অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാസക്ടമി എന്ന പുരുഷവന്ധ്യംകരണം

വാസക്ടമി എന്ന പുരുഷവന്ധ്യംകരണം

എന്താണ് വാസക്ടമി

സ്ഥിരമായ ഗർഭനിരോധനത്തിനായി പുരുഷന്മാരിൽ നടത്തുന്ന ഒരു ലളിതമായ ശസ്ത്രക്രിയയാണ് വാസക്ടമി. ഇതിൽ, വൃഷണങ്ങളിൽ നിന്ന് ലിംഗത്തിലേക്ക് ബീജങ്ങളെ വഹിച്ചുകൊണ്ടുവരുന്ന കുഴൽ തടസ്സപ്പെടുത്തുകയോ മുറിക്കുകയോ അടയ്ക്കുകയോ ചെയ്യുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷവും വൃഷണങ്ങൾ ബീജോത്പാദനം നടത്തുമെങ്കിലും അവ ശുക്ളം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയിലേക്ക് എത്തിച്ചേരാതെ തടയപ്പെടുന്നു. വാസക്ടമിക്കു ശേഷവും പുരുഷന് സ്ഖലനം സംഭവിക്കുമെങ്കിലും ശുക്ളത്തിൽ ബീജത്തിന്റെ സാന്നിധ്യമുണ്ടാവില്ല. അതിനാൽ, ബീജസംയോഗവും ഗർഭവും ഉണ്ടാവില്ല.

എങ്ങനെയാണ് വാസക്ടമി നടത്തുന്നത്

പരമ്പരാഗത വാസക്ടമി

പരമ്പരാഗത രീതിയിലുള്ള വാസക്ടമിയിൽ, വൃഷണസഞ്ചിയിൽ ഇരു വശങ്ങളിലായി ചെറിയ മുറിവുകൾ സൃഷ്ടിക്കുകയും വൃഷണത്തിൽ നിന്ന് ബീജങ്ങളെ വഹിച്ചുകൊണ്ടുവരുന്ന കുഴലുകൾ അടയ്ക്കുകയും ചെയ്യുന്നു. മുറിവുകൾ പിന്നീട് തുന്നിച്ചേർക്കുന്നു.

നോ-സ്കാല്പൽ വാസക്ടമി

നോ-സ്കാല്പൽ വാസക്ടമിയിൽ വൃഷണസഞ്ചിയിൽ മുറിവുകൾ ഉണ്ടാക്കുന്

നതിനു പകരം പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ തുളകൾ ഉണ്ടാക്കുകയും കുഴലുകൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. രക്തസ്രാവം കുറവായിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത

 

വാസ്ക്ടമി ശസ്ത്രക്രിയയ്ക്ക് ശേഷം?

  • ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നിങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കും. സങ്കീർണതകൾ ഒഴിവാക്കുന്നതിനായി, ഒരാഴ്ച സമയത്തേക്ക് കഠിന ജോലികളിൽ ഏർപ്പെടുകയോ ഭാരം ഉയർത്തുകയോ കായിക ഇനങ്ങളിൽ പങ്കെടുക്കുകയോ ചെയ്യരുതെന്ന് ഡോക്ടർ നിർദേശിക്കും.
  • അടിവസ്ത്രം: അസ്വസ്ഥതയും വേദനയും ഒഴിവാക്കുന്നതിനായി അടുത്ത 3-4 ദിവസത്തേക്ക് നിർബന്ധമായും ശരിയായ സൈസിലുള്ള അടിവസ്ത്രം ധരിക്കാൻ നിർദേശിച്ചേക്കാം.
  • ഏതാനും ദിവസത്തേക്ക് നിങ്ങൾക്ക് വൃഷണസഞ്ചിയിൽ വേദനയും അസ്വസ്ഥതയും തോന്നിയേക്കാമെന്നതിനാൽ, വേദനാസംഹാരികൾ നിർദേശിക്കും.
  • വാസക്ടമിക്കു ശേഷം ആദ്യമായി നടക്കുന്ന സ്ഖലനങ്ങളിൽ (ഏതാനും തവണ) ശുക്ളത്തിൽ രക്തം കാണപ്പെടാം. ഇത് സ്വാഭാവികമാണ്.

വാസക്ടമിക്കു ശേഷം എപ്പോൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാം?

വാസക്ടമിക്കു ശേഷം നിങ്ങൾക്ക് ആഗ്രഹം തോന്നുന്ന അവസരത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാം. എന്നാൽ, ഏതാനും ദിവസം കാത്തിരിക്കുന്നത് നന്നായിരിക്കും. കുഴലുകളിൽ അവശേഷിക്കുന്ന ബീജങ്ങൾ ഇല്ലാതാവാൻ കുറച്ചുസമയം കാത്തിരിക്കേണ്ടിവരുമെന്ന കാര്യം മറക്കരുത്. കുഴലുകളിൽ നിന്നുള്ള ബീജങ്ങൾ ഇല്ലാതാകണമെങ്കിൽ 20-30 തവണത്തെ സ്ഖലനം വേണ്ടിവരും.

ഈ കാലയളവിൽ, നിങ്ങൾ ഗർഭനിരോധന ഉറ പോലെയുള്ള മറ്റ് ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കേണ്ടിവരും. ശുക്ള പരിശോധനയിൽ ബീജങ്ങൾ ഇല്ല എന്ന് ഉറപ്പാകും വരെ ഈ മാർഗം അവലംബിക്കേണ്ടതുണ്ട്.

ഗുണങ്ങൾ

  • സ്ത്രീവന്ധ്യംകരണത്തിനു പകരം പുരുഷന്മാരിൽ നടത്താവുന്ന ഫലപ്രദമായ ഒരു ഗർഭനിരോധനമാർഗമാണിത്.
  • 1000 പേരിൽ 0.5 – 1 പേർക്കു മാത്രമാണ് വാസക്ടമി പരാജയപ്പെടുന്നത്. അതേസമയം, സ്ത്രീവന്ധ്യംകരണം 1000 പേരിൽ 2-10 പേർക്ക് പരാജയമായിരിക്കും.
  • ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ല.

ദോഷങ്ങൾ

  • ലൈംഗികജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വാസക്ടമി സഹായിക്കില്ല, ഇതിനായി ഗർഭനിരോധന ഉറ ഉപയോഗിക്കേണ്ടിവരും.
  • വാസക്ടമി ചെയ്തു കഴിഞ്ഞാൽ മുമ്പുള്ള അവസ്ഥ പുന:സ്ഥാപിക്കുക എളുപ്പമല്ല.
  • ശുക്ളത്തിൽ ബീജങ്ങളുടെ സാന്നിധ്യം ഇല്ലാതാകുന്നതുവരെ ഗർഭനിരോധന ഉറ പോലെയുള്ള ഗർഭനിരോധന മാർഗങ്ങളും സ്വീകരിക്കേണ്ടിവരും.
  • വാസക്ടമിക്ക് വിധേയമാകുന്ന ചുരുക്കം ചില ആളുകൾക്ക് സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

വാസക്ടമി മൂലം ഉണ്ടാകാവുന്ന സങ്കീർണതകൾ എന്തൊക്കെ?

  • ചില കേസുകളിൽ, രക്തസ്രാവവും രക്തം കട്ടപിടിക്കലും ഉണ്ടാകുന്നതു മൂലം വൃഷണസഞ്ചി വീങ്ങുകയും വേദനയുള്ളതാവുകയും ചെയ്യും.
  • ശസ്ത്രക്രിയ നടത്തിയ ഭാഗം ശുചിയായി സൂക്ഷിച്ചില്ലെങ്കിൽ, വൃഷണസഞ്ചിയിൽ ഉണ്ടാക്കിയ മുറിവുകളിൽ അണുബാധയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
  • ചിലരിൽ, ബീജങ്ങൾ ചോരുന്നതു മൂലം ‘സ്പേം ഗ്രാനുലോമ’ എന്ന മുഴകൾ ഉണ്ടാകുന്നത് വേദനയും വീക്കവും വർദ്ധിപ്പിക്കും.
  • ബീജം അടിഞ്ഞുകൂടുന്നതു മൂലം ചിലർക്ക് വൃഷണങ്ങൾ നിറഞ്ഞിരിക്കുന്നതായി തോന്നും. സാധാരണയായി, ഏതാനും ആഴ്ച കഴിയുമ്പോഴേക്കും ഇത് കുറഞ്ഞു തുടങ്ങും. എന്നാൽ, ഇത് തുടർന്നും നിലനിൽക്കുകയാണെങ്കിൽ, ഡോക്ടറുടെ സഹായം തേടണം.
  • ചിലർക്ക് വൃഷണങ്ങളിൽ നീണ്ടുനിൽക്കുന്ന തരത്തിലുള്ള വേദന അനുഭവപ്പെടാം. ഇവർ വീണ്ടും ഡോക്ടറെ കാണുക.
  • അപൂർവം കേസുകളിൽ ശസ്ത്രക്രിയ പരാജയപ്പെടുകയും ചെയ്യാം. മുറിക്കപ്പെട്ട കുഴലുകൾ സ്വയം കൂടിച്ചേരുന്നതു മൂലം ഗർഭം ഉണ്ടാവുകയും ചെയ്യാം.

വാസക്ടമി ചെയ്യുന്നത് ലൈംഗികാഗ്രഹത്തെയോ പ്രകടനത്തെയോ ബാധിക്കുമോ?

  • വാസക്ടമി ലൈംഗികാഗ്രഹത്തെയോ ലൈംഗിക പ്രകടനത്തെയോ ബാധിക്കില്ല.
  • ലൈംഗികാഗ്രത്തിനു കാരണമാകുന്നത് ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ ഉത്പാദനമാണ്. ഇതിന്റെ ഉത്പാദനവും രക്തത്തിലൂടെയുള്ള സഞ്ചാരവും തുടരും.
  • നിങ്ങൾക്ക് സ്ഖലനവും അനുഭൂതിയും തുടർന്നുമുണ്ടാകും.

വാസക്ടമി പിന്നീട് അസ്ഥിരപ്പെടുത്താൻ സാധിക്കുമോ?

  • മുറിക്കപ്പെട്ട കുഴലുകൾ വീണ്ടും കൂട്ടിയോജിപ്പിക്കുന്നതിലൂടെ ഇത് അസ്ഥിരപ്പെടുത്താൻ സാധിക്കും. എന്നാൽ, ഈ നടപടിക്രമം എപ്പോഴും വിജയിക്കണമെന്നില്ല.
  • വാസ്ക്ടമി അസ്ഥിരപ്പെടുത്തിയ ശേഷം എത്ര ശതമാനം പുരുഷന്മാർക്ക് കുട്ടികൾ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് വിജയശതമാനം നിശ്ചയിക്കുന്നത്.  എത്രകാലം മുമ്പാണ് നടപടിക്രമത്തിനു വിധേയമായത്, ഏതു തരം നടപടിക്രമത്തിനാണ് വിധേയമായത് തുടങ്ങിയ നിരവധി ഘടകങ്ങൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • ഉദാഹരണത്തിന്, കുറച്ചുകാലം മുമ്പാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായതെങ്കിൽ, കുഴലുകളിൽ കൂടുതൽ വടുക്കൾ ഉണ്ടാകുന്നതിനും ശസ്ത്രക്രിയ പരാജയപ്പെടുന്നതിനും സാധ്യത കൂടുതലായിരിക്കും.
  • അസ്ഥിരപ്പെടുത്തുന്നതിന്റെ വിജയശതമാനം;
      • മൂന്ന് വർഷത്തിനുള്ളിൽ – 75%
      • 3-8 വർഷം – 55%
      • 9-19 വർഷത്തിനു ശേഷം 30-40%
  • ചിലരിൽ, പുന:സ്ഥാപന ശസ്ത്രക്രിയയ്ക്ക് ശേഷം ശുക്ളത്തിൽ ബീജം കണ്ടെത്തിയാലും ഗർഭമുണ്ടാവില്ല. നടപടിക്രമത്തിനു ശേഷം ബീജങ്ങളുടെ ചലനശേഷി കുറയുന്നതാണ് ഇതിനു കാരണമാകുന്നത്.
കടപ്പാട് : മോഡസ്റ്റ

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate