''രോഗിക്കും രോഗിയുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും ഒരുപോലെ അരോചകമാണ് ഈ രോഗാവസ്ഥകള്‍. അതില്‍ ഏറ്റവും കൂടുതല്‍ രോഗികളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന രോഗങ്ങളാണ് സോറിയാസിസ്, എക്‌സിമ, പൂപ്പല്‍ രോഗങ്ങള്‍ എന്നിവ''\
ചര്‍മ്മ രോഗങ്ങള്‍ ഏതു വൈദ്യശാസ്ത്ര ശാഖയ്ക്കും വെല്ലുവിളിയാണ്. എത്ര ചികിത്സിച്ചാലും പൂര്‍ണമായും സുഖപ്പെടില്ല എന്നൊരു വിശ്വാസം രോഗികള്‍ക്കുണ്ട്. പലതിനും ചികിത്സയില്ലെന്നും മരണംവരെ മരുന്നുകള്‍ കഴിക്കേണ്ടി വരുമെന്നും അവര്‍ വിശ്വസിക്കുന്നു.
രോഗിക്കും രോഗിയുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും ഒരുപോലെ അരോചകമാണ് ഈ രോഗാവസ്ഥകള്‍. അതില്‍ ഏറ്റവും കൂടുതല്‍ രോഗികളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന രോഗങ്ങളാണ് സോറിയാസിസ്, എക്‌സിമ, പൂപ്പല്‍ രോഗങ്ങള്‍ എന്നിവ.
ത്വക്കിലെ കോശങ്ങള്‍ സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായി നിയന്ത്രണാതീതമായി വളരുകയും മൃതകോശങ്ങള്‍ ത്വക്കിന്റെ ഉപരിതലത്തില്‍ വെളുത്ത ശല്ക്കങ്ങളായി കാണപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് സോറിയാസിസ്.
ഈ വെളുത്ത ശല്ക്കങ്ങളുടെ അടിയില്‍ ചുവന്ന നിറത്തില്‍ കോശങ്ങള്‍ കട്ടിയായി കാണപ്പെടുന്നു. ചിലപ്പോള്‍ ഇതിന് കഠിനമായ ചൊറിച്ചിലും വേദനയും അതിനെത്തുടര്‍ന്ന് രക്തസ്രാവവും ഉണ്ടാകുന്നു.
കൈകാലുകളിലെ നഖങ്ങള്‍ക്ക് അണുബാധയുണ്ടാകുന്നു. തലയോട്ടിയില്‍ മാരകമായ രീതിയില്‍ കാണപ്പെടുന്ന താരന്‍ സോറിയാസിസിന്റെ മറ്റൊരു രൂപമാണ്.
ചില രോഗികളില്‍ കുട്ടിക്കാലം മുതലോ, കൗമാരക്കാലം മുതലോ ചില ശ്വാസകോശ രോഗങ്ങളുടെയോ ടോണ്‍സിലൈറ്റിസ്, ത്വക്കിലുണ്ടാകുന്ന മുറിവുകള്‍, ചില പ്രതിരോധ കുത്തിവയ്പ്പുകള്‍, ചിലയിനം മരുന്നുകളുടെ നിയന്ത്രണമില്ലാത്ത ഉപയോഗം എന്നിവ മൂലമോ സോറിയാസിസ് ഉണ്ടാകാം.
ജനിതക ഘടകങ്ങള്‍, ചിലയിനം മരുന്നുകള്‍, സൂര്യാഘാതം, മുറിവുകള്‍, മാനസിക സമ്മര്‍ദം ഇവയൊക്കെ ഈ രോഗത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
ചില രോഗികളില്‍ ഈ അവസ്ഥയെത്തുടര്‍ന്ന് പ്രമേഹം, അമിത വണ്ണം, ആമാശയ രോഗങ്ങള്‍, വിഷാദ രോഗം, നേത്ര രോഗങ്ങള്‍ തുടങ്ങിയവ കാണപ്പെടുന്നു. ചിലപ്പോള്‍ ഇത് അസ്ഥികളിലേക്കും പടരുന്നു. ആ കോശങ്ങളില്‍ സന്ധിവേദന, നീര്‍ക്കെട്ട്, മരവിപ്പ് എന്നിവയൊക്കെ കാണപ്പെടുന്നു.
ശരീരത്തിലെ പല ഭാഗങ്ങളില്‍ കാണപ്പെടുന്ന പൂപ്പല്‍ രോഗങ്ങള്‍ പല പേരിലും അറിയപ്പെടുന്നു. കാല്‍പ്പാദങ്ങളിലും വിരലിടുക്കുകളിലും ചൊറിച്ചിലും പുകച്ചിലും ചുവപ്പു നിറവുമായി കാണപ്പെടുന്നു. ചിലപ്പോള്‍ ചര്‍മ്മം ഇളകി പോവുകയും ചെയ്യുന്നു.
നിരന്തരമായി ഉപയോഗിക്കുന്ന ഷൂസ്, സോക്‌സ്, പൊതു നീന്തല്‍ കുളങ്ങള്‍, പൊതു ടോയ്‌ലറ്റുകള്‍ തുടങ്ങിയവയൊക്കെ ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. മറ്റു ചിലപ്പോള്‍ തുടയിടുക്കുകള്‍, ചെവിയുടെ പിന്‍ഭാഗം, കഴുത്ത് എന്നിവിടങ്ങളില്‍ ചൊറിച്ചിലോടു കൂടിയ ചുവന്ന തടിപ്പുകള്‍ കാണപ്പെടുന്നു.
മറ്റു ചിലപ്പോള്‍ ലൈംഗികാവയവങ്ങള്‍, കക്ഷം, മാറിടങ്ങളുടെ അടിഭാഗം തുടങ്ങിയ ഭാഗങ്ങളില്‍ കറുത്ത നിറവും ചൊറിച്ചിലും അതിനെത്തുടര്‍ന്ന് ചര്‍മ്മം വിണ്ടുകീറുകയും ചെയ്യുന്നു.
സ്റ്റിറോയ്ഡ് ക്രീമുകളുടെ നിരന്തര ഉപയോഗം ആ ഭാഗത്തെ ചര്‍മ്മത്തെ കട്ടിയാക്കുകയും ത്വക്ക് കാന്‍സര്‍ പോലുള്ള മാരക രോഗത്തിന് വഴിതെളിക്കുകയും ചെയ്യുന്നു.
ചില പൂപ്പല്‍ രോഗങ്ങള്‍ ശരീര ഭാഗങ്ങളില്‍ എവിടെ വേണമെങ്കിലും കാണപ്പെടാവുന്നതാണ്. വൃത്താകൃതിയില്‍ വെള്ളനിറത്തില്‍ കാണപ്പെടുന്ന ഇവയ്ക്ക് ചൊറിച്ചിലും നിറവ്യത്യാസവും ഉണ്ടാകുന്നു. മറ്റുള്ളവരിലേക്ക് പടരാനും സാധ്യതയുണ്ട്.
ചില രാസവസ്തുക്കള്‍, മൃഗങ്ങളുമായുള്ള അമിത അടുപ്പം എന്നിവയൊക്കെ ഈ അവസ്ഥകള്‍ക്ക് കാരണമാകുന്നു. കുട്ടികളില്‍ ഡയപ്പര്‍ ഉപയോഗിക്കുന്നത് പൂപ്പല്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇതുകൂടാതെ നാവ്, കവിളിന്റെ ഉള്‍ഭാഗം, യോനി എന്നിവടങ്ങളില്‍ വേദനയോടു കൂടിയ ചൊറിച്ചിലും അനുഭവപ്പെടാം.
യോനിയില്‍ ഈ രോഗം ഉണ്ടായാല്‍ മഞ്ഞ നിറത്തിലുള്ള സ്രവം ഉണ്ടാവുകയും അതോടൊപ്പം വേദനയും ചൊറിച്ചിലും പുകച്ചിലും ഉണ്ടാകുന്നു.
ഈ രോഗങ്ങളുടെയെല്ലാം പ്രധാന കാരണം ശുചിത്വമില്ലായ്മയും ശരീരത്തില്‍ നനവ് നിലനില്‍ക്കുന്നതുമാണ്. പൊതുവായ വസ്ത്രങ്ങള്‍, ടോയ്‌ലറ്റ് മുതലായവ ഉപയോഗിക്കുന്നതും സോപ്പ്, ഡിറ്റര്‍ജന്റ് തുടങ്ങിയവയുടെ അമിത ഉപയോഗവുമാണ്.
വായിലെയും യോനിയിലെയും പൂപ്പല്‍ രോഗങ്ങള്‍ ചിലപ്പോള്‍ ചില കാന്‍സര്‍ രോഗങ്ങളുടെ ലക്ഷണമാകാനും സാധ്യതയുണ്ട്.
സാധാരണ വരട്ടുചൊറി, കരപ്പന്‍ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന രോഗമാണ് എക്‌സിമ. പല ത്വക്ക് രോഗങ്ങളുടെയും ലക്ഷണമായാണ് ഇത് കാണപ്പെടുന്നത്.
ഈ രോഗലക്ഷണം കാണുന്നവരില്‍ പലര്‍ക്കും സ്ഥിരമായി ആസ്ത്മ, ജലദോഷം എന്നിവ കാണപ്പെടുന്നു. ചൊറിഞ്ഞ് വെള്ളം വരുന്ന ചെറിയ കുമിളകളായി തുടങ്ങി ത്വക്കിനെ കട്ടിയാക്കുന്ന ഒരവസ്ഥയിലേക്ക് എത്തുന്നു.
ചില രാസപദാര്‍ഥങ്ങള്‍, ലോഹങ്ങള്‍ തുടങ്ങിയവയുടെ നിരന്തരമായ ഉപയോഗം, ശരീരഭാഗങ്ങള്‍, നിരന്തരമായ ഒരു പ്രതലത്തെയോ ഒരു വസ്തുവിനെയോ ഉരസുന്നത്, വെരിക്കോസ് വെയിന്‍, ശരീരഭാഗങ്ങളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് ഒക്കെ എക്‌സിമയ്ക്ക് കാരണമാകുന്നു.
ചിലരില്‍ വരണ്ട ത്വക്ക് വിണ്ടു കീറുന്നതിനും വേദനയ്ക്കും കാരണമാകും. കൈകാല്‍ മുട്ടുകള്‍, തലയോട്ടി, മുഖം, ചെവികള്‍, വിരലുകള്‍, തുടങ്ങിയ ശരീര ഭാഗങ്ങളില്‍ രോഗം കൂടുതലായി കാണപ്പെടുന്നു.
ത്വക്ക് രോഗങ്ങളില്‍ പ്രധാനപ്പെട്ട മൂന്ന് അവസ്ഥകളാണ് മുകളില്‍ പറഞ്ഞത്. ഇതു കൂടാതെ താരന്‍, മുഖക്കുരു, നിറവ്യത്യാസങ്ങള്‍ എന്നിങ്ങനെ പലതും ഈ ഗണത്തില്‍ പെടുന്നു. മുകളില്‍ പറഞ്ഞ എല്ലാ രോഗാവസ്ഥയ്ക്കും ഹോമിയോ മരുന്ന് പരിഹാരമാണ്.
ഹോമിയോ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നു കഴിക്കുകയും ആഹാരശീലങ്ങള്‍ പാലിക്കുകയും അതിലുപരി ആരോഗ്യകരമായ ജീവിതം നയിക്കുകയും ചെയ്താല്‍ 3 - 6 മാസത്തിനുള്ളില്‍ ഈ രോഗം ഭേദമാക്കാന്‍ സാധിക്കും.
അമിത വണ്ണം, പ്രമേഹം, മാനസിക സമ്മര്‍ദം, ചിലയിനം രാസവസ്തുക്കള്‍, മരുന്നുകള്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍ ഇങ്ങനെ പലതും ഈ തരം രോഗങ്ങള്‍ക്ക് കാരണമാവുകയും അല്ലെങ്കില്‍ സങ്കീര്‍ണമാക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ ചില രോഗാവസ്ഥയില്‍ വിശദമായ രക്തപരിശോധനയും ത്വക്കിലെ കോശങ്ങളുടെ പരിശോധനയുമൊക്കെ വേണ്ടിവന്നേക്കാം.
ശരിയായ കാരണങ്ങളും പരിശോധനയും കൂടുതല്‍ കൃത്യമായ മരുന്നുകള്‍ ഉപയോഗിക്കാന്‍ ഡോക്ടറെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ ഹോമിയോ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സിക്കുക.
കടപ്പാട്: ഡോ. എസ്. ശ്രീകുമാരി
ആദിത്യ ഹോമിയോ മെഡിക്കല്‍ സെന്റര്‍
കോതനല്ലൂര്‍, കോട്ടയം
അവസാനം പരിഷ്കരിച്ചത് : 6/12/2020