ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണു ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സറുകള്‍. അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ശ്വാസകോശാര്‍ബുദം തന്നെയാണ്. രോഗത്തിന്റെ ആദ്യകാലങ്ങളില്‍ പ്രകടമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയുണ്ടാവുന്നില്ല എന്നതാണ് ശ്വാസകോശാര്‍ബുദത്തിന്റെ പ്രത്യേകത. രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
1. വിട്ടുമാറാത്ത ചുമ
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലമുണ്ടാകുന്ന ചുമ ഒന്നോ രണ്ടോ ആഴ്ചകള്‍ മാത്രമാകും ഉണ്ടാവുക. എന്നാല്‍ വിട്ടുമാറാത്ത ചുമ ശ്വാസകോശത്തിലെ ക്യാന്‍സറിന്റെ ലക്ഷണമാകാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ചുമയെ പെട്ടന്നുള്ള മരുന്നുകളിലൂടെ ഒഴിവാക്കാതിരിക്കുകയാണ് വേണ്ടത്.
ഇത്തരത്തിലുള്ള ചുമ വരണ്ടതോ അതോ മ്യൂക്കസ് ഉല്പാദിപ്പിക്കുന്നതാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഡോക്ടറെ സമീപിച്ച് എക്സ്റേയോ മറ്റു ടെസ്റ്റുകളോ ചെയ്യേണ്ടത് ആവശ്യമാണ്.
2. ശ്വസനത്തിലെ വ്യത്യാസങ്ങള്‍
ശ്വസനത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ശ്വാസകോശ ക്യാന്‍സറിന്റെ ലക്ഷണമാകാനുള്ള സാധ്യതയുണ്ട്. ശ്വസനത്തിന്റെ കുറവ് അല്ലെങ്കില്‍ പെട്ടെന്നുള്ള ശ്വസനങ്ങള്‍ എന്നിവ ശ്വാസകോശ ക്യാന്‍സറിന്റെ ഭാഗമായി സംഭവിക്കാവുന്നതാണ്. ശ്വാസകോശത്തില്‍ മുഴകള്‍ ഉണ്ടെങ്കില്‍ ശ്വസനത്തില്‍ വ്യതിയാനങ്ങള്‍ സംഭവിക്കാവുന്നതാണ്.
3. നെഞ്ച് വേദന
ശ്വസകോശാര്‍ബുദം നെഞ്ച് വേദനയ്ക്കും കാരണമാകാറുണ്ട്. നെഞ്ച്, ഷോള്‍ഡര്‍, പുറം തുടങ്ങിയ ഭാഗങ്ങളില്‍ ചുമയോടുകൂടിയ വേദനയും ഇതിനോടൊപ്പം അനുഭവപ്പെടാം.
4. ശ്വാസം മുട്ട്
ശ്വസകോശങ്ങളില്‍ തടസ്സമുണ്ടാകുമ്പോള്‍ ശ്വാസം മുട്ടിനുള്ള സാധ്യത അധികമാണ്. ശ്വാസകോശത്തിലെ മുഴയുമായി ശ്വസകോശം ഉരസുമ്പോള്‍ ചൂളം വിളിക്കുന്നതു പോലുള്ള ശബ്ദം കേള്‍ക്കുകയും ചെയ്യും.
5. ശബ്ദത്തിലെ വ്യതിയാനം
നിങ്ങളുടെ ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും രോഗലക്ഷണമായേക്കാം. പരുഷമാര്‍ന്ന ശബ്ദത്തിലേക്ക് പെട്ടെന്ന് മാറുകയാണെങ്കില്‍ ചികിത്സ തേടേണ്ടതുണ്ട്.
6. ഭാരം കുറയല്‍
നിങ്ങളുടെ ശരീര ഭാരം പെട്ടെന്ന് കുറയുന്നതും ശ്വാസകോശാര്ബുദത്തിനോ മറ്റു രീതിയിലുള്ള അര്ബുദങ്ങളുടെയോ കാരണമാകാം.
7. അസ്ഥി വേദന
ശ്വാസകോശാര്‍ബുദം അസ്ഥികളിലേക്കാകും കൂടുതലും വ്യാപിക്കുക. ഇത് ശരീരത്തിന്റെ പുറക് വശത്തും അസ്ഥികളിലും വേദനയ്ക്ക് കാരണമായേക്കാം. രാത്രികാലങ്ങളില്‍ മൂര്‍ച്ഛിക്കുകയും ശരീരം അനങ്ങുമ്പോള്‍ കൂടുകയും ചെയ്യുന്ന രീതിയിലാകും ഇത്തരം വേദന.
8. തലവേദന
തലവേദനയും ശ്വാസകോശാര്‍ബുദം മൂലം ഉണ്ടാകാറുണ്ട്. ശ്വാസകോശാര്ബദം മസ്തിഷ്കത്തിലേക്ക് വ്യാപിക്കുമ്പോഴാകും തലവേദന കൂടുതലായും അനുഭവപ്പെടുക.
രോഗവ്യാപ്തി, ഏതിനം കോശങ്ങളാണു കാന്‍സറിനു കാരണം, രോഗിയുടെ പൊതു ആരോഗ്യസ്ഥിതി എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണു ചികിത്സ നിര്‍ണയിക്കുന്നത്.
രോഗം ശ്വാസകോശത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഒതുങ്ങി നില്ക്കുന്ന അവസ്ഥയാണെങ്കില്‍ ശസ്ത്രക്രിയ പ്രയോജനപ്പെടും. എന്നാല്‍, ഈ ഘട്ടത്തില്‍ പലപ്പോഴും ശ്വാസകോശാര്‍ബുദം കണ്ടുപിടിക്കപ്പെടാറില്ല എന്നതാണു യാഥാര്‍ത്ഥ്യം. റേഡിയേഷന് ചികിത്സ, കീമോ തെറാപ്പി എന്നിവയാണു ശ്വാസകോശാര്‍ബുദത്തിനു നിലവിലുള്ള പ്രധാന ചികിത്സ മുറകള്‍.
കടപ്പാട് : കേരളഭൂഷണം
അവസാനം പരിഷ്കരിച്ചത് : 6/20/2020