অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നടുവേദന-കൂടുതൽ വിവരങ്ങൾ

നടുവേദന-കൂടുതൽ വിവരങ്ങൾ

80% പേർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന വന്നിട്ടുണ്ടാകും. 90% നടുവേദനയും തുടങ്ങി മൂന്നു മാസത്തിനകം പൂർണമായി സുഖപ്പെടുന്നവയാണ്. അതിൽതന്നെ 60 ശതമാനവും ഒരാഴ്ചകൊണ്ടു മാറും. മൂന്നു മാസം കഴിഞ്ഞും നീണ്ടുനിൽക്കുന്ന നടുവേദനയെ ഗൗരവമായി കണ്ട് ചികിൽസ തേടണം. നടുവേദന ഒരിക്കൽ വന്നാൽ 90 ശതമാനം പേർക്കും പെട്ടെന്നു തന്നെ മാറുമെങ്കിലും 50% ആളുകൾക്ക് ഇത് പിന്നീട് വീണ്ടും വന്നേക്കാം എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

നടുവേദന വരുന്നത്

അമിതവണ്ണമുള്ളവർക്ക്

പ്രായക്കൂടുതൽ ഉള്ളവർക്ക് (പ്രത്യേകിച്ചും ആർത്തവവിരാമം വന്ന സ്ത്രീകൾക്ക്)

ഭാരക്കൂടുതലുള്ള സാധനങ്ങൾ എടുക്കുന്ന തൊഴിലാളികൾക്ക്

വ്യായാമം ഒന്നുമില്ലാതെ സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവർക്ക്

സ്ഥിരം പുകവലിക്കുന്നവർക്ക്

വീഴ്ച സംഭവിച്ച് പരുക്കേറ്റവർക്ക്

സ്ത്രീകള്‍ അറിയേണ്ടത്

സ്ത്രീകള്‍ക്കിടയില്‍ നടുവിന് വേദന ഏറെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു, പ്രത്യേകിച്ച് മധ്യവയസ്കരായ സ്ത്രീകള്‍ക്ക്. ആര്‍ത്തവം നിലയ്ക്കുന്നതോടെ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനവും ജലാംശത്തിന്റെ കുറവുമാണ് കുഴപ്പക്കാരാകുന്നത്. എല്ലിന്റെ ദൃഢത വര്‍ധിപ്പിക്കുന്നതില്‍ കാല്‍സ്യത്തിനാണ് പ്രധാന പങ്ക്. ഇക്കാര്യത്തില്‍ ഈസ്ട്രോജന്‍ എന്ന സ്ത്രീ ഹോര്‍മോണിന്റെ പ്രാധാന്യം ഏറെയാണ്. ആര്‍ത്തവം നിലയ്ക്കുന്നതോടെ ഈസ്ട്രജന്റെ അളവ് കുറയുന്നു. എല്ലില്‍ കാല്‍സ്യം അടിയുന്നതും കുറയുന്നു. ഇതു മൂലം എല്ലുകളുടെ ദൃഢതയും കുറയും. ഇങ്ങനെ വരുമ്പോള്‍ നട്ടെല്ലിന്റെ കാര്യമാണ് ഏറ്റവും കഷ്ടത്തിലാകുന്നത്.

സ്ത്രീകള്‍ വെള്ളം കുടിക്കുന്നതിന്റെ അളവും വളരെ കുറവാണ്. ഡിസ്കിന് തേയ്മാനം സംഭവിച്ചും അകന്നും അതിനിടയിലേക്ക് മാംസം വളര്‍ന്നു കയറുന്നതായും കണ്ടുവരാറുണ്ട്. ഇങ്ങനെ മാംസം വളര്‍ന്ന് സുഷുമ്നയേയും മറ്റും ഞെരുക്കി കളയുന്നതിനാല്‍ ശരീരം തളര്‍ന്നു പോകാനും ഇടവന്നേക്കാം.

നടുവേദന പലതരം

മയോ ഫേഷ്യൽ പെയ്ൻ (Myofascial pain)

മസിലിലുണ്ടാകുന്ന വേദനയാണിത്. ഏറ്റവും കൂടുതലായി നടുവേദന ഉണ്ടാകുന്നത് ഇങ്ങനെയാണ്. പക്ഷേ, അത്ര ഗുരുതരമല്ല. വിശ്രമവും വ്യായാമവും ആണ് ഇതിന് ആവശ്യം. എന്നിട്ടും കുറവില്ലെങ്കിൽ ചികിൽസ തേടണം.

ജോയിന്റ് പെയ്ൻ (Joint pain)

നട്ടെല്ലിന് ഇടയിലുള്ള ചെറിയ ജോയിന്റ് നട്ടെല്ലിനും ഇടുപ്പെല്ലിനും ഇടയിലുള്ള ജോയിന്റ് തേയ്മാനം, അല്ലെങ്കിൽ ഈ ഭാഗത്തുണ്ടാകുന്ന നീരിറക്കം എന്നിവ കാരണം വരുന്ന നടുവേദനയാണിത്.

ഡിസ്ക് (Inter vertebral disc) സംബന്ധമായ വേദന

ഡിസ്കിനുള്ള തേയ്മാനം കാരണമോ ഡിസ്ക് പുറകിലേക്ക് തള്ളി നാഡികളിൽ അമരുമ്പോഴോ ഉണ്ടാകുന്ന വേദനയാണിത്. നാലു ശതമാനം ആളുകൾക്ക് മാത്രമേ ഡിസ്ക് തള്ളുന്നതു മൂലമുള്ള നടുവേദന കാണാറുള്ളൂ. പക്ഷേ, ഈ നടുവേദന വന്നാൽ അതിന്റെ വേദനയും തരിപ്പും കാലിലും അനുഭവപ്പെടും.

നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള വേദന

കശേരുക്കൾ തെന്നിനീങ്ങുന്നത് കാരണമോ പൊട്ടലുകൾ കാരണമോ ഉണ്ടാകുന്ന നടുവേദനയാണിത്.

വാത സംബന്ധമായ

വാത സംബന്ധമായ ചില അസുഖങ്ങൾ നടുവേദനയായി വരാറുണ്ട്.

അതുകൂടാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടാകുന്ന ചില അസുഖങ്ങളും നടുവേദനയായി പ്രത്യക്ഷപ്പെടാം. ഉദാഹരണമായി സ്ത്രീകളിൽ ഗർഭപാത്ര സംബന്ധമായ രോഗങ്ങൾ ചിലപ്പോൾ നടുവേദനയായി അനുഭവപ്പെട്ടേക്കാം.

ഗുരുതരമായ നടുവേദനയുടെ ലക്ഷണങ്ങൾ

50 വയസ്സിനു മുകളിലുള്ളവർക്ക് പെട്ടെന്ന് വരുന്ന ശക്തമായ നടുവേദന

പനി, വിറയൽ എന്നിവയോടു കൂടി വരുന്ന നടുവേദന

വിശപ്പില്ലായ്മ, ശരീരം മെലിയൽ എന്നീ അവസ്ഥകളോടൊപ്പം അനുഭവപ്പെടുന്ന നടുവേദന

നേരത്തെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കാൻസർ ഉള്ളവർക്ക് വരുന്ന നടുവേദന

നടുവേദനയുടെ കൂടെ വ്യക്തി അറിയാതെ തന്നെ മല,മൂത്ര വിസർജനം സംഭവിക്കുന്നത്

കാലുകളിൽ തളർച്ച അനുഭവപ്പെടുന്നത്

രാത്രി കാലത്ത് മാത്രം ഉണ്ടാകുന്ന അസഹനീയമായ നടുവേദന

ഈ ലക്ഷണങ്ങൾ നട്ടെല്ലിനുണ്ടാകുന്ന അണുബാധ, കാൻസർ, നട്ടെല്ലിന് ഏറ്റ ക്ഷതം, കോഡ ഇക്വിന സിൻഡ്രോം ഇതിൽ ഏതെങ്കിലും ആയേക്കാം. അതുകൊണ്ട് പെട്ടെന്ന് ചികിൽസ തേടണം. ഇല്ലെങ്കിൽ സുഷുമ്നാ നാഡിക്കോ ജീവനു തന്നെയോ ഭീഷണി ആയേക്കാം.

തെറ്റിദ്ധാരണകൾ

നടുവേദനയ്ക്ക് ഒരാഴ്ചയിൽ കൂടുതൽ വിശ്രമം ആവശ്യമില്ല. കൂടുതൽ ദിവസം വിശ്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

നടുവേദന ഉള്ളവർ അതു മാറാൻ ബെൽറ്റ് സ്ഥിരം ഉപയോഗിക്കണമെന്ന ധാരണ തെറ്റാണ്. നട്ടെല്ലിന് ക്ഷതം ഏറ്റവർ ഒഴികെയുള്ളവർ ബെൽറ്റ് സ്ഥിരം ഉപയോഗിക്കേണ്ടതില്ല. സ്ഥിരം ഉപയോഗം മസിലിന് ദോഷം ചെയ്യും.

ചികിൽസ

വ്യായാമം, മരുന്ന്, കുത്തിവയ്പ്... അങ്ങനെ നടുവേദനയ്ക്ക് പല രീതിയിലുള്ള ചികിൽസകളുണ്ട്. റേഡിയോ ഫ്രീക്വൻസി ചികിൽസ, ശസ്ത്രക്രിയ കൂടാതെ തന്നെ ഡിസ്കിന്റെ തള്ളൽ പരിഹരിക്കാവുന്ന ചികിൽസാ രീതി (ന്യൂക്ലിയോ പ്ലാസ്റ്റി) എന്നീ രീതികളും ഉണ്ട്. ശസ്ത്രക്രിയ കൂടാതെ എല്ലിന്റെ പൊട്ടൽ സുഖപ്പെടുത്താവുന്ന മാർഗവുമുണ്ട്. കശേരുവിന്റെ ഉള്ളിലേക്ക് സിമന്റ് കുത്തിവച്ച് ഉള്ള ചികിൽസാ രീതിയും (Vertebroplasty) ഉണ്ട്. നടുവേദന മൂലം കാലിനു തളർച്ച അനുഭവപ്പെടുന്ന സാഹചര്യത്തിലും കൂടുതലായി എല്ല് തെന്നി നീങ്ങുന്ന സാഹചര്യത്തിലും ശസ്ത്രക്രിയ വേണ്ടിവന്നേക്കും.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

നടുവേദനക്കാരുടെ എണ്ണം ഏറിവരുന്നു. ഇരിപ്പിന്റെയും നടപ്പിന്റെയും കിടപ്പിന്റെയുമൊക്കെ പ്രത്യേകത കളാകാം പലപ്പോഴും ഇതിനു കാരണം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

നട്ടെല്ല് നിവര്‍ത്തിപ്പിടിച്ച് പറയാവുന്ന കാര്യം ഇതാണ്, ഉറങ്ങുമ്പോള്‍ നട്ടെല്ലിന് ഏല്‍ക്കുന്ന സമ്മര്‍ദ്ദം ഒരു ശതമാനമെന്ന് കരുതുക. നില്‍ക്കുമ്പോള്‍ അത് പത്താണ്. ഇരിക്കുമ്പോള്‍ അത് നാല്പതാണ്. ഇതില്‍ നിന്ന്, നടുവിന് വേദനയും കുത്തിയിരിപ്പും തമ്മിലുള്ള ബന്ധം വ്യക്തം. എപ്പോഴും ഇരുന്ന് ജോലിചെയ്യുന്നവര്‍ അവസാനം 'ഇരുന്നു'' പോകുന്നതിന്റെ കാര്യവും ഇതാണ്.

വളയാത്ത നട്ടെല്ലെന്ന് ആലങ്കാരികമായി പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിച്ചാല്‍ നട്ടെല്ല് വെറുമൊരു അലങ്കാരമാവും എന്നതാണ് സത്യം. വഴങ്ങുന്ന, വളയുന്ന നട്ടെല്ല് ചെറുപ്പത്തിന്റെ ലക്ഷണമാണ്. കുട്ടികള്‍ എത്ര അനായാസമാണ് തലകുത്തി മറിയുന്നത്. നട്ടെല്ല് വഴങ്ങാതാകുമ്പോള്‍ പ്രായം ഏറിവരുന്നു എന്നുവേണം മനസിലാക്കാന്‍. നടുവ് വിലങ്ങുമ്പോള്‍ പ്രായം പടികടന്നു വരുന്നതായി പെട്ടെന്ന് ഓര്‍ക്കണം.

ഇരുന്നുള്ള ജോലികള്‍ ഏറി വന്നതോടെ നടുവേദനക്കാരുടെ എണ്ണവും ഏറുകയാണ്. പ്രത്യേകിച്ച് ഐ.ടി മേഖലയിലും മറ്റും ജോലി ചെയ്യുന്ന യുവതീയുവാക്കള്‍ക്കിടയില്‍ ഇത് സാധാരണമായിരിക്കുന്നു. അനങ്ങാതിരുന്ന് ശീലിച്ച് പിന്നീട് പെട്ടെന്ന് അല്പം കടുപ്പത്തിലുള്ള ജോലികള്‍ ചെയ്യുമ്പോഴും ഭാരം ഉയര്‍ത്തുമ്പോഴും മറ്റുമാണ് പെട്ടെന്ന് നടുവിന് വിലക്കം വരുന്നത്. ഒട്ടു മിക്കവരിലും ഒന്നു രണ്ടു ദിവസത്തെ വിശ്രമം കൊണ്ടു മാറാവുന്ന വിഷമതകളേ ഉണ്ടാകാറുള്ളൂ.

പരിണാമത്തിന്റെ വഴിയില്‍, നാലുകാലുകളിലേക്കും സമ്മര്‍ദ്ദം ഏല്‍ക്കും വിധമായിരുന്ന നട്ടെല്ലിന്റെ ഘടന പിന്നീട് രണ്ടുകാലുകളിലേക്ക് മാത്രമായി കേന്ദ്രീകരിച്ചതിന്റെ പ്രശ്നങ്ങളാണ് ഇപ്പോഴുള്ളതെന്ന് ചിലര്‍ പറയുന്നു. നടപ്പ് എന്ന പ്രക്രിയയുടെ സങ്കീര്‍ണതയും ഇതിലുണ്ട്. നമ്മുടെ നട്ടെല്ലിന്റെ ഘടനയ്ക്ക് കുത്തിയിരിപ്പ് അത്ര യോജിച്ചതല്ല എന്നു ചുരുക്കം.

വെള്ളവും വേദനയും

വെള്ളം കുടിക്കുന്നതും നടുവിന് വേദനയും തമ്മില്‍ ബന്ധമുണ്ടോ. ഉണ്ടെന്നാണ് ശാസ്ത്രം. വെള്ളം കൂടുതല്‍ കുടിച്ചാല്‍ നടുവിന് വേദന ഒരു പരിധി വരെ കുറയ്ക്കാം. നമ്മുടെ നട്ടെല്ലിന്റെ 35 കശേരുക്കള്‍ക്കിടയിലും ഡിസ്ക് എന്ന തരുണാസ്ഥികള്‍ ഉണ്ട്. ഇവ ഡിഫ്യൂഷന്‍ എന്ന പ്രക്രിയ വഴിയാണ് ജലാംശം നിലനിര്‍ത്തുന്നത്. (അടുത്തുള്ള കോശങ്ങളില്‍ നിന്ന് ജലം ആഗിരണം ചെയ്യുന്ന പ്രവര്‍ത്തനം). പ്രായം ചെല്ലുന്തോറും തരുണാസ്ഥികളിലെ ജലാംശം കുറഞ്ഞു കൊണ്ടിരിക്കും. ഇതോടൊപ്പം വെള്ളം കുടിക്കുന്ന അളവും കുറയുന്നതോടെ പ്രശ്നം വഷളാകും. ശരീരത്തിലെ ജലാംശം അധികം കളയുന്ന ചായ, കാപ്പി എന്നിവ കൂടെക്കൂടെ കുടിക്കുന്നത് ഒഴിവാക്കുന്നതും വളരെ നല്ലതാണ്.

നല്ല നടപ്പിന് നല്ല ഇരിപ്പിന്

കൂടുതല്‍ സമയം ഒരേഇരിപ്പ് ഇരിക്കുന്നതാണ് നടുവിനോടു ചെയ്യാവുന്ന ഏറ്റവും വലിയ പാതകം. നമ്മള്‍ നില്‍ക്കുമ്പോള്‍ നട്ടെല്ലിന് ചുറ്റുമുള്ള മാംസ പേശികള്‍ വലിഞ്ഞിട്ട് ഭാരം തുല്യമായി വീതിക്കപ്പെടുന്നു. എന്നാല്‍ ഇരിക്കുമ്പോള്‍ പേശികള്‍ അയഞ്ഞ് ഭാരം നട്ടെല്ലിലേക്ക് കേന്ദ്രീകരിക്കും. നട്ടെല്ലിന്റെ സമ്മര്‍ദ്ദം ഏറി വേദനയാകും. തുടര്‍ച്ചയായി ഇരിക്കാതെ ഒരു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും അല്പം നടക്കുക.

കസേരയില്‍ ഇരിക്കുമ്പോഴും ശ്രദ്ധിക്കണം. വളഞ്ഞും തിരിഞ്ഞും ഇറങ്ങിയും ഉള്ള ഇരുപ്പ് നടു വേദനയെ ക്ഷണിച്ചു വരുത്തും. കസേരയുടെ കുഴിയിലേക്ക് പരമാവധി കയറി, നട്ടെല്ല് നിവര്‍ന്ന് ഇരിക്കുന്നതാണ് ശരിയായ ഇരുപ്പ്. ഇങ്ങനെ വരുമ്പോള്‍ ശരീരഭാരം തുല്യമായി വീതിക്കപ്പെടും, ഒരു കശേരുവും അധികമായി സമ്മര്‍ദ്ദത്തിലാകില്ല. കുടുതല്‍ ഹീലുള്ള ചെരുപ്പും ഷൂസും ധരിക്കുന്നതും നടുവിന് നല്ലതല്ല. പാദങ്ങളിലെ എല്ലുകള്‍ക്കും ഇത് ദോഷകരമാണ്.

മിതമായ രീതിയിലുള്ള വ്യായാമങ്ങളാണ് നട്ടെല്ലിന് നല്ലത്. അല്ലാത്തപക്ഷം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. യോഗയിലെ നല്ല ശതമാനം ആസനങ്ങളും നട്ടെല്ലിന്റെ വഴക്കത്തിനും ഉദ്ദേശിച്ചുള്ളതാണ്. ചില പ്രത്യേക ആസനങ്ങള്‍ തന്നെ ഇതിനായുണ്ട്. അത് ക്രമമായി ചെയ്യുന്നതും നട്ടെല്ലിന് നല്ലതാണ്. കൊഴുപ്പുള്ള ആഹാരത്തിന് പകരം നാരും പ്രോട്ടീനുമുള്ള ഭക്ഷണം കഴിക്കുക, കാല്‍സ്യ സമ്പുഷ്ടത ഭക്ഷണത്തില്‍ ഉറപ്പ് വരുത്തുക എന്നിവ ശ്രദ്ധിക്കേണ്ടതാണ്. ജ്യൂസുകളും മറ്റും കൂടുതല്‍ കഴിക്കാനും ശ്രദ്ധിക്കണം.

അര്‍ധ ചക്രാസനം

നടുവേദനയ്ക്ക് ഒരളവുവരെ ആശ്വാസം പകരാന്‍ അര്‍ധ ചക്രാസനം പോലുള്ള യോഗമുറകള്‍ക്ക് കഴിയും. അസിഡിറ്റി, ഗ്യാസ് എന്നീ പ്രശ്നം ഉള്ളവര്‍ക്കും ഇത് നല്ലതാണ്.

ഉപ്പുറ്റികള്‍ ചേര്‍ത്തുവച്ച് പാദങ്ങള്‍ അകത്തി നിവര്‍ന്നു നില്‍ക്കുക. കൈകള്‍ ഇരവശങ്ങളിലും നിവര്‍ത്തി ഇളച്ച് ഇടുക. സാധാരണ പോലെ ശ്വാസോഛ്വാസം രണ്ടു മൂന്നു തവണ നടത്തുക. തുടര്‍ന്ന് ദീര്‍ഘമായി ശ്വാസം അകത്തേക്ക് എടുത്തുകൊണ്ട് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക. ഇരു കൈകളും ഇരു ചെവികളില്‍ മുട്ടുന്ന തരത്തില്‍ പിടിക്കുക. കൈകള്‍ പരമാവധി ഉയര്‍ത്തിയ ശേഷം നിശ്വസിക്കുക. തുടര്‍ന്ന് ഇതേ അവസ്ഥയില്‍ നിന്നു കൊണ്ടു തന്നെ ശ്വാസം അകത്തേക്ക് എടുക്കുക. പിന്നിലേക്ക് അല്പം വളയുക. തുടക്കത്തില്‍ നാലഞ്ച് സെക്കന്‍ഡ് ഇങ്ങനെ നില്‍ക്കുക.(പിന്നീട് ഇത് പതിനഞ്ച് സെക്കന്‍ഡോളം ആക്കാം). തുടര്‍ന്ന് ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് നിവര്‍ന്ന് പൂര്‍വ സ്ഥിതിയില്‍ ആകുക. അപ്പോഴും കൈകള്‍ ഉയര്‍ത്തി തന്നെ പിടിക്കുക. തുടര്‍ന്ന് ശ്വാസം അകത്തേക്ക് എടുക്കുക. ഇനി ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് കൈകള്‍ പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരുക. തുടര്‍ന്ന് സാധാരണ പോലെ രണ്ടു മൂന്നു തവണ ശ്വസോഛ്വാസം നടത്തി റിലാക്സ് ചെയ്യുക. പിന്നീട് പായില്‍ നിവര്‍ന്ന് കിടന്ന് റിലാക്സ് ചെയ്യാം. തുടക്കത്തില്‍ ഇങ്ങനെ രണ്ടു പ്രാവശ്യം വീതം ചെയ്യുക. ക്രമേണ ഇതിന്റെ എണ്ണം വര്‍ധിപ്പിക്കാം.

. ശക്തിയായ തലവേദന . ചുമലിലെ അസ്ഥികള്‍ക്കു തേയ്മാനം . നടുവേദന . വിട്ടുമാറാത്ത കൈവേദന

മുന്‍കരുതല്‍

. നല്ല ഇരിപ്പ് കുട്ടിക്കാലം മുതല്‍ ശീലമാക്കാം. നട്ടെല്ലും തലയും നേര്‍രേഖയില്‍ വരുന്നവിധം വേണം ഇരിക്കാന്‍. കഴുത്ത് ഓരോ ഇഞ്ച് വളയുന്തോറും തലയില്‍ അഞ്ചു കിലോ അധികഭാരം വയ്ക്കുന്നത്ര ആയാസമാണു ശരീരത്തിനുണ്ടാകുന്നത്. . ഡസ്ക് ടോപ്പ് ഉപയോഗം താരതമ്യേന കുറഞ്ഞ ആയാസം മാത്രമേ ശരീരത്തിനു നല്‍കുന്നുള്ളൂ. എന്നാല്‍ ലാപ്ടോപ്പ്, നോട്ബുക്ക് എന്നിവ അശാസ്ത്രീയമായ രീതിയില്‍ വച്ച് ഉപയോഗിക്കുന്നവരാണു കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. . തുടക്കത്തില്‍ തന്നെ ശരിയായ ചികില്‍സ ലഭ്യമാക്കുക. . കഴുത്തിനും ചുമലിനുമിടയില്‍ മൊബൈല്‍ഫോണ്‍ തിരുകി മറ്റു ജോലികളില്‍ മുഴുകുന്നതു പാടേ ഒഴിവാക്കുക . മൊബൈല്‍ സംഭാഷണങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കുക

. തുടര്‍ച്ചയായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന സാഹചര്യങ്ങളില്‍ ഹെഡ്സെറ്റോ ബ്ളൂടൂത്തോ ഉപയോഗിക്കുക . 20 മിനിറ്റില്‍ അധികനേരം ഒരേ പൊസിഷനില്‍ ഇരിക്കുന്നത് ഒഴിവാക്കുക. ഇടയ്ക്ക് എഴുന്നേറ്റു നടക്കുക, ലഘുവ്യായാമങ്ങളില്‍ ഏര്‍പ്പെടുക . ലാപ്ടോപ്പ് ശരിയായ ഉയരത്തില്‍ ക്രമീകരിച്ച് ഉപയോഗിക്കുക . യാത്രകളിലും മറ്റും സ്മാര്‍ട്ഫോണ്‍, ലാപ്ടോപ്പ് എന്നിവ തുടര്‍ച്ചയായി ഉപയോഗിക്കുന്നതിനിടയില്‍ കഴുത്ത് അല്‍പനേരം ശരിയായി ഉയര്‍ത്തിപ്പിടിക്കുക

നടുവേദന വരാതിരിക്കാൻ

സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവർ ബാക് സപ്പോർട്ട് ഉള്ള കസേരകൾ ഉപയോഗിക്കാനും കൃത്യമായ ഇടവേളകളിൽ അൽപം എഴുന്നേറ്റ് നടക്കാനും ശ്രദ്ധിക്കണം. അമിത വണ്ണമുള്ളവർ അത് കുറയ്ക്കണം. ആർത്തവവിരാമം വന്ന സ്ത്രീകൾ കാൽസ്യം അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. സ്ഥിരമായുള്ള ബൈക്ക് യാത്രയും മറ്റും നടുവേദന വരാൻ കാരണമാകും.

വ്യായാമങ്ങള്‍

. ആദ്യം നടുനിവര്‍ത്തി തല നേരെ പിടിച്ച് ഇരിക്കുക. തല മെല്ലെ ഇടതുവശത്തേക്ക് തിരിച്ച് ഇടത്തെ ചുമലിലേക്ക് അഞ്ചു സെക്കന്‍ഡ് നേരം നോക്കുക. സാവധാനം തല നേരെ കൊണ്ടുവരിക. ഇതേ വ്യായാമം വലതുവശത്തേക്കും ആവര്‍ത്തിക്കുക . തല നേരെ പിടിച്ച് ഇരു ചുമലുകളും ചെവിയിലേക്ക് ഉയര്‍ത്തുക. അഞ്ചു സെക്കന്‍ഡ് കഴിഞ്ഞു സാവധാനം ചുമല്‍ താഴ്ത്തുക . കൈമുട്ട് മടക്കി ചുമലുകള്‍ വൃത്താകൃതിയില്‍ ചലിപ്പിക്കുക. ശരിക്ക് ഇരുന്ന് ശീലിക്കാം

നട്ടെല്ലു നിവര്‍ത്തി തല നേരെ പിടിച്ചു കഴുത്തു വളയ്ക്കാതെ ഇരിക്കുന്നതാണ് ശരിയായ രീതി. എന്നാല്‍ സോഫയിലും മെത്തയിലും ചാരുകസേരയിലുമൊക്കെ കൂനിക്കൂടിയിരുന്ന് മണിക്കൂറുകളോളം സ്മാര്‍ട്ഫോണിലും മറ്റും സമയം ചെലവഴിക്കുന്നതുകൊണ്ടു നട്ടെല്ലിനു വേദനയും നീര്‍ക്കെട്ടും പിടലിവീക്കവും ഉണ്ടാകുന്നു. ചെറിയ കുട്ടികള്‍പോലും കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും ചികില്‍സ തേടുന്ന സ്ഥിതിയാണിപ്പോള്‍.

നടുവിന്റെ മസിലിനു ശക്തി കൂട്ടുന്ന വ്യായാമമാണ് നിത്യവും ചെയ്യേണ്ടത്. ഇത് ഡോക്ടറുടെ നിർദേശ പ്രകാരം ചെയ്യുന്നതാണ് ഉത്തമം. യോഗ, നടത്തം തുടങ്ങിയവയൊക്കെ അഭികാമ്യമാണ്. നടുവേദനയുള്ളവർ ദിവസവും അര മണിക്കൂറെങ്കിലും വെയിൽ കൊള്ളണം. സൂര്യപ്രകാശത്തിൽനിന്നു ലഭിക്കുന്ന വിറ്റമിൻ ഡി എല്ലിനും മസിലിനും ഗുണം ചെയ്യും എന്നതാണ് ഇതിന്റെ പ്രയോജനം. പൊതുവേ നടപ്പ് നടുവിനു നല്ലതാണ്. നടുഭാഗത്തെ പേശികളെ ചലിപ്പിക്കുകയും ശക്തമാക്കുകയും ചെയ്യും. നടക്കുമ്പോൾ കൂടുതൽ ബലം പിടിച്ചു നടക്കേണ്ടതില്ലെന്നു മാത്രം. ചിലർക്കു കയറ്റം കയറുമ്പോഴും മറ്റും നടുവേദന അധികരിക്കാറുണ്ട്. ഇത്തരക്കാർ കയറ്റം ഒഴിവാക്കി നടക്കുക. ജോഗിങ്ങും നല്ലതാണ്. കിടപ്പ് നടുവിന് ഏറ്റവും നല്ലതാണ്. നടുവിന് ഏറ്റവും താങ്ങുകിട്ടുന്നതു മലർന്നുകിടക്കുമ്പോഴാണ്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. പി.കെ. നിഷാദ്, മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate