ആദ്യമൊക്കെ നടുവുവേദന അത്ര കാര്യമാക്കാതെ വേദനസംഹാരികള്‍ കഴിച്ചും പുരട്ടിയും ദിവസങ്ങള്‍ തള്ളിനീക്കും. ഒടുവില്‍ വേദന സഹിക്കാന്‍ കഴിയാതാകുമ്പോള്‍ ഡോക്ടറെ കാണാനുള്ള തീരുമാനത്തിലെത്തും. നടുവുവേദനയുടെ കാരണം കണ്ടെത്തി ഡോക്ടര്‍ ആവശ്യമായ മരുന്നും വിശ്രമവും നിര്‍ദേശിച്ചേക്കാം. വേദനസംഹാരികളുടെ ബലത്തില്‍ വേദന കുറഞ്ഞു തുടങ്ങുന്നതോടെ ഇനി വിശ്രമത്തിന്റെ ആവശ്യമില്ലെന്ന ധാരണയാണു മിക്കവര്‍ക്കും. അങ്ങനെ വരുമ്പോഴാണു നടുവുവേദനയ്ക്കു വില്ലന്റെ രൂപം കൈവരുന്നത്. കൃത്യമായ വ്യായാമത്തിലൂടെയും വിശ്രമത്തിലൂടെയും ജീവിതശൈലി ക്രമപ്പെടുത്തുന്നതിലൂടെയും ഒക്കെ നടുവുവേദന ഉണ്ടാകാനുള്ള സാധ്യത കുറച്ചു നിര്‍ത്താനാകും. പ്രധാനമായും മൂന്നുതരത്തിലാണു നടുവുവേദന കാണപ്പെടുന്നത്. ഡിസ്ക് സിന്‍ഡ്രോം ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്ന പ്രശ്നമാണു ഡിസ്ക് സിന്‍ഡ്രോം അഥവാ ഡിസ്ക് പ്രൊലാപ്സ്. പ്രായമായവരിലാണ് ഇത്തരം നടുവുവേദന കൂടുതലായും അനുഭവപ്പെടുന്നത്. നിരനിരയായി കോര്‍ത്തിണക്കിയ മുപ്പത്തിമൂന്നു കശേരുക്കള്കൊണ്ടു നിര്‍മിതമാണു നട്ടെല്ല്. കശേരുക്കളുടെ പിന്‍ഭാഗത്തെ ദ്വാരത്തിലൂടെ തലച്ചോറില്‍നിന്നും അരഭാഗം വരെ കാണപ്പെടുന്ന മഹാനാഡിയാണു സുഷ്മനാ നാഡി. ഈ നാഡിയില്‍ നിന്നുള്ള ചെറു ഞരമ്പുകളാണു കൈകാലുകളിലെ ചലനശക്തി നിയന്ത്രിക്കുന്നത്. ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്ന പ്രശ്നമാണ് നടുവുവേദന. നടുവുവേദനയുള്ളവര്‍ വീട്ടിലും ജോലിസ്ഥലത്തും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കശേരുക്കള്‍ക്കിടയിലുള്ള കുഷ്യനാണു ഡിസ്ക്ക്. ഡിസ്ക്കിന്റെ ഉള്‍ഭാഗം ജെല്ലി പോലെ മൃദുലമാണ്. എന്നാല്‍,അമിതഭാരം ഉയര്‍ത്തുക, തെറ്റായ ഇരിക്കുക, നില്ക്കുക എന്നിവ മൂലം നടുവുഭാഗത്തിനു മര്‍ദം കൂടുതലാകുമ്പോള്‍ ജെല്ലി വലയം ഭേദിച്ചുകൊണ്ടു ഡിസ്ക്ക് പുറത്തേക്കു തള്ളിവരുന്നു. ഇങ്ങനെ തള്ളിവരുന്ന ഡിസ്ക്ക് ഇരുവശത്തുമുള്ള ഞരമ്പുകളെയോ സുഷുമ്നാനാഡിയേയോ അമര്‍ത്തുമ്പോള്‍ നടുവിലും കാലുകളിലും വേദന അനുഭവപ്പെടുന്നു. അരഭാഗത്തുള്ള ഡിസ്ക്ക് കാലിലേക്കുള്ള ഞരമ്പിനെ അമര്ത്തുമ്പോഴാണു കാലുകളിലേക്കു വേദന വ്യാപിക്കുന്നത്. വിശ്രമമാണ് ഇവര്‍ക്കു നിര്‍ദേശിക്കുന്ന പ്രധാന ചികിത്സ. അപൂര്‍വം രോഗികള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വരുന്നു. വാതസംബന്ധമായ നടുവുവേദന 'നടുവുവേദന കാരണം രാവിലെ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനെ വയ്യ, എത്ര പ്രയാസപ്പെട്ടാണ് എഴുന്നേല്‍ക്കുന്നത്' എന്നു പരിതപിക്കുന്ന തരത്തിലുള്ള വേദനയാണു വാതസംബന്ധമായ നടുവുവേദനയുടെ മുഖ്യ ലക്ഷണം. അസ്ഥികള്‍ക്കുണ്ടാകുന്ന നീര്ക്കെട്ടാണു നടുവുവേദനയിലേക്കു നയിക്കുന്നത്. മധ്യവയസ്ക്കരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. കൃത്യമായ വിശ്രമത്തിലൂടെയും മരുന്നുകള്‍ കഴിക്കുന്നതിലൂടെയും നീര്‍ക്കെട്ടിനു ശമനം ലഭിക്കുന്നു. നടുവിനേല്ക്കുന്ന സമ്മര്‍ദങ്ങള്‍ അമിത ഭാരം ഉയര്‍ത്തുക, ദീര്‍ഘനേരം കുനിഞ്ഞുനിന്ന് അലക്കുക, വെള്ളം കോരുക ഇങ്ങനെ നടുവിനുണ്ടാകുന്ന സമ്മര്‍ദങ്ങളും നടുവുവേദനയിലേക്കു നയിക്കാം. അമിത സമ്മര്‍ദം ഒഴിവാക്കി വിശ്രമം എടുക്കുന്നതിലൂടെ ഇത്തരം നടുവുവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു.നടുവുവേദനയ്ക്കു സ്വയം ചികിത്സ ആരംഭിക്കുന്നതിനു മുമ്പു കൃത്യമായ രോഗനിര്‍ണയം ആവശ്യമാണ്. അസ്ഥികളുടെ തേയ്മാനം, അസ്ഥികള്ക്കകത്തുണ്ടാകുന്ന ട്യൂമറുകള്‍, മൂത്രാശയ രോഗങ്ങള്‍, ഗര്‍ഭപാത്രത്തിലെ പ്രശ്നങ്ങള്‍ എന്നിങ്ങനെ നടുവുവേദനയ്ക്കുള്ള കാരണങ്ങള്‍ നിരവധിയാണ്. അതിനാല്‍ നിര്‍ബന്ധമായും ഒരു അസ്ഥിരോഗ വിദഗ്ധന്റെ അഭിപ്രായം ആരായുകയാണു നല്ലത്. വാഹനം ഓടിക്കുമ്പോള്‍ * വാഹനം ഓടിക്കുമ്പോള്‍ നിവര്‍ന്നിരുന്ന് ഓടിക്കണം. * ചാരുകസേരയില്‍ കിടക്കുന്ന രീതിയിലുള്ള സീറ്റുകള്‍ നടുവേദനയുള്ളവര്‍ക്കു നല്ലതല്ല. പ്രത്യേകിച്ചു ഡിസ്ക്ക് സിന്‍ഡ്രോം ഉള്ളവര്‍ക്ക്. മാരുതി ഉള്‍പ്പെടെയുള്ള മിക്ക വാഹനങ്ങളുടെയും സീറ്റുകള്‍ ശാസ്ത്രീയമായി നിര്‍മിച്ചിരിക്കുന്നവയാണ്. ഇവ നടുവുവേദനയ്ക്കു കാരണമാകുന്നില്ല. * ഓടിക്കുന്ന വാഹനത്തിന്റെ സീറ്റ് ശാസ്ത്രീയമായ രീതിയിലല്ലെങ്കില്‍ നടുവിനു താങ്ങായി ഒരു കുഷ്യന് വയ്ക്കുക. * ബൈക്ക് റെയിസ് ചെയ്തു കുനിഞ്ഞിരുന്ന് ഓടിക്കുന്ന രീതി ശരിയല്ല. ചെറിയ തോതിലുള്ള നടുവുവേദനയുള്ളവര്ക്കും നിവര്‍ന്നിരുന്നു ബൈക്ക് ഓടിക്കുന്നതുകൊണ്ടു കുഴപ്പമില്ല. * ഇടുപ്പും മുട്ടും സമാന്തരമായി വരത്തക്ക രീതിയില്‍ കാറിന്റെ സീറ്റ് ക്രമീകരിക്കുന്നതാണു നല്ലത്. സീറ്റിന്റെ ബാക്ക് റെസ്റ്റില്‍ ചാരിയിരിക്കുന്നത് നടുവിനുള്ള ആയാസം കുറയ്ക്കും. ജീവിതശൈലിയില്‍ ശ്രദ്ധിക്കാം * വ്യായാമക്കുറവാണു നടുവുവേദനയ്ക്കുള്ള പ്രധാന കാരണം. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കുക. * കുനിഞ്ഞു ഭാരമെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. നടുവിനു ബലം കൊടുക്കാതെ രണ്ടു മുട്ടും മടക്കി കുനിഞ്ഞ് ഭാരം എടുത്ത് മുട്ടു നിവര്‍ത്തി പൊങ്ങുക. * കമ്പ്യൂട്ടറിനു മുമ്പില്‍ വളഞ്ഞിരിക്കാതെ നിവര്‍ന്നിരിക്കണം. കൈകള്‍ക്കു താങ്ങുള്ള കസേരകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. * മോണിറ്ററിന്റെ മുകള്‍ ഭാഗം കണ്ണിനു സമാന്തരമായിരിക്കണം. അഡ്ജസ്റ്റ് ചെയ്യാവുന്ന കസേരകള്‍ ഉപയോഗിച്ച് ഇതു ക്രമപ്പെടുത്താവുന്നതാണ്. കഴുത്തും നടുവും നിവര്ന്നിരിക്കാനും ഇതു സഹായിക്കും. * കൈകള്‍ കസേരപ്പിടിയില്‍ താങ്ങി ടൈപ്പ് ചെയ്യത്തക്ക രീതിയില്‍ കീബോര്‍ഡ് വയ്ക്കുക. * ദിവസവും ഇരുന്നു ജോലി ചെയ്യുന്നവര്‍ നടുവിനു താങ്ങു നല്കുന്ന കസേരകള്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ നടുഭാഗത്തു കുഷ്യന് വയ്ക്കുക. * കസേരയില്‍ കുനിഞ്ഞിരുന്നു ജോലി ചെയ്യാതെ നിവര്‍ന്നിരിക്കണം. * ഒരേ രീതിയില്‍ ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യാതെ ഇടയ്ക്ക് റിലാക്സ് ചെയ്യുക. എഴുന്നേറ്റു നിന്നു കാല്‍വിരലുകള്‍ നിലത്തൂന്നി കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക. ഇതു മസിലുകള്‍ക്ക് ആയാസം നല്കാന് സഹായിക്കുന്നു. * കൃഷിപ്പണിക്കാര്‍ നീണ്ട കൈയുള്ള തൂമ്പ ഉപയോഗിക്കുക. ഇതു നടുവിനുണ്ടാക്കുന്ന സമ്മര്‍ദത്തിന്റെ തോതു കുറയ്ക്കും. * മണ്ണും കല്ലും മറ്റു ഭാരമുള്ള വസ്തുക്കളും എടുത്തുയര്‍ത്തുമ്പോള്‍ ഘട്ടം ഘട്ടമായി ചെയ്യാന്‍ ശ്രമിക്കണം. മുട്ടു മടക്കി ഇരുന്നു സാധനങ്ങള്‍ എടുത്തു തലയില്‍വച്ച ശേഷം മുട്ടിനു ഭാരം നല്കി എഴുന്നേല്ക്കുക. അല്ലെങ്കില്‍ സാധനങ്ങള്‍ ഉയരമുള്ള പ്രതലത്തില്‍ മുട്ടുമടക്കി ഇരുന്ന് എടുത്തുവച്ച ശേഷം എഴുന്നേറ്റുനിന്ന് തലയില്‍ വയ്ക്കുക.
* ഹീല്‍ കുറഞ്ഞ ചെരിപ്പുകള്‍ ഉപയോഗിക്കുക.
* എന്തു കാര്യവും നിവര്‍ന്നുനിന്നും നിവര്‍ന്നിരുന്നും ചെയ്യുക.
* വ്യായാമം പേശികളിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും ശരീരത്തിനും സന്ധികള്‍ക്കും അയവു നല്‍കുകയും ചെയ്യുന്നു.
* അമിതവണ്ണം നട്ടെല്ലിനു ചുറ്റും പ്രവര്‍ത്തിക്കുന്ന പേശികള്‍ക്കു സമ്മര്‍ദം ഉണ്ടാക്കാം. അതിനാല്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തുക.
* പുകവലിക്കാര്‍, മദ്യപാനികള്‍ ഇവരിലും നടുവുവേദനയുടെ നിരക്കു കൂടാം.
* കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവരുടെ നടുഭാഗത്തിനു യാതൊരു വ്യായാമവും ലഭിക്കുന്നില്ല. ഇതിന്റെ ഫലമായി നടുവിലെ പേശികള്‍ക്കു ചലനശേഷി കുറയുന്നു.
* ചെറിയ തോതിലുള്ള നടുവുവേദനയുള്ളവര്‍ രണ്ടുദിവസം തുടര്‍ച്ചയായി കിടന്നാല്‍ വേദനയ്ക്ക് ശമനം ഉണ്ടാകാം. എന്നാല്‍ ഗുരുതരമായ നടുവുവേദനയുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മൂന്നു മുതല്‍ ആറാഴ്ചവരെ തുടര്‍ച്ചയായി നിവര്ന്നുകിടന്നുള്ള വിശ്രമം ആവശ്യമാണ്. ഈ സമയത്ത് ശരീരം ഇളകാതെ ശ്രദ്ധിക്കണം.
* ജീവിതശൈലീ രോഗങ്ങളുള്ളവര്‍ ഭക്ഷണത്തില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം.
* അപകടങ്ങള്‍, വീഴ്ച ഇവമൂലം നടുവിന് പരുക്ക്, ചതവ് എന്നിവ പറ്റിയിട്ടുള്ളവര്‍ നിര്‍ബന്ധമായും വിശ്രമം എടുക്കണം.
* അമിത ഭാരമുള്ള ബാഗുകള്‍ കുട്ടികള്‍ ചെറുപ്രായത്തില്‍ തൂക്കുന്നത് ഭാവിയില്‍ നടുവുവേദനയ്ക്കു കാരണമാകാം. അതിനാല്‍ കനം കുറഞ്ഞ സ്കൂള്‍ ബാഗുകള്‍ കുട്ടികള്‍ക്കു വാങ്ങി നല്‍കുക.
* നടുവുവേദനയുള്ളവര്‍ ജിമ്മില്‍ പോകുമ്പോള്‍ കുനിഞ്ഞു നിന്നുള്ള വ്യായാമങ്ങള്‍ ഒഴിവാക്കുക. അമിതഭാരം എടുത്തുള്ള വ്യായാമങ്ങളും വേണ്ട.
* ഏതെങ്കിലും വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ നടുവുവേദന ഉണ്ടായാല്‍ പിന്നീട് അവ ചെയ്യാതിരിക്കുക.
* നിവര്‍ന്നു കിടക്കുമ്പോള്‍ കഴുത്തിനു പുറകിലും നടുവിലും വളവ് മനുഷ്യസഹജമാണ്. എന്നാല്‍, നടുവുവേദനയുള്ളവര്‍ ഒരു സാരി മടക്കി വയ്ക്കുന്ന വലുപ്പത്തില്‍ ഒരു ഷീറ്റ് മടക്കിയോ ചെറിയ തലയണയോ നടുവിന്റെ ഭാഗത്തു വയ്ക്കുക. കിടക്കുമ്പോള്‍ നടുവ് ആയാസരഹിതമാകാന്‍ ഇതു സഹായിക്കും.
* കഴുത്തിനു താങ്ങു നല്‍കുന്നതിനാണ് തലയണ ഉപയോഗിക്കേണ്ടത്. നമ്മള് തലവയ്ക്കുക എന്ന ഉദ്ദേശത്തോടെയാണു സാധാരണ തലയിണ ഉപയോഗിക്കുന്നത്. ഇതു ശരിയായ രീതിയല്ല. കഴുത്തിനു പുറകിലായുള്ള വളവില്‍ വേണം തലയണ വയ്ക്കാന്‍. ശരീരത്തിന് തുലനത കിട്ടുവാനും നട്ടെല്ല് നിവര്ന്നിരിക്കാനും ഇതു സഹായിക്കും.
* നടുവുവേദനയുള്ളവര്‍ ബെഡ് ഉപയോഗിക്കരുതെന്നു നിര്‍ബന്ധമില്ല. ഓരോരുര്ത്തര്ക്കും സുഖകരമായ രീതിയില്‍ കിടക്കുകയെന്നതാണു പ്രധാനം. കയര്‍കട്ടില്‍, പ്ലാസ്റ്റിക് തുടങ്ങിയ കുഴിവുള്ള കട്ടിലുകള്‍ ഉപയോഗിക്കരുതെന്നു മാത്രം. നിവര്ന്നുനില്ക്കുമ്പോള് നടുവ് എങ്ങനെ ആയിരിക്കുമോ അതേ രീതിയില്‍ കിടക്കുന്നതാണ് ഏറ്റവും നല്ലത്.
* ചാരുകസേര ഉപയോഗിക്കുന്നതു നടുവുവേദനയുള്ളവര്ക്കു നന്നല്ല. ഇതു നടുവിനു താങ്ങു നല്‍കുന്നില്ല.
* രണ്ടു മൂന്നു തലയിണകള്‍ ഒന്നിച്ച് അടുക്കിവച്ച് കിടക്കുന്നത് നന്നല്ല.
* തണുപ്പു സമയത്ത് സിമന്റുതറയില്‍ കിടക്കുന്നത് ഒഴിവാക്കുക. തറയില്‍നിന്നുള്ള തണുപ്പ് നടുവുവേദനയുണ്ടാക്കാം.
* നടുവേദനയുള്ളവര്‍ക്ക് ഒരുവശം ചരിഞ്ഞു കിടക്കുന്നതു സുഖകരമായിരിക്കും. ഏതെങ്കിലും രീതിയില്‍ കിടക്കുമ്പോള്‍ നടുവിനു സ്ട്രെയിന്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആ രീതിയില്‍ കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
* വലിപ്പം കുറഞ്ഞ കട്ടിലില്‍ കൂനിക്കൂടി കിടക്കാതിരിക്കുക.
* മാനസികസമ്മര്‍ദം മൂലം ഞരമ്പുകള്‍ വഴി നട്ടെല്ലിനു ചുറ്റുമുള്ള പേശികള്‍ക്കു സങ്കോചം ഉണ്ടാകാം. സുഖകരമായ ഉറക്കം വേദന ശമിപ്പിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ്. അതിനാല്‍ ശരീരവും മനസും റിലാക്സ് ചെയ്യുന്ന രീതിയില്‍ വേണം കിടക്കാന്‍.
പ്രസവശേഷം തെറ്റായ ജീവിതശൈലിമൂലം പല സ്ത്രീകള്‍ക്കും നടുവുവേദന അനുഭവപ്പെടാറുണ്ട്. മിക്കവരും ഇതിനു സിസേറിയനെ കുറ്റപ്പെടുത്തുകയും ചെയ്യും. നിത്യേനയുള്ള പ്രവര്‍ത്തനങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രസവശേഷമുള്ള നടുവുവേദന ഒഴിവാക്കാവുന്നതാണ്. കുഞ്ഞിനെ എടുക്കുമ്പോഴും പാലൂട്ടുമ്പോഴും തെറ്റായ രീതി ശീലിക്കുന്നതാണ് പലപ്പോഴും നീര്‍ക്കെട്ടിനും നടുവുവേദനയ്ക്കും കാരണമായിത്തീരുന്നത്.
* നിലത്തുനിന്നു കുഞ്ഞിനെ നേരിട്ട് എടുക്കരുത്. മുട്ടുമടക്കി നിലത്തിരുന്നു കുഞ്ഞിനെ എടുത്തു കട്ടിലില്‍ കിടത്തുക. അല്ലെങ്കില്‍ മറ്റാരെക്കൊണ്ടെങ്കിലും കുഞ്ഞിനെ കട്ടിലില്‍ കിടത്തിയ ശേഷം കട്ടിലില്‍ നിവര്‍ന്നിരുന്നു കുഞ്ഞിനെ എടുക്കുക.
* കുഞ്ഞിനു പാലു കൊടുക്കുമ്പോഴും കുനിഞ്ഞിരിക്കാതെ നിവര്‍ന്നിരുന്നു കൊടുക്കുക.
* കുഞ്ഞുങ്ങളെ പാലൂട്ടുമ്പോള്‍ നടുവുവേദനയ്ക്കു കഴിക്കുന്ന മരുന്നുകള്‍ പരമാവധി ഒഴിവാക്കുക. ഓയിന്മെന്റ് പുരട്ടി ചൂടു പിടിക്കുന്നതു വേദനയ്ക്കു ശമനം നല്‍കും.
* അധികനേരം ഒരേ നിലയില്‍ നില്‍ക്കരുത്.
* വീട്ടുജോലികള്‍ ചെയ്യുമ്പോള്‍ മുന്നോട്ടു കുനിഞ്ഞു നിന്നുള്ള ജോലികള്‍ ഒഴിവാക്കുക.
* അടിച്ചുവാരാന്‍ നീളമുള്ള ചൂല് ഉപയോഗിക്കുക.
* മീന്വെട്ടുകയോ ഇറച്ചി നുറുക്കുകയോ ചെയ്യുമ്പോള്‍ ഏറെ സമയം ഒരേ രീതിയില്‍ കുത്തിയിരിക്കുന്നത് നടുവിന് സമ്മര്‍ദം ഉണ്ടാക്കും. അതിനാല്‍ ചെറിയ പൊക്കമുള്ള സ്റ്റൂളില്‍ ഇരുന്ന് ഇത്തരം ജോലികള്‍ ചെയ്യുക.
* എടുത്തുയര്‍ത്താന്‍ പ്രയാസമുള്ള ഭാരം ബലംപിടിച്ച് എടുത്ത് ഉയര്‍ത്താതിരിക്കുക.
* കുനിഞ്ഞുനിന്ന് തുണിയലക്കുന്നതും നടുവുവേദനയുണ്ടാക്കാം. അലക്കുന്ന പ്രതലം പൊക്കമുള്ളതായാല് കുനിഞ്ഞുനിന്ന് അലക്കുമ്പോഴുള്ള ആയാസം കുറയ്ക്കാം. അതുപോലെ ഉയരം കുറഞ്ഞ സ്റ്റൂളിലിരുന്ന് തുണി കഴുകാവുന്നതാണ്.
പ്രാഥമിക കൃത്യങ്ങള്‍ക്ക്
* വ്യായാമം ചെയ്യാത്തവരില്‍ നടുവ് വേഗത്തില്‍ അയഞ്ഞുകിട്ടണമെന്നില്ല. അതിനാല്‍ നടുവേദനയുള്ളവര്‍ സാധാരണ ക്ളോസറ്റ് ഉപയോഗിക്കുന്നതിലും നല്ലത് യൂറോപ്യന്‍ ക്ളോസറ്റ് ഉപയോഗിക്കുന്നതാണ്.
* പ്രസവശേഷവും ശരീരം വേഗത്തില്‍ വഴങ്ങണമെന്നില്ല. അതിനാല്‍ പ്രസവം കഴിഞ്ഞ ഉടനെയും പൊക്കമുള്ള ക്ളോസറ്റ് ഉപയോഗിക്കുന്നതാണ് നല്ലത്.
എല്ലാ ചികിത്സാ രീതികളും നടുവുവേദനയ്ക്ക് ഫലപ്രദമാണ്. ഓരോരുത്തര്‍ക്കും ഏതാണ് അഭികാമ്യമെന്നതിനനുസരിച്ച് അത് തെരഞ്ഞെടുക്കുക. എന്നാല്‍ വ്യാജന്മാരുടെ കെണിയില്‍ പെടാതെ ശ്രദ്ധിക്കണം. ശാസ്ത്രീയമായി പഠിച്ച വിദഗ്ദ്ധരുടെ അടുത്തുവേണം ചികിത്സ തേടിയെത്താന്‍. അപ്പോള്‍ ഓരോ ചികിത്സാ ശാഖയും വിജയകരമായിരിക്കും.
കേരളത്തെ പിടിച്ചുകുലുക്കിയ ചിക്കന്‍ഗുനിയ പോലുള്ള പനികളുടെ വേരുകള്‍ ഇപ്പോഴും വിട്ടുപോയിട്ടില്ല. മഴക്കാലമെത്തുന്നതോടെ പലര്‍ക്കും നടുവുവേദനയുടെയും സന്ധിവേദനയുടെയും രൂപത്തില്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. ഇതിനു ശാസ്ത്രീയമായി കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇവ മൂലം ഉണ്ടാകുന്ന വേദന കുറച്ചുനിര്‍ത്താന്‍ സാധിക്കും.
* തണുപ്പ് കൂടുതലുള്ള വെള്ളത്തില്‍ ഈ സമയത്തു കുളിക്കാതിരിക്കുക.
* വീട്ടിനകത്തു നടക്കുമ്പോള്‍ ചെരുപ്പ് ഉപയോഗിക്കുക.
* ഫാനിനു നേരെ താഴെ കിടക്കുന്നത് ഒഴിവാക്കുക. കഴിവതും എ.സി.യുടെ ഉപയോഗം കുറയ്ക്കുക.
ഡോ. ബി. ശ്രീകുമാര്‍
(കോട്ടയം ഭാരത് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജനാണ് ലേഖകന്‍)
അവസാനം പരിഷ്കരിച്ചത് : 5/26/2020
എല്ലാ നടുവേദനയും ഡിസ്കിന്‍െറ തകരാറല്ല
ജീവിത ശൈലീരോഗങ്ങളില്‍ പ്രധാനമാണ് നടുവേദന.
ജീവിതക്രമത്തിലൂടെ കടന്നു വരുന്ന നടുവേദനയെ സംബന്ധിക...
നടുവേദനയെ സംബന്ധിക്കുന്ന വിവരങ്ങൾ