയ്യാറായി. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചും തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞും ജാസ്മിനെക്കൊണ്ട് കൂടുതല്‍ സംസാരിപ്പിക്കുന്നതില്‍ അമ്മ വിജയിച്ചു. കുട്ടികളുടെ വികാരങ്ങള്‍ പങ്കുവെക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ അവരോട് എങ്ങിനെ സംസാരിക്കണം എന്നതിനെക്കുറിച്ചുള്ള ചില നിര്‍ദ്ദേശങ്ങള്‍ താഴെകൊടുക്കുന്നു.
കുട്ടി പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുക.
കുട്ടിക്ക് നെഗറ്റീവ് ആയ വികാരങ്ങളും അനുഭവങ്ങളും നിങ്ങളോട് പറയാനുണ്ടെങ്കില്‍ അവരുടെ സംസാരം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക.
അവന്റെ വികാരങ്ങളെ നിഷേധിക്കുകയോ വില കുറിച്ചുകാണിക്കുകയോ ചെയ്യാതിരിക്കുക. പകരം, അവന്‍റെ വികാരങ്ങളെ നന്നായി മനസിലാക്കുന്നുഎന്ന് കുട്ടിയോട് പറയുക. ഉദാഹരണത്തിന് കണക്കില്‍ വളരെയധികം ഹോംവര്‍ക്കുള്ളപ്പോള്‍, അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുട്ടിയോട് അവന്‍റെ വികാരങ്ങളെ മനസ്സിലാക്കിക്കൊണ്ടുള്ള മറുപടി നല്‍കുക. “”കണക്ക് ഹോംവര്‍ക്ക് ചെയ്യുന്നത് പലപ്പോഴും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്”.
നിര്‍ദ്ദേശം കൊടുക്കുന്ന സംഭാഷണം
മാതാപിതാക്കളും കുട്ടിയും തമ്മില്‍ വളരെ സാധാരണയായി നടക്കുന്ന ഒരു സംസാരരീതിയാണിത്. കുട്ടിയോട് എന്തെങ്കിലും കാര്യം ചെയ്യാന്‍ ആവശ്യപ്പെടുകയോ എന്തെങ്കിലും ചെയ്യരുത് എന്ന് ആവശ്യപ്പെടുകയോ ചെയ്യാനാണ് ഇത്തരം സംസാരീതി ഉപയോഗിക്കാറ്. ഇത്തരം സംസാരം പലപ്പോഴും അസ്വസ്ഥതയും സംഘര്‍ഷവും സൃഷ്ടിക്കാറുണ്ട്. ഇത്തരം സംഭാഷണരീതി വിജയിക്കാനുള്ള ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
കാര്യങ്ങള്‍ ശരിയായ സമയത്ത് വിശദീകരിക്കുക
നിങ്ങള്‍ ഒരു കാര്യം ചെയ്യാനോ ചെയ്യാതിരിക്കാനോ ആവശ്യപ്പെടുന്നതിന്‍റെ കാരണം കുട്ടിയോട് പറയുക. നിങ്ങള്‍ ആവശ്യപ്പെട്ട കാര്യം കുട്ടിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവന്‍ സ്വാഭാവികമായും ദേഷ്യം പ്രകടിപ്പിക്കും. പറഞ്ഞ കാര്യം അനുസരിക്കാതിരിക്കാനും ശ്രമിക്കാം. അല്‍പ്പസമയം കഴിഞ്ഞ് കുട്ടി നിങ്ങള്‍ പറഞ്ഞ കാര്യം അനുസരിച്ചശേഷം അവന്റെ മനസ്സ് ശാന്തമായി കഴിയുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ അക്കാര്യം ആവശ്യപ്പെട്ടു എന്ന് കുട്ടിയെ പറഞ്ഞ് മനസ്സിലാക്കുക.
അത്യാവശമുള്ള കലഹങ്ങള്‍ മാത്രം നടത്തുക.
ഒരു കാര്യം ഉടന്‍ ചെയ്യണമെന്നുണ്ടെങ്കില്‍ മാത്രം കുട്ടിയോട് ശക്തമായ ഭാഷയില്‍ അത് ചെയ്യാന്‍ ആവശ്യപ്പെടുക. അതിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളെ നിങ്ങള്‍ പിന്തുടരണം. കുട്ടിയോട് ഒരു കാര്യം ഫലപ്രദമായ രീതിയില്‍ ആവശ്യപ്പെടുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
നിര്‍ദ്ദേശം നേരിട്ടുള്ളതും പ്രത്യക്ഷവുമായിരിക്കണം.
പരോക്ഷമായ ആവശ്യങ്ങള്‍ ഉന്നയിക്കരുത്. ഒരു കാര്യം വ്യക്തമായി ആവശ്യപ്പെട്ടാല്‍, കുട്ടിക്ക് അതിനെ സംബന്ധിച്ച് സംശയങ്ങള്‍ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ കുട്ടി ആ നിര്‍ദ്ദേശം അനുസരിക്കാന്‍ ശ്രമിക്കും.
നിര്‍ദ്ദേശങ്ങള്‍ പോസിറ്റീവ് ആയിരിക്കണം
പോസിറ്റീവ് ആയ നിര്‍ദ്ദേശങ്ങള്‍ എന്തു ചെയ്യണം എന്നതിനെക്കുറിച്ച്, കുട്ടിക്ക് വ്യക്തമായ ധാരണ നല്‍കും. അതേസമയം നെഗറ്റീവ് ആയ നിര്‍ദ്ദേശങ്ങള്‍ “എന്ത് ചെയ്യരുത്’ എന്നതിനെക്കുറിച്ചും കുട്ടിക്ക് ധാരണ നല്‍കുക.
വ്യക്തമല്ലാത്ത നിര്‍ദ്ദേശങ്ങള്‍ കുട്ടികളില്‍ സംശയത്തിനിടയാക്കും. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കില്ല.
അവ്യക്തമായ നിര്‍ദ്ദേശങ്ങള്‍ : “നന്നാകാന്‍ ശ്രമിക്കൂ; നിന്‍റെ പ്രവൃത്തി ഒന്നു കൂടി നന്നായി ചെയ്യൂ”
വ്യക്തമായ നിര്‍ദ്ദേശങ്ങള്‍: “കതകിനടുത്തു നിന്ന് മാറി നില്‍ക്കൂ ശബ്ദം താഴ്ത്തി സംസാരിക്കൂ.”
ഒരു സമയം ഒരു നിര്‍ദ്ദേശം മാത്രം നല്‍കുക.
ചില കുട്ടികള്‍ക്ക് ഒരേ സമയം ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ കഴിയില്ല. ഒന്നില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ഒരു സമയത്ത് നല്‍കാതിരിക്കുക.
ഒരു നിര്‍ദ്ദേശം നല്‍കിയതിനുശേഷം അത് ശരിയായി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശത്തിന്‍റെ ഫലത്തെ പിന്തുടരേണ്ടത് ആവശ്യമാണ്. നിങ്ങളുടെ നിര്‍ദ്ദേശം കുട്ടി അനുസരിച്ചാല്‍ അവനെ അഭിനന്ദിക്കുക. കുട്ടിയുടെ നല്ല പെരുമാറ്റത്തിനുള്ള സമ്മാനമാണ് നിങ്ങളുടെ അഭിനന്ദനം. ഹൃദ്യമായി അഭിനന്ദിക്കാന്‍ ശീലിക്കുക.
കുട്ടി നിങ്ങളുടെ നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ വീണ്ടും വീണ്ടും അവനോട് അക്കാര്യം ആവശ്യപ്പെടരുത്. നിങ്ങളുടെ മനസ്സില്‍ സംഘര്‍ഷം ഉണ്ടാക്കാനേ ഇത് ഉപകരിക്കൂ. ഒപ്പം നിങ്ങളെ അനുസരിക്കാതിരിക്കാനുള്ള പ്രവണത കുട്ടി പ്രകടിപ്പിക്കുകയും ചെയ്യും.
നേരിട്ടുള്ള നിങ്ങളുടെ നിര്‍ദ്ദേശം കുട്ടി അനുസരിച്ചില്ലെങ്കില്‍ ഒരു മുന്നറിയിപ്പ് നല്‍കുക. നിങ്ങള്‍ പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പായിരിക്കണം നല്‍കേണ്ടത്. എന്നിട്ടും കുട്ടി അനുസരിച്ചില്ലെങ്കില്‍ എന്ത് ശിക്ഷയാണോ നിങ്ങള്‍ കുട്ടിയോട് പറഞ്ഞത് അത് നടപ്പാക്കുക. തുടര്‍നിര്‍ദ്ദേശങ്ങളും പ്രവൃത്തികളും കുട്ടികള്‍ക്ക് സ്വയം നിയന്ത്രണം വളര്‍ത്തുന്നതില്‍ സഹായിക്കും. അച്ഛനമ്മമാര്‍ പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ എന്ത് ഭവിഷ്യത്താണ് ഉണ്ടാവുക എന്നതിനെക്കുറിച്ച് കുട്ടിക്ക് വ്യക്തമായ ബോധം ഉണ്ടാക്കാന്‍ ഇത് സഹായിക്കും. തന്‍റെ പെരുമാറ്റത്തിന്‍റെ ഭവിഷ്യത്ത് എന്തായാലും അത് നല്ലതായാലും ചീത്തയായാലും എന്തായിരിക്കണമെന്ന് അവര്‍ക്ക് മനസിലാക്കാന്‍ കഴിയും. അതു കൊണ്ടുതന്നെ എല്ലായ്പ്പോഴും തുടര്‍നിര്‍ദ്ദേശങ്ങളും നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുള്ള നിങ്ങളുടെ പ്രവൃത്തിയും ഒരേപോലെയായിരിക്കണം.
നെഗറ്റീവ് സംഭാഷണം
തങ്ങളുടെ കുട്ടിയോട് സംസാരിക്കുമ്പോള്‍ പല മാതാപിതാക്കളും വളരെ നെഗറ്റീവായ രീതിയില്‍ സംസാരിക്കാറുണ്ട്. പലപ്പോഴും നെഗറ്റീവായ രീതിയിലാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കാറില്ല. ഇത്തരം ആശയവിനിമയം കുട്ടികളുടെ ആത്മവിശ്വാസത്തേയും, മാതാപിതാക്കളിലുള്ള വിശ്വാസത്തേയും പ്രതികൂലമായി ബാധിക്കും. നെഗറ്റീവ് ആയ സംസാരരീതിയുടെ ചില ഉദാഹരണങ്ങള്‍.
ആവര്‍ത്തനവും, പ്രഭാഷണവും
പറഞ്ഞതുതന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയുന്ന സ്വഭാവം പല മാതാപിതാക്കള്‍ക്കുമുണ്ട്. ഒപ്പം, ഏതൊരു വിഷയത്തെക്കുറിച്ചും മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണം നടത്തുന്ന മാതാപിതാക്കളുമുണ്ട്. കുട്ടികളോട് സംസാരിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമായും, വളരെ ചുരുക്കിയും പറയുക. തങ്ങള്‍ ആവശ്യപ്പെട്ട കാര്യം, കുട്ടി ചെയ്യാതിരിക്കുമ്പോഴാണ് പല മാതാപിതാക്കളും അക്കാര്യത്തെക്കുറിച്ച് വീണ്ടും വീണ്ടും പറയുന്നത്. എന്നാല്‍ കുട്ടി, ചെയ്യേണ്ട കാര്യം ശരിയായി ചെയ്തില്ലെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ ക്കുറിച്ച് അവനോട് പറയുക. ആവര്‍ത്തിച്ച് പല തവണ ഒരു കാര്യം ആവശ്യപ്പെടുന്നതിനേക്കാള്‍ ഫലപ്രദമായ രീതിയാണിത്.
തടസ്സപ്പെടുത്തല്‍
കുട്ടി സംസാരിക്കുമ്പോള്‍ ഇടയ്ക്ക് അവന്റെ സംസാരം തടസ്സപ്പെടുത്താതിരിക്കുക. കുട്ടിക്കു പറയാനുള്ളതു മുഴുവന്‍ ശ്രദ്ധയോടെ കേള്‍ക്കുക. ഇത് ഒരു സാമാന്യ മര്യാദയാണ്. മാതാപിതാക്കളുമായി സംസാരിക്കുമ്പോള്‍ തന്‍റെ വാക്കുകള്‍ക്ക് പ്രാമുഖ്യം കിട്ടുന്നില്ല എന്ന തോന്നല്‍ ഉണ്ടായാല്‍ പിന്നീട് കാര്യങ്ങള്‍ തുറന്നുപറയാന്‍ കുട്ടി ഒരിക്കലും തയ്യാറാവില്ല.
വിമര്‍ശനം
കുട്ടിയെയോ അവന്‍റെ ചിന്തകളെയൊ, വികാരങ്ങളേയൊ, ആശയങ്ങളേയൊ ഒരിക്കലും വിമര്‍ശിക്കാതിരി ക്കുക. വിമര്‍ശനങ്ങള്‍ തനിക്കു നേരെയുള്ള ആക്രമണമായാണ് കുട്ടി കരുതുക. അതുകൊണ്ടു തന്നെ അത് അവന്‍റെ ആത്മാഭിമാനത്തെ ഏറെ പ്രതികൂലമായി ബാധിക്കും. തെറ്റു ചെയ്തു എന്നു ബോധ്യമായാല്‍, കുട്ടിയുടെ മോശമായ പെരുമാറ്റത്തേയൊ, ചെയ്ത തെറ്റിനേയൊ മാത്രം വിമര്‍ശിക്കുക. കുട്ടിയെ ഒരിക്കലും വിമര്‍ശിക്കരുത്.
പഴയ തെറ്റുകളെക്കുറിച്ചുള്ള കുറ്റപ്പെടുത്തല്‍
കുട്ടി ഒരു തെറ്റു ചെയ്യുകയും അതിനെക്കുറിച്ച് അവനോട് സംസാരിച്ചുകഴിയുകയും ചെയ്താല്‍ പിന്നീട് വീണ്ടും അക്കാര്യം പറഞ്ഞ് അവനെ കുറ്റപ്പെടുത്തരുത്. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് വീണ്ടും വീണ്ടും കുറ്റപ്പെടുത്തുന്നത് കുട്ടിക്ക് തെറ്റായ സന്ദേശം നല്കും.
പരിഹാസം
കുട്ടികളോട് സംസാരിക്കുമ്പോള്‍ പല മാതാപിതാക്കളും പരിഹാസ വാക്കുകള്‍ ഉപയോഗിക്കാറുണ്ട്. അറിയാതെയാണെങ്കില്‍ പോലും ഇത്തരം വാക്കുകള്‍ കുട്ടികളുടെ മനസ്സില്‍ മുറിവുണ്ടാക്കും.
കുട്ടികള്‍ക്ക് അവരുടേതായ പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാന്‍ അവസരം നല്‍കണം. എല്ലാ കാര്യങ്ങള്‍ക്കും മാതാപിതാക്കളില്‍നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് തങ്ങളുടെ ജീവിതം അച്ചനമ്മമാരുടെ പൂര്‍ണ്ണമായ നിയന്ത്രണത്തിലാണ് എന്ന തോന്നല്‍ ഉണ്ടായേക്കാം. തങ്ങളെക്കുറിച്ച് അച്ഛനമ്മമാര്‍ക്ക് തീരെ വിശ്വാസമില്ലാത്തതിനാലാണ് എല്ലാ കാര്യങ്ങളും അവര്‍ ഏറ്റെടുക്കുന്നത് എന്ന തോന്നലുണ്ടാവാം.
കള്ളം പറയല്‍
ഏതു സാഹചര്യത്തിലായാലും കള്ളം പറയുന്നത് മാതാപിതാക്കള്‍ തീര്‍ച്ചയായും ഒഴിവാക്കണം. കുട്ടിയോട് സത്യസന്ധമായും തുറന്നും സംസാരിക്കുക. നിങ്ങളുടെ സത്യസന്ധത കുട്ടിയെ കാര്യങ്ങള്‍ തുറന്നുപറയാന്‍ പ്രേരിപ്പിക്കും.
തങ്ങളുടെ വികാരങ്ങള്‍ കുട്ടികള്‍ നിങ്ങളുമായി പങ്കുവയ്ക്കുമ്പോള്‍ അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുക. ഉദാഹരണത്തിന്, സ്കൂള്‍ ഷട്ടില്‍ കളിയില്‍ തോറ്റ തന്‍റെ കുട്ടി സങ്കടപ്പെടരുതെന്ന് ഏതൊരച്ഛനുമമ്മയും ആഗ്രഹിക്കാം. എന്നാല്‍ “നീ സങ്കടപ്പെടേണ്ട” എന്ന് കുട്ടിയോട് നേരിട്ട് ഒരിക്കലും പറയരുത്. പകരം മറ്റൊരു രീതിയില്‍ കുട്ടിയെ ആശ്വസിപ്പിക്കാം. “നിനക്ക് കളിയില്‍ ജയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു എന്നെനിക്ക് അറിയാം. ചില സന്ദര്‍ഭങ്ങളില്‍ പരാജയപ്പെടുന്നത് ഏറെ വിഷമകരമാണ്”. ഇങ്ങനെ പറയുമ്പോള്‍ തന്‍റെ വിഷമവും നിരാശയും തന്‍റെ അച്ഛനമ്മമാര്‍ മനസ്സിലാക്കുന്നുവെന്നും അവരുടെ പിന്തുണ തനിക്ക് ഉണ്ടെന്നും ഉള്ളബോധം കുട്ടിയില്‍ സൃഷ്ടിക്കപ്പെടുന്നു.
കുഞ്ഞുങ്ങള്‍ പറയുന്നത് കേള്‍ക്കാം
നിങ്ങളുടെ കുട്ടി പറയുന്നത് നിങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാറുണ്ടോ? അവ എത്ര നിസ്സാരമായ കാര്യങ്ങളാണെങ്കില്‍ പോലും
നിങ്ങളുടെ കുട്ടിയെ നിങ്ങള്‍ കേള്‍ക്കാറുണ്ടോ? ആരും പറയും, തീര്‍ച്ചയായും കേള്‍ക്കാറുണ്ടെന്ന്. കാരണം മക്കള്‍ പറയുന്നത് ശ്രദ്ധിക്കാത്ത മാതാപിതാക്കള്‍ ആരുമുണ്ടാകില്ല. എന്നാല്‍ ഒന്നുകൂടി കൃത്യമായി സ്വയം വിലയിരുത്തി നോക്കൂ: എന്‍റെ കുട്ടി പറയുന്നത് ഞാന്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാറുണ്ടോ? അവന്‍റെ സംശയങ്ങള്‍ക്കും ഉത്കണ്ഠകള്‍ക്കും ആകാംക്ഷകള്‍ക്കും ഞാന്‍ ശ്രദ്ധാപൂര്‍വ്വം ചെവി കൊടുക്കാറുണ്ടോ?
കേട്ടാലുള്ള ഗുണം
ശ്രദ്ധയോടെ കേള്‍ക്കുമ്പോള്‍ നിങ്ങളുടെ കുട്ടിയോടുള്ള സ്നേഹമാണ് നിങ്ങള്‍ പ്രകടിപ്പിക്കുന്നത്. നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്നുണ്ടെന്നറിഞ്ഞാല്‍ അവന്‍ അവന്‍റെ വികാരങ്ങളും ചിന്തകളും കൂടുതല്‍ വ്യക്തമായി പറയാന്‍ തുടങ്ങും. അതിലൂടെ അവന്‍റെ ആശയ വിനിമയ ശേഷിയാണ് വളര്‍ന്നു വരുന്നത്. അതൊടൊപ്പം നിങ്ങളുടെ കുട്ടിയെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ നിങ്ങള്‍ക്കും സാധിക്കുന്നു.
എങ്ങനെ കേള്‍ക്കണം?
കുട്ടി പറയുന്നത് പല രീതികളില്‍ കേള്‍ക്കാന്‍ നിങ്ങള്‍ക്കാവും. ശ്രദ്ധയോടെ കാരുണ്യപൂര്‍വ്വം കേള്‍ക്കുകയാണ് വേണ്ടത്. അവര്‍ പറയുന്ന കാര്യങ്ങളെ അവരുടെ സ്ഥാനത്തു നിന്നുകൊണ്ട് കാണാനും മനസ്സിലാക്കാനുമാണ് ശ്രമിക്കേണ്ടത്. അവന്‍ പറയുമ്പോള്‍ വിലയിരുത്തലുകള്‍ നടത്തുകയും എങ്ങനെ മറുപടി പറയണമെന്ന് ആലോചിക്കുകയും ചെയ്തുകൊണ്ടിരുന്നാല്‍ ശ്രദ്ധയോടെ അവനെ കേള്‍ക്കാന്‍ നിങ്ങള്‍ പരാജയപ്പെടും. നിങ്ങളുടെ ശ്രദ്ധയും മനസ്സിലാക്കലും മെച്ചപ്പെടുത്താന്‍ താഴെ പറയുന്നവ ശ്രദ്ധിക്കണം.
കണ്ണില്‍നോക്കി ശ്രദ്ധയോടെ കേള്‍ക്കുകയാണ് പ്രധാനം. അതിന് ആദ്യം, നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തി നിര്‍ത്തണം. എന്നിട്ട് ശ്രദ്ധ മുഴുവന്‍ അവന് കൊടുക്കണം.
അതോടൊപ്പം ശ്രദ്ധിക്കുന്നതിന്‍റെ സൂചനകള്‍ അവന് കൊടുക്കുകയും വേണം. പുഞ്ചിരിക്കുകയോ, തലയാട്ടുകയോ, മനസ്സിലാക്കുന്നതിന്‍റെ മറ്റു പ്രതികരണങ്ങളോ അവസരോചിതമായി നല്കണം. അവന്‍ പറയുന്നതിനോടെല്ലാം നിങ്ങള്‍ യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രധാനം. അവനെയും അവന്‍ പറയുന്നതിനെയും ബഹുമാനിക്കുന്നു എന്നതാണ് പ്രധാനം.
അവന്‍റെ വികാരങ്ങളും അവന്‍ ഉദ്ദേശിക്കുന്നതും നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടെന്ന് വ്യക്തമാക്കണം. അവന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്, മറ്റു വാക്കുകളില്‍ തിരിച്ചുപറഞ്ഞു കൊണ്ടാകാം ഇത്. അവനെ നന്നായി മനസ്സിലാക്കുന്നുണ്ടെന്ന് അവന് ബോദ്ധ്യമാകുന്നു എന്നതാണ് പ്രധാനം.
നിങ്ങള്‍ക്ക് മറ്റ് അനേകം ജോലികളുണ്ടാകാം, മറ്റ് അനേകം പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടാകാം, നിങ്ങളുടെ കുട്ടിയെ കേള്‍ക്കുമ്പോള്‍ അവയൊക്കെ തല്ക്കാലത്തേക്ക് നിങ്ങള്‍ മറക്കണം/മാറ്റിവയ്ക്കണം.
“സ്കൂളില്‍ പോകാന്‍ എനിക്കിഷ്ടമില്ല” എന്ന് പറഞ്ഞ് കരയുന്ന കുട്ടിയോടുള്ള നിങ്ങളുടെ സാധാരണ പ്രതികരണം ഇങ്ങനെയായിരിക്കും.
“നോക്ക് മോനേ. ഉച്ചവരയല്ലേയുള്ളൂ. ഉച്ചക്ക് മമ്മി വന്ന് മോനെ കൂട്ടികൊണ്ടുപോരാം. സ്കൂളില്‍ മോന് ജോഷിയും ശ്രീക്കുട്ടിയുമായി കളിക്കാമല്ലോ”
എന്നാല്‍ മറ്റൊരു രീതിയില്‍ പ്രതികരിച്ചാലോ? “എനിക്കറിയാം മോന്‍റെ വിഷമം. സ്കൂളില്‍ പോയിരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മോന് വീട്ടിലിരിക്കുന്നതാണ് ഇഷ്ടമെന്നും മമ്മിക്കറിയാം.. എന്നാലും, മോന്‍റെ സ്കൂള്‍ ബാഗിതാ”. അവന്‍ ബാഗ് വാങ്ങിക്കുന്നു. “എന്നിട്ട്: സ്കൂള്‍ എനിക്കിഷ്ടമില്ല.”
നിങ്ങള്‍: “എനിക്കറിയാം മോനിഷ്ടമില്ലെന്ന്.” അവന്‍ സ്കൂളിലേക്ക് പോകുന്നു. ഇതില്‍ ഏതാണ് കൂടുതല്‍ ഫലപ്രദമായ മനസ്സിലാക്കലും പ്രതികരണവും?
ചെറുതായി കാണരുത്
നിങ്ങളുടെ കണ്ണില്‍ കുട്ടിയുടെ പ്രശ്നങ്ങള്‍ പലപ്പോഴും നിസ്സാരങ്ങളാകാം. എന്നാല്‍ അവനത് വലിയ പ്രശ്നങ്ങള്‍ തന്നെയാണ്. അതിനാല്‍ അവന്‍റെ പ്രശ്നങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്.
ഉദാഹരണത്തിന് അവന്‍ അവന്‍റെ കൂട്ടുകാരനുമായി വഴക്കുണ്ടാക്കിയിട്ട് വരുന്നു എന്നു കരുതുക. അതിനെക്കുറിച്ച് അവന്‍ വിഷമിച്ചിരിക്കുമ്പോള്‍: “സാരമില്ല, മോനേ. അവന്‍ പോണെങ്കില്‍ പോട്ടെ. അവനേക്കാളും നല്ല കൂട്ടുകാരെ മോന് കിട്ടും”- ഇങ്ങനെയായിരിക്കുമോ നിങ്ങള്‍ പ്രതികരിക്കുക?
അതോ അവന്‍റെ കൂടെയിരുന്ന് അവന്‍റെ സങ്കടം മനസ്സിലാകുന്നുണ്ടെന്ന് പറഞ്ഞ് അവനെ കേള്‍ക്കാന്‍ ശ്രമിക്കുമോ? ഉണ്ടായ സംഭവം എന്താണെന്നും, ഇനി നമുക്ക് എന്ത് ചെയ്യാനാവുമെന്നും അവനോട് ചോദിക്കുമോ?
ക്ഷമാപൂര്‍വ്വം കേള്‍ക്കുക
ഉള്ളിലുള്ളത് പറഞ്ഞുപിടിപ്പിക്കാന്‍ നിങ്ങളുടെ കുട്ടി ചിലപ്പോള്‍ ക്ലേശിച്ചെന്നു വരാം. അപ്പോള്‍ നിങ്ങള്‍ അക്ഷമ കാണിക്കരുത്; ഇടക്കു കയറി ഇടപെടരുത്; നിങ്ങളുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് മാറിപ്പോകരുത്. പകരം ശ്രദ്ധയോടെ അവനെ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യണം.
എപ്പോഴും ശ്രദ്ധിക്കുക
കുട്ടികളെ കേള്‍ക്കാനുള്ള അവസരങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അവ ബോധമുണ്ടായിരിക്കണം. ചിട്ടപ്പെടുത്തപ്പെട്ട ജീവിതമല്ല കുട്ടികളുടേത്. ക്രമബദ്ധമായ ജീവിതം അവര്‍ ശീലിച്ചു വരുന്നതേയുള്ളൂവെന്ന് മനസ്സിലാക്കുക. അതിനാല്‍ പറയാന്‍ തോന്നുന്ന കാര്യം അതിന് ഉചിതമായ സമയം വരെ മാറ്റി വയ്ക്കാന്‍ കുട്ടികള്‍ക്ക് പലപ്പോഴും കഴിഞ്ഞെന്നു വരികയില്ല.
ചിലപ്പോള്‍ നിങ്ങള്‍ തിരക്കിട്ടു എന്തെങ്കിലും ചെയ്യുകയായിരിക്കും. അല്ലെങ്കില്‍ ഓഫീസിലേക്ക് ബോര്‍ഡ്മീറ്റിംഗിന് യാത്രയാകുമ്പോഴായിരിക്കും അവന്‍ വലിയകാര്യവുമായി അവതരിക്കുക. നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും ഏറ്റവും വലിയകാര്യവുമായി അവന്‍ വരുക. അപ്പോള്‍ അവനെ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നുള്ളത് പ്രാധാന്യപ്പെട്ട കാര്യമാണ്.
കുട്ടികളുമായി ധാരണ
അമ്മയുടെയും അച്ചന്‍റെയും ജീവിതം തിരക്കു നിറഞ്ഞതാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടിയുമായി ഒരു ധാരണ ഉണ്ടാകുന്നത് നല്ലതാണ്. നിങ്ങള്‍ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം ചെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ അക്കാര്യം അവനോട് പറയാം. അവനെ കേള്‍ക്കാന്‍ പറ്റുന്ന സമയം അവനോട് പറയുകയും ചെയ്യാം.
എഴുത്തുകാരിയായ ഒരമ്മ. മൂന്നുവയസ്സുള്ള മകന്‍. അവരുതമ്മിലുള്ള ധാരണ ഇതാണ്. അവന് എന്തെങ്കിലും അമ്മയോടു പറയണമെന്നുണ്ടെന്ന് കരുതുക.അമ്മ കാര്യമായി എഴുതുകയാണെങ്കില്‍, അമ്മയുടെ കമ്പ്യൂട്ടറിന്‍റെ അടുത്തുപോയി അവന്‍ നില്ക്കും, എഴുതിക്കൊണ്ടിരിക്കുന്ന വാചകം തീരുന്നതുവരെ. അവനെ കണ്ടാല്‍ അമ്മ എത്രയും പെട്ടെന്ന് എഴുത്തു നിര്‍ത്തും. പിന്നെ അവന് മുഴുവന്‍ ശ്രദ്ധയും കൊടുക്കും. ഇങ്ങനെ ധാരണയൊക്കെ ഉണ്ടെങ്കിലും, ചിലപ്പോള്‍ അവന്‍ കരാര്‍ ലംഘിക്കും. എന്നാലും ഒന്നോര്‍മ്മിപ്പിച്ചാല്‍ അവന്‍ അനുസരിക്കുമെന്നാണ് അമ്മ പറയുന്നത്.
കൊച്ചു വര്‍ത്തമാനം
വെറുതെ കൊച്ചു വര്‍ത്തമാനം പറയാന്‍ കുട്ടികള്‍ക്ക് ഇഷ്ടമാണ്. മാതാപിതാക്കള്‍ ഇത് മനസ്സിലാക്കണം. പ്രോത്സാഹിപ്പിക്കുകയും വേണം. എന്തിനെക്കുറിച്ചും നിങ്ങളോട് സംസാരിക്കാന്‍ അവര്‍ താല്പര്യം കാണിച്ചെന്നിരിക്കും. അവരുടെ കൂട്ടൂകാരെക്കുറിച്ചും, ടിവി പരിപാടികളെക്കുറിച്ചും, കളിയെക്കുറിച്ചും, ടീച്ചറിനെക്കുറിച്ചുമൊക്കെ ഇങ്ങനെ സംസാരിച്ചു വളരുന്ന കുട്ടി എന്തെങ്കിലും പ്രശ്നം വരുമ്പോഴും നിങ്ങളോടു സംസാരിക്കാന്‍ അടുത്തുവരും. അപ്പോള്‍ അവര്‍ക്ക് പരിപൂര്‍ണ്ണ ശ്രദ്ധ കൊടുക്കുകയാണ് വേണ്ടത്.
എങ്ങനെയൊക്കെ കേള്‍ക്കാം?
കുട്ടികളെ നമ്മള്‍ കേള്‍ക്കാറുണ്ട്. അവര്‍ പറയുന്നത് ശ്രദ്ധിക്കാറുമുണ്ട്. എന്നാല്‍ ഈ കേള്‍വി പല തരത്തിലുള്ളതാകാം. താഴെപറയുന്ന ഗണത്തിലെ ഏതുരീതിയിലാണ് നിങ്ങള്‍ സാധാരണയായി കുട്ടികളെ കേള്‍ക്കാറുള്ളത്.
1. പറയുന്നത് അവഗണിക്കുന്നു
ശ്രദ്ധയോടെ കേള്‍ക്കാത്ത അവസ്ഥയാണിത്. പറയുന്നത് മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, പറയുന്നത് പലപ്പോഴും ശ്രദ്ധിക്കുന്നു പോലുമില്ല.
2. കേള്‍ക്കുന്നുവെന്ന് ഭാവിക്കുന്നു
കുട്ടി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തലകുലുക്കിയെന്നും മൂളിയെന്നും വരും. എന്നാലും വളരെ കുറച്ചു ശ്രദ്ധ മാത്രമേ കൊടുക്കുന്നുള്ളൂ.
3. താല്പര്യമുള്ളത് കേള്‍ക്കുന്നു
നിങ്ങള്‍ പ്രതീക്ഷിക്കുന്നതും ഇഷ്ടമുള്ളതും മാത്രം കേള്‍ക്കുന്നു. ബാക്കിയുള്ളവയെല്ലാം അവഗണിക്കുന്നു.
4. ശ്രദ്ധയോടെയുള്ള കേള്‍വി
മുഴുവന്‍ ശ്രദ്ധയും കൊടുക്കുന്നു. കുട്ടിയുടെ വികാരവും മനസ്സും മനസ്സിലാക്കി കൊണ്ടുള്ള കേള്‍വിയാണിത്.
അനിയന്‍വാവ ചേട്ടന്‍വാവ
കുട്ടികളുടെ ലോകമാണ് വീട്. അച്ഛനും അമ്മയും ബന്ധുക്കളും നിറഞ്ഞ സ്നേഹാന്തരീക്ഷത്തില്‍ എല്ലാവരുടെയും ശ്രദ്ധയും കരുതലും കുട്ടിയില്‍ തന്നെയാകും. എന്നാല്‍ വീട്ടില്‍ ഒരു കുഞ്ഞനുജനോ / കുഞ്ഞനുജത്തിയോ പിറക്കുന്നതോടെ സ്നേഹവും കരുതലുമൊക്കെ ഇവിരിലേക്കും പങ്കുവയ്ക്കപ്പെടും. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് മൂത്തകുട്ടികളുടെ സ്വഭാവത്തെ മോശമായി ബാധിക്കും, ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
കെ. അനിത, MSW, Dept. of Social Work, Kalady Sanskrit University.
അരുണിന് ഒന്നരവയസാണ് പ്രായം.മുറ്റത്ത് ഓടിനടക്കാനും അമ്മ സവിതയോട് കൊഞ്ചി കൊഞ്ചി വര്‍ത്തമാനം പറയാനും തുടങ്ങുന്ന പ്രായം. ഈ സമയത്താണ് അവന് ഒരു കുഞ്ഞനുജന്‍ പിറന്നത്. ആദ്യമൊക്കെ കുഞ്ഞുവാവയെ അരുണിന് ജീവനായിരുന്നു. എന്നാല്‍ കുറച്ചുദിവസം കഴിഞ്ഞതോടെ ഇഷ്ടം എങ്ങോ പോയ് മറഞ്ഞു. “അമ്മേ, ഈ കുഞ്ഞുവാവേ നമുക്ക് കാട്ടില്‍ കൊണ്ടുകളയാം” എന്ന് വരെ അവന്‍ ഒരു ദിവസം പറഞ്ഞു. ഇപ്പോള്‍ സവിതയുടെ കണ്ണൊന്നു തെറ്റിയാല്‍ മതി കുഞ്ഞിനെ അരുണ്‍ നുള്ളി നോവിക്കും. ഒരു ദിവസം കുഞ്ഞ് കരഞ്ഞപ്പോള്‍ കൈകള്‍കൊണ്ട് വായ പൊത്തി പ്പിടിച്ചു.. സവിത ഉടന്‍ കണ്ടതിനാല്‍ പിടിച്ചുമാറ്റി.
“ഒന്നിനും വാശിയും വഴക്കുമുണ്ടാക്കാത്ത മിടുക്കന്‍കുട്ടിയായിരുന്നു അരുണ്‍.കുഞ്ഞനുജന്‍ പിറന്നതോടെ അവനാകെ മാറി. കുഞ്ഞിനെ ഞാനെടുത്ത് പാലുകൊടുക്കുന്നതു പോലും അവനിഷ്ടമല്ല, അപ്പോള്‍ തുടങ്ങും വഴക്ക്…ഞങ്ങള്‍ക്ക് സ്നേഹമില്ല എന്ന തോന്നലാണ് അരുണിന്റെ പ്രശ്നം. കുഞ്ഞിനേപ്പോലെതന്നെ അരുണിനേയും എനിക്ക് ജീവനാണെന്ന് എങ്ങനെയവനെ മനസിലാക്കാം.?”
രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് അമ്മയുടെ വയറ്റില്‍ ഒരു കുട്ടി വളരുന്നുണ്ടെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. പ്രസവശേഷം ആശുപത്രിയില്‍ നിന്ന് ശിശു വീട്ടിലെത്തുമ്പോഴാകും കുട്ടി ഇക്കാര്യം മനസിലാക്കുക. താന്‍ ചേട്ടനാണെന്ന ബോധം അവനില്‍ വളര്‍ത്താന്‍ അനേകം വഴികളുണ്ട്. ഈ ബോധം മനസില്‍ വളര്‍ത്തിയാല്‍ കുഞ്ഞനുജനോട് അവന്‍ നന്നായി പൊരുത്തപ്പെടും.
നവജാതശിശുവിന് വീട്ടില്‍ കളിത്തൊട്ടിലും നഴ്സറിയും ഒരുക്കുമ്പോള്‍ മൂത്തകുട്ടിയെയും അതില്‍ പങ്കാളിയാക്കണം. അമ്മയ്ക്ക് ചെറിയ സഹായിയായി ഇവരെയും കൂട്ടാം. പരിപാലിക്കാനുള്ള സാധനങ്ങളും കളിപ്പാട്ടങ്ങളും തൊട്ടിലും ഒരുക്കിവയ്ക്കാന്‍ പങ്കുചേരുന്നത് കുട്ടികളെ ശിശുക്കളോട് അടുപ്പിക്കും.ഇളയ കുട്ടിയോട് കരുതലും ലാളനയും ഉത്തരവാദിത്വബോധവും മൂത്തകുട്ടിയില്‍ വളര്‍ത്തും.
കുഞ്ഞനുജന്‍ ജനിക്കുന്നതോടെ മൂത്തകുട്ടിയുടെ ദിനചര്യകളില്‍ പെട്ടെന്ന് മാതാപിതാക്കള്‍ മാറ്റം വരുത്തരുത്. തൊട്ടിയിലെ ഉറക്കം ഒഴിവാക്കാന്‍ പ്രേരിപ്പിക്കുക, സ്വയം ടൊയ്ലറ്റ് ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഈ സമയത്ത് ചെയ്യരുത്.
മാതാവ് പ്രസവത്തിനായ് ആശുപത്രിയിലേക്ക് പോകുമ്പോള്‍ വീട്ടില്‍ മൂത്തമകന്‍ കൂട്ടില്ലാതെ ഒറ്റപ്പെടാതിരിക്കാന്‍ ശ്രമിക്കണം. അവനോട് അടുപ്പം പുലര്‍ത്തുന്നവരുടെ (മുത്തച്ഛന്‍,മുത്തശ്ശി, ബന്ധുക്കള്‍) സാമീപ്യം ഈ ദിവസങ്ങളില്‍ ഉറപ്പാക്കണം.
ആശുപത്രിയില്‍ നിന്ന് കുഞ്ഞനുജന്‍ വീട്ടിലെത്തുന്ന ആദ്യനാളു കളില്‍ മാതാവിന് മൂത്തമകനെ പരിചരിക്കാന്‍ നേരം കിട്ടിയെന്ന് വരില്ല. ഈ ദിവസങ്ങളില്‍ പിതാവിന്റെ സാമീപ്യവും പരിചരണവും അവന് ആവോളം നല്‍കണം.
ശിശുക്കളുള്ള സുഹൃത്ത് ഭവനങ്ങളിലേക്ക് മൂത്തകുട്ടിയെ ഇടയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്നത് നല്ലതാണ്. കുഞ്ഞുങ്ങള്‍ കരയുന്നതും മുലകുടിക്കുന്നതും ഉറങ്ങുന്നതുമൊക്കെ കണ്ടു തന്നെ അവന്‍ മനസിലാക്കട്ടെ. നിങ്ങള്‍ ഒരു കടയിലോ പാര്‍ക്കിലോ പോയെന്നിരിക്കട്ടെ, അവിടെ കാണുന്ന കൈക്കുഞ്ഞുങ്ങളിലേക്ക് മൂത്തകുട്ടിയുടെ ശ്രദ്ധ പതിപ്പിക്കാന്‍ ശ്രമിക്കണം. കുഞ്ഞുങ്ങള്‍ വളരാന്‍ ഏറെ നാള്‍ എടുക്കുമെന്നും, ജനിച്ചയുടന്‍ തന്നോടൊപ്പം കളിക്കാന്‍ അവന് കഴിയില്ലെന്നും പറഞ്ഞു മനസിലാക്കണം.
കുഞ്ഞതിഥിക്ക് നല്ലൊരു ചേട്ടനോ, ചേച്ചിയോ ആയി മൂത്തകുട്ടിയെ മാറ്റാന്‍ സഹായിക്കുന്ന വിവരങ്ങളടങ്ങിയ പുസ്തകങ്ങള്‍ കുട്ടിയെ വായിച്ചുകേള്‍പ്പിക്കണം
ഗര്‍ഭകാലത്തെ അമ്മയുടെ ശരീരത്തിലുണ്ടാകുന്ന മാറ്റം കുട്ടികളെ ആശങ്കയിലാക്കാന്‍ ഇടയുണ്ട്. “കുഞ്ഞ് വയറ്റില്‍ നിന്ന് പുറത്തെത്തുമ്പോള്‍ അമ്മയ്ക്ക് വേദനിക്കുമോ…?” എന്നൊക്കെയുള്ള ചോദ്യം കുട്ടി ഉയര്‍ത്താം. “എല്ലാ അമ്മമാര്‍ക്കും കുഞ്ഞ് പിറക്കുമെന്നും, നീയും എന്റെ വയറ്റില്‍ നിന്ന് പിറന്നതല്ലേ” എന്നൊക്കെ മറുപടി നല്‍കി മനസിലാക്കണം.
ആശുപത്രിയില്‍ നിന്ന് അമ്മയോടൊപ്പംകുഞ്ഞനുജന്‍ വീട്ടിലെത്തുമ്പോള്‍ സമ്മാനിക്കാന്‍ ഒരു സ്നേഹസമ്മാനം വാങ്ങി മൂത്തമകന് നല്‍കണം. വീട്ടിലെത്തുന്ന കുഞ്ഞതിഥിയെ ആ സമ്മാനം നല്‍കി അവന്‍ സ്വീകരിക്കട്ടെ. നല്ലൊരു ചിത്രം വരയ്ക്കാനും അത് ശിശുവിനെ കിടത്തുന്ന മുറിയില്‍ തൂക്കാനും പറയുക. അനിയയന്‍വാവയ്ക്ക് ചേട്ടന്‍വാവയുടെ സമ്മാനമാണ് ഈ ചിത്രം എന്നും പറയുക.
ശിശുവിനെ വീട്ടിലെത്തിക്കുന്ന ദിവസങ്ങളില്‍ മൂത്ത കുട്ടിയെ പ്രത്യേകം പരിചരിക്കാന്‍ സമയം കണ്ടെത്തണം. ഒരു നല്ല കളിപ്പാവയെ അവന് സമ്മാനിക്കാം. ഒരു അമ്മയെപ്പോലെ പാവയെ പരിചരിക്കട്ടെ. അമ്മമാര്‍ എങ്ങനെയാണ് കുഞ്ഞുങ്ങളോട് പെരുമാറുന്നതെന്ന് ഇതിലൂടെ അവന്‍ മനസിലാക്കും
“ഓ,, നിനിക്ക് ഒരു കുഞ്ഞനുജന്‍ ഉണ്ടായല്ലേ…. കംഗ്രാറ്റ്സ്…” ഈ ഒരു വാക്യം മൂത്ത കുട്ടിയുടെ മനസില്‍ സന്തോഷം നിറച്ചേക്കാം, വീട്ടില്‍ നവജാതശിശുവിനെ കാണാനെത്തുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും മൂത്തകുട്ടിയെ അഭിനന്ദിക്കാനും അനുമോദിക്കാനും പറയുക. ബന്ധുക്കള്‍ വീട്ടിലെത്തുന്നത് തന്നെക്കൂടി കാണാനാണെന്ന ബോധം ഇതിലൂടെ കുട്ടികളില്‍ വളരും.
പരീക്ഷാസമ്മര്‍ദ്ദം? മോചനമാര്‍ഗ്ഗം
കുറഞ്ഞ മാര്‍ക്കാണ് പരീക്ഷയില്‍ കുട്ടി നേടിയതെങ്കിലും അതിന് വഴക്കുപറയുകയോ അവരുടെ പഠനത്തില്‍ നിരാശപ്പെടുകയോ ചെയ്യരുത്. അവര്‍ക്ക് പിന്തുണ നല്‍കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ദേഷ്യപ്പെടുന്നതും ഒച്ചയെടുക്കുന്നതും സാഹചര്യം കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ.
പരീക്ഷാകാലം അടുക്കുമ്പോള്‍ കുട്ടികള്‍ തങ്ങളുടെ പഠനവുമായി തിരക്കിലാവും. ഈ സമയത്ത് അവരുടെ മാനസികസമ്മര്‍ദ്ദവും ഉത്കണ്ഠയുടെ തലവും ഉന്നതിയിലെത്തും. കുട്ടികളിലെ പരീക്ഷാസമ്മര്‍ദ്ദം സാങ്കല്പികമായ ഭയം മൂലവും ആത്മവിശ്വാസക്കുറവും മൂലമാണ് സംഭവിക്കുന്നത്. നന്നായി തയ്യാറെടുക്കാത്ത കുട്ടികളാണ് സമ്മര്‍ദ്ദത്തിലകപ്പെടാന്‍ കൂടുതല്‍ സാധ്യത. എന്നാല്‍ നന്നായി തയ്യാറെടുത്തുവര്‍ക്കും സമ്മര്‍ദ്ദം അനുഭവപ്പെടും. പരീക്ഷാ സമ്മര്‍ദ്ദം- ചില വഴികളാണ് ചുവടെ:
പരീക്ഷാ സമ്മര്‍ദ്ദത്തിനുള്ള കാരണങ്ങള്‍
ആശങ്ക: മിക്ക കുട്ടികള്‍ക്കും സമ്മര്‍ദ്ദം അനുഭവപ്പെടുന്നത് തങ്ങളുടെ പഠനവിഷയത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതുകൊണ്ടാണ്. കുറഞ്ഞ സമയത്ത് എങ്ങനെ എല്ലാ വിഷയവും പഠിക്കും എന്നാണ് അവര്‍ ഭയപ്പെടുക. ഇത് അവരെ എല്ലായ്പ്പോഴും ശല്യപ്പെടുത്തും.
പ്രകടനത്തെപ്പറ്റിയുള്ള ഉത്കണ്ഠ
ഏതാണ്ട് എല്ലാ കുട്ടികള്‍ക്കും അവരുടെ റിസള്‍ട്ടിനെക്കുറിച്ച് ഉത്കണ്ഠയുണ്ട്. രക്ഷാകര്‍ത്താക്കളുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദമാണ് ഇതിനുള്ള പ്രധാന കാരണം. എല്ലായ്പ്പോഴും മുഴുവന്‍ മാര്‍ക്കും വാങ്ങണമെന്ന നിര്‍ബന്ധവും, ഒരു ചോദ്യവും വിടാതെ ഉത്തരമെഴുതണമെന്നുള്ള നിര്‍ബന്ധവും മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാം. ഇവയൊക്കെ കുട്ടികളില്‍ റിസള്‍ട്ടിനെക്കുറിച്ചുള്ള ഉത്കണ്ഠ ജനിപ്പിക്കാം.
മിടുക്കരാണ് എന്ന് തെളിയിക്കേണ്ട ബാധ്യത
ചില കുട്ടികള്‍ എപ്പോഴും തുടര്‍ച്ചയായി തന്നെ ടോപ്പ് ഗ്രേഡും റാങ്കും ലഭിക്കാന്‍ വേണ്ടി ആഗ്രഹിക്കും. രക്ഷകര്‍ത്താക്കള്‍ അതിന് അവരെ നിര്‍ബന്ധിക്കുകയും ചെയ്യും. മൂത്ത കുട്ടികള്‍ക്ക് നല്ല മാര്‍ക്ക് ഉണ്ടെങ്കില്‍ ഇളയ കുട്ടികളെയും അതേപോലെ മിടുക്കരാക്കാന്‍ രക്ഷകര്‍ത്താക്കള്‍ നിര്‍ബന്ധിക്കും.
നെഗറ്റീവ് ചിന്തകള്‍
പരീക്ഷ തുടങ്ങുന്നതിന് മുമ്പ് മിക്ക കുട്ടികളുടെയും മനസില്‍ നെഗറ്റീവ് ചിന്തകള്‍ നിറഞ്ഞിരിക്കും. നന്നായി തയ്യാറെടുത്തു കഴിഞ്ഞാലും ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കാനാവില്ലെന്ന് അവര്‍ക്ക് തോന്നും.
പരീക്ഷാ സമ്മര്‍ദ്ദം സാര്‍വത്രികമായ ഒരു പ്രതിഭാസമാണ്. കുട്ടികള്‍ക്ക് മാത്രമല്ല രക്ഷകര്‍ത്താക്കളെയും ഈ സമ്മര്‍ദ്ദം ബാധിക്കുന്നുണ്ട്. രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ മക്കള്‍ക്ക് നല്ല കരിയറും സുഖകരമായ ജീവിതവും ആഗ്രഹിക്കുന്നു. പരിശ്രമിച്ചാലും ഏറ്റവും നല്ല റിസള്‍ട്ട് ഉണ്ടാക്കാനാവാത്ത തരത്തില്‍ അത്രമാത്രം സമ്മര്‍ദ്ദമാണ് മാതാപിതാക്കളുടെ ഭാഗത്തുനിന്ന് കുട്ടികള്‍ക്ക് ഉണ്ടാവുന്നത്.
പരീക്ഷാ സമ്മര്‍ദ്ദം നേരിടാനുള്ള വഴികള്‍
കുട്ടികളുടെ മാന സികാരോഗ്യത്തിന് പരീക്ഷാ സമ്മര്‍ദ്ദത്തെ ശാസ്ത്രീയമായി അഭിമുഖീകരിക്കാന്‍ അവരെ പഠിപ്പിക്കണം. അത് വളരെ പ്രധാനമാണ്. ഒരിക്കല്‍ പരീക്ഷാ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യുന്നത് എങ്ങനെ എന്ന് മനസിലായാല്‍ പിന്നീട് അവര്‍ സമ്മര്‍ദ്ദത്തിനടിപ്പെടുകയോ അതില്‍ ആകുലപ്പെടുകയോ ചെയ്യില്ല. പരീക്ഷാ സമ്മര്‍ദ്ദം നേരിടാനുള്ള കുറുക്കുവഴികളാണ് താഴെ പറയുന്നവ.
നേരത്തെ തുടങ്ങുക
പരീക്ഷയ്ക്ക് ശരിയായ തയ്യാറെടുപ്പുകള്‍ നടത്താത്തവരിലാണ് കൂടുതല്‍ സമ്മര്‍ദ്ദം. അവസാന നിമിഷമല്ല കുട്ടികള്‍ എല്ലാ വിഷയങ്ങളും പഠിക്കാന്‍ ആംരഭിക്കുന്നതെന്ന് ഉറപ്പാക്കുക. അവസാനനിമിഷത്തിലുള്ള പഠനം അവരെ സഹായിക്കാന്‍ പോകുന്നില്ല. ഇത് അവരെ ആശയക്കുഴപ്പത്തിലാക്കാനും ആത്മവിശ്വാസം കുറയ്ക്കാനും മാത്രമേ സഹായിക്കൂ. മുമ്പേ തന്നെ പഠിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി വിശദീകരിച്ച് കൊടുക്കണം. എല്ലാദിവസവും അന്നന്നത്തെ പാഠങ്ങള്‍ പഠിക്കുക എന്നത് ദിനചര്യയുടെ ഭാഗമാക്കണം.
പാഠ്യക്രമം ഉണ്ടാക്കുക
കുട്ടികളുടെ പാഠത്തിന്റെ സമയക്രമം നിശ്ചയിക്കാന്‍ അവരെ സഹായിക്കണം. ഒരു സമയപട്ടിക (ടൈംടേബിള്‍) തയ്യാറാക്കണം. അത് മുറിയിലോ പഠനമേശയിലോ കാണുന്ന രീതിയില്‍ വയ്ക്കുക. ഈ സമയപട്ടിക അനുസരിച്ച് പഠിക്കുന്നത് കുട്ടിക്ക് സമ്മര്‍ദ്ദം നല്‍കില്ല. ഇങ്ങനെ പഠിക്കുന്നത് അമിതഭാരം ഒഴിവാക്കുകയും ചെയ്യും. ഈ പട്ടികയിലുള്ളതനുസരിച്ച് ഓരോ വിഷയവും അതാത് സമയത്ത് പഠിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
സമ്മര്‍ദ്ദം കൂട്ടരുത്
കുട്ടികളുടെമേല്‍ മാതാപിതാക്കള്‍ ഒരു തരത്തിലും സമ്മര്‍ദ്ദം ഏല്‍പ്പിക്കരുത്. കൂടുതല്‍ സമ്മര്‍ദ്ദം ഏര്‍പ്പെടുത്തുന്നത് എതിര്‍ഫലം ഉളവാക്കും. പഠനത്തിന്റെ രസം ഇല്ലാതാവും. അവര്‍ പഠിക്കാന്‍വേണ്ടി ചിലപ്പോള്‍ പഠിക്കുമായിരിക്കും. പക്ഷേ, പരീക്ഷാസമയത്ത് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാനാവാതെ വരും. മുഴുവന്‍ മാര്‍ക്കും കിട്ടാനായി ഭീഷണിപ്പെടുത്തരുത്. അത് അവര്‍ക്ക് പരീക്ഷയെപ്പറ്റി കൂടുതല്‍ ഭയം നല്‍കുയേ ചെയ്യൂ.
പരീക്ഷയ്ക്ക് പോകുമ്പോള്‍ അവരില്‍ പോസിറ്റീവ് ചിന്ത പടര്‍ത്തുക. പരീക്ഷയില്‍ തോറ്റാലും അത് ലോകത്തിന്റെ അവസാനമല്ലെന്നും ഇനിയും പരീക്ഷഎഴുതാനുള്ള അവസരമുണ്ടെന്നുമുള്ള ധൈര്യം പകരണം. ഓരോ പരീക്ഷയ്ക്കു ശേഷവും അതിനെപ്പറ്റി നിങ്ങളോട് സംസാരിക്കാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കണം. തുടര്‍ന്ന് അടുത്ത പരീക്ഷയില്‍ ശ്രദ്ധകേന്ദ്രികരിക്കാന്‍ പറയുക.
കുട്ടികള്‍ക്കൊപ്പം ഇരിക്കുക
കുട്ടികള്‍ പഠിക്കുമ്പോള്‍ അവരുടെ അടുത്തായിരിക്കുക. എന്തെങ്കിലും സംശയമോ മനസിലാക്കാന്‍ ബുദ്ധിമുട്ടോ ഉണ്ടെങ്കില്‍ നിങ്ങളോട് സഹായം ചോദിക്കാന്‍ പറയുക. എല്ലാം നന്നായി പോകുന്നുവെന്നും പരീക്ഷയെപ്പറ്റി ഭയപ്പെടേണ്ടതില്ലെന്നുമുള്ള തോന്നല്‍ ഉണര്‍ത്തുക. ചില വിഷയങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധവേണം. അതിനുവേണ്ടി നിങ്ങളുടെ സമയം സമര്‍പ്പിക്കുകയും കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുകയും ചെയ്യണം.
പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
കുറഞ്ഞ മാര്‍ക്കാണ് പരീക്ഷയില്‍ കുട്ടി നേടിയതെങ്കിലും അതിന് വഴക്കുപറയുകയോ അവരുടെ പഠനത്തില്‍ നിരാശപ്പെടുകയോ ചെയ്യരുത്. അവര്‍ക്ക് പിന്തുണ നല്‍കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ദേഷ്യപ്പെടുന്നതും ഒച്ചയെടുക്കുന്നതും സാഹചര്യം കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ. പഠനത്തില്‍ പിന്നെ ശ്രദ്ധയൂന്നാന്‍ അവര്‍ക്ക് കഴിയാതെ വരികയും ആത്മവിശ്വാസം നഷ്ടമാവുകയും ചെയ്യും. ചില കുട്ടികള്‍ പരീക്ഷാസമയത്ത് അസുഖബാധിതരാകും. അത്തരം കുട്ടികളെ നല്ല ശ്രദ്ധയോടെ വേണം പരിചരിക്കാന്‍. പരീക്ഷാഭീതിയെ മറികടക്കാനാവുന്നില്ലെങ്കില്‍ കുട്ടിയെ മനഃശാസ്ത്ര കൗണ്‍സിലറുടെ അടുത്തു കൊണ്ടുപോകണം.
അയവുള്ള സമീപനം
പരീക്ഷാ സമയത്ത് രക്ഷിതാക്കള്‍ അയവുള്ള സമീപനം സ്വീകരിക്കണം. ദിവസം മുഴുവന്‍ കുട്ടിപഠിക്കുകയാണെങ്കില്‍ വീട്ടുജോലി ചെയ്യാത്തതിനെക്കുറിച്ചോ, മുറി അടുക്കിവയ്ക്കാത്തതിനെക്കുറിച്ചോ പരാതി പറയരുത്. നിങ്ങള്‍ ശാന്തനായിരിക്കുന്നത് കുട്ടിയുടെ മാനസിക നില ഉയരാന്‍ സഹായിക്കും. പരീക്ഷ എക്കാലവും നിലനില്‍ക്കുന്നതല്ലെന്ന് ഓര്‍മിക്കുക.
പ്രചോദനം
നല്ല മാര്‍ക്കുകള്‍ നേടിയാലുള്ള പ്രയോജനവും ഭാവിയില്‍ ലഭിക്കാനിടയുള്ള നേട്ടവും കുട്ടിക്ക് വിശദീകരിച്ചു നല്‍കണം. ഠമാശം മാര്‍ക്ക് കിട്ടിയാല്‍ വിഷമിക്കേണ്ട, കഠിനാധ്വാനം ചെയ്താല്‍ നല്ല വിജയം നേടാമെന്ന് ആത്മവിശ്വാസം പകരുകയും ചെയ്യണം. പ്രചോദനമാണ് പരീക്ഷാ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാനുള്ള ഏറ്റവും നല്ല ഉപകരണം.
ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുക
കുട്ടികള്‍ പഠിക്കുന്ന അന്തരീക്ഷം ഏറെ പ്രധാനപ്പെട്ടതാണ്. കുട്ടി പഠിക്കുമ്പോള്‍ ടെലിവിഷന്‍ ശബ്ദം കുറച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇളയകുട്ടികളെ പഠിക്കുന്ന കുട്ടിക്ക് അടുത്തേക്ക് വിടാതിരിക്കാന്‍ ശ്രദ്ധിക്കുക. അത് പഠിപ്പില്‍ നിന്നുള്ള ശ്രദ്ധയെ വ്യതിചലിപ്പിക്കും. മുറിയില്‍ നല്ല വെളിച്ചമുണ്ടെന്ന് ഉറപ്പാക്കുക. ഒരു കുപ്പി വെള്ളം മുറിയില്‍ തന്നെ വയ്ക്കുക. ഇത് സമയം ലാഭിക്കാനും ഏകാഗ്രത നിലനിര്‍ത്താനും സഹായിക്കും.
ഇടവേളകള്‍
പഠനത്തിന്റെ ഇടയില്‍ കുട്ടികള്‍ മതിയായ ഇടവേളകള്‍ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഒറ്റയിരുപ്പിന് നീണ്ടനേരം പഠിക്കുന്നത് വിരസതയും ക്ഷീണവും ഉളവാക്കും. പുനരുന്മേഷം കിട്ടാനും ഏകാഗ്രത കൂട്ടാനും ഇടവേള നല്ലതാണ്.
കായികവ്യായാമം
കുട്ടികള്‍ക്ക് നല്ല വ്യായാമം ആവശ്യമാണ്. ഒ്യായാമം ഊര്‍ജസ്വലത കൂട്ടാനും മനസ്സ് ശുദ്ധമാക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. നടത്തം, സൈക്കിളിംഗ്, നീന്തല്‍, ഫുട്ബോള്‍, നൃത്തം എന്നിവയില്‍ ഏതെങ്കിലുമൊന്ന് താല്‍പര്യമനുസരിച്ച് അഭ്യസിക്കാന്‍ പ്രോത്സാഹിപ്പിക്കണം.
നല്ല ഭക്ഷണം
പരീക്ഷാ സമയത്ത് കുട്ടികളുടെ ഊര്‍ജം വര്‍ധിപ്പിക്കുന്നതിനായി നല്ല ഭക്ഷണം നല്‍കുക, മുട്ട, പച്ചക്കറികള്‍, ധാരാളം പഴവര്‍ഗങ്ങള്‍, ഉണങ്ങിയ പഴം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സന്തുലിതമായ ഭക്ഷണക്രമം കുട്ടികളുടെ ആരോഗ്യത്തിന് പ്രധാനമാണ്. പരീക്ഷാസമയത്ത് നല്ല ഉന്മേഷം തോന്നാന്‍ ഇത് സഹായിക്കും. അധികം കൊഴുപ്പും മധുരവും നല്‍കരുത്. ശീതളപാനീയങ്ങള്‍, കോള, ചോക്ളേറ്റ്, ബര്‍ഗറുകള്‍, ചിപ്സ് മുതലായവ കുട്ടിയെ അതികര്‍മനിരതനും അസ്വസ്ഥരുമാക്കും.
വിശ്രമം
വിശ്രമിക്കാനും ശാന്തത കൈവിടാതിരിക്കാനും കുട്ടികളെ അഭ്യസിപ്പിക്കണം. പഠനത്തിനിടക്ക്അരമണിക്കൂര്‍ പുറത്തുപോകാനോ അഥവാ പ്രിയപ്പെട്ട സീരിയല്‍ കാണാനോ അനുവദിക്കണം. അല്‍പനേരം ധ്യാനിക്കാന്‍ പഠിപ്പിക്കുന്നത് ഏകാഗ്രതയെ മെച്ചപ്പെടുത്തും.
നന്നായി ഉറങ്ങാന്‍ പ്രോത്സാഹിപ്പിക്കുക
നല്ല ഉറക്കം കുട്ടിയുടെ ചിന്തയെയും ഏകാഗ്രതയെയും വര്‍ധിപ്പിക്കും. കുട്ടിക്ക് നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സമ്മര്‍ദ്ദം നേരിടുന്ന സമയമാണ് പരീക്ഷാ ദിനങ്ങള്‍. അതിനാല്‍ അവര്‍ക്ക് നന്നായി ഉറക്കം ലഭിച്ചില്ലെങ്കില്‍ ഉറക്കച്ചടവും ക്ഷീണവും മന്ദതയും അനുഭവപ്പെടും. ദിവസവും 8-10 മണിക്കൂര്‍ ഉറങ്ങിയാലേ അവര്‍ക്ക് ഉന്മേഷവും ശരീരസുഖവും ഉണ്ടാവുകയുള്ളൂ. പരീക്ഷയുടെ തലേദിവസം രാത്രിമുഴുവന്‍ ഉറക്കമൊഴിച്ചുള്ള പഠനം വളരെ അപകടകരമാണ്.
പരീക്ഷ കഴിഞ്ഞാല്‍
പരീക്ഷാദിനങ്ങളിലെ സമ്മര്‍ദ്ദങ്ങള്‍ മാറ്റാനായി പരീക്ഷ കഴിഞ്ഞാലുടന്‍ ആഘോഷിക്കാന്‍ അനുവദിക്കണം. കുട്ടിക്ക് ഇഷ്ടമുള്ള ആഘോഷത്തിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി അടുത്ത പരീക്ഷാസമയത്ത് കുട്ടിക്ക് ശരിയായ പ്രചോദനമുണ്ടാവും.
പോസിറ്റീവ് മനോഭാവമുള്ള മാതാപിതാക്കള്‍ക്ക് പരീക്ഷാ സമ്മര്‍ദ്ദം നന്നായി കൈകാര്യം ചെയ്യാനാവും. എല്ലാ കുട്ടികളും ഒരു പോലെയല്ല. അതുകൊണ്ട് എല്ലാവര്‍ക്കും ഒന്നാം റാങ്ക് നേടാനും സാധ്യമല്ല. കുട്ടികളെ മനസ്സിലാക്കണം. കുട്ടികളെ മനസ്സിലാക്കിയും പിന്തുണച്ചും പരീക്ഷഒരു ഭീകരാനുഭവമാക്കാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും. രക്ഷകര്‍ത്താക്കള്‍ കുട്ടികളെ എല്ലാ തലത്തിലും മനസിലാക്കണം. പഠനത്തില്‍ മിടുക്കരല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ കലയിലോ, സംഗീതത്തിലോ, സ്പോര്‍ട്സിലോ മിടുക്കരാകും. അവരുടെ കഴിവിന്റെ മേഖലയില്‍ അവരെ പ്രോത്സാഹിപ്പിക്കുക. സച്ചിന്‍ ടെണ്ടുല്‍ക്കറോ, എ.ആര്‍ റഹ്മാനോ പഠനത്തില്‍ മിടുക്കരായിരുന്നില്ല. പക്ഷേ ഇന്നത്തെ അവരുടെ അവസ്ഥ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ!
പരീക്ഷാദിനത്തില്‍ ചെയ്യേണ്ടത്
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ദിനവും മുന്‍കൂട്ടിക്കാണണം. അതനുസരിച്ച് തയ്യാറെടുക്കണം. പരീക്ഷാദിനത്തില്‍ എന്തൊക്കെയാണ് ഒരു വിദ്യാര്‍ത്ഥി ചെയ്യേണ്ടത്? ചില നിര്‍ദ്ദേശങ്ങള്‍
പരീക്ഷയ്ക്ക് പോകുന്നത് നേരത്തെ ആസൂത്രണം ചെയ്യുക. പരീക്ഷാ സമയവും സ്ഥലവും നേരത്തെ ഉറപ്പാക്കുക. അവിടെ എത്താന്‍ ആവശ്യമായ സമയം കൃത്യമായി കണക്കുകൂട്ടുക. പരീക്ഷയ്ക്ക് കുറച്ചുമുമ്പേ എത്താന്‍ ശ്രമിക്കുക.
പരീക്ഷ എഴുതാനുള്ള എല്ലാം കൈയിലുണ്ടെന്ന് ഉറപ്പാക്കുക. അതിന് അവയെല്ലാം ഒരു ദിവസം മുമ്പേ തന്നെ ഒരുക്കുക.
നന്നായി പ്രാതല്‍ കഴിക്കുക.
പരീക്ഷ തുടങ്ങുന്നതിനു മുമ്പ് കക്കൂസില്‍ പോവുക. മൂത്രം ഒഴിക്കുക.
പരീക്ഷ തുടങ്ങുന്നതിനുമുമ്പ് ചോദ്യപേപ്പറിലെ നിര്‍ദേശങ്ങള്‍ വായിക്കുക. എല്ലാ ചോദ്യങ്ങളും നോക്കുക. ഇങ്ങനെ വായിക്കുന്നത് എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ഉറപ്പുനല്‍കും.
സമയം ക്രമപ്പെടുത്തുക. അങ്ങനെ വന്നാല്‍ ഓരോ ചോദ്യത്തിനും ഉത്തരമെഴുതാനാവും.
എളുപ്പമുള്ള ചോദ്യത്തിന് ആദ്യം ഉത്തരമെഴുതുക. ബുദ്ധിമുട്ടായി തോന്നുന്ന ചോദ്യങ്ങള്‍ പിന്നത്തേയ്ക്ക് മാറ്റി വയ്ക്കുക. എളുപ്പമുള്ളത് എഴുതികഴിഞ്ഞ ശേഷം ബുദ്ധിമുട്ടുള്ളതിലേക്കു വരിക. അങ്ങനെ ചെയ്താല്‍ സമയം പാഴാവില്ല. അല്ലെങ്കില്‍ നന്നായി എഴുതാനാവുന്ന ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം എഴുതാന്‍ സമയം ഉണ്ടാവില്ല. ചെയ്യാനുമാവില്ല.
പരീക്ഷയ്ക്കു ശേഷം എഴുതാന്‍ മറന്നുപോയ കാര്യമാവും മനസ്സില്‍ ആദ്യം വരിക. പുര്‍ണതയുള്ള പരീക്ഷ എഴുതുക എല്ലാവരെ സംബന്ധിച്ചും അപൂര്‍വമായ സംഗതിയാണെന്ന് മനസ്സിലാക്കുക. നിങ്ങള്‍ മോശമായിട്ടാണ് എഴുതിയതെന്ന് തോന്നിയാല്‍ വിഷമിക്കേണ്ട. ജീവിതത്തില്‍ നന്നായി ചെയ്യാനുള്ള അവസരം ഇനിയുമുണ്ടെന്ന് ഓര്‍മിക്കുക.
പരീക്ഷയ്ക്കു ശേഷം സന്തോഷമായിരിക്കാനുള്ള അവസരം ഒരുക്കുക. കൂട്ടുകാര്‍ക്കൊപ്പം ഉല്ലസിച്ചുകൊണ്ടാകാം; കുടുംബസമ്മേളനം നടത്തിക്കൊണ്ടാകാം. എങ്ങനെയായാലും പരീക്ഷയുടെ പിരിമുറുക്കത്തിന് അയവുകിട്ടുന്ന വിനോദമോ പ്രവര്‍ത്തികളോ ആകാം.
മാനസിക സമ്മര്‍ദ്ദം എങ്ങനെ നേരിടാം?
നസിക സമ്മര്‍ദ്ദങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനാവുമോ? കഴിയും. സമ്മര്‍ദ്ദത്തിന്റെ കാരണമെന്തെന്ന് തിരിച്ചറിയുകയാണ് അതിനുള്ള ആദ്യപടി. അസാധാരണമായ രീതിയില്‍ സഹോദരന്മാരോടോ കൂട്ടുകാരുമായോ വഴക്കുകൂടല്‍ മാനസിക സമ്മര്‍ദ്ദത്തിന്റെ കാരണമാകാം. പരീക്ഷകള്‍ എഴുതുക, പുതിയ സ്കൂള്‍, കുടുംബ സംഘര്‍ഷം എന്നിവയൊക്കെ മാനസിക സമ്മര്‍ദ്ദത്തിനുള്ള കാരണങ്ങളാവാം. മാനസിക പിരിമുറുക്കത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ രക്ഷിതാക്കള്‍ പല പ്രായോഗിക തന്ത്രങ്ങളും ഉപയോഗിക്കണം. കുട്ടികളുടെ ജീവിതരീതിയിലും ചിട്ടകളിലും മാറ്റങ്ങള്‍ വരുത്തുകയോ, കളികളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയോ ആവാം. ആവശ്യമുള്ള സമയത്ത് കൗണ്‍സലിംഗ് സഹായം സ്വീകരിക്കേണ്ടതുമാണ്.
അവശ്യഘടകങ്ങള്‍
മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും മാനസികപിരിമുറുക്കം കുറക്കുന്നതില്‍ കുട്ടികളെ സഹായിക്കാനാവും. അവരുടെ ദിനചര്യകള്‍ ക്രമീകരിക്കുന്നതിലൂടെയും, അവരെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിലൂടെയും, തുറന്ന സംഭാഷണത്തിനുള്ള ബന്ധം നിലനിര്‍ത്തുന്നതിലൂടെയും, കളിക്കും ഉല്ലാസത്തിനും സമയം അനുവദിക്കുന്നതിലൂടെയും ഇതു നേടിയെടുക്കാനാവും. കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍ താഴെപറയുന്നവയാണ്.
കുടുംബ ദിനചര്യ
പഠനങ്ങള്‍ കാണിക്കുന്നത് വിജയികളായ കുട്ടികളുടെ കുടുംബങ്ങളില്‍ പൊതുവേ കൃത്യമായ ദിനചര്യകള്‍ ഉണ്ടെന്നുള്ളതാണ്. കുടുംബത്തിലെ അംഗങ്ങളെല്ലാം നിശ്ചിതസമയത്ത് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. വൈകിട്ട് കൃത്യമായ ഒരു സമയത്ത് ഗൃഹപാഠം ചെയ്യിക്കുന്നു. ആ വീട്ടിലെ എല്ലാവരും ഒരേ സമയത്ത് ഉറങ്ങാന്‍ പോകുന്നു. ഇങ്ങനെ ഒരു ദിനചര്യ പാലിക്കുന്ന കുടുംബത്തിലുള്ള കുട്ടികള്‍ക്ക് സമ്മര്‍ദ്ദം കുറവായിരിക്കും.
പരിധി നിശ്ചയിക്കുക
ഓരോ കാര്യത്തിലും അതിരുകളും പരിധികളും ഏതാണെന്ന് കുട്ടികളോട് വ്യക്തമാക്കിയിരിക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ ഉറച്ച രീതിയിലുള്ളതാണെങ്കില്‍ കുട്ടികള്‍ക്ക് തങ്ങള്‍ സുരക്ഷിതരുമാണെന്ന തോന്നല്‍ ഉണ്ടാകും.
കുട്ടികളോട് “നോ” പറയുന്നത് സ്നേഹത്തോടും കരുതലോടെയുമാകാം. അത് കൂടുതല്‍ നല്ല പ്രതികരണം കുട്ടികളില്‍ ഉളവാക്കും. അതായത് കുട്ടി കളിക്കാന്‍ അനുവാദം ചോദിക്കുന്നുവെന്ന് കരുതുക. പറ്റില്ല എന്ന് പറയുന്നതിന് പകരം, “ശരി, നിന്റെ ഗൃഹപാഠം ചെയ്ത ശേഷം പോകാം” എന്നു പറയാം. “നോ” എപ്പോള്‍, എവിടെ പറയണമെന്ന് കുട്ടികളെ പഠിപ്പിക്കുകയും വേണം. കൗമാരപ്രായത്തിലും ജീവിതത്തിലാകമാനവും സമ്മര്‍ദ്ദമുള്ള തെരഞ്ഞെടുക്കല്‍ നടത്തേണ്ടി വരുമ്പോള്‍ ഇത് അവര്‍ക്ക് സഹായകമാകും.
ശിക്ഷയല്ല ശിക്ഷണം
ശിക്ഷണത്തിന്റെ ലക്ഷ്യം പഠിപ്പിക്കുക എന്നതാണ്. പാരന്റിങിന്റെ ഏറ്റവും പ്രധാന വശമാണിത് – കുട്ടികളെ ജീവിക്കാന്‍ പഠിപ്പിക്കുക. ശിക്ഷ ലഭിക്കുമെന്ന ഭീതി അടിച്ചേല്‍പ്പിക്കരുത്. ഒരു നിശ്ചിത ഫലം ലഭിച്ചില്ലെങ്കില്‍ ശിക്ഷിക്കുമെന്നു പറയുന്നത് ഒരുതരം ഭയപ്പെടുത്തലാണ്. ഇത് വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ കുട്ടികളില്‍ ഉളവാക്കാനേ ഉപകരിക്കൂ.
കേള്‍ക്കുക, പ്രോത്സാഹിപ്പിക്കുക
കുട്ടികള്‍ പറയുന്നത് കേള്‍ക്കുക. തങ്ങളുടെ തോന്നലുകളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കണം. കുട്ടികള്‍ വളരെയധികം സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്ന് തോന്നിയാല്‍ പ്രത്യേകിച്ചും അവരുടെ വികാരങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രോത്സാഹിപ്പിക്കണം. എല്ലാവരും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അസ്വസ്ഥതകള്‍, ഭയം, ഉത്കണ്ഠ എന്നിവ നേരിടുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തണം.
<‘സുരക്ഷാവാല്‍വുകള്‍’
കുട്ടികള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കെല്ലാം സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മോചനം നേടാന്‍ ‘സുരക്ഷാ വാല്‍വുകള്‍’വേണം. അതായത് വിശ്രമിക്കാന്‍, സന്തോഷിക്കാന്‍ ഒക്കെയുള്ള വഴികള്‍ വേണം. നടക്കുക, സംഗീതം കേള്‍ക്കുക താല്‍പര്യമുള്ള കളികളില്‍ ഏര്‍പ്പെടുക, പ്രാണായാമം അഥവാ സാവധാനമുള്ള ശ്വാസോച്ഛാസം ചെയ്യുക എന്നിവയൊക്കെ അതില്‍പ്പെടാം.
കുട്ടികള്‍ക്ക് അവരുടെ സമ്മര്‍ദ്ദങ്ങള്‍ കുറക്കാനായി വലിയ രീതിയില്‍ കായികവ്യായാമങ്ങള്‍ നടത്താനുള്ള സമയവും സ്ഥലവും നല്‍കണം. അതായത് ഓടുക, ചാടുക എന്നിവയ്ക്കായി. മണ്ണില്‍ കളിക്കുക, പൂന്തോട്ടമൊരുക്കുക, പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിക്കുക തുടങ്ങിയവും സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും.
ആരോഗ്യകരമായ രീതികള്‍ പരിശീലിപ്പിക്കുക
നിത്യവും വ്യായാമം ചെയ്യുകയും കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുകയും ചെയ്യുക പ്രധാനമാണ്. ഉത്കണഠയും അസ്വസ്ഥതകളും വര്‍ധിപ്പിക്കുന്ന കഫെയിന്‍ ഉള്ള ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കേണ്ടത് ആവശ്യമാണ്.
മറ്റു വഴികള്‍
സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യാനുള്ള രീതികള്‍ പഠിച്ചാല്‍ കുട്ടികള്‍ക്ക് അത് ജീവിതത്തിലുടനീളം ഉപയോഗിക്കാനാവും. ഉദാഹരണത്തിന് ഒരു കലണ്ടറില്‍ മുമ്പേ തന്നെ ചെയ്യാനുള്ള ജോലികള്‍, നടത്താനുള്ള കൂടിക്കാഴ്ചകള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ കുറിച്ചു വയ്ക്കുന്നത് ജീവിതം ക്രമീകരിക്കാന്‍ സഹായിക്കും. നേരത്തെയുള്ള ആസൂത്രണം വഴി സമ്മര്‍ദ്ദം കുറയ്ക്കാന്‍ പറ്റും.
സ്വയം മാതൃകയാവുക
സ്വന്തം മാനസിക സമ്മര്‍ദ്ദം നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്നതു വഴി രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്കു റോള്‍ മോഡലുകള്‍ ആവണം. ജീവിതത്തിലെ മുന്‍ഗണനകള്‍, പരിധികള്‍ എന്നിവ നിശ്ചയിക്കുക പ്രധാനപ്പെട്ടതാണ്. കളിക്കാനും വിനോദത്തിനുമുള്ള പൊതു സമയം നിശ്ചയിക്കണം. അതുപോലെ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിക്കണം ഇതിലൂടെ കുടുംബത്തിന്റെ മൊത്തം സമ്മര്‍ദ്ദം കുറക്കാനാവും.
എങ്ങനെ സമ്മര്‍ദ്ദങ്ങളെ നേരിടണമെന്ന് കുട്ടികളെ പഠിപ്പിക്കാനും അവര്‍ക്ക് മാതൃകയാവാനും മാതാപിതാക്കള്‍ക്ക് കഴിയും. സ്കൂള്‍ സമ്മര്‍ദ്ദം നേരടുന്നവര്‍ക്ക് എക്സ്ട്രാ കരിക്കുലര്‍ പ്രവര്‍ത്തനം, കൂട്ടുകാര്‍, കുടുംബം, ഭാഗികമായ ജോലി എന്നിവ വഴി സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുള്ള പാടവങ്ങള്‍ അഭ്യസിക്കാനുമാവും. ഒരു വലിയ ജോലി പലഭാഗങ്ങളായി ചെറുതായി പകുത്ത് സാവധാനം ചെയ്ത് തീര്‍ത്താല്‍ സമ്മര്‍ദ സാഹചര്യങ്ങളെ മറികടക്കാനാവും.
സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനുള്ള അഞ്ച് വഴികള്‍
കുട്ടികള്‍ മാനസിക സമ്മര്‍ദ്ദത്തിന് അതീതരല്ല. ഇത് എല്ലാ പ്രായത്തിലും ഉണ്ടാകാം. ശരിയായ രീതികള്‍ കുട്ടികളെ പഠിപ്പിച്ചാല്‍ സമ്മര്‍ദ്ദങ്ങള്‍ ഫലവത്തായി കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് സാധിക്കും. കുഞ്ഞുന്നാളിലെ പരിശീലിക്കുന്ന രീതികള്‍ അവരെ ജീവിതത്തിലുട നീളം സഹായിക്കും.
യോഗ പരിശീലിപ്പിക്കുക
വെറുമൊരു ശാരീരിക വ്യായാമം മാത്രമല്ല മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനുള്ള അവശ്യമായ ഒരു വ്യായാമമുറ കൂടിയാണ് യോഗ. ഇതില്‍ മാനസിക ധ്യാനവും പ്രാണായാമവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇത് കുട്ടികളുടെ മനസിനും ശരീരത്തിനും ധാരാളം വിശ്രമം നല്‍കും. പിരിമുറുക്കങ്ങള്‍ക്ക് അയവും നല്‍കും. പടിപടിയായും രസകരമായും കുട്ടികളെ യോഗ പഠിപ്പിക്കണം.
ചെറിയ രീതിയിലുള്ള ധ്യാന വിദ്യകള്‍ പഠിപ്പിക്കുക
ചെറിയ ധ്യാനങ്ങള്‍ കുട്ടികള്‍ക്ക് സമ്മര്‍ദ്ദത്തില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കും. അത്തരത്തിലുള്ള നല്ലൊരു രീതിയാണ് പ്രാണായാമ അഭ്യാസം. ചെയ്യുന്ന ജോലി നിര്‍ത്തിവയ്ക്കുക; സ്വസ്ഥമായി ഇരിക്കുക; കണ്ണടക്കുക. എന്നിട്ട് സാവധാനം ശ്വാസം ഉള്ളിലേക്ക് വലിക്കുക, പുറത്തേക്ക് വിടുക. ഇങ്ങനെ അഞ്ചു പ്രാവശ്യം ആവര്‍ത്തിച്ചിട്ട് കണ്ണു തുറക്കുക. നല്ലൊരു യോഗാധ്യാപകന് ഇത്തരം പല രീതികള്‍ പഠിപ്പിക്കാനാകും.
ചിരിക്കാന്‍ അവസരം നല്‍കുക
നന്നായി ചിരിക്കുന്നത് കുട്ടികളെ ശരീരത്തിന്റെയും മനസ്സിന്റെയും മുറുക്കം അയക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. അങ്ങനെ മാനസിക സമ്മര്‍ദ്ദം കുറയാന്‍ വഴിയൊരുങ്ങും. ചിരി വികാരതലങ്ങളെ ഉണര്‍ത്തും. അത് ശരീരത്തിന്റെ സ്വാഭാവിക വേദനാസംഹാരിയായി പ്രവര്‍ത്തിക്കും. തമാശ സിനിമകള്‍ കാണുന്നതും തമാശകള്‍ പറയുന്നതും, സില്ലി ഡാന്‍സില്‍ ഏര്‍പ്പെടുന്നതുമെല്ലാം ഗുണകരമാണ്.
മനസ് ശാന്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍
കുട്ടികള്‍ സമ്മര്‍ദ്ദത്തിലാണെങ്കില്‍ അവര്‍ക്ക് ആശ്വാസം പകരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണം. പെയിന്റിംഗ്, ചിത്രരചന, നിറങ്ങള്‍ കൊടുക്കുക തുടങ്ങിയ രീതികളിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാനാവും. ഇഷ്ടപ്പെട്ട ഹോബി വികസിപ്പിക്കുന്നതും അതിലേക്ക് പിന്തിരിയുന്നതും നല്ലതാണ്.
നന്നായി ഉറങ്ങാന്‍ പ്രേരിപ്പിക്കുക
കുട്ടികള്‍ക്ക് മതിയായ ഉറക്കമില്ലെങ്കില്‍ സമ്മര്‍ദ്ദം നേരിടാനുള്ള കഴിവു കുറയും. മൂന്നിനും അഞ്ചിനുമിടയിലുള്ളവര്‍ 11-13 മണിക്കൂര്‍ ഉറങ്ങണം. കുറച്ചു കൂടുതല്‍ മുതിര്‍ന്ന കുട്ടികള്‍ ദിവസവും 10-11 മണിക്കൂര്‍ ഉറങ്ങണം. കുട്ടികള്‍ നന്നായി ഉറങ്ങുന്നുണ്ടോ എന്നുറപ്പാക്കുക മാതാപിതാക്കളുടെ കടമയാണ്.
മാനസിക സമ്മര്‍ദ്ദവും നിങ്ങളുടെ കുട്ടികളും
നെഗറ്റീവ് സമ്മര്‍ദ്ദങ്ങള്‍ കുട്ടികളുടെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളെയും ബാധിക്കും. സമ്മര്‍ദ്ദങ്ങള്‍ കുട്ടിയുടെ തലച്ചോറിന്‍റെ രസതന്ദ്രത്തെയും പ്രവര്‍ത്തനത്തെയും മാറ്റിമറിക്കുകയും അസുഖങ്ങള്‍ വരാനുള്ള അത്യധികമായ സാധ്യതയിലേക്ക് നയിക്കുകയും ചെയ്യും.
നമ്മള്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, കുട്ടികള്‍ നിത്യേനയെന്നോണം മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നുണ്ട്. ചില അവസരങ്ങളില്‍ അവര്‍ക്ക് സമ്മര്‍ദ്ദം നേരിടാന്‍ നമ്മുടെ സഹായം വേണം. സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാവാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ മനസ്സില്‍ അത് അമിതഭാരം ഏല്‍പ്പിക്കും. ഇത് കുട്ടികളെ തളര്‍ച്ചയിലേക്കോ, അസാധാരണമായ പെരുമാറ്റത്തിലേക്കോ നയിക്കും.
കുട്ടികളില്‍ സമ്മര്‍ദ്ദം പല രീതിയിലാവും ഉണ്ടാവുക. ആറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പഠനവ്യെകല്യങ്ങള്‍ ഉള്ളവര്‍ക്കും വളര്‍ച്ചാതകരാറുകളുള്ള കുട്ടികള്‍ക്കും സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ ബുദ്ധിമുട്ട് കൂടുതലായിരിക്കും.
നെഗറ്റീവ് സമ്മര്‍ദ്ദങ്ങള്‍ കുട്ടികളുടെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളെയും ബാധിക്കും. സമ്മര്‍ദ്ദങ്ങള്‍ കുട്ടിയുടെ തലച്ചോറിന്‍റെ രസതന്ദ്രത്തെയും പ്രവര്‍ത്തനത്തെയും മാറ്റിമറിക്കുകയും അസുഖങ്ങള്‍ വരാനുള്ള അത്യധികമായ സാധ്യതയിലേക്ക് നയിക്കുകയും ചെയ്യും. സമ്മര്‍ദ്ദം കുട്ടിയുടെ പ്രതിരോധ കരുത്തിനെ കുറയ്ക്കും. അവര്‍ക്ക് ജലദോഷം, പകര്‍ച്ചപ്പനി മറ്റ് ശിശുരോഗങ്ങള്‍ എന്നിവ അതിവേഗം ബാധിക്കും.
കുട്ടികള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ അവര്‍ അറിയാതെ തന്നെ പലപ്പോഴും ശാരീരികമായ പ്രതിപ്രവര്‍ത്തനത്തിലൂടെ കുറയ്ക്കപ്പെടും. അമിതമായ വിയര്‍ക്കല്‍, കാരണമില്ലാതെ കരയല്‍, തളര്‍ച്ച, വയറുവേദന, തലവേദന, അസ്വസ്ഥതകള്‍, തലമുടി കടിക്കല്‍, വിരല്‍ ഈമ്പല്‍, കിടക്കയില്‍ മൂത്രമൊഴിക്കല്‍, നഖം കടിക്കല്‍, ഉറക്കമില്ലായ്മ തുടങ്ങി പലരീതിയില്‍ ഇവ പ്രകടമാകും.
വിഷാദാവസ്ഥ, നാണം, ആകുലപ്പെടല്‍, വിശപ്പില്‍ വരുന്ന മാറ്റങ്ങള്‍, മാതാപിതാക്കളെ കെട്ടിപ്പിടിച്ച് വരിഞ്ഞുമുറുകി നില്‍ക്കല്‍ എന്നിങ്ങനെ പലരീതിയില്‍ സമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങള്‍ന കാണിക്കും. കുട്ടികള്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നത് പലരീതിയിലാവും. മുതിര്‍ന്നവര്‍ പെരുമാറുന്നതു പോലെയാവും ചിലപ്പോഴത്. പെട്ടെന്നുള്ള അസാധാരണ പെരുമാറ്റം അമിതമായ സമ്മര്‍ദ്ദത്തിന്‍റെ സുനിശ്ചിതമായ സൂചനയാവും.
കുട്ടികള്‍ വളരുന്നതോടെ ബുദ്ധിപരമായ കഴിവുകള്‍ ഉപയോഗിച്ച് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. അവര്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങും – സാഹചര്യം, സംഭവങ്ങള്‍, പ്രതീക്ഷകള്‍ എന്നിവയെപ്പറ്റിയൊക്കെ. മിക്കവാറും “ഇനി എന്താണ്?” എന്ന മട്ടിലുള്ള ചോദ്യങ്ങളാവും കുട്ടികള്‍ ഉന്നയിക്കുക. ഇതിന് നല്‍കുന്ന സത്യസന്ധമായ ഉത്തരങ്ങള്‍ കുട്ടികളുടെ സമ്മര്‍ദ്ദ അളവിനെ കുറയ്ക്കും.
രക്ഷിതാക്കള്‍, അധ്യാപകര്‍, അപ്പൂപ്പനമ്മൂമ്മമാര്‍ എന്നിവരുടെ ഉത്തരവാദിത്വമാണ് കുട്ടികളുടെ സമ്മര്‍ദ്ദതലത്തെ കുറഞ്ഞ അളവിലാക്കുക എന്നത്. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി പറയുന്നത് ഏറ്റവും നല്ല ഒരു പരിഹാരമാണ്. അവര്‍ക്ക് പിന്തുണ നല്‍കണം. നിങ്ങള്‍ അവര്‍ക്കൊപ്പം നിലകൊള്ളുന്നു എന്ന് അവര്‍ക്ക് ബോധ്യമാകണം. തങ്ങള്‍ സുരക്ഷി തരാണെന്നും, സ്നേഹിക്കപ്പെടുന്നുണ്ടെന്നും കുട്ടികള്‍ക്ക് ഉറപ്പു കിട്ടണം. സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നതിനുള്ള ഏറ്റവും നല്ലവഴിയാണിത്.
സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്ന വിദ്യകള്‍ കുട്ടികളെ പഠിപ്പിക്കണം. ദീര്‍ഘശ്വാശോച്ഛാസം നടത്തുക, നൃത്തം ചെയ്യുക, മനസിന് ഇഷ്ട പ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക, പുസ്തകം വായിക്കുക എന്നതൊക്കെ സമ്മര്‍ദ്ദത്തെ അകറ്റാന്‍ സഹായിക്കും.
കുട്ടികള്‍ സ്വാഭിമാനവും ആത്മവിശ്വാസവും വളര്‍ത്തുക എന്നതാണ് മറ്റൊരു പ്രധാനകാര്യം. അവര്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുക. കുട്ടികള്‍ തുടങ്ങിവച്ച ശ്രമങ്ങള്‍ തൃപ്തികരമായി പൂര്‍ത്തിയാക്കാനായില്ലെങ്കിലും അവരേ പ്രോത്സാഹിപ്പിക്കുക. “നിങ്ങളുടെ കഴിവിന്‍റെ പരമാവധി നന്നായി ചെയ്യുക” എന്ന രീതിയിലാവണം കുട്ടികളെ പ്രചോദിപ്പിക്കാന്‍.
കുട്ടികളുമായി സംഭാഷണം നടത്താന്‍ സമയം കണ്ടെത്തുക എന്നതും വളരേ പ്രധാനമാണ്. ഇത് കുട്ടികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ പറയാനും അവരുടെ തോന്നലുകള്‍/വികാരങ്ങള്‍ വെളിപ്പെടുത്താനുമുള്ള അവസരം നല്‍കും. അവരുടെ മനസ്സില്‍ എന്താണ് ഉള്ളത് എന്ന് പറയാന്‍ അവരേ അനുവദിക്കണം.
പഠന വ്യെകല്യം, തലച്ചോറിലെ തകരാറുകള്‍ തുടങ്ങിയവയുള്ള കുട്ടികള്‍ക്ക് വളരേയധികം അസാധാരണമായ സമ്മര്‍ദ്ദങ്ങളുണ്ടാവും. അത്തരം കുട്ടികള്‍ സാമൂഹ്യപ്രശ്നങ്ങള്‍, സഹപാഠികളുടെ സമ്മര്‍ദ്ദം, അമിതമായ വികാരങ്ങള്‍ എന്നിവയെ നേരിടാന്‍ വളരേ ക്ലേശിക്കും. സാധാരണ ജീവിതത്തിന് ബുദ്ധിമുട്ടുന്ന രീതിയില്‍ കുട്ടികള്‍ സമ്മര്‍ദ്ദം നേരിടുന്നതായി കണ്ടെത്തിയാല്‍ കൗണ്‍സലിംഗ് സഹായം തേടേണ്ടത് ആവശ്യമാണ്.
സ്കൂള്‍ കുട്ടികളും മാനസിക സമ്മര്‍ദ്ദവും – കേരളത്തില്‍
എല്‍. കെ.ജി മുതല്‍ പ്ലസ്ടൂവരെയുള്ള കുട്ടികള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ മനസിലാക്കാനായി ഈ വര്‍ഷം ഒരു പഠനം നടത്തിയിരുന്നു. തിരുവനന്തപുരത്തെ ഏഴ് സ്കൂളുകളെ കേന്ദ്രികരിച്ചാണ് പഠനം നടത്തിയത്. 4-17 വയസുവരെയുള്ള കുട്ടികളില്‍ 93-100 ശതമാനം വരെ പേര്‍ ഇടത്തരവും കുറഞ്ഞരീതിയിലുള്ളതുമായ സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നുണ്ട്. അതില്‍ 1.9 ശതമാനം പേര്‍ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ട്. 1.79 ശതമാനം കുട്ടികള്‍ മാത്രമാണ് സാധാരണ മാനസിക നിലയുള്ളവര്‍. ഇത് കാണിക്കുന്നത് കേരളത്തിലെ പൊതു സ്കൂളുകളിലെ 90 ശതമാനം കുട്ടികളും സാധാരണതിലേതിന് ഉപരിയായി സമ്മര്‍ദ്ദവും ടെന്‍ഷനും നേരിടുന്നു എന്നാണ്. 10 വയസിനുമേലുള്ള 97 ശതമാനം കുട്ടികള്‍ക്ക് ശരാശരിയിലും ഉയര്‍ന്നതലത്തിലാണ് മാനസിക സമ്മര്‍ദ്ദം. കുട്ടികളില്‍ ഏറ്റവും തീവ്രമായ രീതിയില്‍ സമ്മര്‍ദ്ദം കാണപ്പെടുന്നത് 14 വയസുള്ളവരിലാണ്. 13-15 വയസുള്ളവരില്‍ മറ്റ് പ്രായങ്ങളിലുള്ള കുട്ടികളേക്കാള്‍ ഇടത്തരമോ കടുത്തതോ ആയ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ട്. പഠനം വെളിവാക്കുന്ന മറ്റൊരു കാര്യം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളേക്കാള്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെന്നതാണ്.
സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍
ഒരു കുട്ടിക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടോയെന്ന് എങ്ങനെ അറിയാം? അതിന് പല അടയാളങ്ങളുണ്ട്. പക്ഷേ ഈ സൂചനകള്‍ മറ്റ് സാഹചര്യം മൂലമോ അസുഖം മൂലമോ ഉണ്ടായെന്നും വരാം. കുട്ടികളിലെ പെരുമാറ്റത്തില്‍ പെട്ടെന്നുള്ള മാറ്റം ശ്രദ്ധിക്കേണ്ട കാര്യമാണ്. താഴെപറയുന്ന സൂചനകളില്‍ കുറച്ചെണ്ണമോ അല്ലെങ്കില്‍ ഒന്നോരണ്ടോ സൂചനകള്‍ കുറച്ചുകാലം വിട്ടുമാറാതെ നീണ്ടു നില്‍ക്കുന്നുണ്ടെങ്കില്‍ നന്നായി കുട്ടികളെ നിരീക്ഷിക്കണം. സമ്മര്‍ദ്ദം കുട്ടിയുടെ ജീവിതത്തെ ബാധിക്കുമെന്ന് കണ്ടാല്‍, അല്ലെങ്കില്‍ ശാരീരിക അസുഖങ്ങള്‍ കാണിച്ചാല്‍ ഒരു പ്രൊഫഷണലിനെ കാണാന്‍ മറക്കരുത്. അതായത് കുട്ടികളുടെ ഡോക്ടര്‍, സ്കൂള്‍ കൗണ്‍സലര്‍, അല്ലെങ്കില്‍ തെറാപിസ്റ്റ് എന്നിവരെ.
അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍
ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് തങ്ങളുടെ അവസ്ഥകള്‍ തുറന്നു പറയാനാവില്ല. എന്നാല്‍ അവരുടെ പെരുമാറ്റം അവരുടെ സമ്മര്‍ദ്ദങ്ങളുടെ തലം വെളിപ്പെടുത്തും. മാതാപിതാക്കളെ മുറുകെപിടിച്ചോ കെട്ടിപ്പിടിച്ചോ നില്‍ക്കുക, സാധാരണയില്‍ കൂടുതല്‍ കരയുക, ശരീരത്തില്‍ ചൂടിന്റെ അളവില്‍ വലിയ വ്യത്യാസമുണ്ടാവുക, വിരല്‍ ചപ്പുക, കിടക്കയില്‍ മൂത്രമൊഴിക്കുക, ഇരുട്ടിനെ ഭയക്കുക ഇവയൊക്കെ മാനസിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാകാം. എന്നാല്‍ ഇവയില്‍ പലതും അവരുടെ വളര്‍ച്ചയുടെ ഘട്ടങ്ങളിലെ സ്വാഭാവിക പ്രതികരണങ്ങളുമാകാം. നില്‍ക്കാനും നടക്കാനും പഠിക്കുന്ന ഘട്ടത്തില്‍ അവര്‍ പെട്ടെന്ന് നിരാശരായെന്നിരിക്കാം. അവര്‍ കുറച്ചു ദിവസം കരയുകയും പിന്നീട് സാധാരണ രീതിയിലേക്ക് തിരിച്ചുവരുകയും ചെയ്യും. മറിച്ച് അത് നീണ്ടു നില്‍ക്കുന്നുവെങ്കില്‍ അതിനെ സമ്മര്‍ദ്ദത്തിന്റെ ലക്ഷണമായി കരുതാം.
6-11 വയസുള്ളവര്‍
സ്കൂള്‍ പ്രായമുള്ള കുട്ടികള്‍ക്ക് തങ്ങള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദത്തെപ്പറ്റി പറയാനാവും. അവര്‍ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും മാനസിക സമ്മര്‍ദ്ദത്തിന്റെ ശാരീരിക ലക്ഷണങ്ങള്‍ അവര്‍ കാണിക്കും.
സമ്മര്‍ദ്ദമനുഭവിക്കുന്ന സ്കൂള്‍ കുട്ടികള്‍ വയറുവേദന, തലവേദന, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, അമിത വിശപ്പ്, എപ്പോഴും ബാത്ത്റൂമില്‍ പോവുക, ഉറക്കത്തിലുള്ള പല്ലുകടി എന്നീ ലക്ഷണങ്ങള്‍ കാണിച്ചെന്നിരിക്കും. മൂക്കില്‍ വിരലിടുക, നഖം കടിക്കുക, ദുഃസ്വപ്നങ്ങള്‍ കാണുക എന്നിവയും മാനസിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാകാം. കിടന്നു മുള്ളുക, വാശി പിടിക്കുക, അമിതമായ കൊഞ്ചല്‍ എന്നീ ശൈശവ രീതികളിലേക്കുള്ള തിരിച്ചുപോക്കും മാനസിക പിരിമുറുക്കത്തിന്റെ ലക്ഷണമാകാം.
സമ്മര്‍ദ്ദമുള്ള കുട്ടികള്‍ നുണ പറയും, ദേഷ്യം പ്രകടിപ്പിക്കും, അക്രമോത്സുകത, അസ്വസ്ഥത എന്നിവ കാണിക്കും. മറ്റ് കുട്ടികളുമായി വഴക്കടിക്കുക, സ്കൂളില്‍ പോകാന്‍ മടിക്കുക, പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്കുകള്‍ നേടുക എന്നിവയും മാനസിക പിരിമുറുക്കത്തിന്റെ ലക്ഷണങ്ങളാകാം.
12-18 വയസുള്ളവര്‍
ഈ പ്രായത്തിലുള്ളവര്‍ക്ക് നന്നായി തന്നെ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മറ്റുള്ളവരോട് പറയാനാവും. പക്ഷേ അവരില്‍ പലരും പലപ്പോഴും ഒട്ടും ആശയവിനിമയം നടത്താതെ സ്വയം ഒതുങ്ങിക്കൂടും. അവര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്ന കാര്യം വിസമ്മതിക്കുകയും സംസാരിക്കാന്‍ മടിക്കുകയും ചെയ്യും.
മാനസിക സമ്മര്‍ദ്ദമുള്ള ഈ പ്രായക്കാര്‍ കൊച്ചുകുട്ടികളുടെ പെരുമാറ്റ രീതികള്‍ കാണിച്ചെന്നിരിക്കും. ഇത്തരക്കാര്‍ ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാന്‍ താല്‍പര്യം കാണിക്കില്ല. കൂടുതല്‍ സമയം കളിയില്‍ ചിലവഴിക്കാനായി ഇഷ്ടപ്പെടും. സ്കൂളിലോ കോളേജിലോ പോകുന്നതിന് താല്‍പര്യം കുറയും. മാനസിക സമ്മര്‍ദ്ദമുള്ള കൗമാരക്കാര്‍ തങ്ങളുടെ ആരോഗ്യം/ജീവന്‍ അപകടപ്പെടുത്തുന്ന രീതിയിലുള്ള ചെയ്തികളില്‍ പങ്കാളിയാവും. ഇവര്‍ ആത്മഹത്യാപ്രവണതയും കാണിച്ചെന്നിരിക്കും.
കുട്ടികള്‍ക്ക് തങ്ങള്‍ സമ്മര്‍ദ്ദം നേരിടുന്നുവെന്ന് പലപ്പോഴും പറയാനാവില്ല. പക്ഷേ, സൂചനകള്‍കണ്ടും ശാരീരിക ലക്ഷണങ്ങള്‍കണ്ടും അത് മനസ്സിലാക്കുകയും പ്രതിവിധി തേടുകയും ചെയ്യുകയാണ് മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ കടമ.
കാര്യം നിസ്സാരം പ്രശ്നം ഗുരുതരം
മാതാപിതാക്കളുടെ വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ രാഹുല്‍ ഒറ്റപ്പെട്ടു. കൂട്ടുകാര്‍ക്കിടയിലാണ് അവന്‍ സന്തോഷം കണ്ടെത്തിയത്. കൂട്ടുകാരോടൊപ്പം കറങ്ങിയടിച്ച് നടത്തവും പതിവാക്കി. ഇതിനുള്ള ചെലവിന് വീട്ടില്‍ നിന്ന് മോഷണവും തുടങ്ങി.
ഡോ. ഷാജു ജോര്‍ജ്
രാഹുലിന് പതിമൂന്ന് വയസാണ് പ്രായം. ചുമ വിട്ടുമാറാത്തതിനെ തുടര്‍ന്ന് അവന്‍റെ മാതാപിതാക്കളാണ് ആശുപത്രിയിലേക്കു കൊണ്ടുവന്നത്. മൂന്നോളം ഡോക്ടര്‍മാരേ കണ്ടിട്ടും ഭേദമായില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയില്‍ രാഹുലിന് രോഗങ്ങള്‍ ഒന്നും ഉള്ളതായി കണ്ടെത്തിയില്ല. എന്നാല്‍ ചുമയാകട്ടെ വിട്ടുമാറുന്നുമില്ല. ഇതോടെയാണ് മാനസിക പരിചരണത്തിനായി രാഹുല്‍ എന്‍റെ മുന്നിലെത്തുന്നത്. നല്ല ശബ്ദത്തില്‍ ചുമയ്ക്കുന്നതിനാല്‍ സ്കൂളില്‍ പോകാനാകാത്ത അവസ്ഥയിലായിരുന്നു അവന്‍.
പേഷ്യന്റ്സിന്‍റെ കുടുംബ പശ്ചാത്തലം പൂര്‍ണമായും ആദ്യം ഞാന്‍ മനസിലാക്കും. മാനസിക ചികിത്സയ്ക്ക് ഇത് സഹായകരമാണ്. രാഹുലിനോട് സംസാരിച്ചതില്‍ നിന്ന് കുറച്ച് വിവരങ്ങള്‍ കിട്ടി. ഒരുപാട് പ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നു അവന്‍റെ കുടുംബം. അച്ഛനും അമ്മയും തമ്മില്‍ നിത്യവും വഴക്ക് ഉണ്ടാക്കും. പരസ്പരമുള്ള സംശയമായിരുന്നു കാരണം. ഈ പ്രശ്നം മാത്രമേ അവന്‍ പറഞ്ഞുള്ളൂ. ഈ പ്രശ്നം കൊണ്ടുമാത്രം ചുമ വിട്ടുമാറാതിരിക്കുമോ…? മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഞാന്‍ അവനോട് ചോദിച്ചു. എന്നാല്‍ കാര്യമായ മറുപടി ലഭിച്ചില്ല. അങ്ങനെയാണ് രാഹുലിനെ ഹിപ്നോട്ടിസ്സ് ചെയ്യാന്‍ തീരുമാനിച്ചത്. ഇത് അവനെ അറിയിച്ചത് നിര്‍ണായകമായ മറുപടി ലഭിക്കാനിടയാക്കി. അവന്‍റെ അലട്ടിയ യഥാര്‍ത്ഥ കാരണം ഇതായിരുന്നു:-
മാതാപിതാക്കളുടെ വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ രാഹുല്‍ ഒറ്റപ്പെട്ടു. കൂട്ടുകാര്‍ക്കിടയിലാണ് അവന്‍ സന്തോഷം കണ്ടെത്തിയത്. കൂട്ടുകാരോടൊപ്പം കറങ്ങിയടിച്ച് നടത്തവും പതിവാക്കി. ഇതിനുള്ള ചെലവിന് വീട്ടില്‍ നിന്ന് മോഷണവും തുടങ്ങി. നൂറും അഞ്ഞൂറും രൂപ വീതം എടുക്കാന്‍ തുടങ്ങി. സാമ്പത്തികശേഷിയുള്ള കുടുംബമായതിനാല്‍ ഇത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. എന്നാല്‍ മോഷണം അവന്‍റെ മനസില്‍ കുറ്റബോധം നിറച്ചു. താന്‍ വീട്ടില്‍ നിന്ന് പണം മോഷ്ടിക്കുന്നത് വല്യകുറ്റമാണെന്ന ബോധം അവനില്‍ ഉടലെടുത്തു. തീവ്രമായ മാനസിക പിരിമുറുക്കത്തിലേക്ക് ഇതവനെ കൊണ്ടെത്തിച്ചു. മാനസികപ്രശ്നങ്ങള്‍ ശരീരത്തെ
തീവ്രമായി ബാധിക്കും. ഉപബോധ മനസിലുണ്ടായ കുറ്റബോധത്തിന്‍റെ ഭാഗമായിരുന്നു ചുമ. “രാഹുല്‍, മനസില്‍ കുറ്റബോധം തോന്നുന്നതാണ് ചുമയ്ക്ക് കാരണം” എന്ന് അവനോട് ഞാന്‍ പറഞ്ഞതോടെ ചുമ വിട്ടുമാറി. സുഖമായി അവന്‍ വീട്ടിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. മാനസിക സംഘര്‍ഷങ്ങള്‍ പങ്കുവയ്ക്കുന്നതോടെ ഒട്ടുമിക്കവരുടെയും പ്രശ്നങ്ങള്‍ പൂര്‍ണമായും ഇല്ലാതാകും.
രാഹുല്‍ വീണ്ടും എന്‍റെ മുമ്പില്‍ എത്തിയത് രണ്ടാഴ്ച മുമ്പാണ്. പുതിയൊരു പ്രശ്നവു മായായിരുന്നു ഇക്കുറി അവന്‍റെ വരവ്. ഒപ്പം മാതാവും ഉണ്ടായിരുന്നു. ഇടത്തെ കണ്ണ് തുറക്കാന്‍ കഴിയുന്നില്ല എന്നതായിരുന്നു അവന്‍റെ പ്രശ്നം. ചെങ്കണ്ണ് ബാധിച്ചുവെന്നായിരുന്നു വീട്ടുകാര്‍ ആദ്യം കരുതിയത്. സ്കൂളില്‍ കൂട്ടുകാര്‍ “ഒറ്റക്കണ്ണാ…’ എന്ന് വിളിച്ച് കളിയാക്കുന്നുവെന്ന് അവന്‍ പറഞ്ഞു. അതിനാല്‍ സ്കൂളില്‍ പോകാനും കഴിഞ്ഞിരുന്നില്ല. ചെങ്കണ്ണ് അവന് ബാധിച്ചിട്ടില്ലെന്ന് പരിശോധനയില്‍ മനസിലായി. ന്യൂറോളജസ്റ്റിന്‍റെ വിദഗ്ദ പരിശോധനയില്‍ കണ്ണിലെ ഞരമ്പുകള്‍ക്ക് പ്രശ്നങ്ങളില്ലെന്നും കണ്ടെത്തി. പിന്നെന്താണ് പ്രശ്നം…? ആലോചിച്ചപ്പോള്‍ കുഴപ്പം മാനസികമാണെന്ന്ന്ന് എനിക്ക് മനസിലായി. രാഹുലാകട്ടെ, കണ്ണുതുറക്കാന്‍ കഴിയുന്നില്ല എന്നല്ലാതെ മറ്റൊന്നും പറയുന്നുമില്ല. അങ്ങനെ അവനെ ഹിപ്പ്നോട്ടിസ്സ് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അതോടെ പ്രശ്നം കണ്ടെത്താന്‍ കഴിഞ്ഞു. അതിങ്ങനെയാണ്. ഒരു ദിവസം സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവന്ന രാഹുല്‍ വീട് അടച്ചിട്ടിരിക്കുന്നത് കണ്ടു. പാതി തുറന്ന ജനല്‍ പാളിയിലൂടെ ഒരു കണ്ണുകൊണ്ട് നോക്കിയപ്പോള്‍ തന്‍റെ മാതാവും ഒരു ബന്ധുവും കൂടി ലൈലംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവന്‍ കണ്ടു. ഈൗ കാഴ്ച രാഹുലിന് തീവ്രമായ ഷോക്കായി മാറി. മാതാവിനെ അരുതാത്ത സാഹചര്യത്തില്‍ കാണേണ്ടിവന്ന കണ്ണ് ഇനി തുറക്കേണ്ട എന്ന് അവന്‍റെ ഉപബോധ മനസ് തീരുമാനിക്കുകയായിരുന്നു. ഇതായിരുന്നു ശരിക്കും അവന്‍റെ ഇടത്തെകണ്ണ് അടഞ്ഞതിന്‍റെ യഥാര്‍ത്ഥ കാരണം.
ഹിപ്പ്നോട്ടിസം ചെയ്യുന്നതിനിടയില്‍ തന്നെ രാഹുലിനെ ഞാന്‍ ചികിത്സിച്ചു. രാഹുല്‍ നിന്‍റെ കണ്ണടഞ്ഞുപോകാന്‍ കാരണം അരുതാത്ത കാഴ്ച കണ്ടതാണെന്ന്ന്ന് അവന്‍റെ ഉപബോധമനസിനെ അറിയിച്ചു. പിന്നീട് അവന്‍റെ മാതാവിനെ വിളിച്ച് പ്രശ്നം ബോധിപ്പിക്കുകയും ചെയ്തു. നാര്‍ക്കോയ്ക്ക് ശേഷം ഉണര്‍ന്ന രാഹുലിന് കണ്ണ് തുറക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. വീട്ടിലേക്ക് മടങ്ങിയ അവന്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയെന്ന് അറിഞ്ഞു.
2001 ല്‍ നടന്ന മറ്റൊരു സംഭവം കൂടി പറയാം. ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയായിരുന്നു രേഖ. തിരുവനന്തപുരത്തെ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഏകമകള്‍. പഠനത്തിലും പട്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയായ ഒരു സുന്ദരി പെണ്‍കുട്ടി. ആറാം ക്ളാസ് വരേ രേഖയ്ക്കായിരുന്നു സ്കൂള്‍ പരീക്ഷകളിലെല്ലാം ഒന്നാംറാങ്ക്. ഏഴാം ക്ളാസിലെത്തിയതോടെ പ്രശ്നം തുടങ്ങി. രാവിലെ സ്കൂളില്‍ പോകാനൊരുങ്ങും. ബുക്കുകളും ബാഗുമെല്ലാം റെഡിയാക്കി വയ്ക്കും. പക്ഷേ റോഡില്‍ സ്കൂള്‍ ബസിന്‍റെ ഹോണ്‍ മുഴങ്ങുന്നതോടെ രേഖയ്ക്ക് വെപ്രാളംം തുടങ്ങും. ഇതോടെ വീട്ടിലേക്ക് ഓടിക്കയറും. പിന്നെ ആരു പറഞ്ഞാലും പുറത്തെക്കിറങ്ങില്ല. സ്കൂളിലേക്ക് പോകുന്നത് തന്നെ പേടിസ്വപ്നമായ് മാറി.
ഈ ഘട്ടത്തിലാണ് മാതാപിതാക്കള്‍ രേഖയെ എന്‍റെ അടുത്ത് കൊണ്ടുവരുന്നത്. സംഭവത്തെക്കുറിച്ച് മാതാപിതാക്കള്‍ പറഞ്ഞപ്പോള്‍ തന്നെ വിചിത്രമായ ഒരു കേസായി ഇതെനിക്ക് തോന്നി. ഞാന്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും രേഖ കാര്യമായ മറുപടിയൊന്നും പറഞ്ഞില്ല. കുടുംബ പശ്ചാത്തലം മനസിലാക്കിയെങ്കിലും കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്താനുമായില്ല.
സ്കൂള്‍ബസ് വരുംവരേ സ്കൂളില്‍ പോകാന്‍ തയാറായി രേഖ നില്‍ക്കാറുണ്ടെന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചു. ഇതില്‍ നിന്ന് സ്കൂള്‍ബസിനോട് അവളുടെ ഉപബോധ മനസില്‍ ഒരു പേടി നിറഞ്ഞിരിക്കുന്നതായി എനിക്ക് മനസിലായി. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചതില്‍ നിന്നും യഥാര്‍ത്ഥപ്രശ്നം പുറത്തുവന്നു.
രേഖ ട്യൂഷന്‍ ക്ളാസില്‍ പോകുമായിരുന്നു. അവിടെ വച്ച് സ്കൂളില്‍ പഠിക്കുന്ന രാജീവ് എന്നൊരു പയ്യന്‍ രേഖയോട് ഇഷ്ടമാണെന്ന്ന്ന് പറഞ്ഞു. എന്നാല്‍ അവള്‍ക്ക് രാജീവിനെ ഇഷ്ടമായിരുന്നില്ല. പകരം ക്ളാസില്‍ തന്നെയുള്ള മറ്റൊരു പയ്യനോടായിരുന്നു താല്പ്പര്യം. ഒരു ദിവസം നേരത്തെ ട്യൂഷന്‍ ക്ളാസിലെത്തിയ രേഖയുടെ കെയ്യില്‍ രാജീവ് കയറിപ്പിടിച്ച് ഇങ്ങനെ പറഞ്ഞു:
“നീ എന്നെ ഇഷ്ടപ്പെടണം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ നാളെ നീ സ്കൂള്‍ബസില്‍ കയറുമ്പോള്‍ ഞാന്‍ എല്ലാവരും കേള്‍ക്കെ ഉറക്കെ വിളിച്ച് പറയും, ഇത് ഞാന്‍ കയറിപ്പിടിച്ച പെണ്ണാണെന്ന്ന്ന്…” ഇത് കേട്ട് പേടിച്ചുവിരണ്ട രേഖയുടെ ഉപബോധ മനസില്‍ സ്കൂള്‍ബസും രാജീവും ഒരു പേടിസ്വപ്നമായി മാറി. പേടി മാനസിക പിരി മുറുക്കമായി മാറാന്‍ അധികനേരമെടുത്തില്ല. ഇതോടെ സ്കൂളില്‍ പോക്ക് നിലച്ചു.
പ്രശ്നത്തിന്‍റെ തീവ്രത മനസിലാക്കിയ ഞാന്‍ രേഖയോട് പറഞ്ഞു: “മോള്‍ ഈ പ്രശ്നം ഓര്‍ത്ത് വേവലാതിപ്പെടെണ്ട. അമ്മയോടും ടീചെരസിനോടും ഇക്കാര്യം ഞാന്‍ പറയാം. ഒരിക്കലും രാജീവ് നിന്നെ ഉപദ്രവിക്കാന്‍ വരാത്തരീതിയില്‍ കാര്യങ്ങള്‍ ക്രമീകരിക്കാം. അവന്‍ പറഞ്ഞതുപോലൊന്നും നടക്കില്ല.” ഇത്രയും പറഞ്ഞപ്പോള്‍തന്നെ ആ പെണ്‍കുട്ടിയുടെ മുഖം തെളിഞ്ഞു. മാതാപിതാക്കളെ വിളിച്ച് അലട്ടിയ പ്രശ്നം പറഞ്ഞുമനസിലാക്കി. എട്ടുമാസത്തോളം സ്കൂളില്‍ പോകാതിരുന്ന രേഖ പിറ്റെവര്‍ഷം മുതല്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയെന്ന് പിന്നീടറിഞ്ഞു.
കുട്ടികള്‍ക്ക് ഇതുപോലെയുള്ള പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അവരേ ഒരിക്കലും കുറ്റപ്പെടുത്തരുത്. അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ക്ഷമയോടെ കാതോര്‍ക്കയാണ്
വേണ്ടത്. സ്കൂളില്‍ പോകാന്‍ മടിയാണെന്ന്ന്ന് പറഞ്ഞ് പെണ്‍കുട്ടികളെ മാതാപിതാക്കള്‍ കൊണ്ടുവരുമ്പോള്‍ പത്തുവര്‍ഷം മുമ്പ് ഞാന്‍ ചികിത്സിച്ച രേഖയെന്ന കൊച്ചുമിടുക്കിയെ ഓര്‍ക്കാറുണ്ട് (പേരുകള്‍ സാങ്കല്പികം).
www.smartfamilyonline.com
അവസാനം പരിഷ്കരിച്ചത് : 1/28/2020