വൃക്കകൾ പ്രവർത്തനരഹിതമായ അവസ്ഥയിൽ ശരീരത്തിന്റെ ആന്തരീകാവയവങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കുകയും വെള്ളം, ഉപ്പ് തുടങ്ങിയ ഘടകങ്ങളുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു കൃത്രിമ രീതിയാണ് ഡയാലിസിസ്. ഡയാലിസിസിനെ ഹീമോഡയാലിസിസ്, പെരിട്ടോണിയൽ ഡയാലിസിസ് എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
കൃത്യമായി ഡയാലിസിസ് ചെയ്യുകയും ഭക്ഷണക്രമീകരണം നടത്തുകയും മരുന്നു കൃത്യമായി കഴിക്കുകയും ചെയ്താൽ ഈ ബുദ്ധിമുട്ടുകൾ വളരെ അപൂർവമാണ്.
ഭക്ഷണക്രമീകരണം ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് വേണോ?
വേണം. പ്രധാനമായും ഉപ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, വെള്ളം ഇവ നിയന്ത്രിക്കണം. ഡയാലിസിസ് തുടങ്ങിയതിനുശേഷം പ്രോട്ടീനിന്റെ അളവ് കൂട്ടണം.
സ്ഥായിയായ വൃക്കസ്തംഭനം സംഭവിച്ച ഒരാൾക്ക് ഇന്നു നിലവിൽ ഉള്ള ഏറ്റവും പ്രതീക്ഷ നല്കുന്ന ഒരു ചികിത്സാ മാർഗമാണ് വൃക്കമാറ്റിവയ്ക്കൽ. വൃക്കസ്തംഭനം സംഭവിച്ച ഒരാൾക്ക് പൂർണ ആരോഗ്യവാനായ ഒരു ബന്ധുവിൽ നിന്നോ അല്ലെങ്കിൽ മസ്തിഷ്കമരണം സംഭവിച്ച ഒരാളിൽനിന്നോ ആരോഗ്യമുള്ള ഒരു വൃക്ക ശസ്ത്രക്രിയയിലൂടെ നല്കുന്പോൾ അതിനെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നു പറയുന്നു.
പൂർണസുഖം, മെച്ചപ്പെട്ട ജീവിതം, ഡയാലിസിസ് ഒഴിവാക്കാം, സമയം, ശാരീരിക ക്ലേശങ്ങൾ, ഡയാലിസിസിനോട് അനുബന്ധത്തിലുള്ള പ്രശ്നങ്ങൾ ഇവയിൽനിന്നെല്ലാം മുക്തി, ഭക്ഷണം, വെള്ളം ഇവയിലെ നിയന്ത്രണങ്ങൾ കുറയുന്നു. ജീവിതം, ആയുസ്, ഇവ നീട്ടിലഭിക്കുന്നു.
ശസ്ത്രക്രിയ ആദ്യം ചെലവുകൂടുതലാണെങ്കിലും രണ്ടോ മൂന്നോ കൊല്ലം കഴിയുന്പോൾ വൃക്ക സ്വീകരിച്ച ആളുടെ മരുന്നിന്റെ ചെലവ് വളരെ കുറയുന്നു. ലൈംഗികജീവിതം പുരുഷനിൽ മെച്ചപ്പെടുന്പോൾ സ്ത്രീകളിൽ ഗർഭധാരണത്തിന് സാധ്യത ഏറുന്നു.
മരുന്ന് ഒരു കാരണവശാലും നിർത്തരുത്. ഇതിന്റെ കാര്യത്തിൽ ശ്രദ്ധ വേണം. ഒരു ദിവസം മുടക്കുക, നിർത്തുക ഇവ എന്തെങ്കിലും ഉണ്ടായാൽ വൃക്ക പ്രവർത്തനം തകരാറിലാകും. മരുന്ന് തീരുന്നതുവരെ കാക്കാതെ ആവശ്യത്തിനു സ്റ്റോക്ക് ചെയ്യുക. ഏതെങ്കിലും കുറിപ്പടിയോ മറ്റു മരുന്നുകളോ പരീക്ഷിക്കരുത്. രക്തസമ്മർദം, മൂത്രത്തിന്റെ അളവ്, തൂക്കം, രക്തത്തിലെ പഞ്ചസാര ഇതെല്ലാം അളന്ന് രേഖപ്പെടുത്തുക. ഡോക്ടറെ കാണുക, മൂത്ര - രക്തപരിശോധന നടത്തുക. മറ്റൊരു ഡോക്ടറെ സമീപിക്കേണ്ടിവരുന്പോൾ ആദ്യംതന്നെ വൃക്കമാറ്റിവയ്ക്കലിനു വിധേയനായ വിവരം പറയുക. ലാബ് റിപ്പോർട്ടുകൾ ശരിയല്ല എന്നു തോന്നിയാൽ മറ്റൊരു ലാബിൽ കൂടി പരിശോധിക്കാം.
3 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ഭക്ഷണനിയന്ത്രണം കുറവാണെങ്കിലും സമീകൃത ആഹാരം കഴിക്കുവാൻ ശ്രദ്ധിക്കുക. അന്നജം, ഉൗർജം, എന്നിവ ഉൾപ്പെടുത്തി ഉപ്പും എണ്ണയും കുറഞ്ഞ ആഹാരം ആയിരിക്കണം. നാര് അടങ്ങിയ ഭക്ഷണവും ഇതിൽ ഉൾപ്പെടണം. ഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കും. വ്യായാമം നിർബന്ധമാക്കുക. കഠിനമായ ശാരീരിക അധ്വാനം ഒഴിവാക്കുക. ഉദാ. ബോക്സിംഗ്, ഫുട്ബോൾ, പുകവലി, മദ്യപാനം എല്ലാം ഒഴിവാക്കുക.
വ്യായാമം ചെയ്യുക. പ്രമേഹം നിയന്ത്രണത്തിൽ ആയിരിക്കണം. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കണം. അമിതവണ്ണം ആകരുത്. ആവശ്യത്തിനു വെള്ളം കുടിക്കണം. പുകവലിക്കരുത്. വേദനസംഹാരികൾ അധികം ഉപയോഗിക്കരുത്.
വിവരങ്ങൾ:
ഡോ. ജയന്ത് തോമസ് മാത്യു,
നെഫ്രോളജി വകുപ്പ് മേധാവി, അമല മെഡി. കോളജ്, തൃശൂർ.
തയാറാക്കിയത്: ജോബ് സ്രായിൽ
അവസാനം പരിഷ്കരിച്ചത് : 6/26/2020