অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബാലപാഠങ്ങള്‍

ബാലപാഠങ്ങള്‍

മാതാപിതാക്കള്‍ എന്ന അനുഗ്രഹം

ഗുജറാത്തില്‍ ഭൂകമ്പം ദുരിതം വിതച്ച സമയം. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ മനുഷ്യന്‍ ജീവനോടെയുണ്ടോയെന്ന് രക്ഷാപ്രവര്‍ത്തകര്‍ തിരഞ്ഞുകൊണ്ടേയിരുന്നു. വലിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ പെട്ടെന്ന് നീക്കാന്‍ കഴിയില്ല. അതിനിടയിലൂടെ ഇഴഞ്ഞു ചെന്നപ്പോള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ മരിച്ചു കിടക്കുന്ന ഒരു സ്ത്രീയെ കണ്ടു. ജീവനില്ലാത്ത ആ സ്ത്രീയെ ഉപേക്ഷിച്ച് മുന്നോട്ട് നീങ്ങിയ അയാള്‍ക്ക് ഒരു സംശയം. കമഴ്ന്നു കിടക്കുന്ന ആ സ്ത്രീയുടെ മുതുകില്‍ പിടിച്ച് മലര്‍ത്തിയപ്പോള്‍ അവര്‍ക്കിടയില്‍ ഒരു കുഞ്ഞ്. ആ കുഞ്ഞ് പെട്ടെന്ന് പിടഞ്ഞു. രക്ഷാപ്രവര്‍ത്തകന്‍ വിളിച്ചു കൂവി. മറ്റുള്ളവര്‍ ഓടിയെത്തി. ഈ കുഞ്ഞ് എങ്ങനെ ജീവന്‍ നിലനിര്‍ത്തി ! അതിന് കാരണം ആ കുഞ്ഞിന്റെ അമ്മയായിരുന്നു. അവര്‍ തന്റെ ശരീരം കൊണ്ട് കുഞ്ഞിന് കവചമായിക്കിടന്നു. ആ കുഞ്ഞ് അപ്പോഴും എന്തെല്ലാമോ അമ്മയുടെ മാറില്‍ നിന്നും നുണഞ്ഞു കൊണ്ടിരുന്നു പോലും. അതാണ്‌ മരണത്തിന്റെ പിടിയില്‍ നിന്നും ആ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. മരിച്ചിട്ടും കുഞ്ഞിനായി ചുരത്തിയ മാറിടം.

മാതാപിതാക്കളാകുന്ന ദൈവങ്ങള്‍

ഭൂമിയിലെ ദൈവങ്ങളാണ് മാതാപിതാക്കള്‍. മക്കള്‍ക്ക് ഏല്‍ക്കാന്‍ ഇടയുള്ള എല്ലാ അപകടങ്ങളേയും സ്വന്തം മാറില്‍ ഏറ്റെടുത്തു നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നവര്‍. അവസാനം ഒരു മെഴുക് തിരിപോലെ മക്കള്‍ക്കായി കത്തിത്തീരും. പ്രകാശമായി, ചൂട് തന്ന്, പ്രാണന്‍ തന്ന് എരിഞ്ഞുതീരും. അവരുടെ ആയുസ്സും അദ്ധ്വാനവും പ്രതീക്ഷയും എല്ലാം മക്കളിലാണ്. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി പറയുന്നു ഞാന്‍ നേടിയ രാജ്യങ്ങളോ, ഭീമമായ സമ്പത്തോ, പ്രതാപങ്ങളോ അമയ്ക്ക് കൊടുത്താലും എന്നേ പത്തുമാസം വയറ്റിലിട്ട് വളര്‍ത്തിയതിന് പകരമാവില്ല. അതെ. മാതാപിതാക്കള്‍ അനുഗ്രഹമാണ്.

സങ്കടം നല്‍കുന്ന മക്കള്‍

മാതാപിതാക്കള്‍ മക്കള്‍ക്കായി കഷ്ടപ്പെടുമ്പോള്‍ പ്രത്യുപകാരമായി മക്കള്‍ നല്‍കേണ്ടത് സ്നേഹം മാത്രമാണ്. എന്നാല്‍ ഒട്ടേറെ മാതാപിതാക്കള്‍ മക്കളെ ചൊല്ലി സങ്കടപ്പെടുന്നവരാണ്. മക്കളെ ചൊല്ലി മാതാപിതാക്കള്‍ സങ്കടപ്പെടുന്ന സംഗതികള്‍ ഏതൊക്കെയാവാം ?

  1. നാം നന്ദിയില്ലാതെ മാതാപിതാക്കളെ കുറ്റപ്പെടുത്തുമ്പോള്‍
  2. നമുക്ക് പഠിക്കാന്‍ കഴിവുണ്ടായിട്ടും ഉഴപ്പി നടക്കുമ്പോള്‍
  3. മറ്റുള്ളവര്‍ മാതാപിതാക്കളോട് മക്കളുടെ കുറവുകളെ കുറിച്ച് പറയുമ്പോള്‍
  4. നാം അനുസരണക്കേട്‌ കാണിക്കുമ്പോള്‍
  5. മാതാപിതാക്കളുടെ ബുദ്ധിമുട്ടുകള്‍ കാണാതെ പെരുമാറുമ്പോള്‍
  6. ദുര്‍മാത്രുകയോടെ പെരുമാറുമ്പോള്‍
  7. ഈശ്വര ചിന്തയില്ലാതെ പെരുമാറേണ്ടി വരുമ്പോള്‍
  8. ടി.വി, മൊബൈല്‍, നെറ്റ് തുടങ്ങിയവ അനിയന്ത്രിതമായി ഉപയോഗിക്കുമ്പോള്‍
  9. ആത്മ നിയന്ത്രണമില്ലാതെ പൊട്ടിത്തെറിക്കുമ്പോള്‍
  10. .  മുതിര്‍ന്നവരോടും ഗുരുക്കന്മാരോടും നിന്ദയോടെ പെരുമാറുമ്പോള്‍

കുട്ടികള്‍ ഇങ്ങനെയൊക്കെ പെരുമാറുമ്പോള്‍ നാണം കെടുന്നത് പാവം മാതാപിതാക്കളാണ്. വളര്‍ത്തുദോഷം എന്ന് മറ്റുള്ളവര്‍ പഴിയ്ക്കും. മാതാപിതാക്കളുടെ കണ്ണുനീരിന് വലിയ പ്രതിഫലം നല്‍കേണ്ടി വരും. അവരെ സങ്കടപ്പെടുത്തുന്നത് വഴി പ്രകൃതി തന്നെ നമുക്കെതിരെ തിരിയും. അവരുടെ പ്രീതിക്ക് പത്രമായാല്‍ വരും തലമുറകളിലേക്കും അവരുടെ അനുഗ്രഹം പ്രവഹിക്കുമെന്ന് ബൈബിള്‍ പറയുന്നു.

മക്കളുടെ സങ്കടം

മാതാപിതാക്കളെ ചൊല്ലി കുട്ടികള്‍ക്കും സങ്കടമുണ്ട്.

  1. വീട്ടിലെ ജോലിക്കിടയില്‍, ബിസിനസ്സിന്റെ തിരക്കിനിടയില്‍ മക്കളെ ശ്രദ്ധിക്കാതിരിക്കുന്നത്, കേള്‍ക്കാതിരിക്കുന്നത് കുട്ടിയുടെ വലിയ തലവേദനയാണ്.
  2. എപ്പോഴും പഠിക്കടാ എന്നുള്ള പല്ലവി, എപ്പോഴുമുള്ള കുറ്റപ്പെടുത്തലുകള്‍.
  3. സാമ്പത്തിക ബുദ്ധിമുട്ടുമൂലം അവശ്യ വസ്തുക്കള്‍പ്പോലും ഇല്ലാത്ത അവസ്ഥ.
  4. മദ്യപാനവും കുടുംബ വഴക്കും മക്കള്‍ക്കുണ്ടാക്കുന്ന സങ്കടം ചില്ലറയല്ല.

ഇതൊക്കെയാണെങ്കിലും മാതാപിതാക്കളെ അംഗീകരിച്ച് സ്നേഹിച്ചാല്‍ അവരില്‍ മാറ്റം വരും. കാരണം ദൈവമാണ് മാതാപിതാക്കളെ നമുക്ക് നല്‍കിയത്. അവരുടെ കുറവുകള്‍ ദൈവത്തിനറിയാം. അത് മറ്റ് അനുഗ്രഹങ്ങളായി നമുക്ക് നല്‍കും. മാതാപിതാക്കളുടെ മനസ്സ് മാറ്റുന്നതിനേക്കാള്‍ നമ്മള്‍ മാറുന്നതാണ് നല്ലത്.

സൗഹൃദങ്ങള്‍ നല്ലതോ ?

നല്ല സുഹൃത്തുക്കളിലൂടെ ഒട്ടേറെ നന്മകള്‍ കുട്ടികളിലുണ്ടാവും. അവര്‍ വീട്ടില്‍ നിന്നും ശീലിക്കുന്ന നല്ല ഗുണങ്ങള്‍ നമ്മിലേക്ക് നാമറിയാതെ ലഭിക്കും. എന്നാല്‍ മോശമായ ബന്ധങ്ങള്‍ നമ്മെ നാശത്തിന്റെ കുഴിയിലേക്ക് കൊണ്ടുപോകും. കൗമാരകാലത്തില്‍ പ്രണയത്തില്‍ അകപ്പെടുന്ന കുട്ടികള്‍ മിക്കപ്പോഴും മാതാപിതാക്കളെ ധിക്കരിക്കുകയും കൂട്ടുകാരന്റെ/കൂട്ടുകാരിയുടെ വാക്കിന് വലിയ വില കൊടുക്കുകയും ചെയ്യും.

അവള്‍ പറഞ്ഞു

ഒരു പെണ്‍കുട്ടി പറഞ്ഞു : ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍, നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വീണുപോകുമായിരുന്നു. എന്റെ മാതാവായിരുന്നു എന്നേ പിടിച്ചെഴുനേല്‍പ്പിച്ചതും എന്നെ വീണ്ടും നടക്കാന്‍ പഠിപ്പിച്ചതും. ഞാന്‍ പുറത്ത് പോകുമ്പോള്‍ കൈപിടിച്ച് നടത്താന്‍ എന്റെ പിതാവുണ്ടായിരുന്നു. ഞാന്‍ കരയുമ്പോള്‍ കളിപ്പാട്ടങ്ങള്‍ നല്‍കാനും എന്നേ ചിരിപ്പിക്കാനും എന്റെ സഹോദരങ്ങളുണ്ടായിരുന്നു. എനിക്ക് എന്റെ കുടുംബമാണ് എല്ലാം. അല്ലാതെ കാമുകനല്ല. അതുകൊണ്ട് മാതാപിതാക്കള്‍ അനുയോജ്യനായ ഒരാളെ കണ്ടെത്തി കല്ല്യാണം കഴിച്ചു തരുമെന്ന് ഉറപ്പുണ്ട്. അവരെ വേദനിപ്പിച്ചും വിഷമിപ്പിച്ചുമുള്ള ഒരു ജീവിതം ആഗ്രഹിക്കുന്നില്ല.

എങ്ങനെ മാന്യനാകാം

സ്വന്തം വീട്ടില്‍ മാന്യനാവുകയാണ് ഏറ്റവും സന്തോഷകരമായ സംഗതി. മാതാപിതാക്കളോട് നന്നായി പെരുമാറുന്നവര്‍ സമൂഹത്തിലും സ്വീകാര്യരായിരിക്കും.

  1. അപ്പന്‍ എന്നാല്‍ അപ്പം എന്നാണത്ഥം. അമ്മയെന്നാല്‍ സ്നേഹമെന്നും. അവരെ ആവും വിധം സ്നേഹിക്കുക.
  2. എല്ലാ കാര്യങ്ങളിലും അനുസരിക്കുക. നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്ന നന്മയാണത്.
  3. മാതാപിതാക്കളുടെ നിര്‍ബന്ധമില്ലാതെ തന്നെ പാഠഭാഗങ്ങള്‍ പഠിക്കുക. അങ്ങനെ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ നാം നിര്‍വ്വഹിക്കുമ്പോള്‍, പഠിക്കാന്‍ അവര്‍ നമ്മെ ശല്യപ്പെടുത്തുകയില്ല.
  4. വീട്ടിലെ ജോലികളില്‍ മാതാപിതാക്കള്‍ക്ക് തുനയായിരിക്കുക.
  5. എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞ് അവരുടെ നല്ല കൂട്ടുകാരന്‍/കൂട്ടുകാരിയാകുക.
  6. മാതാപിതാക്കളുടെ വിവാഹ വാര്‍ഷികം, ജന്മദിനം തുടങ്ങിയവയ്ക്ക് സമ്മാനങ്ങള്‍ നല്‍കുക.
  7. മാതാപിതാക്കളോടും മുതിര്‍ന്നവരോടും എളിമയോടെ പെരുമാറുക.
  8. അവരുടെ ബുദ്ധിമുട്ടുകളും വിഷമതകളും അറിഞ്ഞു പെരുമാറുക.

ഇങ്ങനെ പെരുമാറുന്ന കുട്ടികള്‍ വീടിന് അലങ്കാരവും സമാധാനവുമാണ്. അവര്‍ മാതാപിതാക്കള്‍ക്ക് അഭിമാനമാകും. നമുക്ക് നമ്മെക്കുറിച്ച് സ്വയം മതിപ്പുണ്ടാകും. അത് നന്നായി പഠിക്കുന്നതിനും മനസമാധാനത്തിനും വഴിയൊരുക്കും.

ജേക്കബ് കോച്ചേരി

ഉറങ്ങാന്‍ പോവുന്നതിന് മുമ്പ്

കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും വികസനത്തിനും ആവശ്യമായ ഒന്നാണ് ഉറക്കം. കുട്ടികളുടെ ദിനചര്യയും ഭക്ഷണവുമെല്ലാം അവരുടെ ഉറക്കത്തെ സ്വാധീനിക്കുന്നുണ്ട്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തെ ദോഷകരമായി ബാധിക്കുകയും കുഞ്ഞുങ്ങളെ ക്ഷീണിതരാക്കുകയും ചെയ്യുന്നു. മാത്രമല്ല ബുദ്ധിയുടെ ഉണര്‍വ്വിനും ഇത് ആവശ്യമാണ്‌. അതുകൊണ്ട് നമ്മുടെ കുഞ്ഞിന് നല്ല ഉറക്കം കിട്ടുന്നുണ്ടെന്ന് നമ്മളും ഉറപ്പ് വരുത്തണം. അവര്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഉറങ്ങുന്നതിന് മുമ്പ്

  • · കുട്ടികള്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് അവര്‍ക്ക് സന്തോഷവും ശാന്തവുമായ ഒരന്തരീക്ഷം ഉണ്ടാക്കി കൊടുക്കണം. അവരോട് ദേഷ്യപ്പെട്ടോ ശാസിച്ചോ ഉറങ്ങാന്‍ പറഞ്ഞയക്കരുത്. ഇത് അവരുടെ ഉറക്കത്തെ ബാധിക്കും.
  • · കുട്ടികള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചെറിയ കഥകള്‍ പറഞ്ഞ് കൊടുക്കുകയോ പാട്ടുകള്‍ പാടി കൊടുക്കുകയോ ആവാം.
  • · അവരുടെ ഉറക്കം എല്ലാ ദിവസവും ഏകദേശം ഒരേ സമയത്തായിരിക്കാന്‍ ശ്രദ്ധിക്കുക.
  • · രാത്രി കുട്ടികള്‍ക്ക് വയറു നിറയെ ആഹാരം കൊടുക്കുന്നതൊഴിവാക്കാം. വയറു നിറഞ്ഞിരുന്നാല്‍ കുട്ടികള്‍ക്ക് നന്നായി ഉറങ്ങാന്‍ സാധിച്ചെന്ന് വരില്ല. രാത്രിയില്‍ ലഘുവായ ഭക്ഷണം നല്‍കിയാല്‍ മതി.
  • · രാത്രി ഭക്ഷണം കഴിഞ്ഞാല്‍ പല്ലുകള്‍ വൃത്തിയാക്കിയതിന് ശേഷം കുട്ടികളെ കിടത്തി ഉറക്കുക. ചെറുപ്പത്തിലേ ശീലിപ്പിക്കുകയാണെങ്കില്‍ അവരത് തുടര്‍ന്നും ചെയ്തോളും.
  • · ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്ത് കഴിഞ്ഞാല്‍ അവരുടെ ദേഹം തുടച്ചുകൊടുത്ത് ഉടുപ്പ് മാറ്റിയതിന് ശേഷം വേണം കിടത്തിയുറക്കാന്‍.
  • · കൊതുകുശല്യമുണ്ടെങ്കില്‍ കൊതുകുവല ഉപയോഗിക്കാം. കൊതുക് തിരിയും ലിക്വിഡും എല്ലാ കുട്ടികള്‍ക്കും പറ്റണമെന്നില്ല.
  • · കുട്ടികളെ രാത്രിയില്‍ അധികം വെള്ളം കുടിപ്പിക്കാതിരിക്കുന്നതാണ് ഉചിതം. കുട്ടികള്‍ കിടന്ന് മുള്ളുവാന്‍ ഇത് കാരണമാകും.
  • · കിടക്കുന്നതിന് മുമ്പ് കുട്ടികളെ മൂത്രമൊഴിപ്പിച്ചിട്ട് വേണം കിടത്താന്‍.
  • · രാത്രിയില്‍ കിടക്കുമ്പോള്‍ കുട്ടികളെ അയഞ്ഞ വസ്ത്രം ധരിപ്പിക്കാന്‍ ശ്രദ്ധിക്കുക.
  • · കുട്ടികള്‍ കിടക്കുന്ന ബെഡ്ഷീറ്റും തലയിണയും എപ്പോഴും വൃത്തിയുള്ളതായിരിക്കുവാന്‍ ശ്രദ്ധിക്കണം.
  • · ഇരുട്ടത്ത് കിടന്നുറങ്ങുവാന്‍ പേടിയുള്ള കുട്ടികള്‍ക്കായി മുറിയില്‍ ചെറിയ സീറോവാള്‍ട്ട് ബള്‍ബ് തെളിച്ചിടാം.
  • · സ്കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ രാവിലെ എഴുനേല്‍ക്കുന്ന സമയം നോക്കി അലാറം സെറ്റ് ചെയ്തുവച്ച് സ്വയം എഴുനേല്‍ക്കാന്‍ ശീലിപ്പിക്കാം.

ഇപ്പോള്‍ വീഡിയോ ഗെയിമും, കമ്പ്യൂട്ടറുമായിരിക്കുന്ന കുട്ടികള്‍ ഏതെങ്കിലും സമയത്താണ് ഉറങ്ങാന്‍ കിടക്കുക. ഇത് അത്ര നല്ല ആരോഗ്യകരമായ ശീലമല്ല. കുട്ടികളെ കുറച്ച് നേരത്തെ കിടന്നുറങ്ങുവാനും രാവിലെ കുറച്ച് നേരത്തേ എഴുനേല്‍ക്കുവാനും ശീളിപ്പിക്കുന്നത് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തും.

വാക്കേ വാക്കേ കൂടെവിടെ ?

നിഖില്‍ ക്ഷിപ്രകോപിയായ കുടിയാന്. എന്തിനും ഏതിനും ആരോടും ദേഷ്യപ്പെടുകയും വഴക്കടിക്കുകയും ചെയ്യും. അതുകഴിഞ്ഞാല്‍ സങ്കടം വരികയും ചെയ്യും. അവന്റെ പപ്പാ ഒരിക്കല്‍ ഒരു പലകയും കുറേ ആണികളും അവന് കൊടുത്തിട്ട് പറഞ്ഞു. ‘നിനക്ക് ദേഷ്യം വരുമ്പോള്‍ ഒരാണി ഈ പലകയില്‍ അടിച്ച് കയറ്റണം’ ആദ്യദിവസം അവന്‍ 30 ആണികള്‍ അടിച്ചു. അടുത്ത ദിവസം 25 ആയി. ദിവസങ്ങള്‍ പിന്നിടും തോറും ആണികളുടെ എണ്ണം കുറഞ്ഞുവന്നു. ദേഷ്യം അടക്കുന്നതാണ് ആണി അടിക്കുന്നതിലും നല്ലതെന്ന് അവന്‍ മനസ്സിലാക്കി. ഒറ്റ ആണിപോലും അടിക്കാത്ത ദിവസം വന്നു. പിതാവിനോടിക്കാര്യം പറഞ്ഞ്.

പിതാവ് അവനെ അഭിനന്ദിച്ചശേഷം പറഞ്ഞു. ‘ഒരു കാര്യം കൂടി ചെയ്യുക. ദേഷ്യം വരാത്ത ദിവസങ്ങളില്‍ ഓരോ ആണി ആ പലകയില്‍ നിന്നും പറിച്ചെടുക്കണം’ ആണി പറിക്കുന്ന ചുറ്റിക കൊണ്ടവന്‍ പറിച്ചെടുക്കാന്‍ തുടങ്ങി. ആണികളില്ലാത്ത പലകയുമായി ഒരു ദിവസം നിഖില്‍ പപ്പയുടെ അടുത്തെത്തി. പിതാവ് അവനെ കെട്ടിപ്പിടിച്ചിട്ട്‌ പറഞ്ഞു. നീ ആണിയെല്ലാം പറിച്ചെടുത്തെങ്കിലും പലകയിലെല്ലാം ആണി തറഞ്ഞിരിക്കുന്ന പാടുകളുണ്ട്. ഞാന്‍ പലക തന്നപ്പോള്‍ പാടുകളില്ലായിരുന്നു. ഒരാളോട് ദേഷ്യപ്പെടുമ്പോഴും ഉപദ്രവിക്കുമ്പോഴും ഇതാണ് സംഭവിക്കുന്നത്. പിന്നീട് എത്ര ക്ഷമ പറഞ്ഞാലും നമ്മള്‍ പറഞ്ഞതിന്റെ മുറിവുകള്‍ അവിടെ കാണും. വേദനിപ്പിച്ചതിന്റെ ആഴമനുസരിച്ച് മുറിവിനും ആഴം കൂടും. അതുകൊണ്ട് സംസാരിക്കുമ്പോള്‍ മുറിപ്പാടുകള്‍ ഉണ്ടാകാതെ നോക്കണം.

വാക്കും നോക്കും

നാവ് തീയാണ്. നമ്മുടെ ശരീരത്തിലെ ചെറിയ അവയവങ്ങളിലൊന്നായ അത് ചിലപ്പോള്‍ ശരീരം മുഴുവന്‍ മലിനമാക്കുന്നുവെന്ന് പി.യാക്കോബ് പറയുന്നു. വാവിട്ട വാക്കിന്റെ പോക്ക് തടുക്കുവാന്‍ ഊക്കത് വിട്ടവര്‍ക്കുണ്ടോ എന്ന് കുഞ്ഞുണ്ണി മാഷ്‌ ചോദിക്കുന്നു. ചീത്ത വാക്കുകള്‍ ഉത്ഭവിക്കുന്നത് മോശമായ ചിന്തയില്‍ നിന്നാണ്. മോശമായ ചിന്ത മോശമായ കാഴ്ചയില്‍ നിന്നും. അതുകൊണ്ട് നോക്ക് നന്നായാല്‍ വാക്കും നന്നാവും.

വാക്ക് എങ്ങനെയാവണം ?

മറുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന വാക്കുകള്‍ പറയാന്‍ ശ്രമിക്കണം. നന്നായിരിക്കുന്നു, മനോഹരമായിരിക്കുന്നു, സ്മാര്‍ട്ടായിട്ടുണ്ട്, നിങ്ങള്‍ക്ക് ഇതിലപ്പുറവും ചെയ്യാന്‍ സാധിക്കും തുടങ്ങിയ സൃഷ്ടിപരമായ വാക്കുകള്‍ പ്രയോഗിക്കുക. സൃഷ്ടിപരമല്ലാത്ത വാക്കുകള്‍ വായില്‍ നിന്ന് പുറപ്പെടരുത്. പോസറ്റീവ് ആയ ഭാഷ ഉപയോഗിച്ച് ശീലിക്കുക. മറ്റുളളവരെ വളര്‍ത്തുന്ന, ജീവിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്ന വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നത് ഒരനുഗ്രഹമാണ്‌. മറ്റുളളവരുടെ നന്മ കണ്ടെത്തി സംസാരിക്കുക. അവരുടെ വീട്, വസ്ത്രം, പെരുമാറ്റം, കഴിവ് തുടങ്ങിയ നന്മകള്‍ മറ്റുളളവര്‍ കേള്‍ക്കെ തന്നെ പറയുക. വാക്കുകളുടെ നല്ല പ്രയോഗം കൊണ്ടുതന്നെ സൗഹൃദങ്ങള്‍ എക്കാലവും നിലനില്‍ക്കും. മറ്റുള്ളവര്‍ തിരുത്തുമ്പോഴും സ്നേഹപൂര്‍വ്വം സംസാരിച്ചാല്‍ അവര്‍ക്ക് മുഷിപ്പ് തോന്നില്ല. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ മറ്റുളളവരുടെ നന്മ കാണാന്‍, അത് തുറന്ന് സമ്മതിക്കാന്‍ നന്മയുള്ളവര്‍ക്കേ കഴിയൂ.

വാക്ക് എങ്ങനെയാവരുത്

പല്ല് ചൊല്ലുന്നു നാവേ,

ചൊല്ലല്ലേറെയൊരിക്കലും

നിന്റെ കുറ്റത്തിനെപ്പോഴും

സ്ത്താനഭ്രംശം എനിക്കെടോ’

മോശമായ പദപ്രയോഗങ്ങള്‍ കൊണ്ടാണ് തല്ലുകള്‍ ഏറെ കിട്ടുന്നത്. നല്ല മാതാപിതാക്കള്‍ കുട്ടികള്‍ക്ക് തിരുത്തുകള്‍ കൊടുക്കാറുണ്ട്. മറ്റുള്ളവരെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നവരോട് അധികമാളുകള്‍ കുശലം പറയില്ല. അഹങ്കാരം മനസ്സിലുള്ളവരും മറ്റുള്ളവരുടെ ന്യൂനതകള്‍ കാണുന്നവരുമാണ് ഇകഴ്ത്തി സംസാരിക്കുന്നത്. മറ്റുളളവരുടെ കണ്ണില്‍ നോക്കി സംസാരിക്കുന്നതാണ് നല്ലത്. മറ്റിടങ്ങളിലേക്ക് നോക്കി സംസാരിക്കുന്നത് മാന്യതയല്ല. മറ്റുളളവരെ ശ്രദ്ധിച്ചുകൊണ്ട് സംസാരിക്കണം .അവര്‍ പറയുമ്പോള്‍ മറ്റെവിടെയെങ്കിലും നോക്കുന്നത് അവരെ അവഗണിക്കുന്നതിന് തുല്യമാണ്.

വാക്ക് മാറ്റാമോ

ചെറിയ കാര്യങ്ങളില്‍ പോലും വാക്ക് പാലിക്കുന്നവരാകണം. അതുകൊണ്ട് വളരെ സൂക്ഷിച്ച് മാത്രമേ വാക്ക് നല്‍കാവൂ. കാര്യം അറിയുന്നതിന് മുമ്പുതന്നെ അക്കാര്യം ഞാനേറ്റു എന്ന് പറഞ്ഞ് വാക്ക് കൊടുത്ത് കുടുങ്ങരുത്. കാര്യമറിയാതെ വാക്ക് തരാനാവില്ല എന്ന് തന്നെ പറയണം. പുരാണ കഥാപാത്രങ്ങളായ മാവേലി, ശിബി, ഹരിശ്ചന്ദ്രന്‍, ദശരഥന്‍, കര്‍ണ്ണന്‍ തുടങ്ങിയവര്‍ക്ക് വാക്ക് പാലിക്കാനായി തങ്ങളെത്തന്നെ നല്‍കിയവരാണ്. വാക്ക് പാലിക്കാത്തവര്‍ക്ക് സമൂഹത്തില്‍ വില കെട്ടു പോകും.

‘വാക്കിനോളം തൂക്കമില്ലീ

ഊക്കന്‍ ഭൂമിക്ക് പോലുമേ’

എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ ഓര്‍മപ്പെടുത്തലാണ്. ഉപയോഗിക്കുന്ന ഓരോ വാക്കും നമ്മുടെ നിലയും വിലയും നിര്‍ണ്ണയിക്കും.

ജേക്കബ് കോച്ചേരി

യൂടേണ്‍

കൂടുമ്പോള്‍ ഇമ്പം നല്‍കുന്നതെന്താണോ അതാണ്‌ കുടുംബം എന്നാണ് പണ്ഡിതമതം. ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിദ്യാഭ്യാസ കേന്ദ്രം സ്വന്തം വീട് തന്നെയാണ്. ഭാവി രൂപീകരണത്തിന്റെ സര്‍വ്വകലാശാലകലാണ് ഓരോ വീടും. പക്ഷേ ഒന്നുണ്ട്, മാതാപിതാക്കളുടേയും കുടുംബാംഗങ്ങളുടെയും മാതൃക തന്നെയാണ് കുഞ്ഞുങ്ങള്‍ സ്വീകരിക്കുന്നതും നടപ്പിലാക്കുന്നതും. നമ്മുടെ കുട്ടികള്‍ നേരായ വഴിക്ക് തന്നെയാണ് എന്ന് ഉറപ്പിച്ച് പറയാവുന്ന എത്ര പേര്‍ ഉണ്ട്. എന്തായാലും ഒന്നുണ്ട് അവര്‍ കണ്ടുപഠിച്ചിരിക്കുന്നതും പഠിക്കാന്‍ പോകുന്നതും നമ്മളെത്തന്നെയാണ്.

ശുചിത്വം എന്നത് കേരളീയന്റെ മുഖമുദ്ര തന്നെയാണ്, സാധിക്കുമെങ്കില്‍ രണ്ടു നേരം കുളിക്കും. കുഞ്ഞുങ്ങളെ കുളിപ്പിക്കാനാകട്ടെ അന്താരാഷ്‌ട്ര കമ്പനികളുടെ വിലയേറിയ സോപ്പുകള്‍ തന്നെ ഉപയോഗിക്കും (പ്രത്യേകിച്ച് അതുകൊണ്ട് പ്രയോജനമൊന്നുമില്ല എങ്കിലും), പിന്നെ വീടിന്റെ തറ വൃത്തിയാവണം, ടോയ്ലറ്റ് ഹൈജീനിക്കാവനം. ഇതെല്ലാം നല്ല ശീലങ്ങള്‍ തന്നെ. എന്നാല്‍ നമ്മുടെ വീട്ടില്‍ ഉണ്ടാകുന്ന മാലിന്യം നാം എന്ത് ചെയ്യുന്നു ? നഗര-ഗ്രാമ വ്യത്യാസമില്ലാതെ നമ്മള്‍ മാലിന്യം പുറത്തേക്ക് വലിച്ചെറിയുന്നു. നടക്കാന്‍ പോക്ക് എന്ന പേരില്‍ ടാവിലെ തന്നെ തലേന്നത്തെ മാലിന്യ പൊതിയുമായി ഇറങ്ങുന്നു. ഇതേ ശീലങ്ങള്‍ കുട്ടികളും കണ്ടുപഠിക്കുകയാണ്.

ഈയടുത്ത കാലത്തുണ്ടായ ഒരു സംഭവം; തിരുവനന്തപുരം നഗരത്തിലെ വികാസ ഭവന്‍ സര്‍ക്കാര്‍ ഓഫീസില്‍ ഒരു ദിവസം വല്ലാത്ത നാറ്റം, എല്ലാവരും മൂക്കുപൊത്തി നടപ്പായി. പലരും നാറ്റത്തിന്റെ ഉറവിടം അന്വേഷിച്ച് തുടങ്ങി, ഉച്ച്ചയായപ്പോഴാനു സംഗതി പിടി കിട്ടിയത്. ഭക്ഷണപ്പൊതിയെടുത്തതോടെ അമളി പുറത്ത് വന്നു. ഭാര്യക്കും ഭര്‍ത്താവിനും ഒരേ ഓഫീസില്‍ തന്നെ ജോലി. ഒരു കുഞ്ഞുല്ലത് എല്‍കെജിയില്‍ പഠിക്കുന്നു. ദിവസവും രാവിലെ ഇവര്‍ മൂന്നുപേരും ഒരേ വാഹനത്തില്‍ യാത്ര. ഇവര്‍ മൂന്ന്‍ പേരുടെയും ഭക്ഷണപ്പോതികളും, വേറൊരു കിറ്റില്‍ തലേന്നത്തെ വേസ്റ്റും. ആളൊഴിഞ്ഞ സ്ഥലത്തെത്തുമ്പോള്‍ വേസ്റ്റ് വലിച്ചെറിയും. എന്നും ഇതുതന്നെ പരിപാടി. പക്ഷേ ഇത്തവണ അക്കിടിപറ്റി. വേസ്റ്റിന് പകരം വലിച്ചെറിഞ്ഞത് സ്വന്തം അന്നം തന്നെയായിപ്പോയി. ഭക്ഷണപ്പൊതിക്ക് പകരം മാലിന്യപ്പൊതി തുറന്ന ഉദ്യോഗസ്ഥ ഓഫീസിനെ ദുര്‍ഗന്ധ പൂരിതമാക്കി. ഈ സംഭവം പാട്ടായി, നാറ്റക്കേസെന്നല്ലാതെ എന്ത് പറയാന്‍.

നമ്മുടെ പറമ്പിലെ മാവില്‍ നിന്നും വീഴുന്ന മാങ്ങ നമ്മളെടുക്കും. വാഴപ്പഴം, ചക്ക, തേങ്ങ അങ്ങനെ എല്ലാം. പക്ഷേ നമ്മള്‍ തന്നെ ഉത്പാദിപ്പിക്കുന്ന മാലിന്യം മാത്രം വലിച്ചെറിയുന്നത് എന്തുകൊണ്ടാണ് ? നാമെന്തൊക്കെ നേടിയാലും ഇത്തരം ശീലങ്ങള്‍ വച്ചു പൊറുപ്പിക്കുന്നവരാണെങ്കില്‍ നല്ല മാതാപിതാക്കള്‍ എന്നവകാശപ്പെടാനോ, കുഞ്ഞുങ്ങളെ തിരുത്താനോ ആവില്ല.

ഒരു വീട്ടില്‍ മാലിന്യമുണ്ടാവുന്നത് തടയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. പക്ഷേ അതിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും. മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ശീലം എന്നന്നേക്കുമായി ഉപേക്ഷിക്കുക എന്നതാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ആദ്യപടി. രണ്ടാമത്തേത്, കഴിവതും നമ്മള്‍ ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ നമ്മുടെ വീട്ടില്‍ തന്നെ സംസ്കരിക്കാന്‍ നോക്കണം. കാരണം നമ്മള്‍ ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണല്ലോ. കക്കൂസ് മാലിന്യം സദാസമയം നമ്മുടെ വീട്ടില്‍ തന്നെയുണ്ടാവുകയും സെപ്റ്റിക് ടാങ്കില്‍ സംസ്കരിക്കുകയും ചെയ്യുന്ന നമ്മള്‍ എന്തിനാണ് മറ്റു മാലിന്യങ്ങള്‍ പൊതുനിരത്തുകളെ ദുര്‍ഗന്ധ പൂരിതമാക്കാന്‍ വലിച്ചെറിയുന്നത്. അങ്ങനെ ചെയ്യാതിരിക്കണമെങ്കില്‍ വേണ്ടത് നല്ലൊരു മനസ്സാണ്. നിങ്ങള്‍ രാവിലെ മാലിന്യക്കവറുമായി നടക്കാന്‍ പോകുന്ന പോലെ മറ്റു പലരും പോകുന്നുണ്ട്. നിങ്ങള്‍ ഒരിടത്തത് നിക്ഷേപിക്കുമ്പോള്‍ തന്നെ നിങ്ങളുടെ വീടിന് മുന്നിലും നിങ്ങളെപ്പോലൊരാള്‍ ഇതേ പ്രവൃത്തി ചെയ്യുന്നുണ്ട്. അങ്ങനെ നാട് മുഴുവന്‍ നാറുന്നു. ഇതെല്ലാം നമ്മുടെ മക്കള്‍ കണ്ടുപഠിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ നാളെ അവരും ചെയ്യാന്‍ പോകുന്നത് മറ്റൊന്നാവില്ല. അങ്ങനെ നാളെ നമ്മുടെ മക്കള്‍ നമ്മളേക്കാള്‍ മോശപ്പെട്ടവരാകും. വ്യക്തിശുചിത്വം മാത്രം നോക്കുന്ന, ചുറ്റുമുള്ള പരിസ്ഥിതിയെക്കുറിച്ച് ബോധമോ ചിന്തയോ ഇല്ലാത്ത വെറും മതില്‍ക്കെട്ടിനകത്തെ ശുചിത്വ ജീവികള്‍ മാത്രമായിപ്പോകും എന്നാല്‍ വീട്ടിനകത്തോ ശുചിത്വം കാണുകയുമില്ല. മാലിന്യം ശരിക്കും ഒരു സൂചകമാണ്. കാരണം നമ്മുടെ പരിസരം വൃത്തികേടാക്കാനുതകുന്ന ഒരു വസ്തു മറ്റുള്ളവര്‍ക്ക് ഉപദ്രവമാകാതെ ഫലപ്രദമായ രീതിയില്‍ നാം കൈകാര്യം ചെയ്‌താല്‍ മാത്രമേ നമുക്ക് കുട്ടികളോടും അത്തരത്തില്‍ ചെയ്യാന്‍ ആവശ്യപ്പെടാനാകൂ. അപ്പോള്‍ അവര്‍ പഠിക്കുക നല്ലൊരു സാമൂഹ്യപാഠം കൂടിയാകും. നല്ല രീതിയില്‍ മാലിന്യം സംസ്ക്കരിക്കാന്‍ പഠിപ്പിക്കുന്നത്തിനൊപ്പം ചീത്ത സ്വഭാവങ്ങളെയും കുഴിച്ച് മൂടാന്‍ അവരെ ശീലിപ്പിക്കണം. ഒപ്പം നാം അത് പ്രാവര്‍ത്തികമാക്കി കാണിക്കണം.

സ്വന്തം വീട്ടിനകത്തേക്ക് നമുക്കൊന്ന് നോക്കാം. എന്തുമാത്രം അനാവശ്യ സാധനങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. സാധാരണ വീട്ടുമാലിന്യങ്ങളെ മുന്‍സിപ്പല്‍ വേസ്റ്റ് എന്നുപറയും ഇതിനെ മൂന്നായി തരം തിരിക്കാം.

ജൈവമാലിന്യങ്ങള്‍ (Biodegradable) : ഭക്ഷണാവശിഷ്ടങ്ങള്‍, പച്ചക്കറി, പഴങ്ങള്‍, മത്സ്യമാംസ അവശിഷ്ടങ്ങള്‍ എന്നിവയാണ്.

പുനര്‍ നിര്‍മ്മാണത്തിനുതകുന്ന മാലിന്യങ്ങള്‍ (Recyclable) : പ്ലാസ്സിക് ഉത്പന്നങ്ങള്‍, പേപ്പര്‍ ഉത്പന്നങ്ങള്‍, ഗ്ലാസ്സ്, അലുമിനിയം, സ്റ്റീല്‍, കോട്ടണ്‍, ബാറ്ററി തുടങ്ങിയവ.

ഇലക്ട്രോണിക്സ് വേസ്റ്റ് (Electronics waste) : ഇലക്ട്രോണിക്ക് ഉഅപകരണങ്ങള്‍, കമ്പ്യൂട്ടര്‍ ഫ്രിഡ്ജ്, ടെലഫോണ്‍, സിആര്‍ടി, റേഡിയോ, മൊബൈല്‍, ബാറ്ററി, കോമ്പാക്റ്റ് ഡിസ്ക്കുകള്‍, ചിപ്പുകള്‍.

പുറമ്പോക്കില്‍ തള്ളുന്ന മാലിന്യം കുമിഞ്ഞുകൂടി നാരി വളപ്പില്‍ ശാലകളും ലാലൂരും ഒക്കെ പലയിടത്തും തലപൊക്കുമ്പോള്‍ നാം നാറ്റം സഹിക്കവയ്യാതെ മൂക്ക് പൊത്തിയിട്ട് കാര്യമില്ല. ആദ്യം സ്വന്തം മുറികള്‍, ടോയ്ലറ്റുകള്‍, വീട്ടകങ്ങള്‍, അടുക്കളയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍, വീടിന്റെ പരിസരങ്ങള്‍ എന്നിവ വൃത്തിയാക്കുക. ഇത്തരത്തില്‍ മാലിന്യം ഉണ്ടാകുന്നിടത്ത് തന്നെ അതിനെ സംസ്കരിക്കുകയാണ് ഉറവിട മാലിന്യ സംസ്കരണ യജ്ഞം എന്ന് പരയുനന്ത്; ലോകത്തേയും നമ്മുടെ നാടിനെയും കുടുംബത്തേയും സ്നേഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വ്യക്തി ശുചിത്വത്തിനപ്പുറമായി പരിസര സാമൂഹിക ശുചിത്വത്തില്‍ അധിഷ്ഠിതമായ ഒരു ജീവിത ശൈലിക്ക് തുടക്കം കുറിച്ചേ മതിയാവൂ. അല്ലെങ്കില്‍ സമീപ ഭാവിയില്‍ സ്വന്തം വീട്ടുമുറ്റത്ത് നിന്നും വീട്ടകങ്ങളില്‍ നിന്നും മാരക രോഗങ്ങള്‍ക്കടിമപ്പെടാനുള്ള വന്‍ സാധ്യതകളാണ് മലയാളികളെ കാത്തിരിക്കുന്നത്.

വരും തലമുറയെയെങ്കിലും നമുക്ക് രക്ഷിച്ചെടുക്കേണ്ടേ ? അതിന് നമുക്ക് ശാസ്ത്രീയമായിത്തന്നെ വീട്ടിലെ വേസ്റ്റിനെ ഇല്ലാതാക്കാം. ഈ രീതി അവലംബിക്കുമ്പോള്‍ ചെറിയൊരു പ്രശ്നമുണ്ട്. അതെന്താണെന്നാല്‍ കുടുംബങ്ങളില്‍ ഒരാളെങ്കിലും തിരുത്താന്‍ തയ്യാറാവാതെ പഴയ പടി തുടര്‍ന്നാല്‍ മാലിന്യ സംസ്ക്കരണം അടിമുടി പാളുമെന്ന് ആദ്യമേ തന്നെ പറയട്ടെ.

1. റീ തിങ്ക്‌

ഓരോ വസ്തുവും വീട്ടിലേക്ക് വാങ്ങിക്കൂട്ടുമ്പോള്‍ പലവട്ടം ആലോചിക്കുക, ഇത് കുടുംബത്തിന് അത്യന്താപേക്ഷിതമാണോ എന്ന്.

2. റെഡ്യൂസ്

ആവശ്യങ്ങള്‍ പരിമിതപ്പെടുത്തുക. ഉദാഹരണത്തിന് രണ്ടു നേരവും പാലൊഴിച്ച ചായ കുടിക്കുന്ന ശീലം വേണമെങ്കില്‍ ഒഴിവാക്കാം അതുവഴി ഒരു പാല്‍ക്കവറെങ്കിലും വീട്ടില്‍ നിന്ന് ഒഴിവാക്കാം.

3. റീ യൂസ്

ഏതൊരു വസ്തുവിന്റേയും പുനരുപയോഗം വീട്ടിലെ വേസ്റ്റിനെ വളരെയധികം കുറയ്ക്കും. ഉദാഹരണത്തിന് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പ്ലാസ്റ്റിക് ബാഗ് ഒന്നിലേറെ തവണ ഉപയോഗിക്കാവുന്നതാണ്. അതുപോലെ പേനകള്‍ കുറഞ്ഞ മുടക്കില്‍ റീഫില്‍ വാങ്ങി ഉപയോഗിക്കാവുന്നതേയുള്ളൂ.

4. റീ സൈക്കിള്‍

ഉപയോഗിച്ച ഒരുല്‍പ്പന്നത്തെ ഉപയോഗപ്പെടുത്താവുന്ന വേറൊന്നാക്കി മാറ്റാം. കുറേയൊക്കെ വീട്ടില്‍ തന്നെ ക്രാഫ്റ്റ് വര്‍ക്കിലൂടെ സാധിക്കാം. പുനരുത്പാദനം വീട്ടില്‍ സാധിക്കുകയില്ലെങ്കില്‍ ഉപയോഗം കഴിഞ്ഞ് സൂക്ഷിച്ച് വക്കുക.  ഉദാഹരണത്തിന് സിമന്റ് ചാക്ക്, വര്‍ത്തമാന പത്രങ്ങള്‍ എന്നിവ.

സാമാന്യം വലിയ തോതില്‍ മാലിന്യം സംസ്ക്കരികാവുന്ന രീതികളും ഉണ്ട്. പിറ്റ് കമ്പോസ്റ്റിംഗ്, റിങ്ങ് കമ്പോസ്റ്റിംഗ്, പൈപ്പ് കമ്പോസ്റ്റിംഗ് എന്നിങ്ങനെ. ഇവയെല്ലാം തന്നെ നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും മാലിന്യത്തിന് കുറവുണ്ടാകുന്നില്ല. കാരണം ആര്‍ക്കും ഒന്ന് മെനക്കെടാന്‍ വയ്യ എന്നത് തന്നെ. അതിനാല്‍ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെപ്പോലും ഉപദേശിക്കാന്‍ യോഗ്യതയില്ലാതാവുന്നു. നമ്മളെക്കണ്ട് നമ്മുടെ മക്കള്‍ പഠിച്ചാല്‍ കേരളം വലിയൊരു വിളപ്പില്‍ ശാലയാകാന്‍ ഇനിയധികം കാലമില്ല. ഒരു വാഴപ്പഴം കഴിച്ചാല്‍ പോലും തൊലി വലിച്ചെറിയാതെ മാലിന്യശേഖരണ പാത്രത്തില്‍ ഇടാന്‍ കുട്ടികളെ ശീലിപ്പിക്കണം. അതിനവരോട് ആവശ്യപ്പെടണമെങ്കില്‍ നാം അവര്‍ക്ക് മാതൃകയാകണം.

മാത്യൂസ് പുതുശ്ശേരി

അശ്രദ്ധയരുതേ..റോഡുകളില്‍ നമ്മുടെ കുട്ടികള്‍ ഞെട്ടറ്റു വീഴുന്നു

 

സാമൂഹ്യ പുരോഗതിയുടെ കാര്യത്തിലും സാക്ഷരതയിലും കേരളം അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും നിയമങ്ങള്‍ പാലിക്കുന്നതില്‍ നമ്മള്‍ പിന്നിലാണ്. നിയമങ്ങള്‍ പാളിക്കുന്നതിലുള്ള വിമുഖതയാണ്‌ നിരത്തുകളില്‍ പൊലിയുന്ന ഓരോ ജീവനും കാരണം. കഴിഞ്ഞ പത്ത് വര്‍ഷങ്ങളയായി കേരളത്തിലെ റോഡുകളില്‍ വര്‍ഷം തോറും മുപ്പത്തയ്യായിരത്തിലധികം അപകടങ്ങളുണ്ടാകുന്നു. നാല്‍പ്പതിനായിരത്തിലധികം പേര്‍ക്ക് പരിക്കുപറ്റുന്നു. മരണസംഖ്യ 10 വര്‍ഷം മുന്‍പ് 2710 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 4286 ആയി ഉയര്‍ന്നു. ഇതില്‍ നല്ലൊരു ശതമാനം കുട്ടികളാണെന്നതാണ് സങ്കടകരമായ വസ്തുത. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിസ്സംഗതയാണ് അപകടനിരക്ക് ഉയരാനുള്ള മുഖ്യ കാരണം. 2012 ല്‍ 4286 അപകട മരണങ്ങള്‍ സംഭവിച്ചതില്‍ 190 പേരും കുട്ടികളായിരുന്നു.

തിരക്കുള്ള ജീവിതത്തിനിടയില്‍ വീട്ടുകാര്യങ്ങള്‍ വേഗത്തില്‍ നടക്കുവാന്‍ മാതാപിതാക്കള്‍ തിരഞ്ഞെടുക്കുന്ന വഴിയാണ് പലപ്പോഴും അപകടത്തില്‍ എത്തിച്ചേരുന്നത്. രാവിലെ വീട്ടിലേക്ക് പലവ്യജ്ഞനങ്ങള്‍ മേടിക്കുന്നതിനും അല്ലെങ്കില്‍ യാദൃശ്ചികമായി വീട്ടിലേക്ക് ഒരു വിരുന്നുകാരനെ സല്‍ക്കരിക്കാന്‍, പാല് മേടിക്കാനോ പലഹാരം മേടിക്കാനോ മാതാപിതാക്കള്‍ ആദ്യം തിരഞ്ഞെടുക്കുന്നത് കുട്ടികളെയാണ്. കുട്ടികള്‍ ഇതിന് വിസമ്മതിച്ചാല്‍ സൈക്കിളെടുത്തോ ബൈക്കെടുത്തോ കടയില്‍ പോകാന്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കും. വാഹനങ്ങളോടു സ്വാഭാവികമായുണ്ടാകുന്ന കമ്പം ഇവരെ അമിത വേഗത്തിലോ, അശ്രദ്ധയിലോ കൊണ്ടെത്തിച്ചേക്കാം. ഇങ്ങനെ കടയില്‍ പോയി തുടങ്ങുന്ന കുട്ടികള്‍ അടുത്ത ദിവസം ടൌണിലേക്കും പിന്നീട് തിരക്കുള്ള നിരത്തിലേക്കും വാഹനവുമായി ഇറങ്ങി തുടങ്ങും. ലൈസന്‍സ് അനുവദിച്ച് കിട്ടുന്നതിന് മുമ്പേ നിരത്തിലിറങ്ങുന്ന അവന്‍, റോഡ്‌ നിയമങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാതെ ഏതെങ്കിലും അപകടത്തില്‍ പെടുന്നതോടെ മാതാപിതാക്കള്‍ക്ക് കണ്ണീരാവുന്ന സംഭവങ്ങള്‍ നമുക്ക് അന്യമല്ല.

അടുത്തകാലത്ത് കുട്ടികളെ സന്തോഷിപ്പിക്കാന്‍ മാതാപിതാക്കള്‍ വാങ്ങിക്കൊടുക്കുന്ന സമ്മാനങ്ങളാണ് മറ്റൊരു പ്രശ്നം. കുടികളുടെ പിറന്നാളിനും ഉന്നതവിജയം നേടിയാലും മാതാപിതാക്കള്‍ക്ക് കുട്ടികളെ സന്തോഷിപ്പിക്കാന്‍ മറ്റൊന്നിനേയും കുറിച്ച് ആലോചിക്കാറില്ല. അടുത്ത പിറന്നാളിന് ഒരു ഇരുചക്ര വാഹനമോ, കാറോ ആയിരിക്കും ഇവരുടെ വാഗ്ദാനം. മറ്റു കുട്ടികള്‍ക്കും അവരുടെ അച്ഛന്‍ അല്ലെങ്കില്‍ അമ്മ മേടിച്ച് നല്‍കുന്ന പുതിയ വാഹനവുമായി കറങ്ങി നടക്കാന്‍ ആഗ്രഹമില്ലാതിരിക്കുമോ ? ലൈസന്‍സ് എടുക്കാനുള്ള പ്രായമാകുന്നതിന് മുമ്പേ ഇത്തരത്തില്‍ വാഹനങ്ങളുമായി സ്കൂളിലും കോളേജിലും കറങ്ങി നടക്കുമ്പോള്‍ വീട്ടുകാരുടെ ഒത്താശയോടുകൂടിയാണ് ഇവര്‍ പരസ്യമായി നിയമ ലംഘനം നടത്തുന്നതെന്ന കാര്യം നമ്മള്‍ ബോധപൂര്‍വ്വം മറക്കുകയാണ്.

വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കാലപ്പഴക്കവും പഴുതുകളും നിസ്സാരമായ ശിക്ഷകളും അപകടം വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ ഉദാരമാണ് നമ്മുടെ ശിക്ഷകള്‍. ലൈസന്‍സില്ലാതെ വാഹനമോടിച്ച് ആളെ കൊന്നാല്‍ കഠിനശിക്ഷയാണ് നിയമപ്രകാരം ലഭിക്കേണ്ടത്. എന്നാല്‍, ബഹുഭൂരിപക്ഷം സംഭവങ്ങളിലും അപകടത്തിന്റെ ഉത്തരവാദിത്വം ലൈസന്‍സുള്ളവര്‍ ഏറ്റെടുത്ത് ഗൌരവം കുറയ്ക്കും. അശ്രദ്ധമായി വണ്ടിയോടിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 297 വകുപ്പ് പ്രകാരം ചുമത്താവുന്ന പരമാവധി ശിക്ഷ ആയിരം രൂപ മാത്രമാണ്. വാഹനമോടിച്ച് ആള്‍ മരിച്ചാല്‍ 304 പ്രകാരം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുക്കുക. ഇതിന്റെ ശിക്ഷയാകട്ടെ രണ്ടുവര്‍ഷത്തെ തടവും പിഴയും. ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ള വാഹനമാണെങ്കില്‍ ഡ്രൈവറോ, വാഹന ഉടമയോ കോടതിയില്‍ എത്തുക പോലുമില്ല. വാഹനാപകടക്കേസുകളില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കാനുമൊക്കെ പ്രതികളും അഭിഭാഷകരും പോലീസും ചേര്‍ന്ന് ഇത്തരം കേസുകള്‍ ഒതുക്കുന്നതും നിത്യസംഭവമാണ്. വാഹനങ്ങളുടെ അനിയന്ത്രിതമായ പെരുപ്പവും മലയാളിയുടെ ജീവിത രീതികളില്‍ വന്ന മാറ്റവും കേരളത്തിലെ റോഡുകളെ കുരിതിക്കളമാക്കുന്നു. പൊതുവാഹനങ്ങളിലേക്കുള്ള മാറ്റം അതിവേഗത്തിലാണ് സംഭവിക്കുന്നത്. അണുകുടുംബം ചെറുവാഹനം എന്ന രീതി പ്രചാരം നേടിയതോടെ നമ്മുടെ റോഡുകള്‍ വാഹനത്തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്.

റോഡുകളുടെ ശോചനീയാവസ്ഥ, ട്രാഫിക് സംവിധാനങ്ങളുടെ അശാസ്ത്രീയത, മദ്യലഹരിയില്‍ വാഹനമോടിക്കല്‍, ട്രാഫിക് ചട്ടങ്ങളുടെ ലംഘനം, അമിത വേഗത, വാഹനപ്പെരുപ്പം, മത്സരയോട്ടം എന്നിങ്ങനെ വാഹനാപകടങ്ങളുടെ കാരണങ്ങള്‍ ഏറെയാണ്‌. ചട്ടലംഘനങ്ങള്‍ക്ക് ട്രാഫിക് പോലീസ് ചുമത്തിയ പിഴയിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലും വര്‍ഷം പ്രതി വര്‍ദ്ധനയുണ്ടാവുന്നു. രക്ഷാകര്‍ത്താക്കളും കുട്ടികളും ഡ്രൈവര്‍മാരും ശ്രദ്ധിച്ചാല്‍ നിരത്തില്‍ പൊലിയുന്ന കുരുന്നുജീവനുകളില്‍ നല്ലൊരു ശതമാനവും ഇല്ലാതാക്കാന്‍ സാധിക്കും.

രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ·ലൈസന്‍സെടുക്കാതെ ഒരു കാരണവശാലും കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കരുത്.
  • ·ചെറുപ്രായത്തിലേ കുട്ടികള്‍ക്ക് വാഹനങ്ങളോട് കൌതുകമുണ്ടാകും. എന്ന് കരുതി അത് പഠിപ്പിക്കാന്‍ ശ്രമിക്കണമെന്നില്ല.
  • ·വാഹനമോടിക്കാന്‍ പഠിച്ച കുട്ടികളോട് അതിന്റെ അപകട സാധ്യതകളെക്കുറിച്ചും നിയമ വശങ്ങളെക്കുറിച്ചും വ്യക്തമായി പറഞ്ഞു കൊടുത്തിരിക്കണം.
  • ·രക്ഷിതാക്കള്‍ അറിയാതെ കുട്ടികള്‍ വാഹനമോടിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും അറിഞ്ഞാല്‍ കര്‍ശനമായി വിലക്കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും മടിക്കരുത്.
  • ·സ്കൂളിലേക്കും കോളേജിലേക്കുമൊക്കെ വാഹനം കൊണ്ടുവരുന്നത് തടയേണ്ടതില്‍ അദ്ധ്യാപകര്‍ക്കും പങ്കുണ്ട്. രക്ഷിതാക്കളെ വിളിച്ചറിയിക്കേണ്ടതും വാഹനങ്ങള്‍ വീണ്ടും ഉപയോഗിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കേണ്ടതും അവരാണ്.

കുട്ടികള്‍ ഓര്‍ത്തിരിക്കേണ്ട ചില നിയമങ്ങള്‍

  • ·നടപ്പാത ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുക.
  • ·നടപ്പാത ഇല്ലാത്തിടത്ത് മുന്നില്‍ വരുന്ന വാഹനങ്ങള്‍ കാണത്തക്കവിധം റോഡിന്റെ വലതുവശത്ത് കൂടി നടക്കുക.
  • ·കാല്‍നടയാത്രക്കാര്‍ക്ക് മാത്രമുള്ള നടപ്പാതയുണ്ടെങ്കില്‍ അതിലൂടെ മാത്രം നടക്കുക. നടപ്പാതയില്ലാത്ത സ്ഥലങ്ങളില്‍ റോഡിന്റെ വലതുവശം ചേര്‍ന്ന് എതിരെ വരുന്ന വാഹനങ്ങള്‍ ശ്രദ്ധിച്ച് നടക്കുക.

രാകേഷ്.കെ.ആര്‍

വളര്‍ത്താം വീട്ടില്‍ വഴുതിനയും

കുട്ടികള്‍ക്കിടയില്‍ കൃഷിയുടെ ഹരിതപാഠം പ്രചരിപ്പിച്ച് അവരിലൂടെ ഭക്ഷ്യ സുരക്ഷയുടെ വിജയഗാഥ രചിക്കുവാന്‍ കൂട്ടായ ശ്രമമാണ് ആവശ്യം. സ്വന്തം വീട്ടുവളപ്പിലോ, സ്കൂളിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലോ ചെറുതായി എങ്കിലും പച്ചക്കറി തോട്ടമുണ്ടാക്കാന്‍ കൂട്ടുകാര്‍ ശ്രമിക്കണം. ഇതിന് പ്രചോദനമാകാന്‍ അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരും സഹായിക്കണം. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ കൃഷി വകുപ്പ് നിരവധി സാങ്കേതിക സഹായങ്ങള്‍ നല്‍കി വരുന്നു. കുട്ടികള്‍ക്കിടയില്‍ ചെടികളോട് സ്നേഹവും, താല്‍പര്യവും ഉണ്ടാവാന്‍ കൃഷി പരിചയമാണ് ആവശ്യം. അതിലേക്കാണ് നാം അവരെ നയിക്കേണ്ടത്. പഞ്ചായത്തും കൃഷിഭവനും പലവിധ പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പാക്കുന്നുണ്ട്.

നല്ല രുചിയുള്ള പച്ചക്കറി വിളയാണ് വഴുതിന. പോഷക സമ്പൂര്‍ണ്ണമായതിനാല്‍ വഴുതിനയെ മുട്ടച്ചെടി എന്നും വിളിക്കുന്നു. എന്നാല്‍ മുട്ടപ്പഴം വഴുതിന അല്ല എന്നും അറിയാമല്ലോ. ബ്രിന്‍ജോള്‍ (brinjal) എന്നാണ് ഇംഗ്ലീഷില്‍ വഴുതിനയെ പറയുക. കായയുടെ രൂപം (ആകൃതി) നിറം എന്നിവയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന നിരവധി ഇനങ്ങളുണ്ട്. ദീര്‍ഘനാള്‍ കായ ഫലം തരുന്നതാണ് നടന്‍ വഴുതിനകള്‍. മുള്ളുള്ളതും മുള്ളില്ലാത്തതുമായ വഴുതിനയുണ്ട്. ചെറിയ വഴുതിന മുതല്‍ നീളമേറിയ പാസ് വഴുതിന വരെ നമ്മുടെ നാട്ടില്‍ കണ്ടുവരുന്നു. നടന്‍ വഴുതിനയിനമായ മാരാരിക്കുളം വഴുതിനയും, കോഴിക്കോട്ടെ പാവല്‍ വഴുതിനയും രുചിയില്‍ ഏറെ മുന്നിലാണ്. നടന്‍ വഴുതിന വിത്തുകള്‍ സംരക്ഷിച്ച് കൃഷി ചെയ്യാന്‍ കൃഷിഭവനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാം.

ജീവകം എ,ബി എന്നിവയുടെ സ്രോതസ്സാണ് വഴുതിന എന്നതിനാല്‍ മികച്ച ഔഷധ ഗുണവുമുണ്ട്. വെളുത്ത നിറത്തിലുള്ള വഴുതിന പ്രമേഹരോഗം ശമിപ്പിക്കുന്നു. കാര്‍ഷിക ഗവേഷകര്‍ നിരവധി മികച്ച വഴുതിന ഇനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കേരള സര്‍വ്വകലാശാല പുറത്തിറക്കിയ സൂര്യ, ശ്വേത, ഹരിത എഫ്1 വഴുതിനയായ നീലിമ എന്നിവയും സൂസാപര്‍പ്പിള്‍ ലോങ്ങ്‌, സൂസാപര്‍പ്പിള്‍ റൗണ്ട് എന്നിവയും മികച്ച ഫലം തരുന്നവയാണ്. തോട്ടമായും ഗ്രോബാഗുകള്‍, ചാക്കുകള്‍, പ്ലാസ്റ്റിക് പത്രങ്ങള്‍, ചെടിച്ചട്ടികള്‍ എന്നിവയില്‍ നടീല്‍ മിശ്രിതം നിറച്ച് വളര്‍ത്താം.

മേയ് മുതല്‍ ആഗസ്റ്റ്‌ വരെ സെപ്തംബര്‍ – ഡിസംബര്‍ മാസങ്ങളിലാനുവഴുതിനാ നന്നായി വിളവ് തരുന്നത്. മേയ് – ജൂണ്‍ മാസങ്ങളില്‍ തൈകള്‍ പിഴുത് നടാം. കേരളത്തിലെ മണ്ണ് അമ്ലത്വമേറിയതിനാല്‍ പുളിരസം കുറയ്ക്കാനായി കുമ്മായവും ചേര്‍ക്കാം.

വഴുതിനയുടെ വിത്ത് പാകുമ്പോള്‍ ഏറെ താഴേക്ക് കുഴിച്ചിടാന്‍ പാടില്ല. ഒരേക്കറിന് 150 ഗ്രാം മുതല്‍ 180 ഗ്രാം വരെയാണ് വിത്ത്, ആവശ്യമായ മണല്‍, ഉണക്കചാണകപൊടി ഇവ തമ്മില്‍ നന്നായി ഇളക്കിയിടണം. ഇതില്‍ കുറച്ച് ഉമിയോ, അറക്കപ്പൊടിയോ ചേര്‍ക്കാം. വഴുതിന വിത്ത് നേര്‍ വരിയായാണ് പാകേണ്ടത്. ആഴം കുറച്ചാവണം വിത്തിടേണ്ടത്. മുകളില്‍ ചെറിയ തോതില്‍ മണല്‍ വിതരുകയുമാവാം. നിത്യവും നനയും ആവശ്യമാണ്. ഉറുമ്പ്‌ ശല്യം ഒഴിവാക്കാന്‍ വറുത്ത അടിപ്പൊടി, ഉലുവ പൊടിച്ചത് എന്നിവ വിതറണം. മുളച്ച വഴുതിന തൈകള്‍ പത്ത് സെന്റീമീറ്റര്‍ ഉയരമായാല്‍ പറിച്ച് നടാം.

ജൈവവളം, ജീവാണുവളം എന്നിവ ചേര്‍ക്കാം. ഉണങ്ങിയ കാലിവളം, ആട്ടിന്‍കാഷ്ഠം, മണ്ണിരവളം, എല്ലുപൊടി, ആര്യവേപ്പിന്‍ പിണ്ണാക്ക്, ചാരം, കടല പിണ്ണാക്ക് ഇവയെല്ലാം വളമായി ചേര്‍ക്കാം. ബാക്ടീരിയാ വാട്ട രോഗമാണ് വഴുതിനയുടെ ശത്രു. രോഗം വരാതിരിക്കാനായി വാട്ടമില്ലാത്ത വഴുതിനയിനങ്ങളായ സൂര്യ, ശ്വേത, ഹരിത എന്നിവയുടെ വിത്തുവാങ്ങി മുളപ്പിച്ച് തൈകള്‍ നടാം. തൈകള്‍ വളര്‍ന്നു വരുന്നയവസരത്തില്‍ താങ്ങു നല്‍കണം. ചെടിച്ചുവട്ടില്‍ കളകള്‍ വളരാന്‍ പാടില്ല.

സ്കൂളിലും വീട്ടിലും വഴുതിന നടുമ്പോള്‍ കുട്ടികളും പച്ചക്കറി കൃഷിയുടെ ചാര്‍ജുള്ള അധ്യാപകര്‍ക്കും കൃഷി ഭവനിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് രോഗകീട നിവാരണം ചെയ്യാം. വൈകീട്ട് ചേരികള്‍ പരിശോധിച്ചാല്‍ കായയില്‍ വരുന്ന വണ്ടുകള്‍, ഇലതീനി വണ്ടുകള്‍ തുടങ്ങി കൂടുണ്ടാക്കുന്ന പുഴുക്കള്‍ എന്നീ പ്രാണികളെ വലവീശി പിടിച്ച് നശിപ്പിക്കാന്‍ കഴിയും.

പുകയില്‍ കഷായം, കാനാരിയും, ഗോമൂത്രവും, വെള്ളവും ചേര്‍ത്ത ലായിനി ഇവ തളിച്ചാല്‍ പുഴുഷല്യം വരില്ല. വാടി നില്‍ക്കുന്ന ചെടി പിഴുത് നീക്കി തീയിട്ടു നശിപ്പിക്കാനും ശ്രദ്ധിക്കണം. നല്ല വഴുതിന വിത്തിനും ചെടികള്‍ക്കും ഗ്രോ ബാഗുകള്‍ക്കും വിശ്വസ്തത പുലര്‍ത്തുന്ന സ്ഥാപനങ്ങളുമായിട്ട് മാത്രം ബന്ധം പുലര്‍ത്തണം

എം.എ. സുധീര്‍ ബാബു
കൃഷി ജേണലിസ്റ്റ്

കുട്ടികള്‍ക്ക് നടക്കാന്‍ ബേബി വാക്കറുകള്‍ വേണോ ?

പണ്ടൊക്കെ കുഞ്ഞുങ്ങള്‍ നടന്നു തുടങ്ങുമ്പോള്‍ കൈ പിടിച്ച് നടത്തുവാന്‍ അച്ഛനോ, അമ്മയോ, മുത്തശ്ശനോ, മുത്തശ്ശിയോ ഒക്കെ ഉണ്ടാവും. അവര്‍ക്ക് നടക്കാന്‍ ബാലന്‍സ് ആവുന്നത് വരെ എപ്പോഴും ആരെങ്കിലും അവരുടെ അടുത്തുണ്ടാവുമായിരുന്നു. എന്നാല്‍ അതിന്റെയൊന്നും ആവശ്യമില്ലതാക്കി കൊണ്ടാണ് ബേബി വാക്കറുകള്‍ വിപണിയിലെത്തിയത്. കുട്ടികളെ ബേബി വാക്കറുകളില്‍ ഇരുത്തിക്കഴിഞ്ഞാല്‍ പിന്നെ അച്ഛനുമമ്മയ്ക്കും അവരെ കൈ പിടിച്ച് നടത്തേണ്ട ആവശ്യമില്ലല്ലോ ?

ബേബി വാക്കറിന്‍റെ സഹായത്തോടു കൂടി അവര്‍ നടന്നു തുടങ്ങിക്കോളും. ചക്രങ്ങളില്‍ കുഞ്ഞിന്റെ ചലനങ്ങള്‍ക്കൊപ്പം നീങ്ങുന്ന ബേബി വാക്കറുകളില്‍ കുഞ്ഞിനെ ചുറ്റി വലയമുള്ളതുകൊണ്ട് എപ്പോഴും കുട്ടിയെ ശ്രദ്ധിക്കുകയുമില്ല. പക്ഷേ ഈ ബേബി വാക്കറുകള്‍ ഒട്ടും സുരക്ഷിതമെല്ലെന്ന് അറിയാമോ ? നിരവധി കുഞ്ഞുങ്ങള്‍ക്ക് ബേബി വാക്കറുകളില്‍ നിന്ന് വീണ് അപകടമുണ്ടായിട്ടുണ്ട്. അതുകൊണ്ട് ബേബി വാക്കറുകള്‍ കുട്ടിക്ക് വേണ്ടി വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ.

ബേബി വാക്കറുകള്‍ ഉപയോഗിക്കുമ്പോള്‍

  • ·കുഞ്ഞുങ്ങള്‍ പിടിച്ച് നില്‍ക്കാന്‍ തുടങ്ങുമ്പോഴേ അവരെ ബേബി വാക്കറില്‍ ഇരുത്തുവാന്‍ പാടുള്ളൂ. അല്ലെങ്കില്‍ അത് ഉരുണ്ട് നീങ്ങുമ്പോള്‍ അവര്‍ പരിഭ്രമിക്കും.
  • ·ബേബി വാക്കറുകളില്‍ കുഞ്ഞുങ്ങളെ അശ്രദ്ധമായി ഇരുത്തരുത്. അവരുടെ കാലുകള്‍ ചിലപ്പോള്‍ അതിനിടയില്‍ കുടുങ്ങുവാന്‍ സാധ്യതയുണ്ട്.
  • ·ബേബി വാക്കറുകളില്‍ നടക്കുന്ന കുട്ടികള്‍ക്ക് കൈയ്യെത്തി പിടിക്കാന്‍ കഴിയുന്ന ഉയരത്തിലുള്ള സാധനങ്ങള്‍ മാറ്റി വയ്ക്കുക. അല്ലെങ്കില്‍ കുട്ടികള്‍ കൈയ്യെത്തി പിടിക്കുമ്പോള്‍ അത് അവരുടെ മേലേക്ക് വീണ് അപകടങ്ങള്‍ ഉണ്ടായേക്കാം.
  • ·ഇവ ചക്രങ്ങളില്‍ പെട്ടെന്ന് തെന്നി നീങ്ങുന്നത് കൊണ്ട് പെട്ടെന്ന് തടഞ്ഞു നിര്‍ത്തുവാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് കുട്ടികളെ അതിലിരുത്തിയാലും എപ്പോഴും ഒരു കണ്ണ് അവരുടെ മേല്‍ വേണം.
  • ·സ്റ്റെപ്പുകള്‍ ഉള്ളിടത്ത് ഏതെങ്കിലും തടസ്സങ്ങള്‍ വയ്ക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ വാക്കറുകള്‍ സ്റ്റെപ്പില്‍ നിന്ന് വീഴുവാനും കുട്ടികള്‍ക്ക് ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കാനും വഴിയുണ്ട്.
  • ·ചക്രങ്ങള്‍ ഇല്ലാത്ത തരത്തിലുള്ള ബേബി വാക്കറുകളും ഒരുപരിധി വരെ അപകടങ്ങള്‍ ഒഴിവാക്കും.
  • ·കുഞ്ഞുങ്ങള്‍ക്ക് ബേബി വാക്കറുകള്‍ ഒഴിവാക്കുക തന്നെയാണ് ഏറ്റവും നല്ലത്. എന്നാല്‍ വാതിലുകളിലൂടെയും മറ്റും കടന്നു പോകാന്‍ കഴിയാത്ത തരത്തില്‍ കുറച്ച് വലിയ ബേബി വാക്കറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അത്തരത്തിലുള്ള അപകടങ്ങള്‍ കുറയ്ക്കുവാന്‍ കഴിയും.

എളുപ്പ പണിക്കുവേണ്ടി നമ്മള്‍ പലപ്പോഴും ഒരുക്കുന്ന സൌകര്യങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷിണിയായേക്കും. അതുകൊണ്ട് കഴിയുന്നതും ഇത്തരം വസ്തുക്കള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്.

ഷൂ ലെയ്സ് കെട്ടാന്‍ അറിയുമോ ?

ആധുനിക ലോകത്ത് എല്ലാവരും സ്മാര്‍ട്ട് ആണ്. കണ്ണടച്ച് തുറക്കുന്ന നേരം എന്ന ആ പ്രയോഗത്തേക്കാള്‍ വേഗതയുണ്ട് വിവരസാങ്കേതികതയ്ക്ക്. സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ മുതല്‍ ഇന്‍സ്റ്റന്റ് ആയി ഉപയോഗിക്കാവുന്ന ഇത്തിരിക്കുഞ്ഞന്‍ ചിപ്പ് വരെ. പക്ഷേ ഇതെല്ലാം ഉപയോഗിക്കുന്നത് മുതിര്‍ന്നവര്‍ മാത്രമല്ല, കുട്ടികളും ഇന്ന് വളരെ സ്മാര്‍ട്ട് ആണ്. ഓരോ സ്മാര്‍ട്ട് ഗാഡ്ജറ്റും വിപണിയിലിറങ്ങുമ്പോള്‍ അതിനൊപ്പം തന്നെ കുട്ടികളുടെ വ്യവസ്ഥാപിതമായ പല കാര്യങ്ങളിലും മാറ്റം വരുന്നു. ഈ പ്രസ്താവനയ്ക്ക് അടിവരയിടുന്നതാണ് ഗവേഷണ ഫലങ്ങള്‍. ബ്രിട്ടണിലെ ലെന്‍സ് സ്റ്റോറില്‍ നിന്നുള്ള ഒപ്റ്റിക്കല്‍ സ്പെഷ്യലിസ്റ്റുകളുടെ ഗവേഷണ ഫലങ്ങളില്‍ എടുത്ത് പറയുന്ന കാര്യങ്ങള്‍ ആശങ്കാജനകമാണ്, അവര്‍ പറയുന്ന പ്രസക്ത കാര്യമിതാണ്‌. പുതുതലമുറയിലെ കുടികള്‍ സ്മാര്‍ട്ട് ഫോണുകള്‍ കൈകാര്യം ചെയ്യാന്‍ വൈദഗ്ദ്ധ്യം ഉള്ളവരാണ് എന്നാല്‍ ഷൂ ലെയ്സ് കെട്ടുന്നത് പോലുള്ള നിസ്സാര കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ വിഷമിക്കുന്നു. മുന്‍തലമുറകളിലെ കുട്ടികള്‍ ചെയ്തുവന്ന പുസ്തക വായന, നീന്തല്‍ എന്നിവയെല്ലാം തന്നെ സ്മാര്‍ട്ട് ഉപകരങ്ങളുടെ വരവോടു കൂടി നിര്‍ജ്ജീവമായ അവസ്ഥയിലാണ്. ഇനി ഇവയിലെല്ലാം കുട്ടികള്‍ കുറച്ച് സമയം ചിലവഴിക്കുന്നുവെങ്കില്‍ത്തന്നെ ടെക്നോളജിക്ക് വേണ്ടി ചിലവഴിക്കുന്നതിനേക്കാള്‍ സമയം തുലോം കുറവാണെന്നും കാണാം.

ഏകദേശം 2000ത്തോളം മാതാപിതാക്കളുടെയും അവരുടെ രണ്ടു വയസ്സ് മുതല്‍ പതിനാറ് വയസ്സുവരെ പ്രായമുള്ള കുട്ടികളെയുമാണ് ലെന്‍സ്റ്റോര്‍ റിസര്‍ച്ചിന്റെ സര്‍വ്വേ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. തങ്ങളുടെ കുട്ടികള്‍ക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന ഗവേഷകരുടെ ചോദ്യത്തിന് മാതാപിതാക്കള്‍ നല്‍കിയ മറുപടികള്‍ ഇങ്ങനെ; 59% കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നു എന്നും, 57% കുട്ടികള്‍ പരസഹായം കൂടാതെ വളരെ നന്നായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്നും വെളിപ്പെടുത്തിയപ്പോള്‍ 49% പേര്‍ മാത്രമാണ് തങ്ങളുടെ കുട്ടികള്‍ വായിക്കാനും കഥ കേള്‍ക്കാനുമൊക്കെ താല്പര്യം കാണിക്കുന്നു എന്ന് പറഞ്ഞത്. കൂടാതെ ശ്രദ്ധേയമായ മറ്റൊരു കാര്യം, രണ്ടു വയസ്സാവുന്നതിന് മുന്പ് കുട്ടികള്‍ മാതാപിതാക്കളുടെ സ്മാര്‍ട്ട് ഫോണുകളില്‍ കളിച്ച് തുടങ്ങുന്നു എന്നതാണ്. മൂന്നിലൊന്ന് കുട്ടികള്‍ ഇത് ചെയ്യുന്നുണ്ട് എന്നാല്‍ 2011 പുറത്തുവന്ന ഒരു ഗവേഷണ പ്രബന്ധത്തില്‍ പറയുന്നത് അക്കാലഘട്ടത്തില്‍ വെറും 10% കുട്ടികള്‍ മാത്രമായിരുന്നു മേല്‍പറഞ്ഞ പോലെ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചിരുന്നത് എന്നാണ്. ലോകമെങ്ങും ഒന്നിച്ച് സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ കണക്കുകള്‍ ആശങ്കാജനകമാണ്. കാരണം മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ ലോകത്തില്‍ തന്നെ മുന്‍പന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം.

സ്മാര്‍ട്ട് ഫോണില്‍ വിദഗ്ദ്ധരാകുകയും ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്നതും മാത്രമല്ല ഇത്തരം കുട്ടികള്‍ നേരിടുന്ന ആസന്നമായ പ്രശ്നം. അവരുടെ കണ്ണുകളെ സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ഉപയോഗം വളരെ ഹാനികരമായി ബാധിക്കുന്നു എന്നതാണ്. നേത്ര വിദഗ്ദ്ധര്‍ പറയുന്നതെന്തന്നാല്‍ രണ്ടു വയസ്സുമുതല്‍ നാലുവയസ്സുവരെയുള്ള കുട്ടികളുടെ കണ്ണുകള്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശരിയായി പ്രവര്‍ത്തിക്കാതെയാകും എന്നാണ്. രണ്ടു മണിക്കൂറിലേറെ ഇവയൊന്നും തുടര്‍ച്ചായി ഉപയോഗിക്കാന്‍ പാടില്ല എന്നും അവര്‍ മുന്നറിയിപ്പ് തരുന്നു. പക്ഷേ സത്യം എന്താണെന്നാല്‍ രണ്ടു മുതല്‍ നാലുവയസ്സുവരെയുള്ള കുട്ടികള്‍ ഇന്ന് സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുനാന്ത് ദിവസത്തില്‍ ചുരുങ്ങിയത് രണ്ടര മണിക്കൂറിലേറെ നേരമാണ്. പലര്‍ക്കും സ്വന്തമായി ടാബ്ലറ്റുകളും ഉണ്ട്. ഇതിലെല്ലാം സമയം കൊള്ളുന്ന കുട്ടികള്‍ ആരോഗ്യകരമായ കളികള്‍ക്കും പഠനത്തിനും ചിലവിടേണ്ട സമയമാണ് സ്മാര്‍ട്ടായി പാഴാക്കിക്കളയുന്നത്. മാത്രമല്ല ഷൂ ലെയ്സ് കെട്ടുന്നത് പോലുള്ള നിസ്സാരമായ സംഗതികള്‍ അവര്‍ക്ക് അസാധാരണമാം വിധം ബുദ്ധിമുട്ടുള്ളതാണെന്ന് തോന്നുകയും സാധാരണ കുട്ടികളെപ്പോലെ തീരുമാനങ്ങള്‍ എടുക്കാനുള്ള റിഫ്ലക്സ് നഷ്ടപ്പെടുകയും ചെയ്യും. ഇതിനെല്ലാം പുറമേ ഇരുന്നിടത്ത് നിന്നും അനങ്ങാത്തത് മൂലം ഉണ്ടാകുന്ന പൊണ്ണ്ത്തടിയടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ വേറെയും. അതിനാല്‍ നമുക്ക് തീരുമാനിക്കാം വളരെച്ചെറുപ്പത്തില്‍ തന്നെ നമ്മുടെ കുഞ്ഞുങ്ങളെ അത്രയ്ക്കങ്ങ് സ്മാര്‍ട്ട് ആക്കണോ എന്ന്.

കുട്ടിക്ക് വേണ്ട പൊട്ടും ബലൂണുകള്‍

 

എന്ത് രസമാണല്ലേ പല നിറത്തിലും രൂപത്തിലുമുള്ള ബലൂണുകള്‍ കാണാന്‍. ബലൂണ്‍ വാങ്ങുവാന്‍ വേണ്ടി ഒരിക്കലെങ്കിലും വാശി പിടിക്കാത്ത ഒരു കുട്ടി പോലുമുണ്ടാവില്ല. ആകാശത്ത് കൂടി പറന്നു നടക്കുന്ന ബലൂണുകള്‍ കുഞ്ഞുങ്ങള്‍ക്കെന്നും ഒരു കൌതുകമാണ്‌. അതുമാത്രമല്ല ആഘോഷങ്ങളുടെയെല്ലാം ഭാഗം കൂടിയാണ് ബലൂണുകള്‍. ക്രിസ്തുമസ്സിനും, പുതുവര്‍ഷത്തിലും, ബര്‍ത്ത്ഡേ പാര്‍ട്ടികളിലും, കല്യാണ വീട്ടിലുമെല്ലാം ബലൂണുകള്‍ വച്ച് അലങ്കരിക്കാറില്ലേ / ബലൂണുകള്‍ വച്ച് മത്സരങ്ങള്‍ പോലുമുണ്ട്.

കണ്ടാല്‍ മനോഹരമാണെങ്കിലും ഈ ബലൂണുകള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എത്രമാത്രം അപകടം ഉണ്ടാക്കുമെന്ന് അറിയാമോ ? ചിലപ്പോള്‍ കുഞ്ഞുങ്ങളുടെ ജീവന്‍ വരെ ഇത് അപഹരിച്ചെന്നു വരാം. വര്‍ഷം തോറും ഏകദേശം 4 വയസ്സിന് താഴെയുള്ള ഒരു ലക്ഷത്തിലേറെ കുഞ്ഞുങ്ങള്‍ കളിപ്പാട്ടങ്ങള്‍ മൂലം പരിക്കുപറ്റി ആശുപത്രികളില്‍ ചികിത്സ തേടുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇതില്‍ പത്തോളം കുഞ്ഞുങ്ങളെങ്കിലും മരണപ്പെടാറുമുണ്ട്. ഇവരില്‍ മൂന്നിലൊന്ന് ഭാഗവും മരിക്കുന്നത് ശ്വാസം മുട്ടിയാണ്. അതില്‍ തന്നെ മൂന്നിലൊരു ശതമാനം കുഞ്ഞുങ്ങള്‍ക്ക് ലാറ്റെക്സ് ബലൂണ്‍ മൂലമാണ് അപകടമുണ്ടാകുന്നത്.

എന്ത് കിട്ടിയാലും വായിലിടുന്നത് കുഞ്ഞുങ്ങളുടെ ഒരു ശീലമാണ്. പൊട്ടിയ ബലൂണ്‍ കഷ്ണങ്ങള്‍ കുഞ്ഞുങ്ങളുടെ കയ്യില്‍ കിട്ടിയാല്‍ സ്വാഭാവികമായും അവര്‍ അത് വായിലിടും. ഇത് കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ കുരുങ്ങുവാനും ശ്വാസം വിലങ്ങുവാനും കാരണമാകും. ഇത് കുഞ്ഞുങ്ങളുടെ ജീവന് അപകടമുണ്ടാക്കുന്നു. കുറച്ച് കൂടി മുതിര്‍ന്ന കുട്ടികളാണെങ്കില്‍ വീര്‍പ്പിക്കുമ്പോള്‍ അതറിയാതെ ചിലപ്പോള്‍ പൊട്ടാറുണ്ട്. വീര്‍പ്പിക്കുന്നതിനിടയില്‍ പൊട്ടുമ്പോള്‍ ബലൂണ്‍ കഷ്ണങ്ങള്‍ തൊണ്ടയില്‍ കുരുങ്ങുകയും അപകടമുണ്ടാക്കുകയും ചെയ്യുന്നു.

ബലൂണുകളില്‍ ലാറ്റെക്സ്  ബലൂണുകളാണ് ഏറ്റവും അപകടകാരികള്‍. പെട്ടെന്ന് പൊട്ടിപ്പോകാന്‍ സാധ്യതയുള്ളത് കൊണ്ടുതന്നെ ഇത് കുഞ്ഞുങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നു. എന്നാല്‍ മൈലാര്‍ ബലൂണുകള്‍ ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നില്ല. ഇവ നിര്‍മ്മിച്ചിരിക്കുന്നത് നല്ല കട്ടിയുള്ള തരം പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചാണ്. അതുകൊണ്ട് തന്നെ കട്ടി കൂടിയതും അപകട സാധ്യത കുറഞ്ഞതുമാണ്.

അപടകങ്ങള്‍ ഒഴിവാക്കാം

  • ·ലാറ്റെക്സ് ബലൂണുകള്‍ക്ക് പകരം കുഞ്ഞുങ്ങള്‍ക്ക് മൈലര്‍ ബലൂണുകള്‍ വാങ്ങി നല്‍കാം.
  • ·ലാറ്റെക്സ് ബലൂണ്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് കുഞ്ഞുങ്ങളില്‍ നിന്നും അകറ്റി വയ്ക്കുക. കുഞ്ഞുങ്ങള്‍ അതെടുത്ത് കളിക്കുവാണോ വീര്‍പ്പിക്കുവാനോ അനുവദിക്കരുത്.
  • ·കുട്ടികള്‍ ബലൂണുപയോഗിച്ച് കളിക്കുമ്പോള്‍ ശ്രദ്ധിക്കുക.
  • ·ബലൂണ്‍ പൊട്ടിയാല്‍ അതിന്റെ കഷ്ണങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്യുക. ഈ കഷ്ണങ്ങള്‍ കുഞ്ഞുങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ അവര്‍ അതെടുത്ത് വായിലിടാന്‍ സാധ്യതയുണ്ട്.
  • ·ബലൂണ്‍ മാത്രമല്ല മറ്റു പല പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും കുട്ടികള്‍ക്ക് അപകടമുണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ പൊട്ടിയ കളിപ്പാട്ടങ്ങളും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളുമെല്ലാം കുട്ടികള്‍ കൈക്കലാക്കുന്നതിന് മുന്നേ നീക്കം ചെയ്തിരിക്കണം.

സ്കൂളില്‍ പോകാം മിടുക്കരായി

സ്കൂളില്‍ എന്തൊക്കെയാ അമ്മെ പഠിപ്പിക്കാ ? എനിക്കവിടെ കളിക്കാന്‍ കൂട്ടുകാരുണ്ടാവുമോ ? ടീച്ചര്‍ തല്ലുമോ ? സ്കൂളില്‍ പോവാന്‍ തുടങ്ങുന്ന വിക്രുതികളുടെയൊക്കെ സ്ഥിരം സംശയങ്ങളാണിത്. അച്ഛന്മാരും അമ്മമാരും ഒരു നൂറ് തവണ ഇതിനൊക്കെ ഉത്തരം കൊടുത്താലും പിന്നെയും ചോദ്യങ്ങള്‍ വന്നുകൊണ്ടേയിരിക്കും. കുറുമ്പന്‍മാരായ ചേട്ടന്മാരും ചേച്ചിമാരും പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ടെങ്കില്‍ പിന്നെ അതുമതി. ചിലപ്പോ എനിക്ക് സ്കൂളില്‍ പോണ്ടാന്നു വരെ പറഞ്ഞു കലയും ചില വിരുതന്മാര്‍.

ഇനിയിപ്പൊ സ്കൂളില്‍ പോയിത്തുടങ്ങിയ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കുമാണെങ്കിലോ രണ്ടു മാസത്തെ വൈകി എഴുനേല്‍ക്കലിന്റെയും, ദിവസം മുഴുവനുമുള്ള കളികളുടേയും, ടൂറിന്റെയും ഒക്കെ രസം നഷ്ടപ്പെടുന്നതിന്റെ വിഷമവും. സ്കൂളിലെ കൂട്ടുകാരെയൊക്കെ വീണ്ടും കാണാന്‍ പറ്റുമല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്ളിലൊരു ചെറിയ സന്തോഷം ഇല്ലാതില്ല. പുതിയ യൂണിഫോമും, കുടയും, ചെരിപ്പും, ബാഗുമൊക്കെ കൂട്ടുകാരെ കാണിക്കാമല്ലോ. മാത്രമല്ല അവധിക്കാലത്തെ വിശേഷങ്ങള്‍ നിറയെ പങ്കു വയ്ക്കാനുമുണ്ടാകും കൂട്ടുകാരോട്. ടൂര്‍ പോയ കഥ, നീന്തല്‍ പഠിച്ച കഥ തുടങ്ങി നൂറുകൂട്ടം വിശേഷങ്ങള്‍.

ഇതില്‍ സ്കൂളിലെ തുടക്കക്കാരാണ് അച്ഛനമ്മമാര്‍ക്ക് കുറച്ചുകൂടി ഭീഷിണി. അവരെ സ്കൂളില്‍ പറഞ്ഞയക്കാന്‍ മിക്ക അച്ഛനമ്മമാര്‍ക്കും പഠിച്ച പണി പതിനെട്ടും പയറ്റേണ്ടി വരും. അതുകൊണ്ട് സ്കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ അതിനുള ഒരുക്കങ്ങള്‍ തുടങ്ങണം.

ഒരുക്കാം സ്കൂളിലേക്കായി

കുട്ടികള്‍ക്ക് ഏറ്റവും മടിയുള്ള കാര്യം രാവിലെ എഴുനേല്‍ക്കലാണ്.എത്രയൊക്കെയാണെങ്കിലും രാവിലെ നല്ല മഴയത്ത് എല്ലാവര്ക്കും എണീക്കാന്‍ നല്ല മടിയായിരിക്കുമല്ലോ. സ്കൂളില്‍ പോവാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ അവരെ നേരത്തേ എഴുനേല്‍ക്കാനും നേരത്തേ ഉറങ്ങാനും ശീലിപ്പിക്കണം. വൈകി എഴുനേല്‍ക്കുമ്പോഴുണ്ടാകുന്ന തിരക്കുകളും ഇതിലൂടെ പരിഹരിക്കാം. സ്കൂളില്‍ പോകുന്നതിന് മുമ്പ് തന്നെ അതിന്റെ നല്ല വശങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുക. നിങ്ങള്‍ സ്കൂളില്‍ പോയിരുന്നപ്പോള്‍ ഉണ്ടായിട്ടുള്ള രസകരമായ അനുഭവങ്ങളെ കുറിച്ചും സ്കൂളിലെ നല്ല സൗഹൃദങ്ങളെ കുറിച്ചുമൊക്കെ കുട്ടികളോട് രസരകമായി അവതരിപ്പിക്കുക. പുതിയ കൂട്ടുകാരും ടീച്ചറും കളിപ്പാട്ടങ്ങളും പ്ലേ ഗ്രൌണ്ടുമെല്ലാം ഭാവനയില്‍ വരുമ്പോള്‍ കുട്ടികള്‍ക്കും സ്കൂളില്‍ പോകാന്‍ ഉത്സാഹമാകും.

കുട്ടികളുടെ സ്കൂളിലെ ആദ്യ ദിനമാണ് എല്ലാ മാതാപിതാക്കളുടെയും പ്രധാന ടെന്‍ഷന്‍. മിക്ക മിടുക്കന്മാരും മിടുക്കികളും വില്ലന്മാരാകുന്നത് അന്നാണ്. കരഞ്ഞ് വശം കെടുത്തി കലയും അവര്‍ അന്ന്. അച്ഛന്റേയും അമ്മയുടേയും അടുത്ത് നിന്ന് ആദ്യമായിട്ട് മാറി നില്‍ക്കുന്നതിന്റെ പ്രശ്നമാണത്. ആദ്യ ദിവസം കുട്ടികളെ അവിടെ തനിച്ചാക്കി പെട്ടെന്ന് പോരാതെ അവരുടെ കൂടെ കുറച്ച് സമയം സ്കൂളില്‍ ചിലവഴിക്കുക. മറ്റുള്ള കുട്ടികളുമായി അവര്‍ക്ക് പരിചയപ്പെടാനും കൂട്ടുകൂടുവാനും സമയം നല്‍കുക. അവരുടെ പുതിയ അന്തരീക്ഷവുമായുള്ള അപരിചിതത്വം മാറിക്കഴിഞ്ഞാല്‍ ആദ്യ ദിനം ഏറ്റവും സന്തോഷമുള്ള ദിവസമാക്കി മാറ്റം. പുതിയ കൂട്ടുകാരെയൊക്കെ കിട്ടുമ്പോള്‍ അടുത്ത ദിവസങ്ങളിലും അവര്‍ സ്കൂളില്‍ പോകാന്‍ മടിയൊന്നും കാണിക്കില്ല.

പുതിയ ബാഗും കുടയും വാട്ടര്‍ബോട്ടിലുമൊക്കെ വാങ്ങുമ്പോള്‍ അവരുടെയിഷ്ടത്തിന് പ്രാധാന്യം നല്‍കണം. അവരുടെ ഇഷ്ടപ്പെട്ട ബാഗും കുടയുമൊക്കെയായി സ്കൂളില്‍ പോകുന്നത് അവര്‍ക്കും സന്തോഷമുള്ള കാര്യം തന്നെ. ടീച്ചര്‍മാരാണ് കുട്ടികളുടെ മറ്റൊരു പേടി സ്വപ്നം. ഇത്തിരി വികൃതികളായ ചേട്ടന്മാരും ചേച്ചിമാരുമുണ്ടെങ്കില്‍ കുട്ടികളെ നന്നായി പറഞ്ഞ് പേടിപ്പിച്ചിട്ടുമുണ്ടാകും. അതുകൊണ്ട് ടീച്ചര്‍മാരെ പറ്റി കുട്ടികളോട് മോശമായി സംസാരിക്കതിരിക്കുക. അവര്‍ നാലാള്‍ സുഹൃത്തുക്കളാണെന്നും അവരെ പേടിക്കേണ്ട ആവശ്യമില്ലെന്നും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുക.

ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും

ഇനിയിപ്പൊ സ്കൂളില്‍ പോകാന്‍ തുടങ്ങിയ കുസൃതികളാണെങ്കിലോ വെക്കേഷന്‍ കഴിയാനാവുമ്പോഴേക്കും ചെറിയൊരു വിഷമമോക്കെയുണ്ടാകും. സ്കൊള്ളില്‍ പോകാന്‍ തുടങ്ങിയാല്‍ പിന്നെ ഇങ്ങനെ കളിച്ച് നടക്കാന്‍ പറ്റില്ലല്ലോ. സ്കൂളിലെ കൂട്ടുകാരനോട് രണ്ടുമാസത്തെ വിശേഷങ്ങളും പറയാനുണ്ടാവും ഒരുപാട്. അവരേയും സ്കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ നേരത്തേ എഴുനേല്‍ക്കാന്‍ ശീലിപ്പിക്കണം.

കുട്ടികള്‍ക്ക് ചില ടീച്ചര്‍മാര്‍ രണ്ടുമാസത്തെ ഡയറിയൊക്കെ എഴുതാന്‍ കൊടുത്തിട്ടുണ്ടാവും. ഇല്ലെങ്കില്‍ തന്നെ കുട്ടികള്‍ രണ്ടുമാസത്തെ അവരുടെ ദിവസങ്ങളെ പറ്റി ഒരു ഡയറി ഉണ്ടാക്കുന്നത് നല്ലതായിരിക്കും. ഓരോ ദിവസങ്ങളും എങ്ങനെയൊക്കെയാണ് ചിലവഴിച്ചതെന്ന് ഓരോ കുട്ടികളും ക്ലാസ്സില്‍ ഒരവലോകനം നടത്തുന്നത് നല്ലൊരു അനുഭവമായിരിക്കും. വെക്കേഷന്‍ തുടങ്ങിയാല്‍ പിന്നെ കുട്ടികള്‍ ബാഗും പുസ്തകവുമെല്ലാം എവിടെയെങ്കിലും ഇട്ടിട്ട് ഒരു പോക്കാണ്. പിന്നെ സ്കൂള്‍ തുറക്കുന്ന ദിവസം രാവിലെയായിരിക്കും ഇതെല്ലാം നോക്കുന്നത്. എന്നാലും എല്ലാം ഒന്നും കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സ്കൂള്‍ തുറക്കുന്നതിന് രണ്ടു ദിവസം മുമ്പ് തന്നെ ആവശ്യമുള്ള എല്ലാ സാധനങ്ങളും എടുത്ത് വയ്ക്കുക.അവരുടെ യൂണിഫോമും ടിഫിനും വാട്ടര്‍ ബോട്ടിലുമൊക്കെ നേരത്തേ വൃത്തിയാക്കി വയ്ക്കുവാന്‍ അച്ഛനമ്മമാരും ശ്രദ്ധിക്കേണ്ടത്.

സ്കൂള്‍ തുറക്കുന്നതിനൊപ്പം മഴക്കാലവും എത്തുകയാണ്. മഴക്കോട്ടും കുടയുമെല്ലാം നേരത്തേ തന്നെ കുട്ടികളുടെ ബാഗില്‍ സൂക്ഷിക്കണം. നനഞ്ഞ കുടവയ്ക്കാന്‍ പ്ലാസ്റ്റിക് കവറോ മറ്റെന്തെങ്കിലുമോ ബാഗില്‍ വയ്ക്കണം. നനഞ്ഞ കുട ഇതില്‍ മാത്രമേ ഇടാവൂ എന്ന് കുട്ടികളോട് പറയണം. അല്ലെങ്കില്‍ പുസ്തകങ്ങളടക്കം നനയാന്‍ വഴിയുണ്ട്. ലഞ്ച് ബോക്സും, വാട്ടര്‍ ബോട്ടിലും ഇടുവാന്‍ ലഞ്ച് കിറ്റ് വാങ്ങുവാനും മറക്കരുത്.

സ്കൂളിലെ ഓരോ ദിനങ്ങളും അവര്‍ക്ക് പ്രിയപ്പെട്ടതാക്കുവാന്‍ നമ്മള്‍ കൂടി ശ്രദ്ധിക്കണം. സ്കൂളിലെ അവരുടെ വിശേഷങ്ങള്‍ കേള്‍ക്കുവാന്‍, ഹോം വര്‍ക്ക് ചെയ്യുമ്പോള്‍ സഹായിക്കാന്‍ എല്ലാം സമയം കണ്ടെത്തണം. കൂട്ടുകാരും, കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും പഠനവും കളികളുമൊക്കെയായി അവധിക്കാലം പോലെ തന്നെ ആഘോഷമാക്കണം പഠനകാലവും.

കടപ്പാട്-http://www.ourkidsindia.com

അവസാനം പരിഷ്കരിച്ചത് : 4/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate