অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മഞ്ഞുകാലത്തെ രോഗങ്ങള്‍

തുലാവര്‍ഷം കഴിയുന്നതോടെ കേരളത്തിലെ മഞ്ഞുകാലം തുടങ്ങുകയായി. നവംബര്‍ അവസാനം മുതല്‍ ഏകദേശം ഫെബ്രുവരി പകുതിവരെ ഇത് നീണ്ടുനില്‍ക്കുന്നു. രാത്രിയിലും അതിരാവിലേയും മഞ്ഞും തണുപ്പും, പകല്‍ സമയത്ത്‌ സാമാന്യം ശക്തമായ വെയിലും കാലാവസ്ഥയുടെ സവിശേഷമായ പ്രത്യേകതയാണ്. പെട്ടെന്നുള്ള ഈ മാറ്റം പലവിധ അസുഖങ്ങള്‍ക്കും കാരണമായേക്കാം.

നമ്മുടെ ശ്വാസനാളങ്ങള്‍ക്കകത്തുള്ള ശ്ലേഷ്മപാളി (Mucous lining) രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ വലിയ പങ്ക് വഹിക്കുന്നു. തണുപ്പ് കാലാവസ്ഥയില്‍ ഇവയിലെ ഈര്‍പ്പം നഷ്ടപ്പെടുകയും വരളുകയും ചെയ്യുന്നു. ഇങ്ങനെ പ്രതിരോധ ശേഷിയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് രോഗങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നതിന് കാരണം.

ജലദോഷം, ഫ്ലൂ, തൊണ്ടപഴുപ്പ്‌, ആസ്ത്മ, നാസിക അലര്‍ജി, വിട്ടുമാറാത്ത ചുമ, തൊലിപ്പുറമേയുള്ള അസുഖങ്ങള്‍ എന്നിവയാണ് പ്രധാനമായും മഞ്ഞുകാലത്ത് കുട്ടികളെ അലട്ടുന്ന പ്രശ്നങ്ങള്‍.

ജലദോഷം (common cold)

മഞ്ഞുകാലത്ത് കുട്ടികളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രോഗമാണിത്. വിവിധതരം വൈറസുകള്‍ ഇതിന് കാരണമാണെങ്കിലും ‘റൈനോ വൈറസ്‌’ എന്ന ഒരുതരം വൈറസാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. തുമ്മല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്‌, മൂക്ക്, കണ്ണ് ചൊറിച്ചില്‍, ചുമ, തലവേദന, ചെറിയ പണി എന്നിവയാണ് പ്രധാന ലക്ഷങ്ങള്‍. സാധാരണ 34 ദിവസങ്ങള്‍ കൊണ്ട് ഭേദമാകുമെങ്കിലും മൂക്കടപ്പും മൂക്കൊലിപ്പും ചിലപ്പോള്‍ വീണ്ടും രണ്ടാഴ്ച കൂടി തുടരും.

രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ചികിത്സ മാത്രമേ ആവശ്യമുള്ളൂ. വൈറസ്‌ രോഗമായതിനാല്‍ ആന്‍റിബയോട്ടിക് മരുന്നുകള്‍ ആവശ്യമില്ല. ശുദ്ധീകരിച്ച ഉപ്പുവെള്ളത്തിന്റെ തുള്ളികള്‍ മൂക്കില്‍ ഇറ്റിക്കുന്നത് മൂക്കടപ്പിന് ആശ്വാസം നല്‍കും. ധാരാളം വെള്ളം കുടിയ്ക്കുക. ദിവസേന മൂന്നോ നാലോ തവണ വെള്ളത്തില്‍ ആവിപിടിക്കുന്നത് വളരെ നല്ലതാണ്. അതോടൊപ്പം തണുത്ത കാലാവസ്ഥ, തണുത്ത ഭക്ഷണ സാധനങ്ങള്‍ എന്നിവ ഒഴിവാക്കുക.

ഇന്‍ഫ്ലുവന്‍സ്‌ (ഫ്ലൂ)

ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളുമായി തുടങ്ങി, പിന്നീട് കഠിനമായ പനി, ശരീര വേദന, അതിയായ ക്ഷീണം, ചര്‍ദ്ദി, തലവേദന, തൊണ്ടവേദന എന്നിവ ഉണ്ടാവുകയും ചെയ്യുന്ന രോഗമാണ് ഫ്ലൂ. തണുപ്പ് കാലത്ത്‌ കൂടുതല്‍ കുട്ടികളില്‍ ഈ രോഗം കണ്ടുവരാറുണ്ട്. ഇന്‍ഫ്ലുവന്‍സ A,B,C എന്ന വൈറസുകളാണ് രോഗത്തിന് കാരണം. രോഗിയോട് അടുത്ത ഇടപഴകിയാലും, ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വായുവഴിയും രോഗം പകരം.

  • തുമ്മുമ്പോഴും ചീറ്റുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് പൊത്തുക
  • സോപ്പുപയോഗിച്ച് കൈകള്‍ ഇടയ്ക്കിടയ്ക്ക് കഴുകുക
  • രോഗബാധിതര്‍, രോഗം പൂര്‍ണ്ണമായും മാറുന്നത് വരെ പൊതുസ്ഥലങ്ങള്‍ ഒഴിവാക്കുക
  • ചൂടുള്ള പാനീയങ്ങള്‍ ക്രമമായി നിരന്തരം കുടിയ്ക്കുക
  • നന്നായി വേവിച്ച, മൃദുവായ, പോഷക പ്രധാനമായ ഭക്ഷണം ചെറിയ അളവില്‍ ഇടവിട്ട്‌ തുടര്‍ച്ചയായി കഴിക്കുക
  • ചൂടുവെള്ളത്തില്‍ ആവി കൊള്ളുന്നതും, ഇളം ചൂട് വെള്ളം തൊണ്ടയില്‍ കൊള്ളുന്നതും ആശ്വാസം നല്‍കും
  • സ്വയം ചികിത്സയും അനാവശ്യമായി ആന്‍റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതും അപകടം ചെയ്തേക്കാം. അടുത്തുള്ള ഡോക്ടറെ വൈകാതെ കാണിക്കുന്നതാണ് നല്ലത്

തൊണ്ടപഴുപ്പ്‌ (ടോണ്‍സിലൈറ്റിസ്)

തൊണ്ടയെ ബാധിക്കുന്ന വൈറസ്‌ / ബാക്റ്റീരിയ ബാധയാണ് തൊണ്ടപഴുപ്പ്‌. കഠിനമായ തൊണ്ടവേദന, ശക്തിയായ പനി, ക്ഷീണം, തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇളം ചൂടുള്ള ഉപ്പുവെള്ളം ഇടയ്ക്കിടെ കവിളില്‍ കൊള്ളുന്നത് വേദന കുറയാനും രോഗം ഭേദമാകാനും സഹായിക്കും. വളരെ ചെറിയ കുട്ടികള്‍ക്ക് ഇളം ചൂടുള്ള കഞ്ഞിവെള്ളം ഉപ്പിട്ട് കുടിയ്ക്കാന്‍ കൊടുക്കുക.

പനി, വേദന എന്നിവയുണ്ടെങ്കില്‍ പാരസെറ്റമോള്‍ ഗുളിക കൊടുക്കുക.

ധാരാളം വെള്ളവും കട്ടി കുറഞ്ഞ ഭക്ഷണവും കഴിക്കാന്‍ കൊടുക്കുക.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യമെങ്കില്‍ ആന്‍റി ബയോട്ടിക് മരുന്നുകള്‍ നല്‍കുക. വര്‍ഷത്തില്‍ പല തവണ തൊണ്ട പഴുപ്പ്‌ ഉണ്ടാകുന്നുവെങ്കില്‍ ഒരു പക്ഷേ ടോണ്‍സില്‍ ഗ്രന്ഥി ശസ്ത്രക്രിയ ചെയ്ത് നീക്കേണ്ടി വരും. അത്തരം ഘട്ടങ്ങളില്‍ ഒരു ഇഎന്‍ടി ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ ചികിത്സ സ്വീകരിക്കുക.

ആസ്തമ

ശ്വാസകോശങ്ങളെ, പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന അലര്‍ജിയാണ് ആസ്തമ. ആസ്ത്മയ്ക്ക് കാരണമായ വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ശ്വാസനാളിയുടെ ചുറ്റുമുള്ള പേശികള്‍ മുറുകുകയും ഉള്ളില്‍ നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ ശ്വാസനാളികള്‍ ചുരുങ്ങുകയും സാശാരണ രീതിയിലുള്ള വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യുന്നു. ചുമ, ശ്വാസം മുട്ടല്‍, ഇടയ്ക്കിടെ ഉണ്ടാകുന്ന കഫക്കെട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. തണുപ്പ് കാലാവസ്ഥയില്‍ ആസ്ത്മ രോഗം വരാനും ലക്ഷണങ്ങള്‍ മൂര്‍ച്ചിയ്ക്കാനും സാധ്യതയുണ്ട്.

ആസ്ത്മയുള്ള കുട്ടികള്‍ മഞ്ഞുകാലത്ത് കൂടുതല്‍ ശ്രദ്ധിക്കണം. ചികിത്സയുടെ ഭാഗമായി ഡോക്ടര്‍ ഇന്‍ഹേലര്‍ (വലിക്കുന്ന മരുന്ന്) നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ കൃത്യതയോടെ അത് ചെയ്യണം. രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ഡോക്ടറെ സമീപിക്കുക. തണുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും മഞ്ഞുള്ളപ്പോള്‍ പുറത്ത്‌ കളിക്കുന്നതും ഒഴിവാക്കുക.

നാസിക അലര്‍ജി (Allergic Rhinitis)

മൂക്കൊലിപ്പ്‌, തുമ്മല്‍, കണ്ണ് ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങളോട് കൂടി വരുന്ന നാസിക അലര്‍ജ്ജിക്കാര്‍ക്കും മഞ്ഞുകാലം പ്രശ്നകാലമാണ്. എല്ലാ ദിവസവും ചൂട് വെള്ളത്തില്‍ ആവി കൊള്ളുന്നത്‌ ആശ്വാസം നല്‍കും. കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക്‌ ഇക്കാലത്ത്‌ അലര്‍ജി ഗുളികയോ മൂക്കിലടിക്കുന്ന സ്പ്രേയോ ഉപയോഗിക്കേണ്ടി വരും.

മഞ്ഞുകാലത്ത് കൂടുതലായി കാണുന്ന ത്വക്ക് രോഗങ്ങള്‍

വരണ്ട ചര്‍മ്മം (ഡ്രൈ സ്കിന്‍)

തണുത്ത കാലാവസ്ഥയില്‍ തൊലിപ്പുറം വരളുകയും, ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. തൊലിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രീമുകള്‍ ഗുണം ചെയ്യും.

എക്സിമ

തൊലിപ്പുറമേയുണ്ടാകുന്ന അലര്‍ജ്ജി രോഗമാണ് എക്സിമ. തണുത്ത കാലാവസ്ഥയില്‍ ഈ രോഗം മൂര്‍ച്ചിക്കാന്‍ സാധ്യതയുണ്ട്. കുളിച്ചതിന് ശേഷം ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രീമോ, ലോഷനോ തേയ്ക്കുന്നത് ഇത് നിയന്ത്രിക്കുന്നു. ഓരോ പ്രായത്തിനും അനുയോജ്യമായ ക്രീമോ, ലോഷനോ ചര്‍മ്മ വിദഗ്ദ്ധന്റേയോ, അലര്‍ജ്ജി സ്പെഷ്യലിസ്റ്റിന്റേയോ നിര്‍ദ്ദേശാനുസരണം ഉപയോഗിക്കാം.

സോറിയാസിസ്‌

കണ്ടുവരുന്ന ത്വക്ക് രോഗമാണ് സോറിയാസിസ്‌. മഞ്ഞും തണുപ്പും ഈ രോഗം വര്‍ദ്ധിക്കാന്‍ കാരണമായേക്കും.

മഞ്ഞുകാല പ്രതിരോധം

രക്ഷിതാക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  • ഫാന്‍, ഏസി എന്നിവ ഉപയോഗിക്കുമ്പോള്‍ അവയുടെ തണുത്ത കാറ്റ് നേരിട്ട് അടിക്കാത്ത വിധം ഉപയോഗിക്കുക.
  • തണുപ്പില്‍ നിന്നുള്ള പ്രതിരോധത്തിന് കട്ടിയുള്ള കോട്ടണ്‍ ഡ്രസ്സുകള്‍, കമ്പിളി ഉടുപ്പുകള്‍ എന്നിവ ഉപയോഗിക്കാം. ചെറിയ കുട്ടികളുടെ ചെവി മൂടുന്ന തരത്തിലുള്ള കമ്പിളിത്തൊപ്പികള്‍ ഉപയോഗിക്കുക.
  • തണുത്ത ഭക്ഷണം, തണുത്ത വെള്ളം എന്നിവ കൊടുക്കരുത്. കഴിയുമെങ്കില്‍ വെള്ളവും ഭക്ഷണവും ഇളം ചൂടോടെ തന്നെ കൊടുക്കുക.
  • അതിരാവിലേയും രാത്രിയിലുമുള്ള ഇരുചക്ര വാഹങ്ങങ്ങളിലെ യാത്ര ഒഴിവാക്കുക.
  • എല്ലാ ദിവസവും രാവിലേയും രാത്രിയിലും ചൂടുവെള്ളത്തില്‍ ആവി കൊള്ളുന്നത് ജലദോഷം പോലെയുള്ള രോഗങ്ങള്‍ വരുന്നത് തടയും.

ടീച്ചര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

മഞ്ഞുകാല രോഗങ്ങളിലും പലതും വേഗം പടരുന്നതായതിനാല്‍ സ്കൂള്‍ ടീച്ചര്‍മാര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

  • ജലദോഷം, വൈറല്‍ പനി തുടങ്ങി വേഗം പകരുന്ന അസുഖങ്ങളുള്ള കുട്ടികളോട് അസുഖം ഭേദമായത്തിന് ശേഷം സ്കൂളില്‍ വന്നാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കണം. ഇത്തരം നിര്‍ദ്ദേശങ്ങള്‍ പിടിഎ മീറ്റിങ്ങില്‍ പൊതുവായി നല്‍കുകയാണ് നല്ലത്.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കുക, കൈകള്‍ വൃത്തിയായി സോപ്പിട്ട് കഴുകുക എന്നീ നല്ല ശീലങ്ങള്‍ കുട്ടികളെ പഠിപ്പിക്കുക.

തണുപ്പുകാല ചര്‍മ്മ സംരക്ഷണം

നിങ്ങളുടെ ചര്‍മ്മത്തിന് വളരെയേറെ കരുതല്‍ ആവശ്യമുള്ള സമയമാണ് മഞ്ഞുകാലം. ചര്‍മ്മ സൗന്ദര്യം കാത്തു സൂക്ഷിക്കുവാനും ചര്‍മ്മ രോഗങ്ങള്‍ വരുന്നത് തടയുവാനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്‌. മാത്രമലാല്‍ ചില ചര്‍മ്മ രോഗങ്ങള്‍ തണുപ്പുകാലത്ത് കൂടുതല്‍ രൂഷമാവുന്നു. ഇതിന് കാരണം അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതാണ്.

തണുപ്പുകാലത്ത് രൂക്ഷമാകുന്ന ചര്‍മ്മ രോഗങ്ങള്‍

കുട്ടികളില്‍ തണുപ്പുകാലത്ത് ഏറ്റവുമധികം ശ്രദ്ധ ലഭിക്കേണ്ട രോഗമാണ് കരപ്പന്‍ (Atopic Dermatitis). കരപ്പനുള്ള കുട്ടികളുടെ ചര്‍മ്മം സ്വാഭാവികമായും വരണ്ടതാണ്. തണുപ്പുകാലത്ത് ഇത് കൂടുതല്‍ രൂക്ഷമാകുന്നു. ചര്‍മ്മം ചൊറിഞ്ഞു തടിക്കുവാനും കാരണമാകുന്നു. കരപ്പനുള്ള കുട്ടികള്‍ സോപ്പിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. സോപ്പിനു പകരമായി ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാക്കാത്ത ക്ലെന്‍സസുകള്‍ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല കുളി കുളിക്കുന്നതിന് മുന്‍പ്‌ എണ്ണ ശരീരത്തില്‍ പുരട്ടുന്നത് ചര്‍മ്മം കൂടുതല്‍ വരളാന്‍ കാരണമാകും. ഇതിന് പകരമായി കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാനുള്ള ബാത്ത് ഓയില്‍ ലഭ്യമാണ്. കുട്ടികളെ ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിച്ച് ഉടനെ തന്നെ മോശ്ച്വറൈസര്‍ ഉപയോഗിക്കേണ്ടതാണ്. കൊച്ചുകുട്ടികളില്‍ ഇത് ഒരു ദിവസം രണ്ടോ മൂന്നോ തവണയോ ചെയ്യാവുന്നതാണ്. തണുപ്പുകാലത്ത് രൂക്ഷമാകുന്ന മറ്റു ചില ചര്‍മ്മ രോഗങ്ങളാണ് താരന്‍, പലതരം അലര്‍ജികള്‍, ഫോര്‍ഫൂട്ട് എക്സീമ (forefoot eczema), നമൂലാര്‍ എക്സീമ (nummular eczema), പാദം വിണ്ടുകീറല്‍ എന്നിവ.

ചര്‍മ്മ സംരക്ഷണത്തിന് തണുപ്പുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ചര്‍മ്മരോഗമുള്ളവര്‍ സോപ്പ് പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് നല്ലത്. സോപ്പിന് പകരം സിന്തെറ്റ്‌സ് (syndet) അല്ലെങ്കില്‍ ക്ലെന്‍സേഴ്സ് (cleanser)  ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.

കുളിക്കുന്നതിന് മുന്‍പ്‌ ശരീരത്തില്‍ എണ്ണ പുരട്ടാതിരിക്കുക. ഇത് ചര്‍മ്മം കൂടുതല്‍ വരളാന്‍ കാരണമാകും.

ചെറു ചൂട് വെള്ളത്തില്‍ കുളിച്ചതിനു ശേഷം ഉടന്‍ തന്നെ മോയ്ശ്ച്വറൈസര്‍ ഉപയോഗിക്കുക. ശരീരത്തില്‍ നിന്ന് വെള്ളം വലിഞ്ഞു പോകുന്നതിനു മുന്‍പ് വേണം ഇത് പുരട്ടാന്‍. ഇത് ചര്‍മ്മത്തിന് മൃദുത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു. വരണ്ട ചര്‍മ്മമുള്ളവര്‍ ദിവസം രണ്ടോ മൂന്നോ തവണ മോയ്ശ്ച്വറൈസര്‍ പുരട്ടേണ്ടതാണ്.

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക്‌ തണുപ്പുകാലത്ത് ഓയില്‍ ഫ്രീ മോയ്ശ്ച്വറൈസര്‍ ഉപയോഗിക്കാവുന്നതാണ്.

അവസാനം പരിഷ്കരിച്ചത് : 6/9/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate