ഗർഭാശയഗള ക്യാൻസർ
ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗമായ ഗർഭാശയഗളത്തിൽ നിന്നാണ് ഗർഭാശയഗള ക്യാൻസർ (സെർവിക്കൽ ക്യാൻസർ) തുടങ്ങുന്നത്. ഗർഭാശയത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് (ബെർത്ത് കനാൽ) ഗർഭാശയഗളം. ഗർഭാശയഗളത്തിന്റെ മുകൾ ഭാഗമായ എൻഡൊസെർവിക്സിൽ മാംസഗ്രന്ഥികളുടെ (ഗ്ലാൻഡുലാർ) കോശങ്ങൾ കാണപ്പെടുന്നു. എക്റ്റോസെർവിക്സ് എന്ന് അറിയപ്പെടുന്ന അടിഭാഗത്ത് സ്ക്വാമസ് കോശങ്ങൾ കാണപ്പെടുന്നു.
ഗ്ലാൻഡുലാർ കോശങ്ങളും സ്ക്വാമസ് കോശങ്ങളും കൂടിച്ചേരുന്ന സ്ഥലമാണ് പരിവർത്തന മേഖല (ട്രാൻസ്ഫർമേഷൻ സോൺ). ഇവിടെയാണ് സാധാരണഗതിയിൽ ഗർഭാശയഗള ക്യാൻസറിന്റെ ആരംഭമുണ്ടാവുക. സ്ക്വാമസ് സെൽ കാർസിനൊമസ് ആണ് ഏറ്റവും കൂടുതലായി കാണുന്ന (പത്ത് കേസുകളിൽ ഒൻപതും) ഗർഭാശയഗള ക്യാൻസർ. എക്റ്റോസെർവിക്സിൽ നിന്ന് ഉത്ഭവിക്കുന്ന ഇവ പരിവർത്തന മേഖലയിൽ വച്ചായിരിക്കും ക്യാൻസർ ആകുന്നത്.
ഗർഭാശയഗളത്തിന്റെ മുകൾ ഭാഗമായ എൻഡൊസെർവിക്സിൽ നിന്ന് വികാസം പ്രാപിക്കുന്ന അഡെനൊകാർസിനോമസുകളാണ് ബാക്കി വരുന്ന 10% ഗർഭാശയഗള ക്യാൻസറുകൾ. ഇവ രണ്ടും ചേർന്ന് അഡെനൊസ്ക്വാമസ് കാർസിനോമസ് എന്ന ക്യാൻസറും അപൂർവമായി കണ്ടുവരാറുണ്ട്.
എല്ലാ തരം ഗർഭാശയഗള ക്യാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസുമായി (എച്ച് പി വി) ബന്ധപ്പെട്ടവയാണ്. എന്നാൽ, എച്ച് പി വി വൈറസ് ബാധയുള്ള എല്ലാ സ്ത്രീകൾക്കും ക്യാൻസർ ഉണ്ടാകണമെന്നുമില്ല. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കരീബിയ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഗർഭാശയഗള ക്യാൻസർ കേസുകൾ ഏറ്റവുമധികം റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. അവികസിത രാജ്യങ്ങളിൽ നിന്നാണ് 84% കേസുകളും റിപ്പോർട്ട് ചെയ്യുന്നത്.
കാരണങ്ങൾ
ഗർഭാശയഗള ക്യാൻസറിന്റെ ഒരു പ്രധാന കാരണം എച്ച് പി വി ആണ്. ലൈംഗിക പ്രവൃത്തികളിലൂടെയാണ് എച്ച് പി വി പകരുന്നത്. മുതിർന്നവരിൽ ഏകദേശം 75% എച്ച് പി വി വാഹകരാണെന്നാണ് കണക്കാക്കുന്നത്. എന്നിരുന്നാലും, ഇവരിൽ വളരെ ചെറിയൊരു ശതമാനത്തിനു മാത്രമേ ഗർഭാശയഗള ക്യാൻസർ പിടിപെടാൻ സാധ്യതയുള്ളൂ. ജീവിത ശൈലിയും പാരിസ്ഥിതിക കാരണങ്ങളും ആണ് മറ്റു ഘടകങ്ങൾ.
ഗർഭാശയഗള ക്യാൻസറിന് കാരണമാവുന്ന മറ്റ് ഘടകങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;
- ഒന്നിലധികം ലൈംഗിക പങ്കാളികൾ – ഇത് എച്ച് പി വി ബാധയ്ക്കും ലൈംഗികജന്യ രോഗങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു.
- വളരെ ചെറുപ്പത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് – പ്രായപൂർത്തിയാവുന്നതിനു വളരെ മുമ്പ് തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് എച്ച് പി വി ബാധയ്ക്കും ഗർഭാശയഗള ക്യാൻസറിനും സാധ്യത വർദ്ധിപ്പിക്കുന്നു.
- ദുർബലമായ പ്രതിരോധ സംവിധാനം – നിങ്ങൾക്ക് എച്ച് പി വി ബാധ ഉണ്ടെങ്കിലും മറ്റു പല ആരോഗ്യ പ്രശ്നങ്ങൾ മൂലം പ്രതിരോധ സംവിധാനം തകരാറിൽ ആണെങ്കിലും ഗർഭാശയഗള ക്യാൻസർ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
- പുകവലി – സ്ക്വാമസ് സെൽ സെവിക്കൽ കാർസിനോമയ്ക്ക് പുകവലി കാരണമായേക്കാം.
ലക്ഷണങ്ങളും സൂചനകളും
മറ്റ് തരം ക്യാൻസറുകളെ പോലെ ഗർഭാശയഗള ക്യാൻസറിനും പ്രാഥമിക ഘട്ടത്തിൽ പ്രകടമായ ലക്ഷണങ്ങളൊന്നും കണ്ടെന്നുവരില്ല. രൂക്ഷമാകുന്ന അവസ്ഥയിൽ താഴെ പറയുന്ന ലക്ഷണങ്ങൾ കാണിച്ചേക്കാം;
- ലൈംഗികബന്ധത്തിനു ശേഷം രക്തസ്രാവം ഉണ്ടാവുക അല്ലെങ്കിൽ ആർത്തവങ്ങൾക്ക് മധ്യേയുള്ള സമയത്ത് രക്തസ്രാവം ഉണ്ടാവുക അല്ലെങ്കിൽ ആർത്തവ വിരാമത്തിനു ശേഷം രക്തസ്രാവം ഉണ്ടാവുക.
- ദുർഗന്ധത്തോടു കൂടിയ, രക്തം കലർന്ന യോനീസ്രവം.
- വസ്തിപ്രദേശത്ത് വിശദീകരിക്കാൻ കഴിയാത്ത രീതിയിലുള്ള വേദന അല്ലെങ്കിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള വേദന.
രോഗനിർണയം
സ്ത്രീകൾ 21 വയസ്സിൽ തന്നെ ഗർഭാശയഗള ക്യാൻസറിനുള്ള പരിശോധന ആരംഭിക്കണമെന്നാണ് വൈദ്യശാസ്ത്രപരമായ മിക്ക മാർഗനിർദേശങ്ങളിലും ശുപാർശചെയ്യുന്നത്. ഇതിനുള്ള ചില പരിശോധനകൾ ഇനി പറയുന്നു;
- പാപ് സ്മിയർ – ഗർഭാശയമുഖത്തു നിന്ന് കോശങ്ങൾ ചുരണ്ടിയെടുത്ത് അസ്വാഭാവികത ഉണ്ടോയെന്ന് പരിശോധിക്കുന്നു. ക്യാൻസർ കോശങ്ങളെയും ക്യാൻസർ കോശങ്ങളായി മാറാൻ സാധ്യതയുള്ള കോശങ്ങളെയും തിരിച്ചറിയാൻ ഈ പരിശോധന സഹായിക്കുന്നു.
- എച്ച് പി വി ഡിഎൻഎ പരിശോധന – എച്ച് പി വി സ്പെക്ട്രം പരിശോധനയ്ക്കായി ഗർഭാശയമുഖത്തു നിന്ന് കോശങ്ങൾ ശേഖരിക്കുന്നു.
മുകളിൽ പറഞ്ഞ പരിശോധനകളിൽ ക്യാൻസർ സൂചന ലഭിച്ചാൽ, രോഗനിർണയം ഉറപ്പിക്കുന്നതിനും ക്യാൻസർ ഏതു ഘട്ടത്തിൽ ആണെന്ന് അറിയുന്നതിനും കൂടുതൽ വിശദമായ പരിശോധനകൾ നടത്തും. താഴെ പറയുന്നവയാണ് രോഗനിർണയ പരിശോധനകൾ;
- കോൾപോസ്കോപി – വലുതായി കാണാൻ സഹായിക്കുന്ന പ്രത്യേക ഉപകരണം ഉപയോഗിച്ച് അസ്വാഭാവിക കോശങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുന്നു.
- പഞ്ച് ബയോപ്സി – ഗർഭാശയമുഖത്തു നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ മൂർച്ചയുള്ള ഒരു ഉപാധി ഉപയോഗിക്കുന്നു.
- എൻഡോസെർവിക്കൽ ക്യൂററ്റേജ് – ഗർഭാശയമുഖത്തു നിന്ന് കോശങ്ങളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിന് സ്പൂൺ പോലെയിരിക്കുന്ന ഉപകരണം ഉപയോഗിക്കുന്നു.
- ഇലക്ട്രിക്കൽ വയർ ലൂപ് – ലോക്കൽ അനസ്തേഷ്യ നൽകിയ ശേഷം കുറഞ്ഞ വോൾട്ടേജ് പ്രവഹിക്കുന്ന വയർ ഉപയോഗിച്ച് കോശ സാമ്പിളുകൾ ശേഖരിക്കുന്നു.
- കോൺ ബയോപ്സി – ജനറൽ അനസ്തേഷ്യ നൽകിയ ശേഷം ഗർഭാശയമുഖത്തിന്റെ അകത്തെ പാളികളിൽ ഉള്ള കോശങ്ങൾ ശേഖരിക്കുന്നു.
രോഗനിർണയം ഉറപ്പാക്കിയ ശേഷം രോഗം ഏതു ഘട്ടത്തിൽ ആണെന്നതിന് അനുസരിച്ച് ചികിത്സാക്രമം നിശ്ചയിക്കുന്നു. രോഗം ഏതു ഘട്ടത്തിലാണെന്ന് മനസ്സിലാക്കാൻ ഡോക്ടർ ഇനി പറയുന്ന കാര്യങ്ങൾ ശുപാർശചെയ്തേക്കാം;
- ഇമേജിങ്ങ് – എക്സ് – റേ, സിടി സ്കാൻ, എംആർഐ, പോസിട്രോൺ എമിഷൻ ടോമോഗ്രഫി സ്കാൻ (പെറ്റ് സ്കാൻ)
- വിഷ്വൽ എക്സാമിനേഷൻ – പ്രത്യേക സൂക്ഷ്മദർശിനികളുടെ സഹായത്തോടെ മൂത്രസഞ്ചിയും ഗർഭാശയമുഖവും പരിശോധിക്കുക
ഗർഭാശയഗള ക്യാൻസറിന്റെ ഘട്ടങ്ങൾ താഴെ പറയുന്നു:
- ഘട്ടം 1 – ഗർഭാശയമുഖത്തു മാത്രം ക്യാൻസർ ബാധിച്ച അവസ്ഥ.
- ഘട്ടം 2 – ഗർഭാശയ മുഖത്തും യോനിയുടെ മുകൾ ഭാഗത്തും ക്യാൻസർ ബാധിച്ച അവസ്ഥ.
- ഘട്ടം 3 – യോനിയുടെ അടിവശത്തേക്കും വസ്തിപ്രദേശത്തിന്റെ ഉൾഭിത്തികളിലേക്കും ക്യാൻസർ പടരുന്ന അവസ്ഥ.
- ഘട്ടം 4 – മൂത്രസഞ്ചി, ഗുദം, അല്ലെങ്കിൽ ശ്വാസകോശം, കരൾ, അല്ലെങ്കിൽ എല്ലുകളിലേക്ക് ക്യാൻസർ പടരുന്ന അവസ്ഥ.
ചികിത്സ
ഏതു ഘട്ടത്തിലാണ് ക്യാൻസർ കണ്ടുപിടിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും രോഗപൂർവ നിരൂപണങ്ങളും ചികിത്സാ പദ്ധതിയും. പ്രാരംഭ ഘട്ടത്തിലാണ് ക്യാൻസർ കണ്ടെത്തുന്നത് എങ്കിൽ ലളിതമായ ഹിസ്റ്ററക്ടമി (ഗർഭാശയഗളവും ഗർഭാശയവും നീക്കംചെയ്യൽ) അല്ലെങ്കിൽ റാഡിക്കൽ ഹിസ്റ്ററക്ടമി (ഗർഭാശയമുഖം, ഗർഭപാത്രം, യോനിയുടെ ഭാഗം, ലിംഫ് നോഡുകൾ എന്നിവ നീക്കംചെയ്യൽ) എന്നിവയിലൂടെ നിയന്ത്രിക്കാവുന്നതാണ്. ട്യൂമറിന്റെ വലിപ്പം കുറയ്ക്കുന്നതിനോ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനോ വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം റേഡിയേഷൻ ചികിത്സയും ഒപ്പം കീമോ തെറാപ്പിയും നടത്തിയേക്കാം. ഗുരുതരമായ അവസ്ഥയിൽ ഉയർന്ന ഡോസിൽ ഉള്ള കീമോതെറാപ്പി മരുന്നുകൾ ആവശ്യമായി വന്നേക്കാം.
പ്രതിരോധം
ഗർഭാശയഗള ക്യാൻസറിന്റെ അപകടസാധ്യത നേരിടാൻ ഇനി പറയുന്ന നടപടികൾ സ്വീകരിക്കാവുന്നതാണ്;
- എച്ച് പി വിക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ് – എച്ച് പി വിയെ പ്രതിരോധ കുത്തിവയ്പിലൂടെ പ്രതിരോധിക്കാവുന്നതാണ്, ഒൻപതിനും 26 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ് നൽകാവുന്നതാണ്.
- പാപ് പരിശോധന – സ്ത്രീകളിൽ 21 വയസ്സു മുതൽ പാപ് പരിശോധന നടത്തുന്നതിലൂടെ ക്യാൻസർ കോശങ്ങളെയും ക്യാൻസർ ആയി പരിണമിച്ചേക്കാവുന്ന കോശങ്ങളെയും കണ്ടെത്താവുന്നതാണ്. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തേണ്ടതാണ്.
- സുരക്ഷിതമായ ലൈംഗികത – ഒന്നിലധികം ലൈംഗിക പങ്കാളികളെ ഒഴിവാക്കുക, സുരക്ഷിതമായി ബന്ധപ്പെടുക, പ്രായപൂർത്തിയാവുന്നതിന് വളരെ മുമ്പ് തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുക.
- പുകവലി ഒഴിവാക്കുക.
സങ്കീർണതകൾ
ഗർഭാശയഗള ക്യാൻസറിന്റെ സങ്കീർണതകളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;
- മെറ്റാസ്റ്റാസിസ്, ക്യാൻസർ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു.
- ആർത്തവ വിരാമത്തിനു മുമ്പു തന്നെ ആർത്തവം നിലയ്ക്കുന്നു.
- ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദനയും യോനീവരൾച്ചയും.
- വിട്ടുമാറാത്ത നടുവ് വേദന.
- സ്വമേധയാ അല്ലാതെ മൂത്രമോ മലമോ പോവുക.
- കാലുവേദന.
- വിശപ്പില്ലായ്മ, ഭാരം കുറയുക.
- മനംപിരട്ടലും ഛർദിയും.
- മുടികൊഴിച്ചിൽ.
- വായിൽ വൃണങ്ങൾ.
- അണുബാധയേൽക്കാനുള്ള കൂടിയ സാധ്യത.
- രക്തസ്രാവം കൂടുക
അടുത്ത നടപടികൾ
ഇനി പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക;
- അവിചാരിതമായും കാരണമറിയാതെയും യോനിയിൽ നിന്ന് രക്തസ്രാവം ഉണ്ടാകുക.
- കാരണമില്ലാതെ ഭാരം കുറയുക.
- സ്ഥിരമായ നടുവ് വേദന.
- ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന
നിങ്ങളുടെ രോഗത്തെ കുറിച്ചും ചികിത്സാ പദ്ധതികളെ കുറിച്ചും മനസ്സിലാക്കുന്നതിന് ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പുതിയ സാഹചര്യത്തെ നേരിടാനുള്ള പിന്തുണ തേടണം.
അപകട സൂചനകൾ
ഇനി പറയുന്ന ലക്ഷണങ്ങൾ നിങ്ങൾ ഒരു കാരണവശാലും അവഗണിക്കരുത് എന്നു മാത്രമല്ല ഡോക്ടറുടെ സഹായം തേടാൻ മടിക്കുകയും അരുത്;
- യോനിയിൽ നിന്ന് അസാധാരണമായ രക്തസ്രാവം.
- ദുർഗന്ധം വമിക്കുന്നതും ഒഴുകുന്നതും രക്തമയമുള്ളതുമായ യോനീസ്രവം.
- കാരണമറിയാത്ത വൃക്ക തകരാറ്.
- മൂത്രമൊഴിക്കുമ്പോൾ വേദന.
- സ്ഥിരമായ നടുവ് വേദനയും കാലുകളിൽ നീരും.
- അതിസാരം അല്ലെങ്കിൽ മലദ്വാരത്തിൽ നിന്ന് രക്തസ്രാവം.
- കാരണമില്ലാതെ ഭാരം കുറയുക, ക്ഷീണം, വിശപ്പില്ലായ്മ.
കടപ്പാട് : മോഡസ്റ്റ