കുട്ടികളെ കളിക്കാന്‍ ആരും പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമില്ല. തൊട്ടിലില്‍ കിടക്കുമ്പോള്‍ മുതല്‍ ഓടിക്കളിക്കുന്നത് വരെ ഇവര്‍ കളിക്കാന്‍ ആവേശം കാണിക്കുന്നവരാണ്. കുളി കഴിഞ്ഞ് ഉടുപ്പിടാന്‍ വിളിക്കുമ്പോള്‍ വരാതെ വീട് മുഴുവന്‍ ഓടിനടക്കുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ? അവരെ സംബന്ധിച്ച് അതൊരു കളിയാണ്, കാണുന്നതെല്ലാം കൗതുകവും. എന്തിലും കളിക്കാനുള്ള അവസരവും കാണുന്നവരാണ് കുഞ്ഞുങ്ങള്‍. അവര്‍ക്ക് ജന്മനാ കിട്ടുന്ന കഴിവാണത്.കുട്ടികളുടെ വളര്‍ച്ചയെ കളികള്‍ എങ്ങനെ സഹായിക്കുന്നു? കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ കളികളുടെ പ്രാധാന്യം ഏറെയാണ്.
1. ആശയ വിനിമയം സുഗമമാക്കുന്നു
ഭാഷയിലുള്ള കഴിവിനെയും സംസാരത്തെയും മെച്ചപ്പെടുത്താന്‍ കളിയിലൂടെ സാധിക്കുന്നു. പാവക്കുട്ടിയുമായി കളിക്കുന്ന കുട്ടികള്‍ തനിയെ വര്‍ത്തമാനം പറയുന്നത് കേട്ടിട്ടില്ലേ? പാവക്കുട്ടിയെ ജീവനു ള്ള ഒരു വസ്തുവായി സങ്കല്‍പിച്ചാണ് അവര്‍ കളിക്കാന്‍ കൂട്ടിയിരിക്കുന്നത്. അവര്‍ക്ക് പറയാനുള്ള കാര്യങ്ങളെല്ലാം അവര്‍ പാവക്കുട്ടിയോട് പറയുന്നതായി കാണാം. കൂട്ടുകാരുമൊത്തുള്ള കളിയാണെങ്കിലും കളിപ്പാട്ടങ്ങളോടൊത്തുള്ള കളിയാണെങ്കിലും കുട്ടിയിലെ ആശയവിനിമയ സാധ്യത അത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. സൂപ്പര്‍മാന്‍ വേഷമിട്ട കുട്ടി തിന്മയില്‍ നിന്നും മറ്റ് അപകടങ്ങളില്‍ നിന്നും മറ്റുള്ളവരെ രക്ഷിക്കുന്നതായി അഭിനയിക്കുന്നു. അച്ഛനെ ഓഫീസില്‍ കൊണ്ടുപോയി ആക്കുന്നതായും അമ്മയെ ഷോപ്പിങ്ങിനു കൊണ്ടുപോകുന്നതായും കളിക്കുന്ന ഒരു കുട്ടി ഭാവിയില്‍ അവന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്.
2. ബന്ധങ്ങളെ വളര്‍ത്തുന്നു
സാമൂഹികബന്ധങ്ങള്‍, കഴിവുകള്‍, കാര്യക്ഷമത എന്നീ ഗുണങ്ങള്‍ കുഞ്ഞുങ്ങളില്‍ ഉണ്ടാകാന്‍ കളികള്‍ കാരണമാകുന്നു. ടീച്ചറും കുട്ടികളും ആയി കളിക്കുന്ന കുഞ്ഞുങ്ങള്‍ കയ്യിലൊരു വടിയുമായി നിന്ന് കുട്ടികളെ പഠിപ്പിക്കുന്നതും ഹോംവര്‍ക്ക് ചെയ്യാത്തതിന് വഴക്കു പറയുന്നതും അവരുടെ ഭാവനയുടെ ആവിഷ്‌ക്കാരമാണ്. കൂട്ടുകാരുമായും മാതാപിതാക്കളുമായും കളികളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ മാനസികവളര്‍ച്ച വലുതായിരിക്കും. സൗഹൃദങ്ങളുടെ എണ്ണവും ഗുണനിലവാരവും കളികളിലൂടെ ഉയരും.
3. അവബോധത്തിലുണ്ടാകു- വര്‍ദ്ധനവ്
ഭാവന ഉപയോഗിച്ചുളള കളികള്‍, മറ്റൊരാളായി അഭിനയിച്ചു കൊണ്ടുള്ള കളികള്‍ ഇവ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ടെലിവിഷന്‍ കാണാന്‍ ഉപയോഗിക്കുന്ന സമയത്തേക്കാള്‍ കൂടുതല്‍ സമയം ഇത്തരം കളികള്‍ക്കായി സമയം ചിലവഴിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ അറിവ് ഉണ്ടാകും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കളികള്‍ കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന് ഏറ്റവും മഹത്തായ പങ്ക് വഹിക്കുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അമ്മമാരേക്കാള്‍ കൂടുതല്‍ അച്ഛന്‍മാരാണ് കുട്ടികളുടെ കൂടെ കളിക്കാന്‍ മിടുക്കര്‍. അമ്മമാര്‍ പൊതുവെ ഒരിടത്തിരുന്ന് കളിക്കുന്ന കളികള്‍ക്കേ സന്നദ്ധരാകാറുള്ളൂ. അപൂര്‍വ്വം ചില അമ്മമാര്‍ മാത്രമേ ഓടിക്കളിക്കാനും ആന കളിക്കാനുമൊക്കെ തയ്യാറാകൂ. അതുകൊണ്ടൊക്കെയാവാം കുട്ടി അച്ഛനോടൊപ്പം കളിക്കാന്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. കുട്ടികളുടെ സര്‍വ്വതോന്മുഖമായ വികാസത്തില്‍ കളികള്‍ക്ക് വളരെ പ്രധാന്യമര്‍ഹിക്കുന്ന സ്ഥാനമുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
1 അച്ഛന്റെ കൂടെ കളിക്കുന്ന കുട്ടികള്‍ക്ക് ഭാവനാപരമായി ഉയര്‍ന്ന രീതിയില്‍ ചിന്തിക്കാന്‍ കഴിയുന്നു. അപ്പന്‍മാരുമായി കളിയില്‍ ഏര്‍പ്പെടുന്ന കുട്ടികളേക്കാള്‍ ഭാവന കുറവായിരിക്കും അപ്പന്മാരുമായി കളിക്കാത്ത കുട്ടികള്‍ക്ക്.
2 അമ്മമാരുമായി കളിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതത്വബോധം കൂടുതലായിരിക്കും. കുഞ്ഞിന്റെ കൂടെ കളിക്കുന്നു എന്നതിനേക്കാള്‍ അവര്‍ എവിടെയെങ്കിലും തട്ടിവീഴുന്നുണ്ടോ എന്ന് നോക്കാനായിരിക്കും അമ്മമാര്‍ ശ്രമിക്കുന്നത്. മാത്രമല്ല അമ്മമാരുമായി കളിക്കുമ്പോഴാണ് കൂടുതല്‍ പോസിറ്റീവ് മനോഭാവം കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്നത്.
3 മുതിര്‍ന്ന കുട്ടികള്‍ മാതാപിതാക്കളുമായി കളിക്കുന്നതുവഴി സ്‌ക്കൂളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നേതൃത്വപാടവം അവര്‍ക്ക് ലഭിക്കും. കൂടാതെ മാനസികമായ പക്വതയും അവര്‍ക്ക് ലഭിക്കും. നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാനു ള്ള കഴിവ്, കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് എന്നിവയ്ക്കും കളികള്‍ കാരണമാകും.
കളികളില്‍ ഏര്‍പ്പെടുന്ന കുട്ടിയും കളിക്കാത്ത കുട്ടിയും വളര്‍ന്നു വരുന്നത് രണ്ട് രീതിയില്‍ ആയിരിക്കും. ആദ്യത്തെ കുട്ടി ഭാവാത്മകമായും എല്ലാവരോടും ഇടപഴകിയും, രണ്ടാമത്തെ കുട്ടി നിഷേധാത്മകമായും ആരോടും ഇടപഴകാതെയും. അതിനാല്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കുക, അതിനുള്ള സാഹചര്യം ഒരുക്കുക. കഴിയുമെങ്കില്‍ അവരോടൊപ്പം കളിക്കുക. അവര്‍ മാനസികമായും സാമൂഹികമായും ഭൗതികമായും വികാസം പ്രാപിക്കുന്നവരായി വളര്‍ന്നു വരട്ടെ.
കുട്ടികള്‍ക്ക് മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ചാല്‍ പോരേ എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. മാതാപിതാക്കളുടെയും കുട്ടികളുടെയും വ്യത്യസ്തരീതിയിലുള്ള വളര്‍ച്ചയാണ് ഒരുമിച്ചുള്ള കളിയിലൂടെ സാധ്യമാകുന്നത്. രമേശന്‍ എന്ന നാട്ടിന്‍പുറത്തുകാരന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശമാണ് ’1983′ എന്ന സിനിമയുടെ കഥാപശ്ചാത്തലം. ക്രിക്കറ്റ് കളിക്കാനുള്ള ഓട്ടത്തിനിടയില്‍ സ്വന്തം പ്രണയം പോലും രമേശന്‍ മറന്നു പോകുന്നുണ്ട്. ജീവിത പ്രാരാബ്ധങ്ങള്‍ക്ക് നടുവില്‍ ക്രിക്കറ്റിനോടുള്ള ഇഷ്ടം രമേശന് ഉപേക്ഷിക്കേണ്ടി വരുന്നു. ഒരു ദിവസം രാവിലെ എഴുന്നേറ്റ് വരുന്ന രമേശന്‍ കാണുന്നത് ഒരു ചെറിയ വടി കൊണ്ട് കല്ല് അടിച്ച് തെറിപ്പിക്കുന്ന മകനെയാണ്. പണ്ട് താന്‍ ബാറ്റ് പിടിച്ചിരുന്ന അതേ ആംഗിളിലാണ് അവനും വടി പിടിച്ചിരിക്കുന്നത്. അപ്പോള്‍ തന്നെ രമേശന്‍ ഒരു ബാറ്റും ബോളും മകന് വാങ്ങിക്കൊടുക്കുന്നു. ഒപ്പം കളിക്കാനും കൂടുന്നു. തന്നേപ്പോലെ അവനും ക്രിക്കറ്റ് ഇഷ്ടപ്പെടുന്നു എന്ന തിരിച്ചറിവാണ് രമേശനെ സന്തോഷിപ്പിച്ചത്. ഒരിക്കല്‍ തനിക്ക് സാധിക്കാതെ പോയ ഇഷ്ടം മകനിലൂടെ സാധിക്കാമെന്ന് അയാള്‍ സ്വപ്‌നം കാണുന്നു. പിന്നീടുള്ള അയാളുടെ പരിശ്രമങ്ങള്‍ അതിനു വേണ്ടിയാണ്. അയാള്‍ മകനില്‍ കാണുന്നത് തന്നെത്തന്നെയാണ്.
കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തുക
കുട്ടികളിലെ കഴിവുകള്‍ വളര്‍ത്തുക എന്നത് കൊണ്ട് എന്താണുദ്ദേശിക്കുന്നത്? അവരുടെ കഴിവുകളെ അടുക്കി വയ്ക്കുക എന്നതാണ് ഒരര്‍ത്ഥം. കുഞ്ഞുങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഒരു ടൂള്‍ബോക്‌സ് ആയി സങ്കല്‍പിക്കുക. അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന വസ്തുക്കളാണ് ഈ ബോക്‌സ് നിറയെ എന്നും കരുതുക. ഇവയെല്ലാം എങ്ങനെ അടുക്കിവയ്ക്ക ണമെന്നും സൂക്ഷിക്കണമെന്നും കുട്ടികളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികള്‍ ജനിക്കുന്ന സമയത്ത് അത്രയൊന്നും വസ്തുക്കള്‍ ഈ ബോക്‌സില്‍ ഉണ്ടായിരിക്കില്ല. അവര്‍ വളര്‍ന്നു വരുന്നതിന് അനുസരിച്ച് ഈ ബോക്‌സിലെ വസ്തുക്കളും മാറിക്കൊണ്ടിരിക്കും. അത് കൃത്യമായി നിറക്കേണ്ടത് മാതാപിതാക്കളും മറ്റ് മുതിര്‍ന്നവരും കൂടിയാണ്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കുഞ്ഞുങ്ങളുടെ ഓരോ കഴിവും മനസ്സിലാക്കാന്‍ സാധിക്കും. ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ തന്നെ രക്ഷിതാക്കള്‍ കുഞ്ഞുങ്ങളോട് ആശയവിനിമയം നടത്തേണ്ടത് ആവശ്യമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആ അവസ്ഥയിലും മാതാപിതാക്കളുടെ പ്രവര്‍ത്തനങ്ങളും ചിന്തകളും അവരെ സ്വാധീനിക്കുന്നുണ്ട്. ഈ ആശയവിനിമയത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത രക്ഷിതാക്കള്‍ ഇത്തരം ആശയവിനിമയത്തിന് മുതിരാറില്ല. കുട്ടികള്‍ ജനിച്ചതിനു ശേഷം അവരോട് സംസാരിച്ചാല്‍ മതിയാകും എന്നാണ് ഇവര്‍ കരുതുന്നത്. കുട്ടികളുമായി മികച്ച ആശയവിനിമയം നടത്തുന്ന രക്ഷിതാക്കളുടെ മക്കള്‍ സാമൂഹ്യമായ പെരുമാറ്റത്തില്‍ കൂടുതല്‍ നിലവാരമുള്ളവരായി കാണപ്പെടുന്നു.
കുട്ടികളോടൊപ്പം കളികളില്‍ ഏര്‍പ്പെടുന്നത് അവരുടെ സാമൂഹ്യബോധം വളര്‍ത്താനും ആത്മനിയന്ത്രണം വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നു. രക്ഷിതാക്കളുമായും മറ്റ് മുതിര്‍ന്നവരുമായുള്ള ആരോഗ്യപരമായ സംഭാഷണങ്ങളും ഇടപഴകലുകളും കുട്ടികളുടെ നല്ല ഭാവിക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും. ഒരു നിശ്ചിതപ്രായം കഴിഞ്ഞാല്‍ ഓടിക്കളിക്കാനാണ് കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. ഇത് ആണ്‍കുട്ടികളുടെ കാര്യം. പെണ്‍കുട്ടികള്‍ക്ക് ഒരു പാവ കിട്ടിയാല്‍ അതുമതി. പാവയെ കണ്ണെഴുതി, പൊട്ടുകുത്തി, കൂടെയുറക്കി ഒക്കെയായിരിക്കും അവരുടെ കളികള്‍. എവിടെയെങ്കിലും ഒരിടത്ത് ഇരുന്ന് കളിക്കാനാണ് പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. കായികപരമായ കളികള്‍ കുട്ടികളുടെ മത്സരബുദ്ധിയെയും കായികബലത്തെയും വര്‍ദ്ധിപ്പിക്കുന്നവയാണ്. പന്തുകളി, ഒളിച്ചുകളി, ക്രിക്കറ്റ്, ഫുട്‌ബോള്‍, ഷട്ടില്‍ ഇവയെല്ലാം കായികപരമായ കളികളില്‍ ഉള്‍പ്പെടുന്നവയാണ്. ആശയപരമായ സംവാദങ്ങളും സംഭാഷണങ്ങളും കുട്ടികളിലെ വികാരങ്ങളെ ഫലപ്രദമായി വിനിയോഗിക്കാനുള്ള വേദികളാണ്. വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ ആത്മനിയന്ത്രണം പാലിക്കാനും കുട്ടികള്‍ പ്രാപ്തരാകും. അവര്‍ക്ക് എല്ലാ രീതിയിലുമുള്ള വളര്‍ച്ച നേടിയെടുക്കാനുള്ള അന്തരീക്ഷം കളികളിലൂടെ രൂപപ്പെടുന്നുണ്ട്.
രക്ഷിതാക്കള്‍ക്കൊപ്പവും സഹോദരങ്ങള്‍ക്കൊപ്പവും കളിക്കുന്നതിന്റെ വ്യത്യാസങ്ങള്‍
മൂത്ത സഹോദരങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ ഒപ്പം കുട്ടികള്‍ കളിക്കുന്നതല്ലേ നല്ലതെന്ന സംശയവും ഉണ്ടായേക്കാം. രക്ഷിതാക്കള്‍ക്കൊപ്പം കളിക്കുന്നതിന്റെ അതേ ഫലമല്ലേ മൂത്ത സഹോദരങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ ഉണ്ടാകേണ്ടത്? അവരുടെ ചിന്തകളെ അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയില്ലേ?
ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ഇല്ല എന്നു തന്നെയാണ്. രക്ഷിതാക്കള്‍ക്ക് കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ എന്തെങ്കിലും അറിവ് നല്‍കാന്‍ കഴിഞ്ഞെന്ന് വരാം. എന്നാല്‍ മുതിര്‍ന്ന സഹോദരനോ സഹോദരിയോ ആണെങ്കില്‍ അവര്‍ക്കത് സാധിച്ചെന്ന് വരില്ല. കുട്ടികളുടെ കഴിവുകളെയും കുറവുകളെയും മനസ്സിലാക്കിയാണ് രക്ഷിതാക്കള്‍ അവര്‍ക്കൊപ്പം കളിക്കാന്‍ കൂടുന്നത്. മറ്റുളളവരേക്കാള്‍ കൂടുതല്‍ വൈവിദ്ധ്യമുള്ള കളികള്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയും. അവരുടെ ഭാവനകളെയും ആശയങ്ങളെയും പിന്തുണക്കാനും ആവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാനും മറ്റാരെയുംകാള്‍ കൂടുതല്‍ രക്ഷിതാക്കള്‍ക്കേ സാധിക്കൂ.
മറ്റൊരു രസകരമായ വസ്തുത ശിശുസഹജമായ കഴിവുകള്‍ കുഞ്ഞുങ്ങള്‍ പുറത്തെടുക്കുന്നത് രക്ഷിതാക്കള്‍ക്കൊപ്പം കളിക്കുമ്പോള്‍ ആയിരിക്കും. കൂടുതല്‍ സംസാരിക്കാനും അവര്‍ തയ്യാറാകും. സഹോദരങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ സുഗമമായ ആശയവിനിമയം അസാധ്യമാണ്. ചിലപ്പോള്‍ കളി വഴക്കിലെത്താനും സാധ്യതയുണ്ട്. സഹോദരങ്ങള്‍ക്കൊപ്പമാണെങ്കില്‍ അവര്‍ ഇളയവരെ ശ്രദ്ധിക്കണമെന്നില്ല. എന്നാല്‍ രക്ഷിതാ ക്കള്‍ക്കൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് അവരുടെ മുഴുവന്‍ ശ്രദ്ധയും ല ഭിക്കുന്നു. അതുകൊണ്ട് തന്നെ കുട്ടികള്‍ മാതാപിതാക്കളുമായി കളിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. സഹോദരങ്ങളെക്കാള്‍ മാതാപിതാക്കള്‍ക്കൊപ്പമായിരിക്കാനാണ് കുട്ടികള്‍ക്ക് കൂടുതല്‍ താത്പര്യം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. മാതാപിതാക്കള്‍ക്കൊപ്പമുള്ള കളികള്‍ കുട്ടികളുടെ ചിന്തകളുടെ വളര്‍ച്ചയ്ക്കും സഹോദരങ്ങള്‍ക്കൊപ്പമുള്ള കളി കുട്ടിയുടെ ചിന്തയുടെ ഏകീകരണത്തിനും വഴി തെളിക്കുന്നു. മാതാപിതാക്കള്‍ക്കുണ്ടാകുന്ന ഗുണങ്ങള്‍ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ എന്തു കളിക്കാന്‍ എന്ന ചോദ്യം ചോദിക്കാന്‍ വരട്ടെ. അവരുടെ ഭാവി നിര്‍ണ്ണയിക്കാനുള്ള കഴിവ് കളികള്‍ക്കുണ്ട് എന്ന് ആദ്യമേ മനസ്സിലാക്കുക. അവരുടെ അഭിരുചികള്‍, ആശയങ്ങള്‍, കഴിവുകള്‍ ഇവ മനസ്സിലാക്കാനുള്ള അവസരമാണ് കുട്ടികള്‍ക്കൊപ്പം കളിക്കുമ്പോള്‍ ലഭിക്കുക. കുട്ടികളോടൊത്ത് കളിക്കാനായി മാതാപിതാക്കള്‍ ചെലവഴിക്കുന്ന സമയം പുതിയ കാര്യങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്ക് ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണ്. കുട്ടികളുടെ നിലവാരത്തിനൊപ്പം നിന്നേ അവരുടെ കൂടെ കളിക്കാന്‍ സാധിക്കൂ. അത് ഏറ്റവും ആഹ്ലാദകരമായ ഒരു അവസരമായിരിക്കും. മാതാപിതാക്കളുടെ ആത്മവിശ്വാസം ഉയര്‍ത്താനും കുട്ടികള്‍ക്കൊപ്പമുള്ള കളി ഉപകരിക്കും. കൂടെ കളിക്കാന്‍ കൂടുന്ന അച്ഛനമ്മമാരോട് കുട്ടികള്‍ക്ക് കൂടുതല്‍ അടുപ്പവും സ്‌നേഹവും അനുഭവപ്പെടും. അച്ഛന്‍ അല്ലെങ്കില്‍ അമ്മ തന്റെ കൂട്ടുകാരാണെന്ന് കുട്ടിക്ക് തോന്നിത്തുടങ്ങിയാല്‍ അവരുടെ ചെറിയ കാര്യങ്ങള്‍ വരെ പങ്ക് വയ്ക്കാന്‍ തയ്യാറാകും. മക്കള്‍ക്ക് താന്‍ ഏറ്റവും അടുത്ത സുഹൃത്താണെന്ന് മാതാപിതാക്കള്‍ക്ക് അഭിമാനിക്കാം.
അച്ഛനോ അമ്മയോ?
രാവിലെ മുതല്‍ അശ്വിന്‍ അമ്മയെ കളിക്കാന്‍ വിളിക്കുകയാണ്. അടുക്കളയിലെ ജോലിയൊക്കെ കഴിഞ്ഞ് ബിസ്മി അശ്വിനൊപ്പം കളിക്കാന്‍ ചെന്നു. എന്താ കളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, അശ്വിന്‍ പറയുന്നു:”നമുക്ക് ആന കളിക്കാം!’ വെറുതെ ആനയായിട്ട് നിന്നാലൊന്നും പോര അശ്വിന്. അവനെയും പുറത്തു കയറ്റി മുറിക്കുള്ളിലൂടെ നടക്കണം. അല്ലെങ്കില്‍ കയ്യിലൊരു വടിയും പിടിച്ച് അവനും കൂടെ നടക്കും. കേട്ടപ്പോള്‍ തന്നെ ബിസ്മി പറഞ്ഞു, ”എനിക്ക് വയ്യ മുട്ടേല്‍ നടക്കാന്‍, നീ അച്ഛനോട് പറയൂ.” കുറച്ചു കഴിഞ്ഞപ്പോള്‍ മുറിയില്‍ അച്ഛനും മകനും ആന കളിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. അമ്മമാര്‍ ഇങ്ങനെയാണ്. തങ്ങളുടെ പരിധികള്‍ക്കുള്ളില്‍ നിന്നേ അവര്‍ കുട്ടികളുമായി കളിക്കൂ. പക്ഷേ അച്ഛന്‍മാര്‍ കുട്ടികള്‍ പറ യുന്ന കളികള്‍ക്കെല്ലാം റെഡിയാണ്. അതിനാല്‍ അമ്മമാരേക്കാള്‍ കൂടുതല്‍ കുട്ടികള്‍ കളിക്കാന്‍ തിരഞ്ഞെടുക്കുന്നത് അച്ഛന്‍മാരെ തന്നെയാണ്. കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ രീതിയില്‍ കളികളില്‍ ക്രമീകരണം നടത്തേണ്ടതും രക്ഷിതാക്കളുടെ കടമയാണ്.
ആരോഗ്യപരമായ ഗുണങ്ങള്‍
കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. മാതാപിതാക്കളും കുട്ടികളും ഒപ്പം കളിക്കുമ്പോള്‍ ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു. സാമൂഹികവും വൈകാരികവും ആയ പെരുമാറ്റങ്ങളെ സ്വാധീനിക്കുന്ന ഹോര്‍മോണാണിത്. കുട്ടികളോടുള്ള അടുപ്പവും സ്‌നേഹവും വര്‍ദ്ധിക്കുന്നതിന് അത് കാരണമാകുന്നു. മാതാപിതാക്കളുടെ മനസ്സിനെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷിക്കാനും ഉന്‍മേഷമുള്ളതാക്കാനും കുട്ടികള്‍ക്കൊപ്പമുള്ള കളി ഉത്തമമാണ്. എങ്ങനെയാണ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നത്? കുട്ടികള്‍ക്കൊപ്പം കളിക്കുമ്പോള്‍ മാതാപിതാക്കള്‍ നിരവധി കാര്യങ്ങളിലൂടെയാണ് കടന്നുപോകു ന്നത്. കളികളിലൂടെ രക്ഷിതാക്കള്‍ അവരെ മനസ്സിലാക്കുകയും പിന്തുണക്കുകയും കേള്‍ക്കുകയും നിരീക്ഷിക്കുകയുമാണ് ചെയ്യുന്നത്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യണം. അവരുടെ ആശയങ്ങള്‍ പങ്ക് വയ്ക്കാനുള്ള അവസരം നല്‍കുക. അവര്‍ക്ക് ചിരിക്കാനും അവരെ ചിരിപ്പിക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക. അവര്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്നതിനുള്ള മനസ്സ് കാണിക്കുക. കുട്ടികള്‍ക്കൊപ്പം കളിക്കുന്നതോടൊപ്പം അവരെ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിനു ള്ള അവസരം കൂടിയാണ് രക്ഷിതാ ക്കള്‍ക്ക് ലഭിക്കുന്നത്. കുട്ടികള്‍ക്കൊപ്പം അവരിലൊരാളായി പെരുമാറാനും കളിക്കാനും മാതാപിതാക്കള്‍ക്ക് കഴിയണം. കുട്ടികളോടൊപ്പമുള്ള കളി, നിങ്ങള്‍ ആരുതന്നെയായാലും നിങ്ങളുടെ സാമൂഹ്യജീവിതത്തെ കൂടുതല്‍ സുന്ദരമാക്കും എന്ന് തീര്‍ച്ച.
പരീക്ഷ അടുത്തെത്തിയാല്‍ മക്കളെ സമ്മര്‍ദ്ദത്തിലാക്കുന്ന മാതാപിതാക്കള്‍ ഇത് വായിക്കുക!
ഈശാന്തിന് 17 വയസ്. +2 ന് പഠിക്കുന്നു. ഇന്ത്യന്‍ നഗരത്തിലെ പ്രശസ്തമായൊരു സ്ക്കൂളില്‍. ഒരു ദിവസം വൈകുന്നേരം അച്ഛന്‍ മനോഹരന്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ ഈശാന്തിന്റെ മുറി അടച്ചിരിക്കുന്നു. വിളിച്ചിട്ടു തുറന്നില്ല. സംശയം തോന്നി കതക് തല്ലിപ്പൊളിച്ചു നോക്കുമ്പോള്‍ അവന്‍ ഫാനില്‍ കെട്ടിതൂങ്ങി നില്‍ക്കുന്നു.
“അവന്‍ കണക്കിന്റെ പരീക്ഷ കഴിഞ്ഞു വന്നതായിരുന്നു,” മനോഹരന്‍ പറഞ്ഞു. പരീക്ഷ നന്നായി എഴുതാന്‍ പറ്റാഞ്ഞതില്‍ അവന് വിഷാദമുണ്ടായിരുന്നു. ഒരു എഞ്ചിനീയര്‍ ആകണമെന്നായിരുന്നു അവന് ആഗ്രഹം. ഞങ്ങള്‍ ഒരിക്കലും അവനെ പഠിക്കാന്‍ നിര്‍ന്ധിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് ഒരു മകനേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ എല്ലാം പോയില്ലേ…” അയാള്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞു.
പരീക്ഷക്ക് തയ്യാറെടുക്കുന്ന ഏതൊരു കുട്ടിക്കും അല്‍പം സമ്മര്‍ദം ഉണ്ടാകുമെന്നത് സ്വഭാവിക കാര്യമാണ്. ഈ സമ്മര്‍ദം വളര്‍ന്ന് ഭയമായും അസ്വസ്ഥതയായും തളര്‍ച്ചയായും രൂപപ്പെടുന്നതിനെയാണ് പരീക്ഷയുടെ പിരിമുറുക്കമെന്ന് സാധാരണ പറയാറ്. അത് കൂടിയാല്‍ വളരെ അപകടകരമാണുതാനും.
അല്‍പം സമ്മര്‍ദ്ദം നല്ലതും ഫലപ്രദവുമാണ്. അത് കുട്ടികളെ കൂടുതല്‍ ശ്രദ്ധ ഉള്ളവരാക്കുന്നു. പരീക്ഷക്കു മുമ്പുള്ള പഠനത്തില്‍ അവരെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കുന്നു. അങ്ങനെ അത് പരീക്ഷക്ക് ആവശ്യത്തിന് ഒരുങ്ങാന്‍ അവരെ പ്രാപ്തരാക്കുന്നു. എന്നാല്‍ അധികമായാല്‍ അത് അവരെ ദോഷകരമായി ബാധിക്കും. പരീക്ഷാഫലം പോലും മോ ശമാകും.
എന്താണ് പരീക്ഷാ സമ്മര്‍ദം?
അമിതമായ സമ്മര്‍ദ്ദത്തോട് ഒരുവന്റെ മനസ്സ് നടത്തുന്ന മോശമായ പ്രതികരണത്തെ പൊതുവെ പിരിമുറുക്കമെന്ന് വിളിക്കാം. ഇത്തരം പ്രതികരണം വളരെ വ്യക്തിനിഷ്ഠമാണ്. ഒരേ കാര്യത്തിന്റെ സമ്മര്‍ദ്ദം 2 വ്യക്തികളില്‍ വ്യത്യസ്തമായ പ്രതികരണങ്ങളായിരിക്കും ഉളവാക്കുക. അതായത് പിരിമുറുക്കം വ്യക്തികളെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നര്‍ത്ഥം. നീണ്ടു നില്‍ക്കുന്ന മാനസിക പരിമുറുക്കം തെറ്റായ തീരുമാനങ്ങളിലേക്കോ, ശാരീരികവും മാനസികവുമായ അസുഖങ്ങളിലേക്കോ തന്നെ നയിച്ചെന്നുവരാം. സമ്മര്‍ദ്ദവും (Pressure) പിരിമുറുക്കവും (Stress) തമ്മില്‍ വ്യത്യാസമുണ്ട്. സമ്മര്‍ദ്ദം പലപ്പോഴും നല്ല താണ്. ഉത്തരവാദിത്വങ്ങള്‍ കൃത്യസമയത്ത് ചെയ്യാനും നന്നായി ചെയ്യാനും സമ്മര്‍ദ്ദം സഹായിക്കും. എന്നാല്‍ സമ്മര്‍ദ്ദം നീണ്ടുനിന്നാല്‍ അത് ഒരുവനെ ദോഷകരമായി ബാധിക്കാം. അത് ചിലപ്പോള്‍ മാനസിക പരിമുറുക്കത്തിലേക്ക് നയിച്ചെന്നുമിരിക്കും.
പരീക്ഷാ പിരിമുറുക്കത്തിന്റെ കാരണങ്ങള്‍
കുട്ടികളില്‍ പരീക്ഷാ പിരിമുറുക്കം ഉളവാകാന്‍ മൂന്ന് പ്രധാന കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.
തയ്യാറെടുപ്പിന്റെ കുറവ്
പരീക്ഷക്ക് മതിയായ രീതിയില്‍ തയ്യാറെടുക്കാത്തതാണ് മാനസിക സമ്മര്‍ദം ഉളവാകാനുള്ള പ്രധാന കാരണം. നന്നായി പഠിക്കാത്ത കുട്ടിക്ക് പരീക്ഷയില്‍ താന്‍ എന്തുചെയ്യും എന്ന ഭയം സ്വാഭാവികമായി ഉണ്ടാകും. അവസാന നിമിഷത്തെ പഠനം കുട്ടിയില്‍ ആശങ്ക വളര്‍ത്തും. മതിയായ ഭക്ഷണം, നല്ല ഉറക്കം എന്നിവയുടെ അഭാവവും പരീക്ഷാസമ്മര്‍ദ്ദം വര്‍ധിപ്പിക്കും. പരീക്ഷക്ക് വളരെ മുമ്പേ പഠനം ആരംഭിച്ചാല്‍ തന്നെ പരീക്ഷാ സമ്മര്‍ദം വലിയ അളവില്‍ കുറക്കാന്‍ പറ്റും.
കുടുംത്തിന്റെ സമ്മര്‍ദ്ദം
പല മാതാപിതാക്കളും മക്കളുടെ പരിമിതികള്‍ തിരിച്ചറിയില്ല. പകരം അവര്‍ വലിയ അ യഥാര്‍ത്ഥ പ്രതീക്ഷകള്‍ വച്ചുപു ലര്‍ത്തുകയും ചെയ്യും. പൂര്‍ത്തീകരിക്കാനാവാത്ത തങ്ങളുടെ സ്വപ് നങ്ങള്‍ കുട്ടികളിലൂടെ പൂര്‍ത്തീകരിക്കാനാണ് പല മാതാപിതാക്കളു ടെയും ശ്രമം. ഇതൊക്കെ ഇളം മനസ്സില്‍ വലിയ സമ്മര്‍ദ്ദമാകും ഉളവാക്കുക.
മറ്റൊന്ന് തന്റെ കുട്ടിയെ അയല്‍ വീട്ടിലെയോ പരിചയക്കാരുടെയോ കുട്ടികളുമായി താരതമ്യം ചെയ്യുന്നതാണ്. ഇതൊരു അനാരോഗ്യകരമായ രീതിയാണ്. ഓരോ കുട്ടിയും വ്യത്യസ്തനാണ്. ആ വ്യത്യാസം ബഹുമാനിക്കപ്പെടേണ്ടതു തന്നെയാണ്. പഠനത്തിന്റെയും കഴിവുകളുടെയും കാര്യത്തിലും ഇത്തരം വ്യത്യാസം നിലനില്‍ക്കുന്നു.
ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു തന്നെയാണെന്നു പറയാം. എന്നിരുന്നാലും കുട്ടികളെ താരതമ്യം ചെയ്യുന്ന രീതി മാതാപിതാക്കള്‍ അവസാനിപ്പിക്കുക തന്നെ വേണം. ഒരേ സ്കൂളില്‍ പഠിച്ചിട്ടും, ഒരേ ട്യൂഷന്‍ കൊടുത്തിട്ടും എന്തുകൊണ്ടാണ് സ്വന്തം കുട്ടിക്ക് അയല്‍പ്പക്കത്തെ കുട്ടിയുടെ അത്രയും മാര്‍ക്ക് കിട്ടാത്തതെന്ന് അതിശയിക്കരുത്. എന്തുകൊണ്ടെന്നാല്‍ തങ്ങള്‍ താരതമ്യം ചെയ്യപ്പെടുമെന്നുള്ള ഭയം തന്നെ കുട്ടിയുടെ ഉത്കണ്ഠ വര്‍ധിപ്പിക്കുകയും അത് പരീക്ഷാ ഫലത്തെ മോശമായി ബാധിക്കുകയും ചെയ്യും.
സ്വയമേവയുള്ള സമ്മര്‍ദം
സ്വന്തം ചിന്തകൊണ്ട് കുട്ടികള്‍ തന്നത്താന്‍ ഉണ്ടാക്കിയെടുക്കുന്ന സമ്മര്‍ദ്ദമാണിത്. പരീക്ഷയില്‍ ഉന്നതവിജയം നേടിയില്ലെങ്കില്‍ മോശമാണെന്ന് കുട്ടി സ്വയം ചി ന്തിച്ചെന്നിരിക്കും. അല്ലെങ്കില്‍ കഴിഞ്ഞ തവണ കിട്ടിയ ഗ്രേഡ് നിലനിര്‍ത്തിയില്ലെങ്കില്‍ താന്‍ ഉഴപ്പിയെന്ന് മാതാപിതാക്കള്‍ കരുതുമെന്നതാകും ആശങ്ക. കുഞ്ഞുന്നാള്‍ മുതല്‍ കുട്ടി സ്വാംശീകരിച്ചിരിക്കുന്ന ഒരു രീതിയാകാം ഇതിനു കാരണം. അത്തരം കുട്ടികള്‍ പരീക്ഷയ്ക്ക് ഒരുങ്ങുമ്പോള്‍ എല്ലാ വിഷയത്തിനും നല്ല ഗ്രേഡ് വാങ്ങിക്കണമെന്ന സമ്മര്‍ദ്ദത്തിലാകാന്‍ സാധ്യതയുണ്ട്.
മോശം പ്രകടനം നടത്തിയാല്‍ വീട്ടുകാരുടെയും കൂട്ടുകാരുടെയും അധ്യാപകരുടെയും മുന്നില്‍ മോശമാവും എന്ന ചിന്ത വളര്‍ന്ന് പരീക്ഷാ പിരിമുറുക്കമായി മാറാനും സാധ്യതയുണ്ട്. പരാജയം സമ്മതിക്കാനുള്ള കഴിവില്ലായ്മയും സമ്മര്‍ദത്തിന് കാരണമാവും.
സമ്മര്‍ദത്തിന്റെ ലക്ഷണങ്ങള്‍
കുട്ടി പരീക്ഷാ സമ്മര്‍ദം അനുഭവിക്കുന്നുണ്ടോയെന്ന് എളുപ്പം തിരിച്ചറിയാനാവുക മാതാപിതാക്കള്‍ക്കാണ്. ചില കുട്ടികളില്‍ പിരിമുറുക്കത്തിന്റെ ലക്ഷണങ്ങള്‍ വളരെ പെട്ടെന്ന് പ്രകടമാകും; ചിലരില്‍ അത്രത്തോളം പ്രകടമായില്ലെന്നു വരും.
സമ്മര്‍ദ്ദലക്ഷണങ്ങളുടെ കാര്യത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വ്യത്യസമുണ്ടുതാനും. പെണ്‍കുട്ടികളില്‍ പലപ്പോഴും മാനസികമായ പ്രതികരണങ്ങളാവും പ്രകടമാകുക സങ്കടമോ, അതൃപ്തിയോ, മനംമറിച്ചിലോ ഒക്കെ. എന്നാല്‍ ആണ്‍കുട്ടികള്‍ കൂടുതല്‍ ബാഹ്യമായ ലക്ഷണങ്ങളാകും കാണിക്കുക അവര്‍ കൂടുതല്‍ അസ്വസ്ഥരും കോപാകുലരുമായെന്നിരിക്കും. പരീക്ഷാ സമ്മര്‍ദ്ദമുണ്ടെന്ന് കണ്ടാല്‍ മാതാപിതാക്കള്‍ അത് ഗൗരവമായി എടുക്കണം. പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടണം.
സമ്മര്‍ദം ബാധിക്കുക എത്രമാത്രം?
പരീക്ഷാ സമ്മര്‍ദം ഓരോ കുട്ടിയെയും വ്യത്യസ്തമായ രീതിയിലാണ് ബാധിക്കുക. കുട്ടികളുടെ ആരോഗ്യസ്ഥിതിയും മാനസിക കരുത്തും അതില്‍ പ്രധാനമാണ്.
മാതാപിതാക്കളുടെ ശക്തമായ പിന്തുണ എപ്പോഴുമുള്ള കുട്ടിയെ മാനസിക സമ്മര്‍ദം കുറഞ്ഞ അളവിലേ ബാധിക്കൂ. നല്ല സുഹൃത്തുക്കളുള്ളവര്‍ക്കും സമ്മര്‍ദങ്ങളെ പെട്ടെന്ന് അതിജീവിക്കാനാവും.
സമ്മര്‍ദം ഓരോരുത്തരെയും ബാധിക്കുന്നത് അവരുടെ ജീവിത കാഴ്ചപ്പാടുകള്‍, പോസ്റ്റീവ് മാനസികഭാവങ്ങള്‍ എന്നിവയെയും കൂടി അടിസ്ഥാനമാക്കിയാണ്. ശുഭാപ്തി വിശ്വാസികളെ കുറഞ്ഞ തോതിലേ സമ്മര്‍ദം ബാധിക്കൂ. തെറ്റുകള്‍ പുഞ്ചിരിയോടെ നേരിടാന്‍ കഴിവുള്ളവര്‍ക്ക് സമ്മര്‍ദം വിഷയമാവില്ല.
വികാരങ്ങളെ നിയന്ത്രിക്കാന്‍ ചില കുട്ടികള്‍ക്ക് പ്രത്യേക കഴിവ് ഉണ്ടാവും. തന്റെ കഴിവും പരിമിതിയും തിരിച്ചറിഞ്ഞ്, മനസിനെ എപ്പോഴും ഒരേ പാകത്തില്‍ നിര്‍ത്താന്‍ കഴിവുള്ള കുട്ടികള്‍ക്കും പരീക്ഷയുള്‍പ്പടെയുള്ള എല്ലാത്തരം സമ്മര്‍ദത്തെയും അതിജീവിക്കാനാവുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
സമ്മര്‍ദ്ദത്തെ നിര്‍ണ്ണയിക്കുന്ന മറ്റൊരു പ്രധാന ഘടകം പരീ ക്ഷക്കുള്ള ഒരുക്കമാണ്. നന്നായി ഒരുങ്ങിയിരിക്കുന്ന കുട്ടിയെ സമ്മര്‍ദ്ദം അധികം ബാധിക്കില്ല. അതിനാല്‍ പഠനത്തിലെ പ്ലാനിങ്ങും, ഒരുക്കവും, കുട്ടിയുടെ ആത്മവിശ്വാസത്തിന്റെ തോത് കൂട്ടുകയും പരീക്ഷാസമ്മര്‍ദ്ദങ്ങളെ എളുപ്പം ചെറുക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും.
പരിഹാരമാര്‍ഗ്ഗങ്ങള്‍
ഒരു കുട്ടി മാനസിക സമ്മര്‍ദ്ദത്തിലാകുമ്പോള്‍ അവന്റെ ശരീരം പോലും അതിനോട് പ്രതികരിക്കും. കൃത്യസമയത്ത് ആവശ്യമായ പിന്തുണയും പ്രതിവിധിയും കൊടുത്തില്ലെങ്കില്‍ കുട്ടികളിലെ പരീക്ഷാസമ്മര്‍ദ്ദം ശാരീരികമായ ആരോഗ്യപ്രശ്നങ്ങളിലേക്കോ, മാനസിക ആരോഗ്യപ്രശ്നങ്ങളിലേക്കോ നയിക്കാം.
കുട്ടികളിലെ പരീക്ഷാ സമ്മര്‍ദത്തെയും ഉത്കണ്ഠയെയും മറികടക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. അത് ഓരോ വ്യക്തിയേയും അനുസരിച്ച് വ്യത്യാസപ്പെട്ടിരി ക്കും. പഠനമികവ് വര്‍ധിപ്പിക്കല്‍, മാനസികമായ പരിശീലനം, വൈകാരിക പരിചരണം എന്നിവയാണ് പ്രധാനപ്പെട്ട മൂന്ന് മാര്‍ഗ്ഗങ്ങള്‍.
ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗം കുട്ടിയുടെ പഠനത്തിനുള്ള കഴിവ് വര്‍ധിപ്പിക്കുകയാണ്. ഇത് പല രീതിയില്‍ സാധിക്കാം. മന:പാഠമാക്കാനുള്ള പരിശീലനം, ചെറുനോട്ടുകളുടെ ഉപയോഗം, കൂട്ടുകാരനുമായിരുന്നുള്ള പഠനം, കൃത്യമായ ലക്ഷ്യം വച്ചുകൊണ്ടുള്ള പഠനം, ഇടവേളകളിലെ വിശ്രമം എന്നിവയൊക്കെ കുട്ടിയുടെ പഠന മികവിനെ വര്‍ധിപ്പിക്കും.
പരീക്ഷാ സാഹചര്യങ്ങളില്‍ ശാന്തവും സ്ഥിരതയുള്ളതുമായ മനസ് കുട്ടിയില്‍ രൂപപ്പെടുത്തലാണ് മാനസികമായ പരിശീലനം. സമ്മര്‍ദം അനുഭവിക്കുന്ന എല്ലാ വേളകളിലും ശാന്തമായിരിക്കാന്‍ കുട്ടിയുടെ മനസിനെ പാകപ്പെടുത്തുക.
വൈകാരിക പരിചരണം ലക്ഷ്യമിടുന്നത് സ്വന്തം വികാരങ്ങളെയും മാനസിക വിക്ഷോഭങ്ങളെയും നിയന്ത്രിക്കാന്‍ കുട്ടിയെ പരിശീലിപ്പിക്കലാണ്. വികാരവിക്ഷോഭത്തിന്റെ സമയത്ത് ശാന്തമായിരിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കണം. അതിന് ദീര്‍ഘനിശ്വാസം എടുക്കാനും കണ്ണടച്ച് ഒന്നിനെയും പറ്റി ചിന്തിക്കാതെ ഇരിക്കാനും പഠിപ്പിക്കണം. പ്രാണായാമവും യോഗാഭ്യാസവും ഏറെ ഉപകാരപ്പെടും. മനസ് ശാന്തമാക്കി വയ്ക്കാനുള്ള കഴിവ് കുട്ടി നേടുന്നതോടെ പരീക്ഷാ സമ്മര്‍ദം അടക്കമുള്ള എല്ലാവിധ ആശങ്കളില്‍ നിന്നും കുട്ടി അകലും.
പഠനത്തിനു മുമ്പുള്ള യോഗാ പരിശീലനം
ലക്ഷണങ്ങള്‍
താഴെ പറയുന്ന ഏതെങ്കിലും ലക്ഷണം കാണിക്കുന്നുണ്ടോ എന്ന് നോക്കി കുട്ടി പരീക്ഷാസമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടോയെന്ന് മനസിലാക്കാവുന്നതേയുള്ളൂ:
ഡോ. ഷാജു ജോര്‍ജ്ജ്, സ്പെഷലിസ്റ്റ് സൈക്യാട്രിസ്റ്റ്, ഇന്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റല്‍, ദുബായ്
കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ആദ്യമാസങ്ങള്‍ ആസ്വദിക്കാനു ള്ളതാണ്. അവര്‍ നടന്നു കയറുന്ന വ്യത്യസ്ത ഘട്ടങ്ങള്‍ ഏതൊക്കെയാണെന്ന്
അറിയാം. ശാരീരികമായ വികാസം
ഒന്നര വയസ്സിനുള്ളിലാണ് കുഞ്ഞുങ്ങളുടെ അടിസ്ഥാന ശാരീരിക വ്യതിയാനങ്ങള്‍ സംഭവിക്കുന്നത്. കുഞ്ഞുകാലടികള്‍ പെറുക്കി വച്ച് അവര്‍ പിച്ച വയ്ക്കാന്‍ തുടങ്ങുന്നതും ഈ കാലയളവില്‍ തന്നെയാണ്. നിരവധി പരിശ്രമത്തിന് ശേഷമാണ് അവര്‍ മുട്ടില്‍ നീന്തുന്നതും പിടിച്ചെഴുന്നേല്‍ക്കുന്നതും. കപ്പില്‍ ചായ വേണമെന്നും അത് തനിയെ പിടിച്ച് കുടിക്കണമെന്നും കുഞ്ഞുങ്ങള്‍ വാശി കാണിക്കുന്നത് ഈ പ്രായത്തിലാണ്. ഭക്ഷണം തനിയെ വാരിക്കഴിക്കാനായിരിക്കും ഇവര്‍ക്കിഷ്ടം. സ്റ്റെപ്പ് കയറാനും മേശയിലിരിക്കുന്ന സാധനങ്ങള്‍ വലിച്ച് നിലത്തിടാനും സ്പൂണ്‍, പേന, പെന്‍സില്‍ ഇവ കൈകൊണ്ട് പിടിക്കാനും കൈയില്‍ കിട്ടുന്നത് എടുത്ത് ഭിത്തിയില്‍ വരക്കാനുമൊക്കെയായിരിക്കും ഈ പ്രായത്തിലെ കുഞ്ഞുങ്ങള്‍ക്ക് കൂടുതലിഷ്ടം. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ നോക്കാന്‍ കൂടെയൊരാള്‍ എപ്പോഴും വേണമെന്ന കാര്യം നിര്‍ബന്ധമാണ്. കാരണം അവര്‍ ഓടിക്കളിക്കുന്ന പ്രായമാണിത്.
അവബോധത്തിലുള്ള വികാസം
തിരിച്ചറിവിന്റെ പ്രായം കൂടിയാണിത്. അച്ഛനെയും അമ്മയെയും അവര്‍ തിരിച്ചറിയുന്ന സമയം ഇതാണ്. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അവര്‍ കേള്‍ക്കുന്നതും അനുസരിക്കാന്‍ ശ്രമിക്കുന്നതും അനുകരിക്കാന്‍ ശ്രമിക്കുന്നതും ഒന്നരവയസ്സിന്റെ കാലയളവിലാണ്. എന്തെങ്കിലും വസ്തുക്കള്‍ എടുക്കരുതെന്നോ തൊടരുതെന്നോ പറഞ്ഞാല്‍ അവര്‍ അക്ഷരം പ്രതി അനുസരിക്കുന്നതായി കാണാം. മറിച്ചും സംഭവിക്കാം. എല്ലാ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ ശീലങ്ങളായി മാറുന്നതും ഈ സമയത്താണ്. ഇഷ്ടമുള്ള പാവ, മറ്റ് കളിപ്പാട്ടങ്ങള്‍, ഇഷ്ടപ്പെട്ട ഉ ടുപ്പ് എന്നിവ തിരഞ്ഞെടുക്കുന്നു. അമ്മ തന്നെ ഉറക്കുന്നത് പോലെയായിരിക്കും പാവക്കുട്ടിയെ അവര്‍ ബെഡ്ഡില്‍ കിടത്തിയുറക്കുന്നത്. വീട്ടില്‍ സ്ഥിരമായി ഉള്ളവരെയും ഇടയ്ക്ക് വന്നുപോകുന്നവരെയും അവര്‍ മനസ്സില്‍ സൂക്ഷിച്ച് വയ്ക്കുകയും പരിചയ ഭാവം കാണിക്കുകയും ചെയ്യും.
മാനസികവും വൈകാരികവുമായ വികാസം
കളിപ്പാട്ടങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ള പാവക്കുട്ടിക്ക് പേരിട്ട് എപ്പോഴും കൂടെക്കൊണ്ടു നടക്കുന്ന പ്രായമാണിത്. അവര്‍ കണ്ടെത്തുന്ന കാര്യങ്ങള്‍, ഉച്ചരിക്കുന്ന വാക്കുകള്‍ ഇവയെല്ലാം ഒരേസമയം വിചിത്രവും രസകരവുമായി തോന്നാം. വീട്ടിലുള്ളവരോട് വളരെ അടുപ്പം കാണിക്കുകയും അതിഥികള്‍ വരുമ്പോള്‍ അവരോട് ഇണങ്ങാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളുണ്ട്. കൗതുകം തോന്നുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതും അത് കാണുമ്പോള്‍ സന്തോഷം കാണിക്കുന്നതും ഈ പ്രായത്തിലാണ്. ഇഷ്ടമില്ലാത്ത കാര്യങ്ങളോടും വസ്തുക്കളോടും അവര്‍ അനിഷ്ടം പ്രകടിപ്പിക്കുന്നതും കാണാന്‍ സാധിക്കും.
ആശയവിനിമയത്തിലെ വികാസം
ആദ്യകാലത്ത് അക്ഷരങ്ങള്‍ അവരുടെ നാവിന് വഴങ്ങില്ല, ചില അക്ഷരങ്ങളും വാക്കുകളും മാത്രമേ അവര്‍ കൃത്യമായി ഉച്ചരിക്കാറുള്ളൂ. അമ്മ എന്ന വാക്ക് മാത്രമേ അവര്‍ കൃത്യമായി പറയൂ. കുട്ടികളോട് അവരുടെ ഭാഷയില്‍ കൊഞ്ചി സംസാരിക്കുന്നവരുണ്ട്. ആശയവിനിമയം വളരെ കൃത്യമായി നടക്കേണ്ട ഈ പ്രായത്തില്‍ ഈ രീതി ഗുണകരമാവില്ല. നല്ല സംസാരത്തിലും പെരുമാറ്റത്തിലുമായിരിക്കണം കുഞ്ഞുങ്ങള്‍ വളര്‍ന്നു വരേണ്ടത്. കുഞ്ഞുങ്ങളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ആദ്യത്തെ ഒന്നരവയസ്സിലാണ് അവര്‍ സ്വഭാവത്തിന്റെയും ബന്ധങ്ങളുടെയും അടിസ്ഥാനം മനസ്സിലാക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങളെ നല്ല സ്വഭാവവും മിടുക്കരുമായി വളര്‍ത്താന്‍ എല്ലാ രക്ഷിതാക്കള്‍ക്കും കഴിയണം.
നല്ല അപ്പൂപ്പനും അമ്മൂമ്മയും
നല്ല അപ്പൂപ്പനും അമ്മൂമ്മയു മാകാനുള്ള യോഗ്യതകള്‍ എന്തെല്ലാംഅതിനുള്ള സൂത്രവിദ്യകളിതാ…
കൊച്ചുമക്കളെ ഓമനിച്ചും പരിചരിച്ചും കഴിയുന്ന അപ്പൂപ്പനും അമ്മൂമ്മയും മിക്ക വീടുകളിലുമുണ്ട്. തങ്ങള്‍ മക്കളെ വളര്‍ത്തുമ്പോള്‍ ഉണ്ടായിരുന്നതോ, ചിലപ്പോള്‍ അതിനേക്കാളേറെയോ സന്തോഷം മിക്ക അപ്പൂപ്പന്‍മാരും അമ്മൂമ്മമാരും പേരക്കുട്ടികളെ നോക്കിവളര്‍ത്തുമ്പോള്‍ അനുഭവിക്കുന്നു.
നല്ല അപ്പൂപ്പനും അമ്മൂമ്മയും കൊച്ചുമക്കളുടെ ജീവിതത്തെ തുടക്കം മുതല്‍ ഒടുക്കംവരെ പല രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. അവരില്‍ നിന്നാണ് കഥകളിലൂടെയും മറ്റും കുട്ടികള്‍ ജീവിതത്തെപ്പറ്റി അറിയുക. അവരാവും കുട്ടിയെ നല്ല ശീലങ്ങള്‍ പഠിപ്പിക്കുന്നതും. കുടുംബത്തിന്‍റെ അവിഭാജ്യഭാഗമെന്ന നിലയില്‍ അപ്പൂപ്പനമ്മൂമ്മാരുടെ പങ്ക് ചെറുതല്ല. ഈയിടെ നടത്തിയ ഒരു പഠന സര്‍വേ പറയുന്നത് 77 ശതമാനം കുടുംബങ്ങളിലും അപ്പൂപ്പനും അമ്മൂമ്മയും കൊച്ചുമക്കളുടെ ജീവിതത്തിന്റെ അവിഭാജ്യഭാഗമാണെന്നാണ്.
നല്ല അപ്പൂപ്പനും അമ്മൂമ്മയുമാകുക എളുപ്പമല്ല. അതിന് നിരവധി ഗുണവിശേഷങ്ങള്‍ ആവശ്യമാണ്. നല്ല അപ്പൂപ്പന്‍മാരുടെയും അമ്മൂമ്മമാരുടെയും ഗുണ സവിശേഷതകള്‍ ഇതാണ്:
കൂടെ ആയിരിക്കുക
പഠനങ്ങളും ഗവേഷണങ്ങളും കാണിക്കുന്നത് അപ്പൂപ്പന്‍െറയും അമ്മൂമ്മയുടെയും എപ്പോഴുമുള്ള സാന്നിധ്യം വൈകാരിക സുരക്ഷിതത്വം കൊച്ചുമക്കള്‍ക്ക് നല്‍കുന്നുണ്ട് എന്നാണ്. അതായത് പേരക്കുട്ടികള്‍ക്കും അപ്പൂപ്പനമ്മൂമ്മമാര്‍ക്കിടയില്‍ വൈകാരികവും അല്ലാതെയുമുള്ള വളരെയേറെ പങ്കുവയ്ക്കലുകള്‍ നടക്കുന്നുണ്ട്. നല്ല അപ്പൂപ്പനും അമ്മൂമ്മയും തങ്ങളുടെ സമയം കൊച്ചുമക്കള്‍ക്കായി നീക്കി വയ്ക്കുന്നു. അവര്‍ എപ്പോഴും കുട്ടിക്ക് അടുത്തായിരിക്കാന്‍ ശ്രമിക്കുന്നു.
എപ്പോഴും കുട്ടികള്‍ക്കൊപ്പം ആവാന്‍ കഴിയാത്തവര്‍, സാധ്യമാകുന്ന സമയമെല്ലാം ഗുണകരമായി കുട്ടികള്‍ക്കൊപ്പം ചിലവഴിക്കാന്‍ ശ്രമിക്കും.
നിസ്വാര്‍ഥത
നല്ല അപ്പൂപ്പന്‍െറയും അമ്മൂമ്മമാരുടെയും ലക്ഷണമായി മിക്ക പഠനങ്ങളും എടുത്തുകാണിക്കുന്നത് അവരുടെ ജീവിതത്തോടുള്ള ആള്‍ട്രൂയിസ്റ്റിക് മനോഭാവമാണ്. അതായത് നിസ്വാര്‍ഥമായ, പരോപകാര സേവന തല്‍പരത. കൊച്ചുമക്കള്‍ക്കായി നിസ്വാര്‍ഥ സമര്‍പ്പണം. ഇത് അഹംബോധത്തിനും സ്വാര്‍ഥതക്കും നേര്‍ വിപരീതമാണ്. ഈ നല്ല ഗുണവിശേഷം അറിയാതെ തന്നെ കുട്ടികളിലേക്കും പകരും. ചുരുക്കി പറഞ്ഞാല്‍, നിസ്വാര്‍ഥരായ അപ്പൂപ്പനും അമ്മൂമ്മയും കുടുംത്തെ നല്ല രീതിയില്‍ പിന്തുണക്കുകയും മുന്നോട്ട്കൊണ്ടുപോവുകയും ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
ക്ഷമാശീലം
മനഃസാന്നിധ്യവും വികാരവിക്ഷു-്ധരാവാതിരിക്കലുമാണ് അപ്പൂപ്പനമ്മൂമ്മമാരില്‍ കാണുന്ന നല്ല ഗുണവിശേഷങ്ങളില്‍ മറ്റൊന്ന്. അവര്‍ ചുറ്റുപാടുകളോട് നല്ല രീതിയില്‍ പൊരുത്തപ്പെടുന്നു. അവര്‍ കുട്ടികളോട് മയത്തോടെയും ക്ഷമയോടെയും പെരുമാറുന്നു. മറ്റുള്ളവര്‍ക്ക് ദേഷ്യം വരുന്ന സമയങ്ങളില്‍ പോലും അവര്‍ സൗമ്യമായി, ചിരിച്ചുകൊണ്ട് കുട്ടികളെ പരിചരിക്കുന്നു. മാത്രമല്ല, അവര്‍ കുട്ടികള്‍ പറയുന്നത് കേള്‍ക്കാനും മനസിലാക്കാനും ശ്രമിക്കുന്നു. മറ്റുള്ളവര്‍ പറയുന്നതിന് നല്ല കേള്‍വിക്കാരുമാകുന്നു.
ഊര്‍ജ്വസലത
നല്ല അപ്പൂപ്പനും അമ്മൂമ്മയും എപ്പോഴും കൊച്ചുമക്കളിലേക്ക് ഊര്‍ജവും ഓജസും പ്രസരിപ്പിച്ചുകൊണ്ടിരിക്കും. ശാരീരികമായ ഊര്‍ജസ്വലതക്ക് പുറത്ത് വൈകാരികവും ആത്മീയവും ബൗദ്ധികവുമായ ചലനാത്മകത പകര്‍ന്നുകൊണ്ടിരിക്കും. സന്തോഷവും, അത്ഭുതവും, പ്രേരണയുമെല്ലാം എത് സമയവും കൊച്ചുമക്കളുടെ ജീവിതത്തിലേക്ക് പകരും. തിരിച്ച് കുട്ടികളില്‍ നിന്നുള്ള ഊര്‍ജവും കളി ചിരികളും അവരും സ്വാംശീകരിക്കും. മിക്കപ്പോഴും കൊച്ചുകുട്ടികളുടേതെന്നപോല്‍ പ്രസരിപ്പും ചുറുചുറുക്കുമാവും പ്രായത്തെ മറികടന്ന് നല്ല അപ്പൂപ്പനും അമ്മൂമ്മയും പ്രകടിപ്പിക്കുക.
കോട്ടയം അര്‍പ്പൂക്കരയിലെ ജോണ്‍ എന്ന അപ്പൂപ്പനെപ്പറ്റി സ്വന്തം മക്കള്‍ക്ക് എന്നും പരാതിയാണ്. ഒന്നും ചെയ്യുന്നില്ല; എപ്പോഴും വെറുതെ ഒരു സ്ഥലത്ത് ചടഞ്ഞിയിരിക്കും. എന്നാല്‍, കൊച്ചുമക്കള്‍ വരുമ്പോഴോ? അദ്ദേഹം മറ്റൊരാളായി മാറും, ഉഷാറാകും. ചിരിയും കളിയുമാകും; തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിയാകും. വാര്‍ധക്യം രണ്ടാം ബാല്യമാണെന്ന പഴഞ്ചൊല്ല് നാം മറക്കരുത്.
ജീവിതാനുഭവം
അനുഭവങ്ങള്‍ നല്‍കുന്ന വലിയ അറിവുകള്‍ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഉണ്ടാകും. ഇത് അവര്‍ ബോധപൂര്‍വും അബോധപൂര്‍വവും കുട്ടികളിലേക്ക് പകരും.
മൂന്ന് കുട്ടികളുടെ അച്ഛനും ഏക മകനുമായ പോള്‍സണ്‍ തന്‍െറ അനുഭവം വിവരിക്കുന്നത് ഇങ്ങനെ: “എനിക്ക് ചെറുപ്പത്തില്‍ വല്യപ്പനുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹം ഏപ്പോഴും കളിയും ചിരിയുമായി ഒപ്പമുണ്ടാകും. പലപ്പോഴും ജീവിതാനുഭവങ്ങള്‍ നല്‍കിയ പാഠങ്ങള്‍ അദ്ദേഹം പറഞ്ഞു നല്‍കും. ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ ഞാനും അച്ഛനുമായി പലപ്പോഴും പ്രശ്നങ്ങളുണ്ടായി. അപ്പോഴോക്കെ വല്യപ്പന്‍ ഇടപെട്ടു. ഞങ്ങളെ ഒരുമിച്ച് നിര്‍ത്തി.
പ്രശ്നങ്ങള്‍ തന്‍േതായ അനുഭവപാഠങ്ങളില്‍ നിന്ന് അദ്ദേഹം പരിഹരിച്ചു. ഇപ്പോള്‍ എന്‍റെ അപ്പന്‍ ഇതുതന്നെയാണ് എന്‍െറ മക്കളോടും ചെയ്യുന്നത്. ചിലപ്പോള്‍ നാളെ ഞാനും എന്‍റെ പേരക്കുട്ടികളോട് ചെയ്യുക ഇതുതന്നെയാവും. നല്ല അപ്പൂപ്പനെന്തായിരിക്കണം എന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന വല്യപ്പന്‍റെ സ്വാധീനമാണ് ഇതിന് കാരണം.”
സ്ഥിരോത്സാഹം
തങ്ങളും പേരക്കുട്ടികളുമായുള്ള ബന്ധം ഒരിക്കലും മുറിയാന്‍ നല്ല അപ്പൂപ്പനും അമ്മൂമ്മയും അനുവദിക്കില്ല. അവര്‍ സാധ്യമാകുന്ന എന്തും ചെയ്ത് ബന്ധം നിലനിര്‍ത്തും. ഈ സ്ഥിരോത്സാഹം നല്ല അപ്പൂപ്പനമ്മൂമ്മമാരുടെ ലക്ഷണമായാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എട്ട് വയസുകാരി ആമി പറയുന്നത് ഇങ്ങനെ: “ഞങ്ങള്‍ ജീവിക്കുന്നത് കൊച്ചിയിലാണ്. മുത്തച്ഛന്‍ കൊല്ലത്തും. എന്നാല്‍ ആഴ്ചയിലൊരിക്കല്‍ മുത്തച്ഛന്‍ കാറോടിച്ച് വീട്ടിലെത്തും. അടുത്ത ദിവസം രാവിലെ ഏഴ് മണിക്ക് മുമ്പെ എഴുന്നേറ്റ് റെഡിയായി രാവിലെ ഞങ്ങളെ സ്കൂളില്‍ കൊണ്ടുവിടും. മറ്റാരെയും അതിന് സമ്മതിക്കില്ല.”
പലപ്പോഴും ദൂരങ്ങളെ നല്ല അപ്പൂപ്പനും അമ്മൂമ്മയും മറികടക്കും. അവര്‍ ഫോണിലൂടെ, കത്തുകളിലൂടെ, ഇമെയിലിലൂടെ കൊച്ചുമക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കും. പതിനെട്ട് വയസുകാരി അനീഷ പറയുന്നത് രസകരം: “ഞാന്‍ എന്തുനല്ല കാര്യം ചെയ്യാന്‍ പോകുമ്പോഴും ആദ്യം പറയുക അമ്മൂമ്മയോടാണ്. ഫോണില്‍ വിളിച്ചാവും അമ്മൂമ്മയോട് പറയുക. ഞാന്‍ ഭരതനാട്യം പഠിച്ച് പൊതുവേദിയില്‍ അവതരിപ്പിക്കുന്നതിന് തലേ രാത്രി അമ്മൂമ്മയോട് പറഞ്ഞു. രാവിലെ 10 നാണ് പരിപാടി. ഞാന്‍ വേദിയിലെത്തി നോക്കിയപ്പോള്‍ രണ്ടാം നിരയില്‍ അമ്മൂമ്മ ഇരിക്കുന്നു. പുലര്‍ച്ചെ പുറപ്പെട്ട് പരിപാടി കാണാനായി അമ്മൂമ്മ എത്തിയിരിക്കുന്നു.”
മുത്തശ്ശിയാകുമ്പോള്‍
നിങ്ങളുടെ മകന്‍ ഒരു പിതാവായിത്തീരുമ്പോള്‍ നിങ്ങള്‍ ഒരു മുത്തശ്ശിയാകുകയാണ്. അല്ലെങ്കില്‍ ഒരു മുത്തച്ഛന്‍. ഈ പുതിയ റോളില്‍ വിജയകരമായി ജീവിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആവശ്യമെന്തെന്ന് ചോദിക്കുക
കുഞ്ഞിന്റെ വരവോടെ നിങ്ങളുടെ മക്കളുടെ ജീവിതമാകെ മാറിയിരിക്കുകയാണ്. അവളുടെ ആവശ്യം എന്തെന്ന് തിരിച്ചറിയുക. നിങ്ങളില്‍ നിന്ന് എന്താണ് അവള്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി ചോദിക്കുക. ഏതു തരം സഹായത്തിനുമുള്ള സന്നദ്ധത അവ തിരിച്ചറിയുകയും വേണം.
പ്രശംസിക്കുക
നിങ്ങള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം പ്രശംസയാണ്. നിങ്ങളുടെ മകള്‍ അമ്മയായിത്തീരുമ്പോള്‍ അവളെ പ്രശംസിക്കുക. അവളുടെ കുഞ്ഞ് സ്മാര്‍ട്ടാണെന്ന് പറയുക. അമ്മയെന്ന രീതിയില്‍ അവള്‍ വളരെ നല്ല അമ്മയാണെന്ന് പ്രശംസിക്കുക.
ആശയ വിനിമയം
കൊച്ചു മക്കളുടെ ഏതു കാര്യത്തിലും നിങ്ങളുടെ മക്കളുമായി തുറന്ന ആശയവിനിമയം നടത്തുന്നത് നല്ലതാണ്. അവരുടെ തീരുമാനങ്ങളെയും താല്‍പര്യങ്ങളെയും ബഹുമാനിക്കുന്നതും.
യഥാര്‍ത്ഥ്യബോധത്തോടെയുള്ള പ്രതീക്ഷകള്‍
പേരക്കിടാങ്ങളെ വളര്‍ത്താന്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ പ്രായവും ആരോഗ്യവും ശ്രദ്ധിക്കണം. അതിന് അനുസരിച്ചുള്ള ഉത്തരവാദിത്വങ്ങളേ ഏറ്റെടുക്കാവൂ.
പുതിയ ആശയങ്ങളോടു തുറവി
നിങ്ങള്‍ നിങ്ങളുടെ മക്കളെ വളര്‍ത്തിയ രീതിയല്ല ഇന്നത്തേത്. പുതിയ രീതികളും ആശയങ്ങളും സ്വീകരിക്കാനും പഠിക്കാനുമുള്ള തുറവി ഉണ്ടായിരിക്കണം.
അനാവശ്യ ഉപദേശം അരുത്
പേരന്റിങ് രീതികള്‍ ഇന്ന് ഏറെ മാറിയതിനാല്‍ എന്തിനും ഏതിനും ഉപദേശം പറയാനുള്ള പ്രലോഭനം നിങ്ങള്‍ക്ക് ഉണ്ടാകും. അതിനെ പ്രതിരോധിക്കുക.
ആസ്വദിക്കുക
മുത്തശ്ശിയെന്ന നിങ്ങളുടെ പുതിയ റോള്‍ ആസ്വദിക്കാന്‍ ശ്രമിക്കണം. അത് തരുന്ന സന്തോഷത്തിലും സംതൃപ്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
കൊച്ചല്ല വെല്ലുവിളികള്‍
കാര്യമൊക്കെ ശരിതന്നെ; ഗ്രാന്റ് പേരന്റിങ് മികച്ചതു തന്നെ! ഒപ്പം കൊച്ചുമക്കളെ വളര്‍ത്തുമ്പോള്‍ ചില വെല്ലുവിളികളുമുണ്ട്
പേരക്കുട്ടികളെ ഓമനിച്ച് വളര്‍ത്തുമ്പോള്‍ ഓരോ മുത്തശ്ശനും മുത്തശ്ശിയും (അപ്പൂപ്പനും അമ്മൂമ്മയും) പറഞ്ഞറിയിക്കാനാവാത്ത ആനന്ദം ഉള്‍ക്കൊള്ളുന്നുണ്ട്. പ്രായവും അനുഭവവും നല്‍കുന്ന പക്വതയുടെ പിന്‍ബലത്തില്‍ അവര്‍ സ്വന്തം കുട്ടികളെന്ന നിലയില്‍ പേരക്കുട്ടികളെ പോറ്റിവളര്‍ത്തും; കഥകള്‍ പറഞ്ഞുകൊടുത്ത്, കൊഞ്ചിച്ചുറക്കി.
അച്ഛന്‍െറയും അമ്മയുടെയും അഭാവത്തില്‍ ഇവരാണ് കുട്ടികളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുക. അത് ഭാരിച്ച ഉത്തരവാദിത്വം കൂടിയാണ്. പേരക്കുട്ടികള്‍ക്ക് സുരക്ഷിതത്വബോധം പകരുക, അവരില്‍ ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കുക, കുടുംബത്തെ ഒന്നിച്ച് നിര്‍ത്തുക എന്നിങ്ങനെ പലതരം കാര്യങ്ങളാണ് ഗ്രാന്റ് പേരന്റ്സിന് ചെയ്യാനുള്ളത്. അതേസമയം വെല്ലു വിളികള്‍ നിറഞ്ഞതാണ് അവരുടെ ഈ കടമ. എന്നിരുന്നാലും ചില കാര്യങ്ങള്‍ ഒരല്പം ശ്രദ്ധിച്ചാല്‍ നിങ്ങളുടെ കൊച്ചുമക്കളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഗ്രാന്റ് പേരന്റ്സ് ശ്രദ്ധയില്‍ വയ്ക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍…
1. പേരക്കുട്ടികളെ സ്നേഹിക്കുക; പക്ഷെ കുട്ടികള്‍ നിങ്ങളുടേതല്ലെന്ന് ഓര്‍മ്മിക്കുക
കോഴിക്കോട്ടെ ഒരു റിട്ടയേര്‍ഡ് ഉദ്യോഗസ്ഥയായ അമ്മൂമ്മ സുനന്ദ പറഞ്ഞത് ഇങ്ങനെ: “എന്‍റെ കൊച്ചുമകന്‍ ജയദീപിന് ഒമ്പതുമാസം പ്രായമുള്ളപ്പോഴാണ് ഒരു അമ്മൂമ്മയുടെ പരിമിതികള്‍ ഞാന്‍ ആദ്യമായി അറിഞ്ഞത്. കൊച്ചുമകന്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഉറക്കം തൂങ്ങി. അവനെ എടുത്ത് തോളത്തിട്ട് പതിയെ ഉറക്കാന്‍ ശ്രമിക്കുമ്പോള്‍ മകന്‍ രാധാകൃഷ്ണന്‍ പറഞ്ഞു: അവനെന്റെ മോനാണ്, ഞാന്‍ ഉറക്കി കൊള്ളാം. മനസ് വേദനിച്ചുവെങ്കിലും കൊച്ചുമകനെ മകന് കൊടുത്തു. കുഞ്ഞ് എന്റേതല്ലായെന്നു അപ്പോഴാണ് മനസില്‍ വന്നത്. അല്‍പസമയം കഴിഞ്ഞപ്പോള്‍ മകനും ഭാര്യയും പുറത്ത് പോകാന്‍ തീരുമാനിച്ചു. അപ്പോഴവര്‍ കൊച്ചിനെ തിരിച്ചുനല്‍കി. അങ്ങനെ പേരക്കുട്ടി എന്റേതായിരിക്കുമ്പോഴും എന്‍േറതല്ല എന്ന് ഞാന്‍ അറിഞ്ഞു. ശരിക്കും ഞാന്‍ എന്റെ മകന് സഹായവും പിന്തുണയും നല്‍കുന്ന ഒരാളാണ്. അവരെ സംബന്ധിച്ച് ഞാന്‍ ഒരു ആശ്വാസഘടകമാണ്.”
ഈ അമ്മൂമ്മ പറയുന്നതാണ് കാര്യം. നിങ്ങള്‍ ചിലപ്പോള്‍ പേരക്കുട്ടികളെ വളര്‍ത്തുന്നുണ്ടാവാം. അവര്‍ക്ക് നിങ്ങളെ ഇഷ്ടമാകാം. എന്നാല്‍ അവരുടെ യഥാര്‍ഥ അവകാശികള്‍ നിങ്ങളല്ല. പേരക്കുട്ടികള്‍ നിങ്ങളുടേതല്ല എന്ന ബോധ്യം എപ്പോഴുമുണ്ടായാല്‍ അവര്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം പോകുമ്പോള്‍ നിങ്ങള്‍ക്ക് വേദനയും ഒറ്റപ്പെടലും അനുഭവപ്പെടില്ല.
2. പേരക്കുട്ടികളുടെ വികാരങ്ങള്‍ സമ്മിശ്രമാണ്
കുട്ടികള്‍ക്ക് അവരുടെ അച്ഛനും അമ്മയുമായുളള ബന്ധം നഷ്ടപ്പെടുന്നത് ഉള്‍ക്കൊളളാനാവില്ല. അച്ഛനെയും അമ്മയെയും വിട്ട് വരുന്ന കുട്ടികള്‍ ദേഷ്യത്തോടെ പെരുമാറിയെന്നിരിക്കാം. അത് മാതാപിതാക്കളെ വിട്ടുപോരുന്നതിലെ അവരുടെ അസന്തുഷ്ടിയുടെ പ്രകടനമാണ്. നിങ്ങളോടുള്ളതല്ല. അത്തരം ദേഷ്യപ്രകടനം വ്യക്തിപരമായി എടുക്കേണ്ടതില്ല. കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോടുള്ള ബന്ധം വളരെ ശക്തമാണ്. അവര്‍ക്കടുത്തേക്ക് മടങ്ങിപ്പോകാനുള്ള ത്വരയാണ് ദേഷ്യത്തില്‍ പ്രകടമാകുന്നത്.
കുട്ടികള്‍ അവരുടെ ദേഷ്യം പലരീതിയിലാവും പ്രകടമാക്കുക. ചിലപ്പോള്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത വിധത്തിലാവും, ചിലപ്പോള്‍ കരഞ്ഞാവും, മറ്റ് ചിലപ്പോള്‍ തീര്‍ത്തും അപരിചിതമായ രീതിയില്‍ പെരുമാറിയാവും. എങ്ങനെയൊക്കെ പെരുമാറിയാലും അവര്‍ക്ക് നിങ്ങളുടെ പിന്തുണയും സ്നേഹവും സമാശ്വാസവും ആവശ്യമുണ്ട്.
പേരക്കുട്ടികളുടെ മാനസിക വിഷമം മനസ്സിലാക്കുക. കുട്ടികളെ ആശ്വസിപ്പിക്കുക. മാത്രമല്ല, കുട്ടികള്‍ അങ്ങനെ പെരുമാറുന്നതിനു കാരണം നിങ്ങളുടെ അടുക്കല്‍ അവരുടെ വികാരം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം തോന്നുന്നതുകൊണ്ടാണ്; നിങ്ങളുടെ അടുത്ത് കൂടുതല്‍ സുരക്ഷിതത്വം അവര്‍ക്ക് അനുഭവപ്പെടുന്നതുകൊണ്ടാണ്. അതിനാല്‍ കുട്ടികളുടെ ഇത്തരം വികാരപ്രകടനങ്ങളെ പോസിറ്റീവായി സ്വീകരിക്കുക.
3. സ്വന്തം കാര്യം ശ്രദ്ധിക്കാന്‍ മറക്കരുത്
പേരക്കിടാങ്ങളെ വളര്‍ത്തുന്ന പ്രക്രിയ നിങ്ങളിലും സമ്മിശ്ര വികാരങ്ങള്‍ ഉളവാക്കും; തീര്‍ച്ച. കുഞ്ഞുങ്ങളോട് നിങ്ങള്‍ക്ക് തോന്നുന്ന സ്നേഹം; അവരുടെ വളര്‍ച്ച കാണുന്നതിലെ സന്തോഷം; വളരാനുള്ള നല്ല അന്തരീക്ഷം അവര്‍ക്ക് പ്രദാനം ചെയ്യുന്നതിന്റെ ചാരിതാര്‍ത്ഥ്യം ഇതെല്ലാം നല്ല വശങ്ങളാണ്; ഭാവാത്മകമായ വി കാരങ്ങളാണ്.
എന്നാല്‍ ഇവയോടൊപ്പം നിഷേധാത്മകമായ വികാരങ്ങളെയും നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ചിലപ്പോള്‍ ഈ പ്രായത്തില്‍ കൊച്ചു മക്കളെ വളര്‍ത്തുന്ന കാര്യം നിങ്ങള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അല്ലെങ്കില്‍ പേരക്കിടാങ്ങളെ വളര്‍ത്തുന്നതിന്റെ മാനസികവും ശാരീരികവുമായ ഭാരം നിങ്ങള്‍ പ്രതീക്ഷിച്ചതിലും ഏറെ കൂടുതലാകാം. അതിനാല്‍ തന്നെ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ കാര്യം നിങ്ങള്‍ തന്നെ ശ്രദ്ധിക്കണം.
പേരക്കിടാങ്ങളെ വളര്‍ത്തുന്നതിന്റെ വ്യഗ്രതയില്‍ നിങ്ങള്‍ നിങ്ങളുടെ കാര്യം മറന്നുപോകാന്‍ സാധ്യത ഏറെയാണ്. പക്ഷേ നിങ്ങള്‍ മറക്കരുതാത്ത പ്രധാന കാര്യമിതാണ് - നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യം ശ്രദ്ധിക്കുക എന്നത് അത്യാവശ്യമാണ്; അല്ലാതെ ആഢംബരമല്ല. മാനസികമായി മടുത്തും ശാരീരികമായി ക്ഷീണിച്ചുമിരുന്നാല്‍ നിങ്ങള്‍ക്ക് നല്ലൊരു രക്ഷിതാവാകാന്‍ സാധിക്കില്ലെന്ന കാര്യം മറക്കരുത്. നിങ്ങള്‍ ശാന്തരും, സ്വസ്ഥരും, സംതൃപ്തരുമാണെങ്കില്‍ മാത്രമേ കൊച്ചുമക്കളുടെ ജീവിതവും സന്തോഷം നിറഞ്ഞതാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കൂ. അല്ലെങ്കില്‍ അവരുടെ കൊച്ചു ജീവിതത്തിലേക്ക് കൂടി നിങ്ങളുടെ അരക്ഷിതാവസ്ഥ നിഴല്‍ വീഴ്ത്തി കയറിയെന്നിരിക്കും. അതിനാല്‍ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുക എന്നത് പേരക്കിടങ്ങളെ വളര്‍ത്തുന്നതിന്റെ അടിസ്ഥാനഘടകമാണ്.
സ്വന്തം ആരോഗ്യം നോക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് പേരക്കുട്ടികളുടെ ആരോഗ്യം നോക്കാനാവില്ല. പോഷകാഹാരം നിറഞ്ഞ ഭക്ഷണം കഴിക്കാനും, പതിവായി വ്യായാമം ചെയ്യാനും, ആവശ്യത്തിന് ഉറങ്ങാനും ശ്രദ്ധിക്കുക.
ആവശ്യത്തിന് വിശ്രമിക്കുന്നത് മാറ്റിവയ്ക്കരുത്. നിങ്ങളുടെ ചെറിയ ഹോബികള്‍ മനസ്സിനെ കൂടുതല്‍ ഉന്മേഷഭരിതമാക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധമായും കുറെ സമയം കണ്ടെത്തണം.
പേരക്കുട്ടികളുടെ സഹായം ചില കാര്യങ്ങളില്‍ തേടുന്നതില്‍ തെറ്റില്ല. കുട്ടികള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ അവരെ ഏല്‍പ്പിക്കുക. എല്ലാം സ്വയം ചെയ്യണമെന്ന് ശഠിക്കേണ്ടതില്ല. ഒരു പാത്രം എടുത്തുമാറ്റി വയ്ക്കാനോ, ഒരു സാധനം മറ്റൊരിടത്തേക്ക് മാറ്റിവയ്ക്കാനൊക്കെ കുട്ടികളെയും പങ്കാളിയാക്കുക. അത് നിങ്ങള്‍ക്കും കുട്ടിക്കും സന്തോഷം നല്‍കും.
നിങ്ങളുടെ വികാരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും മറക്കരുത്. കുടുംബത്തിലുള്ള മറ്റുള്ളവരോട് കാര്യങ്ങള്‍ തുറന്ന് പറയുന്നതും മറ്റും മനസിന്റെ ഭാരവും ക്ഷീണവും കുറയ്ക്കും.
4. സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക
കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം വേണം. അത് അവരുടെ വളര്‍ച്ചക്ക് ആവശ്യമാണ്. ദിനചര്യകള്‍ ഉണ്ടാക്കിയെടുക്കുന്നതാണ് ഇതില്‍ ഒന്നാമത്തെ ഘടകം. ഭക്ഷണം, കളി, ഉറക്കം എന്നിവക്ക് കൃത്യമായ സമയക്രമം ഉണ്ടാക്കുക. വാരാന്ത്യങ്ങളില്‍ സന്തോഷം പകരുന്ന സ്ഥലങ്ങളില്‍ പോവുക, പ്രത്യേക ഭക്ഷണം ഉണ്ടാക്കുക തുടങ്ങിയ രീതികള്‍ പാലിക്കുന്നത് നല്ലതാവും.
വീട്ടിലെ ചെറിയ ജോലികളില്‍ കുട്ടികളെ പങ്കാളികളാക്കണം. സ്വന്തം വസ്തുക്കളും കളിപ്പാട്ടങ്ങളും ഒതുക്കിവയ്ക്കാനും കുട്ടികളെ ശീലിപ്പിക്കണം. അവരുടെ പ്രായത്തിന് അനുസരിച്ച് വീട്ടിലെ എല്ലാ ജോലികളിലും പങ്കാളികളാക്കുക. മേല്‍നോട്ടം മാത്രം പല കാര്യത്തിലും നിങ്ങള്‍ നല്‍കിയാല്‍ മതിയാകും.
പ്രായത്തിന് അനുസരിച്ചുള്ള വ്യക്തവും ഉചിതവുമായ ചിട്ടകള്‍ കുട്ടികള്‍ക്കായി ബോധപൂര്‍വം സൃഷ്ടിക്കണം. അതോടൊപ്പം നിങ്ങളുടെ സമയവും ശ്രദ്ധയും കുട്ടികള്‍ക്ക് നല്‍കുക. എപ്പോഴും ആശ്വാസകരമായ സാന്നിധ്യമായി നിങ്ങള്‍ അടുത്തുണ്ടാകുക. ദിവസം ആരംഭിക്കുമ്പോഴും സ്കൂളില്‍ നിന്ന് വരുമ്പോഴും, ഉറങ്ങാന്‍പോകുമ്പോഴുമെല്ലാം.
5. തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുക
പേരക്കുട്ടികളോട് തുറവിയോടെയും സത്യസന്ധമായും നിങ്ങള്‍ ആശയവിനിമയം നടത്തുക. പുതിയ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ അത് അവരെ സഹായിക്കും.
കുട്ടികള്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുക, അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉചിതമായ മറുപടി നല്‍കുക.
പതിവായി അവര്‍ക്കൊപ്പമിരുന്ന് സംസാരിക്കാനായി നിങ്ങള്‍ സമയം കണ്ടെത്തണം.
അവരുടെ വികാരങ്ങള്‍ തുറന്നു പറയാന്‍, അവരെ പ്രോത്സാഹിപ്പിക്കുക. നിരുത്സാഹപ്പെടുത്താതെയും വിധിക്കാതെയും അവരെ ശ്രദ്ധയോടെ കേള്‍ക്കുക. കുട്ടികളെ കേള്‍ക്കാനാണ് അല്ലാതെ അവരെ കുറ്റം പറയാനായല്ല ഈ അവസരം ഉപയോഗിക്കേണ്ടത്.
ഉള്ളിലെ വികാരങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികളെ നിങ്ങള്‍ക്ക് സഹായിക്കാനാകും. കുട്ടി അസ്വസ്ഥനായി കണ്ടാല്‍, “മോനു സങ്കടമാണല്ലോ, എന്താണ് മോനെ വിഷമിപ്പിക്കുന്നത്.” എന്ന് ചോദിച്ച് അറിയുക. കുട്ടികള്‍ക്ക് വികാരങ്ങള്‍ വാക്കുകളില്‍ പറയാനാവില്ല. അവര്‍ അത് മറ്റു രീതിയിലൂടെയാവും പ്രകടിപ്പിക്കുക. ചിലപ്പോള്‍ കളികളിലൂടെ. അത് ശ്രദ്ധിക്കുക.
കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരം നല്‍കുക. അമ്മ എപ്പോള്‍ വരുമെന്ന കുട്ടികളുടെ ചോദ്യത്തിന് അറിയില്ല എന്നതാണെങ്കില്‍ അത് തുറന്നു പറയണം. കുട്ടികളുടെ ചോദ്യങ്ങളെ അവഗണിക്കരുത്. നുണ പറയുകയുമരുത്.
6. മാതാപിതാക്കളുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുക
പേരക്കുട്ടികള്‍ക്ക് തങ്ങളുടെ മാതാപിതാക്കളോട് എപ്പോഴും ബന്ധം പുലര്‍ത്താനായെന്നു വരില്ല. പക്ഷേ, അതിനുള്ള അവസരം കൂടുതലായി സൃഷ്ടിക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. കുട്ടിക്ക് മാതാപിതാക്കളുമായി ബന്ധം പുലര്‍ത്താനുള്ള സാധ്യതകള്‍ എല്ലാം പ്രയോജനപ്പെടുത്തണം. നേരില്‍ കാണാന്‍ സാധ്യതയില്ലെങ്കില്‍ ഫോണ്‍, സ്ക്കൈപ്പ്, ഇമെയില്‍ തുടങ്ങിയ സാധ്യതകളിലൂടെ ബന്ധം പുലര്‍ത്താന്‍ പേരക്കുട്ടികളെ സഹായിക്കുക. മാതാപിതാക്കള്‍ വരുമ്പോള്‍ അവരും കുട്ടികളുമായി ഊഷ്മള ബന്ധം സാധ്യമാകുന്ന തരത്തില്‍ നിങ്ങള്‍ നിലകൊള്ളളുക.
നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളോടുള്ള ദേഷ്യം, നിരാശ തുടങ്ങിയവ പ്രകടിപ്പിക്കാനുള്ളപ്പോള്‍ അത് കുട്ടികളുടെ മുന്നില്‍ വച്ചാവരുത്. പേരക്കുട്ടിയുടെ മുന്നില്‍ വച്ച് അവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നത് നല്ലതല്ല. അത് കുട്ടിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും.
പേരക്കുട്ടികളുടെ മാതാപിതാക്കളോട്, അതായത് നിങ്ങളുടെ മക്കളോട് നല്ല ബന്ധം പുലര്‍ത്തുക, കുട്ടിയുടെ സ്കൂള്‍ കാര്യങ്ങള്‍, താല്‍പര്യങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവയെപ്പറ്റിയുള്ള വിവരം മക്കള്‍ക്ക് നല്‍കുക. കുട്ടിയുടെ ശീലങ്ങളും രീതികളും എല്ലാം മാതാപിതാക്കള്‍ക്ക് പറഞ്ഞുകൊടുക്കണം. അങ്ങനെ കുട്ടിയും മാതാപിതാക്കളുമായുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ നിങ്ങള്‍ക്ക് സഹായിക്കാനാവും.
7. നിങ്ങളുടെ മക്കള്‍ പറയുന്നത് ശ്രദ്ധിക്കുക
കാലവും പ്രായവും നിങ്ങള്‍ക്കും മക്കള്‍ക്കും മദ്ധ്യേ പല മതിലുകളുമുണ്ടാക്കിയിട്ടുണ്ടാവും. പുതിയ അറിവുകള്‍ വളര്‍ന്നിട്ടുണ്ടാവും. നിങ്ങള്‍ മക്കളുടെ കാര്യത്തില്‍ പുലര്‍ത്തിയ ചിട്ടകളാവില്ല മക്കള്‍ അവരുടെ കുട്ടികളോട് പുലര്‍ത്തുന്നത്. അത് ശ്രദ്ധിക്കണം. നിങ്ങളുടെ താല്‍പര്യങ്ങള്‍ പേരക്കുട്ടികളുടെമേലും മക്കളുടെ മേലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്.
നാല് മാസവും മൂന്നുവയസുമുള്ള രണ്ട് കുട്ടികളുടെ അമ്മ പറഞ്ഞത് പലപ്പോഴും താനും അമ്മയും തമ്മില്‍ കൊച്ചുമക്കളുടെ കാര്യം പറഞ്ഞ് വഴക്കിടാറുണ്ടെന്നാണ്. രണ്ട് വയസാകുന്നതുവരെ ജ്യൂസ് നല്‍കേണ്ടെന്നും ടിവി കാണിക്കേണ്ടന്നും പറഞ്ഞപ്പോള്‍ അമ്മ പരിഹസിച്ചത്രേ. പക്ഷേ, അമ്മ പെട്ടന്ന് തന്നെ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു. മക്കള്‍ പറയുന്നതിലും കാര്യമുണ്ടെന്ന് ഗ്രാന്റ് പേരന്റ്സ് മനസ്സിലാക്കണം.
മാതാപിതാക്കളോട്
നിങ്ങളുടെ മക്കള്‍ക്കുവേണ്ടി ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് അച്ഛനമ്മമാരോട് ആരായുക.
അവരുമായി ആശയവിനിമയം നടത്തുക.
അവര്‍ തരുന്ന ഉപദേശങ്ങളെ പാടെ തള്ളിക്കളയരുത്. കാരണം, മക്കളെ വളര്‍ത്തുന്നതില്‍ അവര്‍ക്കുള്ള അനുഭവസമ്പത്ത് വിലപ്പെട്ടതാണ്. ഇനി, അവരുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റാതെ വരുന്ന അവസരങ്ങളില്‍ അതിനുള്ള കാരണം അവര ധരിപ്പിക്കുക.
കുട്ടികള്‍ പുതിയ സാഹചര്യങ്ങളോട് വളരെ വേഗം ഇഴുകിച്ചേരുന്നു. നിങ്ങളുടെയും നിങ്ങളുടെ മാതാപിതാക്കളുടേയും രീതികളും നിയമങ്ങളും വ്യത്യസ്തങ്ങളാകാം. മുത്തച്ഛനും മുത്തശ്ശിയും കൂടുതല്‍ കാര്‍ക്കശ്യം ഉള്ളവരാണെങ്കില്‍, അതുകൊച്ചു കുട്ടികളെ വിഷമിപ്പിക്കാം. അങ്ങനെയാണെങ്കില്‍ അക്കാര്യം അവരോട് വിശദീകരിക്കാന്‍ മടിക്കരുത്. അതേസമയം മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ലാളിക്കല്‍ കുട്ടികളെ മോശമാക്കില്ല എന്നും അറിയുക.
ചില മുത്തച്ഛന്‍മാരും മുത്തശ്ശിമാരും പ്രായാധിക്യത്താല്‍ കൂടുതല്‍ ക്ഷീണിതരാകാം. അവര്‍ക്ക് ഏറെക്കാലത്തേക്ക് ഒന്നിലധികം പേരക്കിടാങ്ങളെ സംരക്ഷിക്കുക ബുദ്ധിമുട്ടായിരിക്കാം. അത് മനസ്സിലാക്കുക.
ജീവന്റെ ജീവന്‍
മക്കള്‍ ജീവനാണ്, അപ്പോള്‍ കൊച്ചുമക്കളോ?പേരക്കിടാങ്ങളെ അമൂല്യനിധികളായി കാണുന്ന ഗ്രാന്റ് പേരന്റ്സിന്റെ ജീവിതത്തിലൂടെ…
ആറുവയസുകാരന്‍ സന്‍ജു എന്നും സ്കൂള്‍ വിട്ടുവരുമ്പോള്‍ 65 വയസുള്ള അമ്മൂമ്മ വീടിന്‍െറ പടിക്കലുണ്ടാകും. “സ്ക്കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയാലുടനെ അവന്‍ അമ്മച്ചീന്നു വിളിച്ചോണ്ട് ഒരോട്ടമാണ്.” അമ്മൂമ്മയെയാണ് സന്‍ജു അമ്മച്ചിയെന്നു വിളിക്കുന്നത്. സ്വന്തം അമ്മയെ മമ്മിയെന്നും. “എന്റെ വയറിനു ചുറ്റും കെട്ടിപ്പിടിക്കും. എന്നിട്ട് ചാടി കയറി പഞ്ചാര ഉമ്മ നല്‍കും,” കല്ല്യാണി എന്ന 55 കാരി അമ്മൂമ്മ പറഞ്ഞു. അമ്മ അടുത്തുണ്ടെങ്കിലും ആദ്യം അമ്മൂമ്മയുടെ അടുത്തേ അവന്‍ എത്തൂ.
സന്‍ജുവിനെ കൂടാതെ അവന്റെ അനിയന്‍ മൂന്നുവയസുകാരന്‍ സാഗറിനെയും നോക്കി വളര്‍ത്തുന്നതും അവന്‍റെ അമ്മൂമ്മതന്നെയാണ്. രണ്ട് കൊച്ചുമക്കള്‍ക്കും ഭക്ഷണം കൊടുക്കുന്നതും ലാളിക്കുന്നത് ഉറക്കുന്നതുമെല്ലാം അമ്മൂമ്മയാണ്. സന്‍ജു സ്കൂളിലെ കൂട്ടുകാരെപ്പറ്റി പറയുന്നതും അമ്മൂമ്മയോട്. അതെല്ലാം നിശബ്ദമായി തികഞ്ഞ ശ്രദ്ധയോടെ അമ്മൂമ്മ കേള്‍ക്കും. കുടിക്കാന്‍ ജ്യൂസ് നല്‍കിയും കളിപ്പാട്ടങ്ങള്‍ നിരത്തിയുമെല്ലാം അമ്മൂമ്മ ഒപ്പമുണ്ട്.
“അവര്‍ അടുത്തുള്ളത് എനിക്കേറെ സന്തോഷമാണ്,” കല്യാണി പറഞ്ഞു. “ഞാന്‍ അവരുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിമാറിയിരിക്കുന്നു.”
സന്‍ജുവിന്‍റെ അമ്മ കൊച്ചിയിലെ ഒരു സി.ബി.എസ്.ഇ. സ്കൂളില്‍ ടീച്ചറാണ്. പേര് അമ്പിളി. “അവന് എപ്പോഴും അമ്മൂമ്മ മതി.” അമ്പിളി പറഞ്ഞു. “ഇനി സ്ക്കൂളില്‍ നിന്ന് ഞാന്‍ അല്പം വൈകിയാലും എനിക്കൊരു ഉത്കണ്ഠയുമില്ല. വീട്ടില്‍ അവരെ നോക്കാന്‍ അമ്മയുണ്ടല്ലോ.”
അമ്മൂമ്മയാണ് കുട്ടികള്‍ക്ക് ജീവന്‍. അതിന് കാരണമുണ്ട്. കുട്ടികളുടെ താല്‍പര്യങ്ങളും ചിന്തകളും വ്യത്യസ്തമാണ്. അവര്‍ക്ക് എപ്പോഴും കളിക്കണം. അതിന് നല്ല കൂട്ട് വേണം. അവര്‍ക്ക് വേണ്ടപ്പോള്‍ ഭക്ഷണം നല്‍കണം. തങ്ങള്‍ സുരക്ഷിതരാണ് എന്ന തോന്നല്‍ വേണം. ഇതെല്ലാം നല്‍കുന്ന അപ്പൂപ്പനും അമ്മൂമ്മയും കുട്ടികള്‍ക്ക് പ്രിയപ്പെട്ടവരാകും.
“ഇത്തരം കുടുംബങ്ങളുടെ എണ്ണം കൂടികൂടി വരികയാണ്,” ചൈല്‍ഡ് സൈക്കോളജിസ്റ്റായ ഡോ. രാജ്കുമാര്‍ പറഞ്ഞു. അതിനുള്ള കാരണം മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്കാരാകുന്ന സാഹചര്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഗ്രാന്‍ഡ് പേരന്റിസിനു മറ്റു ജോലികളില്ലെങ്കില്‍ കാര്യം കൂടുതല്‍ എളുപ്പമായി.
അപ്പൂപ്പനും അമ്മൂമ്മയും കൊച്ചുമക്കളെ നോക്കി വളര്‍ത്തുന്നതുകൊണ്ട് ഇരു കൂട്ടര്‍ക്കും ഏറെ നന്മയുണ്ടെന്നാണ് ഡോ. രാജ്കുമാറിന്റെ അഭിപ്രായം. ആയമാരോ മറ്റാരെങ്കിലുമോ കുട്ടികളെ നോക്കുന്നതിനേക്കാള്‍ ഏറെ നല്ലതാണ് മുത്തച്ചനും മുത്തശ്ശിയും കുട്ടികളെ നോക്കുന്നത്. കാരണം അപ്പോള്‍ കുട്ടികള്‍ കൂടുതല്‍ സുരക്ഷിതരായിരിക്കും; അവര്‍ക്ക് കൂടുതല്‍ സ്നേഹവും കരുതലും കിട്ടും. അതോടൊപ്പം ഗ്രാന്‍ഡ് പേരന്റ്സിനും ഇത് ഏറെ നന്മചെയ്യുമെന്ന് ഡോ. രാജ്കുമാര്‍ ചൂണ്ടിക്കാണിച്ചു. കാരണം അത് അവരുടെ ജീവിതം കൂടുതല്‍ അര്‍ത്ഥ പൂര്‍ണ്ണമാക്കുന്നു. അവരുടെ ജീവിതം കൂടുതല്‍ സന്തോഷപൂര്‍ണ്ണമാകുന്നു. സ്വന്തം മക്കള്‍ക്ക് കൊടുക്കാന്‍ സാധിക്കാതെ പോയ സ്നേഹവും കരുതലും കൊടുക്കാനുള്ള ഒരവസരം കൂടി അവര്‍ക്ക് ലഭിക്കുന്നു.
അപ്പൂപ്പനും അമ്മൂമ്മയും കുട്ടികളുടെ ജീവിതത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്. മാത്രമല്ല, കേരളമടക്കമുള്ള പല സ്ഥലങ്ങളിലും കൊച്ചു മക്കള്‍ മുഴുവന്‍ സമയവും അപ്പൂപ്പന്റെയും അമ്മൂമ്മമാരുടെയും പരിചരണത്തിന്‍ കീഴിലാണ്. പ്രത്യേകിച്ച് അച്ഛനും അമ്മയും ജോലിക്കാരാകുന്ന അവസ്ഥയില്‍.
സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ റീന തന്‍റെ മകനെ തിങ്കളാഴ്ച രാവിലെ ദൂരെയുള്ള അമ്മൂമ്മയുടെ അടുത്താക്കും. തിരിച്ചുവിളിച്ചുകൊണ്ടു വരിക ശനിയാഴ്ച വൈകിട്ടാണ്. വീട്ടില്‍ കുട്ടിയെ നോക്കാന്‍ ആളില്ല. കുട്ടിയാകട്ടെ മാസത്തില്‍ നല്ല പങ്കും അപ്പൂപ്പന്‍െറയും അമ്മൂമ്മയുടെയും അടുത്താണ്.
എന്നാല്‍ കൊച്ചുകുട്ടികളെ നോക്കി വളര്‍ത്തുക ഒട്ടും എളുപ്പമല്ല. അതിന് വളരെയേറെ ക്ഷമയും ത്യാഗസന്നധതയും നിസ്വാര്‍ഥതയും ആവശ്യമാണ്. ഒരു നിമിഷംപോലും കുട്ടികളുടെ മേല്‍ നിന്ന് കണ്ണെടുക്കാനുമാവില്ല. ഏത് നിമിഷം വേണമെങ്കിലും കുട്ടികള്‍ അപകടമുണ്ടാക്കിവയ്ക്കും. ഇതുമൂലം അപ്പൂപ്പനും അമ്മൂമ്മയ്ക്കും കൊച്ചുമക്കള്‍ അടുത്തുണ്ടെങ്കില്‍ അല്‍പ നേരം പോലും വിശ്രമിക്കാനോ, നന്നായി ഭക്ഷണം കഴിക്കാനോ, ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനോ പറ്റിയെന്നു വരില്ല.
കല്ല്യാണിയമ്മയുടെ അഭിപ്രായത്തില്‍ കുട്ടികളുടെ മാതാപിതാക്കളായ “മക്കളുമായി ആശയ വിനിമയം നടത്തിക്കൊണ്ടിരിക്കുക” അത്യാവശ്യമാണ്. അവരുമായുള്ള സംഭാഷണത്തില്‍ കുട്ടികളോട് ബന്ധപ്പെട്ട ഏതു കാര്യവും വിഷയമാക്കാം. കുട്ടികളുടെ ഭക്ഷണ താല്പര്യങ്ങളാകാം, പിടിവാശികളാകാം. അങ്ങനെ ഏതു കാര്യവും. സ്വന്തം അഭിപ്രായങ്ങള്‍ ഈ കാര്യങ്ങളിലുണ്ടെങ്കിലും മക്കളുടെ താല്പര്യത്തെ മാനിക്കണമെന്ന് അവര്‍ പറഞ്ഞു: “എങ്ങനെയൊക്കെയാണെങ്കിലും, എന്റെ മകള്‍ ആഗ്രഹിക്കുന്നപോലെ ഞാനങ്ങു ചെയ്തേക്കും.”
തന്റെ മകന് അമ്മ കൂടുതല്‍ മിഠായികള്‍ നല്കുന്നതായി റീനയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാര്‍ട്ടൂണ്‍ ടി.വി. കൂടുതല്‍ കാണിക്കുന്നതായും. പക്ഷേ റീന പറയുന്നു, “എന്റെ മോന് കിട്ടുന്ന സ്നേഹവും സംരക്ഷണവുമായി താരതമ്യം ചെയ്താല്‍ ഇതെല്ലാം നിസ്സാരമായ കാര്യങ്ങളാണ്.”
ഐറിനും സമാന അഭിപ്രായമാണുള്ളത്: “ഞങ്ങളുടെ വീട്ടിലും അപ്പനും അമ്മയുമാണ് ഞങ്ങളുടെ രണ്ട് മക്കളെ നോക്കുന്നത്. വൈകുന്നേരമേ ഞങ്ങള്‍ രണ്ടുപേരും തിരിച്ചെത്തൂള്ളൂ. എന്നാലും വലിയ പ്രശ്നങ്ങളൊന്നും അപ്പനും അമ്മയുമായി ഉണ്ടായിട്ടില്ല. ഇനി എന്തെങ്കിലും ഉണ്ടായാല്‍തന്നെ ഞങ്ങളത് പറഞ്ഞു പരിഹരിക്കും.”
ഡോ. രാജ്കുമാറിന്റെ അഭിപ്രായത്തില്‍ ഇത് അസാധാരണമൊന്നുമല്ല: “കുട്ടിയുടെ മാതാപിതാക്കളും ഗ്രാന്റ് പേരന്റ്സും തിരുമാനിച്ചു കഴിഞ്ഞാല്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകാന്‍ വഴിയില്ല. പരസ്പരമുള്ള അവരുടെ ആശയ വിനിമയമാണ് പ്രധാനപ്പെട്ട കാര്യം.”
മാതാപിതാക്കള്‍ സാധാരണ പേടിക്കുന്ന അമിത ലാളനയെന്ന പ്രശ്നം വലുതായി ഉണ്ടാകാറില്ലെന്നാണ് രാജ്കുമാറിന്റെ അഭിപ്രായം. “അപ്പൂപ്പനും അമ്മൂമ്മയും കൊച്ചു മക്കളുടെ കൂടെ താമസിക്കുകയോ അവരെ ദിവസവും കാണുകയോ ചെയ്യുന്ന സാഹചര്യത്തില്‍ അവര്‍ അവരെ ഓമനിച്ചു വഷളാക്കാറില്ല. വല്ലപ്പോഴും ഒരിക്കല്‍ കാണുമ്പോഴാണ് ലാളന അമിതമാകുന്നത്.”
കാര്യങ്ങള്‍ എളുപ്പമാകാനുള്ള മാര്‍ഗ്ഗം അടുപ്പിച്ചടുപ്പിച്ചുള്ള കുടുംബാംഗങ്ങളുടെ ഒത്തുചേരലാണ്. ഡോ. രാജ്കുമാര്‍ ഉപദേശിക്കുന്നു: “കാര്യങ്ങള്‍ എങ്ങനെ പോകുന്നെന്ന് തുറന്നു സംസാരിക്കണം. ഒരുമിച്ചിരുന്ന് വിലയിരുത്തണം.” ഇത്തരം വിലയിരുയിരുത്തലുകളില്‍ എല്ലാവരുടെയും ആവശ്യങ്ങള്‍ പരിഗണിക്കപ്പെടണം; ഗ്രാന്റ് പേരന്റ്സിന്റേയും.
കുട്ടികളെ വളര്‍ത്തുകയെന്നത് എത്രമാത്രം ആയാസകരവും ക്ഷീണിപ്പിക്കുന്നതുമാണെന്ന കാര്യം മുത്തച്ഛനും മുത്തശ്ശിയും മനസ്സിലാക്കണമെന്ന് അമ്പിളി പറയുന്നു. ശാരീരികമായി എത്ര ആരോഗ്യമുണ്ടെങ്കിലും ഇടക്കിടെ അവര്‍ക്കും വിശ്രമം അത്യാവശ്യമാണ്.
ഇവിടെയെല്ലാം ഏറ്റവും പ്രധാനപ്പെട്ടത് കുട്ടിയുടെ മാതാപിതാക്കളും അവരുടെ മാതാപിതാക്കളും തമ്മിലുള്ള പരസ്പര ബന്ധമാണെന്ന് ഡോ. രാജ്കുമാര്‍ പറയുന്നു: ”അവര്‍ രണ്ടുകൂട്ടരും തമ്മില്‍ ഭിന്നതയിലോ, കുട്ടിയെ വളര്‍ത്തുന്നതിനെക്കുറിച്ച് വിരുദ്ധ ആശയങ്ങളോ ആണുള്ളതെങ്കില്‍ ഇത് വിജയിക്കുകയില്ല.”
റീനയുടെ അഭിപ്രായത്തില്‍ ഇത്തരം ക്രമീകരണം നടത്താനുദ്ദേശിക്കുന്നവര്‍ പരിഗണിക്കേണ്ട ഏറ്റവും പ്രധാനപെട്ട കാര്യമിതുതന്നെയാണ്: “പുതിയ മാതാപിതാക്കളോടു ഞാന്‍ ഒരേ ഒരു കാര്യമേ ചോദിക്കൂ. ‘നിങ്ങളുടെ മാതാപിതാക്കളുമായി നിങ്ങളുടെ ബന്ധം എങ്ങനെയാണ്?’ അത് ഏറ്റവും ആദര്‍ശപരമായിരിക്കണമെന്നൊന്നും നിര്‍ബന്ധമില്ല. എന്നിരുന്നാലും പരസ്പര ബഹുമാനവും സ്നഹവുമുള്ള സാമാന്യമൊരു നല്ല ബന്ധമായിരിക്കണം.”
എന്തൊക്കെയായിരുന്നാലും കൊച്ചു മക്കളും ഗ്രാന്റ് പേരന്‍സും തമ്മിലുള്ള ബന്ധത്തില്‍ ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടെന്നതാണ് സത്യം. കൊച്ചു മക്കളുടെ ലോകം കൂടുതല്‍ കഥകള്‍ കൊണ്ടും, ഭാവനകൊണ്ടും, സ്നേഹം കൊണ്ടും നിറയും. മുത്തച്ഛനും മുത്തശ്ശിയും കൂടുതല്‍ തൃപ്തികരമായ വാര്‍ധ്യക്യത്തിലേക്ക് നീങ്ങും. ഇതിനെല്ലാം ഉപരിയായി കുട്ടികളുടെ മാതാപിതാക്കള്‍ക്കാകും ഇതില്‍ നിന്നും ഏറ്റവും കൂടുതല്‍ നേട്ടം ലഭിക്കുക.
ദൂരെ ആയിരിക്കുമ്പോള്‍
ഇന്ന് പല കുടുംബങ്ങളിലും കുടുംബാംഗങ്ങള്‍ സ്വദേശത്തും വിദേശത്തുമായി ചിതറിക്കിടക്കുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് മുത്തച്ഛനും മുത്തശ്ശിക്കും കൊച്ചുമക്കളുമായുള്ള സമ്പര്‍ക്കം കുറയുന്നു അവരുമായി സമയം ചെലവഴിക്കാന്‍ കഴിയാതെ വരുന്നു. എന്നിരുന്നാലും ഈ ബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടാതെ സൂക്ഷിക്കാനും പേരക്കിടാങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കാനും ചിലതെല്ലാം നിങ്ങള്‍ക്കു ചെയ്യാം.
അവധിക്കാലം നിങ്ങളോടൊത്ത് ചിലവഴിക്കാന്‍ കൊച്ചുമക്കളെ പ്രോത്സാഹിപ്പിക്കുക. ഒറ്റക്കൊറ്റക്കായും അവര്‍ നിങ്ങളോടൊപ്പം സമയം ചിലവഴിക്കട്ടെ. ഒരു ഗ്രൂപ്പിലായിരിക്കുന്നതിനെക്കാള്‍ അവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതും അതാണ്.
അവരെ സന്ദര്‍ശിക്കുവാനുള്ള അവസരങ്ങള്‍ സന്തോഷപൂര്‍വ്വം വിനിയോഗിക്കുക.
ഫോണ്‍ വഴി നിരന്തര സമ്പര്‍ക്കം നിലനിര്‍ത്തുക.
കുടുംബത്തിന്റെ രസകരമായ കഥകളും സംഭവങ്ങളും ഒക്കെ പങ്കുവച്ചുകൊണ്ട് കത്തുകളെഴുതുകയോ ടേപ്പിലോ വീഡിയോയിലോ പകര്‍ത്തി അയക്കുകയോ ചെയ്യുക.
കുടുംബത്തില്‍ എല്ലാവരുടെയും പ്രത്യേകിച്ച് പേരക്കിടാങ്ങളുടെ പിറന്നാള്‍ അര്‍ത്ഥവത്തായി ആഘോഷിക്കുക.
Liju Sunil Vachaparambil, M.A., MS (Counseling & Psychotherapy)
വികാരങ്ങള്‍ തിരിച്ചറിയുകയാണ് ജീവിതം സന്തോഷകരമാക്കാനുള്ള ഒരു പ്രധാനമാര്‍ഗ്ഗം. ഇക്കാര്യത്തില്‍ കുട്ടികളെ ചെറുപ്പം മുതല്‍ പരിശീലിപ്പിക്കാനുള്ള വഴികള്‍
നിക്കത് ഷ്ട്വല്ല,” മിന്നുവെന്ന മൂന്നുവയസ്സുകാരി നിന്നു ചിണുങ്ങി. ജന്മദിനാഘോഷം കഴിഞ്ഞ് അതിഥികള്‍ പിരിഞ്ഞു പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. മിന്നുവിന്റെ ചേച്ചിയുടെ ജന്മദിനമായിരുന്നു. ആഘോഷത്തിനിടക്കെല്ലാം അവളാകെ മൂഡ് ഓഫായിരുന്നു. മുമ്പോട്ട് പോകുന്തോറും അവള്‍ സ്വന്തം അരിശം അടക്കാന്‍ പാടുപെടുകയായിരുന്നു.
“നിക്ക് മഞ്ചുവിന്റെ പാവ വേണം, ഈ പാവ വേണ്ട,” സ്വന്തം പാവക്കുട്ടിയെ വലിച്ചെറിഞ്ഞു കൊണ്ട് അവള്‍ സ്വന്തം ഡിമാന്റ് മുമ്പോട്ട് വച്ചു. ജന്മദിനം മഞ്ചുവിന്റേതായിരുന്നെങ്കിലും മിന്നുവിനും ഒരു ആശ്വാസസമ്മാനം മാതാപിതാക്കള്‍ വാങ്ങിയിരുന്നു. അതാണ് അവള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. എന്നിട്ട് വലിയ വായിലെ കരയാനും തുടങ്ങി: “മഞ്ചുവിന്റെ പാവ, മഞ്ചുവിന്റെ പാവ” ഇത്തരം സാഹചര്യത്തില്‍ മാതാപിതാക്കള്‍ എന്തു ചെയ്യും?
“മോള്‍ക്കാകെ വിഷമമാണെന്നു തോന്നുന്നല്ലോ? മോള്‍ക്കു സങ്കടമാണോ?” അവളെ കോരിയെടുത്തുകൊണ്ട് അച്ഛന്‍ ഹരി ചോദിച്ചു. അരിശം മാറാതെയാണെങ്കിലും മിന്നു തലയാട്ടി.
“എനിക്കറിയാം മോളെന്തുകൊണ്ടാണ് സങ്കടപ്പെടുന്നതെന്ന്?” ഒന്നു നിര്‍ത്തിയിട്ട് ഹരി തുടര്‍ന്നു. “മഞ്ചുവിനല്ലേ ഇന്ന് സമ്മാനമെല്ലാം കിട്ടിയത്. എന്റെ മോള്‍ക്ക് ഒരു സമ്മാനമല്ലേ കിട്ടിയുള്ളൂ.”
ഇത്തവണയും അവള്‍ സമ്മതപൂര്‍വ്വം തലയാട്ടി. “മഞ്ചുവിന്റത്ര സമ്മാനങ്ങള്‍ മോള്‍ക്കും വേണം. പക്ഷേ ഒന്നും കിട്ടിയില്ല. അത് ശരിയല്ലല്ലോ. അതല്ലേ മിന്നുമോള്‍ക്ക് സങ്കടം വന്നത്?” ഹരി നിര്‍ത്താതെ തുടര്‍ന്നു. എന്നിട്ട് സ്വന്തം അനുഭവം കൂടി അയാള്‍ കൂട്ടി ചേര്‍ത്തു. “എനിക്കാഗ്രഹമുള്ളത് എന്റെ കൂട്ടുകാരനു കിട്ടുകയും എനിക്കു കിട്ടാതിരിക്കുകയും ചെയ്യുമ്പോള്‍ എനിക്കും സങ്കടം വരും.” ഇത്തവണ മിന്നു നിശബ്ദയായി.
അതിനുശേഷം ഹരി ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്കു കടന്നു - മാനസിക വികാരങ്ങളെ പേരിട്ട് അടയാളപ്പെടുത്തുന്ന ഘട്ടത്തിലേക്ക്. “അത്തരം വികാരത്തിന് ഒരു പേരു പറയും. മോള്‍ക്കത് അറിയണ്ടേ?” അവള്‍ സമ്മതം മൂളി. അവളെ ഒന്നുകൂടി ചേര്‍ത്തു പിടിച്ചിട്ട് ഹരി പറഞ്ഞു. “അതിനെയാണ് നമ്മള്‍ അസൂയയെന്നു പറയുന്നത്. മോള്‍ക്ക് മഞ്ചുവിന്റെ സമ്മാനമെല്ലാം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കിട്ടിയില്ല. അപ്പോള്‍ മോള്‍ക്ക് ചേച്ചിയോടു അസൂയയായി.” മിന്നു പതിയെ വിങ്ങിക്കരയാന്‍ തുടങ്ങി. പക്ഷേ പതിയെ അവള്‍ ശാന്തയായി. എന്നിട്ട് പതിയെ സ്വയം മന്ത്രിച്ചു: “അസൂയ.”
“അതുതന്നെ,” ഹരി പ്രോത്സാഹിപ്പിച്ചു. “അതൊരു നല്ല വികാരമല്ല.” ഹരി വിശദീകരിച്ചു. “ഓ, നിക്കിന്ന് അസൂയയായിരുന്നു.” അച്ഛന്റെ നെഞ്ചോടു ചേര്‍ന്ന് കിടന്ന് അവള്‍ പതുക്കെ പറഞ്ഞു.
ഹരി എന്ന അച്ഛന്‍ ചെയ്തത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, സ്വന്തം വികാരങ്ങളെ തിരിച്ചറിഞ്ഞു, പേരുചൊല്ലി വിളിച്ചു. രണ്ട്, അതുപോലെ വികാരങ്ങളെ തിരിച്ചറിയാനും പേരുചൊല്ലി വിളിക്കാനും സ്വന്തം മകളെ അയാള്‍ പഠിപ്പിച്ചു. സ്വന്തം സങ്കടം അയാള്‍ക്കറിയാം; അത് തിരിച്ചറിയാനും പറ്റുന്നു. സ്വന്തം മകളുടെ മനസ്സിലെ സങ്കടം തിരിച്ചറിയാന്‍ അയാള്‍ക്കു പറ്റുന്നു. അതിനെ തിരിച്ചറിയാന്‍ മകളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഇതുപോലെ തന്നെ സന്തോഷവും, അരിശവും, നിരാശയും, ഉത് കണ്ഠയുമൊക്കെ തിരിച്ചറിയാനും പേരിട്ടുവിളിക്കാനും ഹരി അവളെ പരിശീലിപ്പിച്ചു.
സന്തോഷമുള്ള മക്കളെ വളര്‍ത്തുന്നതില്‍ വികാരങ്ങളെ തിരിച്ചറിയാനുള്ള പരിശീലനത്തിന് വലിയൊരു പങ്കുണ്ട് - ഇതാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. മാതാപിതാക്കളില്‍ നിന്നും ഇത്തരം പരിശീലനം പതിവായി ലഭിക്കുന്ന കുട്ടികള്‍ പിന്നീട് സ്ക്കൂളിലും സഹപാഠികളുമായുള്ള ബന്ധത്തിലും മികവ് പുലര്‍ത്തും. സ്വന്തം വികാരങ്ങളെ തിരിച്ചറിഞ്ഞാല്‍ തന്നെ അതിനെ പാതി നിയന്ത്രിക്കാനാവുമെന്നതാണ് സത്യം.
ഹരി മിന്നുവിന്റെ വികാരങ്ങളെ നേരിട്ടു അഭിമുഖീകരിച്ചപ്പോള്‍ അവള്‍ ശാന്തയാകാന്‍ തുടങ്ങിയെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇതൊരു സാമാന്യ തത്വമാണ്. പരീക്ഷണശാലയില്‍ പോലും തെളിയിക്കപ്പെടാവുന്ന സത്യം. വികാരങ്ങളെ പേരിട്ടു വിളിക്കുന്നതോടെ നമ്മുടെ മസ്തിഷ്കം ശാന്തമാകുന്നു എന്നതാണ് സത്യം. ഇത് കുട്ടികളുടെയും വലിയവരുടെയും കാര്യത്തില്‍ സത്യമാണ് – വികാരങ്ങളെ തിരിച്ചറിയുന്നത് വികാരങ്ങള്‍ ശാന്തമാകാന്‍ സഹായിക്കുന്നു.
മനുഷ്യമനസ്സില്‍ നടക്കുന്നത് എന്താണെന്ന് അറിയേണ്ടേ? വാചികവും (Verbal) അവാചികവുമായ (Non Verbal) വിനിമയങ്ങള്‍ മസ്തിഷ്ക്കത്തിലെ പരസ്പര ബന്ധമുള്ള രണ്ടു കാര്യങ്ങളാണ്. ഭയവും, നിരാശയും സന്തോഷവുമൊക്കെ നമ്മുടെ ശരീരത്തില്‍ നമുക്ക് അനുഭവിക്കാന്‍ പറ്റും; ബുദ്ധി ഉപയോഗിച്ച് അതിനെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുന്നതിനു മുമ്പ് തന്നെ.
മാനസികവികാരങ്ങളുടെ ശാരീരിക ലക്ഷണങ്ങള്‍ കുട്ടികള്‍ ആദ്യം അനുഭവിക്കുന്നു; ആ വികാരങ്ങള്‍ അത് എന്താണെന്ന് അവര്‍ മനസിലാക്കുന്നതിനു മുമ്പ് തന്നെ. തങ്ങളുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്താണെന്ന് തിരിച്ചറിയാനുള്ള കഴിവ് ആര്‍ജിക്കുക കുട്ടികളെ സംബന്ധിച്ച് വലിയ കാര്യമാണ്. അവയും അവയുടെ മാനസിക വികാരങ്ങളും തമ്മില്‍ ബന്ധിപ്പിക്കുക അതിലും പ്രധാനവും.
വികാരങ്ങളുടെ ശാരീരിക പ്രതിഫലനങ്ങളും അവയുടെ മാനസിക തലവും തമ്മിലുള്ള ബന്ധിപ്പിക്കലാണ് ഹരി എന്ന അച്ഛന്‍ നടത്തിയത്. വികാരങ്ങളെ തിരിച്ചറിയുകയും പേരിട്ടു വിളിക്കുകയും ചെയ്യുന്നത് കൊണ്ട് ഈ ബന്ധിപ്പിക്കലാണ് നടക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. കുട്ടികള്‍ എത്രയും നേരത്തെ ഈ കഴിവ് ആര്‍ജിക്കുന്നോ അത്രയും അവര്‍ സന്തുഷ്ടരായിത്തീരും. കാരണം വികാരങ്ങളെ തിരിച്ചറിയലും മനസ്സിലാക്കലും തന്നെ വികാരങ്ങളെ ശമിപ്പിക്കുന്നതിന്റെ ആദ്യ പടിയാണ്.
സന്തോഷമുള്ളവരാകാന്‍ ഭക്ഷണം
കുട്ടികളുടെ വികാരങ്ങളെയും സ്വഭാവത്തെയും സ്വാധീനിക്കും. അതിനാല്‍ കുട്ടികളുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും ഉതകുന്ന സമീകൃതാഹാരം വീട്ടില്‍ പതിവാക്കുക. ഭക്ഷണത്തിന് ക്രമമായ സമയമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
ഉറക്കം
കുട്ടികളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന കാര്യത്തില്‍ ഉറക്കത്തിനും വലിയ പങ്കുണ്ട്. അഞ്ചിനും 12നും ഇടയ്ക്കുള്ള കുട്ടികള്‍ക്ക് 1011 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്.
ചിട്ടപ്പെടുത്താത്ത കളി
ഭാവന വികസിപ്പിക്കാനും പിരിമുറുക്കം കുറക്കാനും ചിട്ടപ്പെടുത്താത്ത കളിസമയം ഉപകരിക്കും. മാനസികാരോഗ്യത്തിലും സന്തോഷത്തിലും ഇത് വഹിക്കുന്ന പങ്ക് പ്രധാനമാണ്.
വികാരങ്ങള്‍
വികാരങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നതും അത് ആരോഗ്യകരമായി പ്രകടിപ്പിക്കേണ്ടതും ആവശ്യമാണ്.
സ്നേഹം
കുട്ടികള്‍ക്ക് ആവശ്യം വ്യവസ്ഥകളില്ലാത്ത സ്നേഹമാണ്. സ്നേഹിക്കപ്പെടുന്ന അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളാണ് സന്തുഷ്ടരായിരിക്കുന്നത്.
പടരുന്ന സന്തോഷം
സന്തോഷം പടരുന്നതാണ്. മാതാപിതാക്കള്‍ സന്തോഷമുള്ളവരായാല്‍ മാത്രമേ കുട്ടികളും സന്തോഷിക്കൂ. മാതാപിതാക്കള്‍ക്ക് സന്തോഷംശീലമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
മീരയും കുടുംബവും പട്ടണത്തിലാണ് താമസം. ഭര്‍ത്താവും അഞ്ചുവയസ്സുകാരനായ ജിദ്ദുവുമാണ് വീട്ടില്‍. ഈയിടെ മീര അമ്മയെ വിളിച്ചു. മകനുമൊത്തുള്ള വാരാന്ത്യപരിപാടി അമ്മയോടു വിശദീകരിച്ചു: “ഇത് രസകരമായിരിക്കും. അവന്റെ താല്പര്യമനുസരിച്ച് ഞങ്ങള്‍ ബോട്ടു യാത്രയും, സയന്‍സ് മ്യൂസിയവും ഒക്കെ പ്ലാന്‍ ചെയ്തിട്ടുണ്ട്.”
സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ പട്ടിക നീണ്ടപ്പോള്‍ അമ്മ അസ്വസ്ഥയായി. മീരയുടെ വിവരണം തീര്‍ന്നിട്ടും അങ്ങേത്തലക്കല്‍ നിശബ്ദത മാത്രം. അമ്മ ഒന്നും മിണ്ടിയില്ല.
“അമ്മ എന്താ ഒന്നും പറയാത്തത്?” മീരയുടെ ആകാംക്ഷ.
“അല്ല ഞാന്‍ ആലോചിക്കുകയായിരുന്നു. നിങ്ങള്‍ അമ്മയും മകനും കൂടി സന്തോഷിക്കുമ്പോള്‍ നിന്റെ ഭര്‍ത്താവ് പാവം അരുണ്‍ എന്തെടുക്കുകയായിരിക്കുമെന്ന്!”
“ആ, എനിക്കറിയില്ല.” മീര ദേഷ്യത്തോടെ പ്രതികരിച്ചു. തന്റെയും മകന്റെയും വാരാന്ത്യപരി പാടികളെക്കുറിച്ച് അമ്മ കൂടുതല്‍ ചോദിക്കുമെന്നും അവളെ അഭിനന്ദിക്കുമെന്നുമായിരുന്നു മീര പ്രതീക്ഷിച്ചത്.
കാലം മാറിയത് അമ്മ അറിയുന്നില്ലെന്നായിരുന്നു മീരയുടെ ചിന്ത. അവളുടെ കുഞ്ഞുനാളില്‍ കുട്ടികളായിരുന്നില്ല കുടുംബത്തിന്റെ കേന്ദ്രം. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നു. മക്കളാണ് കുടുംബത്തിന്റെ ശ്രദ്ധാകേന്ദ്രം.
മകനുമായുള്ള വാരാന്ത്യ ആഘോഷങ്ങളുടെയിടക്ക് മീരയുടെ മനസ്സില്‍ അമ്മയുടെ ചോദ്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉയര്‍ന്നു വന്നു - അരുണ്‍ എന്തെടുക്കുകയായിരിക്കും.
അടുത്ത കാലത്തെങ്ങും മീരയും അരുണും ഒരുമിച്ച് പുറത്തുപോയിട്ടില്ല; സിനിമ കണ്ടിട്ടില്ല; പുറത്ത് പോയി ഭക്ഷണം കഴിച്ചിട്ടില്ല. ജിദ്ദുവിന്റെ വരവിനുശേഷം അവളുടെ അനുദിന ജീവിതത്തിന്റെ കേന്ദ്രം തന്നെ അവനായി മാറിക്കഴിഞ്ഞിരുന്നു. ആയമാരുടെ കൂടെ പോകാന്‍ അവനിഷ്ടമില്ലായിരുന്നു. അതിനാല്‍ തന്നെ മീരയും അരുണും മകനുവേണ്ടി തങ്ങളുടെ ദാമ്പത്യജീവിതത്തെ ക്രമീകരിക്കാന്‍ തുടങ്ങി. രണ്ടു പേരും ജോലിക്കാരായിരുന്നു. ജിദ്ദുവിനുവേണ്ടി ജോലിസമയം രണ്ടുപേരും പരസ്പരം ക്രമീകരിച്ചു. ഒരാള്‍ മാറുമ്പോള്‍ മാറ്റേയാളുടെ സംരക്ഷണത്തിലാകും ജിദ്ദു. തങ്ങള്‍ക്കാവുന്നതെല്ലാം മകനുവേണ്ടി ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന സംതൃപ്തിയില്‍ അവര്‍ മുമ്പോട്ടു നീങ്ങി. അവന്‍ വളര്‍ന്നപ്പോഴും ആ പതിവ് തുടര്‍ന്നു. അതിനനുസരിച്ച് അവരുടെ ദാമ്പത്യബന്ധത്തിന്റെയും ചങ്ങാത്തത്തിന്റെയും ഇടം കുറഞ്ഞു കുറഞ്ഞു വന്നു.
ഒരര്‍ത്ഥത്തില്‍ അമ്മയുടെ ചോദ്യം മീരയുടെ കണ്ണു തുറപ്പിച്ചു. “ഞങ്ങളുടെ പരസ്പരബന്ധവും ഞങ്ങള്‍ തനിച്ചു ചിലവഴിക്കുന്ന സമയവും കുറഞ്ഞു കുറഞ്ഞു വരുകയായിരുന്നു.” മീര സ്വയം സമ്മതിക്കുന്നു.
“കുട്ടികള്‍ നിങ്ങളുടെ ജീവിത ത്തിന്റെ കേന്ദ്രമാക്കുന്നത് നല്ലതാണെന്ന് ചിന്തിച്ചേക്കാം. പക്ഷേ അതിലൊരു അപകടം പതിയിരിപ്പുണ്ട്. മുമ്പോട്ടു പോകുമ്പോള്‍ ദമ്പതികളുടെ പരസ്പരബന്ധത്തിന്റെ ഇഴയടുപ്പം കുറയാന്‍ അത് നിമിത്തമാകും,” ഫാമിലി കൗണ്‍സിലറായ ഡോ. ശിവപ്രസാദ് പറയുന്നു.
“പല ദമ്പതികളും ചിന്തിക്കുന്നത്, തങ്ങളുടെയിടയില്‍ വഴക്കില്ലാത്തതിനാല്‍ തങ്ങളുടെ ദാമ്പത്യബന്ധം സുദൃഢമാണെന്നാണ്,” അദ്ദേഹം പറയുന്നു. “അത് ശരിയായിരിക്കണമെന്നില്ല. ദാമ്പത്യബന്ധത്തെ തകര്‍ക്കുന്നത് അവര്‍ അറിയാതെ ദമ്പതികള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന അകലമാണ്. സമാധാനം സംരക്ഷിക്കാന്‍ വേണ്ടി പലതിനെക്കുറിച്ചും മൗനം പാലിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന അകലം.”
സംഘര്‍ഷ കാര്യങ്ങളെക്കുറിച്ചുള്ള സംസാരം ഒഴിവാക്കാന്‍ പലപ്പോഴും ദമ്പതികള്‍ ജോലിയില്‍ കൂടുതല്‍ മുഴുകിയെന്നിരിക്കും, അല്ലെങ്കില്‍ കുട്ടികളെ പരിപാലിക്കുന്നതിന് കൂടുതല്‍ സമയം മാറ്റിവച്ചെന്നിരിക്കും. ഇത് പ്രശ്നത്തെ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ.
ദമ്പതികളുടെ പരസ്പര ബന്ധത്തിന്റെ ഊഷ്മളത കുറഞ്ഞാല്‍ അത് ആദ്യം തിരിച്ചറിയുന്നത് അവരുടെ മക്കളായിരിക്കും. സംശയമില്ല. “ദാമ്പത്യ സ്നേഹം കുറഞ്ഞ ദമ്പതികളുടെ മക്കള്‍ സന്തുഷ്ട ദമ്പതികളുടെ മക്കളേക്കാള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കും അവരുടെ സ്വഭാവത്തിലും പഠനത്തിലും,” സൈക്യാട്രിസ്റ്റായ ജോസ് മാത്യു പറയുന്നു.
കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നു; നല്ല വസ്ത്രങ്ങള്‍ കൊടുക്കാനും; നല്ല വിദ്യാഭ്യാസം നല്കാനും. എന്നാല്‍ ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ടതാണ് സ്നേഹത്തിന്റെ അന്തരീക്ഷത്തില്‍ വളരാനുള്ള അവസരം അവര്‍ക്ക് കൊടുക്കുക എന്നത്. മാതാപിതാക്കളുടെ പരസ്പരബന്ധവും സ്നേഹവുമാണ് അത്തരമൊരു അന്തരീക്ഷം വീട്ടില്‍ സൃഷ്ടിക്കുക. കുട്ടികളുടെ ജീവിതം സന്തോഷകരമാക്കുന്നതില്‍ ഏറ്റം പ്രധാനഘടകം ഇതു തന്നെയാണ്. ദാമ്പത്യ ചങ്ങാത്തം ശക്തിപ്പെട്ടിരിക്കുന്ന കുടുംബത്തില്‍ വളരുന്ന കുട്ടികള്‍ നല്ല മാനസികാരോഗ്യം ഉള്ളവരായിരിക്കും; കൂടുതല്‍ സന്തുഷ്ടരുമായിരിക്കും.
ദാമ്പത്യബന്ധം ഊഷ്മളമായി നിലനിര്‍ത്താനും ദാമ്പത്യത്തിലെ ചങ്ങാത്തം വളര്‍ത്തിക്കൊണ്ടുവരാനുമാണ് ദമ്പതികള്‍ ശ്രദ്ധിക്കേണ്ടത്. കുട്ടികളാകുന്നതോടെ ചെയ്തു തീര്‍ക്കാനായി ഒരുപാടു കാര്യങ്ങള്‍ ദമ്പതികളുടെ മുമ്പിലേക്കു വന്നുപെടുന്നു എന്നതാണ് സത്യം. അണുകുടുംബങ്ങളുടെ കാര്യത്തില്‍ ഇത് ഏറെ ശരിയാണുതാനും. “അതിനാല്‍ തന്നെ ദമ്പതികള്‍ പരസ്പരബന്ധത്തിന്റെ ആവശ്യങ്ങള്‍ മാറ്റി മാറ്റി വയ്ക്കാനാണ് സാധ്യത,” ഡോ. ശിവപ്രസാദ് പറയുന്നു. “എന്നാല്‍ ദമ്പതികളുടെ ബന്ധം സുദൃഢവും ഊഷ്മളവുമാക്കി നിലനിര്‍ത്താന്‍ സമയവും ഊര്‍ജ്ജവും നിക്ഷേപിക്കുകയാണ് ബുദ്ധിപൂര്‍വ്വമായ കാര്യം. കാരണം കുടുംത്തിലെ മറ്റെല്ലാ പ്രശ്നങ്ങളെയും അഭിമുഖീകരിക്കാനുള്ള അടിസ്ഥാന ശക്തി. ദമ്പതികളുടെ പരസ്പര ബന്ധവും പരസ്പരം മനസ്സിലാക്കലുമാണ്.”
“കെവിന്‍ ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു ഞങ്ങളുടെ ദാമ്പത്യബന്ധം തകര്‍ച്ചയിലേക്ക് പോകുകയാണെന്ന്,” ജാസ്മിന്‍ പറയുന്നു. “കുഞ്ഞിനെ നോക്കുന്നതിന്റെ സര്‍വ്വ ഉത്തരവാദിത്വവും ഭര്‍ത്താവ് എന്റെ തലയിലേക്ക് വച്ചിട്ടു കയ്യൊഴിഞ്ഞിരിക്കുകയാണെന്ന് എനിക്ക് തോന്നി – ചില ദിവസങ്ങളില്‍ ഭര്‍ത്താവിനോടുള്ള അരിശം കാരണം ഞാന്‍ അദ്ദേഹത്തിന്റെ നേരെ നോക്കുകപോലുമില്ലായിരുന്നു. എന്നാല്‍ വഴക്കുണ്ടാക്കാന്‍ എനിക്കിഷ്ടമല്ലായിരുന്നു. അതിനാല്‍ ഞാന്‍ മിണ്ടാതിരുന്നു. അതെന്നെ ഭ്രാന്ത് പിടിപ്പിക്കുകയും ചെയ്തു.”
ഭാഗ്യവശാല്‍ അവളുടെ ഭര്‍ത്താവ് അനില്‍ അവളുടെ നിരാശയും സങ്കടവും മനസ്സിലാക്കി. കാര്യങ്ങള്‍ തുറന്നു പറയാന്‍ അവളെ സഹായിച്ചു. ഫലമോ, അവര്‍ക്കിപ്പോള്‍ മൂന്നു കുട്ടികളുണ്ട്. ദമ്പതികളെന്ന നിലയില്‍ അവര്‍ പഴയതിനേക്കാള്‍ വളരെ അടുപ്പത്തിലാണുതാനും. “എന്റെ മനസ്സിലുള്ളത് അനില്‍ ഊഹിച്ചെടുക്കാനായി ഒരിക്കലും ഞാന്‍ അവസരമുണ്ടാക്കാറില്ല.” ജാസ്മിന്‍ പറയുന്നു. “എനിക്ക് എന്നെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ഞാനത് ഉടനെതന്നെ വ്യക്തമായി അനിലിനോട് ചോദിക്കും.”
സ്നേഹം അനുഭവിച്ച് കുട്ടികള്‍ വളര്‍ന്നുവരണമെന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. എന്നാല്‍ നിങ്ങളുടെ കുഞ്ഞ് പിടിവാശി പിടിക്കുമ്പോഴെല്ലാം ഭര്‍ത്താവുമായുള്ള സംഭാഷണം അവസാനിപ്പിക്കണമെന്ന് അതിനര്‍ത്ഥമില്ല. നിങ്ങളുടെ സംഭാഷണം കഴിയുന്നതുവരെ കാത്തിരിക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ കുട്ടിയുടെ ക്ഷമാശീലം വളരുകയും ചെയ്യും.
“ഞായറാഴ്ച അവധി ദിവസമാണല്ലോ. അന്നത്തെ പ്രഭാത ഭക്ഷണത്തിനാണ് ഞങ്ങള്‍ക്ക് കുറെ സമയം കിട്ടുന്നത്. അപ്പോഴാണ് ഞങ്ങളുടെ പത്ര വായന. കാപ്പികുടി കഴിഞ്ഞാലും ഞങ്ങള്‍ പത്രവായനയും സംസാരവുമായി ഇരിക്കും. എന്നാല്‍ ജിദ്ദുവിന് അത് ഇഷ്ടപെടില്ല. അവന്‍ തുടര്‍ച്ചയായി ഞങ്ങളുടെ സംസാരത്തിന്റെ ഇടയ്ക്കു കയറി ഞങ്ങളെ തടസ്സപ്പെടുത്തും. അതുകൊണ്ട് ഞങ്ങള്‍ ഒരു ക്രമീകരണം കൊണ്ടുവന്നു. ഒരു അലാം ക്ലോക്ക് വച്ചു. പ്രഭാത ഭക്ഷണം കഴിഞ്ഞാല്‍ അര മണിക്കൂര്‍ അവന്‍ തന്നെത്താന്‍ കളിക്കണമെന്ന നിയമം വച്ചു. ഒരാഴ്ച കഴിഞ്ഞപ്പോഴോ? അവന്‍ ഞായറാഴ്ച രാവിലത്തെ കളിപരിപാടി നേരത്തെതന്നെ പ്ലാന്‍ ചെയ്യാന്‍ തുടങ്ങി.” ആദ്യം കണ്ട മീര തന്റെ കുടുംബകഥയുടെ ബാക്കി പത്രം പറഞ്ഞു നിര്‍ത്തി.
കുഞ്ഞുങ്ങളെ നോക്കാനായി ആയമാരുടെയോ ബന്ധുക്കളുടെയോ സഹായം മാതാപിതാക്കള്‍ക്ക് സ്വീകരിക്കാവുന്നതാണ്. അപ്പോള്‍ ദമ്പതികള്‍ക്ക് തങ്ങള്‍ക്ക് മാത്രമായി കുറെ സ്വകാര്യസമയം കണ്ടെത്താനാവും. ദിവസത്തില്‍ ചില നേരമോ, ആഴ്ചയില്‍ ഒരിക്കലോ ഒക്കെ ഇത്തരം ക്രമീകരണം കൊണ്ടു വരാം.
ഹണിമൂണ്‍ കാലത്ത് മാത്രമല്ല ദാമ്പത്യത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദമ്പതികള്‍ അവര്‍ക്കായി സ്വകാര്യസമയം കണ്ടെത്തേണ്ടത് ആവശ്യമാണ്. കുട്ടികളെ കിടത്തി ഉറക്കി കഴിഞ്ഞതിനു ശേഷമാണെങ്കിലും തനിച്ചിരിക്കുന്നതും, സ്വകാര്യ സംഭാഷണം നടത്തുന്നതും നല്ല പതിവുകളാണ്. മക്കളെ ബന്ധുവീട്ടിലാക്കിയിട്ട് ഭാര്യയും ഭര്‍ത്താവും ഒരുമിച്ചുള്ള ഔട്ടിങും നല്ലതുതന്നെയാണ്.
മക്കളെ വളര്‍ത്തുന്നതും ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത നിലനിര്‍ത്തുന്നതും ഒരുമിച്ചു കൊണ്ടുപോകേണ്ട കാര്യങ്ങളാണ്. ചിലര്‍ക്കിത് വളരെ നൈസര്‍ഗികമായി സാധിക്കും. അറ്റ് ചിലര്‍ക്ക് അല്പം കൂടുതല്‍ പരിശ്രമിക്കേണ്ടി വരും.
“അരുണ്‍ ഓഫീസില്‍ നിന്നും താമസിച്ചു വരുകയാണെങ്കില്‍ ഞാന്‍ പരാതിപ്പെടാറില്ല. പകരം ഞാന്‍ സഹാനുഭൂതി കാണിക്കാന്‍ ശ്രമിക്കും. ശരിക്കും ജോലിത്തിരക്കുള്ള ദിവസമായിരുന്നിരിക്കും. അല്ലേ? കഷ്ടപ്പെട്ടു കാണും.” ഞാനിത്രയും പറയുമ്പോഴേക്കും അരുണിന്റെ എല്ലാ ക്ഷീണവും പിരിമുറുക്കവും പമ്പ കടക്കും. പോരാ, ഡ്രസ്മാറിയിട്ടിട്ട് അടുക്കളയില്‍ എന്നെ സഹായിക്കാനും വരും.
പതിവുകളും ശീലങ്ങളും വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് നല്ലതു തന്നെയാണ്. എന്നാല്‍ ദാമ്പത്യബന്ധം ഒരേ പതിവുകളിലൂടെ പോയാല്‍ ബോറടിച്ചെന്നുവരും. അതിനാല്‍ പതിവുക്രമങ്ങളും ദിനചര്യകളും വിട്ട് ദമ്പതികള്‍ ഒരുമിച്ച് വ്യത്യസ്തമായ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുന്നത് ദാമ്പത്യത്തിന്റെ ഊഷ്മളത നിലനിര്‍ത്താന്‍ നല്ലതാണ്.
ചുരുക്കത്തില്‍ കുട്ടികള്‍ സന്തുഷ്ടരായിരിക്കാനുള്ള ഏറ്റവും പ്രധാന ഘടകം അവരുടെ മാതാപിതാക്കള്‍ സന്തുഷ്ടരായിരിക്കുക എന്നതാണ്. അവര്‍ സന്തുഷ്ടരാകണമെങ്കിലോ അവരുടെ ദാമ്പത്യബന്ധം സന്തുഷ്ടമായിരിക്കണം. അതായത് സ്വന്തം മക്കളുടെ നല്ല വളര്‍ച്ചക്കും സന്തോഷത്തിനും വേണ്ടിതന്നെ ദാമ്പത്യത്തിലെ പരസ്പരന്ധത്തെ ദമ്പതികള്‍ ശ്രദ്ധയോടെ കാത്തു സൂക്ഷിക്കണം; പരിപോഷിപ്പിക്കണം. ദമ്പതികള്‍ തങ്ങള്‍ക്കായി സ്വകാര്യ സമയം കണ്ടെത്തുന്നതും, മക്കളെ മാറ്റിനിര്‍ത്തികൊണ്ട് ചില കാര്യങ്ങള്‍ ചെയ്യുന്നതും, സ്വന്തം മക്കളുടെ വളര്‍ച്ചക്കും സന്തോഷത്തിനും തന്നെ നല്ലതാണ്, അതിനാല്‍ ദാമ്പത്യത്തില്‍ ചങ്ങാത്തം വളര്‍ത്താനും പോഷിപ്പിക്കാനും സമയം കണ്ടെത്തുക. നിങ്ങളുടെ ജീവിതം മാത്രമല്ല നിങ്ങളുടെ മക്കളുടെ ജീവിതവും സന്തോഷപ്രദമാകും. തീര്‍ച്ച.
സന്തോഷ നിര്‍മ്മാണം
സന്തോഷമുള്ള കുട്ടികളായി മക്കളെ വളര്‍ത്താനുള്ള ചിലപൊടികൈകള്‍ പങ്കുവയ്ക്കാം.
മീനു ഗര്‍ഭിണിയാണ്. ആദ്യ കണ്‍മണിയെ പ്രതീക്ഷിച്ചിരിക്കുന്നു. കുഞ്ഞ് ആണാണോ പെണ്ണാണോ? ഏതാണ് കൂടുതലിഷ്ടമെന്ന ചോദ്യത്തിന് അവളുടെ മറുപടി: “ആണോ പെണ്ണോ എന്നത് എനിക്ക് പ്രശ്നമല്ല. നല്ല ആരോഗ്യമുള്ള കുട്ടിയായിരിക്കണമെന്നാണ് എന്‍റെ പ്രാര്‍ത്ഥന.”
ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവം. ഇപ്പോള്‍ മീനുവിന്റെ മകള്‍ സ്ക്കൂളില്‍ പോയിത്തുടങ്ങി. ഭാവിയില്‍ അവള്‍ ആരായിത്തീരണമെന്നാണ് മീനുവിന്റെ ആഗ്രഹമെന്ന ചോദ്യത്തിന് അവളുടെ മറുപടി: “ആരായിത്തീര്‍ന്നാലും പ്രശ്നമില്ല; അവള്‍ക്ക് സന്തോഷമുള്ള ഒരു ജീവിതമായിരിക്കണമെന്നാണ് എന്റെ ആഗ്രഹം.”
സ്വന്തം മക്കള്‍ സന്തോഷമുള്ളവരായിരിക്കണമെന്നാണ് ഏതൊരു മാതാവും പിതാവും ആഗ്രഹിക്കുക. ഒരാളുടെ സന്തോഷത്തിന്റെ മാനദണ്ഡങ്ങള്‍ എന്താണെന്ന് നിശ്ചയിക്കുക അത്ര എളുപ്പമാകില്ല. അവര്‍ സ്നേഹിക്കുന്നവരാകണം; സ്നേഹിക്കപ്പെടുന്നവരും. ജീവിതപ്രതിസന്ധികളെ ധീരതയോടെ നേരിടാന്‍ കഴിവുള്ളവരാകണം. അങ്ങനെ ഏതവസരത്തിലും ഹൃദയത്തില്‍ സന്തോഷം അനുഭവിക്കുന്നവരും സ്നേഹം പ്രസരിപ്പിക്കുന്നവരുമാകണം. സന്തോഷമുള്ള കുട്ടികളായി മക്കളെ വളര്‍ത്താനുള്ള ചിലപൊടികൈകള്‍ പങ്കുവയ്ക്കാം.
സന്തോഷമുള്ള മാതാപിതാക്കള്‍
സന്തോഷമുള്ള മാതാപിതാക്കള്‍ സന്തോഷമുള്ള മക്കള്‍ക്ക് രൂപം കൊടുക്കുന്നു. ഇത് സത്യമാണ്. ഇതിന് പല കാരണങ്ങളുണ്ട്. സന്തോഷവും സംതൃപ്തിയുമുള്ള രക്ഷിതാക്കള്‍ക്ക് മക്കളെ നന്നായി പരിപാലിക്കാനാകും, വളര്‍ത്താനാകും. മറ്റൊരു കാരണം, മക്കള്‍ മാതാപിതാക്കളെ അറിയാതെതന്നെ അനുകരിക്കുമെന്നതാണ്. സന്തോഷമുള്ള വ്യക്തികളായി തീരാന്‍ മക്കളെ പഠിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി സന്തോഷമുള്ള വ്യക്തികളായി ജീവിച്ചു കാണിക്കുക എന്നതാണ്.
മക്കളുമൊത്തുള്ള സമയം
നിങ്ങളുടെ കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം നിങ്ങളുടെ സാന്നിധ്യമാണ്. “അവന്റെ കൂടെ ഞാന്‍ കളിക്കുന്നതാണ് അവന് ഏറ്റവും ഇഷ്ടമുള്ള കാര്യം,” മനു മൂന്നു വയസുകാരനായ ജ്യോതിയെക്കുറിച്ചു പറയുന്നു. അവന് കളിപ്പാട്ടങ്ങള്‍ ഇഷ്ടമില്ലാഞ്ഞിട്ടല്ല. പക്ഷേ വളരെ കുറച്ചൊരു സമയത്തേക്കു മാത്രമേ കളിപ്പാട്ടങ്ങള്‍ക്ക് അവന്റെ ശ്രദ്ധയേയും താല്‍പര്യത്തെയും പിടിച്ചു നിര്‍ത്താന്‍ പറ്റുകയുള്ളൂ. വലിയ ധനാഢ്യരുടെ മക്കള്‍ പലപ്പോഴും അസംതൃപ്തരായിരിക്കുന്നതിനു കാരണം കളിപ്പാട്ടങ്ങളുടെ കുറവായിരിക്കില്ല. അവരുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിന്റെ കുറവായിരിക്കും.
നന്ദിയുള്ളവരാകുക
ഓരോ ദിവസവും നമ്മുടെ ജീവിതത്തിലേക്കു കൊണ്ടു വരുന്ന അത്ഭുതങ്ങള്‍ നിരവധിയാണ്; നന്മകളും. അവയെ കാണാനുള്ള കണ്ണുകള്‍ ഉണ്ടാവുക എന്നതാണ് പ്രധാനം. അതോടൊപ്പം ജീവിതത്തിന്റെ നന്മകളെ ആസ്വദിക്കാനും നന്ദിയുള്ളവരാകാനും കഴിയണം.
നന്ദി നിറഞ്ഞ ഹൃദയത്തോടെ ജീവിക്കുമ്പോള്‍ ജീവിതം സന്തോഷമുള്ളതായി മാറും. നമ്മുടെ ജീവിതത്തില്‍ സ്വഭാവികമായി വന്നു ഭവിക്കുന്ന നന്മകളെപ്പോലും ബോധപൂര്‍വ്വം സ്വീകരിക്കാനും നന്ദിയോടെ ആസ്വദിക്കാനും കുട്ടികളെ പരിശീലിപ്പിക്കണം. കാണാന്‍ പറ്റിയ ഒരു സൂര്യാസ്തമയമാകാം; പങ്കെടുക്കാന്‍ പറ്റിയ ജന്മദിനാഘോഷമാകാം. നിങ്ങളുടെ സന്തോഷം പങ്കുവയ്ക്കുക; ആ അവസരം സൃഷ്ടിച്ചവരോട് നന്ദി പറയുക. നിങ്ങളുടെ മക്കളും നിങ്ങളുടെ പാത തന്നെ പിന്തുടരും. അവരുടെ ജീവിതം ആനന്ദകരമായി മാറും. കാരണം ചെറിയ ചെറിയ സന്തോഷങ്ങളുടെ ആകെത്തുക തന്നെയാണു നമ്മുടെ ജീവിതം.
ദിനചര്യകള്‍
കുട്ടികളുടെ ജീവിതത്തില്‍ സുരക്ഷിതത്വവും സന്തോഷവും പകരാനുള്ള മറ്റൊരു അടിസ്ഥാന മാര്‍ഗ്ഗം ദിനചര്യകളും ശീലങ്ങളും കുട്ടികളെ പഠിപ്പിക്കുക എന്നതാണ്. ഭക്ഷണത്തിനും, ക-ുളിക്കും, പ്രാര്‍ത്ഥനയ്ക്കും, ഉറക്കത്തിനും കൃത്യമായ സമയവും രീതികളുമുള്ള കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം തോന്നും, കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടും. അവര്‍ കൂടുതല്‍ ആഹ്ളാദഭരിതരായിരിക്കുകയും ചെയ്യും. നല്ല ശീലങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെ വരെ പുഷ്ടിപ്പെടുത്തും.
കളിയും കായികാഭ്യാസങ്ങളും
നമ്മുടെ കുട്ടികളെ ഓടിക്കളിച്ചു വളരാന്‍ അനുവദിക്കണം. അതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കണം. കളികള്‍ അവരുടെ ശാരീരിക വളര്‍ച്ചയെ മാത്രമല്ല സഹായിക്കുക. കായികമായ ഉല്ലാസം എന്‍ഡോര്‍ഫിന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുകയും, തന്മൂലം മനസ് കൂടുതല്‍ സന്തോഷകരമാകുകയും ചെയ്യും.
ദിനചര്യ ക്രമത്തിന്റെ അമിതഭാരത്താല്‍ പല കുട്ടികളുടെയും ജീവിതം ക്ലേശകരമായിത്തീരാറുണ്ട്. കൊച്ചുകുട്ടികള്‍ക്ക് ചിട്ടപ്പെടുത്തിയ കളികളും പരിപാടികളും അധികം ആവശ്യമില്ലെന്നതാണ് സത്യം. അവരുടെ താല്പര്യപ്രകാരം കളിക്കാനും, അന്വേഷണങ്ങള്‍ നടത്താനും, വെറുതെ നടക്കാനുമുള്ള സ്വതന്ത്ര സമയം അവരെ കൂടുതല്‍ സന്തോഷമുള്ളവരാക്കും, തീര്‍ച്ച.
സങ്കടപ്പെടാന്‍ അനുവദിക്കുക
ചിലപ്പോള്‍ നിങ്ങളുടെ കുട്ടിക്ക് ഒരു പാര്‍ട്ടിയുടെ ഇടക്ക് ബോറടിച്ചെന്നിരിക്കാം. ആ പരിപാടിയില്‍ അവന് വലിയ സന്തോഷം കിട്ടിയില്ലെന്നിരിക്കാം. അപ്പോള്‍ പരിപാടിയില്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ അവനെ നിര്‍ബന്ധിക്കാനായിരിക്കും നിങ്ങളുടെ സ്വാഭാവികമായ പ്രേരണ. എന്നാല്‍ അവനെ അവന്റെ ഇഷ്ടക്കേട് അനുഭവിക്കാന്‍ അനുവദിക്കുക എന്നതു പ്രധാനപ്പെട്ട കാര്യമാണ്. കുട്ടികളുടെ സങ്കടങ്ങളെ ധൃതിപ്പെട്ടു മാറ്റിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ തെറ്റായ സൂചനയാണ് കുട്ടികള്‍ക്ക് നല്കുന്നത് സങ്കടം വരുന്നത് തെറ്റാണ് എന്ന സൂചന. സങ്കടവും ഒരു വികാരമാണ്. അത് മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ്. സങ്കടപ്പെടുന്നത് മാനുഷികവും സ്വാഭാവികവുമാണ്. സ്വന്തം വികാരങ്ങളെ തിരിച്ചറിയാനും അവയെ വാക്കുകളിലൂടെ അവതരിപ്പിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
ഇതിനും പുറമെ മറ്റൊരു സത്യമുണ്ട്. സമനിലയുള്ള ഒരു മനുഷ്യനും എല്ലാസമയവും സന്തോഷവാനായിരിക്കാന്‍ പറ്റില്ല. ചില സമയവും ചില ദിവസങ്ങളും സങ്കടകരമായിരിക്കും. സങ്കടം, അരിശം, നിരാശ തുടങ്ങിയ നിഷേധാത്മ വികാരങ്ങളെ തിരിച്ചറിയാനും അവയെ കൈകാര്യം ചെയ്യാനുമുള്ള കഴിവ് ആര്‍ജ്ജിക്കുക എന്നതാണ് പ്രധാനം. നമ്മുടെ കുട്ടികളെ അതിനാണ് നാം പ്രാപ്തരാക്കിതീര്‍ക്കേണ്ടത്.
താല്‍പര്യങ്ങളും കഴിവുകളും
ഒരു കഴിവ് ആര്‍ജിക്കുകയും അതില്‍ മികവ് പുലര്‍ത്തുകയും ചെയ്യുമ്പോഴാണ് ഒരുവന്‍ സന്തുഷ്ടനാകുന്നത്. നിങ്ങളുടെ കുഞ്ഞ് നിങ്ങളുടെ നേര്‍ക്ക് പന്ത് എറിയാന്‍ ശ്രമിക്കുന്നുവെന്നിരിക്കട്ടെ. അവള്‍ പല പ്രാവശ്യത്തെ പരാജയങ്ങളിലൂടെയാണ് അവസാനം വിജയത്തിലെത്തുന്നത്. സ്ഥിരോത്സാഹത്തോടെ പരിശ്രമിക്കുമ്പോള്‍ അവസാനം വിജയിച്ചതിന്റെ സന്തോഷം അവള്‍ അനുഭവിക്കുന്നു. നേട്ടത്തിന്റെയും അംഗീകാരത്തിന്റെയും സന്തോഷം അവള്‍ക്ക് ഉണ്ടാകുന്നു. ചില കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലായതിന്റെ സന്തോഷമാണത്.
ചെറുപ്പം മുതല്‍ കുട്ടികള്‍ക്ക് സന്തോഷം പകരുന്ന അവരുടെ താല്‍പര്യങ്ങള്‍ കണ്ടെത്താന്‍ അവരെ സഹായിക്കണം. അവയില്‍ മികവ് കണ്ടെത്താനും അതിലൂടെ ഭാവിജീവിതം സന്തോഷകരമാക്കാനും മാതാപിതാക്കള്‍ക്ക് മക്കളെ സഹായിക്കാനാകും.
സാമൂഹ്യബന്ധങ്ങള്‍
ബന്ധങ്ങളാണ് ഒരുവന്റെ സന്തോഷത്തിന്റെ ഒരു പ്രധാനഘടകം. കുടുംബം പോലെ തന്നെ ഈ കാര്യത്തില്‍ പ്ര-ാധാന്യമുള്ളതാണ് സമൂഹവും. നല്ല സാമൂഹ്യബന്ധങ്ങള്‍ ചെറുപ്പം മുതല്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടത് അവരുടെ ജീവിതം സന്തോഷകരമാക്കാന്‍ ആവശ്യമാണ്.
ജീവകാരുണ്യപ്രവര്‍ത്തികള്‍ക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കണം. തങ്ങളെക്കാള്‍ നിര്‍ദ്ധനരായ കുട്ടികളോട് സഹാനുഭൂതി കാണിക്കാനും അവരെ സഹായിക്കാനും നമ്മുടെ മക്കളെ പ്രോത്സാഹിപ്പിക്കണം. അഗതിമന്ദിരങ്ങളും, വൃദ്ധമന്ദിരങ്ങളും സന്ദര്‍ശിക്കുന്നതും അവരെ സഹായിക്കുന്നതും പതിവാക്കുക. മറ്റുള്ളവരോട് കരുണ കാണിക്കുകയും സഹായിക്കുകയും ചെയ്യുന്നതിലൂടെ സ്വന്തം ജീവിതം കൂടുതല്‍ അര്‍ത്ഥ പൂര്‍ണ്ണമാകുകയും ആനന്ദകരമാകുകയുമാണ് ചെയ്യുന്നത്. കുഞ്ഞുനാള്‍ മുതലേ വീട്ടുജോലികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതും അവരുടെ ആത്മസംതൃപ്തി വളര്‍ത്താന്‍ ഉതകുന്നതാണ്.
അരുത് എന്ന് പറയുക
ആഗ്രഹിക്കുന്നത് ലഭിക്കാതെ പോകുമ്പോഴാണ് പലപ്പോഴും നമുക്ക് സങ്കടമുണ്ടാകുന്നത്. നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം ജീവിതത്തില്‍ ലഭിക്കില്ലെന്നതാണ് പരമമായ സത്യം. അതിനാല്‍ അത്തരം ജീവിതാനുഭവങ്ങളെ കൈകാര്യം ചെയ്യുവാനുള്ള കഴിവനുസരിച്ചായിരിക്കും ഒരുവന്റെ ജീവിതം സന്തോഷകരമാകുന്നത്. അതിനാല്‍ ഈ രംഗത്ത് നമ്മുടെ കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ പരിശീലനം നല്കേണ്ടത് അവരുടെ തന്നെ ജീവിതം സന്തോഷകരമാകാന്‍ ആവശ്യമാണ്.
കുട്ടികള്‍ക്ക് അനുവദിച്ചു കൊടുക്കാവുന്ന കാര്യങ്ങളുണ്ട്; അവരോട് അരുതെന്ന് പറയേണ്ട കാര്യങ്ങളുമുണ്ട്. നോ പറയേണ്ടിടത്ത് നോ പറയണം. അതിലൂടെ അവരുടെ ഭാവി ജീവിതം സന്തോഷകരമാക്കിത്തീര്‍ക്കാന്‍ നിങ്ങള്‍ അവരെ സഹായിക്കുകയായിരിക്കും ചെയ്യുന്നത്. കാരണം സ്നേഹമുള്ളവരില്‍ നിന്നുതന്നെ അരുതുകളും വിലക്കുകളും കേട്ടു കുട്ടികള്‍ വളരുമ്പോള്‍ അത്തരം സാഹചര്യങ്ങള്‍ ഉണര്‍ത്തുന്ന വികാരങ്ങളെ കൈകാര്യം ചെയ്യാന്‍ അവര്‍ പ്രാപ്തരായിത്തീരും. ഭാവിയില്‍ വലിയ നോ കേള്‍ക്കുമ്പോള്‍ അത് ഉളവാക്കുന്ന വേദനയില്‍ അവര്‍ നിരാശരും നഷ്ടധൈര്യരുമാകില്ല.
കടപ്പാട്-www.smartfamilyonline.com
അവസാനം പരിഷ്കരിച്ചത് : 3/17/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ കാര്യങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍