অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുട്ടയുടെ അത്ഭുത ഗുണങ്ങള്‍

മുട്ടയുടെ അത്ഭുത ഗുണങ്ങള്‍

നമ്മുടെ ഉള്ളം കൈയില്‍ വെക്കാനുള്ള വലിപ്പമേയുള്ളൂവെങ്കിലും മുട്ടയ്ക്ക് അവതാരങ്ങള്‍ പലതാണ്. എന്തിനേറെ മുട്ടയില്‍ കൂടോത്രം വരെ പരീക്ഷിക്കുന്നവരുണ്ടല്ലോ. അതുകൊണ്ടായിരിക്കും മുട്ടയിട്ടു കഴിഞ്ഞ് അതു ലോകത്തെ അറിയിക്കാന്‍ പിടക്കോഴി നീട്ടിക്കൂവുന്നത്!. പക്ഷേ, താനിട്ട മുട്ട ഏത് പരുവത്തില്‍ ആരുടെ വയറ്റിലെത്തുമെന്ന് ആ കോഴിക്ക് ഊഹിക്കാന്‍ പോലുമാവില്ല. മുട്ട മാഹാത്മ്യം എത്ര പറഞ്ഞാലും തീരില്ലെങ്കിലും തീന്‍മേശയില്‍നിന്ന് പലരും പലവട്ടം മുട്ടയെ പുറത്താക്കിയിട്ടുണ്ട്. കൊളസ്‌ട്രോളിന്റെ പ്രധാനകാരണക്കാരന്‍, ഹൃദ്രോഗമുള്ളവരുടെ ശത്രു, ഫാറ്റ് കൂട്ടുന്നവന്‍, മൂലക്കുരുവിനും മുഖക്കുരുവിനും പിന്നിലെ കുറ്റവാളി- മുട്ടയ്ക്ക് കല്‍പ്പിച്ചു കൊടുത്തിട്ടുള്ള കുറ്റപത്രം ഇനിയും നീളും. ഇപ്പോള്‍ മുട്ട തിരിച്ചു വരികയാണ്. പുതിയ പഠനങ്ങളും ഡയറ്റീഷ്യന്‍മാരുടെ വിദഗ്ധാഭിപ്രായവും മുട്ടയ്ക്ക് അനുകൂലം. അതെ, മുട്ട ഒരു ഭീകര ജീവിയല്ല.
പ്രോട്ടീന്‍ ബാങ്ക്
'ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീന്‍ ഉള്ളിലെത്തേണ്ടതുണ്ട്. 60 കിലോ ഭാരമുള്ള ഒരാള്‍ക്ക് ഒരു ദിവസം 60 ഗ്രാം പ്രോട്ടീന്‍ വേണം. കായികാധ്വാനം ചെയ്യുന്നവരോ, അസുഖബാധിതരോ ആണെങ്കില്‍ കൂടുതല്‍ വേണ്ടിവരും. രോഗങ്ങളുള്ളവര്‍ക്ക് പ്രോട്ടീന്റെ കുറവ് അനുഭവപ്പെടാറുണ്ട്. മുട്ടയുടെ വെള്ളയില്‍ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീന്‍, 55 മില്ലി ഗ്രാം സോഡിയം എന്നിവയുണ്ട്. കുറഞ്ഞ അളവിലേ കലോറിയുള്ളൂ. ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ആവശ്യമുള്ള സംഗതിയാണ് .
പ്രോട്ടീന്‍',  കണ്‍സള്‍ട്ടന്റ്- ക്ലിനിക്കല്‍ ന്യൂട്രീഷ്യനറായ ഡോ. മുംതാസ് ഖാലിദ് ഇസ്മായില്‍ പറയുന്നു. 'മുട്ടയുടെ വെള്ള ഡയറ്റിങ്ങിനും സഹായിക്കുന്നുണ്ട്. ശരീരഭാരം ഒരു കിലോ കുറയണമെങ്കില്‍ 7000 കാലറി നഷ്ടപ്പെടണം. പ്രോട്ടീന്‍ അളവ് കൂട്ടിയാല്‍ ശരീരഭാരം നിയന്ത്രിക്കാനാകും. ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള 24 അമിനോ ആസിഡുകളുണ്ട്. ഇവയില്‍ ഒന്‍പതെണ്ണം ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തേണ്ടവയാണത്. ഈ ഒന്‍പതും അടങ്ങിയിട്ടുള്ള ഏക ആഹാരപദാര്‍ഥമാണ് മുട്ട. ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്കും മികച്ച പ്രവര്‍ത്തനത്തിനും ഇവ സഹായിക്കുന്നു. അതേസമയം മഞ്ഞക്കുരുവില്‍ വിറ്റാമിന്‍ എ, ഫാറ്റ്, കൊളസ്‌ട്രോള്‍ എന്നിവയുണ്ട്. മഞ്ഞക്കുരു കൂടുതല്‍ കഴിച്ചാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ നില ഉയരും. പക്ഷേ, നിയന്ത്രിതമായ രീതിയല്‍ കഴിച്ചാല്‍ പ്രശ്‌നമില്ല.'
മുട്ടയെ ഭയപ്പെടേണ്ടതില്ല. ഭക്ഷണം ക്രമീകരിച്ച് കഴിച്ചാല്‍ മതിയെന്ന് സാരം. നാഷണല്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഓഫ് ഓസ്‌ട്രേലിയ ദിവസവും ഒരു മുട്ട വീതം കഴിച്ചാലും കുഴപ്പമില്ലെന്ന് പറയുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തെ ഇത് ബാധിക്കുകയില്ല. മുട്ടയ്‌ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങളും നാരുകളുള്ള ഭക്ഷണവും ഉള്‍പ്പെടുത്തണം. കൊളസ്‌ട്രോള്‍ നില ഉയര്‍ന്ന ആളുകള്‍ മുട്ടയുടെ മഞ്ഞക്കുരു ഒഴിവാക്കണം. പ്രമേഹം, വൃക്കരോഗം തുടങ്ങിയവയുള്ളവര്‍ മുട്ട ഒഴിവാക്കുന്നതാണ് നല്ലതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
'മുട്ട വിഭവങ്ങള്‍ പാകം ചെയ്യുമ്പോള്‍ എണ്ണയുടെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. നാടന്‍ മുട്ട തിരഞ്ഞെടുക്കുക. മുട്ടയുടെ ടേസ്റ്റ് വീണ്ടും കഴിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്', കോഴിക്കോട് ആസ്റ്റര്‍ മിംസ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ വിഭാഗം മാനേജര്‍ ഷെറിന്‍ തോമസ് പറയുന്നു:
'പാകം ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള വിഭവങ്ങളിലൊന്നാണ് മുട്ട. മുട്ട പൊരിക്കാനും ബുള്‍സൈയും ഓംലറ്റും തയാറാക്കാനും പുഴുങ്ങാനും വലിയ സമയമോ, സൗകര്യങ്ങളോ ആവശ്യമില്ല. പല വിഭവങ്ങളോടൊപ്പം ചേര്‍ക്കാനും മുട്ട വേണം. ഉദാഹരണത്തിന് കേക്ക്.'
ഇത്രയധികം പോഷകഗുണങ്ങളുള്ള മറ്റേത് വിഭവത്തെക്കാളും വില കുറവാണ് മുട്ടയ്ക്ക്. ശരാശരി നാലോ-അഞ്ചോ രൂപയേ ഒരു മുട്ടയ്ക്ക് വില വരാറുള്ളു. വീട്ടില്‍ കോഴിയെ വളര്‍ത്താനും വലിയ ചിലവില്ല. ടെറസില്‍ മുട്ടക്കോഴികളെ വളര്‍ത്തുന്ന രീതിയും ഇന്ന് സജീവമായിട്ടുണ്ട്. ദിവസങ്ങളോളം മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കാനാകും. ശരാശരി പത്തു ദിവസം വരെ മുട്ട കേടുകൂടാതെ ഇരിക്കും. മുട്ട ഉപയോഗിച്ച് പാകം ചെയ്യാവുന്ന വിഭവങ്ങളുടെ കണക്കെടുത്താല്‍ അന്തമുണ്ടാവില്ല. ഏറ്റവും സിംപിളായ പുഴുങ്ങിയ മുട്ട മുതല്‍ മുട്ട ബിരിയാണി വരെ എത്രയെത്ര രുചികള്‍. മുട്ട പപ്‌സും മുട്ട സമൂസയും പോലുള്ള ഫാസ്റ്റ് ഫുഡ് ഐറ്റങ്ങള്‍ വേറെയും. അതെ, മുട്ട സിംപിളാണ്. പക്ഷേ, ഭയങ്കര പവര്‍ഫുള്ളാണ്. അതുകൊണ്ടാണ് ഇത്രയും ജനപ്രിയമായതും.
മുട്ട പോഷകങ്ങള്‍
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഭക്ഷണമാണ് മുട്ട. വിറ്റാമിനുകള്‍ ധാരാളമുണ്ട്. മുട്ടയുടെ വെള്ളയിലുള്ളത് ആല്‍ബുമിന്‍ പ്രോട്ടീന്‍.
മഞ്ഞക്കുരുവില്‍ പ്രോട്ടീന്‍, കൊളസ്‌ട്രോള്‍, ഫാറ്റ് എന്നിവയുണ്ട്. മുട്ടയുടെ ഉള്ളില്‍ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്നും അത് ശരീരത്തെ എങ്ങനെയെല്ലാം സഹായിക്കുന്നുവെന്നും നോക്കാം.
പ്രോട്ടീന്‍: മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ പുനരുല്‍പ്പാദനത്തിന് സഹായിക്കുന്നു.
കോളിന്‍- 2: തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായകരമായ കോളിന്‍ എന്ന പോഷകം മുട്ടയിലുണ്ട്. ഇത് നെര്‍വുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. കരളില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നതു തടയാനും കോളിന്‍ സഹായിക്കുന്നു.
വിറ്റാമിന്‍ ഡി: അസ്ഥികള്‍ക്ക് ഏറ്റവും ആവശ്യമുള്ളതാണ് വിറ്റാമിന്‍ ഡി. രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ വിറ്റാമിന്‍ ഡി പങ്കുവഹിക്കുന്നു. മുട്ടയിലുള്ള കാല്‍സ്യവും ഫോസ്ഫറസും എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. മുട്ടയിലുള്ള അയണിന്റെ സാന്നിധ്യം രക്തത്തിലെ ഓക്‌സിജന്‍ വഹിക്കാന്‍ സഹായിക്കും.
ഫാറ്റി ആസിഡ്: ഒമേഗ 3 െഎന്ന ഫാറ്റി ആസിഡ് മുട്ടയിലുണ്ട്. ഇത് തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളായ ല്യൂട്ടീനും സിയാസെന്തിനും കണ്ണുകളെ ആരോഗ്യത്തോടെ നില്‍ക്കാന്‍ സഹായിക്കുന്നു.
അമിനോ ആസിഡ്: നഖം, മുടി എന്നിവയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുന്ന അമിനോ ആസിഡ് മുട്ടയിലുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് ഇവ സഹായിക്കുന്നു.
പ്രോട്ടീന്‍: മെനുവില്‍ പ്രോട്ടീനുള്ള ഭക്ഷണം ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും മെലിയാനും സഹായിക്കും. ബോഡി മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്ന അമിനോ ആസിഡുകള്‍ മുട്ടയിലുണ്ട്.
കോഴിയോ മുട്ടയോ
കോഴിയാണോ, മുട്ടയാണോ ആദ്യമുണ്ടായതെന്ന കുഴയ്ക്കുന്ന ചോദ്യം ചെറുപ്പം മുതല്‍ കേള്‍ക്കുന്നതുകൊണ്ട് മുട്ടയെന്നാല്‍ അത് കോഴിയിടുന്ന മുട്ട എന്ന് മനസില്‍ പതിഞ്ഞുപോയിട്ടുണ്ടാകും. കോഴി മുട്ട മാത്രമല്ല, താറാവ്, കാട തുടങ്ങിയവയുടെ മുട്ടയും രുചിയുള്ള വിഭവങ്ങളാകുന്നു. കോഴിമുട്ടയേക്കാള്‍ വലുതാണ് താറാവ് മുട്ടയെങ്കില്‍ കാടമുട്ട ഇത്തിരി ചെറുതാണ്. പക്ഷേ, ഒരു കോഴിക്ക് അര കാട എന്നാണല്ലോ, ചൊല്ല്. കോഴിയായാലും താറാവായാലും കാടയായാലും മുട്ട മുട്ടതന്നെ.
കടപ്പാട്:മാതൃഭൂമി

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate