অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുഞ്ഞുങ്ങളിലെ വിരശല്യം

ചെറുപ്രായത്തില്‍ കൃമിശല്യവും വിരശല്യവും പിടികൂടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പൊതുവായി കുട്ടികളെ ബാധിക്കുന്ന വിരശല്യത്തെ കുറിച്ച് മനസ്സിലാക്കുന്നത് എളുപ്പം ചികിത്സ കൊടുക്കുന്നതിനും അതല്ലെങ്കില്‍ അവരെ ഇവ ബാധിക്കാത്തെ സംരക്ഷണം കൊടുക്കുന്നതിനും സഹായിക്കും. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് പ്രധാനമായും മൂന്ന്‍ തരം വിരകളാണ്. കൃമി (Enterobias vermicularis), നാടവിര (Taenia solium), ഉണ്ടവിര (Ascaris lumbricoides) എന്നിവയാണവ.

കൃമി (Pinworm)

ഇതില്‍ കൃമിബാധയാണ് കൂടുതല്‍. ചെറിയ നൂല്‍കഷ്ണം പോലെ തോന്നിക്കുന്ന ഈ വിരകള്‍ കടുത്ത അസ്വസ്ഥതയും പോഷക കുറവും സ്വഭാവമാറ്റങ്ങളും ഉറക്കക്കുറവും സൃഷ്ടിക്കും. അഞ്ച് മുതല്‍ പതിനാല് വയസ്സുവരെയുള്ള കുട്ടികളിലാണ് കൃമിബാധ സാമാന്യമായി കാണപ്പെടുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുകയും ഹോട്ടലുകളിലെയും പുറത്തുനിന്നുള്ള ഭക്ഷണത്തെ കൂടുതലായി ആശ്രയിക്കുന്നവരിലാണ് കൃമിബാധ കൂടുതല്‍. കൃത്യമായി പറഞ്ഞാല്‍ വിരകള്‍ മലത്തില്‍ നിന്നാണ് മനുഷ്യശരീരത്തിലേക്ക് കടക്കുന്നത്. കൃമിബാധിതനായ ഒരാളുടെ വിസര്‍ജ്ജ്യത്തിന്റെ അംശങ്ങള്‍ ഭക്ഷണത്തിലോ വെള്ളത്തിലോ കലരുമ്പോഴാണ് ഇത് മറ്റൊരാളിലേക്ക് പകരുന്നത്.

ലക്ഷണം

മലദ്വാരത്തിന് ച്ചുട്ടിലുമുണ്ടാകുന്ന ചൊറിച്ചിലാണ് ഇതിന്റെ പ്രധാനലക്ഷണം. പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പെണ്‍വിരകള്‍ രാത്രി വേളയില്‍ മലദ്വാരത്തിന് സമീപം മുട്ട ഇടുന്നതാണ് ഇതിന് കാരണം.

  • ഉറക്കക്കുറവ്‌
  • വിശപ്പില്ലായ്മയും ഭാരം കുറയുകയും ചെയ്യും
  • പെണ്‍കുട്ടികളില്‍ യോനി ഭാഗത്ത്‌ ചൊറിച്ചില്‍ അനുഭവപ്പെടാം

ഉണ്ടവിരബാധ (Roundworm)

കുട്ടികളില്‍ പോഷകക്കുറവും ഇടയ്ക്കിടയ്ക്കുള്ള വയറുവേദനയുമൊക്കെ പലപ്പോഴും ഈ ഉണ്ടാവിരകള്‍ കാരണമായിരിക്കും. ഒന്ന് മുതല്‍ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികളിലാണ് ഇത് കാണപ്പെടുക. തറയിലിരുന്ന്‍ കളിക്കുകയും കയ്യും കളിപ്പാട്ടങ്ങളും എപ്പോഴും വായിലിടുന്നതുമാണ് കാരണം. പൂര്‍ണ്ണവളര്‍ച്ചഎത്തിയ ഒരു പെണ്‍വിര ഒരു ദിവസം രണ്ട് ലക്ഷം മുട്ടയിടും. ഇത് വിസര്‍ജ്ജ്യത്തിലൂടെ പുറത്തുവരികയും മാസങ്ങളോളം ഇതിന്റെ മുട്ടകള്‍ മണ്ണില്‍ സജീവമായി കിടക്കുകയും ചെയ്യുന്നതിനാല്‍ പൊടിപടലങ്ങള്‍ വഴിയും ഇത് പടരും.

ലക്ഷണം
  • പോഷകക്കുറവ്
  • നേരിയ വയറുവേദന
  • ഈ വിരകള്‍ ചെറുകുടലില്‍ നിന്നാഹാരം കവര്‍ന്നെടുക്കുകയും പോഷകാംശ ആകീരണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതിനാല്‍ കുട്ടിയുടെ ഭാരവും കുറയും

നാടവിര (Tapworm)

രോഗബാധയുള്ള പന്നി, പോത്ത് ഇവയുടെ മാംസം കഴിക്കുന്നവരിലും വേവിക്കാത്ത പച്ചക്കറികള്‍ കഴിക്കുന്നവരിലുമാണ് ഇത് കാണപ്പെടുക.

ലക്ഷണം
  • മലത്തില്‍ വിരയുടെ ഭാഗങ്ങള്‍ കാണുമ്പോഴാണ് ഈ രോഗം പലപ്പോഴും തിരിച്ചറിയുന്നത്
  • പോഷകക്കുറവ്
  • വയറുവേദന

വളരെ അപൂര്‍വമായാണെങ്കിലും ഇതിന്റെ ലാര്‍വ തലച്ചോറില്‍ എത്തിയാല്‍ സെറിബ്രല്‍ സിസ്ടി സെര്‍ക്കൊസിസ് എന്ന ഗുരുതരാവസ്ഥ ഉണ്ടാക്കും.

കൊക്കപ്പുഴു (Hookworm)

കൊക്കപ്പുഴു ബാധയും സാമാന്യമായി കുട്ടികളില്‍ കാണാറുണ്ട്‌. രോഗതീവ്രതയും കുട്ടിയുടെ ആരോഗ്യനിലയും അനുസരിച്ചാണ് ലക്ഷണങ്ങള്‍. കൊക്കപ്പുഴുവിന്റെ എണ്ണം കുറവാണെങ്കില്‍ ആരോഗ്യവാനായ കുട്ടിയില്‍ യാതൊരു ലക്ഷണവും കാണില്ല. രക്തക്കുറവാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇവ ചെറുകുടലിന്റെ ഭിത്തികളില്‍ ഒട്ടിപ്പിടിച്ചിരിക്കുകയും ഒരു ദിവസം ഏതാണ്ട് 0.013 0.2 മില്ലിഗ്രാം രക്തം കുടിക്കുകയും ചെയ്യുന്നു എനാണ് നിഗമനം. ക്ഷീണം വിളര്‍ച്ച എന്ന ലക്ഷണങ്ങളും ഒപ്പമുണ്ടാകും. ഇവിടെ ഇതിനുള്ള ചികിത്സക്കൊപ്പം കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യണം. അയേണ്‍/ ഫെറസ് സള്‍ഫേറ്റ്‌ മരുന്നുകളും നല്ല പോഷകാഹരങ്ങളും നല്‍കണം. ചിലര്‍ അസഹ്യമായി ചൊറിച്ചിലില്‍ നിന്ന് ആശ്വാസത്തിന് മണ്ണെണ്ണ പോലുള്ള ദ്രാവകങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇത് അപകടമാണ്. താത്കാലില ശമനത്തിന് വെളിച്ചെണ്ണയില്‍ ചെറുനാരങ്ങനീര് ചാലിച്ചുപയോഗിക്കാം. അലോവേര ജെല്ലും ഉപയോഗിക്കാവുന്നതാണ്.

ചികിത്സ

അല്‍ബെന്‍ഡസോള്‍, മെബന്‍ഡസോള്‍, ഐവര്‍മെക്കറ്റിന്‍ എന്ന മരുന്നുകള്‍ ദ്രാവകരൂപത്തിലും ഗുളികകളായും ലഭിക്കുന്നതാണ്. ഇതാണ് എല്ലാതരം വിരകളിലും ഇത് ഫലപ്രദമാണ്. ചികിത്സിക്കുമ്പോള്‍ കുടുംബാംഗങ്ങളെയും ശ്രദ്ധിക്കണം.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

  • വിസര്‍ജ്ജ്യം ആഹാരത്തില്‍ കലരാനുള്ള സാഹചര്യം ഒഴിവാക്കുക.
  • വിസര്‍ജ്ജന ശേഷം കുട്ടിയുടെ കൈപ്പത്തികള്‍ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകാന്‍ ശീലിപ്പിക്കുക.
  • മാതാപിതാക്കളും ഇത് പാലിക്കണം.
  • കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിന് മുന്‍പായി കൈകള്‍ വൃത്തിയായി കഴുകുക.
  • ഈച്ചകള്‍ ആഹാരത്തില്‍ വന്നിരിക്കാതെ ശ്രദ്ധിക്കുക.
  • മാംസം പച്ചക്കറികള്‍ മുതലായവ നന്നായി വേവിച്ച് ഉപയോഗിക്കുക.
  • നഖങ്ങള്‍ കൃത്യമായി വെട്ടി വൃത്തിയായി സൂക്ഷിക്കുക.
  • വീടിന് പുറത്ത്‌ പോകുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ ധരിക്കാന്‍ ശീലിപ്പിക്കുക.
  • ഒരു വയസ്സ് കഴിഞ്ഞ കുട്ടികള്‍ക്ക്‌ വിരമരുന്ന് നല്‍കാനോ എന്നത് മിക്ക മാതാപിതാക്കളുടേയും സംശയമാണ്. വിരമരുന്ന് കുഞ്ഞുങ്ങള്‍ക്ക്‌ നിര്‍ബന്ധമായും നല്‍കേണ്ട ഒന്നല്ല.
  • കുഞ്ഞ് ആഹാരത്തോട് വിരക്തി കാണിക്കുക, അസ്വസ്ഥത, ക്ഷീണം, മലത്തില്‍ കൃമിയോ വിരയോ കാണുക, മലദ്വാരത്തില്‍ ചൊറിച്ചില്‍ ഉണ്ടാകുക ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണുകയും വിരമരുന്ന് നല്‍കുകയും ചെയ്യാം.
ഡോ. അമൃത ബിവീഷ്‌
വെല്‍ഫെയര്‍ ഹോസ്പിറ്റല്‍

അവസാനം പരിഷ്കരിച്ചത് : 6/5/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate