অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങള്‍

പ്രതിരോധകുത്തിവയ്പ്

പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ഇന്നും പലരും അജ്ഞരാണ്. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാരകമായ 
അസുഖങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും വേണ്ടിയാണ് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നത്.

ഇന്നത്തെ കുഞ്ഞുങ്ങള്‍ നാളത്തെ നാടിന്റെ വാഗ്ദാനമാണ്. അവര്‍ക്കു വേണ്ടി, നമ്മുടെ രാജ്യത്തിനു വേണ്ടി അവരുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രതിരോ ധ കുത്തിവയ്പ്പുകളെക്കുറിച്ച് ഇന്നും പലരും അജ്ഞരാണ്.

കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാരകമായ അസുഖങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും വേണ്ടിയാണ് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നത്.

നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ അനുസരിച്ച് ബി.സി.ജി, ഒ.പി.വി, ഹെപ്പറ്റൈറ്റിസ് ബി, ഡി.ടി ആന്‍ഡ് പി, മീസില്‍സ്, ഹിബ് വാക്‌സിന്‍ എന്നിവ നല്‍കുന്നു. ഐ.എ.പി ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍, കൂടുതല്‍ വാക്‌സിനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടായി തരം തിരിക്കാം

1. റെക്കമെന്‍ഡഡ് വാക്‌സിന്‍സ്

1. ബി.സി.ജി (റ്റി.ബി യ്ക്ക് എതിരായിട്ടുള്ളത്) 
2. ഒ.പി.വി/ഐ.പി.വി (പോളിയോയ്ക്ക് എതിരെയുള്ളത്) 
3. ഹെപ്പറ്റൈറ്റിസ് ബി (മഞ്ഞപ്പിത്തത്തിന്) 
4. ഹിബ് (എച്ച് ഇന്‍ഫ്‌ളുവന്‍സയ്ക്ക് എതിരെയുള്ളത്) 
5. പി.സി.വി (ന്യൂമോകോക്കല്‍ വാക്‌സിന്‍) 
6. മീസില്‍സ് (മീസില്‍സിന് എതിരെയുള്ളത്) 
7. റോട്ടാവൈറസ് (റോട്ടാവൈറസിന് എതിരെയുള്ളത്) 
8. എം.എം.ആര്‍ (മീസല്‍സ്, മംസ്, റുബെല്ലാ) 
9. ഹെപ്പറ്റൈറ്റിസ് എ (ഹെപ്പറ്റെറ്റിസ് എ യ്‌ക്കെതിരെ) 
10. വാരിസെല്ലാ (ചിക്കന്‍പോക്‌സിന് എതിരെയുള്ളത്) 
11. ടൈഫോയിഡ് (ടൈഫോയിഡിന് എതിരെയുള്ളത്) 
12. എച്ച്.പി.വി (സെര്‍വിക്കല്‍ കാന്‍സറിന് എതിരെയുള്ളത്)

2. സ്‌പെഷല്‍ വാക്‌സിന്‍സ് (പ്രത്യേക സാഹചര്യത്തില്‍ കൊടുക്കാവുന്നവ)


1. യെല്ലോ ഫീവര്‍ 
2. ജാപ്പനീസ് എന്‍സിഫലൈറ്റിസ് 
3. റാബിസ് (പേവിഷബാധ) 
4. കോളറ 
5. ഇന്‍ഫ്‌ളുവന്‍സാ വാക്‌സിന്‍ 
6. മെനിന്‍ജോ കോക്കല്‍ വാക്‌സിന്‍ 
7. ന്യൂമോകോക്കല്‍ പോളിസാക്കറൈഡ് വാക്‌സിന്‍

മേല്‍പറഞ്ഞ വാക്‌സിനുകള്‍ കുട്ടികള്‍ക്ക് അതാതു കാലയളവില്‍ നല്‍കേണ്ടതാണ്. വാക്‌സിനുകള്‍ എടുക്കാന്‍ കാലതാമസം നേരിട്ടാല്‍ എത്രയും പെട്ടെന്ന് ഒരു പീഡിയാട്രീഷനെ കാണുകയും വിട്ടുപോയ വാക്‌സിനുകള്‍ യഥാക്രമം എടുക്കുകയും ചെയ്യണം.

കുട്ടികള്‍ക്ക് വാക്‌സിനുകള്‍ എടുക്കാന്‍ പോകുമ്പോള്‍ പീഡിയാട്രീഷനെ കണ്ട് കുഞ്ഞിന്റെ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ച അതാത് പ്രായത്തിനൊത്ത വിധമുണ്ടെന്ന് ഉറപ്പു വരുത്തണം. ഇപ്പോള്‍ എല്ലാ ആശുപത്രികളിലും 'വെല്‍ ബേബി ക്ലിനിക്' പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവിടെ വാക്‌സിനേഷന്‍ എടുക്കുന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമവും ശരീരവളര്‍ച്ചയും പരിശോധിക്കുകയും അത് ക്രമത്തില്‍ വാക്‌സിനേഷന്‍ കാര്‍ഡില്‍ അടയാളപ്പെടുത്തുകയും ചെയ്യണം.

ഇത് കുഞ്ഞിന്റെ വളര്‍ച്ചയില്‍ ഏറ്റവും വിലപ്പെട്ട സര്‍ട്ടിഫിക്കറ്റാണ്. ഇപ്പോള്‍ ധാരാളം കോമ്പിനേഷന്‍ വാക്‌സിനുകളുണ്ട്. മാതാപിതാക്കള്‍ ഇവയെപ്പറ്റി മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്കായി 'പ്രീ ഡിസ് ചാര്‍ജ് കൗണ്‍സിലിംങ്' (ഡിസ് ചാര്‍ജ് ചെയ്യുന്നതിന് മുമ്പ്) നല്‍കിവരുന്നുണ്ട്. പ്രധാനമായും കുട്ടികളുടെ വാക്‌സിനേഷനെപ്പറ്റി പറഞ്ഞു കൊടുക്കുന്നു. അതിനുശേഷം മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ 'വെല്‍ ബേബി ക്ലിനിക്കില്‍' പ്രതിരോധ കുത്തിവയ്പിനായി കൊണ്ടുവരാറുണ്ട്. 

പ്രായം------------------------- പ്രതിരോധ മരുന്നുകള്‍

ജനന സമയം - ബി.സി.ജി, ഒ.പി.വി ഒ, ഹെപ്പറ്റെറ്റിസ് ബി1

6-8 - ആഴ്ച- ഡി.ടി പി1 / ഡി.ടിന്റ പി1/ , ഒ.പി.വി1 / ഐ.പി.വി1, ഹിബ്1, റോട്ടാ വൈറസ്, ഹെപ്പറ്റെറ്റിസ് ബി 2, പി.സി.വി1

10-14 - ആഴ്ച - ഡി.ടി പി.ടി 2 /, ഡി.ടിന്റ പി2 /, ഒ.പി.വി 2 /, ഐ.പി.വി 2, ഹിബ് 2, പി.സി.വി 2, റോട്ടാവൈറസ് 2

14-200 - ആഴ്ച - ഡി.ടിന് പി.ടി 3 /, ഡി.ടിന്റ പി3 /, ഒ.പി.വി 3 /, ഐ.പി.വി 3, ഹിബ് 3, പി.സി.വി 3, റോട്ടാവൈറസ് 3

6 മാസം - ഹെപ്പറ്റെറ്റിസ് ബി

9 മാസം - മീസില്‍സ്

12 മാസം - ഹെപ്പറ്റെറ്റിസ് എ 1

15 മാസം - എം.എം.ആര്‍, വാരിസെല്ലാ

18 മാസം - ഡി.ടിന്ദ പി ബി1 /, ഡി.ടിന്റ പി ബി1 /, ഒ.പി.വി 4 /, ഐ.പി.വി. ബി, ഹിബ് ബി 1, പി.സി. വി ബൂസ്റ്റര്‍

21 മാസം - ഹെപ്പറ്റെറ്റിസ് എ 2, വാരിസെല്ലാ 2

2 വയസ് - ടൈഫോയിഡ് 2

10-12 വയസ് - ടി.ഡി.എ.പി / ടി.ഡി, എച്ച്.പി.വി

ഡോ. പ്രമീളാ ജോജി
കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷന്‍
കിംസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം

ശിശുരോഗങ്ങള്‍

ഓരോ കുട്ടിയിലും വളര്‍ച്ചയും വികാസവും വ്യത്യസ്ത രീതിയിലാണ് നടക്കുന്നത്. പാരമ്പര്യ ഘടകങ്ങളെ ആശ്രയിച്ചാണു മനസും ശരീരവും പുഷ്ടി പ്രാപിക്കുന്നത്. പാരിസ്ഥിതികമായ വികാരങ്ങളും അവന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്.

ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ മുതല്‍ അവന്റെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു തുടങ്ങുകയാണ്. സാവധാനം സ്വയംപര്യാപ്തനാവാനുള്ള കഴിവ് അവന്‍ ആര്‍ജിച്ചെടുക്കുന്നു. മാനസികവും ശാരീരികവും സാമൂഹികവുമായ ഒരു വ്യക്തിത്വത്തിലേക്കുള്ള വളര്‍ച്ച.

കുഞ്ഞ് ജനിച്ച് ആദ്യവര്‍ഷം ശാരീരികമായി കൂടുതല്‍ വളരുന്നു. പിന്നീടുള്ള അഞ്ച് വര്‍ഷം കൊണ്ട് ബൗദ്ധികവും ശാരീരികവുമായ കഴിവുകള്‍ അവന്‍ നേടിയെടുക്കും. ഓരോ കുട്ടിയിലും വളര്‍ച്ചയും വികാസവും വ്യത്യസ്ത രീതിയിലാണ് നടക്കുന്നത്. പാരമ്പര്യ ഘടകങ്ങളെ ആശ്രയിച്ചാണു മനസും ശരീരവും പുഷ്ടി പ്രാപിക്കുന്നത്.

വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പലതരത്തിലുള്ള രോഗങ്ങള്‍ കുട്ടികളെ പിടികൂടാറുണ്ട്. കുട്ടികള്‍ക്കുണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ട്. ത്വക്ക്, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളും വൈറല്‍ അണുബാധയുമാണ് കുഞ്ഞുങ്ങളില്‍ പ്രധാനമായും കണ്ടുവരുന്നത്.

കുട്ടികളിലെ ആസ്ത്മ


ശ്വാസനാളികള്‍ ചുരുങ്ങുന്നതു മൂലമാണ് കുട്ടികളില്‍ ആസ്ത്മ ഉണ്ടാകുന്നത്. ചുമ, ശ്വാസംമുട്ടല്‍ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ജനനം മുതല്‍ 6 വയസുവരെ കുട്ടികളില്‍ ആസ്ത്മ കാണപ്പെടാറുണ്ട്. ആണ്‍കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. പാരമ്പര്യവും ഒരു കാരണമാണ്. ശ്വാസനാളികള്‍ക്ക് താല്‍ക്കാലികമായുണ്ടാകുന്ന ചുരുങ്ങലാണ് ഇതിനു കാരണം. ഇതുമൂലം കഫം, നീര്‍ക്കെട്ട് എന്നിവയുണ്ടാകുന്നു.

അലര്‍ജി, പാരിസ്ഥിതിക മാറ്റങ്ങള്‍ തുടങ്ങിയവ ആസ്ത്മയ്ക്ക് കാരണമായേക്കാം. സിഗരറ്റിന്റെയും ഫാക്ടറികളിലെയും പുക സ്ഥിരമായി ഏല്‍ക്കുന്ന കുട്ടികളിലാണ് ഇതു കണ്ടുവരുന്നത്. അഞ്ചു വയസില്‍ പ്രായമുള്ള കുട്ടികളിലാണ് ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടം. വൈറല്‍ അണുബാധയും ഇതിനു കാരണമായേക്കാം.

വളര്‍ത്തുമൃഗങ്ങളില്‍ നിന്നുണ്ടാകുന്ന അലര്‍ജി, പാല്‍, കപ്പലണ്ടി എന്നിവ ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന അലര്‍ജി, മാനസിക പിരിമുറുക്കം എന്നിവ ആസ്ത്മയുണ്ടാകാനുള്ള കാരണങ്ങളില്‍ ചിലതാണ്. ആസ്ത്മ പഴകിയാല്‍ ശ്വാസതടസം, വരണ്ട ചുമ എന്നീ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കും. എക്‌സിമ, ഹേ ഫീവര്‍ തുടങ്ങിയ ശുരുതരമായ രോഗങ്ങള്‍ക്കുവരെ കാരണമാകുന്ന രോഗമാണ് ആസ്ത്മ.

അമിത ക്ഷീണം, കലാ-കായിക ഇനങ്ങളില്‍ പങ്കെടുക്കാനുള്ള ഊര്‍ജമില്ലായ്മ എന്നിവയൊക്കെ ഇതിന്റെ ഫലമായുണ്ടാകാറുണ്ട്. രോഗം കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കണം. രോഗം പഴകുന്തോറും ആസ്ത്മ കുട്ടിയുടെ വളര്‍ച്ചയെയും വികാസത്തെയും പ്രതികൂലമായി ബാധിക്കും.

ഹോമിയോപ്പതി ചികിത്സയിലൂടെ രോഗശമനം സാധ്യമാണ്. തൂജ, അക്വണൈറ്റ്, ആന്റിന്‍ ടാര്‍ട്ട് എന്നീ മരുന്നുകളാണ് നല്‍കുന്നത്. അലര്‍ജിയുണ്ടാക്കുന്ന പുക, ഭക്ഷണപദാര്‍ഥങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ രോഗി പ്രത്യേകം ശ്രദ്ധിക്കണം.

ക്രോപ്പ്


ശ്വാസനാളിയില്‍ വൈറല്‍ അണുബാധയുണ്ടാക്കുന്ന രോഗമാണ് ക്രോപ്പ്. 6 മാസം മുതല്‍ 3 വയസുവരെ പ്രായമുള്ള ആണ്‍കുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. തൊണ്ടയില്‍ നിന്നും ശ്വാസകോശത്തിലേക്കു തുറക്കുന്ന ഒരു ട്യൂബാണ് ശ്വസനനാളി (ട്രക്കിയ). ഈ ട്യൂബിനുണ്ടാകുന്ന വൈറല്‍ബാധയാണ് രോഗമുണ്ടാക്കുന്നത്.

മഴ, മഞ്ഞ് എന്നിവ അമിതമായി ഏറ്റാല്‍ ഈ പ്രശ്‌നമുണ്ടാകാറുണ്ട്. തുടക്കത്തില്‍ ജലദോഷവും രണ്ടാം ദിവസം ചുമയും ഒച്ചയടപ്പും ശബ്ദത്തോടെയുള്ള ശ്വാസം വിടലുമാണ് ലക്ഷണങ്ങള്‍. ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക, നാക്കിലും ചുണ്ടിലും ഇളംനീല നിറമുണ്ടാവുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം.

അഡിനോയിഡ് ഗ്രന്ഥിയുടെ വീക്കം


മൂക്കിന്റെ പുറകിലും ടോണ്‍സിലിന്റെ ഇടയ്ക്കുമായാണ് അഡിനോയിഡ് ഗ്രന്ഥിയുടെ സ്ഥാനം. ഈ ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം കുട്ടികളില്‍ കാണപ്പെടുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ്. ഇതുമൂലം ശ്വസനപ്രക്രിയയില്‍ വൈകല്യം ഉണ്ടാകാറുണ്ട്്. അലര്‍ജിയും ജനിതകപ്രശ്‌നങ്ങളും ഇതിനു കാരണമായേക്കാം.

വായില്‍ക്കൂടി ശ്വസിക്കുക, കൂര്‍ക്കം വലി, സ്ഥിരമായ മൂക്കടപ്പ്, മൂക്കിലൂടെ സംസാരിക്കുന്നതായി തോന്നുക, ഉറക്കമില്ലായ്മ, സ്ഥിരമായ ചെവിവേദന, ചെവിപഴുപ്പ്, കേള്‍വിക്കുറവ് എന്നിവയാണ് ലക്ഷണങ്ങള്‍. ഉറക്കത്തിലുള്ള പ്രശ്‌നങ്ങള്‍, ചെവി വേദന എന്നിവ കൂടെക്കൂടെ ഉണ്ടായാല്‍ ചികിത്സ തേടേണ്ടതാണ്. അതീവ ഗുരുതരാവസ്ഥയില്‍ ശസ്ത്രക്രിയ ചെയ്യേണ്ടതായി വരാറുണ്ട്.

ടോണ്‍സിലൈറ്റിസ്


സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയ, ചില വൈറസുകള്‍ എന്നിവയുടെ ആക്രമണം മൂലം ടോണ്‍സിലിനുണ്ടാകുന്ന നീര്‍വീക്കമാണ് ടോണ്‍സിലൈറ്റിസ്. ചില കുട്ടികളില്‍ അഡിനോയിഡിനും ടോണ്‍സിലിനും ഒരുപോലെ വീക്കം സംഭവിക്കാറുണ്ട്. 8 വയസുവരെയുള്ള കുട്ടികളിലാണ് ഇതു കൂടുതലായി കാണപ്പെടുന്നത്.

2-3 ദിവസങ്ങള്‍ക്കു ശേഷമാണ് ടോണ്‍സില്‍ വികാസം പ്രാപിക്കുക. കഴലവീക്കം, പനി, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. ടോണ്‍സില്‍ പഴുക്കുമ്പോഴും പിന്നീടതു വരാതിരിക്കാനുമായി രണ്ടുതരം ചികിത്സയാണ് ഈ രോഗത്തിന് ചെയ്യുന്നത്.

മിലിയേറിയ റൂബേ (വിയര്‍പ്പു കുരു)


വിയര്‍പ്പുഗ്രന്ഥികളില്‍ തടസമുണ്ടാകുന്നതു മൂലം വിയര്‍പ്പു പുറത്തുപോകാതെ കരാറ്റിനുമായി യോജിച്ച് കുരുക്കളായി രൂപപ്പെടുന്നതാണ് വിയര്‍പ്പുകുരു. ചൂടുകാലത്ത് വിയര്‍പ്പുനാളികളില്‍ കരാറ്റിന്‍ അമിതമായി അടിയുന്നതുമൂലമാണ് ഇതുണ്ടാകുന്നത്.

കക്ഷത്തിലും കഴുത്തിലും ഇടുപ്പിലുമാണ് പ്രധാനമായും വിയര്‍പ്പു കുരു ഉണ്ടാകുന്നത്. ബാക്ടീരിയല്‍ അണുബാധ മൂലവും ഇതുണ്ടാകാറുണ്ട്. വെയിലത്ത് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കുക.

കുഞ്ഞുങ്ങളെ തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുന്നതു വിയര്‍പ്പു കുരു വരാതിരിക്കാന്‍ സഹായിക്കും. വിയര്‍പ്പു കുരുവിന്റെ എണ്ണം കൂടുതലാണെങ്കിലും ചൊറിച്ചിലുണ്ടെങ്കിലും ഡോക്ടറുടെ ഉപദേശം തേടുക.

കരപ്പന്‍


കവിളിലും ദേഹത്തും കൈമടക്കുകളിലും കാല്‍മടക്കുകളിലും ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് കരപ്പന്‍. ചിലപ്പോള്‍ കുമിളകളായും ഇവ കാണപ്പെടാറുണ്ട്. ചൊറിച്ചിലും ഉണ്ടായേക്കാം. 6 മാസം മുതല്‍ 4 വയസുവരെയുള്ള കുട്ടികളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. പാരമ്പര്യവും ഒരു കാരണമാണ്.

കുട്ടികളിലുണ്ടാകുന്ന ഈ രോഗാവസ്ഥ 'ഇന്‍ഫന്‍ടൈല്‍ എക്‌സിമ' എന്നാണ് അറിയപ്പെടുന്നത്. രോഗപ്രതിരോധത്തിനായി കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക. രാസപദാര്‍ഥങ്ങള്‍ അടങ്ങിയ സോപ്പ്, എണ്ണ, ഷാംപൂ എന്നിവ ഉപയോഗിക്കാതിരിക്കുക.

പിറ്റേറിയാസിസ് ആല്‍ബ


കുട്ടികളുടെ മുഖത്ത് വെളുത്ത പാടുകളുണ്ടാകുന്ന അവസ്ഥയാണ് പിറ്റേറിയാസിസ് ആല്‍ബ. കവിളത്ത് അവ്യക്തമായ വെളുത്ത നിറത്തിലുള്ള പാടുകള്‍ ഉണ്ടാകുന്നു. കാലാന്തരത്തില്‍ പാടുകള്‍ അപ്രത്യക്ഷമാകാറുണ്ട്. സ്റ്റഫൈലോകോക്കസ് മൂലം ഉണ്ടാകുന്ന പാടുകള്‍ക്ക് മരുന്ന് അത്യാവശ്യമാണ്.

വയറിളക്കവും ഛര്‍ദിയും


വയറിളക്കവും ഛര്‍ദിയും രോഗലക്ഷണങ്ങള്‍ മാത്രമാണ്. 5 വയസുവരെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. അണുബാധമൂലം വയറിളക്കവും ഛര്‍ദിയും ഉണ്ടാകാം.

പശുവിന്‍ പാലില്‍ അടങ്ങിയിരിക്കുന്ന ഗ്ലിട്ടണ്‍ എന്ന പ്രോട്ടീന്റെ അലര്‍ജിയും സീലിയാക് എന്ന രോഗം മൂലവും കുട്ടികള്‍ക്ക് വയറിളക്കം ഉണ്ടാകാറുണ്ട്. നിര്‍ജലീകരണം ഒഴിവാക്കാനായി പാനീയങ്ങള്‍ നല്‍കണം.മെനിഞ്ചൈറ്റിസ്, ഒട്ടൈറ്റിസ് മീഡിയ എന്നീ രോഗങ്ങളുടെ ആദ്യലക്ഷണം ഛര്‍ദിയാണ്.

മറ്റു ലക്ഷണങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷമേ രോഗം സ്ഥിരീകരിക്കുകയുള്ളൂ. അതനുസരിച്ചായിരിക്കും ചികിത്സ.

പനി


കടുത്ത ചൂടോടു കൂടിയ പനി കുട്ടികളില്‍ സാധാരണമാണ്. വിട്ടു വിട്ടു പനിക്കുന്നതായി തോന്നിയേക്കാം. എന്നാല്‍ പനി വിട്ടു നില്‍ക്കുന്നതല്ല, മരുന്നു കഴിക്കുമ്പോള്‍ 5-6 മണിക്കൂര്‍ ആശ്വാസം ലഭിക്കുന്നു.

പനി ശരീരത്തിലുണ്ടെങ്കിലും മരുന്നിന്റെ ശക്തിയില്‍ അത് പ്രകടമാകുന്നില്ല എന്നു മാത്രം. പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. മൂന്നു ദിവസം വരെയുള്ള ചെറിയ പനി പേടിക്കേണ്ട അവസ്ഥയല്ല.

ഡോ. സതീഷ്
ഹോമിയോ ഫിസിഷന്‍
ശ്രീകലാ ക്ലിനിക്, ഏറ്റുമാനൂര്‍

സന്ധിവാതം

കുട്ടികളില്‍ കണ്ടുവരുന്ന വാതരോഗങ്ങള്‍ക്ക് പ്രത്യേക പ്രായപരിധി നിശ്ചയിക്കാനാകില്ല. പതിനാറ് വയസിനു മുന്‍പ് തുടങ്ങുന്ന വാതരോഗങ്ങളാണ് പിള്ളവാതത്തിന്റെ ഗണത്തില്‍പ്പെടുന്നത്. കുഞ്ഞുങ്ങളില്‍ ആറുമാസത്തിനു മുന്‍പ് ഈ രോഗം വളരെ അപൂര്‍വമായി മാത്രമേ ബാധിക്കാറുള്ളൂ.

ക്ലാസില്‍ നല്‍കുന്ന നോട്ടുകളൊന്നും സമയത്ത് എഴുതിതീര്‍ക്കുന്നില്ല എന്നതായിരുന്നു രക്ഷിതാവിന് മുന്നില്‍ ആ ആറാം ക്ലാസുകാരനെക്കുറിച്ച് ടീച്ചറുടെ പരാതി. ഇടയ്ക്കിടെയുണ്ടാകുന്ന കൈവേദന മൂലം പേന പിടിക്കാന്‍ പോലും കഴിയുന്നില്ലെന്ന, കരച്ചിലിന്റെ വക്കോളമെത്തിയ കുട്ടിയുടെ മറുപടികേട്ട് രക്ഷിതാവ് നിശബ്ദനായി.

ഒന്നര വര്‍ഷമായി വാതരോഗത്തിന് മരുന്നു കഴിക്കുന്ന കുട്ടിയുടെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് അപ്പോഴാണ് ടീച്ചര്‍ അറിയുന്നത്. ക്ലാസിലും സ്‌കൂളിലും മകന്‍ ഒറ്റപ്പെടുമോ എന്ന ആശങ്കയില്‍ രോഗവിവരം കുട്ടിയില്‍ നിന്നുപോലും മറച്ചുവയ്ക്കുകയായിരുന്നു പിതാവ്.

അത്ര വ്യാപകമല്ലെങ്കിലും മുതിര്‍ന്നവരില്‍ കണ്ടുവരുന്നതിന് സമാനമായ വാതരോഗം കുട്ടികളിലും ഉണ്ടാകാറുണ്ട്. ഇതിനെ പിള്ളവാതം അഥവാ ജുവനൈല്‍ ആര്‍ത്രൈറ്റിസ് എന്നു പറയുന്നു. കുട്ടികളില്‍ കണ്ടുവരുന്ന വാതരോഗങ്ങള്‍ക്ക് പ്രത്യേക പ്രായപരിധി നിശ്ചയിക്കാനാകില്ല.

പതിനാറ് വയസിനു മുന്‍പ് തുടങ്ങുന്ന വാതരോഗങ്ങളാണ് പിള്ളവാതത്തിന്റെ ഗണത്തില്‍പ്പെടുന്നത്. കുഞ്ഞുങ്ങളില്‍ ആറുമാസത്തിനു മുന്‍പ് ഈ രോഗം വളരെ അപൂര്‍വമായി മാത്രമേ ബാധിക്കാറുള്ളൂ.

രോഗം തിരിച്ചറിയുക


സന്ധിവേദനയെക്കുറിച്ച് കുട്ടികള്‍ പരാതിപ്പെടാനുള്ള സാഹചര്യം വളരെ കുറവാണ്. അതുകൊണ്ടുതന്നെ വാതരോഗങ്ങള്‍ കുട്ടികളില്‍ കണ്ടെത്തുക പലപ്പോഴും ബുദ്ധിമുട്ടായിരിക്കും. സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടാത്തതുകൊണ്ടും രോഗം തിരിച്ചറിയപ്പെടാതെ പോകാം.

വാതരോഗങ്ങള്‍ ആരംഭിച്ചിട്ടും ചികിത്സ തേടാന്‍ വൈകുന്നതിന്റെ പ്രധാന കാരണങ്ങളാണിവ. കുട്ടികളില്‍ പ്രകടമാകുന്ന ചെറിയ വ്യത്യാസങ്ങള്‍ പോലും മാതാപിതാക്കള്‍ തിരിച്ചറിയണം. കുട്ടികളില്‍ സാധാരണയില്‍ നിന്നും വളരെ വ്യത്യസ്തമായി ചില ലക്ഷണങ്ങള്‍ പ്രകടമായാല്‍ പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ട്.

1. രാവിലെ ഉണര്‍ന്നതിനു ശേഷം നടക്കുമ്പോള്‍ മുടന്ത് അനുഭവപ്പെടുക. 
2. സന്ധികള്‍, കഴുത്ത്, പുറം എന്നിവിടങ്ങളില്‍ പിരിമുറുക്കം ഉണ്ടാകുക. 
3. ഒരു കൈയോ കാലോ ഉപയോഗിക്കുവാന്‍ ശ്രമിക്കാതിരിക്കുക. 
4. ഉത്സാഹമില്ലായ്മ 
5. തുടര്‍ച്ചയായ പനി 
6. സന്ധികളില്‍ നീര്‍ക്കെട്ട് 
7. ക്ഷീണം, വിശപ്പില്ലായ്മ 
8. ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍

പാരമ്പര്യ ഘടകം


കുട്ടികളില്‍ പാരമ്പര്യമായി വാതരോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഐഡിയോപതിക് ആര്‍ത്രൈറ്റിസ് എന്ന വിഭാഗത്തില്‍പ്പെടുന്ന വാതരോഗമാണിത്്. പാരമ്പര്യമായി വാതരോഗമുണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ളതും ഈ വിഭാഗത്തില്‍പ്പെടുന്ന വാതരോഗമാണ്.

പാരമ്പര്യമായി രോഗമുള്ള കുടുംബത്തിലെ അടുത്തതലമുറയിലെ ഒരു കുട്ടിക്കെങ്കിലും രോഗം ഉണ്ടായേക്കാം. ഇവ കൂടാതെ പരിസ്ഥിതി, ലിംഗം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ വാതരോഗങ്ങള്‍ക്ക് കാരണമായേക്കാം.

ഈ വാതരോഗത്തിനു തന്നെ ഏഴുതരങ്ങളുണ്ട്. അതുകൊണ്ട് പാരമ്പര്യമായി അസുഖമുള്ള കുടുംബങ്ങളില്‍ രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

രോഗം വരാതിരിക്കാന്‍


പാരമ്പര്യമായ കാരണങ്ങള്‍ക്കൊണ്ടും മറ്റു കാരണങ്ങളാലും രോഗങ്ങള്‍ വരാം. അതുകൊണ്ട് വാതരോഗങ്ങള്‍ വരാതെ തടയാനുള്ള പ്രതിവിധികള്‍ സാധ്യമല്ല. അതുപോലെ മാതാപിതാക്കളില്‍ രോഗമുണ്ടെന്നു കരുതി കുട്ടികള്‍ക്ക് രോഗമുണ്ടാകണമെന്ന് നിര്‍ബന്ധമില്ല.

എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈകാതെ ചികിത്സ ആരംഭിക്കേണ്ടതുണ്ട്. എല്ലാ രോഗലക്ഷണങ്ങളും വാതസംബന്ധമായ രോഗങ്ങള്‍കൊണ്ട് ഉണ്ടാകണമെന്നില്ല. എങ്കിലും ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ശിശുരോഗവിദഗ്ധന്റെ സഹാത്തോടെ രോഗനിര്‍ണയം നടത്തുന്നതാണ് ഏറ്റവും ഉചിതം.

സാധാരണ കാലാവസ്ഥയെ അപേക്ഷിച്ച് തണുപ്പുള്ള കാലാവസ്ഥയില്‍ രോഗലക്ഷണങ്ങള്‍ കൂടിയേക്കാം. തണുപ്പുള്ള കാലാവസ്ഥ രോഗലക്ഷണങ്ങള്‍ മൂര്‍ഛിക്കുന്നതിനിടയാക്കും. അതുകൊണ്ട് വാതരോഗമുള്ളവര്‍ തണുപ്പു കൂടുതലുള്ള കാലാവസ്ഥയില്‍ മുന്‍കരുതലുകള്‍ പാലിക്കേണ്ടതുണ്ട്.

തണുപ്പ് കൂടുതലുള്ള സമയങ്ങളിലെ ദൂരദേശയാത്രകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ചികിത്സ ഫലപ്രദമാകുന്ന രീതിയില്‍ മുന്‍കരുതലുകള്‍ പാലിക്കണം. ഒഴിവാക്കാനാകാത്ത യാത്രകളില്‍ കാര്യമായി തണുപ്പ് ഏല്‍ക്കാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇത് ഒരു പരിധി വരെ രോഗലക്ഷണങ്ങള്‍ ഒഴിവാക്കി നിര്‍ത്താന്‍ സഹായിക്കും.

ചികിത്സ തുടങ്ങാം


കുട്ടികളിലെ വാതരോഗങ്ങള്‍ക്ക് ഒരു റുമറ്റോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്്. എന്നാല്‍ മറ്റു പല ശിശുരോഗങ്ങളുമായി ഈ വാതരോഗങ്ങള്‍ക്ക് സാമ്യമുണ്ടാകാം. അതുകൊണ്ട് തന്നെ ഒരു ശിശുരോഗവിദഗ്ധന്റെയും റുമറ്റോളജിസ്റ്റിന്റെയും വിശദമായ പരിശോധനയ്ക്ക് ശേഷമേ ചികിത്സ നിശ്ചയിക്കാനാകൂ.

1. ലക്ഷണങ്ങള്‍ നിയന്ത്രിക്കുക 
2. സന്ധികളുടെ തകര്‍ച്ച തടയുക 
3. സന്ധികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലനിര്‍ത്തുക 
തുടങ്ങിയവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങള്‍. ലക്ഷണങ്ങള്‍ക്കനുസരിച്ച് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ പലതരത്തിലുണ്ട്.

ചികിത്സയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ചികിത്സാ കാലയളവില്‍ വ്യായാമത്തിനു വളരെ നല്ലൊരു പങ്കുണ്ട്. വ്യായാമം ചികിത്സയുടെ ഒരു ഭാഗം തന്നെയാണ്. അതുകൊണ്ട് മരുന്നുകള്‍ക്കൊപ്പം വ്യായാമവും കൃത്യമായി പാലിക്കേണ്ടതുണ്ട്. വാതരോഗങ്ങള്‍ സന്ധികളുടെ ചലനശേഷി കുറയ്ക്കും.

ചികിത്സയോടൊപ്പം നിര്‍ദേശിക്കുന്ന വ്യായാമമുറകള്‍ സന്ധികളുടെ ചലനം വര്‍ധിപ്പിക്കുന്നതിനും വേദന കുറയ്ക്കാനും സഹായിക്കും.

സന്ധികളുടെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്താനും വ്യായാമത്തിലൂടെ സാധിക്കും. വ്യായാമത്തിലൂടെ സന്ധികളുടെ ബലവും ശക്തിയും കൂട്ടാനാകും.

വാതരോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ഉപയോഗം ചിലപ്പോള്‍ കുട്ടികളില്‍ അലര്‍ജിയുണ്ടാക്കാനിടയുണ്ട്്. ചികിത്സ കാലയളവില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് മരുന്നുകളുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങളാണ്.

പല കാരണങ്ങള്‍കൊണ്ട് ഒരാളില്‍ അലര്‍ജിയുണ്ടായേക്കാം. അവ ഓരോ വ്യക്തികളെ ആശ്രയിച്ചിരിക്കും. ചികിത്സ സമയത്ത് ഉപയോഗിക്കുന്ന മരുന്നുകളെല്ലാം തന്നെ ശിശുരോഗവിദഗ്ദ്ധന്റെയോ, റുമറ്റോളജിസ്റ്റിന്റെയോ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക. അലര്‍ജിയുണ്ടായാല്‍ വിവരം ഉടന്‍ തന്നെ റുമറ്റോളജിസ്റ്റിനെ അറിയിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചികിത്സിച്ചാല്‍ ഭേദമാകുന്ന രോഗമാണ് ജുവനൈല്‍ ആര്‍ത്രൈറ്റിസ്. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തക്കസമയത്ത് ചികിത്സ തുടങ്ങണമെന്നു മാത്രം. ജുവനൈല്‍ ആര്‍ത്രൈറ്റിസ് ഉള്ളവരില്‍ ഭക്ഷണത്തിലോ ജീവിതചര്യകളിലോ പ്രത്യേകമാറ്റങ്ങള്‍ വരുത്തേണ്ടതില്ല.

കുട്ടികള്‍ക്ക് രോഗത്തെക്കുറിച്ച് യാതൊരറിവും ഉണ്ടാകില്ല. മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധയും കരുതലും ഇക്കാര്യത്തിലാവശ്യമാണ്്. ശരിയായ ചികിത്സ നല്‍കിയാല്‍ മറ്റു കുട്ടികളെ പോലെ ഇവര്‍ക്കും സാധാരണ ജീവിതം നയിക്കുവാന്‍ സാധിക്കും.

ഡോ. ഏബ്രഹാം മോഹന്‍
കണ്‍സള്‍ട്ടന്റ് റുമറ്റോളജിസ്റ്റ്
കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം

കുട്ടികളിലെ കുറുമ്പു

കുട്ടിക്കുറുമ്പുകള്‍ അതിരുവിടുമ്പോള്‍ മാതാപിതാക്കളുടെ ആശങ്കകള്‍ വര്‍ധിക്കും. ഇവന്‍ മാത്രമെന്താ ഇങ്ങനെയെന്ന ചിന്ത. കുട്ടികളില്‍ സാധാരണ കാണപ്പെടുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള മറുപടിയും

കുസൃതിയും കുറുമ്പും ബാല്യത്തിനു മാത്രം സ്വന്തമാണ്്. എന്നാല്‍ കുട്ടിക്കുറുമ്പുകള്‍ അതിരുവിടുമ്പോള്‍ മാതാപിതാക്കളുടെ ആശങ്കകള്‍ വര്‍ധിക്കും. ഇവന്‍ മാത്രമെന്താ ഇങ്ങനെയെന്ന ചിന്ത. കുട്ടികളില്‍ സാധാരണ കാണപ്പെടുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള മറുപടിയും.

ദുശാഠ്യം വലുതാകുമ്പോള്‍ മാറുമോ.


എന്റെ മകളുടെ കുഞ്ഞിന് രണ്ടു വയസായി. അവന്‍ വിചാരിക്കുന്ന എല്ലാ കാര്യങ്ങളും അപ്പോള്‍തന്നെ നടക്കണമെന്ന വലിയ ശാഠ്യമാണ്. ആവശ്യപ്പെടുന്നതെന്തെങ്കിലും കൊടുക്കാതിരുന്നാല്‍ തറയില്‍ കിടന്നുരുളുകയും ചെയ്യും. ഇത്തരം ദുശാഠ്യങ്ങള്‍ വലുതാകുമ്പോള്‍ മാറുമോ?

രണ്ടു വയസുള്ള കുട്ടി ദുശാഠ്യങ്ങള്‍ കാണിക്കുന്നത് സാധാരണമാണ്. എന്നാല്‍ തറയില്‍ കിടന്നുരുളുക, തല എവിടെയെങ്കിലും ഇടിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ശാഠ്യത്തിന്റെ തീവ്രതയാണ് കാണിക്കുന്നത്.

ഇത്തരം പ്രകടനങ്ങളിലൂടെ കാര്യങ്ങള്‍ നേടിയെടുക്കാമെന്ന അറിവാണ് ഇതിനു കാരണം. ഇവരെ വഴക്കു പറയുന്നതുകൊണ്ടു പ്രയോജനമില്ല. ഇത്തരം പ്രവര്‍ത്തികള്‍ കണ്ടില്ലെന്നു നടിക്കുന്നതാണ് നല്ലത്. ആവര്‍ത്തിച്ചുള്ള അവഗണന കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം ഉണ്ടാക്കും.

ലൈംഗിക കാര്യങ്ങളോട് അമിത താല്‍പര്യം


മകന് 7 വയസ്. അവന് ലൈംഗിക കാര്യങ്ങളോട് അമിതമായ താല്‍പര്യമാണ്. കുട്ടി സ്വന്തം ജനനേന്ദ്രിയ ഭാഗത്ത് പിടിച്ചുകൊണ്ടിരിക്കും. സഹപാഠികളായ പെണ്‍കുട്ടികളെ ഇത്തരത്തില്‍ ശല്യം ചെയ്യുന്നതായും പരാതിയുണ്ട്. ഈ സ്വഭാവം മാറ്റിയെടുക്കാന്‍ സാധിക്കുമോ?

ഏഴുവയസുള്ള കുട്ടിയുടെ ഈ സ്വഭാവം ലൈംഗിക താല്‍പര്യമായി കണക്കാക്കാനാവില്ല. പരീക്ഷണം നടത്താനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. മുതിര്‍ന്നവര്‍ ഇത് ശ്രദ്ധിക്കുന്നുണ്ടെന്നുള്ള അറിവ് അവന് ഒരു രസമാണ്. അവഗണനയും അത്യാവശ്യം ശിക്ഷകളും നല്‍കുന്നതിലൂടെ ഇത് മാറ്റിയെടുക്കാവുന്നതാണ്.

സ്‌കൂളില്‍ മോഷണശീലം


എന്റെ മകന് 11 വയസ്. അവന്‍ എന്ത് ആവശ്യപ്പെട്ടാലും ഞങ്ങള്‍ വാങ്ങികൊടുക്കാറുണ്ട്. എന്നാല്‍ മറ്റു കുട്ടികളുടെ പല സാധനങ്ങളും മോഷ്ടിക്കുന്നതായി സ്‌കൂളില്‍നിന്ന് പരാതികളാണ്. പല തവണ ഞങ്ങള്‍ അവനോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. എന്നിട്ടും ഈ ദുശീലം അവന്‍ തുടരുകയാണ്. ഇതുമൂലം ഞങ്ങള്‍ മാനസിക വിഷമത്തിലാണ്?

11 വയസുള്ള കുട്ടി എന്ത് ആവശ്യപ്പെട്ടാലും മാതാപിതാക്കള്‍ അത് വാങ്ങികൊടുക്കുന്നത് തെറ്റാണ്. അപ്പോള്‍ അവര്‍ക്ക് ആവശ്യങ്ങള്‍ കൂടി വരികയേയുള്ളൂ. കാണുന്നതെല്ലാം സ്വന്തമാക്കണം എന്ന തെറ്റായ സന്ദേശമാണ് ഇത് കുട്ടിക്കു നല്‍കുന്നത്. മറ്റുള്ളവരുടെ സാധനങ്ങള്‍ മോഷ്ടിക്കുന്ന പ്രവണത സാമൂഹ്യ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.

ഒരിക്കല്‍ ഇത്തരം പരാതി ഉണ്ടായാല്‍ പിന്നീടുള്ള സംഭവങ്ങളും ആ കുട്ടിയുടെ തലയില്‍ കെട്ടിവയ്ക്കുന്ന രീതി പല സ്‌കൂളുകളിലും കണ്ടുവരുന്നുണ്ട്്. അതിനാല്‍ എല്ലാ മോഷണവും നടത്തിയത് അവന്‍തന്നെ ആകണമെന്നില്ല. കുട്ടിയെ ഒരു മനഃശാസ്ത്ര വിദഗ്ധനെ കാണിക്കുന്നതാണ് നല്ലത്.

രാത്രിയില്‍ ഞെട്ടിയുണരുന്നു


മകള്‍ക്കു ഏഴ് വയസ്. മിക്ക ദിവസവും മകള്‍ രാത്രിയില്‍ ദുഃസ്വപനങ്ങള്‍കണ്ട് ഞെട്ടിയുണരുന്നു. എന്താണു കണ്ടതെന്നു ചോദിച്ചാല്‍ ഒന്നും ഓര്‍ക്കുന്നില്ലെന്ന് പറയും. ആശ്വസിപ്പിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

കുട്ടിയുടെ മനസിലുള്ള അമിത സംഘര്‍ഷത്തിന്റെ സൂചനയാണിത്. ചെറിയ തോതിലുള്ള വിഷാദവും പേടിയും ഇത്തരത്തില്‍ പ്രകടമാകാം. ഇവര്‍ക്ക് കൃത്യമായ മനഃശാസ്ത്ര ചികിത്സകളും ലഘുവായ ഔഷധപ്രയോഗവും ആവശ്യമായി വന്നേക്കാം. രാത്രിയില്‍ പ്രേത സീരിയലുകള്‍ കണ്ടിട്ട് കിടക്കുന്ന കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്.

കുട്ടികളും കാര്‍ട്ടൂണ്‍ ചാനലും


എട്ടും ആറും വയസുള്ള മക്കളുടെ അമ്മയാണ്. അവര്‍ എപ്പോഴും ടെലിവിഷന്റെ മുന്നിലാണ്. കാര്‍ട്ടൂണ്‍ ചാനലുകളാണ് ഏറ്റവും ഇഷ്ടം. ഇതുമൂലം പഠനത്തിലും ശ്രദ്ധകുറവാണ്. സ്‌കൂളില്‍പോയി വന്നാല്‍ യൂണിഫോംപോലും മാറാതെ ടിവിയുടെ മുന്നിലിരിക്കും. കുട്ടികളുടെ ഈ ശീലം മാറ്റിയെടുക്കാന്‍ കഴിയുമോ?

കാര്‍ട്ടൂണ്‍ ചാനല്‍ കാണുന്നതിനുള്ള ജന്മവാസനയൊന്നും കുട്ടികള്‍ക്കില്ല. പിന്നെയെന്തുകൊണ്ടാണ് കുട്ടികള്‍ ടെലിവിഷനു മുമ്പില്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചാല്‍ മുതിര്‍ന്നവര്‍ സ്വന്തം സൗകര്യത്തിനായി കുട്ടികളില്‍ ഉണ്ടാക്കിയെടുത്ത ഒരു ശീലമാണ് ടി.വി അഡിക്ഷന്‍.

കുട്ടികള്‍ പുറത്തു പോയി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാനും ആഹാരം കഴിക്കാനുമൊക്കെയായി ചെറുപ്പത്തിലേ നമ്മള്‍ ഉണ്ടാക്കുന്ന ശീലമാണിത്. പലപ്പോഴും പരിധിവിടുമ്പോഴാണ് ഇതിന്റെ ഗൗരവം മുതിര്‍ന്നവര്‍ തിരിച്ചറിയുന്നതെന്നു മാത്രം. നിര്‍ബന്ധമായും കുറച്ചു ദിവസം ടി.വി കാണാന്‍ കുട്ടികളെ അനുവദിക്കാതിരിക്കുമ്പോള്‍ പതുക്കെ ഈ ശീലം മാറിക്കൊള്ളും.

കുട്ടിയെ ജോലികള്‍ ചെയ്യിക്കാമോ


കുട്ടികളെക്കൊണ്ട് ചെറിയ ജോലികള്‍ ചെയ്യിക്കുന്നത് നല്ലതാണെന്ന് വായിച്ചിട്ടുണ്ട്. ആറ് വയസു കഴിഞ്ഞ എന്റെ മകളെക്കൊണ്ട് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യിക്കാം?

കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് നല്ലതാണ്. ആറ് വയസു കഴിഞ്ഞ കുട്ടിക്ക് അടുക്കളയില്‍ സാധനങ്ങള്‍ എടുത്തുതന്ന് അമ്മയെ സഹായിക്കാനാവും. കൂടാതെ വീടിനുള്ളില്‍ വീഴുന്ന ചപ്പു ചവറുകള്‍ എടുത്ത് വേസ്റ്റ് ബാസ്‌കറ്റില്‍ ഇടുക തുടങ്ങിയ ജോലികളും ചെയ്യിക്കാവുന്നതാണ്.

അടിച്ചാല്‍ സ്‌നേഹം കുറയുമോ


കുട്ടി തെറ്റു ചെയ്യുമ്പോള്‍ കാര്യങ്ങള്‍ സ്‌നേഹത്തോടെ പറഞ്ഞു കൊടുത്തിട്ടും മനസിലാക്കുന്നില്ലെങ്കില്‍ അടികൊടുത്ത് ശരിയാക്കുന്നതല്ലേ നല്ലത്. ഇത് കുട്ടികള്‍ക്ക് അമ്മയോടുള്ള സ്‌നേഹം കുറയാന്‍ കാരണമാകുമോ?

കുട്ടികള്‍ തെറ്റു ചെയ്യുമ്പോള്‍ അടി കൊടുക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. പക്ഷേ അടിക്കുന്നത് കുട്ടി നന്നാവാന്‍ വേണ്ടിയാവണം. അല്ലാതെ മാതാപിതാക്കളുടെ അരിശം തീരാന്‍ വേണ്ടിയാവരുത്.

അതുപോലെ ശിക്ഷിച്ചശേഷം കുട്ടിയെ സാന്ത്വനിപ്പിക്കുകയും സോറി പറയുകയും ചെയ്യരുത്. സോറി പറയുമ്പോള്‍ അമ്മ ആവശ്യമില്ലാതെ ശിക്ഷിച്ചുവെന്നാണ് കുട്ടി മനസിലാക്കുക. ശിക്ഷ നല്‍കിയെന്നതുകൊണ്ട് സ്‌നേഹം കുറയുകയില്ല.

കൈയക്ഷരം നന്നാകാന്‍


എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളുടെ കൈയക്ഷരം രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടേതുപോലെയാണ്. ഇത് ശരിയാക്കാന്‍ സാധിക്കുമോ. കൈയക്ഷരം നന്നാവാന്‍ ചെറുപ്പം മുതല്‍ ശ്രദ്ധ ആവശ്യമാണോ?

നിങ്ങളുടെ കുട്ടിയുടെ കൈയക്ഷരം മോശമാകുന്നതിന് കാരണം ഡിസ്ഗ്രാഫിയ എന്ന പഠന വൈകല്യമാകാനാണ് സാധ്യത. അപ്പോള്‍ കൈയക്ഷരം ശരിയാക്കാനുള്ള ശ്രമങ്ങള്‍ കുട്ടിയില്‍ ഉത്കണ്ഠ വര്‍ധിപ്പിക്കാം.

കംപ്യൂട്ടര്‍ യുഗത്തില്‍ കൈയക്ഷരത്തിന്റെ പ്രാധാന്യം കുറഞ്ഞു വരികയാണ്. അതിനാല്‍ അതോര്‍ത്ത് വിഷമിക്കാതെ കുട്ടിയെ ഒരു മനശാസ്ത്ര വിദഗ്ധനെ കാണിക്കുകയാണ് വേണ്ടത്.

കളിപ്പാട്ടം വാങ്ങുമ്പോള്‍


കുട്ടികള്‍ക്ക് കളിപ്പാട്ടം നല്‍കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം. മൂന്ന് വയസുള്ള ആണ്‍കുട്ടിക്കു എന്തുതരം കളിപ്പാട്ടങ്ങള്‍ നല്‍കുന്നതാണ് നല്ലത്?

കുട്ടികള്‍ക്ക് കളിപ്പാട്ടം നല്‍കുമ്പോള്‍ അത് അവന്റെ പ്രായത്തിന് യോജിക്കുന്നതും ബുദ്ധി ഉദ്ദീപിപ്പിക്കുന്നതുമാവണം. വയലന്‍സും, സാമൂഹിക വിരുദ്ധ പ്രവണതകള്‍ ഉണ്ടാക്കുന്നതുമായ കളിപ്പാട്ടങ്ങള്‍ ഒഴിവാക്കണം. ആണ്‍കുട്ടികള്‍ക്ക് വാഹനങ്ങളിലും പെണ്‍കുട്ടികള്‍ക്ക് പാവകളിലുമാണ് കൂടുതലായി കമ്പം തോന്നുന്നത്.

മൂന്ന് വയസുള്ള കുട്ടിക്ക് അപകടകരമല്ലാത്ത (മുറിവ് ഉണ്ടാക്കാത്ത) ബ്ലോക്കുകളും ചെറിയ വണ്ടികളും വാങ്ങി കൊടുക്കാവുന്നതാണ്. കുട്ടി അവയെടുത്ത് കടിക്കുകയും മറ്റും ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഗുണമേന്മയുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.

അമ്മയുടെ മാനസിക സമ്മര്‍ദങ്ങള്‍ കുഞ്ഞിനെ ബാധിക്കുമോ


ഗര്‍ഭാവസ്ഥയില്‍ മാനസിക സംഘര്‍ഷം അനുഭവിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് മറ്റു കുട്ടികളെ അപേക്ഷിച്ച് മാനസികാസ്വസ്ഥത കൂടുതലാണെന്ന് പറയുന്നത് ശരിയാണോ? വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കുഞ്ഞ് വൈകാര്യ വികാസം പ്രകടമാക്കുമോ?

ശാസ്ത്രീയമായി നോക്കിയാല്‍ ഇത് ശരിയാണ്. എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ അങ്ങനെ സംഭവിക്കണമെന്നില്ല. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന നൂറ് കുട്ടികളെ തെരഞ്ഞെടുത്ത് അവരുടെ അമ്മമാര്‍ ഗര്‍ഭകാലത്ത് മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നോയെന്ന അന്വേഷണത്തിലൂടെയാണ് ഇത് തെളിയിച്ചിരിക്കുന്നത്.

പിരിമുറുക്കം അനുഭവിച്ചിരുന്ന ഗര്‍ഭിണികള്‍ക്കെല്ലാം മാനസിക പ്രശ്‌നമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാവണമെന്നില്ല. എന്നാല്‍ ഗര്‍ഭകാലത്ത് മാനസിക പ്രശ്‌നങ്ങള്‍ക്ക് അമ്മ കഴിക്കുന്ന മരുന്നുകള്‍ കുഞ്ഞിനെ ദോഷകരമായി ബാധിച്ചേക്കാം.

ഡോ. ഹരി എസ്. ചന്ദ്രന്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ്
സൈക്കോളജിസ്റ്റ്
സെന്റ് ഗ്രീഗോറിയോസ് മിഷന്‍ ഹോസ്പിറ്റല്‍
പരുമല.

കുഞ്ഞുങ്ങളുടെ വീഴ്ച

കുഞ്ഞുങ്ങളുടെ കുട്ടിക്കുറുമ്പുകള്‍ക്കപ്പുറം മാതാപിതാക്കളുടെ അശ്രദ്ധയും ചിലപ്പോള്‍ അപകടങ്ങള്‍ക്ക് കാരണമാകാം. അതുകൊണ്ട് കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഗൗരവമായി തന്നെ കണക്കാക്കണം.

കുഞ്ഞുങ്ങള്‍ മുട്ടിലിഴഞ്ഞു തുടങ്ങുമ്പോള്‍ മുതല്‍ അമ്മമാരുടെ ആധി കൂടും. വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ആരംഭിക്കുന്നത് ഈ പ്രായത്തിലാണ്. വളര്‍ച്ചയ്‌ക്കൊപ്പം അപകടങ്ങളും വിളിച്ചു വരുത്തുന്ന പ്രായം കൂടിയാണിത്.

മാതാപിതാക്കളുടെ കണ്ണൊന്നു തെറ്റിയാല്‍ കുസൃതികള്‍ ഒപ്പിക്കുന്ന പ്രായം. കുരുന്നുകളുടെ കൗതുകങ്ങള്‍ നിറഞ്ഞ വികൃതികള്‍ ആസ്വദിക്കുന്നതിനൊപ്പം അതിനു പിന്നിലെ അപകടങ്ങള്‍ കൂടി തിരിച്ചറിയണം.

കുഞ്ഞുങ്ങളുടെ കുട്ടിക്കുറുമ്പുകള്‍ക്കപ്പുറം മാതാപിതാക്കളുടെ അശ്രദ്ധയും ചിലപ്പോള്‍ അപകടങ്ങള്‍ക്ക് കാരണമാകാം. അതുകൊണ്ട് കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഗൗരവമായി തന്നെ കണക്കാക്കണം.

പ്രത്യക്ഷത്തില്‍ ആഴത്തിലുള്ള മുറിവുകളല്ലെന്നു തോന്നാമെങ്കിലും ആന്തരിക ക്ഷതങ്ങള്‍ക്കുള്ള സാധ്യത ഒഴിവാക്കാനാകില്ല. അതുകൊണ്ട് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും അപകടങ്ങള്‍ ഉണ്ടായാല്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും ഏറെക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വീഴ്ചയിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍


ചെറിയ കുട്ടികള്‍ വീഴുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ പ്രധാനം വീഴ്ചയിലുണ്ടാകുന്ന ആഘാതങ്ങള്‍ തന്നെയാണ്. കൊച്ച് കുട്ടികളുടെ ചര്‍മ്മം വളരെ മൃദുലമായതിനാല്‍ ശരീരത്തില്‍ ഏല്‍ക്കുന്ന ചെറിയ മുറിവുകള്‍ പോലും അവരുടെ ചര്‍മ്മത്തില്‍ പോറലേല്‍പ്പിക്കാം.

വളരെ ആഘാതമുള്ള വീഴ്ചയാണെങ്കില്‍ അത് ബാധിക്കുന്നത് എല്ലുകളെയും മസ്തിഷ്‌കത്തെയുമാണ്. മുട്ടില്‍ ഇഴഞ്ഞുനടക്കുന്ന പ്രായം മുതല്‍ കുഞ്ഞുങ്ങള്‍ വീഴാന്‍ സാധ്യത കൂടുതലുള്ള സമയമാണ്.

പിന്നീടുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്വയം എഴുന്നേല്‍ക്കാനും പിടിച്ച് നടക്കാനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍ വീഴ്ചകള്‍ സ്വാഭാവികമാണ്. എന്നാല്‍ വീഴ്ചയുടെ ആഘാതങ്ങള്‍ വലുതാണെങ്കില്‍ ഗൗരവപൂര്‍വ്വം കാണേണ്ടതാണ്.

വീഴ്ചയില്‍ ശരീരത്തിലെ എല്ലുകള്‍ക്കുണ്ടാകുന്ന പൊട്ടലുകള്‍, ഒടിവുകള്‍, തലയോട്ടിക്കും മസ്തിഷ്‌കത്തിനുമുണ്ടാകുന്ന ക്ഷതങ്ങള്‍, ചര്‍മ്മത്തിലുണ്ടാകുന്ന പോറലുകള്‍, ആഴത്തിലുള്ള മുറിവുകള്‍ തുടങ്ങിയവയൊക്കെ വീഴ്്ചയില്‍ സംഭവിക്കാം.

കട്ടിലില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞ് ഉറക്കത്തിലോ അല്ലെങ്കില്‍ തനിയെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴോ ഉണ്ടാകുന്ന വീഴ്ചകള്‍ മുറിവുകളുടെ ആഴം കൂട്ടാം. കുഞ്ഞുങ്ങളുടെ എല്ലുകള്‍ അധികം കട്ടിയുള്ളതല്ലാത്തതിനാല്‍ ഒടിവുകളോ, പൊട്ടലുകളോ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

അതുകൊണ്ട് ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കുന്ന വീഴ്ചകള്‍, കട്ടിലില്‍ നിന്നുള്ള വീഴ്ചകള്‍, ഉയര്‍ന്ന പടിക്കെട്ടുകളില്‍നിന്നുള്ള വീഴ്ചകള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

ലക്ഷണങ്ങള്‍

വീഴ്ചയിലൂടെ ഉണ്ടാകുന്ന മുറിവുകള്‍ പുറമെയുള്ളതാണെങ്കില്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ടാകില്ല. ചര്‍മ്മത്തിലുണ്ടാകുന്ന പോറലുകളാണെങ്കില്‍ വേഗത്തില്‍ തിരിച്ചറിയാം. മുറിവ് ആഴത്തിലുള്ളതാണെങ്കില്‍ അതില്‍ നിന്ന് രക്തസ്രാവമുണ്ടാകും.

വീഴ്ചയിലൂടെ തലയിലോ മുഖത്തോ മുറിവുകളുണ്ടായാല്‍ രക്തസ്രാവം മിക്കവാറും കൂടുതലായിരിക്കും. ഈ ഭാഗങ്ങളില്‍ രക്തയോട്ടം കൂടുതലുള്ളതാണ് രക്തസ്രാവം കൂടുതലായി ഉണ്ടാകാന്‍ കാരണം.

എല്ലുകള്‍ക്കുണ്ടാകുന്ന പൊട്ടലുകളാണെങ്കില്‍ വേദന അനുഭവപ്പെടും. പൊട്ടലുണ്ടായ ഭാഗം പെട്ടെന്ന് നീരുവയ്്ക്കുവാനും, ആ ഭാഗം ചലിപ്പിക്കുവാനും പ്രയാസമുണ്ടാകുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞുങ്ങള്‍ കുറച്ചു സമയം കരയുന്നത് സ്വാഭാവികമാണ്.

ഒരു പക്ഷേ വീഴ്ചയിലുണ്ടായ വേദനകൊണ്ട് കുറച്ചു സമയം കുഞ്ഞ് കരയും. പ്രിയപ്പെട്ടവര്‍ ആശ്വസിപ്പിക്കുമ്പോള്‍ കുഞ്ഞ് കരച്ചില്‍ നിര്‍ത്തും. എന്നാല്‍ കാര്യമായ പരിക്കുകളാണെങ്കില്‍ അമ്മയോ മറ്റു ബന്ധുക്കളോ ആശ്വസിപ്പിച്ചിട്ടും കുഞ്ഞ് കരച്ചില്‍ തുടര്‍ന്നേക്കാം.

മുറിവോ ക്ഷതമോ ഗൗരവമുള്ളതാണെങ്കില്‍ നിര്‍ത്താതെയുള്ള കരച്ചില്‍, ഛര്‍ദ്ദില്‍ എന്നീ ലക്ഷണങ്ങള്‍ കുഞ്ഞുങ്ങളിലുണ്ടാകാം.

ഇത്തരം അവസരങ്ങളില്‍ കുഞ്ഞുങ്ങള്‍ ഒന്നോ രണ്ടോ തവണ ഛര്‍ദ്ദിച്ചാല്‍ അതൊരു അപകടസൂചനയായി കരുതേണ്ടതില്ല. എന്നാല്‍ തലയടിച്ചുള്ള വീഴ്ചകളില്‍ മസ്തിഷ്‌കത്തിനുണ്ടാകുന്ന ആഘാതങ്ങളാണെങ്കില്‍ പ്രത്യേകം ശ്രദ്ധനല്‍കേണ്ടതുണ്ട്.

ഇത്തരം ആന്തരിക പരിക്കുകളാണെങ്കില്‍ കുഞ്ഞിന് തുടരെ തുടരെയുള്ള ഛര്‍ദ്ദില്‍, അമിതമായ ക്ഷീണം, മയക്കം എന്നിവ ലക്ഷണങ്ങളായി ഉണ്ടാകാം. കുഞ്ഞ് എപ്പോഴും ഉറങ്ങുന്ന അവസ്ഥയുണ്ടായാല്‍ ശ്രദ്ധിക്കണം.

അതുപോലെ ചെവിയില്‍ നിന്നും മൂക്കില്‍നിന്നും വായില്‍നിന്നും ഉണ്ടാകുന്ന രക്തസ്രാവം, അപൂര്‍വ്വം ചില കുഞ്ഞുങ്ങളില്‍ അപസ്മാരം എന്നിവയും ഉണ്ടാകാം. മസ്തിഷ്‌കത്തിനുണ്ടാകുന്ന ഗുരുതരമായ പരിക്കുകളിലാണ് ഇത്തരത്തില്‍ അപസ്മാരത്തിനുള്ള സാധ്യത ഉണ്ടാകാറുള്ളത്.

കുഞ്ഞുങ്ങള്‍ വീണാല്‍


കുട്ടികള്‍ വീഴുമ്പോള്‍ ഏറ്റവും കൂടുതല്‍ ആവലാതി അമ്മമാര്‍ക്കായിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ വീണാലുടന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതും അമ്മമാര്‍ തന്നെയാണ്. കാര്യമായ പ്രശ്‌നങ്ങളില്ലാത്ത വീഴ്ചയാണെങ്കില്‍ പേടിക്കേണ്ടതില്ല.

മസ്തിഷ്‌കത്തിനേല്‍ക്കുന്ന ക്ഷതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വളരെ ചെറിയ പ്രായത്തിലാണ്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നും വീഴുമ്പോഴുണ്ടാകുന്ന മുറിവുകള്‍ വലുതായിരിക്കും. എന്നാല്‍ ഇത്തരം അപകടങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂ.

1. കുഞ്ഞുങ്ങള്‍ വീണതിനുശേഷം വേദന കാരണം കൂടുതല്‍ കരയുന്നുണ്ടോയെന്നു ശ്രദ്ധിക്കണം. 
2. മുറിവുകള്‍ ആഴത്തിലുള്ളതാണോയെന്നു പരിശോധിക്കുക

3. ചെറിയ മുറിവുകളാണെങ്കില്‍ കഴുകി വൃത്തിയാക്കി മരുന്നുകള്‍ വയ്ക്കുക. 
4. ക്ഷതമുണ്ടായ ഭാഗത്ത് നീര് വയ്ക്കുകയോ ചതവോ ഉണ്ടായാല്‍ നീര്‍വീക്കവും കുറയ്ക്കാന്‍ പ്രഥമശുശ്രൂഷ എന്ന രീതിയില്‍ ഐസ്പായ്ക്ക്് വയ്ക്കാവുന്നതാണ്.

5. തലയ്ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍കൊണ്ട് അപസ്മാരമോ ഛര്‍ദ്ദിലോ ഉണ്ടായാല്‍ കുഞ്ഞിനെ ഒരിക്കലും മലര്‍ത്തി കിടത്തരുത്. ചെരിച്ച് കിടത്തുക. 
6. ആന്തരിക ക്ഷതങ്ങളാണെങ്കില്‍ വീണതിനുശേഷം കുറച്ചു സമയങ്ങള്‍ കഴിഞ്ഞായിരിക്കും വേദന അനുഭവപ്പെടുക. 
ഇത്തരം സന്ദര്‍ഭങ്ങളില്‍ എത്രയും വേഗം ശിശുരോഗ വിദഗ്ദ്ധനെ സമീപിക്കുന്നതാണ് ഉചിതം.

അമ്മമാര്‍ ശ്രദ്ധിക്കേണ്ടത്


1. കുഞ്ഞുങ്ങളെ ഉയരത്തിലുള്ള തൊട്ടിലിലും കട്ടിലിലും കിടത്താതിരിക്കുക 
2. കളിപ്പാട്ടങ്ങള്‍ അലക്ഷ്യമായി നിലത്തിടുന്നത് ഒഴിവാക്കുക, കുഞ്ഞുങ്ങള്‍ ഇതില്‍ ചവിട്ടി വീഴാനുള്ള സാധ്യതയുണ്ട്. അതൊഴിവാക്കാന്‍ ആവശ്യമുള്ള കളിപ്പാട്ടങ്ങള്‍ മാത്രം നല്‍കുക.

3. വെള്ളം, ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ നിലത്തു വീണു കിടപ്പുണ്ടോയെന്നു ശ്രദ്ധിക്കുക. ഉണ്ടെങ്കില്‍ ഉടന്‍ വൃത്തിയാക്കുക. കുഞ്ഞ് തെന്നി വീഴാനുള്ള സാധ്യത ഒഴിവാക്കാനാകും. 
4. കട്ടിലില്‍ ഉറക്കികിടത്തുമ്പോള്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പാലിക്കുക.

5. സ്‌റ്റെയര്‍കേസുകളില്‍ കുഞ്ഞുങ്ങള്‍ കയറുന്നത് തടയുക. 
6. ചെറിയ കുഞ്ഞുങ്ങളായതിനാല്‍ എപ്പോഴും അവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം.

ഒരു വയസ് മുതല്‍ നാലു വയസ് വരെ കുഞ്ഞുങ്ങള്‍ വളരെ ആക്ടീവായിരിക്കും. അതുകൊണ്ട് ഈ പ്രായത്തില്‍ അവരിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് വലിയ അപകടങ്ങള്‍ ഒഴിവാക്കും.

ഡോ. സോനാ അഗസ്റ്റിന്‍
പീഡിയാട്രീഷന്‍ മെരീറ്റസ് ഹെല്‍ത്ത് കെയര്‍
കിടങ്ങൂര്‍

തയാറാക്കിയത്: നീതു സാറാ ഫിലിപ്പ്

കുട്ടികളിലെ അലസനേത്രം

അലസനേത്രമുണ്ടാകുന്നത് കണ്ണില്‍നിന്നും തലച്ചോറിലേക്കുപോകുന്ന ഞരമ്പുകളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കാത്തതിനാലാണ്

കുട്ടികളില്‍ അലസനേത്രത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു നേത്രരോഗ വിദഗ്ധന്റെ സഹായത്തോടെ വിശദമായ പരിശോധന നടത്തുക. 
കാഴ്ച മങ്ങല്‍, തലവേദന, കോങ്കണ്ണ് എന്നിവയാണ് അലസനേത്രത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

കാരണങ്ങള്‍


അലസനേത്രമുണ്ടാകുന്നത് കണ്ണില്‍നിന്നും തലച്ചോറിലേക്കുപോകുന്ന ഞരമ്പുകളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കാത്തതിനാലാണ്. തലച്ചോറ് കാഴ്ചശക്തി കൂടുതലുള്ള നേത്രമാണ് അധിക സമയവും ഉപയോഗിക്കുന്നത്.

അതുമൂലം കാഴ്ചശക്തി കുറവുള്ള കണ്ണ് അലസനേത്രമായി തീരുന്നു. 3 മുതല്‍ 5 വയസിനുള്ളില്‍ എല്ലാ കുട്ടികളെയും വിശദമായ നേത്രപരിശോധനയ്ക്കു വിധേയമാക്കുകയാണെങ്കില്‍ അലസനേത്രം കണ്ടുപിടിക്കാന്‍ സാധിക്കും.

5 വയസിനുള്ളില്‍ ചികിത്സ ലഭിക്കുകയാണെങ്കില്‍ കാഴ്ച ശക്തി വര്‍ധിപ്പിക്കുവാന്‍ കഴിയും. 10 വയസിനു ശേഷമാണ് അലസ നേത്രം കണ്ടെത്തുന്നതെങ്കില്‍ ചികിത്സ കൊണ്ട് ഫലം ഉണ്ടായിരിക്കുന്നതല്ല.

പ്രത്യേക ശ്രദ്ധയ്ക്ക്


കുട്ടികള്‍ ജനിച്ച് (പ്രത്യേകിച്ച് പൂര്‍ണ വളര്‍ച്ച എത്താതെ ജനിച്ച കുട്ടികള്‍) 3 മുതല്‍ 5 വയസിനുള്ളില്‍ എല്ലാ കുട്ടികളെയും മാതാപിതാക്കള്‍ നിര്‍ബന്ധമായും കണ്ണാശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഈ സേവനം (പീഡിയാട്രിക് ഒഫ്താല്‍മോളജി) ഐ മൈക്രോ സര്‍ജറി ആന്‍ഡ് ലേസര്‍ സെന്ററില്‍ സാധ്യമാണ്.

ഡോ. ദീപ്തി രവീന്ദ്രന്‍
ഐ മൈക്രോ സര്‍ജറി ആന്‍ഡ് ലേസര്‍ സെന്റര്‍
ഇന്റര്‍നാഷണല്‍ കോംപ്ലക്‌സ്, തിരുവല്ല

ആയുര്‍വേദം കുട്ടികള്‍ക്ക്

ആയുര്‍വേദത്തിന്റെ ജനോപകാരപ്രദമായ മേന്മകളെ ആധുനിക കാലഘട്ടത്തിലെ രോഗങ്ങള്‍ക്കും വിവിധ സാഹചര്യങ്ങള്‍ക്കും ഇണങ്ങുന്ന 
വിധത്തില്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് സുപ്രധാനം.

പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ചികിത്സ മാര്‍ഗങ്ങളാണ് ആയുര്‍വേദത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ആയുര്‍വേദ ചികിത്സയ്ക്ക് പാര്‍ശ്വഫലങ്ങളും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തന ക്ഷമതയെ ബാധിക്കില്ലെന്നതും ആശാവഹമാണ്. ആയുര്‍വേദത്തില്‍ എട്ടു വിഭാഗങ്ങളിലായിട്ടാണ് ചികിത്സകള്‍ പൊതുവേ വിവരിക്കുന്നത്.

ആയുര്‍വേദത്തിന്റെ ജനോപകാരപ്രദമായ മേന്മകളെ ആധുനിക കാലഘട്ടത്തിലെ രോഗങ്ങള്‍ക്കും വിവിധ സാഹചര്യങ്ങള്‍ക്കും ഇണങ്ങുന്ന വിധത്തില്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് സുപ്രധാനം.

പ്രതിരോധ കുത്തിവെപ്പുകളെ കുറിച്ച് ആവശ്യത്തിലധികം വിവാദങ്ങള്‍ ഉയര്‍ന്നു വരികയും, കേരളത്തിലെ മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ച് കുട്ടികള്‍ മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ആയുര്‍വേദവിധിപ്രകാരം വ്യക്തമായ അഭിപ്രായങ്ങളുണ്ട്.

അതായത് 'പ്രതിരോധ കുത്തിവെപ്പുകള്‍ - ഔഷധ സേവകള്‍' നിര്‍ബന്ധമായും നടപ്പാക്കേണ്ടത് തന്നെയാണ്. കാലാനുസൃതമായി രൂപപ്പെട്ടുവരുന്ന രോഗങ്ങളെ പ്രതിരോധിക്കുവാന്‍ സ്വാഭാവിക പ്രതിരോധ ശക്തി മാത്രം മതിയാകാതെ വരാമെന്നിരിക്കെ ഗവേഷണ നിരീക്ഷണങ്ങളിലൂടെ തയ്യാറാവുന്ന വാക്‌സിനുകള്‍ കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തിയ ശേഷം ഉപയോഗിക്കണമെന്നു തന്നെയാണ് ആയുര്‍വേദം അനുശാസിക്കുന്നത്.

രോഗപ്രതിരോധത്തിന്


ശിശുരോഗങ്ങളെ പ്രതിരോധിക്കുന്നതിനു ആയുര്‍വേദ ശാസ്ത്രം ഗര്‍ഭകാലം മുതല്‍ ആരംഭിക്കേണ്ട ആരോഗ്യ ശീലങ്ങളും ഔഷധസേവകളും 'ഗര്‍ഭിണി പരിചരണം' എന്നതിലൂടെ വിവരിക്കുന്നു.

തുടര്‍ന്ന് പ്രസവാനന്തരമുള്ള നവജാതശിശുപരിചരണം - പ്രസവിച്ച അമ്മയുടെ പരിചരണം എന്നിങ്ങനെ ഘട്ടം ഘട്ടമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്നു.

ശിശുപരിപാലനത്തിനും, ബാലചികിത്സക്കും ആയുര്‍വേദം നല്‍കുന്ന പ്രാധാന്യമാണ് പ്രധാനം. ആരോഗ്യ ദൃഢഗാത്രനായ കുഞ്ഞിനു വേണ്ടിയുള്ള ശ്രമം ഭ്രൂണാവസ്ഥയ്ക്ക് മുമ്പ് തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെന്നു അനുശാസിക്കുന്ന ഏക ശാസ്ത്രവും ആയുര്‍വേദം തന്നെയാണ്.

ബാലചികിത്സയില്‍ രണ്ട് വയസുവരെയുള്ള ശിശുകാലഘട്ടം തുടര്‍ന്ന് 12 വയസുവരെ ബാലനെന്ന അവസ്ഥ വരെ ബാലചികിത്സയില്‍പ്പെടുത്താം.

പിറവിയിലുള്ള രോഗങ്ങള്‍


ജന്മനാ ഉണ്ടായിട്ടുള്ള അസുഖങ്ങള്‍ - ജനനശേഷം പിടിപെടുന്ന അസുഖങ്ങള്‍ എന്നിവ വേര്‍തിരിച്ചുതന്നെ ബാലരോഗങ്ങളെ കാണേണ്ടതാണ്. ജന്മനാ കണ്ടുവരുന്ന തകരാറുകളില്‍ ആയുര്‍വേദ ചികിത്സകള്‍ വളരെ ഫലപ്രദമാണ്.

ബുദ്ധിമാന്ദ്യം, സംസാരിക്കാന്‍ താമസം, നടക്കാന്‍ താമസമുണ്ടാകുക തുടങ്ങിയ അവസ്ഥകളില്‍ ആയുര്‍വേദത്തില്‍ പ്രതീക്ഷിക്കുന്ന ഫലം നല്‍കുന്ന ചികിത്സ രീതികളുണ്ട്.

സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മറ്റു വൈകല്യങ്ങള്‍ തുടങ്ങിയവയൊക്കെ ആദ്യമേ തന്നെ തിരിച്ചറിയുന്നതാണ് നല്ലത്. ജനിതക വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുകയാണ് അഭികാമ്യം.

കുട്ടികള്‍ക്ക് സ്ഥിരമായി ആന്റി ബയോട്ടിക്കുകള്‍ കൊടുക്കുന്നത് വളര്‍ച്ചയെത്തുമ്പോള്‍ പല മാരകരോഗങ്ങള്‍ക്കും കാരണമാകാം. കുട്ടികളില്‍ അനാവശ്യമായി മരുന്നുകള്‍ നല്‍കുന്ന രീതി കഴിവതും ഒഴിവാക്കണം.

അനാവശ്യമായി മരുന്നുകള്‍ നല്‍കുന്നത് കുറച്ചാല്‍ കുട്ടികള്‍ വലുതാകുമ്പോള്‍ ആരോഗ്യവാനായി നിലനില്‍ക്കൂ. സ്ഥിരമായി ഉണ്ടാകുന്ന കഫക്കെട്ട്, ശ്വാസതടസ്സം, ജലദോഷം എന്നിവ മൂലമാണ് പലപ്പോഴും ദീര്‍ഘകാലം ആന്റി ബയോട്ടിക്കുകള്‍ കൊടുക്കേണ്ടി വരുന്നത്.

കുറഞ്ഞപ്രായത്തില്‍ തന്നെ കുട്ടികളില്‍ ഉണ്ടാകുന്ന പ്രമേഹം, ബി.പി തുടങ്ങിയ ദീര്‍ഘകാലം മരുന്നുകള്‍ ഉപയോഗിക്കേണ്ട രോഗങ്ങള്‍ വരാന്‍ ബാലാവസ്ഥയിലെ അമിത ഔഷധ ഉപയോഗവും കാരണമാകാം.

ബാലരോഗങ്ങള്‍ക്ക് കാരണം


പഴയകാലഘട്ടത്തില്‍ വൃത്തിഹീനമായ ജീവിത സാഹചര്യങ്ങളും, പോഷകാഹാരക്കുറവുമായിരുന്നു ബാലരോഗങ്ങളുടെ അടിസ്ഥാന കാരണം.

എന്നാല്‍ ഇന്ന് അമിതപോഷണവും കൃത്രിമാഹാരങ്ങളുടെ അമിതോപയോഗവുമാണ് മുന്‍നിരയില്‍. അമിതപോഷണം മൂലമുണ്ടാകുന്ന കുട്ടികളിലെ പൊണ്ണത്തടി ഒരു ആഗോള വിപത്തായി മാറിയിരിക്കുകയാണ്.

ഭക്ഷണത്തില്‍ കാര്യമായ നിയന്ത്രണമില്ലാത്തതും കൃത്രിമ ആഹാരങ്ങളുടെ അമിത ഉപയോഗവും കുട്ടികളില്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇതു കൂടാതെ അണുകുടുംബ വ്യവസ്ഥയും അച്ഛനമ്മമാരുടെ തിരക്കുപിടിച്ച ജീവിതവും കുട്ടികളില്‍ അതീവ ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ കൂടി സൃഷ്ടിക്കുന്നു.

പഴയ കുടുംബ വ്യവസ്ഥകളില്‍ നിന്ന് മാറി തന്‍കാര്യം മാത്രം നോക്കി ജീവിക്കുന്ന, സമൂഹിക പ്രതിബദ്ധതയില്ലാത്ത മനോവൈകല്യമുള്ള ഒരു തലമുറ രൂപപ്പെടുന്ന ചുറ്റുപാടിലാണ് കുട്ടികള്‍ ഇന്നു വളര്‍ന്നു വരുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ നല്‍കുന്നതോടൊപ്പം ചില നല്ല ശീലങ്ങള്‍ ചെറുപ്പത്തില്‍ തന്നെ അവരില്‍ വളര്‍ത്തിയെടുക്കാനും ശ്രമിക്കണം.

കുട്ടിക്കാലത്ത് ശീലമാക്കുന്ന കാര്യങ്ങള്‍ വളര്‍ച്ചയെത്തിയാലും കൃത്യമായി പിന്‍തുടരാന്‍ അവര്‍ ശ്രമിക്കും. അതുകൊണ്ട് കുട്ടികളെ കുളിപ്പിക്കുമ്പോള്‍ തലയിലും ദേഹത്തും നല്ല വെളിച്ചെണ്ണ തേച്ച് കുളിപ്പിക്കുന്നത് ശീലമാക്കുക.

ദിവസവും എണ്ണ തലയില്‍ തേച്ച് കുളിച്ചാല്‍ ജലദോഷം വരുമെന്ന പേടിയുണ്ടെങ്കില്‍ കുളിപ്പിച്ചു കഴിഞ്ഞാല്‍ ഒരു നുള്ള് രാസനാദിപ്പൊടി നെറുകയില്‍ തിരുമ്മുക. കുട്ടികളുടെ ഇരിപ്പിലും നടപ്പിലും ഉള്ള വ്യത്യാസങ്ങള്‍ ശ്രദ്ധിക്കണം.

ഇവയൊക്കെ ശരിയായ രീതിയില്‍ ആണോയെന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധനല്‍കണം. കുട്ടികളുടെ നട്ടെല്ലിന്റെ വളവ് തിരിവുകള്‍, കൂന് തുടങ്ങിയ അവസ്ഥകള്‍ ഉണ്ടോയെന്നു പരിശോധിക്കുന്നത് നല്ലതാണ്.

ശൈശവാവസ്ഥയില്‍ കണ്ടെത്തുന്ന ഇത്തരം ഘടനാ വ്യത്യാസങ്ങള്‍ ആയുര്‍വേദ ചികിത്സയിലൂടെ എളുപ്പത്തില്‍ ചികിത്സിച്ചു മാറ്റാവുന്നതാണ്്.

നട്ടെല്ലിന്റെ ഘടനയില്‍ വരുന്ന വ്യതിയാനങ്ങള്‍ കുട്ടികളില്‍ തലവേദന, ശ്വാസകോശരോഗങ്ങള്‍, മലബന്ധം തുടങ്ങിയ വ്യത്യസ്തങ്ങളായ രോഗങ്ങള്‍ക്ക് കാരണമാകാം.

ഓരോ കുട്ടിയെയും പോസ്റ്റര്‍ ഡിഫോമിറ്റി സ്‌ക്രീനിങിന് അഥവാ പി.ഡി.എസ് സ്‌ക്രീനിങ് എന്ന വൈകല്യം നേരത്തെ തിരിച്ചറിയുവാനുള്ള പരിശോധനയ്ക്ക് വിധേയമാക്കണം.

നട്ടെല്ലിന് എണ്ണ തേച്ച് കുളിക്കുകയും ലഘുവ്യായാമങ്ങള്‍കൊണ്ടും ഇത്തരം പ്രശ്‌നങ്ങളെ ലളിതമായി പരിഹരിക്കാം. കാലക്രമത്തില്‍ വൈകല്യങ്ങളൊക്കെ മാറുമെന്ന വാദം തെറ്റാണ്. രോഗിയുടെ പൂര്‍ണമായ പരിശ്രമം രോഗശാന്തിക്ക് അത്യാവശ്യ ഘടകമാണ്.

ബുദ്ധിവളര്‍ച്ചയ്ക്ക്


സംസാരിക്കാന്‍ താമസം വരുന്ന കുട്ടികള്‍ക്ക് വയമ്പ്, രുദ്രാക്ഷം, തുടങ്ങിയ മരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധങ്ങള്‍ പ്രയോഗിക്കുന്നത് പെട്ടെന്നു ഫലം ചെയ്യും.

ബ്രഹ്മി നീര് ഉപയോഗിച്ച് കുട്ടികളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നതിനും പൊണ്ണത്തടി കുറയ്ക്കുന്നതിനും സഹായിക്കും. കുട്ടികളുടെ അസുഖം മാത്രം കണക്കിലെടുത്ത് ധാരാളം സിറപ്പുകള്‍, കഷായങ്ങള്‍, അരിഷ്ടങ്ങള്‍, ലേഹ്യം, പൊടികള്‍, ഗുളികകള്‍, കുഴമ്പുകള്‍, എണ്ണ എന്നിവ വിപണിയില്‍ ലഭ്യമാണ്.

കുട്ടികള്‍ പലപ്പോഴും ആയുര്‍വേദ ഔഷധങ്ങള്‍ കഴിക്കാന്‍ മടിക്കുന്നത് അവയുടെ രുചി കൊണ്ടാണ്. എന്നാല്‍ ആയുര്‍വേദ ഔഷധങ്ങളുടെ രുചി പ്രശ്‌നം പേടിക്കേണ്ടതില്ല.

കുട്ടികള്‍ക്ക് കഴിക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഔഷധങ്ങള്‍ ഇന്നു ലഭ്യമാണ്. കുട്ടികളുടെ രോഗപ്രതിരോധത്തിനു ഇന്ദുകാന്തം കഷായം, ഇന്ദുകാന്തം സിറപ്പായും മുടിവളരാനുള്ള എണ്ണകള്‍, ഷാംപൂ, താളിപ്പൊടികള്‍, ഔഷധ സോപ്പുകള്‍ എന്നിവയും സുലഭമാണ്.

കുട്ടികളുടെ ഭക്ഷണരീതി


കുട്ടികളുടെ ഭക്ഷണകാര്യങ്ങളിലെ കൃത്യതയില്ലായ്മ അവരുടെ ജീവിത രീതിയില്‍ മുഴുവനായി ബാധിക്കുന്നു. ആധുനിക കാലഘട്ടത്തിലെ കുട്ടികള്‍ക്ക് ചോക്കലേറ്റുകള്‍, ഐസ്‌ക്രീമുകള്‍, ഫാസ്റ്റ് ഫുഡ്, കൃത്രിമ പാനിയങ്ങള്‍, നൂഡില്‍സ് തുടങ്ങിയ ഭക്ഷണങ്ങളോടാണ് കൂടുതല്‍ താല്‍പര്യം.

നിരന്തരം ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ മുതിര്‍ന്നവര്‍ നേരിടുന്നതുപോലെ കുട്ടികളും ഭക്ഷ്യവസ്തുക്കളിലുള്ള അപകടകരമായ ചേരുവകള്‍ ചെറുപ്പത്തിലെ ശീലമാക്കുന്നു.

വിഷലിപ്തമായ പച്ചക്കറികള്‍, മത്സ്യം, മാംസം, തുടങ്ങിയ ആഹാരങ്ങള്‍, ശീതളപാനിയങ്ങള്‍ എന്നു വേണ്ട വളരെ ഭയാനകമായ ജീവിതക്രമമാണ് ഇപ്പോഴത്തെ തലമുറ അനുവര്‍ത്തിക്കുന്നത്.

സാമാന്യ ബുദ്ധിക്കനുസരിച്ച് കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വീട്ടിലെ അന്തരീക്ഷത്തിനു യോജിച്ച രീതിയില്‍ ജീവിക്കുവാനും മായം കലരാത്തതും പ്രകൃതിജന്യവുമായ ആഹാരങ്ങള്‍ ശീലിപ്പിക്കാന്‍ തയ്യാറാകണം.മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ ഗെയിമുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.

നീന്താന്‍ സൗകര്യമുണ്ടെങ്കില്‍ കുട്ടികളെ ചെറുപ്പത്തില്‍ തന്നെ നീന്തല്‍ പഠിപ്പിക്കുക. നിത്യേന അല്‍പ്പ സമയം നീന്താനുള്ള സൗകര്യമുണ്ടാക്കുക. ഇത്തരത്തില്‍ ആരോഗ്യപൂര്‍ണമായ ജീവിതത്തിന് കുട്ടിക്കാലം മുതല്‍ കരുതലോടെ ജീവിതം തുടങ്ങി വയ്ക്കാന്‍ കഴിയണം.

ഡോ. പി. കൃഷ്ണദാസ്
ചീഫ് ഫിസിഷന്‍
അമൃതം ആയുര്‍വേദ ഹോസ്പ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍
പെരിന്തല്‍മണ്ണ

കുട്ടികളിലെ ദിനചര്യകള്‍

വ്യക്തിത്വ വികാസത്തിനും ദിനചര്യകള്‍ സഹായിക്കും. ജീവിതത്തില്‍ അടുക്കും ചിട്ടയും ലഭിക്കുന്നതോടൊപ്പം ആയുസ് വര്‍ധിപ്പിക്കാനും രോഗങ്ങളെ അകറ്റി നിര്‍ത്താനും മാതൃകാപരമായ ദിനചര്യകള്‍ സഹായിക്കും.

ദിനചര്യകള്‍ ആരോഗ്യജീവിതത്തിന്റെ അടിസ്ഥാനമാണ്. ആരോഗ്യകരമായ ചര്യകള്‍ കുട്ടിക്കാലം മുതല്‍ ശീലിക്കണം. വ്യക്തിത്വ വികാസത്തിനും ദിനചര്യകള്‍ സഹായിക്കും.

ജീവിതത്തില്‍ അടുക്കും ചിട്ടയും ലഭിക്കുന്നതോടൊപ്പം ആയുസ് വര്‍ധിപ്പിക്കാനും രോഗങ്ങളെ അകറ്റി നിര്‍ത്താനും മാതൃകാപരമായ ദിനചര്യകള്‍ സഹായിക്കും.

രാത്രി നേരത്തെ ഉറങ്ങി, നേരത്തേ ഉണരണമെന്ന് വീട്ടിലെ പ്രായമായവര്‍ പറയുമ്പോള്‍ കുട്ടികള്‍ ചിരിച്ചുതള്ളാറാണ് പതിവ്. എന്നാല്‍ പുലരുന്നതിനുമുമ്പേ ഉറക്കമുണരുന്നതാണ് ഉന്മേഷത്തിനും, ആരോഗ്യത്തിനുമുള്ള 'ഒറ്റമൂലി'. ആരോഗ്യ സംരക്ഷണത്തിന് രാവിലെ കൃത്യസമയത്ത് എഴുന്നേല്‍ക്കണമെന്ന് ആയുര്‍വേദം അനുശാസിക്കു 
ന്നു.

വ്യായാമം മനസിനും ശരീരത്തിനും


ശരീരത്തിനൊപ്പം മനസിനും വ്യായാമം അത്യാവശ്യമാണ്. ആരോഗ്യമുള്ള മനസാണല്ലോ ആരോഗ്യമുള്ള ശരീരത്തിനും നിദാനം. പുലര്‍ച്ചെ ഉറക്കമുണര്‍ന്നാല്‍ മാത്രംപോരാ, അടുക്കും ചിട്ടയും ജീവിതചര്യയില്‍ ഉള്‍പ്പെടുത്തുകയും വേണം.

എഴുന്നേറ്റാല്‍ ഉടന്‍ തലേന്നു രാവിലെ മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കണം. മരുന്നില്ലാതെ മറവിയെ അകറ്റിനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം.

കുട്ടികള്‍ക്ക് ബുദ്ധിശക്തിയും, ഓര്‍മശക്തിയും ഒരുപോലെ പ്രദാനം ചെയ്യുന്നു ഈ ലഘുവ്യായാമം. ഏതു പ്രായക്കാര്‍ക്കും ഈ മനോവ്യായാമം ചെയ്യാവുന്നതാണ്. ഇതിനുശേഷം മലമൂത്രവിസര്‍ജനം നടത്താം.

ദന്തശുദ്ധിവരുത്താം


അടുത്തത് പല്ല് വൃത്തിയാക്കലിന്റെ ഘട്ടമാണ്. ദിവസവും രണ്ടു നേരം പല്ലുതേയ്ക്കുന്നത് വായില്‍ രുചി വര്‍ധിക്കുന്നതിനും, ദുര്‍ഗന്ധം ഒഴിവാക്കുന്നതിനും സഹായിക്കും.

കരിങ്ങാലി, വേപ്പ്, നീര്‍മരുത് എന്നിങ്ങനെ ചവര്‍പ്പും, എരിവും രസങ്ങളുള്ള വൃക്ഷങ്ങളുടെ ചെറിയ കമ്പുകള്‍ ഉപയോഗിച്ച് പല്ലുതേയ്ക്കുന്നതാണ് ശരിയായ രീതി.

കമ്പെടുത്ത് അഗ്രം ചതച്ച് ബ്രഷ്‌പോലാക്കിയാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്നു പലര്‍ക്കും ഇവയെന്താണെന്നുപോലും അറിയില്ല. അങ്ങാടിക്കടകളില്‍ ഇവ ലഭ്യമാണ്.

പല്ലിന്റെ ഇനാമിലിനു കേടു സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാഠിന്യമുള്ള നാരുള്ള ബ്രഷ്, ഉപ്പ്, കരി എന്നിവ പല്ലുതേയ്ക്കാന്‍ ഉപയോഗിക്കരുത്. പല്ലുതേച്ചശേഷം നാവ് വൃത്തിയാക്കണം. ശ്വാസോച്ഛ്വാസത്തിന് തടസം നില്‍ക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

കുളി ഒഴിവാക്കരുത്


ദിവസേന എണ്ണതേച്ച് കുളിക്കുന്നതിലൂടെ ശരീരക്ഷീണവും, ഉറക്കമില്ലായ്മയും മാറിക്കിട്ടും. ആഴ്ചയില്‍ ഒരിക്കലെങ്കിലും തലയിലും ശരീരത്തിലും നല്ലതുപോലെ എണ്ണതേച്ച് കുളിക്കണം.

ചെവിയില്‍ എണ്ണനിര്‍ത്താനും, കാല്‍പ്പാദങ്ങളില്‍ എണ്ണ പുരട്ടാനും ശ്രദ്ധിക്കണം. തലയില്‍ എണ്ണ തേയ്ക്കുമ്പോള്‍ ഞരമ്പുകള്‍ക്ക് പ്രസരിപ്പും, മസ്തി 
ഷ്‌ക്കത്തിന് ഉന്മേഷവും കൈവരുന്നു.

എണ്ണതേച്ച് അരമണിക്കൂറിനു ശേഷം താളിയിട്ട് കുളിക്കണം. തലയിലെ ചൂടിനെ അകറ്റി തണുപ്പ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.

ദിവസവും തലയില്‍ എണ്ണതേച്ച് കുളിക്കുന്നതിലൂടെ ശരീരത്തിന് മുഴുവന്‍ പ്രസരിപ്പും തലയോട്ടിയിലുണ്ടാകുന്ന രോഗങ്ങള്‍ക്ക് ശമനവും ലഭിക്കും.

തലയിലെ നീരിറക്കം കുറയ്ക്കുന്നതിനും, തലമുടിയുടെ ആരോഗ്യത്തിനും എണ്ണതേച്ചുള്ള കുളി അത്യാവശ്യമാണ്. അല്ലാത്തവര്‍ക്ക് ഭാവിയില്‍ വാതരോഗം വരാനുള്ള സാധ്യത കൂടുതലാണ്.

ദഹനക്കേടുള്ളവരും, കഫം വര്‍ധിച്ചിരിക്കുന്നവരും എണ്ണ ദേഹത്തും, തലയിലും തേയ്ക്കാന്‍ പാടില്ല. കുളികഴിഞ്ഞ് മുടിയില്‍ എണ്ണ തേയ്ക്കുന്നതും കുളിക്കുന്നതിനുമുമ്പ് എണ്ണവയ്ക്കാതിരിക്കുന്നതും നല്ല ശീലമല്ല.

തലമുടി പൊട്ടിപ്പോകുന്നതിനും മറ്റും ഇത് കാരണമാകും. ആഹാരം കഴിച്ച ഉടനെ കുളിക്കുന്നത് നല്ലതല്ല. തലയില്‍ തണുപ്പുമാറിയ വെള്ളവും, കഴുത്തിന് താഴേയ്ക്ക് ചൂടുവെള്ളവും ഉപയോഗിച്ചുവേണം കുളിക്കാന്‍.

വ്യായാമം നിര്‍ബന്ധം


കുട്ടികളാകുമ്പോള്‍ പ്രത്യേകം വ്യായാമത്തിന്റെ കാര്യമില്ല. ഓട്ടവും ചാട്ടവും കളികളുമായി ജീവിതത്തിന്റെ ഭാഗാമായിത്തന്നെ വ്യായാമവുമുണ്ടാവും.

എന്നാല്‍ ഇതൊന്നുമില്ലാതെ പഠനത്തിന്റെ പിന്നാലെ മാത്രം പോകുന്ന കുട്ടികള്‍ വ്യായാമത്തിനു വേണ്ടി അല്‍പ സമയം നീക്കി വയ്ക്കുന്നതുകൊണ്ട് തെറ്റില്ല.

വണ്ണം ഉള്ളതോ, ഇല്ലാത്തതോ അല്ല ആരോഗ്യത്തിന്റെ ലക്ഷണം. കരുത്താണ് പ്രധാനം. ദഹനശക്തി വര്‍ധിപ്പിച്ച് അമിതവണ്ണവും, ദുര്‍മേദസും ഇല്ലാതാക്കാന്‍ വ്യായാമം സഹായിക്കുന്നു.

തണുപ്പുകാലത്ത് പുതപ്പിനുള്ളില്‍ ചുരുട്ടുകൂടിക്കിടന്ന് ഉറങ്ങുന്നത് ശരിയല്ല. വ്യായാമത്തിന്റെ കാര്യത്തിലുള്ള വിട്ടുവീഴ്ച ശരീരത്തെ രോഗങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നു. മറ്റ് കാലാവസ്ഥകളില്‍ ലഘുവായ വ്യായാമമാണ് ചെയ്യേണ്ടത്. ത്വക്കിന് മിനുസവും, തിളക്കവും ലഭിക്കുന്നതിനും വ്യായാമം ഫലപ്രദമാണ്.

കടപ്പാട്: ഡോ. ആര്‍. രവീന്ദ്രന്‍

ദന്തരോഗങ്ങള്‍ക്ക് ആയുര്‍വേദ പരിഹാരം

നല്ല പുഞ്ചിരി ഏതൊരാളെയും ആകര്‍ഷിക്കും. മനോഹരമായ പുഞ്ചിരിക്കു മാറ്റു കൂട്ടുന്നത് സുന്ദരമായ പല്ലുകളാണ്. അതുകൊണ്ടുതന്നെ ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്.

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഏറെ പ്രധാനം ദന്തസംരക്ഷണമാണ്. ദന്തരോഗങ്ങള്‍ക്കും ദന്തപരിപാലനത്തിനും ആയുര്‍വേദവിധി 
പ്രകാരം നിരവധി ചികിത്സ രീതികളും പ്രതിവിധികളുമുണ്ട്.

നല്ല പുഞ്ചിരി ഏതൊരാളെയും ആകര്‍ഷിക്കും. മനോഹരമായ പുഞ്ചിരിക്കു മാറ്റു കൂട്ടുന്നത് സുന്ദരമായ പല്ലുകളാണ്. അതുകൊണ്ടുതന്നെ ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധനല്‍കേണ്ടതുണ്ട്. പ്രത്യേകിച്ചും കുട്ടികളുടെ ദന്തസംരക്ഷണത്തില്‍.

കുട്ടികളുടെ ദന്തസംരക്ഷണം ഗര്‍ഭസ്ഥശിശുവില്‍നിന്നും ആരംഭിക്കണം. ശരീരസംരക്ഷണം പോലെ ദന്തപരിചരണവും പ്രാധാന്യമര്‍ഹിക്കുന്നു. 
മനസു തുറന്നുള്ള ചിരിയാണ് ഒരാളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.

ഈ പുഞ്ചിരി എന്നും നിലനിര്‍ത്താന്‍ പല്ലുകളുടെ സംരക്ഷണത്തില്‍ കരുതല്‍ നല്‍കണം. കുട്ടികളുടെ ദന്തസംരക്ഷണകാര്യങ്ങളില്‍ മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടത്.

കുട്ടികാലത്തു പഠിപ്പിക്കുന്ന നല്ല ശീലങ്ങള്‍ കുട്ടികള്‍ക്കുള്ള നല്ല മാതൃകയാണ്. അതുകൊണ്ട് ദന്തരോഗങ്ങളെ തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ നല്‍കുന്നതാണ് ഉത്തമം.

കുട്ടികളുടെ ദന്തസംരക്ഷണത്തിനും പരിചരണത്തിനും ആയുര്‍വേദ രീതികള്‍ പ്രകാരം നിരവധി ചികിത്സകളും പരിഹാരങ്ങളുമുണ്ട്.

ദന്ത സംരക്ഷണം


ദന്ത സംരക്ഷണത്തിന്റെ ആദ്യഘട്ടം ഗര്‍ഭസ്ഥശിശുവില്‍ നിന്നും ആരംഭിക്കണമെന്നത് പലരിലും ആശങ്കയുണ്ടാകുന്ന കാര്യമാണ്. എന്നാല്‍ കു 
ട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ പല്ലുകള്‍ മോണക്കുള്ളില്‍ മുളച്ച അവസ്ഥയിലായിരിക്കും.

കുഞ്ഞുങ്ങള്‍ ജനിച്ച് മാസങ്ങള്‍ക്കു ശേഷം മാത്രമേ പല്ലുകള്‍ പുറത്തുവരികയുള്ളൂ. കൃത്യമായി പറഞ്ഞാല്‍ ആറാം മാസത്തില്‍ ഇവ പാല്‍പ്പല്ലുകളായി പുറത്തുവരും. കുട്ടികള്‍ക്കു പല്ല് മുളച്ചു വരുന്നത് പലവിധ രോഗങ്ങള്‍ക്കും കാരണമാകാം.

പനി, ചുമ, വയറിളക്കം, ഛര്‍ദ്ദി, തലവേദന, അഭിഷൃന്ദം എന്ന നേത്രരോഗം, പോഥകി എന്ന വര്‍ത്മരോഗം, വിസര്‍പ്പം എന്നിവയ്ക്കും കാരണമാകാം.

അതുകൊണ്ട് കുട്ടികളില്‍ ആദ്യത്തെ പല്ല് വരുന്നതിനു മുന്‍പ് തന്നെ നല്ല ദന്തപരിചരണരീതികള്‍ ആരംഭിക്കണം. ആരോഗ്യമുള്ള മോണകള്‍ നല്ല പല്ലുകള്‍ ഉണ്ടാകുവാന്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.

ആറ് മാസം മുതല്‍ മൂന്നു വയസ് വരെയുള്ള കാലയളവില്‍ പാല്‍പ്പല്ലുകള്‍ മുളയ്ക്കണം. അതുപോലെ ആറ് വയസു മുതല്‍ 13 വയസു വരെ 
യുള്ള പ്രായത്തില്‍ പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞുപോയി പകരം സ്ഥിരദന്തങ്ങള്‍ തല്‍സ്ഥാനത്ത് മുളച്ചുവരണം.

ശരിയായ പരിചരണം


ആരോഗ്യമുള്ളതും വൃത്തിയും ഭംഗിയുമുള്ള ദന്തനിരയും, നിറവ്യത്യാസമോ, ദുര്‍ഗന്ധമോ ഇല്ലാത്ത പല്ലുകളുള്ള അവസ്ഥയാണ് ശരിയായ ദ 
ന്താരോഗ്യം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

പല്ലുകള്‍ ശുചിയായും, ഭക്ഷണാവശിഷ്ടങ്ങള്‍ ഇല്ലാതെയും ഇരിക്കണം. മോണകള്‍ പിങ്ക് നിറത്തോടു കൂടിയും ബ്രഷ് ചെയ്യുമ്പോള്‍ വേദനിക്കുകയോ രക്തം വരുകയോ അരുത്. വായ് നാറ്റം ഉണ്ടകാതെ പ്രത്യേകം ശ്രദ്ധിക്കണം.

അഷ്ടാംഗഹൃദയം സൂത്രസ്ഥാനം ദിനചര്യ അധ്യായത്തില്‍ എരുക്ക്, വേപ്പ്, ഉങ്ങ്, വേങ്ങ, പേരാല്‍, കരിങ്ങാല്‍, തുടങ്ങിയ വൃക്ഷങ്ങളുടെ കമ്പ് അഗ്രം 
ചതച്ച് ദന്തശുദ്ധി വരുത്താന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ത്രിഫല, ത്രികുട എന്നിവ കൊണ്ട് ഊന് ശുദ്ധിവരുത്താവുന്നതാണ്. രാവിലെയും ആഹാരം കഴിച്ച ഉടനെയും പല്ല് തേയ്ക്കുന്നത് രസാസ്വാദനശേഷി കൂട്ടും. പല്ല്, വായ, നാവ്, എന്നിവ ശുദ്ധമാകും.

രുചി വര്‍ധിക്കും, ദന്തരോഗങ്ങള്‍ ബാധിക്കാതിരിക്കും. ദന്തോല്‍പ്പത്തിയില്‍ ദന്തമൂലത്തെ ആശ്രയിച്ച് കോപിച്ച ത്രിദോഷങ്ങള്‍ മലങ്ങളെയും ധാതുക്കളെയും ദുഷിപ്പിച്ച് എല്ലാവിധ വ്യാധികളെയും ഉണ്ടാക്കുന്നു.

ദന്തരോഗങ്ങള്‍


ശീതാളം : - പല്ലുകളില്‍ തണുപ്പുള്ള ഭക്ഷണപാനീയങ്ങള്‍ സ്പര്‍ശിച്ചാല്‍ പല്ലു പിളര്‍ന്നുപോകുന്നതുപോലെ ശക്തമായ വേദന ഉണ്ടാകുന്ന 
രോഗമാണ്. 
ദന്തഹര്‍ഷം : - പുളിരസവും തണുപ്പുള്ളതുമായ ആഹാരം കഴിക്കാന്‍ വിഷമം ഉണ്ടാകുക, തണുത്ത കാറ്റേറ്റാല്‍പോലും അസ്വസ്ഥത ഉണ്ടാകുക. 
ദന്തഭേദം : - പല്ലുകള്‍ വേദനയോടെ പൊട്ടിപ്പോകുന്ന അവസ്ഥ. 
ദന്തചാലം : - ആഹാരം കഴിച്ചാല്‍ പല്ലുകള്‍ക്ക് ശക്തമായ വേദനയും പല്ലുകള്‍ ഇളകുകയും ചെയ്യുക. 
കരാളദന്തം : - വികടങ്ങളായി പല്ലുകള്‍ നിരതെറ്റി മുളച്ചു വരുക. 
അതിദന്തം : - സാധാരണയില്‍ നിന്നും എണ്ണത്തിലധികമായി പല്ലുകള്‍ ഉണ്ടാകുന്ന അവസ്ഥ. ഈ സമയങ്ങളില്‍ അസഹനീയമായ വേദനയു 
ണ്ടാകുന്നു. പല്ലു മുളച്ചുകഴിയുമ്പോള്‍ വേദന ശമിക്കും. 
ശര്‍ക്കര : -പല്ലുകള്‍ വേണ്ടരീതിയില്‍ ശുദ്ധിവരുത്താതിരുന്നാല്‍ ഉണ്ടാകുന്ന രോഗമാണ്. പല്ലില്‍ മാലിന്യങ്ങളും മറ്റും വര്‍ദ്ധിച്ച് ദുര്‍ഗന്ധമുണ്ടാ 
കുന്ന അവസ്ഥ. പല്ലിന്റെ ഉറപ്പ് കുറഞ്ഞ് പൊടിഞ്ഞുപോകും. 
കപാലിക : - പല്ലിന്റെ കട്ടിയേറിയ ആവരണം ക്ഷയിച്ചുപോകുന്ന അവസ്ഥയാണിത്. 
ശ്യാമദന്തം : - പല്ലുകള്‍ കരുവാളിക്കുന്ന അവസ്ഥ, നീലനിറം മുതലായവ ഉണ്ടാകുന്നു. 
കൃമിദന്തം : - മധുരം കൂടുതല്‍ കഴിച്ചാലും മറ്റും അസഹ്യമായ വേദന, കറുത്ത നിറം ഇളകാന്‍ തുടങ്ങുന്നു, പല്ലുകള്‍ക്ക് കരുകരുപ്പ്, ചലവും ര 
ക്തവും ഒലിക്കല്‍, വീക്കം ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. 
ദന്തപുപ്പുടം - പല്ലുകളുടെ മൂലഭാഗത്ത് ലന്തക്കുരു വലുപ്പത്തില്‍ വേദനയോടെ വീക്കം ഉണ്ടാകുന്ന അവസ്ഥ.

ദന്തരോഗങ്ങള്‍ക്കുള്ള കാരണം


പല്ലുവേദനയ്ക്കുള്ള പ്രധാന കാരണം ദന്തക്ഷയം തന്നെയാണ്. എങ്കിലും മറ്റു കാരണങ്ങള്‍ കണ്ടെത്തുന്നതിനായി വിശദമായ പരിശോധനകള്‍ 
നടത്തേണ്ടതായി വരും.

അണുബാധ, മോണരോഗങ്ങള്‍, പല്ലുകള്‍ തമ്മിലുരയുക (ബുക്‌സിസം) , പല്ലിനുണ്ടാകുന്ന ക്ഷതങ്ങള്‍, തെറ്റായ രീതി 
യിലുള്ള ചവയ്ക്കല്‍, പല്ലു മുളച്ചു വരുക(സ്‌കൂള്‍ കുട്ടികളില്‍), ടെമ്പോറോ മാന്‍ഡിബുലാര്‍ ഡിസീസസ്, സൈനസൈറ്റിസ്, കര്‍ണരോഗങ്ങള്‍, 
മുഖത്തെ പേശികളിലെ സമ്മര്‍ദ്ദം, തലവേദന, എന്നിവയും പല്ലുവേദനയ്ക്ക് കാരണമാകാം. പ്രമേഹം, മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം 
എന്നിവ ദന്തക്ഷയത്തിനു കാരണമാകുന്നു.

പല്ലുവേദനയോടനുബന്ധിച്ചുള്ള മറ്റു ലക്ഷണങ്ങള്‍


1. പനി, ശ്വാസതടസം, 
2. ഭക്ഷണം ഇറക്കാന്‍ പ്രയാസം 
3. മോണയില്‍ നീര് വരിക 
4. പല്ലുകൊണ്ട് കടിക്കുമ്പോള്‍ വേദന 
5. ദുര്‍ഗന്ധപൂര്‍ണമായ സ്രാവം 
6. നീണ്ടു നില്‍ക്കുന്ന വേദന

വിവിധതരം പല്ലുവേദനകള്‍


ഇടവിട്ടുള്ള തീവ്രതയേറിയ പല്ലുവേദന - ചൂടുള്ള അല്ലെങ്കില്‍ തണുപ്പുള്ള ഭക്ഷണം കഴിക്കുമ്പോഴോ, ഇനാമല്‍ നഷ്ടപ്പെടുക, മോണപ്പഴുപ്പ്, 
പല്ലുപൊട്ടല്‍, എന്നിവകൊണ്ടും ഇത്തരം വേദന വരാം.

ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പല്ലുവേദന - ഒന്നിലധികം പല്ലുകള്‍ വേദനിക്കുന്ന ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചാലുള്ള അവസ്ഥ. 
ശക്തിയായ പല്ലുവേദന - ശക്തിയായ കുത്തുന്നതുപോലെയുള്ള പല്ലുവേദന, മുഖത്ത് നീര് എന്നിവ അണുബാധ, പഴുപ്പ് എന്നിവയുടെ ല 
ക്ഷണമാണ്.

ഭക്ഷണം കഴിക്കുമ്പോള്‍ വേദന - ദന്തക്ഷയം, പല്ലിന് പോട്, പൊട്ടല്‍, എന്നിവ കാരണം. കഴുത്തിനു പുറകില്‍ വേദന - അണപ്പല്ലുകള്‍ മുളയ്ക്കുന്നത് (വിസ്ഡം ടീത്ത്) തടസ്സപ്പെടുന്നതോ, അണപ്പല്ല് സന്ധിക്കുണ്ടാകുന്ന നീര്‍ക്കെട്ടോ 
കാരണമാകാം.

ആയുര്‍വേദ ചികിത്സ വിധികള്‍


പല്ലുകളെയും മോണകളെയും ബാധിക്കുന്ന എല്ലാരോഗങ്ങള്‍ക്കുമുള്ള കാരണങ്ങളും ചികിത്സാ രീതികളും ആയുര്‍വേദത്തിലുണ്ട്.

ഔഷധങ്ങള്‍ ചേര്‍ത്ത് പാകം ചെയ്ത കഷായം കവിള്‍ക്കൊള്ളുക, മരുന്നുകള്‍ ഊനില്‍ തേയ്ക്കുക, യുക്തമായ മരുന്നുകള്‍ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ പുരട്ടുക എന്നിവ ദന്തരോഗം ശമിപ്പിക്കും.

ദന്തോല്‍പ്പത്തി കൊണ്ടുള്ള രോഗങ്ങളില്‍ ദോഷകോപം, രോഗസ്ഥിതി, പ്രായം, ദേശം, കാലം, എന്നീ ഭേദമനുസരിച്ചായിരിക്കും ഔഷധം പ്രയോഗിക്കുക. മൃദുവമനം, വസ്തി, പ്രതിമര്‍ശനസ്യം മുതലായവ ഫലപ്രദമാണ്. കൃമിദന്തം ശമിക്കാന്‍ എരുക്കിന്‍ പാലോ ഏഴിലംപാല കറയോ നിറയ്ക്കുക.

പല്ല് പുളിപ്പിന്


മുത്തങ്ങക്കിഴങ്ങ്, നീര്‍മരുതിന്‍തൊലി, ത്രിഫലത്തോട്, ചുക്ക്,ഞാഴല്‍പൂവ്, മാക്കീരക്കല്ല് എന്നിവ പൊടിച്ച് തേനില്‍ കുഴച്ച് ഊനില്‍ പുരട്ടാം. ഈ 
മരുന്നുകള്‍ കഷായം വച്ച് കവിള്‍ക്കൊള്ളാം.

ശീതദന്തം


അരിക്കാടി ചൂടുപിടിപ്പിച്ച് അതില്‍ ത്രികടുവും ഇന്തുപ്പും ചേര്‍ത്ത് പല പ്രാവശ്യം കവിള്‍കൊള്ളുക. അരിമേദാതി തൈലം കവിള്‍ക്കൊള്ളാനും 
തലയില്‍ തേക്കാനും ഉപയോഗിക്കുന്നത് പല്ല്, ഊന് രോഗങ്ങളെ ശമിപ്പിക്കുന്നു.

1. ഊനിനുണ്ടാകുന്ന നീരിനു തിപ്പലിപ്പൊടി തേന്‍ ചേര്‍ത്തു പുരട്ടാം. മോണപ്പഴുപ്പിനു പാഠാദി ചൂര്‍ണ്ണം, കാളകചൂര്‍ണ്ണം, പീതകചൂര്‍ണ്ണം എ 
ന്നിവകൊണ്ട് യഥാവിധി ദന്തധാവനത്തിന് ഉപയോഗിക്കാം.

2. വചാദിഘൃതം, സമാഗാദി ഘൃതം, രജന്യാദിചൂര്‍ണ്ണം എന്നിവ പല്ലുമുളയ്ക്കുന്നതു കൊണ്ടുണ്ടാകുന്ന ഉപദ്രവങ്ങള്‍ക്ക് ഫലപ്രദമാണ്. 
പല്ലിളകുന്നതിന് : എള്ളെണ്ണ, പാല്‍, നെയ്യ്, വസാ മജ്ജ മുതലായവ ദശമൂലം കഷായം ചേര്‍ത്ത് കവിള്‍കൊള്ളുക.

ഇളകിയ പല്ല് ഉറയ്ക്കാന്‍


ഖദിരാദി തൈലം, കരിങ്ങാലിക്കാതല്‍, വേങ്ങാക്കാതല്‍, പുരാണകിട്ടം, ത്രിഫല, നീര്‍മരുതിന്‍തൊല, കരിവേലപ്പട്ട എന്നിവ കഷായം വച്ച് എണ്ണ 
കാച്ചിയരിച്ച് കവിള്‍കൊള്ളുക.

പല്ലു കുത്തല്‍ മാറാന്‍


ഇലഞ്ഞിക്കുരു ചുട്ടുപൊടിച്ച് നവരയരിച്ചോറില്‍ ചേര്‍ത്ത് ഉരുട്ടി പല്ലിന്റെ കടക്കല്‍ വയ്ക്കുകയോ കൊഴിഞ്ഞില്‍വേര് കൊണ്ട് കഷായം വച്ച് 
അതില്‍ കടുക്ക അരച്ചുകലക്കി എണ്ണ ചേര്‍ത്ത് കാച്ചിയരച്ച് കവിള്‍കൊള്ളുക.

ദന്തവിദ്രതി, കൃമിദന്തം തുടങ്ങിയവയ്ക്ക് അഗ്നികര്‍മ്മം ചികിത്സയായി വിധിക്കുന്നു. അധിമാംസം എന്ന രോഗത്തില്‍ ഛേദനം, വിദര്‍ദത്തില്‍ ക്ഷാര പ്രയോഗം, രക്തമോക്ഷം, എന്നിവ ഫലപ്രദമായ ചികിത്സയാണ്.

ദന്തരോഗങ്ങള്‍ ഒഴിവാക്കാന്‍


ചിരട്ടചുട്ട കരി, പുത്തരിച്ചുണ്ടയുടെ വിത്ത് കളഞ്ഞ കായ, മാക്കീരക്കല്ല്, കരയാമ്പൂവ്, ചുക്ക്, കുരുമുളക്, തിപ്പലി, ജാതിക്ക, ഇന്തുപ്പ്, കല്ലുപ്പ് ഇവ 
സമം കൂട്ടിപൊടിച്ച് അതുകൊണ്ട് പല്ലുതേക്കുക.

ദന്തപരിചരണത്തിന്


കുട്ടികളുടെ പാല്‍ ബോട്ടില്‍, ജൂസ് ബോട്ടില്‍ എന്നിവ അധികസമയം വായില്‍ വയ്ക്കുന്നതും ബോട്ടില്‍ വായില്‍ വച്ച് ഉറങ്ങുന്നതും പല്ല് ദ്രവി 
ക്കാന്‍ കാരണമാകും.

പാല്‍, ജൂസ് തുടങ്ങിയവ കുടിച്ച ഉടനെ ബോട്ടില്‍ മാറ്റണം. നനഞ്ഞ തുണികൊണ്ട് പല്ലും മോണയും വൃത്തിയാക്കുക. കുഞ്ഞുങ്ങള്‍ക്ക് വിരല്‍ കുടിയുണ്ടെങ്കില്‍ അത്തരം ദുശീലം മാറ്റണം.

മൃദുവായ നാരുകളുള്ള ബ്രഷ് ഉപയോഗിക്കാം. പല്ലിന്റെ പിന്‍വശം വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് ചോക്ലേറ്റ്, ഐസ്‌ക്രീം, കോള തുടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കുന്നതും ച്യൂയിംഗം ചവയ്ക്കുന്നതും മൂലം പല്ലിന്റെ ഇനാമല്‍ നശിച്ച് പോട് വരാനുള്ള സാധ്യത കൂടുന്നു.

മധുരമുള്ള വസ്തുക്കള്‍ കഴിച്ചശേഷം നന്നായി വായ് കഴുകുവാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. 10 - 12 വയസു മുതല്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതു കൊണ്ടുണ്ടാകുന്ന വീഴ്ച, അടി, ഇടി എന്നിവമൂലമുണ്ടാകുന്ന ദന്തപ്രശ്‌നങ്ങള്‍ ദോഷമായി ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

അനുയോജ്യമായ ടൂത്ത് ബ്രഷ്, പേസ്റ്റ് എന്നിവ ഉപയോഗിക്കുക. ദിവസേന രണ്ടുനേരം ബ്രഷ് ചെയ്യുന്നതാണ് ഉത്തമം. എന്നാല്‍ അഞ്ചുമിനിറ്റിലധികം ബ്രഷ് ചെയ്യുന്നത് ഇനാമല്‍ കുറഞ്ഞ് ദന്തക്ഷയത്തിനു കാരണമായേക്കും.

സമീകൃതാഹാരം കഴിക്കുക. ഇടവേളകളില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതു കുറയ്ക്കുക. ആഹാരം കഴിച്ച ശേഷം ശുദ്ധജലം കവിള്‍ക്കൊണ്ട് 
വിരലുകള്‍കൊണ്ട് തടവി വായ് വൃത്തിയാക്കുക.

ദന്തസംരക്ഷണത്തിനു അത്യന്താപേക്ഷിതമായ മൂലകങ്ങളുടെ (കാത്സ്യം, ഫ്‌ളൂറൈഡ് തുടങ്ങിയവ) ലഭ്യത ഉറപ്പാക്കുക. വാതരോഗികള്‍, ശരീരം മെലിഞ്ഞവര്‍, ശരീരബലം നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ പല്ലുപറിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്.

ദന്തരോഗങ്ങളില്‍ അപഥ്യം


അധികം ചൂട്, എരിവ്, പുളി, തണുപ്പുള്ള ആഹാരപദാര്‍ഥങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. തണുത്ത വെള്ളത്തിലുള്ള കുളി, പുകവലി, മത്സ്യമാ 
ംസാദികള്‍, വേവിക്കാത്ത പച്ചക്കറികള്‍, ഉഴുന്ന്, പഞ്ചസാര, പാല്‍, എന്നിവയും ഒഴിവാക്കേണ്ടതാണ്.

തണുത്ത കാറ്റ് (എ സി) ഏല്‍ക്കുക, രാത്രിയില്‍ ഉറക്കമൊഴിയുക, ശാരീരിക ആയാസം എന്നിവയും ഒഴിവാക്കണം. ചെറുപ്പം മുതല്‍ ദന്തസംരക്ഷണത്തില്‍ ശ്രദ്ധ നല്‍കിയാല്‍ ആരോഗ്യമുള്ള പല്ലുകള്‍ ദീര്‍ഘകാലം നിലനിര്‍ത്താന്‍ സാധിക്കും.

പല്ലുവേദനയ്ക്ക്


കായം, കുമിഴിന്‍വേര്, കാരീയം, ചവര്‍ക്കാരം, കൊട്ടം, വിഴാലരി എന്നിവ പൊടിച്ച് കിഴികെട്ടി വേദനയുള്ള ഭാഗത്ത് ഉപയോഗിക്കുക. ഇവകൊണ്ട് 
എണ്ണ കാച്ചി കവിള്‍കൊള്ളാം.

കഠിനമായ പല്ലുവേദനയ്ക്ക് ഉടനടി പരിഹാരത്തിന് ഗ്രാമ്പൂ ചതച്ച് ചൂടാക്കി കടിച്ചു പിടിക്കുക. (ഗ്രാമ്പൂ തൈലം ചൂടാക്കി പഞ്ഞിയില്‍ മുക്കി കടിച്ചു പിടിക്കുന്നതും ഫലപ്രദം.)

തയ്യാറാക്കിയത്:
നീതു സാറാ ഫിലിപ്പ്

ഡോ. ആനന്ദ് വി.
സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍
ഗവ. ആയുര്‍വേദ ആശുപത്രി
ഓമല്ലൂര്‍, പത്തനംതിട്ട

 

അവസാനം പരിഷ്കരിച്ചത് : 5/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate