കുഞ്ഞുങ്ങളെ ശാസിക്കും മുമ്പ് ഒന്നറിയുക. അവര്‍ക്കും ചില കാര്യങ്ങള്‍ നമ്മോട് പറയാനുണ്ട്...ഞാന്‍ ചോദിക്കുന്നതൊക്കെ വാങ്ങിത്തരണ്ട. അങ്ങനെ ചെയ്താല്‍ ഞാന്‍ ജീവിതത്തില്‍ ഒരു നിരാശയും നേരിടാന്‍ ശക്തി നേടില്ല. ഞാന്‍ ചിലപ്പോള്‍ വാശിപിടിക്കും. ചിലപ്പോള്‍ തറയില്‍ കിടന്ന് ഉരുണ്ട് ബഹളം വെക്കും. പക്ഷേ, നിങ്ങള്‍ക്കറിയാം എനിക്ക് തരണമോ വേണ്ടയോ എന്ന്. ഞാന്‍ നിര്‍ബന്ധം പിടിക്കുന്നതിന് എല്ലാം വഴങ്ങണ്ട.
നിങ്ങള്‍ ചിലപ്പോള്‍ പറയുന്നതല്ല പിന്നീട് പറയുന്നത്. ഇത് എനിക്ക് ഭയങ്കര കണ്‍ഫ്യൂഷനുണ്ടാക്കുന്നു. ദയവു ചെയ്ത് നിങ്ങളുടെ അഭിപ്രായം മാറ്റിക്കൊണ്ടേ ഇരിക്കാതിരിക്കുക. ഏതെങ്കിലും ഒരു വിഷയത്തില്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ പിടിച്ചുനില്‍ക്കുക.
എന്നെ എപ്പോഴും ശാസിക്കാതിരിക്കുക. സാധാരണ ഗതിയില്‍ പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും. എനിക്ക് നല്ലവണ്ണം മനസ്സിലാകും. എപ്പോള്‍ ശാസിക്കണമെന്ന് നിങ്ങള്‍തന്നെ തീരുമാനിക്കുക.
നിങ്ങള്‍ എനിക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ അത് പാലിക്കുക. അതുപോലെ ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ ദയവു ചെയ്ത് തിരുത്തുക. അല്ലെങ്കില്‍ ഞാന്‍ വിചാരിക്കും തെറ്റു ചെയ്താല്‍ ഒന്നും ചെയ്യില്ല. അത് ആവര്‍ത്തിക്കാം എന്ന്.
എന്നെ മറ്റുള്ള കുട്ടികളുടെ കൂടെ താരതമ്യം ചെയ്യാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ എനിക്ക് ഭയങ്കര വേദനയാണെന്നും എന്റെ ആത്മവിശ്വാസം തകരുമെന്നും മനസ്സിലാക്കുക. ഓരോ കുട്ടിക്കും പലതരം കഴിവുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലേ? ഞാന്‍ മണ്ടനാണെന്ന് മറ്റുള്ളവരുടെ മുന്നില്‍ തെളിയിക്കേണ്ട ആവശ്യമുണ്ടോ?
ഞാന്‍ വളര്‍ന്നുവരുമ്പോള്‍ എനിക്കുവേണ്ടി എല്ലാ ചെറിയ ചെറിയ കാര്യങ്ങളും നിങ്ങള്‍തന്നെ ചെയ്യാതിരിക്കുക. അല്ലെങ്കില്‍ അമ്മേ ഏത് ഡ്രസ്സാണ് ഇന്ന് ഇടേണ്ടത് എന്നു ദിവസവും ഞാന്‍ ചോദിക്കേണ്ടിവരും.
എന്റെ കൂട്ടുകാരുടെ മുന്നില്‍വെച്ച് എന്റെ തെറ്റ് ചൂണ്ടിക്കാണിക്കാതിരിക്കുക. എന്നില്‍ ഒരു കുറ്റബോധവും വികാരവ്രണവും എന്തിന് സൃഷ്ടിക്കുന്നു? എന്റെ തെറ്റു തിരുത്താന്‍ എന്നെ പഠിപ്പിക്കുക, മറ്റുള്ളവരുടെ മുന്നില്‍വെച്ചല്ല ഞാന്‍ തനിച്ചിരിക്കുമ്പോള്‍. എല്ലാവരുടെയും മുന്നില്‍വെച്ച് നിങ്ങളെന്നെ നിന്ദിക്കുമ്പോള്‍ മറ്റുള്ള കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ ഒരു അവസരം നിങ്ങളായിട്ട് എന്തിനു നല്‍കണം?
തെറ്റു ചെയ്യാതെ ആരും പഠിച്ചിട്ടില്ല; നിങ്ങള്‍ ഉള്‍പ്പെടെ. പിന്നെ എന്തിന് നിങ്ങളുടെ രക്തസമ്മര്‍ദം കൂട്ടുന്നു. ഉച്ചത്തില്‍ വഴക്ക് പറയുന്നു. എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ വേറെ വഴിയില്ലേ? നിങ്ങള്‍ ഒച്ചയെടുത്താല്‍ ഞാന്‍ വിചാരിക്കും അങ്ങനെ എനിക്കും സംസാരിക്കാം, ഒരു തെറ്റുമില്ലെന്ന്. നിങ്ങള്‍ ചെയ്യുന്നത് ഞാന്‍ ആവര്‍ത്തിച്ചാല്‍ തെറ്റുണ്ടോ? എനിക്ക് ഒച്ചയെടുക്കുന്നത് ഇഷ്ടമല്ല. പതുക്കെ സംസാരിക്കുന്നതും മനസ്സിലാക്കിത്തരുന്നതുമാണ് ഇഷ്ടം.
എന്റെ മുന്നില്‍ മറ്റുള്ളവരോട് കള്ളം പറയാതിരിക്കുക. ഫോണില്‍ നിങ്ങളെ മറ്റുള്ളവര്‍ വിളിച്ചാല്‍ 'അച്ഛനില്ല, പുറത്തുപോയി' എന്ന് എന്നെക്കൊണ്ട് പറയിക്കാതിരിക്കുക. ഞാന്‍ നിങ്ങളെപ്പറ്റി എന്റെ മനസ്സില്‍ സ്ഥാപിച്ചിരിക്കുന്ന ബഹുമാനവും വിശ്വാസവും കുറയ്ക്കാന്‍ നിങ്ങള്‍ തന്നെ ഇടയാക്കരുത്.
ചിലപ്പോള്‍ സ്‌കൂളില്‍ പോകാതിരിക്കാനോ നിങ്ങളുടെ കൂടെ വെളിയില്‍ വരാനോ ചില അടവുകള്‍ ഞാന്‍ പ്രയോഗിക്കുന്നത് നിങ്ങളില്‍ നിന്നുതന്നെ പഠിച്ചിട്ടാണ്. നിങ്ങള്‍ ഓഫീസില്‍ 'വയറുവേദന', 'പനി' എന്നു കാരണം പറഞ്ഞ് വീട്ടില്‍ ക്രിക്കറ്റ് ഫൈനല്‍ കണ്ടിരിക്കുമ്പോള്‍ നിങ്ങളെന്നെ പഠിപ്പിക്കുന്നത് ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ എനിക്കും ചെയ്യാമെന്നാണ്.
നിങ്ങള്‍ ചിലപ്പോള്‍ തെറ്റു ചെയ്യുമ്പോള്‍ അത് അംഗീകരിച്ച് മാപ്പ് പറയുക. കുട്ടികളോട് മാപ്പ് പറയുന്നത് തെറ്റല്ല. പിന്നെ ഞങ്ങള്‍ തെറ്റു ചെയ്യുമ്പോള്‍ ഓടിവന്ന് ഞങ്ങളും കുറ്റം സമ്മതിക്കും.
ഞങ്ങള്‍ കുട്ടികള്‍ ചില കുസൃതികള്‍ കാണിക്കും. അത് നിങ്ങള്‍ ദയവായി സഹിക്കണം. ഉടനെ ചാടിക്കേറരുത്. അല്പം കുസൃതിയില്ലെങ്കില്‍ കുട്ടികള്‍ക്കും വലിയവര്‍ക്കും എന്താണ് വ്യത്യാസം?
15-16 വയസ്സാകുമ്പോള്‍ ഒരു നല്ല തോഴനെ പോലെ എനിക്ക് എല്ലാം പറഞ്ഞുതരിക. തെറ്റായ വഴിയില്‍നിന്ന് ഞാന്‍ നല്ല മാര്‍ഗത്തില്‍ പോകാന്‍ ഇത് സഹായിക്കും. ഞാന്‍ എന്റെ കാര്യങ്ങളെല്ലാം നിങ്ങളോട് തുറന്നു പറയാന്‍ മടിക്കില്ല. എനിക്ക് പ്രായം കുറവായതുകൊണ്ട് എപ്പോഴും ഒരു കൊച്ചുകുട്ടിയെപ്പോലെ പെരുമാറണോ? സ്‌നേഹവും കൂട്ടുകെട്ടും എനിക്കിഷ്ടമാണ്.
നിങ്ങള്‍ എന്റെ മുന്നില്‍ വഴക്കുണ്ടാക്കാതിരിക്കുക. ഞാന്‍ ഉറങ്ങിയിട്ടാവാം വഴക്ക്. എന്നെ സമാധാനമായിട്ടും ടെന്‍ഷനില്ലാതെയും ജീവിക്കാന്‍ അനുവദിക്കുക. എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഇതിനിടയില്‍ നിങ്ങള്‍ തമ്മില്‍ ഒരു വഴക്ക്, എനിക്ക് വയ്യ.
എപ്പോഴും എല്ലാത്തിലും ഒന്നാമനാകണമെന്ന് എന്നോടു കൂടെക്കൂടെ പറയാതിരിക്കുക. എല്ലാ കുട്ടികളും ഒരു ഓട്ടപ്പന്തയത്തില്‍ ഒന്നാമനാകാന്‍ പറ്റുമോ? ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് എന്നെ പഠിപ്പിക്കുക. എന്റെ കഴിവ് പരമാവധി ഉപയോഗിക്കുവാന്‍ പഠിപ്പിക്കുക. ജീവിതത്തില്‍ ജയപരാജയങ്ങള്‍ ഉണ്ടാകുമെന്ന് പഠിപ്പിക്കുക. അല്ലെങ്കില്‍ എപ്പോഴെങ്കിലും തോറ്റാല്‍ എന്നില്‍ കുറ്റബോധവും നിരാശയും പതിന്മടങ്ങാകും.
എസ്.ശിവരാമകൃഷ്ണന്‍
എച്ച്.ആര്‍.ഡി. ജനറല്‍ മാനേജര്‍, അമൃത ആസ്പത്രി, കൊച്ചി
ഡോ.പി.സവിത
കളിച്ചുതിമിര്‍ക്കുന്നതിനിടയിലാണ് കുസൃതിക്കുടുക്ക കരഞ്ഞുകൊണ്ട് ഓടിയെത്തുക. അത് കാണുമ്പോള്‍ അമ്മക്കും പേടിയാവും. ചെന്ന് നോക്കുമ്പോഴോ വല്ല പാറ്റയേയോ കൂറയോയോ ഒക്കെ കണ്ടിട്ടാവും കുഞ്ഞിന്റെ കരച്ചില്‍. ചില കുഞ്ഞുങ്ങള്‍ ദിവസം പലവട്ടം ഇങ്ങനെ പേടിച്ച് കരയുന്നവരുണ്ട്. ഈയൊരു സ്വഭാവം തുടരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അമിതഭയം അഥവാ ഫോബിയ എന്ന അസുഖത്തിന്റെ തുടക്കമാവാമിത്.
കുട്ടികളില്‍ കാണുന്ന മാനസിക വൈകല്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫോബിയ. അടിസ്ഥാനരഹിതവും അകാരണവുമായ അമിതഭയം ഏതെങ്കിലും വസ്തുവിനോടാവാം, ചില സാഹചര്യങ്ങളോടാവാം. പാറ്റ, എട്ടുകാലി, അട്ട, പുഴു എന്നിവയെക്കണ്ടാല്‍ പേടിച്ച് കരയുന്ന കുട്ടികളുണ്ട്. മഴ,കാറ്റ്,മിന്നല്‍, ഇടിമുഴക്കം എന്നിവയെ ഭയക്കും മറ്റുചിലര്‍. തുരങ്കം,പാലം, ഉയര്‍ന്ന സ്ഥലം, അടഞ്ഞുകിടക്കുന്ന മുറി എന്നിവയെ പേടിക്കുന്നവരുമുണ്ട്. ആള്‍ക്കൂട്ടത്തെ, ശബ്ദത്തെ, സ്‌കൂളിനെ...... അങ്ങനെ ഭയമുണ്ടാക്കുന്ന സാഹചര്യങ്ങളുടെ പട്ടിക നീണ്ടതാണ്.
ചിത്തഭ്രമം, വ്യക്തിത്വ വൈകല്യങ്ങള്‍ (പേഴ്‌സാണാലിറ്റി ഡിസോര്‍ഡര്‍) എന്നിവയുള്ള കുട്ടികള്‍ക്ക് ഫോബിയ ഉണ്ടാവാം. എന്നാല്‍ വീട്ടില്‍ ഒരപരിചിതന്‍ വന്നാല്‍ പേടിച്ച് അകത്തേക്കോടുന്ന കുട്ടികളുണ്ട്. അതെല്ലാം ഫോബിയ ആവണമെന്നില്ല. അമിതഭയം എന്ന അസുഖമാണെങ്കില്‍ വിറളിപിടിച്ച പോലെ കുഞ്ഞ് ഓടിയൊളിക്കും. അത്തരം കുട്ടികളുടെ കണ്ണുകള്‍ മിഴിഞ്ഞിരിക്കാറുണ്ട്. മൂന്നുവയസ്സുമുതല്‍ കുട്ടികളില്‍ ഫോബിയ കാണാറുണ്ട്.
ഫോബിയ അങ്ങനെ പ്രശ്‌നമുണ്ടാക്കുന്ന അസുഖമൊന്നുമല്ല. പക്ഷേ നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഇത് ഭാവിയില്‍ ദൈനംദിന ജീവിതത്തെത്തന്നെ താറുമാറാക്കാം. സ്‌കൂള്‍ ഫോബിയ ഉള്ള കുട്ടിയാണെങ്കില്‍ ആ കുട്ടിയുടെ വിദ്യാഭ്യാസം തന്നെ അവതാളത്തിലാവാം. അടഞ്ഞ സ്ഥലത്തെ ഭയക്കുന്ന കുട്ടിയാണെങ്കില്‍ വാഹനയാത്രതന്നെ അസാധ്യമാവാം. കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാന്‍ അമ്മമാര്‍ പറയുന്നൊരു ചൊല്ലുണ്ട്. ദാ പൂച്ച വരും വേഗം കഴിച്ചോയെന്ന്. ഇതുപോലും കുട്ടികളില്‍ അകാരണമായ ഭയമുണ്ടാക്കുകയും ഭാവിയില്‍ ഫോബിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം.
മരുന്നില്ലാതെ ചികിത്സ
അമിതഭയം എന്ന അസുഖം മരുന്നുകൊണ്ട് മാറ്റാനാവില്ല. പടിപടിയായി പേടിമാറ്റിയെടുക്കാനാണ് ശ്രമിക്കേണ്ടത്. ഫോബിയ ഉണ്ടെന്ന് സംശയിച്ചാല്‍ മാനസികരോഗ വിദഗ്ധന്റെ നിര്‍ദേശങ്ങള്‍ തേടാം. കൗണ്‍സലിങ്ങാണ് പ്രധാനചികിത്സ. തുടര്‍ച്ചയായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയാല്‍ മതി. പാറ്റയെയാണ് പേടിയെങ്കില്‍ പാറ്റ ഒന്നും ചെയ്യില്ലെന്ന് കുഞ്ഞിനെ ബോധ്യപ്പെടുത്തണം.
അമിതഭയമുള്ള കുട്ടികളെ ശ്രദ്ധിക്കണം. അവര്‍ക്ക് ഏതൊക്കെ സാഹചര്യങ്ങളാണ് ഭയമുണ്ടാക്കുന്നതെന്ന് കണ്ടെത്താം. എന്നിട്ട് പേടിമാറ്റിയെടുക്കാന്‍ ശ്രമിക്കണം. പലപ്പോഴും ഇത്തരം ചികിത്സ നടത്താന്‍ അമ്മമാര്‍ക്ക് തന്നെ കഴിയും. അത് കൂടുതല്‍ ഫലപ്രദവുമാണ്. പാറ്റയെ ഭയക്കുന്ന കുട്ടിയെ ആദ്യംദൂരെ നിന്ന് അതിനെ കാണിക്കാം. പിന്നെ കുറച്ചുകൂടെ അടുത്തുനിന്ന്. ദിവസങ്ങള്‍ക്കകം അതിനെ നമ്മുടെ കൈയില്‍വെച്ച് പരിചയപ്പെടുത്താം. ഒടുവില്‍ പാറ്റയെ ഒന്ന് തൊട്ടുനോക്കാമെന്ന അവസ്ഥയിലെത്തും. ഇങ്ങനെ ഓരോന്നിനോടുമുള്ള അമിതഭയം മാറ്റിയെടുക്കാം. പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കാന്‍ കുഞ്ഞിനെ പരിശീലിപ്പിക്കുന്നതാണ് ഏറെ നല്ലത്.
മഴക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് വരുന്ന രോഗങ്ങള്‍ ചെറുക്കാന്‍ പല വഴികളുണ്ട്..
കുഞ്ഞുങ്ങള്‍ക്ക് അസുഖം വന്നാല്‍ വള്ളുവനാട്ടിലൊരു ചൊല്ലുണ്ട്, 'ദൈവംപാതി, നായര് പാതി' എന്നാണ് ഇവിടെയുള്ളവര്‍ പറയുക. രോഗങ്ങള്‍ ചാത്തര്‌നായര് വൈദ്യന്മാര്‍ ഭേദമാക്കുന്നു എന്നാണ് നൂറ്റാണ്ടുകളായുള്ള വിശ്വാസം. ഇതുതന്നെയാണ് ചികിത്സയിലെ വിജയരഹസ്യമെന്ന് 60 വര്‍ഷമായി ബാലചികിത്സാ രംഗത്തുള്ള ചാത്തര് നായര് സ്മാരക വൈദ്യശാലയിലെ ചീഫ് ഫിസിഷ്യന്‍ എം. ഗംഗാധരന്‍ വൈദ്യര്‍ പറയുന്നു.
''ഗര്‍ഭിണികളുടെ ആഹാരവും മരുന്നുമാണ് കുഞ്ഞിന്റെ ആരോഗ്യം നിര്‍ണയിക്കുന്നത്. ഈ രണ്ടുകാര്യങ്ങളിലുമുള്ള അമ്മയുടെ കരുതല്‍ ഭാവിയില്‍ കുഞ്ഞുങ്ങള്‍ക്ക് രോഗം വരാതിരിക്കാന്‍ സഹായിക്കും''- ഗംഗാധരന്‍ വൈദ്യര്‍ നിര്‍ദ്ദേശിക്കുന്നു. ഗര്‍ഭിണികള്‍ പഥ്യാഹാരം ശീലിക്കണം. തീക്ഷ്ണവും ഉഷ്ണവുമായ ഭക്ഷണങ്ങള്‍ (എരിവുള്ളതും ചൂടുള്ളതും) പാടില്ല. ഇറച്ചിയും മുട്ടയും മീനുമൊന്നും അധികം കഴിച്ചില്ലെങ്കിലും പ്രശ്‌നമില്ല. ഇലക്കറികള്‍ പ്രത്യേകിച്ച് ചീര ധാരാളമായി ഭക്ഷണത്തിലുള്‍പ്പെടുത്തണം.
പാല്‍ കുടിക്കുന്നത് ശീലമാക്കാം. കുറുന്തോട്ടി വേരിട്ട് തിളപ്പിച്ച പാല്‍ ഗര്‍ഭകാലത്ത് നല്ലതാണ്. മഹാകല്യാണഘൃതം, മഞ്ചിഷ്ടാദിഘൃതം എന്നിവയും കഴിക്കണം. മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭം അലസിപ്പോകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈ മരുന്നുകള്‍ സഹായിക്കും. മഹാകല്യാണഘൃതം കഴിക്കുന്നത് കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിവൈകല്യങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. ഗര്‍ഭിണികളുള്ള വീട്ടിലെ അന്തരീക്ഷം ശാന്തമാവണമെന്ന് ആചാര്യന്മാര്‍ നിര്‍ദേശിക്കുന്നുണ്ട്. ഗര്‍ഭിണികളെ എപ്പോഴും സന്തോഷിപ്പിക്കണം. അവരോട് നല്ല വാക്കുകള്‍ പറയണം. ദുഃഖവാര്‍ത്തകളൊന്നും അറിയിക്കരുത്.
ജനിച്ച ഉടന്‍ ചികിത്സ
കുഞ്ഞ് ജനിച്ച ഉടന്‍ പ്രതിരോധ ചികിത്സ തുടങ്ങണമെന്ന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. നിലംപരണ്ട നീരില്‍ വയമ്പ് അരച്ച് മൂന്നു തുള്ളി കുഞ്ഞിന്റെ മൂര്‍ധാവില്‍ ഉറ്റിക്കുക. ഇത് മൂന്നു ദിവസം തുടരണം. പ്രസവക്ലേശത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇതുവഴി പരിഹരിക്കാം. അതേപോലെ വാത-പിത്ത-കഫ ദോഷങ്ങളും അകറ്റിനിര്‍ത്തും. നവജാതശിശുവിനെ കുളിപ്പിക്കാന്‍ തുടങ്ങുന്ന സമയത്ത് തേന്‍, നെയ്യ്, സ്വര്‍ണം എന്നിവ നെല്ലിക്കയിലരച്ചുപുരട്ടുന്നത് പേശികള്‍ക്ക് കരുത്തുണ്ടാക്കാന്‍ സഹായിക്കും. സ്വര്‍ണധാതു ശരീരത്തിലെത്തുന്നത് സെറിബ്രല്‍ പാള്‍സിപോലുള്ള രോഗങ്ങളെ തടഞ്ഞുനിര്‍ത്തും.
ബുദ്ധിവൈകൃതങ്ങള്‍, അപസ്മാരപ്രശ്‌നങ്ങള്‍ എന്നിവ വരാതിരിക്കാനും മരുന്നുണ്ട്. വയമ്പ്, രുദ്രാക്ഷം, ചിറ്റേരി എന്നിവ അരച്ച് നെല്ലിക്ക നീരില്‍ കൊടുത്താല്‍ മതി. ബുദ്ധി വളര്‍ച്ചയ്ക്ക് ബ്രഹ്മീഘൃതം, സാരസ്വതം നെയ്യ് എന്നിവ നല്ലതാണ്. സാരസ്വതം നെയ്യ് ദിവസവും നല്‍കുന്നത് കാന്തി, ആയുര്‍ബലം, വിശപ്പ്, ഓര്‍മശക്തി എന്നിവ വര്‍ധിപ്പിക്കും
മഴക്കാലം രോഗകാലം
മഴക്കാലത്ത് കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ ഏറെ ശ്രദ്ധ വേണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കണം. ഇറച്ചി, മീന്‍ ഉപയോഗം കുറയ്ക്കുക. സൂപ്പുകള്‍ കഴിക്കാം. ആട് സൂപ്പ്, കോഴിസൂപ്പ് എന്നിവയൊക്കെ നല്ലതാണ്. പക്ഷേ, അളവ് കുറച്ചുമതി. ദിവസം രണ്ടു സ്പൂണ്‍ വീതം സൂപ്പ് കൊടുക്കാം.
തുളസിയിലയിട്ട വെള്ളംകൊണ്ട് ആവിപിടിച്ചാല്‍ വര്‍ഷകാലത്തെ പല രോഗങ്ങളും അകറ്റിനിര്‍ത്താം. ഒരു സ്പൂണ്‍ തുളസിനീര് ദിവസം രണ്ടുനേരം കൊടുക്കുന്നതും നല്ലതാണ്. അല്പം മുതിര്‍ന്ന കുട്ടികള്‍ക്ക് നവരയരികൊണ്ട് കഞ്ഞിവെച്ചുകൊടുക്കാം. രോഗങ്ങള്‍ വരാതിരിക്കാന്‍ ഇതുമൊരു മുന്‍കരുതലാണ്.
രോഗം വന്നാല്‍
മഴക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് വരുന്ന മിക്ക രോഗങ്ങള്‍ക്കും വീട്ടില്‍ത്തന്നെ ചികിത്സയുണ്ട്.
പനി: പനി വന്നാല്‍ ഷഡാംഗം കഷായം കൊടുക്കാം. ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം എന്നിവയിട്ടാണ് കഷായം തയ്യാറാക്കേണ്ടത്. ഈ മരുന്നുകള്‍ ഇട്ട് തിളപ്പിച്ച വെള്ളം ധാരാളം കുടിച്ചാലും മതി. ഒരു തുടം മരുന്നിന് നാല് നാഴി വെള്ളമൊഴിച്ച് തിളപ്പിക്കണം. തുളസിനീരില്‍ തേന്‍ ചേര്‍ത്തുകൊടുത്താലും പനി ശമിക്കും.
ചുമ, കഫക്കെട്ട്: ആടലോടകം വാട്ടി നീരെടുത്തുകൊടുക്കുന്നത് കഫത്തിന് നല്ല ഔഷധമാണ്. ഇതിന്റെ കയ്പ് മാറ്റാന്‍ അല്പം തേന്‍ ചേര്‍ത്താല്‍ മതി.
വയറിളക്കം: ചുക്കുവെള്ളം കുടിച്ചാല്‍തന്നെ വയറിന്റെ പ്രശ്‌നങ്ങള്‍ അകലും. ഇനി വയറിളക്കം വന്നാല്‍ ചുവന്നുള്ളിനീരും തേനും ചേര്‍ത്ത് കൊടുത്താല്‍ മതി. വയറുവേദനയ്ക്ക് മുത്തങ്ങക്കിഴങ്ങ് മോരില്‍ തിളപ്പിച്ച് നല്‍കാം.
ദഹനക്കുറവ്: രണ്ടു വയസ്സൊക്കെയെത്തുമ്പോള്‍ ദഹനക്കുറവ് പതിവു രോഗമാകാം. കുട്ടികള്‍ക്ക് ദഹനേന്ദ്രിയം ശക്തിപ്രാപിക്കാത്തതാണ് അസുഖങ്ങള്‍ കൂടാന്‍ കാരണം. അതുകൊണ്ട് ചോറു കൊടുത്താല്‍ കുറച്ച് അഷ്ടചൂര്‍ണംകൂടി കഴിക്കാന്‍ ശീലിപ്പിക്കുക. ഊണുകഴിഞ്ഞശേഷം അഷ്ടചൂര്‍ണം തേനില്‍ ചാലിച്ചുനല്‍കാം. അതല്ലെങ്കില്‍ നെയ്യില്‍ ചാലിച്ച് ചോറിനൊപ്പംതന്നെ കഴിക്കാം. ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഉത്തമ ഔഷധമാണിത്. പുളച്ചുതികട്ടല്‍ വന്നാല്‍ മോര് നല്‍കിയാല്‍ മതി. കറിവേപ്പിലയിട്ട് തിളപ്പിച്ച് നല്‍കണമെന്നുമാത്രം.
ചര്‍മരോഗങ്ങള്‍: മഴക്കാലത്തെ ചര്‍മരോഗങ്ങള്‍ അകറ്റാന്‍ വെന്ത വെളിച്ചെണ്ണയോ, നാല്പാമരാദി വെളിച്ചെണ്ണയോ പുരട്ടി കുളിപ്പിച്ചാല്‍ മതി. ചിരകിയ തേങ്ങ പിഴിഞ്ഞെടുത്ത് മൂപ്പിച്ചു കിട്ടുന്നതാണ് വെന്ത വെളിച്ചെണ്ണ.
കളിയും ചിരിയും നിറയുന്ന വീട്. ഇവിടെ കുഞ്ഞുങ്ങള്‍ക്ക് കൂട്ടായി മുത്തച്ഛനും മുത്തശ്ശിയും. ഗ്രാന്‍റ് പാരന്റിങ് എന്ന പുതിയ സങ്കല്പത്തെക്കുറിച്ച്...
കുഞ്ഞിനൊപ്പം ദിവസം അരമണിക്കൂറെങ്കിലും നിങ്ങള്‍ സംസാരിച്ചിരിക്കാറുണ്ടോ? ഇന്നലെ രാത്രി കിടക്കാന്‍ നേരം കഥ പറഞ്ഞുകൊടുത്തോ? കുഞ്ഞ് പഠിക്കുന്ന സ്‌കൂളിലെ വിശേഷങ്ങള്‍ നിങ്ങള്‍ അറിയാറുണ്ടോ? ഈ ചോദ്യങ്ങളില്‍ രണ്ടെണ്ണത്തിനെങ്കിലും ഉത്തരം 'യെസ്' അല്ലെങ്കില്‍ കുട്ടികള്‍ ആഗ്രഹിക്കുന്ന അച്ഛനമ്മമാരാകാന്‍ നിങ്ങള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നുറപ്പിക്കാം. ഒരുപക്ഷേ, മിക്ക വീടുകളിലും ഈ സാഹചര്യം തന്നെയാണ്. ഓഫീസിലെ ജോലിത്തിരക്ക്, വീട്ടില്‍ തിരിച്ചെത്തിയാല്‍ അടുക്കളയില്‍ തിരക്ക്, പിന്നെ ടി.വി. കാണല്‍. ഇതിനിടയില്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ ആഗ്രഹിക്കുംപോലെ നോക്കാന്‍ സമയം കിട്ടുക പ്രയാസം.
പക്ഷേ, ഇക്കാര്യങ്ങളൊക്കെ നോക്കാനും കുഞ്ഞുങ്ങള്‍ക്ക് എന്തുംതുറന്നു പറയാവുന്ന സുഹൃത്തുക്കളാകാനും പറ്റുന്ന ചിലര്‍ നമ്മുടെ വീട്ടില്‍തന്നെയുണ്ട്. മുത്തച്ഛനും മുത്തശ്ശിയും. കുഞ്ഞിനെ ഡേ കെയറിലേക്കും വയസ്സായ അച്ഛനമ്മമാരെ വൃദ്ധസദനത്തിലും വിട്ട് ദിവസവും രാവിലെ ജോലിക്ക് പോകുന്നവരാണ് നമ്മളില്‍ പലരും. ഇതിലൊരു ഭേദഗതിയാകാം. മുത്തശ്ശനും മുത്തശ്ശിയും വീട്ടില്‍ പേരക്കുട്ടികളെ നോക്കട്ടെ. ഇതവര്‍ക്കൊരു ജോലിയായി തോന്നണമെന്നുമില്ല.
കുഞ്ഞുങ്ങള്‍ക്ക് നല്ല സുഹൃത്ത്
അച്ഛനമ്മമാര്‍ എത്രകണ്ട് സ്‌നേഹിക്കുന്നവരാണെങ്കിലും അവരോട് കാര്യങ്ങള്‍ തുറന്നു പറയാന്‍ കുഞ്ഞുങ്ങള്‍ മടിക്കും. ''അമ്മേ, എനിക്കിന്ന് സ്‌കൂളില്‍ പുതിയ കൂട്ടുകാരനെ കിട്ടി'', എന്ന് കുട്ടി പറയുമ്പോള്‍ ''നീ സ്‌കൂളില്‍ പോകുന്നത് പഠിക്കാനോ, കൂട്ടുകൂടാനോ?'' എന്ന് ശകാരിക്കുന്ന അച്ഛനമ്മമാരോട് കുട്ടി എന്തു തുറന്നുപറയാന്‍. മുത്തച്ഛനും മുത്തശ്ശിക്കുമാണെങ്കില്‍ കുട്ടിക്കൊപ്പം ഇരിക്കാന്‍ ഇഷ്ടംപോലെ സമയമുണ്ട്. പാരന്റിങ്ങിലെ 'ക്വാളിറ്റി ടൈം' ആണിത്. ഈ സമയത്ത് കുട്ടിയുടെ കൂട്ടുകാരായിരിക്കും മുത്തശ്ശിയും മുത്തച്ഛനും. അന്നേരം കുട്ടികള്‍ കൊച്ചുകൊച്ചു കാര്യങ്ങള്‍ വരെ തുറന്നുപറയും. സ്‌കൂളിലെ വിശേഷങ്ങളും കൂട്ടുകാരുടെ വിശേഷങ്ങളും കൂട്ടുകാരനുമായി വഴക്കിട്ടതും... പ്രായമായവര്‍ കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നത് നിയന്ത്രണങ്ങള്‍ ഇല്ലാതെയാണ്. നിരുപാധികമായി സ്‌നേഹം കിട്ടി വളരുന്ന കുട്ടി വലുതാകുമ്പോള്‍ സഹജീവികളോട് കരുണയുള്ളവരായിത്തീരും.
അവര്‍ പറയുന്നത് കേള്‍ക്കാം
എന്തെല്ലാം കാര്യങ്ങള്‍ കാണും കുട്ടികള്‍ക്ക് നമ്മോട് പറയാന്‍. അതെല്ലാം കേള്‍ക്കാന്‍ മുത്തശ്ശിയും മുത്തച്ഛനും താത്പര്യം കാണിക്കും. തങ്ങള്‍ മുതിര്‍ന്നവര്‍ക്കിടയില്‍ അംഗീകരിക്കപ്പെടുന്നു എന്നൊരു തോന്നല്‍ ഇത് കുട്ടികളില്‍ ഉണ്ടാക്കും. കുട്ടികളും പ്രായംചെന്നവരും തമ്മിലുള്ള നല്ലൊരു ആശയവിനിമയത്തിന് ഇത് സഹായിക്കും. കുട്ടികളുമായുള്ള ആശയവിനിമയം ഇല്ലാതാകുമ്പോഴാണ് അവര്‍ തെറ്റായ വഴികള്‍ അന്വേഷിച്ച് പോകുന്നത്. കുട്ടികള്‍ കാണാതാവുന്ന കേസുകളില്‍ മിക്കവയും രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയമില്ലായ്മയാണ് കാരണം. കുഞ്ഞുങ്ങളെ നോക്കാനുള്ള ചുമതല പ്രായംചെന്നവരെ ഏല്പിക്കുമ്പോള്‍ അവരുടെ വൈകാരികമായ ശ്രദ്ധ എപ്പോഴും കുട്ടികളില്‍ ഉണ്ടായിരിക്കും. പ്രായമായവരുടെ മനസ്സില്‍ ഒരു കുട്ടിയുണ്ട്. കുട്ടിയോട് ഇടപഴകുമ്പോള്‍ അവര്‍ കുട്ടിയായി മാറാന്‍ ശ്രമിക്കുന്നു. എപ്പോഴും സമപ്രായക്കാരുമായി കൂട്ടുകൂടാനാണ് കുട്ടികള്‍ക്ക് ഇഷ്ടം. കൂടെ കളിക്കുന്ന മുത്തച്ഛനെ കുഞ്ഞ് കാണുന്നതും 'ബെസ്റ്റ് ഫ്രണ്ട്' ആയാണ്.
കളിയും ചിരിയും നിറയുന്ന വീട്
കുട്ടികളുടെ കളിയും ചിരിയും നിറയുന്ന വീട് എന്ത് രസമായിരിക്കും? പക്ഷേ, ഇന്നത്തെ കുട്ടികളുടെ ചിരി കാര്‍ട്ടൂണ്‍ ചാനലിനും കമ്പ്യൂട്ടറിനും മുന്നില്‍ മാത്രമാണ്. ആദ്യം ടിവിയും കമ്പ്യൂട്ടറും ഓഫാക്കുക. ഇനി കുട്ടികളെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്വതന്ത്രമായി വിടുക. കഥ പറഞ്ഞുകൊടുത്തും ആനകളിപ്പിച്ചും അവര്‍ ചിരിച്ചുരസിക്കട്ടെ.
രാവിലെ കുഞ്ഞ് ഉണരും മുമ്പ് ജോലിക്ക് പോകും, വൈകീട്ട് കുഞ്ഞ് ഉറങ്ങിയശേഷം തിരികെ വരും. കുഞ്ഞിനെ ഡേ കെയറിലോ ആയമാരുടെ അടുത്തോ ഏല്പിച്ച് സ്ഥലംവിടും. കുഞ്ഞിന് കൃത്യസമയത്ത് ഭക്ഷണം കിട്ടുന്നുണ്ടോ എന്നുപോലും അറിയില്ല. ഈ കുഞ്ഞ് മുത്തശ്ശിയുടെയടുത്താണെങ്കില്‍ എത്ര സുരക്ഷിതരായിരിക്കും. നമുക്ക് ടെന്‍ഷനും കുറയും.
പ്രായംചെന്നവര്‍ കുട്ടിയുടെ കാര്യത്തില്‍ മാതാപിതാക്കളുടെ അത്രയും ഇമോഷണല്‍ ആയിരിക്കില്ല. കാരണം അവര്‍ കുറേ കാലമായി ലോകം കാണുന്നു. അവര്‍ക്ക് കുഞ്ഞുങ്ങളെ നോക്കി വളര്‍ത്തിയ പരിചയമുണ്ട്. കുട്ടി 'പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു' എന്ന് വിഷമത്തോടെ പറയുമ്പോള്‍ 'സാരമില്ല, അടുത്ത പരീക്ഷയില്‍ നന്നായി പഠിച്ച് മോന്‍ ക്ലാസില്‍ ഫസ്റ്റാകണം' എന്ന് സൗമ്യമായ വാക്കുകളിലൂടെ പറഞ്ഞുകൊടുക്കണം. എന്നാല്‍ എത്ര സ്‌നേഹത്തോടെ സംസാരിക്കുന്ന മാതാപിതാക്കളും കുട്ടിക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ശകാരിക്കും. ഇത് കുട്ടികളില്‍ വിഷമം കൂട്ടുകയേ ഉള്ളൂ. മാര്‍ക്ക് കുറഞ്ഞത് നിസ്സാരമായി കാണണം എന്നല്ല ഇതിനര്‍ഥം. ഇതുപോലുള്ള പ്രശ്‌നം വരുമ്പോള്‍ അതനുഭവിക്കുന്ന കുട്ടിയുടെ മനസ്സ് ദുര്‍ബലമായിരിക്കും. ആ സമയത്ത് ശക്തിയാണ് പകരേണ്ടത്. കുട്ടികള്‍ക്കുള്ള പോസിറ്റീവ് എനര്‍ജിയായിരിക്കണം മുതിര്‍ന്നവരുടെ വാക്കുകള്‍. തീര്‍ച്ചയായും കുട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ മുത്തശ്ശനും മുത്തശ്ശിക്കും കഴിയും
കുഞ്ഞ് നന്നായി ഉറങ്ങാന്‍ ഇതൊക്കെ ശ്രദ്ധിക്കാം...
കുഞ്ഞിനെ താരാട്ടു പാടി ഉറക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?
കുഞ്ഞുങ്ങളെ ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് സംഗീതം. താരാട്ടു കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ ഹൃദയമിടിപ്പ് കുറയുന്നതായും അവരില്‍ മാനസികസമ്മര്‍ദം കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. താരാട്ടു കേട്ടുറങ്ങുന്ന നവജാതശിശുക്കള്‍ പാലു കുടിക്കുന്നതില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നതായും നന്നായി വളരുന്നതായും ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മാതാപിതാക്കള്‍ പാടുന്ന താരാട്ടാണ് അവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. വേദനകൊണ്ട് കരയുന്ന കുഞ്ഞുങ്ങളെ തോളത്തു കിടത്തി പാടിയുറക്കുന്നതു കണ്ടിട്ടില്ലേ? സംഗീതം ഒരു വേദനസംഹാരി കൂടിയാണ്.
ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന ശീലം ഒഴിവാക്കാന്‍ എന്തു ചെയ്യും?
കുട്ടികള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നത് അസാധാരണമല്ല. അഞ്ചു വയസ്സുകാരില്‍ അഞ്ചു ശതമാനം പേരും 10 വയസ്സുകാരില്‍ മൂന്നു ശതമാനം പേരും ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നവരാണ്. സന്ധ്യാസമയത്ത് കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുക, ഉറങ്ങുന്നതിനു മുന്‍പ് മൂത്രം ഒഴിപ്പിക്കുക, അലാറം വെച്ച് ഉണര്‍ന്ന് മൂത്രമൊഴിപ്പിച്ച് ശീലിപ്പിക്കുക എന്നീ മാര്‍ഗങ്ങളിലൂടെ ഈ സ്വഭാവം മാറ്റിയെടുക്കാം. മരുന്നുപയോഗിച്ചുള്ള ചികിത്സയും ലഭ്യമാണ്.
കിടപ്പുമുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
കുട്ടികളുടെ കിടപ്പുമുറി ഉറങ്ങുന്നതിനു മാത്രം ഉപയോഗിക്കുന്നതാവണം. കിടക്കയിലിരുന്നു കളിക്കുന്നതും പഠിക്കുന്നതും നല്ലതല്ല. കളിപ്പാട്ടങ്ങള്‍, ടിവി തുടങ്ങിയവ ഒഴിവാക്കാം. നല്ല വെന്റിലേഷന്‍ വേണം. കൂടിയ ചൂടും തണുപ്പും ഉറക്കത്തിന് തടസ്സമാകും. കൊതുകുശല്യം ഒഴിവാക്കാന്‍ ജനലുകളില്‍ നെറ്റ് അടിക്കുന്നതാണ് നല്ലത്. മുറിയില്‍ നേരിയ വെളിച്ചം മാത്രം മതി. മാതാപിതാക്കളുടെ കൂര്‍ക്കംവലിയും കുട്ടികളുടെ ഉറക്കത്തെ തടസ്സപ്പെടുത്താം. കുഞ്ഞുങ്ങളുടെ കിടപ്പുമുറി ഇടയ്ക്കിടെ മാറ്റുന്നതും നല്ലതല്ല.
ദീര്‍ഘനേരം ഉറങ്ങുന്നതുകൊണ്ട് ദോഷമുണ്ടോ?
അമിതമായ ഉറക്കം ഒരു രോഗലക്ഷണമാണ്. നാര്‍കോലെപ്‌സി, തൈറോയ്ഡ് രോഗങ്ങള്‍, അമിത വ്യായാമം എന്നിവ ഉറക്കക്കൂടുതലിന് കാരണമാകാം. അപസ്മാരം, ഹൈപ്പോഗ്ലൈസീമിയ തുടങ്ങിയ മെറ്റബോളിക് രോഗങ്ങള്‍ എന്നിവയും കുട്ടികളുടെ ഉറക്കക്കൂടുതലിന് കാരണമാകാം.
ശരിയായ ഉറക്കം കിട്ടാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ഉറങ്ങുന്നതിനു ഒന്നുരണ്ടു മണിക്കൂര്‍ മുന്‍പാണ് ഭക്ഷണം നല്‍കേണ്ടത്. വൈകുന്നേരങ്ങളില്‍ കാപ്പി കുടിച്ചാല്‍ ഉറങ്ങാന്‍ താമസിക്കും. ഏത്തപ്പഴം, പാല്‍, തേന്‍, ഓട്‌സ്, ചെറിപ്പഴം തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഉറങ്ങാന്‍ സഹായിക്കും. വൈകീട്ട് കളിക്കാന്‍ വിടുന്നത് എളുപ്പം ഉറങ്ങാനുള്ള ഒരു മാര്‍ഗമാണ്. പകല്‍സമയത്ത് കൂടുതല്‍ നേരം ഉറങ്ങിയാല്‍ രാത്രി ഉറക്കം കുറയും. അതുകൊണ്ട് പകലുറക്കം അല്‍പനേരം മതി.
രാത്രി നന്നായി ഉറങ്ങുന്നത് ബുദ്ധിപരമായും മാനസികമായുമുള്ള വളര്‍ച്ചയെ സഹായിക്കുമെന്ന് പറയുന്നത് ശരിയാണോ?
നല്ല ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിലെ കോശങ്ങള്‍, പ്രത്യേകിച്ചും തലച്ചോറിലെ കോശങ്ങള്‍ വിശ്രമിക്കുന്നത് ഉറങ്ങുമ്പോഴാണ്. തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഉറക്കം ആവശ്യമാണ്. കൂടുതല്‍ സമയം ഉറങ്ങുന്ന കുഞ്ഞുങ്ങളുടെ ബുദ്ധിശക്തി കൂടുതലായിരിക്കും.
ഉറങ്ങുമ്പോള്‍ നാപ്കിന്‍ ഉപയോഗിക്കുന്നതുകൊണ്ട് ദോഷമുണ്ടോ?
ദീര്‍ഘനേരം നാപ്കിന്‍ ധരിപ്പിക്കുന്നത് നല്ലതല്ല. നനയുമ്പോള്‍ ഉടനെ മാറ്റണം. മലവും മൂത്രവും ദീര്‍ഘനേരം നാപ്കിനില്‍ ഇരുന്നാല്‍ മൂത്രത്തില്‍ പഴുപ്പ്, ത്വക് രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം.
വേനലിന് ചൂടേറുമ്പോള്‍ നവജാത ശിശുക്കള്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. നിര്‍ത്താതെയുള്ള കരച്ചില്‍, ഉയര്‍ന്ന തോതിലുള്ള പനി എന്നിവയെല്ലാം ഇക്കാലങ്ങളില്‍ സാധാരണമാണ്. തലച്ചോറിനകത്തുള്ള താപവ്യതിയാനം ക്രമീകരിക്കാനുള്ള അവയവങ്ങളുടെ പ്രായക്കുറവാണ് ഇതിന് പ്രധാന കാരണം. കുഞ്ഞുങ്ങളുടെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ ദിവസം രണ്ടു നേരമെങ്കിലും കുളിപ്പിക്കുന്നത് നല്ലതാണ്. ശരീരം മൊത്തം എണ്ണ തേക്കുന്നത് ത്വക്കിന്റെ അയവ് നിലനിര്‍ത്തും. ശരീരത്തിലെ ജലാംശം കുറയാതിരിക്കാന്‍ കൂടെക്കൂടെ മുലയൂട്ടണം. കുപ്പിപ്പാലോ വെള്ളമോ മറ്റു പാനീയങ്ങളോ ഇക്കാലത്ത് അധികമായി കുട്ടികള്‍ക്ക് കൊടുക്കേണ്ട ആവശ്യമില്ല.
കുറച്ചുകൂടി മുതിര്‍ന്ന കുട്ടികളില്‍ വേനല്‍കാലത്ത് പല രോഗങ്ങളും കാണാറുണ്ട്. ജലാംശം കുറയുന്നതും വിയര്‍പ്പ് കൂടുന്നതുമാണ് മിക്ക രോഗങ്ങളുടെയും കാരണം. മൂത്രത്തില്‍ പഴുപ്പ്, തൊലിപ്പുറമെയുള്ള കുമിള്‍രോഗങ്ങള്‍, ബാക്ടീരിയല്‍രോഗങ്ങള്‍ എന്നിവയെല്ലാം കുട്ടികള്‍ക്ക് വരാം.
ഈ പ്രായത്തിലുള്ള കുട്ടികളെ ദിവസവും രണ്ടു മൂന്നു തവണയെങ്കിലും തണുത്ത വെള്ളത്തില്‍ കുളിപ്പിക്കണം. കൂടുതല്‍ തവണ കുളിപ്പിക്കുന്നതും വെള്ളത്തില്‍ കുറേനേരം കിടത്തുന്നതും നല്ലതല്ല. ഇക്കാലങ്ങളില്‍ സൂര്യാഘാതമേല്‍ക്കാനും സാധ്യതയുണ്ട്. വെയില്‍ ഒഴിവാക്കുക, വ്യക്തിശുചിത്വം പാലിക്കുക, നന്നായി വെള്ളം കുടിക്കുക എന്നിവയാണ് പരിഹാരമാര്‍ഗം. സൂര്യാഘാതമുണ്ടായാല്‍ തണുത്ത വെള്ളമൊഴിച്ച് ഉടന്‍ ശരീരം തണുപ്പിക്കാം. ധാരാളം വെള്ളവും നല്‍കണം. അടിയന്തര ചികിത്സ തേടാന്‍ മറക്കരുത്.
കളികള്‍ വൈകുന്നേരം
ശരീരത്തിലെ ജലനഷ്ടം ഒഴിവാക്കാന്‍ ഈ സമയത്ത് പുറത്തിറങ്ങാന്‍ കുട്ടികളെ അനുവദിക്കരുത്. കളികള്‍ വൈകുന്നേരത്തേക്ക് മാറ്റാന്‍ നിര്‍ദേശിക്കാം. വേനലില്‍ കുട്ടികളെയുംകൊണ്ട് ദീര്‍ഘയാത്രകള്‍ കഴിയുന്നതും ഒഴിവാക്കണം. യാത്ര ആവശ്യമായാല്‍ ഇടയ്ക്കിടെ വെള്ളം കുടിപ്പിക്കാന്‍ മറക്കരുത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലും കുട്ടികളെ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിക്കണം. വിയര്‍പ്പിലൂടെ ലവണങ്ങള്‍ നഷ്ടപ്പെടുന്നതിനാല്‍ ഉപ്പും മറ്റു ലവണങ്ങളുമുള്ള പാനീയങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും വേനലില്‍ കാര്യമായ ശ്രദ്ധ ചെലുത്തണം. ഇറുകിയതും കടും നിറത്തിലുമുള്ള വസ്ത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. നൈലോണ്‍, സിന്തറ്റിക് വസ്ത്രങ്ങള്‍ ധരിപ്പിക്കരുത്. അയഞ്ഞതും ശരീരത്തിലേക്ക് കാറ്റെത്തുന്നതുമായ കോട്ടണ്‍ വസ്ത്രങ്ങളാണ് അവര്‍ക്ക് നല്‍കേണ്ടത്.
വിയര്‍പ്പുകുരുക്കളുണ്ടാകുന്നത് വേനല്‍കാലത്ത് പതിവാണ്. തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും അയഞ്ഞ വസ്ത്രം ധരിക്കുന്നതുംകൊണ്ട് ഒരു പരിധിവരെ ഇതകറ്റി നിര്‍ത്താം.
പ്രായത്തിനനുസരിച്ച് കുഞ്ഞിന് വേണ്ട തൂക്കമില്ലെങ്കില്‍ ശ്രദ്ധിക്കണം. ഇത്തരം കുട്ടികളുടെ ഭക്ഷണരീതിയില്‍ പ്രത്യേകം കരുതല്‍ വേണം...
കുഞ്ഞിന്റെ കൈവളരുന്നോ കാല്‍വളരുന്നോ എന്ന് നോക്കിയിരിക്കാന്‍ അമ്മമാര്‍ക്കൊക്കെ എന്തൊരു സന്തോഷമാണ്. അവനാദ്യം പല്ല് മുളയ്ക്കുമ്പോള്‍, അവളാദ്യം പിച്ച വെക്കുമ്പോള്‍ അവര്‍ സ്വയം മറന്ന് ആഹ്ലാദിക്കും. പക്ഷേ, ഇതുമാത്രം പോര. കുഞ്ഞിന് പ്രായത്തിനനുസരിച്ച തൂക്കം, പൊക്കം, തലയുടെ വളര്‍ച്ച എന്നിവ ഉണ്ടോ എന്ന് കൂടെക്കൂടെ പരിശോധിക്കണം. ആരോഗ്യവാനായ കുട്ടിയുടെ ലക്ഷണങ്ങളാണിവ.
പ്രായത്തിനനുസരിച്ച് കുഞ്ഞിന് തൂക്കം കൂടണം. ജനിക്കുമ്പോള്‍ ശരാശരി 2.800 കി.ഗ്രാം മുതല്‍ 3.500 കി.ഗ്രാം വരെയാണ് കുഞ്ഞിന്റെ തൂക്കം. ആദ്യ മൂന്ന് മാസത്തില്‍ തൂക്കത്തില്‍ 800-900 ഗ്രാമെങ്കിലും മാസംതോറും വര്‍ധിക്കണം. മൂന്നുമുതല്‍ ആറുമാസംവരെ 400-600 ഗ്രാം വരെ തൂക്കം കൂടണം.
ആറ്-ഒമ്പത് മാസത്തിലാവട്ടെ 300-450 ഗ്രാമും തുടര്‍ന്ന് ഒരു വയസ്സുവരെ 300 ഗ്രാമും കൂടണമെന്നാണ് കണക്ക്. ഒരു വയസ്സാകുമ്പോള്‍ കുഞ്ഞിന് പത്ത് കിലോയെങ്കിലും തൂക്കം വേണം. രണ്ട് വയസ്സില്‍ 12, മൂന്നില്‍ 14, നാലില്‍ 16 എന്നിങ്ങനെ അഞ്ചു വയസ്സാകുമ്പോഴേക്കും 18 കിലോയെങ്കിലും തൂക്കമെത്തണം. എന്നാല്‍ ചില കുട്ടികള്‍ക്ക് ജനിക്കുമ്പോഴേ തൂക്കം കുറവാകും. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണിയായിരിക്കുമ്പോള്‍ അസുഖമുള്ളവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും തൂക്കം കുറയാം.
പ്രായത്തിനനുസരിച്ച് വേണ്ട തൂക്കമില്ലെങ്കില്‍ ശ്രദ്ധിക്കണം. ഇത്തരം കുട്ടികളുടെ ഭക്ഷണരീതിയില്‍ പ്രത്യേകം കരുതല്‍ വേണം. പോഷകപ്രദമായ പച്ചക്കറി, പഴം, ധാന്യങ്ങള്‍ എന്നിവ നന്നായി കഴിപ്പിക്കണം. എന്തെങ്കിലും രോഗമുണ്ടോ എന്ന പരിശോധനയും പ്രധാനമാണ്.
പൊക്കത്തിലും കാര്യമുണ്ട്
തൂക്കമൊക്കെ കൃത്യമായി ശ്രദ്ധിച്ചാലും കുഞ്ഞിന്റെ ഉയരം നോക്കാന്‍ പലരും മറന്നുപോകും. എന്നാല്‍ ഇതും വളര്‍ച്ചയുടെ പ്രധാന ലക്ഷണമാണ്. ജനിക്കുമ്പോള്‍ 50 സെ.മീറ്റര്‍ ആവും കുഞ്ഞിന്റെ ഉയരം. അത് ഒരു വയസ്സാവുമ്പോഴേക്കും 75 സെന്റീമീറ്ററെങ്കിലും ആവണമെന്നാണ് കണക്ക്. രണ്ടു വയസ്സില്‍ 87 സെ.മീറ്ററും മൂന്ന് വയസ്സില്‍ 95 സെ.മീറ്ററും കുഞ്ഞിന് ഉയരമുണ്ടാവണം. നാല് വയസ്സെത്തുമ്പോള്‍ 101സെ.മീറ്റര്‍, അഞ്ചു വയസ്സാകുമ്പോള്‍ 107 സെ.മീറ്റര്‍ എന്നിങ്ങനെ കുഞ്ഞ് വളരുന്നു. രണ്ടു മുതല്‍ ആറു വയസ്സുവരെയുള്ള കാലത്ത് വര്‍ഷംതോറും ആറു സെ.മീറ്ററെങ്കിലും ഉയരം കൂടണം. പൊക്കം പ്രായത്തിനനുസരിച്ചല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
തലച്ചോറിന്റെ വളര്‍ച്ച ആദ്യ രണ്ടു വര്‍ഷമാണ് ഏറ്റവും വേഗത്തില്‍ നടക്കുന്നത്. കുഞ്ഞ് ജനിക്കുമ്പോള്‍ 33-35 സെ.മീറ്ററാണ് തലയുടെ വലിപ്പം. ആദ്യമൂന്നുമാസം കൊണ്ട് അത് 39 മുതല്‍ 41 സെ.മീറ്റര്‍ വരെ വര്‍ദ്ധിക്കണം. 9-14 മാസത്തില്‍ 45-47 സെ.മീറ്റര്‍ ആവും തലയുടെ വലിപ്പം.
തുമ്മല്‍ വന്നാല്‍പോലും കുഞ്ഞിനെയും എടുത്ത് ആസ്പത്രിയിലേക്ക് ഓടുന്നവരാണ് മിക്ക അമ്മമാരും. ചെറിയ അസുഖങ്ങള്‍ക്കൊക്കെയുള്ള മരുന്ന് നമ്മുടെ അടുത്തുതന്നെയുണ്ട്. ഒന്ന് തൊടിയിലേക്ക് കണ്ണോടിക്കണമെന്നുമാത്രം. ഇനി ചുമയും പനിയുമൊക്കെ വന്നാല്‍ ഈ മരുന്നൊക്കെ പരീക്ഷിച്ചു നോക്കൂ.
തുളസി: ജലദോഷം, മൂക്കടപ്പ്, കഫക്കെട്ട്, കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും വരാവുന്ന അസുഖങ്ങള്‍. തുളസിയിലയും കുരുമുളകും ചേര്‍ത്ത് തിളപ്പിച്ച കഷായം കൂടെക്കൂടെ നല്‍കിനോക്കൂ. ഇവയെല്ലാം പമ്പകടക്കും. ദിവസവും രാവിലെ രണ്ടോ മൂന്നോ തുളസിയില കഴിക്കാന്‍ കൊടുക്കണം. തുമ്മല്‍ മുതലായ അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ കുറക്കാനും സഹായിക്കും.
പ്രാണികള്‍ കടിച്ചാലുണ്ടാകുന്ന ചൊറിച്ചില്‍, തടിപ്പ് ഇവയ്ക്ക് തുളസിനീരില്‍ മഞ്ഞള്‍ ചേര്‍ത്ത് പുരട്ടാം.
പനിക്കൂര്‍ക്കില (കഞ്ഞിക്കൂര്‍ക്കില): കൊച്ചു കുഞ്ഞുങ്ങള്‍ ഉള്ള വീടുകളില്‍ തീര്‍ച്ചയായും വളര്‍ത്തേണ്ട ചെടിയാണിത്. ഇതിന്റെ ഇല വാട്ടി പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് പലവട്ടം കൊടുക്കുന്നത് കുഞ്ഞുങ്ങളിലെ ചുമ, പനി, ജലദോഷം ഇവയ്ക്ക് നല്ലതാണ്.
പനിക്കൂര്‍ക്കില വാട്ടി അതിന്റെ മുകളില്‍ അല്പം രാസ്‌നാദി പൊടി പുരട്ടി നെറുകയിലിടുന്നത് മൂക്കടപ്പ് കുറയ്ക്കും.
ഇഞ്ചി: ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഒൗഷധമാണ് ഇഞ്ചി. ഇഞ്ചിനീരില്‍ തേന്‍ ചേര്‍ത്ത് കൊടുത്താല്‍ ദഹനക്കുറവ്, വയറിളക്കം, പനി എന്നിവ ശമിക്കും.
കറിവേപ്പില: അരച്ചുരുട്ടി കൊടുക്കുന്നത് ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നു. കഫത്തോടുകൂടിയ വയറിളക്കത്തിനും നല്ലതാണ്. കറിവേപ്പില, ചുക്ക്, മഞ്ഞള്‍ ഇവയിട്ട് കാച്ചിയ മോര് ദഹനക്കുറവ് ഇല്ലാതാക്കും. അലര്‍ജിക്ക് കറിവേപ്പിലയും മഞ്ഞളും അരച്ചുരുട്ടി കഴിപ്പിക്കാം.
ആടലോടകം: ഇതിന്റെ ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് പലവട്ടം കൊടുക്കുന്നത് ചുമ, ആസ്ത്മ എന്നിവയ്ക്ക് നല്ലതാണ്.
മഞ്ഞള്‍: ഓടിച്ചാടി കളിക്കുന്നതിനിടയില്‍ കുട്ടികള്‍ക്ക് മുറിവുകള്‍ പതിവാണ്. അതിന് ഏറ്റവും ഫലപ്രദമായ ആന്റിസെപ്റ്റിക് ഔഷധമാണ് ഇത്. മഞ്ഞള്‍പ്പൊടി മുറിവില്‍ വിതറുന്നത് പഴുക്കാതിരിക്കാന്‍ സഹായിക്കുന്നു. പച്ച മഞ്ഞള്‍, പുളിയില ഇവ അരച്ച് പുരട്ടിയാല്‍ പ്രാണികള്‍ കടിച്ചുണ്ടാകുന്ന വീക്കം ശമിക്കുന്നു. പച്ചമഞ്ഞള്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം മുറിവുകഴുകാനും മറ്റും ഉപയോഗിക്കാം.
ബ്രഹ്മി: ബ്രഹ്മിനീര് വെണ്ണയിലോ നെയ്യിലോ ചേര്‍ത്ത് പതിവായി കൊടുക്കുന്നത് ഓര്‍മ്മശക്തി, ബുദ്ധിശക്തി ഇവ വര്‍ദ്ധിക്കാന്‍ സഹായിക്കും. ഒരു ടീസ്പൂണ്‍ നെയ്യില്‍ അര ടീസ്പൂണ്‍ ബ്രഹ്മിനീര് ചേര്‍ത്താണ് കൊടുക്കേണ്ടത്. ബ്രഹ്മിയുടെ നീര് കൊച്ചു കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് മലബന്ധത്തെ ഇല്ലാതാക്കും.
മുത്തിള്‍ (കുടങ്ങല്‍): ഓര്‍മ്മശക്തി, ബുദ്ധിശക്തി ഇവ വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന ഒരൗഷധം. ഇതിന്റെ നീരില്‍ തേന്‍ചേര്‍ത്ത് കൊടുക്കുന്നത് അപസ്മാരത്തിന് നല്ലതാണ്.
മുത്തങ്ങ: കുട്ടികള്‍ക്ക് ദഹനത്തിന് ഏറ്റവും നല്ലതാണ്. അരച്ച് മോരില്‍ കാച്ചി നല്‍കാം. കടുക്ക ചേര്‍ത്ത് ചതച്ച് മോരില്‍ കലക്കിക്കൊടുത്താല്‍ മലബന്ധവും മാറിക്കിട്ടും.
ആര്യവേപ്പ്: ത്വക് രോഗങ്ങള്‍ക്ക് ഏറ്റവും ഗുണപ്രദമായ ഔഷധമാണ്. ഇലയിട്ട് തിളപ്പിച്ച വെള്ളം വ്രണങ്ങള്‍ കഴുകാന്‍ ഉപയോഗിക്കാം. ഇല അരച്ച് പുരട്ടുന്നത് സന്ധികളിലെ വേദന, വീക്കം ഇവ കുറക്കും
http:channelkeralalzone.blogspot.in
അവസാനം പരിഷ്കരിച്ചത് : 4/22/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ കാര്യങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍