অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തിളങ്ങട്ടെ ചര്‍മ്മം

തിളങ്ങട്ടെ ചര്‍മ്മം

ചർമാരോഗ്യത്തിന്റെ ഏഴു ലക്ഷണങ്ങൾ

ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമം. ശാരീരികാരോഗ്യത്തിന്റെ ഫ്രതിഫലനങ്ങൾ ചർമത്തിൽ കാണുവാൻ സാധിക്കും. ആരോഗ്യമുള്ള ചർമത്തിന്റെ ഏഴ് ലക്ഷണങ്ങൾ 
1. മാറ്റമില്ലാത്ത നിറം – ശരീരത്തിലുടനീളം ഒരേ നിറത്തിലുള്ള ചർമം ചർമാരോഗ്യത്തിന്റെ മികച്ച സുചനയാണ് 
2. മൃദുത്വം – ചർമത്തിനു സ്വാഭാവികമായി മൃദുത്വമുണ്ട്. പരുപരുപ്പില്ലാത്ത ശരീരം മുഴുവൻ മൃദുത്വം ചർമാരോഗ്യത്തെ സൂചിപ്പിക്കുന്നു. 
3. ഇൗർപ്പം – വരൾച്ചയില്ലാത്ത എപ്പോഴും നേരിയ ഇൗർപ്പം ചർമത്തിനുണ്ടാകും. 
4. ചുളിവുകൾ – ശരീരമാസകലം ചുളിവുകളോ വലിഞ്ഞു മുറുകാതെയുള്ള ചർമം 
5. കുരുക്കൾ – മുഖത്തോ ശരീരത്തിനോ യാതൊരു കുരുക്കളുമില്ലാത്ത ചർമം 
6. അടയാളങ്ങളില്ലാത്ത ചർമം – കാക്കപ്പുള്ളി, നിറം മാറ്റം, കരുവാളിപ്പ് പോലെ യാതൊരു അടയാളങ്ങളില്ലാത്ത ചർമം 
7. സ്ട്രെച്ച് മാർക്കുകൾ – ഗർഭകാലത്ത് ചർമം വലിഞ്ഞ് വരകൾ പോലെ അടയാളങ്ങൾ വീഴാത്ത ചർമം

ചർമത്തിന്റെ നിറ മാറ്റം രോഗലക്ഷണമോ?

ചർമത്തിലെ ചെറിയ മാറ്റങ്ങൾ പോലും നിസ്സാരമായി കാണരുത്. ശരീരത്തില ഏറ്റവും വലിയ അവയവമായ ചർമം ശാരീരകാരോഗ്യത്തിന്റെ പ്രതിഫലനമാണ്. ശരീരത്തിലെ ചെറിയ പാടുകൾ പോലും ചർമാർബുദത്തിന്റെ ലക്ഷണമാകാം. ചർമത്തിൽ കാണുന്ന ഏതൊരു മാറ്റത്തിനും തുടക്കത്തിൽ തന്നെ ചികിൽസ തേടണം. ചിലപ്പോൾ പൊതുവായ അനാരോഗ്യത്തിന്റെ സൂചികയുമാകാം. ചർമാരോഗ്യം കവരും ഭക്ഷണശീലങ്ങൾ അനാരോഗ്യമായ ഭക്ഷണരീതികൾ ചർമാരോഗ്യം കവരും. അമിത ഉപ്പുള്ളതും കൊഴുപ്പേറിയതുമായ ഭക്ഷണശീലങ്ങൾ ചർമരോഗങ്ങൾക്ക് കാരണമാകും. വിരുദ്ധാഹാരങ്ങളും പാടെ ഉപേക്ഷിക്കുന്നതാണ് ചർമാരോഗ്യത്തിനു നല്ലത്. അമിതമദ്യാപാനം, കഫീൻ എന്നിവ ചർമാരോഗ്യത്തെ സാരമായി ബാധിക്കും. നല്ല ചർമത്തിനു എന്തു കഴിക്കണം സമീകൃതമായ ആഹാരക്രമാണ് ചർമത്തിന് ഏറ്റവും നല്ലത്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണരീതിയാണ് എപ്പോഴും നല്ലത്. വേണ്ടത്ര വെള്ളം കുടിക്കുക എന്നതാണ് ചർമാരോഗ്യം കാക്കുവാൻ ആദ്യം ശ്രദ്ധിക്കേണ്ടത്. പഴങ്ങളായ നാരങ്ങ, ഓറഞ്ച് എന്നിവയെല്ലാം നിത്യവും ഭക്ഷണത്തിൽ ശീലമാക്കിയാൽ ചർമാരോഗ്യം മെച്ചപ്പെടും. ഉണക്കമുന്തിരി, ബദാം എന്നിവ ചർമത്തിനു തിളക്കം നൽകാൻ സഹായിക്കും.

ചർമം എങ്ങനെ സംരക്ഷിക്കാം

ചർമം മൂന്ന് രീതിയിൽ തരം തിരിക്കാം. വരണ്ട ചർമം, എണ്ണമയമുള്ള ചർമം, സാധാരണ ചർമം. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ചർമത്തെ ബാധിക്കാം. പലതും നിസ്സാരമായ പരിചരണത്തിലൂടെ മാറ്റാവുന്നതും ചിലതിനു സമഗ്രമായ ചികിൽസ വേണ്ടിവരുന്നതുമാണ്. അലർജി മൂലം ചർമത്തിൽ ചെറിയ തടിപ്പുകൾ കാണാനിടയുണ്ട്. ഇനിനു പുറമേ വരൾച്ച, ചുണങ്ങ് എന്നിവയും ചർമത്തിൽ കണ്ടുവരുന്നുണ്ട്. ചർമത്തില ചെറിയ മാറ്റങ്ങൾക്ക് പോലും അതീവ ഗൗരവം നൽകണം. 

ചർമം എങ്ങനെ സംരക്ഷിക്കാം
രാവിലെ 10 മുതൽ വൈകിട്ട് 3 മണി വരെയുളള വെയിൽ ചർമത്തിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കണം. സമീകൃതമായ ആഹാരത്തിനൊപ്പം വേണ്ടത്ര വെള്ളം കുടിക്കുയും വേണം. നല്ല ഉറക്കവും വ്യായാമവും, ക‍്യത്യമായ മലശോധന എന്നിവ ചർമാരോഗ്യത്തെ ബാധിക്കുന്നതാണ്. ആഴ്ചയിലൊരിക്കലെങ്കിലുമുള്ള ആയുർവേദ തൈലസ്നാനം ചർമാരോഗ്യത്തിനു പ്രധാനമാണ്.

സോറിയാസിസ് രോഗത്തിനു കാരണം

മനുഷ്യരാശിയിലെ ഏകദേശം 1-3% വരെ ജനങ്ങളിൽ കണ്ടുവരുന്ന ഒരു ചർമരോഗമാണ് സോറിയാസിസ്. ചുവപ്പു നിറമുള്ള തടിപ്പുകൾക്കു മീതെ രജതരാശിയാർന്ന ശൽക്കങ്ങളോടുകൂടിയ ഈ രോഗം, നാം വിചാരിക്കുന്നത്ര ഉപദ്രവകാരിയല്ല. രോഗിയിൽനിന്നും മറ്റുള്ളവരിലേക്കു സംക്രമിക്കുകയുമില്ല. കുട്ടികളിൽ ‘മഴത്തുള്ളി’ വലുപ്പത്തിൽ ചെറിയ ചുവന്ന ഉണലുകളായി ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നുവെങ്കിൽ, വലിയവരിൽ ഉണലുകൾ വന്ന്, വേഗത്തിൽ തന്നെ കട്ടിയുള്ള തടിപ്പുകളും അവയുടെ ഉപരിതലത്തിൽ വെള്ളി നിറത്തിലുള്ള ശൽക്കങ്ങളുമായാണ് കാണുക. ദീർഘകാലം നിലനിൽക്കുന്ന രോഗത്തെക്കാളും ശാരീരികവും മാനസികവുമായ പ്രശ്നമായി തീരാറുണ്ട്. ചർമത്തിന്റെ പുറംപാളിയായ എപ്പിഡെർമിസിന്റെ വളർച്ച ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മാത്രം വർധിക്കുതാണ്് സോറിയാസിസ്. 

വിരുദ്ധാഹാരങ്ങൾ രോഗ സാധ്യത കൂട്ടൂം
സോറിയാസിസ് രോഗത്തിന്റെ ക്യത്യമായ കാരണങ്ങൾ ഇന്നും വ്യക്തമല്ലെങ്കിലും പ്രതിരോധ സംവിധാനത്തിന്റെ തകരാറും ജനിതക ഘടകങ്ങളുമെന്നാണ് പൊതുവേ കരുതുന്നത്. എന്നാൽ സോറിയാസിസ് ആയുർവേദ കാഴ്ചപ്പാട് വത്യസ്തമാണ്. വിരുദ്ധാഹാരങ്ങൾ ശീലിക്കുവർക്ക്് സോറിയാസിസ്് പോലുളള രോഗങ്ങൾ വരുമെന്ന് ആചാര്യർ പറയുന്നു. 

വിരുദ്ധാഹാരം ശീലിക്കുന്നവർക്ക് സോറിയാസിസ് വരാനുളള സാധ്യത വളരെ കൂടുതലാണ്. മത്സ്യവും പാലും ഒരുമിച്ചു കഴിക്കുക, പുളിയുള്ള പഴങ്ങളും പാലും ഒരുമിച്ചു കഴിക്കുന്നത് രോഗ സാധ്യത വർധിപ്പിക്കുന്നു. പിരിമുറുക്കവും ഉത്കണ്ഠയും രോഗസാധ്യത ഇരട്ടിയാക്കും.

സോറിയാസിസ് രോഗം പകരുമോ?

സോറിയാസിസ് എന്ന് കേൾക്കുമ്പോൾ പലർക്കും ഭയമാണ്. രോഗം പകരുമെന്ന ചിന്തയിൽ പലരും രോഗിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കും. എന്നാൽ ഭയക്കുന്നത് പോലെ സോറിയാസിസ് പകരുന്ന രോഗമല്ല. പാമ്പര്യ സ്വഭാവമുള്ള രോഗമാണ്. കുടുംബത്തിൽ ഒരാൾക്കുണ്ടെങ്കിൽ മറ്റുള്ളവർക്കും വരാനിടയുണ്ട്. ചർമത്തിലെവിടെ വേണമെങ്കിലും രോഗം വരാമെങ്കിലും കൈ, കാലുകൾ, കൈ–കാൽ മുട്ട്, ശിരോചർമം, ചെവി എന്നീ ഭാഗങ്ങളിലാണ് കൂടുതലായും കാണുന്നത്. ചിലർക്ക് കാൽപാദത്തിൽ മാത്രമായി വരുന്നതരം സോറിയാസിസുമുണ്ട്. ചിലർക്ക് കാൽപാദം വീണ്ടുകീറാനും സാധ്യതയുണ്ട്. 

സോറിയാസിസും കലാവസ്ഥയും
കാലാവസ്ഥ സോറിയാസിസിന്റെ തീവ്രത കൂട്ടുന്ന ഘടകമാണ്. മ​ഞ്ഞും തണുപ്പും ഏറിയ കാലവസ്ഥയിലാണ് രോഗം വഷളാവുന്നത്. ചികിൽസ ചെയ്തില്ലെങ്കിൽ കൂടിയും തണുപ്പു കാലം കഴിയുമ്പോൾ ആശ്വാസം ലഭിക്കുന്നു. ചർമത്തിൽ ചുവന്ന അടയാളങ്ങളും കുത്തുകളും കാണാം. ചിലർക്ക് താരൻ പോലെ തലയിൽ സോറിയാസിസ് ആരംഭിക്കുകയും മുടി കൊഴിച്ചലിനും കാരണമാകുകയും ചെയ്യും.

ആയുർവേദ ചികിൽസയുടെ ദൈർഘ്യം

സോറിയാസിനുള്ള ആയുർവേദ ചികിൽസ വളരെ സമഗ്രമാണ്. മൂന്ന് ഘട്ടങ്ങളായാണ് ചികിൽസ. രോഗത്തിന്റെ ശമനത്തിനു മാത്രമല്ല അടിസ്ഥാന കാരണങ്ങളെ പരിഹരിക്കുകയാണ് ആയുർവേദ ചികിൽസയുടെ രീതി. ചിട്ടവട്ടങ്ങൾ ഏറെയുള്ള സമഗ്രമായ ചികിത്സാരീതിയാണ് ഗൗരവമായ സോറിയാസിസ് രോഗത്തിനു ആയുർവേദം നിഷ്കർഷിക്കുന്നത്. രണ്ടു മാസം ദൈർഘ്യമുള്ള ചികിൽസ കൊണ്ട് രോഗത്തിനു ശമനം കിട്ടുമെങ്കിലും തുടർ ചികിൽസ മുടക്കിയാൽ രോഗം വീണ്ടും വരാനിടയുണ്ട്. 

അതിപ്രധാനമായ മൂന്നു ഘട്ടങ്ങൾ
പഞ്ചകർമ ചികിത്സകളായ വമനം, വിരേചനം പോലുള്ള ശുദ്ധീകരണ ചികിത്സകളാണ് ഒന്നാം ഘട്ടത്തിലുള്ളത്. രണ്ടാം ഘട്ടത്തിൽ തലപൊതിച്ചിൽ, തക്രധാര തുടങ്ങിയ ചികിൽസകളാണ് ചെയ്യുക. മൂന്നാം ഘട്ടത്തിൽ രസായന ചികിൽസകൾ ചെയ്യുന്നതോടെ രോഗം ശമിക്കാൻ തുടങ്ങുകയും ചെയ്യും.

സോറിയാസിസ് ചികിൽസ എങ്ങനെ?

തൊലിപ്പുറത്തു കാണുന്ന രോഗങ്ങളുടെ അടിസ്ഥാന കാരണം ശരീരത്തിനുള്ളിലെ മാലിന്യങ്ങളാണ്. ശരീരത്തിനുള്ളിലെ മാലിന്യങ്ങളെ പുറന്തുള്ളകയാണ് സോറിയാസിസ് രോഗത്തിന്റെ ആദ്യഘട്ടമായ ശുദ്ധീകരണ പ്രക്രിയ. അഞ്ചു മുതൽ ഏഴു ദിവസം വരെ നീണ്ടു നിൽക്കുന്ന ശുദ്ധീകരണ ചികിൽസ വളരെ പ്രധാനമാണ്. 

കർശനമായ ഭക്ഷണനിയന്ത്രണവും പഥ്യവും നിഷ്കർഷിക്കുന്ന രണ്ടാം ഘട്ടത്തിൽ തലപൊതിച്ചിലും തക്രധാരയും നടത്തും. ഇൗ സമയത്ത് കാറ്റോ വെയിലോ മഴയോ ഒന്നും കൊള്ളരുത്. രോഗ ശമനം വന്ന കോശങ്ങളെ പുനർജീവിപ്പിക്കുന്ന മൂന്നാം ഘട്ടത്തിൽ രസായന ചികിൽസ രീതിയാണ് ചെയ്യുന്നത്. 

വീട്ടിൽ തയ്യറാക്കാം ഒൗഷധ എണ്ണ
സോറിയാസിസ് എന്ന രോഗത്തിനു ഫലപ്രദമായ മരുന്നായി ദന്തപാലയെ വർഷങ്ങളായി ആയുർവേദം ഉപയോഗിച്ചു വരുന്നു. പച്ചമരുന്നു കടകളിൽ ദന്തപാല ലഭ്യമാണ്. ഒരു ലിറ്റർ വെളിച്ചെണ്ണയിൽ ദന്തപാലയില ചെറുതായി കീറിയോ അരിഞ്ഞോ ഇട്ട് വെയിലത്ത് ഒരാഴ്ച വയ്ക്കുക. ഒരാഴ്ച കഴിയുമ്പോൾ ദന്തപാലയിലയിലെ ഒൗഷധം മുഴുവൻ എണ്ണിയിലേക്കിറങ്ങി വയലറ്റു നിറമാകും. ഇൗ എണ്ണ സൂക്ഷിച്ചു വെച്ച് ചോറിച്ചലോ ത്വക്കിൽ ചെതുമ്പലോയുള്ള ഭാഗത്ത് പുരട്ടിയാൽ നല്ല ആശ്വാസം ലഭിക്കും.

സോറിയാസിനെ വരുതിക്ക് നിർത്താം

രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിൽസ തേടിയാൽ സോറിയാസിസിനെ നിലയ്ക്കു നിറുത്താം. വിരുദ്ധാഹാരം പാടേ ഉപേക്ഷിക്കുന്നതാണ് ചികിൽസ ഫലിക്കാൻ നല്ലത്. ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം കൊഴുപ്പു കുറഞ്ഞ ഭക്ഷണം ശീലിച്ചാൽ രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. ശരീരം വൃത്തിയായി സൂക്ഷിക്കുകയും മാനസിക സംഘർഷം പരമാവധി കുറയ്ക്കുയും വേണം. രോഗശമനം കണ്ടുതുടങ്ങിയാൽ ഇടയ്ക്ക്‌വച്ച് ചികിൽസ മുടക്കുന്നത് സ്ഥിതി വളഷാക്കും. 

സോറിയാസിനെ പ്രതിരോധിക്കാൻ
മീനെണ്ണ ധാരാളമായുള്ള മൽസ്യങ്ങൾ സോറിയാസിസ് കുറയ്ക്കാൻ സഹായിക്കും. മത്തി, അയല തുടങ്ങിയ മൽസ്യ വിഭവങ്ങൾ സോറിയാസിനെ പ്രതിരോധിക്കും. മാമ്പഴം, കാരറ്റ്, പച്ചിലക്കറികൾ എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ സോറിയാസിസ് വരുന്നത് ചെറുക്കാം. 

എന്തെല്ലാം ഭക്ഷണം വർജിക്കണം
എല്ലാത്തരം വിരുദ്ധാഹാരവും ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. രോഗ സാധ്യയുളളവർ ചുവന്ന മാംസം, പാൽ ഉൽപന്നങ്ങൾ എന്നിവ ഒഴിവാക്കണമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മദ്യപാനം പുകവലി എന്നിവ പൂർണമായി ഒഴിവാക്കണം. മദ്യപിക്കുന്നവരിൽ സോറിയായസിസ് സാധ്യത ഇരട്ടിയോളമാണ്.

എയർകണ്ടീഷനും ചർമാരോഗ്യവും

പതിവായി എയർ കണ്ടീഷൻ മുറിയിൽ ചെലവഴിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തെ ബാധിക്കാം. ഏസി മുറിയിൽ ചെലവഴിക്കുമ്പോൾ ചർമത്തിന്റെ ഇൗർപ്പം കുറയുന്നതാണ് പ്രധാന പ്രശ്നം. പക്ഷേ തണുപ്പുള്ള സാഹചര്യത്തിൽ ദാഹം തോന്നാതിരിക്കുകയും മിക്കവാറും വെള്ളം കുടിക്കാതിരിക്കുയും ചെയ്യുമ്പോൾ ചർമത്തിന്റെ ഇൗർപ്പം പെട്ടെന്ന് നഷ്ടപ്പെടും. എയർ കണ്ടീഷൻ മുറിയിൽ നിന്നും പെട്ടെന്ന് ചൂടുള്ള അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് മാറുന്നത് ചർമത്തിന്റെ ആരോഗ്യത്തെ ബാധിക്കാം. മോയ്സ്ചറൈസുകൾ ഉപയോഗിച്ചു ചർമത്തിന്റെ ഇൗർപ്പം നിലനിറുത്താം. 

കുളിക്കാനുള്ള വെള്ളവും സോപ്പും
സാധാരണ ഉൗഷ്മാവിലുള്ള വെള്ളമാണ് കുളിക്കാൻ ഏറ്റവും അനുയോജ്യം. വാർധക്യത്തിൽ ഇളം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. ഇളം ചൂടുവെള്ളത്തിലെ കുളി ചർമം കൂടുതൽ വൃത്തിയാകാനും അടഞ്ഞ സുക്ഷിരങ്ങൾ തുറക്കാനും സഹായിക്കും. അമിത ചൂടുള്ള വെള്ളം മുടി കൊഴിച്ചിലിനും ചർമാരോഗ്യത്തെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്. എല്ലാത്തരം സോപ്പുകളും ചർമത്തിനു യോജിക്കില്ല. സോപ്പ് നേരിട്ട് ചർമത്തിൽ തേക്കാതെ കയ്യിൽ തേച്ച് പതപ്പിച്ചിട്ട് ശരീരത്തിൽ തേയ്ക്കുന്നതാണ് നല്ലത്. പ്രായമേറിയവരുടെ ചർമത്തിൽ പൊതുവേ എണ്ണമയം കുറവായതിനാൽ വാർധക്യത്തിലെ സോപ്പുപയോഗം വളരെ കുറയ്ക്കണം.

കുഞ്ഞുങ്ങളുടെ ചർമം എങ്ങനെ സംരക്ഷിക്കാം

കുഞ്ഞുങ്ങളുടെ ചർമസരംക്ഷണം വളരെ പ്രധാനമാണ്. ചെറിയ പാടുകൾ പോലും അനാരോഗ്യത്തിന്റെ ലക്ഷണമായി മുൻകൂട്ടി കാണേണ്ടതായുണ്ട്. 

വരണ്ട ചർമവും ഡയപ്പർ റാഷുമാണ് കുട്ടികളിൽ സാധാരണയായി കാണുന്ന ചർമ പ്രശ്നം. മണിക്കൂറുകളോളം ഡയപ്പർ ധരിക്കുമ്പോൾ ചർമത്തിൽ ചെറിയ നിറമാറ്റം കാണാനിടയുണ്ട്. ഡയപ്പർ നനഞ്ഞാൽ ഉടനെ മാറ്റുകയും വീണ്ടും ധരിപ്പിക്കുന്നതിനു മുൻപ് ശരീരഭാഗങ്ങൾ വൃത്തിയാക്കുകയും വേണം. 

ചെറിയ ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നത് കുരുക്കൾ വരുന്നത് തടയാൻ സാധിക്കും. വരണ്ട ചർമത്തിനു ഒലിവ് ഒായിൽ പുരട്ടി മസാജ് ചെയ്യാവുന്നതാണ്.

കടപ്പാട് : മനോരമ

അവസാനം പരിഷ്കരിച്ചത് : 6/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate