ഹൃദ്രോഗം കഴിഞ്ഞാല്‍ രണ്ടാമത്തെ മരണകാരണം ക്യാന്‍സര്‍ ആണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓരോ വര്‍ഷവും പുതുതായി അമ്പത്താറായിരത്തോളംപേര്‍ക്ക് ക്യാന്‍സര്‍ ബാധിക്കുന്നു. ക്യാന്‍സര്‍മൂലമുള്ള മരണങ്ങളില്‍ ഏഴ് ശതമാനം പുരുഷന്മാരും നാലുശതമാനം സ്ത്രീകളും മരണമടയുന്നത് വായിലെ ക്യാന്‍സര്‍മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു. പ്രായം കൂടുന്നതിനുസരിച്ച് ഏകദേശം 50 വയസ്സിനു മുകളില്‍ അര്‍ബുദബാധിതരാകാനുള്ള സാധ്യത കൂടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പുകയിലയുടെയും മയക്കുമരുന്നിന്റെയും വര്‍ധിച്ച ഉപയോഗം, ഭക്ഷണസാധനങ്ങളില്‍ കീടനാശിനികളുടെ അമിതോപയോഗം, നിറം ചേര്‍ത്തതും അജിനോമോട്ടോ ചേര്‍ത്തതുമായ ആഹാരസാധനങ്ങളുടെ ഉപഭോഗം, നമ്മുടെ കാലാവസ്ഥയ്ക്കും ശരീരപ്രകൃതിക്കും യോജിക്കാത്ത ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങള്‍ ശീലിക്കല്‍ എന്നിവയുടെയൊക്കെ പരിണതഫലമായി 25 വയസ്സിനുതാഴെയുള്ളവരിലും അര്‍ബുദം സാധാരണയായി.
നാവിലെയും മറ്റു വായിലെ അര്‍ബുദങ്ങളുടെയും കാര്യത്തില്‍ ഇന്ത്യയില്‍ പുരുഷ-സ്തീ അനുപാതം ഏകദേശം തുല്യമാണെന്നുകാണാം. ഇതിനു കാരണം സ്ത്രീകളില്‍ പുകയില ചവയ്ക്കുന്ന ശീലം വ്യാപകമായതുകൊണ്ടാണ്. കേരളത്തില്‍ നടത്തിയ പുതിയ പഠനത്തില്‍ വര്‍ഷത്തില്‍ 7.5 ശതമാനംവരെ വായിലെ അര്‍ബുദത്തിന്റെ വളര്‍ച്ച കാണിക്കുന്നു. ഇതില്‍തന്നെ യുവാക്കളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.5 ശതമാനം ഓറല്‍ ക്യാന്‍സര്‍ സാധ്യത കൂടുതലായി കാണുന്നു. മധ്യവയസ്കരില്‍ കൂടുതലായും കവിളുകള്‍, നാവ്, മോണ എന്നീ ക്രമത്തിലും യുവാക്കളില്‍ നാവ്, കവിളുകള്‍, കീഴ്ചുണ്ടിന്റെ ഉള്‍ഭാഗം, മോണ എന്നീ ക്രമത്തിലും വായിലെ അര്‍ബുദം കാണപ്പെടുന്നു. ഈ വ്യത്യാസം പുകയിലും പാന്‍മാസാലകളും ഉപയോഗിക്കുന്ന രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സ്തനാര്‍ബുദവും ഗര്‍ഭാശയ ഗള ക്യാന്‍സറുംപോലെതന്നെ ആരംഭദിശയില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നതാണ് ക്യാന്‍സറുകളിലൊന്നാണ് വായിലെ ക്യാന്‍സറും. ഒരു കോശത്തിലുണ്ടാകുന്ന ജനിതകവ്യതിയാനമാണ് ക്യാന്‍സറിനു കാരണം. ഈ കോശം ഒരു നിയന്ത്രണവുമില്ലാതെ വിഭജിക്കുകയും ജനിതകവ്യതിയാനമുള്ള ധാരാളം കോശങ്ങളുണ്ടാകുകയും ചെയ്യുന്നു. ഇത്തരം കോശങ്ങള്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നു.
വായില്‍ ക്യാന്‍സറുണ്ടാകുന്നതിനുള്ള കാരണങ്ങളെ നമ്മുടെ നിയന്ത്രണത്തിലുള്ളവയെന്നും നമ്മുടെ നിയന്ത്രണത്തിലുള്ളവയല്ലാത്തതെന്നും രണ്ടായി തിരിക്കാം. നമ്മുടെ നിയന്ത്രണത്തിലുള്ള കാരണങ്ങള്‍ താഴെപറയുന്നവയാണ്.
പുകയിലയില്‍ ഏകദേശം നാലായിരത്തോളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ക്യാന്‍സറിനു കാരണമാകുന്ന പ്രധാന ഘടകങ്ങളാണ് നൈട്രോസമിന്‍, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍, ടാര്‍, നിക്കോട്ടിന്, തുടങ്ങിയവ.പുകയില രണ്ടുവിധത്തിലാണ് ഉപയോഗിക്കുന്നത്. ഒന്ന്, മുറുക്കാന്‍ അല്ലെങ്കില്‍ ചവയ്ക്കാന്‍. മറ്റൊന്ന് പുകവലിക്കാന്‍.ചവയ്ക്കാന്‍ ഉപയോഗിക്കുന്ന കൂട്ടില്‍ നാലുതരം വസ്തുക്കളുണ്ട്. പുകയില, അടയ്ക്ക, വെറ്റില, ചുണ്ണാമ്പ്. ഇവയുടെ മിശ്രിതം ക്ഷാരസ്വഭാവമുള്ളതായതുകൊണ്ട് ഇത് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ വായിലെ ചര്‍മത്തിന് വളരെയധികം കേടുപാടുണ്ടാകുകയും വായയുടെ ആവരണത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുകയും കൂടുതല്‍ പരുപരുത്തതാവുകയും മുറുക്കാനുപയോഗിക്കുന്ന പദാര്‍ഥങ്ങള്‍ അവിടെ തങ്ങിനില്ക്കുകയും ചെയ്യുന്നു. സാവധാനത്തില്‍ ഈ ഭാഗങ്ങളില്‍ നിറവ്യത്യാസം ഉണ്ടാകുകയും പിന്നീട് ഉണങ്ങാത്ത വ്രണമായി മാറുകയും ചെയ്യുന്നു. വളരെയധികം പുകയിലയും ചുണ്ണാമ്പും അടയ്ക്കയും കുറച്ചുമാത്രം വെറ്റിലയും ഉപയോഗിക്കുന്നവരില്‍ ഈ മാറ്റങ്ങള്‍ വേഗ ഉണ്ടാകുന്നതായി കാണുന്നു. കൂടുതല്‍ വെറ്റില ഉപയോഗിക്കുമ്പോള്‍ വെറ്റിലയില്‍നിന്നുള്ള നീരിലെ ആലമേരമൃീലേിീശറെ പുകയിലയുടെയും ചുണ്ണാമ്പിന്റെയും അടയ്ക്കയുടെയുമൊക്കെ ദോഷഫലങ്ങളെ കുറയ്ക്കുന്നതായും കാണുന്നുണ്ട്.
പുകവലി ചുണ്ട്, മോണ, അണ്ണാക്ക്, കണ്ഠനാളം, ശ്വാസകോശം തുടങ്ങി ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. മാത്രമല്ല, ഒരാള്‍ വലിച്ച് പുറത്തുവിടുന്ന പുക അടുത്തുനില്ക്കുന്ന ആള് ശ്വസിക്കുന്നതും വളരെ മാരകമായ രോഗങ്ങള്‍ക്കുടമകളാക്കുന്നു. അതുകൊണ്ടുതന്നെ പുകവലി ഒരു സാമൂഹ്യപ്രശ്നംകൂടിയാണ്. അങ്ങനെ സ്വയം നശിക്കുകയും മറ്റുള്ളവരുടെ ആരോഗ്യം നശിപ്പിക്കുകയുംചെയ്യുന്നതില്‍ പുകവലിക്ക് പ്രധാന പങ്കുണ്ട്. വായില്‍ ക്യാന്‍സര്‍ വരാനുള്ള മറ്റൊരു കാരണം മദ്യ ഉപയോഗമാണ്. ഉപയോഗിക്കുന്ന മദ്യത്തിന്റെ തരവും അളവും അനുസരിച്ച് ക്യാന്‍സറിനുള്ള സാധ്യത വ്യത്യാസപ്പെട്ടിരിക്കും. പുകയിലയിലെ ദൂഷ്യഫലങ്ങള്‍ വര്‍ധിപ്പിക്കാനുള്ള കഴിവ് മദ്യത്തിനുണ്ട്. മദ്യം വായിലെ കോശങ്ങളിലെ ജലാംശം കുറയ്ക്കുകയും പുകയിലയിലെ വിഷാംശങ്ങളെ കോശങ്ങളിലേക്ക് ആഗിരണംചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. അതായത്, ഇതുരണ്ടും ഉപയോഗിക്കുന്നവരില്‍ ക്യാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, മദ്യം കരളിലെ കോശങ്ങളെ നശിപ്പിക്കുകയും അതുവഴി ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്റെ കരള്‍ ആരോഗ്യമുള്ളതാണെങ്കില്‍ ക്യാന്‍സര്‍ ബാധിക്കില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വദനാര്‍ബുദം വരാനുള്ള മറ്റു പ്രധാന കാരണങ്ങള്‍: കൂര്‍ത്ത പല്ലുകള്‍, പരുപരുത്ത കൃത്രിമ ദന്തപ്രതലങ്ങള്‍ ഇവ ദീര്‍ഘനാള്‍ തട്ടിയുണ്ടാകുന്ന മുറിവ്, ചിലതരം പോഷകാഹാരങ്ങളുടെ കുറവ് പ്രത്യേകിച്ച് ഇരുമ്പിന്റെ അംശം ശരീരത്തില്‍ തുടര്‍ച്ചയായി കുറയുന്നത്, വായിലെ ശുചിത്വമില്ലായ്മ, അണുക്കള്‍, അണുപ്രസരണം, സിഫിലിസ്, എയ്ഡ്സ് തുടങ്ങിയ അസുഖങ്ങള്‍. അതുപോലെ പരിസരമലിനീകരണം, പ്ലാസ്റ്റിക്കുകളുടെ അശാസ്ത്രീയമായ നിര്‍മാര്‍ജനം, വാഹനങ്ങളില്‍നിന്നുള്ള പുക, ചുവന്ന മുളകുപൊടിയുടെ അമിത ഉപയോഗം. ഇപ്പോള്‍ യുവാക്കളിലും കുട്ടികളിലും വ്യാപകമാകുന്ന പാന്‍ മസാലയുടെ ഉപയോഗം ചെറുപ്രായത്തില്‍ തന്നെ ക്യാന്‍സറിന് കാരണമാകുന്നു. ഇവയൊക്കെ നമ്മുടെ നിയന്ത്രണത്തിലുള്ള കാരണങ്ങളാണ്. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ക്യാന്‍സറുകള്‍ പാരമ്പര്യവും പരമ്പരാഗതവുമായും കാണുന്നുണ്ട്.
സാധാരണ ചികിത്സയില്‍ ഉണങ്ങാത്ത വ്രണങ്ങളും മുഴകളും ക്യാന്‍സര്‍ ആണോ എന്ന്സംശയിക്കണം. കൂടാതെ ഒരു കാരണവുമില്ലാതെ പല്ല് ഇളകുന്നതും. വായിലും ചുണ്ടിലുമുണ്ടാകുന്ന വെള്ളയും ചുവപ്പും കറുപ്പും പാടുകള്‍, വായയുടെ ആവരണം കട്ടിയാകല്‍, ഒപ്പം എരിച്ചിലും പുകച്ചിലും അനുഭവപ്പെടുക ഇതൊക്കെ ക്യാന്‍സറിനുമുമ്പുള്ള അവസ്ഥകളാണ്. എന്നാല്‍, ഈ ലക്ഷണങ്ങളല്ലാം ക്യാന്‍സറിനു കാരണമാകണമെന്നില്ല. മറ്റുചില കാരണങ്ങള്‍കൊണ്ടും ഇവ ഉണ്ടാകാം. എന്നാല്‍, ഇവയൊക്കെ ക്യാന്‍സര്‍ ആകാന്‍ സാധ്യതയുള്ളതുകൊണ്ട് പ്രത്യേക നിരീക്ഷണത്തിനു വിധേയമാകണമെന്നേ ഈ പറഞ്ഞതിന് അര്‍ഥമുള്ളൂ. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ക്യാന്‍സറും വായിലേക്ക് വ്യാപിക്കുന്നുണ്ട്.
മാസത്തിലൊരിക്കലെങ്കിലും വായ, നാക്കിന്റെ രണ്ട് വശങ്ങളും മുകള്ഭാഗം, അടിഭാഗം, കവിളുകള്‍, ചുണ്ടുകള്‍, താടിയെല്ലുകള്‍, കഴുത്തിന്റെ വശങ്ങള് തുടങ്ങിയവ സ്വയം കണ്ണാടിയില്‍ നോക്കി പരിശോധിക്കേണ്ടതാണ്. ആദ്യം സൂചിപ്പിച്ചതുപോലെ ആരംഭത്തിലേ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുന്ന ക്യാന്‍സറുകളിലൊന്നാണ് വായിലെ ക്യാന്‍സര്‍. വായിലെ ക്യാന്‍സറിനു കാരണമായി മേല്‍പ്പറഞ്ഞ ദുശ്ശീലങ്ങള്‍ ഉള്ളവര്‍ അതുപേക്ഷിക്കുകയും പുതുതായി ഇതുപോലുള്ള ശീലങ്ങള്‍ തുടങ്ങാതിരിക്കുകയും ചെയ്യുക. (കോഴിക്കോട് ഗവ. ഡെന്റല്‍ കോളേജ് ഓറല്‍പത്തോളജി വിഭാഗം മേധാവിയാണ് ലേഖിക)
കടപ്പാട് : ഡോ. സുധ എസ്,
ഗവ. ഡെന്റല്‍ കോളേജ് ഓറല്‍പത്തോളജി വിഭാഗം ,കോഴിക്കോട്
അവസാനം പരിഷ്കരിച്ചത് : 7/11/2020
കാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഡോക്ടറുടെ മുന...
കൂടുതല്‍ വിവരങ്ങള്‍
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളി...
അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് കാന്‍സര്‍