অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സിറോസിസ്

Help
ലിവര്‍ സിറോസിസ്

സിറോസിസ്

പുനരുജ്ജീവന ശേഷിയും സഹനശേഷിയും ഒട്ടേറെയുള്ള ഒരു ആന്തരികാവയവമാണ് കരള്‍. ശുദ്ധീകരണം, സംസ്കരണം, സംഭരണം അടക്കം സങ്കീര്‍ണമായ നിരവധി ധര്‍മങ്ങള്‍ കരളാണ് നിര്‍വഹിക്കുക. ഏറിയ പങ്കോളം നശിച്ച് കഴിഞ്ഞാലും കരള്‍ അതിന്‍െറ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തി വരാറുണ്ട്. കേട് വന്ന ഭാഗം മുറിച്ച് മാറ്റിയാലും വീണ്ടും വളര്‍ന്ന് വരാനുള്ള കഴിവും കരളിനുണ്ട്. മദ്യപാനം, അമിതവും ഹീനവുമായ ഭക്ഷണങ്ങള്‍, വ്യായാമക്കുറവ് തുടങ്ങിയ ഘടകങ്ങളൊക്കെ കരളിനെ സമ്മര്‍ദത്തിലാക്കുകയും നിരവധി രോഗങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

കരളിനെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ രോഗങ്ങളിലൊന്നാണ് സിറോസിസ്. ‘യകൃദുദരം’ എന്ന പേരിലാണ് ആയുര്‍വേദത്തില്‍ ഇതറിയപ്പെടുക. കരളിലെ കോശങ്ങളൊക്കെ നശിച്ച് വടുക്കള്‍ കെട്ടി കട്ടിപിടിച്ച് പ്രവര്‍ത്തനരഹിതമായിത്തീരുന്ന അതീവ ഗുരുതരമായ രോഗാവസ്ഥയാണിത്. സിറോസിസ് ബാധിക്കുന്നതോടെ സ്വാഭാവിക മൃദുത്വം നഷ്ടമായി കരള്‍ കല്ലുപോലെയാകുന്നു. സ്വയം സുഖപ്പെടുത്താനുള്ള കഴിവും കരളിന് ഇതോടെ നഷ്ടമാകും.

കാരണങ്ങള്‍


സിറോസിസിനിടയാക്കുന്ന പ്രധാന കാരണം മദ്യപാനമാണ്. ഹെപ്പറ്റൈറ്റിസ് അടക്കമുള്ള പല കരള്‍ രോഗങ്ങളും നേരത്തെ കണ്ടത്തെി ശ്രദ്ധയോടെ ചികിത്സിച്ചില്ളെങ്കില്‍ ക്രമേണ സിറോസിസിനിടയാക്കാറുണ്ട്. അണുബാധകള്‍, വിക്ഷബാധ, പാരമ്പര്യ രോഗങ്ങള്‍, പിത്തനാളി അടഞ്ഞുപോവുക, ഇവയും സിറോസിസിനിടയാക്കും. ഫാറ്റി ലിവര്‍ യഥാസമയം ചികിത്സിക്കുന്നതും സിറോസിസ് വരാതിരിക്കാന്‍ സഹായകമാകും.

ലക്ഷണങ്ങള്‍


തുടക്കത്തില്‍ മറ്റ് കരള്‍രോഗങ്ങള്‍ പോലത്തെന്നെ സിറോസിസിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ കാണാറില്ല. പ്രശ്നങ്ങള്‍ ഗുരുതരമായ ശേഷം മാത്രം രോഗം തിരിച്ചറിയുന്നവരും ഉണ്ട്. വിശപ്പില്ലായ്മ, ക്ഷീണം, വയറ്റില്‍ അസ്വസ്ഥത തുടങ്ങിയവ ചിലരില്‍ കാണുന്നു. എന്നാല്‍ രോഗം ശക്തി പ്രാപിക്കുന്നതോടെ വയറില്‍ വെള്ളം കെട്ടിനില്‍ക്കുക, തൊലിപ്പുറത്ത് ചില പ്രത്യേക ആകൃതിയില്‍ രക്തക്കുഴലുകള്‍ തെളിഞ്ഞ് കാണുക, രക്തം ഛര്‍ദിക്കുക, മൂക്കിലൂടെ രക്തം വരിക, മലത്തില്‍ രക്തം കലരുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും.

മദ്യം സിറോസിസിന് വഴിയൊരുക്കുന്നതെങ്ങനെ?


മദ്യത്തെ വിഷകരമായ രാസപദാര്‍ഥങ്ങളായി വിഘടിപ്പിക്കുന്നത് കരളാണ്. അതിനാല്‍ മദ്യത്തിന്‍െറ ദോഷഫലങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നതും കരളിനെയാണ്. മദ്യം ശരീരത്തിലത്തെുന്ന നിമിഷം മുതല്‍ തന്നെ അതിന്‍െറ പ്രവര്‍ത്തനം തുടങ്ങും. ആമാശയത്തിലത്തെുന്ന മദ്യത്തിന്‍െറ 20 ശതമാനത്തോളം അവിടെവെച്ച് തന്നെ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നു. ശേഷിക്കുന്ന 80 ശതമാനം ചെറുകുടലിലെ ത്തി അവിടെനിന്ന് കരളിലേക്ക് സംസ്കരിച്ച് നിര്‍വീര്യമാക്കാനായി എത്തുന്നു. ഉപാപചയത്തത്തെുടര്‍ന്നുണ്ടാകുന്ന രാസ പദാര്‍ഥങ്ങളും ഫ്രീറാഡിക്കലുകളും മദ്യത്തെക്കാള്‍ അപകടകാരികളാണ്. ഇവ കരള്‍കോശങ്ങളുടെ നാശത്തിനും നിര്‍വീക്കത്തിനും ഇടയാക്കുന്നു. തുടര്‍ന്ന് സംയോജിത കലകള്‍ അടിഞ്ഞ് കൂടി വടുക്കള്‍ കെട്ടി കരള്‍ കട്ടിയുള്ളതാകുന്നു. സിറോസിസ് ബാധിക്കുന്നതോടെ കാര്യക്ഷമത കരളിന് നഷ്ടമാകുന്നു.

സിറോസിസ് - സങ്കീര്‍ണതകള്‍


കരള്‍ കോശങ്ങള്‍ നശിക്കുന്നതിനെ തുടര്‍ന്ന് പലതരത്തിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാറുണ്ട്.

നീര്‍ക്കെട്ട്


സിറോസിസ് ഗുരുതരമാകുന്നതോടെ വയറ്റില്‍ വെള്ളം കെട്ടി നില്‍ക്കുക, കാലുകളില്‍ നീര് കെട്ടി നില്‍ക്കുക തുടങ്ങിയവ ഉണ്ടാകുന്നു.

രക്തസ്രാവം

രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകള്‍ കരളിലാണ് നിര്‍മിക്കുക. കരളിന്‍െറ പ്രവര്‍ത്തനം തകരാറിലാകുന്നതോടെ ഈ പ്രോട്ടീനുകള്‍ ഉണ്ടാകാതെ രക്തസ്രാവത്തിന് വഴിയൊരുക്കും. നിസ്സാര കാരണങ്ങള്‍ കൊണ്ടുപോലും മൂക്കിലൂടെയും കുടലിലൂടെയും രക്തസ്രാവമുണ്ടാകുന്നു.

പിത്താശയക്കല്ലുകള്‍

സിറോസിസ് മൂലം പിത്തനീരിന്‍െറ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ട് പിത്താശയക്കല്ലുകള്‍ രൂപം കൊള്ളുന്നു.

മഞ്ഞപ്പിത്തം

കരളിനെ ബാധിക്കുന്ന രോഗങ്ങളെല്ലാം മഞ്ഞപ്പിത്തത്തിനിടയാക്കാറുണ്ട്.

വീര്‍ത്ത് പൊട്ടുന്ന രക്തക്കുഴലുകള്‍

സിറോസിസ് ഗുരുതരമാകുമ്പോള്‍ കരളിലേക്കുള്ള പ്രത്യേക രക്തചംക്രമണ സംവിധാനത്തിന് തടസ്സം നേരിടുകയും സിരകള്‍ അമിത മര്‍ദത്തിന് വിധേയരാകുകയും ചെയ്യുന്നു. ഇങ്ങനെയുണ്ടാകുന്ന അമിത മര്‍ദം മറ്റ് രക്തക്കുഴലുകളെയും ബാധിക്കുന്നു. അന്നനാളം, ആമാശയം, മലാശയം എന്നിവിടങ്ങളിലെ രക്തക്കുഴലുകള്‍ വീര്‍ത്ത് പൊട്ടാനിടയാക്കുന്നു. കൂടാതെ പ്ളീഹ വീര്‍ക്കുക, വയറില്‍ വെള്ളം കെട്ടി നില്‍ക്കുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകുന്നു.

അബോധാവസ്ഥ

തകരാറ് സംഭവിക്കുന്നതോടെ വിഷവസ്തുക്കളെ നിര്‍വീര്യമാക്കാനുള്ള കഴിവ് കരളിന് ഇല്ലാതാകുന്നു. അതിനാല്‍ പല വിഷ വസ്തുക്കളും മസ്തിഷ്കത്തിലത്തെി രോഗിയെ അബോധാവസ്ഥയിലേക്ക് നയിക്കുന്നു.
കൂടാതെ സിറോസിസ് ഗുരുതരമാകുന്നത് കരളിനെ ബാധിക്കുന്ന അര്‍ബുദത്തിനും ഇടയാക്കാറുണ്ട്.

ചികിത്സ


നിരവധിയിനം സസ്യ ഒൗഷധികളെ കരള്‍ രോഗ ചികിത്സയില്‍ ഉപയോഗപ്പെടുത്താറുണ്ട്. കീഴാര്‍നെല്ലി, കിരിയാത്ത്, ചിറ്റമൃത്, ബ്രഹ്മി, തിപ്പലി, കൊന്ന, തകര, മുത്തങ്ങ, കടുക് രോഹിണി, നെല്ലിക്ക, പര്‍പ്പടകപ്പുല്ല്, മഞ്ചട്ടി, കറ്റാര്‍ വാഴ, കയ്യോന്നി, മഞ്ഞള്‍, വിഴാലരി തുടങ്ങിയവ അവയില്‍ ചിലതാണ്. വിഷാംശങ്ങള്‍ നീക്കി കരള്‍ കോശങ്ങളുടെ പുനരുജ്ജീവനത്തെ സഹായിച്ചും, വൈറസിനെ നിര്‍വീര്യമാക്കിയും, കരള്‍ വീക്കം കുറച്ചും വയറിലെ നീര്‍ക്കെട്ട് ശമിപ്പിച്ചും ഇത്തരം ഒൗഷധങ്ങള്‍ കരളിന് കരുത്തേകുന്നു. അവസ്ഥകള്‍ക്കനുസരിച്ച് വിശേഷ ചികിത്സകളും നല്‍കുന്നു.

സിറോസിസ് ഒഴിവാക്കാന്‍


മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുക
പച്ചക്കറികള്‍, ഇലക്കറികള്‍, പച്ചപ്പയര്‍ വര്‍ഗങ്ങള്‍, തവിട് കളയാത്ത ധാന്യങ്ങള്‍, പാട മാറ്റിയ പാല്‍, മലര്, ഓട്സ്, റാഗി, ഓറഞ്ച്, ആപ്പിള്‍, കരിമ്പിന്‍ നീര്, പേരക്ക, നാരങ്ങ ഇവ ഭക്ഷണത്തില്‍ പെടുത്തുന്നത് കരളിന്‍െറ ആരോഗ്യത്തിന് ഗുണകരമാണ്.
കടുപ്പമുള്ള കാപ്പി, കോളകള്‍, ഡാല്‍ഡ, വെണ്ണ, നെയ്യ്, കൃത്രിമ മധുരവും നിറവും ചേര്‍ത്ത ഭക്ഷണ പദാര്‍ഥങ്ങള്‍, പേസ്ട്രി, ചുവന്ന മാംസം ഇവ ഒഴിവാക്കുന്നത് കരളിന് ഗുണകരമാണ്.
ഫാറ്റി ലിവര്‍ പോലെയുള്ള കരള്‍ രോഗങ്ങള്‍ നിസ്സാരമായി കാണാതെ ചികിത്സ തേടുക.
മിതമായി നിത്യവും വ്യായാമം ശീലമാക്കുക.
കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

 

കടപ്പാട് : ഡോ.പ്രിയ ദേവദത്ത്,കോട്ടക്കൽ ആര്യവൈദ്യശാല,മാന്നാർ

(State Medicinal Plant Board Member,Kerala)

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate