অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശ്വാസകോശ കാന്‍സര്‍

ഇന്നത്തെക്കാലത്ത് മനുഷ്യര്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു രോഗമാണ് കാന്‍സര്‍. ഏതു സമയത്തും ആര്‍ക്കുവേണമെങ്കിലും ഇതു വരാം. ഇതിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും അനാരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനപ്രശ്‌നം.

പലപ്പോഴും കാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തതാണ് മരണത്തിലേക്ക് നയിക്കുന്നത്. തുടക്കത്തിലെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ...

  1. ശരീരത്തിലുണ്ടാകുന്ന വിളര്‍ച്ച.
  2. ശ്വാസം എടുക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക.
  3. ചുമച്ച് തുപ്പുന്ന കഫത്തില്‍ രക്തത്തിന്റെ അംശം കാണുക.
  4. സ്തനങ്ങളില്‍ ഉണ്ടാകുന്ന മുഴകള്‍ കാന്‍സറിന്റെ ലക്ഷണങ്ങളായിരിക്കാം. അത് നിസ്സാരമായി കാണരുത്.
  5. മൂത്രത്തില്‍ രക്തം കണ്ടാല്‍ ഉടന്‍ പരിശോധന നടത്തുക.
  6. മലദ്വാരത്തിലൂടെ ഉണ്ടാകുന്ന രക്തസ്രാവം.
  7. ശരീരത്തിലെ മറുകുകളോ പാടുകളോ നിറം മാറുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം.
  8. കാരണങ്ങള്‍ ഒന്നുമില്ലാതെ പെട്ടെന്ന് ഭാരം കുറയുക.

ഇതില്‍ ഒന്നില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിച്ച് രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ശ്വാസകോശ കാന്‍സര്‍

സിഗരറ്റ്, ബീഡി പുകയില്‍ കാന്‍സറിനു കാരണമാകുന്ന നിരവധി കാര്‍സിനോജനുകള്‍ ഉണ്ട്. ഇതിനുപുറമെ അര്‍ധ കാര്‍സിനോജനുകള്‍, ന്യൂക്ലിയിക് അമ്ലങ്ങള്‍ക്കു തകരാറുണ്ടാക്കുന്ന ഘടകങ്ങള്‍ എന്നിവയും പുകയിലടങ്ങിയിരിക്കുന്നു.ഏറ്റവും മാരകമായ അര്‍ബുദങ്ങളിലൊന്നാണു ശ്വാസകോശത്തെ ബാധിക്കുന്ന കാന്‍സറുകള്‍. അര്‍ബുദം മൂലമുള്ള മരണത്തില്‍ ഒന്നാം സ്ഥാനവും ഈ രോഗത്തിനു തന്നെ.

മുമ്പു പ്രായമായവരേയും പുകവലിക്കാരേയും പിടികൂടിയിരുന്ന ഇതിന്നു ചെറുപ്പക്കാരിലും വ്യാപകമായിക്കൊണ്ടിരിക്കുന്നു. എന്തിനു സ്ത്രീകളിലും കുട്ടികളിലും വരെ ശ്വാസകോശാര്‍ബുദം വര്‍ധിച്ചു വരികയാണ്.

രോഗകാരണങ്ങള്‍


അനിയന്ത്രിതമായ കോശവളര്‍ച്ചയാണു കാന്‍സറുകളില്‍ ഉണ്ടാകുന്നത്. ഇതിനു പിന്നില്‍ പല ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പുകവലിയാണു ശ്വാസകോശ കാന്‍സറുണ്ടാക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കു വഹിക്കുന്നത്. സിഗരറ്റ്, ബീഡി പുകയില്‍ കാന്‍സറിനു കാരണമാകുന്ന നിരവധി കാര്‍സിനോജനുകള്‍ ഉണ്ട്.

ഇതിനുപുറമെ അര്‍ധ കാര്‍സിനോജനുകള്‍, ന്യൂക്ലിയിക് അമ്ലങ്ങള്‍ക്കു തകരാറുണ്ടാക്കുന്ന ഘടകങ്ങള്‍ എന്നിവയും പുകയിലടങ്ങിയിരിക്കുന്നു. ബെന്‍സീന്‍, നൈട്രോസമിനുകള്‍, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍, ടാര്‍ തുടങ്ങിയവ കാന്‍സറിനു കാരണമാകാം.

പുകവലിക്കാരന്‍ പുറത്തേക്കു വിടുന്ന പുകയും അപകടവിമുക്തമല്ല. ഈ നിഷ്‌ക്രിയ പുകവലി ഒരിക്കലും പുകവലിക്കാത്തവര്‍ക്കും കാന്‍സര്‍ സമ്മാനിക്കുന്നു. 80-90 ശതമാനം ശ്വാസകോശ കാന്‍സറുകളും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ശ്വാസകോശ കാന്‍സറുണ്ടാക്കുന്നതില്‍ വായു മലിനീകരണത്തിനും വലിയ പങ്കുണ്ട്. ഖനി തൊഴിലാളികള്‍, ക്വാറികളില്‍ ജോലി ചെയ്യുന്നവര്‍, ആസ്ബസ്‌റ്റോസ്, നിക്കല്‍, ത്രോമിയം, ആര്‍സെനിക് തുടങ്ങിയവ കൈകാര്യം ചെയ്യുന്നവര്‍ തുടങ്ങിയവരിലും ഈ അര്‍ബുദം കൂടുതലായി കണ്ടുവരുന്നു.

പ്രകൃത്യാ ഉള്ള റാഡോണ്‍ അണുപ്രസരണം, ജനിതക കാരണങ്ങള്‍ എന്നിവയും കാന്‍സറിനു കാരണമാകാം. അപൂര്‍വമായി ക്ഷയരോഗത്തിന്റെ ഉണങ്ങിയ പാടുകളില്‍ കാന്‍സര്‍ കോശങ്ങള്‍ രൂപം കൊള്ളാം. മാംസഭക്ഷണം, ചിലയിനം വൈറസുകള്‍ തുടങ്ങിയവയും കാന്‍സറിനു കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു.

ശ്വാസകോശാര്‍ബുദം വിവിധതരം


എല്ലാ ശ്വാസകോശ കാന്‍സറുകളും ഒരേപോലെയല്ല. ഏതുതരം കോശങ്ങളില്‍ നിന്നാണ് അവ ഉണ്ടാകുന്നതെന്നതിനെ ആശ്രയിച്ച് അഡിനോ കോശ കാന്‍സറുകള്‍ സ്‌ക്വാമസ് കോശ കാന്‍സറുകള്‍ ചെറുകോശ കാന്‍സറുകള്‍ എന്നിവയെ പ്രധാനമായും തരം തിരിക്കാം.

രോഗ വ്യാപന വേഗത, ചികിത്‌സയോടുള്ള പ്രതികരണം എന്നീ കാര്യങ്ങളിലൊക്കെ ഇവ വ്യത്യസ്ത സ്വഭാവമാണു കാണിക്കാറുള്ളത്. ഇതിനുപുറമെ മറ്റു നിരവധിയിനം കാന്‍സറുകളും വിവിധ ശരീരഭാഗങ്ങളിലെ കാന്‍സറുകളും ശ്വാസകോശത്തെ ബാധിക്കുന്നതും സാധാരണമാണ്.

കാന്‍സറിന്റെ ലക്ഷണങ്ങള്‍


രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും തന്നെ കാണണമെന്നില്ല. പലപ്പോഴും മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് എക്‌സ്‌റേ എടുക്കുമ്പോഴായിരിക്കും രോഗം ശ്രദ്ധയില്‍ പെടുന്നത്.

രോഗവ്യാപ്തി, മുഴയുടെ സ്ഥാനം, സ്വഭാവം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണു രോഗലക്ഷണങ്ങള്‍ കാണുക. ഇടയ്ക്കിടെയുള്ള ചുമ, കഫത്തില്‍ രക്തം, പതറിയ ശബ്ദം തുടങ്ങിയ ലക്ഷണങ്ങള്‍ സാധാരണ കണ്ടുവരുന്നു.

ശ്വാസംമുട്ടല്‍, നെഞ്ചുവേദന, പെട്ടെന്നു ഭാരം കുറയല്‍, ശരീരക്ഷീണം മുതലായ ലക്ഷണങ്ങളും കണ്ടേക്കാം. കാന്‍സര്‍ മറ്റു ഭാഗങ്ങളെയും ബാധിച്ചാല്‍ വയറ്റില്‍ വെള്ളം നിറഞ്ഞു വയറുവീര്‍ക്കല്‍, മുഖത്തു നീര്, നടുവേദന, പക്ഷാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കൈയിലേയും കാലിലേയും നഖഭാഗം തടിക്കുന്നത് സാധാരണയാണ്.

രോഗനിര്‍ണയം


പുകവലിക്കാരില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്വാസകോശാര്‍ബുദത്തിന്റെ സാധ്യത പരിശോധിക്കണം. എക്‌സ്‌റേ, സി.ടി. സ്‌കാന്‍, ബ്രോങ്കോസ് കോപ്പി എന്നിവയാണു പ്രധാന രോഗനിര്‍ണയ മാര്‍ഗങ്ങള്‍.

വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ ഉള്ള വെളുത്ത പാടുകളായാണു സാധാരണ എക്‌സ്‌റേയില്‍ കാണപ്പെടുന്നത്. പരിശോധനയില്‍ മുഴ കണ്ടെത്തിയാല്‍ അതു ബയോപ്‌സി നടത്തി രോഗം സ്ഥിരീകരിക്കേണ്ടതുണ്ട്. കാന്‍സര്‍ കോശങ്ങളുണ്ടോ എന്നറിയാന്‍ കഫ പരിശോധന നടത്തുന്നതും പതിവാണ്.

ചികിത്സ


രോഗവ്യാപ്തി, ഏതിനം കോശങ്ങളാണു കാന്‍സറിനു കാരണം, രോഗിയുടെ പൊതു ആരോഗ്യസ്ഥിതി എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണു ചികിത്സ നിര്‍ണയിക്കുന്നത്.

രോഗം ശ്വാസകോശത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഒതുങ്ങി നില്‍ക്കുന്ന അവസ്ഥയാണെങ്കില്‍ ശസ്ത്രക്രിയ പ്രയോജനപ്പെടും. എന്നാല്‍, ഈ ഘട്ടത്തില്‍ മിക്കപ്പോഴും ശ്വാസകോശാര്‍ബുദം കണ്ടുപിടിക്കപ്പെടാറില്ല എന്നതാണു സത്യം. റേഡിയേഷന്‍ ചികിത്സ, കീമോ തെറാപ്പി എന്നിവയാണു നിലവിലുള്ള പ്രധാന ചികിത്സ മുറകള്‍.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫോട്ടോ ഡൈനാമിക് ചികിത്സ, സൈബര്‍ നൈഫ് എന്നീ ചികിത്സാരീതി പല വലിയ കാന്‍സര്‍ സെന്ററുകളിലും നിലവിലുണ്ട്. എന്നാല്‍, പൊതുവേ ശ്വാസകോശാര്‍ബുദത്തിന്റെ ചികിത്സാഫലം അത്രകണ്ടു തൃപ്തികരമല്ല.

ശ്വാസകോശ കാന്‍സര്‍ തടയാന്‍


പുകവലി ഒഴിവാക്കുന്നതിലൂടെ മാത്രം നല്ലൊരു ശതമാനം ശ്വാസകോശ കാന്‍സറുകള്‍ നമുക്കു തടയാന്‍ പറ്റും. പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുന്നതോടൊപ്പം നിയമനിര്‍മാണവും ഇക്കാര്യത്തില്‍ പ്രധാനമാണ്. രോഗസാധ്യതയുള്ളവരില്‍ സ്‌ക്രീനിംഗ് നടത്തുന്നതും നല്ലതാണ്.

വായു മലിനീകരണം കുറയ്ക്കാന്‍ വേണ്ട നടപടികളെടുക്കുന്നതും തൊഴില്‍ സ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ വയ്ക്കുന്നതും ഏറെ ഗുണം ചെയ്യും. പ്രകൃത്യാ ഉള്ള റേഡിയേഷന്‍ പ്രസരണം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ എടുക്കുന്നതും അര്‍ബുദ നിയന്ത്രണത്തിനു സഹായിക്കും.

കടപ്പാട്: ഡോ. പി.എസ്. ഷാജഹാന്‍

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate