നേരത്തും കാലത്തും ഭക്ഷണം കഴിക്കാതെ കറങ്ങി നടക്കുന്ന ആണ്‍മക്കളെ അമ്മമാര്‍ ഓര്‍മിപ്പിക്കാറുണ്ട്. 'സമയത്തിന് വല്ലതും കഴിച്ചോ. അള്‍സര്‍ പിടികൂടെണ്ട എന്ന്.' ഭക്ഷണക്രമത്തിലെ വ്യതിയാനം മാത്രമല്ല എച്ച്. പൈലോറി ബാക്ടീരിയയുടെ പ്രവര്‍ത്തനവും രോഗ ഹേതുവാകുന്നു.
ഉദരത്തില്‍ കാണുന്ന പ്രശ്‌നം മാത്രമല്ല അള്‍സര്‍. ശരീരത്തിന്റെ ഏതു ഭാഗത്തുണ്ടാകുന്ന വ്രണവും അള്‍സറാണ്. വയറുസംബന്ധമായി ഉണ്ടാകുന്ന അള്‍സറിന് പെപ്റ്റിക് അള്‍സര്‍ എന്നാണ് പൊതുവേ പറയുന്നത്.
വയറുവേദനയും എരിച്ചിലും മുന്നറിയിപ്പായെത്തുന്ന ഈ രോഗം പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്. ഉയര്‍ന്ന മാനസികസമ്മര്‍ദ്ദം, മദ്യപാനം, പുകവലി തുടങ്ങിയവ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ കൂടുതലാണെന്നതാണ് ഇതിനു കാരണം.
ഗുളികയ്‌ക്കൊപ്പം വെള്ളം കുടിക്കാന്‍ പിശുക്കു കാണിക്കുന്നവര്‍ ജാഗ്രതെ. മരുന്നുകഴിക്കുമ്പോള്‍ കാണിക്കുന്ന അശ്രദ്ധയും അള്‍സറിനു കാരണമാകാറുണ്ട്. ഗുളിക ഇറങ്ങിപ്പോകാന്‍ മാത്രം വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കുക.
ഒരു കവിള്‍ വെള്ളത്തിനൊപ്പം ഗുളിക കഴിക്കുമ്പോള്‍ ഗുളിക പെട്ടെന്ന് ഇറങ്ങിപോകണമെന്നില്ല. അത് അന്നനാളത്തിലേക്കുള്ള വഴിയില്‍ തങ്ങിനിന്ന് അള്‍സറിന് കാരണമാകുന്നു. ഗുളികയുടെ തീക്ഷ്ണത കുറച്ച് അതിനെ അലിയിച്ചു കളയാന്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്.
ആഹാരം കഴിക്കുമ്പോള്‍ ദഹനം സുഗമമാക്കാനും വെള്ളം ധാരാളം കുടിക്കേണ്ടതായുണ്ട്. ഹൃദ്രോഗത്തിനുള്ള ആസ്പിരിന്‍പോലുള്ള ഗുളികകളും അള്‍സറിനു വഴിവയ്ക്കാറുണ്ട്. ഇത്തരം ഗുളികകള്‍ ദീര്‍ഘകാലം കഴിക്കേണ്ടിവരുന്നവര്‍ ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതാണ്. വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗമാണ് അള്‍സറിനുള്ള മറ്റൊരു കാരണം. സ്റ്റിറോയിഡ് അല്ലാത്ത ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക.
ഉദരത്തെ ബാധിക്കുന്ന രോഗങ്ങളില്‍ അള്‍സറിനുള്ള സ്ഥാനം മുന്‍പന്തിയിലാണ്. എച്ച്. പൈലോറി ബാക്ടീരിയയുടെ ആക്രമണം, ദഹന വ്യവസ്ഥയിലെ അമിതമായ ആസിഡിറ്റി, മാനസികസമ്മര്‍ദം, ക്രമംതെറ്റിയ ഭക്ഷണരീതി, പുകവലി, മദ്യപാനം, വേദനസംഹാരികളുടെ അമിത ഉപയോഗം എന്നിവയൊക്കെ അള്‍സറിനു കാരണമായി ചൂണ്ടികാണിക്കാം. അന്നനാളത്തേയും ആമാശയത്തേയും ചെറുകുടലിനെയും സംരക്ഷിച്ചുകൊണ്ടു ഇതിനു മുകളില്‍ നേരിയ ഒരു ആവരണമുണ്ട്.
ഈ ആവരണത്തിലൂടെയാണ് നാം കഴിക്കുന്ന വസ്തുക്കള്‍ സഞ്ചരിക്കുന്നത്. ദഹനപ്രക്രിയയെ സഹായിക്കുന്ന വീര്യമേറിയ ദഹനരസങ്ങളില്‍നിന്നും ദഹന വ്യവസ്ഥയുടെ ഭാഗങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നത് ഈ ആവരണമാണ്. ഇതിലുണ്ടാകുന്ന വ്രണമാണ് അള്‍സര്‍. വായ്പുണ്ണ് പോലെതന്നെ ഇത് ആമാശയത്തിന്റെയും അന്നനാളത്തിന്റെയും ആവരണത്തില്‍ ചെറിയ പുണ്ണായി രൂപപ്പെട്ട് താഴേക്ക് അരിച്ചിറങ്ങുന്നു.
ആമാശയത്തിലെയും വന്‍കുടലിലെയും പല അസുഖങ്ങളും അള്‍സറായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വയറുവേദനയും എരിച്ചിലും മുന്നറിയിപ്പു നല്‍കുമ്പോള്‍ കൃത്യമായ പരിശോധനയിലൂടെ രോഗ കാരണം ഉറപ്പുവരുത്തണം. പ്രധാനമായും മൂന്ന് ഭാഗങ്ങളിലാണ് പെപ്റ്റിക് അള്‍സര്‍ ഉണ്ടാകുന്നത്.
1. അന്നനാളത്തിലുണ്ടാകുന്ന അള്‍സര്‍
2. ആമാശയത്തിലുണ്ടാകുന്ന അള്‍സര്‍
3. ചെറുകുടലിലുണ്ടാകുന്ന അള്‍സര്‍
ദഹനവ്യവസ്ഥയുടെ ഏതുഭാഗത്തുണ്ടാകുന്ന അള്‍സറിനും ലക്ഷണങ്ങള്‍ ഒരുപോലെതന്നെയാണ്. എന്നാല്‍ അന്നനാളത്തിലെയും ആമാശയത്തിലെയും അള്‍സര്‍ തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളിലൂടെ സാധിക്കുന്നതാണ്.
നമ്മള്‍ ചവച്ചിറക്കുന്ന ഭക്ഷണം അന്നനാളത്തിലൂടെ സഞ്ചരിച്ചാണ് ആമാശയത്തില്‍ എത്തിച്ചേരുന്നത്. ഈ സഞ്ചാര പാഥയില്‍ എവിടെ വേണമെങ്കിലും അള്‍സര്‍ ഉണ്ടാകാം. ഭക്ഷണം ചവച്ചിറക്കുമ്പോഴുള്ള വേദനയാണ് അന്നനാളത്തിലെ അള്‍സറിന്റെ പ്രധാന ലക്ഷണം. നെഞ്ചെരിച്ചിലാണ് മറ്റൊരു ലക്ഷണം. ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തികട്ടിവരുന്ന അമ്ലം നിര്‍വീര്യമാക്കാന്‍ കഴിയാതെ വരുന്നതും അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കാറുണ്ട്.
ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന അള്‍സറാണിത്. ഗ്യാസ്ട്രിക് അള്‍സര്‍ എന്നും ഇതിനെ വിളിക്കാറുണ്ട്. ആമാശയത്തിലെത്തുന്ന ഭക്ഷണം വിഘടിക്കപ്പെടുന്നത് വീര്യമേറിയ അമ്ലങ്ങളുടെ സഹായത്തോടെയാണ്. അള്‍സര്‍ ബാധിച്ച് ആമാശയത്തിലെ ആവരണത്തിന് വിള്ളലുണ്ടാകുമ്പോള്‍ ഈ അമ്ലങ്ങളുടെ പ്രവര്‍ത്തന ഫലമായി അസ്വസ്ഥതകള്‍ വര്‍ധിക്കുന്നു.
വെളുപ്പിന് മൂന്നു മണിക്ക് തുടങ്ങുന്ന വയറു വേദനയാണ് ഇതിന്റെ മുഖ്യ ലക്ഷണം. മധ്യവയസ് കഴിഞ്ഞവരിലാണ് ഗ്യാസ്ട്രിക് അള്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. മരുന്നുകളുടെ ഉപയോഗം ഇവരില്‍ കൂടുതലായതാവാം ഇതിന് ഒരു കാരണം.
ചെറുകുടല്‍ തുടങ്ങുന്ന ഭാഗത്തുണ്ടാകുന്ന അള്‍സറാണിത്. ഡുവോഡിനം എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്. ഇതിനെ ഡുവോഡിനല്‍ അള്‍സര്‍ എന്നാണ് പറയുന്നത്. പാന്‍ക്രിയാസ്, പിത്താശയം, കരള്‍ എന്നിവിടങ്ങളിലുള്ള ദഹനരസങ്ങള്‍ ഭക്ഷണവുമായി ചേരുന്നത് ഡുവോഡിനത്തില്‍വച്ചാണ്. ഈ ഭാഗത്ത് അള്‍സര്‍ ഉണ്ടാകുമ്പോള്‍ ദഹനരസങ്ങള്‍ അതുമായി സമ്പര്‍ക്കത്തില്‍ വരുന്നതാണ് അസ്വസ്ഥതകള്‍ക്കു കാരണം.
1980 കളില്‍ വൃദ്ധസദനത്തിലുള്ളവരിലാണ് എച്ച്. പൈലോറി ബാക്ടീരിയ ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. ഹെലികോ ബാക്ടര്‍ പൈലോറി ബാക്ടീരിയ എന്ന എച്ച്. പൈലോറി ആമാശയത്തിലെയും അന്നനാളത്തിലെയും അള്‍സറിന്റെ മുഖ്യ കാരണമായി കണകാക്കി തുടങ്ങിയത് അതോടെയാണ്.
ആമാശയത്തിലെ ആസിഡില്‍ മാത്രം വളരുന്ന ബാക്ടീരിയയാണിത്. വൃത്തിഹീനമായ ഭക്ഷണത്തിലൂടെ ഇത് മനുഷ്യശരീരത്തില്‍ കയറികൂടുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തല്‍. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ എച്ച്. പൈലോറി ഒരുപരിധിവരെ തടഞ്ഞുനിര്‍ത്താനാവും.
അള്‍സറിന്റെ രോഗലക്ഷണങ്ങളായി സാധാരണ കണകാക്കുന്നത് വയറുവേദനയും എരിച്ചിലുമാണ്. കഠിനമായ വേദനയാണ് മിക്കപ്പോഴും അനുഭവപ്പെടുക. അള്‍സര്‍ ഉണ്ടാകുന്ന ഭാഗത്ത് ദഹനരസങ്ങള്‍ എത്തുന്നതാണ് വേദനയ്ക്കു കാരണമാകുന്നത്. അള്‍സര്‍ ചികിത്സിച്ച് ഭേദമാകുന്നതോടെ അസ്വസ്ഥതകളും മാറുന്നതാണ്. വിശപ്പില്ലായ്മ, ഛര്‍ദി, മലത്തില്‍ രക്തം കലരുക എന്നിവയും രോഗ ലക്ഷണമാകാറുണ്ട്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ഡോക്ടറുടെ അടുത്തെത്തി ശരിയായ രോഗ നിര്‍ണയം നടത്തുക.
രോഗം കൃത്യമായി കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കുന്ന പരിശോധന രീതിയാണ് എന്‍ഡോസ്‌കോപ്പി. ഇതിലൂടെ ആന്തരീക ഭാഗങ്ങളുടെ നേരിട്ടുള്ള ദൃശ്യങ്ങള്‍ കണ്ടുപരിശോധിക്കാമെന്നതാണ് ഏറ്റവും വലിയ നേട്ടം. എവിടെയാണ് വ്രണമെന്ന് കൃത്യമായി മനസിലാക്കാനും വ്രണത്തിന്റെ വലിപ്പവും ആഴവും അറിഞ്ഞ് ചികിത്സിക്കാനും ഇതിലൂടെ സാധിക്കുന്നു. കാന്‍സര്‍ മൂലവും അള്‍സര്‍ ഉണ്ടാകാം.
ഗുരുതരമായ പ്രശ്‌നങ്ങളാണോയെന്ന് സംശയം തോന്നിയാല്‍ ബയോപ്‌സി എടുത്തു പരിശോധിക്കാനും എന്‍ഡോസ്‌കോപി സഹായകരമാണ്. മുന്നോട്ടുള്ള ചികിത്സയില്‍ രോഗ നിര്‍ണയം ഉറപ്പുവരുത്താന്‍ ആവശ്യമെങ്കില്‍ വീണ്ടും എന്‍ഡോസ്‌കോപി ചെയ്യാവുന്നതാണ്. രക്ത പരിശോധനയിലൂടെ എച്ച്. പൈലോറി ബാക്ടീരിയയുടെ സാന്നിദ്ധ്യം അറിയാന്‍ കഴിയുമെങ്കിലും ഇത് കൃത്യമായ രോഗനിര്‍ണയോപാധിയായി കണക്കാക്കാനാവില്ല.
ഹറി, വറി, കറി എന്നിങ്ങനെ മൂന്ന് കാരണങ്ങളാണ് അള്‍സറിന് കാരണമായി പറയുന്നത്. ഇതും അള്‍സറും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് പറയുന്നവരുമുണ്ട്. ജീവിതത്തിലെ തിരക്കുകള്‍ കൂടിയപ്പോള്‍ സമയത്തു ഭക്ഷണം കഴിക്കാന്‍ മിക്കവര്‍ക്കും കഴിയാറില്ല. ഇത് അള്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. സമയത്തു ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ ആസിഡിന്റെ അളവ് കൂടി തുലനത നഷ്ടപ്പെടുന്നതിന്റെ ഫലമായി ആമാശയത്തില്‍ വ്രണം ഉണ്ടാകുന്നു.
ഇതാണ് ഹറി. കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ ആസിഡിന്റെ അളവ് വര്‍ധിപ്പിച്ച് അള്‍സറിന് വഴിവയ്ക്കുന്നതിനെയാണ് വറിയെന്നു പറയുന്നത്. അള്‍സറുള്ളവരില്‍ അസ്വസ്ഥതകള്‍ വര്‍ധിക്കാനും മാനസികസമ്മര്‍ദം കാരണമാകാറുണ്ട്. കൂടുതല്‍ എരിവുള്ള ഭക്ഷണം കഴിക്കുന്നത് അള്‍സറിനു കാരണമാകുമെന്നതാണ് കറി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
പുരുഷന്മാരില്‍ അള്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതിനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത് പുകവലിയും മദ്യപാന ശീലവുമാണ്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ആസിഡിന്റെ അളവ് ക്രമാതീതമായി വര്‍ധിപ്പിച്ച് അള്‍സറിന് കാരണമാകുന്നു. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്നതില്‍ മദ്യപാനത്തിനുള്ള പങ്കു വലുതാണ്. ആസിഡ് ഉത്പാദനം വര്‍ധിക്കുമ്പോള്‍ അന്നനാളത്തേയും ആമാശയത്തേയും ചെറുകുടലിനേയും ആവരണം ചെയ്തിരിക്കുന്ന ശ്ലേഷ്മ സ്തരത്തെ പ്രതികൂലമായിബാധിച്ച് അള്‍സറിനു കാരണമാകുന്നു.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയിലൂടെ രോഗശമനത്തിന് ശ്രമിക്കാതെ ഡോക്ടറെകണ്ട് ശരിയായ ചികിത്സ ലഭ്യമാക്കണം. അള്‍സര്‍ ചികിത്സിക്കാന്‍ വൈകുന്തോറും വ്രണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തി രക്തസ്രാവത്തിനു കാരണമാകുന്നു. ഈ അവസ്ഥയിലേക്കെത്തുന്നതിനുമുമ്പ് അള്‍സര്‍ ചികിത്സിച്ചു മാറ്റേണ്ടതാണ്. മരുന്നു ചികിത്സയിലൂടെ രോഗശമനം ലഭിക്കാത്ത സാഹചര്യത്തില്‍ ശസ്ത്രക്രിയ ആവശ്യമായിവന്നേക്കാം.
ചിലരില്‍ ഡുവോഡിയത്തിന്റെ ഉള്‍ഭാഗം അള്‍സര്‍ വന്ന് ചുരുങ്ങിപ്പോകും. ഇങ്ങനെ തടസമുണ്ടാകുമ്പോള്‍ ആമാശയത്തില്‍നിന്ന് ചെറുകുടലിലേക്ക് ഭക്ഷണത്തിന് പോകാന്‍ കഴിയാതെ വരുന്നു. വിശപ്പില്ലായ്മയും ഛര്‍ദിക്കുമൊക്കെ പൈലോ റിക്‌സ്റ്റിനോസിസ് എന്ന ഈ അവസ്ഥയ്ക്കു കാരണമാകാം. എന്‍ഡോസ്‌കോപിക് ബലൂണ്‍ ചികിത്സയിലൂടെ ഈ ഭാഗം വീര്‍പ്പിക്കുന്നതാണ് നൂതന ചികിത്സാരീതി. അള്‍സറുള്ള ഭാഗത്തെ രക്തസ്രാവത്തിന് അടിയന്തിര ശസ്ത്രക്രിയ വേണ്ടിവരാറുണ്ട്. എന്‍ഡോസ്‌കോപി പരിശോധനയില്‍ കാന്‍സറാണെന്ന് കണ്ടെത്തിയാല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
അള്‍സറിന്റെ ഗുരുതരാവസ്ഥ കണക്കാക്കിയാണ് ഏതു ശസ്ത്രക്രിയാ രീതിയാണ് ആവശ്യമായി വരുന്നതെന്ന് തീരുമാനിക്കുന്നത്. ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിയാത്ത അള്‍സറുമുണ്ട്. അപൂര്‍വ്വമായി കണ്ടുവരുന്ന ഈ അവസ്ഥയ്ക്ക് റിഫ്രാക്റ്ററി അള്‍സര്‍ എന്നാണ് പറയുന്നത്.
അള്‍സര്‍രോഗം വരാതിരിക്കാനും, രോഗികള്‍ക്ക് അസ്വസ്ഥതകള്‍ കൂടാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. നാരങ്ങാവെള്ളം, അച്ചാറ് ഇവയുടെ അമിതോപയോഗംകുറയ്ക്കുക.
2. ഉറങ്ങാന്‍ പോകുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം.
3. മദ്യപാനം, പുകവലി ഇവ ഒഴിവാക്കുക.
4. അള്‍സറുള്ളവര്‍ ഏതുതരം മരുന്നുകള്‍ കഴിക്കുന്നതും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമായിരിക്കണം.
5. എരിവുള്ള ഭക്ഷണം, മസാല അധികം അടങ്ങിയ ഭക്ഷണം ഇവ ഒഴിവാക്കുക.
6. ചിട്ടയായ ഭക്ഷണക്രമം പാലിക്കുക. ഡയറ്റിങ്ങിന്റെ പേരില്‍ വിശപ്പ് കടിച്ചമര്‍ത്തുന്നത് അള്‍സറിന്റെ അസ്വസ്ഥതകള്‍ വര്‍ധിപ്പിക്കും.
7. വാരിവലിച്ചു ഭക്ഷണം കഴിക്കുന്ന ശീലം മാറ്റി, സാവധാനം ഭക്ഷണം ചവച്ചരച്ചു കഴിക്കുക.
8. ഡോക്ടറുടെ നിര്‍ദേശമില്ലാതെ തൊട്ടതിനും പിടിച്ചതിനുമൊക്കെ വേദനസംഹാരികള്‍ കഴിക്കുന്ന ശീലം ഉപേക്ഷിക്കുക.
9. ഭക്ഷണം കഴിച്ച ശേഷവും മരുന്നിനൊപ്പവും ധാരാളം വെള്ളം കുടിക്കുക.
കടപ്പാട്: ഡോ. ജോഷി ജോസഫ്
കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ
എന്റെറോളജിസ്റ്റ്
സെന്റ് മേരീസ് ഹോസ്പിറ്റല്‍, തൊടുപുഴ
അവസാനം പരിഷ്കരിച്ചത് : 6/21/2020