অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാക്സിന്‍ രോഗങ്ങള്‍

ടെറ്റനസ്

പ്രതിരോധകുത്തിവയ്പ്പുകൾ വഴി പൂര്‍ണ്ണമായി പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു രോഗമാണ് ടെറ്റനസ്. ഈ രോഗത്തെ “കുതിരസന്നി” എന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാവുന്നതാണ്. ബി.സി. 5-ാം നൂറ്റാണ്ടുമുതല്‍ തന്നെ ഈ രോഗത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ‘വലിയുക’ എന്നര്‍ത്ഥമുള്ള ടെറ്റനോസ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഈ രോഗത്തിന്‍റെ പേര് ഉത്ഭവിച്ചത്. മലിനമായതും, ആഴത്തിലുള്ളതുമായ മുറിവുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ക്ലോസ്ട്രീഡിയം ടെറ്റനി  എന്ന ബാക്ടീരിയയാണ് ഇതിന്‍റെ രോഗഹേതു. മുറിവുകളിലൂടെ മാത്രമല്ല, തീപ്പൊള്ളല്‍, മൃഗങ്ങളില്‍ നിന്നുള്ള കടി, മലിനമായ ശസ്ത്രക്രിയാ ഉപകരണങ്ങള്‍, പല്ലിലും മോണയിലും ഉണ്ടാകുന്ന പഴുപ്പ് എന്നിവയിലൂടെയും ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നു. ഇവ വന്‍കുടലില്‍ പെരുകുന്നതിനോടൊപ്പം അത്യന്തം മാരകമായ ടെറ്റനോ സ്പാസ്മിന്‍ എന്ന ടോക്സിന്‍ അഥവാ ജൈവിക വിഷം പുറപ്പെടുവിക്കുന്നു. ഈ വിഷം ശരീരത്തിലെ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ പാടേ തകരാറിലാക്കുന്നു.  പേശികള്‍ ക്രമമായി സങ്കോചിക്കുകയും  അയയുകയും ചെയ്യുന്നതാണ് നമ്മുടെ ശരീര വ്യവസ്ഥയുടെ നിലനില്‍പ്പിനാധാരം. ഈ വിഷത്തിന്റെ മാരകമായ പ്രവര്‍ത്തനം മൂലം ശരീരപേശികള്‍ സങ്കോചിത അവസ്ഥയില്‍ തന്നെ മിനുട്ടുകളോളം തുടരുന്നു. ഈ അവസ്ഥമൂലം രോഗിക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു. ഈ ജൈവിക വിഷം പ്രധാന നാഡികളെ ബാധിക്കുമ്പോള്‍ ശ്വസനപേശികള്‍ക്കും, അന്നനാളപേശികള്‍ക്കും മുന്‍സൂചിപ്പിച്ച അവസ്ഥ നേരിടുകയും, രോഗി അതിഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. 15 മുതല്‍ 55 ശതമാനം വരെയാണ് ഈ രോഗത്തിന് മരണസാധ്യത.

മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരുന്നില്ല. എന്നാല്‍  ടൈറ്റനസ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തിട്ടില്ലാത്ത അമ്മയില്‍ നിന്നും നവജാതശിശുവിലേക്ക്, ഈ രോഗം പകരാവുന്നതാണ് നവജാതശിശുക്കള്‍ക്കുണ്ടാകുന്ന ടെറ്റനസ് 60 മുതല്‍ 70 ശതമാനം വരെ കുഞ്ഞിന്റെ മരണത്തില്‍ കലാശിക്കുന്നു.

ലക്ഷണങ്ങള്‍

രോഗാണു ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ 3 മുതല്‍ 20 ദിവസം വരെ സമയത്തിനുള്ളില്‍ രോഗലക്ഷണങ്ങളായ പനി, തലവേദന, രക്തസമ്മര്‍ദ്ദ വ്യതിയാനങ്ങള്‍, കഠിനമായ ശരീരവേദന, പേശീസങ്കോചം ഇവ പ്രത്യക്ഷപ്പെടുന്നു. രോഗത്തിനു കാരണമാകുന്ന ടോക്സിന്‍ എത്രവേഗത്തില്‍ തലയിലെ നാഡീവ്യവസ്ഥകളിലേക്കെത്തുന്നുവോ, അത്രയും വേഗത്തില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും, അതനുസരിച്ച് രോഗത്തിന്‍റെ സങ്കീര്‍ണ്ണാവസ്ഥ കൂടുകയും ചെയ്യുന്നു. മുഖത്തേയും താടിയിലേയും പേശികളെ ഈ രോഗം പെട്ടെന്ന് ബാധിക്കുന്നതുമൂലം ലോക്ക്ജോ അഥവാ താടിയെല്ലുകള്‍ അനക്കുവാന്‍ വയ്യാത്ത അവസ്ഥ സംജാതമാകുന്നു. അതോടൊപ്പം തന്നെ ശ്വസനവ്യവസ്ഥയുടെയും അന്നനാളത്തിന്റെയും പേശികളിലും ഈ അവസ്ഥ ഉണ്ടാകുകയും രോഗി മരണത്തെ സമീപിക്കുകയും ചെയ്യുന്നു.

ചികിത്സ

ബാക്ടീരിയ ഉത്പ്പാദിപ്പിക്കുന്ന ടോക്സിനെ പ്രതിരോധിക്കുന്ന പ്രതിവിഷം (ആന്‍റി ടോക്സിന്‍) ആണ്  ചികിസ്തയുടെ കാതല്‍. അതോടൊപ്പം തന്നെ ആന്‍റി ബയോട്ടിക്സ്, പേശികളെ അയയുവാന്‍ സഹായിക്കുന്ന മരുന്നുകള്‍ ഇവയും നല്‍കുന്നു. ശ്വസനം തകരാറിലായ രോഗികളെ വെറ്റിലേറ്ററിന്റെ സഹായത്തോടെ സംരക്ഷിക്കാവുന്നതാണ്

പ്രതിരോധം

മുറിവുകള്‍ അണുനാശിനി  ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നത്, രോഗാണുബാധ ഒരു പരിധിവരെ തടയുന്നതാണ്.

പ്രതിരോധ കുത്തിവയ്പ്പുകള്‍

നേരത്തെ സൂചിപ്പിച്ചതുപോലെ പ്രതിരോധകുത്തിവയ്പ്പുകള്‍ വഴി ടെറ്റനസ് ബാധയെ പൂര്‍ണ്ണമായി തടയാം. നവജാത ശിശുക്കളില്‍ 6,10,14 ആഴ്ചകളിലും തുടര്‍ന്ന് ശിശുക്കളില്‍ 1 1/2 വയസിലും, പിന്നീട് 5 വയസ്സിലും, മറ്റു പ്രതിരോധ കുത്തിവയ്പ്പുകളോട്(പെന്റാവാലന്റ്) ചേര്‍ത്ത് ടെറ്റനസ് വാക്സിന്‍ നല്‍കുന്നു. തുടര്‍ന്ന് 10 വയസിലും, പിന്നീട് 15 വയസിലും ടെറ്റനസ് വാക്സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നു. ഈ കുത്തിവയ്പുകള്‍ ടെറ്റനസ് ബാധയെ പ്രതിരോധിക്കാന്‍ ശരീരത്തെ സര്‍വ്വസജ്ജമാക്കുന്നു. ടെറ്റനസ് ബാധയെ പ്രതിരോധിക്കാന്‍ ശരീരത്തിന് ആവശ്യമായ ആന്‍റിബോഡിയുടെ അളവ് കൃത്യമായ നിലനിര്‍ത്താന്‍ തുടര്‍ന്ന് 10 വര്‍ഷത്തിലൊരിക്കല്‍ ഒരു ബൂസ്റ്റര്‍ ഡോസ് കുത്തിവയ്പ്പ് മതിയാകും. പ്രതിരോധ കുത്തിവയ്പ്പുകള്‍ ശരിയായ ക്രമത്തില്‍ എടുത്തിട്ടുണ്ടോ എന്ന് അറിഞ്ഞുകൂടാത്ത ആളുകളില്‍, ആഴത്തിലുള്ള മലിനമായ മുറിവുകള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ പ്രതിരോധശേഷിക്കായി ഉടന്‍ തന്നെ ശരീരത്തെ സജ്ജമാക്കാന്‍ ടെറ്റനസ് ഇമ്മ്യൂണോഗ്ലോബുലിന്‍ ആവശ്യമാണ്. ഭാവിയിലേക്കുള്ള മുറിവുകള്‍ക്കുള്ള സുരക്ഷഎന്ന രീതിയില്‍ ടെറ്റനസ് പ്രതിരോധ കുത്തിവയ്പ്പും നല്‍കാവുന്നതാണ്. ഗര്‍ഭിണികളില്‍ ടെറ്റനസ് കുത്തിവയ്പ്പുകള്‍  നല്‍കുന്നത് നവജാതശിശുക്കളിലെ ടെറ്റനസ് പൂര്‍ണ്ണമായി പ്രതിരോധിക്കുന്നു. ആദ്യ കുത്തിവയ്പ്, ഗര്‍ഭംധരിച്ചതായി അറിയുന്ന അവസരത്തില്‍ തന്നെയും, അടുത്ത ഡോസ് മുപ്പതു ദിവസങ്ങള്‍ക്കു ശേഷവും എടുക്കേണ്ടതാണ്. ഈ രീതിയില്‍ രണ്ടു കുത്തിവയ്പുകള്‍ ലഭിച്ച ഒരു സ്ത്രീയ്ക്ക് അടുത്ത ഗര്‍ഭധാരണം മൂന്നുവര്‍ഷത്തിനുള്ളില്‍ സംഭവിക്കുകയാണെങ്കില്‍, ആ ഗര്‍ഭകാലയളവില്‍ ആദ്യം തന്നെ ഒരു ബൂസ്റ്റര്‍ ഡോസ് മാത്രം എടുത്താല്‍ മതിയാകും.

സ്ഥിതിവിവരകണക്കുകള്‍

നവജാതശിശുക്കള്‍ക്കുണ്ടാകുന്ന ടെറ്റനസ് രോഗബാധ(neonatal tetanus) കേരളത്തില്‍ അവസാനമായി സ്ഥിരീകരിച്ചത് 2013 ല്‍ പാലക്കാടാണ്. തുടര്‍ന്നുള്ള തുടര്‍ച്ചയായ 3 വര്‍ഷങ്ങള്‍ ഇന്ത്യയില്‍ കാര്യക്ഷമമായ പ്രതിരോധ കുത്തിവയ്പുകളിലൂടെ രോഗബാധ വളരെയധികം നിയന്ത്രിക്കപ്പെടുകയും ലോകാരോഗ്യസംഘടന മെയ് 2015 ല്‍ ഇന്ത്യയെ നവജാതശിശു ടെറ്റനസ് രോഗ മുക്ത രാജ്യമെന്നു സ്ഥിരീകരിക്കുകയും ചെയ്തു. 1989 കളില്‍ 27% ഗര്‍ഭിണികള്‍ മാത്രമാണ് ഇന്ത്യയില്‍ പ്രതിരോധകുത്തിവയ്പുകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് അത് 90% ല്‍ ഏറെയാണ്.

1990 കളില്‍ ലോകത്താകമാനം ഏതാണ്ട് 4 ലക്ഷത്തോളം പേര്‍ ടെറ്റനസ് ബാധമൂലം മരണമടഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഊര്‍ജ്ജിതമാക്കിയതുമൂലം 2013 ല്‍ ഈ സംഖ്യ അറുപതിനായിരം ആയി കുറഞ്ഞു.

ക്രമമായ കാലയളവുകളില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതുവഴി ഈ രോഗത്തെ പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാവുന്നതാണ്.

ഡിഫ്തീരിയ അഥവാ തൊണ്ട മുള്ള്

ആമുഖം

മനുഷ്യന്റെ തൊണ്ടയിലേയും മൂക്കിലേയും ശ്ലേഷ്മ ചർമ്മത്തെ ബാധിക്കുന്ന ഒരു രോഗമാണ് ഡിഫ്തീരിയ.വളരെയധികം സാംക്രമിക ശേഷിയുള്ള ഒരു രോഗമാണെങ്കിലും സമയാസമയങ്ങളിലുള്ള പ്രതിരോധ കുത്തിവയ്പ് കൊണ്ട് ഈ രോഗത്തെ തടയാവുന്നതാണ്.

ചരിത്രം

1613 ൽ സ്പെയിനില്‍ തൊണ്ടയിൽ അണുബാധ കാരണം ശ്വാസതടസ്സം വന്ന് രാജ്യത്തെ 80 ശതമാനത്തിലധികം കുട്ടികൾ മരണപ്പെട്ടതോടെയാണു ഈ രോഗം ജനശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയത്. ചരിത്രത്തിൽ ഈ കറുത്ത വർഷം The Year of Strangulations എന്നാണു അറിയപ്പെടുന്നത്. അടുത്ത നൂറ്റാണ്ടായപ്പോഴേക്കും ഈ രോഗം ,യൂറോപ്പ്യൻ ഭൂഖണ്ഡത്തിലേക്ക് അതിന്റെ വേരുകളുറപ്പിച്ചു തുടങ്ങിയിരുന്നു.

1826 ൽ പിയറി ബ്രെട്ടോണി എന്ന ഡോക്ടറാണ് ഈ മാരകരോഗത്തിന് ‘ഡിഫ്തീരിയ’ എന്ന പേരു നൽകിയത്. ഈ രോഗം ബാധിച്ചവരിൽ തൊണ്ടയിൽ കാണപ്പെട്ട ചെളി നിറത്തിലുള്ള ലെതർ പോലെയുള്ള പാടയിൽ നിന്നാണ് ഈ പേര് കിട്ടിയത്. ഗ്രീക്ക് ഭാഷയിൽ ‘ഡിഫ്തേര’ എന്നാൽ ‘തുകല്‍’ എന്നാണർത്ഥം. 18 ആം നൂറ്റാണ്ടിന്റെ പകുതിയായപ്പോഴേക്കും അമേരിക്കൻ രാജ്യങ്ങളിലേക്കും ഈ മാരകരോഗം പടർന്നുപിടിച്ചിരുന്നു . 1884ൽ എഡ്വിൻ ക്ലബ്സ് , ഫ്രെഡെറിക്ക് ലോഫ്ലർ എന്നീ ശാസ്ത്രജ്ഞരാണ് ഈ രോഗത്തിനു കാരണക്കാരായരോഗാണുവിനേയും ഈ രോഗം മാരകമാകാൻ  അത് പുറപ്പെടുവിക്കുന്ന ‘exotoxin’ എന്ന വിഷസമാനമായവസ്തുവിനെയും കണ്ടെത്തിയത്.

1890 കളിൽ എമിൽ വോണ്‍ ബെറിംഗ് എന്ന ഡോക്ടർ ഈ ‘exotoxin’ ഗിനിപ്പന്നികളിൽ കുത്തിവെചച്ചു നടത്തിയ പരീക്ഷണങ്ങളാണ് പില്‍ക്കാലത്ത് ചികിത്സയില്‍ നിര്‍ണ്ണായകമായ ആന്റി ഡിഫ്തീരെടിക് സീറം വികസിപ്പിക്കുന്നതിനു സഹായിച്ചത്. ഇതിന് 1901ൽ ഇദ്ദേഹത്തിന് ആധുനിക വൈദ്യശാസ്ത്രത്തിനുള്ള ആദ്യത്തെ നോബേൽ പുരസ്കാരം ലഭിച്ചു.

1920 കളിൽ അമേരിക്കയിൽ പ്രതിവർഷം ഒന്നു മുതൽ രണ്ടു ലക്ഷം വരെ കുട്ടികൾ ഡിഫ്തീരിയബാധിതരാവുകയും തന്മൂലം 13,000 മുതൽ 15,000 വരെ കുട്ടികൾ മരണപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് അമേരിക്കയിൽ രാജ്യവ്യാപകമായി ഡിഫ്തീരിയക്കെതിരായ പ്രതിരോധകുത്തിവയ്പ്പു നടപ്പിൽ വരുത്തുകയും തൽഫലമായി രോഗം പിടിപെടുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവു വരുകയും ചെയ്തു. 2000 ത്തിനുശേഷം ആകെ ‘5’ ഡിഫ്തീരിയ കേസുകൾ മാത്രമാണു അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അതേ സമയം നമ്മുടെ സ്വന്തം ഇന്ത്യയിലെ കാര്യം നോക്കുമ്പോൾ, 2005ൽ ലോകത്താകെ  8229 ഡിഫ്തീരിയകേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ 5826 എണ്ണവും (71%) ഇന്ത്യയിൽ നിന്നായിരുന്നു എന്നത് വളരെ സങ്കടകരമായ ഒരു വസ്തുതയാണ്. ഇതിൽ കൂടുതൽ പേരും 5 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരുന്നു എന്നത് നമ്മുടെ പ്രതിരോധകുത്തിവയ്പ്പിന്റെ പോരായ്മയായിലേക്കാണു വിരൽ ചൂണ്ടുന്നത്. ഈയടുത്ത കാലത്ത് മലപ്പുറത്ത് റിപ്പോർട്ട് ചെയ്ത ഡിഫ്തീരിയ കേസുകളും 5 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരുന്നു എന്നത് ശ്രദ്ധിക്കുക.

രോഗകാരണം

കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയ ആണ് രോഗകാരണം. ഒരു ഡിഫ്തീരിയ രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തെറിക്കുന്ന ചെറു കണികകളിലൂടെയാണ് ഈ രോഗം പകരുന്നത്.ഈ സ്രവങ്ങൾ പുരണ്ട തൂവാലകൾ, ഗ്ലാസുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെയും ഈ രോഗം പകരാം. ചില രോഗികൾ പുറമേ രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ലെങ്കിലും രോഗം പിടിപെട്ട് ആറാഴ്ചക്കാലത്തോളം രോഗം പരത്താനുള്ള ശേഷിയുണ്ടായിരിക്കും.

ഡിഫ്തീരിയ ബാക്ടീരിയ പുറപ്പെടുവിക്കുന്ന വിഷ സമാനമായ ടോക്സിനുകളാണ് ഈ രോഗത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നത്. രക്തത്തിലൂടെ പടർന്ന് ഈ ടോകസിൻ മറ്റു അവയവങ്ങളെയും ബാധിച്ച് ഹൃദയസ്തംഭനം, പക്ഷപാതം, വൃക്കരോഗം എന്നിവയ്ക്കു കാരണമായിത്തീരുന്നു.

അപായ ഘടകങ്ങൾ

1) രോഗ പ്രതിരോധ കുത്തിവയ്പുകൾ സമയാസമയങ്ങളിൽ എടുക്കാത്ത കുട്ടികൾ

2) എയ്ഡ്സ് മുതലായ രോഗ പ്രതിരോധശേഷി കുറയ്ക്കുന്ന രോഗം ബാധിച്ച ആളുകൾ

3) വൃത്തിഹീനവും ആളുകൾ തിങ്ങിപ്പാർക്കുന്നതുമായ ഇടങ്ങളിൽ താമസിക്കുന്നവർ

മുതലായവരിൽ ഈ രോഗം പിടിപെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

രോഗലക്ഷണങ്ങൾ

രോഗാണുബാധ ഉണ്ടായി രണ്ടു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും.

1) പനി, ശരീരവേദന, വിറ

2) തൊണ്ടയിലെ ലിംഫ് ഗ്രന്ഥികളുടെ വീക്കം

3) ഉച്ചത്തിലുള്ള, പരുഷമായ ശബ്ദത്തോട് കൂടിയ ചുമ

4) തൊണ്ടവേദന

5) മൂക്കൊലിപ്പ്

മുതലായവയോടൊപ്പം തന്നെ തൊണ്ടയിൽ കാണുന്ന ചെളി നിറത്തിലുള്ള തുകൽ പോലെയുള്ള പാടയാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങൾ.

ശ്വാസതടസ്സം, കാഴ്ചാവ്യതിയാനങ്ങൾ, സംസാരവൈകല്യം, ഹൃദയമിടിപ്പ് വർദ്ധിക്കുക തുടങ്ങിയ ലക്ഷണങ്ങളും ചിലരിൽ കാണാം.

വൃത്തിഹീനമായ സാഹചര്യങ്ങളിൽ വസിക്കുന്ന ആളുകൾക്ക് ത്വക്കിനെ ബാധിച്ചും ഡിഫ്തീരിയ രോഗബാധ ഉണ്ടാവാറുണ്ട്.ഇവരിൽ തൊലിപ്പുറമേയുള്ള വ്രണങ്ങൾ, ചുവന്ന പാടുകൾ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ

ചികിത്സ

ഡിഫ്തീരിയ വളരെ മാരകമായ ഒരു രോഗമായതിനാൽ എത്രയും വേഗം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

1) ഡിഫ്തീരിയ ബാക്ടീരിയ പുറപ്പെടുവിക്കുന്ന ടോക്സിന്റെ ദൂഷ്യഫലങ്ങളെ ചെറുക്കാനുള്ള ആന്റി ടോക്സിൻ ഇഞ്ചക്ഷനാണ് ചികിത്സയുടെ ആദ്യപടി.

2)ബാക്ടീരിയയെ നശിപ്പിക്കാനുള്ള ആന്റിബയോട്ടിക്കുകളും ഇതിനോടൊപ്പം ഉപയോഗിക്കും.

3) ശ്വാസതടസം ഉള്ള രോഗികൾക്ക് intubation, tracheotomy മുതലായവ ആവശ്യമായി വന്നേക്കാം.

4) ഹൃദയസംബന്ധമോ വൃക്കസംബന്ധമോ മറ്റു സങ്കീർണതകളോ ഉളള രോഗികൾക്ക് അതിനു തക്കതായ മറ്റു ചികിത്സകളും ആവശ്യമായെന്നും വരാം

രോഗപ്രതിരോധം

സമയാസമയങ്ങളിലുള്ള കുത്തിവയ്പുകളിലൂടെ ഒരു കുഞ്ഞിന് ഈ രോഗം വരാതെ സൂക്ഷിക്കാവുന്നതാണ്.

ഈ രോഗത്തിനെതിരെ പെൻറാവാലന്റ് വാക്സിനുകളാണ് ഇന്ന് നാം ഉപയോഗിക്കുന്നത്.

ഒരു കുഞ്ഞിന്‌

1) ഒന്നര മാസം

2) രണ്ടര മാസം

3) മൂന്നര മാസം

പ്രായമാകുമ്പോൾ ഇന്ന് UIP പ്രകാരം ഈ വാക്സിൻ കൊടുക്കുന്നുണ്ട്. പിന്നീട് ഒന്നര വയസിലും അഞ്ചു വയസിലും കൊടുക്കുന്ന രണ്ടു DPT ബൂസ്റ്റർ ഡോസുകളോട് കൂടി ഇതിനെതിരെയുള്ള കുത്തിവയ്പ് പൂർണമാവുന്നു.

വളരെ അപൂർവ്വമായി ചില കുഞ്ഞുങ്ങൾക്ക് ഈ വാക്സിന് അലർജി ഉണ്ടാവാറുണ്ട്. ഇത് ശരീരത്തിൽ ചെറിയ തടിപ്പുകളായോ മറ്റു ചിലരിൽ വളരെ അപൂർവ്വമായി അപസ്മാരമായോ കാണപ്പെടാറുണ്ടെങ്കിലും പരിഭ്രമിക്കേണ്ടതായി ഒന്നുമില്ല.

ഹെപ്പറ്റൈറ്റിസ് ബി

ഹെപ്പറ്റൈറ്റിസ് ബി എന്ന അസുഖം അതെ പേരിലുള്ള ഒരു വൈറസ് മൂലം ആണ് ഉണ്ടാകുന്നത്. 1963ല്‍ ആണ് ഈ രോഗാണുവിനെ കണ്ടെത്തിയത്. രക്തത്തിലൂടെ പകരുന്നതായി കണ്ടെത്തിയതിനാല്‍ ഇതു മുന്‍കാലങ്ങളില്‍  “സിറം ഹെപ്പറ്റൈറ്റിസ് ” എന്നാണ് അറിയപ്പെട്ടിരുന്നത്. രോഗ ബാധിതരില്‍ ഒരു വലിയ വിഭാഗം ആളുകള്‍, അവര്‍ രോഗവിമുക്തരായാലും, രക്തത്തിലൂടെ രോഗം പരത്തുന്നു. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ കാണത്തിനാല്‍ ഇത് വളരെ വലിയ ഒരു ആരോഗ്യപ്രശ്നം ആയി കണക്കാക്കപ്പെടുന്നു.

1950കളില്‍ ഡോ. ബാരി ബ്ലംബര്ഗ് എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍, തന്റെ ജനിതകശാസ്ത്ര പഠനത്തിന്‍റെ ഭാഗമായി, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രക്ത സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. അതിനിടെ, തുടര്‍ച്ചയായി രക്തം സ്വീകരിക്കേണ്ടിവരുന്ന ‘ഹീമോഫീലിയ’ രോഗികളില്‍ ഒരുതരം ഹെപ്പറ്റിറ്റിസ് കാണപ്പെടുന്നതായി അദ്ദേഹം ശ്രദ്ധിച്ചു. ഇതിനു കാരണം ആയ ഒരു വസ്തുവിനെ അദ്ദേഹം ഒരു അസ്ട്രെലിയക്കാരന്റെ രക്തത്തില്‍ നിന്നും വേര്‍തിരിച്ചു. ‘ആസ്ട്രേലിയന്‍ ആന്റിജന്‍’ എന്ന് പേരിട്ട ആ വസ്തു, ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റെ പുറംചട്ടയിലെ ഒരു പദാര്‍ത്ഥം ആണെന്ന് പില്‍ക്കാലത്ത്‌ കണ്ടെത്തി. 1967ല്‍ ആണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. പ്രസ്തുത രോഗാണു കരളിലെ അര്‍ബുദത്തിനു കാരണമാകുന്നു എന്നും ഡോ. ബ്ലംബര്ഗ് കണ്ടെത്തി. രണ്ടു വര്‍ഷത്തിനു ശേഷം 1969ല്‍, അദ്ദേഹത്തിന്‍റെ കീഴില്‍ തന്നെ, ഇതിനെതിരെ ഉള്ള ഒരു വാക്സിനും വികസിപ്പിച്ചു: ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ആദ്യത്തെ വാക്സിന്‍. തന്റെ കണ്ടെത്തലുകള്‍ക്ക് 1976ല്‍ അദ്ദേഹത്തിന് വൈദ്യശാസ്ത്ര നോബല്‍ സമ്മാനം ലഭിച്ചു.

രോഗവ്യാപ്തി

ലോകത്തില്‍ ഏകദേശം 35-40 കോടി ആളുകള്‍ ഈ രോഗാണു വാഹകരാനെന്നാണ് കണക്കാക്കപെട്ടിട്ടുള്ളത്. ഓരോ വര്‍ഷവും 7,80,000 പേര് ഈ അസുഖം മൂലം മരണപ്പെടുന്നു.

ഇന്ത്യയിലെ കണക്കെടുത്താല്‍, ജനസംഖ്യയുടെ ഏതാണ്ട് 3.5%, (4 കോടി ആളുകള്‍) ഈ രോഗാണു രക്തത്തില്‍ ഉള്ളവര്‍ ആണ്. ഓരോ വര്‍ഷവും 10ലക്ഷം പേര്‍ക്ക് പുതിയതായി ഈ അസുഖം വരുന്നു. ഹെപ്പറ്റൈറ്റിസ്  ബി മൂലം ഭാരതത്തില്‍ പ്രതിവര്‍ഷം ഒരു ലക്ഷം മരണം സംഭവിക്കുന്നു.

കരളിലെ അര്‍ബുദം മൂലം ഉള്ള മരണങ്ങളില്‍ 60-80% സംഭവിക്കുന്നത് ഹെപ്പറ്റൈറ്റിസ് ബി മൂലമാണ്.

രോഗകാരണം

ഹെപ്പറ്റൈറ്റിസ് ബി ഒരു DNA വൈറസ് ആണ്. അത് രക്തതിലൂടെയും മറ്റു ശരീര സ്രവങ്ങളിലൂടെയും പകരുന്നു.

രോഗബാധ ഉണ്ടാവുന്ന സാഹചര്യങ്ങള്‍:

  1. ആരോഗ്യകേന്ദ്രങ്ങളില്‍ രക്തവുമായി അടുത്ത പ്രവര്‍തിക്കുന്നവര്‍; ഡോക്ടര്‍, നേഴ്സ്, ലാബ് പ്രവര്‍ത്തകര്‍, മുറിവ് വച്ച് കെട്ടുന്നവര്‍, മുതലായവര്‍.
  2. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം
  3. അണുവിമുക്തമാക്കാതെയുള്ള സൂചി, സിറിഞ്ച് എന്നിവയുടെ ഉപയോഗം.
  4. മയക്കുമാരുന്ന്‍ ഉപയോഗിക്കുമ്പോള്‍ ഒരേ സൂചി പങ്കുവയ്ക്കുമ്പോള്
  5. അണുവിമുക്തമാക്കാതെയുള്ള പച്ചകുത്തല്‍.
  6. രോഗബാധിതയായ മാതാവില്‍ നിന്നും കുഞ്ഞിലേക്ക്.

രക്തം പറ്റിയ സൂചിയില്‍ നിന്നും പകരാനുള്ള സാധ്യത, HIV യുമായി താരതമ്യം ചെയ്യുമ്പോള്‍ ഹെപ്പറ്റൈറ്റിസ് ബിക്ക് വളരെ അധികം ആണ്. സൂചി കൊണ്ടുള്ള ഒറ്റ മുറിവില്‍ നിന്നും HIV പകരാനുള്ള സാധ്യത 0.3% ആണെന്നിരിക്കെ,  ഹെപ്പറ്റൈറ്റിസ് ബിയ്ക്ക് അത് 6-30% ആണ്.

വായു, ജലം, ഭക്ഷണം, സാധാരണ ഇടപഴകല്‍, കീടങ്ങള്‍, എന്നിവയിലൂടെ ഈ അസുഖം പകരില്ല.

രോഗലക്ഷണങ്ങള്‍

അണുബാധ ഉണ്ടായ ശേഷം 1-6 മാസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. വിശപ്പില്ലായ്മ, ഛര്‍ദ്ദി, ശരീരവേദന, പനി, എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ക്രമേണ മഞ്ഞപ്പിത്തം കണ്ടുതുടങ്ങുന്നു: മൂത്രത്തിന്, കണ്ണുകള്‍ക്ക്, മറ്റു ശരീരഭാഗങ്ങള്‍ക്ക് ഒക്കെ മഞ്ഞ നിറം ആകുന്നു. രോഗത്തിന്റെ ഒരു അവസ്ഥയില്‍ അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടാം.

6 മുതല്‍ 8 ആഴ്ച കൊണ്ട് 95-99% പേരില്‍ അസുഖം പൂര്‍ണമായി മാറുന്നു. എന്നാല്‍ 1% രോഗികളില്‍ അസുഖം വളരെ അധികം മൂര്ചിച്ചു, മരണം വരെ സംഭവിക്കാവുന്ന, acute liver failure എന്ന സ്ഥിതി ഉണ്ടാവുന്നു. അവരില്‍, കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുകയും, തന്മൂലം രക്തം കട്ടപിടിക്കാതിരിക്കല്‍, രക്തത്തില്‍ ബിലിറൂബിന്‍റെ അളവ് ക്രമാതീതമായി വര്‍ധിച്ച് അത് തലച്ചോറിനെ ബാധിക്കുക, എന്നിവ ഉണ്ടാവുന്നു. ഈ സ്ഥിതിയില്‍ മരണ സാധ്യത 30% ആണ്.

ചുരുക്കം ചില രോഗികളില്‍, അസുഖം പൂര്‍ണമായി മാറാതെ, വളരെ നാള്‍ നീണ്ടു നില്‍ക്കുന്ന ഒരു സ്ഥിതി ഉണ്ടാകുന്നു (chronic hepatitis).  ഒരു വയസ്സിനു താഴെയുള്ള രോഗികളില്‍ 90%, ഒന്ന് മുതല്‍ അഞ്ചു വയസ്സ് വരെ 50%, മുതിര്‍ന്നവരില്‍ 5%ഇല്‍ താഴെ, എന്നിങ്ങനെയാണ് ഇതിനുള്ള സാധ്യത. ഈ സ്ഥിതി കുറെ നാള്‍ കഴിയുമ്പോള്‍ സിറോസിസ് എന്ന അവസ്ഥയിലേക്ക് എത്തുന്നു. കരള്‍ മാറ്റിവയ്ക്കല്‍ അല്ലാതെ മറ്റൊരു ചികിത്സയും ഫലപ്രദമല്ല, ഈ ഘട്ടത്തില്‍. സിറോസിസ് വരുന്ന രോഗികളില്‍ ചിലര്‍ക്കാണ് കരളിലെ അര്‍ബുദം ഉണ്ടാകുന്നത്.

രോഗനിര്‍ണ്ണയം

രക്തത്തിലെ ബിലിറൂബിന്‍ എന്ന പദാര്‍ഥത്തിന്റെ അളവ് ഇതൊരു ഹെപ്പറ്റൈറ്റിസിലും കൂടുതല്‍ ആയിരിക്കും. കരളിനു ബിലിരൂബിനെ പുറന്തള്ളാനുള്ള കഴിവ് നശിക്കുന്നതാണ് ഇതിനു കാരണം. രോഗബാധ കരള്‍ കോശങ്ങളെ നശിപ്പിക്കുന്നതിനാല്‍, കോശങ്ങളിലെ ട്രാന്‍സ് അമിനേസ് എന്ന എന്‍സൈമുകള്‍ അധികമായി രക്തത്തില്‍ കാണപ്പെടുകയും ചെയ്യുന്നു. ഇവയുടെ (SGOT, SGPT) അളവ് രോഗത്തിന്റെ ആദ്യകാലങ്ങളില്‍ ഉയര്‍ന്നിരിക്കും.

ഇതുകൂടാതെ, ബി ടൈപ്പ് ഹെപ്പറ്റൈറ്റിസ് ആണെന്ന് തീര്‍ച്ചപ്പെടുത്താന്‍ ചില രക്തപരോശോധനകളുണ്ട്.

  1. HBsAg: ഹെപ്പറ്റൈറ്റിസ് ബി സര്‍ഫസ് ആന്റിജന്‍; വൈറസ് ശരീരത്തില്‍ പ്രവേശിച്ചതിന്റെ ആദ്യ അടയാളം; 1-2 മാസത്തിനുള്ളില്‍ കാണപ്പെടുന്നു.
  2. Anti HBc അന്ടിബോഡി: ഹെപ്പറ്റൈറ്റിസ് ബി കോര്‍ അന്ടിബോഡി നിര്‍ണ്ണയം; HBsAg പ്രത്യക്ഷപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടെത്താന്‍ കഴിയുന്നു.
  3. Anti HBs അന്ടിബോഡി: വാക്സിനിലൂടെയോ, രോഗമുക്തിയിലൂടെയോ പ്രതിരോധശേഷി കൈവരിച്ചവരില്‍ കാണപ്പെടുന്നു.
  4. HBeAg: HBsAg പ്രത്യക്ഷപ്പെട്ടതിനു ശേഷം ചില രോഗികളില്‍ മാത്രം കണ്ടുവരുന്ന ഈ പദാര്‍ത്ഥം, രക്തത്തില്‍ വൈറസിന്റെ ആധിക്യം ചൂണ്ടിക്കാണിക്കുന്നു. തന്മൂലം, HBeAg ഉള്ള രോഗികളില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത ഏറെയാണ്‌.

Carrier stage എന്ന അവസ്ഥയിലുള്ള ചില രോഗികളുണ്ട്. അവരുടെ ശരീരത്തില്‍ അസുഖലക്ഷണങ്ങള്‍ എല്ലാം മാറിയാലും HBsAg രക്തത്തില്‍ നിലനില്‍ക്കുന്നു (ആറുമാസത്തില്‍ കൂടുതല്‍). യാതൊരു രോഗലക്ഷണവും കാണിക്കാത്ത ഇവര്‍ പക്ഷെ, രോഗം പരത്താന്‍ കഴിയുന്നവരാണ്.

ചികിത്സ:

പൊതുവായി ഹെപ്പറ്റൈറ്റിസ് ബിയുടെ ചികിത്സ ഇതൊരു മഞ്ഞപ്പിത്തത്തെയും പോലെ ആണ്. രോഗത്തിന്റെ അവസ്ഥ അനുസരിച്ച് ചികിത്സ മാറുന്നു. കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുന്ന സ്ഥിതി (fulminant hepatic failure) ആയാല്‍ കരള്‍ മാറ്റിവയ്ക്കല്‍ കൊണ്ട് മാത്രമേ രോഗിയെ രക്ഷിക്കാന്‍ സാധ്യതയുള്ളൂ.

എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന ലാമിവുടിന്‍, അടെഫോവിര്‍, റെനോഫോവിര്‍, എന്നീ മരുന്നുകളും, ചില ഇന്റെര്‍ഫെരോണുകളും  ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

ഹെപ്പറ്റൈറ്റിസ് ആണെന്ന് തീര്‍ച്ചയായാല്‍  സാധാരണ കാണുന്ന ഒരു പ്രവണതയാണ് ഉടനെ പച്ചമരുന്നോ, അതുപോലുള്ള ഇതര ചികിത്സാ സമ്പ്രദായങ്ങളെ ആശ്രയിക്കുക എന്നത്. മേല്‍ സൂചിപ്പിച്ചപോലെ, ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന രോഗികളില്‍ ഒരു വലിയ ശതമാനം തനിയെ രോഗമുക്തി നേടുന്നു. ഇത്തരക്കാരില്‍ രോഗം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍  (ക്ഷീണം, ഛർദ്ദി മലബന്ധം, ചൊറിച്ചില്‍ മുതലായവ ) കുറയ്ക്കാന്‍ ഉള്ള ചികിത്സാ മാര്‍ഗങ്ങള്‍ മാത്രം മതിയാവും. അതാണ്‌ ആധുനിക ചികിത്സാ ശാസ്ത്രം പറയുന്നതും. ഇവരുടെ ചികിത്സയില്‍ പച്ചമരുന്ന് ഉപയോഗം പ്രത്യേകിച്ച് ഗുണം ചെയ്യുന്നതായി തെളിവില്ല. സ്റ്റിറോയിഡ് പോലുള്ള പദാര്‍ഥങ്ങള്‍ അടങ്ങിയ മരുന്നുകള്‍ ഉപയോഗിച്ചാല്‍ താല്‍ക്കാലിക രോഗശാന്തി ലഭിച്ചേക്കാമെങ്കിലും , അവ അധികകാലത്തേക്കും അധികമാത്രയിലും ഉപയോഗിക്കുന്നതിന്റെ ഫലങ്ങള്‍  ഭീകരവും മാരകവും ആണ് .  ഇതൊരു രോഗിക്കും, ഹെപ്പറ്റൈറ്റിസ് ചികിത്സയുടെ ഒപ്പം ആവശ്യം ചെയ്യേണ്ട  ഒരു കാര്യം, രോഗം മൂര്‍ച്ചിക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധനകള്‍  ആണ്. ചുരുക്കം ചിലരില്‍ മാത്രമേ ഈ സ്ഥിതി വരികയുള്ളു എങ്കിലും, നേരത്തെ കണ്ടുപിടിച്ചു ചികില്സിച്ചില്ലെങ്കില്‍ ഫലം മോശമാകാനിടയുണ്ട്. ഇതര ചികില്സാമാര്‍ഗങ്ങള്‍ തേടുന്നവര്‍ പലപ്പോഴും അവ 100% സുരക്ഷിതവും ഫലപ്രദവും ആണെന്ന ഉറച്ച വിശ്വാസത്തില്‍, ഇത്തരം പരിശോധനകളെ അവഗണിക്കുകയും, തല്‍ഫലമായി രോഗസ്ഥിതി മൂർച്ഛിക്കുന്നത് അറിയാന്‍ വൈകുകയും ചെയ്യുന്നു. ഇതിനാല്‍, ഹെപ്പറ്റൈറ്റിസ് ചികിത്സയില്‍ മറ്റു സമ്പ്രദായങ്ങളെ ആശ്രയിക്കുന്നത് കഴിവതും ഉപേക്ഷിക്കുക. അങ്ങനെ ചെയ്യുകയാനെങ്ങില്‍ തന്നെ, അത് ചികിത്സിക്കുന്ന ഡോക്ടറുടെ അറിവോടുകൂടെ മാത്രം.

പ്രതിരോധമാര്‍ഗം:

ചികിത്സ ബുദ്ധിമുട്ടാണെങ്കിലും, ഈ അസുഖത്തെ പ്രതിരോധിക്കാന്‍ വളരെ ഫലപ്രദമായ വാക്സിന്‍ നിലവിലുണ്ട്. 1981ല്‍ വികസിപ്പിച്ച ഈ വാക്സിന്‍, 1991 മുതല്‍ പൊതുജനങ്ങളില്‍ ഉപയോഗിച്ച് തുടങ്ങി. എന്നാല്‍ ഭാരതത്തിലെ പ്രതിരോധകുത്തിവയ്പ് പരിപാടിയില്‍ 2002 മുതല്‍ ആണ് ഇത് ഉപയോഗിക്കാന്‍ തുടങ്ങിയത്. 2011 മുതല്‍ ഇത് രാജ്യവ്യാപകമായി കൊടുത്തു വരുന്നു.

കേരളത്തില്‍, 2011 മുതല്‍ ഹെപ്പറ്റൈറ്റിസ്  ബിയോടൊപ്പം, ഹീമോഫിലസ് ഇന്ഫ്ലുവന്സ, ഡിഫ്തീരിയ, ടെറ്റനസ്, വില്ലന്‍ചുമ, എന്നിവയുടെ ഒരൊറ്റ സംയോജിത വാക്സിനാണ് (Pentavalent vaccine) ഉപയോഗിക്കുന്നത്.

ഹെപ്പറ്റൈറ്റിസ് ബി വക്സിന്റെ സാധാരണ മുറ താഴെ പറയുന്നു:

ജനിച്ചയുടന്‍(24 മണിക്കൂറിനുള്ളില്‍):         ഹെപ്പറ്റിറ്റിസ് ബി വാക്സിന്‍.

6 ആഴ്ച:                                                              പെന്‍റാവാലന്‍റ്  വാക്സിന്‍- 1

10 ആഴ്ച:                                                                        പെന്‍റാവാലന്‍റ്  വാക്സിന്‍- 2

14 ആഴ്ച:                                                                        പെന്‍റാവാലന്‍റ്  വാക്സിന്‍- 3

കുത്തിവയ്പ്പ് എടുക്കാത്ത മുതിര്‍ന്നവര്‍ക്ക്, “0 മാസം-1 മാസം-6 മാസം” എന്ന കാലയളവില്‍ ഇതേ വാക്സിന്‍ ഇരട്ടി ഡോസില്‍ കൊടുക്കാവുന്നതാണ്. ജോലിസംബന്ധമായി രകതവുമായി കൂടുതല്‍ ഇടപെടേണ്ട ഡോക്ടര്‍, നേഴ്സ്, ലാബ്‌ ജോലിക്കാര്‍, എന്നിവര്‍ ഇത് എടുക്കുന്നു.

രോഗമുള്ള മാതാവിന് പിറക്കുന്ന കുഞ്ഞിന്, ജനനത്തിന് 24 മനിക്കൊരിനുള്ളില്‍, വാക്സിനു പുറമേ, ഈ രോഗത്തെ ചെറുക്കാനുള്ള ‘ഇമ്മ്യുണോഗ്ലോബുലിന്‍’ കൂടെ നല്‍കണം. അതുപോലെ തന്നെ, ഏതെങ്കിലും കാരണത്താല്‍ രോഗബാധയ്ക്ക് സാധ്യത ഉണ്ടായാലും (രോഗിയുടെ രക്തവുമായി സമ്പര്‍ക്കം, രോഗിയുമായി ലൈംഗികബന്ധം, മുതലായവ) ഈ  ‘ഇമ്മ്യുണോഗ്ലോബുലിന്‍’ നല്‍കേണ്ടി വരും. 3 മുതല്‍ 6 മാസം വരെ രോഗത്തെ ചെറുക്കാന്‍ ഇതിനു സാധിക്കും. ഈ സമയത്തിനുള്ളില്‍ ശരീരം വക്സിനുമായി  പ്രവര്‍ത്തിച്ച്‌ അതിന്റെ സ്വന്തം പ്രതിരോധശേഷി നേടുന്നു.

ഹിമോഫിലസ് ഇന്‍ഫ്ലുവെന്‍സാ ടൈപ്പ് ബി (Hemophilus Influenza Type – B) രോഗങ്ങൾ


ആമുഖം

ഹിബ് (HiB) ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗങ്ങൾ, പ്രത്യേകിച്ച് കുട്ടികളെ ഗുരുതരമായി ബാധിക്കും. ഇത്തരം രോഗബാധിതരുടെ എണ്ണം വളരെ ഫലപ്രദമായ ഹിബ് വാക്സിന്റെ കണ്ടുപിടുത്തത്തോടെ ലോകവ്യാപകമായി ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും, ഇതു മൂലമുള്ള രോഗബാധയും, മരണനിരക്കുകളും ഇന്നും ഒരു പ്രധാന ആരോഗ്യപ്രശ്നമായി നിലനില്‍ക്കുന്നു.

ചരിത്രം

ഇപ്പോള്‍ ഹീമോഫിലസ് ഇന്ഫ്ലുവെന്‍സാ എന്നറിയപ്പെടുന്ന ഈ രോഗാണുവിന്റെ ചരിത്രത്തില്‍ നിരവധി ആവേശകരമായ അദ്ധ്യായങ്ങള്‍ ഉണ്ട്.

1892 ല്‍ ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ Richard Friedrick Johannes Pfeiffer ആണു ഹീമോഫിലസ് ഇന്ഫ്ലുവെന്‍സയെ കണ്ടെത്തിയത്. ഇന്ഫ്ലുവെന്‍സാ വൈറല്‍ പനിയുടെ കാരണം ഈ ബാക്ടീരിയ ആണ് എന്ന തെറ്റായ നിഗമനത്തിലൂടെയാണ് ഈ രോഗാണുവിന് ഈ പേര് ലഭിച്ചത്. ആദ്യകാലങ്ങളില്‍ ഇത്  “Pfeiffer’s Bacillus” അഥവാ  “ബാസില്ലസ് ഇന്ഫ്ലുവെന്‍സെ”  എന്നാണു അറിയപ്പെട്ടിരുന്നത്. 1933 വരെ ഈ തെറ്റായ നിഗമനം തുടര്‍ന്നു പോന്നു.

1970 കളില്‍ തന്നെ  ഹീമോഫിലസ് അണുബാധയ്കകെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കുള്ള ഗവേഷണങ്ങള്‍ തുടങ്ങിയിരുന്നു. ആദ്യത്തെ അംഗീകൃത ഹിബ് വാക്സിന്‍ (Polysaccharide) 1985 ല്‍ അമേരിക്കയില്‍ ഉപയോഗിച്ചു തുടങ്ങി. എന്നാല്‍ പതിനെട്ടു മാസത്തിനു താഴെ പ്രായമുള്ള കുട്ടികളില്‍ ശക്തമായ രോഗപ്രതിരോധം ഉയര്‍ത്താന്‍ ഇതിനു കഴിഞ്ഞിരുന്നില്ല. അതിനാല്‍ 1988 ല്‍ ഇത് വിപണിയില്‍ നിന്ന് പിന്‍വലിച്ചു.ഈ വാക്സിന്റെ പരിമിതികളാണ് പില്‍കാലത്ത് Conjugate Vaccine ന്റെ പിറവിയിലേയ്ക്കു വഴി തെളിച്ചത്.

2006 ല്‍ ലോകാരോഗ്യസംഘടന ആഗോളതലത്തില്‍  ഹിബ് വാക്സിന്‍ ഉപയോഗിക്കുന്നതിനുള്ള നയതീരുമാനം കൈക്കൊണ്ടു. ഇന്ത്യ അടക്കമുള്ള വികസ്വര രാഷ്ട്രങ്ങളില്‍ ഹിബ് അടങ്ങിയ സംയോജിത വാക്സിനുകളുടെ ഉപയോഗം ആണു ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നത്.

രോഗകാരണം:

രക്തത്തിലെ  V , X (രക്തം കട്ട പിടിക്കുവാന്‍ സഹായിക്കുന്ന പദാര്‍ത്ഥങ്ങള്‍) എന്നീ ഘടകങ്ങൾ, സ്വന്തം വളര്‍ച്ചയ്കായി ഉപയോഗിക്കുന്ന ഒരു തരം ഗ്രാം നെഗറ്റീവ് വിഭാഗത്തില്‍പ്പെട്ട ‘ കോക്കോ ബാസില്ലസ് ’ എന്ന ബാക്ടീരിയയാണ് ഹിബ് രോഗബാധയ്ക്ക് കാരണമാകുന്ന രോഗാണുക്കൾ.

സാംക്രമിക രോഗശാസ്ത്രം (Epidemiology)

ഇപ്പോൾ നിലവിലുള്ള വളരെ ഫലപ്രദമായ ഹിബ് വാക്സിന്‍ 1988 ല്‍ ആണു കണ്ടുപിടിച്ചത്. അതുവരെ ലോകവ്യപകമായി കുട്ടികളില്‍‍ കണ്ടുവരുന്ന മാരകരോഗങ്ങൾക്ക് പ്രധാനകാരണം ഹിബ് രോഗബാധയായിരുന്നു. ഇതില്‍ ഏകദേശം 90% പേരും 5 വയസ്സിനു താഴെയുള്ള കുട്ടികളായിരുന്നു. അതില്‍തന്നെ കൂടുതലും 2 വയസ്സിനു താഴെയുള്ള കുട്ടികളായിരുന്നു എന്ന കണക്കുകള്‍ രോഗത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

വീടിനുപുറത്തുള്ള കുട്ടികളുടെ സംരക്ഷണകേന്ദ്രങ്ങൾ, വളരെ കുറഞ്ഞ കാലയളവു മാത്രം മുലപ്പാല്‍ ലഭിച്ച കുട്ടികൾ, മാതാപിതാക്കളുടെ പുകവലി എന്നിവ ഈ രോഗവ്യാപനത്തെ സ്വാധീനിക്കുന്ന സാമൂഹിക സാമ്പത്തിക ഘടകങ്ങൾ ആണ്.

പകരുന്ന രീതി:

രോഗം ബാധിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗണുക്കൾ അടങ്ങിയ കണികകള്‍ കൊണ്ട് മലിനമായ വായു ശ്വസിക്കുന്നതു വഴിയും സാധാരണയായി ഈ രോഗം പകരുന്നു.

ഇന്ത്യയില്‍ 1993-97 കാലയളവില്‍ നടത്തിയ പഠനങ്ങൾ അനുസരിച്ച് 97% ഹീമോഫിലസ് ഇന്‍ഫ്ലുവെന്‍സാ രോഗബാധയും ഹീമോഫിലസ് ഇന്‍ഫ്ലുവെന്‍സാ ബി മൂലമായിരുന്നു.

2008 ലെ ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ മാത്രം 5 വയസ്സിനുതാഴെയുള്ള കുട്ടികളിലെ 20.3% പേരുടേയും മരണത്തിന് പ്രധാന കാരണം ഹിബ്  മൂലമുള്ള ന്യൂമോണിയ ആണെന്നാണ്‌.

രോഗനിര്‍ണ്ണയം

  1. ശാരീരിക പരിശോധന (ലക്ഷണങ്ങൾ അനുസരിച്ച്)
  2. ലാബോറട്ടറി മൈക്രോസ്കോപ്പി വഴിയുള്ള സൂക്ഷ്മപരിശോധന, കൾച്ച൪
  3. നട്ടെല്ലിലെ ദ്രാവകം കുത്തിയെടുത്തുള്ള പരിശോധന

അണുബാധ ലക്ഷണങ്ങളും ചികിത്സയും

  1. മെനിഞ്ചൈറ്റിസ് (തലച്ചോറിനെ മൂടിയിരിക്കുന്ന ആവരണത്തിന് അണുബാധ): പനി, കഠിനമായ തലവേദന, ഛര്‍ദ്ദി, ജന്നി, കഴുത്ത് വേദന, കഠിനമായ മയക്കം, ബോധം നഷ്ടപ്പെടുക.

സങ്കീര്‍ണ്ണതകൾ:

പെരുമാറ്റ – സംസാര വൈകല്യങ്ങൾ, കാഴ്ചയിലുള്ള വ്യത്യാസം, ബുദ്ധിമാന്ദ്യം, ജന്നി, തലച്ചോറില്‍ നീര്‍ക്കെട്ട്, കേള്‍വിക്കുറവ്

  1. എപ്പിഗ്ലോട്ടൈറ്റിസ് – ശ്വാസനാളിയിലെ വീക്കം മൂലം ശ്വസിക്കാന്‍ പ്രയാസം ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.
  2. ന്യൂമോണിയ – പനി, ചുമ, ശ്വാസംമുട്ടല്‍
  3. ഒട്ടൈറ്റിസ്മീഡിയ  – (ചെവിപഴുപ്പ്)
  4. സെപ്റ്റിസീമിയ
  5. സെല്ലുലൈറ്റിസ്

ചികിത്സ :

ആമ്പിസിലിന്‍, സെഫിക്സിം, അമോക്സിലിന്‍-ക്ലാവുലെനേറ്റ്, സെഫ്ട്രിയാക്സോൺ, സെഫോട്ടാക്സിം തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് രോഗം സുഖപ്പെടുത്താം.

പ്രതിരോധം :

ചികിത്സയേക്കാൾ പ്രധാനം പ്രതിരോധം തന്നെയാണ്. രോഗപ്രതിരോധ പട്ടികപ്രകാരം ലോകവ്യാപകമായി നല്കി വരുന്ന ഹിബ് വാക്സിന്‍ ഈ രോഗബാധക്കെതിരെ സമ്പൂര്‍‍ണ്ണ സംരക്ഷണം നല്കുന്നു.

2011 ല്‍‍ ആണ് ഇന്ത്യയില്‍‍ ആദ്യമായി കേരളത്തിലും തമിഴ്നാട്ടിലുമായി ഹിബ് അടങ്ങിയ പെന്റാവാലന്റ് വാക്സിനുകൾ ഉൾപ്പെടുത്തിയത്. 2012-13 ആയപ്പോഴേയ്ക്കും ഗോവ, പോണ്ടിച്ചേരി, ഹരിയാന, ജമ്മുകാശ്മീർ, ഗുജറാത്ത്, ഡെല്‍ഹി എന്നിവിടങ്ങളിലും നിലവിൽ വന്നു. പുതുക്കിയ ദേശീയ രോഗപ്രതിരോധ വാക്സിനേഷന്‍ പട്ടിക പ്രകാരം ഒരു കുഞ്ഞ് ജനിച്ച് 6,10,14 എന്നീ ആഴ്ചകളിലായി 0.5 മില്ലി വീതം 3 ഡോസുകള്‍ ആണ് നല്കി വരുന്നത്. പെന്റാവാലന്റ് വാക്സിനേഷന്‍ എടുക്കാത്തതോ, ഭാഗികമായി എടുത്തതോ ആയ ഒരു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും ഹിബ് വാക്സിനേഷന്‍ തുടർന്ന് നല്കാവുന്നതാണ്.

പ്രൊഫൈലാക്സിസ് (രോഗനിവാരണം)

പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത 48 മാസത്തിനു താഴെയുള്ള കുട്ടികള്‍ രോഗബാധിതരുമായി അടുത്തിടപഴകുന്നത് രോഗം വളരെ വേഗം പകരുന്നതിന് ഇടയാകുന്നു. രോഗബാധയുള്ളവരുമായുള്ള സമ്പര്‍ക്കം വഴിയുണ്ടാകുന്ന രോഗസംക്രമണം തടയുന്നതിന് കുട്ടികൾക്ക് റൈഫാമ്പിസിൻ നല്കുന്നത് രോഗപകര്‍ച്ചയും അതുവഴിയുള്ള സങ്കീര്‍ണ്ണതകളും ഒഴിവാക്കാ൯ സഹായിക്കും.

വില്ലൻചുമ അഥവാ പെർട്ടൂസിസ്


ബോർഡട്ടെല്ല പെർടുസിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് വില്ലൻ ചുമ അഥവാ പെർട്ടൂസിസ്. പ്രധാന രോഗലക്ഷണം ചുമയായതിനാൽ  തന്നെ ചുമയിലൂടെ പുറത്തെത്തുന്ന അണുക്കൾ വായുവിലൂടെ രോഗം പരത്തുന്നു.

മൂക്കൊലിപ്പും ഇടവിട്ടുള്ള ചുമയുമായി തുടങ്ങുന്ന രോഗം 1 – 2 ആഴ്ചക്കുള്ളിൽ ഗുരുതര ലക്ഷണങ്ങൾ കാട്ടിത്തുടങ്ങുന്നു.

ഏതാനും മിനിറ്റുകൾ വരെ നീണ്ടു നിൽക്കുന്ന ശക്തമായ നിർത്താതെയുള്ള ചുമ രോഗിയെ പരവശനാക്കും . ശ്വാസം കിട്ടാതെ കുട്ടി വെപ്രാളപ്പെടും. ചുമയുടെ ഈ നീണ്ട  നിരയുടെ അവസാനം കുട്ടി ദീർഘമായി ശ്വാസമെടുക്കുമ്പോൾ “ വൂപ്പ് ” എന്ന ശബ്ദമുണ്ടാകും . ചുമയുടെ അവസാനം കുട്ടി വളരെയധികം കഫവും മുൻപേ കഴിച്ച ഭക്ഷണ സാധനങ്ങളും ഛർദ്ദിക്കാം. ദിവസം 10 -20 തവണ വരെ വന്നേക്കാവുന്ന ഈ ചുമ നിരകളാണ് വില്ലൻ ചുമയിലെ പ്രധാന വില്ലൻ. ഇത്തരത്തിലുള്ള അസഹ്യമായ കടുത്ത ചുമ 2 – 3 മാസങ്ങൾ വരെ നീണ്ടു നിന്നേക്കാം എന്നുള്ളത് കൊണ്ട് 100 ഡേ കഫ് , 100 ദിവസചുമ , എന്ന പേരിലും ഈ അസുഖം അറിയപ്പെടാറുണ്ട്.

ചുരുക്കത്തിൽ രോഗിയുടെയും കുടുംബത്തിന്റെ യും അയൽവാസികളുടെയും വരെ ഉറക്കം കെടുത്തുന്ന രോഗം.

എന്നാൽ കേവലം ചുമ മാത്രമാണോ വില്ലൻ ചുമയെ വില്ലനാക്കുന്നത് ? അല്ല

കടുത്ത ചുമ ശരീരത്തിലെ പല ഭാഗങ്ങളിലെയും രക്തക്കുഴലുകൾ പൊട്ടാൻ ഇടയാക്കുന്നു. തലച്ചോറിലോ മറ്റ് ആന്തരാവയവങ്ങളിലോ ഇത്തരത്തിലുണ്ടാകുന്ന രക്തസ്രാവം കുഞ്ഞിനെ ജീവിതകാലം മുഴുവൻ ശയ്യാവലംബിയാക്കാനോ എന്തിന് മരണം തന്നെ സംഭവിക്കാനോ കാരണമാകാം!

ശക്തമായ ചുമ കൊണ്ട് ശ്വാസകോശങ്ങളുടെ ആവരണമായ പ്ല്യൂറയിൽ പൊട്ടലുണ്ടാകുകയും ശ്വാസകോശങ്ങൾക്കു ചുറ്റും വായു കെട്ടി നിന്ന് (ന്യൂ മോ തൊറാക്സ് ) കടുത്ത ശ്വസതടസമോ ഉടൻ വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണമോ ഉണ്ടാക്കാം!

അതേ സമയം തീരേ ചെറിയ കുഞ്ഞുങ്ങൾക്കും ആരോഗ്യക്കുറവുള്ള കുട്ടികൾക്കും വില്ലൻ ചുമ ബാധിച്ചാൽ ചുമയുടെ അവസാനം അവർക്ക് വേണ്ടത്ര ദീർഘമായി ശ്വാസമെടുക്കാനുള്ള ശക്തിയില്ലാത്തതിനാൽ ശാസം നിന്നു പോകുന്ന അവസ്ഥയുണ്ടായി ഹൃദയമിടുപ്പ് കുറഞ്ഞു വരാം. ഏതാനും സെക്കൻഡുകൾക്കകം ചികിത്സിച്ചില്ലെങ്കിൽ ഈ അവസ്ഥയിൽ കുഞ്ഞ് മരണപ്പെടും.

കൂടാതെ കടുത്ത ന്യൂമോണിയ ശ്വസ കോശങ്ങളിൽ പഴുപ്പ് അടിഞ്ഞ് കുഞ്ഞിനെ നിത്യരോഗിയാക്കുന്ന ബ്രോങ്കിയെക്റ്റാസിസ് എന്നിവയും വില്ലൻ ചുമയുടെ പരിണിത ഫലങ്ങളാണ്.

വില്ലൻ ചുമയുടെ ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്ന രോഗിക്ക് അസിത്രോമൈസിൻ എന്ന ആന്റിബയോട്ടിക് മരുന്ന് 5 ദിവസം വരെയോ എറിത്രോമൈസിൻ എന്ന ആന്റിബയോട്ടിക് മരുന്ന് 14 ദിവസം വരെയോ നല്കുന്നു. എന്നാൽ  ഈ മരുന്ന് നല്കിയാൽ പോലും രോഗി മറ്റാളുകളിലേക്ക് രോഗം പരത്തുന്നത് തടയാമെന്നല്ലാതെ രോഗത്തിന്റെ തീവ്രതയിലോ ചുമയുടെ ദൈർഘ്യത്തിലോ ലവലേശം കുറവ് വരുത്താൻ സാധിക്കില്ല.

വില്ലൻ ചുമ പിടിപെട്ടാൽ 100 ദിവസം ചുമച്ചേ മതിയാവൂ എന്ന് സാരം . ഇവിടെയാണ് രോഗ പ്രതിരോധ മാർഗങ്ങളുടെ ശക്തി.

ഇടത്തേ തുടയിലാണ് കുത്തിവയ്പ് നല്കുന്നത് . സമയത്ത് കുത്തിവയ്പ് എടുക്കാൻ കഴിയാതെ പോയ കുട്ടികൾക്ക് 7 വയസ് വരെ സർക്കാർ സംവിധാനങ്ങളിൽ നിന്ന് കുത്തിവയ്പ് നല്കാം.

കടുത്ത പനി, നീണ്ടു നിൽക്കുന്ന കരച്ചിൽ , ജന്നി, അനക്കമില്ലാത്ത അവസ്ഥ എന്നിവയാണ് ഈ കുത്തിവയ്പിന് ശേഷം‍ അപൂര്‍വ്വമായി  വരാവുന്ന പാർശ്വഫലങ്ങൾ . എന്നാൽ ഇവയൊന്നും തന്നെ നീണ്ടു നില്ക്കുന്നതോ ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കുന്നതോ അല്ല. അഥവാ ഒരു തവണ കുത്തിവയ്പ് നടത്തുമ്പോൾ ഇവയിലേതെങ്കിലും ഉണ്ടായാൽ തന്നെ പിന്നീടുള്ള കുത്തിവയ്പുകൾ വേണ്ടെന്ന് വയ്ക്കേണ്ട ആവശ്യവുമില്ല .

 

ആർക്കാണ് wP ക്ക് പകരം aP നിർദേശിക്കുന്നത്?

  • ഒരു തവണwP അടങ്ങിയ വാക്സിൻ എടുത്തപ്പോൾ ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായവർ
  • ചില പ്രത്യേക തരം നാഡീ രോഗാവസ്ഥകളുള്ള കുട്ടികൾ
  • 7വയസിനു മുകളിൽ പ്രായമുള്ളവർ

നിങ്ങളുടെ കുട്ടി മുകളിൽ പറഞ്ഞ ഏതെങ്കിലും വിഭാഗത്തിൽ പെടുന്ന ആളാണെങ്കിൽ പെന്റാ, ഡി.പി.റ്റി കുത്തിവയ്പുകൾ എടുക്കുന്നതിന് മുൻപ് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സമീപിച്ച് സംസാരിച്ചാൽ അദ്ദേഹം ഇക്കാര്യങ്ങളെ സംബന്ധിച്ച വിദഗ്ധോപദേശം നല്കുന്നതായിരിക്കും.

വില്ലൻ ചുമയ്ക്ക് എതിരായി 2 തരം കുത്തിവെപ്പുകളാണ് ഇന്ന് നിലവിലുള്ളത്

1.ശക്തി ക്ഷയിപ്പിച്ച അണുക്കളെ അതേപടി ഉപയോഗിക്കുന്ന ഹോൾ സെൽ പെർട്ടൂസിസ് വാക്സിൻ ( wP)

  1. അണുവിന്റെ ഏതാനും ഭാഗങ്ങൾ മാത്രം ഉപയോഗിക്കുന്ന എസെല്ലുല്ലാർ പെർട്ടൂ സിസ് വാക്സിൻ (aP)

ഇതിൽ wP വാക്സിൻ അടങ്ങിയതാണ് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ശ്രേണിയിലെ പെന്റാവാലന്റ് വാക്സിനും  ഡി.പി.റ്റി (ട്രിപ്പിൾ ) യും .പെന്റാ ഒന്നര രണ്ടര മൂന്നര മാസങ്ങളിലും ഡി പി.റ്റി ഒന്നര നാലര വയസുകളിലും നല്കപ്പെടുന്നു.

എന്നാൽ ദൗർഭാഗ്യകരം എന്ന് പറയട്ടെ ഇന്ത്യയിലിന്നും ഏറ്റവും കുറവ് കുട്ടികളിലേക്കെത്തുന്ന കുത്തിവയ്പ് ഇത് തന്നെയാണ്. ആകെ ജനിക്കുന്ന കുട്ടികളുടെ 41% ത്തിന് മാത്രമാണ് 1 1/2 വയസിലെ ബൂസ്റ്റർ കുത്തിവയ്പ് വരെയെങ്കിലുമുള്ള വാക്സിൻ കൃത്യമായി ലഭിക്കുന്നത്. കുത്തിവയ്പ് കൊണ്ട് പ്രതിരോധിക്കാൻ കഴിയുന്ന മറ്റ് രോഗങ്ങളെ അപേക്ഷിച്ച് ഡിഫ്ത്തീരിയ, വില്ലൻ ചുമ, ഇവയുടെ സംഖ്യ ഉയർന്നു നില്ക്കുന്നതിനും കാരണം മറ്റൊന്നല്ല.

ട്രിപ്പിൾ കുത്തിവയ്പ് വ്യാപകമായി തുടങ്ങിയതിനു ശേഷം ഇന്ത്യയിലെ വില്ലൻ ചുമ കേസുകളിൽ 75% കുറവുണ്ടായതായി കണക്കുകൾ പറയുന്നു. ( 1987-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 163000 , 2011-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്  39091) വില്ലൻ ചുമ മൂലമുള്ള മരണങ്ങളാകട്ടെ (1970 കളിൽ 100-ന് മുകളിൽ ആയിരുന്നത് 2011 ലേക്കെത്തുമ്പോൾ വർഷം 11 എന്ന തോതിലായിരിക്കുന്നു.

രോഗം വില്ലനാണെന്ന് അറിഞ്ഞു കൊണ് തന്നെയാണ് പഴമക്കാർ അസുഖത്തെ അപ്രകാരം വിശേഷിപ്പിച്ചത്. അത് അംഗീകരിച്ച് കൊണ്ട് തന്നെ നമ്മുടെ കുഞ്ഞുങ്ങളെ ഈ വില്ലനിൽ നിന്ന് നമ്മുടെ കുട്ടികളെ കാത്തുരക്ഷിക്കാൻ വില്ലൻ ചുമയ്ക്കെതിരായ എല്ലാ കുത്തിവയ്പുകളും കുട്ടിക്ക് ലഭിച്ചു എന്ന് ഉറപ്പു വരുത്താം.

റുബെല്ല


ലേഖകന്‍ , ഡോ. അനൂപ്‌ തുളസി , എറണാകുളം പല്ലാരിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അസിസ്റ്റന്റ്‌ സര്‍ജന്‍ ആണ്.

ആമുഖം

കുട്ടികളിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒരുതരം പൊങ്ങൻ പനിയാണ് റുബെല്ല അഥവാ ജർമ്മൻ മീസൽസ്. ഇത് ഒരു സാംക്രമികരോഗമാണ്. പൊതുവെ പറഞ്ഞാൽ ഒരു നിസ്സാര രോഗമാണിത്. പക്ഷേ ഗർഭിണികളെ ബാധിക്കുമ്പോൾ റുബെല്ല ‘കൺജെനിറ്റൽ റുബെല്ല സിൻഡ്രോം’ ( Congenital Rubella Syndrome – CRS ) എന്ന ആസുരഭാവം കൈവരിക്കുന്നു. ഗർഭഛിദ്രത്തിനു പുറമേ നവജാതശിശുക്കളുടെ മരണത്തിനും ഗുരുതരമായ വൈകല്യങ്ങൾക്കും കാരണമാകുന്നു, അമ്മമാരുടെ കണ്ണുനീര്‍ വീഴ്ത്തുന്നു.

ചരിത്രം

18-ാം നൂറ്റാണ്ടിൽ ജർമ്മൻ ഡോക്ടർമാരാൽ കണ്ടുപിടിക്കപ്പെടുകയും സ്ഥിരീകരിക്കപ്പെടുകയും ചെയ്ത രോഗമാണ് റുബെല്ല. ആയതിനാൽ ജർമ്മൻ മീസൽസ് എന്നും അറിയപ്പെടുന്നു.  ‘ലിറ്റിൽ റെഡ് ‘ എന്നാണ് റുബെല്ല എന്ന വാക്കിന്റെ അർത്ഥം. 1914ൽ ആൽഫ്രഡ് ഫാബിയൻ ഹെസ് ഇത് ഒരു വൈറൽ രോഗമാണെന്ന് കണ്ടെത്തുകയും പ്രസ്തുതകണ്ടെത്തൽ 1938ൽ സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.

1940ൽ ഓസ്ട്രേലിയയിൽ ഉണ്ടായ റുബെല്ല വ്യാപകരോഗബാധ ( Rubella Epidemic ) പ്രസ്തുതരോഗചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി. കാരണം ഇതിനെത്തുടർന്ന് 1941ൽ നോർമൻ മക്അലിസ്റ്റർ ഗ്രെഗ് എന്ന ഓസ്ട്രേലിയൻ നേത്രരോഗവിദഗ്ദ്ധൻ ജൻമനാ തിമിരം ബാധിച്ച 78 കുട്ടികളെ പരിശോധിച്ചപ്പോൾ 68 പേരുടെയും അമ്മമാർക്ക് ഗർഭാവസ്ഥയിൽ റുബെല്ല രോഗം ബാധിച്ചിരുന്നുവെന്ന് തെളിഞ്ഞു. പ്രസ്തുത കുട്ടികൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും കേൾവിയില്ലായ്മയും ബാധിച്ചിരുന്നുവെന്നും മറ്റനവധി അസുഖങ്ങൾ അവർക്കുണ്ടായിരുന്നുവെന്നും ഗ്രെഗ് നിരീക്ഷിക്കുകയും തന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതാണ് ‘കൺജെനിറ്റൽ റുബെല്ല സിൻഡ്രോം’ ( Congenital Rubella Syndrome – CRS ) എന്ന് പിൽക്കാലത്ത് അറിയപ്പെട്ടത്.

1962ൽ ടിഷ്യു കൾച്ചർ ( Tissue Culture ) സങ്കേതമുപയോഗിച്ച്‌ റുബെല്ല വൈറസിനെ വേർതിരിച്ചെടുക്കുന്നതിൽ ശാസ്ത്രലോകം വിജയിച്ചു.

1962ൽ യൂറോപ്പിൽ ആരംഭിച്ച് 1964ൽ അമേരിക്കയിൽ എത്തിയ Rubella Pandemic അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിച്ചു. 1964-65 കാലഘട്ടത്തിൽ അമേരിക്കയിൽ മാത്രം ഒന്നേകാൽക്കോടിയോളം പേർക്ക് റുബെല്ല രോഗം ബാധിച്ചു. രണ്ടായിരത്തിഒരുനൂറ് നവജാതശിശുമരണങ്ങൾ ഉണ്ടായി. രണ്ടായിരം പേർക്ക് മസ്തിഷ്കജ്വരം ബാധിച്ചു. ആറായിരത്തിൽപ്പരം സ്വാഭാവികഗർഭഛിദ്രങ്ങളും അയ്യായിരത്തിൽപ്പരം ചികിൽസാഗർഭഛിദ്രങ്ങളും സംഭവിച്ചു. ഇരുപതിനായിരം  CRS കേസുകൾ ഉണ്ടായി. പതിനൊന്നായിരം കുട്ടികൾക്ക് കേൾവിയും  മൂവായിരത്തിയഞ്ഞൂറ് കുട്ടികൾക്ക് കാഴ്ചയും നഷ്ടപ്പെട്ടു. ആയിരത്തിയെണ്ണൂറോളം കുട്ടികൾക്ക് ബുദ്ധിമാന്ദ്യമുണ്ടായി.

ദൗർഭാഗ്യകരമായ ഈ സംഭവം റുബെല്ലക്കെതിരായ വാക്സിനുവേണ്ടിയുള്ള  ഗവേഷണം ത്വരിതപ്പെടുത്തി. 1969ൽ വിഖ്യാത അമേരിക്കൻ മൈക്രോബയോളജിസ്റ്റായ മോറിസ് ഹിൽമാൻ റുബെല്ല വാക്സിൻ കണ്ടുപിടിച്ചു. 1971ൽ അദ്ദേഹം തന്നെ അഞ്ചാം പനിക്കും മുണ്ടിനീരിനും റുബെല്ലയ്ക്കും എതിരായ സംയോജകവാക്സിനായ എം. എം. ആർ ( MMR – Measles Mumps Rubella ) വാക്സിനും കണ്ടുപിടിച്ചു. പിൽക്കാലത്ത് റുബെല്ലയ്ക്കും CRSനും എതിരായ പോരാട്ടത്തിന് കരുത്തുപകർന്നത് MMR വാക്സിന്റെ കണ്ടുപിടിത്തമാണ്.

രോഗകാരണം

ടോഗാ വൈറസ്‌ ഗ്രൂപ്പില്‍ പെടുന്ന റുബെല്ല വൈറസാണ് ഈ രോഗം പരത്തുന്നത്. മനുഷ്യരിൽ മാത്രം വരുന്ന ഒരു അസുഖമാണിത്.  ബീജഗർഭകാലം ( Incubation Period )  2 മുതൽ 3 ആഴ്ച വരെയാണ്. സാംക്രമികകാലഘട്ടം ( Communicability Period ) പാടുകൾ വരുന്നതിന് ഒരു ആഴ്ച മുമ്പ് മുതൽ ഒരു ആഴ്ച ശേഷം വരെയാണ്.

സാംക്രമികരോഗശാസ്ത്രം

വാക്സിൻ കണ്ടുപിടിക്കുന്നതിന് മുമ്പുള്ള കാലഘട്ടങ്ങളിൽ ആയിരം ശിശുജനനങ്ങളിൽ 4 പേർക്ക്  എന്ന തോതിൽ CRS പിടിപെട്ടിരുന്നു. റുബെല്ല പകർച്ചവ്യാധി എല്ലാ ഒമ്പത് മുതൽ ആറ് വർഷത്തിലൊരിക്കൽ വന്നിരുന്നു. മൂന്ന് നാല് വർഷത്തിലൊരിക്കൽ റുബെല്ല പകർച്ചവ്യാധി മൂർദ്ധന്യാവസ്ഥ പ്രാപിച്ചിരുന്നു.

രോഗലക്ഷണശാസ്ത്രം

ലസീകാവ്യവസ്ഥയെയാണ് റുബെല്ല രോഗം ബാധിക്കുന്നത്. CRS ഉണ്ടാക്കുന്നത് കോശആത്മഹത്യയാണ്. CRS ഏത് അവയവത്തെയും ബാധിക്കാം.

രോഗലക്ഷണങ്ങൾ

ഉദ്ഭവനകാലം 10 മുതൽ 20 ദിവസങ്ങളാണ്. ശരീരത്തിൽ തടിപ്പ് (rash) ആണ് ആദ്യം പ്രകടമാകുന്ന രോഗലക്ഷണം, അതു തന്നെ എണ്‍പത് ശതമാനം രോഗികളില്‍ മാത്രമേ കാനപ്പെടുകയുള്ളൂ. തടിപ്പുകള്‍ക്ക് അഞ്ചാംപനിയിലുള്ളതിനെക്കാൾ മങ്ങിയ നിറമേ കാണാറുള്ളു. ഇത് ഒരു ദിവസത്തിനുള്ളിൽതന്നെ പ്രത്യക്ഷപ്പെടുകയും രണ്ടു ദിവസങ്ങൾക്കുശേഷം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ചെറിയ തോതിലുള്ള  പനി മാത്രമേ  കാണാറുള്ളൂ.റുബെല്ല മൂലമുള്ള പനി സാധാരണയായി 5 ദിവസമേ നീണ്ടുനില്‍ക്കുകയുള്ളൂ. കഴുത്തിൽ ചെവിക്കു പുറകിലായി ലസികാഗ്രന്ഥി (lymphgland) വീർത്തുവരുന്നു.  ഇതോടൊപ്പം അപൂര്‍വ്വമായി മൂക്കൊലിപ്പ്, സന്ധിവേദന, തലവേദന, ചെങ്കണ്ണ് എന്നീ ലക്ഷണങ്ങളും കാണാറുണ്ട്‌.

ഇതില്‍ തന്നെ 20 മുതല്‍ 50 ശതമാനം വരെ കേസുകള്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഇല്ലാത്തതായിരിക്കും(സബ് ക്ലിനിക്കല്‍).

സങ്കീർണ്ണതകൾ

  1. കൺജെനിറ്റൽ റുബെല്ല സിൻഡ്രോം (CRS)
  2. മസ്തിഷ്കവീക്കം
  3. കഫവാതജ്വരം അഥവാ ന്യുമോണിയ
  4. ഉപശ്വാസനാളവീക്കം അഥവാ ബ്രോങ്കൈറ്റിസ്
  5. ഹൃദയപേശിവീക്കം അഥവാ മയോകാർഡൈറ്റിസ്
  6. രക്തസ്രാവം ( Platelet കുറയുന്നത് മൂലം )

 

കൺജെനിറ്റൽ റുബെല്ല സിൻഡ്രോം ( Congenital Rubella Syndrome – CRS )

ഗർഭിണികളെ ബാധിക്കുമ്പോഴാണ് റുബെല്ല തന്റെ സംഹാരഭാവം പൂകുന്നത്, പ്രത്യേകിച്ചും  ഗർഭിണിയാകുന്നതിന് ഒരു മാസം മുമ്പ് തൊട്ട് ഗർഭത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലെപ്പോഴെങ്കിലുമാണ് രോഗം പിടിപെടുന്നതെങ്കിൽ. ഈ കാലഘട്ടത്തിൽ രോഗം വന്നാൽ 85 – 100% ഭ്രൂണങ്ങളും സ്വാഭാവികഗർഭച്ഛിദ്രത്തിനിരയാകുകയോ CRS ബാധിച്ചതുകൊണ്ട് ചികിൽസാഗർഭച്ഛിദ്രം ചെയ്യേണ്ടിവരികയോ ചെയ്യുന്നു. CRS എന്നത് കേൾവിയില്ലായ്മ, ജൻമനാലുള്ള ഹൃദയരോഗങ്ങൾ, ജൻമനാലുള്ള തിമിരം എന്നിവയുടെ ഒരു ത്രയം ആണ്, അതിഭയാനകമായ ഒരു ത്രയം. CRS ബാധിക്കുന്ന മൂന്നിലൊന്ന് കുട്ടികൾ മരിച്ചുപോകുന്നു, മൂന്നിലൊന്ന് കുട്ടികൾ കിടപ്പിലാകുന്നു, മൂന്നിലൊന്ന് കുട്ടികൾക്ക് പ്രത്യേക സഹായം വേണ്ടിവരുന്നു. തുടര്‍ന്നുള്ള ജീവിതം തന്നെ ദുസ്സഹമാക്കുന്ന തരത്തില്‍ ഇവര്‍ക്ക് പ്രമേഹം, ഓട്ടിസം , തൈറോയിഡ് രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാദ്ധ്യത വളരെയധികമാണ്. അമ്മമാരിലെ വാക്സിനേഷൻ കൊണ്ട് പൂർണ്ണമായും തടയാവുന്ന അവസ്ഥയാണിത്.

 

രോഗപ്രതിരോധം

പ്രതിരോധത്തിന് MMR എന്ന സംയോജിത വാക്സിനും റുബെല്ല വാക്സിനുമാണ് പ്രചാരത്തിലുള്ളത്.  ഒരു വയസ് മുതൽ MMR വാക്സിന്റെ ആദ്യത്തെ ഡോസ് എടുക്കാവുന്നതാണ്. 3 വർഷം കഴിഞ്ഞ് രണ്ടാമത്തെ ഡോസും. ഏതെങ്കിലും കാരണം കൊണ്ട് വാക്സിൻ എടുക്കാൻ സാധിക്കാത്തവർക്ക് രോഗപ്രതിരോധശേഷി കിട്ടുവാൻവേണ്ടി ഒരു മാസം ഇടവിട്ട് MMR വാക്സിനോ Rubella വാക്സിനോ രണ്ട് ഡോസ് എടുക്കാവുന്നതാണ്.

മുണ്ടിനീര്

ലേഖകന്‍ ഡോ. പ്രശാന്ത് , വടവുകൊട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ്‌ സര്‍ജന്‍ ആണ്.

കവിളിന്റെ സമീപത്തുള്ള പരോട്ടിഡ് ഗ്രന്ഥികള്‍ (parotid glands) എന്ന് പേരുള്ള ഉമിനീര്‍ഗ്രന്ധികളെ കൂടുതലായി ബാധിക്കുന്ന ഒരു രോഗമാണ് മുണ്ടിനീര് അഥവാ മുണ്ടിവീക്കം(mumps). ലോകമെമ്പാടും കാണപ്പെടുന്ന ഈ രോഗം ഏപ്രില്‍, മെയ്‌ മാസങ്ങളിലാണ് കേരളത്തില്‍ കണ്ടുവരുന്നത്.

ഒരു പ്രാവശ്യം ബാധിച്ചാല്‍ വീണ്ടും ഈ രോഗം വരാനുള്ള സാധ്യത കുറവാണെങ്കിലും, ഇതുണ്ടാക്കുന്ന അസ്വസ്ഥതയും പാര്‍ശ്വഫലങ്ങളും ഈ രോഗത്തെ ഗൗരവമുള്ളതാക്കുന്നു. മുണ്ടിനീര് സാധാരണയായി മാരകമല്ല. ലോകത്തിന്റെ ഏതു ഭാഗം എടുത്താലും, വാര്‍ഷിക രോഗ നിരക്ക് (annual incidence rate) ഒരു ലക്ഷം ജനസംഖ്യയില്‍ 100-1000 രോഗികള്‍ എന്നതാണ്. മുണ്ടിനീര് ഓരോ 2-5 വര്‍ഷം കൂടുമ്പോള്‍ പകര്‍ച്ചവ്യാധിയായി പരിണമിച്ച് വളരെ അധികം ആളുകളെ ബാധിക്കുന്നതായി കാണുന്നു.  എന്നാല്‍ ഇത് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്ത സമൂഹത്തിന്റെ  കാര്യമാണ്.

രോഗകാരണം

രോഗാണു

Myxovirus parotiditis എന്ന് പേരുള്ള വൈറസുകളാണ് മുണ്ടിനീര് ഉണ്ടാക്കുന്നത്.ഉമിനീരില്‍ നിന്നും, ഉമിനീര്‍ ഗ്രന്ധികളില്‍ നിന്ന് വായിലേക്ക്നീളുന്ന ഗ്രന്ഥിനാളികളില്‍ നിന്നും ഈ വൈറസിനെ വേര്‍തിരിച്ചെടുക്കാം. രോഗിയുടെ രക്തം, മൂത്രം, മുലപ്പാല്‍, തലച്ചോറിലെ cerebrospinal fluid എന്നിവയിലും ഈ വൈറസ്‌ കാണപ്പെടുന്നു.
ആരില്‍ നിന്ന് പകരുന്നു?

രോഗബാധിതരില്‍ 30 മുതല്‍ 40 ശതമാനം പേരില്‍ രോഗലക്ഷണങ്ങള്‍ ഒന്നും  തന്നെ കണ്ടെന്നു വരില്ല. എന്നാല്‍ ഇവരില്‍നിന്നും, രോഗലക്ഷണങ്ങള്‍ ഉള്ള ആളുകളില്‍ നിന്നും ഈ വൈറസ്‌ മറ്റുള്ളവരിലേക്ക് പടരുന്നു.

രോഗം പകരാനുള്ള സാധ്യത:

ഉമിനീരിലൂടെയോ, നേരിട്ടുള്ള സമ്പര്‍ക്കം വഴിയോ ഈ രോഗം പകരാവുന്നതാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചശേഷം 2-4 ആഴ്ചകള്‍ക്ക് (സാധാരണ 14-18 ദിവസം)  ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക.

ആദ്യ രോഗലക്ഷണം കാണുന്നതിനു 4-6 ദിവസം മുന്‍പ് മുതല്‍, രോഗലക്ഷണം കണ്ടുതുടങ്ങി ഒരാഴ്ച വരെ ഒരു രോഗി മറ്റുള്ളവരിലേയ്ക്ക് രോഗം പരത്തും. ഇങ്ങനെ ഒരു രോഗിയില്‍ നിന്നും മറ്റൊരാളിലേയ്ക്ക് രോഗം പകരാനുള്ള സാധ്യത 86% വരെയാണ്.

രോഗസാധ്യത ആര്‍ക്കെല്ലാം?

5-9 വയസ്സില്‍ പരോട്ടിഡ് ഗ്രന്ധിക്ക് കാണുന്ന വീക്കം മുഖ്യമായും മുണ്ടിനീര് മൂലമാണ് ഉണ്ടാകുന്നത്. സാധാരണ കുട്ടികളില്‍ കാണുന്ന ഈ അസുഖം, പ്രതിരോധശേഷി കുറഞ്ഞ ആളുകളില്‍ ഏതുപ്രായത്തിലും ബാധിക്കാം. എന്നാല്‍ പ്രായം കൂടിയവരില്‍ അസുഖത്തിന്റെ തീവ്രത കനത്തതായിരിക്കും. രോഗത്തിന്റെ സങ്കീര്‍ണതകളും ഇവരില്‍ കൂടുതലായി കാണപ്പെടാം.
മുലപ്പാലില്‍ നിന്ന് രോഗപ്രതിരോധശേഷിക്കുതകുന്ന ആന്റിബോഡികള്‍ ലഭിക്കുന്നതിനാല്‍, ആറുമാസത്തിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ മുണ്ടിനീരു സാധാരണയായി കണ്ടുവരുന്നില്ല.

രോഗലക്ഷണങ്ങള്‍

30-40 ശതമാനം പേര്‍ക്ക് യാതൊരുവിധ രോഗലക്ഷണങ്ങളും ഉണ്ടാവില്ല.
പ്രധാന ലക്ഷണമായി, വേദനയോടുകൂടിയ പരോട്ടിഡ് ഗ്രന്ധിയുടെ വീക്കം ആണ് ഉണ്ടാവുക. ഇത് ഒരുവശത്തോ , ഇരുവശങ്ങളിലുമോ ആവാം. മറ്റ് ഉമിനീര്‍ ഗ്രന്ധികളെയും ഈ അസുഖം ബാധിക്കാം. സാധാരണയായി ആദ്യ ലക്ഷണമായി ചെവി വേദനയാണ് ഉണ്ടാവുക. വീക്കം പ്രത്യക്ഷപ്പെടുന്നതിനു മുന്‍പ്, ചിലര്‍ക്ക് വായ തുറക്കാനുള്ള വിഷമവും, വേദനയും ഉണ്ടാകുന്നു. ചിലരില്‍ പനി, തലവേദന, ജലദോഷം എന്നിവയും കാണുന്നു. ഉമിനീര്‍ ഗ്രന്ധിവീക്കം 1-2 ആഴ്ചകൊണ്ട് മാറുന്നു. ഇവയ്ക്കുപുറമേ, ഈ വൈറസ്‌ ബാധിക്കാന്‍ സാധ്യതയുള്ള മറ്റ് അവയവങ്ങള്‍ ആണ് വൃഷണം, പാന്‍ക്രിയാസ്, തലച്ചോര്‍, അണ്ഡാശയം, പ്രോസ്റ്റേറ്റ് എന്നിവ.

പാര്‍ശ്വഫലങ്ങള്‍/ പ്രത്യാഘാതങ്ങള്‍

  1. വൃഷണ വീക്കം: ഉമിനീര്‍ ഗ്രന്ധിക്ക് പുറമേ ഈ രോഗാണു ഏറ്റവുമധികം ബാധിക്കുന്നത് വൃഷണങ്ങളെയാണ്. വേദന, വീക്കം  എന്നിവയാണ് ലക്ഷണം. മുണ്ടിനീര് ബാധിക്കുന പ്രായപൂര്‍ത്തിയായ പുരുഷന്മാരില്‍ 20-40% പേര്‍ക്ക് വൃഷണവീക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുണ്ടാകുന്ന 75% പേര്‍ക്കും ഒരു വശത്ത് മാത്രമേ വീക്കം ബാധിക്കുകയുള്ളൂ. മുണ്ടിനീരുമൂലം ഉണ്ടാകുന്ന വൃഷണവീക്കം, വന്ധ്യതയിലെയ്ക്കു നയിക്കുന്നതായി നാളിതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
  2. അണ്ഡാശയത്തിലെ വീക്കം: അസുഖം ഉണ്ടാകുന്ന പ്രായപൂര്‍ത്തിയായ സ്ത്രീകളില്‍5% പേര്‍ക്ക് ഇതുണ്ടാകുന്നു. അടിവയറ്റില്‍ വേദനയാണ് ലക്ഷണം.
  3. പാന്‍ക്രിയാസ് ഗ്രന്ഥിയുടെ വീക്കം: വയറിനു മുകള്‍ഭാഗത്തെ വേദന,ഓക്കാനം,  ചര്‍ദ്ദി എന്നിവ ഉണ്ടായാല്‍ ഈ സങ്കീര്‍ണ്ണത ഇല്ലെന്നു പരിശോധിച്ച് ഉറപ്പുവരുത്തണം.
  4. മെനിഞ്ചൈറ്റിസ്: തലച്ചോറിന്റെ ആവരണത്തിന്റെ അണുബാധ.15% പേരില്‍ കാണുന്നു.
  5. എന്‍സെഫലൈറ്റിസ്:തലച്ചോറില്‍ തന്നെയുള്ള അണുബാധ. 0.02-0.03% പേര്‍ക്കെ ഈ സ്ഥിതി ഉണ്ടാകാന്‍ സാധ്യത ഉള്ളു.
  6. ബധിരത: ഒരുലക്ഷം രോഗികളില്‍ അഞ്ചുപേര്‍ക്ക് സാധ്യത.
  7. സന്ധിവീക്കം/arthritis
  8. ഹൈഡ്രോകെഫാലസ്: തലച്ചോറിന്റെ അറകളില്‍ വെള്ളം കെട്ടുന്ന അവസ്ഥ.
  9. മറ്റു ഞരമ്പുകളെ ബാധിച്ച്cerebellar ataxia, facial palsy, transverse myelitis എന്നിങ്ങനെ പല അവസ്ഥകള്‍ ഉണ്ടാകാം.

ഗര്‍ഭിണികളില്‍ മുണ്ടിനീര്‍ ഉണ്ടായാല്‍, ഗര്‍ഭസ്ഥ ശിശുവില്‍ അംഗവൈകല്യങ്ങള്‍ ഉണ്ടാകുന്നതായി തെളിവില്ലെങ്കിലും, ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്ന് മാസത്തില്‍ ആണെങ്കില്‍ ഗര്‍ഭം അലസാനുള്ള സാധ്യത 25% ആണ്.

പ്രത്യേക ചികിത്സ ഇല്ല. രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ച് പ്രതിവിധി സ്വീകരിക്കുകയും, സങ്കീര്‍ണതകളെ തടയുകയും അവയെ നേരത്തെ കണ്ടുപിടിച്ചു ചികിത്സിക്കുകയും വേണം. രോഗപകര്‍ച്ച തടയാന്‍, രോഗിയെ വീടിനുള്ളില്‍ തന്നെ പരിചരിക്കണം. വേണ്ടത്ര വിശ്രമം, ധാരാളം ജലം, ലഘുഭക്ഷണം എന്നിവ ആവശ്യം ഒരുക്കണം. പ്രത്യേക ഭക്ഷണ നിയന്ത്രണങ്ങള്‍ ഒന്നുമില്ല.

രോഗപ്രതിരോധം

രോഗപ്രതിരോധത്തിന് ഫലപ്രദമായ വാക്സിനുകള്‍ ലഭ്യമാണ്. 1940കളില്‍ ഉപയോഗിച്ചിരുന്ന മൃത വൈറസ്‌ വാക്സിന്‍ പകരം ഇപ്പോള്‍ ജൈവ നിഷ്ക്രിയ വാക്സിന്‍ ലഭ്യമാണ്. MMR എന്ന ഈ വാക്സിന്‍ അഞ്ചാം പനി, റുബെല്ല , എന്നിവയ്ക്ക് പുറമേ മുണ്ടിനീരിനെയും പ്രതിരോധിക്കുന്നു. ഒന്നേകാല്‍ മുതല്‍ ഒന്നര വയസ്സുള്ള കുട്ടികള്‍ക്കാണ് ഇത് നല്‍കേണ്ടത്.നാല് മുതല്‍ ആറു വയസ്സില്‍ ഒരു അധിക ഡോസ് കൂടെ അവശ്യമാണ്.

ജൈവ വാക്സിനായതിനാല്‍, ഇത് ഗര്‍ഭിണികള്‍ക്കും, പ്രതിരോധശേഷി കുറഞ്ഞ എയിഡ്സ്, കാന്‍സര്‍ മുതലായ രോഗികള്‍ക്കും നല്‍കരുത്.

അഞ്ചാംപനി


ലേഖകന്‍ , ഡോ. കിരണ്‍ നാരായണന്‍ , എറണാകുളം ജില്ലയിലെ പോത്താനിക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അസിസ്റ്റന്റ്‌ സര്‍ജന്‍ ആണ്

ആമുഖം

ജര്‍മൻ ഭാഷയിലെ  എടുത്തു കാണപ്പെടുന്ന പാടുകൾ എന്നര്‍ത്ഥം  വരുന്ന മസേല്‍ (masel) എന്ന വാക്കില്‍നിന്നാണ് ഈ രോഗത്തിന്റെ പേരിന്റെ ഉത്ഭവം. ഈ രോഗത്തിന്റെ മറ്റൊരു പേരായ റൂബിയോള എന്ന പദത്തിന്റെ അര്‍ത്ഥം ചുവന്ന കുത്തുകള്‍ എന്നാണ്. ലോകമാകമാനം ഏകദേശം രണ്ടുകോടി ആളുകളെ ബാധിക്കുന്ന, വളരെയധികം സാംക്രമിക ശേഷിയുള്ള ഈ രോഗം പ്രധാനമായും ബാധിക്കുന്നതു കുട്ടികളെയാണ്. വികസ്വരരാജ്യങ്ങളില്‍ ഈ രോഗത്തിന്റെ മൃത്യു ശേഷി രണ്ടു മുതല്‍ പതിനഞ്ചു ശതമാനം വരെയാണ്. 1960 കളില്‍ വാക്സിന്‍ ലഭ്യമാകുന്നതിനു മുന്‍പ് ഈ രോഗം ലോകത്താകമാനം ഏകദേശം 1350,00,000 ആളുകളെ കൊന്നൊടുക്കിയിട്ടുള്ളതായാണു കണക്കുകള്‍.

ചരിത്രം

അഞ്ചാംപനി ബാധിച്ച രോഗിയുടെ ഒരു ആസ്ടെക് (aztec) ചിത്രം (പതിനാറാംനൂറ്റാണ്ട്)

മനുഷ്യരെ ബാധിക്കുന്ന ഒരു രോഗം എന്ന നിലയില്‍ അഞ്ചാംപനി അറിയപ്പെട്ടു തുടങ്ങുന്നത് ക്രിസ്തുവര്‍ഷം 500  മുതല്‍ക്കാണ്. ഈ അസുഖത്തെപ്പറ്റി ചരിത്രത്തില്‍ എഴുതപ്പെട്ട രേഖകള്‍ ഉള്ളത് എ.ഡി. 865-925 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അബു ബക്കാര്‍ എന്ന അറബി ഭിഷഗ്വരന്റെ ലിഖിതങ്ങളില്‍ ആണ്. A.D. 1529 ല്‍ ക്യൂബയില്‍ ആകമാനം പൊട്ടിപ്പുറപ്പെട്ട ഈ രോഗം അന്നത്തെ ജനസംഖ്യയുടെ വലിയൊരുവിഭാഗത്തെ കൊന്നൊടുക്കി. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഹോണ്ടുറാസ് എന്ന രാജ്യത്തിലെ പകുതി ജനതയെ ആണു അഞ്ചാംപനി നാമാവശേഷമാക്കിയത്. 1846 ല്‍ പാനം എന്ന ഗവേഷകന്‍ ആണു ഈ രോഗത്തിന്റെ പകര്‍ച്ചാശേഷിയെ കുറിച്ചും മറ്റും ആദ്യമായി പഠനങ്ങള്‍ നടത്തിയത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ പകുതിയോളം ജനതയെ ഇല്ലാതാക്കി സംഹാരതാണഡവമാടാന്‍  ഈ അസുഖത്തിനായി. 1958ല്‍ എൻഡേഴ്സ് എന്ന അമേരിക്കന്‍ ഗവേഷകന്‍ ആണ് ഈ രോഗാണുവിനെ ആദ്യമായി വേര്‍തിരിച്ചെടുക്കുന്നതില്‍ വിജയിച്ചത്. 2006 ല്‍ മാത്രം ലോകത്താകമാനം 2,42,000 ജീവനുകള്‍ ഈ രോഗം കവര്‍ന്നെടുതിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണമായി ലോകാരോഗ്യസംഘടന കാണുന്നത്, എല്ലാ കുട്ടികള്‍ക്കും ഒരു ഡോസ് മീസില്‍സ് വാക്സിന്‍ എങ്കിലും കൊടുക്കുവാന്‍ സാധിക്കാതതിനെയാണ്.

രോഗകാരണം

ഇത് ഒരു പാരാമിക്സോ വൈറസ് (virus)  മൂലമുണ്ടാകുന്ന ഒരു സാംക്രമികരോഗം ആണ്. മണ്ണന്‍, പൊങ്ങന്‍പനി, കരുവന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു.

സാംക്രമികരോഗശാസ്ത്രം

ഇതിന്റെ ഉദ്ഭവനകാലം (incubation period) 10-14 ദിവസങ്ങളാണ്. പ്രായമായവരെയും ഈ രോഗം ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ഇതു ബാധിക്കുന്നു. ശ്വസനവ്യൂഹത്തിലെ ശ്ളേഷ്മസ്തരം, ത്വക്ക്, നേത്രശ്ളേഷ്മസ്തരം, വായ് എന്നീ ഭാഗങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.

ഈ അസുഖം രോഗിയുടെ തുമ്മല്‍ ചുമ എന്നിവയിലൂടെയും അടുത്ത് ഇടപഴകുന്നതിലൂടെയും  വായുവിലൂടെ പകരുന്നു. വളരെ സാന്ക്രമിക ശേഷിയുള്ള ഈ രോഗാണുവിന് ഏകദേശം 2 മണിക്കൂര്‍ വരെ വായുവിലും പ്രതലങ്ങളിലും അതിജീവിക്കുവാനുള്ള കഴിവുണ്ട്. രോഗിയില്‍ ത്വക്ക്-ക്ളോമങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു 4 ദിവസം മുന്‍പ് മുതല്‍ 4 ദിവസങ്ങള്‍ക്ക് ശേഷം വരെ രോഗം പകരുവാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നു.

രോഗലക്ഷണങ്ങൾ

വൈറസ് ശരീരത്തില്‍ കടന്നതിനു ശേഷം ഏകദേശം 10 മുതൽ 12 ദിവസം  ശേഷം ആരംഭിക്കുന്ന ഉയർന്ന പനി ആണ് സാധാരണയായി അഞ്ചാംപനിയുടെ  ആദ്യ ലക്ഷണം, ഇത്  4 മുതല്‍  7 ദിവസം  വരെ നീണ്ടുനിൽക്കാം. കണ്ണില്‍നിന്നും മൂക്കില്‍ നിന്നും വെള്ളമെടുപ്പ്,  ചുമ, ശബ്ദമടപ്പ് തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍. ഏകദേശം 3 ദിവസങ്ങൾക്കകം, ത്വക്ക്-ക്ളോമങ്ങള്‍ (papulae) പ്രത്യക്ഷമാകുന്നു.  ഇത് മുഖം, കഴുത്ത്  എന്നിടങ്ങളില്‍ ആരംഭിച്ചു ക്രമേണ ശരീരം ആസകലം വ്യാപിക്കുന്നു. ഇത് 5 മുതല്‍  6 ദിവസം വരെ  നീണ്ടുനിൽക്കുന്നു. വായ്ക്കകത്ത് സ്ഫോടങ്ങള്‍ (koplick’s spots) ഇതിനു മുമ്പുതന്നെ പ്രത്യക്ഷമായിട്ടുണ്ടായിരിക്കും.  രോഗത്തിന്റെ തീവ്രത കുറയുന്നതോടെ ഈ പുള്ളികള്‍ മങ്ങി തവിട്ടുനിറമാകുകയും ക്രമേണ മായുകയും ചെയ്യുന്നു.

സാധാരണഗതിയില്‍ മാരകമല്ലെങ്കിലും പ്രതിരോധശേഷി കുറഞ്ഞവരിലും പോഷകാഹാരക്കുറുളളവരിലും പ്രതിരോധകുത്തിവയ്പുകള്‍ യഥാസമയം എടുക്കാത്തവരിലും  ശ്വേതമണ്ഡലത്തിലെ പുണ്ണ് (corneal ulcer), വായ്പ്പുണ്ണ്, ബ്രോങ്കോന്യൂമോണിയ (bronchopneumonia),  മധ്യകര്‍ണശോഥം (otitis media), വയറിളക്കരോഗങ്ങള്‍, തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലൈറ്റിസ്‌ (SSPE), മയോകാര്‍ഡൈറ്റിസ്‌ എന്നിവ സങ്കീര്‍ണതകളായി ഇതിനോടൊപ്പം ഉണ്ടാകാറുണ്ട്. 5 വയസ്സിൽ താഴെയുള്ള കുട്ടികളിലും 20 വയസ്സിനു മേലെ പ്രായമുള്ളവരിലും മേല്‍പ്പറഞ്ഞ സങ്കീർണതകൾക്കുള്ള സാദ്ധ്യത ഏറെയാണ്‌. യഥാസമയം വിദഗ്ദ്ധ ചികിത്സ നല്‍കാത്തപക്ഷം മരണം വരെ സംഭവിക്കാം. വര്‍ഷംതോറും ഏകദേശം രണ്ടുലക്ഷം പേരെ ഈ രോഗം കൊന്നോടുക്കുന്നുണ്ട്.

ഗർഭിണികളില്‍  അഞ്ചാംപനി കഠിനമായ സങ്കീർണതകൾ ഉണ്ടാക്കുന്നു. ഇവരില്‍  ഗർഭച്ഛിദ്രമോ  മാസം തികയാതെയുള്ള പ്രസവമോ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്‌.

ചികിത്സ

പ്രത്യേക ചികിത്സ ഇല്ല. ലാക്ഷണിക പ്രതിവിധികള്‍ സ്വീകരിക്കുകയും സങ്കീര്‍ണത വരാതെ സൂക്ഷിക്കുകയും ആണ് ചെയ്യേണ്ടത്. സങ്കീർണതകൾ ഒഴിവാക്കുവാനായി അഞ്ചാംപനിയുടെ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് വിറ്റാമിൻ എ നൽകാറുണ്ട്. രോഗിയെ കാണുന്ന  ആദ്യ ദിനം, 6 മാസം വരെ പ്രായം ഉള്ളവർക്ക് 50,000 IU (International Units), 6 മാസം മുതൽ ഒരു വയസുവരെ 100,000 IU, ഒരു വയസിനു മുകളിൽ പ്രായം ഉള്ളവർക്ക് 200,000 IU എന്നിങ്ങനെ നൽകുന്നു. ഇതേ ഡോസ് 24 മണിക്കൂറുകൾക്കു ശേഷവും നൽകുന്നു. വിറ്റാമിൻ എ രോഗികളുടെ ശ്ലേഷ്മസ്തരത്തിന്റെ വേഗത്തിലുള്ള വീണ്ടെടുക്കലിന്(Rapid Recovery) സഹായകമാകുന്നു. ഈ മുന്‍കരുതല്‍  അഞ്ചാംപനിയുടെ മരണനിരക്കു 50% കണ്ടു കുറയ്ക്കുന്നു.

രോഗിയെ രോഗാരംഭം മുതല്‍ മാറ്റിത്താമസിപ്പിക്കേണ്ടതാണ്.

രോഗപകര്‍ച്ച ഒഴിവാക്കുവാനായി രോഗിയെ വീട്ടിനുളളില്‍ കിടത്തി വേണ്ടത്ര വിശ്രമം നല്‍കണം. ആവശ്യാനുസരണം വെളളവും പഴവര്‍ഗ്ഗങ്ങളും നല്‍കണം. മീസില്‍സ്‌ വാക്സിന്‍ കൊടുത്ത്‌ പ്രതിരോധിക്കാവുന്ന ഈ രോഗം ഉണ്ടായാല്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച്‌ വേണ്ട മുന്‍കരുതല്‍ നടപടികള്‍ എടുക്കണം.

രോഗപ്രതിരോധം

ആന്റിമീസില്‍സ് വാക്സിന്‍ സജീവരോഗപ്രതിരോധമായും, ഗാമാഗ്ളോബുലിന്‍ നിഷ്ക്രിയപ്രതിരോധമായും ഉപയോഗിക്കുന്നു. 1958-ല്‍ എന്‍ഡേഴ്സ് എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞനും  സഹപ്രവര്‍ത്തകരും കൂടിയാണ് ആന്റിമീസില്‍സ് വാക്സിന്‍ ആദ്യമായി പരീക്ഷിച്ചുനോക്കിയത്. മറ്റൊരു മൃതവൈറസ് വാക്സിനും (killed -virus vaccine) ലഭ്യമാണ്. ആജീവനാന്തപ്രതിരോധത്തിന് ജീവനുള്ള നിഷ്ക്രിയവൈറസുകളുടെ വാക്സിനാണ് യോജിച്ചത്. മൃതവൈറസ്‍വാക്സിന്‍ താത്കാലികപ്രതിരോധശക്തി മാത്രമേ നല്കുന്നുള്ളു. ഈ വാക്സിനുകള്‍ എല്ലാം 1963 മുതല്‍ ഉപയോഗത്തിലുള്ളതാണ്.

ഇന്ത്യയിലെ  സര്‍ക്കാര്‍ ആശുപത്രികള്‍ മുഖേന നല്‍കി വരുന്നത് നിഷ്ക്രിയവൈറസുകള്‍ അടങ്ങിയ  വാക്സിനാണ്. ഒന്‍പതാം മാസത്തിലും, 15 മുതല്‍ 18 മാസം വരെയുള്ള കാലഘട്ടത്തിലുമായി  രണ്ടു ഡോസ് വാക്സിന്‍ ആണു നല്‍കേണ്ടത്.

പോളിയോ

ലേഖിക ഡോ. ജീതു ജോര്‍ജ്M.B.B.S., M.D.(Pediatrics), മലയാറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ്‌ സര്‍ജന്‍ ആണ്.

പശ്ചിമ ബംഗാളിലെ ഷാപ്പാരാ ഗ്രാമം. കൂട്ടുകാരോടൊത്ത് കളിക്കുകയാണ് റുക്സാർ ഖാത്തൂൺ എന്ന 4 വയസുകാരി. നേരിയ മുടന്തുള്ള വലതുകാൽ വലിച്ചു വച്ച് ഓടി നടക്കാൻ പാടുപെടുന്നുണ്ട് ആ പാവം. ഇടയ്ക്കിടെ ആ പരിശ്രമത്തിൽ തന്‍റെ കാൽ വേദനിക്കുന്നെന്ന് പരാതി പറയുന്നുമുണ്ട്. പറക്കാൻ തുടങ്ങും മുൻപ് ചിറകു പാതിയരിയപ്പെട്ട ആ പൂമ്പാറ്റയെ നോക്കി അവളുടെ പിതാവ് അബ്ദുൽ ഷാ നെടുവീർപ്പിടുന്നു. “എല്ലാം ഞങ്ങളുടെ തെറ്റാണ്. ഞങ്ങളുടെ ബാക്കി എല്ലാ കുട്ടികൾക്കും കൃത്യമായി പ്രതിരോധ കുത്തിവയ്പുകൾ നല്കി . ഇവൾക്കു മാത്രം ചെറുപ്പത്തിൽ കൂടെ കൂടെ ചെറിയ അസുഖങ്ങൾ വന്നിരുന്നത് കൊണ്ട് കുത്തിവയ്പുകൾ കൂടുതൽ നല്‍കേണ്ടന്നു ഞങ്ങൾ ധരിച്ചു. ഒന്നര വയസിൽ പനിയോടുകൂടെ വലതു കാൽ തളർന്നു പോയി. അസുഖം പോളിയോയാണെന്ന്  കണ്ടു പിടിക്കപ്പെട്ടപ്പോൾ  തകർന്നു പോയി. ഞങ്ങളുടെ അലംഭാവം അവളുടെ നല്ല ഭാവിയെ ഇങ്ങനെ ബാധിച്ചല്ലോ! ” റുക്സാറിന്‍റെ പിതാവിന്‍റെ ഈ വിലാപം ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഇന്ത്യയെ പോളിയോയ്ക്ക് മുൻപും ശേഷവും എന്നു വിഭജിക്കുന്ന കാലത്തിന്‍റെ ചുവരെഴുത്ത്. കാരണം 2011 ജനുവരി 13ന് പോളിയോ ബാധ സ്ഥിരീകരിച്ച റുക്സാറിന് ശേഷം ഇന്നേ വരെ ഇന്ത്യയിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം മാത്രമല്ല രോഗകാരിയായ പോളിയോ വൈറസ് തന്നെ ഈ മഹാരാജ്യത്തു നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. 300 കോടി ജനതയുടെ ആരോഗ്യത്തിന് കാവൽ  നില്‍ക്കുന്ന ലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകരുടെ ശിരസിൽ പൊൻതൂവലായി ലോകാരോഗ്യ സംഘടന 2015 മാർച്ച് 27 ന് ഇന്ത്യ ഉൾപ്പെടുന്ന വടക്കു കിഴക്കൻ ഏഷ്യൻ ഭൂപ്രദേശം പോളിയോ വിമുക്തമായതായി പ്രഖ്യാപിച്ചു. ഈ നേട്ടത്തിന്‍റെ വലിപ്പവും മഹത്വവും അറിയണമെങ്കിൽ പോളിയോ ഭരിച്ച ആ ഇരുണ്ട യുഗത്തിലൂടെ നമ്മൾ അൽപദൂരം നടക്കണം.

എന്തായിരുന്നു പോളിയോ?

പോളിയോ വൈറസുകൾ ഉണ്ടാക്കിയിരുന്ന ഒരു തളർവാത രോഗമായിരുന്നു പോളിയോ . രോഗമുണ്ടാക്കിയിരുന്ന പോളിയോ വൈറസ് (വൈൽഡ് പോളിയോ വൈറസ് – wpv ) 3 തരത്തിലുണ്ട് – 1, 2, 3. മലിനമായ ജലത്തിലൂടെയോ ഭക്ഷണത്തിലൂടെയോ കുടലിലെത്തുന്ന  വൈറസ്, അവിടെ നിന്ന് നാഡീവ്യൂഹത്തിലെത്തിയാണ് അസുഖത്തിന്‍റെ  സവിശേഷ സ്വഭാവ പ്രത്യേകതകൾ കാട്ടിയിരുന്നത്. പരിസര മലിനീകരണവും വ്യക്തി ശുചിത്വത്തിന്‍റെ അഭാവവും വ്യാപകമായിരുന്ന കാലഘട്ടത്തിലും പ്രദേശങ്ങളിലും പോളിയോ പടർന്നു പിടിച്ചിരുന്നതും മറ്റൊന്നു കൊണ്ടല്ല.

പോളിയോ വൈറസ് ശരീരത്തിൽ കടന്നു കഴിഞ്ഞാൽ, പ്രധാനമായും 4 രീതിയിൽ ശരീരം അതിനോടു പ്രതികരിക്കാം.

1) 90- 95% വരെ ആളുകളിൽ വരെ വൈറസ് ബാധയുടെ യാതൊരു ലക്ഷണവും ഉണ്ടാവുകയില്ല (അപ്രത്യക്ഷമായ അണുബാധ – inapparent infection)

2) 5 % ആളുകളിൽ പോളിയോ വൈറസ് ബാധ മറ്റു സാധാരണ വൈറൽ പനികൾ പോലെ പനി, ശരീരവേദന, വിശപ്പില്ലായ്മ, നേരിയ തൊണ്ട നൊമ്പരം , ക്ഷീണം തുടങ്ങിയവ മാത്രമായി കടന്നു പോകും (abortive Poliomyelitis)

3) 1 % ത്തിലാകട്ടെ  അണുബാധ നാഡീവ്യൂഹത്തെ ബാധിച്ച്, കടുത്ത തലവേദന, പനി, പേശികളുടെ വലിഞ്ഞുമുറുകൽ തുടങ്ങിയവ ഉണ്ടാക്കുമെങ്കിലും ആത്യന്തികമായി നീണ്ടു നിൽക്കുന്ന തളർവാതം ഉണ്ടാക്കില്ല. (non – paralytic poliomyelitis)

4) എന്നാൽ നിർഭാഗ്യവാൻമാരായ 0.1%  പേരിൽ, തലച്ചോറിനെയും സുഷുമ്നാ നാഡിയെയും ബാധിക്കുന്ന പോളിയോ അണുബാധ, കൈകാലുകളെ എന്നന്നേക്കുമായി തളർത്തുകയും രോഗിയെ അംഗ പരിമിതരാക്കുകയും ചെയ്യാം. ഇതു പോലെയുള്ള 8 – 10 % കേസുകളിൽ ശ്വാസതടസ്സം കൊണ്ടു രോഗി മരണപ്പെടുകയും ചെയ്യാം.(paralytic polio)  ഇപ്രകാരം അംഗ പരിമിതത്വം സംഭവിക്കുന്ന  0.1% പോളിയോ അണുബാധകളെ  മാത്രമാണ് പോളിയോ രോഗംഎന്ന രീതിയിൽ നമുക്ക് തിരിച്ചറിയാൻ കഴിയുകയുള്ളൂ. എന്നാൽ ഈ ചെറിയ ശതമാനം അണുബാധ ഉണ്ടാക്കിയിരുന്ന സാമൂഹ്യ വിപത്തിന്റെ ആഴമോ…..!

1950 കളിലും 60 കളിലും ബോംബയിലും വെല്ലൂരിലുമായി പ്രവർത്തനമാരംഭിച്ച പോളിയോ  റിസേര്‍ച്ച്  ഇന്സ്റ്റിറ്റ്യൂട്ടുകളുടെ പഠനമനുസരിച്ച്  അന്ന് ഇന്ത്യയിൽ ഏതാണ്ട്  10,000ത്തിൽ 25 പേർക്ക് പോളിയോ ബാധിച്ചിരുന്നതായും 1000 കുട്ടികളിൽ 6 പേർക്ക് പോളിയോയുടെ ഫലമായി അംഗവൈകല്യം സംഭവിച്ചിരുന്നതായുമായാണ് കണക്കുകൾ. എന്തിനധികം പറയുന്നു, ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ പോലും ഇന്ത്യയിലെ മുഴുവൻ അംഗ പരിമിതരുടെ പകുതിയോടടുപ്പിച്ച് പോളിയോ രോഗത്തിന്‍റെ രക്തസാക്ഷികളായിരുന്നു. പോളിയോ ഒരിക്കൽ ബാധിച്ചാൽ പിന്നെ ചികിത്സയില്ല. ഫിസിയോ തെറാപ്പിയിലൂടെയും മറ്റും സംഭവിച്ച അംഗപരിമിതത്വം കുറച്ചു കൊണ്ടുവരാൻ ശ്രമിക്കാമെന്നേ ഉള്ളൂ.

ആൾനാശത്തെക്കാളുപരി, ഒരാളുടെ ജീവിതവൃത്തികളെ തകർത്ത് രാജ്യത്തിന്‍റെ സാമൂഹിക-സാമ്പത്തിക അന്തരീക്ഷത്തെ തന്നെ ബാധിക്കുന്ന നിലയിലേയ്ക്കു വളർന്നിരുന്ന പോളിയോ രോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. 1988-ൽ ലോകാരോഗ്യസംഘടന   ലോക പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടി (Global Polio Eradication Imitative) ആരംഭിക്കുന്നത്.

1988 –ൽ പ്രസ്തുത പരിപാടി ആരംഭിക്കുമ്പോൾ ലോകത്താകമാനം ഒരു വര്‍ഷം 350000 പോളിയോ കേസുകൾ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിലാകട്ടെ 24000-വും. 125-ൽ പരം രാജ്യങ്ങൾ പോളിയോ ബാധിതമായിരുന്ന ആ സമയത്ത് ദിവസം ആയിരത്തിലധികം കുട്ടികള്‍ക്കു പോളിയോ ബാധിച്ചിരുന്നതായാണ് അന്നത്തെ കണക്കുകൾ.

രോഗപ്രതിരോധം

പോളിയോ രോഗത്തിനെതിരായി 2 തരം വാക്സിനുകളാണ് നിലവിലുള്ളത്-

  1. ജീവനുള്ള പോളിയോ വൈറസുകളെ ശക്തി കുറച്ച് ഉപയോഗിക്കുന്ന Oral Polio Vaccine (OPV) – വായിലൂടെ നല്‍കുന്നത്.
  2. നിര്‍ജ്ജീവീകരിച്ച വൈറസുകളെ ഉപയോഗിക്കുന്ന  Inactivated Polio Vaccine (IPV)- കുത്തിവയ്പ്പായി നല്കപ്പെടുന്നത്.

വായിലൂടെ, വലിയ ചെലവും ഉപകരണങ്ങളും കൂടാതെ തന്നെ കൊടുക്കാം  എന്നുള്ളതു കൊണ്ടും,  രോഗകാരിയായ വൈറസ് ശരീരത്തിലേയ്ക്കു കടന്നു വരുന്ന മാർഗമായ കുടലിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ മുൻപന്തിയിലാണെന്നുള്ളതും കൊണ്ടും, പ്രതിരോധശക്തി പ്രദാനം ചെയ്യുന്ന വാക്സിൻ വൈറസുകൾ, തുള്ളിമരുന്ന് ലഭിച്ച കുട്ടികളുടെ കുടൽ വഴി മലത്തിലൂടെ പുറത്തെത്തി പോളിയോ തുള്ളിമരുന്ന് ലഭിക്കാതെ പോകുന്ന സമീപ പ്രദേശത്തെ കുഞ്ഞുങ്ങളിലേക്ക് കൂടി കടന്നു കൂടി അവർക്കും കൂടി ‘സൗജന്യമായി’ രോഗ പ്രതിരോധ ശക്തി നല്‍കും എന്നുള്ളതു കൊണ്ടും, രോഗനിര്‍മ്മാര്‍ജ്ജനത്തിലെ ആദ്യപടിയായി OPV  ആണ്  WHO നിര്ദ്ദേശിച്ചത്. OPV  ഉപയോഗിച്ചു തന്നെ രണ്ട് അമേരിക്കൻ ഭൂഖണ്ഡങ്ങളും 1979-ലും യൂറോപ്യൻ യൂണിയൻ 2002 ലും പോളിയോ വിമുക്തമായി. ലോകരാജ്യങ്ങൾ ഒന്നൊന്നായി പോളിയോ ബാധയുടെ കരിമ്പട്ടികയിൽ നിന്നും പുറത്തു കടക്കുമ്പോഴും, 4 രാജ്യങ്ങളാണ് മഹാരോഗത്തിന്‍റെ ഈറ്റില്ലങ്ങളായി  നിലകൊണ്ടിരുന്നത്-  പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, നൈജീരിയ – ഇവയുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് ലോകത്തിന്‍റെ PAlN , വേദന, എന്നു പോലും വിശേഷിപ്പിച്ചിരുന്നു. ലോക ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ ഉൾക്കൊള്ളുന്ന ഇന്ത്യയാരുന്നു ലോക പോളിയോ നിര്‍മ്മാര്‍ജ്ജന പ്രവർത്തനങ്ങളിലെ കീറാമുട്ടി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ….!

പല ഭാഷയും പല ജാതിയും പല വിശ്വാസങ്ങളുമുള്ള കോടി കണക്കിന് ജനങ്ങൾ, അതിലേറെയും നിരക്ഷരരും വൃത്തിഹീനമായ ചുറ്റുപാടുകളിൽ കഴിയുന്നവരും, പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജനം വായുവും വെള്ളവും പോലെ അനിവാര്യമായി കൊണ്ട് നടക്കുന്ന ജനങ്ങൾ, ആരോഗ്യ സംവിധാനം ഇനിയും എത്തിപ്പെടാത്ത അനേകം ഭൂപ്രദേശങ്ങൾ – ഇന്ത്യയിൽ നിന്നും ഒരു കാലത്തും പോളിയോ അപ്രത്യക്ഷമാവാൻ പോവുന്നിലെന്നും ഇന്ത്യയുള്ളിടത്തോളം പോളിയോ നിര്‍മ്മാര്‍ജ്ജനം അസംഭവ്യമാണെന്നും ലോകം വിധിയെഴുതി.  ഈ സാഹചര്യത്തിലാണ് 1995 ൽ പൾസ് പോളിയോ പരിപാടി നിലവിൽ വരുന്നത്.

5 വയസിൽ താഴെയുള്ള മുഴുവൻ കുഞ്ഞുങ്ങൾക്കും പോളിയോ ചംക്രമണം ഏറ്റവും കുറഞ്ഞിരിക്കുന്ന ജനുവരി – ഫെബ്രുവരി മാസങ്ങളിലെ 2 ദിവസങ്ങളിലായി 2 അധിക ഡോസ് പോളിയോ തുള്ളിമരുന്ന്. ആ വലിയ ചൂലു കൊണ്ട് പോളിയോ വൈറസുകളെ ഒറ്റയടിക്ക് വലിയ അളവിൽ തൂത്തെറിയുക. ഇതായിരുന്നു പൾസ് പോളിയോയുടെ കാതൽ. പറയാൻ വളരെ എളുപ്പം, എന്നാൽ നടക്കേണ്ടിയിരുന്നത് ഇതാണ്. 170 ദശലക്ഷം കുട്ടികൾക്ക് പ്രതിവർഷം തുള്ളിമരുന്ന് നല്കണം: ഇതിനു വേണ്ടിയിരുന്നത്  26 ലക്ഷം ആരോഗ്യ പ്രവർത്തകരുടെ നിസ്വാർത്ഥമായ അദ്ധ്വാനം, 2.4 ബില്യൺ ഡോളർ ചെലവ്! വൈകല്യത്തിന്‍റെ പിടിയിൽ നിന്നും ഒരു ജനതയെ മുഴുവൻ മോചിപ്പിക്കാനുള്ള ഈ ചരിത്ര പരിശ്രമത്തെ കൊഞ്ഞനം കുത്തിയവരും, സാമ്രാജ്യത്ത്വ ശക്തികൾ ഒരു മതത്തെ തകർക്കാൻ പ്രയോഗിക്കുന്ന ആയുധമാണ് O.P.V. എന്ന ശുദ്ധ വിഡ്ഡിത്തം വരെ കൈയ്-മെയ് മറന്നു പ്രചരിപ്പിച്ചവരും അനവധി. എന്നാൽ കാലത്തിന്‍റെ കുത്തൊഴുക്കിനെയും നിശ്ചയദാർഡ്യത്തിന്‍റെ ഉറപ്പിനെയും ശാസ്ത്രത്തിന്‍റെ വെളിച്ചത്തെയും തടയുന്ന പിന്തിരിപ്പൻ ശക്തികൾക്കും മുകളിലേക്ക്, ഈ രാജ്യവും സംസ്കാരവും വളർന്നു കഴിഞ്ഞു എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ട് 2015 മാർച്ച് 27 ന് ലോകത്തിന്‍റെ PAIN ലെ “I” മാഞ്ഞു പോയി. ഇന്ത്യ പോളിയോ വിമുക്തമായി.

പോളിയോ രോഗം പടർന്നു പിടിക്കൂന്ന ഭൗതിക സാഹചര്യങ്ങൾ നിലനില്‍ക്കെ തന്നെ, രോഗകാരിയായ വൈറസിനെ നാം നിർമാർജനം ചെയ്തു എന്നത് വാക്സിന്‍റെ അനിഷേധ്യമായ ശക്തിയെയും രോഗനിർമാർജന പരിപാടിയുടെ കാര്യക്ഷമതയെയും അടിവരയിട്ടുറപ്പിക്കുന്നു.

ഇന്ന്  പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നൈജീരിയ, എന്നീ രാജ്യങ്ങളിൽ മാത്രമേ രോഗകാരിയായ പോളിയോ വൈറസുകളുടെ സാന്നിധ്യമുള്ളൂ. അതിൽ തന്നെ ടൈപ്പ് – 1 പോളിയോ വൈറസിലേക്ക് മാത്രമായി രോഗം ചുരുങ്ങിയിരിക്കുന്നു. നമ്മുടെ അയൽ രാജ്യങ്ങളിൽ പോളിയോ നിലവിലുള്ളിടത്തോളം രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നമുക്കു  പിന്നോക്കം പോകാൻ കഴിയില്ല. അതിനാലാണ് പോളിയോ തുള്ളിമരുന്ന് നാം ഇപ്പോഴും തുടർന്നു കൊണ്ടു പോകുന്നത്. ദേശീയ പ്രതിരോധ കുത്തിവയ്പ്പു പട്ടിക പ്രകാരം 5 ഡോസ് O.P.V.  നൽകപ്പെടുന്നു – ജനിച്ചയുടനെ, 6, 10, 14, ആഴ്ചകളിൽ പിന്നെ 1 1/2 വയസിലും.

എന്നാൽ പോളിയോ തുള്ളിമരുന്നിൽ (O.P.V. ) ശക്തി കുറഞ്ഞ ജീവനുള്ള വൈറസുകളെ ഉപയോഗിക്കുന്നതിനാൽ ,അതിന് രൂപമാറ്റം സംഭവിച്ച് വീണ്ടും രോഗമുണ്ടാക്കാൻ സാധിക്കുന്ന നിലയിലേക്ക് മാറാനുള്ള ചെറിയ സാധ്യത നിലനില്‍ക്കുന്നു. VDPV എന്ന ഈ അവസ്ഥയ്ക്കുള്ള സാധ്യത 2.5  മില്യൺ വാക്സിന് ഒന്ന് എന്ന വളരെ ചെറിയ അളവിലും. എങ്കിലും രോഗം ഏതാണ്ട് നിർമാർജന അവസ്ഥയിലെത്തുകയും മിക്കവാറും കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്നു നല്‍കപ്പെട്ടെന്ന് ഉറപ്പാക്കുകയും ചെയ്തതിന് ശേഷം OPV പൂർണ്ണമായി നിര്‍ത്തി IPV യിലേയ്ക്കു മാറുക എന്നതാണ്  WHO നിര്‍ദ്ദേശിക്കുന്ന രീതി. നിർജീവ വൈറസിനെ ഉപയോഗിക്കുന്നതിനാൽ I.P.V. യ്ക്ക്  ഈ പ്രശ്നം ഉണ്ടാവില്ല. നമ്മുടെ ശരീരത്തിൽ നിന്ന് മാത്രമല്ല പ്രകൃതിയിൽ നിന്നു തന്നെ പോളിയോ വൈറസുകളെ തുടച്ച് നീക്കാൻ IPV യിലേക്ക് മാറേണ്ടത് ആവശ്യമാണ്. പോളിയോ വിമുക്തമായ ഭൂഖണ്ഡങ്ങളിൽ ഇപ്പോൾ  I.P.V.  ഉപയോഗിക്കുന്നതും, ഇന്ത്യ 2015 നവംബറോടെ I.P.V. കൂടി ദേശീയ പ്രതിരോധ കുത്തിവയ്പ് ശ്രേണിയിൽ ഘട്ടം ഘട്ടമായി  IPV കൊണ്ടു വരുന്നതും ഇതിന് വേണ്ടിയാണ്. (കേരളത്തിൽ 2016 മാർച്ചോടെ IPV എത്തും).

2014 ആകുമ്പോള്‍ Global Polio Eradication Initiative ആരംഭിച്ചിട്ട് 16 വര്‍ഷം…! ലോകത്താകമാനമുള്ള പോളിയോ 350000 ത്തിൽ നിന്നും 359 ആയി കുറഞ്ഞു. ഇന്ത്യ 24000- ത്തില് നിന്ന് പൂജ്യത്തിലെത്തി. പോളിയെ ഉള്ള രാജ്യങ്ങള് 125-ല് നിന്ന് 3 ആയി കുറഞ്ഞത്. (Pakistan, Afghanistan, Nigeria) ഈ വര്‍ഷങ്ങളിൽ 3.5 Million കുട്ടികളെ അംഗവൈകല്യത്തിൽ നിന്നും രക്ഷിച്ചു OPV.  ഞങ്ങള്‍ക്ക് അഭിമാനമുണ്ട്, ഈ വിപ്ലവത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ.

ഇത്രയും പരന്ന ഭൂപ്രദേശത്ത് പോളിയോ വൈറസുകൾ ഇല്ലേയില്ല എന്ന് എങ്ങനെ ഉറപ്പാക്കും?

1997 നു മുന്‍പ് ഇന്ത്യയുൾപ്പെടെ ഒട്ടുമിക്ക രാജ്യങ്ങളിലും പോളിയോ രോഗനിർണ്ണയം പ്രധാനമായും രോഗിയുടെ ലക്ഷണങ്ങൾ വച്ചിട്ടായിരുന്നു. ഇതോടൊപ്പം രോഗിയുടെ മലത്തിൽ നിന്നും പോളിയോ ബാധിതമായ ചുറ്റുപാടുകളിലെ വിസര്‍ജ്യടാങ്കുകളിൽ നിന്നും വൈറസുകളെ കണ്ടെത്താറുണ്ടായിരുന്നെങ്കിലും ഇതിന് വ്യക്തമായ ഒരു മാര്‍ഗ്ഗനിർദ്ദേശമോ ചിട്ടയോ ഉണ്ടായിരുന്നില്ല. രോഗം ഏതാണ്ട് നിര്‍മ്മാര്‍ജ്ജന ഘട്ടത്തിലേക്കെത്തുന്നു എന്നായപ്പോൾ, ഏറ്റവും പ്രധാന വെല്ലുവിളി WHO യുടെയും ആരോഗ്യ സംവിധാനങ്ങളുടെയും മുൻപിലുണ്ടായിരുന്നത്.  ഏത് കോണിലും ഉണ്ടാകുന്ന പോളിയോ രോഗം കൃത്യമായി റിപ്പോര്‍ട്ട്‌ ചെയ്യുകയും അവിടെ പോളിയോ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയും ചെയ്യുക എന്നുള്ളതായിരുന്നു. ഇതിനായാണ് 1997 ൽ AFP Surveillance Program  നിലവിൽ വരുന്നത്.

എന്താണ് AFP ?

AFP എന്നാൽ അക്യൂട്ട് ഫ്ലാസിഡ് പരാലിസഡ്. പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച ( അത് കൈയോ കാലോ ശരീരം മുഴുവനോ എന്തിന് മുഖത്തെ പേശികളിൽ മാത്രം വരെയാകാം). പനി എന്നു പറഞ്ഞാൽ ഒരു രോഗമല്ല എന്ന് നിങ്ങള്‍ക്കു മിക്കവാറും പേർക്കും അറിയാം. ഒരുപാടു രോഗങ്ങളുടെ ഒരു ലക്ഷണമാണത്. അതുപോലെ തന്നെയാണ് ഈ AFP,  അത് ഒരു രോഗമല്ല, രോഗലക്ഷണമാണ്. ഞങ്ങളുടെ ഭാഷയിൽ രോഗിയുടെ Presentation.

എന്താണ് AFP യും പോളിയോയും തമ്മിലുള്ള ബന്ധം?

പോളിയോ രോഗം AFP യുടെ ഒരു കാരണമാണ്. അതായത് കുഴഞ്ഞ തളര്‍ച്ച ഉണ്ടാക്കുന്ന ഒരു രോഗം. ഇതേപോലെ തന്നെ AFP യായി, തളര്‍ച്ചയായി വരാവുന്ന ഒരുപിടി രോഗങ്ങളുണ്ട് – Guillein Barrie Syndrome, Transverse Myelitis, പോളിയോ പോലുള്ള മറ്റു വൈറസുകൾ ഉണ്ടാക്കുന്ന ചില രോഗങ്ങൾ, നാഡികളുടെ ക്ഷതം അങ്ങനെ അനവധി.

പിന്നെ എന്തുകൊണ്ടാണ് പോളിയോ കണ്ടുപിടിക്കുന്ന പരിപാടിയ്ക്ക് Polio Surveillance എന്ന് പേരിടാതെ AFP Surveillance എന്ന് പേരിട്ടത്? AFP ഉണ്ടാക്കുന്ന രോഗങ്ങളിൽ പോളിയോ രോഗം ഏതെന്ന് കൃത്യമായി കണ്ടുപിടിക്കാൻ വലിയ സംവിധാനങ്ങളില്ലാത്ത ആശുപത്രിയിൽ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും പോതുജനാരോഗ്യപ്രവർത്തകർക്കും താരതമേന്യ വിഷമമാണ്.

അതുകൊണ്ട് WHO നിര്‍ദ്ദേശിച്ച മാര്‍ഗ്ഗമാണ് 15 വയസിനു താഴെയുള്ള കുട്ടികളിൽ തളർച്ചയായി വരുന്ന എല്ലാ രോഗങ്ങളും AFP യായി റിപ്പോര്‍ട്ട്‌ ചെയ്യുക. അത് വളരെ എളുപ്പവും പഴുതുകളില്ലാത്തതുമായതിനാൽ ഇതിനിടയിൽ ഒരു പോളിയോ കാണാതെ പോവുക എന്നത് ഏറെക്കുറെ അസംഭവ്യമാണ്.

അങ്ങനെ ഒരു AFP കേസ് റിപ്പോര്‍ട്ട്‌  ചെയ്യപ്പെടുമ്പോൾ , പ്രത്യേകം നിയുക്തനായ ഒരു ഓഫീസർ (DIO)  രോഗബാധിതരെ സമീപിച്ച് വിവരങ്ങൾ ശേഖരിക്കും. ഒപ്പം തളര്‍ച്ച ബാധിച്ച് 14 ദിവസങ്ങള്‍ക്കുള്ളിൽ മലത്തിന്‍റെ രണ്ടു സാമ്പിളുകൾ ശേഖരിച്ച് അംഗീകൃത ലാബുകളിലെത്തിക്കും. അവിടെ അവ പരിശോധിച്ച് പോളിയോയുടെ അണുക്കളുണ്ടോ എന്ന് കണ്ടുപിടിക്കും.

AFP-യായി വരുന്ന ഒരു രോഗിയുടെ മലത്തിൽ നിന്നും Polio വൈറസ് കണ്ടെടുത്താൽ അയാൾ പോളിയോ ബാധിതനായാണ് നിര്‍ണ്ണയിക്കപ്പെടുക. കൂടുതൽ ആളുകളിലേയ്ക്ക് രോഗം പകരാതിരിക്കാൻ നടപടികൾ സ്വീകരിക്കും .Polio വൈറസിനെ കണ്ടെത്താനായില്ലെങ്കിൽ അതിനെ Non Polio AFP – പോളിയോ അല്ലാതെ AFP ഉണ്ടാക്കുന്ന മേൽപറഞ്ഞ മറ്റ് രോഗങ്ങളിലൊന്നായി കൂട്ടും.

എല്ലാ പഴുതുകളും അടയ്ക്കാനായി, അഥവാ AFP ബാധിച്ച ഒരു രോഗിയുടെ മലത്തിന്‍റെ സാമ്പിളുകൾ സമയപരിധിക്കുള്ളിൽ ലാബിൽ എത്തിച്ച് പരിശോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ 60 ദിവസത്തിനു ശേഷം ഒരു വിദഗ്ദ്ധൻ രോഗിയെ പരിശോധിച്ച് രോഗ ലക്ഷണങ്ങളും അടിസ്ഥാനപ്പെടുത്തി അത് പോളിയോ ആകാൻ സാധ്യതയുണ്ടോ എന്ന് നിജപ്പെടുത്തും (Compatible with Polio) (ഇന്ന് ഇന്ത്യയില് AFP കേസുകളില് മലപരിശോധന കൃത്യമായി നടത്തുന്നത് 85% ത്തിനുമേല് കേസുകളിലാണ്. അതിനാൽ തന്നെ മൂന്നാമത്തെ അവ്യക്തത ഏറെക്കുറെ ഇല്ല എന്ന് തന്നെ പറയാം).

ചുരുക്കത്തിൽ, എല്ലാ AFP കളും പോളിയോ അല്ല. പോളിയോ രോഗത്തിന്‍റെ റിപ്പോർട്ടിങ്ങ് ശക്തമാക്കാൻ ആരോഗ്യ സംഘടന നിര്‍ദ്ദേശിച്ച ഒരു സംവിധാനം മാത്രമാണ് AFP Surveillance. റിപ്പോര്‍ട്ടിംഗ് സംവിധാനം കാര്യക്ഷമമാണെങ്കിൽ പോളിയോ അല്ലാത്ത AFP കുറഞ്ഞത്  1,00,000 ജനസംഖ്യയ്ക്ക് 1 എന്ന കണക്കിലെങ്കിലും ഉണ്ടായിരിക്കണം. കുറഞ്ഞാൽ , നമ്മുടെ റിപ്പോര്‍ട്ടിംഗ് കാര്യക്ഷമമല്ലെന്നും പോളിയോ ആകാൻ സാധ്യതയുള്ള പല കേസുകളും നമ്മൾ കാണുകയോ പരിശോധിക്കുകയോ ചെയ്യാതിരിക്കുന്നുണ്ടെന്നുമാണ് സാരം.

2015 ഫെബ്രുവരിയിൽ American Academy of Pediatrics –ന്‍റെ മുഖപത്രമായ Pediatrics ൽ  ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു.  ഡെല്‍ഹി സെന്‍റ് സ്റ്റീഫൻ കോളേജിലെ  ഡോ. നീതുവും ഡോ. ജേക്കബ് പുളിയിലും ചേര്‍ന്നു നടത്തിയ പഠന പ്രകാരം AFP Surveillance തുടങ്ങിയതിനു ശേഷം ഇന്ത്യയിലെ Non Polio AFP നിരക്ക് 1.45/100000 ൽ നിന്നും 8.45/1 lakh ആയി ഉയര്‍ന്നു. ഈ ഉയര്‍ച്ച ഈ കാലയളവിൽ കൊടുത്ത OPV ഡോസുകളുടെ എണ്ണത്തിന് അനുപാതമാണ്, ഇത് പഠനവിഷയമാക്കണം എന്നതാണ്.

ഈ വര്‍ദ്ധന മനസിലാക്കാൻ ഒരു സാമാന്യ ബുദ്ധി മതി. നിങ്ങളുടെ കുടുംബത്തി ഹൃദ്രോഹം ബാധിച്ച എത്ര പേരുണ്ട് എന്ന് ഞാന്‍ ചോദിച്ചെന്നിരിക്കട്ടെ – കുറച്ചാലോചിച്ച് നിങ്ങൾ ഒരു സംഖ്യ പറയും. നിങ്ങൾ കുറച്ചൂടെ അന്വേഷിച്ചിട്ട് പറയൂ എന്ന് ഞാന്‍ ബന്ധുക്കളോടു കുറച്ചു കാര്യമായി അന്വേഷിച്ച് ഈ അന്വേഷണത്തിന് ശേഷം സംഖ്യ കൂടുമോ കുറയുമോ…??? ഈ അന്വേഷണമാണ് മെഡിക്കൽ ഭാഷയിലെ Surveillance.  വ്യക്തമായും കാര്യക്ഷമമായും അന്വേഷിച്ചാൽ ലഭിക്കുന്ന വിവരങ്ങളുടെ എണ്ണം കൂടും ഒന്നു കൂടി പറഞ്ഞാൽ ജീവിതത്തിൽ എന്നെങ്കിലും നെഞ്ചുവേദന വന്നിട്ടുള്ളവർ എല്ലാം താൻ ഹൃദ്രോഹിയാണെന്ന് പറഞ്ഞാൽ നിങ്ങള്‍ക്കു ലഭിക്കുന്ന കണക്കിൽ കുറച്ച് തെറ്റും കാണും, ശരിയല്ലേ…?? അതുപോലെ വ്യക്തമായ രീതിയിൽ AFP അല്ലാത്ത പല കേസുകളും ആ പേരിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ടാവാം. ഈ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട AFP കളിലൊന്നും പോളിയോ വൈറസ് കണ്ടെടുത്തിട്ടില്ല.

രോഗികളുടെ മലത്തിൽ നിന്ന് മാത്രമല്ല. നമ്മുടെ മലവിസര്‍ജ്ജന ടാങ്കുകളിൽ പോലും ഇന്ന് പോളിയോ വൈറസ് ഇല്ല. ഇത് വസ്തുതയാണ് പകൽ പോലെ വ്യക്തമായ കാഴ്ച.
കണ്ണുകളിലെ തിമിരം തുടച്ച് നീക്കി ചുറ്റും നോക്കൂ. കഴിഞ്ഞ 10 വര്ഷത്തിനിടയിൽ പോളിയോ ബാധിച്ച് അംഗപരിമിതനായ ആരെങ്കിലുമുണ്ടോ നിങ്ങള്‍ക്കു ചുറ്റും …???

അഭിമാനത്തോടെ എഴുന്നേറ്റുനിന്നു പറയൂ, ഈ രാജ്യത്തെ പോളിയോ വിമുക്തമാക്കിയതിൽ ഞാനും പങ്കാളിയാണ്. ഒരിക്കലും ഇതിനു കഴിയില്ലെന്നു പറഞ്ഞ് ഒരിക്കൽ നമ്മളെ പരിഹസിച്ച വന്‍കിട ലോകരാഷ്ട്രങ്ങളൊക്കെ ഇന്ന് എഴുന്നേറ്റ് നിന്ന് നമ്മളെ കയ്യടിച്ച് അഭിനന്ദിക്കുകയാണ്.

മതിമറക്കാൻ സമയമായിട്ടില്ല. നിര്‍മ്മാര്‍ജനം ചെയ്യാൻ ഇനിയുമുണ്ട് രോഗങ്ങൾ ചുറ്റിലും. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ പ്രതിരോധ കുത്തിവെയ്പ്പുകൾ നല്കൂ നല്ലൊരു നാളേയിലേക്ക് അവരും കണ്ണുതുറക്കട്ടെ.

വാക്സിൻ പ്രതിരോധ്യ രോഗങ്ങൾ (Vaccine Preventable Diseases)


പത്തൊന്‍പതാം  നൂറ്റാണ്ടിന്റെ  അവസാനത്തോടെമാത്രമാണ്  ബാക്റ്റീരിയകളും  വൈറസ്സുകളുമാണ്  സാംക്രമികരോഗങ്ങള്‍ക്കുകാരണമെന്നു  സുസ്ഥാപിതമായ  രീതിയില്‍  അംഗീകരിക്കപ്പെടുന്നത്.  വൈദ്യശാസ്ത്രത്തെ  തികച്ചും  വിപ്ലവകരമായ  ദിശയിലേയ്ക്കു  നയിച്ച  ഒന്നായിരുന്നു  ഇത്.  വിവിധജന്തുക്കളിലും  പിന്നീടു  പരീക്ഷണശാലയിലെ  പോഷക  മാദ്ധ്യമങ്ങളിലും  സൂക്ഷ്മജീവികളെ  വളര്‍ത്തിയെടുക്കുന്നതില്‍  വിജയിച്ചവരാണ്  ഫ്രാന്‍സിലെ  ലൂയി  പാസ്ച്ചറും  ജര്‍മ്മനിയിലെ  റോബര്‍ട്  കോക്കും.  തുടര്‍ന്നുള്ള  കാലങ്ങളില്‍  ശരീരബാഹ്യമായ  കലകളിലും  ഇതു  സാധിതമാകുമെന്നു  വന്നു  (ടിഷ്യു  കള്‍ച്ചര്‍)  ഇതൊക്കെ  സൂക്ഷ്മജീവീശാസ്ത്രത്തിലും  വാക്സിന്‍  നിര്‍മ്മാണത്തിലും  വളരെയേറെ  സംഭാവനകള്‍  നല്‍കിയ  നേട്ടങ്ങളായിരുന്നു.

മനുഷ്യര്‍  നായാടി  നാടോട  നടന്നിരുന്നകാലത്തെ  നൂറോ  നൂറ്റന്‍പതോ  പേര്‍  മാത്രംവരുന്ന  ചെറുസമൂഹങ്ങളില്‍  സാംക്രമിക  രോഗങ്ങള്‍  വിരളമായിരുന്നു.  ആര്‍ക്കെങ്കിലും  അങ്ങനെയുണ്ടായാലും  അത്  അയാളില്‍  നിന്നു  വ്യാപകരോഗബാധയിലെയ്ക്കെത്തിച്ചേരുക  സാദ്ധ്യമായിരുന്നില്ല.  തുടര്‍ന്നു  കൃഷിയും  മൃഗപരിപാലനവും  സാര്‍വത്രികമാകുകയും  മനുഷ്യര്‍  തിങ്ങിപ്പാര്‍ക്കുന്ന  ജനപദങ്ങള്‍  രൂപംകൊള്ളുകയും  ചെയ്തതോടെയാണ്  സാംക്രമികരോഗങ്ങള്‍  വ്യാപകമാകാനും  അതൊരു  തുടര്‍ക്കഥയാകാനും  ആരംഭിച്ചത്.  പിന്നീടുള്ള  മാനവചരിത്രത്തിന്റെ  ഗതിവഗതികളെ  സാംക്രമികരോഗങ്ങള്‍  കുറച്ചൊന്നുമല്ല  സ്വാധീനിച്ചിട്ടുളത്.  പരാശ്രയികളായ  സൂക്ഷ്മാണുക്കള്‍  മറ്റൊരു  ജീവശരീരത്തില്‍  പ്രവേശിച്ച്  അവിടെ  നിലയുറപ്പിയ്ക്കാനായി  സ്വീകരിയ്ക്കുന്ന  മാര്‍ഗ്ഗങ്ങളും  അതിനോടു  പ്രതികരിച്ചുകൊണ്ട്  ആതിഥേയശരീരം  സൃഷ്ടിക്കുന്ന  പ്രതികരണങ്ങളും  കൂടിച്ചേര്‍ന്ന  ഒരു  പ്രക്രിയയാണ്  ഇന്‍ഫക്ഷന്‍  (അണുബാധ)  എന്നു  പറയാം.  അണുബാധമൂലമുണ്ടാകുന്ന  ലക്ഷണങ്ങളില്‍  പലതും  രോഗാണുക്കളെക്കാളധികമായി  ശാരീരികപ്രതികരണങ്ങള്‍  മൂലമുണ്ടാകുന്നവയാണ്.  അണുസാന്നിദ്ധ്യത്തോടു  പ്രതികരിച്ചുകൊ്ണ്ട്  അതിനെ  തുരത്താനായി  ശരീരം  വിവിധകോശങ്ങളെ  അണിനിരത്തുകയും  ഈ  പ്രക്രിയ  വിജയിപ്പിക്കാനായി  അവ  വിവിധ  രാസസംയുക്തങ്ങളെ  ഉത്പാദിപ്പിയ്ക്കുകയും  ചെയ്യുന്നു.  ഇവയെല്ലാം  ചേര്‍ന്ന്  ശരീരത്തിലുണ്ടാക്കുന്ന  പ്രതികരണങ്ങളെയാണ്  ഇന്‍ഫ്ളമേഷന്  എന്ന  പദംകൊണ്ടര്‍ത്ഥമാക്കുന്നത്.  ഈ  പ്രക്രിയയുടെ  അനന്തരഫലം  അണുബാധയേല്‍ക്കുന്ന  വ്യക്തിയുടെ  പ്രതിരോധശേഷിയുടെയും  ശരീരത്തില്‍  പ്രവേശിയ്ക്കുന്ന  അണുക്കളുടെ  വീറിനെയും  (വിറുലന്‍സ്)  അളവിനെയും  അടിസ്ഥനപ്പെടുത്തിയായിരിയ്ക്കും.  വേത്ര  പ്രതിരോധശേഷിയുള്ള  ഒരാള്‍ക്ക്  ഇവയെ  ഫലപ്രദമായി  തുരത്താനായെന്നിരിയ്ക്കും.  ചിലരെ  സംബന്ധിച്ച്  അണുക്കള്‍  കുറെ  പ്രതികരണങ്ങളും  രോഗാവസ്ഥയും  സൃഷ്ടിച്ചശേഷം  മാത്രമേ  ഇതില്‍  വിജയിയ്ക്കൂ.  ചിലര്‍ക്കാകട്ടെ  ഇതില്‍  ഒട്ടുംതന്നെ  വിജയിക്കാനായെന്നു  വരില്ല.  അവര്‍ക്ക്  രോഗം  അതിന്റെ  പൂര്‍ണ്ണാവസ്ഥയില്‍  ഉണ്ടാകുകയും  ആ  രോഗത്തിന്റെ  സ്വഭാവമനുസരിച്ച്  മരണമോ  ഗൌരവതരമായ  സങ്കീര്‍ണ്ണതകളോ  ഉണ്ടാകാം.  അതായത്  ചിലര്‍  രോഗമുണ്ടാകാതെതന്നെ  പ്രതിരോധശേഷിയാര്‍ജ്ജിക്കുന്നു,  ചിലര്‍  രോഗത്തോടു  കൂടി  പ്രതിരോധശേഷിയാര്‍ജ്ജിയ്ക്കുന്നു.  ഇനിയും  ചിലരാകട്ടെ  രോഗത്തിനു  കീഴടങ്ങി  മരണമോ  തീവ്രമായ  ആതുരതകളോ  ഏറ്റുവാങ്ങുന്നു.  മരണത്തിനു  കീഴടങ്ങാത്തപക്ഷം  ഇവരും  സാവധാനത്തില്‍  പ്രതിരോധശേഷി  ആര്‍ജ്ജിച്ചെന്നിരിയ്ക്കാം.  പ്രതിരോധത്തിന്റെ  ആദ്യകാലശ്രമങ്ങള്‍  ആദ്യത്തെ  വാക്സിന്‍  വസൂരിയ്ക്കെതിരായി  എഡ്വേര്‍ഡ്  ജന്നര്‍  കണ്ടുപിടിച്ചതാണ്.  എന്നാല്‍  അതിനുമുന്‍പുതന്നെ  ഇന്ത്യയിലെയും  ചൈനയിലെയും  ഒക്കെ  ആള്‍ക്കാര്‍  കണ്ടറിഞ്ഞ  കാര്യമാണ്  വസൂരി  ഒരിക്കല്‍  വന്നവരെ  പിന്നീടു  ബാധിയ്ക്കാറില്ല  എന്നത്.  ഇതിന്റെ  അടിസ്ഥാനത്തില്‍  ലളിതമായ  രോഗാവസ്ഥ  കൃത്രിമമായി  സൃഷ്ടിയ്ക്കുക  എന്ന  ആശയം  ഇവിടങ്ങളില്‍  രൂപം  കൊള്ളുകയും  വിവിധമാര്‍ഗങ്ങളിലൂടെ  അവര്‍  അതു  പ്രയോഗത്തില്‍  വരുത്തുകയും  ചെയ്തിരുന്നതായി  വിശ്വസിയ്ക്കത്തക്ക  തെളിവുകളുണ്ട്.  ഈ  സമ്പ്രദായം  പല  രാജ്യങ്ങളിലും  വിവാദവിധേയമായിരുന്നെങ്കിലും  പൊതുവേ  സ്വീകാര്യമായി.  ബഞ്ചമിന്‍  ഫ്രാങ്ക്ളിനും  ജോര്‍ജ്  വാഷിങ്ടണുമൊക്കെ  ഇതിന്റെ  പ്രയോക്താക്കാളും  പരിപോഷകരും  ആയിത്തീരുകയും  ചെയ്തു.  ആദ്യമായി  വസൂരിയ്ക്കെതിരായ  വാക്സിന്‍  രൂപകല്പന  ചെയ്യുന്നത്  ഇംഗ്ലണ്ടിലെ  ഒരു  നാട്ടിന്‍പുറത്തു  പ്രാക്റ്റീസ്  ചെയ്തിരുന്ന  എഡ്വേര്‍ഡ്  ജന്നര്‍  എന്ന  ഭിഷഗ്വരനാണ്.  പശുക്കളെ  ബാധിയ്ക്കുന്ന  ഗോവസൂരിരോഗം  വന്നവര്‍ക്ക്  വസൂരിബാധിയ്ക്കാറില്ലെന്ന  നാട്ടറിവിനെ  പ്രയോജനപ്പെടുത്തി  നടത്തിയ  അന്വേഷണങ്ങളും  പഠനങ്ങളുംവഴി  ഗോവസൂരിയണുക്കളെ  ഉപയോഗിച്ചുള്ള  പ്രതിരോധം  എന്ന  ആശയം  ശാസ്ത്രീയമായി  തെളിയിയ്ക്കാനദ്ദേഹത്തിനു  കഴിഞ്ഞു.  താമസംവിനാ  ഈ  സമ്പ്രദായം  യൂറോപ്പിലെങ്ങും  സര്‍വ്വസധാരണമായി.

എന്താണ് വാക്സിനുകള്‍

രോഗങ്ങള്‍  ജനിതകം,  ജീവിതശൈലീജന്യം,  സാംക്രമികം  എന്നൊക്കെയായി  വര്‍ഗ്ഗീകരിക്കാം.  നാഗരികതയുടെ  തുടക്കത്തില്‍  ജീവിതശൈലീരോഗങ്ങള്‍  മുന്‍നിരയിലെത്തുംമുന്‍പ്    വന്‍തോതിൽ  ജനങ്ങളെ  വലച്ചിരുന്നത്  സാംക്രമിക  രോഗങ്ങളാണ്.  രോഗാണുക്കളെപ്പറ്റിയുള്ള  അറിവും  രോഗ  പ്രതിരോധശാസ്ത്രത്തിലുണ്ടണ്ടായ  കുതിച്ചുചാട്ടങ്ങളും  വാക്സിനുകള്‍  വഴിയുള്ള  രോഗനിയന്ത്രണം  എന്ന  ആശയത്തിനു  ശക്തിപകര്‍ന്നു.  രോഗാണുക്കളെ  കണ്ടെത്തുക  ശോഷിപ്പിക്കുക  വാകിസിന്‍  ഉണ്ടാക്കുക  എന്നതായിരുന്നു  ലൂയി  പാസ്ചര്‍  പോലെയുള്ള  ഈ  രംഗത്തെ  ആദ്യപഥികരുടെ  മുദ്രാവാക്യം.

നിര്‍ജ്ജീവ  രോഗാണുക്കള്‍ക്കും  ജീവനുള്ളതെങ്കിലും  രോഗകാരിയല്ലാത്തവിധം  ശോഷിതമായ  രോഗാണുക്കള്‍ക്കും  അവയുടെ  ചില  ഘടകങ്ങള്‍ക്കു  മാത്രമായും  ഒക്കെ  രോഗ  പ്രതിരോധ  സംവിധാനത്തെ  ഉത്തേജിപ്പിക്കാനും  അവക്കെതിരായ  പ്രതിവസ്തുക്കളെ  നിര്‍മ്മിച്ച്  പ്രതിരോധശേഷി  നല്‍കാനും  കഴിയും  എന്ന  കണ്ടെണ്ടത്തലോടുകൂടിയാണ്  വാക്സിന്‍  നിര്‍മ്മാണം  സുഗമമായതും  ഗതിവേഗമാര്‍ജ്ജിച്ച്  വ്യാപകമാവുന്നതും  രോഗപ്രതിരോധത്തിന്റെ  ഒരു  നെടുംതൂണായി  മാറുന്നതും.

ശരീരത്തിന്റെ  സ്വാഭാവിക  പ്രതിരോധ  സംവിധാനങ്ങളെ  ഉല്ലംഘിച്ച്  രോഗാണുക്കള്‍ക്ക്  ശരീരത്തില്‍  പ്രവേശിക്കാനായാല്‍  മൂന്ന്  പരിണതികള്‍ക്കാണ്  സാദ്ധ്യത.  കാര്യമായ  അസുഖമൊന്നുമുണ്ടാക്കാതെ  എന്നാല്‍  പ്രതിരോധം  സൃഷ്ടിച്ച്  അവ  പിന്‍വാങ്ങും.  ചിലരില്‍  കാര്യമായ  രോഗമുണ്ടാക്കുമെങ്കിലും  ആത്യന്തികമായി  അവരും  രോഗമുക്തി  നേടും.  എന്നാല്‍  കുറേപ്പേരെങ്കിലും  രോഗത്തിന്  കീഴടങ്ങി  മരിക്കുകയോ  കാര്യമായ  അവശിഷ്ട  ഫലങ്ങളോടെ  രക്ഷപ്പെടുകയും  ചെയ്യും.  രോഗബാധിതനാകുന്നൊരാളില്‍  ഇതിലേതാണ്  സംഭവിക്കുക  എന്ന്  പ്രവചിക്കാനാകാത്തത്  പ്രതിരോധം  കൂടുതല്‍  പ്രസക്തമാക്കുന്നു.  അതുകൊണ്ടു  ആദ്യം  പറഞ്ഞതിനു  സമാനമായ  അവസ്ഥ  സൃഷ്ടിക്കുന്നതിന്  രോഗാണുക്കളെ  ശോഷിപ്പിച്ചോ  മൃതമാക്കിയോ  അവയുടെ  ഘടകങ്ങളെടുത്തൊ  ഒരാളില്‍  പ്രയോഗിക്കുന്നു.  കാര്യമായ  രോഗാവസ്ഥകളൊന്നുമില്ലാതെ  തന്നെ  അയാള്‍  പ്രതിരോധമാര്‍ജ്ജിക്കുന്നു.  ഇതാണ്  ഇമ്മ്യുണൈസേഷന്‍  എന്ന  പ്രതിരോധ  പ്രവര്‍ത്തനത്തിന്റെ  ശാസ്ത്രീയാടിത്തറയെന്നു  പറയാം.

വാക്സിനുകളുടെ പ്രവര്‍ത്തനരീതി

രോഗാണുക്കളെയും  അന്യവസ്തുക്കളെയും  ശരീരത്തില്‍  പ്രവേശിക്കാതെ  നോക്കാനുള്ള  ആദ്യ  പ്രതിരോധനിരയാണ്  നമ്മുടെ  തൊലിയും  അതിന്‍റെ  അമ്ലതയും,  നാസികകളിലെ  മൃദുരോമങ്ങളും,  കണ്ണീരും,  ശരീരസ്രവങ്ങളുടെ  അമ്ലതയുമൊക്കെ.  അതുപോലെത്തന്നെയാണ്  പരസ്പരസഹായത്തോടെ  ശരീരത്തിന്‍റെ  പലഭാഗങ്ങളിലും  സഹജീവനം  (Symbiosis)  നിര്‍വ്വഹിക്കുന്ന  കോടാനുകോടിവരുന്ന  സുഹൃദാണുക്കളുടെ  സാന്നിദ്ധ്യവും  (Normal  Flora).  പ്രതിരോധത്തിനായുള്ള  സവിശേഷ  കോശങ്ങളും  രാസികങ്ങളുമുണ്ട്.  രോഗാണുക്കളുമായി  സമ്പര്‍ക്കമില്ലതെതന്നെ  ഏതുതരം  രോഗാണുക്കളെയും  അന്യവസ്തുക്കളെയും  വിശേഷിച്ചും  മാംസ്യരൂപത്തിലുള്ളവയെ  തടഞ്ഞുനിര്‍ത്താന്‍പോന്ന  ഒരു  പ്രതിരോധ  സംവിധാനമാണാദ്യം  പ്രവര്‍ത്തനക്ഷമമാക്കുക.  സ്വാഭാവികമായും  പരാദങ്ങളായ  അണുക്കളില്‍  കുറെയെങ്കിലും  ഇവയെയെല്ലാം  മറികടക്കാനുള്ള  അനുകൂലനങ്ങള്‍  നേടിയിരിക്കുമല്ലോ,  അല്ലെങ്കില്‍  അവ  ഇതിനകം  അന്യം  നിന്നിരിക്കും.  അങ്ങനെ  ഈ  അനുകൂലന  സഹയത്തോടെ  ശരീരത്തിലിടം  നേടാനാവുന്നവയെ  പ്രതിരോധിക്കാനുള്ള  ഒരോ  രോഗാണുവിനേയും  ലക്ഷ്യംവച്ചുള്ള  സവിശേഷ  പ്രതിരോധമാണ്  അടുത്തതായി  പ്രവര്‍ത്തനക്ഷമമാക്കുക.  ഇതാകട്ടെ  ഈ  രോഗാണുവിനെ  കണ്ടെത്തിക്കഴിഞ്ഞശേഷം  ശരീരം  നടത്തുന്ന  പ്രതികരണമാണ്.  ആര്‍ജ്ജിത  പ്രതിരോധം  എന്നാണിതിനെ  വിളിക്കുക.  രോഗാണുക്കളുടെ  ഉപരിതല  രാസികങ്ങളുടെ  ഘടന  തിരിച്ചറിയാനും  (Pattern  Recognition)  അവ  സ്വന്തമല്ലെന്ന്  മനസ്സിലാക്കാനും  സമര്‍ത്ഥമായ  മേല്‍പ്പറഞ്ഞ  സ്വാഭാവിക  പ്രതിരോധ  കോശങ്ങള്‍  ഈ  അണുക്കളെ  വിഴുങ്ങുകയും  (Phagocytosis)  അവയുടെ  മാംസ്യാവശിഷ്ടങ്ങള്‍  ആര്‍ജിത്ത  പ്രതിരോധ  നിരയിലെ  സവിശേഷകോശ  നിരയായ  ലസികാകോശങ്ങള്‍ക്ക്  (ലിംഫോസൈറ്റുകള്‍)  കൈമാറുകയും  ചെയ്യുന്നു.  ഈ  കോശങ്ങള്‍  ഉടന്‍തന്നെ  ഉത്തേജിതരാകുകയും  പെട്ടെന്ന്  വിഭജിച്ചു  പെരുകി  പ്രവര്‍ത്തന  സജ്ജരാകുകയും  ചെയ്യുന്നു.  ഇവയില്‍  ചിലവ  ശരീരത്തില്‍  പ്രവേശിച്ച  രോഗാണുക്കള്‍ക്കെതിരെയുള്ള  (ആന്‍റിജനുകള്‍)  പ്രതിവസ്തുക്കള്‍  (ആന്‍റിബോഡികള്‍)  നിര്‍മ്മിക്കുന്നു.  ഈ  പ്രതിവസ്തുക്കള്‍  വിവിധ  രൂപത്തില്‍  പ്രവര്‍ത്തിച്ചു  രോഗാണുക്കളെ  നിര്‍വ്വീര്യമാക്കുന്നു.  ഇതെല്ലായ്പ്പോഴും  പൂര്‍ണ്ണമായി  ഫലപ്രദമായെന്നുവരില്ല.  അവിടെ  അടുത്ത  കോശനിരസഹായത്തിനെത്തുകയും  ചെയ്യുന്നു.  ഈ  രണ്ടുവിഭാഗം  കോശങ്ങളുടെയും  സഹായത്തോടെ  മിക്കവാറും  സന്ദര്‍ഭങ്ങളില്‍  രോഗാണുക്കള്‍  തുരത്തപ്പെട്ടിരിക്കും.  ഈ  വിവരിച്ച  സംവിധാനങ്ങള്‍  പൂര്‍ണ്ണഫല  പ്രാപ്തിയിലെത്താന്‍  പലപ്പോഴും  ഒന്നിലേറെ  പ്രാവശ്യം  രോഗാണുക്കളുമായുള്ള  കണ്ടുമുട്ടല്‍  ആവശ്യമായി  വരും,  വിശേഷിച്ചും  വാക്സിനുകളില്‍  ഉള്ളതുപോലെ  അവയുടെ  അളവും  ശക്തിയും  കുറഞ്ഞിരിക്കുമ്പോള്‍.  അതുകൊണ്ടാണ്  വാക്സിനുകളില്‍  പലതും  ഒന്നിലേറെ  പ്രാവശ്യം  നല്‍കേണ്ടിവരുന്നത്.  എന്നാല്‍  ജൈവശോഷിതാണുക്കള്‍  പലപ്പോഴും  ഇത്  ഒറ്റത്തവണകൊണ്ടു  പൂര്‍ത്തീകരിക്കാന്‍  പര്യാപ്തമായെന്നുമിരിക്കും.  ഇങ്ങനെയുണ്ടാകുന്ന  പ്രതിരോധം  ഒരോ  പ്രാവശ്യം  ആവര്‍ത്തിക്കുമ്പോഴും  ശക്തി  കൂടിക്കൂടി  വരുന്നു.  എന്നാല്‍  ഈ  ആവര്‍ത്തിത  പ്രതികരണങ്ങള്‍ക്ക്  ഒരു  നിശ്ചിത  ഇടവേളയുണ്ട്.  സധാരണയായി  അത്  കുറഞ്ഞത്  നാലാഴ്ച്ചയാണ്.  അതുകൊണ്ടാണ്  മിക്കവാറും  വാക്സിനുകള്‍  നാലാഴ്ച്ചത്തെ  ഇടവേളകളില്‍  നല്‍കുന്നത്.  ഈ  പ്രതിരോധകോശ  നിരകളില്‍  ചിലവ  ഓര്‍മ്മക്കോശങ്ങളായി  രൂപാന്തരം  പ്രാപിക്കുകയും  ശരീരത്തിന്‍റെ  വിവിധ  ഭാഗങ്ങളിലായി  സുഖസുഷുപ്തിയിലായിക്കഴിയുകയും  ചെയ്യും.  മറ്റൊരവസരത്തില്‍  ശരീരത്തില്‍  പ്രവേശിക്കുന്ന  ഇതേ  അണുക്കളെ  ഈ  കോശങ്ങള്‍  പെട്ടെന്നുതന്നെ  തിരിച്ചറിയുകയും  ശരീരത്തിലിടം  നേടാനാകുന്നതിനു  മുന്‍പ്  അവയെ  തുരത്തുകയും  ചെയ്യുന്നു.  ആദ്യംപറഞ്ഞ  പ്രക്രിയകള്‍  പൂര്‍ത്തീകരിക്കാന്‍  രണ്ടോമൂന്നോ  ആഴ്ച്ചകളെടുക്കുമെങ്കില്‍  ഈ  രണ്ടാമതു  പറഞ്ഞ  ഓര്‍മ്മക്കോശങ്ങള്‍  വഴിയുള്ള  ആവര്‍ത്തിത  പ്രതിരോധം  ക്ഷിപ്രസദ്ധ്യമാണ്.  അതു  ശക്തിയേറിയതായിരിക്കും.  ഇങ്ങനെ  സൂക്ഷ്മാണുക്കളുടെ  സഹജമായ  രാസഘടന  തിരിച്ചറിയാന്‍  കഴിവുള്ള  അനേകായിരം  തരത്തിലുള്ള  സ്വീകാരികളുള്ള  ലസികാകോശങ്ങളാണ്  നമുക്കുള്ളത്.  അതുകൊണ്ടു  പ്രകൃതിയില്‍ക്കാണുന്ന  മിക്കവാറുമെല്ലാത്തരം  പരാദാണുക്കളുമായി  അവയെ  കണ്ടുമുട്ടുന്ന  സന്ദര്‍ഭങ്ങളില്‍  പ്രതികരിക്കാനുള്ള  ശേഷി  നമുക്കുണ്ട്.  അതായത്  കുറെ  അണുക്കള്‍  കണ്ടുമുട്ടിക്കഴിയുമ്പോള്‍  തീര്‍ന്നുപോകുന്നതല്ലെന്നു  ചുരുക്കം

വാക്സിന്‍ പ്രതിരോധ്യ രോഗങ്ങൾ

ഫലപ്രദമായ  വാക്സിനുകള്‍  നിലവിലുള്ള  രോഗങ്ങളാണ്  വാക്സിന്‍  പ്രതിരോധ്യ  രോഗങ്ങള്‍  എന്ന  പേരില്‍  അറിയപ്പെടുന്നത്.  ഈ  രോഗങ്ങള്‍  മൂലമുണ്ടാകുന്ന  മരണങ്ങളെ  വാക്സിന്‍  പ്രതിരോധ്യ  മരണങ്ങള്‍  എന്നും  വിശേഷിപ്പിച്ചു  പോരുന്നു.

ലോകാരോഗ്യസംഘടനയുടെ  കാഴ്ചപ്പാടില്‍  ദിഫ്തീരിയ,  ഹീമോഫിലസ്  ഇന്ഫ്ലുവെന്സ  ബി,  മീസില്‍സ്,  ഹെപ്പറ്റൈറ്റിസ്  ബി,വില്ലന്‍  ചുമ,  മസ്തിഷ്ക്കജ്വരം,  മുണ്ടിനീര്,  പോളിയോ,  കുതിരസന്നി,  റുബെല്ല,  ക്ഷയം,  മഞ്ഞപ്പനി  എന്നിവയാണ്  വാക്സിന്‍  പ്രതിരോധ്യ  രോഗങ്ങളില്‍  പ്രധാനികള്‍.  ഏകദേശം  ഇരുപത്തിയഞ്ചോളം  രോഗങ്ങള്‍ക്കെതിരെ  ലോകാരോഗ്യസംഘടനയുടെ  അംഗീകാരം  ഉള്ള  വാക്സിനുകള്‍  ഇന്ന്  ലോകത്തു  ലഭ്യമാണ്.

രോഗപ്രതിരോധ  മേഖലയിലെ  ഈ  മഹാത്ഭുതങ്ങള്‍  ലോകമെമ്പാടും  രണ്ടര  മില്യണ്‍  ജീവന്‍  ഓരോ  വര്‍ഷവും  സംരക്ഷിക്കുന്നുണ്ട്.  100%  കവറേജും  100%ഗുണഫലവും  ഈ  വാക്സിനുകള്‍ക്കു  ലഭിച്ചാല്‍  ഇന്ന്  വികസ്വരരാജ്യങ്ങളില്‍  സംഭവിക്കുന്ന  ഏഴു  ശിശുമരണങ്ങളില്‍  ഒരെണ്ണം  എങ്കിലും  തടയാന്‍  ആകും  എന്നാണ്  ലോകാരോഗ്യസംഘടനയുടെ  കണക്കുകള്‍  സൂചിപ്പിക്കുന്നത്.  വാക്സിന്‍  പ്രതിരോധ്യ  മരണങ്ങളില്‍  98  ശതമാനവും  സംഭവിക്കുന്നത്‌  ഹീമോഫിലസ്  ഇന്ഫ്ലുവെന്സ  ബി,  മീസില്‍സ്,  വില്ലന്‍  ചുമ,  കുതിരസന്നി  എന്നീ  രോഗങ്ങള്‍  മൂലമാണ്.  ലോകത്താകമാനം  ഈ  മരണങ്ങള്‍  പൊതുവായി  സംഭവിക്കുന്നതിനുള്ള  പ്രധാന  കാരണം  വാക്സിനുകള്‍  എടുക്കുവാനുള്ള  സാമ്പത്തിക  ശേഷി  ഇല്ലായ്മയും  ആരോഗ്യ  സംവിധാനങ്ങളിലെയ്ക്ക്  എത്തിപ്പെടാനുള്ള  ബുദ്ധിമുട്ടുകളും  ആണു.  പക്ഷേ  നമ്മുടെ  കൊച്ചുകേരളത്തിലോ?  വാക്സിനുകളെ  അന്താരാഷ്‌ട്ര  ഗൂടാലോചനാ  സിദ്ധാന്തങ്ങളുടെ  പൊടിപ്പും  തൊങ്ങലും  വച്ച  മസാലക്കഥകളിലേയ്ക്ക്  ബോധപൂര്‍വ്വം  കുത്തിത്തിരുകി  ചില  കുബുദ്ധികള്‍  നടത്തിപ്പോരുന്ന    കുപ്രചരണങ്ങളില്‍  വീണുപോകുന്ന  ഒരു  സമൂഹം  ആണു  നമ്മുടെ  പ്രധാന  വെല്ലുവിളി.

വസൂരി

 

ചരിത്രാതീത കാലം തൊട്ടേ മനുഷ്യരാശിയെ വേട്ടയാടിക്കൊണ്ടിരുന്ന വിനാശകാരിയായ വൈറസ് ആയിരുന്നു വേരിയോള, അതായത് വസൂരി അഥവാ സ്മോള്‍ പോക്സിന് കാരണമാവുന്ന വൈറസ്.

ദ്രുതഗതിയില്‍ പടര്‍ന്നു പിടിക്കുകയും അനേകരെ  കൊന്നൊടുക്കുകയും,രക്ഷപ്പെടുന്ന പലര്‍ക്കും എന്നെന്നേക്കുമായി അന്ധതയും വൈരൂപ്യവും ഒക്കെ സമ്മാനിച്ചു കടന്നുപോവുകയും ചെയ്തിരുന്ന ഈ പകര്‍ച്ചവ്യാധി അന്നാളുകളില്‍ മനുഷ്യരുടെ പേടി സ്വപ്നം ആയിരുന്നു.

സാമൂഹികമായും വസൂരി ബാധയുടെ നാളുകള്‍ കറുത്ത ചരിത്രാദ്ധ്യായമാണ്, രോഗബാധിതര്‍ ആവുന്നവര്‍ക്ക് സാമൂഹിക ഭ്രഷ്ട് കല്‍പ്പിച്ചു ഒറ്റപ്പെടുത്തിയിരുന്നു,മരിച്ചു വീഴുന്നവരെ ഒരുമിച്ചിട്ടു അഗ്നിക്കിരയാക്കി,മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാന്‍ താഴ്ന്ന ജാതി എന്ന് കണക്കാക്കപ്പെട്ടവരെ നിയോഗിച്ചു, ഇങ്ങനെയൊക്കെയുള്ള അവസ്ഥയിലായിരുന്നു ലോകം അന്ന്.

*ശാസ്ത്രം ആദ്യത്തെ വാക്സിന്‍ പ്രയോഗിക്കുന്നത്,അഥവാവാക്സിനേഷന്‍ എന്ന പ്രക്രിയ തന്നെ കണ്ടെത്തുന്നത് വസൂരിക്ക് എതിരെയാണ്.

*ആദ്യമായി ഒരു പകര്‍ച്ചവ്യാധി ഭൂമുഖത്ത് നിന്നും തുടച്ചു മാറ്റുന്നതും വസൂരിയെയാണ്.

വസൂരിയുടെ ചരിത്രം

വസൂരി ആവിര്‍ഭവിച്ചത് എന്നാണെന്ന് കൃത്യമായി അറിയില്ലയെങ്കിലും ചരിത്രാതീതകാലം തൊട്ടേ വസൂരി ഉണ്ടായിരുന്നു എന്നാണു കരുതുന്നത്.

ചരിത്രത്തിലെ ചില രേഖപ്പെടുത്തലുകള്‍,

  • 1350 ബി.സി യിലെ ഈജിപ്ഷ്യന്‍ യുദ്ധത്തിനിടയില്‍ വസൂരി പകര്‍ച്ച വ്യാധി ഉണ്ടായി.
  • 1157 ബി.സി യില്‍ മരിച്ച ഫറവോയുടെ മമ്മിയില്‍ വസൂരിബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയുണ്ടായി.
  • ബി.സി 430ല്‍ ഏതന്‍‌സ് നഗരത്തെ വസൂരി വിപുലമായി ബാധിച്ചു അത്രേ.

പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ വര്‍ഷംതോറും 4 ലക്ഷം പേരോളം വസൂരിയാല്‍ മരിച്ചിരുന്നു. മുതിര്‍ന്നവരില്‍ മരണ നിരക്ക് 30% ത്തോളം ആയിരുന്നു എങ്കില്‍ കുട്ടികളില്‍ അത് 90%നു മുകളില്‍ ആയിരുന്നു.

ഇരുപതാം നൂറ്റാണ്ടിൽ 30 കോടിക്കും 50 കോടിക്കും ഇടയിൽ ആൾക്കാർ ഈ അസുഖം ബാധിച്ച് മരിച്ചിട്ടുണ്ട് എന്നാണു കണക്കുകള്‍.

ലോകാരോഗ്യ സംഘടന നിലവില്‍ വന്ന 1948 എന്ന വര്‍ഷം  5 കോടിയോളം ആളുകളെ വസൂരി ബാധിക്കുന്നുണ്ടായിരുന്നത്രേ.

ഇന്ത്യയില്‍ 1950കള്‍ വരെ പ്രതിവര്‍ഷം ഒരു ലക്ഷത്തോളം ആള്‍ക്കാര്‍  വസൂരി ബാധയാല്‍ മരണപ്പെട്ടിരുന്നു. അനേകം പേര്‍ക്ക് അന്ധത,അംഗവൈകല്യം എന്നിവ വസൂരിബാധയുടെ പരിണിതഫലമായി കൈവന്നു.

എന്താണ് വസൂരി?

വേരിയോള വൈറസ് ഉണ്ടാക്കുന്ന രോഗബാധയാണ് വസൂരി. വേരിയോള മേജര്‍, വേരിയോള മൈനര്‍ എന്നിങ്ങനെ രണ്ടു തരം വൈറസ് ഇതിനു കാരണമാവുന്നുണ്ട്.ഇതില്‍ വേരിയോള മേജര്‍ മൂലമുള്ള രോഗമാണ് കൂടുതല്‍ സാധാരണവും കൂടുതല്‍ മാരകവും,ഇത് ബാധിച്ച മൂന്നില്‍ ഒരാള്‍ക്ക്‌ മരണമുണ്ടാവുന്നു എന്നാല്‍ വേരിയോള മൈനര്‍ ബാധിക്കുന്ന പത്തില്‍ ഒരാളെ മരണപ്പെടുകയുണ്ടായിരുന്നുള്ളൂ.

രോഗം പകരുന്നത് എങ്ങനെ?

രോഗമുള്ള ഒരാളില്‍ നിന്ന് വായുവിലൂടെയാണ് സാധാരണഗതിയില്‍  രോഗാണുക്കള്‍ പകരുന്നത്. രോഗിയുടെ ശരീരസ്രവങ്ങള്‍ പറ്റിയ വസ്തുക്കളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരം.

രോഗലക്ഷണങ്ങള്‍

  • രോഗാണുക്കള്‍ ശരീരത്തിലെത്തി 12 ദിവസങ്ങളോളം ആവുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക.
  • രോഗിയുടെ ശ്വാസകോശത്തില്‍ എത്തപ്പെടുന്ന വൈറസുകള്‍ ശരീരത്തില്‍ പെറ്റുപെരുകി ഒടുവില്‍ കടുത്ത പനി,ക്ഷീണം,തലവേദന,പേശീ വേദന തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് കാരണമാവും.
  • തുടര്‍ന്ന് മുഖത്തു തുടങ്ങി ശരീരത്തിലാകമാനം കുരുക്കള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും ആദ്യം തെളിഞ്ഞ നിറം ആണെങ്കിലും പിന്നീട് ഈ കുരുകള്‍ക്ക് ഉള്ളിലെ ദ്രാവകം പഴുപ്പ് ആയി മാറുകയും ചെയ്യും.
  • ഇത് പിന്നീട് കരിയുമ്പോള്‍ ആഴത്തിലുള്ള വടുക്കള്‍ ത്വക്കില്‍ സൃഷ്ട്ടിക്കും.
  • കണ്ണിന്റെ കോര്‍ണിയയെ ബാധിക്കുന്നത് മൂലം ചിലരില്‍ ഇത് അന്ധതയ്ക്കു കാരണമാവും.
  • 30% പേരുടെ മരണത്തിനും വസൂരി കാരണമാവും.

ചികിത്സ

വസൂരി വൈറസ് ബാധയക്ക്‌ എതിരെ ഫലപ്രദമായ ആന്റി വൈറല്‍ മരുന്ന് ചികിത്സ കണ്ടെത്തിയിരുന്നില്ല. രോഗ ലക്ഷണങ്ങള്‍ക്ക് അനുസൃതമായ ചികിത്സയും, രോഗിക്ക് വേണ്ട ശാരീരിക പരിരക്ഷയും വിശ്രമവുമായിരുന്നു ചികിത്സ.

വാക്സിന്‍ നല്‍കുകയാണ് ശരിയായ പ്രതിരോധമാര്‍ഗ്ഗം. രോഗാണുക്കള്‍ ശരീരത്തില്‍ കടന്നു കഴിഞ്ഞാല്‍ പോലും നാല് ദിവസത്തിനു ഉള്ളില്‍ വാക്സിന്‍ നല്‍കിയാല്‍ ഫലപ്രദമാവും.

വസൂരി നിര്‍മ്മാര്‍ജ്ജനം എങ്ങനെ സാധ്യമായി?

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഭൂമിയില്‍ നില നിന്ന ഈ രോഗത്തെ ഒടുവില്‍ ശാസ്ത്രം പിടിച്ചു കെട്ടിയത് മനുഷ്യരാശിയുടെയും അതോടൊപ്പം വാക്സിനുകളുടെയും ചരിത്രത്തിലെ സുവര്‍ണ്ണ നേട്ടമാണ്.

വാക്സിനേഷന്‍ പ്രക്രിയയ്ക്ക് തന്നെ എതിരായി ഒരു ചെറിയ വിഭാഗം ആളുകള്‍ സ്ഥാപ്തിത താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അവാസ്തവ പ്രചാരണങ്ങള്‍ നടത്തുന്ന ഈ കാലഘട്ടത്തില്‍ വസൂരിയുടെ ചരിത്രത്തിലൂടെ അല്പം പിന്നോട്ട് നടക്കുന്നത് ഉള്‍ക്കാഴ്ചകള്‍ പ്രദാനം ചെയ്തേക്കാം.

ലോകം മുഴുവന്‍ ഒറ്റക്കെട്ടായി പന്ത്രണ്ടു വര്‍ഷം നീണ്ടു നിന്ന നിര്‍മ്മാര്‍ജ്ജന തീവ്രയജ്ഞത്തിലൂടെയാണ് വസൂരി വൈറസിനെ ഭൂമിയില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്തത്. ഇന്നിപ്പോള്‍ അമേരിക്കയിലും റഷ്യയിലും ഉള്ള രണ്ടു ലാബുകളില്‍ മാത്രമാണ് ഈ “വില്ലനെ” സുഷുപ്തിയില്‍ അതീവ ജാഗ്രതയോടെ കര്‍ശന സുരക്ഷാ സംവിധാനത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.

വസൂരി നിര്‍മ്മാര്‍ജ്ജനം സാധ്യമായതോടെ പ്രതിവര്‍ഷം 50 ലക്ഷത്തോളം ജീവനുകളാണ് രക്ഷിക്കാന്‍ കഴിഞ്ഞത്.

http://www.unicef.org/pon96/hevaccin.htm

ഒരു പക്ഷേ ഇന്നായിരുന്നെങ്കില്‍ വസൂരി നിര്‍മാര്‍ജ്ജനം സാധ്യമാവുകയില്ലായിരുന്നു.

സമാനമായി ഇന്ന് നിര്‍മ്മാര്‍ജ്ജനത്തിനു തൊട്ടരികെ നില്‍ക്കു ഒരു രോഗമാണ് പോളിയോ,എങ്കിലും കുപ്രചാരണങ്ങളും,ഗൂഡാലോചന സിദ്ധാന്തങ്ങളും,വിവാദങ്ങളും മുന്നോട്ടുള്ള പ്രയാണത്തിനു അടിക്കടി തടസ്സം സൃഷ്ട്ടിക്കുന്നു.

എങ്കിലും ലോകത്ത് 80% കുട്ടികള്‍ക്കും ഇന്ന് പോളിയോയ്ക്ക് എതിരെ ഉള്ള വാക്സിന്‍ നല്‍കപ്പെട്ടു കഴിഞ്ഞു. 1980 ല്‍പ്രതിവര്‍ഷം 400,000 കേസുകള്‍  ഉണ്ടായിരുന്നത് 1990 കളുടെ പകുതിയോടെ 90,000 ആയി കുറഞ്ഞു. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ആയി പോളിയോ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. പള്‍സ് പോളിയോ പോലുള്ള തീവ്ര യത്നങ്ങള്‍ ആണ് ആശാവഹമായ രീതിയില്‍ കാര്യങ്ങള്‍ എത്തിച്ചതിനു പിന്നില്‍.

വാക്സിന്‍ വിരുദ്ധ/സയന്‍സ് വിരുദ്ധ കച്ചവടക്കാരുടെ ഗൂഡാലോചനാ സിദ്ധാന്തത്തിനു ചെറിയ തോതില്‍ എങ്കിലും പ്രചാരണം കിട്ടുന്നതിന്റെ പിന്നില്‍ കേള്‍വിക്കാരുടെ ശാസ്ത്രാവബോധം ഇല്ലായ്മ മാത്രമല്ല, ചരിത്രാവബോധം നശിക്കുന്നതും കൂടിയാണ് ആയതിനാല്‍ വസൂരി നിര്‍മ്മാജ്ജനചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ താരതമ്യപഠനം കൂടെ ആവാം.

  • 18ആം നൂറ്റാണ്ടില്‍ എഡ്വാര്‍ഡ് ജെന്നെര്‍ ആദ്യമായി ഗോവസൂരി പ്രയോഗം പരീക്ഷിച്ചത് ഒരു ബാലനില്‍ ആണ്. അത് വിജയമാണെന്ന് കണ്ടു അദ്ദേഹം തന്റെ മകന്‍ ഉള്‍പ്പെടെ ഉള്ളവരില്‍ ഇത് പരീക്ഷിച്ചു.

(ഇന്നായിരുന്നെങ്കില്‍ ചിലര്‍ മരുന്ന് പരീക്ഷണം എന്നും പറഞ്ഞു അദ്ദേഹത്തെഉന്മൂലനംചെയ്തേനെ. രോഗം ബാധിച്ച പശുവിന്റെ ശരീരത്തിലെ പഴുപ്പ് എടുത്താണ് ഇയാള്‍ മനുഷ്യരില്‍ കുത്തി വെക്കുന്നത്എന്ന് വരെഞെട്ടിക്കല്‍ വാര്‍ത്തകള്‍സംപ്രേക്ഷണം ചെയ്തേനെ!! അതോടെ കാര്യം കഴിഞ്ഞില്ലേ)

  • വസൂരി എന്ന മഹാവ്യാധിയുടെ കെടുതികള്‍ കണ്ടും അനുഭവിച്ചും ജീവിച്ച മനുഷ്യര്‍ക്ക്‌ ശാസ്ത്രത്തിന്റെ ഇടപെടലുകളെ നിരാകരിക്കാന്‍ കഴിയുമായിരുന്നില്ല(നിരക്ഷരര്‍ക്ക് പോലും) അത് കൊണ്ട് കൂടിയാണ് അത്തരം നിര്‍മ്മാര്‍ജ്ജന ക്യാമ്പയിനുകള്‍ ഫലം കണ്ടത്.

ശാസ്ത്രം പുരോഗമിച്ചതോടെ സാംക്രമിക രോഗങ്ങള്‍ നമ്മുടെ വരുതിക്ക് നില്‍ക്കുന്ന സ്ഥിതി വന്നു. അങ്ങകലെ കണ്ട സിക്കാ വൈറസിനെ പ്രതിരോധിക്കാന്‍ ഇപ്പഴേ നമ്മള്‍ ഒരുങ്ങുന്നു. പക്ഷിപ്പനിയും എബോളയും പന്നിപ്പനിയും ഒക്കെ മാരകം ആണെങ്കില്‍ കൂടി ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ ശാസ്ത്രസാങ്കേതികവിദ്യ നിലവില്‍ വിജയിച്ചു പോരുന്നു.(പണ്ടത്തെ പോലെ ഇതൊക്കെ കണ്മുന്നില്‍ കണ്ടു കെടുതി അനുഭവിക്കാന്‍ ഭൂരിപക്ഷത്തിനും ആവുന്നില്ല!!! ).ഇതെല്ലാം സമൂഹം സൌകര്യപൂര്‍വ്വം അങ്ങ് മറക്കുന്നു അല്ലെങ്കില്‍, ഇതെന്റെ പ്രശ്നം അല്ല എന്ന് കരുതി അവഗണിക്കുന്നു.

ഉദാഹരണത്തിന് 30 വര്‍ഷം മുന്‍പൊക്കെ പോളിയോ ബാധിച്ച അനേകം ആള്‍ക്കാരെ കാണാമായിരുന്നു. ഇന്നത്തെ യുവതലമുറയില്‍ പോളിയോ ബാധിതരെ കണ്മുന്നില്‍ കാണാറുണ്ടോ എന്ന് സ്വയം ചോദിച്ചു നോക്കുക.

പോളിയോയോ,വില്ലന്‍ ചുമയോ , തൊണ്ടമുള്ളോ , ടെറ്റനസോ ഒക്കെ ഒരു മനുഷ്യനെ ബാധിച്ചാല്‍ ഉണ്ടാക്കുന്ന തീവ്രനുഭാവങ്ങളെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു തലമുറയെ സംബന്ധിച്ചിടത്തോളം ഇത്തരം അസംബന്ധ തിയറികള്‍ ഒക്കെ ആകര്ഷണീയമാവുന്നത് അത്ഭുതകരമല്ല. സയന്‍സ് പഠിച്ച കൂട്ടര്‍ വരെ രോഗാണുക്കള്‍ ഇല്ല, ഇതൊക്കെ മരുന്ന് കച്ചവടക്കാരുടെ തന്ത്രമാണ് എന്നുള്ള വങ്കത്തരം വരെ ഒരു വേള വിശ്വസിക്കുന്നത് കാണാം.

  • പോളിയോ ഉള്‍പ്പെടെയുള്ള സോദ്ദേശപരമായ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും നിര്‍മ്മാര്‍ജ്ജനം എന്ന വലിയ നേട്ടത്തിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന ഗൂഡാലോചനാ സിദ്ധാന്ത പ്രചാരണക്കാര്‍ ഇന്ന് നമ്മുടെ നാട്ടിലും ഉണ്ടെന്നത് ഖേദകരമായ വസ്തുതയാണ്.

എന്നാല്‍ വസൂരി നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ഒറ്റക്കെട്ടായുള്ള ഭഗീരഥ പ്രയത്ന്മാണ് നടന്നത്.ഈ ചരിത്രം ഒരു മാതൃകയും പ്രചോദനവുമാണ്.
1970 ല്‍ യൂഗോസ്ലാവിയയില്‍ വസൂരിയുടെ ഒരു കേസ് റിപ്പോര്‍ട്ട്‌ ചെയ്തപ്പോള്‍ 10 ദിവസം കൊണ്ട് 180 ലക്ഷം പേര്‍ക്കാണ് വാക്സിന്‍ കൊടുത്തത്. വിദേശീയരുടെ കാര്യം മാത്രമാണ് ഇതെന്ന് കരുതേണ്ട..! ഇന്ത്യ പോലെ ജനസംഖ്യ ഉള്ള രാജ്യത്ത് ഇത് നടക്കുമോ എന്ന് സംശയിച്ചിരുന്നു, എന്നാല്‍ 1967 ല്‍ തന്നെ രാമചന്ദ്ര റാവു എന്ന ഡോക്ടര്‍ ലോകാരോഗ്യ സംഘടനയുടെ ഫണ്ട്‌ സഹായത്തോടെ ചെറിയ ഒരു ടീമും ആയി തമിഴ്‌നാട്‌ സംസ്ഥാനം മുഴുവന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു ആറുമാസംകൊണ്ട് വസൂരിരോഗം നിയന്ത്രണ വിധേയമാക്കിയ ചരിത്രം ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു. (ഇന്നായിരുന്നേല്‍ അനേകം ഗൂഡാലോചന സിദ്ധാന്തങ്ങള്‍ക്ക് ഇതൊക്കെ കാരണമായേനെ)

പറഞ്ഞു വന്നത് ഈകെടുതികള്‍ ഒക്കെ നേരിട്ട് അനുഭവിച്ചിട്ടുള്ള ആളുകള്‍ക്ക് ശാസ്ത്രത്തിനു മാത്രമായിരിക്കും ഇതിനു പ്രതിവിധി കണ്ടെത്താനാവുക എന്നുള്ള അവബോധവും അത് ഉള്‍ക്കൊണ്ടു സഹകരിക്കാനുള്ള മനോഭാവവും ഉണ്ടായിരുന്നു.
വസൂരി നിര്‍മ്മാര്‍ജ്ജനം 12 വര്ഷം നീണ്ടു നിന്ന തീവ്ര പരിപാടിയിലൂടെ സാധ്യമായത് അത്തരം ഒരു സമൂഹം നിലവിലുണ്ടായിരുന്നത് കൊണ്ടാണ്.

അന്ന് ജനങ്ങള്‍ വാക്സിന്‍ അങ്ങോട്ട്‌ ആവശ്യപ്പെടുന്ന സാഹചര്യമായിരുന്നു. വാക്സിന്‍ എല്ലാര്‍ക്കും ലഭ്യമാക്കാനുള്ള ബുദ്ധിമുട്ടാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അന്ന്  പൊതുവില്‍ അനുഭവിച്ചിരുന്നത്‌. എങ്കിലും അത്യപൂര്‍വ്വമായി ചിലര്‍ മതപരമായ ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞു വാക്സിന്‍ എടുക്കുന്നതിനെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും, അന്നത്തെ സര്‍ക്കാര്‍ ചെയ്തത് പൊതുജനാരോഗ്യ നിയമത്തിലെ വകുപ്പ് ഉപയോഗിച്ച് ഇവര്‍ക്ക് നിര്‍ബന്ധിത വാക്സിനേഷന്‍ നടപ്പാക്കുകയായിരുന്നു. ചിലരുടെ ഒക്കെ വീട്ടില്‍ രാത്രി എത്തി നിര്‍ബന്ധിതമായി വാക്സിന്‍ കൊടുത്ത സാഹചര്യവും ഉണ്ടായിട്ടുണ്ടത്രേ..!

വന്‍ ബഹുജന മുന്നേറ്റമാണ് ഈ പദ്ധതിയുടെ ഭാഗമായി നടന്നത്.

ചരിത്രബോധവും ശാസ്ത്രാവബോധവും ഉള്‍ക്കാഴ്ചയും ഒക്കെ സാമാന്യം നന്നായി ഉണ്ടായാലേ ഇന്നത്തെ വാക്സിന്‍ വിരുദ്ധ കുപ്രചരണങ്ങളെ ഒരുവന് അതിജീവിക്കാന്‍ കഴിയൂ. ഈ സാമൂഹികമാറ്റം ആരോഗ്യപ്രവര്‍ത്തകരും ഈ വസ്തുത ഉള്‍ക്കൊണ്ടു നയപരിപാടികള്‍ പുനര്നിര്‍വചിക്കുകയും ജനങ്ങള്‍ക്ക്‌ കൂടുതല്‍ അവബോധം ഉണ്ടാക്കാന്‍ ക്ഷമാപൂര്‍വ്വം പരിശ്രമിക്കുകയും അവരെ വിശ്വാസ്യതയിലെടുക്കുകയും  വേണം.

വസൂരി നിര്‍മ്മാര്‍ജ്ജനം നാള്‍വഴികള്‍

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും നടന്ന വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1980 ല്‍ ലോകം വസൂരി വിമുക്തമായി എന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. സ്വാഭാവികമായി ഉണ്ടാവുന്ന വസൂരി ബാധ ഒടുവില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 1978 ല്‍ സോമാലിയയിലെ അലിമാവോ മാലിന്‍ എന്ന ചെറുപ്പക്കാരന് ആണ്.

  • പതിനാറാം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വസൂരിക്ക് എതിരെ പല വിധ ചികിത്സാരീതികളും പരീക്ഷിക്കാന്‍ രോഗികള്‍ നിര്‍ബന്ധിതരായിരുന്നു.അതില്‍ പ്രധാനമായ ഒരു മാര്‍ഗ്ഗമായിരുന്നു “വേരിയോളെഷന്‍”. രോഗികളില്‍ നിന്നുള്ള പദാര്‍ഥങ്ങളുമായോ രോഗി ഉപയോഗിക്കുന്ന വസ്തുക്കളുമായോ ബോധപൂര്‍വ്വം നേരിയ തോതില്‍ സമ്പര്‍ക്കത്തില്‍ വരുകയും അത്തരത്തില്‍ അധികം തീവ്രം അല്ലാത്ത രോഗാവസ്ഥ ഉണ്ടാക്കി പ്രകൃതിദത്തമായ പ്രതിരോധ ശക്തി നേടി എടുക്കുന്ന പ്രക്രിയ ആയിരുന്നു ഇത്. എന്നാല്‍ മാരകമായ രോഗം തന്നെ വന്നു മരിക്കാന്‍ ഉള്ള സാധത്യ ഇതോടൊപ്പം ഉണ്ടായിരുന്നു!
  • വസൂരിക്ക് എതിരെയുള്ള വാക്സിന്‍ ആദ്യമായി കണ്ടെത്തുന്നത് 1796 ല്‍ എഡ്വാര്‍ഡ് ജെന്നെര്‍ എന്ന ശാസ്ത്രഞ്ജനാണ്.
  • ഗോ വസൂരി(Cow Pox) എന്ന മൃഗങ്ങളിലൂടെ പകരുന്ന വസൂരി സമാനമായ രോഗം വന്ന മനുഷ്യര്‍ക്ക്‌ വസൂരിക്ക് എതിരെ ഉള്ള പ്രതിരോധ ശക്തി കൂടി ഉണ്ടാവും എന്ന് 1768 ല്‍ തന്നെ ജോണ് ഫ്യൂസ്റെര്‍ എന്ന ബ്രിട്ടീഷ് ഡോക്ടര്‍ തിരിച്ചറിഞ്ഞിരുന്നു.
  • കറവക്കാരികള്‍ ആയ സ്ത്രീകള്‍ക്ക് വസൂരിക്ക് എതിരെയുള്ള പ്രതിരോധ ശക്തിയുണ്ടെന്നു കണ്ടെത്തിയ ജെന്നെര്‍ ഈ സിദ്ധാന്തം തെളിയിക്കാനായി തന്റെ സഹായിയായ എട്ടു വയസ്സുകാരനില്‍ ഗോ വസൂരി വന്ന ഒരു ജോലിക്കാരിയുടെ വൃണത്തില്‍ നിന്നും ചലം എടുത്തു കുത്തി വെച്ച് പരീക്ഷിച്ചു. നേരിയ ലക്ഷണങ്ങള്‍ ഉണ്ടായെന്നല്ലാതെ കുട്ടിക്ക് രോഗം പിടിപെട്ടില്ല. എട്ടു ആഴ്ചയ്ക്ക് ശേഷം കുട്ടിയെ വസൂരി രോഗ സാധ്യതയുള്ള സാഹചര്യത്തില്‍ പരീക്ഷണങ്ങള്‍ നടത്തി എങ്കിലും കുട്ടിക്ക് വസൂരി രോഗബാധ ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് അദ്ദേഹം കൌ പോക്സ് വൈറസ് അടങ്ങിയ പശുവിന്റെ സിറം വാക്സിന്‍ സ്വന്തം മകന്‍ ഉള്‍പ്പെടെ 8 പേരില്‍ പരീക്ഷിച്ചു വിജയിച്ചു. തുടര്‍ന്ന് 23 പേരില്‍ സമാന പരീക്ഷണങ്ങള്‍ നടത്തി ഫലങ്ങള്‍ ലോകത്തെ അറിയിക്കുകയായിരുന്നു, പിന്നീടുള്ളത് ചരിത്രം.

വാക്സിനേഷന്‍ എന്ന പദം അദ്ദേഹത്തിന്‍റെ സംഭാവനയാണ്. “പശുവില്‍ നിന്ന്” എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ പദമായ “vaccus” ല്‍ നിന്നാണ് ഇതിന്റെ ആവിര്‍ഭാവം.

  • വസൂരിയോടു സാമ്യം ഉള്ള വാക്സീനിയ വൈറസ് ആണ് പ്രതിരോധശക്തി പ്രദാനം ചെയ്യുന്നതിന് കാരണമാവുന്നതെന്ന് 1938 ല്‍ അല്ലന്‍ വാട്ട് എന്ന ശാസ്ത്രഞ്ജന്‍ കണ്ടെത്തി.
  • ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വികസിത രാജ്യങ്ങളിലും മറ്റും വസൂരി പകര്‍ച്ചവ്യാധി നിയന്ത്രിതമായിരുന്നു. അക്കാലത്ത് അമേരിക്കയിലെ സെന്റെര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ വാക്സിന്‍ പ്രയോഗിക്കാന്‍ ഒരു പുതിയ ഉപകരണം (ജെറ്റ് ഇഞ്ചെക്ട്ടര്‍) വികസിപ്പിച്ചെടുത്തു. ഇതുപയോഗിച്ച് മണിക്കൂറില്‍ ആയിരം പേര്‍ക്ക് വാക്സിന്‍ കൊടുക്കാമായിരുന്നു.
  • എന്നാല്‍ അധികം താമസിയാതെ തന്നെ കൂടുതല്‍ ലളിതമായ പുതിയ ഒരു ഉപകരണം നിലവില്‍ വന്നു. നേരിയ ഒരു രണ്ടു മുന ഉള്ള സൂചി . ഇത് വാക്സിനില്‍ മുക്കിയതിനു ശേഷം ഇടതു തോളില്‍ 15 പ്രാവശ്യത്തോളം അടുപ്പിച്ചു ചെറുതായി കുത്തുമ്പോള്‍ ഇതിനൊപ്പം മുനയ്ക്ക് ഇടയിലുള്ള മരുന്ന് ത്വക്കിന് അടിയില്‍ പരക്കുന്നു.
  • 1953 ല്‍ ലോകാരോഗ്യ അസ്സെംബ്ളി വസൂരി ലോകവ്യാപകമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ആലോചിച്ചപ്പോള്‍ പലരും സംശയാലുക്കള്‍ ആയിരുന്നു. മുന്‍കാലങ്ങളില്‍ നാടവിര,യെല്ലോ ഫീവര്‍ തുടങ്ങിയ രോഗങ്ങള്‍ തുടച്ചു നീക്കാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ടത് ചിലര്‍ ചൂണ്ടിക്കാണിച്ചു.
  • എന്നാല്‍ റഷ്യയുടെ Deputy ആരോഗ്യ മന്ത്രി ആയിരുന്ന Dr. Zhdanov ലോക വ്യാപകമായ നിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടി ശക്തമായി നിലകൊണ്ടു. ഇതേത്തുടര്‍ന്ന് നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങി.
  • ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ജനസംഖ്യ കണക്കിലെടുത്ത് നിര്‍മ്മാര്‍ജ്ജനം അസാധ്യമായ ഒന്നാണ് എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നൈജീരിയയില്‍ വസൂരി പൊട്ടിപ്പുറപ്പെട്ട സമയത്ത് അത് നിയന്ത്രിച്ച രീതി പിന്നീട് ഉള്ള പദ്ധതി നടത്തിപ്പില്‍ പ്രധാന വഴികാട്ടി ആയി.
  • നൈജീരിയയില്‍ സ്വീകരിച്ച രീതി – അതീവ ജാഗ്രതയോടെയുള്ള സൂക്ഷ്മമായ നിരീക്ഷണവും അതിന്റെ ഫലമായി കേസ് കണ്ടെത്തിക്കഴിഞ്ഞാല്‍ ആ പ്രദേശത്തിന് നിശ്ചിത ചുറ്റളവില്‍ ഉള്ള പ്രദേശങ്ങളില്‍ ഒക്കെയുള്ളവരെ വാക്സിന്‍ കൊടുക്കുകയുമായിരുന്നു. അതിലൂടെ വൈറസ് ബാധ ആ പരിസരത്തിനു പുറത്തേക്ക് കടക്കുന്നത്‌ ഫലപ്രദമായി നിയന്ത്രിക്കപ്പെടുന്നതായി നിരീക്ഷിച്ചു.
  • ആഗോള തലത്തില്‍ വസൂരിയ്ക്ക് എതിരെ ഉള്ള വാക്സിനേഷന്‍ 1979 ല്‍ അവസാനിപ്പിച്ചു.

 

ഇന്ത്യയിലെ വസൂരി നിര്‍മ്മാര്‍ജ്ജന ചരിത്രം.

  • ഇന്ത്യയെ പോലെ ജനസംഖ്യയും വൈവിധ്യമുള്ള ഭൂപ്രകൃതിയും, സാമൂഹിക സാംസ്‌കാരിക പശ്ചാത്തലവുമുള്ളയിടത്ത് വസൂരി നിര്‍മ്മാര്‍ജ്ജനം സാദ്ധ്യമായത് ചരിത്രപരമായ പൊതുജനാരോഗ്യ പ്രവര്‍ത്തന നേട്ടം ആയിരുന്നു.
  • ഇന്ത്യയിലെ പ്രമുഖ നാല് വാക്സിന്‍ നിര്‍മ്മാണശാലകള്‍ രാജ്യത്തെ മൊത്തം ആവശ്യവും നിറവേറ്റാന്‍ തക്ക അളവില്‍ വാക്സിന്‍ നിര്‍മ്മിച്ചിരുന്നു.

മാസ് വാക്സിനേഷന്‍ കാമ്പെയിന്‍ (1962–67)

3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ജനതയ്ക്കു മൊത്തം വാക്സിന്‍ കൊടുക്കുക എന്നു ഉദ്ദേശിച്ചു ദേശീയ വസൂരി നിര്‍മ്മാര്‍ജ്ജന പദ്ധതി 1962 ല്‍ ആരംഭിച്ചു. വീടുവീടാന്തിരം സന്ദര്‍ശിച്ചു ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന്‍ നല്‍കി. എന്നാല്‍ രോഗം ഉള്ളവരെ നേരത്തെ കണ്ടെത്തി വേണ്ട നടപടികളെടുക്കുന്നത് ഫലപ്രദമായി നടപ്പാക്കിയിരുന്നില്ല.

FORMULATION OF A SOUND STRATEGY (1968–72)

രോഗം ഉള്ളവരെ നേരത്തെ കണ്ടെത്താന്‍ ഉള്ള നടപടികള്‍ കൂടി ഈ പദ്ധതി സമത്ത് ഉള്‍പ്പെടുത്തി. രോഗം പൊട്ടിപ്പുറപ്പെടുന്നത് റിപ്പോര്‍ട്ട്‌ ചെയ്യാനും നിയന്ത്രിക്കാനും കൂടി നടപടികളെടുത്തു.

തീവ്ര ക്യാമ്പെയിന്‍ (1973–75)

രോഗം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിച്ചു,ശക്തമായ നിരീക്ഷണ സംവിധാനത്തിലൂടെ രോഗം സംശയിക്കുന്നവരെ വരെ നേരത്തെ കണ്ടെത്തി ചികിത്സിക്കാനായി. വസൂരിയുടെ ഒടുക്കത്തിന്റെ തുടക്കമായിരുന്നു ഈ തീവ്ര യജ്ഞം.

രോഗ സ്ഥിരീകരണത്തിനു ലാബ് ടെസ്റ്റിംഗ് സംവിധാനങ്ങള്‍ (രാജ്യത്ത് 6 എണ്ണം) നിലവില്‍ വന്നു.

OPERATION SMALLPOX ZERO (1975–77)

1975 ലാണ് ഇന്ത്യയില്‍ അവസാന വസൂരി കേസ് റിപ്പോര്‍ട്ട്‌ ചെയ്തത്. എന്നാല്‍ വസൂരിയുടെ മേല്‍ അവസാന വിജയം നേടാന്‍ രണ്ടു വര്ഷം നീളുന്ന ശക്തമായ നിരീക്ഷണ പരിപാടികള്‍ ഏര്‍പ്പെടുത്തി. ഏതു അസുഖവുമായും പനിയും ശരീരത്ത് പാടുകളും ബാധിച്ചു വരുന്നവരെ എല്ലാം നിരീക്ഷണത്തിനു വിധേയമാക്കി റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത് നിര്‍ബന്ധമാക്കി.

*കേസുകള്‍ ഒളിച്ചു വെക്കപ്പെടാതെ ഇരിക്കാന്‍ രോഗം പൊട്ടിപ്പുറപ്പെട്ട വിവരം അറിയിക്കുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രോത്സാഹനമായി 10-50 രൂപ വരെ നല്‍കുന്ന സംവിധാനം ഉണ്ടായിരുന്നു.(1975 ല്‍ ഇതു 1000രൂപ ആയി ഉയര്‍ത്തി)

  • എടുത്തു പറയേണ്ട ഒന്ന് ഇതിനു പിന്നില്‍ ഉണ്ടായിരുന്ന ഭഗീരഥപ്രയത്നവും ജനപങ്കാളിത്തവും ആണ്.
  • കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒപ്പം ലോകാരോഗ്യ സംഘടനയും ഈ പ്രവര്‍ത്തനത്തില്‍ അണി നിരന്നു.ഇന്ത്യയിലെ അസന്ഖ്യം ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം 31 രാജ്യങ്ങളിലെ പ്രമുഖരായ 230 മെഡിക്കല്‍ വിദഗ്ദ്ധരും ആറു മാസത്തോളം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു, അതും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഇടങ്ങളില്‍ മുഴുസമയവും നിരന്തരം പരിശ്രമിച്ചു കൊണ്ട്.
  • താഴെക്കിടയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഒന്നരലക്ഷത്തോളംപേര്‍ ചരിത്ര ദൌത്യത്തിന്റെ ഭാഗമായി അക്ഷീണം കടമ ചെയ്തു. വസൂരി വിമുക്ത ഇന്ത്യയ്ക്കായി 6 ലക്ഷം ഗ്രാമങ്ങളിലെ 10 കോടിയോളം മനുഷ്യര്‍ക്ക്‌ അവര്‍ വാക്സിന്‍ നല്‍കി.
  • സൈന്യം,റെയില്‍ വേ,പൊതു മേഖല,വ്യവസായ മേഖല എന്നിങ്ങനെ വിവിധ മേഖലകള്‍ പൊതുനന്മയ്ക്കായി കൈകോര്‍ത്തു. ഉദാ:ജാംഷഡപൂര്,ബീഹാറിലെ ചില മേഖലകള്‍ എന്നിവിടങ്ങളില്‍ വ്യവസായ പ്രമുഖന്‍ ടാറ്റ യുടെ സഹായം സര്‍ക്കാര്‍ തേടിയതിനെത്തുടര്‍ന്ന്,ടാറ്റ തന്റെ വിവിധ മേഖലകളില്‍ (സാധാരണ തൊഴിലാളി മുതല്‍ നേഴ്സ്മാര്‍ വരെ)ഉള്ള ജീവനക്കാരെ വസൂരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു കൊടുത്തു.
  • Swedish International Development Agency (SIDA) ലോകാരോഗ്യ സംഘടനയിലൂടെ ഇന്ത്യാ സര്‍ക്കാരിനു ഇതിലേക്കായി സാമ്പത്തിക സഹായം നല്‍കി.
  • 1977 ല്‍ ഇന്ത്യ വസൂരി വിമുക്തമായി.
  • പോളിയോ കൂടാതെ ഗിനിയ വിരബാധ നിര്‍മ്മാര്‍ജ്ജനത്തിന്റെ വക്കിലാണ്. Rinderpest, എന്ന കന്നുകാലികള്‍ക്ക് വരുന്ന രോഗം വാക്സിനേഷന്‍ മുഖേന നിര്‍മ്മാര്‍ജ്ജനം ചെയ്ത ഒന്നാണ്.
  • നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധ്യത കല്‍പ്പിക്കുന്ന മറ്റു രോഗങ്ങള്‍ മന്ത്,അഞ്ചാംപനി,മുണ്ടിനീര്,റുബെല്ല,പോര്‍ക്ക്‌ നാടവിര എന്നിവയാണ്. എന്നാല്‍ ഇതെല്ലാം സാധ്യമാവാന്‍ ശാസ്ത്ര സമൂഹത്തോടൊപ്പം ഭരണകൂടങ്ങളും പൊതുജനവും അണിനിരക്കെണ്ടിയിരിക്കുന്നു

കടപ്പാട്-അമൃതകിരണം.ഇന്‍

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate