അപസ്‌മാരം പല രോഗങ്ങളുടെയും ബാഹ്യലക്ഷണമായി കാണാറുണ്ട്. ഒരിക്കല്‍ അപസ്‌മാരമുണ്ടായവരില്‍ 75 ശതമാനം പേര്‍ക്ക് മൂന്നു കൊല്ലത്തിനുള്ളില്‍ വീണ്ടുമുണ്ടാവാന്‍ സാധ്യതയുണ്ട്.അപസ്‌മാരരോഗം അല്‌പം പേടിക്കേണ്ട രോഗം തന്നെയാണ്.
ഒന്നില്‍ക്കൂടുതല്‍ തവണ അപസ്‌മാരമുണ്ടായാല്‍ മാത്രമേ ഒരാള്‍ക്ക് അപസ്‌മാരരോഗമുണ്ടെന്നു പറയാനാവൂ.
ഒരിക്കല്‍ പനി വന്നപ്പോള്‍ അപസ്‌മാരമുണ്ടായ ഒരു കുട്ടി, ഭക്ഷണം കഴിക്കാതെ സ്‌കൂളില്‍ അസംബ്ലിക്കു നില്‌ക്കുമ്പോള്‍ തളര്‍ന്നുവീണു, അപസ്‌മാരംപോലെ ഇളക്കമുണ്ടായ ഒരു വിദ്യാര്‍ത്ഥി- ഇവര്‍ക്കൊക്കെ അപസ്‌മാരരോഗമുണ്ടെന്നു പറയാന്‍ പറ്റില്ല.
പല മാനസികരോഗങ്ങളിലും അപസ്‌മാരംപോലെയുള്ള ലക്ഷണങ്ങള്‍ കാണാറുണ്ട്. കൂടാതെ വ്യക്‌തിപരവും കുടുംബപരവും സാമൂഹികവുമായ പല സംഘര്‍ഷാവസ്‌ഥകളും അപസ്‌മാരരോഗിക്ക് നേരിടേണ്ടിവരും.
ജനിതക രോഗങ്ങള്‍ പാരമ്പര്യമായി വരുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പക്ഷേ, ജനിതകകാരണങ്ങള്‍കൊണ്ടു മാത്രം ഒരാള്‍ക്ക് അപസ്‌മാരമുണ്ടാവില്ല.
രോഗികളുടെ ഉറക്കമിളയ്‌ക്കല്‍, ശക്‌തിയായ പനി, ഉത്‌കണ്‌ഠയും വൈകാരികവിക്ഷോഭവും, ചില മരുന്നുകളുടെ ഉപയോഗം, തുടര്‍ച്ചയായ ടിവി കാണല്‍, തെറ്റുന്ന മാസമുറ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് അപസ്‌മാരമുണ്ടാകാം.
1. പ്രസവസമയത്ത് കുട്ടിയുടെ തലച്ചോറിനേല് ക്കുന്ന ക്ഷതം, ബുദ്ധിമുട്ടുണ്ടാക്കിയ പ്രസവം, വേദന തുടങ്ങി വളരെ കഴിഞ്ഞുള്ള പ്രസവം, ഫോര്‍സെപ്‌സ് ഉപയോഗിച്ചുള്ള പ്രസവം
2. ജന്മനാ മസ്‌തിഷ്‌കത്തിനുണ്ടാകുന്ന വൈകല്യങ്ങള്‍.
3. റോഡപകടം, വീഴ്‌ച എന്നിവ വഴി തലച്ചോറിനേല് ക്കുന്ന ക്ഷതം
4. മസ്‌തിഷ്‌കത്തിലെ വീക്കം, അണുബാധ മുതലായവ.
5. മസ്‌തിഷ്‌കത്തിലെ മുഴകള്‍, രക്‌തസ്രാവം, രക്‌തക്കുഴലുകള്‍ക്ക് ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങള്‍, ബോധക്ഷയം.
6. മസ്‌തിഷ്‌കത്തിനകത്ത് നടത്തുന്ന ശസ്‌ത്രക്രിയകള്‍.
7. വൃക്കകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറുകള്‍.
8. രക്‌തത്തിലെ പഞ്ചസാര, ലവണങ്ങള്‍, കാത്സ്യം എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍.
9. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം
10. പനിമൂലം കുട്ടികള്‍ക്ക് ഇടയ്‌ക്കിടെയുണ്ടാകുന്ന/ ദീര്‍ഘനേരം നീണ്ടുനില്‌ക്കുന്ന അപസ്‌മാരം.
അപസ്‌മാരരോഗലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവുന്നതാണ്. രോഗി, ഒരാക്രോശത്തോടെ ബോധമില്ലാതെ മറിഞ്ഞുവീഴും, ദൃഷ്‌ടികള്‍ മേലോട്ടുപോയി കൈകാലുകള്‍ ഒരേ ക്രമത്തില്‍ വേഗത്തില്‍ മടങ്ങുകയും നിവരുകയും ചെയ്യും,ശരീരം മുഴുവന്‍ ഇളകും, നാവ് കടിച്ചുമുറിക്കും,ശരീരം മുറിയും.
ചിലപ്പോള്‍ അറിയാതെ മലമൂത്രവിസര്‍ജനം നടത്തുന്നു. ഇത് രണ്ടുമൂന്ന് മിനിറ്റ് നീണ്ടുനില്‌ക്കും. ചലനങ്ങള്‍ സാവധാനം നില്‌ക്കുകയും രോഗി ഉറങ്ങുകയും ചെയ്യുന്നു.
ചിലപ്പോള്‍ രോഗി പെട്ടെഴുന്നേഴുന്നേറ്റ് അക്രമസ്വഭാവം കണിച്ചെന്നുവരും. ഇത് കുറച്ചുനേരം നീണ്ടുനിന്നേക്കാം. മണിക്കൂറുകളോ ദിവസം മുഴുവനോ നീണ്ടുനില്‌ക്കുന്ന തലവേദനയും സാധാരണമാണ്.
1. അസഹ്യമായ ഗന്ധം, ദുഷിച്ച വസ്‌തുക്കളുടെ സ്വാദ്, ദു:ഖകരമായ ചിന്തകള്‍, അകാരണമായ ഭയം ഇതെല്ലാം, അല്ലെങ്കില്‍ ഏതെങ്കിലുമൊന്ന് അനുഭവപ്പെട്ടശേഷമാവും ബോധം നശിക്കുന്നത്.
2. ചിലര്‍ക്ക് അമിതമായ ഉത്‌ക്കണ്‌ഠ മാത്രമാവും. മറ്റു ചിലര്‍ക്ക് കടുത്ത വൈകാരികവിക്ഷോഭം അനുഭവപ്പെടും. ഇല്ലാത്ത വസ്‌തുക്കള്‍ ഉണ്ടെന്നു തോന്നുക, പരിചയമില്ലാത്ത സ്‌ഥലം പരിചയമുണ്ടെന്നു തോന്നുക, പരിചയമുള്ള സ്‌ഥലം പരിചയമില്ലെന്നു തോന്നുക- ഇതൊക്കെ ചില ലക്ഷണങ്ങളാണ്. ചിലപ്പോള്‍ എന്തെങ്കിലും ശരീരഭാഗങ്ങള്‍ അനിയന്ത്രിതമായി കുറച്ചുനേരം പ്രവര്‍ത്തിച്ചെന്നുവരാം.
3. തുടര്‍ച്ചയായ ഇമവെട്ടല്‍, ചവയ്‌ക്കല്‍, ഭക്ഷണം വിഴുങ്ങുന്നതുപോലെയുള്ള ചലനങ്ങള്‍, ഒരേ താളത്തിലും ക്രമത്തിലും കൈകൊട്ടുക മുതലായവ ഉദാഹരണമായി പറയാം. ചിലര്‍ക്ക് വിചിത്രവും അസ്വാസ്‌ഥ്യജനകവുമായ ലൈംഗികാനുഭൂതികളുണ്ടാകും.
രോഗി ചിലപ്പോള്‍ കരയും ചിരിക്കും വട്ടംതിരിയും ഓടും ചാടും- ഇങ്ങനെ പലതും ചെയ്യും. ഈ അവസ്‌ഥയില്‍ പലപ്പോഴും രോഗിക്ക് ബോധമുണ്ടാവില്ല. വായിലുള്ള ഭക്ഷണം ചവയ്‌ക്കാതെ കൈയിലുള്ളത് മുറുകെപ്പിടിച്ച് അങ്ങനെയിരിക്കും. വിളിച്ചാലോ തൊട്ടാലോ അറിയില്ല.
അപസ്‌മാരരോഗം വിവിധതരത്തിലുണ്ട് എന്നതും വിവിധ കാരണങ്ങള്‍ മൂലം രോഗം വരാം എന്നതുകൊണ്ടും രോഗനിര്‍ണയം എളുപ്പമല്ല.
രോഗത്തെക്കുറിച്ചുള്ള ശ്രദ്ധാപൂര്‍വമായ വിവരണമാണ് രോഗനിര്‍ണയത്തിന് ഏറ്റവുമധികം സഹായിക്കുന്നത്.
ബോധം നഷ്‌ടപ്പെടുന്നുണ്ടോ. ഉണ്ടെങ്കില്‍ അതിനു മുന്‍പുള്ള അനുഭവം, ബോധം വന്നതിനുശേഷമുള്ള അവസ്‌ഥ ഇതൊക്കെ വിശദമായി വിവരിക്കണം.
ബന്ധുക്കളിലാര്‍ക്കെങ്കിലും അപസ്‌മാരമുണ്ടോ? രോഗിക്ക് ശാരീരികമായി മറ്റെന്തെങ്കിലും അസുഖങ്ങളുണ്ടോ, ചെറുപ്പത്തില്‍ അപസ്‌മാരമുണ്ടായിട്ടുണ്ടോ, രോഗി മദ്യപിക്കുന്ന ആളാണോ, രോഗിയുടെ ജീവിതരീതി എങ്ങനെ ഇതൊക്കെ അറിയണം.
രോഗനിര്‍ണയത്തിനും ചികിത്സ നിശ്‌ചയിക്കുന്നതിനും ഈ വിവരങ്ങളൊക്കെ അറിയേണ്ടത് ആവശ്യമാണ്.
രക്‌തപരിശോധന, ഇലക്‌ട്രോ എന്‍കഫലോഗ്രാം, തലയുടെ സി.ടി. സ്‌കാന്‍ ഇവയും ആവശ്യമായിവരും.
അപസ്‌മാരരോഗത്തിന് ഫലപ്രദമായ പല മരുന്നുകളുമുണ്ട്. പുതിയ പുതിയ മരുന്നുകള്‍ വിപണിയിലിറങ്ങുന്നുമുണ്ട്. പലതും പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞവയാണ്.
ഡോക്‌ടറുടെ നിര്‍ദ്ദേശമനുസരിച്ച് കൃത്യമായ അളവില്‍, കൃത്യസമയത്ത് മുടങ്ങാതെ മരുന്നുകള്‍ കഴിക്കണം. ഇടയ്‌ക്ക് ഡോക്‌ടറെ കണ്ട് പരിശോധിപ്പിക്കണം. അവസാനം അപസ്‌മാരമിളകിയശേഷം കുറഞ്ഞത് രണ്ടുകൊല്ലമെങ്കിലും മരുന്നുകള്‍ കഴിക്കേണ്ടിവരും.
ചിലപ്പോള്‍, മൂന്നോ നാലോ അതിലധികമോ കൊല്ലങ്ങള്‍. ചിലര്‍ക്ക് രോഗം മാറിയിട്ടുണ്ടെങ്കിലും ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കേണ്ടിവരും. മരുന്നു കഴിക്കുന്നതിന്റെ മേല്‍നോട്ടം ഉത്തരവാദിത്വമുള്ള ഒരാളെ ഏല്‌പിക്കുന്നത് നന്ന്.
ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മരുന്നു നിര്‍ത്താവൂ. ചില മരുന്നുകള്‍ ഗര്‍ഭമുള്ളപ്പോള്‍ കഴിക്കുന്നത് ഗര്‍ഭസ്‌ഥശിശുവിന് ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്.
മരുന്നു കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗര്‍ഭധാരണം നടന്നിട്ടുണ്ടെങ്കില്‍ വിവരം എത്രയും വേഗം ചികിത്സിക്കുന്ന ഡോക്‌ടറെ അറിയിക്കണം.
അപസ്‌മാരരോഗികള്‍ക്ക് മാനസികരോഗം, വിഷാദരോഗം സംശയരോഗം എന്നിവ വരാനുള്ള സാധ്യത അധികമാണ്. ഉന്മാദരോഗവും ഉണ്ടാകാറുണ്ട്. ഒരിക്കല്‍ അപസ്‌മാരമിളകി, മാറിയ ശേഷം വീണ്ടും ഉണ്ടാവുന്നതിനിടയ്‌ക്കുള്ള കാലയളവില്‍ ചിലര്‍ക്ക് മാനസികരോഗം വരാറുണ്ട്.
ദീര്‍ഘകാലമായി അപസ്‌മാരരോഗമുള്ളവര്‍ക്ക് വ്യക്‌തിത്വവൈകല്യം വരാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ പലപ്പോഴും മുന്‍ശുണ്‌ഠിക്കാരായി അനവസരത്തി ല്‍ എടുത്തുചാടി പ്രതികരിക്കും.
ചിലര്‍ അമിതമായ ഭക്‌തിയും മതവിശ്വാസവുമുള്ളവരായിരിക്കും. ലൈംഗികകാര്യങ്ങളില്‍ തീരെ താത്‌പര്യം കാണിക്കില്ല. ചിലര്‍ സംസാരിക്കുമ്പോള്‍ വാക്കുകള്‍ തമ്മില്‍ ഒട്ടിപ്പിക്കുന്നതുപോലെ തോന്നും.
അപസ്‌മാര ചികിത്സയ്‌ക്കൊപ്പം മാനസികരോഗത്തിനും ചികിത്സ തേടണം. ഔഷധചികിത്സയും, മനശാസ്‌ത്രചികിത്സയും വേണം. രോഗിയുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തിയുള്ള കൗണ്‍സിലിങ്ങും അത്യാവശ്യമാണ്.
അപസ്‌മാരരോഗമുള്ളവരില്‍ നല്ലൊരു ശതമാനം രോഗികള്‍ പൂര്‍ണമായും രോഗശാന്തി കൈവരിക്കാറുണ്ട്. ഇവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്കിറങ്ങിവരാന്‍ കഴിയും.
വൈകാരികമായും സാമൂഹികമായുമുള്ള പിന്തുണ അത്യാവശ്യമാണ്. പുനരധിവാസത്തിലൂന്നിക്കൊണ്ടുള്ള സമഗ്രമായൊരു ചികിത്സാപദ്ധതിയും കൊണ്ടുവരണം.
വേണ്ടത്ര വായുസഞ്ചാരം ഉറപ്പുവരുത്തണം. ആളുകള്‍ ചുറ്റുംകൂടി നില്‌ക്കരുത്. അബോധാവസ്‌ഥയില്‍, വായിലെ നുരയും പതയും ശ്വാസകോശങ്ങളില്‍ കടന്ന് ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ രോഗിയെ ഒരു വശം ചെരിച്ചു കിടത്തുക.
കൈകാലിട്ടടിക്കുന്നതു തടയാന്‍ ബലം പ്രയോഗിക്കരുത്. ബലപ്രയോഗംകൊണ്ട് ഫലമില്ലെന്നു മാത്രമല്ല, ശാരീരികമായ ക്ഷതങ്ങളേല്‌ക്കാന്‍ സാധ്യത കൂടുകയും ചെയ്യും.
കൈയില്‍ താക്കോല്‍ പിടിപ്പിക്കുന്നതുകൊണ്ട് യാതൊരു ഫലവുമില്ല. രണ്ടുമൂന്നു മിനിറ്റിനുള്ളില്‍ ചലനങ്ങള്‍ നില്‌ക്കുകയും രോഗി ശാന്തനാവുകയും ചെയ്യും.
മൂര്‍ച്ചയുള്ള വസ്‌തുക്കള്‍ സമീപത്തുണ്ടെങ്കില്‍ എടുത്തു മാറ്റണം. രോഗിക്ക് പൂര്‍ണമായി ബോധം തെളിഞ്ഞശേഷമേ അയാളെ തനിയേ വിടാവൂ.
അഞ്ചോ പത്തോ മിനിട്ടിനുള്ളില്‍ രോഗലക്ഷണങ്ങള്‍ മാറിയില്ലെങ്കില്‍ രോഗിയെ ആസ്‌പത്രിയിലെത്തിക്കണം.
ഒരിക്കല്‍ മാത്രമാണ് അപസ്‌മാരലക്ഷണങ്ങള്‍ കണ്ടതെങ്കില്‍പ്പോലും വിദഗ്‌ദ്ധ പരിശോധന ആവശ്യമാണ്. മാസങ്ങളോ, ചിലപ്പോള്‍ വര്‍ഷങ്ങളോ കഴിഞ്ഞായിരിക്കും വീണ്ടും അസുഖമുണ്ടാകുന്നത്.
അത് അപകടകരമായ സാഹചര്യങ്ങളിലാണെങ്കില്‍ (വണ്ടിയോടിക്കുമ്പോഴോ ഉയരത്ത് നില്‌ക്കുമ്പോഴോ നീന്തുമ്പോഴോ മറ്റോ) രോഗിയുടെ ജീവന്‍തന്നെ അപകടത്തിലാവും.
ആദ്യമായി അപസ്‌മാരലക്ഷണം കാണുന്നത് 40 വയസോ അതിലധികമോ ആയിട്ടാണെങ്കില്‍ ഉടന്‍തന്നെ വിദഗ്‌ദ്ധ ചികിത്സ തേടണം. ഈ പ്രായത്തില്‍ അപസ്‌മാരലക്ഷണങ്ങള്‍ക്കു കാരണം മറ്റസുഖങ്ങളാവാനുള്ള സാധ്യത വളരെക്കൂടുതലാണ്.
ഡോ. എന്‍. സുബ്രഹ്‌മണ്യന്‍
അവസാനം പരിഷ്കരിച്ചത് : 6/22/2020