സൺസ്ക്രീൻ ആവശ്യമായ അളവിൽ പുരട്ടിയാൽ മാത്രമേ അവ പൂർണ്ണമായി സംരക്ഷണം നൽകുകയുള്ളു. ഇത് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ്, പക്ഷേ ഇൗ കാര്യത്തിൽ പലരും അജ്ഞരാണ്. സൂര്യനിൽ നിന്ന് സംരക്ഷണം നേടാൻ സൺസ്ക്രീൻ കുറച്ച് പുരട്ടുക അപ്പോൾ ജോലി തീർന്നു എന്ന മട്ടിലാണ് പലരും,ആവശ്യമായ അളവിൽ പുരട്ടണം എന്നത് ചിന്തിക്കുന്നില്ല. ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന പല മേക്കപ്പ് വസ്തുക്കളിലും ക്രീമുകളിലും SPF ഉണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം, എന്നാൽ ആ SPF ഗുണം ചെയ്യാറുണ്ടോ, അതായത് മേക്കപ്പ് ചെയ്യുന്നവർ SPF ഉള്ള ഫൗണ്ടേഷൺ ആണ് ഉപയോഗിക്കുന്നത് അതിനാൽ വേറെ സൺസ്ക്രീൻ വേണ്ട എന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ്, കാരണം ആവശ്യത്തിനുള്ള അളവ് നിങ്ങൾ പുരട്ടുന്നില്ല.
പൂർണ്ണ സംരക്ഷണം ലഭിക്കുന്നതിനായി മുഖത്തും കഴുത്തിലും പുരട്ടുവാനായി 1/2 ടീസ്പൂൺ (ഏകദേശം 3ml) സൺസ്ക്രീൻ എൻ്കിലും എടുക്കണം. അത് എല്ലാ ഭാഗവും ഒരുപോലെ കവർ ചെയ്യുന്നത് പോലെ പുരട്ടണം, മസ്സാജ് ചെയ്യേണ്ട ആവശ്യമില്ല. പുരട്ടിയ ഉടനെ ഒരു വെളുത്ത പാട പോലെ കാണാം അത് ഒരു 3 മിനിട്ട് കൊണ്ട് മാഞ്ഞ് പൊയ്ക്കൊള്ളും. ഇത്രയും അളവിൽ ഫൗണ്ടേഷൺ പുരട്ടുന്നത് ഒാർത്ത് നോക്കൂ, മുഖത്ത് പുട്ടി ഇട്ടത് പോലെ ഇരിക്കും, ഫൗണ്ടേഷൻ ഒരാഴ്ച്ചകൊണ്ട് തീരുകയും ചെയ്യും. മേക്കപ്പ് ഉപയോഗിക്കുന്നവർ ആവശ്യമായ അളവിൽ സൺസ്ക്രീൻ പുരട്ടിയ ശേഷം ഒരു 2 മിനിട്ട് കാത്തിരുന്നതിന് ശേഷം അതിനു മുകളിൽ മേക്കപ്പ് ചെയ്യാം. സ്ഥിരം മോയിശ്ചറൈസർ പുരട്ടുന്നവർ ആദ്യം അത് പുരട്ടിയിട്ട് മുകളിൽ വേണം സൺസ്ക്രീൻ പുരട്ടാൻ. കാരണം സൺസ്ക്രീന് മുകളിൽ പുരട്ടുന്നവയ്ക്ക് ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങാൻ സാധിക്കില്ല, സൺസ്ക്രീൻ ഒരു മതിലായി പ്രവർത്തിച്ച് ചർമ്മത്തിലേക്ക് ഒന്നും കടത്തി വിടാതെ തടഞ്ഞു നിർത്തും. അതിനാൽ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങാനായി പുരട്ടുന്ന മോയിശ്ചറൈസർ,സീറം തുടങ്ങിയവ സൺസ്ക്രീന് മുൻപായി പുരട്ടണം മേക്കപ്പ് മുതലായവ സൺസ്ക്രീൻ കഴിഞ്ഞ് പുരട്ടണം.
കൈകളിൽ പുരട്ടുമ്പോൾ ഒരു കൈയിൽ 1 ഒരു ടീസ്പൂൺ വീതമെൻകിലും പുരട്ടണം. ഷോർട്ട്സ് പോലെയുള്ള ചെറിയ വസ്ത്രമാണ് ധരിക്കുന്നതെൻകിൽ കാലുകളിൽ 2 ടീസ്പൂൺ വീതമെൻകിലും പുരട്ടണം. എല്ലാവരും ആവശ്യമായ അളവിൻ്റ്റെ പകുതി പോലും പുരട്ടാറില്ല, അപ്പോൾ സംഭവിക്കുന്നത് എന്താണെന്നാൽ,പുരട്ടുന്നത് SPF40 ആയിരിക്കും പക്ഷേ SPF20ൽ കുറഞ്ഞ ഫലം ആയിരിക്കും ലഭിക്കുക. അതിനാൽ വാങ്ങുന്ന SPFൻ്റ്റെ അളവ് എത്ര കൂടുതൽ ആണോ അത്രയും നന്ന്. പുറത്ത് ഇറങ്ങുന്നതിന് 20 മിനിട്ട് മുൻപ് സൺസ്ക്രീൻ പുരട്ടണം,അവ ചർമ്മവുമായി ചേർന്ന് പ്രവർത്തിക്കാൻ എടുക്കുന്ന സമയമാണത്.
നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങുന്നു ജോലിക്ക്/പഠിക്കാൻ പോകുന്നു, തിരിച്ച് വീട്ടിൽ എത്തുന്നു, അവശ്യമായ അളവിലാണ് സൺസ്ക്രീൻ പുരട്ടിയതെൻകിൽ ആ സമയം മുഴുവൻ സംരക്ഷണം ലഭിക്കും. എന്നാൽ വെയിലത്ത് അമിതമായി നിൽകുകയും, സ്പോർട്ട്സ് പോലെയുള്ള കാര്യങ്ങൾ ചെയ്യുകയുമാണെൻകിൽ ഓരോ 3 മണിക്കൂറും സൺസ്ക്രീൻ വീണ്ടും പുരട്ടേണ്ടതാണ്. നീന്തലിനു പോകുകയാണെൻകിൽ ഓരോ 40 മിനിട്ടിലും പുരട്ടേണ്ടതാണ്. സ്പ്രേ,പൗഡർ,ജെൽ എന്നീ രൂപത്തിലും സൺസ്ക്രീൻ ലഭ്യമാണ്. വീണ്ടും പുരട്ടുമ്പോൾ ലോഷൻ എടുത്തു പുരട്ടാൻ ബുദ്ധിമുട്ടാണെൻകിൽ സ്പ്രേ ഉപയോഗിക്കാം. അപ്പോൾ 3 കാര്യങ്ങൾ മറക്കാതെ ശ്രദ്ധിക്കണം,2 കോട്ട് സ്പ്രേ ചെയ്യേണ്ടതാണ്, കണ്ണിൽ വീഴാതെ ശ്രദ്ധിക്കണം, സ്പ്രേ ചെയ്യുമ്പോൾ ശ്വസിച്ച് ഉള്ളിൽ പോകാനും പാടില്ല. മേക്കപ്പ് ചെയ്യുന്നവർക്ക് വീണ്ടും സൺസ്ക്രീൻ പുരട്ടണമെന്നുണ്ടെൻകിൽ പൗഡർ രൂപത്തിലുള്ളത് ഉപയോഗിക്കാം.
ഇവയൊക്കെ ശ്രദ്ധിച്ചാൽ സൂര്യനിൽ നിന്നുള്ള അപകടകാരികളായ രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സാധിക്കും.
അവസാനം പരിഷ്കരിച്ചത് : 6/20/2020