অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മനോഹരമായ പല്ലുകള്‍ക്ക് ചില ആരോഗ്യശീലങ്ങള്‍.

മനോഹരമായ പല്ലുകള്‍ക്ക് ചില ആരോഗ്യശീലങ്ങള്‍.

മനോഹരമായ പല്ലുകള്‍ക്ക് ചില ആരോഗ്യശീലങ്ങള്‍.
തുമ്പപ്പൂ പല്ലുകള്‍, തൂമതന്‍ ചില്ലകള്‍പുഞ്ചിരിപ്പാല്‍ മുത്തു-മാല കോര്‍ക്കെ...'
മനോഹരമായ പുഞ്ചിരി പോലെ ആകര്‍ഷകമായ കാഴ്ച മറ്റെന്തുണ്ട് ലോകത്ത്. അതിന്റെ ഗുണഫലങ്ങള്‍ സന്തോഷവും സൗഹൃദവും മുതല്‍ അവസരങ്ങളുടെ വാതായനം തുറക്കുന്നതുവരെ പലതുണ്ട്. ദാനം ചോദിച്ചു വരുന്നവന് നല്‍കാന്‍ കൈയിലൊന്നുമില്ലെങ്കില്‍ പുഞ്ചിരി നല്‍കൂ എന്ന് പറയുന്നതിനു പിന്നിലും പുഞ്ചിരിയുടെ ഈ മഹത്ത്വം തന്നെയാണുള്ളത്. പുഞ്ചിരിയുടെ ഈ സൗന്ദര്യത്തിന്റെയും ഹൃദ്യതയുടെയുമൊക്കെ അടിസ്ഥാനം ആരോഗ്യമുള്ള പല്ലുകള്‍ തന്നെ. അതിനു വേണ്ടത് ശരിയായ ദന്ത ശുചിത്വ ശീലങ്ങളാണ്.
ദിവസവും കുറഞ്ഞത് രണ്ടു നേരമെങ്കിലും പല്ല് തേയ്ക്കുന്ന ശീലമുള്ളവരാണ് അധികം പേരും. പക്ഷേ നമ്മിലെത്ര പേര്‍ക്ക് പറയാനാവും, നമ്മള്‍ പല്ല് തേയ്ക്കുന്നത് ശരിയായ രീതിയില്‍ തന്നെയാണെന്ന്? നിങ്ങള്‍ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് യോജിക്കുന്നതു തന്നെയാണോ അല്ലയോ എന്ന് നിങ്ങള്‍ക്ക് ഉറപ്പിച്ച് പറയാനാവുമോ? നിങ്ങളുടെ ടൂത്ത് ബ്രഷ് അതിന്റെ ധര്‍മം ശരിയായി നിര്‍വഹിക്കുന്നുണ്ടോ?
പല്ലിനെക്കുറിച്ചുള്ള ശരിയായ അടിസ്ഥാന പാഠങ്ങള്‍ ലഭിക്കുക, മികച്ച വായ ശുചിത്വശീലങ്ങള്‍ പാലിക്കുക, പല്ലിനുണ്ടാകുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായി ദന്തരോഗ വിദഗ്ധന്റെ സഹായം തേടുക - മനോഹരവും ആരോഗ്യപൂര്‍ണവുമായ പുഞ്ചിരിക്ക് വേണ്ടത് ഇത്ര മാത്രം.
ദിവസവും അല്‍പം നിമിഷങ്ങള്‍ പല്ലിനും വായയ്ക്കും വേണ്ടി ചെലവഴിക്കുന്നത് ആയുസ്സ് മുഴുവനും ആരോഗ്യമുള്ള പല്ലുകള്‍ നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും.
പല്ല് തേയ്‌ക്കേണ്ടതെങ്ങനെ .
ജീവിത കാലം മുഴുവന്‍ ആവശ്യമുള്ളവയാണ് പല്ലുകള്‍. അതിനാവശ്യമായ ഘടനയോടെയാണ് അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും. മോണരോഗങ്ങളും പല്ലിലെ പോടുകളും പക്ഷേ അവയുടെ ആയുസ്സ് കുറയ്ക്കും. പല്ലുകള്‍ ആയുസ്സ് മുഴുവന്‍ ആരോഗ്യത്തോടെയിരിക്കാന്‍ അടിസ്ഥാനപരമായി വേണ്ട ഒരു സംഗതി ശരിയായ രീതിയിലുള്ള പല്ല് തേപ്പാണ്. പ്രതിരോധം തന്നെയാണ് പല്ലിന്റെ കാര്യത്തിലും ചികിത്സയെക്കാള്‍ മികച്ച സമീപനം.
പല്ല് തേയ്ക്കുക എന്നതിനെക്കാള്‍ പ്രധാനം എത്ര ശരിയായും ഫലപ്രദമായുമാണ് പല്ല് തേയ്ക്കുന്നത് എന്നതാണ്. പല്ലിന്റെയും മോണയുടെയും മുക്കിലും മൂലയിലും വിടവുകളിലുമൊക്കെ ബ്രഷ് കടന്നുചെന്ന് ശുചിയാക്കുന്ന തരത്തിലുള്ളതാണ് ശരിയായ പല്ല് തേപ്പ്.
ശരിയായ രീതിയില്‍ പല്ല് തേയ്ക്കുന്നതിന് സഹായകരമായ ചില വിവരങ്ങള്‍ ഇതാ:
ബ്രഷിലെ നാരുകള്‍ പല്ലിന്റെ പ്രതലത്തില്‍ 45 ഡിഗ്രി ചെരിവില്‍ വെക്കാന്‍ കഴിയുന്ന രീതിയില്‍ കൈയില്‍ നിന്ന് തെന്നിപ്പോകാത്ത വിധം വേണം പല്ല് തേയ്ക്കാനായി ബ്രഷ് പിടിക്കേണ്ടത്.
പല്ലിനും മോണയ്ക്കും ഇടയിലുള്ള ഭാഗങ്ങളിലെല്ലാം ബ്രഷിലെ നാരുകള്‍ക്ക് എത്തിച്ചേരാന്‍ അപ്പോള്‍ കഴിയും. വായയുടെ ഒരു വശത്തുനിന്ന് തുടങ്ങുക. ആദ്യം മുകളിലെയും താഴത്തെയും വരിയിലുള്ള പല്ലുകളുടെ പുറം ഭാഗമാണ് തേയ്‌ക്കേണ്ടത്. വായയുടെ ഒരു വശത്തുനിന്ന് തുടങ്ങി എതിര്‍ വശത്തിന്റെ പിന്നില്‍ അവസാനിക്കുന്ന രീതിയിലായിരിക്കണം ബ്രഷ് നീങ്ങേണ്ടത്. വട്ടത്തിലായിരിക്കണം ബ്രഷിന്റെ ചലനം. തുടര്‍ന്ന് പല്ലിന്റെ ഉള്‍ഭാഗത്തും ഇതുപോലെ ഒരു വശത്തുനിന്ന് തുടങ്ങി എതിര്‍വശത്ത് അവസാനിക്കുന്ന രീതിയില്‍ പല്ല് തേയ്ക്കല്‍ ആവര്‍ത്തിക്കണം. പല്ലിലെ ചവയ്ക്കുന്ന ഭാഗവും തുടര്‍ന്ന് തേയ്ക്കണം.
അവസാനം രണ്ടോ മൂന്നോ തവണ നാവും പിന്നില്‍ നിന്ന് മുന്നിലേക്ക് തേയ്ക്കുക. എന്നിട്ട് നാവുപയോഗിച്ച് പല്ല് വൃത്തിയായോ, മിനുമിനുപ്പുണ്ടോ എന്ന് നോക്കുക. അല്ലെങ്കില്‍ വൃത്തിയാകേണ്ട സ്ഥലങ്ങളില്‍ പല്ല് തേയ്ക്കല്‍ ആവര്‍ത്തിക്കുക. എത്രതവണ പല്ല് തേയ്ക്കണം.
ശരിയായ വായ ശുചിത്വം നിലനിര്‍ത്തുന്നതിന് കുറഞ്ഞത് ദിവസം രണ്ടുതവണയെങ്കിലും പല്ല് തേയ്ക്കണം. കഴിയുമെങ്കില്‍ മൂന്നുതവണയും തേയ്ക്കാം.
ഇനി രണ്ടുതവണ പോലും തേയ്ക്കാനാവാത്തവര്‍ ഒരു ദിവസത്തെ അവസാന പ്രവൃത്തിയായി രാത്രിയില്‍ പല്ല് തേയ്ക്കുന്നതാണ് നല്ലത്. കാരണം രാത്രി വായയിലെ ഉമിനീരിന്റെ ഒഴുക്ക് നിലയ്ക്കുന്നതോടെ പകല്‍ പല്ലില്‍ അടിഞ്ഞുകൂടിയ ബാക്ടീരിയകളുടെ പ്രവര്‍ത്തനം ശക്തമാകും.
ഇതു മൂലം ഉറക്കത്തില്‍ പല്ലിനുള്ള സ്വാഭാവിക സംരക്ഷണം വളരെ കുറവായിരിക്കും. അതുകൊണ്ടാണ് രാത്രി കിടക്കുന്നതിനു മുമ്പ് പല്ല് തേയ്ക്കണം എന്ന് പറയുന്നത്. പല്ല് തേച്ച ശേഷം ഉടനെ വായ കഴുകുകയും ചെയ്യരുത്. അധികമുള്ള പേസ്റ്റ് പത തുപ്പിക്കളഞ്ഞ ശേഷം ബാക്കിയുള്ളത് അല്‍പ സമയം വായില്‍ നിര്‍ത്തണം. പല്ലിന്മേലുള്ള ഫ്ലൂറൈഡിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നതിനു വേണ്ടിയാണിത്.
ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കാം
ശരിയായ പല്ല് തേയ്ക്കലിനുള്ള അടിസ്ഥാനോപാധിയാണ് മികച്ച ടൂത്ത് ബ്രഷ്. നല്ല ബ്രഷെന്നാല്‍ പലരുടെയും ധാരണ നല്ല കടുപ്പമുള്ള ബ്രഷ് എന്നാണ്. കടുപ്പമുള്ള ബ്രഷ് ഉപയോഗിച്ച് പല്ല് തേച്ചാല്‍ എല്ലാമായി എന്നാണ് അത്തരക്കാര്‍ കരുതുന്നത്. സത്യത്തില്‍ കടുപ്പമുള്ള ബ്രഷുകള്‍ പല്ലിന്റെ ഇനാമലിന് കേടുവരുത്തുകയാണ് ചെയ്യുക. മാത്രമല്ല മോണകള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്യും. മികച്ച ടൂത്ത് ബ്രഷിനുണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യതകള്‍ എന്തൊക്കെയാണ്.
ബ്രഷിന്റെ തല ഭാഗത്തിന് 20 മി.മീറ്ററില്‍ (0.8 ഇഞ്ച്) കൂടുതല്‍ നീളമുണ്ടായിരിക്കരുത്. മിതമായ മൃദുത്വമുള്ള നൈലോണ്‍ നാരുകളായിരിക്കണം അതിലുള്ളത്. കടുത്തതായിരിക്കരുത്. നാരുകളുടെ അഗ്രം ഉരുണ്ടതുമായിരിക്കണം. ബ്രഷിന്റെ കാര്യത്തില്‍ അപ്രധാനമെന്ന് പലരും കരുതുന്ന ഒന്നാണ് ഗ്രിപ്പ്.
എന്നാല്‍ ബ്രഷിന്റെ മേലുള്ള സൗകര്യപ്രദമായ ഗ്രിപ്പ് പല്ല് തേയ്ക്കല്‍ ഫലപ്രദമാക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. പല്ല് തേയ്ക്കുമ്പോള്‍ ബ്രഷ് കൈയില്‍ നിന്ന് തെന്നിപ്പോകുന്നത് മോണയിലും അണ്ണാക്കിലുമൊക്കെ മുറിവുണ്ടാക്കുകയും പല്ല് തേയ്ക്കല്‍ ഒരു വേദനാജനകമായ അനുഭവമാക്കി മാറ്റുകയും ചെയ്യും. അതുകൊണ്ട് നനയുമ്പോള്‍ തെന്നിപ്പോകാത്തതും സൗകര്യപ്രദമായ രീതിയില്‍ പിടിക്കാന്‍ കഴിയുന്നതുമായ ബ്രഷ് വേണം തിരഞ്ഞെടുക്കാന്‍.
പേസ്റ്റ് വാങ്ങുമ്പോള്‍
നിങ്ങളുടെ പ്രദേശത്തെ വെള്ളത്തില്‍ ആവശ്യമായ അളവില്‍ ഫ്ലൂറൈഡ് ഇല്ലെങ്കില്‍ ഫ്ലൂറൈഡ് ചേര്‍ന്ന ടൂത്ത് പേസ്റ്റാണ് പല്ല് തേയ്ക്കാന്‍ ഉപയോഗിക്കേണ്ടത്. ഫ്ലൂറൈഡിന്റെ അളവ് കൂടിയാലും പ്രശ്‌നമാണ്. അത് പല്ലിന്റെ നിറം നഷ്ടപ്പെടുത്തും. പ്രത്യേകിച്ച് കുട്ടികളില്‍.
അതുകൊണ്ട് ഫ്ലൂറൈഡ് ചേര്‍ന്ന ടൂത്ത് പേസ്റ്റ് ഉപയോഗിക്കുമ്പോള്‍ കരുതല്‍ വേണം. ഫ്ലൂറൈഡ് പല്ലുകളെ ബലപ്പെടുത്തുന്നത് രണ്ടുതരത്തിലാണ് - ഉള്ളില്‍ നിന്നും പുറത്തുനിന്നും.
വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മറ്റും ശരിയായ അളവില്‍ ഫ്ലൂറൈഡ് ഉള്ളിലെത്തുന്നത് വഴിയാണ് ഒന്ന്. രണ്ടാമത്തേത് പല്ല് തേയ്ക്കാന്‍ ഉപയോഗിക്കുന്ന പേസ്റ്റിലൂടെ പല്ലിനുമേല്‍ നേരിട്ട് പ്രയോഗിക്കുന്നത് വഴിയും. ഇങ്ങനെ ലഭിക്കുന്ന ഫ്ലൂറൈഡ് ദന്ത നാശത്തെ പ്രതിരോധിച്ച് പല്ലിനെ കൂടുതല്‍ കരുത്തുറ്റതാക്കും.
ആര്യ ഉണ്ണി
കടപ്പാട്

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate