ഡോ.കെ.പി.ജയപ്രകാശ്
പ്രായത്തിനനുസരിച്ച് കുഞ്ഞിന് വേണ്ട തൂക്കമില്ലെങ്കില്‍ ശ്രദ്ധിക്കണം. ഇത്തരം കുട്ടികളുടെ ഭക്ഷണരീതിയില്‍ പ്രത്യേകം കരുതല്‍ വേണം...
കുഞ്ഞിന്റെ കൈവളരുന്നോ കാല്‍വളരുന്നോ എന്ന് നോക്കിയിരിക്കാന്‍ അമ്മമാര്‍ക്കൊക്കെ എന്തൊരു സന്തോഷമാണ്. അവനാദ്യം പല്ല് മുളയ്ക്കുമ്പോള്‍, അവളാദ്യം പിച്ച വെക്കുമ്പോള്‍ അവര്‍ സ്വയം മറന്ന് ആഹ്ലാദിക്കും. പക്ഷേ, ഇതുമാത്രം പോര. കുഞ്ഞിന് പ്രായത്തിനനുസരിച്ച തൂക്കം, പൊക്കം, തലയുടെ വളര്‍ച്ച എന്നിവ ഉണ്ടോ എന്ന് കൂടെക്കൂടെ പരിശോധിക്കണം. ആരോഗ്യവാനായ കുട്ടിയുടെ ലക്ഷണങ്ങളാണിവ.
പ്രായത്തിനനുസരിച്ച് കുഞ്ഞിന് തൂക്കം കൂടണം. ജനിക്കുമ്പോള്‍ ശരാശരി 2.800 കി.ഗ്രാം മുതല്‍ 3.500 കി.ഗ്രാം വരെയാണ് കുഞ്ഞിന്റെ തൂക്കം. ആദ്യ മൂന്ന് മാസത്തില്‍ തൂക്കത്തില്‍ 800-900 ഗ്രാമെങ്കിലും മാസംതോറും വര്‍ധിക്കണം. മൂന്നുമുതല്‍ ആറുമാസംവരെ 400-600 ഗ്രാം വരെ തൂക്കം കൂടണം.
ആറ്-ഒമ്പത് മാസത്തിലാവട്ടെ 300-450 ഗ്രാമും തുടര്‍ന്ന് ഒരു വയസ്സുവരെ 300 ഗ്രാമും കൂടണമെന്നാണ് കണക്ക്. ഒരു വയസ്സാകുമ്പോള്‍ കുഞ്ഞിന് പത്ത് കിലോയെങ്കിലും തൂക്കം വേണം. രണ്ട് വയസ്സില്‍ 12, മൂന്നില്‍ 14, നാലില്‍ 16 എന്നിങ്ങനെ അഞ്ചു വയസ്സാകുമ്പോഴേക്കും 18 കിലോയെങ്കിലും തൂക്കമെത്തണം. എന്നാല്‍ ചില കുട്ടികള്‍ക്ക് ജനിക്കുമ്പോഴേ തൂക്കം കുറവാകും. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണിയായിരിക്കുമ്പോള്‍ അസുഖമുള്ളവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും തൂക്കം കുറയാം.
പ്രായത്തിനനുസരിച്ച് വേണ്ട തൂക്കമില്ലെങ്കില്‍ ശ്രദ്ധിക്കണം. ഇത്തരം കുട്ടികളുടെ ഭക്ഷണരീതിയില്‍ പ്രത്യേകം കരുതല്‍ വേണം. പോഷകപ്രദമായ പച്ചക്കറി, പഴം, ധാന്യങ്ങള്‍ എന്നിവ നന്നായി കഴിപ്പിക്കണം. എന്തെങ്കിലും രോഗമുണ്ടോ എന്ന പരിശോധനയും പ്രധാനമാണ്.
പൊക്കത്തിലും കാര്യമുണ്ട്
തൂക്കമൊക്കെ കൃത്യമായി ശ്രദ്ധിച്ചാലും കുഞ്ഞിന്റെ ഉയരം നോക്കാന്‍ പലരും മറന്നുപോകും. എന്നാല്‍ ഇതും വളര്‍ച്ചയുടെ പ്രധാന ലക്ഷണമാണ്. ജനിക്കുമ്പോള്‍ 50 സെ.മീറ്റര്‍ ആവും കുഞ്ഞിന്റെ ഉയരം. അത് ഒരു വയസ്സാവുമ്പോഴേക്കും 75 സെന്റീമീറ്ററെങ്കിലും ആവണമെന്നാണ് കണക്ക്. രണ്ടു വയസ്സില്‍ 87 സെ.മീറ്ററും മൂന്ന് വയസ്സില്‍ 95 സെ.മീറ്ററും കുഞ്ഞിന് ഉയരമുണ്ടാവണം. നാല് വയസ്സെത്തുമ്പോള്‍ 101സെ.മീറ്റര്‍, അഞ്ചു വയസ്സാകുമ്പോള്‍ 107 സെ.മീറ്റര്‍ എന്നിങ്ങനെ കുഞ്ഞ് വളരുന്നു. രണ്ടു മുതല്‍ ആറു വയസ്സുവരെയുള്ള കാലത്ത് വര്‍ഷംതോറും ആറു സെ.മീറ്ററെങ്കിലും ഉയരം കൂടണം. പൊക്കം പ്രായത്തിനനുസരിച്ചല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
തലച്ചോറിന്റെ വളര്‍ച്ച ആദ്യ രണ്ടു വര്‍ഷമാണ് ഏറ്റവും വേഗത്തില്‍ നടക്കുന്നത്. കുഞ്ഞ് ജനിക്കുമ്പോള്‍ 33-35 സെ.മീറ്ററാണ് തലയുടെ വലിപ്പം. ആദ്യമൂന്നുമാസം കൊണ്ട് അത് 39 മുതല്‍ 41 സെ.മീറ്റര്‍ വരെ വര്‍ദ്ധിക്കണം. 9-14 മാസത്തില്‍ 45-47 സെ.മീറ്റര്‍ ആവും തലയുടെ വലിപ്പം.
ഡോ. ടി.പി.ഉദയകുമാരി
തുമ്മല്‍ വന്നാല്‍പോലും കുഞ്ഞിനെയും എടുത്ത് ആസ്പത്രിയിലേക്ക് ഓടുന്നവരാണ് മിക്ക അമ്മമാരും. ചെറിയ അസുഖങ്ങള്‍ക്കൊക്കെയുള്ള മരുന്ന് നമ്മുടെ അടുത്തുതന്നെയുണ്ട്. ഒന്ന് തൊടിയിലേക്ക് കണ്ണോടിക്കണമെന്നുമാത്രം. ഇനി ചുമയും പനിയുമൊക്കെ വന്നാല്‍ ഈ മരുന്നൊക്കെ പരീക്ഷിച്ചു നോക്കൂ.
തുളസി: ജലദോഷം, മൂക്കടപ്പ്, കഫക്കെട്ട്, കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും വരാവുന്ന അസുഖങ്ങള്‍. തുളസിയിലയും കുരുമുളകും ചേര്‍ത്ത് തിളപ്പിച്ച കഷായം കൂടെക്കൂടെ നല്‍കിനോക്കൂ. ഇവയെല്ലാം പമ്പകടക്കും. ദിവസവും രാവിലെ രണ്ടോ മൂന്നോ തുളസിയില കഴിക്കാന്‍ കൊടുക്കണം. തുമ്മല്‍ മുതലായ അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ കുറക്കാനും സഹായിക്കും.
പ്രാണികള്‍ കടിച്ചാലുണ്ടാകുന്ന ചൊറിച്ചില്‍, തടിപ്പ് ഇവയ്ക്ക് തുളസിനീരില്‍ മഞ്ഞള്‍ ചേര്‍ത്ത് പുരട്ടാം.
പനിക്കൂര്‍ക്കില (കഞ്ഞിക്കൂര്‍ക്കില): കൊച്ചു കുഞ്ഞുങ്ങള്‍ ഉള്ള വീടുകളില്‍ തീര്‍ച്ചയായും വളര്‍ത്തേണ്ട ചെടിയാണിത്. ഇതിന്റെ ഇല വാട്ടി പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് പലവട്ടം കൊടുക്കുന്നത് കുഞ്ഞുങ്ങളിലെ ചുമ, പനി, ജലദോഷം ഇവയ്ക്ക് നല്ലതാണ്.
പനിക്കൂര്‍ക്കില വാട്ടി അതിന്റെ മുകളില്‍ അല്പം രാസ്‌നാദി പൊടി പുരട്ടി നെറുകയിലിടുന്നത് മൂക്കടപ്പ് കുറയ്ക്കും.
ഇഞ്ചി: ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഒൗഷധമാണ് ഇഞ്ചി. ഇഞ്ചിനീരില്‍ തേന്‍ ചേര്‍ത്ത് കൊടുത്താല്‍ ദഹനക്കുറവ്, വയറിളക്കം, പനി എന്നിവ ശമിക്കും.
കറിവേപ്പില: അരച്ചുരുട്ടി കൊടുക്കുന്നത് ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നു. കഫത്തോടുകൂടിയ വയറിളക്കത്തിനും നല്ലതാണ്. കറിവേപ്പില, ചുക്ക്, മഞ്ഞള്‍ ഇവയിട്ട് കാച്ചിയ മോര് ദഹനക്കുറവ് ഇല്ലാതാക്കും. അലര്‍ജിക്ക് കറിവേപ്പിലയും മഞ്ഞളും അരച്ചുരുട്ടി കഴിപ്പിക്കാം.
ആടലോടകം: ഇതിന്റെ ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് പലവട്ടം കൊടുക്കുന്നത് ചുമ, ആസ്ത്മ എന്നിവയ്ക്ക് നല്ലതാണ്.
മഞ്ഞള്‍: ഓടിച്ചാടി കളിക്കുന്നതിനിടയില്‍ കുട്ടികള്‍ക്ക് മുറിവുകള്‍ പതിവാണ്. അതിന് ഏറ്റവും ഫലപ്രദമായ ആന്റിസെപ്റ്റിക് ഔഷധമാണ് ഇത്. മഞ്ഞള്‍പ്പൊടി മുറിവില്‍ വിതറുന്നത് പഴുക്കാതിരിക്കാന്‍ സഹായിക്കുന്നു. പച്ച മഞ്ഞള്‍, പുളിയില ഇവ അരച്ച് പുരട്ടിയാല്‍ പ്രാണികള്‍ കടിച്ചുണ്ടാകുന്ന വീക്കം ശമിക്കുന്നു. പച്ചമഞ്ഞള്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം മുറിവുകഴുകാനും മറ്റും ഉപയോഗിക്കാം.
ബ്രഹ്മി: ബ്രഹ്മിനീര് വെണ്ണയിലോ നെയ്യിലോ ചേര്‍ത്ത് പതിവായി കൊടുക്കുന്നത് ഓര്‍മ്മശക്തി, ബുദ്ധിശക്തി ഇവ വര്‍ദ്ധിക്കാന്‍ സഹായിക്കും. ഒരു ടീസ്പൂണ്‍ നെയ്യില്‍ അര ടീസ്പൂണ്‍ ബ്രഹ്മിനീര് ചേര്‍ത്താണ് കൊടുക്കേണ്ടത്. ബ്രഹ്മിയുടെ നീര് കൊച്ചു കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് മലബന്ധത്തെ ഇല്ലാതാക്കും.
മുത്തിള്‍ (കുടങ്ങല്‍): ഓര്‍മ്മശക്തി, ബുദ്ധിശക്തി ഇവ വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന ഒരൗഷധം. ഇതിന്റെ നീരില്‍ തേന്‍ചേര്‍ത്ത് കൊടുക്കുന്നത് അപസ്മാരത്തിന് നല്ലതാണ്.
മുത്തങ്ങ: കുട്ടികള്‍ക്ക് ദഹനത്തിന് ഏറ്റവും നല്ലതാണ്. അരച്ച് മോരില്‍ കാച്ചി നല്‍കാം. കടുക്ക ചേര്‍ത്ത് ചതച്ച് മോരില്‍ കലക്കിക്കൊടുത്താല്‍ മലബന്ധവും മാറിക്കിട്ടും.
ആര്യവേപ്പ്: ത്വക് രോഗങ്ങള്‍ക്ക് ഏറ്റവും ഗുണപ്രദമായ ഔഷധമാണ്. ഇലയിട്ട് തിളപ്പിച്ച വെള്ളം വ്രണങ്ങള്‍ കഴുകാന്‍ ഉപയോഗിക്കാം. ഇല അരച്ച് പുരട്ടുന്നത് സന്ധികളിലെ വേദന, വീക്കം ഇവ കുറക്കും
ഡോ.ജി.സൈലേഷ്യ
എത്ര നേരം വേണമെങ്കിലും ടി.വിയുടെ മുന്‍പില്‍ കുത്തിയിരിക്കും. പഠിക്കാന്‍ വിളിച്ചാലോ? അപ്പോഴവന്റെ ഭാവംമാറും. പഠിക്കുന്നതിനിടയില്‍ ഒരു നൂറുപ്രാവശ്യം എണീറ്റുപോവും. എപ്പോഴെങ്കിലും ഇങ്ങനെ പറയാത്ത അമ്മമാരുണ്ടാവില്ല. എന്നാല്‍ കുട്ടിയെ കുറ്റപ്പെടുത്താന്‍ വരട്ടെ. ഇത്തരത്തിലുള്ള അശ്രദ്ധയും പരിധിവിട്ടാലൊരു രോഗമാണ്. ക്രമേണ അത് കുട്ടികളുടെ പഠനത്തെവരെ ബാധിക്കാനിടയാവും.
പഠിക്കുന്നതിനിടയില്‍ എന്തെങ്കിലും ശബ്ദം കേട്ടാല്‍ അങ്ങോട്ടു നോക്കുക, ഓരോ കാരണങ്ങള്‍ പറഞ്ഞ് എഴുന്നേറ്റു പോവുക, അശ്രദ്ധയുള്ള കുട്ടികളില്‍ ഇതൊക്കെ പതിവാണ്. താഴെ പറയുന്ന സ്വഭാവം നിങ്ങളുടെ കുട്ടിക്കുണ്ടോ?
പഠിക്കാനിരിക്കുമ്പോള്‍ ചുരുങ്ങിയ സമയത്തേക്കേ അവന് ശ്രദ്ധ ചെലുത്താന്‍ കഴിയുന്നുള്ളോ?
ചുറ്റുപാടും നടക്കുന്ന ഏതെങ്കിലും കാര്യത്തിലേക്കും ശബ്ദത്തിലേക്കും പെട്ടെന്ന് ശ്രദ്ധ മാറുന്നുണ്ടോ?
നോട്ട്‌സ് മുഴുമിപ്പിക്കാതെയാണോ കുട്ടി അധിക ദിവസവും സ്‌കൂളില്‍ നിന്ന് വരുന്നത്?
എവിടെയെങ്കിലും കാത്തിരിക്കേണ്ട അവസരങ്ങളില്‍ കുട്ടി അക്ഷമ കാണിക്കുകയും അസഹ്യത പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടോ?
പഠന സംബന്ധിയായ കാര്യങ്ങള്‍ പിന്നെചെയ്യാം, നാളെയാവട്ടെ എന്നെല്ലാം പറഞ്ഞ് ഒഴിവാക്കാനുള്ള പ്രവണത കാണിക്കുന്നുണ്ടോ?
അടങ്ങിയിരിക്കാന്‍ ബുദ്ധിമുട്ടാണോ?
ഇതെല്ലാം ശ്രദ്ധക്കുറവിന്റെ സൂചനകള്‍ ആവാം. കുട്ടിക്ക് ശ്രദ്ധക്കുറവും പിരുപിരുപ്പും ഉണ്ടോയെന്ന് പരിശോധിക്കുന്നതാണ് ഈ അവസരത്തില്‍ നല്ലത്.
ബുദ്ധിയുടെ ഏറ്റക്കുറച്ചിലുകള്‍
ബുദ്ധിശക്തിയുടെ ഏറ്റക്കുറച്ചിലുകള്‍ കുട്ടിയുടെ പഠനത്തെ നേരിട്ടു ബാധിക്കാം. പരസ്യങ്ങളില്‍ കാണുന്നതുപോലെ ബുദ്ധി കുത്തനെ വര്‍ധിപ്പിക്കാന്‍ പറ്റില്ല. ഉള്ള ബുദ്ധിശക്തി കാര്യക്ഷമമാക്കാനേ കഴിയൂ.
താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:
മറ്റു കുട്ടികള്‍ സ്വാഭാവികമായി ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങളുടെ കുട്ടി പിന്നാക്കം നില്‍ക്കുക.
നിര്‍ദേശങ്ങള്‍ മനസ്സിലാക്കാനും കാര്യങ്ങള്‍ ഗ്രഹിക്കാനും താമസം നേരിടുക.
സന്ദര്‍ഭത്തിന് യോജിക്കാത്ത വിധത്തിലുള്ള പെരുമാറ്റവും സംസാരവും കുട്ടിയുടെ ഭാഗത്തുനിന്ന് ആവര്‍ത്തിച്ചുണ്ടാവുക.
കുറേ തവണ തിരുത്തിയതിനു ശേഷവും ഒരേ തെറ്റ് ആവര്‍ത്തിക്കുക.
അനുഭവങ്ങളിലൂടെയുള്ള പഠനം കുട്ടിയില്‍ കാണാതിരിക്കുക.
ഇതിലെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടിയെ ബുദ്ധിശക്തി പരിശോധനയ്ക്കു അഥവാ ഐ.ക്യു. ടെസ്റ്റിനു വിധേയമാക്കാം.
ചികിത്സ
ന്യൂറോ കെമിക്കല്‍ വ്യതിയാനങ്ങളാണ് കുട്ടിയുടെ അശ്രദ്ധയ്ക്ക് പലപ്പോഴും കാരണം. വീട്ടിലെ സാഹചര്യങ്ങള്‍ ഒരു പരിധിവരെ അതിനെ ബാധിക്കുന്നുണ്ടെന്നു മാത്രം. ഇത്തരത്തിലുള്ള കുട്ടികള്‍ക്കായി ഒരുപാട് ചികിത്സകള്‍ നിലവിലുണ്ട്. അവയില്‍ ചിലതാണ് അറ്റന്‍ഷന്‍ എന്‍ഹാന്‍സ്‌മെന്റ് ട്രെയിനിങ് (Attention enhancement training), ഗ്രെയിന്‍ സോര്‍ട്ടിങ് (Grain sorting) എന്നിവ. ഇവയിലൂടെ കുട്ടിയുടെ ശ്രദ്ധ കൂട്ടാനാവും.
പലതരത്തിലുള്ള ധാന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി കുട്ടിക്ക് നല്‍കും. അത് വേര്‍തിരിച്ചു വെക്കുന്നതാണ് ഗ്രെയിന്‍ സോര്‍ട്ടിങ്. ഇതോടൊപ്പംതന്നെ മരുന്നുകളും കഴിക്കണം. ചികിത്സയ്ക്ക് കൃത്യമായൊരു കാലാവധി പറയാന്‍ കഴിയില്ല. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നതിനനുസരിച്ച് ദൈര്‍ഘ്യം കൂടുകയോ കുറയുകയോ ചെയ്യാം.
ഡോ.റോയ് പുളിക്കന്‍
കുഞ്ഞിന് നല്ല വെളുത്തനിറം വേണം, മിക്കവരും ഇങ്ങനെ പറയുന്നത് കേള്‍ക്കാം. പക്ഷേ ചര്‍മത്തിന്റെ നിറത്തിലല്ല കാര്യം. കൂടുതല്‍ നിറമുള്ള ചര്‍മത്തിനേക്കാളും പ്രാധാന്യം ആരോഗ്യവും വൃത്തിയുമുള്ള ചര്‍മം ഉണ്ടാവുക എന്നതിനാണ്. ആരോഗ്യമുള്ള ചര്‍മം ശിശുവിന്റെ ശരീരോഷ്മാവ് നിലനിര്‍ത്താനും അണുബാധകളില്‍ നിന്നും അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളില്‍നിന്നും ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. അതുകൊണ്ട് കുഞ്ഞുങ്ങളുടെ ചര്‍മത്തിന്റെ നിറം കൂട്ടാന്‍ ദോഷകരങ്ങളായ പദാര്‍ഥങ്ങള്‍ അടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
തേങ്ങാപ്പാല്‍ വെന്തുവറ്റിച്ച വെളിച്ചെണ്ണ തടവി കുളിപ്പിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഡ്രൈ സ്‌കിന്‍ ഉള്ള കുട്ടികള്‍ക്ക് ഒലിവെണ്ണ ഉപയോഗിക്കാം. കുഞ്ഞുങ്ങള്‍ക്ക്അലക്കി ഉണങ്ങിയ വസ്ത്രങ്ങള്‍ ദിവസവും ഉപയോഗിക്കാനും ശ്രദ്ധിക്കണം. പഴകിയ, നനവുള്ള വസ്ത്രങ്ങള്‍ അണുക്കളുടെ താവളമാകാം. ഇവമൂലം അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ദീര്‍ഘസമയം ഡയപ്പര്‍ ഉപയോഗിച്ചാല്‍ തൊലിപ്പുറത്ത് പാടുകള്‍ ഉണ്ടാവാം. അതുകൊണ്ട് ഉപയോഗം കഴിയുന്നത്ര ചുരുക്കുക. മലവും മൂത്രവും ഒരുപാടുനേരം ചര്‍മത്തില്‍ പറ്റിപ്പിടിച്ചിരിക്കാതെ ശ്രദ്ധിക്കണം. ചില കുട്ടികള്‍ക്ക് തലയില്‍ താരന്റെ പ്രശ്‌നം കാണാറുണ്ട്. ആന്റിഫംഗല്‍ മരുന്നുകളുള്ള ഷാംപു ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ചാല്‍ ഈ പ്രശ്‌നം ഒരളവുവരെ പരിഹരിക്കാം.
ഫംഗസ്സുകള്‍ മൂലം ഉണ്ടാകുന്ന മറ്റൊരു രോഗമാണ് വട്ടച്ചൊറി. അശ്രദ്ധമായി വിട്ടാല്‍ പടരുകയും ചൊറിച്ചില്‍ കൂടുകയും ചെയ്യും. ആന്റി ഫംഗല്‍ ഓയിന്റ്‌മെന്റുകള്‍ ഉപയോഗിച്ചാല്‍ വേഗം മാറും. മറ്റൊരു പ്രധാനപ്രശ്‌നമാണ് പേന്‍ശല്യം. ഇതിന് പെര്‍മിത്രിന്‍ പോലെയുള്ള മരുന്നുകള്‍ ഫലപ്രദമാണ്.
ശരീരത്തില്‍ പലയിടങ്ങളിലായി ചെറിയ വ്രണങ്ങളുണ്ടാവുകയും അത് പഴുക്കുകയും ചെയ്യുന്നത് സാധാരണമായി കാണുന്ന ചര്‍മരോഗമാണ്. ഇത് അശ്രദ്ധമായി വിടുന്നത് അപകടമാണ്. തൊലിപ്പുറത്ത് പുരട്ടുന്ന ഓയിന്റ്‌മെന്റുകളും ഉള്ളില്‍ കഴിക്കുന്ന ആന്റിബാക്ടീരിയല്‍ മരുന്നുകളും ഉപയോഗിച്ചാല്‍ വേഗം സുഖപ്പെടും.
തൊലിപ്പുറത്തെ മുറിവുകള്‍, പൊട്ടലുകള്‍ എന്നിവ സാധാരണ കാണാറുണ്ട്. കുഞ്ഞുകുഞ്ഞു കുസൃതികള്‍കൊണ്ട് ഈ മുറിവുകള്‍ പതിവാകാം. മുറിവുണ്ടായാല്‍ ചാണകവും കാപ്പിപ്പൊടിയും മഷിയും മറ്റും തേക്കുന്നത് കാണാറുണ്ട്. പക്ഷേ ഇതൊരിക്കലും പാടില്ല. നല്ല തുണിയും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. പിന്നീട് അഴുക്കില്ലാത്ത തുണികൊണ്ട് മുറിവ് കെട്ടുക. രക്തം ഒലിക്കുന്ന മുറിവാണെങ്കില്‍ അഞ്ചോ പത്തോ മിനുട്ട് തുണികൊണ്ട് അമര്‍ത്തിപ്പിടിച്ചാല്‍ തൊലിപ്പുറത്തുനിന്നുള്ള ഏത് രക്തസ്രാവവും നില്‍ക്കും.
ചര്‍മസംരക്ഷണത്തിനുള്ള പ്രധാന മാര്‍ഗമാണ് എല്ലാ ദിവസവും നന്നായി കുളിക്കുക എന്നത്. പ്രത്യേകിച്ച് അലര്‍ജിയൊന്നും ഇല്ലാത്ത കുട്ടികള്‍ക്ക് ഏത് സാധാരണ സോപ്പും ഉപയോഗിക്കാം. തൊലിപ്പുറത്ത് അടിയുന്ന അഴുക്ക് കളയാന്‍ തേച്ചുകുളി ശീലിപ്പിക്കുക. ചകിരിനാര്, പ്ലാസ്റ്റിക്, ഇഞ്ച തുടങ്ങിയവ ഉപയോഗിക്കാം. തൊലിപ്പുറത്ത് പോറലുകളും മുറിവുകളും ഉണ്ടാകാതെ ശ്രദ്ധിക്കണം എന്നുമാത്രം.
ഡോ.ബി.പത്മകുമാര്‍
ജനിച്ചയുടനെയുള്ള ദിവസങ്ങളില്‍ കുഞ്ഞ് 24 മണിക്കൂറും ഉറക്കമാവും. ഒരാഴ്ചയാകുമ്പോള്‍ അത് 16 മണിക്കൂറായി കുറയും...
ഈണത്തില്‍ മൂളുന്ന ഒരു താരാട്ടുമതി കുഞ്ഞ് സുഖമായി ഉറങ്ങുവാന്‍. എന്നാല്‍ ശൈശവം പിന്നിടുമ്പോള്‍ കുട്ടികളില്‍ ഉറക്കക്കുറവും മറ്റു നിദ്രാവൈകല്യങ്ങളും കണ്ടുതുടങ്ങാം.
ഓരോ പ്രായത്തിലും കുട്ടികള്‍ ഉറങ്ങുന്ന സമയത്തില്‍ വ്യത്യാസമുണ്ട്. ജനിച്ചയുടനെയുള്ള ദിവസങ്ങളില്‍ കുഞ്ഞ് 24 മണിക്കൂറും ഉറക്കമാവും. ഒരാഴ്ചയാകുമ്പോഴേക്കും 16 മണിക്കൂര്‍ നേരമാണ് ഉറങ്ങുന്നത്. ഒരു മാസമാകുമ്പോള്‍ 15 മണിക്കൂറും ഒരു വയസ്സാകുമ്പോള്‍ 13 മണിക്കൂറുമായി ഉറക്കം കുറയും. പത്തു വയസ്സാകുമ്പോള്‍ 10 മണിക്കൂറും പതിനെട്ടു വയസ്സാകുമ്പോള്‍ 8 മണിക്കൂറും ഉറക്കം മതിയാകും.
ഉറക്കം കുറയുമ്പോള്‍
നവജാത ശിശുവിന് ഉറക്കം കുറയുന്നതിന്റെ പ്രധാന കാരണം ശാരീരിക അസ്വസ്ഥതകളും പ്രതികൂല ചുറ്റുപാടുകളുമാണ്. വിശപ്പ്, തണുപ്പ്, ചൂട്, വേദന, രോഗങ്ങള്‍ ഇവയൊക്കെ കുഞ്ഞിന്റെ ഉറക്കത്തെ തടസ്സപ്പെടുത്തിയെന്നു വരാം. അപരിചിതരുടെ സാന്നിധ്യവും ബഹളമയമായ അന്തരീക്ഷവുമൊക്കെ ഉറക്കത്തിനു ഭംഗം വരുത്താം. പരിചയിച്ച ശീലങ്ങളിലുണ്ടാകുന്ന വ്യത്യാസവും ഉറക്കക്കുറവിനിടയാക്കാം. തൊട്ടിലില്‍ കിടത്തി ആട്ടിയാല്‍ മാത്രം ഉറങ്ങുന്ന കുഞ്ഞും മുല കുടിച്ച് ഉറങ്ങുന്ന കുഞ്ഞുമൊക്കെ ശീലങ്ങളില്‍ മാറ്റമുണ്ടായാല്‍ അസ്വസ്ഥരാവാം.
ഉറക്കക്കൂടുതലും പ്രശ്‌നം
ഉറക്കക്കുറവുപോലെതന്നെ മറ്റു ചില കുട്ടികളുടെ പ്രശ്‌നം ഉറക്കക്കൂടുതലാണ്. എത്ര ഉറങ്ങിയാലും മതിവരാത്ത അവസ്ഥയാണിത്. കുഞ്ഞുങ്ങള്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടാകുമ്പോഴാണ് ഉറക്കം കൂടുന്നത്. അതോടൊപ്പംതന്നെ ശാരീരിക ക്ഷീണവും സമീകൃതമായ ഭക്ഷണത്തിന്റെ അഭാവവും ഉറക്കത്തെ ദീര്‍ഘിപ്പിക്കും. കുട്ടികളുടെ ഉറക്കക്കൂടുതലിന്റെ മറ്റൊരു കാരണം അലസതയും മടിയുമാണ്. പുസ്തകം കൈയിലെടുക്കുമ്പോള്‍ ഉറക്കം വരുന്ന കുട്ടിയെ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാക്കാം.
ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നതാണ് കുട്ടികളില്‍ ഉറക്കത്തില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നം. ആണ്‍കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്. ഇതിനൊരു പരിധിവരെ പാരമ്പര്യ സ്വഭാവമുണ്ട്. മൂത്രത്തിലെ അണുബാധ, നാഡീഞരമ്പുകളുടെ തകരാറുകള്‍, ജന്മനായുള്ള ഘടനാവൈകല്യങ്ങള്‍ തുടങ്ങിയവ അപൂര്‍വമായി കാരണമാകാറുണ്ട്. മനഃശാസ്ത്രപരമായ കൗണ്‍സലിങ്ങും രോഗമെന്തെങ്കിലുമുണ്ടെങ്കില്‍ അതിനുള്ള ചികിത്സയുമാണ് ഇതിന് പരിഹാരം.
പാരമ്പര്യ സ്വഭാവമുള്ള മറ്റൊരു പ്രശ്‌നമാണ് ഉറക്കത്തിലെഴുന്നേറ്റ് നടക്കുന്ന സ്വഭാവം. ഉറങ്ങി ഒന്നു രണ്ടു മണിക്കൂറുകള്‍ക്കുള്ളിലാണ് ഇങ്ങനെയുണ്ടാവുക. ഈ സമയത്ത് കുട്ടി പരിചിതമായ സ്ഥലങ്ങളില്‍ മുട്ടിവീഴാതെ നടക്കുമെങ്കിലും ശരിയായ ബോധാവസ്ഥയിലായിരിക്കുകയില്ല. മുറി തുറന്നു കിടക്കുകയാണെങ്കില്‍ പുറത്തിറങ്ങി ബാല്‍ക്കണിയില്‍നിന്നും ജനലില്‍നിന്നും താഴെ വീണ് അപകടമുണ്ടാകാം. അതുകൊണ്ട് ഈ സ്വഭാവമുള്ള കുട്ടികള്‍ ഉറങ്ങുന്ന മുറിയിലെ വാതിലുകള്‍ അടച്ചിടാന്‍ ശ്രദ്ധിക്കണം.
ഉറക്കത്തിലെ പല്ലുകടിയാണ് മറ്റൊരു പ്രശ്‌നം. ശാരീരികവും മാനസികവുമായ അസ്വസ്ഥതകളായിരിക്കും ഇതിന്റെ പിന്നില്‍. പ്രായം കൂടുന്തോറും ഈ പ്രശ്‌നം അപ്രത്യക്ഷമാവുകയാണ് പതിവ്. കുട്ടികളില്‍ വിരബാധയാണ് ഇതിനു കാരണമെന്ന് പരക്കെയൊരു ധാരണയുണ്ട്. എന്നാല്‍ ഈ വിശ്വാസത്തിന് ശാസ്ത്രീയാടിസ്ഥാനമില്ല.
മനസ്സിനും ശരീരത്തിനും വിശ്രമം കിട്ടാന്‍ സുഖകരമായ ഉറക്കം അത്യാവശ്യമാണ്. നിദ്രാവൈകല്യങ്ങള്‍ കുട്ടിയുടെ ശാരീരിക മാനസിക വളര്‍ച്ചയെതന്നെ ബാധിക്കുവാനിടയുണ്ട്. ഉറക്കത്തിലെ അസ്വസ്ഥതകള്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം.
ആര്‍.കെ.ബിജുരാജ്
മാറിയ കാലത്ത് കുട്ടികളുടെ അറിവിന്റെ ലോകം വിശാലമാക്കാന്‍ ഇന്റര്‍നെറ്റിനെ ഉപയോഗിക്കാവുന്നതേയുള്ളൂ. അതേസമയം അതിനുള്ളില്‍ പതിയിരിക്കുന്ന അപകടങ്ങളില്‍ വീഴാതെ നോക്കണമെന്നുമാത്രം...
'ഇനി നീ ഈ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യരുത്'. കമ്പ്യൂട്ടര്‍ സൗകര്യമുള്ള മിക്കവീടുകളിലും പതിവായി ഈ വാക്കുകള്‍ മുഴുങ്ങുന്നുണ്ട്. അത്ര സുഖകരമല്ല ഒച്ചയുയര്‍ത്തിയുള്ള ഈ സംസാരം. കുട്ടികള്‍ ഇന്റര്‍നെറ്റിനു മുന്നില്‍ ഇരുന്നാല്‍ വഴിതെറ്റുമോ എന്ന മാതാപിതാക്കളുടെ ഭയമാണ് ഈ ശബ്ദമുയരലിനു പ്രധാന കാരണം.
''ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ തെറ്റെന്തോ ചെയ്യുന്നു എന്ന തോന്നലാണ് അമ്മയ്ക്ക്. അതുകൊണ്ട് അമ്മ അറിയാതെ ഞാന്‍ ഇന്റര്‍നെറ്റ് കഫേയില്‍ പോകുന്നു.''-തിരുവനന്തപുരം വഴുതക്കാട്ടെ ബിരുദവിദ്യാര്‍ത്ഥിയായ അനൂപ് കുമാറിന്റേതാണ് ഈ പരിഭവം.
മിക്ക വീടുകളിലെയും അനുഭവമാണ് അനൂപിന്റെ വാക്കുകളിലുള്ളത്. മാതാപിതാക്കള്‍ മക്കളെയോര്‍ത്ത് ഇന്റര്‍നെറ്റിനെയും കമ്പ്യൂട്ടറിനെയും ഭയപ്പെടുന്നു എന്നു തന്നെയാണ് 'ഗൃഹലക്ഷ്മി' നടത്തിയ അഭിപ്രായമാരായലില്‍ മനസ്സിലായത്. എന്നാല്‍ മക്കളെയോര്‍ത്തുള്ള അമിതമായ ഇന്റര്‍നെറ്റ് ഭയം നല്ലതല്ലെന്നും അതു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക എന്നുമാണ് മനശാസ്ത്രജ്ഞരുടെയും കമ്പ്യൂട്ടര്‍ വിദഗ്ധരുടെയും അധ്യാപകരുടെയും അഭിപ്രായം.
യെസ് ടു ഇന്റര്‍നെറ്റ്
''ഞാനെന്റെ മകനെ/മകളെ ഇന്റര്‍നെറ്റ് നോക്കാനേ അനുവദിക്കാറില്ല'' എന്നു പറയുന്നത് മാതാപിതാക്കളുടെ അറിവുകേടാണെന്ന് തൃശൂരില്‍ ബാങ്ക് ഉദ്യോഗസ്ഥയായ രജനി പറയുന്നു.
'കുട്ടികള്‍ക്കാവശ്യമായ വിവരങ്ങള്‍ പലതും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അവര്‍ വന്നുചോദിച്ചാല്‍ പറഞ്ഞുകൊടുക്കാന്‍ നമുക്കാവില്ല. അതിലും ഭേദം കുട്ടികള്‍ തന്നെ ഇന്റര്‍നെറ്റില്‍ അവരുടെ പ്രോജക്ടിനും മത്സരപരീക്ഷകളില്‍ പങ്കെടുക്കാനുമുള്ള വിവരങ്ങള്‍ തിരയുന്നതാണ്. നമ്മുടെ ശ്രദ്ധ അതില്‍ ഉണ്ടായാല്‍ മതി''- രജനിയുടെ അഭിപ്രായം ഇങ്ങനെ. പന്ത്രണ്ട്, പതിനാല് വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ട് അവര്‍ക്ക്്. (രജനിക്കും മക്കളില്‍ ആശങ്കയുണ്ട് എന്നത് സത്യം)
കോട്ടയത്തെ ഒരു സി.ബി.എസ്. ഇ. സ്‌കൂളില്‍ സയന്‍സ് അധ്യാപികയായ റോസി ജയിംസ് പറഞ്ഞത് കുട്ടികളോട് ഇന്റര്‍നെറ്റ് സൈറ്റുകള്‍ കാണണമെന്ന് താന്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ്. ' ശാസ്ത്രത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ എന്താണെന്ന് എനിക്ക് അത്ര പിടിയില്ല. അമേരിക്കന്‍ ശാസ്ത്ര സ്ഥാപനമായ നാസയുടെ വെബ്‌സൈറ്റില്‍ കുട്ടികളുടെ ക്ലബ്ബ് ഉണ്ട്. (ംംം.ിമമെ.ഴീ്) ഞാന്‍ കുട്ടികളോട് അത്തരം സൈറ്റ് സ്ഥിരം സന്ദര്‍ശിക്കണമെന്ന് പറയാറുണ്ട്. ഇപ്പോള്‍ ശാസ്ത്രത്തിനെ പറ്റി എനിക്കറിയാവുന്നതിനേക്കാള്‍ കുട്ടികള്‍ക്കറിയാം''.
മാറിയ പഠനരീതി
വിദ്യാഭ്യാസരീതികള്‍ മാറിയത് ഇന്റര്‍നെറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് ഭൂരിപക്ഷം അധ്യാപകരുടെയും നിലപാട്. 'മുമ്പ് പാഠപുസ്തകങ്ങളിലെ കാര്യങ്ങള്‍ പഠിച്ചാല്‍ മതിയായിരുന്നു. ഇന്ന് കുട്ടികള്‍ക്ക് പ്രോജക്ട് വര്‍ക്കുകള്‍ ധാരാളമുണ്ട്. അവര്‍ സ്വയം കണ്ടെത്തേണ്ട ഉത്തരങ്ങളുണ്ട്. ഇന്റര്‍നെറ്റിനെ ആശ്രയിക്കുകയോ നിവൃത്തിയുള്ളൂ. ഏതെങ്കിലും ഇന്റര്‍നെറ്റ് കഫേകളില്‍ നിന്നോ മറ്റോ മുതിര്‍ന്നവരെക്കൊണ്ട് അവര്‍ക്കാവശ്യമുള്ള വിവരങ്ങള്‍ കണ്ടെത്തുകയും ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയുമാണ് കുട്ടികള്‍ ഇപ്പോള്‍ ചെയ്യുന്നത് ''- കോതമംഗലം സ്വദേശിയായ അധ്യാപിക അനിത കൃഷ്ണകുമാര്‍ പറയുന്നു. ഇതില്‍ പല കുട്ടികള്‍ക്കും വീട്ടില്‍ കമ്പ്യൂട്ടര്‍/ഇന്റര്‍നെറ്റ് സൗകര്യങ്ങളുണ്ട്. പക്ഷേ, ഇന്റര്‍നെറ്റ് നോക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല.
വേണ്ടത് മക്കളിലുള്ള വിശ്വാസം
''ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മോശം വാര്‍ത്തകള്‍ക്ക് മാധ്യമങ്ങളില്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്നതാണ് മാതാപിതാക്കളില്‍ അതിനെപ്പറ്റി ഭയം വളരാന്‍ കാരണം''- ആലുവയിലെ സര്‍ക്കാര്‍ ജീവനക്കാരനും ഒരു പെണ്‍കുട്ടിയുടെ അച്ഛനുമായ സന്തോഷ് പറയുന്നു.
'അന്തര്‍മുഖത്വമുള്ള, മറ്റുള്ളവരുമായി പുറത്തുപോയി ഇടപെടാന്‍ ആഗ്രഹമില്ലാതെ കമ്പ്യൂട്ടറിനു മുന്നില്‍ ഏറെ നേരം ഇരിക്കുന്ന കുട്ടികളെയൊക്കെയാണ് ഭയപ്പെടേണ്ടത്. അല്ലാതെ കുട്ടികളെ മുഴുവന്‍ ഭയപ്പെടുന്നത് ശരിയല്ല'', അയര്‍ലണ്ടില്‍ മനശാസ്ത്രജ്ഞനായ മലയാളി സൈമണ്‍ അലക്‌സിന്റെതാണ് ഈ അഭിപ്രായം.
''അശഌല വീഡിയോകളും ചിത്രങ്ങളും കാണണമെന്ന് കുട്ടികള്‍ ആഗ്രഹിച്ചാല്‍ അവരത് മറ്റ് വഴികളിലൂടെ കാണും. എനിക്കറിയാവുന്ന പല കുട്ടികളും വീടുകളില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ളവരാണ്. അവരത് ഉപയോഗിക്കാതെ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഇവിടെ വരികയാണ്്''- എറണാകുളം സൗത്തിലെ ഇന്റര്‍നെറ്റ് കഫേ ജീവനക്കാരനായ ജയ്‌സണ്‍ ടി. മാത്യു പറയുന്നു. വീട്ടുകാര്‍ അശഌല സൈറ്റുകളുടെ പേര് പറഞ്ഞ് അറിവ് നിഷേധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ജയ്‌സണും നല്‍കുന്ന സൂചന.
മലയാള നടന്റെ 'അസഭ്യ സിനിമകള്‍'
ഇന്റര്‍നെറ്റിലെ വിവരങ്ങളെ പൂര്‍ണമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യരുതെന്നാണ് കണ്ണൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ജയരാജ് പറയുന്നത്. തെറ്റുകള്‍ ഉണ്ടാവാനുള്ള സാധ്യത വളരെയധികമാണ്.'' പലര്‍ പല സമയത്ത് തയ്യാറാക്കിയ വിവരങ്ങളാണ് അതിലുണ്ടാവുക. അതിലെ വിവരങ്ങള്‍ ആധികാരികമാണ് എന്ന ധാരണ കുട്ടികളിലുണ്ടാക്കരുത്''.
കേരളത്തിലെ പ്രമുഖ മലയാളം ചാനലില്‍ വന്ന വാര്‍ത്തയുടെ കഥ കൂടി ജയരാജ് ഓര്‍മിപ്പിക്കുന്നു. പ്രമുഖ നടന്റെ മരണദിവസം. ഫ്ലഷ് ന്യൂസ് ആയി വാര്‍ത്ത സ്‌ക്രോള്‍ ചെയ്യുമ്പോള്‍ നടന്‍ അഭിനയിച്ച സിനിമകളുടെ പേരില്‍ മൂന്നെണ്ണം പച്ചത്തെറിയായിരുന്നു. അതിനുകാരണം ഇന്റര്‍നെറ്റിലെ വിക്കി പീഡിയയില്‍ നിന്ന് എടുത്ത വിവരങ്ങളായിരുന്നു. അതില്‍ ആരോ മൂന്ന് അസഭ്യവാക്കുകള്‍ സിനിമയായി അടിച്ചുചേര്‍ത്തു. അത് സത്യസന്ധമാണെന്ന് വിശ്വസിച്ച് അതുപോലെ തന്നെ വാര്‍ത്ത നല്‍കുകയാണ് ചാനല്‍ ചെയ്തത്.
ഗെയിമുകളുടെ ലോകം
കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ നിങ്ങള്‍ക്ക് സമയമുണ്ടോ?' ചോദ്യം രണ്ടു കുട്ടികളുടെ അച്ഛനും സ്വകാര്യ മെഡിക്കല്‍ കമ്പനിയുടെ മാനേജറുമായ സജിത്തിന്റേത്. കുട്ടികള്‍ക്ക് കഥകള്‍ കേള്‍ക്കണം. അത് പറഞ്ഞുകൊടുക്കാന്‍ സമയമില്ല. മാത്രമല്ല അറിവുമില്ല. പിന്നെ എന്തുചെയ്യും?
''ഇന്റര്‍നെറ്റില്‍ കുട്ടികള്‍ക്ക് വായിക്കാന്‍ ഒട്ടേറെ കഥകള്‍ ലഭ്യമാണ്. അവരില്‍ ഭാഷാജ്ഞാനവും അറിവും പകരുന്ന ധാരാളം സംവിധാനങ്ങളുണ്ട്. ഇത് അവര്‍ക്ക് നിഷേധിക്കുന്നതുകൊണ്ട് എന്താണ് ഗുണം?''-തിരുവനന്തപുരത്ത് കുട്ടികളുടെ ചിത്രങ്ങള്‍ക്ക് അനിമേറ്ററായി പ്രവര്‍ത്തിക്കുന്ന സന്തോഷ് ചോദിക്കുന്നു.
എറണാകുളം വെണ്ണല സ്വദേശിയായ എട്ടുവയസ്സുകാരന്‍ അപ്പു (ശങ്കര്‍) ഇന്റര്‍നെറ്റിലെ ഗെയിമുകള്‍ (ഫേസ് ബുക്കില്‍ നിന്ന് ) പതിവായി കളിക്കുന്നുണ്ട്. പഠിത്തം കഴിഞ്ഞ ശേഷമുള്ള സമയത്താണെന്നു മാത്രം. അച്ഛന്റെ കമ്പൂട്ടറിലുള്ള ഗെയിമുകളേക്കാള്‍ നല്ലതാണ് ഇന്റര്‍നെറ്റിലേതെന്നും അപ്പു പറയുന്നു.
കുട്ടികളുടെ പ്രൊഫൈലുകള്‍
''കമ്പ്യൂട്ടര്‍ ഗെയിമുകളും ഹാരിപോട്ടറും പിന്നെ പഠനവും ഇഷ്ടപ്പെടുന്ന സാധാരണ മനുഷ്യനാണ് ഞാന്‍''. എന്ന് പ്രൊഫൈലില്‍ ടാഗ് ലൈന്‍ എഴുതിയ ഹൈസ്‌ക്കുള്‍ വിദ്യാര്‍ത്ഥിയെ ഓര്‍ക്കുട്ടില്‍ കണ്ടു. പഠനം ഇഷ്ടപ്പെടുന്നതിന് അടുത്ത് രണ്ട് നക്ഷത്ര ചിഹ്‌നം ഉണ്ട്. വി ശദീകരണം താഴെ: '' ഒറ്റ നക്ഷത്രം വച്ച് അടയാളപ്പെടുത്തിയതെല്ലാം നുണകളാണ്. രണ്ട് നക്ഷത്രമുള്ളതെല്ലാം വലിയ നുണകള്‍''. പതിനെട്ടുവയസ്സില്‍ മുകളിലുള്ളവര്‍ക്കേ 'ഓര്‍ക്കൂട്ടി'ല്‍ അംഗമാകാന്‍ കഴിയൂവെങ്കിലും അനന്തു ഓര്‍ക്കുട്ടില്‍ ഉണ്ട്. കുറേ കുട്ടികളും ഫ്രണ്ട്‌സായി അതില്‍ ഉണ്ട്. അവര്‍ പുതിയതായി ഇറങ്ങിയ സിനിമയെപ്പറ്റിയും പരീക്ഷയെപ്പറ്റിയുമൊക്കെ കുട്ടികളുടേതായ രീതിയില്‍ ചര്‍ച്ചചെയ്യുന്നു.
അപകടകരമല്ലാത്ത വിധത്തില്‍ തന്നെയാണ് അനന്തുവിന്റെ കമ്പ്യൂട്ടര്‍/ഇന്റര്‍നെറ്റ് താല്‍പര്യം. വ്യക്തമായ കാഴ്ചപ്പാടുള്ള രക്ഷിതാക്കള്‍ അവനെ നയിക്കുന്നു. ഇത്തരം മേല്‍നോട്ടത്തില്‍ കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നാണ് കൊച്ചിയില്‍ അധ്യാപകനായ ജോസഫ് സേവ്യറിന്റെ അഭിപ്രായം.
സെര്‍ച്ച് എഞ്ചിനുകള്‍
കുട്ടികള്‍ അശ്ലീല സൈറ്റുകളിലും മറ്റും ആകര്‍ഷിക്കപ്പെടുമെന്ന ചിന്തയും ആശങ്കയും അനാവശ്യമാണെന്ന് തലശ്ശേരി സ്വദേശിയും സോഫ്റ്റ്‌വെയര്‍ വിദഗ്ധനുമായ മുക്താര്‍ പറയുന്നു. കമ്പ്യൂട്ടറില്‍ ചില പ്രത്യേക പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അശ്ലീല സ്വഭാവമുള്ള സൈറ്റുകളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടും. (Kids.getnetwise.org എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്)
www.ajkids.com, www.kidsclick.org, www.search.netnanny.com തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളിലൂടെ തിരഞ്ഞാല്‍ അശ്ലീലവും അപകടകരവുമായ വിവരങ്ങള്‍ ലഭിക്കില്ല.
കുട്ടികള്‍ക്കുവേണ്ടിയുള്ള വിവിധ രാജ്യാന്തര സൈറ്റുകള്‍ www.ala.org (great websites for kids) എന്ന വെബ്‌സൈറ്റില്‍ ക്രോഡീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍ (എ.എല്‍.എ) ആണ് കുട്ടികള്‍ക്കുവേണ്ടിയുള്ള ഈ വിവരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മൃഗങ്ങള്‍, കല, ചരിത്രം/ജീവചരിത്രം, സാഹിത്യം/ഭാഷ, റഫറന്‍സ്, കണക്ക്/കമ്പ്യൂട്ടര്‍, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിങ്ങനെ തരം തിരിച്ചാണ് അതില്‍ ഏഴുന്നൂറോളം വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്റര്‍നെറ്റ് ഉപയോഗം വിവിധ പ്രായത്തില്‍
ഏത് പ്രായത്തില്‍ ഏത് തരത്തിലാണ് കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിയുകയും അതനുസരിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതില്‍ മാതാപിതാക്കളുടെ പങ്ക് വലുതാണ്. കമ്പ്യൂട്ടര്‍ വിദഗ്ധരും മനശാസ്ത്ര വിദഗ്ധരും നല്‍കുന്ന സൂചനകളില്‍ ചിലത്:
2-4 വയസ്: ഈ ഘട്ടത്തില്‍ കമ്പ്യൂട്ടര്‍ സംബന്ധമായി കുട്ടികള്‍ക്ക് സന്തോഷകരമായ അനുഭവം നല്‍കാനാണ് ശ്രമിക്കേണ്ടത്. മൂന്നുവയസുമുതല്‍ പല കുട്ടികള്‍ക്കും അല്‍പം കൂടുതല്‍ സ്വാതന്ത്ര്യം മാതാപിതാക്കള്‍ കമ്പ്യൂട്ടറില്‍ അനുവദിച്ചുകൊടുക്കാറുണ്ട്. അതുവഴി അവര്‍ക്ക് സ്വയം അന്വേഷിക്കാനും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താനും കഴിയും. അവര്‍ തങ്ങളുടേതായ ചെറുതെറ്റുകള്‍ വരുത്തുകയും ചെയ്യും. രക്ഷിതാക്കള്‍ തന്നെ അവര്‍ക്കുവേണ്ട വെബ് സൈറ്റുകള്‍ തിരഞ്ഞെടുത്തുകൊടുക്കുക.
4-7 വയസ്: കുട്ടികള്‍ സ്വയം കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങുന്ന ഘട്ടമാണിത്. അവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് അവരുമായി അടുത്ത ബന്ധം ഉണ്ടായിരിക്കണം.കുട്ടികള്‍ സന്ദര്‍ശിക്കേണ്ട സൈറ്റുകള്‍ മാത്രം ലഭ്യമാകുന്ന വിധത്തില്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സംവിധാനം സെറ്റ് ചെയ്യുക. കുട്ടികളുടേതായ സെര്‍ച്ച് എഞ്ചിനുകളും ഉപയോഗിക്കുക.
7-10 വയസ്: കുട്ടികളെ കുറേയൊക്കെ സ്വതന്ത്രമായി വിടുന്നതാണ് നല്ലത്. എന്നാല്‍ മാതാപിതാക്കള്‍ അവര്‍ക്ക് അടുത്തു തന്നെ ഉണ്ടായിരിക്കുകയും വേണം. സ്വതന്ത്രമായി അന്വേഷിക്കാനുള്ള അവസരം നല്‍കുന്നു എന്ന തോന്നല്‍ അവരിലുണ്ടാക്കുകയാണ് പ്രധാനം. ഈ സമയത്ത് കുട്ടികള്‍ എത്രനേരം ഇന്റര്‍നെറ്റിനു മുന്നില്‍ ഇരിക്കുന്നു അവരെന്തുചെയ്യുന്നു എന്ന് അന്വേഷിക്കണം. ഇന്റര്‍നെറ്റ് നോക്കുന്ന കാര്യത്തില്‍ സമയനിഷ്ഠ വയ്ക്കുക.
10-12 വയസ്: ഈ സമയത്താണ് കുട്ടികള്‍ സ്‌കൂള്‍ വര്‍ക്കിന് കമ്പ്യൂട്ടര്‍/ഇന്റര്‍നെറ്റ് കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങുക. തങ്ങളുടെ ഹോബിക്കാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ഈ സമയത്ത് കുട്ടികള്‍ കമ്പ്യൂട്ടറില്‍ എന്തുചെയ്യുന്നു എന്നതിനൊപ്പം എത്രനേരം ഇരിക്കുന്നു എന്നതും പ്രധാനമാണ്. അറിയാവുന്ന/താല്‍പര്യമുള്ള വിഷയങ്ങളുള്ള സൈറ്റുകള്‍ സന്ദര്‍ശിക്കാനാണ് അനുവദിക്കേണ്ടത്- ഉദാഹരണത്തിന് തങ്ങളുടെ പ്രിയപ്പെട്ട കായിക താരത്തിന്റെയോ സംഗീതകാരനെയോ പറ്റിയുള്ള സൈറ്റുകള്‍.
12-14 വയസ്: ഈ സമയത്താണ് ഓണ്‍ലൈന്‍ ചാറ്റിംഗ് കുട്ടികള്‍ ഇഷ്ടപ്പെട്ടു തുടങ്ങുക. അപരിചിതരുമായുള്ള ചാറ്റിംഗ് പ്രോത്സാഹിപ്പിക്കരുത്. തങ്ങളുടേതായ വിവരങ്ങളോ ഫോട്ടോയോ അപരിചിതര്‍ക്ക് കൈമാറരുത്, ഓണ്‍ലൈനില്‍ പരിചയപ്പെട്ടവരെ ഒറ്റയ്ക്ക് കാണാന്‍ പോകരുത് തുടങ്ങിയ കാര്യങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്തണം. കുട്ടികള്‍ക്ക് ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യമുണ്ടാകുന്ന സമയമാണിത്. അതിനാല്‍ തന്നെ ലൈംഗികതയുള്ള ഫോട്ടോകള്‍ കാണാനും മറ്റും ശ്രമമാവും. ഈ സമയത്ത് മാതാപിതാക്കള്‍ ചുറ്റുവട്ടത്തു നിര്‍ബന്ധമായും ഉണ്ടാകണം. കുട്ടികള്‍ ലൈംഗിക കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു എന്നതില്‍ ആശങ്കപ്പെടേണ്ട. അതിനെ കൈകാര്യം ചെയ്യുന്നതിലാണ് രക്ഷിതാക്കളുടെ മിടുക്ക്്.
14-17 വയസ്: കുട്ടികള്‍ ശാരീരികമായും വൈകാരികമായും പക്വതനേടുന്ന കാലമാണിത്. കുട്ടികള്‍ക്ക് മേലുള്ള നിയന്ത്രണം മാതാപിതാക്കള്‍ക്ക് നഷ്ടമാകുന്ന സമയമാണ് എന്നതിനാല്‍ ജാഗ്രതകൂടുതല്‍ വേണം. കുട്ടികള്‍ക്ക് റിസ്‌കുള്ള കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടാകും. ഇന്റര്‍നെറ്റ് പ്രണയത്തില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്. ഇന്റര്‍നെറ്റിലുള്ള പലരും യഥാര്‍ത്ഥ വ്യക്തികളോ സ്വഭാവങ്ങളുള്ളവരോ അല്ല എന്ന് കുട്ടികള്‍ക്ക് വ്യക്തമായി ബോധം പകരണം. ഓണ്‍ലൈനില്‍ കണ്ടെത്തുന്നവരോടൊപ്പം ഓഫ്‌ലൈന്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നുവെന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ അപകടം. പെണ്‍കുട്ടികള്‍ (ആണ്‍കുട്ടികളും) തനിച്ച് ആരെയും കാണാന്‍ പോകുന്നില്ലെന്ന് ഉറപ്പാക്കണം. കുട്ടികള്‍ എന്തെങ്കിലും അപക്വമായി ചെയ്യുകയാണെങ്കില്‍ ഇന്റര്‍നെറ്റ് സംവിധാനം വിചേ്ഛദിക്കാനല്ല ശ്രമിക്കേണ്ടത്. ഭാവിയില്‍ അതാര്‍വത്തിക്കാതിരിക്കാനുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളുമാണ് നല്‍കേണ്ടത്.
അവര്‍ എന്താണ് തിരയുന്നത്
കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നതുകൊണ്ട് അവര്‍ വഴിതെറ്റുമെന്ന് മാതാപിതാക്കള്‍ അമിതമായി ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഉപേക്ഷ കാണിക്കുന്നതും നല്ലതല്ല. മനശാസ്ത്രജ്ഞരും കമ്പ്യൂട്ടര്‍ വിദഗ്ധരും വച്ച ചില നിര്‍ദേശങ്ങള്‍:
കമ്പ്യൂട്ടര്‍ എപ്പോഴും രക്ഷിതാക്കളുടെ കണ്ണെത്തുന്ന ഇടത്ത് വയ്ക്കുക. ഹാളിലോ രക്ഷിതാക്കളുടെ മുറിയിലോ കമ്പ്യൂട്ടര്‍ വയ്ക്കുന്നതാണ് നല്ലത്.
വീട്ടില്‍ മറ്റാരുമില്ലാത്തപ്പോള്‍ കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കരുത്. കുട്ടികള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍, തിരഞ്ഞ വിവരങ്ങള്‍ എന്നിവ എന്തെന്ന് തിരക്കുക.
കുട്ടികള്‍ ഓണ്‍ലൈനിലായിരിക്കുന്ന സമയം ക്രമപ്പെടുത്തുക. ദിവസത്തില്‍ എത്രനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കാം എന്നതില്‍ കര്‍ശനമായ ഒരു രീതി പിന്തുടരുക.
അപരിചിതരുമായുള്ള ചാറ്റിംഗ് നിരുല്‍സാഹപ്പെടുത്തുക
ലൈംഗിക സൈറ്റുകള്‍ സ്‌ക്രീനില്‍ ലഭ്യമല്ലാത്ത വിധത്തില്‍ ബ്ലോക്ക് ചെയ്യുക. (അതിന് പ്രോഗ്രാമുകള്‍ ലഭ്യമാണ്)
അക്രമം നിറഞ്ഞ വിഷ്വല്‍/വീഡിയോ എന്നിവ കാണുന്നതും മറ്റുള്ളവര്‍ക്ക് അയക്കുന്നതും തടസപ്പെടുത്തുക
മതപരമായ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് നിരുല്‍സാഹപ്പെടുത്തുക
നിയമവിരുദ്ധ പ്രവര്‍ത്തനം, ബോംബ് നിര്‍മിക്കല്‍, തീവ്രവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ കുട്ടികള്‍ കാണുന്നില്ലെന്ന് ഉറപ്പാക്കുക.
കുട്ടികള്‍ ഇന്റര്‍നെറ്റില്‍ തങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ തിരയുമ്പോള്‍ കുട്ടികള്‍ക്കുവേണ്ടി പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള ഇന്റര്‍നെറ്റ് ബ്രൗസറുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുക.
വിദ്യാലയങ്ങളില്‍ നിന്നിറങ്ങിയ ശേഷം കുട്ടികള്‍ രഹസ്യമായി ഇന്റര്‍നെറ്റ് കഫേകള്‍ സന്ദര്‍ശിക്കുന്നുണ്ടോയെന്നും മറ്റും നിരീക്ഷിക്കുക.
മാതാപിതാക്കള്‍ക്ക് അല്‍പ്പം കരുതല്‍
നിങ്ങള്‍ക്ക് സ്വന്തമായി വെബ് പേജോ കമ്യൂണിറ്റി പ്രൊഫൈലുകളോ (ഓര്‍ക്കുട്ട്, ഫെയ്‌സ്ബുക്ക് തുടങ്ങിയവ)മറ്റോ ഉണ്ടെങ്കില്‍ അതില്‍ കുട്ടികളെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ നല്‍കാതിരിക്കുക.
കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരുമായി പരസ്യമായി ചര്‍ച്ചചെയ്യാതിരിക്കുക. നിങ്ങള്‍ ഓണ്‍ലൈനില്‍ സംസാരിക്കുമ്പോള്‍ അപരിചിതരുമായി നിങ്ങളുടെ കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവയ്ക്കരുത്. പരസ്യമായ ചര്‍ച്ചകള്‍ മറ്റുള്ളവര്‍ കാണാന്‍ ഇടയുണ്ടെന്ന് ഓര്‍മിക്കുക.
സ്വപ്നങ്ങള്‍ നെയ്യാന്‍ പുസ്തകങ്ങള്‍
ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് ആവശ്യമായ ധാരാളം വിവരങ്ങള്‍ ഒറ്റ മൗസ് ക്ലിക്കില്‍ നല്‍കുന്നുവെങ്കിലും വിശ്വസനീയവും ആധികാരികവുമായ അറിവ് നല്‍കുന്നില്ലെന്നാണ് 'ഗൃഹലക്ഷ്മി'യോട് അഭിപ്രായം പങ്കിട്ട ഏതാണ്ട് മുഴുവന്‍ അധ്യാപകരുടെയും അഭിപ്രായം.
കഥകളും അറിവുകളും ഇന്റര്‍നെറ്റില്‍ ധാരാളം ലഭ്യമുണ്ടെങ്കിലും അതൊരിക്കലും പുസ്തക വായനയുടെ സാധ്യതകളെ പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ലെന്നാണ് കൊല്ലത്തെ സാമൂഹ്യപ്രവര്‍ത്തകനായ എസ്. അജയകുമാറുള്‍പ്പടെയുള്ളവരുടെ പക്ഷം. ഭാവനയേക്കാള്‍, യുക്തിസഹവും മനസില്‍ പതിയുന്നതുമായ കഥകളോ അനുഭവങ്ങളോ ഉള്ള പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് കോട്ടയത്തെ സ്‌കൂള്‍ അധ്യപകനായ സുരേഷ് കുമാറും പറഞ്ഞത്. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ 'അഗ്നിച്ചിറകുകള്‍' ആണ് സുരേഷും കുട്ടികള്‍ക്ക് നിര്‍ദേശിക്കുന്നത്. ''സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടില്‍ നിന്ന് രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക് ഒരു വ്യക്തി എങ്ങനെ കടന്നു ചെല്ലുന്നു എന്ന് കുട്ടികള്‍ ഒരുവട്ടം അറിഞ്ഞാല്‍ മതി അത്തരമൊരു ജീവിതം തെരഞ്ഞെടുക്കാന്‍ കുട്ടികളും ആഗ്രഹിക്കും. മനസില്‍ സ്വപ്നങ്ങള്‍ നെയ്യുന്നതരം പുസ്തകങ്ങളാണ് ആവശ്യം''-സുരേഷ് പറയുന്നു.
കുട്ടികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഇംഗ്ലീഷ് -മലയാളം പുസ്തകങ്ങള്‍:
വിങ്‌സ് ഓഫ് ഫയര്‍-ഡോ.എ.പി.ജെ. അബ്ദുള്‍കലാം / ഹാരിപോട്ടര്‍ കഥകള്‍ / ഫെയ്മസ് ഫൈവ് (സീരിസ്)-എനിഡ് ബ്ലൈട്ടന്‍ / റോട്ടന്‍ സ്‌കൂള്‍- ആര്‍.എല്‍. സ്‌റ്റൈന്‍ / റോള്‍ഡ് ഡാല്‍ സീരീസ് പുസ്തകങ്ങള്‍ / പേഴ്‌സി ജാക്‌സണ്‍ സീരീസ് / ആന്‍ഫ്രാങ്ക് ഡയറി / ജംഗിള്‍ ബുക്ക് (ഇംഗ്ലീഷ്)
കുട്ടികളുടെ രാമായണം / കുട്ടികളുടെ മഹാഭാരതം / പ്രൊഫ.എസ്.ശിവദാസ് രചിച്ച വിവിധ പുസ്തകങ്ങള്‍ / കുഞ്ഞുണ്ണിമാഷിന്റെ രചനകള്‍ / മാലി കൃതികള്‍ / സുമംഗലയുടെ കഥകള്‍ / മാണിക്യക്കല്ലും കുട്ടിക്കഥകളും / കലാമിനോട് കുട്ടികള്‍ ചോദിക്കുന്നു / പഞ്ചതന്ത്രം കഥകള്‍ / തെന്നാലി രാമന്‍ കഥകള്‍ / ഐതിഹ്യമാല (മലയാളം)
കുട്ടികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന സിഡികള്‍
രണ്ട് വയസുമുതലുള്ള കുട്ടികള്‍ക്കാവശ്യം അവരുടെ മനസ്സിന് സന്തോഷം പകരുകയും അവരെ ചിന്തിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള സിഡികളാണ്. ഇന്റര്‍നെറ്റിനു പുറത്ത് കാഴ്ചയുടെ ഹരം കുട്ടികളില്‍ പടരുന്നതില്‍ സഹായകരമായ ചില സിഡികള്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
മഞ്ചാടി 1,2,3 / പൂപ്പി / മിടുമിടുക്കന്‍ / നഴ്‌സറി റൈംസ് / ബാക്ക്ഗണ്‍ / ടോം ആന്‍ഡ് ജെറി
ബെന്‍-10 / പോക്കിമോണ്‍ / ചോട്ടാഭീം / ഡോറിമോന്‍
ഡോ. സുരേഷ് എസ്. വടക്കേടം
കുഞ്ഞുങ്ങളുടെ പ്രായത്തിനും മാനസികവും ശാരീരികവുമായ വളര്‍ച്ചയുടെ തലത്തിനും യോജിച്ച കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ആറുമാസമുള്ള കുട്ടിക്ക് ചരടില്‍ വലിച്ചുകൊണ്ട് നടക്കുന്ന വണ്ടികളോ പിസ്റ്റളോ പോലുള്ള കളിപ്പാട്ടങ്ങള്‍ യോജിക്കില്ല. ആറുമാസത്തില്‍ താഴെയുള്ളവര്‍ക്ക് നല്ല നിറങ്ങളുള്ള, അമര്‍ത്തിയാല്‍ ശബ്ദം പുറപ്പെടുവിക്കുന്ന തിളക്കവും കിലുക്കവുമുള്ളവ ഇഷ്ടമാവും. ഒത്തിരി വലുതും ദൃഢവുമായവയെക്കാള്‍ നേര്‍ത്തതും മൃദുലവുമായവ(soft toys) ആണ് രണ്ടു വയസ്സില്‍ താഴെയുള്ളവര്‍ക്ക് നല്ലത്.
നഴ്‌സറി പ്രായത്തില്‍ ആണ്‍കുട്ടികള്‍ക്ക് വാഹനങ്ങളോടും തോക്ക്, പിസ്റ്റള്‍, വലിയ പന്ത് എന്നിവയോടുമാണ് കമ്പമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് പാവകള്‍ (barbie), ഗൃഹോപകരണങ്ങളുടെ മാതൃകകള്‍ ഉപയോഗിച്ചുള്ള കളികള്‍ (role play) എന്നിവയിലാണ് താത്പര്യം. കൈയില്‍ കിട്ടുന്ന എന്തും വായില്‍ വെക്കുന്ന സ്വഭാവമുള്ള പ്രായത്തില്‍ (മൂന്നു വയസ്സില്‍ താഴെ) വളരെ ചെറിയ ഭാഗങ്ങളോടുകൂടിയ കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക. പാവയുടെ കണ്ണ്, ഉടുപ്പിന്റെ ബട്ടണ്‍സ് തുടങ്ങിയവ എളുപ്പത്തില്‍ തൊണ്ടയിലോ ശ്വാസനാളിയിലോ കുരുങ്ങുകയും കുഞ്ഞിന് അപകടം സംഭവിക്കുകയും ചെയ്യാം. നീണ്ട നൂലോടുകൂടിയ കളിപ്പാട്ടങ്ങള്‍ ഒഴിവാക്കണം. കഴുത്തില്‍ അറിയാതെ കുരുങ്ങാന്‍ സാധ്യതയുണ്ട്. എട്ടു വയസ്സിനു താഴെയുള്ള കുട്ടികളില്‍ വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക. ദൃഢമായി നിര്‍മിക്കപ്പെട്ടവയും കൂര്‍ത്ത മുനകളും വശങ്ങളും ഇല്ലാത്തവയുമായ കളിപ്പാട്ടങ്ങള്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാം.
അമര്‍ത്തുമ്പോള്‍ ശബ്ദം പുറപ്പെടുവിക്കുന്ന കളിപ്പാട്ടങ്ങള്‍ കാതിന് ദോഷമുണ്ടാവാത്ത അകലത്തില്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുക. കളിപ്പാട്ട നിര്‍മാണ വസ്തുക്കള്‍ (പ്ലാസ്റ്റിക്, റബ്ബര്‍, തുണി മുതലായവ) ശരീരത്തിന് ഹാനികരമല്ലാത്തവയാണെന്ന് ഉറപ്പാക്കണം. നനഞ്ഞാല്‍ ചായം ഇളകുന്നവ കുഞ്ഞ് വായില്‍ വെച്ചാല്‍ ദോഷമാണ്.
ആസ്ത്മ, അലര്‍ജി ഇവയുള്ള കുട്ടികള്‍ രോമാവൃതമോ (stuffed toys) നേര്‍ത്ത തുണി, വെല്‍വെറ്റ്, സാറ്റിന്‍ തുടങ്ങിയവയാല്‍ നിര്‍മിതമായതോ ആയ കളിപ്പാട്ടങ്ങള്‍ (teddy bear, dog) ഒഴിവാക്കുക. ഇവയില്‍ അടിഞ്ഞിരിക്കുന്ന പൊടി ആസ്ത്മയ്ക്കും ശ്വാസംമുട്ടലിനും കാരണമാവാം.
ചിരിച്ച് തള്ളാനുള്ള വിഷയമല്ല കുട്ടികളിലെ വയര്‍ ചാടല്‍. അപകടകരമായ പല രോഗങ്ങള്‍ക്കും ഇതിടയാക്കാം...
അഞ്ചാം ക്ലാസുകാരി മീനുവിനെ സ്‌കൂളിലേക്ക് ഒരുക്കിവിടുന്നതിനിടയില്‍ അമ്മ കളിയാക്കും. ''ദേ, നിനക്കൊരു കുഞ്ഞിക്കുമ്പയുണ്ടല്ലോ മീനൂ'' എന്ന്....
''ഓ, എന്റെ ഫ്രണ്ട്‌സിനെല്ലാം വയറ് ചാടിയിട്ടാണമ്മേ, എനിക്ക് മാത്രമല്ല''- എന്നാണ് മീനു തിരിച്ചടിക്കുക. മീനുവിനെപ്പോലെ അധികം വണ്ണമില്ലാത്ത കുട്ടികളില്‍പോലും ഇക്കാലത്ത് അടിവയര്‍ ചാടിക്കാണുന്നു.
ഇത് അനാരോഗ്യകരവും കാഴ്ചയ്ക്ക് അഭംഗിയുമാണ്.
പഴയപോലെ ഇന്നത്തെ കുട്ടികളാരും ഓടിക്കളിച്ച് വിയര്‍ക്കാറില്ല. പകരം വൈകീട്ട് സ്‌കൂള്‍ വിട്ടെത്തിയാല്‍ സോഫയില്‍ ചടഞ്ഞിരുന്ന് ടിവി കാണുന്നു. അമ്മ ഭക്ഷണവുമായി വന്നാല്‍ സ്‌ക്രീനില്‍നിന്നും കണ്ണെടുക്കാതെ പ്ലേറ്റ് വാങ്ങി കഴിക്കും. അത് മണിക്കൂറുകള്‍ നീണ്ടേക്കും ചിലപ്പോള്‍. കുട്ടികളെ വീട്ടിനുള്ളില്‍ തളച്ചിടുന്ന വില്ലന്മാര്‍ വേറേയുമുണ്ട്. കംപ്യൂട്ടര്‍, വീഡിയോ ഗെയിമുകള്‍... കുട്ടികള്‍ കഴിക്കുന്ന ഭക്ഷണമോ? അതും അത്ര ആരോഗ്യകരമല്ല. പിസ, ബര്‍ഗ്ഗര്‍, കട്‌ലറ്റ് അല്ലെങ്കില്‍ റെഡിമെയ്ഡ് സ്‌നാക്‌സ് ആണ് മിക്കവരുടേയും പ്രിയ ഭക്ഷണം. ഇവ ഉയര്‍ന്ന അളവില്‍ അന്നജവും കൊഴുപ്പും അടങ്ങിയവയാണ്. ശരീരത്തിലേക്ക് കൂടുതല്‍ കലോറി എത്തിക്കുന്നു. അത് ശരീരഭാരം കൂട്ടുന്നു.
കംപ്യൂട്ടര്‍ ഗെയിം കളിക്കുമ്പോഴും ടിവി കാണുമ്പോഴും കുട്ടികള്‍ അറിയാതെ ആവശ്യത്തില്‍ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കുന്നു. ശരീരം ചലിക്കാതെ ഒരേ ഇരുപ്പില്‍ മണിക്കൂറുകളോളമാണ് കഴിക്കുന്നത്. ഒപ്പം അമിതഭക്ഷണവും അകത്തെത്തുന്നു. ഇതാണ് അടിവയര്‍ ചാടാനുള്ള പ്രധാന കാരണം. ടി.വി.-കംപ്യൂട്ടര്‍ ഗെയിം എന്നിവ കാണാനുള്ള സമയം സാധാരണ ദിവസം ഒരു മണിക്കൂറിലധികം അനുവദിക്കേണ്ട.
രോഗങ്ങളിലേക്കുള്ള വഴി
ശരീരത്തിലെ അമിതമായ കൊഴുപ്പ് പലതരം ഹോര്‍മോണുകളേയും രാസവസ്തുക്കളേയും ഉത്പാദിപ്പിക്കുന്നു. ഈ രാസവസ്തുക്കളാണ് രോഗങ്ങള്‍ക്കിടയാക്കുന്നത്.
ഹൃദയം, കരള്‍, പാന്‍ക്രിയാസ്, കിഡ്‌നി എന്നീ പ്രധാന അവയവങ്ങളെല്ലാം രോഗാതുരമാവുന്നു. കരളില്‍ കൊഴുപ്പടിഞ്ഞ് 'ഫാറ്റി ലിവര്‍' എന്ന രോഗാവസ്ഥ വരാം. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളും വരുന്നു. കിഡ്‌നിയില്‍ രക്തസമ്മര്‍ദ്ദം ഉയരുന്നു. മേല്‍പ്പറഞ്ഞ രാസവസ്തുക്കളാണ് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ച് കുട്ടികളില്‍ പ്രമേഹമുണ്ടാക്കുന്നത്.
പെണ്‍കുട്ടികള്‍ ശ്രദ്ധിക്കണം
വീട്ടിലായാലും സ്‌കൂളിലായാലും 'അടങ്ങിയൊതുങ്ങിയും' സാവധാനത്തിലുമാണ് പെണ്‍കുട്ടികളുടെ ശാരീരിക ചലനങ്ങള്‍. ഓടിച്ചാടിയുള്ള കളികള്‍ അവര്‍ക്കിടയില്‍ വളരെയധികം കുറഞ്ഞിട്ടുണ്ട്. അതേസമയം ഭക്ഷണത്തിന്റെ കാര്യത്തില്‍ ആണ്‍കുട്ടികളുടെ അതേ രീതിയാണ്. ഇത് അടിവയര്‍ ചാട്ടം പെണ്‍കുട്ടികളില്‍ കൂടുതലായി കാണാനിടയാക്കുന്നു.
അടിവയര്‍ ചാടുന്നത് പെണ്‍കുട്ടികളിലെ സ്വാഭാവികമായ ലൈംഗിക വളര്‍ച്ചയെ മാറ്റിമറിക്കുന്നു. ഇതുമൂലം ആര്‍ത്തവചക്രം വളരെ നേരത്തെയോ വളരെ വൈകിയോ തീരെ ഇല്ലാതെയോ വരുന്നു. കൊച്ചുപെണ്‍കുട്ടികളിലെ അടിവയര്‍ ചാട്ടം 'പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്' എന്ന രോഗാവസ്ഥയുണ്ടാക്കാം. ഇത് ഭാവിയില്‍ വന്ധ്യതയ്ക്ക് കാരണമാവാം.
വിശക്കുമ്പോള്‍ മാത്രം ഭക്ഷണം
കുട്ടികളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നത് ശരിയല്ല. വിശപ്പിനനുസരിച്ച് കഴിക്കാന്‍ അവരെ അനുവദിക്കുക. ആരോഗ്യകരമായ ഭക്ഷണം മാത്രം നല്‍കുക. നാരുകള്‍ അടങ്ങിയ ഓട്‌സ്, ബാര്‍ലി, മുത്താറി, തവിടുള്ള അരി, പയര്‍, പരിപ്പ് എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുക. പ്രോട്ടീനുള്ള മുട്ട, പാല്, മത്സ്യം എന്നിവ നല്ലത്. എന്നുമുള്ള ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറിയും എന്തായാലും വേണം.രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പാട നീക്കിയ പാലാണ് ഉത്തമം.
ആരോഗ്യപാചകം
പാചകം ചെയ്യുമ്പോള്‍ എണ്ണ കുറച്ച് ഉപയോഗിക്കുക. പൂരിത കൊഴുപ്പ് കുറഞ്ഞ എണ്ണകള്‍, ഒലിവ് ഓയില്‍, സണ്‍ഫ്ലവര്‍ ഓയില്‍ എന്നിവയാണ് നല്ലത്. വെളിച്ചെണ്ണയാണെങ്കില്‍ അളവ് കുറച്ച് ഉപയോഗിച്ചാല്‍ മതിയാവും. ബേക്കറി പലഹാരങ്ങളും റെഡിമെയ്ഡ് സ്‌നാക്‌സും അധികം നല്‍കേണ്ട. മത്സ്യമാംസ്യങ്ങള്‍ വറുത്തെടുത്ത എണ്ണ ഒരിക്കലും വീണ്ടും പാചകത്തിനുപയോഗിക്കരുത്. റിഫൈന്‍ഡ് പൊടിയായ മൈദ എപ്പോഴും വേണ്ട. പകരം ഗോതമ്പ്, ബാര്‍ലി, ഓട്‌സ്, തവിടുള്ള അരി എന്നിവ ഉപയോഗിച്ചാവാം പാചകം. കുപ്പിയിലടച്ച് കിട്ടുന്ന സോഫ്റ്റ് ഡ്രിങ്കുകളില്‍ പഞ്ചസാരയുടെ അംശം കൂടുതലാണ്. കഴിയുന്നതും വീട്ടില്‍ത്തന്നെ പഴജ്യൂസുകള്‍ ഉണ്ടാക്കുക. പഞ്ചസാര ചേര്‍ക്കാതെ ജ്യൂസ് കഴിക്കുന്നത് ശീലിക്കുക. ചെറുപ്രായം തൊട്ട് തന്നെ കുറച്ച് മധുരമിട്ട ചായ, കാപ്പി, പാല്‍ എന്നിവ കുട്ടികളെ ശീലിപ്പിക്കുന്നതില്‍ തെറ്റില്ല. ശുദ്ധജലം എപ്പോഴും കുടിക്കുന്നതും ശീലമാക്കണം. ബേക്കറി പലഹാരങ്ങള്‍ക്ക് പകരം പഴങ്ങളോ സ്വാദുള്ള മിക്‌സഡ് സാലഡോ ആവാം. കുട്ടികള്‍ സ്‌കൂളില്‍വെച്ച് ജങ്ക് ഫുഡ് വാങ്ങിക്കഴിക്കുന്നതും നിയന്ത്രിക്കണം. ഐസ്‌ക്രീം കഴിക്കുന്നതും വല്ലപ്പോഴും ഒരു കൊതി തീര്‍ക്കാന്‍ മാത്രം മതി.
എന്നും കായിക വിനോദം
ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും തുറന്ന സ്ഥലത്തുള്ള ഓട്ടവും ചാട്ടവും കുട്ടികള്‍ക്ക് നിര്‍ബന്ധമാക്കണം. തടി കുറയ്ക്കാന്‍ പ്രത്യേകം ഉദ്ദേശിക്കുന്നെങ്കില്‍ മാത്രമേ കടുത്ത വ്യായാമം വേണ്ടിവരൂ. അതിന് ഫുട്‌ബോള്‍, സൈക്കിളിങ്, ഡാന്‍സിങ്, വേഗത്തിലുള്ള നടത്തം, ജോഗിങ് എന്നിവ കൂടുതല്‍ സമയമെടുത്ത് ചെയ്യുക.വളരുന്ന പ്രായമായതിനാല്‍ ബോഡിബില്‍ഡിങ് പോലുള്ള കഠിന വ്യായാമങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്. അടിവയറ്റിലെ കൊഴുപ്പ് ഒരിക്കല്‍ വന്നുകഴിഞ്ഞാല്‍ പിന്നെ അത് മാറ്റിയെടുക്കാന്‍ വിഷമമുണ്ട്. അതിനാല്‍ ആദ്യമേ ലഘുവ്യായാമങ്ങളും നിയന്ത്രിത ഭക്ഷണരീതിയും ഏര്‍പ്പെടുത്തി കുട്ടികളുടെ ആരോഗ്യം കാത്തുസൂക്ഷിക്കണം.
ഡോ.പി.സവിത
കുഞ്ഞ് എപ്പോഴും കണ്ണ് തിരുമ്മുന്നു. ജലദോഷവും തുമ്മലുമൊന്നും വിട്ടുമാറുന്നുമില്ല. ഇതൊക്കെ കണ്ടാല്‍ ഒന്ന് ശ്രദ്ധിക്കണം. ചിലപ്പോഴിത് അലര്‍ജിയുടെ ലക്ഷണമാവാം. കൂടെക്കൂടെയുള്ള ചുമയും ശ്വാസംമുട്ടലും അലര്‍ജികൊണ്ടുള്ള ആസ്ത് മ രോഗമാകാനും സാധ്യതയുണ്ട്.
കാലുകളിലും കവിളിലും കൂടെക്കൂടെ ഉണ്ടാവുന്ന ചൊറിച്ചിലും തൊലിപൊട്ടി വെള്ളം ഒലിച്ച് വ്രണങ്ങള്‍ ഉണ്ടാകുന്നതും അലര്‍ജി രോഗത്തിന്റെ ലക്ഷണമാകാം. അതേപോലെ വിട്ടുമാറാത്ത വയറുവേദന ആഹാരംകൊണ്ടുള്ള അലര്‍ജി ആവാനും ഇടയുണ്ട്.
അലര്‍ജിക്ക് കാരണമാകുന്ന ഘടകങ്ങളെ അലര്‍ജന്‍സ് എന്നാണ് പറയാറ്. ഇവ ഉണ്ടാക്കുന്ന രോഗങ്ങള്‍ ത്വക്ക്, ശ്വാസകോശം, കണ്ണ്, മൂക്ക്, കുടല്‍ എന്നിവയെ ബാധിക്കുന്നു. വീടുകളിലെ പൊടി, പട്ടി, പൂച്ച, പക്ഷികള്‍ മുതലായവയുടെ രോമം, താരന്‍, ഉമിനീര്‍, പൂപ്പലുകള്‍, വൃക്ഷലതാദികളുടെ പൂമ്പൊടികള്‍, പുകവലി, ഫാക്ടറികളില്‍ നിന്നുയരുന്ന പുക, പാല്‍, മുട്ട, മത്സ്യം, മാംസം, പഴവര്‍ഗങ്ങള്‍ തുടങ്ങിയ ആഹാരസാധനങ്ങള്‍, രോഗാണുക്കള്‍, വിരശല്യം, പാറ്റ തുടങ്ങിയ പ്രാണികള്‍ അങ്ങനെ നീണ്ടുപോകുന്നതാണ് അലര്‍ജിയുണ്ടാക്കുന്നവയുടെ പട്ടിക. ത്വക്കുമായിട്ടുള്ള സമ്പര്‍ക്കം, ഭക്ഷണം, ശ്വസനം എന്നിവ വഴിയെല്ലാം അലര്‍ജന്‍സ് ശരീരത്തില്‍ പ്രവേശിക്കാം.
കുഞ്ഞിന്റെ ശരീരത്തില്‍ അലര്‍ജിയുടെ പ്രതികരണം ചിലപ്പോള്‍ പെട്ടെന്നുതന്നെ ഉണ്ടാകാം. ചിലത് പ്രത്യക്ഷപ്പെടാന്‍ ഒന്ന്- രണ്ട് മണിക്കൂറെങ്കിലും ആവാം. വര്‍ഷങ്ങള്‍ കഴിഞ്ഞ് കാണുന്ന അലര്‍ജിയും ഉണ്ടാകാറുണ്ട്.
അലര്‍ജി ഉണ്ടാക്കുന്ന അലര്‍ജന്‍സ് ശരീരത്തില്‍ പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാന പ്രതിരോധം. എന്നാല്‍ അലര്‍ജി വന്നാല്‍ അത് മാറ്റാന്‍ മരുന്ന് കഴിക്കണം.
വേണമൊരു മുന്‍കരുതല്‍
ആസ്ത്മയുള്ള കുട്ടിയുടെ മാതാപിതാക്കള്‍ പലകാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിലെ അംഗങ്ങളാരും പുകവലിക്കാന്‍ പാടില്ല. അതുപോലെ വിറക് കത്തിക്കുന്നതും ആസ്ത്മ കൂടാന്‍ കാരണമാകും. മണ്ണെണ്ണ സ്റ്റൗ കത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പാചകത്തിന് പുകയില്ലാത്ത അടുപ്പ് ഉപയോഗിക്കാം. വാതിലുകള്‍ക്കും ജനലുകള്‍ക്കും മറ്റും കട്ടിയുള്ള കര്‍ട്ടനുകള്‍ ഇടരുത്.
നല്ല വായുസഞ്ചാരം കിട്ടത്തക്കവിധത്തില്‍ വീട് നിര്‍മിക്കണം. ദിവസവും തുണിനനച്ച് മുറികളും മറ്റും തുടയ്ക്കണം. കിടപ്പുമുറിയില്‍ അലമാരകള്‍ വെക്കാതിരിക്കുന്നതും നല്ലതാണ്. ആസ്ത്മയുള്ള കുട്ടികള്‍ രോമകുപ്പായങ്ങള്‍, രോമം കൊണ്ടുള്ള പാവ എന്നിവ ഉപയോഗിക്കരുത്. തലയിണ, മെത്ത എന്നിവയുടെ കവര്‍ ആഴ്ചയിലൊരിക്കല്‍ ചൂടുവെള്ളത്തില്‍ നന്നായിട്ട് കഴുകി ഉണക്കി ഉപയോഗിക്കാനും ശ്രദ്ധിക്കുക. കളറുള്ള ബേക്കറി സാധനങ്ങള്‍ ഉപയോഗിക്കരുത്. പട്ടി, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും പക്ഷിവളര്‍ത്തലും ഒഴിവാക്കാം.
മത്സ്യമാംസാദികള്‍, ഗോതമ്പ്, അരി, ബാര്‍ലി, കൈതച്ചക്ക തുടങ്ങിയവ ഭക്ഷണത്തിലൂടെയുള്ള അലര്‍ജിക്ക് കാരണമാകാം. ഏതെങ്കിലും ആഹാരസാധനത്തിന് അലര്‍ജി വന്നാല്‍ അത് പിന്നീട് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പിഞ്ചുകുഞ്ഞുങ്ങളുടെ വിട്ടുമാറാത്ത കരച്ചിലിന്റെ മുഖ്യകാരണം ചെവിവേദനയാണ്. മിക്കവാറും രാത്രിയിലായിരിക്കും വേദനയുടെ തുടക്കം. ഒന്നോ രണ്ടോ ദിവസം നീളുന്ന കരച്ചിലിനൊടുവില്‍ ചെവിപൊട്ടി പഴുപ്പ് വന്നേക്കാം. അതോടെ വേദനയും ശമിക്കും. രണ്ടുവയസ്സിനിടയില്‍ ഭൂരിപക്ഷം കുഞ്ഞുങ്ങളിലും ഒന്നുരണ്ട് തവണയെങ്കിലും ഇങ്ങനെയുണ്ടാവാം.
കുട്ടികളില്‍ ചെവിരോഗങ്ങള്‍ മുതിര്‍ന്നവരേക്കാള്‍ കൂടുതലാണ്. അവരുടെ ചെവിയുടെ ഘടനയിലുള്ള ചില പ്രത്യേകതകളും തുടരെത്തുടരെയുണ്ടാകുന്ന ജലദോഷവുമാണ് ഇതിനു കാരണം. ചെവിയുടെ മധ്യകര്‍ണത്തില്‍നിന്ന് ഒരു ട്യൂബ് തൊണ്ടയുടെ മുകള്‍വശത്തേക്ക്, മൂക്കിന്റെ പിറകിലായി തുറക്കുന്നു. ഈ ട്യൂബ് അടഞ്ഞുപോകുമ്പോഴാണ് ചെവിയില്‍ പഴുപ്പ് ഉണ്ടാകുന്നത്. കുട്ടികളില്‍ ഈ ട്യൂബിന്റെ പ്രവര്‍ത്തനം പൂര്‍ണാവസ്ഥയിലെത്തിയിട്ടുണ്ടാവില്ല. ജലദോഷം വരുമ്പോള്‍ ട്യൂബിനകത്തും നീര്‍ക്കെട്ടുണ്ടായി അത് അടഞ്ഞുപോകുന്നു.
മുലപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ ഈ രോഗങ്ങള്‍ കുറവാണ്. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചെവിയിലുണ്ടാകുന്ന അണുബാധ തടയുന്നു. ന്യൂമോ കോക്കല്‍ വാക്‌സിന്‍ എടുക്കുന്ന കുട്ടികളില്‍ ചെവിപ്പഴുപ്പ് കുറയുന്നുണ്ട്.
ലക്ഷണങ്ങള്‍
മഞ്ഞുകാലത്താണ് ചെവി രോഗങ്ങള്‍ കൂടുതലാവുന്നത്.ജലദോഷം ബാധിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ചെവിവേദനയാണ് മുഖ്യലക്ഷണം. പാലുകുടിക്കാതിരിക്കുക, തുടര്‍ച്ചയായി കരയുക, ചെവി തൊടുമ്പോള്‍ കരയുക, പനി തുടങ്ങിയവയും കാണും.
ചെവി പരിശോധിച്ചാല്‍ രോഗം മനസ്സിലാവും. ചിലപ്പോള്‍ പഴുപ്പ് പുറത്തേക്ക് വന്നിട്ടുണ്ടാകും. മധ്യകര്‍ണത്തിലുണ്ടാകുന്ന നീര്‍ക്കെട്ട് ചിലപ്പോള്‍ ആഴ്ചകളോളം നീളാം. അപൂര്‍വമായി പഴുപ്പ് ചെവിയുടെ ഉള്‍ഭാഗത്തേക്കോ സമീപത്തുള്ള എല്ലുകളിലേക്കോ തലച്ചോറിലേക്കോ ബാധിക്കാറുണ്ട്.
വേദനസംഹാരികളും മൂക്കടപ്പ് തടയാനുള്ള മരുന്നുകളുമാണ് രോഗം വന്നാല്‍ ആദ്യം നല്‍കുന്നത്. പലപ്പോഴും ആന്റിബയോട്ടിക് മരുന്നുകളും ഉപയോഗിക്കേണ്ടിവരും. മധ്യകര്‍ണത്തിലെ നീര്‍ക്കെട്ട് മരുന്നുകൊണ്ട് മാറുന്നില്ലെങ്കില്‍ ലഘുശസ്ത്രക്രിയകള്‍ വേണ്ടിവരും. ബാഹ്യകര്‍ണത്തിലുള്ള അണുബാധയും ചെവിവേദനയുണ്ടാക്കാറുണ്ട്. പലപ്പോഴും തുള്ളിമരുന്നുകള്‍കൊണ്ട് ഇത് ഭേദമാകാറുണ്ട്. ചിലപ്പോള്‍ ആന്റിബയോട്ടിക് മരുന്നുകളും വേണ്ടിവരും. ചെറിയ ശസ്ത്രക്രിയവഴി പഴുപ്പ് എടുത്തുകളയാം.
ചെവിക്കായം
ചെവിക്കകത്ത് കാണുന്ന മഞ്ഞ നിറത്തിലുള്ള എണ്ണമയമുള്ള ദ്രാവകമാണ് ചെവിക്കായം. ഇത് ചെവിക്ക് സംരക്ഷണം നല്‍കുന്നു. ഇത് എടുത്തുകളയേണ്ടതില്ല. ചില കുട്ടികള്‍ക്ക് വളരെയധികം വാക്‌സ് അടിഞ്ഞുകൂടാറുണ്ട്. ഇത് പലപ്പോഴും കേള്‍വിക്കുറവിനു കാരണമാകാം. ഒരു ഡോക്ടറെക്കണ്ട് വാക്‌സ് എടുത്തുകളയാം. എന്നാല്‍ ചെവിയില്‍ ബഡ്‌സ് ഇടരുത്. ഇത് ചെവിയുടെ സ്വാഭാവിക സംരക്ഷണ സംവിധാനങ്ങളെ നശിപ്പിക്കുന്നു.
കേള്‍വിക്കുറവ്
കുഞ്ഞുങ്ങളിലുണ്ടാകുന്ന കേള്‍വിക്കുറവ് തുടക്കത്തിലേ ശ്രദ്ധിക്കണം. ഇങ്ങനെയുള്ള കുട്ടികളില്‍ പലര്‍ക്കും സംസാരിക്കാനുള്ള കഴിവ് ഇല്ലാതെ വരാം. ജനിച്ച് ആറു മാസത്തിനിടയില്‍ കേള്‍വിക്കുറവ് കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ ഇവര്‍ക്ക് പൂര്‍ണമായ കേള്‍വിശക്തിയും സംസാരശേഷിയും ലഭിക്കും. ചികിത്സ വൈകുന്തോറും വിജയസാധ്യത കുറയും. നവജാതശിശുക്കളില്‍പോലും കേള്‍വിപരിശോധന നടത്താനുള്ള സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. ലളിതമായ ഇക്കോ ചെക്ക് മെഷിന്‍ ഉപയോഗിച്ച് കുട്ടികളില്‍ കേള്‍വി പരിശോധിക്കാം.
ഡോ.എം.നാരായണന്‍
ശിശുരോഗവിദഗ്ധന്‍, കൊച്ചി
കടപ്പാട്-channelkeralalzone.blogspot.in
അവസാനം പരിഷ്കരിച്ചത് : 6/10/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ കാര്യങ്ങള്‍